ജാതിയുടെ 'ഇന്ത്യന്‍ പിച്ചുകള്‍'

''ജാതി ഭ്രാന്തില്‍നിന്നു ക്രിക്കറ്റിനെ വെറുതെ വിടൂ'', ''അവര്‍ ക്രിക്കറ്റിനെപ്പോലും വെറുതെ വിട്ടില്ല''
സസെക്സ് ക്രിക്കറ്റ് ക്ലബിനെതിരെ പോരാട്ടത്തിനിറങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം. ക്യാപ്റ്റൻ എച്ച്ഡി കാം​ഗയായിരുന്നു ടീമിനെ നയിച്ചത്
സസെക്സ് ക്രിക്കറ്റ് ക്ലബിനെതിരെ പോരാട്ടത്തിനിറങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം. ക്യാപ്റ്റൻ എച്ച്ഡി കാം​ഗയായിരുന്നു ടീമിനെ നയിച്ചത്

ഹൈദരാബാദിലെ ബി. എസ്.ആര്‍. ക്രിക്കറ്റ് മൈതാനത്ത് ബ്രാഹ്മണര്‍ക്കു മാത്രമായി ഒരു ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു വന്ന വാര്‍ത്ത രസകരമായ ആക്ഷേപഹാസ്യമായി ട്രോളുകളുടെ രൂപത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ അലയടിച്ചത് ഈ അടുത്താണ്. ജാതീയതയ്‌ക്കെതിരായ ഇത്തരത്തിലുള്ള വികാരവിക്ഷോഭങ്ങളുടെ വര്‍ഷണവും സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള സാമൂഹിക വിചാരണയും സ്വാഗതാര്‍ഹമായ മാറ്റമാണെങ്കിലും ''ജാതി ഭ്രാന്തില്‍നിന്നു ക്രിക്കറ്റിനെ വെറുതെ വിടൂ'', ''അവര്‍ ക്രിക്കറ്റിനെപ്പോലും വെറുതെ വിട്ടില്ല'' എന്നീ തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ അസ്ഥാനത്തുള്ളതും വ്യക്തമായ വസ്തുതകളുടെ അടിസ്ഥാനത്തിലല്ലാത്തതുമാണ് എന്നു പറയേണ്ടിയിരിക്കുന്നു. കാരണം, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ കായികമത്സര ചരിത്രം എപ്പോഴും സങ്കീര്‍ണ്ണമായ തരത്തില്‍ ജാതിയുമായി കെട്ടുപിണഞ്ഞു കിടക്കുന്നതു തന്നെയായിരുന്നു.

ക്രിക്കറ്റ്, യുദ്ധം, ദേശീയ ദുരന്തങ്ങള്‍ എന്നീ മൂന്നു കാര്യങ്ങളാണ് ജീവിതപശ്ചാത്തലങ്ങളുടേയും ആചാരവിശ്വാസങ്ങളുടേയും വൈജാത്യങ്ങളൊന്നുമില്ലാതെ ഇന്ത്യക്കാരെ ഒരുമിച്ചു ചേര്‍ക്കുന്ന മൂന്നു ഘടകങ്ങള്‍ എന്നു പൊതുവെ പറയാറുണ്ടെങ്കിലും വര്‍ഗ്ഗീയവും ജാതീയവുമായ സമവാക്യങ്ങളുമായി ബന്ധപ്പെട്ട സൂക്ഷ്മവും ശ്രദ്ധയോടുകൂടിയതുമായ വിശകലനം കാര്യങ്ങള്‍ മറിച്ചാണെന്നു തെളിയിക്കുന്നു.

പ്രശാന്ത് കിഡംബി
പ്രശാന്ത് കിഡംബി

തൊണ്ണൂറുകളില്‍ അന്നത്തെ മണ്ഡല്‍ പ്രക്ഷോഭത്തെക്കുറിച്ചും ഒ.ബി.സി. സംവരണം നടപ്പിലാക്കലിനെക്കുറിച്ചുമെല്ലാം ഓര്‍ക്കുന്നുണ്ടാകും. മധ്യവര്‍ഗ്ഗ-ഉപരിജാതികുടുംബങ്ങളില്‍ അക്കാലത്തുണ്ടായിരുന്ന 'സീറ്റ് നഷ്ടപ്പെടല്‍', 'മെറിറ്റില്‍ വെള്ളം ചേര്‍ക്കല്‍' എന്നീ കാര്യങ്ങളുമായി ബന്ധപ്പെട്ട ആശങ്കയും വിഭ്രാന്തിയും ഓര്‍ത്തെടുക്കാനായേക്കും. വൈവിധ്യത്തിനും നാനാത്വത്തിനും ഇത്ര പ്രസക്തിയുണ്ടെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എന്തുകൊണ്ട് സംവരണം നടപ്പാക്കുന്നില്ല എന്ന ചോദ്യം അക്കാലത്തെ 'ജനകീയമായ' തമാശയും സംവരണത്തിനെതിരെയുള്ള വാചാടോപവും ആയിരുന്നു. ദക്ഷിണാഫ്രിക്കന്‍ റഗ്ബി ടീമിലും അമേരിക്കന്‍ കായികരംഗത്തും വൈവിധ്യങ്ങളെ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായിരുന്നു എന്ന കാര്യവും ഇവിടെ ഓര്‍മ്മിക്കേണ്ടതുണ്ട്. 'ലഗാന്‍' എന്ന സിനിമയെ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രം യജമാനനെ അയാളുടെ സ്വന്തം കളിയില്‍ പരാജയപ്പെടുത്താനുള്ള അടങ്ങാത്ത ആഗ്രഹമായിരുന്നില്ല, മറിച്ച് യജമാനനെ തന്നെ അനുകരിക്കാനുള്ള ശ്രമമായിരുന്നു. അര്‍ജുന്‍ അപ്പാദുരൈ തന്റെ 'പ്ലെയിങ്ങ് വിത്ത് മോഡേണിറ്റി' എന്ന ലേഖനത്തില്‍ അഭിപ്രായപ്പെടുന്നത് തദ്ദേശവല്‍ക്കരണം എന്നത് പലപ്പോഴും ആധുനികതയുമായുള്ള സഞ്ചിതവും പകിട്ടേറിയതുമായ പരീക്ഷണങ്ങളുടെ ഉല്‍പ്പന്നമാണ് എന്നാണ്. നിലവിലുള്ള സാംസ്‌കാരിക ശേഖരണക്രമവുമായുള്ള പുതിയ സാംസ്‌കാരിക രൂപങ്ങളുടെ അന്തര്‍ധാരാപരമായ ചേര്‍ച്ചയോ പൊരുത്തമോ ആയി ഇതിനെ എപ്പോഴും കരുതേണ്ടതില്ല എന്നും അദ്ദേഹം പറയുന്നു. ക്രിക്കറ്റിന് ഇന്ത്യയിലുണ്ടായ സ്വീകാര്യതയും തുടര്‍ന്നു നടന്ന അതിന്റെ കോളനിവല്‍ക്കരണവും അധികാരം, ചെറുത്തുനില്‍പ്പ്, ദേശീയ മിത്തോളജികളുടെ രൂപീകരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണമായ കൊടുക്കല്‍വാങ്ങലുകളുടെ ഫലമാണ്.

ബ്രിട്ടീഷ് ഭക്തരാണ് ഇന്ത്യയെ ഒരു ക്രിക്കറ്റ് കേന്ദ്രമായി വളര്‍ത്തുക എന്ന സ്വപ്നം കാണുകയും അതു നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തത്. ലെസ്റ്റര്‍ യൂണിവേഴ്സിറ്റിയിലെ കൊളോണിയല്‍ അര്‍ബന്‍ ഹിസ്റ്ററി അസോസിയേറ്റ് പ്രൊഫസര്‍ ആയ പ്രശാന്ത് കിഡംബി അഭിപ്രായപ്പെടുന്നത് ബ്രിട്ടീഷുകാരോട് കൂറുള്ള വിഭാഗത്തിന്റേയും അന്നത്തെ ഒരു നാട്ടു രാജാവായിരുന്ന കുമാര്‍ രഞ്ജിത്ത് സിങ്ങ് ജിയുടേയും ശ്രമഫലമായാണ് ആദ്യത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം എന്ന ആശയം സാക്ഷാല്‍ക്കരിക്കപ്പെടുന്നത് എന്നാണ്. മികച്ച ഒരു ബാറ്റ്സ്മാന്‍ കൂടിയായിരുന്ന രഞ്ജിത്ത് സിങ്ങ് ജിയുടെ ഓര്‍മ്മയ്ക്കായിട്ടാണ് ഇന്ത്യന്‍ ആഭ്യന്തര, ഏറ്റവും പ്രധാന ടൂര്‍ണമെന്റായ രഞ്ജിട്രോഫി നടത്തപ്പെടുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഈ ആദ്യഘട്ടത്തിലും പ്രാതിനിധ്യവുമായി ബന്ധപ്പെട്ട ചോദ്യത്തിനു പ്രസക്തിയുണ്ട്. അതിനുവേണ്ടിയുള്ള പ്രാരംഭ ശ്രമങ്ങള്‍ തന്നെ തകരാറിലായതിനു കാരണം ഹിന്ദു, മുസ്ലിം, പാഴ്സി എന്നീ മൂന്നു പ്രബല മതവിഭാഗങ്ങള്‍ തമ്മില്‍ അഭിപ്രായ ഐക്യം ഇല്ലാത്തതായിരുന്നു; എന്നു മാത്രമല്ല, ഈ മൂന്നു മതവിഭാഗങ്ങള്‍ക്കും അവരുടേതു മാത്രമായ പ്രത്യേകം ക്രിക്കറ്റ് ടീമുകളും മൈതാനങ്ങളും ടൂര്‍ണമെന്റുകളും ഉണ്ടായിരുന്നു. അര്‍ജുന്‍ അപ്പാദുരൈ വാദിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റിലെ സ്വദേശിവല്‍ക്കരണത്തിന്റെ അടിത്തറ രൂപീകൃതമാകുന്നത് ബ്രിട്ടീഷ് 'മാന്യവ്യക്തി'കളും ഇന്ത്യന്‍ നാട്ടുരാജാക്കന്മാരും സിവില്‍ സര്‍വ്വീസിന്റേയും സൈന്യത്തിന്റേയും ഭാഗമായിരുന്ന ഇന്ത്യാക്കാരും ഏറ്റവും പ്രധാനമായി കഴിഞ്ഞ നൂറ്റാണ്ടിലെ ആദ്യ ദശകങ്ങളില്‍ പ്രധാനപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റര്‍മാരെ പരിശീലിപ്പിക്കുന്നതിന് ബ്രിട്ടണില്‍നിന്നും ഓസ്ട്രേലിയയില്‍നിന്നും വന്നിരുന്ന വെള്ളക്കാരായ ക്രിക്കറ്റ് പ്രൊഫഷണല്‍ പരിശീലകരും തമ്മിലുള്ള സങ്കീര്‍ണ്ണവും ശ്രേണീകൃതവുമായ പരസ്പര പ്രവര്‍ത്തനത്തിന്റെ ഫലമായാണ് എന്നാണ്.

രഞ്ജിത് സിങ്
രഞ്ജിത് സിങ്

സങ്കീര്‍ണതകളുടെ കളിക്കളങ്ങള്‍ 

ചരിത്രകാരനായ രാമചന്ദ്ര ഗുഹ അഭിപ്രായപ്പെടുന്നത് ക്രിക്കറ്റ് എന്നത് അതിന്റെ നിയമങ്ങളുടേയും ആചാരങ്ങളുടേയും പദാവലിയുടേയും അടിസ്ഥാനത്തില്‍ നോക്കിയാല്‍ ലോകത്തിലെ തന്നെ ഏറ്റവും സങ്കീര്‍ണ്ണമായ കളിയാണ് എന്നാണ്. ഇന്ത്യയെ അതിന്റെ പരസ്പര വിരുദ്ധ യുക്തിയിലുള്ള ഏകത്വം, വിഭ്രാന്തിജനകമായ വിഭജന - സംയോജന സംയോഗം എന്നിവയുമായി ബന്ധപ്പെട്ട് മനസ്സിലാക്കുന്നതിലുള്ള 'ഉത്തമമായ ഒരു ഭാഷാശൈലി' തന്നെയാണ് 'ക്രിക്കറ്റ്' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ബോംബെയില്‍നിന്നുള്ള പാഴ്സികളാണ് 1850-കളിലും '60-കളിലും തങ്ങളുടെ കൊളോണിയല്‍ യജമാനനുമായുള്ള ബന്ധം ദൃഡീകരിക്കുന്നതിനുള്ള മാര്‍ഗ്ഗമായി ക്രിക്കറ്റില്‍ താല്‍പ്പര്യം കാണിച്ചു തുടങ്ങുന്നത്. 

ബ്രിട്ടിഷ് പ്രവിശ്യയായിരുന്ന ബോംബെയില്‍ പാഴ്സികളും ഹിന്ദുക്കളും തമ്മിലുണ്ടായിരുന്ന വാണിജ്യപരവും വര്‍ഗ്ഗീയവുമായ ശത്രുതയുടെ തുടര്‍ച്ചയെന്നോണം ഭാഗികമായി ഹിന്ദുക്കളും ക്രിക്കറ്റില്‍ പ്രിയം കാണിച്ചുതുടങ്ങി. പാഴ്സി, ബ്രിട്ടീഷ് സൈനിക ക്രിക്കറ്റ് ടീമുകള്‍ മേഖലകളുടേയും സൈനിക കന്റോണ്‍മെന്റുകളുടേയും അടിസ്ഥാനത്തിലാണ് വിഭജിക്കപ്പെട്ടിരുന്നതെങ്കില്‍ ആദ്യകാലം മുതല്‍ ജാതിയുടെ അടിസ്ഥാനത്തിലാണ് ഹിന്ദു ടീമുകള്‍ രൂപീകരിച്ചിരുന്നത്. അതുകൊണ്ടുതന്നെ 1860-കളില്‍ ഗൗഡസാരസ്വത് ക്രിക്കറ്റ് ക്ലബ്ബ്, ക്ഷത്രിയ ക്രിക്കറ്റ് ക്ലബ്ബ്, ഗുജറാത്തി യൂണിയന്‍ ക്രിക്കറ്റ് ക്ലബ്ബ്, മറാത്ത ക്രിക്കറ്റ് ക്ലബ്ബ്, തെലുഗു യങ്ങ് ക്രിക്കറ്റേഴ്സ് തുടങ്ങിയ ഹിന്ദു ക്രിക്കറ്റ് ടീമുകള്‍ ഉദയം ചെയ്തു. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മുസ്ലിങ്ങളും ക്രിസ്ത്യാനികളും എന്തിന് ജൂതര്‍ വരെ സ്വന്തമായി ക്രിക്കറ്റ് ടീമുകള്‍ രൂപീകരിച്ചു, ഇതില്‍ മുസ്ലിം ടീമുകള്‍ മത്സരങ്ങളിലെ പ്രധാന സാന്നിദ്ധ്യമായിരുന്നു. ഇന്ത്യയിലെ കൊളോണിയല്‍ യുക്തിയുടെ ഭൂമികയില്‍ ഔദ്യോഗികമായി ജാതിമത സ്വത്വങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കിയെടുക്കേണ്ട പരീക്ഷണ സാമഗ്രികളിലുള്‍പ്പെടുന്നവ സെന്‍സസ് കണക്കെടുപ്പ്, മതപരമായ വസ്തു ദാനങ്ങള്‍ക്കുമേലുള്ള നിയന്ത്രണം, പ്രത്യേകം ഇലക്ട്രേറ്റുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തുടങ്ങിയവയാണ് എന്നത് വസ്തുതയാണെങ്കിലും ഈ പ്രക്രിയയില്‍ ക്രിക്കറ്റിനുള്ള പങ്ക് കുറച്ചു കണ്ടുകൂട.

അർജുൻ അപ്പാദുരൈ
അർജുൻ അപ്പാദുരൈ

ഇന്ത്യാക്കാരും യൂറോപ്യന്മാരും തമ്മില്‍ നടന്ന ആദ്യത്തെ ക്രിക്കറ്റ് മത്സരം 1877-ല്‍ ബോംബെ ജിംഖാനയില്‍ വച്ചു നടന്ന പാഴ്സി ടീമും യൂറോപ്യന്‍ ടീമും തമ്മിലുള്ള മത്സരമാണ്; ഇതില്‍ യൂറോപ്യന്മാരാണ് വിജയിച്ചത്. ഈ മാച്ചിനു ലഭിച്ച ഗംഭീര പ്രതികരണത്തിന്റെ ഫലമായി ഇതൊരു വാര്‍ഷിക ടൂര്‍ണമെന്റായി നടത്താന്‍ തുടങ്ങുകയും പിന്നീട് 1907-ല്‍ ഇത് യൂറോപ്യന്‍, പാഴ്സി, ഹിന്ദു ടീമുകള്‍ പരസ്പരം മത്സരിക്കുന്ന ത്രികോണ ടൂര്‍ണമെന്റായി മാറുകയും ചെയ്തു. 1912-ല്‍ മുസ്ലിം ടീം കൂടി മത്സരത്തിന്റെ ഭാഗമാകുകയും ഇതൊരു ചതുഷ്‌കോണ ടൂര്‍ണമെന്റായി വികസിക്കുകയും ചെയ്തു. ഈ ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഇന്ത്യയിലെമ്പാടുമുള്ള ആയിര ക്കണക്കിനാളുകളുടെ ശ്രദ്ധയും പിന്തുണയും ലഭിക്കുകയും ഡക്കാണ്‍, കല്‍ക്കട്ട, മദ്രാസ്, പഞ്ചാബ് തുടങ്ങിയ സ്ഥലങ്ങളില്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കപ്പെടുകയും ചെയ്തു. 1937-ല്‍ 'ദി റെസ്റ്റ്' എന്ന പേരില്‍ അഞ്ചാമതൊരു ടീം കൂടി ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ തുടങ്ങി. 

രാമചന്ദ്ര ​ഗുഹ
രാമചന്ദ്ര ​ഗുഹ

ഏകീകൃതമായ ഒരു ഹിന്ദു ടീമിനെ ജാതി അടിസ്ഥാനത്തിലുള്ള പല ഹിന്ദു ക്ലബ്ബുകളില്‍നിന്ന് രൂപം നല്‍കുന്നതും അഞ്ച് ടീമുകളടങ്ങുന്ന ഒരു ടൂര്‍ണമെന്റിന്റെ ഭാഗമാക്കുന്നതും ഒരു സാധാരണ കൃത്യം ആയിരുന്നില്ല. ഈ സമയത്താണ് പല്‍വാങ്കര്‍ ബാലു എന്ന ദളിത് വിഭാഗത്തില്‍പ്പെട്ട ചമര്‍ ജാതിക്കാരനായ അസാധാരണ കഴിവുള്ള സ്പിന്‍ മാന്ത്രികന്‍ ഡക്കാണ്‍ ജിംഖാനയില്‍ അംഗമായി വരുന്നത്. വെള്ളക്കാര്‍ മാത്രം അംഗങ്ങളായിരുന്ന പൂന ജിംഖാനയില്‍ മൈതാനത്ത് അടയാളങ്ങള്‍ മാര്‍ക്ക് ചെയ്യുക, നെറ്റ്സ് തയ്യാറാക്കുക, പരിശീലന സമയത്ത് ബ്രിട്ടീഷ് ക്രിക്കറ്റ് കളിക്കാര്‍ക്ക് പന്ത് എറിഞ്ഞുകൊടുക്കുക തുടങ്ങിയ പണികള്‍ ചെയ്യുന്നതിനുള്ള സേവകനായിട്ടാണ് ബാലു നിയമിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ അസാമാന്യ കഴിവ് ജിംഖാനയിലെ അംഗങ്ങള്‍ ശ്രദ്ധിക്കുകയും പെട്ടെന്നുതന്നെ പല്‍വാങ്കറിന്റെ ബൗളിങ്ങ് സാമര്‍ത്ഥ്യത്തെക്കുറിച്ചുള്ള വാര്‍ത്ത വ്യാപിക്കുകയും അത് ഡക്കാണ്‍ ജിംഖാനയിലേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനത്തിനു കാരണമാകുകയും ചെയ്തു. 

ഇന്ത്യന്‍ ക്രിക്കറ്റില്‍ പല്‍വാങ്കര്‍ ബാലുവിന്റെ വളര്‍ച്ച ക്രമാതീതമായിരുന്നു. വളരെ പെട്ടെന്നുതന്നെ അദ്ദേഹം ഇന്ത്യന്‍ ടീമില്‍ അംഗമാകുകയും അദ്ദേഹത്തിനു നേരിടേണ്ടിവന്ന എല്ലാത്തരത്തിലുമുള്ള ജാതി മുന്‍വിധികളേയും തരണം ചെയ്ത് അക്കാലത്തെ ഏറ്റവും മികച്ച ഇന്ത്യന്‍ ബൗളര്‍ എന്ന സ്ഥാനം നേടിയെടുക്കാനും പല്‍വാങ്കറിനു സാധിച്ചു. ഇന്ത്യന്‍ ടീമിന്റെ ഏറ്റവും ആദ്യത്തെ ഇംഗ്ലീഷ് ടൂറില്‍ അസാമാന്യ പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. പല്‍വാങ്കറിന്റെ മൊത്തം നേട്ടമായ 114 വിക്കറ്റുകള്‍ അക്കാലത്തെ ഒരു അദ്ഭുതമായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം കേംബ്രിഡ്ജ് ടീമിനെതിരെയുള്ള 8/103 ആയിരുന്നു. എന്നാല്‍, മൈതാനത്തിനു വെളിയില്‍ ഭൂരിഭാഗം വരേണ്യജാതി ഹിന്ദുക്കള്‍ അടങ്ങുന്ന മറ്റ് ടീം അംഗങ്ങള്‍ക്ക് ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാന്‍പോലും അദ്ദേഹത്തിന് അനുവാദമില്ലായിരുന്നു. ബാലുവിന്റെ സഹോദരന്മാരായ വിത്തല്‍, ഗണപത്, ശിവറാം പല്‍വാങ്കര്‍ എന്നിവര്‍ പിന്നീട് ഇന്ത്യന്‍ ടീമില്‍ ഇടം നേടുകയും കഴിവ് തെളിയിക്കുകയും ചെയ്തു. ഇന്ത്യന്‍ ടീമിലെ ഏറ്റവും മുതിര്‍ന്ന അംഗവും അസാമാന്യ കഴിവുള്ള കളിക്കാരനുമായിട്ടും പല്‍വാങ്കര്‍ ബാലുവിന് ഒരിക്കലും ടീമിന്റെ ക്യാപ്റ്റന്‍ ആകാന്‍ സാധിച്ചില്ല. ക്രിക്കറ്റ് ആരാധകര്‍ അദ്ദേഹത്തിന് ക്യാപ്റ്റന്‍ സ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒന്നിലധികം ക്യാംപെയ്നുകള്‍ നടത്തിയെങ്കിലും ആ സ്ഥാനം പ്രധാനമായും ബ്രാഹ്മണ ജാതിയില്‍പ്പെട്ട കളിക്കാര്‍ക്കുവേണ്ടി മാറ്റിവയ്ക്കപ്പെട്ട ഒന്നായിരുന്നു. കളികള്‍ക്കിടയിലെ ചായ സമയ ഇടവേളകളില്‍ ഉപയോഗിച്ചു കളയുന്ന കപ്പുകളില്‍ മറ്റ് ടീം അംഗങ്ങള്‍ക്ക് ചായ വിളമ്പാനായാണ് പലപ്പോഴും ബാലുവും സഹോദരന്മാരും നിയോഗിക്കപ്പെട്ടത്.

പൽവാങ്കർ ബാലു
പൽവാങ്കർ ബാലു

20-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ബാലു ഏറ്റവും പ്രിയപ്പെട്ടവനായിരുന്നത് ക്രിക്കറ്റ് ആരാധകര്‍ക്കു മാത്രമായിരുന്നില്ല; അദ്ദേഹം തൊട്ടുകൂടായ്മ അനുഭവിച്ചിരുന്ന ജാതിവിഭാഗങ്ങള്‍ക്ക് ആത്മാഭിമാനത്തിന്റെ ഉറവിടം കൂടിയായിരുന്നു. ഡോ. അംബേദ്കറുടെ ജീവചരിത്രകാരന്മാരില്‍ ഒരാളായ ധനഞ്ജയ് ഖീര്‍ അവകാശപ്പെടുന്നത് 1927-'28 കാലഘട്ടത്തില്‍ ദളിതരുടെ ഏറ്റവും പ്രമുഖനായ നേതാവ്, തന്നെ ശ്രവിച്ചുകൊണ്ടിരുന്ന ഗ്രാമീണജനതയോട് ബാലുവിന്റെ നേട്ടങ്ങള്‍ക്കുള്ള അര്‍ഹമായ അംഗീകാരം ലഭിക്കുന്നതിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ ആദ്യകാല ശ്രമങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു എന്നാണ്. ബാലുവിനെ ക്യാപ്റ്റന്‍ ആക്കുന്നതിനു വേണ്ടിയുള്ള ക്രിക്കറ്റ് ആരാധകരുടെ മുറവിളി അദ്ദേഹത്തെ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ പദവിയില്‍ എത്തിച്ചു. പക്ഷേ, ജാതിശ്രേണിയെ തകിടം മറിക്കുന്നതില്‍ ആശങ്കയുണ്ടായിരുന്ന ടീം മാനേജ്മെന്റ് ഒരിക്കലും ബാലുവിന് അര്‍ഹതപ്പെട്ട ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയില്ല. തൊട്ടു കൂടായ്മയ്ക്കും ജാതീയതയ്ക്കുമെതിരെ രാജ്യവ്യാപകമായി നടന്നിരുന്ന ദളിത് പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഒന്നോ രണ്ടോ ദളിത് കളിക്കാരെ ഉള്‍പ്പെടുത്തിയത് ഒരു പരിധിവരെ സ്വീകാര്യമാണ് എങ്കിലും ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒരു ദളിതന് കൈമാറ്റം ചെയ്യുക എന്ന ജാതി പുന:ക്രമീകരണത്തിന്റെ സൂചകത്തെക്കുറിച്ച് അക്കാലത്ത് ചിന്തിക്കാന്‍പോലും കഴിഞ്ഞില്ല എന്നത് ക്രിക്കറ്റിലെ ജാതിശ്രേണീകരണത്തിന്റെ അടയാളമായിരുന്നു. 

''ജാതി ഉന്മൂലനത്തില്‍'' അംബേദ്ക ര്‍ പറഞ്ഞ ''ഞാന്‍ മൊത്തത്തിന്റെ ഭാഗമല്ല''; 'ഞാന്‍ വേറിട്ടതിന്റെ ഭാഗമാണ്' എന്ന വാചകത്തില്‍ അദ്ദേഹം ഉദ്ദേശിച്ചതെന്താണോ അതിന്റെ ഉത്തമ ഉദാഹരണമായിരുന്നു മേല്‍ പ്രതിപാദിച്ച സംഭവം. ആശിഷ് നന്ദി അഭിപ്രായപ്പെടുന്നത് താഴ്ന്ന വര്‍ഗ്ഗത്തിലുള്ള പ്രൊഫഷണല്‍ കളിക്കാര്‍ 'അശുദ്ധമായ' കീഴാള പണികളെടുത്ത് മത്സരം ജയിപ്പിക്കുന്നതിനുവേണ്ടിമാത്രം പരിശ്രമിക്കുന്നതുകൊണ്ടാണ് അവരുടെ വരേണ്യവര്‍ഗ്ഗ മേലധികാരികള്‍ക്ക് മാന്യത കളിയാടുന്ന മത്സരാധിഷ്ഠിതമല്ലാത്ത കായികമത്സരം എന്ന മായാലോക മിഥ്യാധാരണ നിലനിര്‍ത്താനും സംരക്ഷിക്കാനും സാധിച്ചത് എന്നാണ്.

ദേശീയവീര്യത്തിന്റെ പ്രകടനവും സാങ്കല്‍പ്പിക പൗരുഷത്വവും

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ടെലിവിഷന്റേയും പരിപാടികളുടെ തത്സമയ സംപ്രേക്ഷണത്തിന്റേയും ആവിര്‍ഭാവത്തോടുകൂടി ക്രിക്കറ്റ് പങ്കുവയ്ക്കപ്പെട്ട ഭാവനാലോകമായി; പുരുഷത്വ കാഴ്ചപ്പെടലിന്റെ ഇടമായി മാറി. പ്രേക്ഷകര്‍, തത്സമയ വിവരണം നല്‍കുന്നവര്‍, കളിക്കാര്‍ തുടങ്ങി പൊതുവേ എല്ലാവരും തന്നെ പ്രധാനമായും പുരുഷന്മാരാണ്. മാത്രമല്ല, ക്രിക്കറ്റ് കളി ആസ്വദിക്കുന്ന ചുരുക്കം വരുന്ന സ്ത്രീകളുടെ കാഴ്ചാനുഭവങ്ങള്‍ക്കും അനുഭവ പരിചയത്തിനും തീര്‍പ്പുകല്‍പ്പിക്കുന്നത് ആണ്‍പ്രജ്ഞ തന്നെയാണ്. പല സാമൂഹിക ശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നത് രാഷ്ട്രത്തിന്റെ സത്താരൂപീകരണ പ്രകാശനത്തിലും പ്രത്യേകിച്ച് ദേശീയതയുടെ രതിജന്യതാ രൂപീകരണത്തിലും ക്രിക്കറ്റ് ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട് എന്നാണ്. ഇന്ത്യയുടെ കോളനീവല്‍ക്കൃത ഭൂതകാലത്തില്‍ ക്രിക്കറ്റ് സ്‌ത്രൈണവല്‍ക്കരിക്കപ്പെട്ട സ്വദേശീയതയുടെ നഷ്ടപ്പെട്ട പൗരുഷത്തിനു പുത്തന്‍ ഉണര്‍വ്വ് നല്‍കിയെങ്കില്‍ സ്വാതന്ത്ര്യാനന്തര കാലത്ത് ക്രിക്കറ്റ് ആണ്‍ ദേശീയവീര്യത്തിന്റെ പ്രകടനവും സാങ്കല്‍പ്പിക പൗരുഷത്വത്തിന്റെ മൂര്‍ത്തീകരണവും ഉള്‍ച്ചേര്‍ന്ന ആണ്‍ഭാവനയുടെ ഇടമായി മാറി. 

1970കളിലെ കൊൽക്കത്ത തെരുവ്
1970കളിലെ കൊൽക്കത്ത തെരുവ്

പ്രകോപനങ്ങളേയും ആക്രമണ മനോഭാവത്തേയും വഴിതിരിച്ചു വിടുന്ന, യുദ്ധത്തിനു ബദലായി ഉപയോഗിക്കാവുന്ന സേഫ്റ്റി വാല്‍വ് ആയും ക്രിക്കറ്റ് മാറ്റപ്പെട്ടു. ദേശീയ പതാകയേയും ദേശീയ സ്തംഭത്തേയും പോലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമും ദേശീയതയുടെ മൂര്‍ത്തീകരണം പ്രകാശിപ്പിക്കുന്ന സത്തയായി. എന്നാല്‍, വിശ്രമവേളകളില്‍ ഉപയോഗിക്കാന്‍ സാധിക്കാത്ത ദേശീയ പതാകയില്‍നിന്നും സ്തംഭത്തില്‍നിന്നും വ്യത്യസ്തമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്ത്യക്കാരുടെ ആഡംബര ടെലിവിഷന്‍ സെറ്റുകളില്‍ പടര്‍ന്നുപിടിച്ച ബാധയായി മാറി.

അഞ്ച് ദശാബ്ദങ്ങളോ അതില്‍ കൂടുതലോ ആയി ക്രിക്കറ്റ് പുരുഷ സങ്കല്‍പ്പത്തേയും സംഭാഷണങ്ങളേയും പ്രബലമായി നിലനിര്‍ത്തുന്നു എന്നത് അത്യുക്തിയല്ല. വര്‍ഗ്ഗപരവും ലിംഗപരവുമായ വരേണ്യമൂല്യങ്ങളെ രൂപീകരിക്കുന്നതിലും പ്രകാശിപ്പിക്കുന്നതിലും ക്രിക്കറ്റ് പ്രധാന പങ്കുവഹിക്കുന്നുണ്ട്. 89 വര്‍ഷത്തെ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ആകെയുള്ള 289 കളിക്കാരില്‍ അഞ്ച് ദളിത് കളിക്കാര്‍ മാത്രമാണ് ഇന്ത്യന്‍ ടീമില്‍ അംഗങ്ങളായിട്ടുണ്ടായിരുന്നത്. സാമൂഹിക ബഹിഷ്‌കരണത്തിന്റെ ഈ പശ്ചാത്തലത്തില്‍നിന്നു വേണം 'ബ്രാഹ്മണ്‍സ് ഒണ്‍ലി' ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ പോലെയുള്ള മത്സരങ്ങള്‍ തുറന്നുകാട്ടുന്ന ക്രിക്കറ്റ് എന്ന കായികമത്സരത്തില്‍ ആഴത്തില്‍ അന്തര്‍ലീനമായി കിടക്കുന്ന വലിഞ്ഞു മുറുകിയതും പ്രക്ഷുബ്ധവുമായ ജാതിബന്ധങ്ങളെ മനസ്സിലാക്കാന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com