'സുകുമാരക്കുറുപ്പാണോ എന്ന് ഉറപ്പ് വരുത്താന്‍ ഏതാനും മണിക്കൂര്‍ ആ മനുഷ്യന്‍ സ്റ്റേഷനിലുണ്ടായിരുന്നു'

ശ്രദ്ധേയമായ ആദ്യ അനുഭവം ഐ.പി.എസ്. പരിശീലനകാലത്ത്, ഹൈദരാബാദിലെ നാഷണല്‍ പൊലീസ് അക്കാദമിയില്‍വെച്ചായിരുന്നു
എ ഹേമചന്ദ്രൻ ഐപിഎസ് (റിട്ട)
എ ഹേമചന്ദ്രൻ ഐപിഎസ് (റിട്ട)

ച്ചടക്കം എന്ന വാക്ക് ആദ്യം കേട്ടത് എവിടെ വച്ചാണ്? അതോര്‍മ്മയില്ല. ''അച്ചടക്കമില്ലാത്ത ജീവിതം കുത്തഴിഞ്ഞ  പുസ്തകം പോലെയാണ്'' എന്നൊരു വാചകം അയിരൂര്‍ സെന്റ് തോമസ് യു.പി സ്‌കൂളില്‍വെച്ച് ഉപന്യാസ മത്സരത്തില്‍ പ്രയോഗിച്ചത് ഓര്‍മ്മയുണ്ട്; അര്‍ത്ഥമറിയാതെയായിരുന്നെങ്കിലും. അന്നതിന് മനോഹരമായ ഒരു ബൈബിള്‍ സമ്മാനമായി കിട്ടുകയും ചെയ്തു. പൊലീസില്‍, തുടക്കം മുതല്‍ ഒടുക്കം വരെ ആവര്‍ത്തിച്ച് കേട്ടിട്ടുള്ള വാക്കാണ് അച്ചടക്കം. ആലപ്പുഴയില്‍ എസ്.പി ആയപ്പോള്‍ ഞാന്‍ അവിടെ പൊലീസിലെ  അച്ചടക്കത്തിന്റെ അധികാരി കൂടി ആയി. നിയമപ്രകാരം വലിയ അധികാരമാണത്; കോണ്‍സ്റ്റബിള്‍ മുതല്‍ അസിസ്റ്റന്റ് സബ്ബ് ഇന്‍സ്പെക്ടര്‍ വരെയുള്ളവരെ ഡിസ്മിസ് ചെയ്യാന്‍ വരെയുള്ള അര്‍ദ്ധ ജുഡീഷ്യല്‍  അധികാരം. പൊലീസ് ഉദ്യോഗസ്ഥന്റേത് അച്ചടക്കമുള്ള വ്യക്തിത്വം ആയിരിക്കണം; അശേഷം സംശയമില്ല. എന്നാല്‍,  എന്റെ അനുഭവത്തില്‍, പൊലീസ് ഉദ്യോഗസ്ഥന്  അച്ചടക്കമെന്നാല്‍ ആദ്യം ആത്മനിയന്ത്രണമാണ്; പിന്നീട് വലിയ ഉത്തരവാദിത്വമാണ്' ഏറ്റവും അവസാനം മാത്രം അധികാരവുമാണ്.

ശ്രദ്ധേയമായ ആദ്യ അനുഭവം ഐ.പി.എസ്. പരിശീലനകാലത്ത്, ഹൈദരാബാദിലെ നാഷണല്‍ പൊലീസ് അക്കാദമിയില്‍വെച്ചായിരുന്നു. അവിടെ, അച്ചടക്കത്തിന്റെ ഖഡ്ഗം എന്റെ സുഹൃത്ത് രാജേഷ് ദിവാന്റെ തലയ്ക്കു മുകളില്‍ തൂങ്ങി. സര്‍വ്വീസിന്റെ ആ ഘട്ടത്തില്‍ അച്ചടക്കം ഗുരുതരമായ  പ്രശ്‌നമാണ്. കാരണം, പ്രൊബേഷന്‍ കാലമായതിനാല്‍, നിങ്ങള്‍ക്ക് ഐ.പി.എസ് ഉദ്യോഗസ്ഥനായി ജോലി ചെയ്യാനുള്ള അഭിരുചി ഇല്ല എന്നുമാത്രം പറഞ്ഞ് സര്‍വ്വീസില്‍നിന്ന് പുറത്താക്കിയാല്‍ പിന്നെ രക്ഷയില്ല. നിങ്ങള്‍ പുറത്തുപോകും. സര്‍വ്വീസില്‍നിന്നും അങ്ങനെ പുറത്തായവരുണ്ട്. കുറ്റാരോപണം നടത്തി നടപടി സ്വീകരിച്ചാല്‍ അതിനെ പ്രതിരോധിക്കാന്‍ അവസരങ്ങളുണ്ട്. 'അഭിരുചി' പ്രശ്‌നത്തില്‍ പ്രൊബേഷന്‍ അവസാനിപ്പിച്ചാല്‍, കോടതികള്‍ പോലും ഇടപെടാറില്ല. കാരണം, അതൊരു ശിക്ഷാനടപടിയല്ല. അക്കാലത്ത് അക്കാദമിയില്‍ തുടങ്ങിയ ഒരു പരിഷ്‌ക്കാരമാണ് രാജേഷ് ദിവാന് വിനയായത്. പരിശീലനവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രൊബേഷണര്‍മാരുടെ അഭിപ്രായം ഓരോ ആഴ്ചയും രേഖാമൂലം വാങ്ങുന്ന ഒരു സമ്പ്രദായം അക്കാലത്ത് ആരംഭിച്ചിരുന്നു. അഭിപ്രായം രേഖപ്പെടുത്തിയ ശേഷം സ്വന്തം പേരെഴുതി ഒപ്പിടുകയോ അതൊഴിവാക്കുകയോ ചെയ്യാം. സ്വതന്ത്രമായ അഭിപ്രായ പ്രകടനം നിര്‍ഭയം രേഖപ്പെടുത്താനായിരുന്നു അങ്ങനെ ചെയ്തത്. രാജേഷ് ദിവാന്‍ ധീരോദാത്തമായി ഒരഭിപ്രായം രേഖപ്പെടുത്തി സ്വന്തം പേരില്‍ത്തന്നെ.  അത് ഞങ്ങളുടെ ഐ.പി.എസ് മെസ്സിനെ കുറിച്ചായിരുന്നു. ഞങ്ങളുടെ താമസം, ആഹാരം എല്ലാം അവിടെയായിരുന്നു. ഐ.പി.എസ് മെസ്സിന്റെ ചുമതലയുണ്ടായിരുന്നത് അന്ന് എസ്.പി റാങ്കിലുള്ള ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹം  തന്നെ ഞങ്ങളെ പീനല്‍കോഡും മാനേജ്‌മെന്റ് വിഷയങ്ങളും പഠിപ്പിച്ചിരുന്നു. ദിവാന്റെ അഭിപ്രായത്തില്‍ അദ്ദേഹം ഞങ്ങളെ പഠിപ്പിക്കുന്നത് മാനേജ്‌മെന്റ് ആയിരുന്നെങ്കിലും ഐ.പി.എസ് മെസ്സ് നടത്തിപ്പില്‍ പ്രാക്ടീസ് ചെയ്തിരുന്നത് mismanagement (ദുര്‍ഭരണം) ആയിരുന്നു.

ഈ അഭിപ്രായപ്രകടനം ഗുരുതരമായ അച്ചടക്കപ്രശ്‌നമായി. ഫാക്കല്‍റ്റി മീറ്റിംഗില്‍ ഈ വിഷയം ഗൗരവമായി ഉയര്‍ന്നു. കര്‍ശന നടപടി, സസ്പെന്‍ഷന്‍ തുടങ്ങിയ ആവശ്യങ്ങളെല്ലാം പരിഗണിക്കണമെന്നായി. അച്ചടക്കത്തിന്റെ നിയമങ്ങളും ചട്ടങ്ങളും എല്ലാം തലനാരിഴകീറി പരിശോധിക്കുകയാണെങ്കില്‍ സംഭവം അച്ചടക്കലംഘനമായിട്ടെടുക്കാം. അന്തിമമായി തീരുമാനിക്കേണ്ടത് ഡയറക്ടറാണ്. അദ്ദേഹം മറ്റുള്ള പ്രൊബേഷണര്‍മാര്‍ ഐ.പി.എസ് മെസ്സിനെപ്പറ്റി പറഞ്ഞിരുന്ന അഭിപ്രായം പരിശോധിച്ചു. മെസ്സിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും ഏറെ മെച്ചപ്പെടേണ്ടതുണ്ടെന്നും ഉള്ള അഭിപ്രായം കുറേ പേര്‍ രേഖപ്പെടുത്തിയിരുന്നു. ഈ വസ്തുതയ്ക്ക് വിശാലമനസ്‌ക്കനായ ഡയറക്ടര്‍ എ.എ. അലി മതിയായ പരിഗണന നല്‍കി. അത് രാജേഷ് ദിവാന് രക്ഷയായി. വലിയ ഭീഷണിയായി വന്ന അച്ചടക്ക പ്രശ്‌നം പിന്നീട് വിശദീകരണത്തിലൊതുങ്ങി. ഇവിടെ തീരുമാനമെടുത്ത ഡയറക്ടര്‍ അലിയുടെ  കാഴ്ചപ്പാട് വളരെ പ്രധാനപ്പെട്ട ഘടകമാണ്. അദ്ദേഹം അധികാരത്തിന്റെ ഖഡ്ഗം എടുത്ത് വീശിയില്ല. ഒരു യുവ ഐ.പി.എസ് ഉദ്യോഗസ്ഥന്റെ യാതൊരു ദുരുദ്ദേശ്യവുമില്ലാത്ത, വൈകാരികമായ ഒരഭിപ്രായപ്രകടനത്തെ വിശാലമായ കാഴ്ചപ്പാടില്‍ നോക്കിക്കാണാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ആ ഉദ്യോഗസ്ഥനെ ശരിയായ വഴിയിലേയ്ക്ക് നയിക്കാന്‍ ഉതകുന്ന സമീപനമായിരുന്നു അത്. അച്ചടക്കവിഷയത്തില്‍ അതൊരു നല്ല മാതൃകയായിരുന്നു. പരിധിയില്ലാത്ത അധികാരം വിനിയോഗിക്കുന്ന വ്യക്തികള്‍ക്ക് ഉന്നതമായ മൂല്യബോധവും വിശാലമായ വീക്ഷണവും ഉണ്ടാകണം. 

അതികഠിനമായ ശിക്ഷ നല്‍കുന്നതില്‍ അഭിരമിച്ചിരുന്ന  ഉദ്യോഗസ്ഥരേയും പൊലീസില്‍ കണ്ടിട്ടുണ്ട്. ആ പ്രതിച്ഛായയുമായി പ്രണയത്തിലാണവര്‍; ഗ്രീക്ക് പുരാണത്തിലെ പ്രസിദ്ധനായ നാര്‍സിസസ്സിനെപ്പോലെ.  അതും നീതിനിഷേധത്തിലേയ്ക്ക് നയിക്കാം. വ്യക്തിനിഷ്ഠമായ ഇത്തരം വ്യതിയാനങ്ങള്‍ എല്ലാ മേഖലകളിലും കാണാം. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസുകളില്‍ മാത്രം നല്‍കേണ്ടതാണ് വധശിക്ഷ എന്നാണ് സുപ്രീംകോടതി ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളത്. എന്നാല്‍, തന്റെ മുന്നില്‍ വരുന്ന മിക്ക കൊലപാതക കേസുകളേയും ആ ഗണത്തില്‍പ്പെടുത്തി വധശിക്ഷ വിധിക്കുന്ന ജഡ്ജിമാരും രാജ്യത്തുണ്ടാകാറുണ്ട്. അത്തരക്കാരും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നു തോന്നുന്നു. 

നാഷണല്‍ പൊലീസ് അക്കാദമിയില്‍നിന്ന് പുറത്തുകടക്കും മുന്‍പ് ഞാന്‍ കൂടി ഉള്‍പ്പെട്ട ഒരു 'വലിയ അച്ചടക്കപ്രശ്നം' പറയേണ്ടതുണ്ട്. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ഞാനന്നവിടെ ഡെപ്യൂട്ടി ഡയക്ടറായിരുന്നു. സംഭവത്തിന്റെ തുടക്കം ഒരു ക്ലാസ്സ്മുറിയിലാണ്. പൊലീസ് നൈതികത(Police Ethics) ആയിരുന്നു വിഷയം. മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച്. ഒരു കേസ് സ്റ്റഡിയുടെ വെളിച്ചത്തില്‍ ചര്‍ച്ച ചെയ്യുകയായിരുന്നു. അതില്‍ ഐ.പി.എസ് പ്രൊബേഷണര്‍മാരും ഫാക്കല്‍റ്റി അംഗങ്ങളും എല്ലാം പങ്കെടുക്കുന്നുണ്ടായിരുന്നു. അന്നത്തെ ഡയറക്ടറും സന്നിഹിതനായിരുന്നു. അര്‍ദ്ധവൃത്താകൃതിയിലുള്ള ക്ലാസ്സ്മുറിയില്‍ മുഴുവന്‍ പ്രൊബേഷണര്‍മാരേയും ഫാക്കല്‍റ്റിക്ക് വളരെ അടുത്തു കാണാം. അതാണ് ക്ലാസ്സ്മുറിയുടെ വിന്യാസം. അപ്പോള്‍ ഏതെങ്കിലും പ്രൊബേഷണര്‍ അശ്രദ്ധമായിരിക്കുകയോ മറ്റേതെങ്കിലും പ്രവൃത്തിയിലേര്‍പ്പെടുകയോ ചെയ്താല്‍ അത് ഫാക്കല്‍റ്റിയുടെ ശ്രദ്ധയില്‍പ്പെടും. അതിനിടെ ഒരു വനിതാ പ്രൊബേഷണര്‍ ഇടയ്ക്കിടെ തൊട്ടടുത്തിരുന്ന സഹപാഠിയോട് എന്തോ സംസാരിക്കുന്നുണ്ടായിരുന്നു. ഇത് ഡയറക്ടറുടെ ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹം അവരെ ശാസിച്ചശേഷം അല്പം അകലേയ്ക്ക് മാറി ഇരിക്കാന്‍ പറഞ്ഞു. അവര്‍ സീറ്റ് മാറുമ്പോള്‍ മുഖത്ത് അതിയായ രോഷവും സങ്കടവും പ്രകടമായിരുന്നു. ഞാനതു കണ്ടു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒന്നാം ക്ലാസ്സിലെ കുട്ടിയും ഐ.പി.എസ് പ്രൊബേഷണറും തമ്മില്‍ വ്യത്യാസമൊന്നുമില്ല. മാനുഷികമായ വികാരം ഒന്നുതന്നെ. അത് പ്രകടിപ്പിക്കുന്ന രീതി വ്യത്യസ്തമായിരിക്കാം എന്നുമാത്രം. 

ലഞ്ചിനു മുന്‍പിലത്തെ അവസാന ക്ലാസ്സായിരുന്നു അത്. ക്ലാസ്സ് കഴിഞ്ഞു എല്ലാപേരും പിരിഞ്ഞു. വീട്ടിലെത്തി ലഞ്ചിനു ശേഷം അടുത്ത സെഷന്‍ തുടങ്ങും മുന്‍പുള്ള ചെറിയ ഇടവേളയില്‍ ഞാനൊന്നു മയങ്ങി. ഇന്റര്‍കോം ഫോണ്‍ബെല്‍ ആണെന്നെ ഉണര്‍ത്തിയത്. മറ്റെ അറ്റത്ത് സീറ്റ് മാറിയിരുന്ന കുട്ടി; അല്ല, ഐ.പി.എസ് ഉദ്യോഗസ്ഥ ആയിരുന്നു. 'I don't like this nonsense sir' (ഈ അസംബന്ധം എനിക്ക് പറ്റില്ല സര്‍) എന്നു പറഞ്ഞാണ് തുടങ്ങിയത്. ഉച്ചത്തിലും അതിവേഗത്തിലും വാക്കുകള്‍ ഇടതടവില്ലാതെ പുറത്തുവന്നു; മാലപ്പടക്കത്തിന്റെ അറ്റത്ത് തീപിടിച്ചപോലെയായിരുന്നു അത്. ക്ലാസ്സിലെ മാറ്റിയിരുത്തലാണ് വിഷയം എന്നു മനസ്സിലായി. ഡയറക്ടറുടെ നടപടിയോടുള്ള രോഷപ്രകടനമായിരുന്നു അത്. മാലപ്പടക്കം പൊട്ടുന്നതിനിടയില്‍ 'I am not a child' (ഞാന്‍ കൊച്ചുകുട്ടിയൊന്നുമല്ല); 'I will resign from IPS' (ഞാന്‍ ഐ.പി.എസ്സില്‍നിന്ന് രാജിവയ്ക്കും); എന്നൊക്കെ പറയുന്നുണ്ട്. ഞാനൊന്നും പറഞ്ഞില്ല. പറയാന്‍ എനിക്കിടം കിട്ടിയില്ല എന്നതാണ് സത്യം. ഇങ്ങനെ അഞ്ചു മിനിട്ടെങ്കിലും പറഞ്ഞുകാണും. അവസാനം 'I thought you are slightly different sir' (സാറല്പം വ്യത്യസ്തനാണെന്നു തോന്നി) 'That is why I am talking this' (അതുകൊണ്ടാണിതു പറയുന്നത്) എന്ന്. തുടര്‍ന്ന് 'I am sorry sir, very sorry sir.' (ക്ഷമിക്കണം, തീര്‍ത്തും ക്ഷമിക്കണം സാര്‍) എന്നും പറഞ്ഞു. ഞാന്‍ ഛഗ എന്നു പറഞ്ഞു. 'Now I feel ok sir' (ഇപ്പോള്‍ ഞാന്‍ ശരിയായി സാര്‍) എന്നു പറഞ്ഞാണ് ഫോണ്‍ വെച്ചത്. അതെങ്ങനെ 'ഓകെ' ആകും? ഐ.പി.എസ് പ്രെബേഷണര്‍ അക്കാദമി ഡയറക്ടര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഡെപ്യൂട്ടി ഡയറക്ടറോട് തന്നെ പറയുക. ഇതൊക്കെ രേഖയിലായാല്‍ പ്രൊബേഷണര്‍ പുലിവാല് പിടിച്ചതുതന്നെ. പക്ഷേ, ഞാനങ്ങനെയൊന്നും ചിന്തിച്ചില്ല. സര്‍വ്വീസില്‍ പുതുതായി ചേര്‍ന്ന ഒരംഗത്തിന്റെ മനസ്സ് വ്രണപ്പെട്ടു. വിങ്ങിയ മനസ്സിന്റെ  വികാരം അണപൊട്ടി പുറത്തുവന്നു; അത്രമാത്രം. ഒരു തമാശ പോലെയേ അന്നത് കണ്ടുള്ളു. അന്നത്തെ ഡയറക്ടറും ഡെപ്യൂട്ടിയായിരുന്ന ഞാനും ഐ.പി.എസ്സില്‍നിന്ന്  വിരമിച്ച്  വിടപറഞ്ഞു. പഴയ പ്രൊബേഷണറിപ്പോള്‍ ഐ.ജിയാണ്. അവരാരെയൊക്കെയോ ഇപ്പോള്‍  അച്ചടക്കം പഠിപ്പിക്കുന്നുണ്ടാകും!

അധികാരം എവിടെ? എങ്ങനെ?

നിയമം മൂലം കൈവരുന്ന അധികാരം ദുരുപയോഗം ചെയ്യാതെ എവിടെ, എങ്ങനെ ശരിയായി വിനിയോഗിക്കണം എന്നത്  വെല്ലുവിളിയാണ്. അവിടെയാണ് പൊലീസുദ്യോഗസ്ഥന്റെ അച്ചടക്കം  ആത്മനിയന്ത്രണവും ഉത്തരവാദിത്വവും കൂടി  ആകുന്നത്. എല്ലാ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കും അതു ബാധകമാണ്.  വടകര പൊലീസ് സ്റ്റേഷനില്‍ ഞാനെത്തും മുന്‍പ് അവിടെ ഒരു സംഭവമുണ്ടായി. അക്കാലത്ത് പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് മലയാളിയുടെ മനസ്സില്‍ നിറഞ്ഞുനിന്നിരുന്നു. പലരേയും കുറുപ്പെന്ന സംശയത്തില്‍ നാട്ടുകാര്‍ തടഞ്ഞുവെയ്ക്കുകയും പൊലീസുകാര്‍ സ്റ്റേഷനില്‍ കൊണ്ടുപോവുകയും ഒക്കെ ഉണ്ടായിട്ടുണ്ട്. അങ്ങനെ സംശയിച്ചൊരാളെ വടകര ബസ് സ്റ്റാന്‍ഡില്‍നിന്ന് സ്റ്റേഷനില്‍ കൊണ്ടുവന്നിരുന്നു. സുകുമാരക്കുറുപ്പാണോ എന്ന് അന്വേഷിച്ച് ഉറപ്പ് വരുത്താന്‍ ഏതാനും മണിക്കൂര്‍ ആ മനുഷ്യന്‍ സ്റ്റേഷനിലുണ്ടായിരുന്നു. പിന്നീട് എസ്.ഐ വന്നപ്പോഴാണ് അദ്ദേഹം മറ്റൊരിടത്തെ മജിസ്‌ട്രേട്ടാണെന്നു മനസ്സിലാക്കിയത്. അല്പം മദ്യപിച്ചിരുന്നതുകൊണ്ടോ മറ്റോ ആണെന്ന് തോന്നുന്നു അദ്ദേഹവും ജോലിയുടെ കാര്യം പൊലീസുകാരോട് പറഞ്ഞിരുന്നില്ല. എസ്.ഐ വരട്ടെയെന്ന് കരുതിയതാകാം. പിന്നീട് അദ്ദേഹത്തിന് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ സ്റ്റേഷനില്‍ നിന്നുണ്ടായോ എന്ന്  എസ്.പി. ചോദിച്ചു. പരാതിയൊന്നും ഇല്ലായിരുന്നുവെങ്കിലും പൊലീസുകാര്‍ ഇടയ്ക്കിടെ അദ്ദേഹത്തെ നോക്കി കമന്റ് ചെയ്തുവത്രേ: ''എന്നാലും കുറുപ്പേ, ആ പാവത്തിനെ കത്തിച്ചുകളഞ്ഞില്ലേ'' എന്നൊക്കെ.  ഇത്തരം 'തമാശ'കളും അടിസ്ഥാനപരമായി അച്ചടക്കത്തിന്റെ പ്രശ്‌നം തന്നെയാണ്. പൊലീസിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലും അധികാരത്തിലുമുള്ള ഒരു ഇടത്തില്‍ മറ്റൊരാളെ അനാവശ്യമായി മുറിവേല്പിച്ച് അതില്‍ സന്തോഷം കണ്ടെത്തുന്നതില്‍നിന്നും പിന്തിരിപ്പിക്കേണ്ടതും അച്ചടക്കത്തില്‍നിന്നുണ്ടാകേണ്ടുന്ന ആത്മനിയന്ത്രണം തന്നെയാണ്. ഏത് അക്കാദമിക്കാണിത് പഠിപ്പിക്കാനാകുക? 

മറ്റൊരു ചെറിയ അനുഭവം കുന്നംകുളം സബ്ബ് ഡിവിഷനില്‍ ജോലി ചെയ്യുമ്പോഴുണ്ടായത് മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നു. അന്നെന്റെ പൊലീസ് ജീപ്പ് ഡ്രൈവര്‍ രതീഷ് എന്ന യുവാവ് ആയിരുന്നു. ഒരു ദിവസം ഞങ്ങള്‍ അത്യാവശ്യമായി വടക്കാഞ്ചേരിക്കു പോകുകയായിരുന്നു. കുറേ കാറുകള്‍ ജീപ്പിനു മുന്‍പില്‍ പോകുന്നുണ്ട്. അതൊരു വിവാഹപ്പാര്‍ട്ടിയായിരുന്നു. തൊട്ട് മുന്നിലുള്ള കാര്‍ ഓവര്‍ടേക്ക് ചെയ്യാന്‍  ഡ്രൈവര്‍ രതീഷ്  കുറേ ശ്രമിച്ചെങ്കിലും കാര്‍ ഡ്രൈവര്‍ അതിനിടം തരുന്നുണ്ടായിരുന്നില്ല. മനപ്പൂര്‍വം തടസ്സം നിന്നതാണ്. ഏറെ നേരം കഴിഞ്ഞാണ് അത് ഓവര്‍ടേക്ക് ചെയ്യാന്‍ കഴിഞ്ഞത്. മുന്നില്‍ കയറിയ ഉടന്‍ ജീപ്പ് കാറിനു തൊട്ട് മുന്നിലായി ഇട്ട് അത് തടസ്സപ്പെടുത്തി നിര്‍ത്താന്‍ ശ്രമിച്ചു. പൊലീസ് ജീപ്പിനെ ബുദ്ധിമുട്ടിച്ച ആളെ പാഠം പഠിപ്പിക്കണമല്ലോ എന്ന് എന്റെ ഡ്രൈവര്‍ ചിന്തിച്ചിരിക്കണം. ആ ഉദ്യമത്തില്‍  നിന്നയാളെ പിന്‍തിരിപ്പിച്ചിട്ട് ഞാന്‍ പറഞ്ഞു: ''ഇതൊരു വിവാഹപ്പാര്‍ട്ടിയാണ്; നമ്മള്‍ ഈ കാര്‍ തടഞ്ഞാല്‍ അത് എല്ലാവര്‍ക്കും ബുദ്ധിമുട്ടാകും. ആ ഡ്രൈവറുടെ വിവരക്കേടിന് ഒരു മംഗളകര്‍മ്മത്തിനു പോകുന്ന മുഴുവന്‍ ആളുകള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കണ്ട.'' അവിടെ ഇടപെടാന്‍ അധികാരമുണ്ടായിരിക്കാം; അധികാര പ്രയോഗം ഉത്തരവാദിത്വവുമായി  സമന്വയിപ്പിക്കുന്നതും അച്ചടക്കത്തിന്റെ ഭാഗം തന്നെ.

ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇത്തരം ഇടപെടല്‍ നടത്തുകയും തന്റെ കീഴില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ ശരിയായി നിയന്ത്രിക്കുകയും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്ന എസ്.ഐമാരും സി.ഐമാരും എല്ലാം തന്നെ അച്ചടക്കം വളര്‍ത്തുകയാണ്. അത്തരം നിയന്ത്രണങ്ങളില്ലാതെ വരുമ്പോഴാണ് അച്ചടക്കമെന്നാല്‍ സസ്പെന്‍ഷനും അന്വേഷണവും ശിക്ഷയുമൊക്കെ ആകുന്നത്. ഞാനാദ്യം കുന്നംകുളം എ.എസ്.പി ആകുമ്പോള്‍, അവിടെ  ഗുരുവായൂര്‍ സര്‍ക്കിള്‍ ഓഫീസില്‍ ചില പൊലീസുദ്യോഗസ്ഥര്‍ വഴിവിട്ട് പ്രവര്‍ത്തിക്കുന്നു എന്നൊരു ആരോപണമുണ്ടായിരുന്നു. അക്കാര്യത്തില്‍ ഒരിടപെടല്‍ ആശാസ്യമാണെന്നു തോന്നി. അവിടെയുള്ള ഓരോ പൊലീസുദ്യോഗസ്ഥനും ഓരോ ദിവസവും നിര്‍വ്വഹിക്കുന്ന ജോലിയുടെ  റിപ്പോര്‍ട്ട് ആഴ്ചതോറും വാങ്ങാന്‍ ഏര്‍പ്പാടാക്കി. വളരെ ലളിതമായ ആ നടപടി, തങ്ങളുടെ പ്രവര്‍ത്തനം ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ നിരീക്ഷിക്കുന്നുണ്ട് എന്ന തോന്നല്‍ അവരില്‍ സൃഷ്ടിച്ചിരിക്കണം. അതെന്തായാലും അക്കാലത്ത് ആ ഉദ്യോഗസ്ഥരെക്കുറിച്ച് പരാതി ഉണ്ടായില്ല. യഥാസമയം ജാഗ്രതയോടെ നടത്തുന്ന ചെറിയ  ഇടപെടലുകളാണ് വലിയ അച്ചടക്ക ലംഘനങ്ങള്‍ ഒഴിവാക്കുന്നത്.    

എന്നാല്‍, ഒരുതരത്തിലും ഒഴിവാക്കാന്‍ നിര്‍വ്വാഹമില്ലാത്ത ഗുരുതരമായ ഒരു അച്ചടക്ക ലംഘനം ആലപ്പുഴ എസ്.പി എന്ന നിലയില്‍ കൈകാര്യം ചെയ്യേണ്ടിവന്നു. അനധികൃത മദ്യത്തിനെതിരെ നിയമപരമായ നടപടി അക്കാലത്ത് ജില്ലയിലുടനീളം സ്വീകരിച്ചിരുന്നു. തുടക്കത്തില്‍, ചിലയിടങ്ങളില്‍ അല്പം താല്പര്യക്കുറവും മന്ദഗതിയും ഒക്കെ ഉണ്ടായിരുന്നുവെങ്കിലും പെട്ടന്നതു മാറി. പൊതുവേ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നല്ല സഹകരണമുണ്ടായി. പൊലീസ് സംവിധാനത്തിന്റെ കരുത്ത് അതാണ്. ജില്ലയിലെ പൊലീസ് മേധാവി ഉത്തരവാദിത്വം ഏറ്റെടുക്കുകയാണെങ്കില്‍ സഹപ്രവര്‍ത്തകര്‍ സഹകരിക്കുകതന്നെ ചെയ്യും. പലര്‍ക്കും അത് വളരെ സന്തോഷകരവുമാണ്. കാരണം, ഇന്നലെ വരെ അവിഹിത സ്വാധീനംകൊണ്ട് തടഞ്ഞു നിര്‍ത്തിയിരുന്ന ഇടങ്ങളില്‍ ശരിയായ നടപടി സ്വീകരിക്കാന്‍ കഴിയുന്നത് തൊഴില്‍പരമായ അന്തസ്സിന്റേയും കൂടി കാര്യമാണല്ലോ. എന്നാല്‍, ഒരു ഉദ്യോഗസ്ഥന്‍ ഒറ്റയാനായി മാറി നില്‍ക്കുന്നതുപോലെ തോന്നി. അയാളന്ന് മവേലിക്കര സ്റ്റേഷന്‍ ഹൗസ് ഓഫീസറായിരുന്നു. കുറേ വര്‍ഷത്തെ പരിചയമുള്ള നേരിട്ട് എസ്.ഐ ആയി നിയമനം ലഭിച്ച ഉദ്യോഗസ്ഥനായിരുന്നു അയാള്‍. ആ പൊലീസ് സ്റ്റേഷന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ത്തന്നെ നിയമം ലംഘിച്ച് മദ്യവ്യാപാരം നടക്കുന്നുണ്ടായിരുന്നു. കേസെടുത്ത് കുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ രേഖാമൂലം നിര്‍ദ്ദേശം നല്‍കിയെങ്കിലും അതൊന്നും അയാള്‍ ഗൗനിക്കുന്നതായി കണ്ടില്ല. 'ധിക്കാരപരം' എന്ന് കണക്കാക്കാവുന്ന നിലപാട് തന്നെയായിരുന്നു അയാളുടേത്. 

അധികാരം: ആര്‍ത്തിയും ലഹരിയും

സ്വന്തം സ്വാധീനത്തില്‍നിന്നും ലഭിച്ച ആത്മവിശ്വാസം അതിരുകളില്ലാത്തതാണെന്ന് അയാള്‍ കരുതിയെന്നു തോന്നി. അങ്ങനെ ഒരു തോന്നല്‍ ചില ഐ.പി.എസ്സുകാര്‍ക്കും ഒക്കെ ഉണ്ടാകുന്നത് ചിലപ്പോള്‍  കണ്ടിട്ടുണ്ട്. അതൊരുതരം ലഹരിയാണ്. താന്‍ വഹിക്കുന്ന പദവി, അല്ലെങ്കില്‍ താനിരിക്കുന്ന കസേര നല്‍കുന്ന നിയമപരമായ അധികാരം തന്നെ ഒരു ലഹരിയായി തോന്നാം. ഒപ്പം സ്ഥലത്തെ ഭരണകക്ഷി രാഷ്ട്രീയത്തിലെ പ്രമുഖരെന്ന് കരുതുന്നവരുടെ പിന്തുണയും കൂട്ടത്തില്‍ പണത്തോടുള്ള ആര്‍ത്തിയും. ഇതെല്ലാം  കൂടിയാകുമ്പോള്‍ അതപകടകരമായ ഒരു മിശ്രിതമാണ്. ആ കോക്ടെയില്‍  സൃഷ്ടിക്കുന്ന  ആസക്തിയില്‍ പെട്ടാല്‍ പിന്നെ പെരുമാറ്റച്ചട്ടം, അച്ചടക്കം, മേലുദ്യോഗസ്ഥന്‍ എന്നതൊക്കെ തീര്‍ത്തും   അപ്രസക്തമാണെന്നു തോന്നും. ആ ദൂഷിതവലയത്തിന് അതിന്റേതായൊരു സാമൂഹ്യ മനഃശാസ്ത്രമുണ്ടെന്നു തോന്നുന്നു. തൊഴില്‍പരമായി പ്രാപ്തനായിരുന്ന ആ ഉദ്യോഗസ്ഥന് അവസരങ്ങള്‍ പലതും നല്‍കിയിട്ടും എന്റെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചുതന്നെ അയാള്‍ മുന്നോട്ടു പോയി. 'I walk slowly, but I never walk backward' (ഞാന്‍ പതുക്കെയാണ് നടക്കുന്നത്; പക്ഷേ പിന്നോട്ട് നടക്കില്ല) എന്ന എബ്രഹാംലിങ്കന്റെ പ്രസിദ്ധമായ വാക്കുകള്‍ എന്നെ വളരെ ആകര്‍ഷിച്ചിട്ടുണ്ട്. ഇനിയും നടപടി സ്വീകരിച്ചില്ലെങ്കില്‍ അത് പിന്നോട്ടുള്ള നടത്തം ആകും എന്നെനിക്കു തോന്നി. 

എസ്.പി എന്ന നിലയില്‍ എന്റെ മുന്നില്‍ രണ്ടു വഴികളുണ്ടായിരുന്നുവെന്നു കരുതി. ഒന്നുകില്‍ അയാളെ അവിടെനിന്ന് മാറ്റുക. അത് എസ്.പിയുടെ അധികാരപരിധിയിലുള്ള കാര്യമാണ്. മാറ്റം ഇവിടെ ഉചിതമാകില്ലെന്നു തോന്നി. അയാളുടെ പ്രവൃത്തി നിയമപരമായ നിര്‍ദ്ദേശങ്ങളുടെ ആവര്‍ത്തിച്ചുള്ള അവഗണനയാണ്. അത് ഗുരുതരമായ അച്ചടക്കലംഘനമാണ്. ആ സ്വഭാവം കണക്കിലെടുത്തുള്ള അച്ചടക്കനടപടി അനിവാര്യമാണ്. അക്കാര്യത്തില്‍ എനിക്ക് ശുപാര്‍ശ ചെയ്യാം. നടപടി സ്വീകരിക്കേണ്ടത് ഡി.ഐ.ജി ആണ്. ഡി.ഐ.ജി അയാളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാലോ എന്നെനിക്കു തോന്നാതിരുന്നില്ല. അതിന് ചില കാരണങ്ങളും ഉണ്ടായിരുന്നു. എന്തായാലും ശരിയായ നടപടി അതാണെന്ന നിലയില്‍ മുന്നോട്ടുപോയി.  പ്രാപ്തനായ ഒരു പൊലീസുദ്യോഗസ്ഥനെ ചുമതലപ്പെടുത്തി ആ സ്റ്റേഷനിലയച്ച് അയാളെക്കൊണ്ട് അവിടെ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന മദ്യഷാപ്പുകള്‍ റെയ്ഡ് ചെയ്തു കേസെടുത്ത് പ്രതികളെ അറസ്റ്റുചെയ്തു. അത്തരം ഗുരുതരമായ ഒരു സാഹചര്യം അവിടെയുണ്ടാക്കിയതിന്റെ ഉത്തരവാദിത്വം, നിരന്തരം രേഖാമൂലം നല്‍കിയ നിര്‍ദ്ദേശങ്ങളുടെ ലംഘനം, എല്ലാം കൃത്യതയോടെ തയ്യറാക്കി, ആ ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്യാനുള്ള ശുപാര്‍ശയോടെ ഡി.ഐ.ജിക്ക് റിപ്പോര്‍ട്ട് അയച്ചു. അയാളെ സസ്പെന്റ് ചെയ്യാതെ ഒരു നിവൃത്തിയുമില്ലായിരുന്നുവെന്ന് വ്യക്തമായിരുന്നു. അങ്ങനെ ആ ഉദ്യോഗസ്ഥന്‍ സസ്പെന്‍ഷനിലായി. പൊലീസ് സംവിധാനം അങ്ങനെയാണ്. രേഖാമൂലം കൃത്യമായ റിപ്പോര്‍ട്ട് കിട്ടിയിട്ടും കുറ്റക്കാരനെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ സ്വന്തം ഉത്തരവാദിത്വം അതില്‍ വരും. അതിനാരും സാധാരണയായി അക്കാലത്ത്  തയ്യാറാകില്ലായിരുന്നു. പില്‍ക്കാലത്ത് അതിനും തയ്യാറാകുന്ന അപൂര്‍വ്വ വ്യക്തിത്വങ്ങളേയും കണ്ടിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥനും മാനുഷികമായ വീഴ്ചകളുണ്ടാകാം. അതെല്ലാം ശിക്ഷിക്കപ്പെടേണ്ടതാണ് എന്ന കാഴ്ചപ്പാട് എനിക്കില്ല. വളരെ സഹാനുഭൂതിയോടെ പരിഗണിക്കേണ്ടുന്ന ധാരാളം സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഇത് അസാധാരണമായിരുന്നു.

അടുത്തിടെ ഒരു ഡി.വൈ.എസ്.പി പറഞ്ഞത് ഓര്‍ക്കുന്നു. എസ്.പിയുടെ റാങ്കിലുള്ള ഒരു  ഉദ്യോഗസ്ഥന്റെ ഓഫീസില്‍ ചെന്നാല്‍ ഒരിക്കലും അദ്ദേഹം ഇരിക്കാന്‍ അനുവദിക്കില്ലത്രെ. അതിന്റെ യുക്തി എനിക്കു മനസ്സിലായില്ല. പൊലീസ് സംവിധാനത്തിനുള്ളില്‍ കര്‍ശനമായ അച്ചടക്കം പാലിക്കേണ്ടതാണെന്ന് ആരും സമ്മതിക്കും. എന്നാല്‍, അധികാരശ്രേണിയില്‍ നടക്കുന്ന വിനിമയങ്ങളിലെല്ലാം താഴെയുള്ള സഹപ്രവര്‍ത്തകന്റെ അന്തസ്സ് സംരക്ഷിക്കപ്പെടണം. വ്യക്തിയുടെ അന്തസ്സ് (digntiy) ഹനിക്കപ്പെടുന്ന  സാഹചര്യം അച്ചടക്കമില്ലായ്മയുടെ പ്രതിഫലനം തന്നെയാണ്. എ.ഡി.ജി.പി ആയും ഡി.ജി.പി ആയും ജോലി നോക്കുമ്പോള്‍ പോലും പൊലീസുകാര്‍ റാങ്കു വ്യത്യാസമില്ലാതെ എന്റെ മുന്നില്‍ ഇരിക്കാറുണ്ടായിരുന്നു. അതിലൂടെ അച്ചടക്കമൊന്നും ചോര്‍ന്നുപോയിട്ടില്ല. ആത്മവിശ്വാസം നഷ്ടമാകുമ്പോഴാണ് ഉദ്യോഗസ്ഥര്‍ ഇത്തരം ഫ്യൂഡല്‍ പ്രവണതകള്‍ ആര്‍ജ്ജിക്കുന്നതെന്നു തോന്നുന്നു. അത് തെറ്റാണ്; കേരളത്തില്‍  പ്രത്യേകിച്ചും. വ്യക്തിയുടെ അന്തസ്സ് മാനിച്ചാല്‍ നഷ്ടമാകുന്നതാണ് പൊലീസിലെ  അച്ചടക്കമെങ്കില്‍ ആ അച്ചടക്കംകൊണ്ട് എന്ത്  പ്രയോജനം.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com