'അവര്‍ ഇടതുപക്ഷമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല'

സി.പി.ഐ.എം പുലര്‍ത്തിപ്പോരുന്ന അധീശത്വ രാഷ്ട്രീയത്തെ വെല്ലുവിളിച്ച് വടകരയില്‍നിന്ന് നിയമസഭയിലേക്ക് പൊരുതിക്കയറിയ ആര്‍.എം.പി നേതാവ് കെ.കെ. രമ സംസാരിക്കുന്നു
'അവര്‍ ഇടതുപക്ഷമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല'

കേരള രാഷ്ട്രീയത്തിലെ അപൂര്‍വ്വതകളില്‍ ഒന്നായിരുന്നു വടകരയില്‍നിന്ന് നിയമസഭയിലേയ്ക്കുള്ള കെ.കെ. രമയുടെ വിജയം. അക്രമരാഷ്ട്രീയത്തില്‍ കൊല്ലപ്പെടുന്നവരുടെ ബന്ധുക്കള്‍ പിന്നീട് എന്തുചെയ്യുന്നുവെന്ന് നാം ആലോചിക്കാറേയില്ല. എന്നാല്‍ ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം അങ്ങനെയായിരുന്നില്ല. സംഭവം നടന്ന് പത്തുവര്‍ഷം ആവുമ്പോള്‍ ചന്ദ്രശേഖരന്‍ മുന്നോട്ടുവെച്ച രാഷ്ട്രീയത്തിന് കേരള നിയമസഭയില്‍ പ്രതിനിധിയുണ്ടായി. അക്രമരാഷ്ട്രീയത്തിനെതിരെയുള്ള വടകരയിലെ ഭൂരിപക്ഷം ജനങ്ങളുടെ പ്രതികരണം കേരളജനതയുടെ തന്നെ പ്രതികരണമായി കാണാവുന്നതാണ്. ഈ രാഷ്ട്രീയം പല അക്രമത്തെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണയ്ക്കുന്ന നേതാക്കളേയും പ്രസ്ഥാനങ്ങളേയും അലോസരപ്പെടുത്തുന്നുമുണ്ട്. ആര്‍.എം.പിയുടെ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്നതില്‍ കെ.കെ. രമയുടെ പങ്ക് ചെറുതല്ല. ചന്ദ്രശേഖരന്റെ ഓര്‍മ്മകളെ സജീവമാക്കി നിര്‍ത്തുന്നതും രാഷ്ട്രീയപ്രവര്‍ത്തനമാണെന്ന് അവര്‍ പറയുന്നു. അതോടൊപ്പം കക്ഷിരാഷ്ട്രീയത്തിനും മുന്നണി സമവാക്യങ്ങള്‍ക്കും അതീതമായി സാമൂഹ്യവിഷയങ്ങളില്‍ പ്രതികരിക്കാനും ഇടപെടലുകള്‍ നടത്താനും അവര്‍ക്ക് കഴിയുന്നുണ്ട്. സഭയിലെ സ്ത്രീപ്രതിനിധി എന്ന നിലയില്‍ ലിംഗാധിഷ്ഠിത രാഷ്ട്രീയത്തില്‍ സ്വീകരിക്കുന്ന നിലപാടുകളും ചര്‍ച്ചയാകുന്നു. പാര്‍ലമെന്ററി രാഷ്ട്രീയത്തിലും പുറത്തുമുള്ള സാധ്യതകളെക്കുറിച്ചും നിയമസഭാംഗമായതിനു ശേഷമുള്ള അനുഭവങ്ങളെക്കുറിച്ചും ആര്‍.എം.പി നേതാവും വടകര എം.എല്‍.എയുമായ കെ.കെ. രമ സംസാരിക്കുന്നു.

എം.എല്‍.എ ആയി ആറുമാസമാകുന്നു. എന്തൊക്കെയാണ് പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് വന്നശേഷമുള്ള മാറ്റങ്ങള്‍?

നേരത്തെയുള്ള പ്രവര്‍ത്തനത്തിന്റെ ഒരു തുടര്‍ച്ച തന്നെയാണ് ഇതും. പാര്‍ലമെന്ററി പൊളിറ്റിക്സിലേക്ക് വന്നതോടെ ഉത്തരവാദിത്വങ്ങള്‍ കൂടി. ജനങ്ങളുടെ പ്രതിനിധിയാണ്, അപ്പോള്‍ അവരുടെ പക്ഷത്തുനിന്ന് ചെയ്യേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. നേരത്തെ, ചെയ്യാം എന്ന് പറയാമെങ്കിലും അതില്‍ നമുക്ക് അത്ര ഉറപ്പുണ്ടായിരുന്നില്ല. ഇപ്പോള്‍ ആധികാരികമായി ആവശ്യപ്പെടാനും ഉദ്യോഗസ്ഥരെക്കൊണ്ട് ചെയ്യിക്കാനും കഴിയും. മുന്‍പ് പറയുന്നതുപോലെയല്ല. ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍ ചെയ്തുകൊടുക്കണം. ധാരാളം പ്രയാസങ്ങളുമായാണ് ആളുകള്‍ വരുന്നത്. സാധാരണ മനുഷ്യരുടെ പ്രശ്നങ്ങളാണ് നിരന്തരം കേട്ടുകൊണ്ടിരിക്കുന്നത്. എന്തെങ്കിലും ചെയ്തുതരും എന്ന പ്രതീക്ഷയിലാണ് അവര്‍ വരുന്നത്. പക്ഷേ, ആ പ്രതീക്ഷകളില്‍ പലതും പൂര്‍ണ്ണമായി ചെയ്തുകൊടുക്കാന്‍ കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു ജനപ്രതിനിധിയാണെങ്കിലും അവരുദ്ദേശിക്കുന്ന രീതിയില്‍ ചെയ്യുന്നതിന് ഒരുപാട് പരിമിതിയുണ്ട്. എം.എല്‍.എയുടെ അടുത്തുവന്നാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും എന്ന പ്രതീക്ഷയുണ്ട്. ആ പ്രതീക്ഷ പലപ്പോഴും പൂര്‍ണ്ണമായി നിറവേറ്റാന്‍ കഴിയുന്നില്ല എന്ന പ്രയാസമുണ്ട്. എങ്ങനെ നിറവേറ്റിക്കൊടുക്കും എന്ന നിസ്സഹായതയുണ്ട്. പറ്റാവുന്ന പരമാവധി കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നു.

കെകെ രമ/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്
കെകെ രമ/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്

പ്രതിപക്ഷത്തെ ഏക വനിത എം.എല്‍.എ ആണ് താങ്കള്‍. ജെന്‍ഡര്‍ പൊളിറ്റിക്സ് വളരെയധികം ചര്‍ച്ച ചെയ്യുന്ന കാലം കൂടിയാണ്. അടുത്തിടെ മുസ്ലിംലീഗ് എം.എല്‍.എ. ടി.വി. ഇബ്രാഹിം കൊണ്ടുവന്ന വീട്ടമ്മമാരുടെ ക്ഷേമനിധി ബില്ലിനെ എതിര്‍ക്കുന്ന സാഹചര്യമുണ്ടായിരുന്നു. സഭയില്‍ എങ്ങനെയാണ് ഈ വിഷയങ്ങളെയൊക്കെ അഭിസംബോധന ചെയ്യുന്നത്?

ഒരു വനിത എന്ന നിലയില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. വലിയൊരു ഉത്തരവാദിത്വമാണത്. പ്രതിപക്ഷത്തു മാത്രമല്ല, ഭരണപക്ഷത്തും സ്ത്രീപ്രാതിനിധ്യം കുറവാണ്. സ്ത്രീകളുടെ വിഷയം വരുമ്പോള്‍ വാദിക്കുമ്പോഴും സംസാരിക്കുമ്പോഴും പ്രതിപക്ഷത്തുനിന്ന് പിന്തുണയ്ക്കാന്‍ സ്ത്രീകളാരുമില്ലല്ലോ.

പ്രതിപക്ഷത്തുള്ള ആളുകള്‍ സത്യത്തില്‍ എനിക്ക് പരിചയമില്ലാത്ത ഒരു വിഭാഗം കൂടിയാണ്. ഞാന്‍ ഇതുവരെ പ്രതിനിധീകരിക്കാത്ത ഒരു വിഭാഗത്തിന്റെ കൂടെ നിന്നാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. എങ്കിലും അതിനകത്തുള്ള ഒരു നേട്ടവും പ്രത്യേകതയുമായി എനിക്ക് തോന്നിയത് ഇടതുപക്ഷത്തേക്കാള്‍ ഇടതുപക്ഷ നിലപാടുകള്‍ പ്രതിപക്ഷം എടുക്കുന്നു എന്നതാണ്. അവിടെയുള്ള ജനാധിപത്യത്തെയാണ് ഞാന്‍ കുറച്ചുകൂടി നന്നായി കാണുന്നത്. എനിക്കവിടെ പ്രത്യേക നിയന്ത്രണങ്ങള്‍ ഇല്ല. അവരുടെ പിന്തുണയോടുകൂടിയാണ് ഞാന്‍ സഭയിലെത്തിയത്. കോണ്‍ഗ്രസ്സിന്റേയും മുസ്ലിംലീഗിന്റേയും പിന്തുണയില്ലെങ്കില്‍ ഒരിക്കലും ഞാന്‍ അവിടെ ഇരിക്കില്ല. അവിടെ അവരുടേതല്ലാത്ത ഒരു പക്ഷത്തിന്റെ നിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ സ്വാതന്ത്ര്യം കിട്ടുക എന്നത് വലിയ ഒരു ജനാധിപത്യമായി ഞാന്‍ കാണുന്നു. മത്സരിക്കുന്ന സമയത്തും അവരത് പറഞ്ഞിരുന്നു. ''നിങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് നിങ്ങള്‍ക്ക് തീരുമാനങ്ങളെടുക്കാം. ആ തീരുമാനങ്ങള്‍ക്ക് ഞങ്ങള്‍ ഒരിക്കലും തടസ്സമാവില്ല. നിങ്ങള്‍ യഥാര്‍ത്ഥ കമ്യൂണിസ്റ്റ്കാരിയായി നിലകൊള്ളുകയും അതിനുവേണ്ടി വാദിക്കുകയും ചെയ്യണം'' എന്നതാണ് അവര്‍ പറഞ്ഞത്. ആ പിന്തുണ ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്നു. അത് എന്നെ അത്ഭുതപ്പെടുത്തിയ ഒരു നിലപാട് കൂടിയാണ്. 

മുസ്ലിംലീഗിന്റെ പ്രതിനിധി സ്ത്രീകള്‍ക്ക് ക്ഷേമനിധി എന്ന തികച്ചും സ്ത്രീവിരുദ്ധമായ ഒരു ബില്‍ ആണ് അവതരിപ്പിച്ചത്.  ക്ഷേമനിധി ബില്‍ സ്ത്രീകള്‍ക്ക് ഉണ്ടാവുമ്പോള്‍ അവരെന്താണോ പരമ്പരാഗതമായി അനുവര്‍ത്തിച്ചുവരുന്ന കാര്യങ്ങള്‍, അതവിടെ സ്ഥാപിക്കപ്പെടുകയാണ്. വീട്ടുജോലികള്‍ ചെയ്യേണ്ടത് അവരുടെ മാത്രം ഉത്തരവാദിത്വമാണെന്ന് വരുത്തലാണ്. അതിനുവേണ്ടി ഒരു ബില്‍ വരിക എന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. നമ്മള്‍ അതിനൊക്കെ എതിരെ സംസാരിക്കുന്നവരല്ലേ. അതു കേട്ടപ്പോള്‍ത്തന്നെ എനിക്ക് വല്ലാത്തൊരു പ്രശ്നം തോന്നി. പക്ഷേ, എന്റെ വിയോജിപ്പ് അവിടെ രേഖപ്പെടുത്താനും അതിനെതിരെ ശക്തമായി പറയാനും എനിക്കൊരു തടസ്സവുമുണ്ടായില്ല. അതുതന്നെയാണ് വലിയ കാര്യം. ആ സ്പേസ് അവിടെയുണ്ട്. നമുക്ക് ശരിയെന്നു തോന്നുന്ന, നമ്മുടെ പക്ഷത്തുനിന്നുള്ള നിലപാട് എടുത്തുപോകുന്നതിന് വേറെ തടസ്സങ്ങളില്ല. യോജിക്കേണ്ടതിനോട് യോജിച്ചും എതിര്‍ക്കേണ്ടതിനെ എതിര്‍ത്തും തന്നെ സഭയില്‍ പോകാന്‍ കഴിയുന്നുണ്ട്.

നേരത്തെ പറഞ്ഞതുപോലെ മുന്‍പ് പ്രവര്‍ത്തിച്ചതെല്ലാം സി.പി.എമ്മിനൊപ്പമായിരുന്നു. ഇപ്പോള്‍ ഭരണപക്ഷത്തുള്ള പലരും പഴയ സഹപ്രവര്‍ത്തകരുമാണ്. സഭയില്‍ എങ്ങനെയാണ് അവരുടെ സമീപനം?

ഭരണപക്ഷത്ത് ബാലഗോപാലും രാജീവും എം.ബി. രാജേഷും എല്ലാം, ഞങ്ങള്‍ ഒരേ കമ്മിറ്റിയില്‍ ഉണ്ടായിരുന്നവരാണ്. പലരും ഒരേ സംഘടനയില്‍ പ്രവര്‍ത്തിച്ചവരും. വ്യക്തിപരമായി പ്രത്യക്ഷത്തില്‍ പ്രശ്നങ്ങളൊന്നും അനുഭവപ്പെട്ടിട്ടില്ല. രാഷ്ട്രീയമായി സ്വാഭാവികമായും ഉണ്ടാവും. ഞാന്‍ അവരുടെ രാഷ്ട്രീയത്തിനെതിരെ നില്‍ക്കുന്നയാളാണ്. സഭയിലായാലും അത്തരം വിഷയങ്ങളില്‍ അവര്‍ക്കെതിരായ നിലപാട് തന്നെയാണ് ഉയര്‍ത്തിപ്പിടിക്കുന്നതും. പക്ഷേ, ഞാനും ജനപ്രതിനിധിയാണ്. അവരും ജനപ്രതിനിധികളാണ്. ജനപ്രതിനിധികള്‍ എല്ലാവരുടേയും താല്പര്യങ്ങള്‍ സംരക്ഷിക്കേണ്ടവരാണ്. കക്ഷിരാഷ്ട്രീയത്തിന് അവിടെ പരിഗണനയുണ്ടാവരുത്. ഞാന്‍ പ്രതിനിധീകരിക്കുന്നത് ആര്‍.എം.പി.യേയും കോണ്‍ഗ്രസ്സിനേയും മാത്രമല്ല, മണ്ഡലത്തിലെ എല്ലാ ജനങ്ങളെയുമാണ്. ഞാന്‍ സഭയില്‍ പറയുന്നത് ഇവിടത്തെ ജനങ്ങളുടെ വിഷയമാണ്. ആ കാര്യങ്ങള്‍ ചെയ്തുതരാന്‍ അവര്‍ ബാധ്യസ്ഥരാണ്. അവരത് ചെയ്യും എന്ന പ്രതീക്ഷയുണ്ട്. കുറച്ചുകഴിഞ്ഞാല്‍ എങ്ങനെയായിരിക്കും എന്നെനിക്കറിയില്ല. നിലവില്‍ മറ്റ് പ്രശ്നങ്ങളൊന്നുമില്ല. അവരുടെ പ്രതികരണവും സമീപനവും എങ്ങനെയായിരിക്കും എന്നൊരു ആശങ്ക തുടക്കത്തില്‍ എനിക്കുമുണ്ടായിരുന്നു.

മഹിളാ അസോസിയേഷനില്‍ ഒപ്പം പ്രവര്‍ത്തിച്ചയാളാണ് കെ.കെ. ശൈലജ ടീച്ചര്‍. സഭയിലെത്തിയ ശേഷം ടീച്ചറുമായുള്ള ബന്ധം എങ്ങനെയാണ്?

അവരുമായൊന്നും ഒരുപാട് ബന്ധപ്പെടേണ്ട സാഹചര്യമില്ല. ഒന്നാമത് ശൈലജ ടീച്ചര്‍ മന്ത്രിയല്ല. മന്ത്രിമാരുടെയടുത്തേക്കാണ് കൂടുതല്‍ പോവേണ്ടിവരിക. അവരുടെ രാഷ്ട്രീയക്കാരുടെ അടുത്തേക്ക് ഞങ്ങള്‍ പോവേണ്ട യാതൊരു ആവശ്യവുമില്ല. മഹിളാ അസോസിയേഷനില്‍ പ്രവര്‍ത്തിക്കുന്ന സമയത്തും ടീച്ചറെ പരിചയമുള്ളതാണ്. നല്ല ബന്ധമായിരുന്നു അക്കാലത്ത്. ആ ബന്ധം ഇപ്പോഴും ഉണ്ടാകും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പക്ഷേ, വ്യക്തിപരമായ അടുപ്പങ്ങളൊന്നും ഇപ്പോഴില്ല. സഭയിലെ ഒരംഗം എന്ന നിലയ്ക്കുള്ള ഇടപെടല്‍ അല്ലാതെ അതിനു പുറത്തേക്കുള്ള ഒരു ബന്ധവും ഇപ്പോള്‍ ഇല്ല.

സി.പി.എമ്മില്‍നിന്ന് ഒരുപാട് അധിക്ഷേപങ്ങള്‍ നേരിട്ടിട്ടുണ്ട്. സഭയില്‍ ആദ്യദിനം ടി.പി. ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചെത്തിയതിനു ശേഷമുണ്ടായ പ്രതികരണങ്ങള്‍ അതിന്റെ ഒരു തുടര്‍ച്ചയായി തോന്നിയിരുന്നോ?

അത് അവര്‍ പ്രതീക്ഷിച്ചതായിരുന്നില്ല. എന്തിനെയായിരുന്നോ അവര്‍ ഭയന്നിരുന്നത്, എന്താണോ നേരില്‍ കാണാന്‍ അഗ്രഹിക്കാതിരുന്നത്-പ്രത്യേകിച്ചും കേരളത്തിന്റെ മുഖ്യമന്ത്രി- അതാണ് അന്ന് സഭയില്‍ അവര്‍ കണ്ടത്. ഒരിക്കലും ചന്ദ്രശേഖരന്റെ ഒരു പ്രതിരൂപം അവിടെയുണ്ടാകുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നില്ല. ചന്ദ്രശേഖരന്റെ കൊലപാതകം വീണ്ടും വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്ന ഒരന്തരീക്ഷം അവര്‍ ഇഷ്ടപ്പെടുന്നില്ല. പക്ഷേ, അതിനു വിപരീതമായ കാര്യങ്ങളാണ് ആദ്യ ദിവസം തന്നെ സംഭവിച്ചത്. സ്വാഭാവികമായും അതവരെ അസ്വസ്ഥപ്പെടുത്തി. ഈ കൊലപാതകത്തിന് എല്ലാവരും കൂട്ടുനിന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷേ, അതിന് മൗനസമ്മതം കൊടുത്ത ആളുകള്‍ അതിനകത്തുണ്ട്. കൊലപാതകികളെ ഇപ്പോഴും സംരക്ഷിച്ചുകൊണ്ടിരിക്കുന്ന ആളുകള്‍.

ഇത്തരം പ്രകടനങ്ങള്‍ ചട്ടലംഘനമാണ് എന്ന് സ്പീക്കര്‍ ഒരു മാധ്യമത്തോട് സംസാരിക്കുകയായിരുന്നു. സമൂഹത്തില്‍നിന്നുള്ള വലിയ പ്രതികരണങ്ങളുണ്ടായപ്പോള്‍ അതുമായി പോകുന്നത് ശരിയല്ല എന്ന് തോന്നിയതുകൊണ്ടാകാം അവരതില്‍ കൂടുതല്‍ മുന്നോട്ടുപോയില്ല. അങ്ങനെ ചെയ്യാന്‍ പാടില്ല എന്നു പറഞ്ഞ് ഒരു ലെറ്റര്‍ എനിക്ക് തന്നു. ഞാനൊരു പാതകമല്ല ചെയ്തത്. എന്റെ സാരിയിലുള്ള ഒരു ചിഹ്നമായി അതിനെ കണ്ടാല്‍ മതി. അത് ചര്‍ച്ചയാക്കേണ്ട ആവശ്യം പോലുമില്ല. അതവരിലുണ്ടാക്കിയ അസ്വസ്ഥത കൊണ്ടാണ് അങ്ങനെ ചെയ്തത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരമായിരിക്കും സ്പീക്കര്‍ അങ്ങനെ പറഞ്ഞിട്ടുണ്ടാകുക. അല്ലാതെ സ്പീക്കര്‍ അതിനോട് വിയോജിക്കുമെന്ന് വ്യക്തിപരമായി വിശ്വസിക്കുന്നില്ല. അവരുള്‍പ്പെടെയുള്ളവര്‍ ഇത്തരം അക്രമങ്ങളെ എതിര്‍ക്കുന്നവര്‍ തന്നെയാണ് എന്നാണ് എന്റെ അനുമാനം. അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം. പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരമായിരിക്കാം സ്പീക്കര്‍ അത്തരത്തിലൊരു കത്ത് തന്നിട്ടുണ്ടാവുക. 

ബാഡ്ജ് ധരിച്ച് സഭയില്‍ പോകാനുള്ള തീരുമാനത്തിലേക്ക് എത്തിയത് എങ്ങനെയാണ്. അതൊരു വൈകാരികമായ തീരുമാനമായിരുന്നോ?

ഞാന്‍ നിയമസഭയില്‍ എത്തിപ്പെടുന്നത് ചന്ദ്രശേഖരന്റെ പ്രതിനിധിയായി തന്നെയാണ്. സമൂഹ മനസ്സാക്ഷിയെ അത്രയേറെ ഞെട്ടിച്ച ഒരു കൊലപാതകമായിരുന്നു അത്. ഒരു മനുഷ്യനെ ഒരു കാരണവുമില്ലാതെ രാഷ്ട്രീയ നിലപാടെടുത്തതിന്റെ പേരില്‍ ഒരു രാഷ്ട്രീയ നേതൃത്വം ആലോചിച്ചുറപ്പിച്ച് കൊലചെയ്യുകയാണ്. ഒരു വ്യക്തിക്ക് ജീവിക്കാനുള്ള സ്വാതന്ത്ര്യം കൊടുക്കാതെ. എന്തുതെറ്റാണ് അദ്ദേഹം ചെയ്തത്? അതിന്റെ ഒരു പ്രതിഷേധവും പ്രതീകവുമായി തന്നെയാണ് ഞാന്‍ സഭയിലെത്തുന്നത്. രമ എന്ന വ്യക്തിയല്ല, സഖാവ് ചന്ദ്രശേഖരനാണ് അവിടെ എത്തിയത്. മത്സരിക്കുന്ന സമയത്തും ചന്ദ്രശേഖരനാണ് മത്സരിച്ചത്. ജനം വോട്ട് ചെയ്തത് ചന്ദ്രശേഖരനാണ്. സി.പി.എമ്മുകാരും വോട്ടുചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ അത് സഭയിലുണ്ടാവണം എന്ന് നേരത്തെ തീരുമാനിച്ചുറപ്പിച്ചതാണ്. വൈകാരികമായോ പെട്ടെന്നുണ്ടായ തീരുമാനത്തിന്റേയോ ഭാഗമായിട്ടല്ല. പാര്‍ട്ടിയുള്‍പ്പെടെ ആലോചിച്ചെടുത്ത തീരുമാനം തന്നെയാണ്.

ടി.പി. കേസില്‍ ആര്‍.എം.പി. ആരോപണത്തില്‍ നിര്‍ത്തുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായിയും കെ.കെ. രമയും ഒന്നിച്ച് സഭയിലുണ്ടാകുന്നതിനെക്കുറിച്ചും ചര്‍ച്ചകളുണ്ടായിരുന്നു. എങ്ങനെയാണ് അദ്ദേഹത്തിന്റെ സമീപനം?

ഇത്രയും മാസത്തിനിടയില്‍ നിയമസഭയിലല്ലാതെ ഞാന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയെ നേരിട്ട് കാണുകയോ നേരിട്ട് സംസാരിക്കുകയോ ചെയ്തിട്ടില്ല. സഭയില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. അദ്ദേഹം അതിന് മറുപടിയും പറയുന്നുണ്ട്. മണ്ഡലവുമായി ബന്ധപ്പെട്ട ഏതെങ്കിലും വിഷയത്തില്‍ മുഖ്യമന്ത്രിയെ സമീപിക്കേണ്ടിവന്നാല്‍ സമീപിക്കും. മുഖ്യമന്ത്രി എന്ന രീതിയില്‍ അദ്ദേഹത്തെ കാണുകയും സംസാരിക്കുകയും ചെയ്യും. പക്ഷേ, ഇതുവരെ അത് വേണ്ടിവന്നിട്ടില്ല. ചില സാഹചര്യങ്ങള്‍ ഉണ്ടായെങ്കിലും ഞാന്‍ പോയി സംസാരിച്ചിട്ടുമില്ല. പോകേണ്ടിവന്നാല്‍ പോയി കാണും. അവിടെ പിണറായി വിജയനെയല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയെയാണ് കാണുന്നത്. ആ സമയത്ത് അദ്ദേഹത്തിന്റെ സമീപനം എങ്ങനെയായിരിക്കും എന്ന് ആലോചിച്ചിട്ടില്ല.

ടി.പി. കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉണ്ടാവുകയും അതിന് മുഖ്യമന്ത്രി മറുപടി പറയുകയും ചെയ്യുന്നുണ്ട്. ഈയടുത്തും പ്രതികളെ സംരക്ഷിക്കുന്നതിനെകുറിച്ചുള്ള ചോദ്യത്തില്‍ ടി.പി. കേസ് പരാമര്‍ശിച്ചിരുന്നു. അത്തരം ചോദ്യങ്ങളില്‍ അദ്ദേഹം അസ്വസ്ഥനാണെന്നു തോന്നുന്നുണ്ടോ?

അതില്‍ അസ്വസ്ഥരാകുന്നവര്‍ അവിടെയുണ്ട്. ഈ അഞ്ചുവര്‍ഷവും കേരളത്തിന്റെ മുഖ്യമന്ത്രി നേരിടാന്‍ പോകുന്ന പ്രശ്നവും അതുതന്നെയാണ്. സഭ അവസാനം വരെ ടി.പി. വന്നുകൊണ്ടേയിരിക്കും. അതിന് അദ്ദേഹം മറുപടി പറയേണ്ടിയും വരും. അന്ന് ഞാന്‍ സഭയില്‍ ചോദിച്ചത് ടി.പി. കേസ് പ്രതികളെ സംരക്ഷിക്കുന്നതിനെക്കുറിച്ചാണ്. സംഘടിത കുറ്റകൃത്യവുമായി ബന്ധപ്പെട്ട ചോദ്യമായിരുന്നു അത്. ആ ചോദ്യത്തിനുള്ള മറുപടിയല്ല അദ്ദേഹം പറഞ്ഞത്. ചന്ദ്രശേഖരന്‍ എന്ന പേര് അതിനകത്ത് വരുമ്പോഴേക്കും മുഖ്യമന്ത്രി അസ്വസ്ഥനായി. കേസന്വേഷണം എപ്പോഴാണ് നടന്നതെന്ന് ബഹുമാനപ്പെട്ട അംഗത്തിന് ഓര്‍മ്മയില്ലേ എന്നാണ് അദ്ദേഹം ചോദിച്ചത്. എനിക്കത് മറക്കാന്‍ പറ്റുമോ? അന്വേഷണം മറക്കാന്‍ പറ്റുമോ? ആ സംഭവം മറക്കാന്‍ പറ്റുമോ? ഒന്നും മറക്കില്ല. വേണമെങ്കില്‍ എനിക്കത് അങ്ങനെ വീണ്ടും സംസാരിക്കാമായിരുന്നു. പക്ഷേ, അന്ന് ഞാന്‍ കൂടുതല്‍ ഒന്നും പറഞ്ഞില്ല. ഞാന്‍ ചോദിച്ച ചോദ്യം അതല്ലായിരുന്നു. അതിന്റെ ഉത്തരം അദ്ദേഹം പറഞ്ഞില്ല. സംഘടിത കുറ്റകൃത്യത്തിന്റെ ഭാഗമായിട്ടുള്ള ആളുകളെ സംരക്ഷിക്കുന്നതിനെക്കുറിച്ചായിരുന്നു അദ്ദേഹം മറുപടി പറയേണ്ടിയിരുന്നത്. ചന്ദ്രശേഖരനെ പരാമര്‍ശിച്ചപ്പോള്‍ തന്നെ അദ്ദേഹം അസ്വസ്ഥനായി. അങ്ങനെയാണെങ്കില്‍ ഈ അഞ്ചുവര്‍ഷവും കേരളത്തിന്റെ മുഖ്യമന്ത്രി അസ്വസ്ഥനാകേണ്ടി വരും. എന്തിനാണ് ഒരു മനുഷ്യനെ കൊന്നത് എന്നതിനെക്കുറിച്ച് പൊതുസമൂഹത്തിനോട് പറയണം. അല്ലെങ്കില്‍ ഈ പ്രതികളെ എന്തിനാണ് സംരക്ഷിക്കുന്നത് എന്നതും പറയണം. അതുകൊണ്ടാണല്ലോ അദ്ദേഹം അസ്വസ്ഥനാകുന്നത്. അല്ലെങ്കില്‍ അങ്ങനെയാവേണ്ട കാര്യമില്ല. നേരാംവണ്ണം മറുപടി പറഞ്ഞാല്‍ പോരെ. 

രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെയുള്ള രാഷ്ട്രീയമാണ് ആര്‍.എം.പി. പ്രധാനമായും മുന്നോട്ടുവെയ്ക്കുന്നത്. ഒരു രാഷ്ട്രീയപ്പാര്‍ട്ടി എന്ന നിലയില്‍ ഏറ്റെടുക്കുന്ന മറ്റ് വിഷയങ്ങള്‍ എന്തൊക്കെയാണ്?

കൊലപാതക രാഷ്ട്രീയത്തിനെതിരെ മാത്രമല്ല ആര്‍.എം.പി.യുടെ നിലപാട്. 2008-ലാണ് ആര്‍.എം.പി. രൂപീകരിക്കുന്നത്. 2012-ല്‍ സഖാവ് ചന്ദ്രശേഖരനെ കൊലചെയ്ത ശേഷമാണ് കൊലപാതക രാഷ്ട്രീയത്തിനെതിരെ ഞങ്ങള്‍ അതിശക്തമായി രംഗത്തുവന്നത്. ഒരുപക്ഷേ ഞാന്‍ വന്നത് എന്ന് പറയുന്നതാകും ശരി. പാര്‍ട്ടി അതിനു മുന്‍പുതന്നെ അരിയില്‍ ഷുക്കൂറിന്റെ കൊലപാതകമുള്‍പ്പെടെ എതിര്‍ക്കുകയും രംഗത്ത് വരികയും ചെയ്തിരുന്നു. എതിരഭിപ്രായം പറയുന്നവരെ, എതിര്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവരെ വെട്ടിനുറുക്കുന്ന രാഷ്ട്രീയം വേണ്ട എന്നതായിരുന്നു ഞങ്ങളുടെ നിലപാട്. വിയോജിക്കാനുള്ള രാഷ്ട്രീയം കൂടിയാണ് ഞങ്ങള്‍ ചര്‍ച്ച ചെയ്തത്. 

സി.പി.എമ്മിനകത്ത് നടന്ന നയവ്യതിയാനങ്ങള്‍ക്കെതിരെ സംസാരിച്ചുകൊണ്ടാണ് ഞങ്ങള്‍ പുറത്തുവന്നത്. പുറത്തുവന്നപ്പോള്‍ ഞങ്ങള്‍ നേരിട്ടത് ക്രൂരമായ വേട്ടയാടലുകളാണ്. ഒരു ആര്‍.എം.പിക്കാരനായതുകൊണ്ട് അവന് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. അവന്റെ വീടിനു സുരക്ഷിതത്വമില്ലാതായി. വഴിയില്‍ക്കൂടി നടക്കാന്‍ കഴിയാതെയായി. ജോലി ചെയ്യാന്‍ കഴിയാതെയായി. വളരെ ഭീകരമായിരുന്നു അവസ്ഥ. സി.പി.എമ്മിന്റെ രാഷ്ട്രീയ ഫാസിസം നാം കാണുന്നതും ചര്‍ച്ച ചെയ്യുന്നതും അവിടെയാണ്. നമുക്ക് ഒരു വിഷയത്തില്‍ എതിര് തോന്നിയാല്‍ ആ എതിര് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകണം. ആ വേട്ടയാടല്‍ ഞങ്ങളിവിടെ അനുഭവിച്ചതാണ്. ഇക്കാര്യങ്ങളെ സഖാവ് ടി.പി. എതിര്‍ത്തുകൊണ്ടേയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് 2012-ല്‍ അദ്ദേഹം കൊല്ലപ്പെട്ടത്. അതിനെതിരെ ഞാനുള്‍പ്പെടെ ശക്തമായി രംഗത്തുവന്നു. കാരണം മനുഷ്യനെ വെട്ടിക്കൊല്ലുന്ന രാഷ്ട്രീയം അവസാനിക്കണം. എല്ലാവര്‍ക്കും ജീവിക്കണം. എല്ലാവര്‍ക്കും രാഷ്ട്രീയം പറയണം. എല്ലാവര്‍ക്കും സ്വസ്ഥമായി കിടന്നുറങ്ങാന്‍ കഴിയണം. സി.പി.എം ഇടതുപക്ഷമാണ്, പുരോഗമന പ്രസ്ഥാനമാണ്. ആ പാര്‍ട്ടിയില്‍നിന്നാണ് ഇതുണ്ടാകുന്നത്. അതുവരെ ഞങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നത് വലതുപക്ഷ രാഷ്ട്രീയത്തെയായിരുന്നു. കെ.എസ്.യുവിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ ക്യാംപസുകളില്‍ പ്രതിഷേധിച്ചവരായിരുന്നു ഞങ്ങള്‍. പക്ഷേ, ഞങ്ങള്‍ പ്രതീക്ഷവെച്ച പാര്‍ട്ടിയില്‍നിന്നുതന്നെ അതുണ്ടാകുന്നു. അതുകൊണ്ടുതന്നെ വിയോജിപ്പിന്റെ രാഷ്ട്രീയം സംസാരിച്ചുകൊണ്ടേയിരിക്കും. 

അതോടൊപ്പം ഇവിടുത്തെ സാധാരണ മനുഷ്യരുടെ ജീവിതപ്രശ്നങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരിക.  പ്രത്യേകിച്ചും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട, ദളിതരും ആദിവാസികളും പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവരുമുള്‍പ്പെടെ. അവരുടെ രാഷ്ട്രീയം ആരും അഡ്രസ് ചെയ്യുന്നില്ല. ആ വിഭാഗം ഇപ്പോഴും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുതന്നെ നില്‍ക്കുകയാണ്. അവരുടെ ഭൂമിയുടെ വിഷയം ഏറ്റവും പ്രധാനപ്പെട്ടതാണ്. ടാറ്റ, ഹാരിസണ്‍ തുടങ്ങി വന്‍കിട കമ്പനികള്‍ ഹെക്ടര്‍ കണക്കിനു ഭൂമിയാണ് കയ്യടക്കിവെച്ചിരിക്കുന്നത്. അനധികൃതമായി ഭൂമി കയ്യടക്കിവച്ചിരിക്കുന്നു എന്ന എ.ജിയുടെ റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ അതിന്റെ കണക്കെടുപ്പ് നടത്താനോ അത് വീണ്ടെടുക്കാനോ ഉള്ള നടപടികളില്ല. ആളുകള്‍ക്ക് വിട്ടുകിട്ടേണ്ട ഭൂമിയാണ് ഇത്തരം കമ്പനികള്‍ അനധികൃതമായി കയ്യടക്കിവെച്ചിരിക്കുന്നത്. അതിന് സര്‍ക്കാര്‍ ഒത്താശ ചെയ്തുകൊടുക്കുകയാണ്. ഈ വിഷയങ്ങളൊക്കെയാണ് ഞങ്ങള്‍ അഡ്രസ് ചെയ്യുന്നത്. ഞങ്ങളുടെ അഖിലേന്ത്യ സെക്രട്ടറി മംഗത്ത് റാം പസ്ല ദളിത് വിഭാഗത്തില്‍പ്പെട്ടയാളാണ്. ആ വിഭാഗങ്ങളെ മുന്നോട്ട് കൊണ്ടുവരികയും അവരുടെ വിഷയങ്ങള്‍ ഉന്നയിക്കുകയുമാണ് ആര്‍.എം.പി മുന്നോട്ടുവെയ്ക്കുന്ന പ്രധാന രാഷ്ട്രീയം. പക്ഷേ, കൊലപാതക രാഷ്ട്രീയത്തിനെതിരെ എന്നതു മാത്രമാണ് സമൂഹം കാണുന്നത്. അതില്‍ മാധ്യമങ്ങള്‍ക്കും പങ്കുണ്ട്. ചാനല്‍ ചര്‍ച്ചയിലാണെങ്കിലും മറ്റും ഞങ്ങളെ വിളിക്കുന്നത് കൊലപാതക രാഷ്ട്രീയം വിഷയം വരുമ്പോഴാണ്. വേറെ സമൂഹത്തിലെ ഒരു വിഷയവും ചര്‍ച്ച ചെയ്യാന്‍ ഞങ്ങളെ വിളിക്കാറില്ല. ആര്‍.എം.പിയുടെ രാഷ്ട്രീയം അതുമാത്രമല്ല.

ടി.പി. കേസിന്റെ മുന്നോട്ടുപോക്ക് ഇനിയെങ്ങനെയാണ്. പ്രോസിക്യൂട്ടറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കയുണ്ടോ?

കേസ് നിലവില്‍ ഹൈക്കോടതിയിലാണ്. കേസില്‍ പി. മോഹനന്‍ ഉള്‍പ്പെടെ വിചാരണത്തടവുകാരായി ജയില്‍ശിക്ഷ അനുഭവിച്ചയാളുകളാണ്. ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിഞ്ഞില്ല എന്നതിനാലാണ് അദ്ദേഹം പുറത്തുവരുന്നത്. തെളിയിക്കപ്പെട്ടില്ല എന്നതിനാല്‍ അതില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നര്‍ത്ഥമില്ല. കുഞ്ഞനന്തന്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ചെയ്ത അതേ കാര്യം ചെയ്തയാളാണ് സി.പി.എമ്മിന്റെ ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി പി. മോഹനന്‍ എന്ന് ഞങ്ങള്‍ക്ക് കൃത്യമായി ബോധ്യമുണ്ട്. അതിനുശേഷം ഞാനദ്ദേഹത്തെ 'മാഷ്' എന്ന് വിളിക്കാന്‍ പോലും തയ്യാറായിട്ടില്ല. ഒരു മാഷ് ചെയ്യേണ്ട കാര്യമല്ല അദ്ദേഹം ചെയ്തത്. കൊലപാതകം ആസൂത്രണം ചെയ്തതില്‍ കൃത്യമായ പങ്ക് അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തെ ശിക്ഷയില്‍നിന്ന് ഒഴിവാക്കിയത് അംഗീകരിക്കാന്‍ കഴിയുന്നതല്ല. അതുകൊണ്ടാണ് അപ്പീല്‍ കൊടുത്തത്. അപ്പീല്‍ കുറേ നീണ്ടുപോയി. ഇതുവരെ പരിഗണിച്ചില്ല. പ്രോസിക്യൂട്ടര്‍ അനാരോഗ്യം പറഞ്ഞ് ഒഴിഞ്ഞിട്ടുണ്ട്. പുതിയ പ്രോസിക്യൂട്ടറെ വെക്കേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാര്‍ ഇരകളുടെ താല്പര്യമാണ് സംരക്ഷിക്കേണ്ടത്. നിലവിലുള്ള സര്‍ക്കാര്‍ ഈ കേസില്‍ ഇരകളുടെ താല്പര്യം സംരക്ഷിക്കുമോ. അവര്‍ പ്രതികള്‍ക്കുവേണ്ടി വക്കാലത്തെടുത്ത ആളുകളാണ്. പ്രതികള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരാവുകയും ഞങ്ങളെയൊക്കെ ചോദ്യം ചെയ്യുകയും മൊഴിയെടുക്കുകയും ചെയ്തയാളാണ് ഇന്നത്തെ എ.ജി. അവര്‍ പ്രതികള്‍ക്കുവേണ്ടി മാത്രമേ സംസാരിക്കൂ. അവര്‍ക്ക് ഇരയുടെ താല്പര്യം സംരക്ഷിക്കാനാവില്ല. അതുകൊണ്ടുതന്നെ അവര്‍ ഒരിക്കലും പ്രോസിക്യൂട്ടറായി വരരുത് എന്നതാണ് എന്റെ ആവശ്യം. അതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് അപേക്ഷ കൊടുത്തിട്ടുണ്ട്. സുപ്രീം കോടതി ലെവലിലുള്ള ഒരു പ്രോസിക്യൂട്ടറെ വെച്ചുതരണം എന്നാണ് ആവശ്യം.

വിചാരണയുടെ ഒരു പരിമിതി വേറെ ഒരു തെളിവും നമുക്ക് കൊടുക്കാന്‍ കഴിയില്ല എന്നതാണ്. ഉള്ള തെളിവുകള്‍ വെച്ചാണ് കേസ് വാദിക്കുക. അപ്പോള്‍ പ്രോസിക്യൂട്ടര്‍ക്കാണ് അതില്‍ പ്രധാന റോള്‍. കാര്യങ്ങള്‍ കൃത്യമായി ഉന്നയിച്ച് അപ്പീല്‍ നേടിയെടുക്കേണ്ടത് പ്രോസിക്യൂട്ടറാണ്. അവിടെയാണ് ഞങ്ങളുടെ ആശങ്കയും. സര്‍ക്കാര്‍ അത് എത്രമാത്രം നിര്‍വ്വഹിക്കും. ഇരയോടൊപ്പം നിന്ന് നീതി വാങ്ങിത്തരാന്‍ ഈ സര്‍ക്കാരിന് എങ്ങനെ സാധിക്കും. അവരത് ചെയ്യില്ല. ശിക്ഷിക്കപ്പെട്ട പ്രതികളെ സംരക്ഷിക്കുന്ന ഒരു സര്‍ക്കാര്‍, അവര്‍ക്കുവേണ്ടി എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്ന സര്‍ക്കാര്‍ എങ്ങനെയാണ് ഞങ്ങളുടെ താല്പര്യം സംരക്ഷിക്കുക. ഇതൊരു നിര്‍ണ്ണായക ഘട്ടമാണ്. എന്നെ സംബന്ധിച്ച് ഓരോ നിമിഷവും ആശങ്കയാണ്. ഹൃദയമിടിപ്പോടെയാണ് ഞാന്‍ ഇക്കാര്യങ്ങള്‍ ഇപ്പോള്‍ നോക്കിക്കാണുന്നത്. വേവലാതിയുണ്ട്. എന്റെ ഭര്‍ത്താവിനെ കൊന്നതിന്, എന്റെ മകന് അച്ഛന്‍ ഇല്ലാതാക്കിയതിന്, ഞങ്ങളുടെ ജീവിതം നഷ്ടപ്പെടുത്തിയതിന് അവര്‍ ശിക്ഷിക്കപ്പെടണം. ശിക്ഷ ഒരു സമൂഹത്തിനു കൊടുക്കുന്ന സന്ദേശമാണ്. നാളെ ഇത് ആവര്‍ത്തിക്കപ്പെടരുത്. ഭരിക്കുന്ന സര്‍ക്കാരിന് അനുകൂലമായി വിധി വന്നാല്‍ നമുക്ക് രക്ഷയില്ല. കോടതി വിധിയില്‍പ്പോലും ഞാന്‍ കണ്ടത് അതാണ്. കോടതി അന്നെടുത്ത നിലപാട് ശരിയായിരുന്നോ എന്ന് പല രാത്രികളിലും ഞാന്‍ ആലോചിച്ചിട്ടുണ്ട്. ഒരു പാര്‍ട്ടി പ്രതിനിധി എന്ന നിലയിലോ ഒരു എം.എല്‍.എ സ്ഥാനത്തിരിക്കുന്ന ആള്‍ എന്ന നിലയിലോ ഞാന്‍ പറയാന്‍ പാടില്ലാത്തതായിരിക്കാം. എന്റെ വ്യക്തിപരമായ ആശങ്കകളായിരിക്കാം. ഒരേ ഗൂഢാലോചന നടത്തിയ ആളുകളില്‍ ഒരാള്‍ ശിക്ഷിക്കപ്പെടുകയും ഒരാള്‍ ഒഴിവാക്കപ്പെടുകയും ചെയ്യുന്നത് എങ്ങനെയാണ്. ആ ബാലന്‍സിങ് പല രാത്രികളിലും എന്നെ അസ്വസ്ഥമാക്കിയിട്ടുണ്ട്. അങ്ങനെയൊരു വിമര്‍ശനം അന്നും ഇന്നും എനിക്കുണ്ട്.

കെകെ രമ/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്
കെകെ രമ/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്

ടി.പി. ചന്ദ്രശേഖരന്‍ ഉപയോഗിച്ച ഫോണ്‍ നമ്പര്‍, അദ്ദേഹത്തിന്റെ ബൈക്ക്, പുതിയ സ്മാരകം... ടി.പി.യുടെ ഓര്‍മ്മകള്‍ സജീവമായി നിലനിര്‍ത്തുന്നുണ്ട്. അതിലൂടെ പറയുന്ന രാഷ്ട്രീയം എന്താണ്?

ടി.പിയെ വ്യത്യസ്തനായ ഒരു രാഷ്ട്രീയക്കാരനായിട്ടാണ് ഞാന്‍ കാണുന്നത്. വ്യത്യസ്തമായ രീതിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ ഫോണ്‍ ഏത് പാതിരാത്രി റിങ് ചെയ്താലും എടുക്കുകയും ആളുകളുടെ അടുത്തേക്ക് എത്തുകയും ചെയ്യുമായിരുന്നു. ആ രാഷ്ട്രീയവുമായി തന്നെയാണ് ഞങ്ങളും മുന്നോട്ടുപോകുന്നത്. അതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ ബൈക്കും. സാധാരണ മനുഷ്യരുടെ അടുത്തേക്ക് ഓടിയെത്തുന്നതാണ്. ആ രാഷ്ട്രീയം നിലനില്‍ക്കണം. അദ്ദേഹം ഒരിക്കലും വിസ്മരിക്കപ്പെടേണ്ടതല്ല. ഓരോ പ്രവര്‍ത്തനത്തിലൂടെയും സഖാവ് ടി.പി. ഓര്‍മ്മിക്കപ്പെടണം. അത് അടയാളപ്പെടുത്തണം. ആ അടയാളപ്പെടുത്തലാണ് ഞങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതൊക്കെ ഒരു രാഷ്ട്രീയമായിട്ടാണ് ഞങ്ങള്‍ കാണുന്നത്. ഫോണ്‍ നമ്പറിലും രാഷ്ട്രീയമുണ്ട്. ബൈക്കിലും രാഷ്ട്രീയമുണ്ട്. സ്മാരകത്തിലും രാഷ്ട്രീയമുണ്ട്. സ്മാരകം സഖാക്കള്‍ക്ക് ഒത്തുകൂടാനും രാഷ്ട്രീയം പറയാനും വേദിയാകും. അദ്ദേഹത്തിന്റെ അവസാന ശ്വാസം നിന്ന സ്ഥലമാണത്. ചോരവീണ മണ്ണ്. അത് സ്മാരകമായി ഉണ്ടാകട്ടെ. അതൊരു ചരിത്രമാവണം.  വരും തലമുറ ആ ചരിത്രം പഠിക്കട്ടെ- എങ്ങനെയാണ് സാമൂഹ്യപ്രവര്‍ത്തനം നടത്തുക, എങ്ങനെയാണ് നല്ലൊരു മനുഷ്യനാവുക എന്ന്. അതൊരു രാഷ്ട്രീയം തന്നെയാണ്.

ഇന്ത്യാ രാജ്യത്ത് പൊലീസ് കാവലില്‍ ഒരു സ്തൂപം നില്‍ക്കുന്നത് വേറെ എവിടെയെങ്കിലും ഉണ്ടാവുമോ. വള്ളിക്കാട് ഇപ്പോഴും പൊലീസ് കാവലിലാണ് സ്തൂപം. എത്രയോ പ്രാവശ്യം തകര്‍ക്കപ്പെട്ടു. സി.പി.എമ്മാണ് ഭരിക്കുന്നത്. സി.പി.എമ്മാണ് തകര്‍ക്കുന്നതും. ഇതില്ലാതാക്കാന്‍ ആ പാര്‍ട്ടിക്ക് ഒരു നിമിഷത്തെ തീരുമാനമേ വേണ്ടൂ. അത്തരത്തില്‍ ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കും, അത്തരം കാര്യങ്ങളോട് ഞങ്ങള്‍ യോജിക്കുന്നില്ല എന്ന് എന്തേ അവര്‍ക്ക് തീരുമാനിക്കാന്‍ കഴിയാത്തത്. ജനാധിപത്യം അതിനകത്ത് ഇല്ല എന്ന് ഞങ്ങള്‍ പറയുന്നത് അതുകൊണ്ടാണ്. ഇനി അവിടെ ഒരു സ്മാരകം നിര്‍മ്മിച്ചാല്‍ എന്താകും എന്നറിയില്ല. തിരുത്താന്‍ അവര്‍ ശ്രമിക്കട്ടെ എന്ന് മാത്രമേ പറയാന്‍ കഴിയൂ.

പാര്‍ട്ടിക്ക് എം.എല്‍.എ ആയി. പാര്‍ട്ടി എന്ന നിലയില്‍ ആര്‍.എം.പി.യുടെ വളര്‍ച്ച എങ്ങനെയാണ്. കൂടുതല്‍ അംഗങ്ങള്‍ ഉണ്ടാവുന്നുണ്ടോ?

നല്ല മാറ്റമാണ്. തുടക്കത്തില്‍  ഒഞ്ചിയത്ത് നിന്ന് വടകര എത്തി, അവിടെ നിന്ന് കോഴിക്കോട് വന്നു, പിന്നെ ചില ജില്ലകളില്‍ എത്തി. പിന്നീട് ഞങ്ങള്‍ ഒരു സംസ്ഥാന പാര്‍ട്ടിയായി, അഖിലേന്ത്യാ പാര്‍ട്ടിയായി. സംഘടനാ സംവിധാനം ഇല്ലാത്ത ജില്ലകളുണ്ട്. ചിലയിടത്ത് പുതിയ ആളുകള്‍ വരികയും സംഘടനാ സംവിധാനങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. നിലവിലുള്ള ഇടതുപക്ഷ രാഷ്ട്രീയത്തില്‍നിന്ന് ഞങ്ങള്‍ മുന്നോട്ടുവെക്കുന്നത് ഒരു ബദല്‍ രാഷ്ട്രീയമാണ്. ഞങ്ങളുടെ രാഷ്ട്രീയത്തിന്റെ ഒരു പരിമിതി എന്താണെന്നുവെച്ചാല്‍ സി.പി.എമ്മില്‍ നിന്നാണ് ഇതിനകത്തേക്ക് ആളുകള്‍ പ്രധാനമായും വരുന്നത്. 

'ടി.പി.യെ വിറ്റ് ജീവിക്കുന്നവള്‍' എന്നതടക്കമുള്ള പ്രയോഗങ്ങള്‍ സൈബര്‍ സ്പേസില്‍ ഉണ്ടാവാറുണ്ട്. മണ്ഡലത്തില്‍ ആളുകള്‍ക്കിടയിലിറങ്ങി പ്രവര്‍ത്തിക്കുമ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്നുണ്ടോ?

സൈബര്‍ ആക്രമണം ഏറ്റവും കൂടുതല്‍ നേരിട്ട വ്യക്തിയായിരിക്കും ഒരുപക്ഷേ, ഞാന്‍. 'ശവം വിറ്റ് ജീവിക്കുന്നവള്‍' എന്നാണ് പറയാറ്. നമ്മളെ ഏറ്റവുമധികം വേദനിപ്പിക്കുന്ന ഒരു പ്രയോഗമാണത്. അതുപോലും പറയാന്‍ അവര്‍ തയ്യാറായി. അതാണ് അവരുടെ രാഷ്ട്രീയം. ആ രാഷ്ട്രീയത്തിന്റെ മൂല്യച്യുതിയെ നമ്മള്‍ കാണുന്നത് അവിടെയാണ്. അത്രയേ വളര്‍ന്നിട്ടുള്ളൂ. അതിനപ്പുറത്തേക്ക് വിശാലമായി ചിന്തിക്കാനൊന്നും കഴിയുന്നില്ല. ആ ചിന്ത കൊടുക്കാന്‍ പാര്‍ട്ടി നേതൃത്വത്തിനും ആവുന്നില്ല. സി.പി.എമ്മിന്റെ സംഘടനാ സംവിധാനത്തിന് ഒരു നിമിഷം ആലോചിച്ചാല്‍ നിര്‍ത്താവുന്നതേയുള്ളൂ ഇതെല്ലാം. സൈബര്‍ പോരാളിമാര്‍, സൈബര്‍ കൊടിസുനിമാര്‍ എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ഈ ആളുകളൊന്നും പെട്ടെന്ന് സ്വയംഭൂ ആയി വരുന്നതല്ല. വളരെ കൃത്യമായ ആലോചനയിലൂടെയാണ് അവരുടെ സൈബര്‍ വിങ് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടി നിയന്ത്രണത്തിലാണത്. സ്ത്രീകള്‍ക്കുവേണ്ടി സംസാരിക്കുകയും സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടി പറയുകയും ചെയ്യുന്ന ആളുകളാണ് ഇത് ചെയ്യുന്നത്. അത് നിയന്ത്രിക്കേണ്ടത് ആ പാര്‍ട്ടിയാണ്. എനിക്കതില്‍ പ്രയാസമൊന്നുമില്ല. 

സി.പി.എമ്മിലുള്ള സ്ത്രീകള്‍ക്കെതിരെ ഇത്തരം പ്രശ്നങ്ങള്‍ വരുമ്പോള്‍ ഞങ്ങളതിനെ ശക്തമായി എതിര്‍ക്കുന്നുണ്ട്. ഒരാളുപോലും ഈ രൂപത്തില്‍ അക്രമിക്കപ്പെടരുത്. ഏറ്റവും ക്രൂരമായ ബലാത്സംഗം നടക്കുന്നത് സമൂഹമാധ്യമങ്ങളിലാണ് എന്നാണ് ഞാന്‍ പറയുക. ശരീരത്തിനേല്‍ക്കുന്ന മുറിവല്ല, മനസ്സിനേല്‍ക്കുന്ന മുറിവാണ് ഏറ്റവും പ്രധാനം. ശരീരത്തിന്റെ മുറിവ് നമുക്ക് മാറ്റാന്‍ പറ്റും. മണ്ഡലത്തില്‍ ചില സ്ഥലങ്ങളില്‍ പോകുമ്പോഴും ഇത്തരം പ്രതികരണങ്ങള്‍ ഉണ്ടാവാറുണ്ട്. നേരിട്ട് കേള്‍ക്കേണ്ടിവരുന്ന ധാരാളം സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. അതൊന്നും ശ്രദ്ധിക്കാറില്ല. എല്ലാത്തിനും ചെവികൊടുത്ത് മുന്നോട്ടുപോകാന്‍ നമുക്ക് കഴിയില്ലല്ലോ. വസ്ത്രത്തിന്റെ പേരിലും ആക്ഷേപിക്കപ്പെട്ടിരുന്നു. ഒരു പുരോഗമന പ്രസ്ഥാനത്തിന്റെ ഭാഗമായ ആളുകളില്‍നിന്നാണ് ഇത്തരം സൂക്ഷ്മമായ വിശകലനങ്ങള്‍ ഉണ്ടാവുന്നത്.

ആര്‍.എം.പിയുടെ അണികള്‍ക്ക് ഒരു സ്വത്വപ്രതിസന്ധിയുണ്ടോ. സി.പി.എമ്മില്‍നിന്ന് മാറി വന്നെങ്കിലും പൂര്‍ണ്ണമായി അതില്‍ നിന്ന് മാറാന്‍ പറ്റാത്ത അവസ്ഥ. വടകരയില്‍ കെ.കെ. രമയുടെ വിജയവും സംസ്ഥാനത്ത് എല്‍.ഡി.എഫിന്റെ വിജയവും ആഘോഷിച്ചവരുണ്ട്?

ആര്‍.എം.പി.ക്ക് അങ്ങനെയൊരു സ്വത്വപ്രതിസന്ധി ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ആര്‍.എം.പിയിലേക്ക് വന്നയാളുകള്‍ വളരെ കൃത്യമായി രാഷ്ട്രീയ നിലപാടെടുത്ത ആളുകളാണ്. ഏത് പ്രതിസന്ധിയേയും ധീരമായി നേരിടാന്‍ തന്റേടമുള്ള ആളുകളാണ് ഇങ്ങോട്ടു വന്നത്. അതുകൊണ്ടുതന്നെ ഒരു സ്വത്വപ്രതിസന്ധി ഉണ്ടാവേണ്ടതില്ല. പക്ഷേ, സി.പി.എമ്മിനേയും എല്‍.ഡി.എഫിനേയും സംബന്ധിച്ച് ആ പ്രശ്നമുണ്ട്. വടകരയിലെ വിജയത്തില്‍ ആഹ്ലാദിച്ച സി.പി.എമ്മുകാരുണ്ട്. സി.പി.എമ്മിലെ ഒരുപാട് ആളുകള്‍ എന്നെ വിളിച്ചിരുന്നു. നേതാക്കളുള്‍പ്പെടെ. വടകരയിലെ വിജയം അവര്‍ നോക്കിനില്‍ക്കുകയായിരുന്നു. വിജയത്തിനു വേണ്ടി ശ്രമിച്ചിട്ടുണ്ട് എന്ന് പറഞ്ഞവരുണ്ട്. പാര്‍ട്ടിയിലെ വലിയ വിഭാഗത്തില്‍നിന്നും സ്നേഹം കിട്ടിയിട്ടുണ്ട്. ആ സ്നേഹം എന്നു പറയുന്നത് ഇതിനോടുള്ള പ്രതിഷേധം കൂടിയാണ്. സി.പി.എമ്മിനകത്തുള്ള ഭൂരിപക്ഷം പേരും ഈ കൊലപാതകത്തിനെ അംഗീകരിച്ചിരുന്നില്ല. ഇതൊരു ജനകീയ വിധിയായിരുന്നു. ജനകീയ കോടതി തന്നെയായിരുന്നു ഇവിടുത്തെ തെരഞ്ഞെടുപ്പ്. ആ കോടതിയുടെ വിധിയാണ് തെരഞ്ഞെടുപ്പ് ഫലം. നീതിന്യായ കോടതി അത്തരത്തില്‍ വന്നിട്ടില്ലെങ്കിലും ഇവിടുത്തെ ജനകീയ കോടതി ശക്തമായ ശിക്ഷയാണ് സി.പി.എമ്മിന് കൊടുത്തത്. 

യു.ഡി.എഫ്. പിന്തുണയില്‍ ഇരിക്കുമ്പോഴും ആര്‍.എം.പിക്ക് ഇടതുപക്ഷമാണ് എന്ന് ഓര്‍മ്മിപ്പിക്കേണ്ടിവരുന്നുണ്ടോ?

ഇന്ന് ആരാണ് ഇടതുപക്ഷം? നിലവിലുള്ള സി.പി.എമ്മിനെ എങ്ങനെയാണ് ഇടതുപക്ഷം എന്ന് വിശേഷിപ്പിക്കുക? എനിക്കവര്‍ ഇടതുപക്ഷമായിട്ടേ തോന്നിയിട്ടില്ല. പ്രതിപക്ഷമാണ്  ഇടതുപക്ഷം എന്ന് തോന്നുന്ന സാഹചര്യം പലപ്പോഴും ഉണ്ടാവുന്നുണ്ട്. ഇടതുപക്ഷം സാധാരണക്കാരന്റെ കൂടെ നില്‍ക്കണം, അവരുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യണം. ഇവരെടുക്കുന്ന നിലപാടുകള്‍ നോക്കൂ, കൊണ്ടുവരുന്ന പദ്ധതികള്‍ നോക്കൂ. ഇന്നലെ ഞങ്ങളിവിടെ കെ-റെയിലിനെതിരെ ജാഥ നടത്തി. ആര്‍ക്കുവേണ്ടിയാണ് ആ പദ്ധതി നടപ്പാക്കുന്നത്? ലൈഫ് പദ്ധതിയില്‍ത്തന്നെ വീടില്ലാതെ ആയിരക്കണക്കിനാളുകള്‍ അപേക്ഷ കൊടുത്ത് കാത്തിരിക്കുകയാണ്. അവര്‍ക്ക് കൊടുക്കാന്‍ ഫണ്ടില്ല. അപ്പോഴാണ് കോടികള്‍ കടമെടുത്ത് ഒരു ന്യൂനപക്ഷത്തിനു മാത്രം പ്രയോജനം ചെയ്യുന്ന പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. അതിനെ ഇടതുപക്ഷ സര്‍ക്കാര്‍ എന്ന് എങ്ങനെയാണ് വിശേഷിപ്പിക്കുക. കുടിയിറക്കപ്പെടുന്ന ആളുകളുടെ പ്രശ്നങ്ങള്‍ പണം കൊടുത്ത് പരിഹരിക്കാമെന്നു പറയുന്ന ഒരു മുഖ്യമന്ത്രിയെ ഇടതുപക്ഷത്തിന്റെ മുഖ്യമന്ത്രി എന്നെങ്ങനെ പറയാനാകും. അവര്‍ ഇടതുപക്ഷമാണ് എന്ന് ഞാന്‍ ഒരിക്കലും വിശ്വസിക്കുന്നില്ല. അതുകൊണ്ടുതന്നെ ആ ഒരു ഓര്‍മ്മപ്പെടുത്തല്‍ ഇടയ്ക്കിടയ്ക്ക് വേണം എന്നും ഞാന്‍ കരുതുന്നില്ല. 

കെ-റെയിലിനെതിരായ സമരത്തെ ആര്‍.എം.പി.യുടെ വികസനവിരുദ്ധ സമരം എന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്?

ഞങ്ങളിവിടെ സമരം നടത്തുന്നത് സാധാരണ മനുഷ്യരുടെ ആശങ്കകള്‍ക്കു മുന്നിലാണ്. ദേശീയപാത വികസനത്തിന്റെ ഭാഗമായി കുറേയാളുകള്‍ കുടിയൊഴിപ്പിക്കപ്പെട്ടുകഴിഞ്ഞു. നമുക്ക് വികസനം വേണം. നാട് വികസിക്കണം. പ്രത്യേകിച്ച് പൊതുഗതാഗത സംവിധാനം മെച്ചപ്പെടണം. പക്ഷേ, അതിന്റെ പേരില്‍ സാധാരണക്കാരുടെ മേലേക്കാണ് ഭാരം വീണ്ടും വീണ്ടും അടിച്ചേല്‍പ്പിക്കുന്നത്. അത് പറയുന്നവരെയാണ് വികസനവിരോധികളാക്കുന്നത്. ഒരു കാലത്ത് സി.പി.എമ്മാണ് ഇത്തരം സമരങ്ങള്‍ ചെയ്തത്. എ.ഡി.ബിക്കെതിരെയൊക്കെ സമരം ചെയ്തതിന്റെ പേരില്‍ അടികൊണ്ട പാട് ഇപ്പോഴും എന്റെ പുറത്തുണ്ടാകും. ഇടതുപക്ഷമായിരുന്നു അതിനു മുന്നില്‍. അവര്‍ക്ക് എങ്ങനെയാണ് ഇപ്പോഴിത് പറയാന്‍ കഴിയുന്നത്. ജനകീയ സമരങ്ങള്‍ക്കെതിരെ ശബ്ദിക്കാന്‍ എങ്ങനെയാണ് ഇടതുപക്ഷത്തിനു കഴിയുന്നത്. ഈ പദ്ധതിക്കെതിരെ ഏറ്റവുമാദ്യം രംഗത്തുവന്നത് ശാസ്ത്രസാഹിത്യ പരിഷത്തായിരുന്നു. സാധാരണ മനുഷ്യരുടെ കൂടെനിന്ന് സംസാരിക്കാന്‍ കഴിയാത്തവരെ ഇടതുപക്ഷം എന്ന് എങ്ങനെയാണ് വിളിക്കുക. 

സ്ത്രീപക്ഷ രാഷ്ട്രീയം അനിവാര്യമായ കാലമാണിത്. പാര്‍ട്ടികളൊന്നും അത് കാര്യമായി പരിഗണിക്കാറുമില്ല. ആര്‍.എം.പിക്ക് ഇത് എത്രത്തോളം രൂപപ്പെടുത്താന്‍ പറ്റും?

ആര്‍.എം.പി.യാണ് ഏറ്റവും ശക്തമായി സ്ത്രീപക്ഷ രാഷ്ട്രീയം കൊണ്ടുവരുന്നത്. ഒറ്റ എം.എല്‍.എ സീറ്റ് കിട്ടിയപ്പോള്‍ ഒരു സ്ത്രീയെ മത്സരിപ്പിക്കാന്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടി തയ്യാറായത് വലിയ സന്ദേശമല്ലേ. കഴിഞ്ഞ ദിവസം ജാഥ നടത്തി. ഒരു സ്ത്രീ നടത്തുന്ന ജാഥയ്ക്ക് നേതൃത്വം കൊടുക്കാന്‍ ആര്‍.എം.പിയിലെ ആണുങ്ങള്‍ തയ്യാറായി എന്നത് വലിയൊരു അംഗീകാരമാണ്. പാര്‍ലമെന്ററി പാര്‍ട്ടിയുടെ രാഷ്ട്രീയ നേതാവായി സഭയില്‍ എനിക്ക് നില്‍ക്കാന്‍ പറ്റുന്നത് ഒരു മുന്നേറ്റം തന്നെയാണ്. ചെറിയ മാറ്റങ്ങളാണല്ലോ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുക. അത്തരം ചെറിയ മാറ്റം ആര്‍.എം.പിക്ക് സാധിച്ചിട്ടുണ്ട്. ഇടതുപക്ഷമാണ് സ്ത്രീപക്ഷ രാഷ്ട്രീയം ഏറ്റവുമധികം ഉയര്‍ത്തിപ്പിടിക്കേണ്ടത്. വനിതാമതില്‍ തീര്‍ത്ത പാര്‍ട്ടിയാണ്. വെറും വോട്ടിനുവേണ്ടി സ്ത്രീപക്ഷ രാഷ്ട്രീയം പറഞ്ഞുകൊണ്ടിരിക്കുകയാണ് ഇടതുപക്ഷം. ഹരിതയുടെ വിഷയം വന്നപ്പോള്‍ എത്ര സജീവമായി അവര്‍ സടകുടഞ്ഞെഴുന്നേറ്റു. ഹരിതയ്ക്ക് പറയാനുള്ള ഒരു സ്പേസ് അവിടെയുണ്ടായിരുന്നു. ഇപ്പുറത്ത് പി.കെ. ശശിയുടെ വിഷയം ഉന്നയിച്ച വനിതാ സഖാവ് ഇന്നെവിടെയാണുള്ളത്. അവര്‍ക്ക് പരാതി കൊടുക്കാന്‍ പോലും കഴിയുന്നില്ല. ഹരിതയ്ക്ക് വനിതാകമ്മിഷനില്‍ പോയി പരാതിപ്പെടാന്‍ കഴിഞ്ഞു. ഈ പെണ്‍കുട്ടിക്ക് അതിനുള്ള ധൈര്യമുണ്ടായില്ല. കാരണം അങ്ങനെ പരാതികൊടുത്തിരുന്നെങ്കില്‍ നാളെ ആ കുട്ടി അവിടെ ഉണ്ടാവില്ല. ഞാനൊക്കെ അവരോട് സംസാരിക്കാന്‍ പലതവണ ശ്രമിച്ചിരുന്നു. സംസാരിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. അതാണ് ആ പാര്‍ട്ടി. 

മഹിളാ അസോസിയേഷന്‍ രംഗത്തുവരണ്ടേ ഇത്തരം വിഷയങ്ങള്‍ വരുമ്പോള്‍, എന്തിനാണ് ഇവരിങ്ങനെ പുരുഷസംഘടനയുടെ വാലായി നില്‍ക്കുന്നത്. സി.പി.എമ്മിന്റെ സംഘടനാ സംവിധാനമനുസരിച്ച് പാര്‍ട്ടിയിലെ സംഘടനകള്‍ക്ക് നിയന്ത്രണങ്ങളുണ്ടാകുന്നത് സ്വാഭാവികം. പക്ഷേ, ഏറ്റവും ചുരുങ്ങിയത് സ്ത്രീ വിഷയങ്ങള്‍ വരുമ്പോഴെങ്കിലും സ്വതന്ത്രമായി അഭിപ്രായം പറയണ്ടേ? അതിനു കഴിയുന്നില്ലെങ്കില്‍ പിന്നെന്തിനാണ് ഈ സംഘടന. മഹിളാ അസോസിയേഷനെപ്പോലുള്ള സംഘടനകള്‍ പിരിച്ചുവിടണം എന്നാണ് ഞാന്‍ പറയുക. ഏതു വിഷയത്തിലാണ് അവര്‍ സ്വതന്ത്രമായി അഭിപ്രായം പറഞ്ഞിട്ടുള്ളത്. സഭയില്‍പ്പോലും അവര്‍ക്ക് പറയാന്‍ കഴിയുമോ? ഒരു വിഷയം വന്നാല്‍ അതിനൊപ്പം ശക്തമായി നില്‍ക്കാന്‍ കഴിയുമോ. ഈ മണ്ഡലത്തില്‍ തന്നെ ഇത്തരം ഒരു വിഷയത്തില്‍ നമ്മളെ സമീപിച്ചിരിക്കുകയാണ്. കാരണം, അവര്‍ക്ക് സി.പി.എമ്മില്‍നിന്ന് നീതി കിട്ടുന്നില്ല. ഈ പെണ്‍കുട്ടികള്‍ക്കൊന്നും പറയാനുള്ള ധൈര്യമുണ്ടാവുന്നില്ല. പറഞ്ഞാല്‍ ഒന്നുകില്‍ വീട്ടുകാര്‍ ആക്രമിക്കപ്പെടും, അല്ലെങ്കില്‍ പെണ്‍കുട്ടി ആക്രമിക്കപ്പെടും, അതുമല്ലെങ്കില്‍ അവളെ സമൂഹത്തില്‍ മോശക്കാരിയാക്കി ഈ പാര്‍ട്ടിയുടെ ആളുകള്‍ തന്നെ ചിത്രീകരിക്കും. ഒരു സ്ത്രീപക്ഷ രാഷ്ട്രീയവും പറയാത്ത സംഘടനയായി അവര്‍ മാറി. കണ്ണൂരിലെ പി. ശശിയുടെ വിഷയത്തിലും ഇത് നമ്മള്‍ കണ്ടതാണ്. എത്ര വിഷയങ്ങള്‍ നമ്മുടെ മുന്നില്‍ ഉദാഹരണങ്ങളായുണ്ട്. അതിലെ വനിതാ സഖാക്കളെയൊന്നും ഞാന്‍ ഒരിക്കലും കുറ്റപ്പെടുത്തില്ല. ആ സംഘടനാ സംവിധാനം അങ്ങനെ ആയിപ്പോയതുകൊണ്ടാണ്.

സഭയില്‍ ലീഗ് എം.എല്‍.എ ബില്‍ കൊണ്ടുവരുന്നത് പറഞ്ഞപ്പോള്‍ എന്തായിരിക്കും എന്റെ പാര്‍ട്ടിയെടുക്കുന്ന സമീപനം എന്ന് ഞാന്‍ നോക്കിയിട്ടില്ല. എതിര്‍ക്കേണ്ട സംഗതിയെ എതിര്‍ത്തു എന്നേയുള്ളൂ. അങ്ങനെ ചെയ്തെങ്കിലേ മുന്നോട്ടുപോകാന്‍ കഴിയൂ എന്നാണ് ഞാന്‍ വിചാരിക്കുന്നത്.

സി.പി.എമ്മില്‍നിന്ന് തെറ്റി പാര്‍ട്ടിയുണ്ടാക്കിയ ഗൗരിയമ്മയും എം.വി. രാഘവനുമടക്കം അവസാന നാളില്‍ സി.പി.എമ്മുമായി ചേരുന്നതാണ് കണ്ടത്. ആര്‍.എം.പി എങ്ങനെയാണ് ഇതിനെ കാണുന്നത്?

സി.പി.എമ്മിലേക്ക് എന്തായാലും എത്തില്ല, അതില്‍ തര്‍ക്കമില്ല. ജെ.എസ്.എസ്. ആണെങ്കിലും സി.എം.പി. ആണെങ്കിലും മേലെ തട്ടില്‍ നിന്നാണ് താഴോട്ടു വന്നത്. ഇത് താഴെ നിന്ന് മുകളിലോട്ട് പോകുന്ന പാര്‍ട്ടിയാണ്. അപ്പോള്‍ അത്തരത്തിലൊരവസ്ഥ ആര്‍.എം.പിക്ക് വരും എന്ന് ഞാന്‍ കരുതുന്നില്ല. സി.പി.എമ്മിനെപ്പോലെ വളര്‍ന്ന് പന്തലിച്ച് വരുമോ എന്ന് ചോദിച്ചാല്‍, രാഷ്ട്രീയമാണ് പറയാന്‍ കഴിയില്ല. ആര്‍.എം.പി ഏറ്റവും വലിയ ശക്തിയായി വരുമെന്നോ ഭരിക്കാന്‍ പോകുമെന്നോ ഉള്ള അവകാശവാദങ്ങളൊന്നുമില്ല.  രാഷ്ട്രീയത്തില്‍ പല മാറ്റങ്ങളും ഉണ്ടായിക്കൊണ്ടേയിരിക്കും. നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ട് സംഘടന ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകും. ഓരോ സാഹചര്യത്തിനനുസരിച്ചാണ് രാഷ്ട്രീയം പോകുന്നത്. ഇന്ത്യയില്‍ നിലവിലുള്ള ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് പോലുള്ള കക്ഷികളുമായി യോജിച്ചാണ് പോകേണ്ടത്. അതാണ് അനിവാര്യം. കേരളത്തില്‍ മാത്രമേ സി.പി.എം. അതിനോട് യോജിക്കാതിരിക്കുന്നുള്ളൂ. അതൊന്നും സി.പി.എമ്മിന് ആലോചിക്കാനേ പറ്റില്ല. പക്ഷേ, രാഷ്ട്രീയ സാഹചര്യം മാറി. ആ രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ചാണ് നിലപാടെടുക്കേണ്ടത്. അതുകൊണ്ടുതന്നെ ഭാവിയില്‍ എന്താകും എന്ന് പറയാന്‍ കഴിയില്ല.  എന്തായാലും ആര്‍.എം.പി. സി.പി.എമ്മിലേക്ക് മാറില്ല. ഒന്നോ രണ്ടോ ആളാണെങ്കില്‍പ്പോലും ഈ രാഷ്ട്രീയവുമായി മുന്നോട്ടുപോകും.

ഇപ്പോഴും ആര്‍.എം.പി യു.ഡി.എഫിന്റെ ഭാഗമല്ല. മുന്നണിയുടെ ഭാഗമായി നില്‍ക്കാനുള്ള തടസ്സമെന്താണ്?

മുന്നണിയുടെ ഭാഗമാകാന്‍ കഴിയില്ല. കാരണം രണ്ടും രണ്ട് രാഷ്ട്രീയമാണ് കൈകാര്യം ചെയ്യുന്നത്. പൊതുവിഷയങ്ങളില്‍ ഒന്നിച്ചുപോകുന്ന നിലപാടെടുക്കുക എന്നതാണ് ചെയ്യാന്‍ പറ്റുന്നത്. നിലവില്‍ ഞങ്ങള്‍ പൂര്‍ണ്ണമായും മാര്‍ക്സിസ്റ്റ് രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന പാര്‍ട്ടിയാണ്. അതിനൊരിക്കലും കോണ്‍ഗ്രസ് മുന്നണിയുമായി യോജിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ അത്തരത്തില്‍ ഒരു ആലോചനയില്ല. അങ്ങനെയൊരു സംവിധാനത്തിലേക്കല്ല ഞങ്ങള്‍ പോയത്. യോജിക്കേണ്ട വിഷയങ്ങളില്‍ യോജിച്ച് പ്രവര്‍ത്തിക്കും, വിയോജിക്കേണ്ടിടത്ത് വിയോജിച്ചു തന്നെ പോകും. നാളെ എന്തു സംഭവിക്കും എന്നറിയില്ല. ചില മാറ്റങ്ങള്‍ ചിലപ്പോള്‍ വേണ്ടിവരും. അതിനര്‍ത്ഥം ഈ രാഷ്ട്രീയം വിട്ടുപോകും എന്നല്ല. ഇപ്പോള്‍ തന്നെ ഇതുപോലൊരു തുടക്കം ഞങ്ങള്‍ പ്രതീക്ഷിച്ചതല്ല. കോണ്‍ഗ്രസ്സിന്റെ പിന്തുണയോടുകൂടി മത്സരിക്കും എന്നുപോലും ഞങ്ങള്‍ ആലോചിച്ചതല്ല. പക്ഷേ, അങ്ങനെയാരു സാഹചര്യത്തിലേക്ക് എത്തപ്പെടുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com