ഭൂതകാലത്തിന്റെ ക്ഷമാപണം- അടൂരിന്റെ ഉണ്ണിക്കുഞ്ഞും സഖാവ് ശ്രീധരനും

ഫ്യൂഡല്‍ ഭൂതകാലത്തിന്റെ ശേഷിപ്പുകളാണ് എലിപ്പത്തായത്തിലെ ഉണ്ണിക്കുഞ്ഞിലുള്ളത്. ഒരു വ്യക്തിയും അയാളുടെ ഇമേജും തമ്മിലുള്ള സംഘട്ടനമാണ് മുഖാമുഖത്തിലെ സഖാവ് ശ്രീധരനിലൂടെ ആവിഷ്‌ക്കരിക്കപ്പെിക്കപ്പെട്ടത്
അടൂർ ​ഗോപാലകൃഷ്ണൻ: ഫോട്ടോ/  വിനോദ് വീരകുമാർ
അടൂർ ​ഗോപാലകൃഷ്ണൻ: ഫോട്ടോ/ വിനോദ് വീരകുമാർ

കേരളീയനായ ഒരാള്‍ക്കേ 'എലിപ്പത്തായം' എന്ന സിനിമ വേണ്ടവിധം മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ എന്നൊരു ആശങ്കയിലായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍ തുടക്കത്തില്‍. ഫ്യൂഡല്‍ വ്യവസ്ഥ അസ്തമിച്ചുകഴിഞ്ഞ ഒരു തറവാട്ടിലെ കാരണവര്‍ പ്രധാന കഥാപാത്രം. ഒരിക്കല്‍പ്പോലും ആത്മപരിശോധനയ്ക്കു തയ്യാറാവാതെ വെറുതെ ഉറങ്ങുകയും ഉണരുകയും ചെയ്യുന്നൊരിടമായിരുന്നു അയാള്‍ക്ക് ആ നാലുകെട്ട്. ജന്മിത്വ വ്യവസ്ഥിതിയുടെ ഭൂതകാലത്തിലായിരുന്നു അയാള്‍ കഴിഞ്ഞിരുന്നതെന്നു പറയാം. വലിയ ദുരന്തത്തിലേക്ക് അയാളെ എത്തിച്ചത് ആ നിലപാടുതന്നെയായിരുന്നു. ചരിത്രമായൊരു കുടുംബ സാമൂഹിക വ്യവസ്ഥയുടെ അവസാന കണ്ണിയായ അയാളുടെ സ്വത്വമാണ് സിനിമയുടെ വിഷയം. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ കാണേണ്ട ഒരു ചിത്രം. പുറത്തുള്ളവര്‍ക്കു പരിചിതമല്ല അയാളുടെ ബന്ധങ്ങളും പരിമിതികളും. പക്ഷേ, കാനിലും ലണ്ടനിലും പ്രദര്‍ശനത്തിനുശേഷമുള്ള കൂടിക്കാഴ്ചകളില്‍ പലരും പറഞ്ഞുവത്രെ - ഉണ്ണിക്കുഞ്ഞില്‍ അവര്‍ അവരെത്തന്നെ കണ്ടുവെന്ന്.

മലയാള സിനിമയുടെ ജാതകം തിരുത്തിക്കുറിച്ച കഥാപാത്രമായിരുന്നു ഉണ്ണിക്കുഞ്ഞ്. സത്യജിത്ത് റേയ്ക്ക് ശേഷം ഇന്ത്യന്‍ സിനിമയുടെ മേല്‍വിലാസം 'കെയര്‍ ഓഫ് കേരളം' അല്ലെങ്കില്‍ 'മലയാള സിനിമ' എന്നാക്കി മാറ്റിയ, കരമന ജനാര്‍ദ്ദനന്‍ നായര്‍ അവതരിപ്പിച്ച കഥാപാത്രം. ഈ ഉണ്ണിക്കുഞ്ഞ് യഥാര്‍ത്ഥത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ തന്നെയാണ്, അല്ലെങ്കില്‍ എത്രയോ സ്വഭാവ സവിശേഷതകള്‍ ഉണ്ണിക്കുഞ്ഞിന്റേത് അടൂര്‍ ഗോപാലകൃഷ്ണനുമായി ബന്ധപ്പെട്ടുനില്‍ക്കുന്നുവെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ ഉണ്ടായിട്ടുണ്ട്. ഒരു പരിധിവരെ അദ്ദേഹം അതു സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. 

സമൂഹത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനിടയില്‍ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥാവിശേഷം ആഴത്തില്‍ അനുഭവിപ്പിച്ച ആ കഥാപാത്രം, അറയും നിരയും ആഢ്യത്വവും കല്പനകളും ഒക്കെ കണ്ടുവളര്‍ന്ന സംവിധായകന്റെ മനസ്സില്‍ എന്നോ ഉയിര്‍ക്കൊണ്ടതായിരുന്നുവെന്ന് പറയുമ്പോള്‍ അദ്ദേഹം വിയോജിക്കുന്നില്ല. ഭൂതകാലത്തിന്റെ ക്ഷമാപണമായി നില്‍ക്കുന്നൊരു തറവാട്ടിലെ കാരണവര്‍. സംവിധായകന്റെ നേരിട്ടുള്ള അനുഭവങ്ങള്‍ ഈ കഥാപാത്രത്തിന്റെ സൃഷ്ടിക്കു പ്രേരകമായിട്ടുണ്ടെന്ന കാര്യവും അടൂര്‍ ഗോപാലകൃഷ്ണന്‍ നിഷേധിക്കുന്നില്ല. 

എലിപ്പത്തായത്തിൽ കരമന ജനാർദ്ദനൻ
എലിപ്പത്തായത്തിൽ കരമന ജനാർദ്ദനൻ

ബന്ധുവായ ഒരു കഥാപാത്രം തന്നെയാണ് ഉണ്ണിക്കുഞ്ഞ്. എന്നാല്‍ പൂര്‍ണ്ണമായും അല്ല. അവിടെനിന്നാണ് തുടങ്ങുന്നത് എന്നുമാത്രമേയുള്ളൂ. വളരെയടുത്തറിയാവുന്ന അടുത്തൊരു ബന്ധു. ഉണ്ണിക്കുഞ്ഞിനെ രൂപപ്പെടുത്തുന്നതിനു പ്രേരകമായത് അദ്ദേഹമായിരുന്നു. അവിടെനിന്ന് ആ കഥാപാത്രത്തിനു സ്വാഭാവിക വളര്‍ച്ച സംഭവിച്ചു. സിനിമയില്‍ കാണുന്നത് ഏകദേശമായെങ്കിലും ആ കഥാപാത്രത്തിന്റെ മൗലികരൂപത്തിലുള്ള, യഥാര്‍ത്ഥ ജീവിതത്തിലെ വ്യക്തിയുടെ സവിശേഷതകളാണ്. ആ കഥാപാത്രത്തില്‍നിന്നു മാത്രമായിരുന്നില്ല ശരിക്കും എലിപ്പത്തായത്തിന്റെ ആരംഭം. നമ്മുടെയെല്ലാം ജീവിതസാഹചര്യങ്ങളില്‍നിന്നാണ് സിനിമ ജനിക്കുന്നത്. ജീവിതത്തില്‍ പലപ്പോഴും ചുറ്റുപാടുമുള്ളതിനോട് സ്വാഭാവിക രീതിയില്‍ നാം പ്രതികരിക്കുന്നില്ല. എന്തുകൊണ്ടാണത്? യഥാര്‍ത്ഥ സാഹചര്യങ്ങളില്‍ നാം പലതിനോടും പ്രതികരിക്കേണ്ടതുണ്ട്. എന്നാല്‍ അത് സംഭവിക്കുന്നില്ല. പ്രതികരിക്കാത്തതിന്റെ ശരിക്കുമുള്ള കാരണം വളരെ ലഘുവാണ്, ലളിതമാണ്. അവ നമ്മള്‍ക്കു ചെറിയ ചെറിയ അസൗകര്യങ്ങളുണ്ടാക്കും. അതിനാല്‍ അതു കണ്ടില്ലെന്നു നടിക്കുകയാണ്.

ആ അവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നില്ലേ എന്ന ചോദ്യത്തിന് 'അതെ' എന്ന ഉത്തരമാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ നല്‍കുന്നത്. അങ്ങനെ കരുതുന്ന ഒരാളിനെ അയാളുടെ കൃത്യമായിട്ടുള്ള സാമൂഹിക സാഹചര്യത്തില്‍ അതേ കാലഘട്ടത്തില്‍ത്തന്നെ രൂപപ്പെടുത്താന്‍ അന്വേഷിക്കവേയാണ് സ്വന്തം തറവാട്ടില്‍ത്തന്നെയുള്ള ബന്ധുക്കളായ ചിലരെ കോര്‍ത്തെടുക്കുന്നത്. പക്ഷേ, സാമ്യതകള്‍ അവിടെ തീരുന്നു. മധ്യതിരുവിതാംകൂറിലെ കൂട്ടുകുടുംബ വ്യവസ്ഥിതിയുടെ അവശേഷിപ്പാണ് ഉണ്ണിക്കുഞ്ഞെന്ന കഥാപാത്രം. 

അയാളുടെ പൂര്‍വ്വികരെല്ലാം വസ്തുവകകള്‍ അടക്കമുള്ള സ്വത്തുക്കളുടെ ഉടമകളായിരുന്നു. മറ്റുള്ളവര്‍ ചെയ്യുന്ന ജോലിയുടെ അനുഭവങ്ങളെടുത്ത് ജീവിച്ചവരാണ് അവര്‍. കാലക്രമത്തില്‍ കൂട്ടുകുടുംബങ്ങള്‍ അവസാനിക്കുകയും ന്യൂക്ലിയര്‍ കുടുംബങ്ങള്‍ ഉണ്ടാവുകയും ചെയ്തു തുടങ്ങുന്ന ഘട്ടത്തില്‍ അവര്‍ അന്തംവിട്ടു നില്‍ക്കുകയാണ്. കാരണം, അവര്‍ക്ക് പഴയരീതിയില്‍ ജീവിക്കാനാവുന്നില്ല. ഒപ്പം പഴയരീതി അവശേഷിപ്പിച്ചുപോയ ചില ദൂഷ്യങ്ങളുമുണ്ട്. അത് രക്തത്തില്‍ അലിഞ്ഞുകിടക്കുന്നതാണ്. അയാള്‍ ഒരു ദുഷ്ടകഥാപാത്രമല്ല. അയാളെ തികഞ്ഞ അനുഭാവത്തോടെയാണ് കാണേണ്ടതും. അയാളുടെ അവസ്ഥ അത്തരത്തിലുള്ളതാണ്.    ഉണ്ണിക്കുഞ്ഞിന്റെ പ്രകൃതവും പ്രതികരണങ്ങളും അസഹിഷ്ണുതയില്‍നിന്ന് ഉടലെടുക്കുന്നതല്ല. അതാണ് ആ പാത്രസൃഷ്ടിയുടെ മികവിന്റെ രഹസ്യം. സംവിധായകന് അയാളോട് വെറുപ്പില്ല. പകരം അനുകമ്പയാണ്, അലിവിന്റെ ഭാവമാണ്. പ്രേക്ഷകരോടും അദ്ദേഹം അതാവശ്യപ്പെടുന്നു. സഹോദരിമാരായ രാജമ്മയും ശ്രീദേവിയും മാത്രമാണ് അയാളുടെ ജീവിതത്തില്‍ ഒപ്പമുള്ളത്. ഭാഗം ചോദിക്കാന്‍ മാത്രം എത്താറുള്ള മൂത്ത സഹോദരി ജാനമ്മയും മകന്‍ രവിക്കുട്ടനും വന്നുപോകുന്നവരാണ്. ഉണ്ണിക്കുഞ്ഞിന് അവരോട് ഒട്ടുംതന്നെ മമതയില്ല. ഉണ്ണിക്കുഞ്ഞില്‍നിന്ന് അകന്നുനില്‍ക്കാന്‍ ശ്രീദേവി ശ്രമിക്കുന്നുണ്ടെങ്കിലും അയാളെ അതു ബാധിക്കുന്നതേയില്ല. എന്നാല്‍ രാജമ്മയില്‍ ഒരു സഹോദരിയെ അല്ല, നിര്‍ണ്ണായക ഘട്ടങ്ങളില്‍ കൈത്താങ്ങായ ഒരാളിനെയാണ് ആഗ്രഹിക്കുന്നതെന്ന് ചില ദൃശ്യങ്ങള്‍ കാണുമ്പോള്‍ നാം മനസ്സിലാക്കുന്നു. കാര്യസ്ഥനായ കറിയാമാപ്പിളയും പാടത്തു പണിയെടുക്കുന്ന മീനാക്ഷിയും ഒറ്റപ്പെട്ട അയാളുടെ ജീവിതത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളാണ്. സുഖലോലുപനായ ഉണ്ണിക്കുഞ്ഞിന്റെ ഉദാസീന ജീവിതത്തില്‍ ഒരു പങ്കിടലിന്റെ ആവേശം പകരുവാനുള്ള മീനാക്ഷിയുടെ ശ്രമമോ, അല്ലെങ്കില്‍ അതിനായുള്ള ഉണ്ണിക്കുഞ്ഞിന്റെ ആഗ്രഹമോ ഒരു കടങ്കഥപോലെ അവശേഷിക്കുകയാണ്. തന്റെ ആഢ്യത്വവും ജന്മിത്വബോധവും ഉണ്ണിക്കുഞ്ഞിനെ അതില്‍നിന്നു പിന്‍വലിക്കുകയാണ് ചെയ്യുന്നത്. 

ഉണ്ണിക്കുഞ്ഞ് എന്ന കഥാപാത്രത്തെ സംവിധായകന്‍ വിശകലനം ചെയ്യുന്നത് ശ്രദ്ധിക്കേണ്ടതുണ്ട്: ''സ്വത്ത് മാത്രമല്ല അയാള്‍ മറ്റുള്ളവരുമായി പങ്കിടാന്‍ കൂട്ടാക്കാത്തത്. സമൂഹത്തിന്റെ അകത്തെക്കണ്ണിയായ കുടുംബത്തിനുള്ളില്‍പ്പോലും ആരുമായും അയാള്‍ തന്റെ സന്തോഷമോ സങ്കടമോ പ്രതീക്ഷകളോ നിരാശകളോ ഒന്നുംതന്നെ പങ്കുവെയ്ക്കുന്നില്ല. മാറിക്കൊണ്ടിരിക്കുന്ന പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കുന്ന ഉണ്ണി കുടുംബത്തിനുള്ളിലും അന്യനാവുകയാണ്. കൊടുക്കലും വാങ്ങലുമില്ലാത്ത ഒരവസ്ഥയില്‍ അയാളുടെ സ്വത്വംതന്നെ ഒരു ചോദ്യചിഹ്നമാവുന്നു. 

കരമന എലിപ്പത്തായത്തിൽ
കരമന എലിപ്പത്തായത്തിൽ

ഉണ്ണിക്കുഞ്ഞിന്റെ ലോകം

എലികളും മനുഷ്യരും ഇവിടെ ഒരു സമവാക്യത്തില്‍ ഒത്തുചേരുന്നുണ്ട്. ജീര്‍ണ്ണതയില്‍ അടിഞ്ഞമര്‍ന്നുകൊണ്ടിരിക്കുന്ന ആ തറവാട്ടില്‍നിന്ന് ആദ്യം പുറത്തേക്കു പോകുന്നത് (വഹിക്കപ്പെടുന്നത്) മൂന്ന് എലികളാണ്. അവര്‍ക്കു പിന്നാലെ രോഗിണിയായ രാജമ്മയെ കൈക്കട്ടിലേറ്റി നാട്ടുകാര്‍ ചുമന്നുകൊണ്ടു പോകുന്നുണ്ട്. ഇളയവളായ ശ്രീദേവി വീട്ടില്‍നിന്ന് ഒരുനാള്‍ അപ്രത്യക്ഷയാവുകയാണ്. 

അവള്‍ തന്റെ ഇഷ്ടക്കാരനുമായി ഒളിച്ചോടിയതാവാം. ഇക്കാലമത്രയും മാറ്റത്തിനെ പ്രതിരോധിച്ച ഉണ്ണിക്കുഞ്ഞിനെയാവട്ടെ, ഒരെലിയെ എന്നപോലെ ഓടിച്ചിട്ടു പിടിച്ച് അധീനനാക്കി പുറത്തേക്കെടുത്ത് പാതിരാവില്‍ ആഴക്കുളത്തിലേക്ക് എടുത്തെറിയുകയാണ് അജ്ഞാതരായ നാട്ടുകാര്‍.''

അടിസ്ഥാനം നഷ്ടമായി ജീര്‍ണ്ണിച്ചുതുടങ്ങിയ ഒരു വ്യവസ്ഥിതിയുടെ ദുഃഖം പേറുകയും അതിനു സാക്ഷിയാകേണ്ടിവരികയും ചെയ്ത അടൂര്‍ ഗോപാലകൃഷ്ണന് ഒരു വിമുക്തിയായി മാറുന്നു സിനിമയുടെ അവസാനത്തില്‍ ഉണ്ണിക്കുഞ്ഞ്. സങ്കീര്‍ണ്ണമാണ് ആ പാത്രസൃഷ്ടിയെന്നു പറയുക വയ്യ. പ്രമേയവും ഏറെ സുതാര്യവും സ്വീകാര്യവുമാണ്. കഥാപാത്രവും പ്രമേയവും യാതൊരു ക്ലിഷ്ടതയുമില്ലാതെ പ്രേക്ഷകരുമായി സംവദിക്കുന്നു. ലോകം മാറുന്നതറിയാതെ, മാറിയ ലോകത്തിന്റെ പ്രതിനിധിയായി എത്തുന്ന കാര്യസ്ഥന്‍ കറിയാമാപ്പിളയുടെ മകന്‍ മത്തായിക്കുട്ടിയെ ഉണ്ണിക്കുഞ്ഞ് കണ്ടുമുട്ടുന്നതു മതി ഇത് വ്യക്തമാക്കുവാന്‍ - ഇരുനൂറ്റി എണ്‍പത്തിരണ്ടു മുതല്‍ ഇരുനൂറ്റിത്തൊണ്ണൂറുവരെയുള്ള ഒന്‍പത് ദൃശ്യങ്ങളില്‍...

ദൃശ്യം; 282-മധ്യദൃശ്യം.
ഉണ്ണി പുറത്തുനിന്ന് മുറ്റം കടന്ന് പൂമുഖവരാന്തയില്‍ വന്നുകയറി. അപ്പോഴാണയാള്‍ പുറത്തുനിന്ന മത്തായിക്കുട്ടിയെ ശ്രദ്ധിച്ചത്. ഒരുനിമിഷം അയാളെ നോക്കി. പിന്നെ ഒന്നും പറയാതെ അറവാതില്‍ ശബ്ദത്തോടെ തുറന്ന് അകത്തേക്കു കയറി. ഉണ്ണി തന്നെ മനസ്സിലാക്കിയിട്ടുണ്ടാവില്ല, മത്തായിക്കുട്ടി പൂമുഖത്തിനടുത്തേക്കു നടന്നു. തൂണില്‍പ്പിടിച്ച് പുറം വരാന്തയിലേക്കു കയറി, തറപ്പലകയില്‍ കൈലേസു വിരിച്ചിരുന്നു. 
283-സമീപദൃശ്യം
മത്തായിക്കുട്ടി അറവാതില്‍ക്കലേക്കുതന്നെ ഒത്തിരിനേരം നോക്കിയിരുന്നു. ഇരുന്നു മടുത്ത് മച്ചിലും പുറത്തുമെല്ലാം ദൃഷ്ടി പായിച്ചു. പിന്നെ ഉള്ളിലേക്ക് പ്രതീക്ഷയോടെ എത്തിനോക്കി. 
284-മധ്യദൃശ്യം.
അറക്കുള്ളില്‍, തുറന്ന വാതിലിലൂടെ നിരപ്പലകയില്‍നിന്നു തൂങ്ങുന്ന വയസ്സന്‍ ഘടികാരം കാണാം. ചലനം നിലച്ച അതിന്റെ കൈകള്‍ രണ്ടും താഴേക്ക് തൂങ്ങിക്കിടക്കുന്നു. 
285-മധ്യദൂരദൃശ്യം
ഉണ്ണി പുറത്തേക്കു വരുന്നില്ലെന്നു കണ്ട് മത്തായിക്കുട്ടി പൂമുഖത്തിരുന്ന് ഉള്ളിലേക്കു വിളിച്ചു പറഞ്ഞു:
''ഉണ്ണിക്കുഞ്ഞേ. ഞാന്‍ മത്തായിക്കുട്ടിയാ. എന്നെ മനസ്സിലായില്ലെന്നാ തോന്നുന്നെ.''
അതിനു മറുപടിയായി അയാള്‍ അറവാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ട് മത്തായിക്കുട്ടിയെ സൂക്ഷിച്ചു നോക്കി. എന്നിട്ട് കേവലം സാധാരണമട്ടില്‍ പറഞ്ഞു:
''മനസ്സിലാവുകയൊക്കെച്ചെയ്തു.''
എന്നിട്ട് നേരെ കസേരക്കടുത്തേക്ക് പൂമുഖം കടന്ന് നടന്നു. മത്തായിക്കുട്ടി പതുക്കെ എഴുന്നേറ്റുനിന്നു. ഉണ്ണി കസേരയില്‍ പോയിരുന്നു. കണ്ണാടിയെടുത്തണിഞ്ഞ് ദിനപ്പത്രം കുടഞ്ഞ് നിവര്‍ത്തെടുത്തു പിടിച്ച് അതില്‍ നോക്കിയിരുന്നു. എന്നിട്ട് ഇരുത്തി ചോദിച്ചു:
''അവധിക്കു വന്നതാണോ അതോ...''
286-സമീപദൃശ്യം.
അയാളുടെ പെരുമാറ്റത്തില്‍ പന്തികേടു കണ്ട മത്തായിക്കുട്ടി ഒന്നും മിണ്ടിയില്ല. 
287-മധ്യദൃശ്യം.
പത്രക്കടലാസില്‍ത്തന്നെ കണ്ണുനട്ടിരുന്നുകൊണ്ട് ഉണ്ണി തുടര്‍ന്നു:
''ഇവിടെ വന്ന് ഗമയില്‍ സൂട്ടും കോട്ടുമൊക്കെയിട്ട് നടക്കുന്നവന്മാരൊക്കെ അവിടെച്ചെന്നാ ചൊമട്ടുപണിയാണെന്നാണല്ലോ പറയുന്നെ...''
അയാള്‍ മത്തായിക്കുട്ടിക്കു നേരെ തിരിഞ്ഞു ചോദിച്ചു:
''ഒള്ളതാണോ?''
288-സമീപദൃശ്യം
മത്തായിക്കുട്ടി: ''ങാ! ചുമട്ടുപണി ചെയ്യുന്നവരും ഒണ്ട്.''
ഉണ്ണി പുറം വരാന്തയില്‍നിന്ന് മത്തായിക്കുട്ടിയെ സൂക്ഷിച്ചു നോക്കിക്കൊണ്ട് ചോദിച്ചു:
''നീയെന്താ ഒരുമാതിരി കറുത്തിരിക്കുന്നെ? വെയിലൊക്കെ ഒരുപാട് കൊള്ളണമായിരിക്കും..'' അതിനു മറുപടി പറയാതെ മത്തായിക്കുട്ടി ഒരു നിമിഷം നിന്നു. പിന്നെ പതുക്കെത്തിരിഞ്ഞ് തൂണില്‍ കൈയ് താങ്ങി മുറ്റത്തേക്കിറങ്ങുന്നതിനിടയില്‍ പറഞ്ഞു: ''ഒരാളിനെ കാണാനുണ്ടായിരുന്നു.''                                                                               
290-സമീപദൃശ്യം
മത്തായിക്കുട്ടി പോകുന്നതു നോക്കിയിരുന്ന ഉണ്ണി വിളിച്ചുപറഞ്ഞു:
''വീട്ടിലോട്ടാ പോകുന്നേങ്കീ കറിയമാപ്പിളയെ ഞാന്‍ അന്വേഷിച്ചതായിട്ടു പറ''

നിസ്സഹായതയുടെ നടുക്കയത്തില്‍ നില്‍ക്കുന്ന ഏതൊരു സാധാരണക്കാരനേയുംപോലെ സ്വാഭാവിക പ്രതികരണങ്ങള്‍ മാത്രമാണ് ഉണ്ണിക്കുഞ്ഞിന്റേത്. അതുകൊണ്ടാണ് വെറുപ്പു തോന്നുമ്പോഴും ഉണ്ണിക്കുഞ്ഞിനോടുള്ള അനുകമ്പ ഏറുന്നത്. അയാള്‍ സത്യങ്ങള്‍ മാത്രമേ പറയുന്നുള്ളൂ. കാരണം അയാള്‍ക്കു ചുറ്റും ജീവിതസത്യങ്ങളാണ് കറങ്ങിക്കൊണ്ടിരിക്കുന്നത്. ആ ചുഴിക്കുള്ളില്‍പ്പെട്ട് കൈകാലിട്ടടിക്കുന്ന ഉണ്ണിക്കുഞ്ഞ് നമ്മെ അതിശയിപ്പിക്കുന്ന കഥാപാത്രമായി മാറുന്നു. 'The straight movie ever seen' എന്നാണ് പ്രശസ്ത ചലച്ചിത്ര നിരൂപകനായ മാര്‍ട്ടിന്‍ ടെല്ലര്‍ എലിപ്പത്തായത്തെ വിശേഷിപ്പിച്ചത്. അസാധാരണമെന്നോ അത്ഭുതകരമെന്നോ അപൂര്‍വ്വമെന്നോ ഉള്ള അര്‍ത്ഥവ്യാപ്തിയാണ് ആ വാക്കുകളിലുള്ളത്. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് പുരസ്‌കാരം നേടിയതുകൊണ്ടു മാത്രമല്ല സത്യജിത്റേക്കും ഋത്വിക് ഘട്ടക്കിനും മൃണാള്‍സെന്നിനും ഒരുപടി മുകളിലായി അടൂര്‍ ഗോപാലകൃഷ്ണനെ പ്രതിഷ്ഠിക്കുവാന്‍ മാര്‍ട്ടിന്‍ ടെല്ലര്‍ തയ്യാറായത്.

ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് പുരസ്‌കാര ലബ്ധിക്കു മുമ്പാണ് 'ഒരു തറവാടിന്റെ ക്ഷയം' കാണിക്കുന്ന വെറും ഒരു സാദാ സിനിമയാണ് എലിപ്പത്തായം എന്നൊരു വിമര്‍ശനം നാട്ടില്‍ ഉയര്‍ന്നിരുന്നത്. അതിനെ അസ്ഥാനത്താക്കിക്കൊണ്ടാണ് ബി.എഫ്.ഐ എലിപ്പത്തായത്തെ ഏറ്റവും മൗലികവും ഭാവനാത്മകവുമായ ചിത്രം എന്ന ബഹുമതി നല്‍കി ആദരിച്ചത്. അതേക്കുറിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിക്കുന്നതിങ്ങനെ:

''ഒരു തറവാടിന്റെ ക്ഷയത്തെപ്പറ്റി 'സിനിമ' എടുക്കേണ്ട കാര്യമില്ല. തറവാടു ക്ഷയിച്ചുപോയി എന്നേ പറയേണ്ടതുള്ളൂ. തറവാട് ക്ഷയിച്ചു കഴിഞ്ഞതിനുശേഷമുള്ള കഥയാണ് എലിപ്പത്തായത്തിന്റേത്. തറവാട് എന്ന സങ്കല്പം അവിടെയില്ല. ഒരനന്തരാവകാശി മാത്രമാണ് അവിടെയുള്ളത്. തറവാടുമായി ബന്ധപ്പെട്ട വസ്തുവകകളൊന്നും അയാള്‍ക്കില്ല. സഹോദരിക്ക് ഓഹരി കൊടുക്കുവാന്‍ വിസമ്മതിക്കുന്നതുപോലും അതുകൊണ്ടാണ്. ഉള്ള ചെറിയ സ്വത്തിന്റെ ഭാഗം നല്‍കിയാല്‍ പിന്നെ ജീവിക്കാന്‍ മാര്‍ഗ്ഗമില്ല. അയാളുടെ നിസ്സഹായാവസ്ഥയാണ് പലപ്പോഴും പ്രതികരിക്കാതിരിക്കാന്‍ അയാളെ പ്രേരിപ്പിക്കുന്നത്. ആ അവസ്ഥയെക്കുറിച്ചുള്ള ചിത്രമാണത്. ഫ്യൂഡല്‍ വ്യവസ്ഥ അവസാനിച്ചു കഴിഞ്ഞു. എങ്കിലും ഫ്യൂഡലിസത്തിന്റെ എല്ലാ ദൂഷ്യങ്ങളും അയാളില്‍ അവശേഷിച്ചിരുന്നു. ചുറ്റിലുമുള്ള ആള്‍ക്കാരുമായി അയാള്‍ക്ക് കൊടുക്കല്‍ വാങ്ങലുകളില്ല. വീട്ടിലുള്ളവരോടുപോലുമില്ല. സ്വന്തം ദുഃഖങ്ങളോ വേദനകളോ ആകാംക്ഷകളോ പോലും ആരുമായും പങ്കുവെയ്ക്കുന്നില്ല. അയാളുടെ സേവക എന്ന നിലയില്‍ കൂടെ താമസിക്കുന്ന സഹോദരിയോട് മനസ്സു തുറക്കാന്‍ അശക്തനാണയാള്‍. അയാളോട് താല്പര്യം കാണിച്ച സ്ത്രീയോടുപോലും ശരിക്കും മനസ്സിലുള്ള താല്പര്യം പുറത്തു കാണിക്കുന്നതിനുള്ള ധൈര്യമില്ല അയാള്‍ക്ക്. അങ്ങനൊരു കഥാപാത്രമാണ് ഉണ്ണിക്കുഞ്ഞ്. 

ഇളയ സഹോദരി ശ്രീദേവി പുതിയ തലമുറയുടെ പ്രതിനിധിയാണ്. മൂത്തവള്‍ രാജമ്മ അയാളെ സേവിച്ചു കഴിയുന്ന ഒരു സാധാരണ സ്ത്രീയും. സഹോദരനെ എല്ലാ രീതിയിലും അനുസരിച്ചു കഴിയുന്ന കൂടപ്പിറപ്പ്. ജീവിക്കാന്‍ മറന്നുപോയൊരു സ്ത്രീ എന്നു പറയുന്നതാവും ഉചിതം. അവര്‍ക്ക് വേറൊരു വഴിയുമില്ല. ഒരു രക്ഷാമാര്‍ഗ്ഗവുമില്ല. ശ്രീദേവിക്ക് ഒരുവനെ പ്രണയിച്ച് എലിക്കെണിയില്‍നിന്ന് വേണമെങ്കില്‍ രക്ഷപ്പെടാം. എന്നാല്‍ രാജമ്മയുടെ രക്ഷയെന്നു പറയുന്നത് മരണം മാത്രമാണ്. ഒടുവില്‍ രോഗം അവരെ സഹായിക്കുന്നു മരണത്തിലേക്കുള്ള യാത്രയ്ക്ക്. 

സ്വയം ആസ്വദിക്കാനാവാത്ത നര്‍മ്മമാണ് ഉണ്ണിക്കുഞ്ഞിനെ വ്യത്യസ്തനാക്കുന്നത്. കൈയിലാണോ കാലിലാണോ എലി കടിച്ചതെന്നു തീര്‍ച്ചപ്പെടുത്താനാവാത്ത ഉണ്ണിക്കുഞ്ഞ്, പുറത്തേക്കു പോകുമ്പോള്‍ ഇടനാഴിയില്‍ വെള്ളക്കെട്ടുകണ്ട് തിരിഞ്ഞു നടക്കുന്ന ഉണ്ണിക്കുഞ്ഞ്, തൈത്തെങ്ങിന്‍ തലകടിച്ചു തിന്നുന്ന പശുവിനെ ശൂ...ശൂ... വെച്ച് ഓടിക്കാന്‍ ശ്രമിക്കുന്ന ഉണ്ണിക്കുഞ്ഞ്, അങ്ങനെ ഒട്ടേറെ നര്‍മ്മം വിതറുന്ന ദൃശ്യങ്ങളിലൂടെയാണ് ഉണ്ണിക്കുഞ്ഞ് എന്ന കഥാപാത്രം വികാസം പ്രാപിക്കുന്നത്. അയാളിലെ നിഷ്‌കളങ്കഭാവം പ്രേക്ഷകരെ ചിരിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളാണെങ്കിലും താനാണ് അതിനു കാരണക്കാരനെന്ന ഭാവം കഥാപാത്രത്തിന്റെ നോട്ടത്തില്‍പോലുമില്ലെന്ന കാര്യം പാത്രസൃഷ്ടിയില്‍ സംവിധായകന്‍ കാട്ടിയ സമഗ്രതയ്ക്ക് ഉദാഹരണങ്ങളാണ്. കറുത്തഫലിതം എന്നുവേണമോ അതിനെ വിശേഷിപ്പിക്കേണ്ടത്? പുറം ലോകവുമായുള്ള ബന്ധം വിച്ഛേദിക്കുന്ന അയാള്‍ കുടുംബത്തിനുള്ളിലും അന്യനാകുമ്പോള്‍, കറുത്ത ഫലിതത്തിന്റെ പിന്തുണയോടെയാണ് സംവിധായകന്‍ തന്റെ കഥാപാത്രത്തിന്റെ രക്ഷയ്‌ക്കെത്തുന്നത്. വസ്തുനിഷ്ഠമായ കാഴ്ചപ്പാടില്‍നിന്ന് ആത്മനിഷ്ഠമായ കാഴ്ചപ്പാടിലേക്കുള്ള ബോധപൂര്‍വ്വമായ മാറ്റമെന്ന് ഇതിനെ കരുതാവുന്നതാണ്. 

സ്വയം ചെയ്യേണ്ടതൊന്നും ഉണ്ണിക്കുഞ്ഞ് ചെയ്യുന്നില്ല. എല്ലായിടത്തും അയാള്‍ സ്വയം പിന്‍വാങ്ങുകയാണ്. സിനിമ കാണുന്നവര്‍ ഇയാളെന്തൊരു ജീവി എന്നാവും കരുതുക. അതാണവരെ ചിരിപ്പിക്കുന്നത്. എന്നാല്‍ അവയൊന്നും ഫലിതരംഗങ്ങളല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കഥാപാത്രത്തിന്റെ ഉള്ള് പ്രതിഫലിപ്പിക്കുന്ന രംഗങ്ങളാണവ. അയാളുടെ മുന്നിലൂടെ തലയിലൊരു ചക്കയും ചുമന്നുകൊണ്ടൊരു പയ്യന്‍ നടന്നുവരുന്നു. ഒരു കൊച്ചു തോര്‍ത്തുമാത്രമാണവന്റെ വേഷം. അവന്‍ വെള്ളം ചവിട്ടിത്തെറിപ്പിച്ചുകൊണ്ട് നടന്നുപോവുകയാണ്. പക്ഷേ, ഉണ്ണിക്കുഞ്ഞിന് അതു സാധിക്കുന്നില്ല. കാലില്‍ വെള്ളം നനയുന്നതിനെപ്പറ്റി അയാള്‍ക്ക് ചിന്തിക്കാനേ ആവില്ല. അതിനുള്ള തയ്യാറെടുപ്പോ മനസ്സോ അയാള്‍ക്കില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എന്തെങ്കിലും പ്രവര്‍ത്തിക്കണമെങ്കില്‍ ഒരു പ്രചോദനം ഉണ്ടാവണമല്ലോ. അങ്ങനെയൊന്ന് ഉണ്ണിക്കുഞ്ഞിനില്ല. അങ്ങനെയാണ് ആ കഥാപാത്രം. അയാളുടെ ചിട്ടവട്ടങ്ങളൊന്നും ഒരിക്കലും മാറുന്നില്ല.

ഒരു പ്രത്യേക താപനിലവരെ ചൂടാക്കിയ വെള്ളത്തില്‍ മാത്രമേ അയാള്‍ കുളിക്കുകയുള്ളൂ. രാത്രിയില്‍ ദേഹം മുഴുവന്‍ എണ്ണതേച്ചു പിടിപ്പിച്ചുള്ള ആഢ്യത്വം നിറഞ്ഞകുളി കാണുമ്പോഴെല്ലാം ശരീരത്തിലുള്ള ക്രിയകളില്‍ സ്വയം വ്യാപൃതനായിരിക്കുന്ന ആളിനെയാണ് നാം കാണുക. അയാളില്‍ത്തന്നെയാണ് അയാളെപ്പോഴും. അയാള്‍ പുറകോട്ടു കാണാനാഗ്രഹിക്കുന്നില്ല. തന്നിലേക്കു ചുരുങ്ങുന്ന ഒരാള്‍ക്ക് സംഭവിക്കുന്നത് അയാള്‍ പ്രവര്‍ത്തിക്കാത്തതുകൊണ്ടും പ്രതികരിക്കാത്തതുകൊണ്ടും സ്വയം പുറത്താക്കപ്പെടും എന്നതാണ്. കേവലം മാനുഷികാവസ്ഥ എന്ന് അതിനെ വിശേഷിപ്പിക്കാനാവില്ല. ഒരുതരം മാനസിക വൈകൃതം എന്നു പറയുന്നതാവും ശരി. സഹോദരി അസുഖമായിട്ടു കിടക്കുന്നതിനാല്‍ കുളിക്കാന്‍ ചൂടുവെള്ളം തയ്യാറാക്കി കിട്ടില്ലെന്ന് അയാള്‍ക്കറിയാം. ഇളയ സഹോദരിയെ വിളിച്ചുണര്‍ത്തുവാന്‍ മടി. ചിലപ്പോള്‍ അവള്‍ ധിക്കരിച്ചേക്കാം. അത്തരമൊരവസ്ഥയില്‍ വെള്ളം സ്വയം ചൂടാക്കാന്‍ അയാള്‍ തയ്യാറാവുന്നില്ല. എന്നാല്‍ കുളിക്കാന്‍ ചൂടുവെള്ളം വേണം താനും. അങ്ങനെയുള്ള ഒരാള്‍ക്ക് എന്തു ശിക്ഷയാവും ലഭിക്കുക? പാതിരാത്രിക്ക് അയാളെ തൂക്കിയെടുത്ത് കുളത്തിലെ തണുത്ത വെള്ളത്തിലേക്ക് എടുത്തെറിയുകതന്നെ. ശാരീരിക തലത്തില്‍ അയാള്‍ക്ക് അതിനുള്ള ശിക്ഷ ലഭിക്കുകയാണ്. സ്വയം മാറാന്‍ വിസമ്മതിക്കുന്ന ആളുകള്‍ ശക്തിയുപയോഗിച്ചുതന്നെ മാറ്റപ്പെടുന്നു. ഉറക്കെയുള്ള ഒരു പ്രഖ്യാപനമാണത്.

സ്വഭാവാന്തരം വരുത്തിയ സംഗീതം പതിഞ്ഞ വേഗതയില്‍ ഓടിച്ച് ഉപയോഗിച്ചുകൊണ്ടുള്ള എം.ബി. ശ്രീനിവാസന്റെ പശ്ചാത്തല സംഗീതം ഉണ്ണിക്കുഞ്ഞ് എന്ന കഥാപാത്രത്തിന്റെ മാനസികനിലയുടെ അളവുകോലായി വിശേഷിപ്പിക്കപ്പെട്ടത് പരാമര്‍ശിക്കേണ്ടതുണ്ട്. പത്തായത്തില്‍പ്പെട്ട എലിയുടെ യാത്ര ചിത്രത്തില്‍ ആവര്‍ത്തിച്ചു കാണിച്ചിട്ടുള്ളപ്പോഴൊക്കെ പശ്ചാത്തലസംഗീതം അതിന്റെ വൈകാരിക ഭദ്രതയ്ക്ക് ആക്കം കൂട്ടി. എലികളും മനുഷ്യനും തമ്മിലുള്ള സമവാക്യം എന്ന തലത്തിലേക്ക് എത്തിക്കുന്ന ഒരു സമസ്യപോലെയാണത്. മൂന്ന് എലികളിലൂടെ അതു പൂരിപ്പിക്കുന്നതിനുള്ള ശ്രമമാണ് സിനിമയുടെ ഘടനാപരമായ സവിശേഷതയെന്നതിനെപ്പറ്റി അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു:

''എലികളുടെ ശല്യമുള്ള ആ വീട്ടില്‍ മൂന്നു മനുഷ്യരാണ് ഒപ്പമുള്ള താമസക്കാര്‍. മൂന്നു മനുഷ്യരുടേയും വീടിനു പുറത്തേക്കുള്ള യാത്രയില്‍ എലികളെ എലിപ്പത്തായത്തിലാക്കി കൊണ്ടുപോകുമ്പോഴുള്ള ഇഴഞ്ഞ പശ്ചാത്തലസംഗീതമാണ് ഉപയോഗിച്ചത്. സംഗീതോപകരണങ്ങള്‍ സ്വാഭാവിക രീതിയില്‍ പുറപ്പെടുവിക്കുന്ന ശബ്ദമല്ല അത്. റിക്കാര്‍ഡ് ചെയ്ത സംഗീതം ഒരു പ്രത്യേക വേഗതയില്‍ വീണ്ടും രേഖപ്പെടുത്തിയാണ് അഭൗമികമായ പശ്ചാത്തല സംഗീതമായി ഉപയോഗിച്ചത്. ഒരു ചിലങ്കയുടെ ശബ്ദം ഇഴയുന്ന വേഗതയില്‍ കേള്‍പ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം വ്യത്യസ്തമാകും. അങ്ങനെയുള്ള രീതിയാണ് റീ-റിക്കാര്‍ഡിംഗില്‍ അവലംബിച്ചത്. സംഗീതത്തിന്റെ വളരെ സര്‍ഗ്ഗാത്മകമായ ഉപയോഗം.''

എലിപ്പത്തായത്തിനുള്ളിലെ ഉണ്ണിക്കുഞ്ഞിന്റെ ജീവിതത്തെപ്പറ്റി സിനിമാനിരൂപകന്‍ ഐ. ഷണ്‍മുഖദാസ് ഇങ്ങനെ വിലയിരുത്തി:

''ലോകം, ചിന്തിക്കുന്നവന് തമാശയായും വികാരം കൊള്ളുന്നവന് ദുരന്തമായും മാറുന്നു എന്നു പറയാറുണ്ട്. ചരിത്രം ആവര്‍ത്തിക്കുമ്പോള്‍ കോമാളിയുടെ വേഷംമാറ്റി ദുരന്തവേഷം കെട്ടുന്നു എന്നു കേട്ടിട്ടുണ്ട്. ഉണ്ണിക്കുഞ്ഞിന് പ്രേക്ഷകരുടെ മുന്നില്‍ ആദ്യം ആടേണ്ടിവന്നത് കോമാളിയുടെ വേഷമാണ്. പിന്നീട് ദുരന്തനായകന്റേതും. പുറത്തുനിന്നു ചിന്തിക്കുന്ന പ്രേക്ഷകന്, പരിഹാസത്തിലൂടെ അന്യവല്‍ക്കരണത്തിനു സാധ്യത ലഭിച്ച പ്രേക്ഷകന് ഉണ്ണിക്കുഞ്ഞിനെ പരിഹാസ കഥാപാത്രമായി കാണുകയേ നിവൃത്തിയുള്ളൂ. പിന്നീട് താദാത്മ്യം പ്രാപിക്കാനവസരം കിട്ടിയപ്പോള്‍ അയാളെ ഒരു ദുരന്തനായകനായും കാണുന്നു. സംവിധായകന്റെ കാഴ്ചപ്പാട് ഈ രണ്ട് പരിചരണരീതിയിലൂടെ നമുക്ക് വ്യക്തമാകുന്നു. അത്തരമൊരു കഥാപാത്രം എത്ര പരിഹാസത്തിനും ക്രൂരതയ്ക്കും അര്‍ഹതയുള്ളവനെങ്കിലും അയാളെ കൊല്ലാതെ വിടണമെന്നാണ് സംവിധായകന്റെ നിലപാട്.

ഉണ്ണിക്കുഞ്ഞ് തീര്‍ത്തും നിസ്സഹായനും നിരുപദ്രവകാരിയും ആയുധങ്ങള്‍ നഷ്ടപ്പെട്ടവനുമാകുന്ന സാഹചര്യമാണ് സംവിധായകന്‍ എലിപ്പത്തായത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഉണ്ണിക്കുഞ്ഞ് നിസ്സഹായനാകുന്നതാകട്ടെ, ആത്മബോധത്തിലേക്ക് അയാള്‍ ഉണരുന്നതിന്റെ ഫലമായിട്ടാണ്. ആത്മബോധത്തിലൂടെ ജീവിതത്തെ നേരിടാനുള്ള കരുത്തുനേടുന്ന ഒരു കഥാപാത്രത്തിന്റെ ചിത്രീകരണമായിരുന്നു കൊടിയേറ്റത്തിലേത്. എന്നാല്‍, എലിപ്പത്തായത്തില്‍ കഥ മാറുന്നു. ആത്മബോധത്തിലൂടെ ഷണ്ഡത്വം പൂര്‍ണ്ണമാകുന്ന ഒരു കഥാപാത്രത്തെയാണ് ഉണ്ണിക്കുഞ്ഞിലൂടെ അവതരിപ്പിക്കുന്നത്. ഉണ്ണിക്കുഞ്ഞിന്റെ ആത്മബോധം അയാള്‍ക്ക് പ്രതികൂലമായിത്തീരുന്നു. അയാള്‍ കൂടുതല്‍ ഉള്‍വലിയുന്നു. സ്വന്തം മുറിയുടെ ശ്വാസംമുട്ടിക്കുന്ന ഇരുട്ടില്‍ പേടിച്ചുവിറച്ച്  വിയര്‍ത്തൊഴുകി അയാള്‍ ചുരുണ്ടുകൂടുന്നു. ആത്മബോധവുമായി ബന്ധപ്പെട്ടാണ് ജീവിതനിരാസവും ഷണ്ഡത്വവും ഉണ്ണിക്കുഞ്ഞിനെ പിടികൂടുന്നത്. 
(ഐ.ഷണ്‍മുഖദാസ് - അടൂര്‍ ഗോപാലകൃഷ്ണന്റെ പതിനൊന്നു തിരക്കഥകള്‍)

തീക്ഷ്ണമായ യാഥാര്‍ത്ഥ്യബോധവും ആത്മബോധവും ഉള്‍വലിയലിന്റെ ഉന്മാദത്തിലേക്ക് വ്യക്തിയെ നയിച്ചുകൊണ്ട് പോകുന്നതിന്റെ കഥയാണ് എലിപ്പത്തായം പറയുന്നത്. നായകനായ ഉണ്ണിക്കുഞ്ഞാകട്ടെ, അടൂര്‍ ഗോപാലകൃഷ്ണന്‍ ലോകസിനിമയ്ക്കു നല്‍കിയ ഏറ്റം വിലപ്പെട്ട സംഭാവനയും. അടൂര്‍ ഗോപാലകൃഷ്ണന്‍ ഇതുകൂടി പറയുന്നു:

''എത്രയും വേഗത്തില്‍ എഴുതിത്തീര്‍ത്ത തിരക്കഥയായിരുന്നു എലിപ്പത്തായത്തിന്റേത്. എല്ലാ കഥാപാത്രങ്ങളും എന്റെ മുന്നില്‍ അഹമഹമികയാ വന്നുനിന്നു. അവരൊക്കെ എനിക്കു നേരിട്ടു ബന്ധമുള്ളവരും വളരെ വേണ്ടപ്പെട്ടവരുമായിരുന്നു. അവര്‍ എന്നെയും ഞാന്‍ അവരേയും അടുത്തറിഞ്ഞിരുന്നു. അവരില്‍ ഞാനും ഉണ്ടായിരുന്നു. അവര്‍ എപ്പോള്‍, എന്തുചെയ്യണമെന്ന് നിശ്ചയിക്കുക മാത്രമേ വേണ്ടിയിരുന്നുള്ളൂ. എന്തെന്നാല്‍ അവരുടെയെല്ലാം അകവും പുറവും എനിക്കറിയാമായിരുന്നു.'' 
മരുമക്കത്തായ സമ്പ്രദായത്തില്‍ പുലര്‍ന്നിരുന്ന കാര്‍ഷിക കുടുംബങ്ങള്‍ ചുറ്റും വീശിയടിച്ച കാലത്തിന്റെ മാറ്റങ്ങള്‍ക്കു മുന്‍പില്‍ അരക്ഷിതരായി മാറിയ അവസ്ഥ കേരളീയര്‍ക്ക് കണ്ടും അനുഭവിച്ചും അറിവുള്ളതാണ്. ഇപ്പറഞ്ഞത് കഥയുടെ പശ്ചാത്തലമേ ആവുന്നുള്ളൂ. സിനിമ പറയാന്‍ ശ്രമിക്കുന്നതാവട്ടെ, കേവലം ഒരവസ്ഥയുടെ ചിത്രീകരണമല്ലതാനും. കേരളത്തിലെ ഭൂവുടമകളില്‍ ഒരു വിഭാഗം തലമുറകളായി കൂട്ടുകുടുംബ സമ്പ്രദായത്തിലാണ് കഴിഞ്ഞുപോന്നിരുന്നത്. എന്നാല്‍, കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍, തുടരെ സംഭവിച്ച സാമൂഹ്യമാറ്റങ്ങളുടേയും നിയമനിര്‍മ്മാണത്തിന്റേയുമൊക്കെ ഫലമായി മരുമക്കത്തായം അവസാനിപ്പിച്ച് കൂട്ടുകുടുംബങ്ങള്‍ മക്കത്തായത്തിലേക്ക് വഴിപിരിയുകയും ആളോഹരി പ്രകാരം ഭൂമി ഭാഗംചെയ്യുകയുമുണ്ടായി. ഭൂമിയുടെ മേലുള്ള ഉടമസ്ഥാവകാശത്തിന്റെ പേരില്‍ മറ്റുള്ളവരുടെ പ്രയത്‌നഫലം അനുഭവിച്ച് ആലസ്യത്തില്‍ കഴിഞ്ഞിരുന്ന ജന്മിവര്‍ഗ്ഗത്തില്‍ അപൂര്‍വ്വം ചിലരെങ്കിലും പഴയ മനസ്ഥിതിയുടെ ബന്ധനത്തില്‍നിന്ന് വിമുക്തരാകാതെ കാലത്തിനു ചേരാത്ത ശേഷിപ്പുകളായി.

അത്തരമൊരു തിരുശേഷിപ്പ്...! ഉണ്ണിയെന്ന ഉണ്ണിക്കുഞ്ഞ്. എലിപ്പത്തായത്തിന്റെ 'ശരീര'മായി വര്‍ത്തിച്ച ഉണ്ണിക്കുഞ്ഞ്...!

മുഖാമുഖം
മുഖാമുഖം

പ്രതീകവും വിശ്വാസവും

ശങ്കരന്‍കുട്ടിയും ഉണ്ണിക്കുഞ്ഞും വ്യത്യസ്തരാവുന്നത് മുഖാമുഖത്തിലെ കഥാനായകനായ ശ്രീധരന്‍ എന്ന സഖാവിനെ പഠിക്കുമ്പോഴാണ്. വീടും പരിസരങ്ങളുമായിരുന്നു അവരുടെ ഭൂമികയെങ്കില്‍ ശ്രീധരനിലേക്കെത്തുമ്പോള്‍ സമൂഹമാണ് പശ്ചാത്തലമൊരുക്കുന്നത്. പ്രത്യയശാസ്ത്രപരമായ പിന്‍ബലം ആ കഥാപാത്രത്തിനുണ്ട്. ഒരേസമയം അനുകൂലവും പ്രതികൂലവുമായ ഘടകം. വ്യവസ്ഥിതികളുടെ മാറ്റം ആഗ്രഹിക്കുന്ന സമൂഹത്തിന്റെ ഓര്‍മ്മകളില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന കഥാപാത്രമായാണ് ശ്രീധരനെ ഒരുക്കിയെടുത്തത്. വ്യക്തി സമൂഹമായി മാറുന്ന കാഴ്ചയായി അത് പരിണമിക്കുന്നു. 

സംവിധായകനെന്ന നിലയില്‍ അടൂര്‍ ഗോപാലകൃഷ്ണന് ഏറെ വെല്ലുവിളികളുയര്‍ത്തിയ കഥാപാത്രമായിരുന്നു ശ്രീധരന്‍. ശങ്കരന്‍കുട്ടിക്കും ഉണ്ണിക്കുഞ്ഞിനും മുന്‍പ് സ്വയംവരത്തിലെ  വിശ്വത്തെ രൂപപ്പെടുത്തുമ്പോഴായിരുന്നു സമൂഹം ഒരു കഥാപാത്രമായി അടൂര്‍ച്ചിത്രത്തിലെത്തുന്നത്. എന്നാല്‍, വിശ്വത്തിന് ശങ്കരന്‍കുട്ടിയെപ്പോലെയോ ഉണ്ണിക്കുഞ്ഞിനെപ്പോലെയോ ഒരു വ്യക്തിയെന്ന നിലയിലുള്ള അസ്ഥിത്വമുണ്ടായിരുന്നു. ശ്രീധരനിലെത്തുമ്പോള്‍ സമൂഹത്തിന്റെ ഭാഗമായ വ്യക്തിയെന്നതിനെക്കാള്‍ സമൂഹത്തിന്റെ സ്വാധീനത്താല്‍ വിധി നിര്‍ണ്ണയിക്കപ്പെടുന്ന കഥാപാത്രമായി മാറുന്നു. സഖാവ് ശ്രീധരന്‍ ഒരേസമയം ഒരു പ്രതീകവും വിശ്വാസവുമായി രൂപാന്തരം പ്രാപിക്കുകയായിരുന്നു. 

അടൂര്‍ ഗോപാലകൃഷ്ണന്‍ സഖാവ് ശ്രീധരനെ കണ്ടെത്തുന്നത് കൊടിയേറ്റത്തിലെപ്പോലെ, എലിപ്പത്തായത്തിലെപ്പോലെ തന്റെ പരിസരങ്ങളില്‍നിന്നുതന്നെയാണ്. യഥാര്‍ത്ഥ ചരിത്ര വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയുള്ള സൃഷ്ടിയായിരുന്നു അത്. കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടിരുന്ന കാലഘട്ടത്തില്‍ പ്രവര്‍ത്തകരില്‍ പലരും അവരുടേതല്ലാത്ത പേരുകളില്‍ പല സ്ഥലങ്ങളിലെത്തി പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. ആര് അന്വേഷിച്ചാലും അവരുടെ ചുറ്റുപാടുകളെപ്പറ്റി, അവര്‍ എവിടുന്നു വരുന്നു, എവിടേയ്ക്കു പോകുന്നു എന്നതിനെപ്പറ്റിയൊന്നും ആര്‍ക്കും അറിവുണ്ടായിരിക്കയില്ല. വിളിപ്പേരുപോലും അവരുടേതായിരിക്കില്ല. സഖാവ് ശ്രീധരന്‍ അക്കൂട്ടത്തില്‍പ്പെടുന്നു. എലിപ്പത്തായം കണ്ടുകഴിയുമ്പോള്‍ ഉണ്ണിക്കുഞ്ഞിനെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും നമുക്കറിയാനാവും. ഭൂതക്കണ്ണാടിയുടെ അടിയില്‍വെച്ച് ഒരു വസ്തുവിനെ നോക്കുന്നതുപോലെയാണ് ആ കഥാപാത്രം പ്രത്യക്ഷമാവുക. പക്ഷേ, മുഖാമുഖം കണ്ടുകഴിയുമ്പോള്‍ ശ്രീധരന്‍ ആരാണെന്ന് അറിയാന്‍ കഴിയില്ല. ഇയാള്‍ എവിടെനിന്നു വന്നു, എന്താണിയാളുടെ യഥാര്‍ത്ഥ പേര്, എങ്ങനെയുള്ള ആളാണ് എന്നൊന്നും അറിയാന്‍ കഴിയുന്നില്ല.

അന്നത്തെ അവസ്ഥ അതാണ്. വിവരങ്ങള്‍ അറിയാന്‍ ഒരു മാര്‍ഗ്ഗവുമില്ല. വിധവയായ ഒരു സ്ത്രീയില്‍ അയാള്‍ക്കൊരു കുട്ടിയുണ്ടാകുന്നു. ആ കുട്ടി ജനിക്കുന്നതിനു മുന്‍പുതന്നെ അയാള്‍ മറ്റൊരിടത്തേക്കു പോകുന്നു. പിന്നീടെന്നോ തിരികെയെത്തുമ്പോള്‍ കുട്ടിക്ക് പത്തുവയസ്സ് പ്രായമായിരിക്കുന്നു. മുന്‍പ് കണ്ട്, നമ്മള്‍ അറിഞ്ഞ ഒരു കഥാപാത്രത്തിന് ഈ കാലഘട്ടത്തിനിടയില്‍ വന്നിരിക്കാവുന്ന മാറ്റങ്ങളാണ് തിരിച്ചുവരുമ്പോള്‍ കാണുന്നത്. അതിന്റെ സാധ്യതകളെപ്പറ്റിയാണ് രണ്ടാം പകുതി.

ഒരു വ്യക്തിയും അയാളുടെ ഇമേജും തമ്മിലുള്ള അനിവാര്യ സംഘട്ടനത്തിലേക്കാണ് പ്രമേയം നയിക്കപ്പെടുന്നത്. യാഥാര്‍ത്ഥ്യവും അതിനെ ചുറ്റിപ്പറ്റിയുള്ള ഇമേജും തമ്മിലുള്ള ബന്ധ-വൈരുദ്ധ്യങ്ങളെ വിശകലനം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന കഥാപാത്രമായി സഖാവ് ശ്രീധരന്‍ മാറുകയാണ്. അവസാനത്തില്‍ പ്രമേയവും നായക കഥാപാത്രവും നമ്മോടുതന്നെയുള്ള ചോദ്യങ്ങളായി മാറുന്നു. 

കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എതിരെ എടുത്ത ചിത്രമാണ് മുഖാമുഖം എന്ന് ചില കോണുകളില്‍ നിന്നുയര്‍ന്ന ആരോപണം അടൂര്‍ ഗോപാലകൃഷ്ണന്‍ നിഷേധിക്കുകയാണ്. അറിവില്ലായ്മയാണ് അതിനടിസ്ഥാനം എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. നമ്മുടെ സമൂഹം നമ്മോടുതന്നെ ഉന്നയിക്കുന്ന വലിയൊരു ചോദ്യമാണത്. എന്താണ് സംഭവിച്ചതെന്ന്? കമ്യൂണിസ്റ്റ് ആശയസംഹിതയ്ക്ക് എതിരായിട്ടുള്ള ഒരാള്‍ക്ക് ചെയ്യാവുന്ന സിനിമയല്ല അത്. അതിന്റെ ചട്ടക്കൂടിനുള്ളില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് ചെയ്യാവുന്ന സിനിമയുമല്ല. ഇതു രണ്ടുമല്ലാത്ത ഒരാള്‍ക്കേ അതു ചെയ്യാനാവൂ.

ശ്രീധരന്‍ എന്ന കഥാപാത്രത്തിനു പത്തുവര്‍ഷത്തിനിടയിലുണ്ടായ മാറ്റങ്ങള്‍ എന്തെല്ലാമാണെന്നതിന്റെ അന്വേഷണമാണ് പ്രമേയത്തിന്റെ കാതല്‍. അയാളെ ആരോഗ്യപ്രശ്നങ്ങള്‍ പിടികൂടിയിരുന്നു. ഒളിവില്‍ പോയിരുന്ന പലര്‍ക്കും അത് ഉണ്ടായിട്ടുണ്ട്. പട്ടിണി കിടക്കുകയും ഭക്ഷണക്രമം പാലിക്കാതിരിക്കുകയും വഴി വയറുവേദനയും അതോടനുബന്ധിച്ചുള്ള അസുഖങ്ങളും പിടിപെട്ടിരിക്കാം. ചികിത്സ തേടുന്നതിനുള്ള അവസരങ്ങള്‍ ലഭിച്ചിട്ടുണ്ടാവില്ല. നിരോധിക്കപ്പെട്ട പാര്‍ട്ടിയും ഒളിവില്‍ താമസിക്കുന്ന ആളുമാണല്ലോ. അതിനാല്‍ താല്‍ക്കാലികമായ ആശ്വാസത്തിനാവണം രഹസ്യമായി മദ്യപാനം തുടങ്ങിയത്. 'ആണ്' എന്നു പറയുന്നില്ല, 'ആവണം' എന്നേ പറയാനാവൂ. വെള്ളംപോലും ചേര്‍ക്കാതെയാവും പലപ്പോഴും കഴിച്ചിട്ടുണ്ടാവുക. താല്‍ക്കാലികമായി ലഭിക്കുന്ന ആശ്വാസത്തില്‍ കിടന്നുറങ്ങിപ്പോവുകയും ചെയ്തിരിക്കാം. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ അങ്ങനെ ചെയ്യില്ല എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. ഒളിവുകാല ജീവിതത്തിനിടയില്‍ സംഭവിച്ച സ്വാഭാവിക മാറ്റമായി അതിനെ കണ്ടാല്‍മതി.

ദൃശ്യം:454-സമീപദൃശ്യം
രാവായിക്കഴിഞ്ഞ ആ നേരത്ത് വീടിന്റെ അകത്തളത്തില്‍ വൃദ്ധന്‍ വല്ലാതെ വിഷമിച്ചുനിന്നു. ശ്രീധരന്റെ ദീനരോദനം ഉയര്‍ന്നു കേട്ടു. 
455-സമീപദൃശ്യം
നിലത്ത് പായയില്‍ ശ്രീധരന്‍ വേദന താങ്ങാനാവാതെ വയര്‍ കുത്തിപ്പിടിച്ചു പുളഞ്ഞു
456-മധ്യദൂര ദൃശ്യം
സാവിത്രിയും ശ്രീനിയും വൃദ്ധനും അയാളെ നോക്കി. നിസ്സഹായരായി നിന്നു. ദുഃഖവും സഹികേടും അല്പം നിന്ദപോലും നിറഞ്ഞ സ്വരത്തില്‍ വൃദ്ധന്‍ ചോദിച്ചു:
''മരുന്നു വേണമാരിക്കും''
457-സമീപദൃശ്യം
ശ്രീധരനില്‍നിന്നു മറുപടി ഉണ്ടായില്ല. അയാള്‍ കൂടുതല്‍ ദീനമായി മൂളുകയും കിടന്ന കിടപ്പില്‍നിന്നു വൃദ്ധനെ ദയനീയമായി നോക്കുകയും മാത്രം ചെയ്തു.
458-മധ്യസമീപദൃശ്യം
വൃദ്ധന്‍ ശ്രീധരനെത്തന്നെ നോക്കിനിന്നു. എന്നിട്ടയാള്‍ കുറ്റപ്പെടുത്തുന്ന സ്വരത്തില്‍ ചോദിച്ചു:
''അതിനു കാശൊണ്ടോ കൈയില്?''
എന്നിട്ട് ഉത്തരമില്ലാത്തതു കണ്ട് അയാള്‍തന്നെ സ്വയം പൂരിപ്പിച്ചു:
''എവിടെക്കാണാനാ...?''
ഉയര്‍ന്നുകേട്ട ശ്രീധരന്റെ ഞരക്കങ്ങള്‍ക്കിടയില്‍ വൃദ്ധന്‍ മകളോടന്വേഷിച്ചു:
''നിന്റേലൊണ്ടോ?''
459-മധ്യദൃശ്യം
സാവിത്രിയില്‍നിന്ന് ഉടനെയുള്ള പ്രതികരണം ഉണ്ടായില്ല. അവള്‍ നിലത്തു ഞരങ്ങിക്കൊണ്ടു കിടന്ന ശ്രീധരനെ ഒരുനിമിഷം നോക്കിനിന്നു. എന്നിട്ട് പതുക്കെ അകത്തേക്കു നടന്നു.
460-സമീപദൃശ്യം
ശ്രീനി അച്ഛനെത്തന്നെ ശ്രദ്ധിച്ചുനിന്നു.
461-മധ്യദൃശ്യം
ശ്രീധരന്‍ വേദനകൊണ്ട് പുളഞ്ഞു. അയാളെ നോക്കി ദുഃഖപൂര്‍വ്വം നില്‍ക്കാനേ ശ്രീനിക്കും വൃദ്ധനും കഴിഞ്ഞുള്ളൂ. സാവിത്രി അകത്തുനിന്നു പണവുമായി വന്ന് വൃദ്ധനെ ഏല്പിച്ചു. അയാള്‍ അതു വാങ്ങി പുറത്തേക്കിറങ്ങുന്നതിനു മുന്‍പ് ശ്രീനിയോടു പറഞ്ഞു:
''മക്കളു പോയി കെടന്നോ...''
എന്നിട്ടയാള്‍ മകളോടു പറഞ്ഞു:
''ഞാനിപ്പം വരാം.''
അയാള്‍ പുറത്തേക്കിറങ്ങി ഇരുട്ടില്‍ മറഞ്ഞു.
ശ്രീനിയും സാവിത്രിയും ശ്രീധരനെ നോക്കിനിന്നു. 
462-സമീപദൃശ്യം
അയാള്‍ വേദനകൊണ്ടു പുളഞ്ഞു. അയാളുടെ മുഖം പാടെ മറച്ചുകൊണ്ട് ഒരു മദ്യക്കുപ്പി താഴേക്കിറങ്ങി നിലത്ത് ശബ്ദത്തോടെ വെച്ചുകൊണ്ട് വൃദ്ധന്‍ താക്കീതിന്റെ സ്വരത്തില്‍ പറഞ്ഞു:
''മുഴുവന്‍ കഴിക്കണ്ട...''  

ഇടതുപക്ഷത്തിന്റെ പ്രതിഷേധം വിളിച്ചുവരുത്തിയ ദൃശ്യങ്ങളായിരുന്നു ഇവ. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ വിശ്വസിക്കുന്നവര്‍ ഇങ്ങനെയൊന്നുമല്ല എന്ന ഒഴുക്കന്‍ മട്ടിലുള്ള ആരോപണമാണ് ഉന്നയിക്കപ്പെട്ടത്. എന്നാല്‍ വ്യക്തിയും അയാളുടെ പ്രതിച്ഛായയും മുഖാമുഖം വന്നുനില്‍ക്കുന്ന അവസ്ഥ നമുക്കെല്ലാം സുപരിചിതമാണ്. ഇവിടെ വ്യക്തിക്കുള്ള സവിശേഷത അയാള്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ തൊഴിലാളി നേതാവാണെന്നതാണ്. അങ്ങനെ അയാളുടെ വ്യക്തിത്വത്തിനു സാധാരണയില്‍നിന്നു വ്യത്യസ്തമായൊരു മാനം നല്‍കപ്പെടുന്നു. കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക് ഒരുപാടു സ്വപ്നങ്ങളും പ്രതീക്ഷകളും നല്‍കിയ ഒരു രാഷ്ട്രീയ കക്ഷിയുടെ അര്‍പ്പണവും ആര്‍ജ്ജവവും ഉള്ള ഒരു നേതാവെന്ന നിലയില്‍ അയാള്‍ സഹപ്രവര്‍ത്തകരുടേയും നാട്ടുകാരുടേയും സ്‌നേഹബഹുമാനങ്ങള്‍ ആര്‍ജ്ജിക്കുന്നുവെന്നത് തികച്ചും സ്വാഭാവികം മാത്രം.

മുഖാമുഖം സിനിമയിൽ നിന്ന്
മുഖാമുഖം സിനിമയിൽ നിന്ന്

ഈ വ്യവസ്ഥിതി മാറണം, മാറിയേ പറ്റൂ എന്നു വിശ്വസിക്കുന്ന നാട്ടുകാരുടേയും സഹപ്രവര്‍ത്തകരുടേയും ഓര്‍മ്മകളില്‍ ഒരുകാലത്ത് ഒപ്പമുണ്ടായിരുന്ന പ്രിയ സഖാവ് ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്. കാലം അതിനകം തന്നെ അയാള്‍ക്കു ചുറ്റും ഒരു പ്രഭാവലയംതന്നെ സൃഷ്ടിച്ചുകഴിഞ്ഞിട്ടുണ്ട്. ഏവരിലും സ്‌നേഹവും ബഹുമാനവും ഉണര്‍ത്തുന്ന മട്ടും പെരുമാറ്റവുമാണ് തൊഴിലാളി പ്രസ്ഥാനത്തിനുവേണ്ടി ജീവിതംതന്നെ ഉഴിഞ്ഞുവെച്ച സഖാവ് ശ്രീധരന്റേത്. പരിഹാരം കാണാതെ നീണ്ടുപോയ ഓട്ടുഫാക്ടറിസമരം മുതലാളിയുടെ കൊലപാതകത്തിലും ശ്രീധരന്റെ അന്തര്‍ധാനത്തിലും കലാശിക്കുന്നു. 

പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ശ്രീധരന്‍ മടങ്ങിയെത്തുന്നു. വൃദ്ധനായി, ക്ഷീണിതനായി, മദ്യപാനിയായി, ഏകാകിയായി, അന്തസ്സത്ത നഷ്ടപ്പെട്ടവനായി, കേവലം ഒരു പുറന്തോടായി. ആ അവസ്ഥയുമായി ഒരുതരത്തിലും സമരസപ്പെടുവാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. ഇതിനകം വളര്‍ന്നുവികസിച്ച് വലുതായി ഉയര്‍ന്നിരുന്ന സഖാവ് ശ്രീധരന്റെ പ്രതിച്ഛായയ്ക്കു കോട്ടം വരുത്തുന്നതായിരുന്നു യഥാര്‍ത്ഥ ശ്രീധരന്റെ പെരുമാറ്റവും. 

ഇപ്പോഴത്തെ രാഷ്ട്രീയ പരിതസ്ഥിതിയുടെ പശ്ചാത്തലത്തില്‍ സാധാരണക്കാരുടെ സമൂഹം ഒരു ആത്മപരിശോധനയ്‌ക്കൊരുങ്ങുന്നു. ജരയും നിഷ്‌ക്രിയതയും ബാധിച്ചു തുടങ്ങിയ സമൂഹം. അസംതൃപ്തമായ അതിന്റെ മനസ്സാക്ഷി ഇന്ന് കുറ്റബോധംകൊണ്ട് ഈറനാണ്. മുന്‍പൊരിക്കല്‍ അതിന്റെ ചേതന തെളിഞ്ഞുനിന്ന ഒരു ഘട്ടമുണ്ടായിരുന്നു. ആവേശത്തിന്റേയും ആദര്‍ശാത്മകതയുടേതുമായ ഒരു ഘട്ടം. ഇന്നിന്റെ ജീര്‍ണ്ണത ഇന്നലെയുടെ പ്രസാദാനുഭവത്തെ കൂടുതല്‍ തീവ്രവും ദീപ്തവുമാക്കുന്നു. പ്രതീക്ഷകള്‍ പുലര്‍ത്താനും ഓര്‍മ്മകളെ താലോലിക്കാനും മറന്നിട്ടില്ലാത്ത സമൂഹത്തിന്റെ സമസ്യ ആരംഭിക്കുകയാണ് ഇവിടെനിന്ന്. 

നേതാവെന്നതിനപ്പുറം ശ്രീധരനെ ഒരു വ്യക്തിയായി കാണാന്‍ വിസമ്മതിക്കുന്നവരാണ് അയാള്‍ എത്തിപ്പെട്ട സാഹചര്യത്തെപ്പോലും ഉള്‍ക്കൊള്ളാതെ എതിര്‍പ്പു കാട്ടിയത്. ഒളിവു ജീവിതമാണ് അയാളില്‍ മദ്യാസക്തി വളര്‍ത്തിയത്. ആദര്‍ശധീരനായ ഒരു നേതാവില്‍, അതും അയാള്‍ എന്നേ അകന്നുപോയൊരു വിശ്വാസപ്രമാണത്തിന്റെ മുന്‍കാല ചരിത്രത്തിന്റെ അടിസ്ഥാനത്തില്‍ അഭികാമ്യമല്ലാത്ത വന്‍ അപരാധം ചാര്‍ത്തപ്പെട്ടു എന്ന തെറ്റിദ്ധാരണയാണ് അതിനടിസ്ഥാനം.

അതു തിരുത്തുകയല്ലെങ്കിലും തന്റെ കഥാപാത്രം ആ നിലയില്‍ എത്തിപ്പെടുവാനുള്ള സാഹചര്യത്തെപ്പറ്റിയും വിമര്‍ശനങ്ങളെപ്പറ്റിയും അടൂര്‍ ഗോപാലകൃഷ്ണന് തന്റേതായ വിശദീകരണമുണ്ട്. ഒന്നാമതായി എതിര്‍പ്പു പറഞ്ഞവര്‍ അധികം പേരും സിനിമ കണ്ടിരുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യമെന്ന് അദ്ദേഹം തറപ്പിച്ചു പറയുന്നു. ആരൊക്കെയോ പറയുന്നതു കേട്ടാണ് അവര്‍ ശബ്ദമുണ്ടാക്കിയത്. അടൂര്‍ ഗോപാലകൃഷ്ണന്റെ പുതിയ സിനിമ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ഉണ്ടാക്കിയതാണെന്ന് ചിലര്‍ പറഞ്ഞു. അവര്‍ അതു കേട്ടു. അത്രതന്നെ. പ്രതിഷേധിച്ചവര്‍ മൊത്തം കണ്ടിരുന്നെങ്കില്‍ സിനിമ ബോക്സോഫീസ് ഹിറ്റാകുമായിരുന്നേനെ. 

അടൂര്‍ ഗോപാലകൃഷ്ണന്റെ ഈ പ്രസ്താവത്തിലെ യുക്തിയെപ്പറ്റി ആലോചിക്കേണ്ടതുണ്ട്. നാടു മുഴുവന്‍ വേരോട്ടമുള്ള ഒരു പാര്‍ട്ടിയെ അധിക്ഷേപിക്കുന്ന ചിത്രമായിരുന്നെങ്കില്‍ തീര്‍ച്ചയായും അതെന്തെന്നറിയാനുള്ള ആവേശത്തില്‍ തിയേറ്ററുകളില്‍ അനുഭാവികള്‍ ഇടിച്ചുകയറുമായിരുന്നു. ചിത്രം ബോക്സോഫീസില്‍ വിജയിക്കുകയും ചെയ്യുമായിരുന്നു. ഇവിടെ പണ്ടൊരു കൊച്ചു സിനിമയ്ക്ക് സംഭവിച്ചതിനെപ്പറ്റിപരാമര്‍ശിക്കുന്നത് യുക്തമായിരിക്കും. 

സഖാവ് ശ്രീധരന്റെ ആത്മസംഘര്‍ഷങ്ങള്‍

എം. സുകുമാരന്റെ പ്രശസ്ത നോവല്‍ ശേഷക്രിയ ചലച്ചിത്രമാക്കിയപ്പോള്‍ അത് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെയുള്ള ചിത്രമായി മുദ്രകുത്തപ്പെട്ടു. പാര്‍ട്ടി നേതാക്കള്‍ക്ക് സംഭവിച്ച അപചയത്തെപ്പറ്റിയും തിരുത്തല്‍ ആവശ്യമാണെന്നതിനെപ്പറ്റിയും വിശദമായ പരാമര്‍ശങ്ങളുണ്ടായ നോവലായിരുന്നുവല്ലോ ശേഷക്രിയ. കലാകൗമുദിയില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചിരുന്നപ്പോള്‍ വലിയ എതിര്‍പ്പ് വിളിച്ചുവരുത്തുകയും പ്രസിദ്ധീകരണം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. രവി ആലുമ്മൂട് നോവല്‍ സിനിമയാക്കുമ്പോഴും ഉണ്ടായി എതിര്‍പ്പുകള്‍. സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പാടില്ലെന്നും സിനിമ നാട്ടില്‍ കലാപം അഴിച്ചുവിടുമെന്നുള്ള പരാതികള്‍ മദിരാശിയില്‍ സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി. 

എങ്ങനെയൊക്കെയോ അതിനെ അതിജീവിച്ച് ശേഷക്രിയ തിരുവനന്തപുരത്തെ ഒരു തിയേറ്ററില്‍ മാത്രം പ്രദര്‍ശനത്തിനെത്തി. സാമ്പത്തികമായി വലിയ പിന്‍ബലമില്ലാതിരുന്ന ഒരു സംഘം ചെറുപ്പക്കാര്‍ നിര്‍മ്മിച്ച കൊച്ചുസംരംഭമായിരുന്നതിനാല്‍ പരക്കെയുള്ള റിലീസിന് അവസരമുണ്ടായിരുന്നില്ല. പക്ഷേ, പദ്മനാഭ തിയേറ്ററില്‍ ആ ചിത്രം മുപ്പതു ദിവസത്തിലധികം പ്രദര്‍ശിപ്പിച്ചു. സിനിമ കാണാനെത്തിയവരില്‍ ഏറെ പങ്കും കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നു. പ്രത്യേകിച്ചും ചാലയിലും പരിസരങ്ങളിലുമുള്ള ചുമട്ടുതൊഴിലാളികള്‍. അവര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് സിനിമ കണ്ടു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിക്കെതിരെയുള്ള ചിത്രമാണ് എന്ന പ്രചാരണമായിരിക്കണം വീണ്ടും വീണ്ടും ടിക്കറ്റെടുത്ത് കാണാന്‍ അവരെ പ്രേരിപ്പിച്ചത്. 

പ്രതിഷേധിച്ചവര്‍ മുഖാമുഖം കണ്ടില്ലെന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ വാക്കുകളെ തുണയ്ക്കുന്നു മേലെഴുതിയ അനുഭവം. ഒരേസമയം രണ്ടഭിപ്രായങ്ങള്‍ മുഖാമുഖത്തെപ്പറ്റി ഉണ്ടായത് രസകരമായ ഓര്‍മ്മയായി അടൂര്‍ ഗോപാലകൃഷ്ണന്‍ പങ്കുവെയ്ക്കുന്നു. ലൊക്കാര്‍ണോ ചലച്ചിത്രോത്സവത്തിന്റെ മത്സരവിഭാഗത്തില്‍ മുഖാമുഖം ഉണ്ടായിരുന്നു. അവിടുത്തെ നിരൂപകര്‍ എഴുതി: ''പടം വളരെ നന്നായിട്ടുണ്ട്, പക്ഷേ ഇതൊരു കമ്യൂണിസ്റ്റ് ഫിലിം ആയിപ്പോയി.'' ന്യൂയോര്‍ക്കില്‍ റിക്ട്രോസ്പെക്ടീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ സംവിധായകനെ പരിചയപ്പെടുത്തിയത് 'Communist film maker from India' എന്നായിരുന്നു. അവിടെയുള്ള സുഹൃത്തുക്കള്‍ പറഞ്ഞത്, അതിനോട് എതിര്‍പ്പൊന്നും പറയേണ്ട, അമേരിക്കയില്‍ കമ്യൂണിസ്റ്റ് എന്നു പറഞ്ഞാല്‍ ഒരു വിലയുണ്ട്, അതിനര്‍ത്ഥം ഹ്യൂമനിസ്റ്റ് എന്നാണ്. മൂല്യങ്ങള്‍ ഏറെയുള്ള വ്യക്തിയായാണ് അവര്‍ ഒരു കമ്യൂണിസ്റ്റിനെ കാണുന്നത്. ചിരിച്ചുകൊണ്ട് അതംഗീകരിക്കുകയായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍. കാരണം നാട്ടില്‍ ആരും തന്നെ കമ്യൂണിസ്റ്റ് എന്നു പറയില്ല. സിനിമ ഇറങ്ങിയതോടെ കമ്യൂണിസ്റ്റ് വിരുദ്ധനുമായി. അടൂര്‍ പറയുന്നു: ''ഞാന്‍ കമ്യൂണിസ്റ്റ് വിരുദ്ധനല്ല, കമ്യൂണിസ്റ്റ്കാരനുമല്ല. സ്വതന്ത്രനാണ്. സ്വതന്ത്രനായി ജീവിക്കുവാനാണ് ഇഷ്ടപ്പെടുന്നത്.''

ഒളിവിലായിരുന്ന ശ്രീധരന്‍ ഇത്തരമൊരു ചിന്താഗതിയിലേക്കെത്തിയിരുന്നോ എന്നു ചിന്തിക്കുന്നതിനുള്ള സ്വാതന്ത്ര്യം സംവിധായകന്‍ പ്രേക്ഷകര്‍ക്കു വിട്ടുകൊടുക്കുകയായിരുന്നു. വിപ്ലവത്തിന്റെ നാളുകള്‍ കഴിഞ്ഞെന്നോ വിപ്ലവപ്രസ്ഥാനങ്ങളുടെ പ്രസക്തി നഷ്ടമായെന്നോ ഒന്നും അദ്ദേഹം പറഞ്ഞുവെയ്ക്കുന്നില്ല. തൊഴിലാളി നേതാക്കളടക്കം പലരും അവരവരുടേതായ കാരണങ്ങളാല്‍ പ്രസ്ഥാനത്തില്‍നിന്ന് അകന്നുപോവുകയോ, വിട്ടുപോവുകയോ ചെയ്തുവെന്ന് ശ്രീധരനിലൂടെ ഭംഗ്യന്തരേണ സൂചിപ്പിക്കുന്നുമുണ്ട്.
 
മണ്ണിനോടു ചേര്‍ന്നുനില്‍ക്കുന്ന ആലങ്കാരിക ശൈലിയിലുള്ള വിഭ്രമകാത്മക ചിന്തകളായിരുന്നുവോ പത്തുവര്‍ഷങ്ങള്‍ക്കുശേഷം ശ്രീധരനെ ഒരിക്കല്‍ക്കൂടി സാവിത്രിയുടെ അടുക്കല്‍ എത്തിച്ചത്? ഫെഡറികോ ഫെല്ലിനിയുടെ പ്രശസ്തമായ വാക്കുകളോട് ചേര്‍ത്തുവെച്ച് ഇതേപ്പറ്റി ചിന്തിക്കാവുന്നതാണ്...

'There is no end. There is no beginning. There is only the infinite passion of life...'

ആദിയും അന്ത്യവുമില്ലാത്ത ജീവിതത്തോടുള്ള അടങ്ങാത്ത അഭിനിവേശം...! വിപ്ലവ നേതാവായ ശ്രീധരനെ അത്തരത്തില്‍ കാണാന്‍ ആകുമോ എന്ന സന്ദേഹം ചിലരിലെങ്കിലുമുണ്ടാകാം. സാവിത്രിയിലേക്കു മടങ്ങാന്‍ നിശ്ചയിച്ചെത്തിയ ശ്രീധരനെ സാവിത്രിക്കും മനസ്സിലാക്കാനാവാത്ത ഘട്ടമെത്തിയിരുന്നു. വിധവയായ തനിക്കു ജീവിതം തന്ന വലിയ മനസ്സ് മറ്റു ചിലരിലേക്കെങ്കിലും വ്യാപിച്ചിരുന്നുവോ എന്ന് അവര്‍ സംശയിച്ചുവെങ്കില്‍ ഏതു സ്ത്രീയിലും സ്വാഭാവികമായി ഉണ്ടായേക്കാവുന്ന ചിന്തയായി അതിനെ കാണാവുന്നതാണ്. വിശ്വാസത്തിനപ്പുറം ശ്രീധരന്‍ ഒരു പ്രതീകമായി മാറുന്നതപ്പോഴാണ്. ശരാശരി മാനുഷിക വികാരങ്ങളുടെ പ്രതീകം. വിശ്വാസം കല്പിച്ചു നല്‍കിയ പുറംതോടുകള്‍ പൊട്ടിച്ച് ജീവിതത്തോടുള്ള അഭിനിവേശം ശക്തമായി പ്രകടിപ്പിക്കുന്ന കേവലം ഒരു പുരുഷന്റെ പ്രതീകമായി എത്തുന്ന ശ്രീധരനെ കണ്ടെത്തുന്നത് സാവിത്രി തന്നെയാണ്...

ദൃശ്യം: 509-മധ്യദൂരദൃശ്യം
രാവിലെ മുറ്റം തൂക്കുകയായിരുന്നു സാവിത്രി. ഇടയില്‍ ചൂലില്‍ തടഞ്ഞ ഒരു ഇന്‍ലാന്‍ഡ് കത്തിന്റെ കഷണങ്ങള്‍ അവളുടെ കണ്ണില്‍പ്പെട്ടു. സാധാരണമായ വെറും കൗതുകത്തിന്റെ പ്രേരണയില്‍ അവള്‍ അതിലൊരു തുണ്ട് കൈയിലെടുത്തു നോക്കി.
510-മധ്യദൃശ്യം
അവള്‍ അതിലെന്തോ പ്രത്യേകത കണ്ടു. കുനിഞ്ഞ് അടുത്തൊരു തുണ്ടുകൂടി എടുത്തു. അവ ചേര്‍ത്തുവെച്ചു നോക്കുന്നതോടെ ജിജ്ഞാസ വര്‍ദ്ധിക്കുകയായി. ബാക്കി തുണ്ടുകള്‍ക്കുവേണ്ടി പിന്നെ അന്വേഷണം.
511-മധ്യസമീപദൃശ്യം
നിലത്തുനിന്ന് ചുരുട്ടിയെറിഞ്ഞ കടലാസുതുണ്ടുകള്‍ പെറുക്കി അവള്‍ നിവര്‍ന്നു. 
512-സമീപദൃശ്യം
സാവിത്രി സര്‍വ്വത്ര ശ്രദ്ധയോടെ ആ തുണ്ടുകളില്‍ നോക്കി-തന്നെ ആരെങ്കിലും കാണുന്നുണ്ടോ? അവള്‍ പെട്ടെന്നു തിരിഞ്ഞു വരാന്തയില്‍ കയറി ജനാലയിലൂടെ അകത്തേക്കു നോക്കി. അവിടെനിന്നു കൂര്‍ക്കംവലി ഉയര്‍ന്നുകേട്ടു. തിരികെ മടങ്ങി പുറംവരാന്തയുടെ തറയില്‍ കത്തിന്റെ തുണ്ടുകള്‍ അവള്‍ നിരത്തിവെച്ചു.
513-സമീപദൃശ്യം
കുനിഞ്ഞുനിന്ന് ആകാംക്ഷയോടെ അവള്‍ തുണ്ടുകള്‍ ചേര്‍ത്തു നോക്കുകയായി. നേര്‍ത്ത ശ്രുതിയില്‍ പശ്ചാത്തലസംഗീതം ക്രമേണ ഉയര്‍ന്നുതുടങ്ങി. 
514-സമീപദൃശ്യം
കടലാസുതുണ്ടുകള്‍ മാറ്റിയും മറിച്ചും ചേര്‍ക്കപ്പെട്ടു.
515-സമീപദൃശ്യം
സംശയങ്ങള്‍ അവളുടെ മുഖത്തുറഞ്ഞുകൂടി.
516-സമീപദൃശ്യം

തുണ്ടുകള്‍ ക്രമത്തില്‍ നിരത്തിക്കഴിഞ്ഞിരിക്കുന്നു. അതില്‍നിന്ന് ഇത്രമാത്രം വായിക്കാം:
''ഇവിടെനിന്ന് പോയതില്‍പ്പിന്നെ യാതൊരു വിവരവുമില്ലല്ലോ... ഈ മേല്‍വിലാസംതന്നെ പല സ്ഥലത്തും അന്വേഷിച്ചാണ് കിട്ടിയത്...''

പത്തുവര്‍ഷം ശ്രീധരന്‍ എവിടെയൊക്കെ പോയിരിക്കാമെന്ന് സാവിത്രിയെപ്പോലെ ചിന്തിക്കുവാനുള്ള അവസരം പ്രേക്ഷകര്‍ക്കും നല്‍കുന്നു സംവിധായകന്‍. 

പുനര്‍നിര്‍വ്വചിക്കപ്പെടുന്ന ഒരോര്‍മ്മയാണ് ശ്രീധരന്റെ തിരിച്ചുവരവ്. പരിണാമവിധേയമായ വര്‍ത്തമാനകാലത്തിലെത്തിച്ചേര്‍ന്ന കഴിഞ്ഞകാല യാഥാര്‍ത്ഥ്യം. ഹ്രസ്വകാലത്തേക്ക് യാഥാര്‍ത്ഥ്യമാക്കപ്പെട്ടൊരു മിഥ്യകണക്കെ അയാളെത്തുന്നത് വര്‍ത്തമാനകാല രാഷ്ട്രീയത്തിലെ അസ്വസ്ഥതകളെ പ്രതിഫലിപ്പിക്കുന്നൊരു കണ്ണാടിയായിട്ടാണ്. ശ്രീധരന്‍ എന്ന സഖാവിനു പിന്നീട് നേരിടേണ്ടിവരുന്ന സന്ദിഗ്ദ്ധളെപ്പറ്റിയും അനിശ്ചിതത്വങ്ങളെപ്പറ്റിയുമാണ് സിനിമയുടെ 'മനസ്സ്' ചൊല്ലുന്നത്. അസത്യങ്ങള്‍ സത്യങ്ങളും, യാഥാര്‍ത്ഥ്യങ്ങള്‍ മിഥ്യകളും ആയിത്തീരുന്ന ദുരവസ്ഥ. ഓരോ വ്യക്തിയിലും ഉണ്ടാവും ഒരു വിപ്ലവകാരി. അത് രാഷ്ട്രീയരംഗത്തുമാത്രം ആവണമെന്നില്ല. ചിന്തകളില്‍, ഇടപെടലുകളില്‍, കാഴ്ചപ്പാടുകളില്‍ ഒക്കെ ഒരുവന്റെ മനസ്സില്‍ വിപ്ലവത്തിന്റെ കെടാത്ത അഗ്‌നിസ്ഫുലിംഗങ്ങള്‍ ഉണ്ടാവും. എന്നാല്‍ കാലം അതിന്റെ വ്യാപനത്തെ പതിയെ ഇല്ലാതാക്കിക്കൊണ്ടിരിക്കും. ആളിക്കത്തുകപോലുമില്ലാതെ ഒടുവില്‍ അത് പൂര്‍ണ്ണമായും കെടുന്നു. ഒന്നുകില്‍ അത്തരം ചിന്തകള്‍ മരിക്കുന്നു. അല്ലെങ്കില്‍ നിദ്രാവസ്ഥയെ പ്രാപിക്കുന്നു. ഇതൊരു സാമാന്യ തത്ത്വമാണ്.

പരിവേഷവും യാഥാര്‍ത്ഥ്യവും തമ്മില്‍ നേരിട്ടുള്ള കണ്ടുമുട്ടല്‍ ഒരുക്കിക്കൊണ്ട് അത്തരം അവസ്ഥയിലെത്തുന്ന ശ്രീധരനെ കണ്ടെത്തുന്നതിനുള്ള ശ്രമമാണ് മുഖാമുഖം എന്നാണ് സംവിധായക പക്ഷം. ശ്രീധരന്‍ എന്ന 'ശരീര'ത്തെ പൊതിഞ്ഞുനില്‍ക്കുന്ന അയാളുടെ ഭാര്യ, മകന്‍, ഭാര്യാപിതാവ്, അനുയായികള്‍ തുടങ്ങിയവരുടെ അനുഭവങ്ങളിലൂടെയും കാഴ്ചപ്പാടുകളിലൂടെയുമുള്ള കണ്ടെത്തല്‍. നീണ്ട നാളുകള്‍ക്കുശേഷം മടങ്ങിയെത്തുന്ന ശ്രീധരന്‍ എന്ന സഖാവിനെ തിരികെ കിട്ടണമെന്ന ആഗ്രഹമായിരുന്നില്ല അവരുടേത്. അവര്‍ക്കുവേണ്ടിയിരുന്നത് പ്രിയ സഖാവിന്റെ പ്രതിച്ഛായ മാത്രമായിരുന്നു. വ്യക്തിയെ നഷ്ടമാകുമ്പോഴും പ്രതിച്ഛായ നിലനില്‍ക്കണമെന്ന വൈരുദ്ധ്യാത്മക സമീപനം. ഈ കണ്ടെത്തലാണ് മുഖാമുഖം എന്ന സിനിമയുടെ അന്തസ്സത്ത. വര്‍ത്തമാനകാല ക്ഷുഭിത യൗവ്വനത്തെ സംവിധായകന്‍ കൂട്ടുപിടിക്കുന്നതേയില്ല. സുധാകരന്‍ പ്രതിനിധീകരിക്കുന്ന പുതിയ തലമുറ ചവര്‍പ്പുനിറഞ്ഞ വ്യാമോഹങ്ങളില്‍പ്പെട്ടുഴലാന്‍ തയ്യാറായിരുന്നില്ല. ശ്രീധരനില്ലെങ്കില്‍ സ്വയം നയിക്കപ്പെടാനുള്ള തീരുമാനത്തിലാണവന്‍. താന്‍ ഒറ്റക്കാണെന്ന വിശ്വാസവും അവനില്ല. പുറംതള്ളപ്പെട്ടൊരു കാലത്തിന്റെ പ്രതിനിധിയായി സഖാവ് ശ്രീധരന്‍ നിത്യനിദ്രയിലേക്ക് ആഴ്ത്തപ്പെടുമ്പോള്‍ കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ രക്തഹാരമണിയിക്കപ്പെട്ടൊരു ഛായാചിത്രമായി മാറുന്നു സഖാവ് ശ്രീധരന്‍.

ശ്രീധരനെപ്പറ്റിയുള്ള ചലച്ചിത്ര നിരൂപകന്‍ എം.എഫ്. തോമസിന്റെ വിലയിരുത്തല്‍ ഇങ്ങനെ:

''സ്വകാര്യ ജീവിതത്തിലും പൊതുജീവിതത്തിലും ഏറ്റവും അടുത്തിടപഴകിയ വ്യക്തികളുടെ ഓര്‍മ്മകള്‍, പ്രതികരണങ്ങള്‍, പ്രസ്താവനകള്‍, പത്രവാര്‍ത്താ ശകലങ്ങള്‍, അനുസ്മരണ ലേഖനങ്ങള്‍, ചരിത്രവസ്തുതകള്‍, ചലച്ചിത്രകാരന്റെ നിഗമനങ്ങള്‍ ഇവയൊക്കെ ഉപയോഗിച്ചാണ് ശ്രീധരന്‍ എന്ന തൊഴിലാളി നേതാവിനെ മെനഞ്ഞെടുത്തിരിക്കുന്നത്.

ഒരു വ്യക്തിയും അയാളുടെ ഇമേജും തമ്മിലുള്ള അനിവാര്യമായ സംഘട്ടനമാണ് പ്രമേയത്തിന്റെ കാതല്‍. തോറ്റമായി മുഴങ്ങുന്ന മുദ്രാവാക്യങ്ങളിലൂടെ, സമൂഹ മനസ്സാക്ഷിയിലെവിടെയോ മറഞ്ഞിരിക്കുന്ന ശ്രീധരനെന്ന വിപ്ലവകാരിയെ ചികയുന്നു. മുഖ്യമായും ഓര്‍മ്മകളെ കൂട്ടുപിടിച്ച് കെട്ടിപ്പടുക്കുന്ന ഇമേജാണ് ഒരുവശത്ത്. എതിര്‍വശം നില്‍ക്കുന്നതോ, ശരിക്കും ആ ഇമേജിനെ വെല്ലുവിളിക്കുന്ന വ്യക്തിയുടെ യാഥാര്‍ത്ഥ്യം. തിരോധാനത്തോടെ വളരാന്‍ തുടങ്ങുന്ന ശ്രീധരന്റെ ഇമേജ് ക്രമേണ ജീവിക്കുന്ന ശ്രീധരനെക്കാള്‍ വലുതാകുന്നു. തുടര്‍ന്ന് ഇമേജില്‍നിന്ന് ഇറക്കിക്കൊണ്ടുവന്ന വ്യക്തിയുടെ രൂപം ആരാധകരെ നിരാശപ്പെടുത്തുന്നതായിരുന്നു. കാരണം അയാള്‍ അവരില്‍നിന്നൊട്ടും വ്യത്യസ്തനായിരുന്നില്ല. ഉള്‍വലിഞ്ഞ്, ഒഴിഞ്ഞുമാറി, കര്‍മ്മവിമുഖനായി, പരാജിതനെപ്പോലെ. അയാള്‍ക്കിനി ഒരിക്കലും ഉത്തേജനം നല്‍കാനാവില്ല. അത്തരം ഒരു യാഥാര്‍ത്ഥ്യത്തെ പൊറുപ്പിക്കാന്‍ സമൂഹത്തിനാവില്ല. പകരം കറയറ്റ ഇമേജിനെത്തന്നെ അവരോധിക്കുകയാണ് അഭികാമ്യം. 

മുഖാമുഖം ശ്രീധരന്റെ ആത്മസംഘര്‍ഷത്തിന്റെകൂടി കഥയാണ്. ശ്രീധരന്റെ പല മുഖങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ തീപാറുന്നത് നാം അനുഭവിക്കുന്നു. ഓരോ വ്യക്തിയിലും ഒരു വിപ്ലവകാരി, അത് രാഷ്ട്രീയ വിപ്ലവകാരിയാകണമെന്നില്ല, ജീവിക്കുന്നു. കാലം കടന്നുപോകുമ്പോള്‍, ജീവിതത്തിന്റെ ഏതോ ഒരു ഘട്ടത്തില്‍വെച്ച് ഈ വിപ്ലവകാരി ചിലപ്പോഴെങ്കിലും അപ്രത്യക്ഷമായി കാണാറുണ്ട്. ഈ ജ്വാല കെട്ടുപോവുകയോ മങ്ങിപ്പോവുകയോ ചെയ്യുന്നു. ഈ വിപ്ലവവീര്യം എവിടെ, എങ്ങനെ അപ്രത്യക്ഷമായി എന്ന് ആഴത്തില്‍, ആത്മാര്‍ത്ഥതയോടെ അന്വേഷിക്കുകയാണ് ശ്രീധരനിലൂടെ ഈ സിനിമ  മുന്‍ തീര്‍പ്പുകള്‍ കൂടാതെയുള്ള അന്വേഷണം. കേവല തലത്തിലുള്ള കഥാപാത്ര ചിത്രീകരണത്തെക്കാളേറെ ആശയപരമായ തലത്തിലുള്ള വ്യാപാരമാണീ ചിത്രത്തിന്റെ മുഖ്യാംശം.''

(എം.എഫ്. തോമസ് - അടൂര്‍ ഗോപാലകൃഷ്ണന്റെ പതിനൊന്നു തിരക്കഥകള്‍)

ശ്രീധരന്‍ എന്ന വിപ്ലവനക്ഷത്രം സ്വയം അസ്തമിക്കുകയായിരുന്നുവോ അതോ അതിനുള്ള അവസരം ശ്രീധരന്‍തന്നെ സൃഷ്ടിക്കുകയായിരുന്നുവോ എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാതെയാണ് പ്രേക്ഷകര്‍ തിയേറ്റര്‍ വിട്ടിറങ്ങുന്നത്. എങ്കിലും രാഷ്ട്രീയ ദുരന്തങ്ങള്‍ എന്നും രക്തസാക്ഷികളെ സൃഷ്ടിക്കുന്ന ചരിത്രമാണല്ലോ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഇമേജും വിശ്വാസവും നഷ്ടപ്പെട്ടവനായി ശ്രീധരന്‍ വിസ്മൃതനാവുകയാണ്. അവസാന ദൃശ്യവുമായി മുഖാമുഖം ഇങ്ങനെ അവസാനിക്കുന്നു: 

ദൃശ്യം:584-മധ്യദൃശ്യം
നിരത്തു നിറഞ്ഞൊഴുകി മുന്നോട്ടു നീങ്ങിയ ജാഥ ആവേശത്തോടെ വിളിച്ചു:
സിന്ദാബാദ് സിന്ദാബാദ് 
സഖാവ് ശ്രീധരന്‍ സിന്ദാബാദ് 
തൊഴിലാളി ഐക്യം സിന്ദാബാദ് 
സിന്ദാബാദ് സിന്ദാബാദ് 

മുദ്രാവാക്യങ്ങള്‍ അവര്‍ വീണ്ടും വീണ്ടും ഏറ്റുവിളിച്ചു. ക്രമേണ 'കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍' സംഗീതം ജനക്കൂട്ടത്തിന്റെ ശബ്ദത്തിനും മേലെ ഉയര്‍ന്നു. അതോടെ ചെങ്കൊടികളുടെ നിറം ക്രമേണ ജാഥയിലേക്കും പടര്‍ന്ന് എല്ലാം ചുവപ്പായി. സംഗീതം ഉച്ചസ്ഥായിയിലേക്കുയര്‍ന്നു.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com