കോവിഡ് 19 ചൈനയുടെ ജൈവാക്രമണമോ?

മൈക്രോബയോളജിസ്റ്റുകള്‍ പരീക്ഷണങ്ങള്‍ നടത്തേണ്ടത് ശാസ്ത്രപുരോഗതിക്ക് അത്യന്താപേക്ഷിതമാണ്. അത്തരം പരീക്ഷണഫലങ്ങള്‍ ഏതു തരത്തിലാണ് അതാതു രാജ്യങ്ങെള്‍ ഉപയോഗിക്കുന്നത് എന്നതാണ് പ്രസക്തം 
കോവിഡ് 19 ചൈനയുടെ ജൈവാക്രമണമോ?

ചൈനയിലെ വൂഹാന്‍ പ്രവിശ്യയിലെ ലബോറട്ടറിയില്‍ നിന്നുമാണ് കോവിഡ് 19 വൈറസ് പുറത്തുവന്നതെന്നാണ്  ഒരു അനുമാനം. ഇത് ലോകത്തിനു നേരെയുള്ള ചൈനയുടെ ജൈവാക്രമണമെന്നു ഡൊണാള്‍ഡ് ട്രംപ് വിധിയെഴുതി. എന്നാല്‍, സൗഹൃദ സൈനിക അഭ്യാസത്തിന്റെ മറവില്‍ അമേരിക്ക നടത്തിയ ഹീനമായ ആക്രമണമാണ് ഇതെന്ന് ചൈന തിരിച്ചടിച്ചു. 

പുരാതന കാലം മുതല്‍ക്ക് പലതരത്തിലുള്ള യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ചു വന്നിട്ടുണ്ട്. മധ്യേഷ്യയിലെ സ്‌കൈതിയന്‍ പടയാളികള്‍ അഴുകിയ ശവശരീരത്തില്‍ തങ്ങളുടെ അസ്ത്രം മുക്കിയും മറ്റും ഉപയോഗിച്ചതായി ചരിത്രം പറയുന്നു. പുരാതന ഗ്രീക്ക് റോമന്‍ സാഹിത്യങ്ങളില്‍ ശുദ്ധജലത്തില്‍ വിഷം കലക്കിയതും വിഷപാമ്പുകളെ ശത്രുപാളയങ്ങളിലും ശത്രുക്കളുടെ കപ്പലുകളിലുമെത്തിച്ചതുമായ യുദ്ധതന്ത്രങ്ങളും കാണാം. മംഗോളുകളും താര്‍ത്താറുകളും  ശത്രുപക്ഷത്ത് പ്ലേഗ് പടര്‍ത്തിയതായും രേഖപ്പെടുത്തിയിട്ടുണ്ട്. പതിനേഴാം നൂറ്റാണ്ടില്‍ റഷ്യയും പതിനെട്ടാം നൂറ്റാണ്ടില്‍ ഫ്രാന്‍സും യുദ്ധങ്ങളില്‍ വസൂരിയെന്ന മാരകരോഗത്തിന്റെ അണുക്കളെ ആയുധമാക്കിയിട്ടുണ്ട്.

തുടര്‍ന്നു മനുഷ്യന്‍ ശാസ്ത്രത്തിന്റെ വളര്‍ച്ചയും ദുരുപയോഗപ്പെടുത്തി. ലബോറട്ടറിയില്‍ വാര്‍ത്തെടുക്കാവുന്ന ബാക്ടീരിയകള്‍, വൈറസുകള്‍, ഫംഗസുകള്‍ എന്നീ സൂക്ഷ്മാണുക്കളെ ആയുധമാക്കാനുള്ള പരീക്ഷണങ്ങള്‍ തുടങ്ങി. ഒന്നാംലോക മഹായുദ്ധത്തില്‍ ജര്‍മ്മനി ആന്ത്രാക്‌സ്, കോളറ, കുതിരകള്‍ക്കുണ്ടാകുന്ന ഗ്രാന്റേഴ്സ്, ഗോതമ്പ് പൂപ്പല്‍ (wheat fungus) എന്നീ രോഗാണുക്കളെ ശത്രുപക്ഷത്തിനെതിരായി ഉപയോഗിച്ചു. യുദ്ധത്തിന്റെ ഈ പ്രയാണം മാനവലോകത്തിനു ഭീഷണിയാണെന്നു തിരിച്ചറിഞ്ഞതിനാല്‍ 1925-ല്‍ ജനീവ നിബന്ധനകള്‍ രൂപീകരിച്ചു. 1928-ല്‍ അതു പ്രയോഗത്തില്‍ വരുമ്പോള്‍ 108-ഓളം രാജ്യങ്ങള്‍ ഈ ജൈവ രാസനിരോധന കരാറിന്റെ ഭാഗഭാക്കായി, അമേരിക്ക അത് അംഗീകരിക്കാന്‍ ലോകം 1975 വരെ കാത്തിരിക്കേണ്ടിവന്നു. മറ്റൊരു രസകരമായ വസ്തുത അതേ കാലത്ത് തന്നെയാണ് ജൈവ രാസായുധ കണ്‍വെന്‍ഷനില്‍ ഒപ്പുവെച്ച റഷ്യ ജൈവ രാസായുധ പരീക്ഷണങ്ങള്‍ വര്‍ദ്ധിപ്പിച്ചു. ഇന്ത്യ 1974-ലും ചൈന 1984-ലും കരാര്‍ അംഗീകരിച്ചു.
കരാറുകള്‍ എന്തൊക്കെ ആയാലും രണ്ടാം ലോക യുദ്ധത്തില്‍ ജപ്പാന്‍ മംചൂരിയയില്‍ രഹസ്യമായി ജൈവായുധ കേന്ദ്രം സ്ഥാപിച്ചു. ആന്ത്രാക്‌സിനു പുറമെ, ബൂട്ടോളിനം (botulinum toxin) മുതലായ അപകടകരമായ ബാക്ടീരിയകളെ ബ്രിട്ടനും ജര്‍മ്മനിയുമെല്ലാം ജൈവായുധങ്ങളായി പ്രയോഗിച്ചു. വിയറ്റ്‌നാം യുദ്ധത്തില്‍ ഗറില്ലകളും അണുക്കളെ ഉപയോഗിച്ചു. 

1979-ല്‍ റഷ്യയിലെ സ്വ്വര്‍ഡോവ്സ്‌ക്-ലെ (Sverdlovsk) ആന്ത്രാക്‌സ് രോഗാണു കേന്ദ്രത്തില്‍നിന്നും അണുക്കള്‍ പുറത്തുവന്ന് 66-ഓളം പേര്‍ മരിച്ചത് റഷ്യയ്ക്കു തിരിച്ചടിയായി. ജൈവായുധത്തിന്റെ ഏറ്റവും വലിയ ബുദ്ധിമുട്ടെന്നു പറയുന്നത് അതു പലപ്പോഴും നിര്‍മ്മാതാവിനെ തന്നെ നശിപ്പിക്കാന്‍ സാധ്യതയുണ്ട് എന്നതാണ്. ഒരു ആയുധം നിര്‍മ്മിക്കുമ്പോള്‍ മുഖ്യമായും പരിഗണന നല്‍കുന്നത് അത് ഉപയോഗിക്കുന്നതിനു മുന്‍പ് സൂക്ഷിക്കാനും ഫലപ്രാപ്തിയോടെ ഉപയോഗിക്കാനും അതുപോലെ വേണ്ടി വന്നാല്‍ നിര്‍വ്വീര്യമാക്കാനും കഴിയുക എന്നതിലാണ്. രാസ, ആണവ ആയുധങ്ങള്‍ക്ക് ഇതു രണ്ടും സാധ്യമെങ്കിലും ജൈവ അണുക്കളെ കൊണ്ടുനടക്കുകയും പിടിച്ചുകെട്ടുകയും അത്ര എളുപ്പമല്ല. എങ്കിലും ഇത്തരം പരീക്ഷണങ്ങള്‍ രാഷ്ട്രങ്ങള്‍ മത്സരിച്ചു നടത്തുന്നു.
 
ഇറാന്‍ ഇറാക്ക് യുദ്ധത്തില്‍ പരസ്പരം രാസജൈവായുധങ്ങള്‍ പ്രയോഗിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. സഖ്യരാഷ്ട്രങ്ങള്‍ സദ്ദാം ഹുസൈനെതിരെയുള്ള ആരോപണം തന്നെ മുഖ്യമായും രാസായുധ പ്രയോഗം ഇറാക്ക് നടത്തിയെന്നതാണ്. ഈയടുത്ത കാലത്ത് റഷ്യന്‍ സേനയും സിറിയയില്‍ രാസ - ജൈവായുധങ്ങള്‍ ഉപയോഗിച്ചിരുന്നു എന്നു പറയപ്പെടുന്നു. ശാസ്ത്ര പുരോഗതിയില്‍ അതിമാരകമായ സംഹാരശേഷിയുള്ള ആയുധങ്ങള്‍ (WMD) രാഷ്ട്രങ്ങള്‍ പരസ്പരം നിര്‍മ്മിച്ചതോടെ, ആധുനിക യുദ്ധങ്ങള്‍, നേരിട്ടുള്ള ആക്രമണത്തില്‍നിന്നും മാറി, പരോക്ഷമായ മാര്‍ഗ്ഗങ്ങളെയാണ് ആശ്രയിച്ചു വരുന്നത്. അതിനായി പലപ്പോഴും തീവ്രവാദികളേയും വിഘടനവാദികളേയും ശത്രുരാജ്യങ്ങള്‍ ഉപയോഗിക്കുന്നു. 1984-ല്‍ അമേരിക്കയിലെ ആള്‍ ദൈവമായ ഭഗവാന്‍ രജനീഷിന്റെ അനുയായികള്‍ എന്നു പറയപ്പെടുന്നവര്‍ ഹോട്ടല്‍ ഭക്ഷണത്തില്‍ സാല്‍മണോല മെഹാീിലഹഹമ എന്ന മാരക വിഷം കലര്‍ത്തിയത് ഏകദേശം 750 പേരെയോളം ബാധിക്കപ്പെട്ടു. 1994-ല്‍ ജപ്പാനില്‍ ഓം ഷ്രിന്‍കിയോ കള്‍ട്ട്, ആന്ത്രാക്‌സ് രോഗാണുവിനെ വായുവില്‍ സ്പ്രേ ചെയ്യാന്‍ പരിശ്രമിച്ചിട്ടുണ്ട്. 2001-ല്‍ ആന്ത്രാക്‌സ് രോഗാണു ആക്രമണം അമേരിക്ക നേരിടേണ്ടിവന്നിട്ടുണ്ട്. 2003-ല്‍ ബ്രിട്ടനിലെ റഷ്യന്‍ എംബസ്സി ഉദ്യോഗസ്ഥരെ ജൈവ, രാസപ്രയോഗത്തിലൂടെ വധിക്കാന്‍ ശ്രമിച്ചതിനു തീവ്രവാദികളെ  ബ്രിട്ടന്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

പ്ലേഗും ജപ്പാന്‍ ജ്വരവും പക്ഷിപ്പനിയുമൊക്കെ ഇന്ത്യയുടെ പലഭാഗത്തേയും ബാധിച്ചിട്ടുണ്ടെങ്കിലും പല തവണ ഭീകര ആക്രമണങ്ങള്‍ക്കു വിധേയമായ ഇന്ത്യയില്‍ ജൈവാക്രമണം ഇതു വരെ ഉണ്ടായതായി വ്യക്തമായ തെളിവില്ല. ഭൗതിക ശാസ്ത്രജ്ഞര്‍ ആയാലും മൈക്രോബയോളജിസ്റ്റുകളായാലും പരീക്ഷണങ്ങള്‍ നടത്തുക എന്നതു ശാസ്ത്രപുരോഗതിക്ക് അത്യന്താപേക്ഷിതമാണ്. അത്തരം പരീക്ഷണഫലങ്ങള്‍ ഏതു തരത്തിലാണ് അതാതു രാജ്യങ്ങള്‍ ഉപയോഗിക്കുന്നത് എന്നതാണ് പ്രസക്തം. അന്താരാഷ്ട അംഗീകാരമുള്ള ബയോ സേഫ്റ്റി ലെവല്‍ 4-ലിലുള്ള ഒരു ലബോറട്ടറിയില്‍നിന്നും ചോര്‍ന്നതു തന്നെയാണോ കൊറോണ വൈറസ് എന്നുള്ളത് ഇന്നും പൂര്‍ണ്ണമായി സ്ഥിരീകരിച്ചിട്ടില്ല. അഥവാ അങ്ങനെ സംഭവിച്ചതാണെങ്കില്‍ ആ രാജ്യത്തിന്റെ പങ്കും അതിന്റെ ഉദ്ദേശ്യശുദ്ധിയും അറിയേണ്ടതാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com