ബംഗാളിലെ ദീദിയുടെ ചുവടുകള്‍

എന്‍ഡിഎയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎയും മികച്ച പ്രകടനം നടത്താതിരുന്നാല്‍, ബംഗാളില്‍ 2014 ലെ വിജയം തൃണമൂല്‍ ആവര്‍ത്തിക്കുകയും ചെയ്താല്‍ മമതയാകും പൊളിറ്റിക്കല്‍ കിങ് മേക്കര്‍
ബംഗാളിലെ ദീദിയുടെ ചുവടുകള്‍

ചൂടേറിയ പോരാട്ടത്തിന് നേരത്തേ ഒരുക്കിയ മണ്ണാണ് ബംഗാളിലേത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് കണക്കുകൂട്ടുന്ന മമതയും മോദിയും തമ്മിലുള്ള പ്രത്യക്ഷ മത്സരത്തിനാണ് ഇവിടം വേദിയാകുക. അതുകൊണ്ട്, ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏവരും ഉറ്റുനോക്കുന്നത് വംഗനാട്ടിലെ സീറ്റുനിലയാകും. അസാധ്യമെന്നു കരുതിയ പല സഖ്യങ്ങളും രൂപപ്പെടുന്നത് പുതിയ രാഷ്ട്രീയസമവാക്യങ്ങളെഴുതാന്‍ കാരണമാകുമെന്നാണ് കണക്കുകൂട്ടല്‍. ബദ്ധവൈരികളായ എസ്.പിയും ബി.എസ്.പിയും ചേര്‍ന്നതു പോലെ ടി.ഡി.പിയും കോണ്‍ഗ്രസും ചേര്‍ന്നതുപോലെ കൗതുകകരമായ സഖ്യമാണ് ബംഗാളിലും രൂപം കൊള്ളുന്നത്. അരനൂറ്റാണ്ടുകളിലധികമായി വൈരികളായിരുന്ന സി.പി.എമ്മും കോണ്‍ഗ്രസും സഹകരിക്കാന്‍ ധാരണയായിട്ടുണ്ട്. സഖ്യമല്ലെന്നും മുന്നണിയല്ലെന്നും വാദിക്കാമെങ്കിലും രാജ്യത്തെ പുതിയ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് ഇരുപാര്‍ട്ടികളും സീറ്റ് ധാരണയിലും നീക്കുപോക്കുകളിലും എത്തുന്നത് ശുഭസൂചനയാണ്.  

മമതയുടെ പോരാട്ടം പരോക്ഷമായി ബി.ജെ.പിക്ക് സഹായകരമാകുമോ? തൃണമൂലും കോണ്‍ഗ്രസും ഇടതും ചേര്‍ന്നൊരു വിശാലസഖ്യം രൂപപ്പെടുമോ? തുടങ്ങി ഒട്ടനവധി ചോദ്യങ്ങളും ബംഗാളിനെക്കുറിച്ചു ഉയര്‍ന്നുകേള്‍ക്കുന്നു. 42 സീറ്റുകളാണ് ബംഗാളിലുള്ളത്. 2014-ല്‍ 34 സീറ്റുകളാണ് തൃണമൂല്‍ കോണ്‍ഗ്രസിനു കിട്ടിയത്. കോണ്‍ഗ്രസിനു നാലും ബി.ജെ.പിക്ക് രണ്ടും സി.പി.എമ്മിനും രണ്ടും സീറ്റുകള്‍ കിട്ടി. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും മുന്‍തൂക്കം തൃണമൂലിനാണ്. 90 ശതമാനം സീറ്റുകളും തൃണമൂല്‍ കോണ്‍ഗ്രസ് നേടി. രണ്ടാം സ്ഥാനത്ത് എത്തിയത് ബി.ജെ.പിയാണ്. ഗ്രാമപഞ്ചായത്തുകളില്‍ 38,118 സീറ്റുകള്‍ തൃണമൂല്‍ നേടിയപ്പോള്‍ 5,779 സീറ്റുകളില്‍ ബി.ജെ.പി ജയിച്ചു. സിപിഎമ്മിനു 1483 സീറ്റുകളിലാണ് ജയിക്കാനായത്. അതായത് ബംഗാള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ദുര്‍ബലപ്പെട്ടുവെന്ന് സി.പി.എമ്മിനും കോണ്‍ഗ്രസിനും ബോധ്യം വന്നിട്ടുണ്ട്. 

1952-ല്‍ 24 ലോക്സഭാ സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇപ്പോഴുള്ളത് രണ്ട് സീറ്റാണ്. സിപിഎമ്മിനാകട്ടെ ഏപ്രില്‍ തുടങ്ങി രണ്ടിലെത്തി നില്‍ക്കുന്നു. 1980കളില്‍ 38 സീറ്റ് നേടിയ സിപിഎമ്മാണ് മൂന്നു ദശാബ്ദത്തിനു ശേഷം പൂജ്യത്തിലേക്ക് വീഴാന്‍ നില്‍ക്കുന്നത് എന്നോര്‍ക്കണം. മാത്രമല്ല മമതയുടെ കരുത്തിനു മുന്നില്‍ കീഴടങ്ങി ബി.ജെ.പി തൃണമൂലുമായി നീക്കുപോക്കിനു ശ്രമിക്കുന്നുണ്ടെന്നും കേള്‍ക്കുന്നു. അതുകൊണ്ടു തന്നെ സി.പി.എമ്മിനും കോണ്‍ഗ്രസിനും ഈ സഖ്യം അനിവാര്യമാണ്. കൊല്‍ക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടില്‍ നടന്ന റാലിയാണ് പാര്‍ട്ടിക്ക് ആത്മവിശ്വാസം നല്‍കുന്നത്. 15 ലക്ഷത്തിലധികം പേര്‍ പങ്കെടുത്ത റാലി പാര്‍ട്ടിയുടെ പഴയപ്രഭാവം വിളിച്ചോതുന്നതായിരുന്നു. എന്നാല്‍, അതിക്രമം വാഴുന്ന ബംഗാളില്‍ ഇതൊക്കെ വോട്ടായിമാറുമോ എന്ന് കണ്ടറിയണം. 

തീവ്രഹിന്ദുത്വ സമീപനങ്ങളും സംഘാടനമികവും കൊണ്ടാണ് ബി.ജെ.പി ഇത്തവണ ഇറങ്ങുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ജല്‍പായിഗുരി, ഝാര്‍ഗാം, പുരുലിയ, വെസ്റ്റ് മിഡ്‌നാപ്പൂര്‍, ബിര്‍ഭും ജില്ലകളിലാണു ബി.ജെ.പി മുന്നേറ്റമുണ്ടാക്കിയയത്. കഴിഞ്ഞ മാസം ലോക്‌സഭ പാസാക്കിയ പൗരത്വ ഭേദഗതി ബില്‍ ബി.ജെ.പി സംസ്ഥാനത്തു രാഷ്ട്രീയ ആയുധമാക്കാനാണ് സാധ്യത. ബംഗാളി അഭയാര്‍ഥികള്‍ ഏറെയുള്ള സംസ്ഥാനാതിര്‍ത്തി ജില്ലകളില്‍ ബിജെപി ഏറെ നേട്ടം പ്രതീക്ഷിക്കുന്നു. നോര്‍ത്ത്‌സൗത്ത് 24 പര്‍ഗാന, കൂച്ച് ബെഹാര്‍, ഉത്തര്‍ ദിനാജ്പുര്‍, നാദിയ ജില്ലകളാണു ബിജെപി ഫോക്കസ് ചെയ്യുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ലക്ഷ്യമിടുന്നത് 24 ലോക്‌സഭാ സീറ്റുകളാണ്. വര്‍ധിച്ച് വരുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ ബി.ജെ.പി സ്വാധീനമുണ്ടാക്കാന്‍ ശ്രമിക്കുന്നതിന്റെ സൂചനകളായി കണക്കാക്കപ്പെടുന്നു. മമത അധികാരത്തിലേറിയതിനു ശേഷം പ്രതിവര്‍ഷം ഇരുപതോളം വര്‍ഗീയ കലാപങ്ങള്‍ ബംഗാളിലുണ്ടാകുന്നതായാണ് കണക്കുകള്‍. വര്‍ഗീയ കലാപങ്ങളുടെ അകമ്പടിയോടെ അധികാരം നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ ബംഗാളിലും ബി.ജെ.പി ആവര്‍ത്തിക്കുമെന്നാണ് സൂചന. 

വിഭജനത്തിന്റെ ബാധ പേറുന്ന സംസ്ഥാനത്ത് ബംഗാളി ഭൂരിപക്ഷം ഒരു അനിഷേധ്യ യാഥാര്‍ത്ഥ്യമാണെന്ന് തിരിച്ചറിഞ്ഞാണ് ബി.ജെ.പി ഇത്തവണ ഇറങ്ങുന്നത്. പൗരത്വ ബില്ല് ഉയര്‍ത്തിയാണ് പ്രചാരണം. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളായ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം ഉറപ്പാക്കുന്നതാണ് ബില്‍. ഈ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുന്‍പ് ഇന്ത്യയിലെത്തുന്ന ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, പാഴ്സി, ജൈന വിഭാഗങ്ങള്‍ക്ക് പൗരത്വം ലബിക്കും. ബംഗാളിലെ ഒരു കോടി വരുന്ന അഭയാര്‍ത്ഥികളുടെ ഭാവി ഇത് മാറ്റിമറിക്കുമെന്നാണ് ബി.ജെ.പിയുടെ വാദം. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റത്തില്‍ അസ്വസ്ഥമായ അതിര്‍ത്തി ജില്ലകളിലെങ്കിലും പൗരത്വ ബില്‍ ഫലം കാണുമെന്ന് ബിജെപി വൃത്തങ്ങള്‍ കണക്കുകൂട്ടുന്നു. അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് നേരിട്ടേക്കാവുന്ന നഷ്ടത്തിനു പകരം ബംഗാളില്‍ സീറ്റ് പിടിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. 

ഹിന്ദി സംസ്‌കാരത്തിന്റെ കടന്നുകയറ്റവും ബംഗാളി ഇതര ജനങ്ങളുടെ വര്‍ധനയും ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യമൊരുക്കുന്നു. കൊല്‍ക്കത്തയില്‍ ഇപ്പോള്‍ ബംഗാളികള്‍ ന്യൂനപക്ഷമാണ്. ബംഗാളി ഹിന്ദുക്കളിലൊരുവിഭാഗം ഹിന്ദിയെ മുഖ്യഭാഷയായി അംഗീകരിച്ച് കഴിഞ്ഞു. രാമ-ഹനുമാന്‍ ക്ഷേത്രങ്ങള്‍ മുളച്ചുപൊന്തുന്ന ബംഗാളില്‍ രഥയാത്രയും രാമനവമിയുമൊക്കെയാണ് ഇപ്പോള്‍ ആഘോഷങ്ങള്‍. തൃണമൂലും ബിജെപിയും രാമനവമി ആഘോഷത്തിനും ഹിന്ദു ഏകീകരണത്തിനുമുള്ള തയ്യാറെടുപ്പിലാണ്. ഇരുവര്‍ക്കും വേണ്ടത് ഹിന്ദു വോട്ടു ബാങ്ക് തന്നെയാണെന്നര്‍ത്ഥം. ഈ ആഘോഷങ്ങള്‍ വലിയ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കാണ് വഴിതെളിച്ചത്. 
അഞ്ചുപേരുടെ ജീവനെടുത്താണ് രാമനവമി കലാപങ്ങള്‍ അവസാനിച്ചത്. സിപിഎമ്മിനു ശേഷം ഇതാദ്യമായിട്ടാവും ബി.ജെ.പി-ആര്‍.എസ്.എസ് പോലെ നന്നായി ഗൃഹപാഠം ചെയ്തൊരു കേഡര്‍ പാര്‍ട്ടിയുമായി മമതക്ക് ഏറ്റുമുട്ടേണ്ടിവരുന്നത്. ബി.ജെ.പിയുമായി തുലനംചെയ്യുമ്പോള്‍ ഒരു ജനകീയ മുഖ്യമന്ത്രിയും ഇളകാത്ത ന്യൂനപക്ഷ വോട്ടുബാങ്കും മാത്രമാണ് മമതയുടെ കരുത്ത്. പാവങ്ങള്‍ക്കും മധ്യവര്‍ഗത്തിനുമായി ചില വികസനപ്രവര്‍ത്തനങ്ങള്‍ ഇത്തവണ നടത്തിയിട്ടുമുണ്ട്. എന്നാല്‍, വികസനവും അഴിമതിയാരോപണവുമൊന്നുമല്ല ജനം കാര്യമാക്കുന്നതെന്നും മത, ജാതി വര്‍ഗീയ കാര്‍ഡുകള്‍ക്കു മുന്നില്‍. അതൊക്കെ അപ്രസക്തമാകുമെന്നും ത്രിപുര തെളിയിച്ചിട്ടുണ്ട്. 

തെരഞ്ഞെടുപ്പ് വിഷയങ്ങള്‍

പൗരത്വബില്‍
അസാമിലാണ് നടപ്പാക്കിയതെങ്കിലും ഈ വിഷയം കത്തിക്കയറിയത് ബംഗാളിലാണ്. ബി.ജെ.പിക്കും തൃണമൂലിനും  നിര്‍ണായകമാണ് ബില്ലിന്റെ ഗതിവിഗതികള്‍

കുടിയേറ്റം
തൃണമൂല്‍ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ബി.ജെ.പിയുടെ ആരോപണം

നോട്ടുനിരോധനവും ജിഎസ്ടിയും
ഈ രണ്ടു വിഷയങ്ങളാണ് മമത മോദിക്കെതിരേ പ്രയോഗിക്കുന്ന വജ്രായുധം

ഭൂരിപക്ഷവും ന്യൂനപക്ഷവും
ഇരുവിഭാഗങ്ങളുടെയും അവകാശങ്ങള്‍ ഉറപ്പാക്കിയെന്ന് മമത പറയുന്നു. എന്നാല്‍ ഇതിനെ ബിജെപി നഖശിഖാന്തം എതിര്‍ക്കുന്നു

കര്‍ഷകര്‍
ആവശ്യങ്ങളെല്ലാം നടപ്പാക്കിയെന്നാണ് മമതയുടെ വാദം. എന്നാല്‍ പ്രതിപക്ഷം ഇതിനെ എതിര്‍ക്കുന്നു

തൊഴില്‍
തൊഴിലവസരം സൃഷ്ടിക്കുന്നതില്‍ മമത പരാജയമാണെന്നാണ് പ്രതിപക്ഷ കക്ഷികളുടെ വാദം. എന്നാല്‍ ഇതിനെ സര്‍ക്കാര്‍ എതിര്‍ക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com