കടം മാത്രം ബാക്കി; പ്രതിസന്ധിയുടെ ആഴം ഈ കണക്കുകള്‍ പറയും

ആകെയുണ്ടായിരുന്ന ചെറിയ സ്വര്‍ണ്ണനിക്ഷേപം പോലും കൊവിഡ് കാലത്ത് പണയം വയ്‌ക്കേണ്ടി വരുന്നു. റിസര്‍വ്വ് ബാങ്കിന്റെ കണക്ക് അനുസരിച്ച് സ്വര്‍ണ്ണവായ്പയില്‍ 86 ശതമാനം വര്‍ദ്ധനയാണുണ്ടായത്
കടം മാത്രം ബാക്കി; പ്രതിസന്ധിയുടെ ആഴം ഈ കണക്കുകള്‍ പറയും

താനും മാസങ്ങള്‍ക്കു മുന്‍പ് കൊവിഡ് രണ്ടാം തരംഗത്തിന്റെ ആദ്യലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയപ്പോഴും കടുത്ത ഒരു സാമ്പത്തിക പ്രതിസന്ധി വിദഗ്ദ്ധര്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. അതിന് രണ്ട് കാരണങ്ങളുണ്ടായിരുന്നു. ഒന്ന് വാക്സിന്‍ ലഭിക്കുമെന്നതും രണ്ട് ദേശീയ ലോക്ക്ഡൗണ്‍ ഉണ്ടാകില്ല എന്നതുമായിരുന്നു അത്. എന്നാല്‍ അടുത്ത മൂന്നുമാസക്കാലയളവില്‍ ഈ രണ്ട് വിശ്വാസവും തെറ്റി. ജനതയില്‍ ഭൂരിഭാഗം പേര്‍ക്കും വാക്സിന്‍ ലഭിക്കാതെ വന്നപ്പോള്‍ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണിലേക്ക് നീങ്ങി. അവസാന മാര്‍ഗ്ഗം എന്ന നിലയില്‍ തന്നെയാണ് ലോക്ക്ഡൗണ്‍ പരിഗണിക്കപ്പെട്ടത്. രോഗബാധിതരുടെ എണ്ണവും ചികിത്സാരംഗത്തെ പരിമിതികളും ഓക്സിജനും വെന്റിലേറ്ററിനുമുള്ള ക്ഷാമവും വ്യാപനം ഏതുവിധേനയും പിടിച്ചുനിര്‍ത്തിയേ പറ്റൂവെന്നു വന്നു. സംസ്ഥാനങ്ങള്‍ ഓരോന്നായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. മേയ് എട്ടിനാണ് കേരളത്തില്‍ ലോക്ക്ഡൗണ്‍ വന്നത്. ഇതോടെ കൂലിപ്പണിക്കാരും ചെറുകിട ബിസിനസുകാരും ടാക്സി ഡ്രൈവര്‍മാരുമൊക്കെ കടക്കെണിയിലായി. അടച്ചുകൊണ്ടിരുന്ന വായ്പകള്‍ പലതും മുടങ്ങി. അരിവാങ്ങാന്‍ ആകെയുള്ള സ്വര്‍ണം പണയം വയ്ക്കുകയാണ് ഇപ്പോള്‍ സാധാരണക്കാര്‍. 

രണ്ടാം തരംഗം ഒഴിയുന്നതിനു മുന്‍പേ മൂന്നാം തരംഗത്തിന്റെ ആകുലതകളും ആശങ്കളും നിറയുന്നു. ഒപ്പം നിയന്ത്രണങ്ങളുടെയും. രോഗവ്യാപനതോത് നിയന്ത്രിക്കാന്‍ ഏര്‍പ്പെടുത്തുന്ന കര്‍ശന നിയന്ത്രണങ്ങളുടെ അനന്തരഫലം സാമ്പത്തിക അസ്ഥിരതയാണെന്നതില്‍ സംശയമില്ല. സ്ഥിരവരുമാനം അല്ലെങ്കില്‍ ഉറപ്പുള്ള വരുമാനമില്ലാതായതോടെ ആവശ്യങ്ങള്‍ സാധിക്കാന്‍ വായ്പയെടുക്കുകയാണ് സാധാരണക്കാരുടെ മുന്നിലുള്ള ഏക പോംവഴി. വരുമാനത്തിന് ഉറപ്പില്ലാതെ ജീവിതാവശ്യങ്ങള്‍ നിറവേറ്റാന്‍ അവര്‍ വായ്പകളെ ആശ്രയിക്കുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം സ്വര്‍ണ പണയത്തിലുള്ള വായ്പകളുടെ എണ്ണം ഇക്കാലയളവില്‍ വന്‍തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ബാങ്കുകളും ക്രെഡിറ്റ് കാര്‍ഡുകളും വഴി വായ്പയെടുക്കുന്നവരുടെ എണ്ണവും തുകയും വലിയ തോതില്‍ ഉയര്‍ന്നിട്ടുമുണ്ട്. സാധാരണക്കാര്‍ ഏറ്റവുമധികം ആശ്രയിക്കുന്ന സ്വകാര്യപണമിടപാട് സ്ഥാപനങ്ങളില്‍നിന്നും പലിശക്കാരില്‍നിന്നും വായ്പയെടുത്തവരുടെ കണക്കുകളൊന്നും ലഭ്യവുമല്ല.

പൊന്ന് പണമാകുമ്പോള്‍

ഏപ്രിലില്‍, വ്യക്തിഗത വായ്പയില്‍ 12.6 ശതമാനം വര്‍ദ്ധനയാണുണ്ടായത്. വാഹനവായ്പകളുടെ എണ്ണത്തില്‍ 11.7 ശതമാനം വര്‍ദ്ധനയും. ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള വായ്പകള്‍ 17 ശതമാനം കൂടി. അതേസമയം, സ്വര്‍ണ പണയത്തിനുമേലുള്ള  വായ്പകള്‍ 86 ശതമാനമാണ് ഉയര്‍ന്നത്. വലിയ പ്രയാസമില്ലാതെ ഉയര്‍ന്ന വായ്പാതുക ലഭിക്കുമെന്നതിനാലാണ് ആളുകള്‍ സ്വര്‍ണ വായ്പയെ കൂടുതല്‍ ആശ്രയിക്കാന്‍ കാരണം. ഏതെങ്കിലുമൊരു തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിച്ചാല്‍ ഇത് എളുപ്പത്തില്‍ കിട്ടും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണത്തിന്റെ വിപണി വിലയുടെ 90 ശതമാനം വായ്പയായി അനുവദിക്കണമെന്നാണ് ധനകാര്യമന്ത്രാലയം ബാങ്കുകളോട് നിര്‍ദ്ദേശിച്ചിരിക്കുന്നതെങ്കിലും അത് പാലിക്കപ്പെടാറില്ല. സ്വര്‍ണത്തിന്റെ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടമാണ് കാരണം. വിപണി വിലയുടെ 90 ശതമാനം വായ്പയായി അനുവദിച്ചാല്‍ അത് ബാങ്കുകളുടെ റിസ്‌ക് ഉയര്‍ത്തും. സേഫ് അസറ്റ് ലോക്കറില്‍ വച്ച് അതിനു വായ്പ നല്‍കുകയാണ് ഇപ്പോള്‍ ബാങ്ക് പിന്തുടരുന്ന രീതി. ഇത് സാധാരണക്കാര്‍ക്ക് ഗുണകരവുമല്ല. വിപണി വിലയുടെ 75 ശതമാനം മാത്രമാണ് സാധാരണക്കാര്‍ക്ക് ഇത് വഴി കിട്ടുക. ബാങ്കുകളെ ഒഴിവാക്കി ധനകാര്യസ്ഥാപനങ്ങളെ ആശ്രയിക്കാന്‍ സാധാരണക്കാരെ പ്രേരിപ്പിക്കുന്നത് ഇതാണ്. എന്നാല്‍, ഇത്തവണ ബാങ്കുകളില്‍നിന്നും ധനകാര്യസ്ഥാപനങ്ങളിലും നിന്നുമുള്ള വായ്പ കൂടിയിട്ടുണ്ട്. പ്രതിസന്ധി എത്ര രൂക്ഷമാണെന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു.

മാര്‍ച്ചില്‍ ബാങ്കുകളില്‍ നിന്നുള്ള സ്വര്‍ണ വായ്പ 82 ശതമാനം ഉയര്‍ന്ന് 60,644 കോടിയായി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 33,303 കോടിയാണ് ആകെ വായ്പയായി നല്‍കിയത്. ഈ വര്‍ഷം ഏപ്രിലില്‍ 62,238 കോടിയാണ് സ്വര്‍ണ വായ്പയായി ബാങ്കുകള്‍ മാത്രം നല്‍കിയത്. കുടുംബങ്ങളുടെ നിക്ഷേപം എന്ന് കണക്കാക്കപ്പെടുന്ന സ്വര്‍ണം വായ്പയായി മാറുന്ന ഈ പ്രതിഭാസം നല്‍കുന്ന സൂചന അത്ര ശുഭകരവുമല്ല. സാമൂഹ്യ, സാമ്പത്തിക, സംസ്‌കാര ഘടകങ്ങളാണ് സ്വര്‍ണമെന്ന നിക്ഷേപത്തിലേക്ക് ഇന്ത്യന്‍ കുടുംബങ്ങളെ എത്തിക്കുന്നത്. അനായാസേന പണമാക്കി മാറ്റാമെന്നതാണ് സ്വര്‍ണനിക്ഷേപത്തിന്റെ മറ്റൊരാകര്‍ഷക ഘടകം. ഇത്തരത്തില്‍ എകദേശം 25000 ടണ്‍ സ്വര്‍ണം സാധാരണകുടുംബങ്ങളുടെ കൈവശമുണ്ടെന്നാണ് കണക്ക്. 2012-ല്‍ ആര്‍.ബി.ഐ നടത്തിയ സര്‍വേയില്‍ കേരളത്തിലെ കുടുംബങ്ങളുടെ ആസ്തി നോക്കിയാല്‍ 78.9 ശതമാനം വസ്തുവാണ്. 13.1 ശതമാനം സ്വര്‍ണവും. ബാങ്ക് നിക്ഷേപം 2.8 ശതമാനം മാത്രമാണ്. ഇനി വായ്പകള്‍ നോക്കാം. കേരളത്തില്‍ 38.3 ശതമാനം പേര്‍ വസ്തു ഈട് നല്‍കി വായ്പയെടുക്കുമ്പോള്‍ അതിന്റെ പകുതിയിലധികം വായ്പകള്‍ സ്വര്‍ണം പണയംവച്ചാണ്. 17.2 ശതമാനമാണ് സ്വര്‍ണവായ്പയുടെ നിരക്ക്. ഇത് പത്തുവര്‍ഷം മുന്‍പുള്ള കണക്കുകളാണ്.

കൊവിഡ് പ്രതിസന്ധിയും അതിനെത്തുടര്‍ന്നുള്ള അടച്ചിടലും കൂടിയായപ്പോള്‍ സാധാരണക്കാര്‍ക്ക് പണയം വച്ച സ്വര്‍ണം ഉപേക്ഷിക്കുകയല്ലാതെ വേറെ വഴിയില്ലെന്നായി. സംസ്ഥാനത്തെ മുന്‍നിര ബാങ്കിങ് ഇതര സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ജനുവരി-മാര്‍ച്ച് കാലയളവില്‍ മാത്രം 404 കോടിയുടെ സ്വര്‍ണമാണ് ലേലം ചെയ്തത്. കഴിഞ്ഞ ഒന്‍പതു മാസക്കാലയളവില്‍ എട്ടുകോടിയുടെ സ്വര്‍ണം മാത്രമാണ് അവര്‍ ലേലം ചെയ്തത്. സ്വര്‍ണവിലയില്‍ 21 ശതമാനം കുറയുന്നത് അതിനൊരു കാരണമായി പറയാമെങ്കിലും അതുവഴിയുണ്ടാകുന്ന നിക്ഷേപനഷ്ടം സാധാരണക്കാരനാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം സ്വര്‍ണവായ്പാ ദാതാക്കളായ മുത്തൂറ്റ് ഫിനാന്‍സിന്റെ സ്വര്‍ണവായ്പാ ആസ്തിയില്‍ 27 ശതമാനം വര്‍ദ്ധനയാണുണ്ടായത്. 51,926 കോടിയാണ് അവരുടെ സ്വര്‍ണവായ്പാ ആസ്തി. ഈ വര്‍ഷം 171 കോടിയുടെ സ്വര്‍ണമാണ് അവര്‍ ലേലം ചെയ്തത്. കഴിഞ്ഞ വര്‍ഷം അത് 500 കോടിയായിരുന്നു. തൊഴില്‍ പ്രശ്നങ്ങള്‍ കാരണം സംസ്ഥാനത്തെ ബിസിനസ് അവര്‍ കുറച്ചതാണ് കാരണം. 120 ബ്രാഞ്ചുകളാണ് അവര്‍ അവസാനിപ്പിച്ചത്. തിരിച്ചടവിന് കൂടുതല്‍ സമയം നല്‍കിയെന്നും മറ്റു വായ്പകളിലാണ് ശ്രദ്ധകേന്ദ്രീകരിച്ചെന്നും കമ്പനി മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് തന്നെ വ്യക്തമാക്കുന്നു.

ജീവിക്കാന്‍ കടംവാങ്ങുന്നവര്‍

2020-21 സാമ്പത്തികവര്‍ഷത്തെ ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍, ജി.ഡി.പിയുടെ 37.1 ശതമാനമാണ് ഇന്ത്യന്‍ കുടുംബങ്ങളുടെ ബാധ്യത.  തൊട്ടു മുന്‍വര്‍ഷം ഇതേ കാലയളവില്‍ 35.4 ശതമാനമായിരുന്നു. ബാങ്കുകള്‍ക്കും ഭവനവായ്പാദാതാക്കള്‍ക്കും ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ക്കും കൊടുത്തുതീര്‍ക്കാനുള്ള പണത്തെയാണ് ഹൗസ് ഹോള്‍ഡ് ഡെബിറ്റ് എന്ന സൂചികയില്‍ പെടുത്തുക. കൊവിഡ് പ്രതിസന്ധി, ബാങ്കിങ് സേവനങ്ങളുടെ അപ്രാപ്യത, വരുമാനത്തകര്‍ച്ച, ഭാവിയെക്കുറിച്ചുള്ള ആശങ്ക എന്നിവയൊക്കെയാണ് വായ്പാ തോത് ഉയരാനുള്ള കാരണമായി സാമ്പത്തികവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. രണ്ടാംതരംഗത്തിന്റെ സമയത്ത് വ്യക്തിഗതവായ്പ ചെലവഴിക്കുന്ന രീതികളിലടക്കം മാറ്റം വന്നു. കൊവിഡിന്റെ ഒന്നാംതരംഗത്തില്‍ വായ്പയെടുത്ത തുക അനിവാര്യമായ മറ്റ് ആവശ്യങ്ങള്‍ക്കു വേണ്ടി വിനിയോഗിക്കപ്പെട്ടപ്പോള്‍ രണ്ടാം തരംഗത്തില്‍ അത് അതിജീവനത്തിനു വേണ്ടിയായി. ഇത്തവണ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സിനു വേണ്ടിയുള്ള വ്യക്തിഗത വായ്പയില്‍ 18 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 2020 ഏപ്രിലില്‍ അത്തരം വായ്പകള്‍ 44 ശതമാനം വരെ വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. ഉല്പന്നങ്ങള്‍ക്കുവേണ്ടി വായ്പയെടുക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നത്. വരുമാനം കുറഞ്ഞതോടെ അത്തരം വാങ്ങലുകളെയെല്ലാം ബാധിച്ചെന്ന് വേണം കരുതാന്‍. ഏറ്റവും അനിവാര്യമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയായി ചെലവഴിക്കല്‍.

തന്‍വീ ഗുപ്ത ജെയിന്‍ നടത്തിയ പഠനത്തില്‍ കൊവിഡ് പ്രതിസന്ധിയും നിയന്ത്രണങ്ങളും കാരണം ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് 13 ലക്ഷം കോടിയുടെ വരുമാന നഷ്ടമുണ്ടായതായി കണക്കാക്കുന്നു. സംസ്ഥാനത്ത് 73 ലക്ഷം പേരുടെ ജീവിതത്തെയാണ് ലോക്ക്ഡൗണ്‍ ബാധിച്ചത്. 1.27 കോടി തൊഴിലാളികളുള്ള സംസ്ഥാനത്ത് അവരില്‍ 57.7 ശതമാനം വരുന്ന നിര്‍മാണം-മാനുഫാക്ചറിങ്, വ്യാപാര-വിപണനം, ഗതാഗതം, ഹോട്ടല്‍ എന്നീ മേഖലകളെയാണ് ഏറ്റവുമധികം ബാധിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ലോക്ക്ഡൗണ്‍ സമയത്ത് ദിവസവേതനക്കാരുടെ കരാര്‍ തൊഴിലാളികളുടെയും വരുമാനനഷ്ടം പ്രതിദിനം 350 കോടിയാണെന്ന് ആസൂത്രണ കമ്മിഷന്റെ പഠനത്തില്‍ പറയുന്നു. ഇത്തവണത്തെ അടച്ചിടല്‍ ഒന്നരമാസത്തിലധികമായി. മേയ് എട്ടിന് തുടങ്ങിയ ലോക്ക്ഡൗണ്‍ കാലയളവിന്റെ (35 ദിവസത്തെ) കണക്കുനോക്കിയാല്‍ തന്നെ 14000 കോടി രൂപയുടെ നഷ്ടമാണ് ശമ്പളയിനത്തില്‍ തൊഴില്‍മേഖലയ്ക്കുണ്ടായത്. 2018-ലെ തൊഴില്‍സര്‍വേ അനുസരിച്ച് 1.27 കോടി തൊഴിലാളികളില്‍ 48.1 ലക്ഷം പേര്‍ സ്വയംതൊഴില്‍ ചെയ്യുന്നവരും 43.8 ലക്ഷം പേര്‍ സ്ഥിരവരുമാനക്കാരുമാണ്. 35.2 ലക്ഷം പേരാണ് കരാര്‍ ജീവനക്കാര്‍. ഇവരില്‍ ഭൂരിഭാഗം പേര്‍ക്ക് വരുമാനം ഇല്ലാതാകുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്.

ആര്‍.ബി.ഐയുടെ കണക്ക് അനുസരിച്ച് 2021 മാര്‍ച്ച് വരെ 43.5 ട്രില്യണിന്റെ ബാധ്യതയാണ് ഇന്ത്യന്‍ കുടുംബങ്ങള്‍ക്കുള്ളത്. ഡല്‍ഹിയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കോളനികളില്‍ നടത്തിയ സര്‍വേയില്‍ മിക്കവരും ഭാവിയിലേക്കുള്ള കരുതല്‍ എന്ന നിലയില്‍ വായ്പകളെടുക്കുന്നു. നിത്യച്ചെലവുകള്‍ക്ക് ഈ തുക വിനിയോഗിക്കുന്നുമില്ല. വിചിത്രമെന്ന് തോന്നാവുന്ന ഈ രീതിയെ സാമ്പത്തികവിദഗ്ധര്‍ പെര്‍മനന്റ് ഇന്‍കം ഹൈപ്പോത്തിസിസ് വച്ചാണ് വിലയിരുത്തിയത്. സ്ഥിരവരുമാന സാങ്കല്‍പ്പിക സിദ്ധാന്തമെന്നത് സാമ്പത്തികശാസ്ത്രത്തിലെ അടിസ്ഥാനകാര്യമാണ്. അനിശ്ചിതത്വത്തിന്റെ കാലത്തു പോലും ഉപഭോഗത്തില്‍ സ്ഥിരത വരുത്താനുള്ള കുടുംബങ്ങളുടെ വ്യഗ്രത സുസ്ഥിരഭാവി നല്‍കുന്ന പ്രതീക്ഷയാണെന്നാണ് സാമ്പത്തിക വിദഗ്ദ്ധരില്‍ പറയുന്നത്. എന്നാല്‍, ഇത്തരം സാങ്കല്‍പ്പിക സിദ്ധാന്തങ്ങളിലൂന്നിയുള്ള ഒരു വിലയിരുത്തല്‍ യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ല. ഉദാഹരണത്തിന് തൊഴിലും വരുമാനവും നഷ്ടപ്പെട്ട തൊഴിലാളി കുടുംബങ്ങള്‍ സ്വര്‍ണം പണയംവച്ചും വിറ്റും പലിശക്കാരില്‍നിന്ന് വായ്പയെടുത്തും സൂക്ഷിക്കുന്നുവെന്നത് വിചിത്രമായ വാദമാണ്. മറ്റൊരുവശം, സമീപഭാവിയിലൊന്നും സാമ്പത്തികമായ ഉണര്‍വ് പ്രതീക്ഷിക്കേണ്ടെന്നും ഇവര്‍ തിരിച്ചറിയുന്നുവെന്നുള്ളതാണ്.

ഹോം ക്രെഡിറ്റ് ഇന്ത്യ ഏഴു നഗരങ്ങളില്‍ സംഘടിപ്പിച്ച സര്‍വേ പ്രകാരം വായ്പയെടുക്കുന്നവരില്‍ 46 ശതമാനവും അവരുടെ അടിയന്തര വീട്ടാവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ വായ്പാചെലവ് രീതിയുമായി ഇത് വ്യത്യസ്തമാണ്. ഉദാഹരണത്തിന് 2019-ല്‍ വായ്പയെടുത്തവരില്‍ 33 ശതമാനം വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ ചെലവിട്ടു. 23 ശതമാനം പേര്‍ ഇരുചക്രവാഹനം വാങ്ങി. 20 ശതമാനം വ്യക്തിഗത ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു. അതേസമയം 2020-ല്‍ 46 ശതമാനം പേരാണ് വീട്ടുചെലവ് നടത്താന്‍ വായ്പയെടുത്തത്. 27 ശതമാനം പേര്‍ മാസ അടവ് (ഇ.എം.ഐ) അടയ്ക്കാനാണ് വായ്പയെടുത്തത്. 14 ശതമാനം പേര്‍ ജോലി നഷ്ടപ്പെട്ട സാമ്പത്തികനഷ്ടം പരിഹരിക്കാന്‍ വേണ്ടി വായ്പയെടുത്തു. പ്രതിസന്ധി രൂക്ഷമായതോടെ ജീവിതം മെച്ചപ്പെടുത്തുന്നതിനു പകരം നിലനില്‍പ്പിനു വേണ്ടിയാണ് ഈ വായ്പകളെല്ലാം വിനിയോഗിക്കപ്പെട്ടത്. സെന്റര്‍ ഫോര്‍ ന്യൂ ഇക്കണോമിക് സ്റ്റഡീസ് ലക്നൗവിലും സൂറത്തിലും പൂനെയിലുമായി ദിവസവേതനക്കാരില്‍ നടത്തിയ സര്‍വേ പ്രകാരം  വായ്പയെടുത്ത തുക കൂടുതല്‍ ചെലവഴിക്കപ്പെട്ടത് ചികിത്സകള്‍ക്ക് വേണ്ടിയാണ്. ഒരു കുടുംബം ഒരുമാസം ചികിത്സാചെലവുകള്‍ക്കായി ശരാശരി 1900 രൂപ ചെലവഴിച്ചിരുന്നെങ്കില്‍ ഇപ്പോഴത് 4700 രൂപയാണ്. ചികിത്സകള്‍ക്കായി സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ടി വന്നതാണ് ചെലവില്‍ ഇരട്ടിയിലധികം വര്‍ദ്ധനയുണ്ടാകാന്‍ ഒരു കാരണം. ഇവരില്‍ ഭൂരിഭാഗവും ആശ്രയിച്ചത് ബ്ലേഡ് സംഘങ്ങളെയും സ്വകാര്യധനകാര്യ സ്ഥാപനങ്ങളെയുമാണ്.

വായ്പാനയം അനുസരിച്ച് വാണിജ്യ ബാങ്കുകള്‍ അവരുടെ വായ്പയുടെ പത്തു ശതമാനം സാമ്പത്തികമായി ദുര്‍ബലരായവര്‍ക്കു വേണ്ടി മാറ്റിവയ്ക്കണമെന്നാണ്. എന്നാല്‍ ഭൂരിഭാഗം സ്വകാര്യ ബാങ്കുകളും ഇത് പാലിക്കുന്നില്ല. റിസര്‍വ് ബാങ്ക് ഡയറക്ടറായ പല്ലവി ചവാന്‍ നടത്തിയ പഠനത്തില്‍ 52.4 ശതമാനം സ്വകാര്യബാങ്കുകളും 10 ശതമാനം എന്ന ലക്ഷ്യം കൈവരിക്കുന്നില്ലെന്ന് പറയുന്നു. ചെറുകിട കര്‍ഷകര്‍, ഒരു ലക്ഷത്തില്‍ താഴെ വരുമാനമുള്ളവര്‍, പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗം, സ്വയംസഹായ സംഘങ്ങള്‍, ശാരീരിക വൈകല്യമുള്ളവര്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്കാണ് വായ്പാ മുന്‍ഗണന നല്‍കേണ്ടത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ബാങ്കുകളുടെ സേവനം അപ്രാപ്യമാകുന്നതെങ്ങനെയെന്ന് ഈ കണക്കുകള്‍ ബോധ്യപ്പെടുത്തുന്നു. ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഇവര്‍ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെയോ വട്ടിപ്പലിശക്കാരെയോ സമീപിക്കുന്നു. പലര്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ പോലുമില്ല എന്നതാണ് വാസ്തവം. വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും മാത്രമല്ല ഇക്കാലയളവില്‍ തിരിച്ചടി നേരിട്ടത്. ചെറുകിട സംരംഭക മേഖലയ്ക്കു നല്‍കിയ വായ്പയിലും ഗണ്യമായ വര്‍ദ്ധനയുണ്ട്. 5.7 ശതമാനം വര്‍ദ്ധനയാണ് ഇവയ്ക്കു നല്‍കിയ വായ്പകളിലുള്ളത്. ഫെബ്രുവരി അവസാനത്തോടെ മാത്രം 2.46 ലക്ഷം കോടിയുടെ വായ്പ 84 ലക്ഷം ചെറുകിട സംരംഭകര്‍ക്ക് നല്‍കിയിട്ടുണ്ട്. ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കിയില്ലെങ്കില്‍ ഈ മേഖലയും വലിയ ദുരന്തം നേരിടേണ്ടി വരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com