അലമാരയിലും അടുക്കളയിലും നാം വാങ്ങിക്കൂട്ടിയ വസ്തുക്കള്‍ വാസ്തവത്തില്‍ ആവശ്യമുണ്ടോ?

പ്രകൃതിയുടെ കര്‍ക്കശമായ ഈ മുന്നറിയിപ്പിനെങ്കിലും നമുക്കു ചെവികൊടുക്കാം. നല്ല വായുവും നല്ല ജലവും മനുഷ്യരാശിക്കു മുഴുവന്‍ അവകാശപ്പെട്ടതാണെന്ന് അറിയുക
സ്വിറ്റ്സർലൻഡിലെ ലെയ്സിൻ എന്ന പ്രദേശത്ത് 3000 ചതുരശ്ര മീറ്റർ ചുറ്റളവിൽ ബിയോണ്ട് ദി ക്രൈസിസ് എന്ന പേരിൽ തീർത്തിരിക്കുന്ന ഭീമാകാരമായ ലാൻഡ് ആർട്ട്. ഫ്രഞ്ച് ആർട്ടിസ്റ്റായ ആയ സൈപേയാണ് ഇത് രൂപകൽപ്പന ചെയ്തത്
സ്വിറ്റ്സർലൻഡിലെ ലെയ്സിൻ എന്ന പ്രദേശത്ത് 3000 ചതുരശ്ര മീറ്റർ ചുറ്റളവിൽ ബിയോണ്ട് ദി ക്രൈസിസ് എന്ന പേരിൽ തീർത്തിരിക്കുന്ന ഭീമാകാരമായ ലാൻഡ് ആർട്ട്. ഫ്രഞ്ച് ആർട്ടിസ്റ്റായ ആയ സൈപേയാണ് ഇത് രൂപകൽപ്പന ചെയ്തത്

ലോകത്തെ മുള്‍മുനയില്‍ നിറുത്തിയിരിക്കുന്ന നോവല്‍ കൊറോണ വൈറസ്, പുരോഗതിയെക്കുറിച്ചും രാഷ്ട്രങ്ങളുടെ സാമ്പത്തിക - സാങ്കേതിക ശക്തിയെക്കുറിച്ചുമെല്ലാം മനുഷ്യര്‍ സ്വരൂപിച്ചു വിശ്വസിച്ചു പോന്ന അധൃശ്യമെന്നു കരുത്തപ്പെട്ട ആശയസംഹിതകളെ പിടിച്ചുകുലുക്കിക്കഴിഞ്ഞിരിക്കുന്നു. അപ്രതീക്ഷിതവും അഭൂതപൂര്‍വ്വവും സര്‍വ്വതലസ്പര്‍ശിയുമാണ് ഈ ആഗോള മഹാമാരിയുടെ ഭവിഷ്യത്തുകള്‍. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, സ്പെയിന്‍, ജര്‍മ്മനി, ചൈന തുടങ്ങിയ 'വന്‍ശക്തികളു'ടെ ശക്തിയല്ല, ദൗര്‍ബ്ബല്യമാണ് ഇക്കഴിഞ്ഞ മാസങ്ങളില്‍ ലോകത്തിനു മുന്നില്‍ അനാവൃതമായത്. കരുത്തരെന്നു കരുതിയവരുടെ ബലഹീനതയുടേയും നിസ്സഹായതയുടേയും രാഷ്ട്രീയവും സാങ്കേതികവും നേതൃപരവും പ്രത്യയശാസ്ത്രപരവുമായ കാരണങ്ങള്‍ ചികയുകയല്ല ഈ കുറിപ്പിന്റെ ഉദ്ദേശ്യം. അമേരിക്കയിലേയും യൂറോപ്പിലേയും മുതലാളിത്ത രാഷ്ട്രങ്ങള്‍ മാത്രമല്ല, കമ്യൂണിസ്റ്റ് ചൈനയും റഷ്യയും ബ്രസീല്‍, മെക്‌സിക്കോപോലുള്ള ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും ഇന്ത്യയെപ്പോലെ വികസിതമായിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളും എല്ലാം ആഗോളീകരണത്തിന്റെ കാലത്തു ഏതാണ്ട് അന്ധമായും അനിരോധ്യമായും പിന്തുടരുന്നത് ഒരേ വികസനമാതൃകയാണല്ലോ. കൊവിഡ് - അനന്തരകാലത്തും ആ മാതൃക പൂര്‍വ്വാധികം ആവേശത്തോടെ തുടരുന്നതിലെ അപായങ്ങളും ബദലുകളുടെ യുക്തിയുമാണ് ഇവിടെ അന്വേഷിക്കുന്നത്.

നിയന്ത്രണങ്ങളില്‍ നിന്ന് ഉദാരവല്‍ക്കരണത്തിലേയ്ക്ക് 

രണ്ടാം ലോക യുദ്ധം അവസാനിച്ചത് ലോകരാഷ്ട്രങ്ങളെ സാമ്പത്തികമായും മാനസികമായും തകര്‍ത്തുകൊണ്ടായിരുന്നു. മനുഷ്യര്‍ അനുഭവിച്ച അദൃഷ്ടപൂര്‍വ്വമായ യാതനകളും നിരപരാധികളുടെമേല്‍ ഭരണകൂടങ്ങള്‍ പ്രക്ഷേപിച്ച അവിശ്വസനീയമായ ക്രൂരതകള്‍ നിര്‍വ്വചനാതീതമായ ദൈന്യതയിലും അന്ധാളിപ്പിലും ശൂന്യതയിലും ലോകത്തെ കൊണ്ടുചെന്നത്തിച്ചു. യുദ്ധത്തില്‍ തകര്‍ന്ന രാജ്യങ്ങള്‍ക്കു സ്വയം നവീകരിക്കാനും ഇല്ലായ്മയുടെ ഇന്നലെകളില്‍നിന്നു ധാരാളിത്തത്തിന്റെ നാളുകളിലേയ്ക്കു ചുവടു മാറാനും ഒരുപാട് അദ്ധ്വാനവും നിശ്ചയദാര്‍ഢ്യവും വേണ്ടി വന്നു. ലോകയുദ്ധം താറുമാറാക്കിയ ബ്രിട്ടനും ഫ്രാന്‍സിനും അതുപോലുള്ള കൊളോണിയല്‍ ശക്തികള്‍ക്കും തങ്ങള്‍ വെട്ടിപ്പിടിച്ചു ബലാല്‍ക്കാരമായി കൈവശം വെച്ചനുഭവിച്ചിരുന്ന കോളനികള്‍ക്കു സ്വാതന്ത്ര്യം കൊടുക്കുക എന്നത് നീട്ടിവയ്ക്കാന്‍ കഴിയാത്ത അനിവാര്യതയായിത്തീര്‍ന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള അനേകം രാജ്യങ്ങളില്‍ അതിനിടെ ദേശീയ പ്രസ്ഥാനങ്ങള്‍ തഴയ്ക്കുകയും സ്വാതന്ത്ര്യം തങ്ങളുടെ അവകാശമാണെന്നു ജനങ്ങള്‍ തിരിച്ചറിയുകയും ചെയ്തു കഴിഞ്ഞിരുന്നു. കൊളോണിയലിസമെന്ന അസ്വാഭാവികാവസ്ഥയ്ക്കു വിരാമമിടാന്‍ രണ്ടാം ലോകയുദ്ധം ഒരു ഹേതുവായിത്തീര്‍ന്നത് ചരിത്രത്തിന്റെ കാവ്യനീതി മാത്രം.യുദ്ധം തകര്‍ത്ത തങ്ങളുടെ സമ്പദ്വ്യവസ്ഥകള്‍ എത്രയും വേഗം തളിരിട്ടില്ലെങ്കില്‍ അതൊരു വലിയ മനുഷ്യദുരന്തം തന്നെയാകുമെന്നു രാഷ്ട്രങ്ങള്‍ക്കു ബോധ്യമായി. ത്വരിത വളര്‍ച്ചയെന്നത് പല രാജ്യങ്ങള്‍ക്കും നീട്ടി വെയ്ക്കാന്‍ സാധിക്കാത്ത ദൗത്യമായി. അമേരിക്കയുടെ ന്യൂ ഡീല്‍ (ചലം ഉലമഹ), ബ്രിട്ടനിലെ കെയ്ന്‍ഷ്യന്‍ സാമ്പത്തിക ശാസ്ത്രം, ലോക ബാങ്ക്, അന്താരാഷ്ട്ര നാണയനിധി എന്നീ സ്ഥാപനങ്ങളുടെ സംസ്ഥാപനം എന്നിങ്ങനെ നിരവധി നിര്‍ണ്ണായക കാല്‍വയ്പുകളുണ്ടായി. വ്യാവസായികോല്‍പ്പാദനത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും തൊഴില്‍മേഖലയിലും ആഗോള വാണിജ്യബന്ധങ്ങളിലും വൈജ്ഞാനിക - ഗവേഷണ മേഖലയിലും സ്വീകരിച്ച ക്രിയാത്മക നയങ്ങളുടേയും ഇച്ഛാശക്തിയുള്ള പ്രവര്‍ത്തനങ്ങളുടേയും ഫലമായി ഒന്നോ രണ്ടോ യുദ്ധാനന്തര ദശകങ്ങള്‍കൊണ്ട് ലോകത്തിന്റെ മുഖാകൃതി മാറ്റിയെടുക്കാന്‍ അമേരിക്കയ്ക്കും ജപ്പാനും യൂറോപ്പിനും സാധിച്ചു. ഓരോ രാജ്യവും തങ്ങള്‍ക്കു അനുരൂപമാം വിധം ആ കാലാവസ്ഥയെ മെരുക്കിയെടുക്കുകയായിരുന്നു. യൂറോപ്പിലെ പല രാജ്യങ്ങളും അമേരിക്കന്‍ ഐക്യനാടുകളും സാമ്പത്തിക കെടുതിയില്‍നിന്നു കരകയറി എന്നു മാത്രമല്ല, വികസനത്തിന്റേയും ഉപഭോഗത്തിന്റേയും ധാരാളിത്തത്തിന്റേയും പുതിയ സമവാക്യങ്ങള്‍ രചിക്കുകയും ചെയ്തു. ഇന്നലെ വരെ ആഡംബരമായിരുന്നവ ആവശ്യങ്ങളായി മാറി.

മാസ്കുകൾ ധരിച്ച് മാങ്ങകൾ പെറുക്കിയെടുക്കുന്ന കുട്ടികൾ. പശ്ചിമ ബം​ഗാളിലെ ​ഗ്രാമീണ മേഖലയിൽ നിന്നൊരു കാഴ്ച/ഫോട്ടോ: പിടിഐ
മാസ്കുകൾ ധരിച്ച് മാങ്ങകൾ പെറുക്കിയെടുക്കുന്ന കുട്ടികൾ. പശ്ചിമ ബം​ഗാളിലെ ​ഗ്രാമീണ മേഖലയിൽ നിന്നൊരു കാഴ്ച/ഫോട്ടോ: പിടിഐ

രണ്ടാംലോക യുദ്ധാനന്തരം സ്വതന്ത്രമായ രാഷ്ട്രങ്ങളുടെ നീക്കിയിരുപ്പ്, കൊളോണിയല്‍ ഭരണം ചൂഷണം ചെയ്തു താറുമാറാക്കിയ സമ്പദ്വ്യവസ്ഥകളും സങ്കീര്‍ണ്ണമായ സാമൂഹ്യപ്രശ്‌നങ്ങളും ദേശീയ പ്രസ്ഥാനങ്ങള്‍ ഉണര്‍ത്തിയ വലിയ പ്രതീക്ഷകളും വ്യാപകമായ പട്ടിണിയും പടരുന്ന തൊഴിലില്ലായ്മയും എല്ലാം കലര്‍ന്ന സന്ദിഗ്ദ്ധതയായിരുന്നു, ഇന്ത്യയെപ്പോലെ ചില രാജ്യങ്ങള്‍ മതേതര ജനാധിപത്യ റിപ്പബ്ലിക്കുകളായപ്പോള്‍, മറ്റു ചില രാജ്യങ്ങള്‍ ജനാധിപത്യത്തിന്റെ പുറംചട്ടക്കുള്ളില്‍ ഏകാധിപത്യ - പട്ടാള ഭരണകൂടങ്ങളായി രൂപാന്തരപ്പെട്ടു. ഇന്ത്യക്കാകട്ടെ സ്വാതന്ത്ര്യലബ്ധിയുടെ ആഹ്ലാദത്തില്‍ വിഭജനത്തിന്റെ രക്തച്ചൊരിച്ചിലും വിദ്വേഷവും തുടര്‍ന്നു നടന്ന ഗാന്ധി വധവും ചേര്‍ന്നു കാളിമ പടര്‍ത്തി. സ്വാതന്ത്ര്യത്തിന്റെ ആദ്യത്തെ രണ്ടു മൂന്നു ദശകങ്ങള്‍ക്കുള്ളില്‍ ഇന്ത്യയെപ്പോലെ ചില രാജ്യങ്ങള്‍ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും ഭക്ഷ്യലഭ്യതയിലും നേട്ടങ്ങളുണ്ടാക്കി. എങ്കിലും നവ സ്വാതന്ത്ര്യം നേടിയ രാജ്യങ്ങള്‍ക്കു യുദ്ധാനന്തര ജപ്പാന്റേയോ യൂറോപ്പിന്റേയോ വികസനവേഗവും തോതും അപ്രാപ്യമായിരുന്നു. മൂന്നാംലോക രാജ്യങ്ങള്‍ എന്ന് അന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ഏഷ്യയിലേയും ആഫ്രിക്കയിലേയും രാജ്യങ്ങളില്‍ വികസനമുരടിപ്പ് എഴുപതുകളോടെ അംഗീകരിക്കപ്പെട്ട പ്രതിഭാസമായി മാറി. ഗുണ്ണാര്‍ മിര്‍ഡാല്‍ എന്ന സാമ്പത്തിക വിദഗ്ദ്ധന്‍ ഇത്തരം രാജ്യങ്ങളെ 'സോഫ്റ്റ് സ്റ്റേറ്റ്' എന്നു വിളിച്ചു. സര്‍ക്കാരുകള്‍ക്ക് ഇച്ഛാനുസരണം വികസന പരിപാടികള്‍ ഏറ്റെടുത്തു നടത്താന്‍ മൂന്നാംലോക രാജ്യങ്ങളിലെ രാഷ്ട്രീയ - ഭരണ സംവിധാനങ്ങള്‍ അപര്യാപ്തമാണെന്ന അഭിപ്രായം സാര്‍വ്വത്രികമായി. അങ്ങനെ എഴുപതുകളില്‍ പ്രതീക്ഷയ്‌ക്കൊത്തു ഉയരാന്‍ സാധിക്കാത്ത ഭരണകൂടങ്ങളോട് ജനരോഷവും നിരാശയും പല രാജ്യങ്ങളിലും വ്യാപകമായി. പൂര്‍വ്വ പാകിസ്താന്‍ ബംഗ്ലാദേശ് ആയി സ്വാതന്ത്ര്യം നേടിയതും 1975-ല്‍ ഇന്ത്യയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതുമെല്ലാം  ഈ പരിപ്രേക്ഷ്യത്തിലും കൂടി വിലയിരുത്തേണ്ടതാണ്.

സ്വാതന്ത്ര്യത്തിന്റെ മൂന്നു നാല് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ജനങ്ങളുടെ ക്ഷേമവും രാജ്യത്തിന്റെ സാമ്പത്തിക  താല്‍പ്പര്യങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാരുകള്‍ക്കു കഴിയണം എന്ന ധാരണ പ്രബലമായിത്തീര്‍ന്നു. സകല മേഖലകളിലും സര്‍ക്കാര്‍ കൈകടത്തി. ബാങ്ക് ദേശസാല്‍ക്കരണം, പെര്‍മിറ്റ് വഴിയുള്ള നിയന്ത്രണങ്ങള്‍, പൊതുമേഖലയെ സംരക്ഷിക്കാനുള്ള നിയന്ത്രണങ്ങള്‍, കയറ്റുമതിക്കും ഇറക്കുമതിക്കുമുള്ള നിയന്ത്രണങ്ങള്‍, വിദേശനാണ്യം ചെലവിടുന്നതിനുള്ള കര്‍ശന വ്യവസ്ഥകള്‍ എന്നിങ്ങനെ ലൈസന്‍സ് - പെര്‍മിറ്റ് നടപടിക്രമങ്ങള്‍ സാര്‍വ്വത്രികമായി. സ്വകാര്യമേഖലയെ നിയന്ത്രിക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യം എന്ന ആശയവും പ്രബലമായി. സോപ്പ് നിര്‍മ്മാണവും ബ്രെഡ് ഉല്‍പ്പാദനവും വാച്ച് നിര്‍മ്മാണവും തുടങ്ങി സകലവിധമായ പ്രവര്‍ത്തങ്ങളിലും ജനങ്ങളെ ചൂഷണത്തില്‍നിന്നു സംരക്ഷിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ പൊതുമേഖലയെ വളര്‍ത്താന്‍ സര്‍ക്കാരുകള്‍ ശ്രദ്ധിച്ചു. എന്നാല്‍, ഇതുകൊണ്ടുണ്ടായ ആത്യന്തികഫലം പൊതുഖജനാവ് കാലിയായതും അഴിമതി അര്‍ബുദംപോലെ വളര്‍ന്നതുമാണ്. നിയന്ത്രണങ്ങളുടെ പേരില്‍ ഔദ്യോഗിക - രാഷ്ട്രീയ രംഗങ്ങളില്‍ അഴിമതി സര്‍വ്വസാധാരണമായി. ഇല്ലായ്മകള്‍ സൃഷ്ടിക്കുകയും നിയന്ത്രണങ്ങള്‍ ആവശ്യമായി വരികയും അഴിമതി സ്വാഭാവികമാവുകായും ചെയ്തു. ഒരു ടെലിഫോണ്‍ കണക്ഷനു വേണ്ടിയും ഗ്യാസ് കണക്ഷനുവേണ്ടിയും അംബാസിഡര്‍ കാറിനുവേണ്ടിയുമൊക്കെ മാസങ്ങളോളം കാത്തിരുന്ന ദിവസങ്ങള്‍ നമ്മളിപ്പോള്‍ മറന്നു പോയിരിക്കുന്നു. ഇങ്ങനെ പൊതു മേഖലയെ പരിരക്ഷിക്കുന്നതു വഴി സമ്പദ്വ്യവസ്ഥ ദുര്‍ബ്ബലമാവുകയേ ഉള്ളൂ എന്നും ജനങ്ങള്‍ക്ക് ആത്യന്തികമായി ദോഷമേ ഉണ്ടാകൂ എന്നും സ്വകാര്യ മേഖലയ്ക്ക് ലാഭകരമായും കാര്യക്ഷമമായും ചെയ്യാന്‍ സാധിക്കുന്ന മേഖലകള്‍ അവര്‍ക്കായി തുറന്നു കൊടുക്കുകയാണ് ഉചിതമെന്നുമുള്ള ആശയങ്ങള്‍ എണ്‍പതുകളുടെ മദ്ധ്യത്തോടെ വ്യാപകമായി. സര്‍ക്കാരുകള്‍ സാമ്പത്തികമായി തകര്‍ച്ചയെ മുന്നില്‍ കണ്ടു തുടങ്ങിയിരുന്നു.

ഏതാണ്ട് ഇതേ സമയത്താണ് നവ സാങ്കേതികവിദ്യ ഇത്രയും സാര്‍വ്വത്രികമാകാന്‍ തുടങ്ങിയത്. അന്താരാഷ്ട്ര നാണ്യവിപണിയില്‍ നിക്ഷേപിക്കാന്‍ വേണ്ടി ധാരാളം മൂലധനം ലഭ്യമായ നാളുകള്‍ കൂടിയായിരുന്നു. ലോക ബാങ്ക് പോലുള്ള സ്ഥാപനങ്ങള്‍ രാജ്യങ്ങളോട് സാമ്പത്തിക അച്ചടക്കത്തെക്കുറിച്ചു ഉപദേശിക്കാനും തുടങ്ങി. അങ്ങനെയാണ് മൂലധനത്തിന്റെ ആഗോളീകരണവും ഉദാരവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും പല രാജ്യങ്ങളുടേയും അനിഷേധ്യമായ സാമ്പത്തിക നയമായി മാറുന്നത്. 1991-ല്‍ ഇന്ത്യ ഈ നയം പിന്തുടരാന്‍ ഔദ്യോഗികമായി തീരുമാനിക്കുകയായിരുന്നു. അതോടെ വിദേശനിക്ഷേപങ്ങള്‍ക്കും ആഗോള ബ്രാന്‍ഡുകള്‍ക്കും എല്ലാം വേണ്ടി നമ്മുടെ വിപണി തുറന്നു കൊടുക്കപ്പെട്ടു. എത്ര വിദേശ നിക്ഷേപം ലഭിക്കുന്നു എന്നത് ഒരു രാജ്യത്തിന്റെ അന്തസ്സിന്റേയും ഭരണസ്ഥിരതയുടേയും കാര്യക്ഷമതയുടേയും സാമ്പത്തിക ഉണര്‍വിന്റേയും മാനദണ്ഡമായി മാറി. ഈ അവസ്ഥ ഒരു പരിധിവരെ അനിവാര്യമായിരുന്നു എന്നും സമ്മതിക്കണം. തൊഴില്‍മേഖലയില്‍ നേട്ടങ്ങളുണ്ടായി.  വളര്‍ച്ചാനിരക്കിലും ദേശീയ വരുമാനത്തിലും വിദേശ നാണ്യ ശേഖരത്തിലും വര്‍ദ്ധനവുണ്ടായി. അനാവശ്യമായ നിയന്ത്രണങ്ങള്‍ മാറിയതോടെ ഉല്‍പ്പന്നങ്ങളും സേവനനങ്ങളും (പണമുണ്ടെങ്കില്‍) സുഗമമായി ലഭ്യമാവുന്ന അവസ്ഥ സംജാതമായി. നമ്മുടെ സമ്പദ്വ്യവസ്ഥ കൂടുതല്‍ കൂടുതല്‍ അന്താരാഷ്ട്ര സ്വാധീനങ്ങള്‍ക്കു വിധേയമാവുകയും ചെയ്തു. സ്വകാര്യ നിക്ഷേപം വളരുകയും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നടന്നിരുന്ന അനേകം പ്രവര്‍ത്തനങ്ങള്‍ സ്വകാര്യ മേഖലയ്ക്കുവേണ്ടി തുറന്നു കൊടുക്കുകയും ചെയ്തു. (ഉദാഹരണം, വ്യോമയാന, ടെലിഫോണ്‍, ഇന്‍ഷുറന്‍സ് എന്നിവ.) എങ്കിലും മറ്റു ചില രാജ്യങ്ങളെക്കാള്‍ ഇക്കാര്യത്തില്‍ നിയന്ത്രണങ്ങളും കരുതലും ഇന്ത്യ പുലര്‍ത്തുകയും ചെയ്തു. 

ഈ വിധമുള്ള സ്വകാര്യവല്‍ക്കരണ - ആഗോളീകരണ പ്രേരണകളും പ്രലോഭനങ്ങളും സമൂഹത്തില്‍ വളരെ മുന്‍പു തന്നെ വേരാഴ്ത്താന്‍ തുടങ്ങിയിരുന്നു എന്നതാണ് വാസ്തവം. എണ്‍പതുകളോടെ നിര്‍ണ്ണായകവും പ്രബലവുമായിത്തീര്‍ന്ന ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കുള്ള കുടിയേറ്റം സാമൂഹ്യ മനോഭാവങ്ങളില്‍ മാറ്റമുണ്ടാക്കി. അതുവരെ പ്രായേണ അവികസിതമായിരുന്ന മരുഭൂമി ദേശങ്ങള്‍ പെട്രോ ഡോളറിന്റെ കരുത്തില്‍ അതിവേഗം വന്‍നഗരങ്ങളായി മാറുന്നതിന് ഒരു തലമുറ സാക്ഷ്യം വഹിക്കുകയും അതില്‍ പങ്കാളികളാവുകയും ചെയ്തു. ഗള്‍ഫ് നാടുകള്‍ക്കു നേടിയെടുക്കാന്‍ സാധിച്ച പുരോഗതിയും പരിഷ്‌കൃതിയും നമ്മുടെ നാട്ടില്‍ എന്തേ സംഭവിക്കുന്നില്ല എന്ന ചോദ്യം പ്രവാസികളുടേയും മധ്യവര്‍ഗ്ഗത്തിന്റേയും മനസ്സില്‍ പതിഞ്ഞു കിടക്കുമ്പോഴാണ് ഇന്ത്യ ഔപചാരികമായി സാമ്പത്തിക ഉദാരവല്‍ക്കരണത്തിനു വാതില്‍ തുറന്നിട്ടത്.

നവ നാഗരികതയും ഉപഭോഗമെന്ന നിര്‍ബ്ബന്ധ ശീലവും 

നാഗരികത ലോകചരിത്രത്തില്‍ പ്രകാശപൂര്‍ണ്ണവും പ്രതീക്ഷാഭരിതവുമായ അഭിമാനാവസ്ഥയാണ്. നാഗരികതയാണ് പ്രാക്തന സംസ്‌കാരങ്ങളുടെ ഉത്കൃഷ്ടത നിര്‍ണ്ണയിക്കുന്നതിനുള്ള പ്രധാനപ്പെട്ട മാനദണ്ഡം. ജീവിതക്ലേശങ്ങള്‍ ലഘൂകരിക്കാനും ജീവിതം കൂടുതല്‍ ആരോഗ്യപൂര്‍ണ്ണമാക്കാനും സുഖസൗകര്യങ്ങള്‍ ലഭ്യമാക്കാനും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങള്‍ പ്രദാനം ചെയ്യാനും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും നവ നാഗരികതയ്ക്കു കഴിഞ്ഞു. എന്നാല്‍, 20-ാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയുടെ ചരിത്രം അതുവരെയുള്ള ചരിത്രത്തില്‍നിന്നു വ്യത്യസ്തമാണ്. ചില വസ്തുതകള്‍ ഈ വ്യത്യാസത്തിന്റെ തോതെന്ത് എന്നറിയാന്‍ സഹായിക്കും.

അഭൂതപൂര്‍വ്വമായിരുന്നു ജനസംഖ്യാ വളര്‍ച്ച. 1927-ല്‍ 200 കോടിയായിരുന്നു ലോകജനസംഖ്യ, 1960 ആയപ്പോഴേക്കും (33 വര്‍ഷങ്ങള്‍കൊണ്ട്) 300 കോടിയായി ഉയര്‍ന്നു. പിന്നെ 14 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍, 1974-ല്‍ ജനസംഖ്യ 400 കോടിയായി. 12 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് 600 കോടിയുമായി. 2020-ല്‍ ലോകജനസംഖ്യ 770 കോടിയോടടുക്കുന്നു. 2050 ആകുമ്പോള്‍ ഇത് 900 കോടിയും അടുത്ത നൂറ്റാണ്ടിലേയ്ക്കു കടക്കുമ്പോള്‍ 1000 കോടിയും ആകുമെന്നാണ് കണക്ക്. 20-ാം നൂറ്റാണ്ടില്‍ ലോകജനസംഖ്യ 200 കോടിയില്‍നിന്ന് 700 കോടിയായി ഉയര്‍ന്നു. ജനസംഖ്യാ വളര്‍ച്ചയുടെ ഉയര്‍ന്ന തോത് വികസിത രാജ്യങ്ങളെക്കാള്‍ ആഫ്രിക്കയിലും ലാറ്റിന്‍ അമേരിക്കയിലേയും ഏഷ്യയിലേയും പ്രായേണ അവികസിത രാജ്യങ്ങളിലായിരുന്നു.

വികസിത രാജ്യങ്ങള്‍ക്കൊപ്പം എത്തിച്ചേരാന്‍ തിടുക്കം കാട്ടുന്ന ജനങ്ങളുടെ ആശയാഭിലാഷങ്ങള്‍ക്ക് അനുരൂപമായിരുന്നു ഉദാരവല്‍ക്കരണ നയങ്ങളുടെ അനിവാര്യമായ ആവിര്‍ഭാവം. ഭരണകൂടങ്ങള്‍ അതിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടതു സ്വാഭാവികം. രാഷ്ട്രീയവും സാമ്പത്തികവുമായ നീതീകരണങ്ങള്‍ക്കൊപ്പം പരിഗണിക്കേണ്ട മറ്റു ചില സുപ്രധാന ഘടകങ്ങള്‍ ഈ വഴിമാറ്റത്തെ ത്വരിതപ്പെടുത്തുകയും ആകര്‍ഷകമാക്കുകയും ചെയ്തു. സാങ്കേതികവിദ്യയുടെ ആഗോളവ്യാപനവും ജീവിതത്തിന്റെ സമസ്ത വ്യവഹാരങ്ങളിലുമുള്ള അതിന്റെ സ്വാധീനവും ബിസിനസ് പ്രക്രിയകളെ സുഗമമാക്കി. വികസിത രാജ്യങ്ങള്‍ ഏഷ്യന്‍ രാജ്യങ്ങളിലെ പ്രായേണ കുറഞ്ഞ വേതനം മുതലെടുത്തു ധാരാളം പ്രവൃത്തികള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കു നല്‍കാന്‍ തുടങ്ങി. അങ്ങനെ ലോകത്തിലെ വന്‍ നഗരങ്ങളിലെ സുഖസൗകര്യങ്ങളിലേയ്ക്കും ജീവിതശൈലിയിലേയ്ക്കും മറ്റു രാജ്യങ്ങളിലെ ജനങ്ങളും ഭരണകൂടങ്ങളും പ്രലോഭിതരായി. സ്വകാര്യ നിക്ഷേപത്തിനു കൈവന്ന പ്രാധാന്യം സ്വകാര്യ സമ്പത്തിന്റെ അഭൂതപൂര്‍വ്വമായ ആഗോള വളര്‍ച്ചയ്ക്കും നമ്മുടെ നാട്ടില്‍ത്തന്നെ ശതകോടീശ്വരന്മാരുടെ വളര്‍ച്ചയ്ക്കും ഹേതുവായി. മാത്രമല്ല, ഭരണകൂടവും വന്‍ വ്യവസായികളുമായുള്ള അത്ര ധാര്‍മ്മികമല്ലാത്ത ബന്ധത്തില്‍നിന്നു ചങ്ങാത്ത മുതലാളിത്തം (രൃീി്യ രമുശമേഹശാെ) അതിന്റെ സകല നിഷ്‌കൃപ ദുരയോടേയും സൃഗാലബുദ്ധിയോടേയും സര്‍ക്കാരുകളുടെ സാമ്പത്തിക നയങ്ങളെ സ്വാധീനിക്കാന്‍ തുടങ്ങി. ചെറുത്തു നില്‍ക്കാനാവാത്ത ആ സ്വാധീനശക്തിയില്‍ സര്‍ക്കാര്‍ നയങ്ങളില്‍ പാരിസ്ഥിതിക ജാഗ്രതകള്‍ മങ്ങിപ്പോയി. ലാഭമെന്ന ഏകലക്ഷ്യത്തോടെയുള്ള കോര്‍പ്പറേറ്റ് തന്ത്രങ്ങള്‍ക്കു വിധേയമാവുന്ന സര്‍ക്കാരുകള്‍ സാധാരണ മനുഷ്യരെ മറന്നുപോകുന്ന കാഴ്ചയും സാധാരണമായി.

ലോകം മുഴുവന്‍ ഏതാണ്ട് ഏകമനസ്സോടെ ഇന്നു പിന്തുടരുന്ന ഈ വികസനശൈലിയാണ് ഇന്ന് ഈ ഭൂമിയെ പാരിസ്ഥിതിക വിനാശത്തിന്റെ ദുരന്തമുനമ്പില്‍ എത്തിച്ചതിന് ഉത്തരവാദി എന്ന് അംഗീകരിക്കാന്‍ കൂട്ടാക്കാത്ത നേതാക്കളും സില്‍ബന്ദികളും ഇപ്പോഴുമുണ്ട്. ആഗോളതാപനം വ്യവസായകാലഘട്ടത്തിനു മുന്‍പുള്ള നിലയില്‍നിന്ന് 1.5 ഡിഗ്രിയില്‍ കൂടാതെ നിലനിര്‍ത്തണമെന്നതാണ് 2015 ഡിസംബറില്‍ നിലവില്‍ വന്ന പാരീസ് ഉടമ്പടിയിലെ പ്രധാന വ്യവസ്ഥ, ഈ ലക്ഷ്യം പ്രാപ്യമാകണമെങ്കില്‍ കാര്‍ബണ്‍ ഡയോക്സൈഡിന്റേയും മറ്റു ഹരിതഗൃഹ വാതകങ്ങളുടേയും അന്തരീക്ഷത്തിലേക്കുള്ള ബഹിര്‍ഗമനത്തിന്റെ തോത് അനുക്രമമായി കുറച്ചുകൊണ്ട് വരണമെന്നു നിഷ്‌കര്‍ഷിക്കുന്ന പാരീസ് ഉടമ്പടിയില്‍നിന്ന് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ അമേരിക്ക പിന്മാറിയത് ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ്. തങ്ങളുടെ ഉപഭോഗ ജീവിതശൈലിയില്‍ ഒരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ല എന്ന വ്യക്തവും ധാര്‍ഷ്ട്യം നിറഞ്ഞതുമായ പ്രഖ്യാപനമായിരുന്നു ദൗര്‍ഭാഗ്യകരമായ (എന്നാല്‍ അപ്രതീക്ഷിതമല്ലാത്ത) ഈ തീരുമാനം. ഈ മനോഭാവമാണ് ലോകത്തെ ഗ്രസിച്ചിരിക്കുന്ന ഏറ്റവും കടുത്ത പാരിസ്ഥിക ഭീഷണി. 

ആഗോള താപനം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ ആശയങ്ങള്‍ ഭ്രമകല്പനകളാണെന്നു സ്ഥാപിക്കാന്‍ അഹോരാത്രം ശ്രമിക്കുന്ന ഒരു പ്രബലവിഭാഗം ഈ ലോകത്തിപ്പോഴും വിഹരിക്കുന്നുണ്ട്. അവരാണ് നമ്മുടെ വികസന അജന്‍ഡ പ്രത്യക്ഷമായും പരോക്ഷമായും ഗൂഢമായും നിയന്ത്രിക്കുന്നതെന്നതാണ് നാം നേരിടുന്ന വലിയ ഭീഷണി. ഈ ആശയസംഹിതയുടെ മോഹവലയത്തില്‍പ്പെട്ടു മനുഷ്യന്‍ വരുത്തിവച്ച അത്യാപത്തിന്റെ ചില കണക്കുകള്‍ കാണുക.

ഉപഭാഗമെന്ന സ്വര്‍ഗ്ഗം നിലനിര്‍ത്തുകയും അതിനെ കൂടുതല്‍ കൂടുതല്‍ വിസ്തൃതവുമാക്കുകയുമാണ് ഈ വികസന തത്വശാസ്ത്രത്തിന്റെ കാതല്‍. പുതിയ പുതിയ ഉല്‍പ്പന്നങ്ങള്‍ നിരന്തരമായി നമ്മുടെ വിപണികളിലെത്തണമെങ്കില്‍ ഈ ഭൂമി അതിനു വലിയ വില കൊടുത്തുകൊണ്ടിരിക്കണം. പുതിയ വിപണിസൗഹൃദ നയങ്ങള്‍ വ്യാപകമായതോടെ ഇന്നു ലോകത്തു 400 കോടി ഉപഭോക്താക്കളുണ്ടെന്നു കണക്കാക്കപ്പെടുന്നു. പ്രതിവര്‍ഷം ഭൂമിയില്‍നിന്നു 2662 കോടി ടണ്‍ ധാതുക്കളാണ് വ്യാവസായികാവശ്യങ്ങള്‍ക്കായി ഖനനം ചെയ്യപ്പെടുന്നത്. ട്രോപ്പിക്കല്‍ വനവിസ്തൃതി 1950-ല്‍ 32 കോടി ഹെക്ടറായിരുന്നെങ്കില്‍ 2010-ല്‍ അത് 10 കോടി ഹെക്ടര്‍ ആയി ചുരുങ്ങി. ഭൂഗര്‍ഭജലത്തിന്റെ ഉപയോഗം 1960-ല്‍ 200 ഘന കിലോമീറ്റര്‍ ആയിരുന്നെങ്കില്‍ ഇന്ന് അത് 734 ഘന കിലോമീറ്റര്‍ ആയി ഉയര്‍ന്നു. ഇതില്‍ ഇന്ത്യ ഒരു വലിയ അപരാധിയാണ്. (312 ഘന കിലോമീറ്റര്‍ ഉപയോഗം) ക്രൂഡ് ഓയില്‍ ഉപയോഗമാണല്ലോ അന്തരീക്ഷ മലിനീകരണത്തിന്റെ മുഖ്യഹേതു. ഒരു വര്‍ഷം 350 കോടി ബാരല്‍ എണ്ണയാണ് ലോകത്തു കത്തിക്കുന്നത്. (ഇപ്പോള്‍ ലഭ്യമായ എണ്ണയുടെ കരുതല്‍ ശേഖരം 47 വര്‍ഷംകൊണ്ട് അവസാനിക്കുമെന്നും കണക്കാക്കപ്പെട്ടിട്ടുണ്ട്.) 2019ല്‍ ലോകത്തെ റോഡുകളില്‍ 100 കോടികാറുകള്‍ സഞ്ചരിച്ചു.

ഇതിനേക്കാള്‍ ഞെട്ടിപ്പിക്കുന്നതാണ് ഈ ഉല്‍പാദന മഹോത്സവത്തിന്റെ മറുവശം. ആഗോളതാപനത്തിന്റെ ഫലമായി 750 ബില്യണ്‍ ഹിമപാളികള്‍ ഉരുകിപ്പോകുന്നു. (1960നും 2015-നുമിടയില്‍ 9 ട്രില്യണ്‍ ടണ്‍ ഐസ്, ഹിമാനികളില്‍നിന്ന് ഉരുകിപ്പോയി.) പ്രതിവര്‍ഷം 8.5 ലക്ഷം ടണ്‍ കീടനാശിനികള്‍ ഇന്നും ലോകത്ത് ഉപയോഗിക്കുന്നു. 12 കോടി മാരക മാലിന്യങ്ങള്‍ ഓരോ വര്‍ഷവും പുറന്തള്ളപ്പെടുന്നു. (സെക്കന്‍ഡില്‍ 13 ടണ്‍) പ്രതിവര്‍ഷം 11 ബില്യണ്‍ ഖരമാലിന്യങ്ങള്‍ ഉണ്ടാകുന്നു. ഉപഭോഗം ശീലമാക്കിയ ലോകം 22 ബില്യണ്‍ ഭക്ഷണം ഓരോ വര്‍ഷവും പാഴാക്കുന്നു. വായുവും ജലവും സമുദ്രങ്ങളും നമ്മള്‍ മലിനമാക്കി. കടലില്‍ നിക്ഷേപിച്ച മാലിന്യങ്ങള്‍ ഇന്നു വടക്കന്‍ ശാന്ത സമുദ്രത്തില്‍ മാലിന്യ ദ്വീപ് (ഏൃലമ േജമരശളശര ഏമൃയമഴല ജമരേവ) ആയി രൂപപ്പെട്ടു കഴിഞ്ഞു. മലിനീകരണംകൊണ്ട് ലോകത്തു ആകെ 120 ലക്ഷം മരണങ്ങള്‍ നടക്കുന്നതില്‍ അന്തരീക്ഷ മലിനീകരണത്തിന്റെ മാത്രം ഇരകളാകുന്നവര്‍ 70 ലക്ഷം. (വായു മലിനീകരണത്തില്‍ ഡല്‍ഹി വാരാണസി കാണ്‍പുര്‍ എന്നീ ഇന്ത്യന്‍ നഗരങ്ങള്‍ പ്രതിക്കൂട്ടിലാണ്.) ഏതാണ്ട് 125 ലക്ഷം ആളുകള്‍ക്കു ഓരോ വര്‍ഷവും കാന്‍സര്‍ ബാധിക്കുന്നു. ഉപഭോഗത്തിനുവേണ്ടിയുള്ള വികസനം ഒരു ഭാഗത്തുകൂടി നടക്കുമ്പോള്‍, 80 കോടി ജനങ്ങള്‍ ഇപ്പോഴും പട്ടിണി അനുഭവിക്കുന്നു. 21 കോടി കുഞ്ഞുങ്ങള്‍ കൂലിക്കു വേണ്ടി അദ്ധ്വാനിക്കുന്നന്നു. 65 ലക്ഷം കുട്ടികള്‍ 15 വയസ്സിനു മുന്‍പ് മരണപ്പെടുന്നു.

ഈ ഉല്‍പ്പാദന - ഉപഭോഗ നാഗരികത നിലനിര്‍ത്തിക്കൊണ്ടു പോകണമെങ്കില്‍ പരിസ്ഥിയോടുള്ള ക്രൂരത തുടര്‍ന്നു കൊണ്ടേയിരിക്കണം. തല്‍ക്കാലം ഒന്നോ രണ്ടോ തലമുറയ്ക്ക് ജീവിച്ചാല്‍ മതിയെങ്കില്‍ ഈ ആത്മഹത്യാ മുനമ്പിലേക്കുള്ള യാത്ര ന്യായീകരിക്കാം. എന്നാല്‍, ഈ ഭൂമി നമ്മുടെ പിന്മുറക്കാര്‍ക്കും ഇവിടത്തെ മറ്റു ജീവികള്‍ക്കും അവകാശപ്പെട്ടതാണെന്ന ബോധം ലാഭക്കൊതിയേയും ഉപഭോഗ നിര്‍ബ്ബന്ധങ്ങളേയും നിയന്ത്രിക്കാന്‍ നമ്മെ പ്രേരിപ്പിക്കണം. എന്നാല്‍, പരസ്യങ്ങളും മറ്റു വിപണനതന്ത്രങ്ങളും സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുക വഴി ഈ ഉല്‍പ്പാദന വിതരണയന്ത്രം ബ്രാന്‍ഡുകള്‍ക്കു മോഹവില വസൂലാക്കുന്നു. ആവശ്യങ്ങളെ നിയന്ത്രിക്കാനല്ല, അവയെ ആസക്തികളാക്കി വളര്‍ത്താന്‍ ശ്രമിക്കുന്നു. വിരസതയും ശൂന്യതയും അകറ്റാന്‍ വേണ്ടി ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് അതൊരു 'റീറ്റെയ്ല്‍ തെറാപ്പി' ആയി മാറുന്നു.

കോവിഡ് മഹാമാരിയും പരിസ്ഥിതിയുമായി എന്ത് ബന്ധം? 

കൊവിഡ് 19 പരത്തുന്ന നോവല്‍ കൊറോണ വൈറസിന്റെ ആഗോളവ്യാപനത്തിനും അതു വഴി മനുഷ്യര്‍ അനുഭവിക്കുന്ന വലിയ ബുദ്ധിമുട്ടുകള്‍ക്കും എന്തു പാരിസ്ഥിതിക മാനങ്ങളാണുള്ളത്? ഒരു വൈറസ് മഹാമാരി നമ്മുടെ 'അംഗീകൃത വികസന മാതൃക'യെ എങ്ങനെയാണ് പ്രതിസ്ഥാനത്തു നിറുത്തുന്നത്? പ്രത്യക്ഷത്തില്‍ ഈ മഹാമാരി കേവലമൊരു വൈദ്യശാസ്ത്ര പ്രശ്‌നമാണ്. അങ്ങനെ കാണുന്നതാണ് നമുക്കു ശീലം. എത്രയും പെട്ടെന്നു വാക്‌സിന്‍ കണ്ടുപിടിച്ചു ഇതിനെ പ്രതിരോധിക്കാന്‍ കഴിയുന്നതോടെ തീരേണ്ടതല്ലേയുള്ളൂ ഈ വിപത്ത് എന്ന ചിന്ത സ്വാഭാവികം. ഒട്ട് ആശ്വാസപ്രദവും. അങ്ങനെ മാത്രം ചിന്തിക്കണമെന്നാണ് പ്രബലമായ വികസനപക്ഷത്തിന്റെ ആവശ്യവും. ശാസ്ത്ര സാങ്കേതിക ശേഷികള്‍കൊണ്ട് ഇതിലും മാരകമായ എത്രയെത്ര രോഗങ്ങളെ മാനവരാശി ചെറുത്ത് തോല്‍പ്പിച്ചിരിക്കുന്നു! കോവിഡ് 19-നു കാരണമായ വൈറസിനെതിരെയുള്ള വാക്‌സിന്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കണ്ടെത്തുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പക്ഷേ, പുതിയ പുതിയ വൈറസുകള്‍ നമ്മെ ഭീഷണിപ്പെടുത്തി കൊണ്ടിരിക്കുന്നുവെന്ന  സത്യം മറച്ചു വയ്ക്കരുത്. ചിക്കന്‍ ഗുനിയ, ഡെങ്കു, നിപാ, എബോള, സാര്‍സ് തുടങ്ങി പുതിയ ഇനം വൈറസുകള്‍ നമ്മെ ആവര്‍ത്തിച്ചു ഭീഷണിപ്പെടുത്തി കൊണ്ടരിക്കുന്നത് എന്തുകൊണ്ടാണ്? 

വവ്വാലുകളിലും മറ്റു വന്യമൃഗങ്ങളിലും നിര്‍ദ്ദോഷമായി കഴിയുന്ന അനേകതരം വൈറസുകളുണ്ട്. അവയെക്കുറിച്ചു നമുക്കു സമഗ്രമായ അറിവില്ല. ഓരോ കാലത്തു അവയില്‍ ഓരോന്ന് മനുഷ്യനു വ്യാപകമായ രോഗങ്ങള്‍ പടര്‍ത്തുമ്പോള്‍ നമ്മള്‍ അവയെപ്പറ്റി പഠിക്കുകയും പ്രതിരോധം തീര്‍ക്കുകയും ചെയ്യുന്നു. ആവാസയോഗ്യമായ ഭൂമിയില്‍ ഈ അസന്തുലിതാവസ്ഥ വരുത്തിവച്ചത് മനുഷ്യര്‍ തന്നെയാണ്. വനഭൂമിയിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റമാണ് വൈറസുകളുടെ വാഹകരായ ജീവികള്‍ നാട്ടിലേക്കിറക്കുന്നതിനു മുഖ്യകാരണം.. അങ്ങനെ രോഗകാരികളായ വൈറസുകള്‍ നാടെങ്ങും പടരുന്നു. (മലേറിയ പണ്ട് കേരളത്തില്‍ പടര്‍ന്നു പിടിച്ചത് കുടിയേറ്റ ചരിത്രവുമായി ബന്ധപ്പെട്ടായിരുന്നുവെന്ന വസ്തുത നമുക്കറിയാം. കുടിയേറ്റം ആത്യന്തികമായി വനനശീകരണമായിരുന്നുവല്ലോ.) 

പ്രകൃതിയില്‍നിന്നു വ്യതിരിക്തനാണ് താനെന്നും പ്രകൃതിയെ അധീനപ്പെടുത്താനും ആവശ്യാനുസരണം ചൂഷണം ചെയ്യാനും അതിലൂടെയാണ് സമൂഹം വളരുന്നതെന്നുമുള്ള ആശയമാണ് പാശ്ചാത്യ വ്യാവസായിക ഉപഭോഗ സംസ്‌കൃതിയുടെ ആധാരശില. യൂറോപ്യന്‍ രാജ്യങ്ങളെ കൊളോണിയല്‍ ശക്തികളാക്കി മാറ്റിയതും കോളനികളിലെ ജനങ്ങളെ അധീനപ്പെടുത്താനും പ്രകൃതി വിഭവങ്ങളെ കൊള്ളയടിക്കാനും പ്രേരിപ്പിച്ചത്. ആ ബോധ്യമാണ്. ആ മനോഭാവത്തിന്റെ ആധുനികകാല രൂപപരിണാമമാണ് ഇന്ന് ലോകത്തെ ഭരിക്കുന്ന ഉപഭോഗ സംസ്‌കൃതി.

എവറസ്റ്റ് കൊടുമുടിയുടെ മുകളില്‍ കയറി കൊടിനാട്ടിയ ശേഷം 'എവറസ്റ്റ് കീഴടക്കി' എന്നു പറയാന്‍ പ്രേരിപ്പിക്കുന്ന മനഃശാസ്ത്രം കീഴടക്കലിനെ അവകാശമായി കാണുന്നു. സര്‍വ്വവും വെട്ടിപ്പിടിക്കാന്‍ ആ സമൂഹമനസ്സ് സദാ കുതികൊള്ളുന്നു. ഒഴുകുന്ന നദിയെ അണകെട്ടി തടഞ്ഞു നിര്‍ത്തി നമുക്കുവേണ്ട വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതില്‍ അന്തര്‍ഭവിച്ചിട്ടുള്ള അസ്വാഭാവികതയില്‍ അഭിമാനം കൊള്ളാനാണ് ആ സംസ്‌കൃതി പഠിപ്പിക്കുന്നത്. ഭൗതികമായ നേട്ടങ്ങള്‍ക്കും ജീവിത സുഖങ്ങള്‍ക്കുമപ്പുറം എന്തെങ്കിലും മൂല്യങ്ങളുണ്ടെന്നു സമ്മതിക്കാന്‍ പാശ്ചാത്യ നാഗരികതയ്ക്കു കഴിവില്ല. ആ നാഗരികതയുടെ ഉരുക്കുകൈകളാണ് ഇന്നു ലോകത്തിന്റെ സമ്പദ്വ്യവസ്ഥയെ അധൃഷ്യമായും അദൃശമായും നിയന്ത്രിക്കുന്നതും നയിക്കുന്നതും. രാഷ്ട്രങ്ങളുടെ സാമ്പത്തികനയങ്ങള്‍ ഇതിനു വിധേയമാണെന്ന പരമാര്‍ത്ഥം നമ്മള്‍ അംഗീകരിക്കണം.

ഏതാണ്ട് ഒരു നൂറ്റാണ്ടിനു മുന്‍പ് മഹാകവി രവീന്ദ്രനാഥ് ടാഗോര്‍ ദേശീയതയെക്കുറിച്ചുള്ള തന്റെ വിവാദപരമായ പ്രഭാഷണത്തില്‍ പറഞ്ഞ ചില വാക്യങ്ങള്‍ അവയുടെ ക്രാന്തദര്‍ശനത്തിന്റെ ഉജ്ജ്വലതകൊണ്ട് ഇവിടെ ഉദ്ധരിക്കാതിരിക്കാന്‍ കഴിയുന്നില്ല. 

''രാഷ്ടീയാധികാരവും വാണിജ്യ താല്‍പ്പര്യങ്ങളും ഒത്തുചേരുന്ന ഈ സംവിധാനം സാമൂഹ്യജീവിതത്തിലെ സമഞ്ജസാവസ്ഥയെ ബലികൊടുത്ത് സര്‍വ്വാധിപത്യം നേടുന്ന ദിവസം മാനവരാശിയുടെ ദുര്‍ദ്ദിനമായിരിക്കും. ഒരു പിതാവ് ചൂതാട്ടക്കാരനായി മാറുകയും കുടുംബത്തോടുള്ള ഉത്തരവാദിതങ്ങള്‍ മറക്കുകയും ചെയ്യുമ്പോള്‍ അയാള്‍ ഒരു മനുഷ്യനല്ലാതായിത്തീരുന്നു. ...സമൂഹത്തെ സംബന്ധിച്ചും ഇതാണ് സ്ഥിതി. കൃത്യമായി പ്രവര്‍ത്തിക്കുന്ന ഒരു യന്ത്രമായി സമൂഹം മാറിക്കഴിയുമ്പോള്‍ പിന്നെ ചെയ്യാന്‍ കഴിയാത്ത ഹീനകൃത്യങ്ങള്‍ ബാക്കിയുണ്ടാവില്ല. അത്തരമൊരു യന്ത്രത്തിന്റെ ലക്ഷ്യവും നീതീകരണവും ഏതു വിധേനേയും വിജയിക്കുക എന്നത് മാത്രമാവുമ്പോള്‍, നന്മ കാംക്ഷിക്കുന്ന മനുഷ്യരുടെ എതിര്‍ചേരിയില്‍ അതു നിലയുറപ്പിക്കുന്നു. ഈ യാന്ത്രിക ക്രമീകരണങ്ങളും സ്ഥാപനങ്ങളും ഭീമാകാരം കൈക്കൊള്ളുമ്പോള്‍ യന്ത്രത്തിന്റെ പണിയാളുകള്‍ തന്നെ യന്ത്രഭാഗങ്ങളാക്കപ്പെടും. അപ്പോള്‍ വ്യക്തി അരൂപിയാവും. യന്ത്രത്തിന്റെ ഭാഗങ്ങളായ മനുഷ്യര്‍ സഹാനുഭൂതിയോ ധാര്‍മ്മിക ഉത്തരവാദിത്വമോ തീണ്ടാതെ പ്രവൃത്തിച്ചുകൊണ്ടേയിരിക്കും.'' 

പാശ്ചാത്യ വ്യാവസായിക ഉപഭോഗ സംസ്‌കൃതിയുടെ ആത്മാവില്ലായ്മയെക്കുറിച്ചു 1909-ല്‍ ഗാന്ധിജി, 'ഹിന്ദ് സ്വരാജ്' എന്ന രചനയിലൂടെ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക്, വികസന ബദലുകള്‍ അന്വേഷിക്കുന്ന ഉത്തരാധുനിക കാലത്തു വലിയ പ്രസക്തി വന്നുകഴിഞ്ഞു. പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ ലോകത്തു ഉടലെടുക്കുന്നതിനും പാരിസ്ഥിതിക ദുരന്തങ്ങള്‍ ഇത്രയൊന്നും പ്രകടമാവുന്നതിനും അരനൂറ്റാണ്ടിനു മുന്‍പാണ് പാശ്ചാത്യ പരിഷ്‌കൃതിക്കെതിരെയുള്ള നിശിതമായ നിലപാട് ഗാന്ധിജി സ്വീകരിച്ചത്. കീടനാശിനികള്‍ മണ്ണിനും പ്രകൃതിക്കും മനുഷ്യനും വരുത്തുന്ന മാരകമായ അപകടങ്ങളെക്കുറിച്ചു മുന്നറിയിപ്പു നല്‍കിയ പ്രസിദ്ധമായ 'നിശ്ശബ്ദ വസന്തം' (Silent Spring by Rachel Carlons) പുറത്തുവരുന്നത് 1962-ലാണ്. പിന്നീട് ലോകം വളര്‍ച്ചയുടെ അതിരുകളെപ്പറ്റി (Limits to Growth) മെല്ലെ തിരിച്ചറിയാന്‍ തുടങ്ങി. 1909-ല്‍ തന്നെ ഗാന്ധിജി ഭയന്ന വികസനത്തിന്റെ 'ഇരുണ്ട മറുവശം' നമ്മള്‍ ഇന്നു കാണുന്നു. രണ്ടു ലോക യുദ്ധങ്ങളും 'എന്ത് വിലകൊടുത്തും സാമ്പത്തിക വളര്‍ച്ച' എന്ന ചരിത്രഘട്ടവും ഉപഭോഗ സംസ്‌കാരത്തിന്റെ ആഗോള ജൈത്രയാത്രയും കണ്ട് അമ്പരന്നു നില്‍ക്കുന്ന ഒരു വിഭാഗം ജനങ്ങളെയെങ്കിലും ഈ വികാസനോന്മാദം വരുത്തിതീര്‍ത്ത പാരിസ്ഥിക വിനാശസാധ്യതകള്‍ ഉല്‍ക്കണ്ഠപ്പെടുത്തുന്നുണ്ട്. യുവാക്കളില്‍ ഈ ആശങ്ക പടരുന്നതാണ് വലിയൊരാശ്വാസം. എന്നാല്‍, ഈ ഭ്രാന്തമായ ഉല്‍പ്പാദന  വിപണന - ഉപഭോഗ വിഷമവൃത്തത്തെ പൊട്ടിക്കാനുള്ള കരുത്ത് ബദല്‍ പ്രസ്ഥാനങ്ങള്‍ക്ക് ഇപ്പോഴുമില്ല എന്ന വസ്തുതയും മറന്നു കൂടാ. 

ഈ പശ്ചാത്തലത്തിലാണ് കൊവിഡ് മഹാമാരി വരുത്തി വച്ച ആഗോള സാമ്പത്തിക മാന്ദ്യത്തില്‍നിന്നു പുറത്തുവരാന്‍ ലോക രാജ്യങ്ങള്‍ ഏറ്റെടുക്കാന്‍ പോകുന്ന പുനരുജ്ജീവന പരിപാടികളെ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കേണ്ടത്. പാരിസ്ഥിതിക പരിഗണനകള്‍ ഇത്തരം ചര്‍ച്ചകളില്‍ ഇതുവരേയും സ്ഥാനം പിടിച്ചില്ല. ഇന്ത്യ ഉള്‍പ്പടെയുള്ള നിരവധി രാജ്യങ്ങള്‍ പല വിധത്തിലുള്ള ആനുകൂല്യങ്ങളും ഉത്തേജന പാക്കേജുകളും പ്രഖ്യാപിക്കുകയുണ്ടായി. കൊവിഡ് മഹാമാരി ഒഴിഞ്ഞു പോകുന്ന മുറയ്ക്ക് ഇനിയും നിരവധി ആനുകൂല്യങ്ങളും സമ്പദ്വ്യവസ്ഥയെ പൂര്‍വ്വസ്ഥിതിയിലെത്തിക്കാനുള്ള പരിപാടികളും ഉണ്ടാവും. നാം തുടര്‍ന്നു വന്ന വികസന മാതൃകയില്‍നിന്നു വ്യതിചലിക്കാനും വികസനത്തിന്റെ തോത് നിയന്ത്രിക്കാനും കൊവിഡ് അനന്തര വികസന ഘട്ടത്തില്‍ സാധിക്കണം. പരിസ്ഥിതിക്കുമേലുള്ള ആഘാതം ലഘൂകരിക്കുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കു പ്രത്യേക പ്രോത്സാഹനം നല്‍കുന്ന ഹരിത വികസന അജന്‍ഡ ഉണ്ടാകേണ്ട അവസരമാണിത്. ഒരു മഹാമാരിയുടെ കെടുതികളില്‍നിന്നു കരകയറാന്‍ അതിലും വലിയ ദുരന്തം ക്ഷണിച്ചു വരുത്തുന്ന മൂഢ വഴിയേ നടക്കാതിരിക്കാനുള്ള ഇച്ഛാശക്തി ഭരണകൂടങ്ങള്‍ക്കുണ്ടാകണം.

‍പകർച്ചവ്യാധിയുടെ കാലത്ത് അതിജീവനത്തിനായി പണിയെടുക്കുന്ന കർഷകൻ. ത്രിപുരയിൽ നിന്നുള്ള ദൃശ്യം
‍പകർച്ചവ്യാധിയുടെ കാലത്ത് അതിജീവനത്തിനായി പണിയെടുക്കുന്ന കർഷകൻ. ത്രിപുരയിൽ നിന്നുള്ള ദൃശ്യം

ലോക്ഡൗണ്‍ കാലത്തു ഉന്മേഷം വീണ്ടെടുത്ത പ്രകൃതി 

ഏതാനും ദിവസത്തെ ലോക്ഡൗണ്‍ കൊണ്ടുതന്നെ പ്രകൃതിയില്‍ ഉണ്ടായ ഹൃദ്യമായ മാറ്റങ്ങള്‍ ആരെയാണ് ആഹ്ലാദിപ്പിക്കാത്തത്? അന്തരീക്ഷ മലിനീകരണം കുറഞ്ഞു. പക്ഷികളും മൃഗങ്ങളും മനുഷ്യനെക്കുറിച്ചുള്ള ഭയമില്ലാതെ വിഹരിക്കാന്‍ തുടങ്ങി. ആഗോള മലിനീകരണത്തില്‍ ഗണ്യമായ കുറവുണ്ടായി. ദീര്‍ഘകാലം കൊണ്ടുണ്ടായ ദോഷകരമായ വ്യതിയാനങ്ങള്‍ ഇല്ലാതാക്കാന്‍ ഇക്കാലയളവില്‍ സാധിക്കുകയില്ലെങ്കിലും ചെറിയൊരു കരുതല്‍കൊണ്ട് പരിസ്ഥിതിയില്‍ അനുകൂല മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്ന പാഠം ലോക്ഡൗണ്‍ കാലം നമുക്കു നല്‍കി. അതു പ്രതീക്ഷ നല്‍കുന്ന പാഠമാണ്; തുടര്‍ പാഠങ്ങള്‍ വായിക്കാന്‍ നാം തയ്യാറാകുമെങ്കില്‍.

ലോക്ഡൗണ്‍ അവസാനിക്കുകയും എല്ലാം പഴയപോലെ പ്രവര്‍ത്തനക്ഷമമാവുകയും ചെയ്യുന്നതോടെ സ്ഥിതിഗതികള്‍ പഴയതുപോലെ വിനാശകരമാവും. ഇനി പ്രഖ്യാപിക്കാന്‍ പോകുന്ന ഉത്തേജന - പുനരുജ്ജീവന പാക്കേജുകളുടെ ഫലമായി, വളര്‍ച്ചാനിരക്ക് ഉയര്‍ത്താനുള്ള അന്തം വിട്ട വികസനക്കുതിപ്പില്‍, പാരിസ്ഥിതിക ആഘാതം വര്‍ദ്ധിക്കുകയേ ഉള്ളൂ. കാരണം സമ്പദ്വ്യവസ്ഥയില്‍ ഘടനാപരമായ അടിസ്ഥാന മാറ്റങ്ങള്‍ കൊണ്ടുവരാനും വികസനത്തിനു പുതിയ നിര്‍വ്വചങ്ങള്‍ കൊടുക്കാനും ഭരണകൂടങ്ങള്‍ ഇപ്പോള്‍ തയ്യാറാകുമെന്നു പ്രതീക്ഷിച്ചുകൂടാ. മഹാമാരിയില്‍നിന്നു രക്ഷപ്പെട്ടു പാരിസ്ഥിതിക ദുരന്തമെന്ന അഗാധഗര്‍ത്തത്തില്‍ പതിക്കാനായിരിക്കും തയ്യാറാവുക. വിഭവങ്ങളുടെ അമിതോപയോഗവും അനിയന്ത്രിതമായ ഉല്‍പ്പാദനത്വരയും അന്തരീക്ഷത്തേയും ജലസ്രോതസ്സുകളേയും സമുദ്രത്തേയും ഇനിയും മലിനമാക്കും. അതു ഭൂമിയെ കൂടുതല്‍ ദുര്‍ബ്ബലമാകും. ജൈവവൈവിധ്യവും വനസംരക്ഷണവും പരിഗണനയില്‍ രണ്ടാം നിരയിലേയ്ക്കു പോകാം. കാലാവസ്ഥ വ്യതിയാനം ഓരോ ജീവിതത്തേയും ആതുരമായി ബാധിക്കുന്ന നാളെകളാണോ ഈ പ്രതിസന്ധിയെ നേരിടാനുള്ള ഔഷധത്തിന്റെ മാരകമായ പാര്‍ശ്വഫലം? അത് പുതിയ ഇനം വൈറസുകളെ വന ജീവികളില്‍നിന്നു മനുഷ്യരിലേയ്ക്ക് വ്യാപനം ചെയ്യാന്‍ വേണ്ട സാഹചര്യം സൃഷ്ടിക്കുകയും ചെയ്യും. 

വേണ്ടത് ഹരിത പാക്കേജുകളും വ്യക്തി ജീവിതങ്ങളിലെ ലാളിത്യവും 

നമുക്കു ജീവിക്കാന്‍ ആരോഗ്യകരമായ ഒരു ലോകം മനുഷ്യനുള്‍പ്പടെയുള്ള സമസ്ത ജീവികളുടേയും അവകാശമാണ്. അതു യാഥാര്‍ഥ്യമാകണമെങ്കില്‍ ഓരോ വ്യക്തിയുടേയും ജീവിത ശൈലിയിലും ഉപഭോഗ സ്വഭാവത്തിലും കാതലായ മാറ്റങ്ങള്‍ ബോധപൂര്‍വ്വം വരുത്തിയെങ്കിലേ സാധിക്കൂ. പരിസ്ഥിതികമായ അപകടദശയിലൂടെയാണ് നാം കടന്നുപോകുന്നതെന്ന യാഥാര്‍ത്ഥ്യബോധം ഭരണകൂടങ്ങള്‍ക്കുണ്ടാകുന്നതിനു മുന്‍പ് ജനങ്ങളില്‍ ഉണ്ടാകണം. ഓരോ വ്യക്തിയും നിരുത്തരവാദപരമായ ഉപഭോഗ - ജീവിതശൈലിയുടെ അടിമകളാവുക വഴി, ഭൂമിയുടെ ആസന്നമൃത്യുവില്‍ പ്രതികളാണെന്നു തിരിച്ചറിയണം. ഇതിനു തടസ്സമായി നില്‍ക്കുന്ന അബദ്ധ ധാരണകളില്‍നിന്നുള്ള സ്വാതന്ത്ര്യമാണ് ആദ്യം നേടേണ്ടത്. ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കുന്നത് വഴി സന്തോഷം വര്‍ദ്ധിക്കുന്നില്ല എന്നു മനസ്സിലാക്കി ആ മരീചികയ്ക്ക് പിന്നാലെ നാം അലയുന്നുണ്ടോ എന്നു സ്വയം പരിശോധിക്കണം. കിടപ്പുമുറിയിലെ അലമാരയിലും അടുക്കളയിലും കുളിമുറിയിലും നാം വാങ്ങിക്കൂട്ടിയിരിക്കുന്ന വസ്തുക്കള്‍ വസ്തവത്തില്‍ ആവശ്യമുണ്ടോ? ആവശ്യവും ആര്‍ഭാടവും തമ്മില്‍ നാം വിവേചിച്ചറിയാന്‍ ശ്രമിക്കുന്നുണ്ടോ? ആവശ്യത്തിനു മാത്രം വാങ്ങുക എന്നതു ശീലമാക്കണം. വിരസതയില്‍നിന്നു രക്ഷനേടാനായി മാളിലേയ്ക്കു പോകുന്ന ശീലത്തെ സ്വയം വിലക്കുക. വില കൂടിയതെല്ലാം മികച്ചതാണെന്ന ധാരണയും. ഒരിക്കല്‍ കേടായ വസ്തുക്കള്‍ റിപ്പര്‍ ചെയ്ത് ഉപയോഗിക്കുന്നത് നാണക്കേടാണെന്നുമുള്ള വിചാരങ്ങള്‍ വര്‍ജ്ജിക്കണം. പണമുണ്ട് എന്നതുകൊണ്ടോ കടം കിട്ടും എന്നതുകൊണ്ടോ മാത്രം ഒന്നും വാങ്ങാതിരിക്കുക. ഓരോ മാസവും കടകളില്‍ ചെലവാക്കുന്ന തുക ക്രമാനുഗതമായി കുറച്ചു കൊണ്ടുവരിക. പുതിയ മോഡല്‍ മൊബൈല്‍ ഫോണുകളും വാഹനങ്ങളും അവ വിപണിയില്‍ ഇറങ്ങുമ്പോള്‍ത്തന്നെ വാങ്ങണമെന്നു കരുതുന്നവരുണ്ട്. പുതിയ മോഡലുകളില്‍ ഉണ്ടെന്നു അവകാശപ്പെടുന്ന അധിക സൗകര്യങ്ങള്‍ വാസ്തവത്തില്‍ വല്ല ആവശ്യവും ഉള്ളതാണോ എന്നു ചിന്തിക്കാന്‍ ശീലിക്കണം. 

ജാഗ്രതയുള്ള ഉപഭോക്താവുക മാത്രമാണ് ഈ വാണിജ്യ സംസ്‌കാരത്തിനു ബദല്‍ സൃഷ്ടിക്കുന്നതില്‍ വ്യക്തികള്‍ എന്ന നിലയ്ക്ക് നമുക്കു ചെയ്യാനാവുക. ആവശ്യങ്ങള്‍ കുറയ്ക്കുകയെന്നത് ഒരു ത്യാഗമല്ല നിലനില്‍പ്പിനുവേണ്ട കരുതലാണ്. ലളിതജീവിതം നയിക്കുന്നു എന്നതില്‍ അഭിമാനം കൊള്ളണം. ലാളിത്യമെന്ന മൂല്യം ഭൂമിയോടും ജലത്തോടും അന്തരീക്ഷത്തോടുമുള്ള നമ്മുടെ ബന്ധത്തെ ബന്ധുരമായി പുനര്‍നിര്‍വ്വചിക്കും. ഈ ഭൂമി അര്‍ഹിക്കുന്ന കൃതജ്ഞതയും കരുണയുമാണത്.

പ്രകൃതിയുടെ കര്‍ക്കശമായ ഈ മുന്നറിയിപ്പിനെങ്കിലും നമുക്കു ചെവി കൊടുക്കാം. നല്ല വായുവും നല്ല ജലവും മനുഷ്യരാശിക്കു മുഴുവന്‍ അവകാശപ്പെട്ടതാണെന്ന് അറിയുക. കൊവിഡ് മഹാമാരി രാജ്യാതിര്‍ത്തികളേയോ സാമ്പത്തിക നിലയേയോ മാനിച്ചില്ല എന്നു നമ്മള്‍ കണ്ടുവല്ലോ. പരിസ്ഥിതി ദുരന്തത്തിലും ഇതേ വിധിയായിരിക്കും മനുഷ്യകുലത്തിനെ കാത്തിരിക്കുന്നതെന്നു കൂടി ഈ മഹാമാരി നമ്മളോട് പറയുന്നുണ്ട്. സര്‍ക്കാര്‍ നയങ്ങള്‍ മാറുന്നതനുസരിച്ചു ജീവിത ശൈലി മാറ്റാം എന്നല്ല, ഓരോ വ്യക്തിയിലും ഉണ്ടാകുന്ന ലളിത്യത്തോടുള്ള ആഭിമിഖ്യത്തിന്റെ ബൃഹദ്പരിണതിയായി, അനാവശ്യമായ ഉപഭോഗത്തിലും പാരിസ്ഥിതികമായ ഉദാസീനതയിലും ഊന്നിയ ഇന്നത്തെ വികസനനയങ്ങളും സമീപനങ്ങളും തിരസ്‌കരിക്കാന്‍ സര്‍ക്കാരുകള്‍ നിര്‍ബ്ബന്ധിക്കപ്പെടും എന്നതാകണം നമ്മുടെ നിര്‍ണ്ണയവും പ്രതീക്ഷയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com