ജനാധിപത്യത്തിന് ജര്‍മനിയുടെ പാഠങ്ങള്‍ 

ക്രൂരതയുടെ പര്യായമായി മാറിയ ജർമൻ ഭരണാധികാരി അഡോൾഫ് ഹിറ്റ്ലർ അണികൾക്ക് നടുവിൽ
ക്രൂരതയുടെ പര്യായമായി മാറിയ ജർമൻ ഭരണാധികാരി അഡോൾഫ് ഹിറ്റ്ലർ അണികൾക്ക് നടുവിൽ

ഭാരതം രണ്ടു ദര്‍ശനങ്ങളുടെ മധ്യത്തില്‍ ഒരു പ്രതിസന്ധിയിലൂടെയാണ് ജീവിക്കുന്നത്. രണ്ടു ഇന്ത്യകളാണ് രണ്ടു ദര്‍ശനങ്ങള്‍ കാഴ്ചവയ്ക്കുന്നത്. അവ രണ്ടും തമ്മില്‍ സഹകരണം സാധ്യമാണ് എന്നു തോന്നുന്നില്ല. ഇന്ത്യന്‍ ജനാധിപത്യം ഉണ്ടായത് ഗാന്ധിജി, നെഹ്രു തുടങ്ങിയവരുടെ ഇന്ത്യ എന്ന കാഴ്ചപ്പാടില്‍നിന്നാണ്. അത് ഒരു യാഥാര്‍ത്ഥ്യമല്ല; അത് ഒരു വീക്ഷണമാണ്. സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ ഈ രണ്ടു വീക്ഷണങ്ങളും വിരുദ്ധ ചേരിയിലുമായിരുന്നു. അതു യുദ്ധ കാലവുമായിരുന്നു. ബ്രിട്ടീഷ് പക്ഷത്തു നെഹ്രുവും ഗാന്ധിയും നിന്നപ്പോള്‍ ഹിന്ദുത്വയുടെ വീക്ഷണക്കാര്‍ ജനാധിപത്യ വിശ്വാസികള്‍ക്കെതിരെ നാസി പക്ഷത്താണ് നിലയുറപ്പിച്ചത്. ശശി തരൂര്‍ എഴുതിയതുപോലെ ബഹുസ്വരതയുടെ ഇന്ത്യ ഈ വര്‍ഷങ്ങളിലൂടെ ഹിന്ദുത്വയുടെ ഇന്ത്യയായി മാറിയിരിക്കുന്നു. സവര്‍ക്കറും ഹെഡ്ഗെവാറും ഗോള്‍വല്‍ക്കറുമൊക്കെ ആ കാലഘട്ടത്തിലെ ഭിന്നമായ ചിന്താപദ്ധതികളുടെ നേതാക്കളും ചിന്തകരുമായിരുന്നു. സിന്ധുസ്ഥാന്‍ അഥവാ ഹിന്ദുസ്ഥാന്‍ 'ആര്യന്മാരുടെ ഏറ്റവും നല്ല രാജ്യ'മാണെന്നതും അത് ഒരു പദമല്ല അതൊരു ചരിത്രമാണെന്നും സവര്‍ക്കര്‍ എഴുതി. സവര്‍ക്കറും ഗോള്‍വര്‍ക്കറുമൊക്കെ നാസി അനുഭാവികളായിരുന്നു. ഗോള്‍വല്‍ക്കറുടെ ഭാഷയില്‍ അക്കാലത്തെ നാസി ''ജര്‍മനിയില്‍നിന്നു നാം നല്ല പാഠം പഠിക്കുകയും അതില്‍നിന്നു ലാഭകരമായി പലതും സ്വീകരിക്കുന്നുമുണ്ട്'' എന്നു വ്യക്തമായി എഴുതിയിരുന്നു. ഇവരില്‍ ചിലര്‍ മുസ്സോളിനിയുമായും ബന്ധപ്പെട്ടിരുന്നു.

എന്നാല്‍, ഇന്നു ഹിന്ദുത്വയുടെ നേതാക്കള്‍ ഈ നാസി ബന്ധത്തെക്കുറിച്ചു നിശ്ശബ്ദമാണ്. ജര്‍മനിയില്‍നിന്നു പഠിക്കുന്നതിനെക്കുറിച്ചു പരസ്യമായി ഒന്നും പറഞ്ഞു കണ്ടിട്ടില്ല. പൂര്‍വ്വ ചരിത്രത്തോടുള്ള അവരുടെ മനോഭാവം വ്യക്തമാക്കിയിട്ടുമില്ല. അവരുടെ നിശ്ശബ്ദതയെ ഒരു പരിധിയില്‍ കൂടുതല്‍ വ്യാഖ്യാനിക്കാനും സാധ്യമല്ല. ജനാധിപത്യ ഇന്ത്യയെ അത് 'ഒരു ആര്യവര്‍ഗ്ഗ'ത്തിന്റെ അധീശത്വത്തിലേക്കു നയിക്കുമോ? ജര്‍മനിയില്‍ ഹിറ്റ്ലര്‍ അധികാരത്തില്‍ വന്നതു ജനാധിപത്യത്തിലൂടെയാണ്. ജര്‍മനിയുടെ ആ പാഠം ഇന്നു ലോകത്തില്‍ ഭയമാണുണ്ടാക്കുന്നത്. മാനവികതയുടെ മരണകാലമായി അതു ചരിത്രം അടയാളപ്പെടുത്തുന്നു.

ഫ്രെഡറിക് നീഷേ 

നാസി ചിന്തയും നാസി പാര്‍ട്ടിയും ജര്‍മന്‍ മണ്ണിലാണ് വളര്‍ന്നത്. അതു സംഭവിക്കുമ്പോള്‍ ജര്‍മനിയില്‍ ഫ്രെഡറിക് നീഷേ മരിച്ചിട്ട് 33 വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. ദരീദ എഴുതിയതുപോലെ മരണം ഒരാളുടെ അവസാനമല്ല, നീഷേ ജര്‍മനിയില്‍ മരിച്ചില്ല; ജര്‍മന്‍ ജനതയുടെ ആത്മാഭിമാനം തകര്‍ത്ത കാലമായിരുന്നു അത്. ജനാധിപത്യത്തിന്റെ തകര്‍ച്ചയാണ് അവര്‍ രാഷ്ട്രീയമായി കണ്ടനുഭവിച്ചത്. നീഷേ സാങ്കല്പികമായി വിഭാവനം ചെയ്ത കവിയും പ്രവാചകനുമാണ് സരാത്തൂസ്ര. ഈ പ്രവാചകന്‍ പറഞ്ഞു: ''മനുഷ്യന്‍ മനുഷ്യനെ അതിക്രമിച്ചു വളരണം.'' വല്ലാത്ത അധോഗതിയുടെ ലോകത്തില്‍ ജീവിച്ചവരോട് നിഷേ പറഞ്ഞു: ''ഒരു ദിവസം എന്റെ പേര് അത്ഭുതാവഹമായ ഒന്നിന്റെ ഓര്‍മ്മയിലൂടെ സ്മരിക്കപ്പെടും. താരതമ്യമില്ലാത്ത ഒരു പ്രതിസന്ധി, അഗാധമായ മനസ്സാക്ഷിയുടെ സംഘട്ടനം. വിശുദ്ധമെന്നും അനിവാര്യമെന്നും വിശ്വസിക്കപ്പെട്ട എല്ലാറ്റിനുമെതിരായി വിഭാവനം ചെയ്യപ്പെട്ട നിശ്ചയം. ഞാന്‍ മനുഷ്യനല്ല ഡൈനമിറ്റാണ്. മനുഷ്യന്‍ മനുഷ്യനെ അതിജീവിച്ച് അതിമാനുഷനാകണം. പഴയ മൂല്യങ്ങള്‍ വീണ്ടുവിചാരണയ്ക്കു വിധേയമാക്കണം. പാശ്ചാത്യ സംസ്‌കാരത്തിന്റെ പുരോഗതിയെക്കുറിച്ചുള്ള മിഥ്യ പുനഃപരിശോധിക്കണം. സോക്രട്ടീസും ക്രൈസ്തവികതയും സംസ്‌കാരത്തിനുള്ളിലെ വിഷമായി; യൂറോപ്പിന്റെ തനതായ സംസ്‌കാരം അധഃപതിച്ചു നശിച്ചു. കാലികളുടെ ജനാധിപത്യവും കാലികളുടേയും അടിമകളുടേയും ധാര്‍മ്മികതയും സമാധാനത്താല്‍ വന്ധീകരിക്കപ്പെട്ട പുരുഷത്വവും നാം വിട്ടുകളയണം. ഡയനീഷ്യസിന്റെ വേട്ടയും ആര്യ സംസ്‌കാരത്തിന്റെ ഔന്നത്യവും മുറുകെപ്പിടിക്കണം. ആരോഗ്യകരമായ മിലിറ്ററിസം താഴ്ന്ന വര്‍ഗ്ഗങ്ങളുടെ വിധേയപ്പെടുത്തുന്ന അഭിമാനത്തോടും അഹന്തയോടും സമരസപ്പെട്ടു. ഇച്ഛയുടെ അധികാര സ്ഥാപനത്തിനുവേണ്ടിയുള്ള ഉയര്‍ന്ന വര്‍ഗ്ഗത്തിന്റെ ആധിപത്യം സ്ഥാപിക്കണം. യഹൂദരില്‍നിന്നു ജനിച്ച ഏതു മതവും സ്വാഭാവികമായി ഉയര്‍ന്ന വര്‍ഗ്ഗത്തിന്റെ ജൈവവാസനകളെ തണുപ്പിച്ചു നശിപ്പിക്കുകയേയുള്ളൂ. ക്രൈസ്തവകഥകളുടെ സ്ഥാനത്ത് ജര്‍മന്‍ ആത്മാവിന്റെ വീരസാഹസിക കഥകള്‍ വരണം; ജര്‍മന്‍ വംശത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കണം. പുതിയ ആര്യന്മാര്‍ ശക്തരും ഉറപ്പുള്ളവരും ശുദ്ധിയുള്ളവരുമാകണം.''

ജര്‍മന്‍ ജനതയുടെ സാമൂഹികമായ സംഘബോധത്തില്‍ കാര്യമായി മുറിവു പറ്റിയ കാലഘട്ടത്തില്‍ നിഷേയുടെ സ്വാധീനം ചിന്തകരിലും ജനതകളിലും വ്യാപകമായി വളര്‍ന്നു. നീഷേയുടെ സംസ്‌കാരം വിമര്‍ശനത്തിന്റേയും കാഴ്ചപാടുകളുടേയും വീക്ഷണങ്ങളെ പുതിയൊരു വഴിയേയാണ് അവരെ കാണിച്ചത്. അത് ഒരു പരീക്ഷണ സാധ്യതയായിരുന്നു. നീഷേയുടെ വാക്കുകളേയും കാഴ്ചപ്പാടുകളേയും നാസികള്‍ വിദഗ്ദ്ധമായി ഉപയോഗിച്ച് അദ്ദേഹത്തെ അവരുടെ ചിന്തകനാക്കി എന്നതു വാസ്തവമാണ്. പക്ഷേ, നീഷേ ഒരു നാസിയായിരുന്നുവെന്ന് ഒരു ചരിത്രകാരനും അംഗീകരിക്കുന്നുമില്ല. ഇവിടെ ചോദ്യത്തിനു നിരവധി ഉത്തരങ്ങളുണ്ട്. നാസികള്‍ അവരുടെ പ്രത്യയശാസ്ത്രത്തിനു നീഷേയുടെ വാക്കുകളെ ആധാരമാക്കി. നിരന്തരമായും ശക്തമായും യഹൂദ വിരുദ്ധനായിരിക്കേ തന്നെ നീഷേ അവരുടെ മഹത്വവും അംഗീകരിച്ചിരുന്നു. നീഷേയില്‍ ദേശീയ വര്‍ഗ്ഗീയത ഉണ്ടായിരുന്നോ എന്നതു സംശയമാണ്. നീഷേ ഒരിക്കലും ഫാസിസത്തിന്റെ ആത്മീയ ഗുരുവായിരുന്നില്ല. എങ്കിലും അദ്ദേഹമായിരുന്നു മെച്ചപ്പെട്ടതും ഉന്നതവുമായ ഒരു ജീവിതക്രമത്തെപ്പറ്റിയും അതിനാല്‍ ഉന്നത സംസ്‌കാരത്തെപ്പറ്റിയും ദീര്‍ഘദര്‍ശനങ്ങള്‍ നടത്തിയത്. യുക്തിസഹമായിട്ടല്ലാതേയും പ്രവചനസ്വഭാവത്തിലും കാവ്യാത്മകമായും അദ്ദേഹം നടത്തിയ മൊഴികള്‍ ബലഹീനരായ അംഗങ്ങളെ മരണത്തിലേയ്ക്കു വിടാന്‍ പ്രേരിപ്പിച്ചു. മാര്‍ക്‌സിസത്തോടു കടുത്ത എതിര്‍പ്പു ഘോഷിച്ചിരുന്ന അദ്ദേഹം ഒരിക്കലും ശാന്തിദൂതനായിരുന്നിട്ടുമില്ല. തീവ്ര വൈരുദ്ധ്യങ്ങളുടെ പ്രവാചകനായിരുന്നു അദ്ദേഹം. ജര്‍മന്‍കാരുടെ കാലിക്കൂട്ട മനോഭാവത്തെ അദ്ദേഹം അതിശക്തമായി വിമര്‍ശിച്ചു. ക്രൈസ്തവ ധാര്‍മ്മികതയെ അടിമകളുടെ ധാര്‍മ്മികതയായി പുച്ഛിച്ചുതള്ളി. നവോത്ഥാനത്തെ അധോഗതിയെന്നു വിമര്‍ശിച്ചു. റോമാ സാമ്രാജ്യത്തിന്റെ തുടര്‍ച്ച ജര്‍മന്‍ തനിമയെ നശിപ്പിച്ചുവെന്നു വിധിച്ചു. ഈ അടിമസംസ്‌കാരം ജര്‍മന്‍കാരെ അധോഗതിയിലാക്കിയെന്നും അതിനാല്‍ വേട്ടയുടെ ഇരകളാക്കിയതായും അദ്ദേഹം കുറ്റപ്പെടുത്തി.

ഹിറ്റ്ലര്‍ എന്റെ യുദ്ധത്തില്‍ എഴുതിയതുപോലെ ജര്‍മന്‍ വംശത്തിന്റെ വര്‍ഗ്ഗശുദ്ധി നശിച്ചതാണ് ജര്‍മനിയുടെ അധോഗതിക്കു കാരണം. താഴ്ന്ന വര്‍ഗ്ഗങ്ങളുമായുള്ള വേഴ്ചയാണ് വര്‍ഗ്ഗശുദ്ധി നശിപ്പിക്കുന്നത്. ഒന്നാംലോക മഹായുദ്ധത്തില്‍ ജര്‍മന്‍കാര്‍ തോറ്റതിന്റെ കാരണം ഇതാണ്. യഹൂദ യുവാക്കന്മാര്‍ ജര്‍മന്‍ യുവതികളെ വിവാഹം ചെയ്യുന്നത് വംശത്തിന്റെ ശുദ്ധി നശിപ്പിക്കുന്നു. അതിനു കാരണമായവര്‍ ഉണ്ടാക്കുന്ന ഈ വലിയ രോഗമാണ് അവരുടെ അന്ത്യവിധിക്കു കാരണം. പ്രവാചകനാണ് എന്നു സ്വയം അവകാശപ്പെട്ടിരുന്ന ഹിറ്റ്ലര്‍ മാരകങ്ങളായ ഇത്തിക്കണ്ണികളെ ഇല്ലായ്മ ചെയ്യാന്‍ തീരുമാനിച്ചു. നാസികളെ കളിയാക്കുന്നതുപോലും ശിക്ഷാര്‍ഹമായി.

ക്രൈസ്തവികതയും മാര്‍ക്‌സിസവും ഫ്രെഞ്ചു സംസ്‌കാരത്തിന്റെ മൂല്യങ്ങള്‍ക്കായി നിലകൊള്ളുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതാണ് പൂര്‍ണ്ണമായ അഴിച്ചിലിലേക്ക് മാനവികതയെ നയിച്ചത് എന്നായിരുന്നു വാദം. മനുഷ്യനെ കാലിക്കൂട്ടത്തിനു തുല്യമാക്കിയത് അതാണ്. അത് ജര്‍മന്‍കാരെ പിഗ്മികളാക്കി. ജര്‍മന്‍കാരിലുള്ള ജര്‍മന്‍ ആത്മാവ് പക്ഷേ, വയറെരിഞ്ഞു വെന്തവന്റേതായിരുന്നു. അതിമാനുഷനാകാനുള്ള വിളിയും വിധിയും ലഭിച്ചത് അവനായിരുന്നു. യഹൂദര്‍ മെച്ചപ്പെട്ട ബൗദ്ധികതയുള്ളവരും ഊര്‍ജ്ജസ്വല ജീവിതത്തിനു കരുത്തുള്ളവരുമാണ് എന്നുകൂടി അതോടു ചേര്‍ത്തുപറഞ്ഞ നീഷേയെ ഒരു പ്രസ്ഥാനത്തിന്റേയും ചിന്തകനോ പ്രവാചകനോ ആക്കാനാകുമായിരുന്നില്ല. നീഷേ ജര്‍മന്‍കാരോടു പറഞ്ഞതെന്താണ്? ''ഭീകര സത്വത്തോടു മല്ലിട്ടു മല്ലിട്ട് സ്വയം ഭീകരസത്വമാകരുത്.'' നീഷേയെ അനുഗമിച്ചവര്‍ എത്തിച്ചേര്‍ന്നത് നിര്‍ഭാഗ്യവശാല്‍ അവിടെയായിപ്പോയി. അവസാനം ഭ്രാന്താശുപത്രിയില്‍ കഴിഞ്ഞ അദ്ദേഹത്തിന്റെ പിതാവ് ഒരു ലൂഥറന്‍ പാസ്റ്ററായിരുന്നു. തന്റെ പിതാവ് മരിച്ചത് ഗുഹ്യരോഗം പിടിപെട്ടാണെന്നത് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളേയും ചിന്തയേയും ഇളക്കിമറിച്ചു. ഗാന്ധിജി 1940 ഡിസംബര്‍ 24-നു ഹിറ്റ്ലര്‍ക്ക് എഴുതിയ കത്തില്‍ പറഞ്ഞിട്ടുണ്ട്: ''താങ്കള്‍ താങ്കളുടെ ജനങ്ങള്‍ക്കു നല്‍കുന്നത് ഒട്ടും അഭിമാനകരമായ പൈതൃകമല്ല.'' നീഷേ ചരിത്രത്തില്‍ അറിയപ്പെടുന്നത് അധികാരത്തിന്റെ ഇച്ഛയുടെ മനുഷ്യനായിട്ടാണ്. ഈ അധികാരത്തിന്റെ ഇച്ഛയില്‍ ഒരിക്കലും അപരനുണ്ടായിരുന്നില്ല എന്നതാണ് സങ്കടകരം.

ജർമനിയിലെ ലാൻഡ്സ് ബർ​ഗിൽ ഡോ. ക്ലോസ്കാൾ ഷില്ലിങിന്റെ വധശിക്ഷ നടപ്പാക്കുകയാണ് യുഎസ് സൈനികർ. 1200 യുദ്ധത്തടവുകാരെ മലേറിയ പരീക്ഷണ​ങ്ങൾക്ക് വിധേയമാക്കി എന്നതായിരുന്നു കുറ്റം. രോ​ഗം ബാധിച്ച് 400ഓളം പേർ മരിച്ചിരുന്നു 
ജർമനിയിലെ ലാൻഡ്സ് ബർ​ഗിൽ ഡോ. ക്ലോസ്കാൾ ഷില്ലിങിന്റെ വധശിക്ഷ നടപ്പാക്കുകയാണ് യുഎസ് സൈനികർ. 1200 യുദ്ധത്തടവുകാരെ മലേറിയ പരീക്ഷണ​ങ്ങൾക്ക് വിധേയമാക്കി എന്നതായിരുന്നു കുറ്റം. രോ​ഗം ബാധിച്ച് 400ഓളം പേർ മരിച്ചിരുന്നു 

മാര്‍ട്ടിന്‍ ഹൈഡഗര്‍ 

നീഷേ തന്റെ ചിന്തയുടെ പ്രത്യാഘാതങ്ങള്‍ അറിഞ്ഞിട്ടില്ല. എന്നാല്‍, നാസിസത്തിന്റെ വാഴ്ചയുടെ കാലത്ത് നാസിസത്തേയും ഹിറ്റ്ലറിനേയും പിന്‍താങ്ങിയ വിശ്വപ്രസിദ്ധ ചിന്തകനായിരുന്നു ഈശോസഭയില്‍ വൈദികനാകാന്‍ ചേര്‍ന്നിട്ട് ഇടയ്ക്കു പിരിഞ്ഞുപോന്ന മാര്‍ട്ടിന്‍ ഹൈഡഗര്‍ (1889-1976). നാസി കാലത്തു ജീവിച്ച ഇദ്ദേഹം നാസിസത്തിന്റെ അധികാരത്തില്‍ പങ്കുചേര്‍ന്ന് നാസിസത്തിന്റെ തകര്‍ച്ചയും ദുരന്തവും കണ്ടവനാണ്. ഇന്നും അനേകരെ സ്വാധീനിക്കുന്ന തനിമയാര്‍ന്ന ഒരു തത്ത്വദര്‍ശനത്തിന്റെ ഉടമയാണ് ഹൈഡഗര്‍. അദ്ദേഹം നീഷേയുടെ ദൈവമരണ പരാമര്‍ശത്തെ ഗൗരവമായി പരിഗണിച്ച ചിന്തകനാണ്. 1933-ല്‍ അദ്ദേഹം എഴുതി: ''പാശ്ചാത്യരുടെ ആത്മീയബലം തകരുന്നു. അതിന്റെ ഘടനകള്‍ ചിതറി വീഴുന്നു. സംസ്‌കാര ശരീരം പ്രേതമായിക്കഴിഞ്ഞു. അത് എല്ലാ ശക്തികളേയും കുഴപ്പത്തിലാക്കി; ഭ്രാന്തില്‍ ശ്വാസംമുട്ടുന്നു.'' ഈ തകര്‍ച്ചയുടെ ലക്ഷണമാണ് ദൈവത്തിന്റെ മരണം. അതിന്റെ കാരണമാകട്ടെ, അസ്തിത്വവിസ്മൃതിയും. അസ്തിത്വപ്രശ്‌നം ദൈവത്തിന്റെ അസ്തിത്വമാക്കി ചുരുക്കി അസ്തിത്വവിസ്മൃതി പൂര്‍ത്തിയാക്കുകയായിരുന്നു. 1933-ല്‍ത്തന്നെ ഫ്രൈബുര്‍ഗ് യൂണിവേഴ്സിറ്റിയുടെ തലവനായിരുന്ന എഡ്മണ്ട് ഹുസ്സേലിനെ യഹൂദനായിരുന്നു എന്നതുകൊണ്ട് ഹിറ്റ്ലര്‍ പുറത്താക്കി പകരം ഹൈഡഗറിനെ നിയമിച്ചു. അതോടെ അദ്ദേഹം നാസി പാര്‍ട്ടിയുടെ കാര്‍ഡ് (312589) എടുത്തു പാര്‍ട്ടിയില്‍ അംഗമായി. തുടര്‍ന്ന് തന്റെ സഹപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു: ''സിദ്ധാന്തങ്ങളും ആശയങ്ങളും നിങ്ങളെ ഭരിക്കാതിരിക്കട്ടെ. നേതാവ് (Fuehrer) മാത്രമാണ് ജര്‍മന്‍ യാഥാര്‍ത്ഥ്യവും അതിന്റെ നിയമവും; ഇന്നും ഭാവിയിലും അങ്ങനെ തന്നെ.'' അദ്ദേഹം ജനാധിപത്യത്തെ എതിര്‍ത്തു. ''പലരുടെ ഭരണം നല്ലതല്ല. ഒരാള്‍ ഭരിക്കട്ടെ... യൂറോപ്പ് താഴെനിന്നു ജനാധിപത്യം കൊണ്ട് നശിപ്പിക്കപ്പെടുന്നു.'' ഹിറ്റ്ലറിന്റെ നടപടികളെ അദ്ദേഹം ശ്ലാഘിച്ചു. ''നമ്മുടെ ജനങ്ങളുടെ ചരിത്രത്തിലേക്കുള്ള പ്രവേശനം ആരംഭിച്ചു കഴിഞ്ഞു.'' ജര്‍മന്‍ ജനതയ്ക്കു ''മണ്ണിലും രക്തത്തിലും വേരുണ്ട്, ചരിത്രനിയോഗമുണ്ട്.'' ഇതിനെക്കുറിച്ച് അദ്ദേഹത്തിന്റെ തൊട്ടുതാഴെ വൈസ് റെക്ടറായിരുന്ന ജോസഫ് സാവൂര്‍ എഴുതിയതിങ്ങനെ: ''ഇത് ഈ യൂണിവേഴ്സിറ്റിയുടെ അവസാനമാണ്! ഹൈഡഗര്‍ എന്ന വിഡ്ഢി നമ്മെ എല്ലാം കുഴപ്പത്തിലാക്കിയിരിക്കുന്നു. നാം അദ്ദേഹത്തെ റെക്ടറായി തിരഞ്ഞെടുത്തത് യൂണിവേഴ്സിറ്റിക്ക് പുതിയ ആത്മീയദര്‍ശനം നല്‍കാനാണ്; എന്തൊരു വൈരുദ്ധ്യമെന്നു നോക്കുക! ഹൈഡഗര്‍ യൂണിവേഴ്സിറ്റിയില്‍നിന്നു യഹൂദരും മാര്‍ക്‌സിസ്റ്റുകളുമായ വിദ്യാര്‍ത്ഥികളെ പുറത്താക്കി കല്പനയിട്ടു. 'ആര്യനല്ലാത്തവരെ' പുറത്താക്കണമെന്നു ശഠിച്ചു. ഡോക്ടറല്‍ ബിരുദത്തിനു തന്റെ അടുക്കല്‍ യഹൂദ വിദ്യാര്‍ത്ഥികളെ സ്വീകരിക്കാതെയായി. അദ്ദേഹം താമസിച്ചതിനു തൊട്ടടുത്തു താമസിച്ചിരുന്ന യഹൂദ സമൂഹം 20,600-ല്‍നിന്നു 6,400-ലേക്കു കുറഞ്ഞതില്‍ ഒരു ദുഃഖവും അദ്ദേഹത്തിനുണ്ടായില്ല. യുദ്ധം അവസാനിച്ചതിനുശേഷവും അദ്ദേഹം അമേരിക്കയേയും കമ്യൂണിസത്തേയും ഒരുപോലെ എതിര്‍ത്തു. അമേരിക്കയുടെ യുദ്ധത്തിലേക്കുള്ള പ്രവേശനത്തെ അവരുടെ 'നാശത്തിന്റെ ആരംഭ'മായി കണ്ടു. 1943-ല്‍പ്പോലും അദ്ദേഹം എഴുതിയത്: ''ജര്‍മന്‍കാര്‍ക്കു മാത്രമാണ് ചരിത്രത്തില്‍ പാശ്ചാത്യരെ രക്ഷിക്കാന്‍ കഴിയൂ'' എന്നാണ്. യുദ്ധാനന്തരം ജര്‍മനിയില്‍ ബ്ലാക് ഫോറസ്റ്റിലേക്കു പിന്‍വാങ്ങി അവിടെ നിന്ന് അദ്ദേഹം ന്യായവാദമുന്നയിച്ചു: ''മഹത്തായി ചിന്തിക്കുന്നവന്‍, മഹത്തായി തെറ്റുന്നു.'' അദ്ദേഹത്തിനുശേഷം യഹൂദനായ ഷാക് ദരീദ കൃത്യതയോടെ പറഞ്ഞിട്ടുണ്ട്: ''സാധ്യമാണെങ്കില്‍ ഒരു പരിധിയും വയ്ക്കാതെ ഹൈഡഗറിന്റെ എഴുത്തുകളിലെ നാസി യാഥാര്‍ത്ഥ്യത്തോടുള്ള ദാര്‍ഢ്യമേറിയ ബന്ധവും അതിന്റെ സാധ്യതകളും തുറന്നുകാണിക്കേണ്ടതിന്റെ അനിവാര്യതയില്‍ ഞാന്‍ വിശ്വസിക്കുന്നു.''

ഹൈഡഗര്‍ ഒരിക്കലും നാസി കൂട്ടക്കൊലകളെ അപലപിച്ചില്ല. എന്തുകൊണ്ട്? ഒന്നാമതായി നീഷേയെപ്പോലെ തന്നെ യൂറോപ്പിന്റെ അധോഗതിവാദത്തില്‍ വിശ്വസിച്ചവനായിരുന്നു ഹൈഡഗറും. നീഷേയെപ്പോലെ ഹൈഡഗറും ഗ്രീക്കു തത്ത്വചിന്തയിലേക്കു പിന്‍വലിയുമ്പോള്‍ അത് സോക്രട്ടീസിലേക്കോ പ്ലേറ്റോയിലേക്കോ അല്ല. അതിനും പുറകിലുള്ള ഗ്രീക്കു ചിന്തകരിലേക്കാണ്. തത്ത്വചിന്ത അസ്തിത്വവിസ്മൃതിയിലാണ് എന്നതാണല്ലോ ഹൈഡഗറിന്റെ അടിസ്ഥാന കാഴ്ചപ്പാട്. അസ്തിത്വ മറവി പ്ലേറ്റോയില്‍ തൊട്ടു സംഭവിച്ചതായി അദ്ദേഹം കരുതുന്നു. അസ്തിത്വ പ്രശ്‌നത്തെ ദൈവത്തിന്റെ അസ്തിത്വ പ്രശ്‌നമായി മാറ്റിയതാണ് പാശ്ചാത്യ ദര്‍ശനത്തിലെ ആദിപാപം. പുരാണ ഗ്രീക്കു ചിന്തയിലാണ് അദ്ദേഹം അസ്തിത്വത്തിന്റെ സ്മരണയും അതിന്റെ വിലാസം കാണുന്ന ദര്‍ശനവും ദര്‍ശിക്കുന്നത്. അസ്തിത്വത്തിന്റെ വിസ്മയ വിലാസ തത്ത്വചിന്തകനായിരുന്നു ഹൈഡഗര്‍. അസ്തിത്വവും കാലവും എന്ന കൃതി അനാവരണം ചെയ്യുന്നത് ഈ അസ്തിത്വത്തിന്റെ സത്യാവിഷ്‌കാരമാണ്. ഈ അസ്തിത്വപ്രകാശനത്തിന്റെ വിധിയിലേക്കാണ് മനുഷ്യാസ്തിത്വവും എറിയപ്പെടുന്നത്. അസ്തിത്വപ്രകാശനത്തിന്റെ വിവിധങ്ങളായ പ്രകാശനങ്ങളുമായി മനുഷ്യന്‍ ഒത്തുവസിക്കേണ്ടിയിരിക്കുന്നു. ചിന്തയെന്നത് അവിടെ അസ്തിത്വപ്രകാശനത്തിന്റെ വിധങ്ങളെ മാറ്റുന്നതോ അതിനെ വിധിക്കുന്നതോ അല്ല - ചിന്ത നന്ദിയുടെ ചിന്തയാണ് (റലിസലി ശേെ റമിസലി വേശിസശിഴ ശ െവേമിസശിഴ). മനുഷ്യാസ്തിത്വം ഈ വിധിയുമായി ഒത്തു വസിക്കുന്നതാണെന്നാണ് വാദം. ഇവിടെയാണ് ഹൈഡഗര്‍ എല്ലാ ശാസ്ത്രസാങ്കേതിക വിദ്യകള്‍ക്കും എതിരാകുന്നത്; ഒരു ഹൈഡ്രോ ഇലക്ട്രിക്ക് പ്രോജക്ടുപോലും അസ്തിത്വ വെല്ലുവിളിയായി കാണുന്നത്. മനുഷ്യന് അസ്തിത്വത്തിന്റെ പ്രകൃതിയിലേക്കു മടങ്ങാതെ വയ്യ. വനവാസിയായി ബ്ലാക് ഫോറസ്റ്റില്‍ അദ്ദേഹം ജീവിച്ചതിന്റെ കാരണമിതാണ്. അസ്തിത്വ കേളിയുടെ ചാക്രിക ചരിത്രത്തിലെ അധികാര ഇച്ഛയുമായുള്ള ജീവിതത്തില്‍ നീഷേയോ ഹൈഡഗറോ മനുഷ്യാസ്തിത്വത്തിന്റെ ധര്‍മ്മത്തെക്കുറിച്ചു ചിന്തിക്കുന്നില്ല. ഇരുവരുടേയും കാഴ്ചപ്പാടില്‍ ചരിത്രമെന്നത് അസ്തിത്വപ്രകാശനത്തിന്റെ വിധികളാണ്. നാസികളുടെ നടപടിയേയും അസ്തിത്വപ്രകാശനത്തിന്റെ ഒരു വിധമായി മാത്രമേ കാണുന്നുള്ളൂ.

വ്യക്തിയുടെ ജീവിതം ആള്‍ക്കൂട്ട നപുംസകത്തെ നോക്കിയാവരുത്; അതു നിര്‍ബ്ബന്ധമാണ്. അതു അസ്തിത്വത്തോടുള്ള ഉത്തരവാദിത്വപരമായ പ്രതികരണമല്ല. മനുഷ്യന്‍ കാലിക്കൂട്ട മനോഭാവം സ്വീകരിക്കുന്നതിന്റെ ഫലമാണത്. മനുഷ്യന്‍ തിരിയേണ്ടത് പ്രകൃതിയിലേക്കാണ്. മോട്ടോര്‍ ഉപയോഗിച്ചുള്ള ആഹാരവ്യവസായം ഗ്യാസ് ചേമ്പറുകളില്‍ ശവങ്ങള്‍ ഉണ്ടാക്കുന്നതുപോലെയാണ് എന്ന് ഹൈഡഗര്‍ പറഞ്ഞിട്ടുണ്ട്. വിശന്നു മരിക്കുന്ന ഗ്രാമങ്ങളിലേക്ക് വാഹന തടസ്സമുണ്ടാക്കുന്നത് ഹൈഡ്രജന്‍ ബോംബുണ്ടാക്കുന്നതിനു സമാനമാണ് എന്നും 1949-ല്‍ അദ്ദേഹം എഴുതി. നാസികളുടെ നടപടികളേയും ജര്‍മന്‍കാരുടെ നേതൃത്വവിളിയേയും അദ്ദേഹം അസ്തിത്വവിലാസത്തിന്റെ യുഗ സവിശേഷതയായി കണ്ടു. അസ്തിത്വം പ്രകാശിതമാകുന്നത് കാലത്തിലും ഇടത്തിലുമാണ്. സത്യത്തിന്റെ സംഭവങ്ങള്‍ കാണാനും കാവ്യാത്മകമായി പരിഗണിക്കാനും പഠിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കാവ്യാത്മകമായി വസിക്കണം എന്നു പറയുന്നതിന്റെ മൗലികമായ അര്‍ത്ഥവുമതാണ്. അദ്ദേഹത്തിന്റെ നിരീക്ഷണത്തില്‍ മനുഷ്യാസ്തിത്വം ആയിരിക്കുകയല്ല, ആയിത്തീരുകയാണ്. സാധ്യതകളുടെ ആയിത്തീരലാണ് ജീവിതം - അതു സ്വയം ഉണ്ടാക്കുന്ന സ്വാതന്ത്ര്യമാണ്. ഈ സ്വാതന്ത്ര്യം അപരനെ വെട്ടിനീക്കിയും കീഴ്പെടുത്തിയുമല്ലേ മുന്നോട്ടു പോകൂ എന്ന ചോദ്യത്തിനു തത്ത്വചിന്തയുടെ ആദ്യഭാഗത്ത് അദ്ദേഹത്തിന് ഉത്തരമില്ല. നീതിക്കുവേണ്ടിയുള്ള സമരമായി രാഷ്ട്രീയത്തിന്റെ അടിത്തറയെ അദ്ദേഹം കണ്ടിട്ടില്ല. നെപ്പോളിയന്‍ യേനയിലേക്കു പ്രവേശിച്ചത് ഹേഗല്‍ എവ്വിധം കണ്ടുവോ അതുപോലെയാണ് ഹിറ്റ്ലറിന്റെ പ്രവേശനത്തെ ഹൈഡഗര്‍ കണ്ടത്. ലോകത്തിന്റെ ആത്മാവ് കുതിരപ്പുറത്ത് എന്ന വിധത്തിലുള്ള ഒരു സാമ്യം ഹൈഡഗറും ഹേഗലുമായി ഉണ്ട്. ലോകത്തിന്റെ ആത്മാവ് കുതിരപ്പുറത്താണ് എന്ന സങ്കല്പം വിരല്‍ചൂണ്ടുന്നത് ലോകത്തിന്റെ ആത്മാവിന്റെ അശ്വമേധത്തിലേയ്ക്കുമാണ്.

എമ്മാനുവേല്‍ ലെവീനാസ് 

ഹൈഡഗര്‍ ദര്‍ശനത്തിന്റെ വിദ്യാര്‍ത്ഥിയായാണ് ആരംഭിച്ചതെങ്കിലും പിന്നീട് അതിശക്തമായി ഹൈഡഗറിന്റെ തത്ത്വശാസ്ത്രം സമഗ്രാധിപത്യ തത്ത്വചിന്തയാണെന്ന് ശാഠ്യപൂര്‍വ്വം വിധിച്ചയാളാണ് എമ്മാനുവേല്‍ ലെവീനാസ്. നാസിസത്തില്‍ ലെവിനാസിന് തന്റെ കുടുംബം മുഴുവന്‍ ഇല്ലാതാക്കപ്പെട്ടിരുന്നു. ലിതേനായന്‍ യഹൂദനായിരുന്ന എമ്മാനുവേല്‍ ലെവീനാസിന് കര്‍ത്തേസ്യന്‍ അഹത്തിന്റെ ഞാന്‍ ചിന്തയുടെ സര്‍വ്വാധിപത്യ ഭാഷ്യമാണ്. ഹൈഡഗറിന്റേത് എന്നതാണ് ലെവിനാസിന്റെ ഠീമേഹശ്യേ മിറ കിളശിശ്യേ എന്ന പ്രശസ്ത ഗ്രന്ഥത്തിലെ പ്രധാന കണ്ടെത്തല്‍. മനുഷ്യനില്‍നിന്നു മാറിനിന്നുള്ള ചിന്ത മനുഷ്യവിരുദ്ധ ചിന്തയാകുമ്പോള്‍ അത് അപകടമാകുന്നു. തത്ത്വചിന്ത പ്രാഥമികമായി അസ്തിത്വചിന്തയായി കാണുന്നതില്‍ ഹൈഡഗറിനു തെറ്റി എന്ന് ലെവീനാസ് കരുതുന്നു. മനുഷ്യന്റെ ചിന്തയാണ് താത്ത്വിക ദര്‍ശനമെങ്കില്‍ പ്രാഥമിക ചിന്ത അസ്തിത്വത്തിന്റെ ദാനബോധത്തില്‍നിന്നുള്ള നന്ദി തന്നെയാണ്. ആ നന്ദി കാവ്യാത്മകമാണ്; അതു ഐശ്വരീയവുമാണ്; ആ ചിന്തയാണ് പ്രാഥമികം; അതു ധര്‍മ്മചിന്തയാണ്. ഒത്തുവാസത്തിന്റെ ധര്‍മ്മചിന്തയായി അതു മാറണം. ഈ ധര്‍മ്മത്തില്‍ നിന്നുള്ള ഒളിച്ചോട്ടമായി അസ്തിത്വചിന്ത ഭവിക്കുമ്പോള്‍ അത് ലോകത്തിന് അപകടകരമാകുന്നു. ജീവിതത്തിന്റെ സാഹചര്യങ്ങളില്‍നിന്നു ഒഴിഞ്ഞുമാറി ഒറ്റയാനായി അസ്തിത്വചിന്തയിലേക്കു ഒളിച്ചോടുന്നത് ഒരര്‍ത്ഥത്തില്‍ അന്യവല്‍ക്കരണമാണ്. വിവിധങ്ങളായ ശാസ്ത്രങ്ങളില്‍ ഈ അപകടം പതിയിരിക്കുന്നു. ശാസ്ത്രീയമായ ഗവേഷണങ്ങള്‍ സാങ്കേതികവിദ്യയുടെ കണക്കാക്കലുകളും കംപ്യൂട്ടറുകളും ഈവിധം ഒളിച്ചോട്ട മണ്ഡലങ്ങളായി മാറുന്നു. 1980-1986 കാലഘട്ടത്തില്‍ ബല്‍ജിയത്തെ ലുവയിന്‍ സര്‍വ്വകലാശാലയില്‍ പഠിക്കുമ്പോള്‍ അവിടെ ഒരേ ഒരു വര്‍ഷം മാത്രമാണ് ഒരു വിദ്യാര്‍ത്ഥി സമരമുണ്ടായത്. അതാവട്ടെ, യൂണിവേഴ്സിറ്റി വക ഊട്ടുശാലകളിലെ ഒരുനേരത്തെ ആഹാരത്തിന്റെ വില കൂടിയതു സംബന്ധിച്ചുമായിരുന്നു. വിചിത്രമായി കണ്ടത് ആ സമരത്തില്‍ പങ്കുചേര്‍ന്നതാവട്ടെ, സാമൂഹ്യശാസ്ത്രം, ചരിത്രം, തത്ത്വചിന്ത തുടങ്ങിയ മാനവിക വിഷയങ്ങളുടെ വിദ്യാര്‍ത്ഥികളുമായിരുന്നു. ശുദ്ധ ശാസ്ത്ര ഫാക്കല്‍റ്റികളിലെ വിദ്യാര്‍ത്ഥികളായിരുന്നില്ല. സമരമുഖത്തെ സാമൂഹ്യപ്രശ്‌നങ്ങളില്‍ ശ്രദ്ധിക്കാത്തവരായി ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ മാറാം. മൗലികവും പ്രാഥമികവുമായ ചിന്ത ധര്‍മ്മചിന്തയാണ് എന്ന് കാന്റ് പറഞ്ഞുവെച്ചത് അതിനാലാണ്. എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്ന ചിന്ത. ആ ചിന്തയില്ലാത്തവര്‍ അപരനെ വെട്ടിനിരത്തി ആധിപത്യം സ്ഥാപിക്കുന്നവരാകും - അതാണ് എല്ലാത്തരം സമഗ്രാധിപത്യങ്ങളിലും കാണുവാനാവുക. ധര്‍മ്മചിന്ത ഹൈഡഗര്‍ പറയുന്നതുപോലെ കാവ്യാത്മകമായി വസിക്കലാണ്. ജര്‍മന്‍ മിസ്റ്റിക് നോവലിസ്റ്റ് എഴുതിയിട്ടുണ്ട്: ''തത്ത്വചിന്ത ഗൃഹാതുരത്വമാണ്. എല്ലായിടത്തും വീട്ടിലെന്നോണവും വീട്ടിലുമാകുവാന്‍! നാം എങ്ങോട്ടാണ് പോവുക? വീട്ടിലേക്ക്.'' എല്ലായ്പോഴും വീട്ടിലേക്കുള്ള യാത്രയാണ് ജീവിതം. അതു ഹോമറിന്റെ യൂളിസിസ്സിന്റേതുപോലെ പഴമയിലേക്കും ഗോത്രത്തിലേക്കും വര്‍ഗ്ഗത്തിലേക്കും ഉള്ള തിരിച്ചുപോക്കാണോ? അതോ അത് ബൈബിളിലെ അബ്രഹാമിനെപ്പോലെ ഭാവിയിലേക്കുള്ള പുറപ്പാടാണോ? ലെവീനാസിനെ സംബന്ധിച്ചിടത്തോളം അത് അപരനിലേക്കു പോകുന്ന പുറപ്പാടാണ്. അതാണ് മനുഷ്യകാമത്തിന്റെ അര്‍ത്ഥവും പ്രസക്തിയും. അതാണ് പ്ലേറ്റോ പറഞ്ഞ ഈറോസിന്റെ വ്യാപകാര്‍ത്ഥം. അതുതന്നെയാണ് സോഫോക്ലീസിന്റേയും ആന്റിഗണിയുടേയും ആന്തരികശക്തി. സോക്രട്ടീസിന്റെ ആന്തരികതയിലെ ആത്മാവ്. ഹൈഡഗറിന്റെ ചിന്തയുടെ രണ്ടാംഘട്ടത്തില്‍ ഹോമറിന്റെ യുളീസിസ്സിനേയും ബൈബിളിലെ അബ്രാഹത്തേയും സന്ധിപ്പിക്കാന്‍ ശ്രമിക്കുകയും സോക്രട്ടീസിനെ യൂറോപ്പിന്റെ ശുദ്ധ ചിന്തകനായി അവരോധിക്കുകയും മനസ്സാക്ഷിയുടെ പ്രാധാന്യം എടുത്തുപറയുകയും ചെയ്യുന്നുണ്ട്. ഹേഗലിന്റെ വീടണയാത്ത ആത്മാവ് മനസ്സാക്ഷിയുടെ വീടണയുന്നുണ്ടോ എന്നതിലാണ് ചോദ്യം.

മഹാത്മാ ​ഗാന്ധിയുടെ വിലാപ യാത്രയിൽ ജവഹർലാൽ നെഹ്റു സംസാരിക്കുന്നു
മഹാത്മാ ​ഗാന്ധിയുടെ വിലാപ യാത്രയിൽ ജവഹർലാൽ നെഹ്റു സംസാരിക്കുന്നു

ഐക്മാന്‍ ജറുസലേമില്‍ 

ലെവിനാസിന്റെ ചിന്തയുടെ പരിപ്രേഷ്യത്തിലാണ് യഹൂദ ചിന്തകയായ ഹന്ന അറന്റ് (Hannah Arendt, 19061975) 'ഐക്മാന്‍ ജറുസലേമില്‍' എന്ന ഗ്രന്ഥത്തിലും എത്തിച്ചേരുന്നത്. നാസി ഭരണത്തില്‍ യഹൂദരെ വിവിധ നാടുകളില്‍നിന്നു കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ സംഘടിപ്പിച്ച് എത്തിക്കുന്ന പണിയായിരുന്നു പട്ടാള ഉദ്യോഗസ്ഥനായിരുന്ന അഡോള്‍ഫ് ഐക്മാന്‍ ചെയ്തിരുന്നത്. യുദ്ധാനന്തരം ഒളിച്ചുപോയ അദ്ദേഹത്തെയാണ് മൊസാദ് 1961-ല്‍ അര്‍ജന്റീനയില്‍നിന്നു പിടികൂടി ജറുസലേമില്‍ കൊണ്ടുവന്ന് വിസ്തരിച്ചു തൂക്കിലേറ്റിയത്. ജറുസലേമിലെ വിസ്താരവേളയില്‍ സാക്ഷിയായിരുന്നു ഹന്ന അറന്റ്. ഐക്മാനെ കണ്ടതും ആ വിസ്താരവും അടിസ്ഥാനമാക്കിയുള്ള ഈ പുസ്തകം വെളിവാക്കുന്നത് ഐക്മാന്‍ ഒരു ഭീകരനല്ലായിരുന്നുവെന്നും ഒരു സാധാരണ മനുഷ്യന്‍ മാത്രമായിരുന്നു എന്നുമാണ്. 60 ലക്ഷം പേരുടെ നിഷ്ഠുരകൊലയ്ക്ക് ഉത്തരവാദിയായവന്‍ 'ചിന്തയില്ലാത്ത' സാധാരണ മനുഷ്യനായിരുന്നു എന്നു സമര്‍ത്ഥിച്ചുകൊണ്ട് എഴുതിയ അവരുടെ പുസ്തകത്തിനിട്ട ഉപശീര്‍ഷകം ലോകശ്രദ്ധ പിടിച്ചുപറ്റി; തിന്മയുടെ സാധാരണത്വം (Banality of Evil). ശരിതെറ്റ് എന്ന വിധിയില്ലാത്ത വ്യക്തികളെയാണ് ഇതു കാണിക്കുന്നത്. ഇവര്‍ക്കു ചിന്തയില്ല. ഇവര്‍ ഒന്നിനും ഏതിനും ഉത്തരവാദികളാകാന്‍ മടിക്കുന്നു; ചുറ്റുമുള്ള മനുഷ്യരുടെ പ്രശ്‌നങ്ങള്‍ ഒന്നും കാണുന്നില്ല എന്നു നടിക്കുന്നു. അഥവാ കണ്ടാലും കണ്ടതായി പരിഗണിക്കുന്നില്ല. അനുദിന ശരിതെറ്റുകള്‍ ഇവര്‍ നിശ്ചയിക്കില്ല. ഇവര്‍ ഒരു പുതിയതരം കുറ്റവാളികളാണ്. സാമൂഹിക യാഥാര്‍ത്ഥ്യങ്ങളില്‍നിന്നു മാറി നില്‍ക്കുന്നവര്‍; ഒരുതരം നിഷ്പക്ഷക്കാര്‍. ധാര്‍മ്മിക ജീവിതത്തില്‍ അങ്ങനെ ഒരു നിഷ്പക്ഷതയുണ്ടോ? നിലപാട് എടുക്കാതിരിക്കല്‍ അല്ലേ അത്? അതും ഒരു നിലപാടു തന്നെയാണ്; ധര്‍മ്മത്തില്‍നിന്നു വിട്ടുനില്‍ക്കുന്ന നിലപാട്. അതായിരുന്നു ജര്‍മന്‍കാര്‍ നാസി കാലഘട്ടത്തില്‍ എടുത്ത നിലപാട്. ഇവര്‍ക്ക് ചിന്തയില്ല എന്നതു മാത്രമല്ല, ഓര്‍മ്മയുമില്ല. ചിന്തയും ഓര്‍മ്മയുമാണ് വ്യക്തിയെ വ്യക്തിയാക്കുന്നത്. തിന്മയ്ക്കു വേരുകളില്ല; തിന്മയ്ക്ക് ഒന്നും വേണ്ട; ചിന്തയും ഓര്‍മ്മയും വേണ്ടാത്ത നിസ്സംഗതയിലാണ് ഇതിന് അടിസ്ഥാനം. മനുഷ്യനാകാന്‍ തയ്യാറില്ലാത്തവരാണവര്‍. ഈ ധാര്‍മ്മിക പ്രതിസന്ധി ഒരു മൗലിക സാംസ്‌കാരിക പ്രശ്‌നമാണ്. ഭൂരിപക്ഷ സമൂഹം ചിന്താവിഹീനരായി നപുംസക വീക്ഷണത്തോടെ നോക്കിനില്‍ക്കുന്നു. ഇതാവട്ടെ, ചിന്തയില്ലാത്ത പങ്കാളിത്തമാണ്. മാമൂലുകളുടെ ആവര്‍ത്തനങ്ങളില്‍ ഉണരാത്ത ചിന്തയുമായി ജീവിക്കുന്നവര്‍ എന്നുമുണ്ടാകാം. പക്ഷേ, അവര്‍ ഭൂരിപക്ഷമാകുമ്പോള്‍ ഒരു സംസ്‌കാരം അപകടത്തിലേക്കാണ് പോകുന്നത്. ശരിയും തെറ്റും വിവക്ഷിക്കുന്നവര്‍ അവരുടെ തൊലിയുടെ നിറം, വര്‍ഗ്ഗം, ജാതി എന്നിവകൊണ്ട് മനുഷ്യനെ വേര്‍തിരിക്കാന്‍ സന്നദ്ധമായില്ല. പക്ഷേ, ഇങ്ങനെയുള്ളവര്‍ ഇല്ലാതായാല്‍ പിന്നെ ശേഷിക്കുന്നവര്‍ പ്രകൃതിയുടെ ഭാഗം മാത്രമായവരായിരിക്കും. അവര്‍ കൊല്ലുമ്പോഴും കൊന്നു എന്നു സമ്മതിക്കാത്ത പ്രകൃതിയുടെ കോലങ്ങളായിരിക്കും.

ഹന്ന അറന്റ് ആണ് തത്ത്വചിന്തയെ സാംസ്‌കാരിക രാഷ്ട്രീയം എന്നു വിശേഷിപ്പിച്ചത്. മനുഷ്യന്‍ മാത്രമാണ് ചരിത്രം സൃഷ്ടിക്കുന്നത്. ചരിത്രം സംഭവങ്ങളുടെ കഥയല്ല. സംഭവങ്ങളെ കഥയാക്കുന്നതിന്റെ അടിസ്ഥാനം സംഭവങ്ങളല്ല. അവയെ കഥയാക്കുന്ന മനുഷ്യദര്‍ശനമാണ്. ഈ കാഴ്ചപ്പാടിലാണ് ദര്‍ശനം മനുഷ്യത്വം എന്നൊക്കെ പറയുന്നതിനു പ്രസക്തി കടന്നുവരുന്നതും. അതുകൊണ്ടാണ് ലെവീനാസ് എത്തിക്‌സിനെ കണ്ണിന്റെ കാഴ്ചശാസ്ത്രമായി വിശേഷിപ്പിക്കുന്നത്; ഒപ്റ്റിക്‌സ് എന്നാണ് പ്രകൃതം.
ജര്‍മനിയില്‍നിന്നു പഠിക്കാനുള്ളതു ധര്‍മ്മബോധം മറന്നുപോയ സംസ്‌കാരത്തിന്റെ പ്രതിസന്ധിയെക്കുറിച്ചാണ്. കണ്ണുകള്‍ ഇരുട്ടില്‍ മുഴുകിയ കാലം. ഈ ഇരുട്ടിനെയാണ് ജൊസ്സ സരമാഗു വെളുത്ത അന്ധത എന്നു വിളിച്ചത്; സാത്ര് ഓക്കാനം എന്നു വിശേഷിപ്പിച്ചത്. ഇതു മനുഷ്യനില്‍ വിശ്വാസമില്ലാതായ ഒരുകാലത്ത്. നപുംസകമായ 'അവരെ'(The They)ക്കുറിച്ചു ഹൈഡഗര്‍ പറഞ്ഞതും. ലെസ്സിംഗ് പറഞ്ഞതുപോലെ പ്രതിഭാധനരായവര്‍ നയിക്കാനില്ലാത്ത കാലമായി അത്. സംഘജീവിതത്തില്‍നിന്നു സത്യം ഒഴിഞ്ഞുപോയ പ്രതിസന്ധിയാണിത്. ചിന്തയില്ലാതായ കാലം അന്തമില്ലാതെ പഴമയുടെ ആവര്‍ത്തനമാകും. ഭൂതത്തിനും ഭാവിക്കുമിടയിലാണ് ചിന്തിക്കുന്നവന്റെ വഴി. പഴമയില്‍ അയാള്‍ ഇടപെടും. ആ ഇടപെടലാണ് വര്‍ത്തമാനം ഉണ്ടാക്കുന്നത്. പഴമയുടെ ഉത്തരത്തോട് യുദ്ധം വെട്ടിയാണ് ഭാവി ഉണ്ടാക്കുന്നത്. അതു കാലമില്ലാത്ത ഇടം കാലത്തില്‍ കല്പിക്കലാണ്. കാലം ഉയരുന്നു. ചിന്തയും സ്വാതന്ത്ര്യവും സര്‍ഗ്ഗാത്മകതയും അവിടെ ഒന്നുചേരുന്നു.

ഭാരതത്തിന്റെ മഹത്വം അതിന്റെ രണ്ടു പുരാണങ്ങളില്‍ കാണുന്നവനാണ് ഇതെഴുതുന്നത്. മഹാഭാരതം വ്യാസന്റെ ധര്‍മ്മവിലാപത്തിന്റെ ഇതിഹാസമാണ്. വാല്‍മീകിയുടെ രാമായണം തുടങ്ങുന്നത് ''സര്‍വ്വഗുണ സമ്പന്നനായ മനുഷ്യന്‍ ഉണ്ടോ?'' എന്ന ചോദ്യത്തിലാണ്. നാരദ മഹര്‍ഷിയുടെ 'അവനാണ് രാമന്‍' എന്ന വെളിപാടില്‍ ചെന്നാണതെത്തുന്നത്. ആ കഥയെഴുതാനാണ് വാല്‍മീകി താമസ്സ നദിയില്‍ കുളിച്ച് ആരണ്യത്തില്‍ അലയുന്നത്. അവിടെ കേട്ട വിലാപത്തിന്റെ പ്രതികരണമാണ് രാമായണം. അതു ക്രൗഞ്ചപ്പക്ഷിയുടെ വിലാപമോ സീതയുടെ വിലാപമോ? ഏതായാലും വിലാപത്തിനുള്ള മറുപടിയാണ് ധര്‍മ്മം. ഈ പൈതൃകം ഭാരതത്തിന് ഉപേക്ഷിക്കാനാവുമോ? അതായിരിക്കും ഏറ്റവും വലിയ രാജ്യദ്രോഹം. അതിന്റെ പ്രേരണ ഈ നാട്ടില്‍നിന്നല്ല, അതു വൈദേശികമാണ്.

മതത്തിന്റെ വര്‍ഗ്ഗീയ ധ്രുവീകരണമാണ് ഇന്ത്യയ്ക്ക് സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തമെന്ന് 1955-ല്‍ പശുസംരക്ഷണവുമായി ബന്ധപ്പെട്ട ഒരു ബില്ലിന്റെ ചര്‍ച്ചയില്‍ നെഹ്രു പറഞ്ഞിട്ടുണ്ട്. എല്ലാ സാംസ്‌കാരിക വൈവിധ്യങ്ങളേയും ഉള്‍ക്കൊള്ളുന്ന ഒരു പൊതു സംസ്‌കാരത്തില്‍ വേരുറച്ച് വേണം നാടിനു മുന്നോട്ടു പോകാന്‍ എന്നും നെഹ്രു എഴുതി. സര്‍വ്വധര്‍മ്മ സമഭാവന അതാണ് അര്‍ത്ഥമാക്കുന്നത്. അതാണ് ഇന്ത്യയുടെ സെക്കുലറിസം എന്നാണ് നേതാക്കള്‍ അന്നു ചിന്തിച്ചത്.

ഇന്ത്യന്‍ ജനാധിപത്യം ഇന്നു പുതിയ വഴിതേടുന്നു എന്നു വളരെ വ്യക്തമാണ്. പക്ഷേ, അതു എത്രത്തോളം ഹിന്ദുത്വവാദ നേതാക്കള്‍ക്ക് വ്യക്തമാണ് എന്നറിയില്ല. പഴയതിനെക്കുറിച്ചുള്ള നിഷേധചിന്തകള്‍ മാത്രം പോരാ പുതിയതു കല്പന ചെയ്യാന്‍. ഡാര്‍വിന്റെ പരിണാമത്തിന്റെ സാംസ്‌കാരിക യുക്തിയെ സവര്‍ക്കറുടെ പിതൃഭൂമി പുണ്യഭൂമി എന്ന സംസ്‌കാര ലേബലില്‍ പതിച്ച് നിലനിര്‍ത്താനാവുമോ? സംശയിക്കണം. സാംസ്‌കാരിക ശുദ്ധത എന്ന മിഥ്യയുമായി ജീവിക്കാന്‍ ശ്രമിക്കുന്നതിന്റെ അപകടമാണ് ആദ്യം തിരിച്ചറിയേണ്ടത്. ഹെഗലിന്റെ ചിന്താപദ്ധതിയില്‍ തീസിസാണ് ആന്റി-തീസിസ് ഉണ്ടാക്കുന്നത്; ശത്രുവിനെ ഉണ്ടാക്കുകയാണ്. ഇങ്ങനെ ശത്രുവിനെ ഉണ്ടാക്കി ഉണ്ടാക്കി സാവധാനം സ്വയം ശത്രുവിന്റെ രൂപസാദൃശ്യത്തില്‍ അവരവരെ ഉണ്ടാക്കിപ്പോകും. ഇസ്ലാമിക തിയോക്രസിയുടെ ശൈലിയിലേക്കു വഴുതിവീഴാനുള്ള സാധ്യത ചെറുതല്ല. ഇന്ത്യന്‍ ജനാധിപത്യത്തെ ഇന്ത്യയുടെ സംസ്‌കാരത്തില്‍ ഉറപ്പിക്കുന്നതിനു പകരം വൈദേശിക പദ്ധതി അന്ധമായി കടംകൊള്ളുകയായിരിക്കും അപ്പോള്‍. ഫാസിസം ഒരിക്കലും ഭാരതീയമല്ല; വൈദേശികമാണ്. അതാദ്യം മനസ്സിലാക്കണം. ഇന്ത്യയുടെ സ്വാതന്ത്ര്യസമര കാലത്ത് മറുപക്ഷത്തു നിന്നു ഹിന്ദുത്വയുടെ നേതാക്കള്‍ സ്വത്തു രൂപീകരണത്തിനു കടം കൊണ്ടത് ജര്‍മനിയുടെ പാഠമായിരുന്നില്ലേ? മനുഷ്യന്‍ ഒരു ഏകസ്വത്വത്തിന്റെ ശിലാരൂപമല്ല. പല സ്വത്വങ്ങള്‍ ഒരു വ്യക്തിക്കുണ്ടാകും. 

മനുഷ്യന്‍ എന്ന തനിമയും ഭാരതീയര്‍ എന്ന തനിമയും കേരളീയന്‍ എന്ന തനിമയുമെല്ലാം ഒന്നുചേരുന്നതാണ് വ്യക്തി. മാര്‍ട്ടിന്‍ ഹൈഡഗര്‍ നിരന്തരം ഉദ്ധരിച്ചിട്ടുള്ള ജര്‍മന്‍ കവി ഹെല്‍ഡര്‍ലീന്‍ 1801-ല്‍ എഴുതിയ ഒരു വാചകം ഉദ്ധരിക്കട്ടെ: ''നമ്മുടേതു മാത്രമായതു നാം വിദേശത്തുനിന്നു പഠിക്കണം. ആ ഒറ്റക്കാരണം കൊണ്ട് ഗ്രീക്കുകാര്‍ നമുക്ക് അനുപേക്ഷണീയരാണ്. ദേശീയമായി നമ്മുടേതു മാത്രമായതിലാണ് നാം വളരേണ്ടത്. അവരെ നമുക്കു തോല്‍പ്പിക്കാനാവില്ല. കാരണം ഞാന്‍ പറഞ്ഞതുപോലെ നമ്മുടേതു മാത്രമായതിന്റെ ഉപയോഗമാണ് ഏറ്റവും കഠിനം.''

ഇന്ന് ഹിന്ദുത്വ പ്രത്യയശാസ്ത്രക്കാര്‍ അനുധാവനം ചെയ്യുന്നതു തീര്‍ത്തും വൈദേശികമായ ഒരു കോര്‍പ്പറേറ്റ് മുതലാളിത്തമാണ്. അത് ഒരു ഏക വൈജ്ഞാനിക പദ്ധതിയായി സ്വീകരിക്കുന്നു. ഈ അറിവാണ് മറ്റെല്ലാ അറിവുകളേയും അറിവിന്റെ മണ്ഡലങ്ങളേയും നിയന്ത്രിക്കുന്നത്. ഇത് ഉണ്ടാക്കുന്നതു കമ്പോളത്തിന്റെ ഏകാധിപത്യമാണ്. ചൈന പിന്‍തുടരുന്നതും അതുതന്നെ.

നാം കണക്കു കൂട്ടലിന്റെ ചുഴലിക്കാറ്റില്‍ പെട്ടിരിക്കുന്നു. ഉപഭോഗചിന്തയുടെ കണക്കില്‍ നാം കുടുങ്ങിയിരിക്കുകയാണ്. കാര്യകാരണ ബന്ധത്തിന്റെ ലോജിക്കല്‍ ലോകം, അവിടെ മുങ്ങിത്താഴുമ്പോള്‍ പുറത്തേക്കു വഴിയില്ല എന്നാണോ? ഓര്‍മ്മയുടേയും ചോദ്യം ചെയ്യലിന്റേയും കലയുടെയും കവിതയുടേയും ലോകം അടച്ചത് ആരാണ്? മുണ്ടക ഉപനിഷദിലെ ഒരു കിളി പഴം തിന്നുന്നു; മറ്റേതു നോക്കിയിരിക്കുന്നു. ഈ രണ്ടാം കിളിയെ നാം കൊന്നോ? കൊന്നതു നാം അറിഞ്ഞില്ലേ? അര്‍ത്ഥം കണ്ടെത്തുന്ന യുക്തി സാമ്പത്തിക ശാസ്ത്രത്തിന്റെ അധീശത്വത്തില്‍ അന്തരിച്ചുപോയോ?

ഇന്ത്യന്‍ ജനാധിപത്യത്തെ ഒരു വടവൃക്ഷത്തോടുപമിക്കാന്‍ ആഗ്രഹിക്കുന്നതു വൈവിധ്യത്തിന്റെ പലമയുടെ ഒരുമയുടെ മാതൃകയാണ്. ജനവൈവിധ്യത്തിന്റെ സമ്പന്നതയില്‍ ഈ നാടിന്റെ ജനാധിപത്യത്തെ പണിതുയര്‍ത്താന്‍ കഴിയുമോ എന്ന വലിയ ചോദ്യം നിലനില്‍ക്കുന്നു. നെഹ്രുവിന്റെ ഇന്ത്യ എന്ന ആശയത്തെ പഴിച്ചുകൊണ്ടു മാത്രം പുതിയ വീക്ഷണമുണ്ടാവില്ല. അതിനു രാഷ്ട്രീയത്തിന്റെ ദര്‍ശനം തന്നെ വേണം. വിയോജിപ്പു പറയാനുള്ള അവകാശമില്ലാതെ സ്വാതന്ത്ര്യമില്ല. ഇതാണ് ഇന്ത്യയുടെ ഭാവിയുടെ ഏക പ്രശ്‌നം. പിന്നോട്ടു പോകയല്ല വേണ്ടത്; അന്തമില്ലാത്ത കടത്തുകടക്കലിനു സന്നദ്ധമാവുകയാണ്. ഉദാത്തമായ ചിന്തകള്‍ ഏതു ദിക്കില്‍നിന്നു വരട്ടെ. യാഥാര്‍ത്ഥ്യ ബോധം സൃഷ്ടിക്കുന്ന ഓക്കാനവും നിരാശയും മറികടക്കാന്‍ സ്വപ്നങ്ങള്‍ക്കും സങ്കല്പങ്ങള്‍ക്കും മാത്രമേ കഴിയൂ. സത്യത്തില്‍ തകരാതിരിക്കാന്‍ നമുക്കു കലയുണ്ട്; ആശ്രയവും പ്രതീക്ഷയും കരുതലുമായി കലയേയുള്ളൂ...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com