നീണ്ട കാലത്തിനുശേഷം വിട; യുകെ കുമാരന്റെ ഓര്‍മ്മക്കുറിപ്പ് (തുടര്‍ച്ച)

ജീവനക്കാരുടെ എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്നാണ് നേരത്തെ ചുമതല ഉണ്ടായിരുന്ന യൂണിറ്റ് ചീഫിനെ മാറ്റിയതെന്ന് അറിയാന്‍ കഴിഞ്ഞു. അതിനിടെ തിരുവനന്തപുരത്തും വലിയ മാറ്റങ്ങള്‍ സംഭവിച്ചിരുന്നു.
നീണ്ട കാലത്തിനുശേഷം വിട; യുകെ കുമാരന്റെ ഓര്‍മ്മക്കുറിപ്പ് (തുടര്‍ച്ച)

കോഴിക്കോട്ട് പുതിയൊരു യൂണിറ്റ് ചീഫിനെ കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു മാനേജ്മെന്റ്. ജീവനക്കാരുടെ എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്നാണ് നേരത്തെ ചുമതല ഉണ്ടായിരുന്ന യൂണിറ്റ് ചീഫിനെ മാറ്റിയതെന്ന് അറിയാന്‍ കഴിഞ്ഞു. അതിനിടെ തിരുവനന്തപുരത്തും വലിയ മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. വര്‍ഷങ്ങളായി എക്‌സിക്യൂട്ടീവ് എഡിറ്ററുടെ ചുമതല വഹിച്ചിരുന്ന എ.പി. വിശ്വനാഥന്‍ മാറി, പകരം ന്യൂസ് എഡിറ്ററായ ബി.സി. ജോജോ വന്നു. ജോജോവിന്റെ നിയമനം പൊതുവെ സ്വാഗതം ചെയ്യപ്പെട്ടു. കാരണം ശ്രദ്ധേയനായ ഒരു പത്രപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. അതിനു പുറമേ ചെറുപ്പക്കാരനും. അതുകൊണ്ടുതന്നെ ഈ മാറ്റം സ്ഥാപനത്തിന് ഒരു പരിധിവരെ ഗുണം ചെയ്യുമെന്ന് എല്ലാവരും വിശ്വസിച്ചു. ആ ആഴ്ച എക്‌സിക്യൂട്ടീവ് എഡിറ്റര്‍ കോഴിക്കോട്ട് വന്നപ്പോള്‍ എന്നെ കാണണമെന്ന് ആവശ്യപ്പെട്ടു. കൗമുദി കെട്ടിടത്തോടനുബന്ധിച്ചുള്ള ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു ഞങ്ങളുടെ കൂടിക്കാഴ്ച. സംസാരിക്കുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു:

''ഞങ്ങള്‍ക്കറിയാം, ഇത്രയും നാള്‍ അര്‍ഹമായതൊന്നും കുമാരന് തരാന്‍ മാനേജ്മെന്റ് താല്പര്യം കാട്ടിയിട്ടില്ല എന്ന്.''
''ഇനി എന്ത് ചെയ്യാന്‍ പോകുന്നു'' ഞാന്‍ തമാശയോടെ ചോദിച്ചു.
''അതു പറയാനാണ് വിളിപ്പിച്ചത്. മാനേജ്മെന്റിന്റെ തീരുമാനം അറിയിക്കാന്‍ കൂടിയാണ് ഞാന്‍ വന്നത്.''

അദ്ദേഹം എന്താണ് പറയുന്നതെന്ന് കേള്‍ക്കാന്‍ എനിക്കും കൗതുകം ഉണ്ടായിരുന്നു.  എങ്കിലും ഞാന്‍ പറഞ്ഞു: ''എന്റെ പ്രശ്‌നങ്ങളെക്കുറിച്ചൊന്നും ഞാന്‍ ആരോടും ഇതുവരെ പരാതിപ്പെട്ടില്ലല്ലോ. എന്തു വേണമെന്നും ഞാനാരോടും ആവശ്യപ്പെട്ടിട്ടുമില്ല. എനിക്കെന്തെങ്കിലും കിട്ടിയിട്ടുണ്ടെങ്കില്‍ അത് എല്ലാം ആരോടും ആവശ്യപ്പെടാതെ തന്നെയാണ്.''
''അതൊക്കെ ഞങ്ങള്‍ക്കറിയാം. നമുക്കിടയില്‍ അത്തരമൊരാമുഖത്തിന്റെ ആവശ്യമില്ലല്ലോ...'' പിന്നെ അദ്ദേഹം പറഞ്ഞു:
''കേരള കൗമുദി കോഴിക്കോട് യൂണിറ്റ് വേണ്ടത്ര വിജയിപ്പിക്കാന്‍ സാധിച്ചിട്ടില്ല. അനുകൂലമായ എല്ലാ ഘടകങ്ങളും ഇവിടെ ഉണ്ട്. കഴിവുള്ള പത്രാധിപസമിതി അംഗങ്ങളുമുണ്ട്. എന്നിട്ടും എന്തുകൊണ്ടോ കഴിഞ്ഞില്ല. നമുക്കൊരുമിച്ചു അതൊന്ന് മാറ്റിയെടുക്കണം.''

''തീര്‍ച്ചയായും വേണ്ടതു തന്നെയാണ്. ഇക്കാര്യത്തില്‍ എന്റെ നിലപാട് വളരെ വ്യക്തമാണ്. ഞാന്‍ ഈ സ്ഥാപനത്തോടൊപ്പമാണ് എന്നും നിന്നിട്ടുള്ളത്. അതിന്റെ വളര്‍ച്ച ഞാനും ആഗ്രഹിക്കുന്നു'' ഞാന്‍ പറഞ്ഞു.
''യു.കെയുടെ മുഖ്യപങ്കാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്'' അദ്ദേഹം പറഞ്ഞു.
''അതെങ്ങനെ വേണമെന്ന് പറയൂ!'' ഞാന്‍ ആവശ്യപ്പെട്ടു. കേരള കൗമുദിയില്‍ ചേര്‍ന്നു അഞ്ചു വര്‍ഷം വരെ കൃത്യമായ പരിഗണന അവര്‍ എനിക്ക് തന്നിരുന്നു. അതിനുശേഷം അവിടെ നടന്ന ആഭ്യന്തരപ്രശ്‌നങ്ങളുടെ പേരിലാണെന്ന് തോന്നുന്നു എന്നെ ഒരു പക്ഷത്ത് മാറ്റിനിര്‍ത്തി അവഗണിക്കുകയായിരുന്നു. ഞാനതില്‍ ഉല്‍ക്കണ്ഠപ്പെട്ടിട്ടില്ല. ഒട്ടും ഗൗനിക്കാനും പോയില്ല. അതൊന്നും എന്റെ കാര്യമല്ല എന്ന നിലപാടില്‍ ഉറച്ചു നിന്നു. പക്ഷം പിടിക്കാത്ത എന്റെ ഈ നിലപാട് കൊണ്ടാകാം, അവരുടെ പക്ഷത്തുള്ള എത്രയോ പേരെ എന്റെ മുകളില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്. കൂടുതല്‍ പരിഗണന നല്‍കിയിട്ടുമുണ്ട്. അപ്പോഴൊക്കെ നിസ്സംഗതയോടെ ഞാന്‍ നിശ്ശബ്ദത പാലിക്കുകയായിരുന്നു. അങ്ങനെ ഞാന്‍ മാറ്റിനിര്‍ത്തപ്പെടുന്നതില്‍ ആരെല്ലാമോ സന്തോഷിക്കുന്നുണ്ടെന്നും എനിക്ക് തോന്നിയിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ആര്‍ക്കോ ഉണ്ടായ ഒരു പുനര്‍വിചിന്തനത്തിന്റെ ഭാഗമായിട്ടാകാം ഇപ്പോഴത്തെ ഈ സംഭാഷണമെന്നും ഞാന്‍ ഊഹിച്ചു.

''ഇവിടെ യൂണിറ്റ് ചീഫിന്റെ പോസ്റ്റ് ഒഴിഞ്ഞുകിടക്കുകയാണ്. അത് യു.കെ. ഏറ്റെടുക്കണമെന്നതാണ് ഞങ്ങളുടെ ആഗ്രഹം'' അദ്ദേഹം പറഞ്ഞു.
''എഡിറ്റര്‍ ഇന്‍ ചീഫിനു എന്താണഭിപ്രായം'' ഞാന്‍ ചോദിച്ചു. ആരെല്ലാമോ ചിലര്‍ തെറ്റായ ചിത്രം കൊടുത്തതിന്റെ ഫലമായി എന്നെക്കുറിച്ചു ചില നല്ലതല്ലാത്ത പരാമര്‍ശങ്ങള്‍ ആരോടൊക്കെയോ അദ്ദേഹം നടത്തിയതായി ഞാനറിഞ്ഞിരുന്നു. എന്റെ കഴിവുകളില്‍പ്പോലും മറ്റുള്ളവരോട് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ ആ ചോദ്യം ഉന്നയിച്ചത്: ''അദ്ദേഹത്തിന് പരിപൂര്‍ണ്ണ സമ്മതമാണ്'' എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അറിയിച്ചു. 

''ഏറ്റെടുക്കുന്നതില്‍ എനിക്ക് വിമുഖതയൊന്നുമില്ല. എങ്കിലും ഒന്നുരണ്ടു കാര്യങ്ങള്‍ വ്യക്തത വരുത്താന്‍ ഉണ്ട്. ഞാന്‍ എന്റെ നിലപാട് വ്യക്തമാക്കി. പലയിടത്തും യൂണിറ്റ് ചീഫുമാര്‍ കാലത്ത് മുതല്‍ ഓഫീസില്‍ വരാറുണ്ട്. പത്രം അച്ചടിച്ചതിനു ശേഷമേ പിന്നെ അവര്‍ പുറത്തു പോവൂ. അങ്ങനെ ജോലി ചെയ്യേണ്ട ആവശ്യം തന്നെയില്ല. എന്നാല്‍ മാനേജ്മെന്റിന്റെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇവരുടെ 'ഈ സമര്‍പ്പിത ജീവിതം.' അങ്ങനെ ജോലി ചെയ്യാന്‍ എനിക്ക് കഴിയുമായിരുന്നില്ല. ഉദ്ദേശ്യവുമില്ല. യൂണിറ്റ് ചീഫുമാരായ പലര്‍ക്കും ബാഹ്യലോകവുമായി ഒരു ബന്ധവും ഉണ്ടാകാറില്ല. പൊതുപരിപാടികളില്‍ പങ്കെടുക്കാറേ ഇല്ല. ഓഫീസിന് പുറത്ത് അവര്‍ അറിയപ്പെടാറില്ല. അത്തരത്തിലുള്ള ഒരു ജീവിതം എനിക്ക് സാദ്ധ്യമായിരുന്നില്ല.''
''യു.കെയെക്കുറിച്ചും യു.കെയുടെ പൊതുജീവിതത്തെക്കുറിച്ചും ഞങ്ങള്‍ക്കറിയാം. അത് അങ്ങനെത്തന്നെ തുടര്‍ന്നോളൂ. മാത്രവുമല്ല, കേരള കൗമുദിക്ക് ആവശ്യവുമാണത്. ഇപ്പോള്‍ വരുന്നതു പോലെ ഓഫീസില്‍ വന്നാല്‍ മതി. അല്ലാതെ കാലത്ത് മുതല്‍ വരേണ്ട ആവശ്യമില്ല.'' അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കി. അതുകൊണ്ടുതന്നെ എനിക്കും അത് ഏതാണ്ട് സ്വീകാര്യമായിരുന്നു. അന്നത്തെ അവസ്ഥയില്‍ കേരള കൗമുദിക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, എന്തുചെയ്യാന്‍ കഴിയുമെന്നൊന്നും അറിയില്ലായിരുന്നു. അവഗണനയുടെ അനുഭവങ്ങള്‍ കേരള കൗമുദിയില്‍നിന്നും ഏറെ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു കാര്യത്തില്‍ എനിക്ക് സ്ഥാപനത്തോട് ആദരവ് തോന്നിയിരുന്നു. അവിടെയുള്ള പല ജീവനക്കാരേയും വിവേചനമില്ലാതെ പലയിടത്തേക്കും സ്ഥലം മാറ്റിയിട്ടും ഇത്രയും വര്‍ഷത്തിനിടയില്‍ എന്നെ ഒരിടത്തേക്കും മാറ്റാന്‍ അവര്‍ മുതിര്‍ന്നില്ല. അതുകൊണ്ടു തന്നെ സ്ഥിരമായി കോഴിക്കോട്ട് നില്‍ക്കാന്‍ സാധിച്ചു. അവിടെനിന്നും മാറ്റിയിരുന്നെങ്കില്‍ ഞാന്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുമായിരുന്നു. അത്തരം സാഹചര്യങ്ങള്‍കൊണ്ടു കൂടിയാണ് മാനേജ്മെന്റ് ഇത്തരത്തിലുള്ള ഒരാവശ്യം മുന്നോട്ടുവെച്ചപ്പോള്‍ ഒരു നിഷേധനിലപാട് എടുക്കാന്‍ എനിക്ക് കഴിയാതിരുന്നത്.''
''നിങ്ങളുടെ പ്രവര്‍ത്തനസൗകര്യത്തിനുവേണ്ടി ഇവിടെനിന്നും ആരെയെങ്കിലും മാറ്റണമെന്നുണ്ടെങ്കില്‍ അതുകൂടി പറയണം. മാറ്റിത്തരാം'' അദ്ദേഹം അറിയിച്ചു. എന്നാല്‍ അങ്ങനെയൊരാവശ്യം എനിക്കുണ്ടായിരുന്നില്ല. ആരെയും മാറ്റിയിട്ടല്ല അവിടെ ശുദ്ധീകരിക്കേണ്ടത്. എങ്കിലും ഒരു കാര്യം മാത്രം പറഞ്ഞു:
''യൂണിറ്റ് മാനേജരായ രാമചന്ദ്രന് എല്ലാവിധ സൗകര്യങ്ങളും ചെയ്തുകൊടുക്കണം. അയാള്‍ക്ക് എന്തെല്ലാമോ ആവശ്യങ്ങളുണ്ടെന്ന് തോന്നുന്നു.''

ശാശ്വതികാനന്ദ
ശാശ്വതികാനന്ദ

എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അക്കാര്യവും സമ്മതിച്ചു. 
യൂണിറ്റിലെ ജീവനക്കാരെ വിളിച്ചു ചേര്‍ത്തു എന്റെ നിയമനക്കാര്യം അറിയിക്കുമ്പോള്‍ ഞാന്‍ എല്ലാവരുടേയും മുഖത്തേക്ക് നോക്കുകയായിരുന്നു. ആരുടേയും മുഖത്ത് അപ്രിയതയുടെ അടയാളമൊന്നും കാണാന്‍ കഴിഞ്ഞില്ല. അഞ്ചാമത്തെ ദിവസമാണ് എന്നെ യൂണിറ്റ് ചീഫായി നിയമിച്ചുകൊണ്ടുള്ള എഡിറ്റര്‍ ഇന്‍ ചീഫ് ഒപ്പിട്ട ഉത്തരവ് എനിക്ക് ലഭിക്കുന്നത്. ശമ്പളത്തിലോ മറ്റൊന്നിലോ വര്‍ദ്ധനയില്ലെങ്കിലും വളരെ വര്‍ഷങ്ങള്‍ക്കുശേഷമാണ് മാനേജ്മെന്റില്‍നിന്നും ഒരംഗീകാരത്തിന്റെ തരത്തിലുള്ള ഒരു കത്തെനിക്ക് കിട്ടുന്നത്. തൊട്ടടുത്ത ദിവസം യൂണിറ്റ് മാനേജര്‍ അടക്കമുള്ള എല്ലാവരുമടങ്ങുന്ന ഒരു യോഗം വിളിച്ചുകൂട്ടി. കേരള കൗമുദിയുടെ ഭാവിവികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു ഉദ്ദേശ്യം. പത്രം എന്ന നിലയില്‍ കേരള കൗമുദിക്ക് ധാരാളം മികവുകളുണ്ടെങ്കിലും പ്രാദേശിക വാര്‍ത്തകള്‍ വേണ്ടത്ര ഇല്ല എന്നത് അതിന്റെ പരിമിതിയായിരുന്നു. പത്രത്തിന്റെ പ്രചാരത്തേയും അത് സാരമായി ബാധിച്ചിരുന്നു. ഇതിനെ എങ്ങനെ മറികടക്കാന്‍ കഴിയും എന്നതായിരുന്നു അന്നത്തെ പ്രധാന ആലോചനാവിഷയം. പത്രത്തിന്റെ ഏജന്‍സി ഇല്ലാത്ത സ്ഥലങ്ങളില്‍ ഏജന്‍സിയെ കണ്ടെത്താനും പ്രാദേശിക വാര്‍ത്താലേഖകന്‍മാരെ നിയമിക്കാനും തീരുമാനമെടുത്തു. ജീവനക്കാര്‍ ഇറങ്ങി വരിക്കാരെ പിടിക്കുന്ന രീതി നിര്‍ത്താനും തീരുമാനമായി. ജീവനക്കാര്‍ക്ക് അത് ആശ്വാസകരമായിരുന്നു. എങ്കിലും ഏജന്‍സികളേയും ലേഖകന്മാരേയും കണ്ടെത്തുന്നതില്‍ ജീവനക്കാര്‍ മുഖ്യപങ്കു വഹിക്കണമെന്നും നിര്‍ദ്ദേശമുണ്ടായി. എന്റെ ദൗത്യം എത്രത്തോളം വിജയിപ്പിക്കാന്‍ കഴിയുമെന്ന് ഉറപ്പില്ലായിരുന്നെങ്കിലും ആത്മവിശ്വാസത്തില്‍ ഒട്ടും കുറവുണ്ടായിരുന്നില്ല. യൂണിറ്റ് മാനേജരായ പി. രാമചന്ദ്രന്‍ എന്റെ പ്രവര്‍ത്തനങ്ങളോട് പൂര്‍ണ്ണമായി സഹകരിച്ചിരുന്നു. പുതിയ സ്ഥലങ്ങളില്‍ ഏജന്‍സികളേയും വാര്‍ത്താലേഖകന്മാരേയും നിയമിച്ചു. അതിന്റെ ഫലവും പതുക്കെപ്പതുക്കെ കണ്ടുതുടങ്ങി. പത്രത്തിന്റെ പ്രചാരത്തിന് ചെറിയ തോതില്‍ വര്‍ദ്ധനവുണ്ടായി. വാര്‍ത്തകള്‍ പ്രാദേശികരുചി അനുഭവിക്കാന്‍ തുടങ്ങിയതോടെയാണ് അത് ദൃശ്യമായത്. പ്രാദേശിക സ്വഭാവമുള്ള വാര്‍ത്തകള്‍ പിന്നീട് സംസ്ഥാനതലത്തില്‍ത്തന്നെ ശ്രദ്ധേയമായി. മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു സിനിമയുടെ ആദിരൂപം വാര്‍ത്താരൂപത്തില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത് കേരള കൗമുദിയിലാണ്. മുക്കത്തുനിന്നും വന്ന ഒരു ലേഖകന്‍ സംഭാഷണമദ്ധ്യേ കാഞ്ചനമാല എന്ന വനിതയെക്കുറിച്ചു എന്നോട് സംസാരിച്ചിരുന്നു. അവരെ എനിക്ക് നേരത്തെ അറിയാമായിരുന്നു. നല്ല പരിചയവുമുണ്ട്. അകാലത്തില്‍ മരിച്ചുപോയ തന്റെ കാമുകന്റെ സ്മരണക്കായി അവര്‍ നടത്തുന്ന സ്ഥാപനത്തിലും ഞാന്‍ പോയിരുന്നു. അപൂര്‍വ്വമായ ഒരു പ്രണയത്തിന്റേയും ത്യാഗത്തിന്റേയും ജീവിച്ചിരിക്കുന്ന സ്മാരകം എന്ന നിലയിലാണ് നാട്ടുകാര്‍ കാഞ്ചനമാലയെ കണ്ടിരുന്നത്. അവരുടെ പ്രണയകഥയെ മുന്‍നിര്‍ത്തി ഒരു ഫീച്ചര്‍ തയ്യാറാക്കിക്കൂടെ എന്ന് ഞാന്‍ ലേഖകനോട് തിരക്കി. അയാളത് ചെയ്യാമെന്നേറ്റു. അല്പദിവസം കഴിഞ്ഞു. കാഞ്ചനമാലയുടെ അനുവാദത്തോടെ തന്നെ അയാള്‍ തയ്യാറാക്കിക്കൊണ്ടു വന്ന ഫീച്ചര്‍ ഞാന്‍ അപ്പാടെ മാറ്റി എഴുതിയാണ് പ്രസിദ്ധപ്പെടുത്തിയത്. പത്രത്തില്‍ അതു വന്നപ്പോള്‍ വായനക്കാര്‍ക്ക് അത് ഒരു പുതിയ വാര്‍ത്തയായിരുന്നു. പിന്നീട് ഈ ഫീച്ചര്‍ മലയാളത്തിലെ ഒരു പ്രമുഖ വനിതാമാസികയില്‍ വളരെ പ്രാധാന്യത്തോടെ 'കവര്‍ സ്റ്റോറി'യായി പ്രത്യക്ഷപ്പെട്ടു. അതോടു കൂടി കാഞ്ചനമാല പ്രണയത്തിന്റെ അപൂര്‍വ്വ മാതൃകയായി മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ഈ കഥ ചലച്ചിത്രമായി വരുകയും ഒരു തരംഗമായി ആസ്വാദകരെ അത് കീഴടക്കുകയും ചെയ്തു. അതേപോലെ തന്നെയാണ് മലയാളത്തോടുള്ള നമ്മുടെ ചില വിദ്യാലയങ്ങളുടെ മനോഭാവത്തിനെതിരെ പ്രസിദ്ധീകരിക്കപ്പെട്ട ഒരു വാര്‍ത്ത. ഒരു പത്രഏജന്റില്‍നിന്നും ലഭിച്ച ചെറിയൊരു വിവരത്തിന്റെ അടിസ്ഥാനത്തില്‍ അതിനെ പിന്തുടര്‍ന്നപ്പോഴാണ് ആ വാര്‍ത്ത ഉണ്ടായത്. അയാളുടെ നാട്ടിലുള്ള ഒരു എയ്ഡഡ് വിദ്യാലയത്തില്‍ ഇംഗ്ലീഷ്, മലയാളം മാധ്യമങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളോട് മാനേജ്മെന്റ് വ്യത്യസ്ത നിലപാടുകളാണ് പുലര്‍ത്തിയിരുന്നത്. എല്‍.പി വിഭാഗത്തില്‍ ഇംഗ്ലീഷ് മാധ്യമത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇരിക്കുന്നത് നല്ല ബെഞ്ചിലും മലയാളം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ വെറും നിലത്തും. പത്രത്തിന്റെ പണമടക്കാന്‍ വന്ന ഒരേജന്റ് പറയുന്ന കാര്യം അതേപടി വിശ്വസിക്കാന്‍ നിര്‍വ്വാഹമില്ലാത്തതുകൊണ്ട്, സത്യാവസ്ഥ നേരിട്ട് പോയി അറിയാനും പറ്റുമെങ്കില്‍ നല്ലൊരു ഫോട്ടോ എടുക്കാനും ഞാന്‍ ഫോട്ടോഗ്രാഫര്‍ ഷെല്ലിയെ ചുമതലപ്പെടുത്തി. ഏജന്റ് പറഞ്ഞത് സത്യമാണെങ്കില്‍ ചിത്രങ്ങള്‍ സഹിതം അത് നല്ലൊരു വാര്‍ത്തയാക്കാവുന്നതാണ്. വിദ്യാലയങ്ങളില്‍ മലയാളത്തോട് വിവേചനം നടന്നുവരികയാണെന്ന പ്രചാരണം വ്യാപകമായ ഒരു കാലഘട്ടം കൂടിയായിരുന്നു അത്. ഫോട്ടോഗ്രാഫര്‍ സ്‌കൂളില്‍ ചെന്നപ്പോള്‍ ഏജന്റ് പറഞ്ഞ കാര്യം പൂര്‍ണ്ണമായും സത്യമാണെന്ന് ബോദ്ധ്യപ്പെട്ടു. ഇംഗ്ലീഷ് മാധ്യമത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ബെഞ്ചിലും അതേ ക്ലാസ്സില്‍ മലയാളത്തില്‍ പഠിക്കുന്നവര്‍ വെറും നിലത്തും ഇരിക്കുന്നു. വിദ്യാലയ അധികൃതര്‍ അറിയാതെയാണ് ഫോട്ടോഗ്രാഫര്‍ പടമെടുത്തത്. അയാള്‍ പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഞാന്‍ വാര്‍ത്ത എഴുതിക്കൊടുത്തു. ''ഇംഗ്ലീഷിന് ബെഞ്ച്, മലയാളത്തിന് തറ'' എന്ന തലവാചകത്തില്‍ ഇംഗ്ലീഷ് പഠിക്കുന്നവര്‍ ബെഞ്ചിലും മലയാളം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ തറയിലും ഇരിക്കുന്ന പടങ്ങള്‍ സഹിതം ഒന്നാം പേജില്‍ വാര്‍ത്ത വന്നു. ഈ വാര്‍ത്ത പ്രസിദ്ധീകരിക്കപ്പെട്ട അതേ ദിവസം തന്നെ ഒരു വിദ്യാര്‍ത്ഥിയൂണിയനില്‍ പ്രവര്‍ത്തിക്കുന്ന ചിലര്‍ ഈ വിവേചനത്തിനെതിരെ സ്‌കൂളിന്റെ മുന്‍പിലും മാനേജ്മെന്റിന്റെ ഓഫീസിലും പ്രകടനം നടത്തുകയുണ്ടായി. മലയാള വിദ്യാര്‍ത്ഥികളോടുള്ള വിവേചനം മാറ്റാന്‍ വിദ്യാലയ അധികൃതര്‍ ഇതേ തുടര്‍ന്നു നിര്‍ബ്ബന്ധിതമായി. ഇത്തരത്തില്‍ ശ്രദ്ധേയമായ പലതരം വാര്‍ത്തകള്‍ വന്നതോടെ പത്രത്തിന്റെ പ്രചാരത്തിലും വര്‍ദ്ധനവുണ്ടായി. അതോടൊപ്പം പരസ്യവരുമാനം വര്‍ദ്ധിപ്പിക്കാന്‍ യൂണിറ്റ് മാനേജരുടെ നേതൃത്വത്തില്‍ കഠിനശ്രമം നടന്നുവരികയായിരുന്നു. ധാരാളം സപ്ലിമെന്റുകളും സ്പെഷല്‍ ഫീച്ചറുകളും പ്രസിദ്ധപ്പെടുത്തി. ഇതിനാവശ്യമായ പരസ്യം സംഘടിപ്പിച്ചിരുന്നത് പരസ്യവിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പത്രത്തിന്റെ ഭൗതികസാഹചര്യത്തില്‍ വന്ന മാറ്റം പ്രതിഫലിച്ചത് ആ വര്‍ഷത്തെ ഓണക്കാലത്താണ്. കേരളകൗമുദിയുടെ കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഹെഡ്ഡ് ഓഫീസിന്റെ സഹായമില്ലാതെ ജീവനക്കാര്‍ക്ക് ഓണക്കാലത്ത് ബോണസ് കൊടുത്തത് ആ വര്‍ഷമായിരുന്നു. ജീവനക്കാരുടെ കൂട്ടായ സഹകരണം കൊണ്ടാണ് ഇത് സാദ്ധ്യമായത്. മാത്രവുമല്ല, ആ മാസത്തെ ശമ്പളം കൊടുക്കാന്‍ മറ്റാരേയും ആശ്രയിക്കേണ്ടിയും വന്നില്ല. കേരള കൗമുദിയില്‍ ആദ്യമായി ഓണസദ്യ നടത്തിയതും ജീവനക്കാര്‍ക്ക് ഓണക്കോടി കൊടുത്തതും ആ വര്‍ഷം തന്നെയായിരുന്നു. ഇതെല്ലാം ആദ്യത്തെ സംഭവമായിരുന്നു. കേരള കൗമുദി നിരന്തരമായ നഷ്ടത്തില്‍നിന്നും പതുക്കെപ്പതുക്കെ കരകയറുന്നതിന്റെ അടയാളമായിരുന്നു ഇവയെല്ലാം.
ഇതിനിടയിലും അസുഖകരമായ ചില നടപടികള്‍ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുമുണ്ടായി. ഒരു കമ്പനിയുടെ വളപ്പില്‍നിന്നും എന്തെങ്കിലും നഷ്ടപ്പെട്ടാല്‍ അതിന്റെ നഷ്ടപരിഹാരത്തുക മുഴുവന്‍ ജീവനക്കാരില്‍നിന്നും ഈടാക്കുന്ന രീതി ഒരിടത്തും കേട്ടുകേള്‍വി പോലുമില്ലാത്തതാണ്. എന്നാല്‍ കേരള കൗമുദിയില്‍ അങ്ങനെ സംഭവിച്ചു. ഓഫീസാവശ്യത്തിന് ഉപയോഗിക്കുന്ന ഒരു നീണ്ട ഇരുമ്പുകോണി അവിടെനിന്നും ഒരു നാള്‍ കാണാതായി. സെക്യൂരിറ്റിക്കാര്‍ ഉണ്ടായിട്ടുപോലും കോണി എങ്ങോട്ടുപോയി എന്നത് ആര്‍ക്കുമറിയില്ല. കോണി കാണാതായതിന്റെ ഉത്തരവാദിത്വം എല്ലാ ജീവനക്കാരിലും ചുമത്തി, അവരില്‍നിന്നും നഷ്ടപരിഹാരം ഈടാക്കാനായിരുന്നു മാനേജ്മെന്റിന്റെ നിലപാട്. അത്തരത്തിലുള്ള ഒന്നിനോട് യോജിക്കാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. കോണി കാണാതായതിന്  പല സമയങ്ങളില്‍ ഓഫീസില്‍ വരുന്ന ജീവനക്കാര്‍ എന്തു പിഴച്ചു? മാനേജ്മെന്റിന്റെ ഈ നിലപാടിനെ എതിര്‍ത്തും ജീവനക്കാരില്‍നിന്നും തുക ഈടാക്കരുതെന്നു ചൂണ്ടിക്കാട്ടിയും ഞാന്‍ മാനേജിംഗ് ഡയറക്ടര്‍ക്ക് കത്തയച്ചു. ഇതവര്‍ക്ക് ഇഷ്ടമായില്ലെന്ന് പിന്നീടറിഞ്ഞു. ഈ കത്തിന് ഒരു മറുപടിപോലും തരാതെ കോണിയുടെ മൊത്തം വില എല്ലാ ജീവനക്കാരുമായി വീതിച്ചു അവരില്‍നിന്നും പിടിച്ചെടുക്കാനായിരുന്നു മാനേജ്മെന്റ് തീരുമാനം. അപ്പോള്‍ ഞാന്‍ ഓര്‍ത്തത് മുന്‍പ് തൃശൂര്‍ ഓഫീസിലേക്കയച്ച ടെലിപ്രിന്റര്‍ ചിതല്‍ പിടിച്ചു നശിച്ചപ്പോള്‍, ഇത്തരത്തില്‍ മാനേജ്മെന്റ് നടപടി എടുത്തിരുന്നുവെങ്കില്‍ ആയിരക്കണക്കിന് രൂപ ഞാന്‍ ഒടുക്കേണ്ടിവരുമായിരുന്നല്ലോ എന്നാണ്.

കേരള കൗമുദി കോഴിക്കോട് യൂണിറ്റില്‍ മാറ്റത്തിന്റെ സൂചനകള്‍ പ്രകടമായെങ്കിലും പത്രത്തിന്റെ ചില ആന്തരികബലങ്ങള്‍ ദുര്‍ബ്ബലമായി വരുന്നതാണ് കണ്ടത്. കേരളത്തിലെ പ്രമുഖ പത്രമായി വളരാന്‍ എല്ലാ സാദ്ധ്യതകളും ഉണ്ടായിട്ടും പത്രത്തിനുള്ള ജനപിന്തുണ കുറഞ്ഞുവരികയായിരുന്നു. പത്രത്തിനു വളരാന്‍ അനുകൂലമായ സാഹചര്യങ്ങള്‍ ഏറെയായിരുന്നു. വിശ്വാസ്യതയും ഉണ്ടായിരുന്നു. ഇത്രയൊന്നും അനുകൂല സാഹചര്യമില്ലാത്ത പത്രം പോലും മുഖ്യധാരയിലേക്ക് ഉയര്‍ത്തപ്പെടുന്ന അനുഭവമുണ്ടായിട്ടുണ്ട്. ഒരു പത്രം ജനശ്രദ്ധയില്‍ പ്രതിഷ്ഠിക്കപ്പെടുന്നത് അതിന്റെ നിലപാടിലുളള ദൃഢതയും പൊതുസമൂഹത്തില്‍ സൃഷ്ടിക്കുന്ന വിശ്വാസ്യതയും കൊണ്ടാണ്. കേരള കൗമുദിക്കും അത്തരത്തിലുള്ള ഒരു പാരമ്പര്യം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന പത്രങ്ങളിലൊന്നാവാന്‍ അതിന് ആദ്യകാലത്ത് സാധിച്ചത്. എന്നാല്‍ പിന്നീട് സംഭവിച്ച മാറ്റങ്ങള്‍ക്ക് കാരണമെന്താണ്? കുടുംബാംഗങ്ങള്‍ക്കിടയിലെ നിരന്തരമായ കേസുകള്‍ ഒരു നിമിത്തമാണെങ്കിലും പത്രത്തിന്റെ നയത്തെ അതൊന്നും ബാധിച്ചിരുന്നില്ല. എന്നാല്‍, പത്രം നിയന്ത്രിക്കുന്നവരുടെ കാഴ്ചപ്പാടില്‍ വന്ന മാറ്റമാണ് കൗമുദിയുടെ വളര്‍ച്ചയെ പിറകോട്ടേക്ക് കൊണ്ടുപോയതെന്ന് കണ്ടെത്താന്‍ കഴിയും. പത്രാധിപരുടെ ഇച്ഛയ്ക്കനുസരിച്ചു മാത്രം വാര്‍ത്തകൊടുക്കുക, അല്ലാത്തത് കൊടുക്കാതിരിക്കുക എന്നത് പത്രത്തിന്റെ നയമായി എങ്ങനെയോ മാറിയിരിക്കുന്നു. പത്രം പുലര്‍ത്തുന്ന പ്രതിബദ്ധതയുടെ ഭാഗമെന്ന നിലയിലാണ് മുന്‍പ് വാര്‍ത്തകള്‍ നല്‍കിയിരുന്നതെങ്കില്‍ പിന്നീട് പത്രം നിയന്ത്രിക്കുന്നവരുടെ വ്യക്തിഗതമായ പ്രതിബദ്ധതയുടെ അടിസ്ഥാനത്തിലായി. കേരളം ഏറെ ചര്‍ച്ച ചെയ്ത ഐസ്‌ക്രീം ലൈംഗികക്കേസിന്റെ ആദ്യകാല വാര്‍ത്തകളൊന്നും കേരള കൗമുദിയില്‍ വന്നില്ല. പിന്നീട് കൊടുക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു. ഈ വാര്‍ത്തകള്‍ കൊടുക്കാതിരിക്കാന്‍ കാരണം ആരോപിതരോട് പത്രത്തിലെ ചിലര്‍ക്കുള്ള വ്യക്തിപരമായ പ്രതിബദ്ധതയാണെന്ന് പറയപ്പെടുന്നു. ഒരു മന്ത്രിക്കെതിരെ തന്റെ സെക്രട്ടറി ആരോപിച്ച ലൈംഗിക പീഡനക്കേസും ആദ്യകാലത്തു വാര്‍ത്തയായി പത്രത്തില്‍ പ്രത്യക്ഷപ്പെട്ടില്ല. പിന്നീട് മന്ത്രിക്കനുകൂലമായി മാത്രം വാര്‍ത്തകള്‍ വരാന്‍ തുടങ്ങി.

കാഞ്ചനമാല
കാഞ്ചനമാല

ശിവഗിരിപ്രശ്‌നത്തില്‍ പത്രം സ്വീകരിച്ച നിലപാടും ഏതാണ്ട് ഇതുപോലെ തന്നെയായിരുന്നു. ശിവഗിരിപ്രശ്‌നത്തില്‍ സ്വാമി പ്രകാശാനന്ദക്ക് അനുകൂലമായി കോടതിവിധി ഉണ്ടായിട്ടും അതു നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ശാശ്വതികാനന്ദപക്ഷത്തിന്റെ കടുത്ത എതിര്‍പ്പായിരുന്നു കാരണം. ബാഹ്യശക്തികള്‍ ശിവഗിരിയില്‍ ഇടപെടാന്‍ തുടങ്ങി. കോടതിവിധി നടപ്പിലാക്കണമെന്ന് വീണ്ടും വീണ്ടും കോടതി ആവശ്യപ്പെട്ടു. പ്രതിപക്ഷനേതാവടക്കം പലരും ഇതേ ആവശ്യമുന്നയിക്കുകയുണ്ടായി. ഒടുവില്‍ സര്‍ക്കാരിന് നോക്കിനില്‍ക്കാന്‍ കഴിയാത്ത അവസ്ഥ വന്നപ്പോള്‍ ഏറ്റവും കുറഞ്ഞ ബലം പ്രയോഗിച്ചു ബാഹ്യ ഉപരോധം നീക്കാന്‍ സര്‍ക്കാര്‍ മുതിരുകയായിരുന്നു. ഭരിക്കുന്ന സര്‍ക്കാരിന് അങ്ങനെയേ ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ. ശിവഗിരിമഠത്തിന് മുന്‍പില്‍ തടസ്സം നിന്നവരെ ബലം പ്രയോഗിച്ച് നീക്കുക മാത്രമാണ് പൊലീസ് ചെയ്തത്. എന്നാല്‍ കേരള കൗമുദി ഒരു വിഭാഗത്തിന്റെ പക്ഷത്തുനിന്നുകൊണ്ട് പൊലീസ് ആ വിശുദ്ധസന്നിധിക്ക് നേരെ എന്തോ അന്യായം ചെയ്തു എന്ന രീതിയിലാണ് വാര്‍ത്ത നല്‍കിയത്. ബാഹ്യ ഉപരോധം നീക്കാന്‍ ബലം പ്രയോഗിക്കയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമുണ്ടായിരുന്നില്ല. സര്‍ക്കാര്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ അത് കോടതിയലക്ഷ്യമാവുമായിരുന്നു. ശിവഗിരിപ്രശ്‌നത്തില്‍ കേരള കൗമുദിക്ക് ന്യായത്തിന്റെ ഭാഗത്ത് നില്‍ക്കാന്‍ കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വാര്‍ത്താ റിപ്പോര്‍ട്ടിംഗില്‍പ്പോലും ഇത് വളരെ പ്രകടമായിരുന്നു. പൊലീസിനെ സര്‍ക്കാര്‍ ജാതിതിരിച്ചു നിര്‍ത്തി, എന്നിട്ട് ''ഈഴവ പൊലീസുകാരെക്കൊണ്ട് മഠത്തില്‍ അന്യായം കാട്ടി എന്നുപോലും വാര്‍ത്തയില്‍ ധ്വന്വാത്മകമായി സൂചിപ്പിക്കുകയുണ്ടായി. എഡിറ്റര്‍ ഇന്‍ ചീഫ് തന്നെ ഒരു പക്ഷത്ത് വ്യക്തമായി ചേര്‍ന്നുനിന്നുകൊണ്ട് ഒരു ലഘുലേഖയും പുറത്തിറക്കി. ഇതെല്ലാം പത്രത്തിന്റെ വിശ്വാസ്യതക്ക് ഭംഗം വരുത്തുന്നതായിരുന്നു'' ഇതിനും പുറമെ 'മണിച്ചെയിന്‍ സമ്പ്രദായം' മാനേജ്മെന്റിന്റെ ഒത്താശയോടെ ആരംഭിച്ചതും പത്രത്തിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പ്പിച്ചു. മണിച്ചെയിനില്‍ ചേര്‍ന്ന പലരുടേയും പണം നഷ്ടപ്പെട്ടു. ഒരുകാലത്ത് കേരളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ''ആട്, തേക്ക്, മാഞ്ചിയം പോലുള്ള സ്‌കീമുകള്‍ പ്രഖ്യാപിച്ചു ധാരാളം പണം ചില ഏജന്‍സികള്‍ കവര്‍ന്നിരുന്നു. സ്‌കീമുകളുടെ പരസ്യങ്ങള്‍ പത്രങ്ങളില്‍ വരുന്നതു കാരണം, സ്‌കീം തട്ടിപ്പാണെന്ന് പല പത്രങ്ങള്‍ക്കും അറിയാമായിരുന്നിട്ടും അവര്‍ ഒന്നും എതിരായി പ്രതികരിച്ചിരുന്നില്ല. എന്നാല്‍, കേരളത്തിലെ ഒരു പത്രം മാത്രം പദ്ധതിയുടെ വഞ്ചന തിരിച്ചറിഞ്ഞു പരസ്യങ്ങളൊന്നും സ്വീകരിച്ചില്ലെന്ന് മാത്രമല്ല, ഇതിന്റെ തട്ടിപ്പ് അന്വേഷണാത്മക വാര്‍ത്തകളിലൂടെ പുറത്തേക്ക് കൊണ്ടുവരുകയുണ്ടായി. ഇതിലൂടെയാണ് കേരളത്തില്‍ അത്രയൊന്നും അടിത്തറയില്ലാത്ത ഒരു പ്രസ്ഥാനത്തിന്റെ പത്രം മുഖ്യധാരാ പത്രമായി വളര്‍ന്നത്. ഏറെക്കുറെ നിഷ്പക്ഷമായും സത്യസന്ധമായും മാത്രമേ വാര്‍ത്തകള്‍ കൊടുക്കുകയുള്ളുവെന്ന പത്രത്തിന്റെ ഉറച്ച നിലപാടും പത്രത്തിന് വളരാനുള്ള സാഹചര്യമൊരുക്കി. ഇത്തരം സാധ്യതകളാണ് കേരള കൗമുദി ഇല്ലാതാക്കിയത്. ഒരുകാലത്ത് ബലിഷ്ഠമായ നിലപാടുകളിലൂടെ ശ്രദ്ധേയമായ പത്രം പിന്നെപ്പിന്നെ അതിന്റെ നയങ്ങളില്‍ മായം ചേര്‍ത്തുകൊണ്ട് സാദ്ധ്യതകളെ സ്വയം ഇല്ലാതാക്കുകയായിരുന്നു. പലപ്പോഴും എഡിറ്റോറിയല്‍ യോഗങ്ങളിലൊക്കെ ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോഴെല്ലാം ചര്‍ച്ചകള്‍ വഴിമാറി പോവുകയോ, ചിലര്‍ക്ക് രസിക്കാത്ത ചര്‍ച്ചകളിലേക്കുള്ള വഴി അടക്കുകയോ ആണ് പതിവ്. എല്ലാ മാസവും തിരുവനന്തപുരത്ത് അവലോകന യോഗം ചേരാറുണ്ട്. ചര്‍ച്ചകള്‍ ക്രിയാത്മകമാവുന്നതിനു പകരം, ഓരോരുത്തരും സ്വയം ഊതിവീര്‍പ്പിച്ച കണക്കുകള്‍ ഉദ്ധരിച്ചു കൊണ്ട് അതില്‍ അഭിരമിക്കുന്നതായാണ് കാണാറുള്ളത്. ചിലപ്പോഴൊക്കെ എന്റെ വിയോജിപ്പുകള്‍ തുറന്നു പറഞ്ഞതാകാം, ഒരനഭിമതനായി താന്‍ മാറുകയും ചെയ്തിട്ടുണ്ട്. എക്‌സിക്യൂട്ടീവ് എഡിറ്റര്‍ തുടക്കത്തില്‍ എന്തെല്ലാമോ ചെയ്യാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ശൈലിയിലെ പൊരുത്തക്കേടുകള്‍ കാരണം അവയെല്ലാം പരാജയപ്പെടുകയായിരുന്നു. ജനാധിപത്യസമീപനവും അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു. ഇതിനിടെ ഓഫീസില്‍ എനിക്കെതിരെ ചില നീക്കങ്ങള്‍ ഉണ്ടാകുന്നതായും അറിഞ്ഞു.  പത്രത്തില്‍ വന്ന ദൃശ്യമായ മാറ്റം ചിലരെ അസ്വസ്ഥപ്പെടുത്തിയിട്ടുണ്ടാകാം. അത് തുടരാന്‍ അനുവദിക്കരുതെന്ന കാഴ്ചപ്പാടും അവരില്‍ വളര്‍ന്നിട്ടുണ്ടാകാം. എക്‌സിക്യൂട്ടീവ് എഡിറ്ററുടെ നിലപാടുകളോടുള്ള എന്റെ സമീപനത്തില്‍ അദ്ദേഹത്തിനും കടുത്ത വിയോജിപ്പുള്ളതായി എനിക്കു തോന്നി. എന്നാല്‍, ഇതൊന്നും എന്നെ ഒട്ടും ഉല്‍ക്കണ്ഠപ്പെടുത്തിയില്ല. കേരള കൗമുദിയില്‍ 27 വര്‍ഷം പൂര്‍ത്തിയാവുകയായിരുന്നു. ഇതേ നിലപാടോടെ തന്നെ ഇനിയും തുടരാന്‍ തന്നെയാണ് ഞാന്‍ തീരുമാനിച്ചത്. എനിക്കെതിരെയുള്ള നീക്കത്തില്‍ പുറത്തുനിന്നുള്ള പിന്തുണയും ലഭിക്കുന്നുണ്ടെന്നുമറിഞ്ഞു. ഒരു ദിവസം അപ്രതീക്ഷിതമായി ഓഫീസില്‍ പ്രത്യക്ഷപ്പെട്ട എക്‌സിക്യൂട്ടീവ് എഡിറ്റര്‍ യൂണിറ്റിലെ എല്ലാ ജീവനക്കാരുടേയും യോഗം വിളിച്ചു ചേര്‍ത്തു.
''കേരള കൗമുദി കോഴിക്കോട് യൂണിറ്റ് നല്ല രീതിയില്‍ പോകുന്നുണ്ടെന്നതില്‍ സന്തോഷമുണ്ട്. അതില്‍ യു.കെയുടെ പങ്ക് വളരെ വലുതാണ്. അദ്ദേഹം വളരെ തിരക്കുള്ള ഒരു വ്യക്തിയാണ്. അതുകൊണ്ടുതന്നെ ഇനിയും ഈ ഭാരം യു.കെയെക്കൊണ്ട് ചുമപ്പിക്കുന്നത് നല്ലതല്ല. യൂണിറ്റ് മാനേജര്‍ രാമചന്ദ്രന് യൂണിറ്റ് ചീഫിന്റെ ചുമതല നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. യു.കെയ്ക്ക് എന്തുവേണമെന്ന് പിന്നീട് തീരുമാനിക്കാം.'' ഒരു മുഖവുരയുമില്ലാതെ അദ്ദേഹം പറഞ്ഞു.

ആ യോഗത്തില്‍ ഒരക്ഷരം ഞാന്‍ പറഞ്ഞില്ല. ആരൊക്കെയോ എന്നോട് മറുപടി പറയണമെന്ന് ആവശ്യപ്പെട്ടു. അതിന്റെ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നിയില്ല. എല്ലാം തീരുമാനിച്ചുവന്നു പ്രഖ്യാപിക്കുകയാണ്. കഴിഞ്ഞ ദിവസം വരെ ഞങ്ങള്‍ ഫോണില്‍ സംസാരിച്ചിരുന്നതാണ്. ഒരാഴ്ച മുന്‍പാണ് തിരുവനന്തപുരത്ത് യൂണിറ്റ് ചീഫുമാരുടെ യോഗം നടന്നത്. അപ്പോഴൊന്നും മാറ്റത്തെക്കുറിച്ചുള്ള ഒരു സൂചനപോലും തന്നില്ല. എന്നോട് ചോദിക്കാതെയാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അപ്പോള്‍ എനിക്ക് തോന്നി ഉറച്ച ഒരു തീരുമാനം ഞാന്‍ എടുക്കേണ്ടിയിരിക്കുന്നു. ക്യാബിനില്‍ ചെന്നു എന്റെ ഫയലുകള്‍ എടുത്തു പുറത്തുവന്നു ഡസ്‌കിലെ കസേരയില്‍ ഇരുന്നു. യൂണിറ്റ് ചീഫിന്റെ സ്ഥാനം ഒഴിയേണ്ടി വന്നതില്‍ എനിക്കൊട്ടും വിഷമം തോന്നിയില്ല. ഒരു വര്‍ഷത്തിനിടയിലെ പ്രവര്‍ത്തനത്തിനിടയില്‍ എന്തെല്ലാമോ ചെയ്യാന്‍ കഴിഞ്ഞിരിക്കുന്നു, അതുമാത്രം മതി. സന്തോഷം. എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്ന വ്യക്തിയുടെ മാറ്റമാണ് എന്നെ അത്ഭുതപ്പെടുത്തിയത്. വളരെ സുതാര്യതയോടെ പെരുമാറുന്ന ഒരാള്‍ക്ക് എങ്ങനെയാണ് ഇത്തരത്തില്‍ നിഗൂഢമായ ഒരു മുഖം വന്നത്?
പിറ്റേ ദിവസം ഓഫീസില്‍ എത്തി ഞാന്‍ അദ്ദേഹത്തെ വിളിച്ചു ചോദിച്ചു:
''എന്റെ കാര്യത്തില്‍ എന്താണ് തീരുമാനം?''
''അതാലോചിച്ചു പിന്നെ പറയാം.'' അദ്ദേഹത്തിന്റെ അലസമായി മറുപടി. എന്നാല്‍ എനിക്കാലോചിക്കാനൊന്നുമുണ്ടായിരുന്നില്ല. അത്തരമൊരു ധാര്‍ഷ്ട്യത്തോട് നിശ്ശബ്ദമായി പ്രതികരിക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. ഞാന്‍ പുറത്തേക്കിറങ്ങി. പിന്നെ തെല്ലിട ആലോചിച്ചു. അപ്പോഴേക്കും ഒരു തീരുമാനം മനസ്സില്‍ തെളിഞ്ഞുവന്നു. ഞാന്‍ ലെറ്റര്‍പാഡെടുത്തു. രണ്ടു പേര്‍ക്ക് കേരള കൗമുദിയില്‍ നിന്നുള്ള എന്റെ രാജിക്കത്തെഴുതി കണ്ടെയ്നറില്‍ ഇട്ടു. ഒന്ന് എഡിറ്റര്‍ ഇന്‍ ചീഫ്, മറ്റൊന്ന് മാനേജിംഗ് ഡയറക്ടര്‍ക്ക്. 27 വര്‍ഷത്തെ സേവനത്തിനു ശേഷം കേരള കൗമുദിയില്‍ നിന്നും എന്റെ വിട.
എക്‌സിക്യൂട്ടീവ് എഡിറ്ററുടെ നടപടികളിലുള്ള പ്രതിഷേധം കേരള കൗമുദിയില്‍ വ്യാപകമായിട്ടുണ്ടെന്ന് പിന്നീട് അറിഞ്ഞു. എനിക്കു പിറകെ മറ്റു പലരും രാജിവെച്ചു. പി. സുജാതന്‍, പി. രവികുമാര്‍, കെ.കെ. സുരേന്ദ്രന്‍, വി.ഇ. ബാലകൃഷ്ണന്‍ എന്നിവരാണ് കേരള കൗമുദിയില്‍നിന്നും രാജിവെച്ചത്. എന്നാല്‍, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ക്ക് മറ്റൊരനുഭവം കാലം കാത്തുവെച്ചിട്ടുണ്ടായിരുന്നു. എഡിറ്റര്‍ ഇന്‍ ചീഫുമായി തെറ്റി, അദ്ദേഹത്തെ അധിക്ഷേപിച്ചു കാലാവധി പൂര്‍ത്തിയാകും മുന്‍പേ അപമാനിതനായി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ക്കും കേരള കൗമുദിയില്‍നിന്നും പിന്നീട് പോകേണ്ടിവന്നു.
(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com