
പൊന്തിഫെക്‌സ് എന്ന ലത്തീന്‍ വാക്കിന്റെ അര്‍ത്ഥം പാലം പണിയുന്നവന്‍ എന്നാണ്. സംവാദത്തിന്റേയും അനുരഞ്ജനത്തിന്റേയും അനുധാവനത്തിന്റേയും പാലങ്ങള്‍ തീര്‍ക്കുന്നതില്‍ കത്തോലിക്കാ സഭാ തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പ വൈഭവം തെളിയിച്ച നിരവധി ഇടപെടലുകളുണ്ട്. അമേരിക്ക-ക്യൂബന്‍ ബന്ധം പുനഃസ്ഥാപിക്കാന്‍ മധ്യസ്ഥത വഹിച്ചത്, കൊളംബിയയിലെ ആഭ്യന്തര കലാപങ്ങള്‍ക്ക് അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍, സിറിയന്‍ യുദ്ധത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, കുടിയേറ്റനയം പുനപരിശോധിക്കണമെന്ന് യൂറോപ്യന്‍ രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടത്... അങ്ങനെ പല ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടാനാകും. ചൈനയില്‍ കത്തോലിക്കാ മെത്രാന്മാരുടെ നിയമനകാര്യത്തില്‍ 67 വര്‍ഷമായി നിലനിന്ന രൂക്ഷമായ ഭിന്നത മാറി വത്തിക്കാനും ഷി ജിന്‍പിങ്ങിന്റെ ഭരണകൂടവും തമ്മില്‍ 2018 സെപ്റ്റംബര്‍ 22-ന് ഒപ്പുവച്ച 'താല്‍ക്കാലിക കരാര്‍' ഫ്രാന്‍സിസിന്റെ പൊന്തിഫിക്കല്‍ വാഴ്ചയിലെ 'ഓസ്റ്റ്പൊളിറ്റീക്' തന്ത്രത്തിന്റെ അതിസാഹസിക കരുനീക്കമായി ചിലര്‍ വിലയിരുത്തുന്നു. അതേസമയം, 21-ാം നൂറ്റാണ്ടിലെ ഏറ്റവും കിരാതമായ മനുഷ്യാവകാശ ധ്വംസനങ്ങളുടെ 'ഗുലാഗിന്റെ' തമ്പുരാനായ ഷി ജിന്‍പിങ്ങിനെ ആരാധ്യനാക്കുന്നതിലൂടെ ചൈനയിലെ 'സഹനസഭയിലെ' ജീവിക്കുന്ന രക്തസാക്ഷികളെ ഒറ്റുകൊടുക്കുകയാണ് വത്തിക്കാന്‍ എന്ന് ഹോങ്കോംഗിലെ മുന്‍ മെത്രാപ്പോലീത്തയായ കര്‍ദ്ദിനാള്‍ ജോസഫ് സെന്‍ സെകിയുനും തായ്വാന്‍ ഗവണ്‍മെന്റും അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയവും ബ്രിട്ടനും കുറ്റപ്പെടുത്തുന്നു.
അര്‍ജന്റീനയില്‍നിന്നു റോമിലെ കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ കര്‍ദ്ദിനാള്‍ ഹോര്‍ഹെ മാരിയോ ബെര്‍ഗോളിയോ 2013 മാര്‍ച്ച് 13-ന് പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട് ഫ്രാന്‍സിസ് എന്ന പേരു സ്വീകരിച്ചതിന്റെ പിറ്റേന്നാണ് ബെയ്ജിങ്ങില്‍ ചൈനീസ് ജനകീയ റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി ഷി ജിന്‍പിങ് തെരഞ്ഞെടുക്കപ്പെടുന്നത്. മാവോ സെതൂങ്ങിന്റെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി 1949 ഒക്ടോബറില്‍ ബെയ്ജിങ്ങില്‍ അധികാരം പിടിച്ചെടുത്ത് 'ആയിരം പൂക്കള്‍ വിരിഞ്ഞ' സാംസ്‌കാരിക വിപ്ലവമുന്നേറ്റത്തില്‍ വ്യവസ്ഥാപിത മതവിശ്വാസ സംവിധാനങ്ങള്‍ പാടേ ഉന്മൂലനം ചെയ്യാനുള്ള നയത്തിന്റെ ഭാഗമായി പേപ്പല്‍ നുണ്‍ഷ്യോയേയും വിദേശ മിഷണറിമാരേയും രാജ്യത്തുനിന്നു പുറത്താക്കിയതിനുശേഷം ചൈനയുമായി വത്തിക്കാന് നയതന്ത്രബന്ധമൊന്നുമില്ലെങ്കിലും ഫ്രാന്‍സിസ് പാപ്പ ഷി ജിന്‍പിങ്ങിനെ അഭിനന്ദിച്ച് ടെലിഗ്രാം സന്ദേശം അയച്ചു. പിന്നീട് പാപ്പ ദക്ഷിണ കൊറിയയിലും ഫിലിപ്പീന്‍സിലും അപ്പസ്‌തോലിക സന്ദര്‍ശനത്തിനു പോയപ്പോള്‍ ചൈന തങ്ങളുടെ വ്യോമാതിര്‍ത്തി അദ്ദേഹത്തിനായി തുറന്നു കൊടുത്തു.
''കഴിഞ്ഞ കാലത്തെ മുറിവുകള്‍ ഉണക്കാനും ചൈനയിലെ എല്ലാ കത്തോലിക്കാ മെത്രാന്മാരേയും വൈദികരേയും ദൈവജനത്തേയും സാര്‍വ്വത്രിക, അപ്പസ്‌തോലിക സഭയുടെ കൂട്ടായ്മയിലേക്ക് കൊണ്ടുവരാനും സുവിശേഷ പ്രഘോഷണ ദൗത്യം പുനരുജ്ജീവിപ്പിക്കാനും ലക്ഷ്യമിടുന്ന അജപാലനപരമായ ഉടമ്പടി'' എന്നാണ് വത്തിക്കാന്‍ 2018 സെപ്റ്റംബറിലെ ആ രഹസ്യകരാറിനെ വിശേഷിപ്പിച്ചത്. 2020 ഒക്ടോബറില്‍ രണ്ടു വര്‍ഷത്തേക്കു കൂടി ആ കരാര്‍ പുതുക്കിയതായി ഔദ്യോഗിക അറിയിപ്പുണ്ടായപ്പോഴും ചൈനീസ് ഭാഷയില്‍ രൂപപ്പെടുത്തിയതായി പറയുന്ന ആ ഉടമ്പടിയുടെ വ്യവസ്ഥകള്‍ വെളിപ്പെടുത്താന്‍ ബെയ്ജിങ്ങും വത്തിക്കാനും തയ്യാറായില്ല. മാവോയ്ക്കുശേഷം ചൈന അടക്കിവാഴുന്ന ഏറ്റവും ശക്തനായ കമ്യൂണിസ്റ്റ് ഭരണാധികാരിയായ ഷി രാജ്യത്ത് മതാത്മക ജീവിതത്തിനുമേല്‍ കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരുമ്പോഴാണ് വത്തിക്കാനുമായി ചരിത്രപ്രധാനമായ ഉടമ്പടി പ്രഖ്യാപിക്കുന്നത്. മാറുന്ന ഭൂരാഷ്ട്രതന്ത്രത്തിന്റേയും ആഗോളതലത്തില്‍ പുതിയ പ്രതിച്ഛായ സൃഷ്ടിക്കാനുള്ള ചൈനയുടെ വ്യഗ്രതയുടേയും അടയാളമായി ഇതിനെ നിരീക്ഷിക്കുന്നവരുണ്ട്. അതേസമയം, മാര്‍പാപ്പയോടും സഭയോടും കൂറും വിധേയത്വവും പുലര്‍ത്തി ഏഴു പതിറ്റാണ്ടായി കൊടിയ പീഡനങ്ങളും യാതനകളും സഹിച്ച് ഒളിത്താവളങ്ങളിലും നിലവറകളിലും വിശ്വാസക്കൂട്ടായ്മകള്‍ വളര്‍ത്തി, തടങ്കല്‍പ്പാളയങ്ങളില്‍ അടയ്ക്കപ്പെട്ട നാടുകടത്തപ്പെട്ടവരോടു കാട്ടുന്ന ''അവിശ്വസനീയമായ കൊടുംചതി'' എന്നാണ് ഷാങ്ഹായില്‍ ജനിച്ചുവളര്‍ന്ന കര്‍ദ്ദിനാള്‍ ജോസഫ് സെന്‍ ആ ഉടമ്പടിയെ വിശേഷിപ്പിച്ചത്. എന്നാല്‍, റോമിന്റെ അധികാരവും പാപ്പയുടെ സ്ഥാനവും കൂട്ടായ്മയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഭരണകൂടവും ആദ്യമായി അംഗീകരിക്കുന്നു എന്നതാണ് പുതിയ ഉടമ്പടിയുടെ ശ്രദ്ധേയമായ വശമെന്ന് വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ പറയുന്നു.
ലോക ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തുള്ള രാഷ്ട്രവും (ലോകത്ത് ആറിലൊന്ന് ചൈനക്കാരാണ്, 1.42 ബില്യണ്‍) ആഗോള തലത്തില്‍ ഏറ്റവും വലിയ മതസമൂഹമായ കത്തോലിക്കാസഭയും( 1.28 ബില്യണ്‍) തമ്മില്‍ ധാരണയിലെത്തുന്നത് പ്രത്യയശാസ്ത്ര, ധാര്‍മ്മിക വൈരുധ്യങ്ങള്‍ മറികടന്നുകൊണ്ട് രണ്ടു ധ്രുവങ്ങള്‍ തമ്മില്‍ അടുക്കുന്നതുപോലെയാണ്. ഏതായാലും ചൈനയില്‍ ക്രിസ്തുമതം, വിശേഷിച്ച് പ്രൊട്ടസ്റ്റന്റ് ഇവാഞ്ചലിക്കല്‍ സമൂഹങ്ങള്‍ അഭൂതപൂര്‍വ്വമായി വളരുന്നുണ്ട്. ചൈനയിലെ ക്രൈസ്തവരുടെ സംഖ്യ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അംഗബലത്തിനും മീതെയാണ് ഏതാണ്ട് 10 കോടി. 2030 ആകുമ്പോഴേക്കും ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൈസ്തവര്‍ അധിവസിക്കുന്ന രാഷ്ട്രം ചൈനയായിരിക്കും എന്നാണ് പ്രവചനം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ബൈബിള്‍ അച്ചടിക്കുന്ന രാജ്യം ചൈനയാണ്. 2016-ല്‍ ചൈനയിലെ അമിറ്റി ഫൗണ്ടേഷനും യുണൈറ്റഡ് ബൈബിള്‍ സൊസൈറ്റിയും ചേര്‍ന്ന് 15 കോടി ബൈബിള്‍ അച്ചടി പൂര്‍ത്തിയാക്കി. 2013-'16 കാലഘട്ടത്തില്‍ അഞ്ചു കോടി ബൈബിളാണ് പ്രസിദ്ധീകരിച്ചത്.
എന്നാല്‍, ചൈനയിലെ കത്തോലിക്കാസഭയുടെ സാന്നിധ്യം താരതമ്യേന ചെറുതാണ്: 1.2 കോടി വിശ്വാസികള്‍. വത്തിക്കാനുമായി 1951-ല്‍ നയതന്ത്രബന്ധം വിച്ഛേദിച്ച ചൈന പ്രാദേശിക തലത്തില്‍ കത്തോലിക്കാസഭാ സംവിധാനങ്ങളുടെ നിയന്ത്രണത്തിനായി കിഴക്കന്‍ യൂറോപ്പിലെ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലെ ദേശീയ സഭകളുടെ മാതൃകയില്‍ 1957-ല്‍ രൂപവല്‍ക്കരിച്ച ചൈനീസ് കാത്തലിക് പേട്രിയോട്ടിക് അസോസിയേഷന്റെ കീഴില്‍ വത്തിക്കാന്റെ അംഗീകാരമില്ലാതെ വൈദികര്‍ക്കു പട്ടം നല്‍കാനും മെത്രാന്മാരെ വാഴിക്കാനും തുടങ്ങി. കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും ചൈനയ്ക്ക് വ്യത്യസ്ത മതവിഭാഗങ്ങളാണ്. പ്രോട്ടസ്റ്റന്റ് വിഭാഗത്തിനായി ത്രീസെല്‍ഫ് പേട്രിയോട്ടിക് മൂവ്മെന്റ് എന്ന സര്‍ക്കാര്‍ സംവിധാനമുണ്ടാക്കി. രാജ്യത്ത് ഔദ്യോഗിക അനുമതിയുള്ള മറ്റു മൂന്നു മതവിഭാഗങ്ങള്‍ക്കും ബുദ്ധമതം, താവോ, ഇസ്ലാം സമാനമായ ദേശഭക്ത സമിതികളുണ്ട്.
പേട്രിയോട്ടിക് സഭയുടെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കില്ലെന്നു വ്യക്തമാക്കി 1958-ല്‍ പീയൂസ് പന്ത്രണ്ടാമന്‍ പാപ്പ 'ആദ് അപ്പസ്തലോരും പ്രിന്‍ചിപിസ്' എന്ന ചാക്രിക ലേഖനമിറക്കുകയും സര്‍ക്കാര്‍ നിയമിച്ചവരെ മെത്രാന്മാരായി വാഴിച്ച മേല്‍പ്പട്ടക്കാര്‍ക്ക് സാര്‍വ്വത്രിക സഭയുടെ മുടക്കു പ്രഖ്യാപിക്കുകയും ചെയ്തു. റോമിനോടു വിധേയത്വം പുലര്‍ത്തുന്ന 'അണ്ടര്‍ഗ്രൗണ്ട്' കത്തോലിക്കാ സമൂഹത്തെ നിയമവിരുദ്ധമെന്നു മുദ്രകുത്തി കമ്യൂണിസ്റ്റ് പാര്‍ട്ടിയും സര്‍ക്കാരും വേട്ടയാടി. രാജ്യത്തെ കത്തോലിക്കരില്‍ പകുതിയോളം പേര്‍ രഹസ്യസഭയുടെ മറയിലാണ് ആധ്യാത്മിക ജീവിതം നയിച്ചുവരുന്നത്. ചൈനയില്‍ 101 കത്തോലിക്കാ ബിഷപ്പുമാരുള്ളതില്‍ 65 പേര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള പേട്രിയോട്ടിക് വിഭാഗത്തിലും 36 പേര്‍ വത്തിക്കാന്‍ അനുകൂല രഹസ്യവിഭാഗത്തിലുമാണ്. വത്തിക്കാന്റെ കണക്കുപ്രകാരം ചൈനയില്‍ 32 വികാരിയാത്തുകള്‍ അഥവ പ്രീഫെക്ചറുകള്‍ ഉള്‍പ്പെടെ 144 രൂപതകളുണ്ട്; ബെയ്ജിങ്ങിന്റെ കണക്കില്‍ 96 രൂപതകളേയുള്ളൂ.
മെത്രാന്മാരുടെ വിലക്കു നീക്കുന്നു
വത്തിക്കാന്റെ അംഗീകാരമില്ലാതെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള ദേശഭക്ത സമിതി നിയമിച്ച എട്ടു മെത്രാന്മാരുടെമേല്‍ നിലനിന്നിരുന്ന സഭാവിലക്ക് ഫ്രാന്‍സിസ് പാപ്പ നീക്കി. മോണ്‍. ജോസഫ് ഗുവോ ജിങ്കായ് (ഷെങ്ദേ രൂപത), ജോസഫ് ഹുവാങ് ബിങ്ഷാങ് (ഷാന്‍തൗ), പോള്‍ ലെയി ഷിയിന്‍ (ലെഷാന്‍), ജോസഫ് ലിയു ഷിന്‍ഹോങ് (അന്‍ഹുയി), ആര്‍ച്ച്ബിഷപ്പ് ജോസഫ് മാ യിങ്ലിന്‍ (കുന്‍മിങ്), ജോസഫ് യുവെ ഫുഷെങ് (ഹെയ്ലേങ്ജിയാങ് അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റര്‍), വിന്‍സന്റ് ഷാന്‍ സിലു (മിന്‍ഡോങ്), അന്തോണി തു ഷിഹുവ ഒഎഫ്എം (2017 ജനുവരിയില്‍ അന്തരിച്ചു) എന്നിവരെയാണ് ശിക്ഷാവിധിയും മഹറോനും ഒഴിവാക്കി സഭയിലേക്ക് തിരിച്ചെടുത്തത്. മരണാനന്തരം വിലക്കുകളില്‍നിന്നു മോചിതനായ തു ഷിഹുവ യോജിപ്പിനായി നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി വത്തിക്കാന്‍ വ്യക്തമാക്കി. ഇതോടെ ചൈനയിലെ എല്ലാ കത്തോലിക്കാ മെത്രാന്മാരും റോമിലെ പരമാചാര്യനെ അംഗീകരിക്കുന്നുവെന്ന് വത്തിക്കാന്‍ പ്രഖ്യാപിച്ചു.
'ബാഹ്യശക്തികളുടെ ഇടപെടല്‍' അംഗീകരിക്കില്ലെന്നതുകൊണ്ട് പാര്‍ട്ടിയും സര്‍ക്കാരും നിര്‍ദ്ദേശിക്കുന്നവരെയാണ് ദേശഭക്ത സമിതി 1958 മുതല്‍ മെത്രാന്മാരായി വാഴിച്ചിരുന്നത്. ബിഷപ്പുമാരെ വാഴിക്കുന്ന മേല്‍പ്പട്ടക്കാര്‍ നിയമാനുസൃതം നിയമിക്കപ്പെട്ടവരല്ലെങ്കില്‍ മെത്രാഭിഷേകം അസാധുവും വാഴിക്കപ്പെടുന്നയാളും പരികര്‍മ്മിയും സ്വയമേവ സഭാവിലക്കിന് അര്‍ഹരാവുകയും ചെയ്യും എന്നാണ് കാനോനിക നിയമവ്യവസ്ഥ. റോമില്‍നിന്നുള്ള കല്പനപ്രകാരം നിയമിക്കപ്പെടുന്ന വൈദികരെയാണ് ചൈനയിലെ ഒളിസഭയിലെ അംഗങ്ങളും സര്‍ക്കാരിന്റെ അംഗീകാരമുള്ള ദേശഭക്ത വിഭാഗത്തിലെതന്നെ നല്ലൊരു പങ്കും ആദരിക്കുകയും അനുസരിക്കുകയും ചെയ്യുന്നത്. അതുകൊണ്ട് പലപ്പോഴും സര്‍ക്കാര്‍ പക്ഷത്തെ ബിഷപ്പുമാര്‍ രഹസ്യമായി വത്തിക്കാന്റെ അംഗീകാരം നേടിയെടുക്കാറുണ്ട്. 2000-ത്തിനുശേഷം ഇത്തരം 40 ദേശഭക്ത ബിഷപ്പുമാരുടെ നിയമനം വത്തിക്കാന്‍ അംഗീകരിച്ചു കൊടുത്തിട്ടുണ്ട്. ഏറ്റവുമൊടുവിലായി അംഗീകരിച്ച എട്ടു മെത്രാന്മാരില്‍ മൂന്നുപേര്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ കാലത്ത് സഭാഭ്രഷ്ട് കല്‍പ്പിക്കപ്പെട്ടവരാണ്.
പാര്‍ട്ടി തെരഞ്ഞെടുക്കുന്ന മെത്രാന്മാരെ സ്വീകരിക്കാന്‍ വിസമ്മതിച്ചിരുന്ന അണ്ടര്‍ഗ്രൗണ്ട് സഭയിലെ വിശ്വാസികള്‍ പുതിയ ഉടമ്പടിയുടെ വെളിച്ചത്തില്‍ ദേശഭക്ത വിഭാഗത്തിലെ മേല്‍പ്പട്ടക്കാര്‍ക്കു കീഴ്വഴങ്ങുമോ എന്ന ചോദ്യം ഏറെ പ്രസക്തമായിരുന്നു. 2020-ല്‍ ചൈനയിലെ കത്തോലിക്കാ വൈദികര്‍ക്കായി വത്തിക്കാന്‍ നല്‍കിയ നിര്‍ദ്ദേശം യഥാര്‍ത്ഥത്തില്‍ രാജ്യത്തെ കത്തോലിക്കരെ ഒന്നടങ്കം കമ്യൂണിസ്റ്റ് പാര്‍ട്ടി നിയന്ത്രണത്തിലുള്ള പ്രാദേശിക സ്വതന്ത്ര സഭയുടെ ഭാഗമാക്കാനുള്ള ബെയ്ജിങ് തന്ത്രത്തിന്റെ ഭാഗമാണെന്നാണ് കര്‍ദ്ദിനാള്‍ സെന്നിനെപ്പോലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. സിവില്‍ രജിസ്ട്രേഷനു വിധേയരായി പേട്രിയോട്ടിക് അസോസിയേഷന്റെ ഭാഗമാകാത്തവര്‍ക്ക് പൗരോഹിത്യ ശുശ്രൂഷ നടത്താന്‍ നിയമപരമായി സാധ്യമല്ല എന്ന സാഹചര്യം സൃഷ്ടിക്കുകയാണ്.
2018 നവംബറില്‍ ഷിജിയാങ് പ്രവിശ്യയിലെ വെങ്ഷോവിലെ ബിഷപ്പ് ഷാവോ ഷുമിനെ കസ്റ്റഡിയിലായി. ജിയാങ്ഷി പ്രവിശ്യയിലെ യുജിയാന്‍ രൂപതയിലെ വൈദികര്‍ പേട്രിയോട്ടിക് അസോസിയേഷനില്‍ ചേരാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ അവരെ ഒന്നടങ്കം വൈദികശുശ്രൂഷയില്‍നിന്നു വിലക്കി. വത്തിക്കാനുമായി കരാര്‍ ഒപ്പുവച്ചതിനെ തുടര്‍ന്നും രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ മതകാര്യ ബ്യൂറോയുടെ അനുമതിയോടെ നിര്‍മ്മിച്ച ആരാധനാലയങ്ങള്‍പോലും പ്രാദേശിക ഭരണകൂടം ബില്‍ഡിങ് പെര്‍മിറ്റില്ല എന്ന പേരില്‍ പൊളിച്ചടുക്കി. വടക്കന്‍ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ഷിന്‍ഷിയാങ് രൂപതയില്‍ സര്‍ക്കാര്‍ അംഗീകരിച്ച വത്തിക്കാന്‍ പക്ഷക്കാരനായ ബിഷപ്പ് ജോസഫ് ഷാങ് വെയ്ഷുവിനേയും ഏഴു വൈദികരേയും ഏതാനും വൈദിക വിദ്യാര്‍ത്ഥികളേയും ഇക്കഴിഞ്ഞ മേയില്‍ അറസ്റ്റുചെയ്തു. അടച്ചിട്ടിരുന്ന പഴയൊരു ഫാക്ടറി വൈദിക പരിശീലനത്തിനുള്ള സെമിനാരിയാക്കിയത് നിയമവിരുദ്ധമാണെന്ന് ആരോപിച്ചായിരുന്നു നടപടി.
സഹനസഭയില്‍ സ്ഥാനത്യാഗം
സര്‍ക്കാരിന്റെ അംഗീകാരമില്ലാതെ ശുശ്രൂഷ ചെയ്തുവന്ന സഹനസഭയിലെ മെത്രാന്മാരുടെ സ്ഥിതി എന്താകും എന്നതിനെക്കുറിച്ച് ഉടമ്പടിയുമായി ബന്ധപ്പെട്ട് വ്യക്തതയൊന്നുമുണ്ടായില്ല. പത്തുവര്‍ഷം നീണ്ട ഒരുക്കങ്ങളുടേയും കൂടിയാലോചനകളുടേയും ഫലമായി ഉരുത്തിരിഞ്ഞ ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ താല്‍ക്കാലിക കരാര്‍ പ്രായോഗിക തലത്തില്‍ പുനരവലോകനത്തിനും ഭേദഗതികള്‍ക്കും വിധേയമാകേണ്ടതാണ് എന്ന് വത്തിക്കാന്‍ സൂചിപ്പിച്ചിരുന്നു. ലോകത്തിലെ ഏറ്റവും രഹസ്യാത്മക സ്വഭാവമുള്ള രണ്ടു ഭരണസംവിധാനങ്ങള്‍ തമ്മിലുണ്ടാക്കിയ ഉഭയകക്ഷി ധാരണയുടെ നേട്ടവും കോട്ടവും വിലയിരുത്താന്‍ അനുഭവപാഠങ്ങള്‍തന്നെ വേണ്ടിവരും. രഹസ്യസഭയിലെ മെത്രാന്മാരില്‍ പലരും 70 വയസ്സു കഴിഞ്ഞവരാണ്; 90 പിന്നിട്ടവരും കൂട്ടത്തിലുണ്ട്. ചൈനയുടെ തെക്കന്‍ മേഖലയായ ഗുവാങ്ഡോങ് പ്രവിശ്യയിലെ ഷാന്‍തൗവിലെ എണ്‍പത്തെട്ടുകാരനായ മെത്രാന്‍ പീറ്റര്‍ ഷുവാങ് ജിയാന്‍ജിയാന് 2017 സെപ്റ്റംബറില്‍ വത്തിക്കാനില്‍നിന്ന് ഒരു കല്പന കിട്ടി.
ചൈനീസ് പാര്‍ലമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ്സില്‍ അംഗവും പേട്രിയോട്ടിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ അന്‍പത്തൊന്നുകാരനായ ജോസഫ് ഹുവാങ് ബിങ്ഷാങ് എന്ന സര്‍ക്കാര്‍ നിയമിതനായ ബിഷപ്പിനുവേണ്ടി സ്ഥാനത്യാഗം ചെയ്യാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു ആ സന്ദേശം. ചൈനീസ് സര്‍ക്കാര്‍ ഷുവാങ് ജിയാന്‍ജിയാനെ ബിഷപ്പായി അംഗീകരിച്ചിരുന്നില്ലെങ്കിലും സ്ഥാനത്യാഗം ചെയ്യുമ്പോള്‍ ബിഷപ്പ് എമരിറ്റസായി അംഗീകരിക്കുമെന്നാണ് കത്തില്‍ ഉറപ്പുനല്‍കിയത്. മെത്രാഭിഷേകത്തിനുള്ള ഹുവാങ് ബിങ്ഷാങ്ങിന്റെ നാമനിര്‍ദ്ദേശം ബെനഡിക്ട് പതിനാറാമന്‍ പാപ്പ നേരത്തെ തള്ളിയതാണ്. ഹുവാങ്ങിനെ 2011-ല്‍ സഭയില്‍നിന്നു പുറത്താക്കുകയും ചെയ്തിരുന്നു. ഹുവാങ് ചൈനീസ് നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് അംഗമാണെന്നതുതന്നെ അയോഗ്യതയാണ് മെത്രാനാകാന്‍. വൈദികര്‍ സിവില്‍ അധികാരം വഹിക്കാനോ ഔദ്യോഗിക പദവികള്‍ വഹിക്കാനോ പാടില്ല എന്ന് സഭയുടെ കാനോന്‍ നിയമം അനുശാസിക്കുന്നു. 2011-ല്‍ പേപ്പല്‍ അംഗീകാരമില്ലാതെ ഹുവാങ്ങിനെ ബിഷപ്പായി വാഴിച്ചപ്പോള്‍ രൂപതയിലെ ഭൂരിപക്ഷം വൈദികരും സ്ഥലംവിട്ടുപോയി. മറ്റു രൂപതകളില്‍നിന്നു സുരക്ഷാസേന നിര്‍ബ്ബന്ധിച്ചുകൊണ്ടുവന്ന മെത്രാന്മാരാണ് ചടങ്ങില്‍ പങ്കെടുത്തത്.
ഷെന്‍യാങ്ങിലെ ബിഷപ്പ് പോള്‍ പെയ് ജുന്‍മിങ്ങിനെ പിടിച്ചുകൊണ്ടുപോകാനുള്ള ശ്രമം കത്തീഡ്രലിനു ചുറ്റും മനുഷ്യമതില്‍ തീര്‍ത്താണ് രൂപതയിലെ വൈദികരും വിശ്വാസികളും ചേര്‍ന്നു തടഞ്ഞത്. സഭാവിലക്കു കല്പിച്ചിരുന്ന ബിഷപ്പ് ഹുവാങ്ങിനുവേണ്ടി സ്ഥാനമൊഴിയണമെന്ന വത്തിക്കാന്റെ നിര്‍ദ്ദേശം വിശ്വസിക്കാന്‍ കഴിയാതിരുന്ന ബിഷപ്പ് ഷുവാങ് ജിയാന്‍ജിയാനെ ഗ്രാമത്തിലെ വസതിയില്‍നിന്ന് ഡിസംബറില്‍ സുരക്ഷാസൈനികര്‍ ബെയ്ജിങ്ങിലേക്ക് കൂട്ടിക്കൊണ്ടുപോയി. രൂപതയിലെ ഒരു വൈദികനേയും കൂടെ കൊണ്ടുപോകരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ബെയ്ജിങ്ങില്‍ വത്തിക്കാനില്‍നിന്നെത്തിയ പ്രതിനിധിസംഘത്തിലെ ഒരു മെത്രാപ്പോലീത്തയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആ കല്പനയിലെ നിര്‍ദ്ദേശം തന്നെ ഉയര്‍ന്നുവന്നു. സ്ഥാനമൊഴിയുമ്പോള്‍ എമരിറ്റസ് ബിഷപ്പ് ഷുവാങ് നിര്‍ദ്ദേശിക്കുന്ന മൂന്നു വൈദികരില്‍ ഒരാളെ ബിഷപ്പ് ഹുവാങ്ങിന്റെ വികാരി ജനറലാക്കാമെന്നും വാക്കു നല്‍കി. പാപ്പയെ അനുസരിക്കുമെന്നും ദൈവഹിതം സ്വീകരിക്കുന്നുവെന്നും ബിഷപ്പ് ഷുവാങ് കണ്ണീരോടെ അറിയിച്ചുവത്രെ. തന്റെ ഹൃദയവേദനയും ആശങ്കകളും പങ്കുവച്ചുകൊണ്ട് അദ്ദേഹം ഫ്രാന്‍സിസ് പാപ്പയ്ക്ക് ഒരു കത്തെഴുതി. അത് പാപ്പയുടെ പക്കല്‍ എത്തിക്കാന്‍ ഹോങ്കോംഗിലെ കര്‍ദ്ദിനാള്‍ ജോസഫ് സെന്നിനെ അദ്ദേഹം ചുമതലപ്പെടുത്തി. കത്തുമായി കര്‍ദ്ദിനാള്‍ സെന്‍ റോമിലെത്തി പരസ്യമായി പാപ്പയുടെ പൊതുദര്‍ശന പരിപാടിക്കിടെ അതു കൈമാറി. തുടര്‍ന്ന് പാപ്പ കര്‍ദ്ദിനാള്‍ സെന്നിനെ സാന്ത മാര്‍ത്തായിലെ തന്റെ താമസസ്ഥലത്ത് സ്വകാര്യ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചു. പാപ്പ അറിഞ്ഞുകൊണ്ടാവില്ല വത്തിക്കാന്റെ രഹസ്യദൂതന്മാര്‍ ബെയ്ജിങ്ങില്‍ അദ്ദേഹത്തോടു കൂറുള്ള വന്ദ്യവയോധികനെ സ്ഥാനഭ്രഷ്ടനാക്കി പകരം സഭാവിലക്കുള്ള സര്‍ക്കാര്‍ പക്ഷത്തെ മെത്രാനെ നിയമിക്കുന്നതെന്നാണ് കര്‍ദ്ദിനാള്‍ സെന്‍ കരുതിയത്. ബിഷപ്പ് ഷുവാങ്ങിന്റെ പരാതി താന്‍ പരിശോധിക്കുമെന്നും ഹംഗറിയിലെ മിന്‍ഷെന്തിയുടെ അനുഭവം ആവര്‍ത്തിക്കാന്‍ താന്‍ അനുവദിക്കില്ലെന്നും ഫ്രാന്‍സിസ് പാപ്പ കര്‍ദ്ദിനാള്‍ സെന്നിന് ഉറപ്പുനല്‍കി. എന്നാല്‍, ഫ്രാന്‍സിസ് പാപ്പ വിലക്കു നീക്കിയ എട്ടു മെത്രാന്മാരുടെ പട്ടികയില്‍ ജോസഫ് ഹുവാങ് ബിങ്ഷാങ്ങുമുണ്ട്; ഷാന്‍തൗവിലെ ഷുവാങ് ജിയാന്‍ജിയാന്‍ വഹിച്ചിരുന്ന മെത്രാന്‍ പദവിയില്‍!
പീറ്റര്‍ ഷുവാങ് ജിന്‍ജിയാന്‍ 76 വയസുള്ളപ്പോഴാണ് അണ്ടര്‍ഗ്രൗണ്ട് സഭയില്‍ പ്രത്യക്ഷപ്പെടുന്നത്; മെത്രാഭിഷേകത്തിന്റെ ദിനത്തില്‍. അതുവരെ പേട്രിയോട്ടിക് പക്ഷത്തോടൊപ്പമായിരുന്നു അദ്ദേഹം. മാവോയുടെ സാംസ്‌കാരിക വിപ്ലവത്തിലെ പീഡനകാലം പിന്നിട്ട്, 1981-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയ്ക്കുനേരെ വധശ്രമം നടന്ന വര്‍ഷം ചൈനയില്‍ സെമിനാരികള്‍ ഗവണ്‍മെന്റ് നിയന്ത്രണത്തില്‍ വീണ്ടും തുറന്നപ്പോഴാണ് ഷുവാങ് 50 കഴിഞ്ഞെങ്കിലും വൈദിക പരിശീലനത്തിനു ചേര്‍ന്നത്. ഷാന്റോ രൂപതയിലെ വൈദികന്‍ എന്ന നിലയില്‍ പേട്രിയോട്ടിക് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 1997-ല്‍ രൂപതയിലെ മെത്രാന്‍ അന്തരിച്ചതിനുശേഷം പത്തു വര്‍ഷത്തോളം പുതിയ മെത്രാനായി ഒരാളെ അംഗീകരിക്കുന്നതിന് ബെയ്ജിങ്ങിനും വത്തിക്കാനും ധാരണയിലെത്താന്‍ കഴിഞ്ഞില്ല. അങ്ങനെ 2006-ല്‍ രഹസ്യമായി വത്തിക്കാന്റെ അംഗീകാരത്തോടെ മെത്രാഭിഷേകത്തിനു സന്നദ്ധനായി പീറ്റര്‍ ഷുവാങ് മുന്നോട്ടു വരികയായിരുന്നു; സര്‍ക്കാരിന്റെ അനുമതിയില്ലാതെ. ആ മെത്രാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ പക്ഷത്തെ ഹുവാങ് ബിങ്ഷാങ്ങിനുവേണ്ടി നിഷ്‌കാസിതനാകുന്നത്.
കിഴക്കന്‍ മേഖലയിലെ ഫുജിയാന്‍ പ്രവിശ്യയില്‍ നൂറ്റാണ്ടുകളായി ക്രൈസ്തവ സാന്നിധ്യമുള്ള തീരമേഖലയായ മിന്‍ഡോങ്ങില്‍ വത്തിക്കാന്‍ നിയമിച്ചിരുന്ന ബിഷപ്പ് ജോസഫ് ഗുവോ ഷിജിനും 2018 സെപ്റ്റംബറിലെ ഉടമ്പടിക്കു മുന്നോടിയായി സ്ഥാനമൊഴിയേണ്ടിവന്നു. സഭാ വിലക്കുണ്ടായിരുന്ന ദേശഭക്ത സമിതിയുടെ ബിഷപ്പ് വിന്‍സന്റ് ഷാന്‍ സിലുവിനുവേണ്ടി മെത്രാന്‍ പദവി ഒഴിയാനും പുതിയ മെത്രാന്റെ സഹായിയായി കഴിയാനുമാണ് വത്തിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. ഗുവോ ഷിന്‍ജിനു കീഴില്‍ 60 വൈദികരുണ്ടായിരുന്നു; ബിഷപ്പ് ഷാന്‍ സിലുവിന്റെ കീഴില്‍ ആറുപേരും. ശക്തമായ എതിര്‍പ്പു പ്രകടിപ്പിച്ചെങ്കിലും പാപ്പയുടെ കല്പന അനുസരിക്കുമെന്ന് ഗുവോ വ്യക്തമാക്കി. സഹായമെത്രാനായി തരംതാഴ്ത്തിയത് സഹിച്ചുവെങ്കിലും തുടര്‍ന്നും പലവിധത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് അദ്ദേഹം മെത്രാന്‍ ശുശ്രൂഷയില്‍നിന്നു സ്വയം വിരമിക്കുന്നതായി പ്രഖ്യാപിച്ചു.
2000-ാമാണ്ട് ജൂബിലി വര്‍ഷത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ചൈനയിലെ വിശുദ്ധ അഗസ്റ്റിന്‍ ഷാവോ റോങും അദ്ദേഹത്തിന്റെ അനുയായികളും ഉള്‍പ്പെടെ ബോക്സര്‍ കലാപത്തിലേതടക്കം പല കാലഘട്ടത്തിലായുള്ള 120 രക്തസാക്ഷികളെ വിശുദ്ധരായി പ്രഖ്യാപിച്ചപ്പോള്‍ പ്രകോപിതരായ ചൈനീസ് സര്‍ക്കാര്‍ വത്തിക്കാനെ വെല്ലുവിളിച്ചുകൊണ്ടാണ് വിന്‍സന്റ് ഷാന്‍ സിലുവിനെ മെത്രാനായി നിയമിച്ചത്. ചുമതലയൊന്നുമില്ലാതെ, ഗവണ്‍മെന്റ് അനുവദിച്ച ഒരു കാര്യാലയത്തില്‍ ഏകനായി ഏതാനും വര്‍ഷം ചെലവഴിച്ച ഷാന്‍ 2006-ല്‍ ഫുനിങ്ങിന്റെ മെത്രാനായി സ്വയം അവരോധിക്കുകയായിരുന്നു. ആ രൂപതയിലെ കത്തോലിക്കരില്‍ 90 ശതമാനവും അണ്ടര്‍ഗ്രൗണ്ടിലാണ്. സര്‍ക്കാര്‍ അംഗീകാരമില്ലെങ്കിലും നിയമാനുസൃതം അഭിഷിക്തനായ ഒരു ബിഷപ്പ് അവര്‍ക്കുണ്ടായിരുന്നു. ബെനഡിക്ട് പാപ്പ പിന്തുടര്‍ച്ചാവകാശമുള്ള സഹായമെത്രാനായി വിന്‍സന്റ് ഗുവോ ഷിജിനെ നിയമിക്കാന്‍ കല്പന പുറപ്പെടുവിച്ചിരുന്നു. അതിന് ഗവണ്‍മെന്റ് സമ്മതിച്ചിരുന്നില്ല. 2016-ല്‍ മെത്രാന്‍ അന്തരിച്ചതിനെ തുടര്‍ന്ന് ഗുവോ രൂപതയുടെ ചുമതല ഏറ്റെടുത്തു.
എന്നാല്‍, വിശുദ്ധവാരത്തിലെ പെസഹാ വ്യാഴാഴ്ച കത്തീഡ്രലില്‍ കയറാന്‍ അനുവദിക്കാതെ സുരക്ഷാ സൈനികര്‍ ബിഷപ്പ് ഗുവോയെ തട്ടിക്കൊണ്ടുപോയി. സഭ വിലക്കിയിട്ടുള്ള ബിഷപ്പ് ഷാനിന് അവസരം ഒരുക്കാനായിരുന്നു ആ നടപടി. എന്നാല്‍, വൈദികരും വിശ്വാസികളും അതിനു കൂട്ടുനില്‍ക്കാന്‍ തയ്യാറായില്ല. വത്തിക്കാനുമായി സന്ധിസംഭാഷണം പുരോഗമിക്കുന്ന ഘട്ടത്തിലും 2018-ലെ വിശുദ്ധ വാരത്തില്‍ ബിഷപ്പ് ഗുവോയെ സുരക്ഷാ സൈനികര്‍ പിടിച്ചുകൊണ്ടുപോയെങ്കിലും വത്തിക്കാനില്‍നിന്നുള്ള ഫോണ്‍ സന്ദേശത്തെത്തുടര്‍ന്ന് ഒരു ദിവസം കഴിഞ്ഞ് വിട്ടയച്ചുവത്രെ. സഭ മുടക്കു കല്പിച്ചിട്ടുള്ള ബിഷപ്പ് ഷാനുമൊത്ത് താന്‍ ക്രിസം കുര്‍ബ്ബാനയില്‍ സഹകാര്‍മ്മികനാവുകയില്ലെന്ന് ബിഷപ്പ് ഗുവോ നിലപാടെടുത്തതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചതെന്നു വ്യക്തമായി. ബിഷപ്പ് ഗുവോയെ സഹായമെത്രാനായി തരംതാഴ്ത്തുന്നത് അനീതിയാണെന്ന് കര്‍ദ്ദിനാള്‍ സെന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എങ്കിലും ഫ്രാന്‍സിസ് പാപ്പ സാര്‍വ്വത്രിക സഭയുടെ കൂട്ടായ്മയിലേക്ക് സ്വീകരിച്ച ഷാന്‍ സിലുവിന് മിന്‍ഡോങ്ങിന്റെ ചുമതല കൈമാറുകയാണുണ്ടായത്.
അപ്രത്യക്ഷരായ മെത്രാന്മാര്‍
ചൈനീസ് സുരക്ഷാസൈനികര്‍ പിടിച്ചുകൊണ്ടുപോയി തടങ്കല്‍പാളയത്തിലോ അജ്ഞാത കേന്ദ്രങ്ങളിലോ വിചാരണ കൂടാതെ കല്‍ത്തുറുങ്കുകളിലോ തള്ളിയ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും എന്തു സംഭവിച്ചു എന്ന് വത്തിക്കാന്‍ അന്വേഷിക്കുന്നുണ്ട്. എന്നാല്‍, ഇങ്ങനെ അടുത്തകാലത്ത് അപ്രത്യക്ഷരായ 12 പേരെക്കുറിച്ച് ഒരു സൂചനയുമില്ലെന്നാണ് ഹോങ്കോംഗിലെ നിരീക്ഷകര്‍ പറയുന്നത്.
ഹെബെയ് പ്രവിശ്യയിലെ ബവോഡിങ് രൂപതയിലെ ബിഷപ്പ് ജിയകോമോ ജെയിംസ് സു ഷിമിന്‍ എന്ന എണ്‍പതുകാരനെ 1997 ഒക്ടോബര്‍ എട്ടിന് പൊലീസ് പിടിച്ചുകൊണ്ടുപോയതാണ്. പേട്രിയോട്ടിക് അസോസിയേഷനില്‍ ചേരാന്‍ വിസമ്മതിച്ചു എന്നതായിരുന്നു അദ്ദേഹത്തിനെതിരെ ആരോപിച്ച കുറ്റം. വിചാരണയെക്കുറിച്ചോ എവിടെയാണ് തടങ്കലില്‍ വച്ചിരിക്കുന്നത് എന്നതിനെക്കുറിച്ചോ ആര്‍ക്കും ഒരു വിവരവുമില്ല. ബവോഡിങ്ങിലെ ഒരു ആശുപത്രിയില്‍ 2003 നവംബറില്‍ അദ്ദേഹം കാണപ്പെട്ടുവെങ്കിലും താമസിയാതെ വീണ്ടും അപ്രത്യക്ഷനായി. ഇന്ന് അദ്ദേഹം ജീവനോടെയുണ്ടെന്നതിന് തെളിവൊന്നുമില്ല.
മാവോ സെതൂങ് അധികാരമേല്‍ക്കുന്നതിന് രണ്ടു വര്‍ഷം മുന്‍പ്, 1947 ഓഗസ്റ്റ് 14-ന് സിയാന്‍ അപ്പസ്‌തോലിക പ്രീഫെക്ച്ചറിനുവേണ്ടി പൗരോഹിത്യം സ്വീകരിച്ച മോണ്‍. കോസ്മാസ് ഷി എന്‍ത്സിയാങ് 54 കൊല്ലം തടവിലായിരുന്നു. 1954-ല്‍ ആദ്യം അറസ്റ്റിലായതിനെ തുടര്‍ന്ന് '57-ല്‍ അതിശൈത്യമുള്ള ഹെയ്ലോങ്ജിയാങ്ങില്‍ ഗ്രാമീണ തൊഴിലാളികളുടെ തടങ്കല്‍പാളയത്തിലും തുടര്‍ന്ന് ഷാന്‍സ്‌കിയിലെ കല്‍ക്കരി ഖനിയിലും തടവുപുള്ളിയായി കഴിഞ്ഞ് 1980-ല്‍ മോചിതനായി. 1982 ജൂണില്‍ അണ്ടര്‍ഗ്രൗണ്ട് സഭയ്ക്കുവേണ്ടി ഷിസുവാങ്ങിന്റെ മെത്രാനായി വാഴിക്കപ്പെട്ടു. 1987-ല്‍ വീണ്ടും അറസ്റ്റിലായി രണ്ടു വര്‍ഷത്തോളം തടവറയില്‍ കഴിഞ്ഞു. 1989-ല്‍ ടിയാനന്‍മെന്‍ ചത്വരത്തിലെ കൂട്ടക്കൊലയെ തുടര്‍ന്ന് അഞ്ചു ബിഷപ്പുമാരും 14 വൈദികരും പിടിയിലായ കൂട്ടത്തില്‍ ബിഷപ്പ് ഷി എന്‍ത്സിയാങ്ങുമുണ്ടായിരുന്നു. ഏറ്റവുമൊടുവില്‍ 2001-ല്‍ ബെയ്ജിങ്ങിലേക്കുള്ള യാത്രയ്ക്കിടയില്‍ അദ്ദേഹം അപ്രത്യക്ഷനായി. 2015 ഫെബ്രുവരിയില്‍ ബവൊഡിങ് നഗരസഭയില്‍നിന്ന് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചെങ്കിലും മൃതദേഹമോ ചിതാഭസ്മമോ പോലും ബന്ധുക്കള്‍ക്കു വിട്ടുകിട്ടിയില്ല.
ബിഷപ്പുമാരായ മോണ്‍. ജിയോവാനി ഗാവോ കെക്സിയാന്‍ 2006-ലും മോണ്‍. ജിയോവാനി ഹാന്‍ഡിങ്സിയാങ് 2007-ലും പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. ഹെബെയിലെ അങ്കുവോ ബിഷപ്പായിരുന്ന മോണ്‍. ലിയു ദിഫെന്‍ 1992-ല്‍ തടവറയില്‍ മരിച്ചു. മൃതദേഹം ഏറ്റുവാങ്ങിയവര്‍ ബിഷപ്പിന്റെ മുതുകത്ത് രണ്ടു ദ്വാരങ്ങള്‍ കണ്ട് ഞെട്ടി.
മോണ്‍. ജോസഫ് ഫാന്‍ സുയോയാന്‍ ബവോഡിങ്ങിലെ മെത്രാനായിരിക്കെ അറസ്റ്റിലായി 30 വര്‍ഷം തടവറയിലായിരുന്നു. ഒടുവില്‍ ഒരു ദിവസം പ്ലാസ്റ്റിക് ബാഗില്‍ മെത്രാന്റെ മൃതദേഹം അദ്ദേഹത്തിന്റെ വീടിന്റെ ഉമ്മറത്ത് ആരോ വച്ചിട്ടുപോയി. നെഞ്ചിലും നെറ്റിയിലും കാലുകളിലും ചതവുകളും കഴുത്തില്‍ എന്തോകൊണ്ട് മുറുക്കിയ പാടുമുണ്ടായിരുന്നു.
ഷെങ്ഡിങ്ങിലെ ബിഷപ്പായിരുന്ന ജൂലിയസ് ജിയാ ഷിഗുവോ 18 വര്‍ഷത്തിനിടയില്‍ 11 തവണ ജയിലില്‍ അടയ്ക്കപ്പെട്ടയാളാണ്. 2007 ഡിസംബറില്‍ മോചിതനായെങ്കിലും ബെയ്ജിങ്ങില്‍നിന്ന് 100 മൈല്‍ തെക്കുള്ള ഷെങ്ഡിങ് ഗ്രാമീണ മേഖലയിലെ വുക്വിയുവിലെ ക്രൈസ്റ്റ് ദ് കിങ് കത്തീഡ്രലിലെ മേടയില്‍ പൊലീസ് ബ്യൂറോയുടെ നിരീക്ഷണത്തില്‍ വീട്ടുതടങ്കലിലായിരുന്നു പിന്നീടുള്ള കാലം.
30 വര്‍ഷം ചൈനയില്‍ പ്രേഷിതശുശ്രൂഷ ചെയ്ത അമേരിക്കന്‍ മിഷണറി ബിഷപ്പ് ജയിംസ് വാല്‍ഷിനെ നവചൈനയെ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്ന കുറ്റത്തിന് ഷാങ്ഹായില്‍നിന്ന് 1958 ഒക്ടോബറില്‍ അറസ്റ്റു ചെയ്തു. ഷാങ്ഹായ് പീപ്പിള്‍സ് കോടതി 20 വര്‍ഷത്തേക്ക് തടവിനു വിധിച്ച ബിഷപ്പ് വാല്‍ഷിനെ 12 വര്‍ഷത്തിനുശേഷം 1970 ജൂലൈയില്‍ മോചിപ്പിച്ചു. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടുകഴിഞ്ഞ ചൈന അമേരിക്കയുമായി ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നതിന്റെ ആദ്യ സൂചനയായിരുന്നു അത്. പിന്നീട് 1972 ഫെബ്രുവരിയില്‍ യു.എസ് പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സന്‍ ബെയ്ജിങ് സന്ദര്‍ശിച്ചതോടെയാണ് കമ്യൂണിസ്റ്റ് ചൈന പുറംലോകവുമായി വീണ്ടും അടുക്കുന്നത്.
രഹസ്യ കര്‍ദ്ദിനാള്‍
ഷാങ്ഹായ് ബിഷപ്പായിരുന്ന ഇഗ്നേഷ്യസ് കുങ് പിന്‍മേയി 1956-ല്‍ നഗരത്തിലെ നായ്ക്കളുടെ മത്സര ഓട്ടത്തിന്റെ സ്റ്റേഡിയത്തില്‍ കാണികള്‍ക്കു മുന്‍പാകെ പരേഡ് ചെയ്യപ്പെട്ടു. സഭയ്ക്കെതിരെയുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നടപടിയുടെ ഭാഗമായി തടവിലാക്കപ്പെട്ടതാണ് അദ്ദേഹം. പരസ്യമായി കുറ്റസമ്മതം നടത്തിയാല്‍ ശിക്ഷ ഇളവുനല്‍കുമെന്നു സൂചിപ്പിച്ച് മൈക്രോഫോണ്‍ മുന്‍പിലേക്കു നീട്ടിയപ്പോള്‍ ബിഷപ്പ് കുങ് പറഞ്ഞത് ഇത്രമാത്രം: ''ക്രിസ്തുരാജന്‍ നീണാള്‍ വാഴട്ടെ. പാപ്പാ നീണാള്‍ വാഴട്ടെ.'' 1985 വരെ അദ്ദേഹം തടങ്കലില്‍ കഴിഞ്ഞു. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ അദ്ദേഹത്തെ 'ഇന്‍ പെക്തൊരെ' (രഹസ്യമായി ഹൃദയത്തില്‍ സൂക്ഷിച്ച്) 1979-ല്‍ കര്‍ദ്ദിനാളായി ഉയര്‍ത്തി ആറു വര്‍ഷം കഴിഞ്ഞാണ് അദ്ദേഹം മോചിതനായത്. അദ്ദേഹത്തെപ്പോലുള്ളവരുടെ ധീരസാക്ഷ്യമാണ് ചൈനയിലെ പീഡിത സഭയെ നിലനിര്‍ത്തിയത്.
ഷാങ്ഹായില്‍ 1901-ല്‍ ജനിച്ച കുങ് കമ്യൂണിസ്റ്റ് ആധിപത്യത്തിനു മുന്‍പ്, 1930-ല്‍ പൗരോഹിത്യം സ്വീകരിച്ചതാണ്. ഷാങ്ഹായിലെ ആദ്യത്തെ തദ്ദേശീയ മെത്രാനായി അവരോധിക്കപ്പെട്ടത് 1949-ല്‍ ചൈന കമ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴിലായി ഏതാനും ദിവസത്തിനുള്ളിലായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിനു വഴങ്ങാതെ, ചൈനീസ് കാത്തലിക് പേട്രിയോട്ടിക് അസോസിയേഷനില്‍ ചേരാതെ, അദ്ദേഹം 'ലീജിയന്‍ ഓഫ് മേരി' എന്ന പ്രസ്ഥാനത്തിലൂടെ തന്റെ അനുയായികളെ ചെറുത്തുനില്‍പ്പിനു പ്രാപ്തരാക്കി. 1955 സെപ്റ്റംബര്‍ എട്ടിന് 200 വൈദികരോടൊപ്പം ബിഷപ്പ് കുങ്ങിനെ ഷാങ്ഹായില്‍നിന്നു പിടിച്ചുകൊണ്ടുപോയി. 1960-ല്‍ വിചാരണയ്ക്കു കൊണ്ടുവന്നു. മതവിശ്വാസത്തിന്റെ പേരില്‍ വിപ്ലവത്തെ അട്ടിമറിക്കാന്‍ ഗൂഢനീക്കം നടത്തി എന്ന കുറ്റത്തിനു ജീവപര്യന്തം തടവിനു വിധിക്കപ്പെട്ടു. 25 വര്‍ഷം ഏകാന്ത തടവ്.
ജോണ്‍ പോള്‍ പാപ്പ 1979-ല്‍ ബിഷപ്പ് കുങ്ങിനെ രഹസ്യമായി കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത് 1991-ല്‍ മാത്രമാണ് വെളിപ്പെട്ടത്; അപ്പോഴേക്കും അദ്ദേഹം ചൈനയില്‍നിന്ന് അമേരിക്കയിലെത്തി കണക്റ്റിക്കട്ടിലെ ബ്രിജ്പോര്‍ട്ടില്‍ വിശ്രമജീവിതത്തിലായിരുന്നു. 1985ല്‍ തടങ്കലില്‍ 30 വര്‍ഷം പൂര്‍ത്തിയായപ്പോള്‍ എണ്‍പത്തിനാലുകാരനായ കര്‍ദ്ദിനാള്‍ കുങ്ങിനെ ചൈനീസ് ഭരണകൂടം വീട്ടുതടങ്കലിലേക്കു മാറ്റിയതാണ്. രണ്ടരവര്‍ഷം കഴിഞ്ഞാണ് വീട്ടുതടങ്കലില്‍നിന്നു മോചിപ്പിച്ചത്. 1988-ല്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി അമേരിക്കയിലേയ്ക്കു പോകാന്‍ അനുവദിച്ചു. എന്നാല്‍, പിന്നീട് ജന്മനാട്ടിലേക്കു മടങ്ങാന്‍ അനുമതി ലഭിച്ചില്ല. 12 വര്‍ഷം അമേരിക്കയില്‍ സ്റ്റാന്‍ഫഡില്‍ 'കര്‍ദ്ദിനാള്‍ കുങ് ഫൗണ്ടേഷന്റെ' ആഭിമുഖ്യത്തില്‍ ചൈനയിലെ സഭയ്ക്കുവേണ്ടിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ അദ്ദേഹം 98ാമത്തെ വയസ്സില്‍, 2000 മാര്‍ച്ചില്‍ മരിച്ചു.
അഞ്ചു തലമുറകളായി കത്തോലിക്കാ വിശ്വാസികളായിരുന്നു കുങ്ങിന്റെ കുടുംബം. ഫ്രെഞ്ച് മിഷണറിമാരുടെ കീഴില്‍ ജസ്വിറ്റ് വിദ്യാലയങ്ങളില്‍ പഠിച്ച് 29-ാം വയസ്സില്‍ പൗരോഹിത്യം സ്വീകരിച്ചു. 1949-ല്‍ ഷാങ് ഹായ് കമ്യൂണിസ്റ്റുകാര്‍ പിടിച്ചെടുത്തപ്പോള്‍ സൂച്ചോവിന്റെ മെത്രാനായി വാഴിക്കപ്പെട്ടു; പിറ്റേവര്‍ഷം ഷാങ്ഹായ് മെത്രാനും സൂച്ചോ, നാന്‍കിങ് എന്നിവയുടെ അപ്പസ്‌തോലിക അഡ്മിനിസ്ട്രേറ്ററുമായി. 1953-ല്‍ അദ്ദേഹം 3000 യുവതീയുവാക്കളെ ഷാങ്ഹായ് കത്തീഡ്രലില്‍ ഒരുമിച്ചുകൂട്ടി. പുറത്ത് ചത്വരത്തില്‍ ആയിരത്തോളം സ്ത്രീകള്‍ ജപമാല ചൊല്ലിക്കൊണ്ടിരുന്നു. പൊലീസ് വളഞ്ഞപ്പോള്‍ വലിയൊരു കുരിശു വഹിച്ചുകൊണ്ട് അവര്‍ ഏറ്റുചൊല്ലി: തിരുസഭ നീണാള്‍ വാഴട്ടെ, പാപ്പാ നീണാള്‍ വാഴട്ടെ, മെത്രാന്‍ നീണാള്‍ വാഴട്ടെ.
കമ്യൂണിസ്റ്റ് ആധിപത്യത്തിലായിരുന്ന യുക്രേയ്ന്‍, ലാത്വിയ എന്നിവിടങ്ങളിലെ മറ്റു രണ്ടു മെത്രാന്മാരോടൊപ്പം കര്‍ദ്ദിനാള്‍ പദവിയിലേക്ക് രഹസ്യമായി ഉയര്‍ത്തി ജോണ്‍ പോള്‍ പാപ്പ തന്റെ ഹൃദയത്തില്‍ സൂക്ഷിച്ച ഇഗ്നേഷ്യസ് കുങ് പിന്‍മേയി 12 വര്‍ഷത്തിനുശേഷമാണ്, 1991 ജൂണ്‍ 28-ന്, വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ വീല്‍ച്ചെയറില്‍നിന്ന് എഴുന്നേറ്റ് തന്റെ ഊന്നുവടി ഉപേക്ഷിച്ച് ബസിലിക്കയുടെ മുഖവാരത്തെ പടവുകള്‍ കയറി പാപ്പയുടെ കരങ്ങളില്‍നിന്ന് കര്‍ദ്ദിനാളിന്റെ ചെമന്ന തൊപ്പി ഏറ്റുവാങ്ങിയത്.
ഷിയുടെ കാലത്തെ മെത്രാന്‍
ഷാങ്ഹായില്‍ സര്‍ക്കാര്‍ സഹായമെത്രാനായി നിയമിച്ച തദേവൂസ് മാ ദാക്വിന്റെ കേസ് തികച്ചും അസാധാരണമാണ്. 2012 ജൂലൈയില്‍ ഷാങ്ഹായ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ മെത്രാഭിഷേക കര്‍മ്മം പൂര്‍ത്തിയായ ഉടന്‍ നവാഭിഷിക്തന്‍ പ്രഖ്യാപിച്ചു; താന്‍ പേട്രിയോട്ടിക് അസോസിയേഷനുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന്. സാര്‍വ്വത്രിക സഭയോടും റോമിലെ പത്രോസിന്റെ പിന്‍ഗാമിയോടുമുള്ള വിധേയത്വവും കൂറും ഏറ്റുപറയുകയായിരുന്നു മാ ദാക്വിന്‍. തുടര്‍ന്ന്, ഷെഷാനിലെ ഒറ്റപ്പെട്ട പഴയ സെമിനാരിയില്‍ വീട്ടുതടങ്കലില്‍ നാലു വര്‍ഷം പുറംലോകവുമായി ബന്ധമില്ലാതെ കഴിയേണ്ടിവന്നു മാ ദാക്വിന്. ഇതിനുവേണ്ടി സര്‍ക്കാര്‍ ആ സെമിനാരി അടച്ചിടുകയും ചെയ്തു. എന്നാല്‍, 2016-ല്‍ മാ ദാക്വിന്‍ വീണ്ടും കൂറുമാറി, തനിക്കു തെറ്റുപറ്റിയെന്ന് ഏറ്റുപറഞ്ഞ് പേട്രിയോട്ടിക് അസോസിയേഷനു കീഴടങ്ങി. തന്റെ മെത്രാഭിഷേക ചടങ്ങില്‍ വത്തിക്കാന്റെ വിലക്കുള്ള വിന്‍സന്റ് ഷാന്‍ സിലു പങ്കെടുക്കുന്നതു തടയാന്‍ ശ്രമിച്ച മാ ദാക്വിന്‍ സര്‍ക്കാര്‍ പക്ഷത്തേയ്ക്കു മടങ്ങാനുള്ള സന്നദ്ധത പ്രകടിപ്പിച്ചതിനു തൊട്ടുപിന്നാലെ ഷാന്‍ സിലുവിനോടൊപ്പം മിന്‍ഡോങ്ങില്‍ സഹകാര്‍മ്മികത്വം വഹിച്ചെങ്കിലും ബിഷപ്പിന്റെ ചുമതല നല്‍കാതെ പേട്രിയോട്ടിക് അസോസിയേഷന്‍ അദ്ദേഹത്തെ ഫാദര്‍ ദാക്വിന്‍ എന്നാണ് പിന്നീട് വിശേഷിപ്പിച്ചു വന്നത്.
കിഴക്കന്‍ ചൈനയിലെ ഷെജിയാങ് പ്രവിശ്യയില്‍ വെന്‍ഷാവോയിലെ പിന്‍തുടര്‍ച്ചാവകാശമുള്ള അന്‍പത്തിനാലുകാരനായ സഹായ മെത്രാന്‍ പീറ്റര്‍ ഷാവോ ഷുമിനെ 2016-ല്‍ ചുമതലയേല്‍ക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചില്ല. സെപ്റ്റംബറില്‍ മുന്‍ഗാമി മരിച്ചപ്പോള്‍ ഷാവോയെ അധികൃതര്‍ അവധിക്കാല യാത്രയ്ക്കായി വടക്കന്‍ ചൈനയിലേക്കു പിടിച്ചുകൊണ്ടുപോയി. ഏഴു മാസം തടങ്കലില്‍ വച്ചശേഷം വിട്ടയച്ചു. ബിഷപ്പുമാരുടെ തിരഞ്ഞെടുപ്പും മെത്രാഭിഷേകവും സംബന്ധിച്ച രേഖയില്‍ വെന്‍ഷാവോ സിറ്റി ബ്യുറോ ഓഫ് എത്നിക് ആന്റ് റിലീജിയസ് അഫയേഴ്സ് ഷാവോയെക്കൊണ്ട് നിര്‍ബ്ബന്ധിച്ച് ഒപ്പുവയ്പിച്ചു. ഒപ്പുവച്ചെങ്കിലും അതിലെ നിബന്ധനകള്‍ അംഗീകരിക്കുന്നില്ല എന്ന് ഷാവോ എഴുതിച്ചേര്‍ത്തതിന്റെ പേരില്‍ അവര്‍ വീണ്ടും കസ്റ്റഡിയിലെടുത്തു. 2016-ല്‍ മെത്രാനായി നിയമിതനായതിനുശേഷം നാലാം തവണയാണ് അദ്ദേഹത്തെ തടവിലാക്കുന്നത്. വെന്‍ഷാവോയില്‍നിന്ന് 1,500 മൈല്‍ അകലെയുള്ള ഷിനിങ്ങിലെ ഒരു കത്തോലിക്കാ ഭവനത്തില്‍നിന്ന് ബെയ്ജിങ്ങിലേക്കു പുറപ്പെട്ട ബിഷപ്പ് വീണ്ടും അപ്രത്യക്ഷനായി. ബിഷപ്പിനെ വിട്ടയക്കണമെന്ന് ജര്‍മനി ആവശ്യപ്പെട്ടിരുന്നു.
ബെയ്ജിങ്ങിലെ ജര്‍മന്‍ സ്ഥാനപതി മൈക്കള്‍ ക്ലാവുസ് എംബസി വെബ്സൈറ്റില്‍ കുറിച്ചത്, ഒരു വര്‍ഷത്തിനിടെ നാല് അജ്ഞാതകേന്ദ്രങ്ങളിലേക്ക് ബിഷപ്പിനെ മാറ്റിപ്പാര്‍പ്പിച്ചു എന്നാണ്. ബിഷപ്പ് ഷാവോ 2017 മേയില്‍ അപ്രത്യക്ഷനായശേഷം 2018 ജൂണ്‍ 16-ന് വെന്‍ജോ വിമാനത്താവളത്തില്‍ അദ്ദേഹത്തെ കണ്ടവരുണ്ട്. ഇപ്പോള്‍ എവിടെയാണെന്ന് രഹസ്യസഭയിലെ ആര്‍ക്കും അറിയില്ല.
പുതിയ കരാറിന്റെ വെളിച്ചത്തില്‍ സര്‍ക്കാര്‍ രഹസ്യ സഭയിലെ മെത്രാന്മാരില്‍ അഞ്ചുപേരെ മാത്രമാണ് ഇതേവരെ അംഗീകരിച്ചതായി കാണുന്നത്. പേട്രിയോട്ടിക് അസോസിയേഷനോടും അതിന്റെ ഭാഗമായ ദേശീയ മെത്രാന്‍ സമിതിയോടും ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ സമ്മതിച്ചാല്‍ത്തന്നെ അണ്ടര്‍ഗ്രൗണ്ട് സഭയിലെ ഏറ്റവും മികച്ച മെത്രാന്‍മാര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നോട്ടപ്പുള്ളികളായിരിക്കും. രാജ്യത്തെ 25 രൂപതകളില്‍ ഇപ്പോള്‍ യഥാവിധി നിയമിക്കപ്പെട്ട മെത്രാന്മാരില്ല.
ഏഴു ദശാബ്ദത്തിനിടയിലെ ആദ്യ രൂപത
പുതിയ ഉടമ്പടിയോടൊപ്പം ബെയ്ജിങ്ങിനു വടക്കുകിഴക്കായി ഹെബെയ് പ്രവിശ്യയില്‍ ഷെങ്ദേ എന്ന പുതിയ രൂപത സ്ഥാപിച്ചതായി വത്തിക്കാന്‍ പ്രഖ്യാപിച്ചു. 70 വര്‍ഷത്തിനിടെ ആദ്യമായാണ് വത്തിക്കാന്‍ ചൈനയില്‍ പുതിയ രൂപത സ്ഥാപിക്കുന്നത്. അണ്ടര്‍ഗ്രൗണ്ട് സഭയുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ് ഈ മേഖല. ഷെങ്ദേ സിറ്റിയിലെ ദേവാലയത്തെ പുതിയ രൂപതയുടെ കത്തീഡ്രലായി ഉയര്‍ത്തി. ബെയ്ജിങ് അതിരൂപതാ പ്രവിശ്യയിലെ സാമന്ത രൂപതയാണിത്. 1883 ഡിസംബറില്‍ സ്ഥാപിതമായ കിഴക്കന്‍ മംഗോളിയയിലെ അപ്പസ്‌തോലിക വികാരിയാത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശം. ജെഹോല്‍, ജിന്‍ഷൗ, ഷിഫെങ് എന്നീ രൂപതകളുടെ ചില ഭാഗങ്ങള്‍ ചേര്‍ത്താണ് പുതിയ രൂപതയുടെ അതിര്‍ത്തി നിര്‍ണ്ണിയിച്ചത്. പുതിയ മെത്രാനായി ചൈനീസ് പേട്രിയോട്ടിക് കാത്തലിക് അസോസിയേഷന്‍ ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ജോസഫ് ഗുവോ ജിങ്കായിയെ നിയമിച്ചു. ഫ്രാന്‍സിസ് പാപ്പ വിലക്കു നീക്കി പുതിയ രൂപതയുടെ മെത്രാനായി നിയമിച്ച് രണ്ടാഴ്ചയ്ക്കകം ഗുവോ ജിങ്കായ് നേരത്തെ തന്നെ വത്തിക്കാന്റെ അംഗീകാരം നേടിയ ഷാങ്ഹീ പ്രവിശ്യയിലെ യനാന്‍ രൂപതയിലെ സര്‍ക്കാര്‍ പക്ഷക്കാരനായ ബിഷപ്പ് ജോണ്‍ ബാപ്റ്റിസ്റ്റ് യാങ് സിയാവോതിങ്ങിനൊപ്പം റോമിലെത്തി യുവജനങ്ങള്‍ക്കായുള്ള ബിഷപ്പുമാരുടെ ആഗോള സിനഡ് സമ്മേളനത്തില്‍ ഔദ്യോഗിക പ്രതിനിധികളുടെ നിരയില്‍ അണിചേര്‍ന്നു. പോള്‍ ആറാമന്‍ പാപ്പ 1965-ല്‍ കത്തോലിക്കാ ബിഷപ്പുമാരുടെ സിനഡിനു രൂപം നല്‍കിയതിനുശേഷം ആദ്യമായാണ് ചൈന വന്‍കരയില്‍നിന്നുള്ള മെത്രാന്മാര്‍ റോമിലെ സിനഡില്‍ പങ്കെടുക്കുന്നത്. 2005-ലെ ബിഷപ്പുമാരുടെ സിനഡിലേക്ക് ചൈനീസ് ഗവണ്‍മെന്റിന്റെ അംഗീകാരമുള്ള മൂന്നു മെത്രാന്മാരേയും അണ്ടര്‍ഗ്രൗണ്ട് സഭയിലെ ഒരു ബിഷപ്പിനേയും റോമിലേക്കു ക്ഷണിച്ചെങ്കിലും ബെയ്ജിങ് ആര്‍ക്കും യാത്രാനുമതി നല്‍കിയിരുന്നില്ല.
(തുടരും)
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക