യു.എ.പി.എ; നിരപരാധികളുടെ ബലിപീഠം

കഴിഞ്ഞ വര്‍ഷം യു.എ.പി.എ ചുമത്തിയത് 1,321 പേര്‍ക്കെതിരെ. ഔദ്യോഗിക കണക്കു പ്രകാരം മാത്രം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആറായിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്
യു.എ.പി.എ; നിരപരാധികളുടെ ബലിപീഠം

2012 ഓഗസ്റ്റില്‍ തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് മുപ്പത്തിയെട്ടുകാരനായ മൊഹമ്മദ് ഇല്യാസും മുപ്പത്തിമൂന്നുകാരനായ മൊഹമ്മദ് ഇര്‍ഫാനുമടക്കം അഞ്ച് പേരെ മഹാരാഷ്ട്ര തീവ്രവാദവിരുദ്ധ സ്‌ക്വാഡ് യു.എ.പി.എ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യുന്നത്. ഇവരില്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്നും രാഷ്ട്രീയനേതാക്കള്‍, പൊലീസ് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ കൊല്ലാനുള്ള ഇവരുടെ പദ്ധതി തകര്‍ത്തെന്നും പൊലീസ് അവകാശപ്പെട്ടിരുന്നു. ഒന്‍പതു വര്‍ഷം ജയിലില്‍ കഴിഞ്ഞ ഇവരെ ഇക്കഴിഞ്ഞ ജൂണില്‍ കോടതി വെറുതേവിട്ടു. ഇത്രയും കാലയളവിനിടയില്‍ കുറ്റം തെളിയിക്കാനോ ഇവര്‍ക്കെതിരേയുള്ള തെളിവുകള്‍ ഹാജരാക്കാനോ എ.ടി.എസിനു കഴിഞ്ഞില്ല.  

ജീവിതത്തിലെ വിലപ്പെട്ട ഒന്‍പതു വര്‍ഷങ്ങളാണ് തനിക്ക് നഷ്ടമായതെന്ന് പറയുന്നു ഇര്‍ഫാന്‍. നാലു തവണ ജാമ്യാപേക്ഷ നല്‍കിയെങ്കിലും എല്ലാം നിരസിക്കപ്പെട്ടു. ഒടുവില്‍ തെളിവൊന്നുമില്ലെന്ന യാഥാര്‍ത്ഥ്യം ബോധ്യപ്പെട്ട ബോംബെ ഹൈക്കോടതി 2019-ല്‍ ജാമ്യം അനുവദിച്ചു. അപ്പോഴേക്കും ജോലിയും ജീവിതവുമൊക്കെ തകര്‍ന്നിരുന്നു. ഇല്യാസ് ജയിലില്‍ പോകുമ്പോള്‍ ഏറ്റവും ഇളയകുട്ടിക്ക് രണ്ടാഴ്ച മാത്രമായിരുന്നു പ്രായം. ഒന്‍പതു വര്‍ഷത്തിനിടയില്‍ ഒരു തവണ മാത്രമാണ് ജയിലില്‍ ഭാര്യയ്ക്കും മൂന്നു മക്കള്‍ക്കും ഇല്യാസിനെ കാണാനായത്. ജീവിതം ഒരിക്കല്‍ക്കൂടി കരുപിടിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഇരുവരും. ഭരണകൂടം തകര്‍ത്തെറിയുന്ന ജീവിതങ്ങളില്‍ രണ്ടുപേരുടെ കഥ മാത്രമാണ് ഇത്. 

ത്രിപുര കത്തുന്നുവെന്ന മൂന്നു വാക്കുകളെഴുതിയതിന്റെ പേരിലാണ് ത്രിപുരയില്‍ മാധ്യമപ്രവര്‍ത്തക ശ്യാം മീരാ സിങ്ങിനെ ത്രിപുര പൊലീസ് യു.എ.പി.എ ചുമത്തിയത്. വര്‍ഗ്ഗീയ സംഘര്‍ഷത്തിനു പിന്നാലെ 102 സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉടമകളെ പ്രതിയാക്കി പൊലീസ് ഈ വകുപ്പ് ചുമത്തിയത്. കലാപത്തെക്കുറിച്ച് വസ്തുതാന്വേഷണം നടത്തിയ നാലു സുപ്രീംകോടതി അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും പൗരാവകാശ പ്രവര്‍ത്തകരും ഇതില്‍പ്പെടുന്നു. എതിര്‍സ്വരങ്ങളെ അടിച്ചമര്‍ത്താന്‍ ഈ നിയമം വ്യാപകമായി ഉപയോഗിക്കപ്പെടുന്നതുകൊണ്ട് അറസ്റ്റിലാകുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനയുണ്ട്. എന്നാല്‍, ഇവരില്‍ എത്ര പേര്‍ കുറ്റക്കാരാണ്? എത്രപേര്‍ ശിക്ഷിക്കപ്പെടുന്നു?തെളിവുപോലുമില്ലാതെ കേസില്‍ നിന്നൊഴിവാക്കുന്നവര്‍ എത്ര?
  
2014 മുതല്‍ 2020 വരെയുള്ള ഓരോ വര്‍ഷവും ശരാശരി 985 കേസുകള്‍ യു.എ.പി.എ വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നു. തീര്‍പ്പാക്കാനുള്ള (അന്വേഷണവും വിചാരണയും നടക്കാനിരിക്കുന്ന) കേസുകളുടെ എണ്ണത്തില്‍ 14.38 ശതമാനം വര്‍ദ്ധനയുമുണ്ട്. ഏഴുവര്‍ഷത്തിനിടെ അന്വേഷണം നടക്കുന്ന ശരാശരി 40.58 ശതമാനം കേസുകളും വിചാരണാഘട്ടത്തിലാണ്. ഇതില്‍ നാലര ശതമാനം കേസുകള്‍ മാത്രമാണ് പൂര്‍ത്തിയായത്.  ക്രൈം റെക്കോര്‍ഡ്‌സിന്റെ കണക്കു പ്രകാരം 6,900 യു.എ.പി.എ കേസുകളാണ് 2014-'20 കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2019-ല്‍ 1,226 കേസുകള്‍. 2018-ല്‍ 1,182 കേസുകള്‍. 2020-ല്‍ കേസുകളുടെ എണ്ണം 35 ശതമാനം കുറഞ്ഞ് 796-ലെത്തി. അതായത് കേസുകളുടെ എണ്ണം കുറഞ്ഞെങ്കിലും ഒരു കേസില്‍ ഒന്നിലധികം പേരില്‍ ഈ വകുപ്പ് ചുമത്തിത്തുടങ്ങി. 

2014-ല്‍ 1857 കേസുകളില്‍ അന്വേഷണം നടക്കാനുണ്ടായിരുന്നു. തൊട്ടടുത്ത വര്‍ഷമായപ്പോഴേക്ക്  അത് 2,549 കേസുകളായി. 37 ശതമാനം വര്‍ദ്ധനയാണുണ്ടായത്. 2020-ല്‍ 4,201 കേസുകളിലാണ് അന്വേഷണവും വിചാരണയും നടക്കാനുള്ളത്. 2017-നും 2020-നുമിടയ്ക്ക് ശരാശരി 165 കേസുകള്‍ക്ക് ചാര്‍ജ്ഷീറ്റ് നല്‍കിയിട്ടുണ്ട്. ഈ വര്‍ഷങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശരാശരി കേസുകളുടെ 16 ശതമാനം വരും ഇത്. 2014-'20 കാലയളവില്‍ ശരാശരി 1,834 കേസുകള്‍ വിചാരണയിലുള്ളത്. 4250 കേസുകളില്‍ അന്വേഷണം നടന്നുവരുന്നു. പ്രതിവര്‍ഷം നാലര ശതമാനം കേസുകള്‍ മാത്രമാണ് അന്വേഷണം പൂര്‍ത്തിയാകുന്നത്. 

ഈ കേസുകളില്‍ പ്രതിപ്പട്ടികയില്‍പ്പെട്ടവര്‍ ഒന്നുകില്‍ ശിക്ഷിക്കപ്പെടുകയോ അല്ലെങ്കില്‍ കുറ്റമുക്തനാക്കപ്പെടുകയോ ചെയ്യാം. വെറുതേ വിട്ടാല്‍ പുനരന്വേഷണത്തിനു ശേഷം വീണ്ടും അവര്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. പ്രാഥമിക തെളിവുകളില്ലെന്ന് കണ്ടാലാണ് സാധാരണ കോടതികള്‍ ഇവരെ വെറുതേ വിടുന്നത്. 2014 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ശരാശരി 72.4 ശതമാനം പേരെ മോചിപ്പിച്ചിട്ടുണ്ട്. ശരാശരി 27.5 ശതമാനം മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. അതായത്, 550 പേരെ മോചിപ്പിച്ചപ്പോള്‍ 253 പേര്‍ ശിക്ഷിക്കപ്പെട്ടു. 2014 മുതല്‍ 2020 വരെയുള്ള ഏഴു വര്‍ഷം 10,552 അറസ്റ്റിലായപ്പോള്‍ ശിക്ഷിക്കപ്പെട്ടത് 23 പേര്‍ മാത്രം. ശരാശരി ഒരു വര്‍ഷം 1,507 പേര്‍ അറസ്റ്റിലാകുമ്പോള്‍  ശരാശരി 36 പേര്‍ മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്. 

സംസ്ഥാനങ്ങളുടെ അടിസ്ഥാനത്തില്‍ ഈ കണക്കുകള്‍ പരിശോധിച്ചാല്‍ 2015-ല്‍ ആകെ അറസ്റ്റ് ചെയ്തവരില്‍ 61.3 ശതമാനം പേരും മണിപ്പൂരിലായിരുന്നു. എന്നാല്‍, 2019-ല്‍ അത് 19.81 ശതമാനമായി കുറഞ്ഞു. മൊത്തം അറസ്റ്റിന്റെ 11.34 ശതമാനമായിരുന്നു അസമില്‍. 2020-ല്‍ ഇത് 5.75 ശതമാനമായി. അതേസമയം ജമ്മു-കശ്മീരില്‍ 2015-ല്‍ 0.8 ശതമാനമായിരുന്നത് 2019-ല്‍ 11.6 ശതമാനമായി. ബിഹാറും ജാര്‍ഖണ്ഡും ഉത്തര്‍പ്രദേശുമൊക്കെ യു.എ.പി.എ ചുമത്തുന്നതില്‍ മുന്നിലാണ്. 2015-'19 കാലയളവില്‍ അറസ്റ്റ് ചെയ്യപ്പെട്ട 7,050 പേരില്‍ 31 ശതമാനവും മണിപ്പൂരിലാണ്. 20 ശതമാനം യു.പിയില്‍. 14.22 ശതമാനം അസമില്‍, 8.04 ശതമാനം ബിഹാറില്‍, ജാര്‍ഖണ്ഡില്‍ 7.31 ശതമാനം, ജമ്മുവില്‍ 7.16 ശതമാനം. ഈ ആറു സംസ്ഥാനങ്ങളിലാണ് രാജ്യത്ത് യു.എ.പി.എ നിയമം ചുമത്തിയുള്ള അറസ്റ്റുകളില്‍ 87 ശതമാനവും. 

അലനും, താഹയും
അലനും, താഹയും

കേരളത്തില്‍ എത്ര കേസുകള്‍?

2007 ഡിസംബര്‍ 19-ന് എറണാകുളം തൃക്കാക്കര പൊലീസ് സ്റ്റേഷനിലാണ് യു.എ.പി.എ ചുമത്തി കേരളത്തിലാദ്യം കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. പീപ്പിള്‍സ് മാര്‍ച്ച് പത്രാധിപരായിരുന്ന ഗോവിന്ദന്‍കുട്ടിയാണ് അറസ്റ്റിലായത്. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും കൊടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയുമായിരിക്കെ രാജ്യദ്രോഹപരമായ ലേഖനം പ്രസിദ്ധീകരിച്ചുവെന്ന കുറ്റത്തിനായിരുന്നു അറസ്റ്റ്. 12 വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം പൊലീസ് സമര്‍പ്പിച്ചിരുന്നില്ല. 

പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം 2021 മേയ് 19 വരെ 145 യു.എ.പി.എ കേസുകളാണ് ചുമത്തിയത്. പ്രോസിക്യൂഷന്‍ അനുമതി കിട്ടിയത് എട്ടു കേസുകളില്‍ മാത്രം. 2014-ല്‍ യു.എ.പി.എ പ്രകാരം കേരളത്തില്‍ എടുത്തത് 30 കേസുകളാണെങ്കില്‍ 2015-ല്‍ ഇത് 35 ആയി. 2016ല്‍  36 ഉം. 2017-ല്‍ 4 കേസുകളായി ഇവ ചുരുങ്ങിയെങ്കിലും 2018-ല്‍ 17-ലേക്കും തുടര്‍ന്ന് 29 കേസുകളുമായി വര്‍ദ്ധിക്കുകയും ചെയ്തതായി 'ടൈംസ് ഓഫ് ഇന്ത്യ' നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. 

തുടക്കം മുതല്‍ തന്നെ യു.എ.പി.എ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമാക്കി വച്ചിരുന്നു. വിവരാവകാശ രേഖപ്രകാരം വിവരങ്ങള്‍ ക്രോഡീകരിക്കപ്പെട്ടിട്ടില്ലെന്നായിരുന്നു മറുപടി. ഇപ്പോഴും പൂര്‍ണ്ണമായും വിവരം ലഭ്യമല്ല. ഇതിനു പുറമെ എന്‍.ഐ.എ നേരിട്ടെടുത്ത പതിനൊന്നോളം കേസുകളും ഐ.എസുമായി ബന്ധപ്പെട്ട് എടുത്ത കേസുകളും മാവോയിസ്റ്റ് കേസുകളും ഇതിലുള്‍പ്പെടുന്നു. 2015-ല്‍ ശ്യാം ബാലകൃഷ്ണനെ വയനാട്ടില്‍ വച്ച് മാവോയിസ്റ്റാണെന്ന് ആരോപിച്ച് യു.എ.പി.എ ചുമത്തിയ കേസ് ഹൈക്കോടതി റദ്ദ് ചെയ്തിരുന്നു. 

പൊലീസിന് ശക്തമായി താക്കീത് നല്‍കിയതിനൊപ്പം ശ്യാം ബാലകൃഷ്ണന് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. മാവോയിസ്റ്റാണ് എന്ന കാരണത്താല്‍ മാത്രം ഒരാളെ തടവിലിടാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പുസ്തകങ്ങള്‍ സൂക്ഷിക്കുന്നതിനും ആശയങ്ങളില്‍ വിശ്വസിക്കുന്നതുകൊണ്ടുമാത്രം ഒരാളെ ഭീകരവാദിയായി മുദ്രകുത്താന്‍ പാടില്ലെന്ന് നിരവധി തവണ കോടതികള്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. 

എന്നാല്‍, മാവോയിസത്തില്‍ അനുഭാവം പ്രകടിപ്പിക്കുന്നവരെപ്പോലും യു.എ.പി.എ ചുമത്താന്‍ നിയമം അനുശാസിക്കുന്നുണ്ടെന്നായിരുന്നു പിണറായി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചത്. തുടര്‍ന്ന് ഹൈക്കോടതി വിധി കേസ് പരിഗണിച്ച ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്രയും സുഭാഷ് റെഡ്ഡിയും അടങ്ങുന്ന ബെഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു. സി.പി.ഐ മാവോയിസ്റ്റ് പ്രവര്‍ത്തകനായ രൂപേഷിനെതിരെ യു.എ.പി.എ ചുമത്തിയത് ഒഴിവാക്കാന്‍ കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചതും അടുത്തകാലത്താണ്. കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പന്തീരാങ്കാവ് കേസില്‍ മാസങ്ങള്‍ നീണ്ട ജയില്‍വാസത്തിനു ശേഷമാണ് അലന്‍ ഷുഹൈബിനും താഹ ഫസലിനും സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. യു.എ.പി.എ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നു വ്യക്തമാക്കിയാണ് കോടതി ജാമ്യം അനുവദിച്ചതും. 

2008-ല്‍ യു.എ.പി.എ ഭേദഗതി പി. ചിദംബരം പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ ഇടതുമുന്നണിയുടെ നാലു പ്രതിനിധികള്‍ ഭേദഗതിയെ എതിര്‍ത്തു. എന്നാല്‍, ഭരണത്തിലെത്തുമ്പോള്‍ ഉദാരമായ സമീപനമാണ് സി.പി.എം കൈക്കൊണ്ടിരുന്നത്. അതായത് എതിര്‍ത്തോ എന്നു ചോദിച്ചാല്‍ എതിര്‍ത്തെന്ന മട്ട്. അതേസമയം നടപ്പാക്കുകയും ചെയ്യും. രാഷ്ട്രീയ പ്രായോഗിക സമീപനമായി വ്യാഖ്യാനം നടത്താമെങ്കിലും നിലപാടിലുള്ള ഇരട്ടത്താപ്പാണ് അത്. 

ശക്തമായ വിമര്‍ശനങ്ങള്‍ക്കൊടുവില്‍ യു.എ.പി.എ കേസുകള്‍ പുന:പരിശോധിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പുന:പരിശോധനയുടെ മാനദണ്ഡമെന്താണെന്നോ ആരാണ് പുന:പരിശോധന നടത്തുന്നതെന്നത് സംബന്ധിച്ച കാര്യങ്ങളിലോ അന്നും ഇന്നും സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. പിന്നീട് 43 കേസുകളില്‍ യു.എ.പി.എ നിലനില്‍ക്കില്ലെന്ന് കണ്ടെത്തിയതായും ആ കേസുകളില്‍ യു.എ.പി.എ വകുപ്പുകള്‍ നീക്കം ചെയ്യുമെന്നും ഡി.ജി.പിയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഈ 43 കേസുകള്‍ ഏതാണെന്ന കാര്യത്തിലും വ്യക്തത ഇതുവരെയും വന്നിട്ടില്ല. അതിദേശീയതയും അതിന് ഭീഷണിയുണ്ടെന്ന പ്രതീതിയും തീവ്ര വലതുപക്ഷ സൃഷ്ടിയാണ്. സി.പി.എം അടക്കമുള്ള പാര്‍ട്ടികള്‍ ഇത് പിന്തുടരുന്നതാണ് ഇതുവരെയുള്ള അനുഭവം. മനുഷ്യനും അവന്റെ വിമതസ്വരങ്ങള്‍ക്കുമല്ല പ്രാമുഖ്യമെന്ന് വ്യക്തം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com