ലക്ഷദ്വീപില്‍ പോയിവന്നപ്പോള്‍

സമാധാനവും സന്തോഷവും നിറഞ്ഞ ദ്വീപില്‍ അഡ്മിനിസ്ട്രേറ്ററായി പ്രഫുല്‍ ഘോട പട്ടേല്‍ എത്തിയതിനു തുടര്‍ച്ചയായുണ്ടായ അനുഭവങ്ങളിലെ ആകുലതകള്‍ അവര്‍ ചില സമയങ്ങളിലെങ്കിലും മറച്ചുവെച്ചു
ലക്ഷദ്വീപില്‍ പോയിവന്നപ്പോള്‍

വാര്‍ത്താതലക്കെട്ടുകളിലെ സ്ഥിരസാന്നിധ്യം തല്‍ക്കാലം അവസാനിച്ചെങ്കിലും ലക്ഷദ്വീപ് പഴയ സ്വസ്ഥവും ശാന്തവുമായ ജീവിതത്തിലേക്കു തിരിച്ചെത്തിയിട്ടില്ല. ദ്വീപിലെ ജനങ്ങളുടെ ഉള്ളുരുകുന്നുണ്ട്. പക്ഷേ, അതും പിന്നിലേക്കു മാറ്റിവയ്ക്കാന്‍ ശ്രമിക്കുകയാണ് അവര്‍. ജനപ്രതിനിധികള്‍ക്കടക്കം കേരളത്തില്‍നിന്നു ലക്ഷദ്വീപിലെത്തുന്നതിന് അനുമതി നിഷേധിച്ചതിനു പിന്നാലെ ദ്വീപിലെ സുഹൃത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ടായിരുന്നു ഈ യാത്ര. അകമേ ചെറിയ ആശങ്കയും വലിയ ആവേശവും. ലക്ഷദ്വീപ് ജനത അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയരാകാന്‍ പോകുന്നുവെന്ന ആശങ്കയിലെ വസ്തുതകള്‍ നേരിട്ടറിയാന്‍ കഴിഞ്ഞത് വ്യത്യസ്ത അനുഭവം തന്നെയായി മാറുകയും ചെയ്തു. 

ദ്വീപിലേയ്ക്കു പോകാന്‍ കപ്പലും വിമാനവുമാണ് ആശ്രയം. കൊച്ചിയില്‍നിന്ന് അഞ്ച് യാത്രാക്കപ്പലുകള്‍ അവിടേയ്ക്കു സര്‍വ്വീസ് നടത്തുന്നുണ്ട്. അതോടൊപ്പം അഗത്തി വിമാനത്താവളത്തിലേയ്ക്ക് നെടുമ്പാശേരിയില്‍നിന്നു വിമാന സര്‍വ്വീസുമുണ്ട്. കപ്പല്‍ യാത്രയ്ക്ക് ടിക്കറ്റ് കിട്ടാത്തതും ദ്വീപുകാരുടെ യാത്രാദുരിതവും വാര്‍ത്തയാക്കിയിട്ടുണ്ട് പലതവണ. അതുകൊണ്ടുതന്നെ കപ്പല്‍ യാത്രയെക്കുറിച്ച് ഏറെക്കുറെ ധാരണയോടെയാണ് എം.വി. കോറല്‍സ് ഷിപ്പില്‍ കയറിയത്. 18 മണിക്കൂര്‍ കൊച്ചിയില്‍നിന്നും കപ്പലില്‍ യാത്ര ചെയ്താണ് ലക്ഷദ്വീപിലെ കവരത്തിയിലേക്കെത്തുന്നത്. 

കൊവിഡിന്റെ തുടക്കത്തില്‍ ദ്വീപിലും ഏതാനും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, നിലവില്‍ ദ്വീപ് കൊവിഡ് മുക്തമാണ്. അതുകൊണ്ടുതന്നെ ഇനിയൊരു കേസ് ഉണ്ടാകാതിരിക്കാന്‍ യാത്രക്കാര്‍ക്ക് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. കപ്പല്‍ ദ്വീപിനോട് അടുക്കുമ്പോള്‍ ഡക്കില്‍നിന്നാല്‍ ദൂരെനിന്നുതന്നെ കവരത്തി ദ്വീപ് കാണാം. 32 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ദ്വീപ് 1956-ല്‍ രൂപംകൊണ്ടെങ്കിലും 1973-ലാണ് ലക്ഷദ്വീപ് എന്നു നാമകരണം ചെയ്തത്.

ലക്ഷദ്വീപില്‍ സംഭവിക്കുന്നത് 

ദ്വീപുകാരുടെ മുഖങ്ങളിലും സംസാരത്തിലും നിസ്സഹായത മാത്രമാണ് എന്നായിരുന്നു അവിടെ നിന്ന് എത്തിയ വാര്‍ത്തകളില്‍ കണ്ടിരുന്നത്. പക്ഷേ, കവരത്തിയില്‍ സ്വീകരിക്കാനെത്തിയ പരിചയക്കാരായ ദ്വീപുകാരെ നേരിട്ട് കണ്ടപ്പോള്‍ത്തന്നെ അവര്‍ ആത്മവിശ്വാസം തിരിച്ചുപിടിച്ചിരിക്കുന്നതായി മനസ്സിലായി. സമാധാനവും സന്തോഷവും നിറഞ്ഞ ദ്വീപില്‍ അഡ്മിനിസ്ട്രേറ്ററായി പ്രഫുല്‍ ഘോട പട്ടേല്‍ എത്തിയതിനു തുടര്‍ച്ചയായുണ്ടായ അനുഭവങ്ങളിലെ ആകുലതകള്‍ അവര്‍ ചില സമയങ്ങളിലെങ്കിലും മറച്ചുവെച്ചു. അതിഥികളെ ആഥിത്യമര്യാദകളാല്‍ മൂടുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. നിലവില്‍ ലക്ഷദ്വീപില്‍ എന്താണ് സംഭവിക്കുന്നതെന്നായിരുന്നു എനിക്കറിയേണ്ടത്. അതിനുത്തരം പറയാന്‍ കഴിയുന്ന ജനപ്രതിനിധികളില്‍നിന്നുതന്നെ അതു നേരിട്ടറിഞ്ഞു. കവരത്തി ചെയര്‍പേഴ്സണ്‍ അബ്ദുള്‍ ഖാദറിനെയാണ് ആദ്യം കണ്ടത്. (ലക്ഷദ്വീപില്‍ ചെയര്‍മാനില്ല; ആണും പെണ്ണും ചെയര്‍പേഴ്സണാണ്).

പുതിയ അഡ്മിനിസ്ട്രേറ്റര്‍ നടപ്പാക്കിയ ഭരണപരിഷ്‌കാരങ്ങള്‍ ദ്വീപിലെ ജനങ്ങളുമായി ബന്ധമില്ലാത്തവയാണ്. വികസനത്തിന് ഇവിടെയാരും എതിരല്ല. നിലവില്‍ കൂട്ടായ പ്രതിഷേധങ്ങള്‍ വരുന്നില്ലെന്നേയുള്ളൂ. അത് കൊവിഡ് സാഹചര്യം കണക്കിലെടുത്താണ്. പ്രതിഷേധങ്ങളോ സമരപരിപാടികളോ സംഘടിപ്പിക്കണമെങ്കില്‍ പൊലീസിന്റെ അനുമതി വേണം. അതുകൊണ്ടുതന്നെ അത്തരം സമരപരിപാടികളിലേക്കൊന്നും ദ്വീപുകാര്‍ ഇപ്പോള്‍ കടക്കുന്നില്ല. നിരവധി ഹര്‍ജികള്‍ വിവിധ കോടതികളില്‍ ദ്വീപുകാര്‍ നല്‍കിയിട്ടുണ്ട്. ചില ഹര്‍ജികളില്‍ ദ്വീപ് സമൂഹത്തിന് അനുകൂലമായ വിധി വന്നിട്ടുമുണ്ട്. മറ്റുള്ളവയിലും അതുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ചെയര്‍പേഴ്സണ്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. കഴിഞ്ഞ ഗാന്ധിജയന്തിക്ക് ആദ്യമായി ദ്വീപില്‍ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു. ഗാന്ധി വിരുദ്ധരാണ് ദ്വീപുകാര്‍ എന്ന് ആക്ഷേപിച്ചവര്‍ക്കുള്ള മറുപടിയായിരുന്നു കവരത്തിയിലെ ഈ പ്രതിമ. ആ ചടങ്ങില്‍ ദ്വീപുകാര്‍ ആവേശത്തോടെയാണ് പങ്കെടുത്തത്. അന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് ദ്വീപിലെത്തി സംസാരിച്ചതും വലിയ ആശ്വാസമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് അദ്ദേഹം പറയുന്നു. ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ചു മാത്രമേ സര്‍ക്കാര്‍ നീങ്ങുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ദ്വീപുകാരില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. അതില്‍ പ്രതീക്ഷയുണ്ട്. എന്നാല്‍, പഞ്ചായത്തിന്റെ എല്ലാ അധികാരവും ഭരണകൂടം കവര്‍ന്നെടുത്തിരിക്കുകയാണ്. 

പഞ്ചായത്തിന്റെ സ്വയംഭരണാവകാശങ്ങള്‍ ചവിട്ടിമെതിച്ചാണ് അഡ്മിനിസ്ട്രേറ്റര്‍ പഞ്ചായത്തിന്റെ അധികാരങ്ങളെല്ലാം വെട്ടിച്ചുരുക്കിയത്. ''ഇത് നിയമവിരുദ്ധമായ നടപടിയാണ്. പാര്‍ലമെന്റ് പാസ്സാക്കിയ റെഗുലേഷനാണ് ഭരണകൂടം ഇല്ലായ്മ ചെയ്യുന്നത്. ഇതിനെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. എന്തായാലും ജനങ്ങളുടെ അവകാശം കവര്‍ന്നെടുക്കാന്‍ ദ്വീപുകാര്‍ അനുവദിക്കില്ല'' -അദ്ദേഹം പറഞ്ഞു. ദ്വീപുകാരുടെ പ്രതീക്ഷ ഇനി കോടതിയില്‍ മാത്രമാണെന്നാണ് കവരത്തി വൈസ് ചെയര്‍മാന്‍ നസീറും പറയുന്നത്. അമിനി കോടതിയിലും ഹൈക്കോടതിയിലും ഹര്‍ജികള്‍ നിലവിലുണ്ട്. 

യാത്രയ്ക്കിടെ കണ്ടുമുട്ടിയ ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസലിന്റെ വാക്കുകള്‍ അത്രയ്ക്ക് പ്രതീക്ഷ നല്‍കുന്നതായിരുന്നില്ല. ദ്വീപില്‍ ഏറ്റവും കൂടുതല്‍ പ്രതിഷേധമുയര്‍ത്തിയത് ലക്ഷദ്വീപ് ഡവലപ്പ്മെന്റ് അതോറിറിറ്റി റഗുലേഷന്‍സ് ആയിരുന്നു. അതിപ്പോള്‍ ആഭ്യന്തര മന്ത്രാലയം മരവിപ്പിച്ചിരിക്കുകയാണ്. എങ്കിലും അഡ്മിനിസ്ട്രേറ്റര്‍ സ്വന്തം നിലയില്‍ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകുകയാണ്. സാധാരണ ജനങ്ങളുടെ ഭൂമി അവരുടെ അനുമതിയില്ലാതെ ഏറ്റെടുക്കാനാണ് ഉദ്ദേശിക്കുന്നത്. ജയില്‍ സ്‌കൂള്‍പോലെ പലവിധ പദ്ധതികള്‍ കൊണ്ടുവരുന്നു. ദ്വീപിന്റെ സാഹചര്യം കണക്കിലെടുത്തല്ല ഈ പദ്ധതികളെന്ന് എം.പി പ്രതികരിക്കുന്നു. കവരത്തിയിലെ ഡയറിഫാം അടച്ചുപൂട്ടി പശുക്കളെ ലേലത്തിനു വെച്ചു. ദ്വീപുകാര്‍ ലേലത്തില്‍ പങ്കെടുത്തില്ല. അതോടെ ദ്വീപിനു പുറത്തേക്ക് പശുക്കളെ കയറ്റി അയയ്ക്കാനൊരുങ്ങുന്നുവെന്നാണ് ദ്വീപുകാര്‍ പറയുന്നത്. ഫാമിന് അടുത്തായി അമുല്‍ കമ്പനിയുടെ സ്ഥാപനം. അമൂലിന്റെ പാലുല്പന്നങ്ങളുടെ വിപണനമാണ് ഈ പശുക്കള്‍ തടസ്സപ്പെടുത്തുന്നതെന്ന് നാട്ടുകാര്‍ക്കുമറിയാം. ഇത്തരം അസ്വസ്ഥതകളൊക്കെയും പല കോണുകളിലും നിലനില്‍ക്കുന്നു. എന്നാല്‍, ഈ സാഹചര്യത്തെ അഭിമുഖീകരിക്കാനും നേരിടാനുമുറച്ചവരായി ദ്വീപുകാര്‍ മാറിക്കഴിഞ്ഞിരിക്കുന്നുവെന്നുവേണം കരുതാന്‍. ചെറിയ സന്തോഷങ്ങള്‍പോലും വലിയ ആഘോഷങ്ങളാണ് ദ്വീപില്‍. നബിദിനാഘോഷം ഒരു മാസം നീണ്ടുനില്‍ക്കും. വീടുകളും പള്ളിയുമെല്ലാം അലങ്കരിച്ച് ഖുര്‍ആന്‍ പാരായണവും പാട്ടും ഘോഷയാത്രയുമായി ഉത്സവ പ്രതീതി. കവരത്തിയിലെ ഒരു ചെറിയ ആഘോഷ സദസ്സില്‍ എത്തിയപ്പോഴാണ് അമിനി കോടതിയിലെ അഭിഭാഷകന്‍ സലാമിനെ കാണുന്നത്. അദ്ദേഹമാണ് 26 കോടിയുടെ ജയില്‍ സ്ഥാപിക്കാന്‍ ദ്വീപ് ഭരണകൂടം ടെണ്ടര്‍ നല്‍കിയ കാര്യം പറഞ്ഞത്.

26 കോടിയുടെ ജയിലെന്തിന്? 

ലക്ഷദ്വീപില്‍ കുറ്റകൃത്യങ്ങളില്ലെന്ന് നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പരിശോധിച്ചതില്‍നിന്നു വ്യക്തമായിരുന്നു. അതുകൊണ്ടുതന്നെയാണ് അഭിഭാഷകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങി റൂള്‍ ഓഫ് ലോയുമായി നേരിട്ടു ബന്ധമുള്ള വിവിധയാളുകളോട് ദ്വീപിലെ കേസുകള്‍ സംബന്ധിച്ച് വിശദമായിത്തന്നെ ചോദിച്ചറിഞ്ഞത്. 20 വര്‍ഷത്തിനിടയില്‍ മൂന്നു കേസുകളില്‍ മാത്രമാണ് പ്രതികളെ ശിക്ഷിച്ചിട്ടുള്ളത്. അത് ഇവരെല്ലാവരും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. ശിക്ഷിച്ച പ്രതികളെ കേരളത്തിലെ ജയിലുകളില്‍ പാര്‍പ്പിച്ചു. ഇതില്‍ ഒരാള്‍ മാത്രമാണ് നിലവില്‍ ജയിലിലുള്ളത്. രണ്ടുപേര്‍ ജയില്‍ മോചിതരായി. നിലവില്‍ കവരത്തിയിലും അമിനിയിലും ആന്ദ്രോത്തിലും ജയിലുണ്ട്. മറ്റ് ദ്വീപുകളില്‍ റിമാന്‍ഡ് തടവുകാരെ പാര്‍പ്പിക്കുന്നതിന് പൊലീസ് സ്റ്റേഷനില്‍ സൗകര്യവുമുണ്ട്.

ഇവിടെയുള്ള ഓരോ ദ്വീപുകളും ഒരര്‍ത്ഥത്തില്‍ ഓരോ ജയിലുകളാണ്; വെള്ളത്താല്‍ ചുറ്റപ്പെട്ട് ആര്‍ക്കും ഓടി രക്ഷപ്പെട്ട് പോകാന്‍ സാധിക്കാത്ത ജയിലുകള്‍. പിന്നെയെന്താണ് ഇവിടെ ഈ 26 കോടിയുടെ ജയിലിന്റെ ആവശ്യമെന്ന് ദ്വീപിലെ മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകനും സേവ് ലക്ഷദ്വീപ് ഫോറം ഭാരവാഹിയുമായ യു.സി.കെ. തങ്ങള്‍ ചോദിക്കുന്നു. കവരത്തിയിലെ ഹെലിപ്പാഡ് കാണാന്‍ പോകുന്ന വഴിയിലാണ് സബ് ജയില്‍ കണ്ടത്. സാധാരണ നമ്മള്‍ കാണാറുള്ളതുപോലെ ജയില്‍ കവാടത്തിനു മുന്നില്‍ തോക്കേന്തിയ പൊലീസുകാരില്ല. പകരം മേയാന്‍ വിട്ടിരിക്കുന്ന ഒരു പശുവിനേയും കൊത്തിപ്പെറുക്കി നടക്കുന്ന ഒരു കോഴിയേയുമാണ് കണ്ടത്. പുറമെനിന്നു നോക്കിയിട്ട് അതിനകത്ത് ആള്‍ത്താമസമുള്ളതായി തോന്നിയില്ല. അന്വേഷിച്ചപ്പോള്‍ ചില കേസുകളില്‍ റിമാന്‍ഡ് തടവുകാരായി പാര്‍പ്പിച്ചിട്ടുള്ള അഞ്ച് പേരൊക്കെയുണ്ടാകുമെന്നു സമീപവാസികള്‍ പറഞ്ഞു. സീറോ ക്രൈം എന്ന് കേന്ദ്ര സര്‍ക്കാരിന്റെതന്നെ കണക്കുകളില്‍ പറയുന്ന ലക്ഷദ്വീപില്‍ ജയില്‍ ആവശ്യമില്ലെന്നാണ് എന്‍.സി.പി ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് മുഹ്സിന്‍ പറയുന്നത്. ഭൂവുടമകളുടെ അനുവാദം ചോദിക്കാതെയാണ് ജയിലിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചിരിക്കുന്നത്. ആരെയാണ് ഇതില്‍ പിടിച്ചിടുക? എന്തിനാണീ ജയില്‍? വന്‍ അഴിമതിയാണ് ഇതിനു പിന്നില്‍ സംശയിക്കപ്പെടുന്നത്. ക്വട്ടേഷന്‍ നടപടി ഇപ്പോള്‍ നടന്നുകഴിഞ്ഞു. ദ്വീപിന്റെ ജലസംഭരണിയായ പ്രദേശത്താണ് കൂറ്റന്‍ ജയില്‍ നിര്‍മ്മാണ നീക്കം നടക്കുന്നത്. ഈ വന്‍കിട കോണ്‍ക്രീറ്റു നിര്‍മ്മാണ പ്രവര്‍ത്തനംതന്നെ വന്‍ പാരിസ്ഥിതിക ആഘാതമുണ്ടാക്കും എന്നാണ് ആശങ്ക. 

തൂക്കുമരം വരെയുള്ള സൗകര്യങ്ങളോടെയാണ് ജയിലുണ്ടാക്കുന്നത്. ദ്വീപുകാരെ മുഴുവന്‍ പിടിച്ചിട്ടാലും ഈ ജയില്‍ നിറയുകയില്ല. പൗരത്വനിയമവുമായി ബന്ധപ്പെട്ട തടങ്കല്‍ പാളയമാണോ ഇതെന്നു സംശയിക്കേണ്ടിയിരിക്കുന്നു എന്നാണ് മുഹ്സിന്‍ ആശങ്കപ്പെടുന്നത്. നിലവിലെ ജയിലില്‍ ആളില്ലാത്ത അവസ്ഥയില്‍ എന്തിനാണ് ഈ പുതിയ ജയിലെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലും ചോദിക്കുന്നു. ഈ ജയിലെന്തിനാണെന്ന് ദ്വീപുകാര്‍ക്കറിയില്ല. ഇതിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് അവര്‍ വിശ്വസിക്കുന്നുണ്ട്. ദൂരവ്യാപകമായി ഇതിന് മറ്റു ഉദ്ദേശ്യങ്ങളുണ്ടോയെന്ന് കാത്തിരുന്നു കാണണം.

പട്ടേല്‍ സമ്മാനിച്ചത് തൊഴിലില്ലായ്മ 

തേങ്ങയാണ് ദ്വീപുകളിലെ പ്രധാന കാര്‍ഷികോല്പന്നം. 2,598 ഹെക്ടര്‍ സ്ഥലത്ത് തെങ്ങുകൃഷിയുണ്ട്. ഒരു ഹെക്ടറില്‍നിന്ന് 22,310 തേങ്ങ ലഭിക്കുന്നുവെന്നാണ് കണക്ക്. ഈ തേങ്ങയും മീനുമാണ് ദ്വീപിലെ പ്രധാന വരുമാനം. തെങ്ങിന്‍ പൂക്കുല ചെത്തി കലത്തില്‍ ശേഖരിച്ച് നീരയെന്ന പാനീയം ഉണ്ടാക്കുന്നവര്‍ ദ്വീപിലുണ്ട്. നീര വളരെ സ്വാദിഷ്ഠമായ ദ്വീപിന്റെ പ്രത്യേക വിഭവം തന്നെയാണ്. ഇതു കൂടുതല്‍ ദിവസം അടച്ചുവെച്ച് വിനാഗിരിയും ഉണ്ടാക്കുന്നുണ്ട്. ട്യൂണ മീന്‍ ഉണക്കിയുണ്ടാക്കുന്ന മാസ് കയറ്റുമതിയാണ് കൂടുതല്‍ പേര്‍ക്കും ഉപജീവനം. എന്നാല്‍, ഇതില്‍നിന്നൊക്കെ ലഭിക്കുന്നത് നാമമാത്രമായ വരുമാനം മാത്രമാണ്. ഇതുവരെയും സര്‍ക്കാര്‍ വകുപ്പുകളിലെല്ലാം തന്നെ ദ്വീപുകാര്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നു. പട്ടേല്‍ അഡ്മിനിസ്ട്രേറ്ററായി എത്തിയതോടെ നടത്തിയ ആദ്യ വെട്ടിനിരത്തല്‍ കരാര്‍ ജോലിക്കാരെ പിരിച്ചുവിടുകയെന്നതായിരുന്നു. 60000 മാത്രം ജനസംഖ്യയുള്ള ദ്വീപില്‍ 2000 കരാര്‍ തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. ഇതോടെ പല വീടുകളും പട്ടിണിയിലായി. തിന്നകര ടൂറിസം ദ്വീപിലെ ജോലിക്കാരനായ അക്ബര്‍ ഇപ്പോള്‍ ഓട്ടോറിക്ഷ ഓടിക്കുകയാണ്. അക്ബര്‍ പറയുന്നത് ജനങ്ങളോട് ചെയ്ത ഏറ്റവും വലിയ ദ്രോഹം ഈ കൂട്ട പിരിച്ചുവിടലായിരുന്നുവെന്നാണ്. ഓട്ടോറിക്ഷ ഓടിച്ചുള്ള ഉപജീവനം ദ്വീപില്‍ പ്രയാസകരമാണ്. കാരണം പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവ് തന്നെ. ദ്വീപിലിപ്പോഴും പെട്രോള്‍ പമ്പുകളില്ല. സൊസൈറ്റികളില്‍നിന്നും കാനുകളില്‍ വാങ്ങിയാണ് ദ്വീപുകാര്‍ ഇന്ധനം ഉപയോഗിക്കുന്നത്. കവരത്തിയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പമ്പ് സ്ഥാപിക്കാന്‍ നടപടികള്‍ നീക്കുന്നുണ്ട്. എന്നാല്‍, കടല്‍മാര്‍ഗ്ഗം എത്തിച്ച് കേരളത്തില്‍ കിട്ടുന്ന വിലയ്ക്ക് ഇന്ധനം ദ്വീപുകാര്‍ക്ക് നല്‍കാന്‍ കഴിയില്ല. ഇതോടെ ഓട്ടോയൊന്നും ജീവിക്കാന്‍ മെച്ചമല്ല. ഈ അവസ്ഥയില്‍ അക്ബറിനെപ്പോലുള്ള ചെറുപ്പക്കാര്‍ ഇനി എന്തുചെയ്യുമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ്.

ആശുപത്രിയില്ല; വികസിപ്പിക്കാനൊരുങ്ങുന്നത് വിമാനത്താവളം 

ലക്ഷദ്വീപിലെ ഏറ്റവും വലിയ ആശുപത്രി അഗത്തിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയാണ്. ഇവിടെയാണെങ്കില്‍പ്പോലും അത്യാധുനിക സംവിധാനങ്ങളില്ല. കവരത്തിയിലും മറ്റു ദ്വീപുകളും താരതമ്യേന പരിമിത സൗകര്യങ്ങള്‍ മാത്രമുള്ള ആശുപത്രികളാണുള്ളത്. ഇവിടെയെത്തുന്ന രോഗികളെ ഗുരുതരാവസ്ഥയാണെന്നു കണ്ടാലാണ് കൊച്ചിയിലേയ്ക്ക് റഫര്‍ ചെയ്യുന്നത്. എയര്‍ ആംബുലന്‍സ് വഴി എത്തിക്കുന്നതിനായി രോഗികളെ ചികിത്സിച്ച ഡോക്ടറുടെ സര്‍ട്ടിഫിക്കേറ്റിനു പുറമെ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് കൂടി ആവശ്യമാണ്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രോഗികളെ ഹെലികോപ്ടറില്‍ കൊണ്ടുപോകും. അതിനു ചെറിയ തുക മുടക്കിയാല്‍ മതി. എന്നാല്‍, കൂടെ പോകുന്നവര്‍ക്ക് നാലായിരത്തിലധികം രൂപ നല്‍കേണ്ടിവരും. അടിയന്തര ചികിത്സ വേണ്ടവരെ സംബന്ധിച്ച് ഈ മാറ്റല്‍ ഏറെ അപകടകരമാണ്. അതിനാല്‍ മികച്ച ചികിത്സാ സൗകര്യമെന്നത് ദ്വീപുകാരുടെ ചിരകാല ആവശ്യമാണ്. ഈ ആവശ്യം നിലനില്‍ക്കുമ്പോഴാണ് അഗത്തിയിലെ വിമാനത്താവളം വികസിപ്പിക്കാന്‍ ഭരണകൂടം ഒരുങ്ങുന്നത്. ചെറുവിമാനം മാത്രമാണ് അഗത്തി എയര്‍പോര്‍ട്ടില്‍ നിലവില്‍ ഇറങ്ങുന്നത്. അഗത്തി വിമാനത്താവളത്തിന് നിലവില്‍ 1200 മീറ്റര്‍ വിസ്തൃതിയാണുള്ളത്. 77 സീറ്റിംഗ് കപ്പാസിറ്റിയുള്ള വിമാനമാണിവിടെ ഇറങ്ങുന്നത്. എയര്‍ബസുപോലുള്ള വിമാനം ഇറങ്ങുന്നതിനു വേണ്ടിയാണ് വിമാനത്താവള വികസനം എന്ന് പറയുന്നത്. 5500 രൂപയാണ് കൊച്ചിയില്‍ നിന്നും അഗത്തിയിലേയ്ക്ക് വിമാനക്കൂലി. ഈ പണം മുടക്കി ദ്വീപുകാര്‍ വിമാനത്താവളത്തെ ആശ്രയിക്കുന്നത് അപൂര്‍വ്വമായി മാത്രം. കപ്പലില്‍ 550 രൂപയ്ക്ക് സുഖമായി യാത്ര സാധ്യമാകുമെന്നിരിക്കെ വലിയ തുക മുടക്കാന്‍ ദ്വീപുകാര്‍ പൊതുവെ തയ്യാറാകാറില്ല. വല്ലപ്പോഴും പറന്നിറങ്ങുന്ന മന്ത്രിമാര്‍ക്കും ടൂറിസ്റ്റുകള്‍ക്കുമാണ് ഈ വിമാനത്താവളം. ഇതിനായി ഏറ്റെടുക്കുന്നതാവട്ടെ, ദ്വീപുകാരുടെ ഭൂമിയും. പണ്ടാരം ഭൂമിയെന്ന പേരില്‍ അറിയപ്പെടുന്ന വസ്തുക്കള്‍ ആരുടേയും അനുമതിയില്ലാതെ ഏറ്റെടുക്കാമെന്നാണ് ഭരണകൂടത്തിന്റെ കണ്ടെത്തല്‍. അതിനാല്‍ ഭൂ ഉടമകളും നിസ്സഹായരാണ്.

ലേഖിക ലക്ഷദ്വീപിൽ
ലേഖിക ലക്ഷദ്വീപിൽ

സ്ത്രീധനമില്ല, സ്ത്രീയാണ് ധനം 

ഏറെ സന്തോഷത്തോടെയാണ് അവിടുത്തെ വിവാഹത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിഞ്ഞത്. മുന്‍പേതന്നെ വായിച്ചും കേട്ടും അറിഞ്ഞ കാര്യങ്ങളാണ്. എങ്കിലും അതിന്റെ സ്ത്രീപക്ഷ സ്വഭാവത്തിലെ വിട്ടുവീഴ്ചയില്ലായ്മ കൂടുതല്‍ അറിയാന്‍ പ്രേരണയായി. നമ്മള്‍ സ്ത്രീയാണ് ധനമെന്നു വീമ്പുപറയുകയും സ്ത്രീധനത്തിനായി വിലപേശുകയും ചെയ്യുന്നതുപോലെയല്ല ദ്വീപില്‍. ശരിക്കും സ്ത്രീയാണ് ധനം. പെണ്‍കുട്ടികളുണ്ടായാല്‍ ദ്വീപുകാര്‍ക്കിടയില്‍ അതുകൊണ്ടുതന്നെ യാതൊരു ആശങ്കയുമില്ല. വിവാഹം ചെയ്യണമെങ്കില്‍ സ്ത്രീകള്‍ക്ക് 'മഹര്‍' എന്ന പുരുഷധനമായി നല്ലൊരു തുക വരന്‍ നല്‍കണം. അവരവരുടെ കഴിവനുസരിച്ച് പുരുഷന്മാര്‍ സ്ത്രീകള്‍ക്ക് മഹര്‍ നല്‍കും. കൂടാതെ വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം നല്‍കണം. വിവാഹം ചെയ്ത് അയയ്ക്കല്‍ എന്നൊരു സംഗതി ഇവിടെ ഇല്ല. പകരം വധുവിന്റെ വീട്ടില്‍ വരന്‍ താമസിക്കണം. വിവാഹ ചെലവുകള്‍ പുരുഷന്‍ വഹിക്കുമ്പോള്‍ വധുവിന്റെ വീട്ടില്‍ വരനു താമസസൗകര്യം ഒരുക്കണം. വിവാഹദിവസം മകളെ കെട്ടിപ്പിടിച്ചു കരഞ്ഞ് അയയ്ക്കുന്ന അമ്മമാരെ ജീവിതത്തിലും സിനിമയിലും സാഹിത്യത്തിലുമൊക്കെ കാണുന്ന നമുക്ക് അവിടെ വരന്റെ ഉമ്മ കെട്ടിച്ചയക്കുന്ന മകനെ കെട്ടിപ്പിടിച്ച് കരയുമെന്ന് അറിയുമ്പോള്‍ ചിരിവരും. എന്നാല്‍, അവിടത്തുകാര്‍ക്കത് 'മകനെ അയയ്ക്കലാ'ണ്. സ്ത്രീധന സമ്പ്രദായം ഇല്ലാത്തതുകൊണ്ടുതന്നെ സ്ത്രീധന പീഡനങ്ങളും മരണങ്ങളും ഇല്ല. വിവാഹത്തിനായി വരന്‍ നാളുകളായി സൂക്ഷിച്ചുവെച്ച കിഴിപ്പണവുമായി ചെറിയ കുട്ടി വീടിനു ചുറ്റും ഓടി അതു കുട്ടികള്‍ വീതിച്ചെടുക്കുന്നത് മുതല്‍ കൗതുകമുണര്‍ത്തുന്ന ചടങ്ങുകളാണ് കല്യാണത്തില്‍ ഏറെയും. ഖലാന്‍ജ എന്ന പ്രത്യേക ദ്വീപ് വിഭവമാണ് കല്യാണ വീടുകളിലും കാണാനാകുന്നത്. കടലാസു രൂപത്തിലാക്കിയ അരികൊണ്ടുണ്ടാക്കിയ ഖലാന്‍ജിക്കൊപ്പം തേങ്ങാപ്പാലും പഴവും ചേര്‍ത്തു കഴിക്കാന്‍ നല്ല രുചിയാണ്. 

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പൂര്‍ണ്ണമായും സുരക്ഷിതരാണ് ഇവിടെ. ദ്വീപിലെത്തിയാല്‍ എല്ലാവരും സുരക്ഷിതര്‍. മുറികള്‍ താഴിട്ട് പൂട്ടാതെ എവിടെയും പോകാം. ആരും ആരുടേയും ഒന്നും മോഷ്ടിക്കാന്‍ വരില്ല. നിഷ്‌കളങ്കമായ ആ സ്‌നേഹമാണ് ചിലര്‍ ചേര്‍ന്നു തകര്‍ക്കാനൊരുങ്ങുന്നത്. 1967-ല്‍ മഹാരാഷ്ട്രാ ആംഡ് ഫോഴ്സ് സ്ഥാപിച്ച ഒരു ക്ഷേത്രം കവരത്തിയിലുണ്ട്. അവിടെ പൂജാരിമാര്‍ കൃത്യമായി പൂജ നടത്തുന്നു. 99 ശതമാനം മുസ്ലിങ്ങള്‍ താമസിക്കുന്ന ദ്വീപില്‍ ജോലിക്കെത്തുന്ന ഹിന്ദു വിശ്വാസികള്‍ക്കുവേണ്ടിയാണ് ഈ ക്ഷേത്രം. വിശ്വാസ സ്വാതന്ത്ര്യമൊന്നും ഒരു ചര്‍ച്ചയുമല്ല; സാധാരണ ജീവിതത്തിന്റെ ഭാഗം. വികസനത്തിനു തങ്ങള്‍ എതിരല്ലെന്നു ദ്വീപുകാര്‍ ആവര്‍ത്തിക്കുന്നു. എന്നാല്‍, ദ്വീപിലെ സമാധാനവും സ്വസ്ഥജീവിതവും ഒരു വികസനത്തിന്റെ പേരിലും തകര്‍ക്കരുത് എന്ന് അപേക്ഷിക്കുകയും ചെയ്യുന്നു.

സമാധാനത്തിനും പരസ്പര സ്‌നേഹത്തിനും മറ്റെന്തിനേക്കാള്‍ വിലവയ്ക്കുന്ന ഒരു ജനതയാണ് ലക്ഷദ്വീപിലുള്ളത്. അതുകൊണ്ടാണ് ഉള്ളിലെ ആധി മറച്ചുവച്ച് നല്ലതുമാത്രം വരുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com