ലീഗ് പറയുമോ ഇസ്ലാമിക ഭരണം വേണ്ടെന്ന്?

ഈ ലേഖനത്തിന്റെ തലക്കെട്ടില്‍ ഉപയോഗിച്ച ലീഗ് എന്ന പദം രണ്ടു പാര്‍ട്ടികള്‍ക്ക് ഒരുപോലെ ബാധകമാണ്- ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗി(ഐ.യു.എം.എല്‍)നും ഇന്ത്യന്‍ നാഷണല്‍ ലീഗി(ഐ.എന്‍.എല്‍)നും
ലീഗ് പറയുമോ ഇസ്ലാമിക ഭരണം വേണ്ടെന്ന്?

ലേഖനത്തിന്റെ തലക്കെട്ടില്‍ ഉപയോഗിച്ച ലീഗ് എന്ന പദം രണ്ടു പാര്‍ട്ടികള്‍ക്ക് ഒരുപോലെ ബാധകമാണ്- ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗി(ഐ.യു.എം.എല്‍)നും ഇന്ത്യന്‍ നാഷണല്‍ ലീഗി(ഐ.എന്‍.എല്‍)നും. ആദ്യത്തെ ലീഗ് നിലവില്‍ യു.ഡി.എഫിനോടൊപ്പവും രണ്ടാമത്തെ ലീഗ് എല്‍.ഡി.എഫിനോടൊപ്പവുമാണ്. യു.ഡി.എഫിന്റെ കണ്ണില്‍ ഐ.യു.എം.എല്‍ വര്‍ഗ്ഗീയ കക്ഷിയല്ല. അതുപോലെ എല്‍.ഡി.എഫിന്റെ കണ്ണില്‍ ഐ.എന്‍.എല്ലും വര്‍ഗ്ഗീയ കക്ഷിയല്ല. 

ഇരുമുന്നണിയിലും ഓരോ ലീഗ് സജീവമായിരിക്കുമ്പോഴാണ് ലീഗേതര മുസ്ലിം മതമൗലിക വര്‍ഗ്ഗീയ പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ ഹസ്തമായി പ്രവര്‍ത്തിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിലേക്ക് ചേക്കേറുന്നത്. 2010-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് തൊട്ട്  ജമാഅത്തെ ഇസ്ലാമിയും 2011-ല്‍ നിലവില്‍വന്ന ശേഷം വെല്‍ഫെയര്‍ പാര്‍ട്ടിയും തദ്ദേശ തെരഞ്ഞെടുപ്പുകളിലെങ്കിലും ഏറെക്കുറെ പരസ്യമായിത്തന്നെ എല്‍.ഡി.എഫ് കൂടാരത്തില്‍ തമ്പടിച്ചവരാണ്. ഇടതുമുന്നണിയുടെ കടിഞ്ഞാണ്‍ പിടിക്കുന്ന സി.പി.ഐ.എം ജമാഅത്തിനേയും വെല്‍ഫെയറിനേയും തലോടുകയും താലോലിക്കുകയും ചെയ്തുപോന്നിട്ടുമുണ്ട്. 

അത്ര ദുരൂഹമൊന്നുമല്ലാത്ത ചില കാരണങ്ങളാല്‍ സമീപകാലത്ത് സി.പി.ഐ.എം ജമാഅത്ത്-വെല്‍ഫെയര്‍ പരിവാറിനോട് 'സാമൂഹിക അകലം' പാലിക്കാന്‍ തീരുമാനിച്ചു. അതിന്റെ പ്രമുഖ കാരണം ഇസ്ലാമിക മൗലികവാദത്തിന്റെ (ഇസ്ലാമിക രാഷ്ട്രവാദത്തിന്റെ) പ്രതിനിധാനമായ ജമാഅത്തെ ഇസ്ലാമിയോടും പോഷകസംഘടനകളോടും അടുപ്പം പുലര്‍ത്തുന്നത് രാഷ്ട്രീയാര്‍ത്ഥത്തില്‍ നഷ്ടക്കച്ചവടമാണെന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കു പില്‍ക്കാലത്ത് ബോധ്യപ്പെട്ടു എന്നതാണ്. എങ്ങനെ? കഴിഞ്ഞ രണ്ടു ദശാബ്ദങ്ങള്‍ക്കിടെ ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ട മിക്കവരും ഇസ്ലാമിക രാഷ്ട്രം (ഇസ്ലാമിക ഭരണം) എന്ന അറുപിന്തിരിപ്പന്‍ വര്‍ഗ്ഗീയാശയത്തിന്റെ വാഹകരാണ് ജമാഅത്തെ ഇസ്ലാമി എന്ന തിരിച്ചറിവ് നേടിയിട്ടുണ്ട്. അതിനാല്‍ത്തന്നെ ആ സംഘടനയെ രഹസ്യമായോ പരസ്യമായോ കൂട്ടുപിടിക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയേയും ഇടതുമുന്നണിയേയും ഹിന്ദുസമൂഹത്തില്‍പ്പെട്ടവരില്‍  ഗണ്യമായ ഒരു വിഭാഗം കയ്യൊഴിയുന്ന സ്ഥിതിവിശേഷം സംജാതമായിരിക്കുന്നു. ഈ പ്രവണത തങ്ങള്‍ക്ക് രാഷ്ട്രീയമായി വന്‍തിരിച്ചടിയുണ്ടാക്കും എന്ന ശരിയായ വിലയിരുത്തല്‍ സി.പി.ഐ.എം നടത്തി. അതിന്റെ ഫലശ്രുതിയത്രേ പത്തുപതിനഞ്ചു വര്‍ഷമായി ആ പാര്‍ട്ടി മൗദൂദിസ്റ്റ് കൂട്ടായ്മയോട് ഒളിഞ്ഞോ തെളിഞ്ഞോ പുലര്‍ത്തിപ്പോന്ന അനുരാഗഭാവത്തിനു വിരാമമിടാനുള്ള തീരുമാനം. 

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാലും ഇടതുമുന്നണിയാലും പരിത്യജിക്കപ്പെട്ട ജമാഅത്ത്-വെല്‍ഫെയര്‍ കുടുംബത്തെ കൂടെക്കൂട്ടാന്‍ യു.ഡി.എഫ് തീരുമാനിച്ചത്, നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സ്വാഭാവികം. അതിന് ഐക്യജനാധിപത്യമുന്നണി ചുമതലപ്പെടുത്തിയത് ലീഗ് നേതൃത്വത്തെയായിരുന്നു. ആ കൃത്യം കുഞ്ഞാലിക്കുട്ടി-ബഷീര്‍ ദ്വയം അതിസുന്ദരമായി നിര്‍വ്വഹിച്ചു. കേരളത്തിന്റെ രാഷ്ട്രീയ ചക്രവാളത്തില്‍ ഗതികിട്ടാപ്രേതമായി അലയുന്നതൊഴിവാക്കാന്‍ മൗദൂദിസ്റ്റ് പരിവാര്‍ യു.ഡി.എഫിന്റെ പരിരംഭണത്തില്‍ പരിപൂര്‍ണ്ണ മനസ്സോടെ അമരുകയും ചെയ്തു. 

കാര്യങ്ങള്‍ ഈ ഘട്ടത്തിലെത്തിയപ്പോഴാണ് വലത്-ഇടത് മുന്നണികളുടെ നേതാക്കന്മാര്‍ ജമാഅത്തെ ഇസ്ലാമി എന്ന കായസ്‌കരം മുന്നില്‍വെച്ച് പ്രസ്താവനായുദ്ധങ്ങള്‍ നടത്താന്‍ തുടങ്ങിയത്. ഇസ്ലാമിക രാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയേയും അതിന്റെ രാഷ്ട്രീയമുഖമായ വെല്‍ഫെയര്‍ പാര്‍ട്ടിയേയും കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് ഒക്കത്തെടുത്തുവെച്ചിരിക്കുന്നു എന്നു സി.പി.ഐ.എം; ജമാഅത്തെ ഇസ്ലാമിയുമായി ചര്‍ച്ച നടത്തുകയോ സഖ്യമോ ധാരണയോ ഉണ്ടാക്കുകയോ ചെയ്തിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസ്സന്‍ കോഴിക്കോട്ട് ജമാഅത്തെ ഇസ്ലാമിയുടെ സംസ്ഥാന അമീറിനെ ചെന്നു കണ്ട് ചര്‍ച്ച നടത്തി ചായ കുടിച്ചു പിരിഞ്ഞ ശേഷമുള്ള രാമചന്ദ്രന്റെ പ്രസ്താവന അംഗീകരിക്കാന്‍ സാക്ഷാല്‍ കോണ്‍ഗ്രസ്സുകാര്‍പോലും തയ്യാറായില്ല. 

ഐക്യജനാധിപത്യ മുന്നണിയുടെ ചുക്കാന്‍പിടിക്കുന്ന കോണ്‍ഗ്രസ്സിന്റെ സംസ്ഥാന അധ്യക്ഷനും ഇടത് ജനാധിപത്യമുന്നണിയുടെ വളയം പിടിക്കുന്ന സി.പി.ഐ.എമ്മും ജമാഅത്തെ ഇസ്ലാമിയെ തീണ്ടാപ്പാടകലെ നിര്‍ത്തണമെന്നു പറയുന്നത് ആ സംഘടനയുടെ ആത്മവത്തയായ ഇസ്ലാമിക രാഷ്ട്രവാദത്തിന്റെ (ഇസ്ലാമിക ഭരണവാദത്തിന്റെ) പേരിലാണ്. ആര്‍.എസ്.എസ്സിന്റെ ഹിന്ദുരാഷ്ട്രവാദം എത്രത്തോളം മതനിരപേക്ഷതാവിരുദ്ധവും ബഹുസ്വരതാവിരുദ്ധവുമാണോ അത്രത്തോളം തന്നെ മതനിരപേക്ഷതാവിരുദ്ധവും ബഹുസ്വരതാവിരുദ്ധവുമാണ് ജമാഅത്തിന്റെ ഇസ്ലാമിക രാഷ്ട്രവാദവും. ആ നിലയ്ക്ക് നോക്കുമ്പോള്‍ മതേതര ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന കോണ്‍ഗ്രസ്സും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും മൗദൂദിസ്റ്റ് സംഘടനയ്ക്കും അതിന്റെ അനുബന്ധ കൂട്ടായ്മകള്‍ക്കും രാഷ്ട്രീയ അസ്പൃശ്യത കല്പിക്കണമെന്നത് നൂറുശതമാനം ശരിയാണ്. 

പക്ഷേ, ഇവിടെ ഒരു പ്രശ്‌നമുണ്ട്. യു.ഡി.എഫിന്റെ ഭാഗമായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗും എല്‍.ഡി.എഫിന്റെ ഭാഗമായ ഇന്ത്യന്‍ നാഷണല്‍ ലീഗും ഇസ്ലാമിക രാഷ്ട്രവാദത്തേയും ഇസ്ലാമിക ഭരണവാദത്തേയും തിരസ്‌കരിക്കുന്നവയാണോ? 1948-ല്‍ മുഹമ്മദ് ഇസ്മായില്‍ പ്രഥമാദ്ധ്യക്ഷനായി നിലവില്‍വന്ന പാര്‍ട്ടിയാണ് ഐ.യു.എം.എല്‍. അതിന്റെ ഇപ്പോഴത്തെ ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീനും സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുമാണ്. ഇന്ത്യന്‍ നാഷണല്‍ ലീഗ് രൂപവല്‍ക്കരിക്കപ്പെട്ടതാകട്ടെ, 1994-ല്‍ ഇബ്രാഹിം സുലൈമാന്‍ സേട്ടുവിന്റെ കാര്‍മ്മികത്വത്തിലത്രേ. ആ പാര്‍ട്ടിയുടെ നിലവിലെ ദേശീയാദ്ധ്യക്ഷന്‍ മുഹമ്മദ് സുലൈമാനാണ്; കേരള സംസ്ഥാനാദ്ധ്യക്ഷന്‍ എ.പി. അബ്ദുള്‍ വഹാബും. തങ്ങള്‍ ഇസ്ലാമിക രാഷ്ട്രം (ഭരണം) എന്ന ആശയത്തിനെതിരാണെന്ന് മുസ്ലിം ലീഗിന്റേയോ നാഷണല്‍ ലീഗിന്റേയോ നേതാക്കള്‍ ഇന്നേവരെ പറഞ്ഞിട്ടില്ല. ലീഗിന്റെ സാരഥികളായ ഹൈദരലി ശിഹാബ് തങ്ങള്‍ക്കോ കുഞ്ഞാലിക്കുട്ടിക്കോ മുഹമ്മദ് ബഷീറിനോ ഐ.എന്‍.എല്‍ നേതാക്കളായ അബ്ദുല്‍ വഹാബിനോ അഹമ്മദ് ദേവര്‍കോവിലിനോ ഇസ്ലാമിക ഭരണവാദം മതേതര ജനാധിപത്യവിരുദ്ധവും പ്രതിലോമപരവും അതിനാല്‍ത്തന്നെ അസ്വീകാര്യവുമാണെന്ന അഭിപ്രായമുള്ളതായി ഒരു രേഖയിലും ആര്‍ക്കും ചൂണ്ടിക്കാട്ടാനാവില്ല. ഹിന്ദുരാഷ്ട്രവാദത്തെ എതിര്‍ക്കുന്ന അതേ തീവ്രതയില്‍ ഇസ്ലാമിക രാഷ്ട്രവാദത്തേയും എതിര്‍ക്കേണ്ടതുണ്ടെന്ന് അവരാരും ഇക്കാലംവരെ വ്യക്തമാക്കിയിട്ടുമില്ല. 

ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുമായി യു.ഡി.എഫ് ധാരണയുണ്ടാക്കുന്നു എന്നു വന്നപ്പോള്‍ അതിനെതിരെ ശബ്ദമുയര്‍ത്തി കളത്തിലിറങ്ങിയ സുന്നി സംഘടനകളുടേയും മുജാഹിദ് സംഘടനകളുടേയും സ്ഥിതിയും ഭിന്നമല്ല. ആ സംഘടനകളില്‍ ഒന്നുപോലും ഇസ്ലാമിക ഭരണം എന്ന ആശയം പിന്തിരിപ്പനാണെന്നോ തങ്ങള്‍ക്കത് തീര്‍ത്തും അസ്വീകാര്യമാണെന്നോ വ്യക്തമാക്കിയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടില്ല. ഇ.കെ. സുന്നിവിഭാഗത്തെ നയിക്കുന്ന ജിഫ്രി മുത്തുകോയ തങ്ങളോ എ.പി. സുന്നിവിഭാഗത്തെ നയിക്കുന്ന കാന്തപുരം അബൂബക്കര്‍ മുസ്ല്യാരോ മുജാഹിദ് സംഘടനകളുടെ അമരക്കാരോ ഇസ്ലാമിക രാഷ്ട്രവും ഇസ്ലാമിക ഭരണവും വേണ്ടെന്ന് എവിടെയെങ്കിലും എപ്പോഴെങ്കിലും പറഞ്ഞതിന് തെളിവേതുമില്ല. തങ്ങളുടെ ഏതെങ്കിലും രേഖകളില്‍ ഇസ്ലാമിക ഭരണമെന്ന ആശയം തങ്ങള്‍ നിരുപാധികം തള്ളിക്കളയുന്നു എന്ന് അവര്‍ മാലോകരെ അറിയിച്ചിട്ടേയില്ല. 

രാഷ്ട്രീയപ്പാര്‍ട്ടികളായ മുസ്ലിംലീഗായാലും നാഷണല്‍ ലീഗായാലും മതസ്വരൂപങ്ങളായ സുന്നി-മുജാഹിദ് സംഘടനകളായാലും അവ വ്യക്തമാക്കിയത് മുസ്ലിങ്ങള്‍ ന്യൂനപക്ഷമായ ഇന്ത്യയില്‍ ഇസ്ലാമിക ഭരണവാദത്തിനു പ്രായോഗിക പ്രസക്തിയില്ല എന്നു മാത്രമാണ്. ഇസ്ലാമിക ഭരണം എന്ന ആശയത്തിലധിഷ്ഠിതമായ ഇസ്ലാമിക രാഷ്ട്രസങ്കല്പം വര്‍ജ്ജിക്കപ്പെടേണ്ട തിന്മയാണെന്ന നിലപാട് ഒരുകാലത്തും അവരാരും കൈക്കൊണ്ടിട്ടില്ല. ഇന്ത്യ മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമല്ലാത്തിടത്തോളം കാലം പ്രസ്തുത സങ്കല്പം മുന്നോട്ടുവെയ്ക്കുന്നത് വിവേകരാഹിത്യമാണ് എന്നതാണവരുടെ കാഴ്ചപ്പാട്. ഇന്ത്യയിലെ ജനസംഖ്യയില്‍ ഇപ്പോള്‍ ഹിന്ദുക്കളും ക്രൈസ്തവരുമുള്‍പ്പെടെയുള്ള അമുസ്ലിങ്ങള്‍ 85 ശതമാനം വരും. ആ നിലമാറി രാജ്യത്തെ മുസ്ലിം ജനസംഖ്യ 80-85 ശതമാനത്തിലേയ്ക്കുയര്‍ന്നാല്‍ ഇരു ലീഗും മുസ്ലിം മതസംഘടനകളും ഇവിടെ ഇസ്ലാമിക ഭരണം അപ്രായോഗികമാണെന്നും അതിനാല്‍ ആ ഭരണത്തിനുവേണ്ടി മുസ്ലിങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതില്ലെന്നും പറയുമോ? ഇല്ല എന്നുറപ്പ്. മറിച്ചാണ് വാദമെങ്കില്‍ അക്കാര്യം മുകളില്‍ പരാമര്‍ശിച്ച മുസ്ലിം പാര്‍ട്ടികളും മതസംഘടനകളും വളച്ചുകെട്ടില്ലാതെ വെട്ടിത്തുറന്നു പറയണം. 

അങ്ങനെ സംഭവിക്കുന്നില്ല എന്നതുകൊണ്ടാണ് ഇവിടെ ജമാഅത്തെ ഇസ്ലാമി ക്രമേണ വേര് പിടിച്ചുവന്നത്. ജമാഅത്തിതര മുസ്ലിം സംഘടനകളുടെ സൈദ്ധാന്തിക പാപ്പരത്തമാണ് മൗദൂദിസ്റ്റ് സംഘടനയുടെ ഏറ്റവും വലിയ മൂലധനം. ഇസ്ലാം മതം സമ്പൂര്‍ണ്ണ ജീവിതപദ്ധതിയാണെന്ന് ജമാഅത്തെ ഇസ്ലാമി സിദ്ധാന്തിക്കും; സുന്നി-മുജാഹിദ് സംഘടനകള്‍ മാത്രമല്ല, രണ്ട് ലീഗും അത് തലകുലുക്കി സമ്മതിക്കുകയും ചെയ്യും. ഇസ്ലാം സമ്പൂര്‍ണ്ണ ജീവിതപദ്ധതിയാണെങ്കില്‍ രാഷ്ട്രീയം കൂടി അതിന്റെ ഭാഗമല്ലേ എന്നും ഇസ്ലാമിക രാഷ്ട്രീയം മാറ്റിനിര്‍ത്തിയാല്‍  ഇസ്ലാം പിന്നെ എങ്ങനെ സമ്പൂര്‍ണ്ണ ജീവിതപദ്ധതിയാകും എന്നുള്ള മൗദൂദിസ്റ്റുകളുടെ ചോദ്യത്തിനു തൃപ്തികരമായ മറുപടി നല്‍കാന്‍ ജമാഅത്തിതര സംഘടനകള്‍ക്ക് ഈ നിമിഷം വരെ സാധിച്ചിട്ടില്ല. ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിക്കുന്ന രാഷ്ട്രീയ മുന്നണിയെ വിമര്‍ശിക്കുന്ന മുസ്ലിം മത, രാഷ്ട്രീയ സംഘടനകള്‍ ഇസ്ലാം സമ്പൂര്‍ണ്ണ ജീവിതപദ്ധതിയല്ലെന്നും ഇസ്ലാമിക ഭരണം തങ്ങള്‍ക്കു വേണ്ടെന്നും പ്രഖ്യാപിക്കുമോ? അവ (ഐ.യു.എം.എല്‍, ഐ.എന്‍.എല്‍ എന്നിവ) അങ്ങനെ ചെയ്യാത്തിടത്തോളം കാലം കോണ്‍ഗ്രസ്സോ സി.പി.ഐ.എമ്മോ അത്തരം പാര്‍ട്ടികളുമായി സഖ്യത്തില്‍ തുടരുമ്പോള്‍ അവരും ഇസ്ലാമിക ഭരണവാദികളെ നെഞ്ചേറ്റി നടക്കുന്നു എന്നതല്ലേ സത്യം?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com