റോസ് മൈനകള്‍ക്ക് തിരുനക്കരയില്‍ എന്തുകാര്യം?: കാര്യമുണ്ട്, പക്ഷിക്ക് മരുഭൂമിയല്ല, തെളിനീരാണിഷ്ടം

വയലുകളും ചതുപ്പുകളും മറ്റും നികത്തുകയും കുറ്റിക്കാടുകള്‍ വളരുന്ന കുന്നുകള്‍ ഇടിക്കുകയും ചെയ്യുന്നതുമൂലം റോസ് മൈനയെപ്പോലെ പല പക്ഷികള്‍ക്കും ജീവിക്കാന്‍ ഭൂമിയില്‍ ഇടമില്ലാതായിക്കൊണ്ടിരിക്കുകയാണ്.
റോസ് മൈന - വെള്ളായണിയില്‍ നിന്ന്
റോസ് മൈന - വെള്ളായണിയില്‍ നിന്ന്

''മരുഭൂമികളില്‍ മാത്രം കാണപ്പെടുന്ന ഒരിനം ദേശാടനപ്പക്ഷികള്‍ക്ക് ഇപ്പോള്‍ കേരളം ഇഷ്ടഭൂമിയായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉത്തരേന്ത്യയില്‍ ചൂടേറിയ സ്ഥലങ്ങളില്‍ മാത്രം കാണുന്ന റോസി പാസ്റ്റര്‍ എന്ന പക്ഷിയെ ഇപ്പോള്‍ കോട്ടയത്ത് തിരുനക്കരയില്‍ ധാരാളമായി കാണുന്നു. ഈ പക്ഷികളുടെയെല്ലാം വരവ് വല്ലാത്തൊരു മുന്നറിയിപ്പാണ് നമുക്ക് നല്‍കുന്നത്.''

2019 ജനുവരി 28-ന് മാതൃഭൂമി പത്രം പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍നിന്നാണ് മുകളില്‍ കൊടുത്ത ഉദ്ധരണി. മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയില്‍ മൂന്ന് കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളത്: (1) ഇംഗ്ലീഷില്‍ റോസി പാസ്റ്റര്‍ എന്നും റോസി സ്റ്റാര്‍ലിങ്ങ് എന്നും വിളിക്കുന്ന റോസ് മൈന എന്ന പക്ഷി കേരളത്തില്‍ ആദ്യമായിട്ടാണ് വരുന്നത്. (2) അത് വടക്കേ ഇന്ത്യയില്‍നിന്നാണ് വരുന്നത്. (3) റോസ് മൈന മരുഭൂമിയില്‍ മാത്രം കാണപ്പെടുന്ന പക്ഷിയാണ്. മൂന്നും പരമാബദ്ധങ്ങള്‍. 

പക്ഷിനിരീക്ഷകനല്ലാത്ത മുഖ്യമന്ത്രിക്ക് കേരളത്തില്‍ അങ്ങിങ്ങ് മാത്രം കാണപ്പെടുന്ന ഒരു ചെറിയ പക്ഷിയെക്കുറിച്ച് അറിവില്ലെങ്കില്‍ കുറ്റം പറയാന്‍ കഴിയില്ല. അദ്ദേഹം പ്രസംഗത്തില്‍ ഒരു പക്ഷിയെക്കുറിച്ച് പരാമര്‍ശിച്ചതുതന്നെ വലിയ കാര്യം. അതുകൊണ്ട് ഇന്ന് കേരളത്തില്‍ എല്ലാവര്‍ക്കും അറിയാം റോസി പാസ്റ്റര്‍ എന്നൊരു പക്ഷിയുണ്ടെന്ന്. പക്ഷേ, അദ്ദേഹത്തിന് പ്രസംഗം തയ്യാറാക്കാന്‍ വിവരം കൊടുത്തവര്‍ അല്പം കൂടി ശ്രദ്ധിക്കണമായിരുന്നു. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ബ്രണ്ണന്‍ കോളേജില്‍ സംഘടിപ്പിച്ച ജൈവവൈവിധ്യ കോണ്‍ഗ്രസ്സിന്റെ ഉദ്ഘാടനപ്രസംഗത്തിലാണ് മുഖ്യമന്ത്രി റോസ് മൈനയുടെ കോട്ടയത്തെ സാന്നിധ്യം കാലാവസ്ഥാ മാറ്റത്തിന്റെ ഫലമാണെന്ന് പറഞ്ഞത്. അപ്പോള്‍, മുഖ്യമന്ത്രിക്കു പ്രസംഗിക്കാന്‍ വിവരങ്ങള്‍ നല്‍കിയത് ജൈവവൈവിധ്യ കോണ്‍ഗ്രസ്സിന്റെ സംഘാടകരായിരിക്കണം. എങ്കില്‍, നമ്മുടെ നാടിന്റെ ജൈവവൈവിധ്യത്തെ ദൈവത്തിനുപോലും രക്ഷിക്കാന്‍ കഴിയില്ല. 

നമ്മുടെ പക്ഷിമൃഗാദികളെക്കുറിച്ചും തരുലതാദികളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിച്ച് രേഖപ്പെടുത്തി സൂക്ഷിക്കുന്ന സ്വഭാവം മലയാളികള്‍ അടക്കമുള്ള ഭാരതീയര്‍ക്ക് പണ്ടുണ്ടായിരുന്നില്ല. അതുകൊണ്ട്, റോസ് മൈന എന്നല്ല ഏതു പക്ഷിയും എന്നു മുതല്‍ ഇവിടെ ഉണ്ടായിരുന്നു എന്നു ചോദിച്ചാല്‍ അനാദികാലം മുതല്‍ക്കെന്നേ ഉത്തരം പറയാന്‍ കഴിയൂ. 

ഇന്ത്യയില്‍ ഉദ്യോഗസ്ഥരായോ തോട്ടമുടമകളായോ എത്തിയ ബ്രിട്ടീഷുകാരാണ് ഇവിടുത്തെ ജൈവസമ്പത്തിന്റെ കണക്കെടുക്കാന്‍ തുടങ്ങിയത്. 1870-കളില്‍ പൊന്മുടിയുടെ ചരിവുകളില്‍ കാപ്പിക്കൃഷി നടത്തിയ, കാപ്പിക്കൃഷി പരാജയപ്പെട്ടപ്പോള്‍ ഏതോ തിരുവിതാംകൂര്‍ രാജകുമാരന്റെ ട്യൂട്ടറാവുകയും പിന്നീട് തിരുവനന്തപുരം മ്യൂസിയത്തിന്റെ ക്യൂറേറ്ററാവുകയും ചെയ്ത എച്ച്.എസ്. ഫെര്‍ഗൂസനാണ് കേരളത്തിലെ പക്ഷികളെപ്പറ്റിയുള്ള വിവരങ്ങള്‍ ആദ്യമായി രേഖപ്പെടുത്തിയവരില്‍ ഒരാള്‍. ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി ജേര്‍ണലില്‍ നാല് ഭാഗങ്ങളായി പ്രസിദ്ധപ്പെടുത്തിയ 'തിരുവിതാംകൂറിലെ പക്ഷികള്‍ - നീഡനിര്‍മ്മാണത്തെക്കുറിച്ചുള്ള കുറിപ്പുകള്‍ സഹിതം' എന്ന പ്രബന്ധത്തില്‍ അദ്ദേഹം എഴുതി: ''സെപ്റ്റംബര്‍ മുതല്‍ ഏപ്രില്‍ വരെ, താണ പ്രദേശങ്ങളിലും മലമുകളിലും റോസ് മൈനയെ വലിയ കൂട്ടങ്ങളായി സാധാരണ കാണാം. മേയ് മാസം വരെ ഞാനതിനെ ഇവിടെ കണ്ടിട്ടുണ്ട്.''

റോസ് മൈന (കുട്ടി)
റോസ് മൈന (കുട്ടി)

ഫെര്‍ഗൂസന്‍ ഇതെഴുതി അറുപത് കൊല്ലത്തോളം കഴിഞ്ഞിട്ടാണ് സാലിം അലി തിരുക്കൊച്ചി പക്ഷിസര്‍വ്വേ നടത്തിയത്. ഫെര്‍ഗൂസന്‍ കണ്ടത്ര അധികമായിട്ടില്ലെങ്കിലും എണ്ണത്തില്‍ കൂടിയും കുറഞ്ഞും വരുന്ന ദേശാടകരാണ് റോസ് മൈനകളെന്ന് അദ്ദേഹവും രേഖപ്പെടുത്തിയിട്ടുണ്ട് (ബേഡ്‌സ് ഓഫ് കേരള, ഓക്സ്ഫോര്‍ഡ്, 1986). അപ്പോള്‍, പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മൂന്നാം പാദം മുതലെങ്കിലും കേരളത്തില്‍ അപൂര്‍വ്വമല്ലാത്ത ഒരു പക്ഷിയാണ് റോസ് മൈന എന്ന് സിദ്ധിക്കുന്നു. 

ശിശിര കാലഗേഹം
മഞ്ഞക്കിളിയെപ്പോലെ, നാകമേഹനനെപ്പോലെ ചുരുക്കം പക്ഷികളേ ഹിമാലയാടിവാരത്തിലുള്ള ഉത്തരേന്ത്യയില്‍ പ്രജനനം നടത്തിയശേഷം ഇന്ത്യന്‍ ഉപദ്വീപില്‍ ശൈത്യകാലം കഴിച്ചുകൂട്ടാന്‍ എത്തുന്നുള്ളൂ. ഭൂരിഭാഗം ദേശാടകരും വരുന്നത് ഹിമാലയത്തിനും ഹിന്ദുക്കുഷിനും അപ്പുറത്തുനിന്നാണ്. തെക്കുകിഴക്കന്‍ യൂറോപ്പിലും മദ്ധ്യേഷ്യയിലുമായി വ്യാപിച്ചുകിടക്കുന്ന അതിവിശാലമായ ഒരു ഭൂപ്രദേശം അടക്കിവാഴുന്ന പക്ഷിജാതിയാണ് റോസ് മൈന. സ്വീഡന്‍, ഹംഗറി, റൊമേനിയ, ബള്‍ഗേറിയ, ഗ്രീസ്, തുര്‍ക്കി, ഉക്രെയിന്‍, റഷ്യ, ജ്യോര്‍ജിയ, അസര്‍ബൈജാന്‍, ഇറാന്‍ (വടക്കന്‍ പ്രദേശം), തുര്‍ക്കുമെനിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ (വടക്കന്‍ മേഖല), താജിക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, കസാഖ്സ്ഥാന്‍ എന്നീ രാജ്യങ്ങളിലും ചൈനയുടെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിപ്രദേശത്തും പ്രജനനം നടത്തുന്നു (എസ്. ബാലചന്ദ്രന്‍ മുതല്‍ പേര്‍, ഇന്ത്യന്‍ ബേഡ് മൈഗ്രേഷന്‍ അറ്റ്‌ലസ്, ഓക്സ്ഫോര്‍ഡ് 2018). ഉത്തരായനത്തില്‍ പ്രജനനം പൂര്‍ത്തിയാക്കി, അച്ഛനമ്മമാര്‍ മക്കളുമൊത്ത് സൂര്യനോടൊപ്പം തെക്കോട്ടു തിരിക്കുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡമാണ് റോസ് മൈനയുടെ ശിശിരകാലഗേഹം. വരുന്നവരില്‍ ഭൂരിഭാഗം റോസ് മൈനകളും ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ സമതലങ്ങളില്‍ തമ്പടിക്കുന്നു. ഗുജറാത്തിലും ഡെക്കാണിലും ഏറ്റവുമധികം. തെക്കോട്ടുതെക്കോട്ട് വരുംതോറും എണ്ണം കുറഞ്ഞുകുറഞ്ഞുവരും. എങ്കിലും, ഇന്ത്യന്‍ ഉപദ്വീപും താണ്ടി ശ്രീലങ്കവരെ അവരെത്തുന്നുണ്ട്. 

മാലിന്യക്കൂമ്പാരത്തില്‍ പുഴുക്കളെ കൊത്തിവിഴുങ്ങാന്‍ തിക്കിത്തിരക്കുന്ന റോസ് മൈനകള്‍ - ജഗതിയില്‍നിന്നുള്ള ചിത്രം.
മാലിന്യക്കൂമ്പാരത്തില്‍ പുഴുക്കളെ കൊത്തിവിഴുങ്ങാന്‍ തിക്കിത്തിരക്കുന്ന റോസ് മൈനകള്‍ - ജഗതിയില്‍നിന്നുള്ള ചിത്രം.

ഏതാണ്ട് ഒരു നൂറ്റാണ്ടായി പക്ഷികളെ പിടിച്ച് കാലില്‍ വളയമിട്ടുവിട്ട് പരീക്ഷണം നടത്തിവരുന്നു. ഇതില്‍നിന്ന് ഏതാണ്ടെല്ലാ പക്ഷികളുടേയും ദേശാടനത്തെപ്പറ്റി ആധികാരികമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1925 ഏപ്രില്‍ 30-ന് ഹംഗറിയില്‍നിന്നു പിടിച്ച ഒരു മൈനക്കുഞ്ഞിന്റെ കാലിലണിയിച്ച മുദ്രമോതിരം അടുത്ത ഏപ്രിലില്‍ പാകിസ്താനിലെ ലാഹോറില്‍നിന്നു കിട്ടി. ഇന്ത്യയിലെവിടെയോ തന്റെ ആദ്യശിശിരം കഴിച്ചുകൂട്ടിയശേഷം ജന്മദേശത്തേക്കു മടങ്ങിപ്പോവുകയായിരുന്നു ആ കിളി (സാലിംഅലി - എസ്. ദില്ലന്‍ റിപ്ലീ, ഹാന്‍ഡ്ബുക്ക് ഓഫ് ദി ബേഡ്‌സ് ഓഫ് ഇന്ത്യ ആന്റ് പാകിസ്താന്‍, ഓക്സ്ഫോര്‍ഡ്, 1987). രാജസ്ഥാനിലെ ഭരത്പ്പൂരില്‍നിന്നു പിടിച്ച (തീയതി അറിവില്ല) ഒരു റോസ് മൈനയുടെ മോതിരം 1970 ഏപ്രിലില്‍ പാകിസ്താനിലെ വാസിറിസ്ഥാനില്‍നിന്നു കിട്ടി. 1981-ല്‍ കസാഖ്സ്ഥാനിലെ അല്‍മാ അത്താ പ്രദേശത്തെ അറള്‍ക്കം എന്ന സ്ഥലത്തു വച്ച് അണിയിച്ച മോതിരം മഹാരാഷ്ട്രയില്‍നിന്നാണ് 1983-ല്‍ തിരിച്ചു കിട്ടിയത്. സ്വീഡനില്‍നിന്ന് ദേഹത്ത് ജിയോലൊക്കേറ്ററുകള്‍ ഘടിപ്പിച്ചുവിട്ട 37 റോസ് മൈനകളില്‍ മൂന്നെണ്ണം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെത്തി. ജൂലൈയിലും ആഗസ്റ്റ് ആദ്യവാരത്തിലുമായി സ്വീഡനില്‍നിന്നു പുറപ്പെട്ട പക്ഷികള്‍ ആദ്യം കിഴക്കോട്ട് പറന്ന് റഷ്യയിലെത്തി. അവിടെനിന്നു തെക്കുകിഴക്കോട്ട് പറന്ന് ടീന്‍ ഷാന്‍, പാമീര്‍ ഹിന്ദുക്കുഷ് പര്‍വ്വതനിരകളുടെ അടിവാരക്കുന്നുകള്‍ താണ്ടി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പ്രവേശിച്ചു. മടക്കയാത്രയില്‍ ജന്മദേശത്തേക്ക് നേരേയങ്ങ് പറക്കുകയായിരുന്നു (ഇന്ത്യന്‍ ബേഡ് മൈഗ്രേഷന്‍ അറ്റ്‌ലസ്). തെക്കു കിഴക്കന്‍ യൂറോപ്പിലെ കൂടുകളില്‍നിന്ന് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം 4,500 - 5,000 കിലോമീറ്റര്‍!

ഇപ്പോള്‍, ഇന്ത്യയിലെ പക്ഷിനിരീക്ഷകരെല്ലാം കൈയില്‍ കൊണ്ടുനടക്കുന്ന 'ബേഡ്‌സ് ഓഫ് ദി ഇന്ത്യന്‍ സബ്‌കോണ്ടിനെന്റ്' എന്ന പുസ്തകത്തില്‍, റിച്ചാര്‍ഡ് ഗ്രിമ്മെറ്റും കൂട്ടുകാരും റോസ് മൈന ജീവിക്കുന്ന ആവാസവ്യവസ്ഥകള്‍ ഏതെല്ലാമെന്ന് പറയുന്നു. ''കൃഷിയിടങ്ങള്‍, ഈര്‍പ്പമുള്ള പുല്‍പ്പരപ്പുകള്‍, കുറ്റിക്കാടുകള്‍, മള്‍ബെറിത്തോട്ടങ്ങള്‍'' ഇക്കൂട്ടത്തില്‍ മരുഭൂമിയില്ല. വനങ്ങള്‍ ഒഴിവാക്കുമെന്ന് സാലിം അലിയും ദില്ലന്‍ റിപ്ലീയും (ഹാന്‍ഡ് ബുക്ക്).

ഗുജറാത്തിലും ഡക്കാണിലും വന്‍പറ്റങ്ങളായി ജീവിക്കുന്ന റോസ് മൈനകളെ കേരളത്തില്‍ സാധാരണമായി ചെറുസംഘങ്ങളായാണ് കാണുന്നത്. അരികില്‍ തെങ്ങിന്‍തോപ്പോ ഇതര മരക്കൂട്ടങ്ങളോ ചേര്‍ന്ന വയലുകളോടും പുല്ലുവളര്‍ന്നു മൂടിയ ചതുപ്പുനിലങ്ങളോടും റോസ് മൈനയ്ക്ക് പ്രത്യേക മമതയുണ്ട്. കാലത്തും വൈകുന്നേരത്തും പുല്ലിലും പൊന്തയിലും തിരക്കിട്ട് ഇരതേടുന്ന ഇവര്‍ ഇടനേരങ്ങളില്‍ തണലുള്ള വൃക്ഷങ്ങളില്‍ കലപിലകൂട്ടിക്കൊണ്ട് വിശ്രമിക്കുന്നു. വയലുകള്‍ക്കു മീതേക്കൂടി പോകുന്ന വൈദ്യുതിക്കമ്പികളില്‍, നാട്ടുമൈനകള്‍ക്കും കിന്നരിമൈനകള്‍ക്കു ഒപ്പം എട്ടും പത്തും റോസ് മൈനകള്‍ ഇരിക്കുന്നത് പലപ്പോഴും കാണാം. 

റോസ് മൈനകളുടെ ചെറിയ കൂട്ടം
റോസ് മൈനകളുടെ ചെറിയ കൂട്ടം

തിരുവനന്തപുരത്തിനടുത്തുള്ള വെള്ളായണിക്കായലുമായി ബന്ധപ്പെട്ട ചതുപ്പുനിലങ്ങളില്‍ പക്ഷിനിരീക്ഷണത്തിനു പോകുമ്പോള്‍ റോസ് മൈനയെ സെപ്റ്റംബര്‍ മുതല്‍ ഏപ്രില്‍ വരെ പതിവായി കാണാറുണ്ട്. കണ്ണൂര്‍ ജില്ലയിലെ ഏഴിമലയ്ക്കടുത്തുള്ള ചെമ്പല്ലിക്കുണ്ടില്‍ നൂറുകണക്കിന് റോസ് മൈനകളുടെ കൂട്ടങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്. 2001 മുതല്‍ എല്ലാക്കൊല്ലവും നടന്നുവരുന്ന വേമ്പനാട് പക്ഷിസര്‍വ്വേയുടെ റിപ്പോര്‍ട്ടുകളില്‍ റോസ് മൈന സ്ഥിരസാന്നിദ്ധ്യമാണ്. വേമ്പനാട് കഴിഞ്ഞാല്‍ പിന്നെ നമ്മുടെ ഏറ്റവും വലിയ തണ്ണീര്‍ത്തട സമുച്ചയം തൃശൂരിലെ കോള്‍നിലങ്ങളാണ്. അവിടുത്തെ പക്ഷിസര്‍വ്വേകളിലും ഈ പക്ഷിയെ പതിവായി കാണാറുണ്ട്. തട്ടേക്കാട് പക്ഷിസംരക്ഷണ കേന്ദ്രത്തില്‍ നടത്തിയ ഒരു പക്ഷിസര്‍വ്വേയുടെ റിപ്പോര്‍ട്ടിലും റോസ് മൈന ഇടംപിടിച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, നിബിഡവനങ്ങളില്‍ ഒഴികെ, കേരളത്തിന്റെ സമതലപ്രദേശങ്ങളില്‍ സാധാരണ കാണുന്ന ഒരു ദേശാടകപ്പക്ഷിയാണ് റോസ് മൈന.

വലിയ പുല്‍പ്പരപ്പുകളില്‍ പുല്‍ച്ചാടികള്‍ ധാരാളം പ്രത്യക്ഷപ്പെടുമ്പോള്‍ അവയെ പിന്തുടര്‍ന്ന് പിടിക്കാന്‍ റോസ് മൈനകള്‍ മത്സരിച്ചോടുന്ന രംഗം സാലിം അലി വര്‍ണ്ണിച്ചിട്ടുണ്ട്. വിട്ടിലുകള്‍ ചാടിച്ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ മൈനകള്‍ തൊട്ടുമുന്‍പിലുള്ള മൈനകളുടെ മുകളില്‍ക്കൂടി തവളച്ചാട്ടം ചാടി അവയെ പിടിക്കാന്‍ ശ്രമിക്കുന്നു (ഹാന്‍ഡ് ബുക്ക്). കീടനാശിനികളുടെ പ്രചാരണത്തിനു മുന്‍പ്, മദ്ധ്യപൂര്‍വ്വേഷ്യയിലും മദ്ധ്യേഷ്യയിലും വെട്ടിക്കിളിശല്യം ഉണ്ടാവുമ്പോള്‍ റോസ് മൈനകള്‍ കൂട്ടമായെത്തി അവയെ അമര്‍ച്ചചെയ്തിരുന്നു. അത്തരം വമ്പിച്ച ഭക്ഷണക്കലവറകള്‍ കണ്ടെത്തുന്നിടത്ത് പാറക്കുന്നുകളില്‍ കോളനിയായി കൂടുകെട്ടും. ധാന്യങ്ങളും ആലുകളുടേയും അരിപ്പൂച്ചെടിയുടേയും തുടലികളുടേയും മള്‍ബെറിയുടേയും മറ്റും പഴങ്ങള്‍ ഇവയുടെ പ്രധാന ഭക്ഷണമാണ്. ഗുജറാത്തിലും ഡക്കാണിലും റോസ് മൈനകള്‍ ചോളക്കൃഷിക്ക് (jowar) വന്‍നാശമുണ്ടാക്കാറുള്ളതായി പറയപ്പെടുന്നു. കേരളത്തില്‍ അരിപ്പൂച്ചെടിപൊന്തകളിലും തുടലിപ്പടര്‍പ്പുകളിലുമാണ് ഈ പക്ഷിയെ പലപ്പോഴും കണ്ടുമുട്ടാറുള്ളത്. പഴമുള്ള ആല്‍മരങ്ങളില്‍ ഇവ കൂട്ടംകൂടും; പലപ്പോഴും മറ്റ് പക്ഷികളോടൊപ്പം. മുരിക്കിന്റേയും ഇലവിന്റേയും ചമതയുടേയും പൂന്തേനും, മറ്റ് പക്ഷികള്‍ക്കെന്നപോലെ, ഈ മൈനകള്‍ക്കും പ്രിയപ്പെട്ട ഭക്ഷണമാണ്. 

വയലുകളും ചതുപ്പുകളും മറ്റും നികത്തുകയും കുറ്റിക്കാടുകള്‍ വളരുന്ന കുന്നുകള്‍ ഇടിക്കുകയും ചെയ്യുന്നതുമൂലം റോസ് മൈനയെപ്പോലെ പല പക്ഷികള്‍ക്കും ജീവിക്കാന്‍ ഭൂമിയില്‍ ഇടമില്ലാതായിക്കൊണ്ടിരിക്കുകയാണ്. അപ്പോള്‍ അനുവര്‍ത്തനകൗശലമുള്ള പക്ഷികള്‍ - അത് തീരെയില്ലാത്തവരും ഉണ്ട് - പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടാന്‍ നിര്‍ബന്ധിതരാവുന്നു. ഇങ്ങനെ വിശപ്പിനു ഭക്ഷണം ലഭിക്കാത്ത പലജാതി പക്ഷികളും നഗരങ്ങളില്‍ മനുഷ്യന്‍ സൃഷ്ടിക്കുന്ന ചവറുകൂമ്പാരങ്ങളെയാണ് ഇപ്പോള്‍ നിലനില്‍പ്പിനുവേണ്ടി ആശ്രയിക്കുന്നത്. ഏതാനും വര്‍ഷം മുന്‍പ് തിരുവനന്തപുരത്ത് ജഗതിയെന്ന സ്ഥലത്തെ വലിയ ചവറുകൂമ്പാരത്തില്‍ നൂറുകണക്കിന് റോസ് മൈനകള്‍ ഇരതേടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ജൈവമാലിന്യക്കുന്നുകളില്‍ നുരയുന്ന പുഴുക്കളെ കൊത്തിവിഴുങ്ങാന്‍ മൈനകള്‍ മത്സരിക്കുന്നു. മാലിന്യമലകളില്‍ ഞൊളയ്ക്കുന്ന പുഴുക്കളോ ആലിന്‍കൊമ്പത്ത് പഴുത്ത പഴങ്ങളോ ഉണ്ടെങ്കില്‍, എത്ര തിരിക്കുള്ള സ്ഥലമായാലും റോസ് മൈന സധീരം അവിടെയെത്തിയിരിക്കും. അവരുടെ ഭക്ഷണക്ഷാമം അത്രമേല്‍ രൂക്ഷമാണെന്നര്‍ത്ഥം.

റോസ് മൈനകളുടെ കൂട്ടം: ഗുജറാത്തിലും ഡക്കാണിലും റോസ് മൈനകളെ വലിയ കൂട്ടങ്ങളായി കാണാം
റോസ് മൈനകളുടെ കൂട്ടം: ഗുജറാത്തിലും ഡക്കാണിലും റോസ് മൈനകളെ വലിയ കൂട്ടങ്ങളായി കാണാം

തിരുനക്കരയില്‍ റോസ് മൈനകള്‍ വലിയ കൂട്ടമായെത്തിയെങ്കില്‍ അവിടെയെങ്ങാനും മാലിന്യക്കൂമ്പാരം ഉണ്ടായിരിക്കും; ഇല്ലെങ്കില്‍, തിരുനക്കര ക്ഷേത്രത്തിനു മുന്നിലുള്ള ആലിന്‍കായ് പഴുത്തിട്ടുണ്ടായിരിക്കും. തിരുനക്കരമൈതാനം മരുഭൂമിയാണെന്നു കരുതി അങ്ങോട്ടണഞ്ഞതല്ല അവരെന്ന് തീര്‍ച്ച. ഇത്തരം പക്ഷികള്‍ നഗരമദ്ധ്യത്ത് ഭക്ഷണമന്വേഷിച്ച് തെണ്ടിത്തിരിയാന്‍ മൂലകാരണം അടുത്തുള്ള തണ്ണീര്‍ത്തടങ്ങളുടെ നാശമാണ്. 

കാലാവസ്ഥാവ്യതിയാനം ഇല്ലെന്നോ, അത് ജന്തുക്കളേയും സസ്യങ്ങളേയും ബാധിക്കുന്നില്ലെന്നോ അല്ല ഞാന്‍ വാദിക്കുന്നത്. ഉഭയജീവികളെപ്പോലെ പല വിഭാഗങ്ങളില്‍പ്പെട്ട ജീവികളുടേയും വംശനാശനിരക്ക് സാധാരണയുള്ളതിന്റെ 45,000 ഇരട്ടിയായിരിക്കുന്നു ഇപ്പോള്‍ (എലിസബത്ത് കോള്‍ബെര്‍ട്ട്, ദി സിക്സ്ത്ത് എക്സ്റ്റിംഗ്ഷന്‍, ബ്ലൂംസ്‌ബെറി, 2014). ആവാസവ്യവസ്ഥകളുടെ നാശമാണ് വംശനാശത്തിന്റെ മറ്റൊരു പ്രധാന കാരണം. തണ്ണീര്‍ത്തടങ്ങള്‍ നികത്തി ഹൈവേകള്‍ നിര്‍മ്മിച്ച് വികസനം കൊണ്ടുവരികയും കുറ്റിക്കാടുകള്‍ വളരുന്ന മലകള്‍ തുരന്ന് കടലാഴങ്ങളിലിട്ട് സ്ഥിതിസമത്വം സ്ഥാപിക്കുകയും ചെയ്യുമ്പോള്‍, പാവം പക്ഷികള്‍ ഗത്യന്തരമില്ലാതെ മനുഷ്യമാലിന്യം ഭുജിച്ച് നിലനില്‍ക്കാന്‍ ശ്രമിക്കുന്ന ദയനീയരംഗത്തിനാണ് നാമിവിടെ സാക്ഷികളാവുന്നത്. ആവാസവ്യവസ്ഥകളുടെ നാശത്തിനു ശാശ്വതപരിഹാരമല്ല നഗരങ്ങളിലെ മാലിന്യമലകള്‍. യുഗാന്തരങ്ങളിലൂടെ പരിണമിച്ചുവന്ന ആവാസവ്യവസ്ഥകള്‍ മുടിച്ചിട്ട്, ജൈവവൈവിധ്യ കോണ്‍ഗ്രസ്സുകള്‍ സംഘടിപ്പിച്ച് ഒന്നിനേയും രക്ഷിക്കാന്‍ കഴിയുകയില്ല. ഇതാണ് റോസ് മൈനയുടെ തിരുനക്കരയിലെ സാന്നിധ്യം നല്‍കുന്ന മുന്നറിയിപ്പ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com