കൊറോണാനന്തര ലോകം രോഗക്കിടക്കയിലാക്കുന്നതെങ്ങനെ?

ഏകാധിപത്യ പ്രവണതകളുള്ള ജനാധിപത്യ വ്യവസ്ഥകള്‍ ഒരു അതിര്‍വരമ്പിലൂടെയാണ് മുന്നോട്ടു പോകുന്നത്. കൊറോണയുടെ വരവോടെ ഈ നേരിയ വേര്‍തിരിവുകള്‍ ഇല്ലാതാകുന്നതെങ്ങനെ. 
കൊറോണാനന്തര ലോകം രോഗക്കിടക്കയിലാക്കുന്നതെങ്ങനെ?

രിത്രം ഒരു പേടിസ്വപ്നമാണ്, ഞാനതില്‍നിന്ന് ഉണരാന്‍ ശ്രമിക്കുകയാണെന്ന് ജെയിംസ് ജോയ്സ് എഴുതിയിട്ടുണ്ട്. ഇതിനെ ഉദ്ധരിച്ച് ബോര്‍ഹെസ് എഴുതിയത് ചരിത്രത്തിലല്ല, ചരിത്രത്തിന്റെ പാഠങ്ങളിലാണ് മനുഷ്യരാശി ഊന്നല്‍ കൊടുക്കേണ്ടതെന്നാണ്. ചരിത്രത്തിലേക്കുള്ള സഞ്ചാരദിശയില്‍ രോഗഭീതിയുടെ വര്‍ത്തമാനകാലം ജനാധിപത്യത്തിനു നല്‍കുന്ന പാഠങ്ങളും പേക്കിനാവുകളും എന്തൊക്കെയാണ്. വ്യാധികളുടെ സംഹാരകാലത്ത് ആകുലപ്പെടുത്തുന്ന ജനാധിപത്യത്തിന്റെ അപചയങ്ങളും പരാജയങ്ങളും ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. യുക്തിക്കും ലോകനീതിക്കും ഇടയിലുള്ള വിടവ്, നീതിയും അനീതിയും വേര്‍തിരിക്കല്‍, ലോകധാര്‍മ്മികത തുടങ്ങിയ യത്‌നങ്ങളെല്ലാം ഈ രോഗകാലത്ത് അപ്രസക്തമായിക്കഴിഞ്ഞു. നിന്ദയുടെ മുറിവുകളെ അവഗണിച്ച് പോരാടി നേടിയ ജനാധിപത്യ അവകാശങ്ങള്‍ക്ക് നിമിഷങ്ങളുടെ ആയുസ് മാത്രമായി. പൗരന്‍ എന്ന ആശയവും പൗരസ്വാതന്ത്ര്യം എന്ന പരികല്‍പ്പനയും ഇല്ലാതായി. നിലനില്‍പ്പിന് അല്‍പ്പസ്വല്‍പ്പം അസ്വാതന്ത്ര്യമാകാമെന്ന വാദം ലോകമെങ്ങും അടിച്ചേല്‍പ്പിക്കപ്പെടുന്നു. 

കോവിഡ് കാലത്ത് നിരീക്ഷണ ജോലിയിൽ ഏർപ്പെട്ട പൊലീസ് ഓഫീസർ വളർത്തു പൂച്ചയുമായി. റൊമാനിയയിൽ നിന്നുള്ള ചിത്രം
കോവിഡ് കാലത്ത് നിരീക്ഷണ ജോലിയിൽ ഏർപ്പെട്ട പൊലീസ് ഓഫീസർ വളർത്തു പൂച്ചയുമായി. റൊമാനിയയിൽ നിന്നുള്ള ചിത്രം

സ്ഥിര സമൃദ്ധിയിലേക്കുള്ള വഴി ഏകാധിപത്യത്തിന്റേതാണെന്നു പരോക്ഷ കാഴ്ചപ്പാട് ഇതിനകം തന്ന ചൈനയ്ക്ക് കൊറോണ വ്യാപനം നിയന്ത്രിക്കാന്‍ കഴിഞ്ഞത് ഏകാധിപത്യം കൊണ്ടാണ് എന്ന ചിന്തയ്ക്ക് പ്രാമുഖ്യം കിട്ടുന്നുണ്ട്. ജനാധിപത്യത്തിന്റെ നിരാശകളില്‍ അത്തരം ചിന്തകള്‍ക്കു വ്യാപനവുമുണ്ടായിട്ടുണ്ട്. കൂടുതല്‍ നിരീക്ഷണ സമ്പ്രദായങ്ങളും നിയന്ത്രണങ്ങളും ഉള്ള വ്യവസ്ഥിതിക്ക് താരതമ്യേന എളുപ്പത്തില്‍ വൈറസിനെ മറികടക്കാന്‍ കഴിയുമെന്ന് ചൈന ലോക്ഡൗണ്‍ സൂചനകളിലൂടെ നല്‍കുന്നു. വ്യവസ്ഥയോട്, അത് ജനാധിപത്യമോ സ്വേച്ഛാധിപത്യമോ ആകട്ടെ അതിന്റെ നിരീക്ഷണ സമ്പ്രദായങ്ങളോട് കൂടുതല്‍ വിധേയപ്പെടാന്‍, അനുസരിക്കാന്‍ ബാധ്യസ്ഥരാണ് ജനതയെന്ന വിശ്വാസം ഊട്ടിയുറപ്പിക്കുകയാണ് ചൈനീസ് മാതൃക അനുകരിച്ച ഭരണകൂടങ്ങള്‍ ചെയ്തത്. വ്യക്തിയുടെ സഞ്ചാരപാതകളും താല്‍പ്പര്യങ്ങളും വരെ നിരീക്ഷിക്കപ്പെടുമ്പോള്‍ അതു പ്രതിസന്ധി മറികടക്കാന്‍ അനിവാര്യമാണെന്ന ഒഴികഴിവാണ് ഈ വ്യവസ്ഥകള്‍ അവരുടെ ജനതയോട് പറയുന്നത്.

എങ്ങനെയാണ് രാഷ്ട്രീയനേട്ടത്തിനായി രോഗബാധയെ ലോകനേതാക്കള്‍ ഉപയോഗിച്ചത്? തുടക്കത്തില്‍ കൊവിഡ് ബാധ തിരിച്ചറിയാനും വ്യാപനം നിയന്ത്രിക്കാനും കഴിയാതിരുന്ന ചൈന വൈകി സ്വീകരിച്ച കടുത്ത നിയന്ത്രണ നടപടികളുടെ ക്രെഡിറ്റ് നല്‍കിയത് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനാണ്. ചരിത്രത്തിലെ ഏറ്റവും വലിയ മഹാമാരിയില്‍നിന്ന് ചൈനീസ് ജനതയെ രക്ഷിച്ച വീരപരിവേഷം ജിന്‍പിങ്ങിനു ചാര്‍ത്തി നല്‍കുകയാണ് ഭരണകൂടം ചെയ്തത്. ജിന്‍പിങ്ങിന്റെ അധികാരത്തിനു കീഴില്‍ മാത്രമേ ഈ മഹാമാരിയെ നേരിടാന്‍ കഴിയൂവെന്നായിരുന്നു ചൈനീസ് വിദേശകാര്യമന്ത്രിയുടെ പ്രസ്താവന. ഇങ്ങനെ, വീഴ്ചകള്‍ മറയ്ക്കാനും കരുത്തനെന്നു പ്രചരിപ്പിക്കാനും ജിന്‍പിങ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് അവസരം ലഭിച്ചു. പലയിടങ്ങളിലും അമിതാധികാരം കൊണ്ടു മാത്രമേ വൈറസിനെ നേരിടാനാകൂവെന്ന് രാഷ്ട്രീയ നേതാക്കള്‍ പറയുന്നു. മോദിയും ഇമ്മാനുവല്‍ മാക്രോണും ഉള്‍പ്പെടെയുള്ളവര്‍ വൈറസിനെതിരെ യുദ്ധപ്രഖ്യാപനം നടത്തുന്നു. 

ജനാധിപത്യ വ്യവസ്ഥകളെന്ന വിശേഷണമുള്ള പല രാജ്യങ്ങളും പ്രാപ്തിക്കുറവും പക്വതയില്ലായ്മയും കാണിച്ചപ്പോള്‍ അമിതാധികാര ചിന്തകളുടെ സാധ്യത ബലപ്പെടുകയായിരുന്നു. രക്ഷകരുടെ വേഷാവതരണത്തിലാണ് രാഷ്ട്രീയ നേതാക്കള്‍ ഈ ചൈനീസ് തന്ത്രം അവരുടെ രാജ്യങ്ങളില്‍ പയറ്റിയത്. മഹാഭാരത യുദ്ധത്തോട് ഉപമിക്കുകയും ജനങ്ങള്‍ക്കു ലക്ഷ്മണരേഖ വരയ്ക്കുകയും ചെയ്ത നരേന്ദ്രമോദി ഇവരുടെ ഇടയില്‍ ഒരു പടികൂടി മുന്നിലെത്തി. മൂല്യങ്ങളെന്നു വിശ്വസിക്കുന്ന കാലഹരണപ്പെട്ട ആശയങ്ങള്‍ പ്രചരിപ്പിക്കാനും പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങളാണ് പിന്നീട് കണ്ടത്. പാത്രം കൂട്ടിയടിക്കലും വിളക്കുകള്‍ അണച്ച് ദീപം കത്തിച്ച് ഇരുട്ടിനെ ഓടിക്കുന്നതുമെല്ലാം സാമാന്യയുക്തിയെ ചോദ്യം ചെയ്യുന്നതായിരുന്നു. എന്നിട്ടും യുക്തിയെ മറികടന്ന്, ദേശീയതയുടെ പേരില്‍ ഭൂരിപക്ഷവും അതിനെ അനൂകൂലിച്ചു. 

എന്ത് അടിയന്തര സാഹചര്യത്തേയും നേരിടാൻ: അമേരിക്കൻ സൈന്യം മരണ നിലത്ത് റോന്ത് ചുറ്റുന്നു
എന്ത് അടിയന്തര സാഹചര്യത്തേയും നേരിടാൻ: അമേരിക്കൻ സൈന്യം മരണ നിലത്ത് റോന്ത് ചുറ്റുന്നു

നിസ്സഹായതയുടെ നടുവില്‍, നമ്മുടെ വ്യവസ്ഥ നല്‍കുന്ന സുരക്ഷിതത്വം സംബന്ധിച്ചു പ്രത്യാശയുടെ ഒരു കണികപോലും ജനങ്ങള്‍ക്കുണ്ടായിരുന്നില്ല. സങ്കുചിതത്തിന്റെ പുരോഗമനത്തില്‍നിന്നുള്ള പിന്‍മടക്കത്തിന്റേയും പ്രകടമായ ലക്ഷണങ്ങളായിരുന്നു അത്. യുദ്ധത്തിനിടയില്‍ വീണുപോകാന്‍ പാടില്ലെന്നായിരുന്നു ലോക്ഡൗണിനിടെ മോദിയുടെ മറ്റൊരു പ്രഖ്യാപനം. പട നയിക്കുന്ന പടനായകന്റെ റോളില്‍ സ്വയം അവതരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍, അദ്ദേഹം സ്വീകരിച്ച പ്രായോഗിക നടപടികളുടെ ഫലപ്രാപ്തി വിശകലനം ചെയ്യാനോ വിമര്‍ശിക്കാനോ ആരും തയാറായില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ജര്‍മ്മനിയടക്കമുള്ള ജനാധിപത്യ രാജ്യങ്ങള്‍ നടപ്പാക്കിയ നിയന്ത്രണ സംവിധാനങ്ങളല്ല ഇന്ത്യ സ്വീകരിച്ചതെന്നും ഓര്‍ക്കേണ്ടതുണ്ട്.

അവകാശങ്ങള്‍ നിരീക്ഷണത്തില്‍ 

ഇനിയുള്ള കാലം പൗരനിരീക്ഷണം കൂടുതല്‍ ശക്തിയോടെ നടപ്പാകാനാണ് സാധ്യതയെന്ന് യുവാല്‍ നോഹ ഹരാരി 'ഫിനാന്‍ഷ്യല്‍ ടൈംസി'ല്‍ എഴുതിയ ലേഖനത്തില്‍ പറയുന്നുണ്ട്. രോഗവ്യാപനം നിയന്ത്രിക്കാന്‍ വേണ്ടി ചൈനയില്‍ ഉപയോഗിച്ച മാര്‍ഗ്ഗങ്ങളാണ് അദ്ദേഹം സൂചിപ്പിച്ചത്. സ്മാര്‍ട്ട്ഫോണുകള്‍ ചോര്‍ത്തിയും പതിനായിരക്കണക്കിനു തിരിച്ചറിയല്‍ ക്യാമറകള്‍ സ്ഥാപിച്ചും ചൈന നടത്തിയ നീക്കം രോഗബാധിതരെ കണ്ടെത്താന്‍ മാത്രമായിരുന്നില്ലെന്നും ആള്‍ക്കാരുടെ സഞ്ചാരപാത തിരിച്ചറിയാനും അവര്‍ ബന്ധപ്പെടുന്നവരെ കണ്ടെത്താനുമായിരുന്നു. ജി.പി.എസ് ട്രാക്കിങ് ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകള്‍ മഹാമാരിയുടെ കാലത്ത് ഉപയോഗപ്രദമായെങ്കിലും പിന്നീടുള്ള കാലങ്ങളില്‍ അതെത്രമാത്രം ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന ആശങ്ക ഇതോടെ ഉയരുന്നു. തീവ്രവാദികളെ നിരീക്ഷിക്കാന്‍ ഉപയോഗിക്കുന്ന സംവിധാനങ്ങളാണ് ഇസ്രയേലില്‍ ബെഞ്ചമിന്‍ നെതന്യാഹു കൊവിഡ് രോഗബാധിതരുടെ മേല്‍നോട്ടത്തിന് ഉപയോഗിച്ചത്.

സാങ്കേതികവിദ്യകളുടെ ഗുണകരമായ വശം ഉപയോഗപ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്ന ഭരണകൂടങ്ങളുടെ വാദം വിശ്വാസത്തിലെടുക്കാനാകില്ല. പഴയ പ്രവൃത്തികള്‍ അതിന് അനുവദിക്കില്ല. സ്മാര്‍ട്ട്ഫോണില്‍ നിങ്ങള്‍ ക്ലിക്ക് ചെയ്യുന്നതാണ് മുന്‍പ് ഭരണകൂടങ്ങള്‍ നിരീക്ഷിച്ചതെങ്കില്‍ ഇപ്പോള്‍ നിങ്ങളുടെ ശരീരോഷ്മാവും രക്തസമ്മര്‍ദ്ദവും വരെ നിരീക്ഷപ്പെടുന്നുവെന്നാണ് യുവാല്‍ നോഹ ഹരാരി പറയുന്നത്. 2030-ല്‍ വടക്കന്‍ കൊറിയയില്‍ എല്ലാ പൗരന്മാരും 24 മണിക്കൂറും ബയോമെട്രിക് ബ്രേസ്ലെറ്റ് ധരിക്കണം എന്ന ഉത്തരവുണ്ടാകുന്നുവെന്നു കരുതുക. നിങ്ങള്‍ പരമോന്നത നേതാവിന്റെ പ്രസംഗം കേള്‍ക്കുകയാണെന്നും സങ്കല്‍പ്പിക്കുക. നിങ്ങള്‍ക്കുണ്ടാകുന്ന ദേഷ്യം ബയോമെട്രിക് ബ്രേസ്ലേറ്റ് രേഖപ്പെടുത്തുകയാണെങ്കില്‍ നിങ്ങളുടെ കാര്യം തീരുമാനമാകുമെന്നും അദ്ദേഹം പറയുന്നു. ഇതൊരു അതിരു കടന്ന ഭാവനയല്ലെന്നതാണ് യാഥാര്‍ത്ഥ്യം. അതായത്, ഓരോ ദുരന്തവും പൗരന്മാരുടെ മേലുള്ള സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ കൂട്ടുകയേയുള്ളൂ. ഹോങ്കോങ്ങില്‍ എത്തുന്നവര്‍ക്ക് അവരുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള റിസ്റ്റ് ബാന്‍ഡുകള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. ഇനിയുള്ള കാലത്ത് അടിയന്തര സഹാചര്യത്തെ നേരിടാന്‍ ഭരണകൂടം കൈക്കൊണ്ട താല്‍ക്കാലിക നടപടി മാത്രമാകില്ല ബയോമെട്രിക് നിരീക്ഷണമെന്നു ചുരുക്കം. സ്വകാര്യതയുടെ അവകാശങ്ങള്‍ക്കു മേല്‍ യുദ്ധം മുറുകുന്ന ഈ കാലത്ത് കൊറോണയുടെ വരവ് ഒരു വഴിത്തിരിവ് തന്നെയാകും. 

തെക്കന്‍ കൊറിയയും തായ്വാനുമടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ മറ്റൊരു രീതിയിലാണ് വൈറസ് വ്യാപനത്തെ നിയന്ത്രിച്ചത്. ഏറെക്കുറെ സുതാര്യമായിരുന്നു അവരുടെ നടപടികള്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. യാത്രാനിയന്ത്രണം വരുത്തിയും കൂടുതല്‍ പരിശോധനകള്‍ നടത്തിയും ക്വാറന്റൈന്‍ നിര്‍ബ്ബന്ധമാക്കിയുമാണ് അവര്‍ അതിനെ മറികടന്നത്. 2002-ല്‍ പൊട്ടിപ്പുറപ്പെട്ട സാര്‍സിന്റെ വ്യാപനമാകാം അതിനവര്‍ക്ക് അനുഭവപാഠം നല്‍കിയത്. ചൈനയിലേയും ഇന്ത്യയിലേയും പോലെ ഒരു രക്ഷകപരിവേഷവും വ്യക്തിപൂജയും അവിടുത്തെ നേതാക്കള്‍ക്കുണ്ടായില്ല. അതായത് ജനാധിപത്യ സംവിധാനത്തിന്റെ നടത്തിപ്പില്‍ വലിയ പാളിച്ചകളില്ലെങ്കില്‍ അതിജീവനം വ്യവസ്ഥതന്നെ നടത്തുമെന്നു സാരം. ജനാധിപത്യത്തില്‍ ക്ഷാമമുണ്ടായ ചരിത്രമില്ലെന്ന് അമര്‍ത്യാ സെന്‍ പറയുന്നുണ്ട്. അടിക്കടി തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കേണ്ടി വരുന്നതിനാല്‍ ഭരണകൂടങ്ങള്‍ അതൊഴിവാക്കുമെന്നും അദ്ദേഹം പറയുന്നു. ഇന്ത്യന്‍ ചരിത്രത്തില്‍ അവസാന ക്ഷാമമുണ്ടായത് സ്വാതന്ത്ര്യത്തിനു മുന്‍പാണ്. പിന്നീട് ഒരിക്കല്‍പ്പോലും അത്തരമൊരു പ്രതിസന്ധിയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു. പ്രതിസന്ധിയുടെ കാലത്ത് സാധാരണയായി ജനങ്ങള്‍ ഭരണകൂടങ്ങള്‍ക്ക് ഇളവുകള്‍ നല്‍കാറുണ്ട്. യുദ്ധങ്ങള്‍ക്കുശേഷം അതേ ഭരണകൂടം അധികാരത്തിലേറുന്നത് പതിവുമാണ്. എന്നാല്‍, പ്രവര്‍ത്തിക്കുന്ന ഒരു ജനാധിപത്യവ്യവസ്ഥയില്‍ ക്ഷാമം ഒഴിവാക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുമെന്ന വാദം അദ്ദേഹം ഉയര്‍ത്തുന്നു.

രോഗത്തിന്റെ പേരില്‍ ജനാധിപത്യവിരുദ്ധത അരങ്ങേറുന്നത് തുര്‍ക്കിയില്‍ മാത്രമല്ല, യൂറോപ്പിലാകമാനം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മറയാക്കി വിക്ടര്‍ ഓര്‍ബന്‍ നടത്തിയത് അധികാരം ഉറപ്പിക്കാനുള്ള നിയമനിര്‍മ്മാണമായിരുന്നു. പാര്‍ലമെന്റിലെ ഭൂരിപക്ഷം ലാക്കാക്കി അദ്ദേഹം തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കാനും തെറ്റായ വിവരങ്ങള്‍ നല്‍കുന്നവരെ തടങ്കലിലിടാനുമുള്ള നിയമനിര്‍മ്മാണം നടത്തുകയായിരുന്നു. അധികാരം കവര്‍ന്നെടുക്കാനുള്ള ശ്രമങ്ങള്‍ കുറവായിരുന്നെങ്കിലും മറ്റു നേതാക്കളും രാഷ്ട്രീയ നേട്ടം കണ്ടെത്താന്‍ ശ്രമിച്ചു. ഇസ്രയേലില്‍ ബെഞ്ചമിന്‍ നെതന്യാഹു തന്റെ വിചാരണ നടക്കുന്നതടക്കമുള്ള കോടതികള്‍ അടച്ചിടുകയാണ് ആദ്യം ചെയ്തത്. പിന്നീട് അടിയന്തരാവസ്ഥ പരിഗണിച്ച് സര്‍ക്കാരില്‍ ചേരാന്‍ പ്രധാന പ്രതിപക്ഷ നേതാവായ ബെന്നി ഗാന്റസിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും അദ്ദേഹമായിരുന്നു നെതന്യാഹുവിന്റെ എതിരാളി. പ്രതിപക്ഷത്തെ ഐക്യം ഇല്ലാതാക്കുകയായിരുന്നു നെതന്യാഹുവിന്റെ ലക്ഷ്യം. അതു സാധിച്ചു. ബെന്നി ഗാന്‍സ് സര്‍ക്കാരിന്റെ ഭാഗമായി. ഫിലിപ്പീന്‍സില്‍ കൊറോണ നിയന്ത്രിത പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ തടങ്കലില്‍ അടയ്ക്കാന്‍ പ്രസിഡന്റ് റോഡ്രിഗോ ഡറ്റററ്റ് ഉത്തരവിട്ടു. തായ്ലന്‍ഡിലാകട്ടെ സൈനിക അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ പ്രയുത് ചാന്‍ ഒച അടിയന്തരാവസ്ഥയുടെ അധികാരമാണ് പ്രയോഗിച്ചത്. ആവശ്യമെങ്കില്‍ മാധ്യമങ്ങള്‍ക്കു നിയന്ത്രണം കൊണ്ടുവരുമെന്നും അടച്ചുപൂട്ടുമെന്നും പ്രഖ്യാപിച്ചു. കമ്പോഡിയയിലും ജനാധിപത്യ അവകാശങ്ങള്‍ ഹനിക്കുന്ന രീതിയിലുള്ള നിയമനിര്‍മ്മാണം നടന്നു.

അടച്ചു പൂട്ടലിനെ തുടർന്ന് സറ്റ്ക്ഹോമിൽ സമയം തള്ളി നീക്കുന്ന രണ്ട് പേർ
അടച്ചു പൂട്ടലിനെ തുടർന്ന് സറ്റ്ക്ഹോമിൽ സമയം തള്ളി നീക്കുന്ന രണ്ട് പേർ

അറിയാനുള്ള പൗരന്റെ മൗലിക അവകാശത്തെയാണ് ഈ രാജ്യങ്ങളെല്ലാം ചോദ്യം ചെയ്തത്. വുഹാനില്‍ കൊറോണ വ്യാപിക്കുന്നെന്നു റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ ചൈന തടവിലാക്കിയിരുന്നു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്നതായിരുന്നു അവര്‍ക്കുമേല്‍ ചുമത്തിയ കുറ്റം. തായ്ലന്‍ഡിലും യഥാര്‍ത്ഥ്യം റിപ്പോര്‍ട്ട് ചെയ്തതിനു പത്രപ്രവര്‍ത്തകര്‍ക്കു നിയമനടപടി നേരിടേണ്ടി വന്നു. ഈജിപ്തില്‍ ഔദ്യോഗിക വ്യാപന നിരക്കിനെ ചോദ്യം ചെയ്തതിനു ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടറോട് രാജ്യംവിടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ജോര്‍ദാനില്‍ അഭിപ്രായ സ്വാതന്ത്ര്യം പ്രധാനമന്ത്രി റദ്ദാക്കിക്കഴിഞ്ഞു. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. രോഗവ്യാപനത്തിന്റെ പേരില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നുവെന്നും അതു നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നും മാധ്യമങ്ങളെ കൊറോണ രോഗവിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്നും വിലക്കണമെന്നുമാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. സര്‍ക്കാര്‍ അനുമതിയോടെ വരുന്ന ഔദ്യോഗിക വാര്‍ത്താവ്യാഖ്യാനങ്ങള്‍ മാത്രമേ പാടുള്ളൂ എന്നായിരുന്നു സര്‍ക്കാര്‍ വാദിച്ചത്. അതിന് അനുമതി കോടതി നല്‍കിയില്ലെങ്കിലും തത്വത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദം ശരിവയ്ക്കുന്ന രീതിയിലായിരുന്നു കോടതിയുടെ സമീപനം. 

ലോക്ഡൗണിന്റെ കാലാവധി മൂന്നുമാസമാണ് എന്നു വാര്‍ത്തയില്‍ പറഞ്ഞിട്ടുണ്ടെന്നും അതാണ് വിവിധ സംസ്ഥാനങ്ങളിലുള്ള ഇതര സംസ്ഥാന തൊഴിലാളികളെ പരിഭ്രാന്തിയിലാക്കിയതെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍, നാലു മണിക്കൂര്‍ മാത്രം മുന്‍പാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതെന്നും സംസ്ഥാനങ്ങളുമായി സഹകരണമോ തയ്യാറെടുപ്പോ ഉണ്ടായിരുന്നില്ലെന്നുമുള്ള യാഥാര്‍ത്ഥ്യം സര്‍ക്കാരോ കോടതിയോ കണക്കിലെടുത്തില്ല. അടച്ചിട്ട രാജ്യത്ത് തൊഴിലോ കൂലിയോ ഭക്ഷണമോ ഇല്ലാതെ പതിനായിരക്കണക്കിനു മനുഷ്യരുടെ പലായനത്തിനു കാരണമായ നടപടികളെ കോടതി വിമര്‍ശിച്ചില്ല. മണ്ഡലങ്ങളിലെ വികസനത്തിനായുള്ള എം.പിമാരുടെ ഫണ്ട് രണ്ടു വര്‍ഷത്തേയ്ക്ക് കുറച്ചതാണ് മറ്റൊരു നടപടി. ഫെഡറല്‍ തത്വങ്ങള്‍ക്കു വിരുദ്ധമായ ഈ നടപടി ജനാധിപത്യവിരുദ്ധമായിരുന്നു. അടിയന്തര സാഹചര്യത്തിന്റെ മറവില്‍ ഏകപക്ഷീയമായ ഇത്തരം നടപടികള്‍ ജനാധിപത്യവ്യവസ്ഥയുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയാണ്. 

മറന്ന സമരങ്ങളും പ്രക്ഷോഭങ്ങളും 

ഇന്ത്യയിലെ പൗരത്വ പ്രക്ഷോഭങ്ങള്‍ക്കു സമാനമായി ലോകത്തെമ്പാടും ജനാധിപത്യ-മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി നടന്ന പല പോരാട്ടങ്ങളും കഴിഞ്ഞവര്‍ഷം നടന്നിരുന്നു. രോഗം വ്യാപിച്ചതോടെ ഈ എതിര്‍ശബ്ദങ്ങളേയും ഭരണകൂടങ്ങള്‍ക്കു തല്‍ക്കാലത്തേക്കെങ്കിലും ഇല്ലാതാക്കാനായി. ചൈനയ്‌ക്കെതിരെ ഹോങ്കോങ്ങില്‍ നടന്ന ജനാധിപത്യ പ്രക്ഷോഭം, ഫ്രാന്‍സില്‍ നിക്രോ നിയോ ലിബറലിസത്തിനെതിരെയുള്ള സമരങ്ങള്‍, ലെബനനിലും ഇറാഖിലും നടക്കുന്ന അഴിമതിവിരുദ്ധ പോരാട്ടങ്ങള്‍, ചിലിയിലെ നിയോലിബറല്‍ സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍, മെക്‌സിക്കോയിലെ ഫെമിനിസ്റ്റ് പ്രക്ഷോഭം തുടങ്ങി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ പടര്‍ന്നുപിടിച്ച സമരരൂപങ്ങളും വഴിത്തിരിവുകളുമെല്ലാം താല്‍ക്കാലികമായെങ്കിലും അടങ്ങി. യൂറോപ്പിലെ കുടിയേറ്റക്കാരുടെ പ്രതിഷേധങ്ങള്‍ക്കും കാനഡയിലെ ഗോത്രവര്‍ഗ്ഗക്കാരുടെ പ്രക്ഷോഭങ്ങള്‍ക്കുമെല്ലാം താല്‍ക്കാലിക പരിസമാപ്തിയായി. സമീപഭാവിയില്‍ പ്രക്ഷോഭങ്ങള്‍ വീണ്ടും പൊട്ടിപ്പുറപ്പെട്ടാല്‍ പോലും അതു നേരിടേണ്ട മാര്‍ഗ്ഗങ്ങളെക്കുറിച്ച് ആലോചിക്കാനും നടപ്പാക്കാനുമുള്ള സമയം ഭരണകൂടങ്ങള്‍ക്കി ലഭിക്കുകയും ചെയ്തു. രോഗവ്യാപനത്തിന്റെ പേരില്‍ ചുമത്തിയ നിയന്ത്രണങ്ങള്‍ ഇത്തരം സമരങ്ങളേയും എതിര്‍ശബ്ദങ്ങളേയും അടിച്ചമര്‍ത്താന്‍ ഭരണകൂടങ്ങള്‍ക്ക് ഊര്‍ജം പകരുമെന്നതാണ് ആശങ്കളിലൊന്ന്. 

രോഗം നിയന്ത്രിക്കുന്നതിന്റെ പേരില്‍ ഏകാധിപത്യത്തിനും ജനാധിപത്യത്തിനുമിടയിലെ അതിര്‍വരമ്പുകള്‍ ഭരണകൂടങ്ങള്‍ ലംഘിക്കുന്നത് എങ്ങനെയെന്നു നോക്കാം. തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ അട്ടിമറിച്ചും പൗരസമൂഹത്തിനുമേലുള്ള സൈനിക നിയന്ത്രണം കൂട്ടിയും ഏകോപിത ജനനീക്കം നിയന്ത്രിച്ചും ജനാധിപത്യ വ്യവസ്ഥയിലെ ഭരണസ്തംഭങ്ങളെ രൂപാന്തരപ്പെടുത്തുമെന്നു പറയുന്നു രാഷ്ട്രീയ നിരീക്ഷകര്‍. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് പ്രക്രിയകളെ രോഗബാധ സാരമായി ബാധിച്ചേക്കാമെന്നാണ് വിലയിരുത്തല്‍. ഇറ്റലി, വടക്കന്‍ മസിഡോണിയ, സെര്‍ബിയ, സ്പെയിന്‍, ബ്രിട്ടന്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങളെല്ലാം തെരഞ്ഞെടുപ്പുകള്‍ മാറ്റിവച്ചിരിക്കുകയാണ്. ഏത്യോപ്യ, ബറുണ്ടി, ഡൊമനിക്കന്‍ റിപ്പബ്ലിക്, ഐവറി കോസ്റ്റ്, മലാവി, മംഗോളിയ തുടങ്ങി രാജ്യങ്ങളും ജനവിധി നിര്‍ണ്ണയിക്കുന്ന പ്രക്രിയകള്‍ നീട്ടിവച്ചു. തെരഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കുകയെന്നാല്‍, പരമപ്രധാനമായ സമയത്ത് നേതാവിനെ തെരഞ്ഞെടുക്കാനുള്ള അവകാശം കൂടിയാണ് ജനങ്ങള്‍ക്കു നഷ്ടമാകുന്നത്. രോഗവ്യാപനത്തിന്റെ സമയത്ത് അത്തരമൊരു പ്രക്രിയ നടത്തുന്നത് അപകടമാണെന്നു സര്‍ക്കാരുകള്‍ പറയുന്നു. എന്നാല്‍, രാഷ്ട്രീയമായി പ്രയോജനം ലഭിക്കുന്ന സമയത്തേക്ക് ഈ തെരഞ്ഞെടുപ്പുകള്‍ നീട്ടിവയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. തെക്കന്‍ കൊറിയ ഇതിനൊരു അപവാദമാണ്. വരുന്ന പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ വീട്ടില്‍നിന്നോ ആശുപത്രികളില്‍നിന്നോ വോട്ടു ചെയ്യാനുള്ള സംവിധാനമാണ് തെക്കന്‍ കൊറിയ എടുക്കുന്നത്. അതേസമയം ഓണ്‍ലൈന്‍ വോട്ടിങ് സമ്പ്രദായത്തില്‍ ഹാക്കിങ്ങും വിദേശ ഇടപെടലുമൊക്കെയുണ്ടാകാമെന്ന ആശങ്കയുമുണ്ട്. ദരിദ്രരാജ്യങ്ങള്‍ക്ക് ഇത്തരം സംവിധാനങ്ങളൊരുക്കുന്നതു വെല്ലുവിളിയാണ്.

ജനങ്ങളെ നിയന്ത്രിക്കാനുള്ള അധികാരം സിവിലിയന്‍ അധികാരികളില്‍നിന്നു സൈന്യം ഏറ്റെടുക്കുന്നതാണ് മറ്റൊരാശങ്ക. ഇറാന്‍ മുതല്‍ ദക്ഷിണാഫ്രിക്ക വരെയും ഇസ്രയേല്‍ മുതല്‍ പെറു വരെയുള്ള രാജ്യങ്ങളില്‍ ലോക്ഡൗണ്‍ നടപടികള്‍ നടപ്പാക്കാന്‍ സൈന്യമാണ് നിയോഗിക്കപ്പെട്ടത്. ഭാവിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടാല്‍ കൂടുതല്‍ സാമ്പത്തിക ആഭ്യന്തര കാര്യങ്ങളില്‍ സൈന്യത്തിന്റെ ഇടപെടലുണ്ടാകുമെന്നുമെന്നും നിരീക്ഷകര്‍ പറയുന്നു. ഈ രാജ്യങ്ങളിലെല്ലാം വലിയ തോതിലുള്ള മനുഷ്യാവകാശ ലംഘനങ്ങളാണ് നിയന്ത്രണ നടപടിയുടെ ഭാഗമായി ഉണ്ടായത്. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ പൊലീസ് സേനകള്‍ നടത്തിയ അതിക്രമങ്ങളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിട്ടുണ്ട്. നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ മറ്റു വഴിയില്ലായിരുന്നെന്നാണ് മര്‍ദ്ദനങ്ങളെ ന്യായീകരിക്കാന്‍ പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ ഒരു ലക്ഷം പേര്‍ക്ക് 144 പൊലീസുകാരാണുള്ളത്. ഐക്യരാഷ്ട്ര സഭയുടെ കണക്കു പ്രകാരം ചുരുങ്ങിയത് ഒരു ലക്ഷം പേര്‍ക്ക് 222 പൊലീസുകാരെങ്കിലും വേണം. 130 കോടി ജനങ്ങള്‍ വീട്ടിലിരിക്കുന്നത് ഉറപ്പിക്കാനുണ്ടായിരുന്നത് 30 ലക്ഷം പൊലീസുകാര്‍ മാത്രമാണ്. ജോലി സമ്മര്‍ദ്ദം അതിജീവിക്കാന്‍ എളുപ്പവഴി തേടുകയായിരുന്നു സംവിധാനങ്ങള്‍. 

പ്രക്ഷോഭകരേയും വിദ്യാര്‍ത്ഥികളേയും മാനുഷിക പരിഗണനയില്ലാതെ കൈകാര്യം ചെയ്ത സമീപകാല ചരിത്രം രാജ്യത്തെ പൊലീസ് സേനകള്‍ക്കുണ്ട്. ജെ.എന്‍.യു ഉള്‍പ്പെടെയുള്ള രാജ്യത്തെ മുന്‍നിര ക്യാംപസുകളില്‍ നടത്തിയ അതിക്രമങ്ങള്‍ക്കു കൂട്ടുനിന്ന ഡല്‍ഹി പൊലീസ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നിയമവിരുദ്ധമായ നീക്കങ്ങളും നടത്തിയിരുന്നു. അടുത്തിടെ നടന്ന ഡല്‍ഹി കലാപത്തില്‍പോലും പൊലീസ് പക്ഷപാതമായി പെരുമാറുന്നതിന്റെ പ്രത്യക്ഷ തെളിവുകള്‍ പുറത്തുവന്നിരുന്നു. സി.സി.ടി.വികള്‍ തല്ലിത്തകര്‍ക്കുകയും കലാപകാരികള്‍ക്ക് എറിയാന്‍ കല്ലുകളെത്തിച്ചു കൊടുക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. 2018-ലെ സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസ് (സി.എസ്.ഡി.എസ്) കണ്ടെത്തിയത് ഇന്ത്യാക്കാരില്‍ 25 ശതമാനത്തില്‍ താഴെയുള്ളവര്‍ മാത്രമാണ് പൊലീസ് സംവിധാനത്തില്‍ വിശ്വസിക്കുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരെ ആദ്യ കലാപമുണ്ടായ 1857-നുശേഷം നടപ്പാക്കിയ അതേ കൊളോണിയല്‍ നിയമങ്ങളും ചട്ടങ്ങളുമനുസരിച്ചാണ് ഇന്ത്യന്‍ പൊലീസ് സംവിധാനം ഇപ്പോഴും പ്രവര്‍ത്തിക്കുന്നതും. ജനങ്ങളുടെ മേലുള്ള നിയന്ത്രണാധികാരത്തിന്റെ ഈ കടന്നുകയറ്റം ലോക്ഡൗണ്‍ പിന്‍വലിക്കുന്ന ദിവസം ഇല്ലാതാകുമെന്നു വിശ്വസിക്കാനാകില്ലെന്നും വിദഗ്ദ്ധര്‍ പറയുന്നു.

പാകിസ്താനില്‍ പ്രധാനമന്ത്രിയെ മറികടന്ന്, പ്രവിശ്യാഭരണകൂടങ്ങളുടെ ഉത്തരവുകള്‍ക്ക് അനുസരിച്ചാണ് പൊലീസും സൈന്യവും പ്രവര്‍ത്തിച്ചത്. ഇറാനില്‍ തന്ത്രപ്രധാനമായ പല തീരുമാനങ്ങളുമെടുത്ത് സൈനിക മേധാവികളായിരുന്നു. ദക്ഷിണാഫ്രിക്കയിലും കെനിയയിലും ഇത്തരത്തില്‍ രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തികമേഖലകളില്‍ ഇടപെടലുകള്‍ സൈന്യം നടത്തിയിട്ടുണ്ട്. പ്രതിസന്ധി തീര്‍ന്നാല്‍പോലും ഇത്തരം മേഖലകളില്‍ നിന്നുള്ള പിന്‍മാറ്റത്തിനു സൈന്യം തയ്യാറായേക്കില്ലെന്ന ആശങ്കയാണ് പലരും മുന്നോട്ടുവയ്ക്കുന്നത്. സര്‍ക്കാരുകളുടെ ഇപ്പോഴത്തെ അടിയന്തിര പ്രതികരണങ്ങള്‍ സിവില്‍ സമൂഹത്തിന്റെ ഇടവും പരപ്പും വിശാലതയും കുറയ്ക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ത്തന്നെ ഭീഷണി നേരിടുന്ന പൗരസമൂഹത്തിന് ഇത് അതിജീവിക്കുക വെല്ലുവിളിയാണ്. അതേസമയം പ്രക്ഷോഭങ്ങളുടേയും ആക്ടിവിസ്റ്റുകളുടേയും നീക്കങ്ങളിലും ചില പ്രകടമായ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. ശാരീരിക അകലം പാലിച്ചുകൊണ്ട് ആവശ്യങ്ങളില്‍നിന്നു പിന്നാക്കം പോകാതെയാണ് പ്രതിഷേധങ്ങള്‍ ഇപ്പോള്‍ ലോകമെമ്പാടും നടക്കുന്നത്. ഈജിപ്തില്‍ ഓണ്‍ലൈനിലാണ് സമരം. 

ഫിലിപ്പീന്‍സില്‍ രോഗവ്യാപന നടപടികള്‍ക്കെതിരെയുള്ള പ്രതിഷേധം സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാണ്. പൊതു ദൃശ്യപരത കുറഞ്ഞതും ഊര്‍ജ്ജം കുറഞ്ഞതും സമര സംഘാടകര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും വെല്ലുവിളിയാണ്. കടുത്ത നിയന്ത്രണങ്ങളുള്ള ഓണ്‍ലൈനിലെ സമരങ്ങളും കനത്തെ വെല്ലുവിളികള്‍ നേരിടുന്നു. ഗുണകരമായ ഒരു വശം കൂടി ഇതിനുണ്ട്. പ്രതിസന്ധി മറികടക്കാനും കൂട്ടായ്മകളിലൂടെ ആവശ്യങ്ങള്‍ പരിഹരിക്കാനും പല സിവില്‍ സമൂഹങ്ങളും നിര്‍ലോഭം സഹകരിക്കുന്നു. ചൈനയില്‍ വുഹാനില്‍ ആശുപത്രി നിര്‍മ്മാണത്തിനുവേണ്ട പണം സമാഹകരിച്ചത് സോഷ്യല്‍മീഡിയ വഴി വിദ്യാര്‍ത്ഥികളാണ്. ഫിലിപ്പീന്‍സില്‍ സര്‍വ്വകലാശാലകള്‍ കേന്ദ്രീകരിച്ച് രൂപം കൊണ്ട വിദ്യാര്‍ത്ഥി കൂട്ടായ്മകളാണ് പാവപ്പെട്ടവരെ സഹായിക്കാനെത്തിയത്. അമേരിക്കയിലും ബ്രിട്ടനിലും സമാനരീതിയിലുള്ള ഒട്ടേറെ കൂട്ടായ്മകള്‍ പിറവിയെടുക്കുന്നു. കോംഗോയില്‍ ലുച്ച മൂവ്മെന്റ് പ്രതിസന്ധി നേരിടാന്‍ മുന്‍നിരയിലിങ്ങിയപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ സ്വയം സന്നദ്ധരായി വൊളന്റിയര്‍ കൂട്ടായ്മകള്‍ രംഗത്തു വരികയായിരുന്നു.

ഏകാധിപത്യ പ്രവണതകള്‍ നിലനില്‍ക്കുന്ന ഭരണകൂടത്തിനാണ് ഇത്തരം പ്രതിസന്ധി ഫലപ്രദമായി നേരിടാന്‍ കഴിയുകയെന്ന വാദം അപ്പാടെ വിശകലന വിദഗ്ദ്ധര്‍ തള്ളിക്കളയുന്നു. ചൈനയ്ക്ക് പുറമേ സിംഗപ്പൂര്‍, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങള്‍ താരതമ്യേന മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിച്ചെങ്കിലും ഇറാനടക്കമുള്ള രാജ്യങ്ങള്‍ നേര്‍ വിപരീതദിശയിലാണ് സഞ്ചരിച്ചത്. ജനാധിപത്യ വ്യവസ്ഥ നിലനില്‍ക്കുന്ന തെക്കന്‍ കൊറിയയും തായ്വാനും മികച്ച രീതിയില്‍ പ്രശ്‌നത്തെ കൈകാര്യം ചെയ്‌തെങ്കിലും യു.എസ് അങ്ങനെയല്ല ചെയ്തത്. അതുകൊണ്ടുതന്നെ ഭരണകൂടത്തിന്റെ സ്വഭാവം വച്ച് ഈ മഹാമാരിയെ നേരിട്ടു എന്നു പറയുന്നതില്‍ അര്‍ത്ഥമില്ലെന്നു വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com