സിനിമ- ജീവിതങ്ങള്‍, സ്വപ്‌നങ്ങള്‍

സിനിമയുടെ വിസ്മയവെളിച്ചത്തിലേക്ക് പറന്നുയരാന്‍ ശ്രമിച്ച് ചിറകുതളര്‍ന്ന് ഇരുളിലേക്കമര്‍ന്ന അനേകം പേരുടെ കഥകള്‍ മദ്രാസിലെ തെരുവുകള്‍ക്കറിയാം. വള്ളിയക്കയും സാധനയും അവര്‍ക്കിടയില്‍ നിന്നും കടന്നുവരുന്നു
ചിത്രീകരണം- ദേവപ്രകാശ്
ചിത്രീകരണം- ദേവപ്രകാശ്

വള്ളിയക്കയുടെ തട്ടുകട

നിനച്ചിരിക്കാതെയുള്ള ഒരു കൂടുമാറ്റം.

മദ്രാസിലെ ഇടത്തരക്കാരുടെ കോളനിയാണ് കരുണാനിധി സ്ട്രീറ്റ്. കൊച്ചിന്‍ ഹനീഫ, ശാന്തകുമാരി, സബിതാ ആനന്ദ്, വടിവേലു, സംവിധായകന്‍ തുളസിദാസ്, കെ.എന്‍. അങ്ങനെ ഒട്ടനവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ പരിസരവാസികളായിരുന്നു.

സിനിമാനഗരിയായ കോടമ്പാക്കത്തിനും വടവളനിക്കും ഇടയിലുള്ള സ്ഥലമായതുകൊണ്ടാണ് ഇവിടം ഇത്രയധികം സിനിമാക്കാര്‍ താമസിക്കാന്‍ തെരഞ്ഞെടുത്തതെന്നു തോന്നി.

ഉണ്ടപ്പക്രു ആദ്യമായി അഭിനയിച്ച 'അമ്പിളി അമ്മാവന്‍' എന്ന സിനിമയുടെ നിര്‍മ്മാതാവ് വിജയ് വര്‍ഗ്ഗീസിന്റെ ഓഫീസ് കെട്ടിടത്തിലായിരുന്നു ഞാന്‍ അപ്പോള്‍ താമസിച്ചത്. അവരുടെ അടുത്ത തമിഴ് സിനിമയ്ക്കുവേണ്ടിയായിരുന്നു ആ വീട് എടുത്തത്. പിന്നീട് ആ സിനിമ നടന്നില്ല. ഈ സമയത്താണ് 'നാന' ചലച്ചിത്ര വാരികയുടെ പ്രതിനിധിയായി ഞാന്‍ മദ്രാസിലെത്തുന്നത്. 'അമ്പിളി അമ്മാവ'ന്റെ അസോസിയേറ്റ് ഡയറക്ടറായി നേരത്തെ പ്രവര്‍ത്തിച്ച പരിചയത്തിലാണ് വിജയ് വര്‍ഗ്ഗീസ് വീട് എനിക്കു നല്‍കിയത്.

നല്ല വീടായിരുന്നു. പക്ഷേ, അവിടെ താമസിച്ച അഞ്ചുമാസവും എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. വീടിന്റെ മുകളിലും പുറകിലുമൊക്കെ സിനിമാ കമ്പനികളായിരുന്നു. മുന്നിലെ വീടാണെങ്കില്‍ ഒരു എഡിറ്റിംഗ് സ്റ്റുഡിയോയും. എപ്പോഴും സിനിമാക്കാരുടെ തിരക്കായിരുന്നു. എഡിറ്റിംഗ് റൂമിലേക്കുള്ള വഴി എന്റെ മുറിയുടെ സമീപത്തുകൂടിയായതിനാല്‍ ചവിട്ടുപടിയിലെ കാലൊച്ച വല്ലാതെ അസ്വസ്ഥനാക്കി. പകലും രാത്രിയും ആളുകളുടെ തിരക്കുതന്നെ. എത്രയും പെട്ടെന്ന് ആ വീട് ഒഴിയണമെന്നു തീരുമാനിച്ചു.

സംവിധായകന്‍ രവിഗുപ്തന്‍ എന്റെ അടുത്ത സുഹൃത്തായിരുന്നു. 'നാന' നിര്‍മ്മിച്ച 'നട്ടുച്ചക്കിരുട്ട്', 'ബലൂണ്‍' (മുകേഷും സായികുമാറിന്റെ സഹോദരി ശോഭയും ആദ്യമായി അഭിനയിച്ച ചിത്രം) എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തത് രവിഗുപ്തനായിരുന്നു.

ഒരു ദിവസം രവിഗുപ്തന്‍ ഫോണ്‍ചെയ്ത് പറഞ്ഞു: ''മഹാബലിപുരത്തിനടുത്തുള്ള ആര്‍.കെ. ലോഡ്ജില്‍ ഒരു മുറി തരപ്പെടുത്തിയിട്ടുണ്ട്. ഉടനെ വന്നാല്‍ മുറി കിട്ടും.'' രവിഗുപ്തനും ഇവിടെയാണ് താമസിക്കുന്നത്. ഒട്ടും വൈകിയില്ല. എന്റെ പുസ്തകങ്ങളും കിടക്കയും കെട്ടിയൊതുക്കി ഞാന്‍ അങ്ങോട്ട് തിരിച്ചു.
അന്നത്തെ കാലത്ത് ആര്‍.കെ. ലോഡ്ജില്‍ ഒരു മുറി കിട്ടുക വളരെ പ്രയാസമാണ്. മദ്രാസിന്റെ ഹൃദയഭാഗമാണ് അവിടം. സിനിമാക്കാരുടെ താവളവും അതിനടുത്തുതന്നെയാണ്.

പത്രപ്രവര്‍ത്തകനും ഗാനരചയിതാവും അന്യഭാഷാ സിനിമകളുടെ മൊഴിമാറ്റക്കാരനുമായ മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ മുറിയാണ് രവിഗുപ്തന്‍ എനിക്കായി കണ്ടുവച്ചിരുന്നത്. ദീര്‍ഘകാലത്തെ മദ്രാസ് വാസത്തിനുശേഷം മങ്കൊമ്പ് നാട്ടിലേക്കു മടങ്ങിപ്പോയിരുന്നു. നടന്മാരായ ജോസ്, ലാലു അലക്‌സ്, കുണ്ടറ ജോണി, സംവിധായകന്‍ ആലപ്പി അഷറഫ്, ജോര്‍ജ് കിത്തു, ഉണ്ണി ആറന്മുള എന്നിവര്‍ ആര്‍.കെയിലെ അന്തേവാസികളാണ്. കുറച്ചുകാലം ചിരഞ്ജീവിയും അവിടെ താമസിച്ചിരുന്നതായി ആലപ്പി അഷറഫ് പറഞ്ഞറിഞ്ഞു.

ആര്‍.കെ. ലോഡ്ജിലെ എന്റെ ദിനങ്ങള്‍ ആരംഭിക്കുകയാണ്. സഹസംവിധായകനെന്ന നിലയിലുള്ള ഒന്നാം മദ്രാസ് ജീവിതത്തിനുശേഷമുള്ള, പത്രപ്രവര്‍ത്തകനെന്ന നിലയിലുള്ള രണ്ടാം മദ്രാസ് ജീവിതമായിരുന്നു അത്.

ഒരു ചാറ്റല്‍മഴയുള്ള രാത്രിയിലാണ് ലോഡ്ജിന്റെ മുന്നിലെ വള്ളിയക്കയുടെ തട്ടുകടയിലെത്തിയത്. നാട്ടുകാര്‍ വള്ളിയക്കയെന്നു വിളിക്കുന്ന വള്ളി നാഗരാജന്‍ എന്ന അന്‍പതുകാരിയായിരുന്നു അവര്‍. കൊണ്ടകെട്ടിയ തലമുടി. അതു നിറയെ കനകാംബരപ്പൂക്കള്‍. സാമാന്യത്തിലധികം വലിപ്പമുള്ള സിന്ദൂരപ്പൊട്ട്, ചുവന്നുകലങ്ങിയ കണ്ണുകള്‍... ഒറ്റനോട്ടത്തില്‍ ഒരു ഭദ്രകാളി സങ്കല്‍പ്പം ഓര്‍മ്മവന്നു.

ലോഡ്ജിനോട് ചേര്‍ന്നുള്ള റോഡിന്റെ ഓരത്താണ് ഇഡ്ഡലിക്കട. അതൊരു തള്ളുവണ്ടിയാണ്. വൈകിട്ട് ആറുമണിക്ക് തുറക്കും. പന്ത്രണ്ട് മണിവരെ ഭക്ഷണം കിട്ടും. മുന്‍പ് കാണാത്ത മുഖമായതുകൊണ്ടായിരിക്കും അവരെന്നെ വല്ലാതെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഞാന്‍ ആവശ്യപ്പെടാതെ തന്നെ എന്റെ പ്ലേറ്റിലെ ഇഡ്ഡലിക്കു മുകളില്‍ ചട്ട്ണിയും മുളകുകറിയും അവര്‍ വീണ്ടും വീണ്ടും ഒഴിച്ചുകൊണ്ടിരുന്നു.

ആളൊഴിഞ്ഞപ്പോള്‍ അക്ക ചോദിച്ചു: ''ഇന്ത ഇടത്തില്‍ നീങ്കേ പുതുസാ...?''

അതെ എന്ന മട്ടില്‍ ഞാന്‍ തലയാട്ടി.

''ഇനി എങ്കേയും ചാപ്പട്തുക്ക് പോകവേണ്ട. നാന്‍ താന്‍ ഇനി ഉങ്കളുടെ അക്കാ... എന്നെ വേണേലും എങ്കട്ട് കേട്ടാല്‍ പോതും.''

കൂടെ പിറക്കാതെപോയ ഒരു സഹോദരിയുടെ മട്ടും ഭാവവുമായിരുന്നു അപ്പോള്‍. ആവശ്യത്തിലേറെ ഇഡ്ഡലി കഴിച്ചാണ് അന്നു മുറിയിലെത്തിയത്.

അടുത്ത രണ്ടു ദിവസങ്ങള്‍ നല്ല തിരക്കായിരുന്നു. രണ്ട് മലയാള ചിത്രങ്ങളുടേയും ഒരു തമിഴ് ചിത്രത്തിന്റേയും ലൊക്കേഷന്‍ കവര്‍ ചെയ്യണമായിരുന്നു. അന്നത്തെ ഏറ്റവും തിരക്കുള്ള പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് കിളിമാനൂര്‍ ചന്ദ്രന്‍ രാവിലെ കാറുമായി റൂമിലെത്തി. ജോഷിയേട്ടന്റെ സിനിമയുടെ ഷൂട്ടിംഗ് മദ്രാസ് നഗരം വിട്ടുള്ള ഒരു ബംഗ്ലാവില്‍ നടക്കുകയാണ്. മമ്മൂട്ടി, സുരേഷ്ഗോപി, മുകേഷ്- അങ്ങനെ ഒരുപിടി താരങ്ങള്‍ ലൊക്കേഷനിലുണ്ട്.

മലയാള സിനിമയുടെ എണ്‍പത് ശതമാനം ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷനും മദ്രാസിലാണ് നടക്കുന്നത്. എന്തിനും ഏതിനും അന്ന് മദ്രാസ് സ്റ്റുഡിയോകളെ ആശ്രയിച്ചേ മതിയാകൂ. പക്ഷേ, ഒരു ചെറിയ ശതമാനം സിനിമാ പ്രവര്‍ത്തകര്‍ തങ്ങളുടെ സിനിമകളുമായി കേരളത്തിലേക്കു പലായനം ചെയ്തു തുടങ്ങിയിരുന്നു.

ഒരു സിനിമയുടെ വിജയത്തിനു നല്ലൊരു പങ്ക് 'നാന' വാരികയിലെ പബ്ലിസിറ്റിക്ക് കഴിയുമായിരുന്നു. ചിത്രത്തെക്കുറിച്ചുള്ള തുടര്‍ റിപ്പോര്‍ട്ടുകളും അഭിമുഖങ്ങളും ഫോട്ടോ സെക്ഷനുമൊക്കെ 'നാന'യില്‍ ആവോളം അച്ചടിച്ച് വന്നുകൊണ്ടിരുന്നു. അതുകൊണ്ടുതന്നെ 'നാന'യുടെ പ്രതിനിധികള്‍ക്ക് മാന്യമായ സ്വീകരണവും ആദരവും ലഭിച്ചിരുന്നു.

രണ്ടു ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് വള്ളിയക്കയുടെ തട്ടുകടയില്‍ ഞാനെത്തിയത്. എന്നെ കണ്ടയുടനെ അക്ക ചോദിച്ചു:

''എന്നാ സാര്‍... ഉങ്കള്‍ക്ക് ഉള്ളി തീയല്‍ ചമയല്‍ ചെയ്തു വച്ചിരുന്തേന്‍. രണ്ടുനാള്‍ വരല്ലെ...?''
ആ ചോദ്യത്തിന് എന്തു മറുപടി നല്‍കുമെന്ന ചിന്തയില്‍ നില്‍ക്കുമ്പോള്‍ അവര്‍ വീണ്ടും ചോദിച്ചു:
''സാര്‍... ഇന്ത ഇടത്തെവിട്ട് പോകക്കൂടാത്. അക്കാ ഇങ്കേ നല്ല ചാപ്പാട് റെഡിപണ്ണിത്തരൈന്‍.''
വള്ളിയക്കയുടെ ആ പൈങ്കിളി ഡയലോഗ് കേട്ട് ഒന്നു ചമ്മി. 

രവിഗുപ്തനും ജോണിയുമൊക്കെ അവിടെയുണ്ടായിരുന്നു എന്നാണ് എന്റെ ഓര്‍മ്മ. അവര്‍ക്കാര്‍ക്കും കൊടുക്കാത്ത പരിഗണന എനിക്കു തന്നപ്പോള്‍ ഞാനാകെ വിയര്‍ത്തു.

ആരായിരുന്നു ഈ വള്ളിയക്ക?

ലോഡ്ജിലെ അന്തേവാസികളായ പലരോടും ചോദിച്ചു. ആര്‍ക്കും അവരുടെ പൂര്‍വ്വാശ്രമ വിശേഷങ്ങള്‍ അറിയില്ലായിരുന്നു. ഏറെക്കാലമായി അവര്‍ ഈ തെരുവിലുണ്ട്.

തന്റേടിയായി... തെറിക്കാരിയായി... മദ്യപാനിയായി... തെരുവില്‍ വീണുറങ്ങുന്നവളായി...

ആര്‍.കെ. ലോഡ്ജിലെ എന്റെ ജീവിതം പൊതുവേ സന്തോഷകരമായിരുന്നു. നന്നായി വിശ്രമിക്കാനും വായിക്കാനും ഉറങ്ങാനും കഴിയുന്ന അന്തരീക്ഷം. ആളനക്കമില്ല. അടിപിടിയില്ല. താമസക്കാരില്‍ അധികവും സിനിമാക്കാരായതിനാല്‍ പലപ്പോഴും മുറികളില്‍ ഏകാന്തതയായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് എത്തിയാല്‍ത്തന്നെ അവരൊക്കെ പെട്ടെന്നു നിദ്രയിലേക്കു വഴുതിവീണുകൊള്ളും.

ഒരു ദിവസം രാത്രി വായിച്ചുകൊണ്ടിരിക്കുമ്പോള്‍ കതകിലൊരു മുട്ട് കേട്ടു. പന്ത്രണ്ട് മണിക്ക് ഇതാര് എന്നോര്‍ത്തുകൊണ്ട് വാതില്‍ തുറന്നു.

ചുവന്നുകലങ്ങിയ കണ്ണുകളുമായി വള്ളിയക്ക. കതക് മലര്‍ക്കെ തുറന്നുകൊണ്ട് മുറിക്കകത്തേക്ക് ഓടിക്കയറി. പെട്ടെന്ന് അവര്‍തന്നെ കതക് അടച്ച് കുറ്റിയിട്ടു.

പരിചയപ്പെട്ട് ഏതാനും നാളുകളേ ആയുള്ളൂ. അതിനുള്ളില്‍ ഇത്രയും സ്വാതന്ത്ര്യമോ? ഞാന്‍ സ്വയം ചോദിച്ചു:

''എന്താ വള്ളിയക്കാ ഈ രാത്രിയില്...?''

സ്വന്തം വായ് പൊത്തിപ്പിടിച്ചുകൊണ്ട് അവര്‍ ശബ്ദം താഴ്ത്തി പറഞ്ഞു: ''കാപ്പാത്തുങ്കേ സാര്‍... അവര്‍ വന്തിരിക്കാറ്... എന്നുടെ കണവന്‍...!''

''അതിനെന്ത്...?'' എന്ന മറുചോദ്യവുമായി ഞാന്‍ അവരെ നോക്കി.

''ഇല്ല സാര്‍... അവരെന്നെ കൊല്ലുവാര്... അവര്‍ ഇപ്പോ വന്തത് അത്ക്കുതാം...''

ഞാന്‍ ധര്‍മ്മസങ്കടത്തിലായി. ഒരു കൊടുവാള്‍ കൊലയ്ക്ക് സാക്ഷിയാകേണ്ടിവരുമെന്ന അവസ്ഥ.

സിനിമാരംഗത്തുള്ള എന്റെ പേര്, നാട്ടിലെ വില... തലചുറ്റുന്നതുപോലെ തോന്നി. ഇതിനകം ലോഡ്ജിന്റെ മുന്നില്‍ ആര്‍ത്തട്ടഹസിക്കുന്ന ഒരു പുരുഷശബ്ദം. എന്റെ എല്ലാ നിയന്ത്രണങ്ങളും കൈവിട്ട മട്ടായി.

വള്ളിയക്ക ഭയന്ന് ഒരു മൂലയ്ക്ക് ഇരിക്കുകയാണ്. ഞാന്‍ കട്ടിലില്‍ പകുതി മരിച്ച അവസ്ഥയിലും. നിമിഷങ്ങള്‍ക്കകം അട്ടഹസിക്കുന്ന ശബ്ദം ഈ മുറിയിലെത്തും. കതക് ചവിട്ടിത്തുറന്ന്, വള്ളിയക്കയുടെ മുടിക്കെട്ടില്‍ കടന്നുപിടിച്ച് കൊടുവാള്‍കൊണ്ട് ചന്നം പിന്നം വെട്ടും. അവര്‍ രക്തത്തില്‍ വീണു പിടഞ്ഞുമരിക്കും.
ഈ രംഗങ്ങള്‍ തമിഴ് സിനിമയില്‍ ഒരുപാട് കണ്ടിട്ടുള്ളതാണ്. അതുതന്നെ ഇവിടെയും സംഭവിക്കുമോ? എന്റെ മനസ്സ് ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടിരുന്നു.

എന്തും വരട്ടെയെന്നു തീരുമാനിച്ചു. എണീറ്റ് ലൈറ്റണച്ചു. ഇരുട്ടില്‍ വള്ളിയക്കയുടെ ഉച്ചത്തിലുള്ള നിശ്വാസം കേള്‍ക്കാം. ഒരുപക്ഷേ, അത് അവരുടെ നെഞ്ചിടിപ്പാകാം...

പുറത്തെ അട്ടഹാസം എന്റെ മുറിയുടെ പരിസരത്തുതന്നെയുണ്ട്. പലരോടും വള്ളിയക്കയെ തിരക്കുന്നുണ്ട്. വാച്ചര്‍ ഗോപാലന്‍ അയാളെ മടക്കി അയക്കാന്‍ പാടുപെടുന്നു. ഗോപാലനോട് അയാള്‍ ആക്രോശിക്കുന്നുണ്ട്. ഗോപാലന്‍ വിട്ടുകൊടുക്കുന്നില്ല. അയാളെ കീഴ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
ആകെ മുറുകി പൊട്ടുന്ന അന്തരീക്ഷം. ഒരു സിനിമയിലെ സീന്‍ തന്നെയായിരുന്നു അത്. ഞാന്‍ വള്ളിയക്കയെ നോക്കി. നേരിയ ഇരുളിലും അവരുടെ മുഖം കണ്ടു. വിയര്‍പ്പില്‍ കുതിര്‍ന്ന സിന്ദൂരം. നിറഞ്ഞൊഴുകുന്ന കണ്ണുകള്‍.

ക്രമേണ അട്ടഹാസം അകന്നകന്നു പോയി. ഗോപാലന്‍ അയാളെ ബലപ്രയോഗത്തിലൂടെ കീഴ്പെടുത്തിയിരിക്കുന്നു. എന്റെ ശ്വാസം നേരെയായതുപോലെ തോന്നി. എങ്ങനെയെങ്കിലും വള്ളിയക്കയെ പുറത്താക്കണം. മറ്റു മുറിയിലെ ആളുകള്‍ എത്തുംമുന്‍പ് ഇവരില്‍നിന്നു രക്ഷപ്പെടണം.

ലൈറ്റ് ഇട്ടുകൊണ്ട് കതക് തുറന്നു പുറത്തിറങ്ങി. മുറികള്‍ പലതും അടഞ്ഞുതന്നെ. പുറത്തെങ്ങും ഗോപാലനെ കാണുന്നില്ല. ഒരു പിടിവലി നടന്നതായിട്ടുള്ള ലക്ഷണങ്ങള്‍ കണ്ടു. പൂച്ചട്ടികള്‍ ഉടഞ്ഞുകിടക്കുന്നു. ഗോപാലണ്ണന്റെ ചാരുകസേരയുടെ കാലുകള്‍ ഒടിഞ്ഞിട്ടുണ്ട്.

മുറിയിലേക്കു മടങ്ങിയെത്തി. വള്ളിയക്ക ഇതിനകം ചെറിയ മയക്കത്തിലേക്കു പോയിരുന്നു. അവരെ തട്ടിവിളിച്ചു. ചുവന്നു കലങ്ങിയ കണ്ണുകള്‍കൊണ്ട് അവരെന്നെ തുറിച്ചുനോക്കി. ഉടനെ പുറത്തേക്കു പോകാന്‍ പറഞ്ഞു. ഒന്നു ഭയന്നതുപോലെ അവര്‍ ചാടിയെണീറ്റു. എന്തോ ഉറപ്പുവരുത്തിയതുപോലെ പുറത്തിറങ്ങി വേഗം മറഞ്ഞു.

പിന്നീട് വള്ളിയക്കയുടെ കഥ ഗോപാലണ്ണന്‍ വഴിയാണ് ഞാനറിയുന്നത്. അവര്‍ മധുരയിലെ ഒരു കുഗ്രാമത്തില്‍നിന്നും വര്‍ഷങ്ങള്‍ക്കുമുന്‍പ് സിനിമാ മോഹവുമായി കോടമ്പാക്കത്തെത്തിയതാണ്. അന്ന്, കയ്യില്‍ കരുതിയ പഴന്തുണിക്കെട്ടില്‍ മങ്ങിയ ഒരു ഫോട്ടോയും ഉണ്ടായിരുന്നു. തമിഴിലെ തിരക്കുള്ള ഒരു പ്രൊഡക്ഷന്‍ മാനേജരുടെ ചിത്രമായിരുന്നു അത്.

ഗ്രാമത്തിന് അന്ന് ഉത്സവത്തിമിര്‍പ്പായിരുന്നു. തമിഴിലെ സൂപ്പര്‍ സംവിധായകന്‍ ഭാരതിരാജയുടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആ ഗ്രാമത്തില്‍ നടക്കുകയാണ്. ഇഷ്ടതാരങ്ങളെല്ലാം അവിടെയുണ്ട്. ഷൂട്ടിംഗ് നേരിട്ട് കാണാനുള്ള ആവേശത്തിലാണ് പാവപ്പെട്ട ഗ്രാമീണര്‍. അവരില്‍ ഒരാളായി വള്ളിയും ഉണ്ടായിരുന്നു.

അവളുടെ നിറം എണ്ണക്കറുപ്പായിരുന്നു. പക്ഷേ, കറുപ്പിലും ഏഴഴക് എന്നുപറഞ്ഞതുപോലെയാണ്. പതിനെട്ടിന്റെ തുടിപ്പാര്‍ന്ന യൗവ്വനം. പ്രായത്തില്‍ക്കവിഞ്ഞ ശരീരഘടന. ആരുടേയും ശ്രദ്ധ പിടിച്ചുപറ്റുന്ന ഊര്‍ജ്ജസ്വലത.

ഷൂട്ടിംഗ് തിരക്കിനിടയിലും വള്ളിയെ ഒരാള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ മാനേജര്‍. ദിവസങ്ങള്‍ക്കുള്ളില്‍ അയാള്‍ വള്ളിയെ പാട്ടിലാക്കി. അഭിനയമോഹം തലയ്ക്കുപിടിച്ച പെണ്ണാണെന്ന് അയാള്‍ ഉറപ്പിച്ചു. സ്വകാര്യമായി വള്ളിയോട് അയാള്‍ ആ രഹസ്യം പങ്കിട്ടു.

മദ്രാസില്‍ വന്നാല്‍ സിനിമകളില്‍ അഭിനയിക്കാന്‍ അവസരം ഒരുക്കിത്തരാം.

പത്തുദിവസത്തെ ഷൂട്ടിംഗിനിടയില്‍ വള്ളിയെ, സ്വപ്‌നങ്ങളുടേയും പ്രതീക്ഷകളുടേയും ലോകത്തിലേക്ക് അയാള്‍ കൊണ്ടെത്തിച്ചു.

രാത്രികളില്‍ ഒരുപാട് കിനാക്കള്‍ കണ്ടു. തമിഴിലെ വലിയ താരങ്ങളോടൊപ്പമുള്ള രംഗങ്ങള്‍... കൊട്ടാരംപോലുള്ള വീട്... വിഭവസമൃദ്ധമായ ഭക്ഷണം... വിലകൂടിയ പട്ടുസാരികളും ആഭരണങ്ങളും... പെട്ടെന്നു കയ്യെത്തിപ്പിടിക്കാന്‍ കഴിയാത്ത അത്രയും വലിയൊരു ജീവിതം വള്ളി സ്വപ്‌നം കണ്ടു.

മധുരയിലെ വാഴത്തോപ്പില്‍നിന്നും മദ്രാസ് എന്ന മഹാനഗരത്തിലേക്ക് അവള്‍ എത്തപ്പെട്ടു. പ്രൊഡക്ഷന്‍ മാനേജര്‍ അവള്‍ക്കു താമസിക്കാന്‍ വീടൊരുക്കി. കോടമ്പാക്കത്തുള്ള കാമരാജ് കോളനിയിലെ ഒരു തകരഷെഡില്‍ അവളെ പ്രണയിനിയാക്കി പാര്‍പ്പിച്ചു. ഒറ്റ രാത്രികൊണ്ട് വള്ളിയുടെ സ്വപ്‌നങ്ങള്‍ക്കുമേല്‍ കടുത്ത വേനല്‍ പരത്തി അയാള്‍ അവളെ സ്വന്തമാക്കി.

പതിനെട്ട് വയസ്സുള്ള വള്ളി, അന്‍പതിനടുത്തുള്ള പ്രൊഡക്ഷന്‍ മാനേജരുമായി ആ വീട്ടില്‍ ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ പാര്‍ത്തുതുടങ്ങി.

എം.ജി.ആറിന്റേയും ശിവാജി ഗണേശന്റേയും സിനിമകള്‍ കണ്ട് ഹരംകൊണ്ടിരുന്ന വള്ളിക്ക് അന്നത്തെ കോടമ്പാക്കം നിറക്കാഴ്ചകളുടെ ഉത്സവമായിരുന്നു. വൈകി ഉറങ്ങുകയും വൈകി ഉണരുകയും ചെയ്യുന്ന സിനിമാ നഗരം. വാലിട്ട് കണ്ണെഴുതി, തലയില്‍ പൂചൂടി, ചുണ്ടില്‍ ചായം തേച്ച, കൊഴുത്തുതടിച്ച എക്സ്ട്രാ നടിമാരുടെ തെരുവോരങ്ങള്‍... അവിടെ സ്വപ്‌നങ്ങള്‍ വിലപേശി വില്‍പ്പന നടത്തുന്നു. പൂക്കാരി തെരുവിലേയും വടപളനി മുരുകന്റേയും മുന്നിലെ മല്ലികപ്പൂവിന്റേയും പിച്ചിപ്പൂവിന്റേയും മാദകഗന്ധം പരത്തി ചിരിച്ചുനില്‍ക്കുന്ന നടികള്‍.

ഇതൊക്കെ വള്ളിയെ വല്ലാതെ മത്തുപിടിപ്പിച്ചു. ഗ്രാമത്തിലെ മുഴുപട്ടിണിയില്‍നിന്നും ഒരു മോചനമായിരുന്നു ഈ പരിവര്‍ത്തനം എന്നവള്‍ കരുതി.

ആദ്യത്തെ ഒരു മാസം സന്തോഷത്തിന്റേയും സ്‌നേഹത്തിന്റേയും ദിനങ്ങളായിരുന്നു. പിന്നീട് കാമരാജ് കോളനിയില്‍നിന്നും മറ്റൊരു വീട്ടിലേക്ക് അവളെ മാറ്റിപ്പാര്‍പ്പിച്ചു. മലയാളം ഉള്‍പ്പെടെ വിവിധ ഭാഷാചിത്രങ്ങള്‍ക്ക് ആവശ്യമുള്ള എക്സ്ട്രാ നടികളെ സപ്ലൈ ചെയ്തിരുന്ന സാവിത്രിയുടെ വീട്ടിലേക്കാണ് വള്ളിയെ 
കൊണ്ടെത്തിച്ചത്. പഴയ പ്രതാപമൊന്നും ഇന്ന് അവര്‍ക്കില്ല. പകുതി വൃദ്ധയായിക്കഴിഞ്ഞ അവര്‍ അന്നത്തിനുപോലും ബുദ്ധിമുട്ടുന്ന കാലം.

സിനിമാരംഗത്ത് സാവിത്രി പരിചയപ്പെടുത്തിയ പല നടിമാരും പിന്നീട് അറിയപ്പെട്ടവരായി. ആ പേരില്‍ സാവിത്രി പരമാവധി ചൂഷണം ചെയ്തു പണം സമ്പാദിച്ചു. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ അവരെ സിനിമാക്കാര്‍ ഒഴിവാക്കി നിര്‍ത്തിയിരിക്കുകയാണ്. തികഞ്ഞ പട്ടിണിയും പരിവട്ടവുമായി ഒറ്റയ്ക്കു കഴിഞ്ഞ അവരുടെ ഇടയിലേക്കാണ് ഇപ്പോള്‍ വള്ളിയെ കൊണ്ടെത്തിച്ചിരിക്കുന്നത്.

തിളയ്ക്കുന്ന താരുണ്യം. മോഹവിലയ്ക്ക് വിറ്റുപോകുന്ന ഒരു മധുരമുന്തിരി. സാവിത്രിക്ക് അതൊരു രണ്ടാം ജന്മമായിരുന്നു. ആദ്യമൊക്കെ ഓരോ പകലും വള്ളിയെ പല സിനിമാ സെറ്റുകളിലും കൊണ്ടുപോയി പരിചയപ്പെടുത്തി. പിന്നീട് ആ യാത്രകള്‍ രാത്രികളിലേക്കു മാറി.

വള്ളിയെ തകര്‍ത്തെറിഞ്ഞുപോയ പ്രൊഡക്ഷന്‍ മാനേജരെ ഇപ്പോള്‍ അവള്‍ ഓര്‍ക്കാറില്ല. തുണ്ട് സിനിമകളിലും മറ്റും അഭിനയിച്ചുള്ള ജീവിതം കൂടുതല്‍ കൂടുതല്‍ തകര്‍ച്ചയിലേക്ക് കൊണ്ടെത്തിക്കുകയാണെന്ന് അറിയാതെ സാവിത്രിക്കൊപ്പം അവള്‍ ഒഴുകിക്കൊണ്ടേയിരുന്നു. പ്രതികരിക്കാനോ എതിര്‍ക്കാനോ കഴിയാതെ സ്വയം നാശത്തിലേക്കു നിപതിച്ചുകൊണ്ടിരുന്നു.

ശാസ്ത്രീയമായി ഡാന്‍സ് പഠിച്ചിട്ടില്ലാത്ത വള്ളിക്ക് നൃത്തരംഗങ്ങളിലും മറ്റും അവസാനവരിയിലെ നൃത്തക്കാരിയായിട്ടായിരുന്നു വേഷം. ആഹാരവും അന്‍പത് രൂപയും പ്രതിഫലം. അതും കൈപ്പറ്റിയിരുന്നത് സാവിത്രി തന്നെയായിരുന്നു.

ആ യാത്രയ്ക്കിടയിലാണ് ആ ഞെട്ടിക്കുന്ന സത്യം അവള്‍ തിരിച്ചറിയുന്നത്. താന്‍ ഗര്‍ഭിണിയായിരിക്കുന്നു. ആരുടേതെന്ന് അറിയാത്ത ഗര്‍ഭം.

മനസ്സ് ഒരു കാട്ടുതീയായി ആളിക്കത്തുന്നു. അതില്‍പ്പെട്ട് അവള്‍ വെന്തുരുകി.

മൂന്നുമാസത്തിനുശേഷം സാവിത്രി വള്ളിയെ തഴഞ്ഞു. പക്ഷേ, കൈകൊടുത്ത് അവളെ ഉയര്‍ത്തിയെടുക്കാന്‍ ഒരാള്‍ എത്തിയിരിക്കുന്നു. ഗണേശന്‍ എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ്. വള്ളിയെ ആശുപത്രിയില്‍ കൊണ്ടുപോകാനും പ്രസവശുശ്രൂഷ കൊടുക്കാനുമൊക്കെ ഗണേശന്‍ ഒരു സ്ത്രീയെ ഏര്‍പ്പാടാക്കിക്കൊടുത്തു.

ഒന്നും പ്രതീക്ഷിച്ചുകൊണ്ടല്ല ഗണേശന്‍ രക്ഷകനായി അയാള്‍ എത്തിയത്. അതിനൊരു കാരണമുണ്ടായിരുന്നു. അവളെ തല്ലിത്തകര്‍ത്തു പോയ പ്രൊഡക്ഷന്‍ മാനേജരുടെ ഇളയ സഹോദരനായിരുന്നു ഗണേശന്‍. സ്വന്തം അണ്ണന്‍ ചെയ്ത പാപത്തിന്റെ പ്രായശ്ചിത്തമായിരുന്നു അയാള്‍ വള്ളിയെ ജീവിതത്തിലേക്കു ചേര്‍ത്തുനിര്‍ത്തിയത്.

ഒരു പെണ്‍കുഞ്ഞിന് അവള്‍ ജന്മം നല്‍കി. വിധിയുടെ വികൃതിയെന്നപോലെ കറുത്ത വള്ളിക്ക് വെളുത്ത് സുന്ദരിയായ മകള്‍ ജനിച്ചു. മൂന്നുവയസ്സുവരെ പല വീടുകളിലും അടുക്കളപ്പണിക്കു പോയി കുഞ്ഞിനെ പോറ്റി. പിന്നീട് ഗണേശന്‍ വഴിതന്നെ സിനിമാ സെറ്റുകളിലെ ആഹാരം വിളമ്പുകാരിയായി. ഒരിക്കല്‍ സ്വപ്‌നം കണ്ട അതേ സിനിമാ ലോകത്തിന്റെ പരിസരത്തുതന്നെ അവള്‍ ജീവിച്ചു. എല്ലാ ദുഃഖങ്ങളും മറന്ന്. അതിരാവിലെ തുടങ്ങുന്ന ജോലി, പാതിരാത്രിവരെ നീളും. ഇതിനിടയില്‍ ഓര്‍ക്കാന്‍ ഒന്നുമില്ലാതായി. ഒരു ആണ്‍തുണ വേണമെന്നായപ്പോള്‍ ഒപ്പം ജോലി ചെയ്ത ഡേവിഡിന്റെ രണ്ടാം ഭാര്യയായി.

ആ ജീവിതവും അവള്‍ക്കു ശാന്തി നല്‍കിയില്ല. ഡേവിഡിനെ ഉപേക്ഷിച്ചുപോയ ഭാര്യയും മക്കളും ഒരു ദിവസം തിരിച്ചെത്തി. നീണ്ട പോരാട്ടത്തിനൊടുവില്‍ വള്ളിയും മകളും ഡേവിഡിന്റെ ജീവിതത്തില്‍നിന്നും എന്നന്നേക്കുമായി പുറത്തായി.

അഞ്ചു വയസ്സുള്ള മകളുമായി പല തൊഴിലിലും വള്ളി ഏര്‍പ്പെട്ടു. ഒന്നിലും ഉറച്ചുനില്‍ക്കാനായില്ല. ഒടുവിലാണ് തട്ടുകടയില്‍ മാവ് ആട്ടാനും ഇഡ്ഡലി ഉണ്ടാക്കാനുമായി വള്ളി എത്തിയത്. ചുടലമുത്തുവാണ് തട്ടുകടയുടെ ഉടമസ്ഥന്‍. മുഴുക്കുടിയനായ അയാളുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി വള്ളി അയാളുടെ വെപ്പാട്ടിയായി.
ചുടലമുത്തുവും വള്ളിയക്കയും എന്നും അടിയും പിടിയുമാണ്. ലോഡ്ജിലെ താമസക്കാര്‍ക്കും നാട്ടുകാര്‍ക്കും അവരുടെ കൂട്ടത്തല്ല് പുതുമയുള്ള കാഴ്ചയല്ല. ചുടലമുത്തുവിന്റെ അടിയേറ്റ് വള്ളി ചോരയൊലിച്ചു റോഡില്‍ കിടന്നാല്‍പ്പോലും ആരും തിരിഞ്ഞുനോക്കില്ല.

ചുടലമുത്തുവിന്റെ ആരോഗ്യം ക്ഷയിച്ചു തുടങ്ങി. കടുത്ത മദ്യപാനവും തമ്മില്‍ത്തല്ലും കാരണം നിരന്തരം ജയിലിലായിരുന്നു. ഓരോ കേസ് കഴിയുമ്പോഴും വീണ്ടും ജയിലിലാകും. നീണ്ട ജയില്‍വാസത്തിനുശേഷമാണ് ഇപ്പോള്‍ ചുടലമുത്തു വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അന്നത്തെ രാത്രിക്കുശേഷം ഞാന്‍ വള്ളിയക്കയുടെ തട്ടുകടയിലേക്കു പോയിട്ടില്ല. വീണ്ടും അവരുമായി കൂടുതല്‍ അടുക്കണ്ട എന്നു തീരുമാനിച്ചു.

വിനീതും മോനിഷയും ജോഡികളായി അഭിനയിച്ച 'കനകാംബരങ്ങള്‍' എന്ന സിനിമ സംവിധാനം ചെയ്ത എന്‍. ശങ്കരന്‍നായരും ഭാര്യ ഉഷാറാണിയും എന്റെ സഹസംവിധാന ജീവിതത്തില്‍ ഒരുപാട് സഹായങ്ങള്‍ ചെയ്തുതന്നവരാണ്. അതുകൊണ്ടുതന്നെ ആ ചിത്രത്തിന്റെ നിരവധി റിപ്പോര്‍ട്ടുകളും ചിത്രങ്ങളും 'നാന'യില്‍ നിരന്തരം കൊടുത്തുകൊണ്ടിരുന്നു. ചിത്രത്തിന്റെ ഡബ്ബിംഗ് നടക്കുന്നതറിഞ്ഞ്, ഭരണി സ്റ്റുഡിയോയിലാണെന്നാണ് എന്റെ ഓര്‍മ്മ, അവിടെയെത്തി. പുഷ്പരാജനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. സ്റ്റുഡിയോ പരിസരത്തുവച്ച് ഒരുപാട് കാലങ്ങള്‍ക്കുശേഷം വള്ളിയക്കയെ കണ്ടു. പെട്ടെന്ന് എന്റെ മുന്നിലേക്ക് അവര്‍ ഓടിവന്നു. കണ്ണുകള്‍ നിറഞ്ഞുതുളുമ്പിക്കൊണ്ട് വള്ളിയക്ക പറഞ്ഞു:

''ക്ഷമിക്കണം സാര്‍... അന്ന് സാറ് രക്ഷിച്ചില്ലായിരുന്നെങ്കില്‍ ചുടല (ചുടലമുത്തു) എന്നെ കൊല്ലുമായിരുന്നു. അതിനായി പുതിയ വാളുമായാണ് അയാള്‍ വന്നത്. എന്‍പിള്ളയ്ക്ക് ഞാനല്ലാതെ മറ്റാരുമില്ല സാര്‍...''

ഞാന്‍ വല്ലാതെ വിഷമിച്ചുനിന്നു. ഈ രംഗം ആരെങ്കിലും കാണുന്നുണ്ടോയെന്നു ശ്രദ്ധിച്ചു. ഒരു സ്ത്രീ എന്റെ മുന്നില്‍ കരഞ്ഞുവിളിച്ചു നില്‍ക്കുന്നു. ഒരു പത്രക്കാരനായതുകൊണ്ട് ഇക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധവേണ്ടതുണ്ട്.

അവരെ സമാധാനിപ്പിച്ചുകൊണ്ട് ഞാന്‍ സ്ഥലംവിട്ടു. പിന്നീട് ഒന്നുരണ്ട് പ്രാവശ്യം കൂടി അവരെ കണ്ടു. സുന്ദരിയായ മകളെ ഏതെങ്കിലുമൊരു സിനിമയില്‍ നായികയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ആ വരവ്. മകളുടെ ചിത്രവും എന്നെ ഏല്‍പ്പിച്ചു മടങ്ങി. തീര്‍ച്ചയായും ഒരു നായികയ്ക്ക് വേണ്ടുന്ന എല്ലാ ഫീച്ചേഴ്സും ആ കുട്ടിക്കുണ്ടായിരുന്നു. പിന്നീട് ഒരു ദിവസം മകളേയും കൊണ്ട് ലോഡ്ജില്‍ വന്നു. മീനാക്ഷി എന്ന സുന്ദരിക്കുട്ടിയെ നേരിട്ട് പരിചയപ്പെടുത്തി.

മാസങ്ങള്‍ക്കുശേഷം ഒരു ഓണാവധി കഴിഞ്ഞു നാട്ടില്‍നിന്നും മദ്രാസിലെത്തിയ ദിവസം. വള്ളിയക്കയുടെ തട്ടുകട തുടര്‍ച്ചയായി അടച്ചിട്ടിരിക്കുന്നതു കണ്ടു. നീല ടാര്‍പ്പായയിലെ പൊടിപടലങ്ങള്‍ എന്തൊക്കെയോ സൂചനകള്‍ നല്‍കുന്നതായിരുന്നു.

ഗോപാലണ്ണന്‍ വാങ്ങിക്കൊണ്ടുവന്ന ദോശയും ചായയും കഴിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ വള്ളിയക്ക കട തുറക്കാത്തതിനെക്കുറിച്ചു ചോദിച്ചു. നല്ല പാലക്കാടന്‍ മലയാളത്തില്‍ അണ്ണന്‍ പറഞ്ഞു:

''സാറ് അറിഞ്ഞില്ലേ...? വള്ളി ആത്മഹത്യ ചെയ്തു. അവള്‍ താമസിക്കുന്ന വീട്ടില്‍. തൂങ്ങിമരണം.''

ഞാനൊന്നു ഞെട്ടി. കാരണമെന്തെന്നു ചോദിക്കുന്നതിനുമുന്‍പ് ഗോപാലണ്ണന്‍ പറഞ്ഞു:

''ചുടലയുമായിട്ടുള്ള വഴക്കുതന്നെ കാരണം. പിന്നെ മറ്റെന്തൊക്കെയോ ഉണ്ടത്രെ.''
ഗോപാലണ്ണന്‍ നടന്നുകൊണ്ട് പറഞ്ഞു:

''ഒരാള്‍ ഇങ്ങനെ മരിക്കുമ്പോള്‍, അവരെക്കുറിച്ച് എത്ര കഥകള്‍ വേണമെങ്കിലും ഉണ്ടാക്കാമല്ലോ.''

മാസങ്ങള്‍ക്കുശേഷം എ.വി.എം സ്റ്റുഡിയോയില്‍ ഒരു ലൊക്കേഷനില്‍ ഇരിക്കുമ്പോള്‍ ഒരു പെണ്‍കുട്ടി എന്റെ അടുത്തേക്കു വന്നു. തൊഴുതുകൊണ്ട് അവള്‍ പറഞ്ഞു:
''സാറിന് എന്നെ ഓര്‍മ്മയുണ്ടോ...?''

ഓര്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അവള്‍ പറഞ്ഞു:

''ഞാന്‍ വള്ളിയക്കയുടെ മകളാണ്. അമ്മയോടൊപ്പം സാറിനെ കാണാന്‍ വന്നിരുന്നു.''
എനിക്ക് ഓര്‍മ്മയുണ്ട്. സുന്ദരിയായ മീനാക്ഷി.

''ഇവിടെ...?''

ഇതിനകം ചിത്രത്തിന്റെ സംവിധായകന്‍ എന്റെ അടുത്തുവന്നു. അദ്ദേഹം മീനാക്ഷിയെ പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു:

''സാര്‍... ഇതാണ് എന്റെ നായിക. നായകനും പുതുമുഖമാണ്.''

മീനാക്ഷി എന്റെ കാലില്‍ത്തൊട്ട് വന്ദിച്ചു. അവള്‍ നടന്നുമറയുമ്പോള്‍ ഞാന്‍ വള്ളിയക്കയെ ഓര്‍ത്തു.

അവര്‍ സ്‌നേഹനിധിയായ അമ്മയായിരുന്നു. സഹോദരിയായിരുന്നു. ജീവിതത്തില്‍ ഒരിക്കല്‍പ്പോലും ആരില്‍നിന്നും സ്‌നേഹമോ സന്തോഷമോ കിട്ടാതെ ജീവിതം അവസാനിപ്പിച്ചു കടന്നുപോയി.

യുവതലമുറയുടെ ഹരം, തെരുവില്‍ അനാഥ

അമൃത ചാനലില്‍ 'ഇന്നലത്തെ താരം' എന്ന തുടര്‍പരമ്പര ചെയ്തുകൊണ്ടിരുന്ന കാലം. കുറ്റ്യാടിയിലുള്ള എം.കെ. രാമചന്ദ്രന്‍ എന്ന സുഹൃത്ത് എന്നെ വിളിച്ചു പറഞ്ഞു: ''പഴയകാല നടി സാധന ചെന്നൈയിലുണ്ടെന്നു കേട്ടു. അവരുടെ ഇന്നത്തെ അവസ്ഥ എന്താണെന്നു പ്രേക്ഷകരുമായി പങ്കുവച്ചുകൂടെ...?''

കേരളത്തിനകത്തും പുറത്തും അഭിമാനമായിരുന്ന കലാജീവിതങ്ങളുടെ വര്‍ത്തമാനകാല ജീവിതം പുതിയ തലമുറയ്ക്കു മുന്നില്‍ അവതരിപ്പിക്കുന്ന ഒരു തുടര്‍പരമ്പരയായിരുന്നു 'ഇന്നലത്തെ താരം.' പോയകാലത്തെ ആരാധനാപാത്രങ്ങളായിരുന്ന അവരെല്ലാവരും ഇന്ന് എന്തുചെയ്യുന്നു? അവരുടെ സന്തോഷത്തിന്റേയും നൊമ്പരത്തിന്റേയും കാണാക്കാഴ്ചകളിലൂടെയുള്ള ഒരു സഞ്ചാരമായിരുന്നു അത്. നൂറ്റമ്പതോളം എപ്പിസോഡുകളില്‍ അവസാനിപ്പിച്ച ആ പരമ്പരയില്‍ എന്നെ ഏറെ വേദനിപ്പിച്ച രണ്ടുപേരായിരുന്നു നടിയായ സാധനയും കോറിയോഗ്രാഫര്‍ സലിംമാഷും.

1960 മുതല്‍ 1980 വരെ സാധന എന്ന മാദകനടി അഭിനയിച്ച നൂറിലധികം വിവിധ ഭാഷാചിത്രങ്ങളുണ്ടായിരുന്നു. ഇക്കാലങ്ങളില്‍ യുവതലമുറയുടെ ആശയും സ്വപ്‌നവുമായിരുന്നു അവര്‍. പ്രേക്ഷകന്റെ കാമനകളെ തൊട്ടുണര്‍ത്തുന്ന നൃത്തരംഗങ്ങളിലാണ് അധികവും അവര്‍ നിറഞ്ഞുനിന്നിരുന്നത്. കാമുകിയായും വില്ലത്തിയായും കൊള്ളസംഘത്തലവിയായുമൊക്കെ സാധന അഭിനയിച്ചു. അക്കാലത്ത് ഫിലിം വിതരണക്കാരുടെ പൊന്മുട്ടയിടുന്ന താറാവായിരുന്നു അവര്‍. പ്രേംനസീര്‍-ഭാസി-ഷീല-ജയഭാരതി ടീമിന്റെ ഒട്ടുമിക്ക സിനിമകളിലും സാധന അഭിനയിച്ചിട്ടുണ്ട്. നല്ല പ്രതിഫലവും വാങ്ങിയിരുന്നു. പക്ഷേ, എണ്‍പതുകളോടുകൂടി സാധന വിസ്മൃതിയിലായി. അവരെക്കുറിച്ചു കേള്‍ക്കാതെയായി. പിന്നീട് അവര്‍ മരിച്ചെന്നും ഇല്ലെന്നും കേട്ടുതുടങ്ങി.
സാധനയെക്കുറിച്ച് അറിയാന്‍ മദ്രാസിലെ നടികര്‍സംഘത്തില്‍ പോയി. അവര്‍ക്കാര്‍ക്കും നടിയെക്കുറിച്ച് ഒരു വിവരവും അറിയില്ലായിരുന്നു. പക്ഷേ, ഞാന്‍ പിന്‍തിരിഞ്ഞില്ല. 'ഇന്നലത്തെ താര'ത്തില്‍ നിര്‍ബ്ബന്ധമായും അവരെ ഉള്‍പ്പെടുത്തണമെന്നുതന്നെ തീരുമാനിച്ചു.

ഒരു ഫോണ്‍ സംഭാഷണത്തിനിടയിലാണ് പഴയകാല നായികയും സംവിധായകന്‍ എന്‍. ശങ്കരന്‍നായരുടെ ഭാര്യയുമായ ഉഷാറാണിയോട് സാധനയെക്കുറിച്ച് ആരാഞ്ഞത്. അവര്‍ പറഞ്ഞു: ''സാധന ജീവിച്ചിരിപ്പുണ്ട്. ബന്ധപ്പെടാന്‍ ഒരു മാര്‍ഗ്ഗവുമില്ല. അവള്‍ ഏതോ കുടുക്കില്‍പ്പെട്ടിരിക്കുകയാണ്. ഞാന്‍ അന്വേഷിച്ചു വിവരങ്ങള്‍ പറയാം.''

ഉഷാറാണി രണ്ടാഴ്ചകഴിഞ്ഞ് എന്നെ വിളിച്ചു. സാധനയെ കിട്ടുന്ന ഒരു മൊബൈല്‍ നമ്പര്‍ തന്നു. തുടര്‍ച്ചയായി ആ നമ്പറില്‍ വിളിച്ചുകൊണ്ടിരുന്നു. ഫോണ്‍ എടുക്കുന്നില്ല. നിനച്ചിരിക്കാതെ ഒരു ദിവസം അതേ നമ്പറില്‍നിന്ന് ഒരു മറുവിളി വന്നു. നല്ല ഇംഗ്ലീഷില്‍ ഒരാള്‍ സംസാരിച്ചു. റാം എന്നാണ് പേര്. ചെന്നൈയിലെ വാഹനബ്രോക്കറാണ്.

ഞാന്‍ സാധനയുടെ വിവരം തിരക്കി. കേട്ടമാത്രയില്‍ത്തന്നെ അയാള്‍ ക്ഷോഭിച്ചു: ''രാവും പകലും സാധന, സാധന എന്നുപറഞ്ഞ് എത്ര വിളികളാണ് വരുന്നത്. അവള്‍ മരിച്ചു... നിങ്ങള്‍ക്ക് എന്തുവേണം...?'' ഈവിധം അയാള്‍ എന്നെ ശകാരിക്കാന്‍ തുടങ്ങി.

ദീര്‍ഘകാലമായി പത്രപ്രവര്‍ത്തന മേഖലയിലെ എന്റെ അനുഭവങ്ങള്‍ അവിടെ കരുത്തായി. ഞാന്‍ സമാധാനത്തോടെ അയാളോട് പറഞ്ഞു: ''കേരളത്തില്‍നിന്നും ഒരു സംഘടന സാധനയ്ക്ക് കുറച്ചു സാമ്പത്തിക സഹായം നല്‍കാനൊരുങ്ങുന്നു. അതിനുവേണ്ടിയാണ് ഞാന്‍ വിളിക്കുന്നത്.''

ഹിന്ദിയിലും ഇംഗ്ലീഷിലുമായി എന്നെ ചീത്തവിളിച്ചുകൊണ്ടിരുന്ന അയാള്‍ പെട്ടെന്നു ശാന്തനായി. സാര്‍ എന്ന വിളിയില്‍ പാല്‍ത്തിളക്കം. അയാള്‍ പറഞ്ഞു:

''പലരും പറയുന്നു ഞാന്‍ അവളെ കൊന്നുവെന്ന്. ഇല്ല സാര്‍. അവള്‍ എന്നോടൊപ്പം ജീവിക്കുന്നുണ്ട്. ഇന്നു രാവിലെകൂടി ഇഡ്ഡലിയും ചായയും വാങ്ങിക്കൊടുത്തിട്ടാണ് ഞാന്‍ മടങ്ങിയത്.''

എനിക്കും അയാളോട് സഹതാപം തോന്നി. പാവത്തിനെ വെറുതെ തെറ്റിദ്ധരിച്ചു പോയില്ലേ എന്നോര്‍ത്ത്. പിന്നീട് റാം നിരന്തരം എന്നെ വിളിച്ചുതുടങ്ങി. എന്നാണ് സഹായം ലഭിക്കുന്നത്. അതിനായി എന്ന് കേരളത്തില്‍ വരണം.

ഇക്കാര്യം ഉഷാറാണിയോട് പറഞ്ഞു. അതു കേട്ടയുടനെ അവര്‍ തറപ്പിച്ചു പറഞ്ഞു: ''വിശ്വസിക്കണ്ട. അയാള്‍ ആള് ശരിയല്ല. അവളെ (സാധനയെ) വല്ലാതെ കഷ്ടപ്പെടുത്തുന്നു എന്നാണ് കേട്ടത്. എന്തായാലും ചെന്നൈയിലേക്കു വരൂ. നമുക്ക് അവളെ തേടിപ്പിടിക്കാം.''

1968-ലാണ് സാധന ചലച്ചിത്രരംഗത്ത് വരുന്നത്. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലാണ് ജനനം. ബാബു-ബീഗം ദമ്പതികളുടെ മൂത്തമകള്‍. ഇളയവരായി ആറ് സഹോദരങ്ങള്‍. തെലുങ്ക് നാടകങ്ങളിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്. ആന്ധ്രയില്‍നിന്ന് അഭിനയമോഹവുമായി മദ്രാസിലെത്തി. തമിഴിലൂടെ മലയാള സിനിമയിലെത്തി. അന്നത്തെ സി.ഐ.ഡി നസീര്‍ സിനിമകളിലെ സ്ഥിരം നടിയായിരുന്നു സാധന. നായികയോളം പ്രാധാന്യമുള്ള വേഷങ്ങളാണ് അവര്‍ അക്കാലത്ത് അഭിനയിച്ചുകൊണ്ടിരുന്നത്. 'ഡെയ്ഞ്ചര്‍ ബിസ്‌കറ്റി'ലെ ഒരൊറ്റ ഗാനംകൊണ്ട് മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച കലാകാരിയായിരുന്നു സാധന. ''ഉത്തരാസ്വയംവരം കഥകളി കാണുവാന്‍ ഉത്രാടരാത്രിയില്‍ പോയിരുന്നു...'' എന്നു തുടങ്ങുന്ന പ്രേംനസീറിനൊപ്പമുള്ള ആ ഗാനം അന്നത്തെ സൂപ്പര്‍ ഹിറ്റുകളിലൊന്നായിരുന്നു.

സിനിമയിലെത്തി അധികനാള്‍ കഴിയുന്നതിനുമുന്‍പുതന്നെ സാധനയെ ഒരാള്‍ വിവാഹം കഴിച്ചു. പക്ഷേ, കുഞ്ഞുങ്ങളില്ലാത്തതിന്റെ തീരാവേദന അവരെ അലട്ടിക്കൊണ്ടിരുന്നു. പിന്നീട് ഭര്‍ത്താവ് ഉപേക്ഷിച്ചുപോയി. സിനിമയില്‍നിന്നു ലക്ഷങ്ങള്‍ സമ്പാദിച്ചു എന്നാണ് സാധനയെ അടുത്തറിയാവുന്ന പലരും പറഞ്ഞത്. ഇളയ ആറ് കൂടപ്പിറപ്പുകള്‍ക്കു ജീവിതം കൊടുക്കുന്നതിനായി ആ സമ്പാദ്യം മുഴുവനും ചെലവഴിച്ചു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളുടെ കാലം കഴിഞ്ഞു. പുതിയ താരജോഡികളും സംവിധായകരും ചലച്ചിത്രരംഗത്ത് ആധിപത്യം സ്ഥാപിച്ചുതുടങ്ങി. അങ്ങനെ സാധന എന്ന നടി വിസ്മൃതിയിലായി. അവര്‍ മദ്രാസില്‍നിന്നും എങ്ങോട്ടോ പോയി എന്നു സിനിമാലോകം കേട്ടു.

വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒരാള്‍ സാധനയെ അന്വേഷിച്ചെത്തുന്നത്. പലരും ഈ ശ്രമം പലപ്പോഴായി നടത്തിയിരുന്നെങ്കിലും അതൊന്നും വിജയിച്ചതായി ആരും പറയുന്നില്ല. പക്ഷേ, ഉഷാറാണി ആ ദൗത്യം ഏറ്റെടുത്തിരുന്നു.

ഞങ്ങള്‍ ക്യാമറയുമായി മദ്രാസിലെത്തി. റാമിന്റെ നമ്പറില്‍ ബന്ധപ്പെട്ടു. ഒറ്റ വിളിയില്‍ത്തന്നെ കോള്‍ കണക്ടായി. അങ്ങേത്തലയ്ക്കല്‍ റാം. ഭയഭക്തിയോടെയുള്ള സംസാരം.

''എപ്പോള്‍ കാണാം റാം?''

ഞാന്‍ ചോദിച്ചു. ഈ ഫോണ്‍ വിളിക്കുമ്പോള്‍ എന്റെയടുത്ത് ഉഷാറാണിയുമുണ്ട്.

''എപ്പോള്‍, എവിടെവച്ച്...?''

ഞാന്‍ ചോദിച്ചു. സ്പീക്കര്‍ ഫോണിലിട്ട് സംസാരിച്ചതുകൊണ്ട് അവര്‍ താമസിക്കുന്ന സ്ഥലവും മറ്റും ഉഷാറാണിക്കു മനസ്സിലായി. ഫോണ്‍ കട്ടുചെയ്തു.

ഞങ്ങള്‍ അങ്ങോട്ട് പോകാന്‍ തയ്യാറാകുമ്പോള്‍ ഉഷാറാണി പറഞ്ഞു: 

''മദ്രാസിലെ ഏറ്റവും പ്രശ്‌നം നിറഞ്ഞ ഒരു ചേരിയാണ്. അവിടേക്കു ഞാന്‍ വന്നാല്‍ ശരിയാകില്ല.''

നിര്‍ബ്ബന്ധിച്ചില്ല. സാധനയെ കണ്ടുപിടിക്കുക എന്നത് എന്റെ ആവശ്യമായിരുന്നു. അതിനുവേണ്ടി എന്തിനേയും നേരിടാന്‍ എന്റെ ഒപ്പമുള്ള ക്യാമറ ക്രൂവിനും ആവേശമായി.

കോടമ്പാക്കത്തുനിന്നും മുപ്പത് കിലോമീറ്റര്‍ അകലെയായിരുന്നു ആ ചേരി. ചേരിയുടെ പരിസരത്ത് ഞങ്ങള്‍ എത്തി. തികച്ചും ഞെട്ടിക്കുന്നതായിരുന്നു അത്. ഗുണ്ടകളുടേയും കൊള്ളക്കാരുടേയും അഭിസാരികകളുടേയും താവളം. പിടികിട്ടാപ്പുള്ളികള്‍ അനേകം പേര്‍ താമസിക്കുന്നത് അവിടെയാണ്. പൊലീസുകാര്‍പോലും അവിടേക്ക് അടുക്കില്ലത്രെ. അമൃത ചാനലിന്റെ സ്റ്റിക്കര്‍ പതിച്ച വണ്ടികള്‍ എന്തായാലും അകത്തേക്കു കയറ്റാന്‍ അവര്‍ അനുവദിക്കില്ല. ഇന്നത്തെപ്പോലെ പെന്‍ ക്യാമറകളോ ചെറിയ ഡിജിറ്റല്‍ ക്യാമറകളോ അല്ല അന്നുണ്ടായിരുന്നത്. സാമാന്യം വലുപ്പമുള്ള ഐ.എം.എക്‌സ് ക്യാമറയായിരുന്നു ഞങ്ങളുടെ കയ്യിലുണ്ടായിരുന്നത്. അതുമായി ഉള്ളിലേക്കു കയറിയാല്‍ ഞങ്ങളുടെ പൊടിപോലും കിട്ടില്ല.

ചേരിക്കുള്ളില്‍ കയറാന്‍ പലവഴികളും ആലോചിച്ചു. ഇതിനിടയില്‍ ഞാന്‍ റാമിനെ വിളിച്ചു. നിങ്ങള്‍ പറഞ്ഞ സ്ഥലത്ത് ഞങ്ങള്‍ എത്തിയെന്നു പറഞ്ഞപ്പോള്‍, റാം വല്ലാതെ ദേഷ്യപ്പെട്ടു. നിങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തേക്കു (കോടമ്പാക്കത്ത്) ഞാന്‍ വരാം എന്നല്ലേ പറഞ്ഞത്. എന്തിന് ഇവിടെ വന്നു? തുടങ്ങി ഉച്ചത്തില്‍ സംസാരിച്ച് റാം ഫോണ്‍ കട്ടുചെയ്തു. പിന്നീട് പല പ്രാവശ്യം വിളിച്ചുനോക്കിയെങ്കിലും അയാള്‍ ഫോണ്‍ എടുത്തില്ല.

പ്രതീക്ഷയറ്റുപോയ മടക്കയാത്ര. അന്നത്തെ ദൗത്യം ഞങ്ങള്‍ ഉപേക്ഷിച്ചു. അടുത്ത ദിവസം ഉഷാറാണിയുടെ വീട്ടിലെത്തി. സാധനയെ അവിടേക്കു വരുത്താന്‍ എന്താണ് മാര്‍ഗ്ഗം? പല ആലോചനകള്‍ക്കുശേഷം റാമിനെ വീണ്ടും വിളിച്ചു. അയാള്‍ ഫോണെടുത്തു.

''സാമ്പത്തിക സഹായം ലഭ്യമാക്കണമെങ്കില്‍ സാധന തന്നെ എത്തണം. അതിനു സാധിക്കുമോ?''
എന്റെ ശബ്ദത്തില്‍ ഒരു ഭീഷണികൂടി ഉണ്ടായിരുന്നു.
അയാള്‍ പറഞ്ഞു:

''താമസിക്കുന്ന സ്ഥലത്തേക്കു നിങ്ങള്‍ വരണ്ട. ഞങ്ങള്‍ രണ്ടാളും നിങ്ങള്‍ നില്‍ക്കുന്നിടത്തേക്കു വരാം.''
ഫോണ്‍ സാധനയുടെ കയ്യില്‍ കൊടുക്കാന്‍ പറഞ്ഞു. അങ്ങേത്തലയ്ക്കല്‍ സാധന. പിന്നീട് ഉഷാറാണിയാണ് സംസാരിച്ചത്.

ഉഷാറാണി കാര്യങ്ങള്‍ വിശദമായി അവരോട് സംസാരിച്ചു. അടുത്തദിവസം ഉഷാറാണിയുടെ വീട്ടില്‍ വരണമെന്നും 

സാധനയ്ക്കു ഗുണമുള്ള കാര്യമാണെന്നും ധരിപ്പിച്ചു.

പതിനൊന്ന് മണി കഴിഞ്ഞപ്പോള്‍ ഒരു ഓട്ടോറിക്ഷയില്‍ സാധനയും റാമും എത്തി. ആദ്യകാഴ്ചയില്‍ത്തന്നെ ഞങ്ങള്‍ തകര്‍ന്നുപോയി. ദയനീയമായിരുന്നു ആ രൂപം. ഒരുകാലത്ത് യുവതലമുറയുടെ സിരകളില്‍ ആവേശം പകര്‍ന്ന സെക്‌സ് ബോംബ്. ആ പഴയ രൂപവുമായി എത്ര കൂട്ടിച്ചേര്‍ത്തിട്ടും ഒത്തുവരുന്നില്ല. ഒരു നടിയുടെ ജീവിതത്തില്‍ കഷ്ടകാലം വരുത്തിയ രൂപമാറ്റങ്ങള്‍!

ഒരു ചാനല്‍സംഘമാണ് ഞങ്ങളെന്ന് അറിഞ്ഞപ്പോള്‍ റാം വയലന്റായി. ഞങ്ങളോട് അയാള്‍ തട്ടിക്കയറി. എത്ര വലിയ പ്രശ്‌നമായാലും സൗമ്യമായി പരിഹരിക്കാനുള്ള കഴിവ് ഉഷാറാണിക്കുണ്ടായിരുന്നു. അവര്‍ അവസരത്തിനൊത്ത് ഉയര്‍ന്നു. സാധനയെ മാറ്റിനിര്‍ത്തി ഉഷാറാണി സംസാരിച്ചു.

നിന്റെ ഒരു ഇന്റര്‍വ്യൂ ചാനലില്‍ വന്നാല്‍ നിന്നെ പലരും സാമ്പത്തികമായി സഹായിക്കും എന്നും മറ്റും പറഞ്ഞ് സാധനയെ സമ്മതിപ്പിച്ചു. പക്ഷേ, റാം അപ്പോഴും ഇടഞ്ഞുതന്നെ നിന്നു. അയാളുടെ പീഡനങ്ങള്‍കൊണ്ട് പൊറുതിമുട്ടിക്കഴിഞ്ഞിരുന്ന ആ നടിയിലെ പഴയ വില്ലത്തി പുറത്തുചാടി. തമിഴിലും തെലുങ്കിലുമായി സാധന അയാളെ തെറികൊണ്ട് അഭിഷേകം ചെയ്തു. വല്ലാതെ ചൂളിനില്‍ക്കുന്ന റാമിനെയാണ് പിന്നീട് ഞങ്ങള്‍ കണ്ടത്. ഈ തക്കം ഞാനും പ്രയോജനപ്പെടുത്തി. റാമിനെ മാറ്റിനിര്‍ത്തി ഞാന്‍ പറഞ്ഞു. റാമിന്റെ അക്കൗണ്ടില്‍ നിറയ കാശ് വരും. അതിലൂടെ നിങ്ങളുടെ ദുരിതകാലം മാറുമെന്നുമൊക്കെ തട്ടിവിട്ടു. ഒട്ടൊന്ന് ആലോചിച്ചശേഷം റാം ശരിയെന്നു പറഞ്ഞു മാറിനിന്നു.

ഉഷാറാണിയുടെ വീടിന്റെ കാര്‍ഷെഡിന്റെ പരിസരത്തുവച്ച് മറ്റൊരു ഇടിഞ്ഞുപൊളിഞ്ഞ വീടിന്റെ മതിലിനോട് ചേര്‍ത്ത് അവരെ ഇരുത്തി. അവരുടെ സ്വന്തം വീടെന്നു തോന്നിക്കുംവിധം സെറ്റ് ചെയ്തു. നേരത്തെ കരുതിവച്ച ചോദ്യങ്ങള്‍ ഓരോന്നായി ചോദിച്ചു. വ്യക്തമല്ലാത്ത മലയാളത്തിലും തമിഴിലുമായി അവര്‍ മറുപടി പറഞ്ഞു.

ഇന്നലെകളിലെ സമ്പന്ന ജീവിതത്തെക്കുറിച്ച്... പിന്നീടുണ്ടായ ഒറ്റപ്പെടലിനെക്കുറിച്ച്... ഇന്ന് അനുഭവിക്കുന്ന ദുരിതജീവിതത്തെക്കുറിച്ച് അവര്‍ വാചാലമായി. വഞ്ചിച്ചവരേയും ചതിച്ചവരേയുമൊക്കെ ഓര്‍ത്തെടുത്തു. പിന്നീട് ഒരുപാടുനേരം പൊട്ടിക്കരഞ്ഞു.

ആ രണ്ടുമണിക്കൂര്‍ അവരുടെ ജീവിതത്തിലെ നിര്‍ണ്ണായകമായ നിമിഷങ്ങളായിരുന്നു. മനസ്സിലെ വേദനകള്‍ പെയ്‌തൊഴിഞ്ഞപോലെ.

അപ്പോഴും എന്നെ വല്ലാതെ അലട്ടിക്കൊണ്ടിരുന്ന മറ്റൊരു പ്രശ്‌നമുണ്ടായിരുന്നു. ഒരു മതിലിന്റെ ചുവട്ടില്‍ ഇരുത്തി കരയിച്ചതുകൊണ്ടോ ദുരിതങ്ങള്‍ ഏറ്റുപറഞ്ഞതുകൊണ്ടോ കരളലിയിക്കുന്ന ഒരു പ്രോഗ്രാമാകില്ല. അവരുടെ പച്ചയായ ഇന്നത്തെ ജീവിതം വരച്ചുകാട്ടുകതന്നെ വേണം. അതിന് സാധന താമസിക്കുന്ന ചേരിയില്‍ പോയേ പറ്റൂ. ആ ചെറ്റക്കുടിലില്‍ ഇരുത്തി ഇനിയും സംസാരിക്കണം.

ഇക്കാര്യം ഉഷാറാണിയോട് പറഞ്ഞപ്പോള്‍ അതു നടക്കുമോയെന്നു സംശയം പറഞ്ഞു.

പ്രതീക്ഷ കൈവിടാതെ റാമിനോട് കാര്യങ്ങള്‍ പറഞ്ഞു. നിങ്ങളുടെ സാമ്പത്തികഭദ്രതയാണ് എന്റെ ലക്ഷ്യമെന്നും ഓര്‍മ്മിപ്പിച്ചു.

ഒടുവില്‍ റാം തന്നെ അതിനൊരു പരിഹാരം കണ്ടെത്തി. അയാള്‍ ആരെയോ ഫോണില്‍ വിളിച്ച് തമിഴില്‍ എന്തൊക്കെയോ സംസാരിച്ചതിനുശേഷം എന്നോട് പറഞ്ഞു:

''ചേരിയിലെ തലൈവരോട് സംസാരിച്ചു. അവിടെ കയറി ഷൂട്ടുചെയ്യാന്‍ അയാള്‍ സമ്മതിക്കും. പക്ഷേ, ആയിരം രൂപ അയാള്‍ക്കു കൊടുക്കണം. എല്ലാ സഹായവും ചെയ്തുതരും.''

ഞാന്‍ ഓകെ പറഞ്ഞു.

ചേരിക്കു കുറച്ചു മാറി വണ്ടി നിര്‍ത്തി. ക്യാമറ ഒരു തുണിയില്‍ പൊതിഞ്ഞ് സാധനയുടെ കയ്യില്‍ കൊടുത്തു. മുന്നില്‍ റാമും പിന്നില്‍ സാധനയുമായി നടന്നു. കുറച്ചുമാറി ഞങ്ങള്‍ എട്ടുപേര്‍ അപരിചിതരെപ്പോലെ ഒറ്റപ്പെട്ട് അവരുടെ പിന്നാലെ നടന്നു. അരമൈല്‍ ദൂരം ചേരിക്കകത്തുകൂടി നടന്നുവേണം സാധനയുടെ വീട്ടിലെത്താന്‍. അത്രയും വിശാലമായിരുന്നു ആ ചേരിപ്രദേശം.

ഒരു ഒടിഞ്ഞ കസേരയില്‍ ഇരുന്ന കറുത്ത മനുഷ്യനെ റാം പരിചയപ്പെടുത്തി. അതാണ് ചേരി തലൈവര്‍. ശരീരത്തില്‍ വെട്ടുകത്തി പാടുകള്‍. ചുമന്നുകലങ്ങിയ കണ്ണുകള്‍. അരയില്‍ ഒരു കൊടുവാള്‍. തികച്ചും ഒരു സിനിമാ ദൃശ്യം. സകല ദൈവങ്ങളേയും വിളിച്ചുകൊണ്ട് ആയിരം രൂപ റാമിനെ ഏല്‍പ്പിച്ചു. റാം തലൈവരിലേക്കു കാശ് കൈമാറി.

വളരെ ചെറിയ ഒരു വീട്. തകരഷീറ്റുകൊണ്ട് മറച്ച ഒറ്റമുറി. നിറയെ പഴന്തുണിക്കെട്ടുകള്‍. കുറെ പാത്രങ്ങള്‍. ഒടിഞ്ഞ കട്ടില്‍.

ഹൃദയം തകര്‍ന്നുപോയ കാഴ്ചകള്‍. പതിനായിരങ്ങള്‍ പ്രതിഫലം വാങ്ങിയ ഒരു നടിയുടെ ഇന്നത്തെ കാണാക്കാഴ്ചകള്‍...!

ഇന്റര്‍വ്യൂ ഒന്നുകൂടി ആവര്‍ത്തിച്ച് ഷൂട്ടുചെയ്തു. ചേരിയിലൂടെ നടത്തിച്ചു. (അപ്പോഴും ക്യാമറ ഒളിപ്പിച്ചുതന്നെ) അതുകൊണ്ടൊന്നും എനിക്കു തൃപ്തിയായില്ല. അവിടത്തെ ചിത്രീകരണം കഴിഞ്ഞ് സാധനയേയും റാമിനേയും കൂട്ടി കോടാമ്പക്കത്തേക്കു കൊണ്ടുവന്നു. പഴയ സ്റ്റുഡിയോ ഇടങ്ങളിലേക്കും ഫ്‌ലോറുകളിലേക്കും അവരെ ഇരുത്തിയും നടത്തിച്ചും ഷൂട്ടുചെയ്തു.

സാധന എന്ന സൂപ്പര്‍ താരത്തെ ഓര്‍മ്മപ്പെടുത്താന്‍ വേണ്ടുന്ന ദൃശ്യങ്ങള്‍ എനിക്കു കിട്ടിക്കഴിഞ്ഞു.

ഷൂട്ടിംഗിനിടയില്‍ പലവട്ടം അവര്‍ പറയുന്നുണ്ടായിരുന്നു, ''വിശക്കുന്നു, ഭക്ഷണം വാങ്ങിത്തരൂ സാര്‍'' എന്ന്.

സാമാന്യം വലിയൊരു ഹോട്ടലില്‍ കയറി. ഇഷ്ടമുള്ള ഭക്ഷണം വാങ്ങി കഴിക്കാന്‍ അവരോട് പറഞ്ഞു. അവരുടെ മുന്നില്‍ എന്തൊക്കെയോ ഭക്ഷണം വന്നെത്തി. അന്നവര്‍ ആഹാരത്തിനോട് കാണിച്ച ആര്‍ത്തി ഞാനിന്നും ഓര്‍ക്കുന്നു. അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അവര്‍ എന്നോട് പറഞ്ഞു:

''സാര്‍... ഇതുപോലെ ആഹാരം കഴിച്ചിട്ട് വര്‍ഷങ്ങളായി...!''

'ഇന്നലത്തെ താര'ത്തില്‍ സാധനയുടെ എപ്പിസോഡ് വന്നു.

ഒരു നടിയുടെ ഉയര്‍ച്ചയും താഴ്ചയും അതിലുണ്ടായിരുന്നു. ഒരു നേരത്തെ ആഹാരത്തിനു ഗതിമുട്ടിയ ജീവിതം. ലോകമെങ്ങും ആ പ്രോഗ്രാം കണ്ടു. പ്രോഗ്രാം കണ്ടവരില്‍ പലരും സാധനയെ വീണ്ടെടുക്കാന്‍ തയ്യാറായി മുന്നോട്ടുവന്നു. 'അമ്മ' സംഘടന അവര്‍ക്ക് അയ്യായിരം രൂപ പെന്‍ഷന്‍ അനുവദിച്ചു. നടന്‍ സുരേഷ്‌ഗോപി മുന്‍കയ്യെടുത്ത് ഒരുപാട് പദ്ധതികള്‍ തയ്യാറാക്കി. ചെന്നൈയില്‍ അവര്‍ക്ക് അടച്ചുറപ്പുള്ള ഒരു വീടോ ഫ്‌ലാറ്റോ എടുത്തുകൊടുക്കാന്‍ ഉഷാറാണിയോട് ഏര്‍പ്പാടു ചെയ്തു.

സാധനയുടെ മൊബൈല്‍ നമ്പര്‍ അന്വേഷിച്ചുകൊണ്ട് ചാനലിലേക്കു നിരവധി ഫോണ്‍ കോളുകള്‍ വന്നു. അമേരിക്കയില്‍നിന്നും ദുബായില്‍നിന്നുമൊക്കെ പലരും എന്നെ നേരിട്ട് വിളിച്ചു. ഞാന്‍ റാമിന്റെ നമ്പര്‍ തന്നെയാണ് അവര്‍ക്കെല്ലാം കൊടുത്തത്.

മാസങ്ങള്‍ക്കുശേഷം ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഉഷാറാണി വിളിച്ചറിയിച്ചത്. സുരേഷ് ഗോപി എടുത്തുകൊടുക്കാമെന്നേറ്റ ഫ്‌ലാറ്റ് സ്വീകരിക്കാന്‍ റാം തയ്യാറായില്ല. സുരേഷ്‌ഗോപി കൃത്യമായി വാടക അയച്ചുതരുമെന്ന് എന്തുറപ്പ് എന്നായിരുന്നു അയാളുടെ ചോദ്യം. ആ തകരഷീറ്റില്‍ കിടന്ന് അവള്‍ നരകിച്ചു മരിക്കട്ടെ എന്ന് അയാള്‍ ശപിക്കുകയും ചെയ്തത്രെ.

സാധന താമസിക്കുന്ന ദുര്‍ഗന്ധം പിടിച്ച സ്ഥലത്തുപോയി അന്വേഷിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഒരു മാസത്തിനുശേഷം മറ്റൊരു ഷൂട്ടിംഗിനായി മദ്രാസില്‍ ഞാന്‍ എത്തുമ്പോള്‍, ആ പഴയ സ്ഥലത്തേക്ക് സാധനയെ അന്വേഷിച്ചുപോയി. ആ വീട് അടഞ്ഞുകിടക്കുകയായിരുന്നു. കടുത്ത ദാരിദ്ര്യവും രോഗപീഡയും മറവിരോഗവുമൊക്കെയായി അവര്‍ കുറെനാള്‍ നരകിച്ചു കിടന്നുവത്രെ. ആരും തിരിഞ്ഞുനോക്കാതെ വന്നപ്പോള്‍ അയല്‍വാസികള്‍ ആശുപത്രിയിലെത്തിച്ചു.

സാധനയുടെ പേരില്‍ വന്ന ചെക്കുകളും മണിയോര്‍ഡറുകളുമൊക്കെ റാം എന്തു ചെയ്തു? സുരേഷ് ഗോപി പതിനായിരം രൂപയുടെ ചെക്ക് അയച്ചത് ഞാന്‍ നേരില്‍ക്കണ്ടതാണ്. അതുപോലെ 'അമ്മ'യുടെ പ്രതിമാസ പെന്‍ഷന്‍? വിദേശത്തുനിന്നും വന്ന മറ്റു പണങ്ങള്‍?
 
എല്ലാം എന്തുചെയ്തു? സാധനയ്ക്ക് ഇതൊക്കെ അയാള്‍ നല്‍കിയോ?ഒട്ടനവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ 

ആരുടേയും മുന്നിലെത്താതെ റാം എങ്ങോ മറഞ്ഞു.

കുറെ നാളുകള്‍ക്കുശേഷം ആശുപത്രിയില്‍നിന്നും സാധനയെ അയാള്‍ തിരുപ്പതിയില്‍ കൊണ്ടുപോയി ഉപേക്ഷിച്ചു. അനാഥയായി തെരുവില്‍ അലഞ്ഞ അവരെ പൊലീസ് റാമിനെ ഏല്‍പ്പിച്ചു. പിന്നീട് റാം അവരെ ബോംബെയിലെത്തിച്ചു. അവിടെ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞു എന്നൊക്കെയാണ് പിന്നീട് അറിയാന്‍ കഴിഞ്ഞത്. സാധന മരിച്ചോ ജീവിച്ചോ? ആര്‍ക്കും അറിഞ്ഞുകൂടാത്ത കഥയായി അവശേഷിക്കുന്നു.

രണ്ട് പെണ്‍കുട്ടികള്‍

സാവിത്രിയും രേവതിയും അതീവ സുന്ദരികളായിരുന്നു. ഗുരുവായൂരില്‍നിന്നാണ് ആ സഹോദരിമാര്‍ മദ്രാസിലെത്തിയത്. ആഢ്യത്വമുള്ള ഏതോ നമ്പൂതിരി തറവാട്ടിലെ ഇരട്ടക്കുട്ടികളാണ് അവരെന്ന് ആദ്യകാഴ്ചയില്‍ത്തന്നെ തോന്നി.

അമ്മയെക്കാള്‍ ഇരുപത് വയസ്സ് പ്രായക്കൂടുതലുണ്ട് അച്ഛന്. അദ്ദേഹം ക്ഷേത്രമുറ്റത്തുള്ള ഒരു ഫോട്ടോക്കടയില്‍ എടുത്തുകൊടുപ്പുകാരനാണ്. തുച്ഛമായ ശമ്പളം. ജോലി കൂടുതലും. പുലര്‍ച്ചെ കടയിലെത്തുകയും വളരെ വൈകി വീട്ടിലെത്തുകയും ചെയ്തിരുന്നു. പെണ്‍കുട്ടികള്‍ പത്താംതരം വരെ ഗുരുവായൂരിനടുത്തുള്ള ഗവണ്‍മെന്റ് സ്‌കൂളില്‍ പഠിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകാരണം തുടര്‍പഠനം ഉപേക്ഷിച്ചു. ഇനിയെന്ത് എന്ന ചിന്ത രക്ഷാകര്‍ത്താക്കളെ അലട്ടിക്കൊണ്ടിരുന്നു. ഇതിനിടയിലാണ് ഗുരുവായൂരില്‍വച്ച് ചിത്രീകരിച്ച ഒരു തമിഴ് സിനിമയുടെ ആരംഭം കുറിച്ചത്. ചിത്രം തമിഴായതിനാല്‍ അഭിനേതാക്കളും സാങ്കേതികവിദഗ്ദ്ധരുമെല്ലാം തമിഴ് ആള്‍ക്കാര്‍തന്നെ. അവര്‍ക്ക് തമിഴ് രീതിയിലുള്ള ഭക്ഷണം വേണം. അതും ഹോമിലി ഫുഡ് തന്നെ വേണം. അമ്പലപരിസരത്തിലെ ഹോട്ടലുകളിലെ ഭക്ഷണത്തോട് യൂണിറ്റിലുള്ളവര്‍ക്കു തീരെ താല്‍പ്പര്യമില്ല. ഏതെങ്കിലും വീടുകളില്‍നിന്ന് തമിഴ് ഭക്ഷണം പാകംചെയ്തു കിട്ടുമോയെന്ന അന്വേഷണത്തിനൊടുവിലാണ് സാവിത്രിയുടേയും രേവതിയുടേയും വീട്ടില്‍ പ്രവീണ്‍കുമാര്‍ എത്തിയത്.

പ്രവീണ്‍ തൃശൂര്‍ക്കാരനാണ്. ആദ്യമായിട്ടാണ് ഒരു സിനിമയ്ക്കുവേണ്ടി ലൊക്കേഷന്‍ മാനേജരായി പണിയെടുക്കുന്നത്. യഥാര്‍ത്ഥ ജോലി അമ്പലത്തിലെ താല്‍ക്കാലിക ശാന്തിയായാണ്. പണ്ടുമുതലേ സിനിമയോടുള്ള കമ്പം കാരണമാണ് നേരത്തെ ചെയ്തു പരിചയമില്ലെങ്കിലും പ്രൊഡക്ഷന്‍ ജോലിയിലേക്ക് എടുത്തുചാടിയത്.
മലയാള സിനിമാ സെറ്റപ്പൊന്നുമല്ല തമിഴ് സിനിമയ്ക്കുള്ളത്. നൂറുപേരോളം ഒരു യൂണിറ്റില്‍ ഉണ്ടാകും. തൈര് സാദം, സാമ്പാര്‍ സാദം തുടങ്ങി വിവിധതരം ഭക്ഷണമാണ് അവര്‍ക്കു വേണ്ടത്. ഇത്രയും പേര്‍ക്കുള്ള ഭക്ഷണം തയ്യാറാക്കി നല്‍കാന്‍ തങ്ങളെക്കൊണ്ടാകുമോ എന്ന് സാവിത്രിയുടെ അമ്മ പ്രവീണിനോട് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചോദിച്ചുകൊണ്ടിരുന്നു.

''ഒന്നുകൊണ്ടും ആന്റി പേടിക്കേണ്ട. അതിനുവേണ്ടുന്ന ആള്‍ക്കാരേയും അഡ്വാന്‍സായി കുറച്ചധികം രൂപയും ഞാന്‍ തരപ്പെടുത്തി തരാം.'' അയാള്‍ ഏറ്റു.

ഒരു പഴയ മനയായിരുന്നു സാവിത്രിയുടെ വീട്. പാചകക്കാരും സന്നാഹങ്ങളും എത്തി. സിനിമാ സംഘത്തിന് അവരുടേതായ രീതിയിലുള്ള ഭക്ഷണം പാചകക്കാര്‍ തയ്യാര്‍ ചെയ്തു തുടങ്ങി.

ആ തമിഴ് സിനിമ പൂര്‍ണ്ണമായും ഗുരുവായൂരില്‍ വച്ചല്ല ചിത്രീകരിച്ചത്. കഥയിലെ മലയാളി നായികയുടെ ഭാഗം മാത്രമേ ഗുരുവായൂര്‍ അമ്പലപരിസരങ്ങളിലും മറ്റുമായി ചിത്രീകരിക്കേണ്ടതുള്ളൂ. കഥയുടെ ഏറിയഭാഗവും തഞ്ചാവൂരില്‍വച്ചാണ് പൂര്‍ത്തിയാക്കുക.

പതിനഞ്ച് ദിവസത്തെ ചിത്രീകരണത്തോടെ തമിഴ്സംഘം മദ്രാസിലേക്കു മടങ്ങിപ്പോയി. ഭക്ഷണച്ചെലവില്‍ രണ്ടുലക്ഷത്തിനു മുകളില്‍ ബാക്കിവച്ച് നിര്‍മ്മാതാവ് കടന്നുകളഞ്ഞു.

തുച്ഛമായ മാസശമ്പളത്തില്‍ ജീവിച്ചുപോന്ന ആ കുടുംബത്തിനുമേല്‍ അഗ്‌നിപാതം കണക്ക് കടുത്ത സാമ്പത്തിക ബാധ്യതയില്‍ അവര്‍ വെന്തുരുകി. എല്ലാം ശരിയാക്കിക്കൊടുക്കാമെന്നു പറഞ്ഞ പ്രവീണും മുങ്ങിയ മട്ടായി. അയാള്‍ കൊടുത്ത ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍ ഒന്നോ രണ്ടോ പ്രാവശ്യം അയാള്‍ അറ്റന്‍ഡു ചെയ്തു. ''പേടിക്കണ്ട... ഞാന്‍ ആ കാശ് വാങ്ങിത്തരും'' എന്ന് ഉറപ്പുകൊടുത്തതല്ലാതെ മറ്റൊന്നും അയാള്‍ ചെയ്തില്ല.

ഒരു ദിവസം സാവിത്രിയും അമ്മയും കൂടി തൃശൂരിലുള്ള പ്രവീണിന്റെ വീട് തേടി പോയി. പ്രവീണിന്റെ അമ്മ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. പ്രവീണിനെക്കുറിച്ച് അവര്‍ക്ക് ഒന്നും അറിയില്ലായിരുന്നു. അയാള്‍ വീട്ടിലെത്തിയിട്ട് നാളുകള്‍ ഏറെയായത്രെ.

ഇനി എന്തുചെയ്യുമെന്ന ചിന്തയുമായി അവര്‍ ഗുരുവായൂരിലേക്കു മടങ്ങി. പലിശയ്ക്കു പണം കടമെടുത്തായിരുന്നു അവര്‍ സദ്യവട്ടങ്ങള്‍ ഒരുക്കിയിരുന്നത്. കടക്കാര്‍ വീട്ടിലെത്തി ബഹളം വയ്ക്കാന്‍ തുടങ്ങിയപ്പോള്‍ അസൂയപൂണ്ടിരുന്ന അയല്‍വാസികള്‍ക്ക് ഊറിച്ചിരിക്കാന്‍ വകയായി.

വയറുനിറയെ ഭക്ഷണമില്ലാത്ത നാളുകളിലൂടെയാണ് ആ കുടുംബം മുന്‍പ് മുന്നോട്ടു പോയിരുന്നതെങ്കില്‍, ഇന്നു കടക്കാരുടെ ഭീഷണിയും അള്ളിക്കീറാന്‍ വെമ്പുന്ന നോട്ടങ്ങള്‍ക്കും നടുവില്‍ അവര്‍ പതറിനിന്നു.

നിനച്ചിരിക്കാതെ ഒരു ദിവസം പ്രവീണ്‍ സാവിത്രിയുടെ വീട്ടിലെത്തി. എല്ലാ സങ്കടങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും കാരണക്കാരന്‍ താന്‍ തന്നെ എന്നു കുറ്റസമ്മതം നടത്തിക്കൊണ്ടായിരുന്നു അയാളുടെ വരവ്. ഒരു പരിഹാരം പ്രവീണ്‍ കണ്ടെത്തി- പ്രൊഡ്യൂസര്‍ ചെട്ടിയാരെ അന്വേഷിച്ച് മദ്രാസിലേക്ക് പോകുക. അയാള്‍ പറഞ്ഞു:
''നിങ്ങളും കൂടെ വരിക.''

എങ്ങനെയെങ്കിലും ഈ അലകടല്‍ നീന്തിക്കയറണമെന്നത് പ്രവീണിന്റേയും ആവശ്യമായിരുന്നു.

സാവിത്രി അച്ഛനുമായി ആലോചിച്ചു. അച്ഛനു കടയില്‍നിന്നു മാറിനില്‍ക്കാന്‍ കഴിയില്ല. ജോലി നഷ്ടപ്പെട്ടാല്‍ വയസ്സുകാലത്ത് മറ്റൊരിടം കിട്ടുക ബുദ്ധിമുട്ടാകും. ദീര്‍ഘമായ ആലോചനകള്‍ക്കുശേഷം മൂത്തമകളായ സാവിത്രിയും അമ്മയും പ്രവീണിനൊപ്പം മദ്രാസിലേക്കു പോകാന്‍ തീരുമാനിച്ചു. നന്നായി സംസാരിക്കാനും ആലോചിച്ചു തീരുമാനമെടുക്കാനുമുള്ള പ്രത്യേക കഴിവ് സാവിത്രിക്കുണ്ടായിരുന്നു.

മദ്രാസില്‍, ആര്‍കെ ലോഡ്ജിന്റെ സമീപത്തുള്ള ഒരു ലോഡ്ജിലാണ് പ്രവീണ്‍ മുറിയെടുത്തത്. സാവിത്രിയും അമ്മയും അയാളോടൊപ്പം മറ്റൊരു മുറിയില്‍ താമസം തുടങ്ങി. ദിവസവും ചെട്ടിയാരെ തേടി അവര്‍ യാത്രയാകും. ദിവസങ്ങള്‍ പലത് കഴിഞ്ഞിട്ടും അയാളെ നേരില്‍ക്കാണാന്‍ കഴിഞ്ഞില്ല. അങ്ങനെ ഒരു ദിവസം രാത്രിയില്‍ വള്ളിയക്കയുടെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ അവര്‍ എത്തി.

ഗോപാലണ്ണനോട് ഞാന്‍ മലയാളത്തില്‍ സംസാരിക്കുന്നത് ശ്രദ്ധിച്ചിട്ടാകണം പ്രവീണ്‍ എന്നെ പരിചയപ്പെട്ടു. സഹോദരിയും മകളുമാണ് കൂടെയുള്ളതെന്നു പറഞ്ഞ് അവരെയും പരിചയപ്പെടുത്തി.

ഞാന്‍ സാവിത്രിയെ ശ്രദ്ധിച്ചു. പക്വമതി. പതിഞ്ഞ സംസാരം. അമ്മയും സുന്ദരിതന്നെ. സിനിമാ ലോകത്തിന്റെ ചതിയും വഞ്ചനയും പത്തിരുപത് കൊല്ലമായി നേരില്‍ക്കാണുന്ന എനിക്ക് പാവം ആ കുടുംബത്തിന്റെ അവസ്ഥ എന്താകുമെന്നോര്‍ത്ത് വേവലാതിയായി.

'കേരളശബ്ദ'ത്തിനുവേണ്ടി കരുണാനിധിയുടെ ഒരു അഭിമുഖം നിശ്ചയിക്കപ്പെട്ടിരുന്നു. പത്തുമണിക്കാണ് സമയം തന്നിരിക്കുന്നത്. കരുണാനിധി താമസിക്കുന്ന ഗോപാലപുരത്തെ വീട്ടില്‍വച്ചാണ് ഇന്റര്‍വ്യൂ. അങ്ങോട്ട് പോകാന്‍ തയ്യാറാകുന്നതിനിടയില്‍ പ്രവീണ്‍ മുറി തപ്പിപ്പിടിച്ചെത്തി. ഒരു പ്രാവശ്യം മാത്രമേ ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടുള്ളൂ. ആ പരിചയം അയാള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട്, മുറിയിലേക്ക് കയറി ഇരുന്നു. അയാള്‍ നിരാശനായിരുന്നു. മുഖത്ത് വല്ലാത്ത സംഭ്രമം. അടുത്ത നിമിഷത്തില്‍ പൊട്ടിക്കരയുമെന്ന നിലയിലായിരുന്നു.

ഞാന്‍ പ്രവീണിന്റെ സമീപം ഇരുന്നുകൊണ്ട് കാര്യം തിരക്കി. അതുവരെ സംഭരിച്ചുവന്ന ശക്തിമുഴുവന്‍ ചോര്‍ന്നതുപോലെ, പ്രവീണ്‍ പൊട്ടിക്കരഞ്ഞു.

''സര്‍... ഞങ്ങളെ രക്ഷിക്കണം. കയ്യിലുള്ള കാശ് മുഴുവന്‍ തീര്‍ന്നു. ഇന്ന് ഉച്ചയ്ക്കുമുന്‍പ് വാടക മുഴുവന്‍ തീര്‍ത്തുകൊടുത്തില്ലെങ്കില്‍ അവര്‍ ഇറക്കിവിടും. അമ്മയേയും മകളേയും കൊണ്ട് ഞാന്‍ എങ്ങോട്ടു പോകും?''

മുപ്പത് വയസ്സ് മാത്രം തോന്നിക്കുന്ന ആ യുവാവിന്റെ ആര്‍ത്തിരമ്പുന്ന വേദന എനിക്ക് മനസ്സിലായി.

''എത്ര രൂപയാണ് കുടിശ്ശിക...?'' ഞാന്‍ ചോദിച്ചു.

''അയ്യായിരത്തില്‍ കൂടുതലുണ്ട്. ഇപ്പോള്‍ ഒരു നാലായിരമെങ്കിലും കൊടുത്താല്‍...''
അത് മുഴുമിപ്പിക്കും മുന്‍പ് ഞാന്‍ പറഞ്ഞു:

''പക്ഷേ, എന്റെ കയ്യില്‍ അത്രയൊന്നുമില്ല. ശമ്പളം ഇനിയും വന്നിട്ടില്ല. എന്തുചെയ്യും പ്രവീണേ?''

ഞാന്‍ വല്ലാത്ത ധര്‍മ്മസങ്കടത്തിലായി. നല്ല കുടുംബത്തില്‍ ജനിച്ച അയാളെയും മറ്റും തെരുവിലേക്ക് ഇറക്കിവിടുക എന്നു പറയുന്നത്... പ്രത്യേകിച്ച് സുന്ദരികളായ അമ്മയും മകളും.

പേഴ്സില്‍ കഷ്ടിച്ച് ആയിരം രൂപയുണ്ട്. അടുത്ത മുറിയില്‍ താമസിക്കുന്നത് ബ്ലൂഡാര്‍ട്ട് കൊറിയര്‍ സര്‍വ്വീസില്‍ ജോലിചെയ്യുന്ന മനോജ് മാത്യു ആണ്. പാലക്കാടുകാരന്‍. ഞാന്‍ അങ്ങോട്ടു ചെന്നു. മനോജിനോട് കാര്യം പറഞ്ഞു. കയ്യിലുള്ളത് മുഴുവന്‍ വാങ്ങി. എല്ലാംകൂടി നാലായിരത്തി അഞ്ഞൂറ് രൂപയുണ്ട്. അത് പ്രവീണിന്റെ കയ്യില്‍ കൊടുത്തു.

ആ രൂപ ആവേശത്തോടെ അയാള്‍ പോക്കറ്റിലിട്ട് നന്ദിയോടെ എന്നെ നോക്കി. ആ കണ്ണുകളില്‍ പ്രതീക്ഷയുടെ നക്ഷത്രങ്ങള്‍ ഉദിച്ചുയരുന്നത് ഞാന്‍ കണ്ടു.

ദിവസങ്ങള്‍ കഴിഞ്ഞു. പിന്നീട് പ്രവീണ്‍ ആ വഴിക്കൊന്നും വന്നില്ല. അയാളെ കാണാതായപ്പോള്‍ ഞാന്‍ ഉറപ്പിച്ചു, എന്നെ പറ്റിച്ചു എന്ന്. ഒരു ദിവസം അവര്‍ താമസിച്ചിരുന്ന രാജ് ഹോട്ടലില്‍ ചെന്നു. ആ കുടുംബത്തെക്കുറിച്ച് അന്വേഷിച്ചു. തമിഴന്‍ മാനേജര്‍ പറഞ്ഞു:

''അവര്‍ പോയിട്ട് കുറെ നാളായി സര്‍. കോടമ്പാക്കത്ത് ഒരു വീടെടുത്ത് മാറുകയാണെന്നു പറഞ്ഞു.''

എന്റെ നാലായിരത്തി അഞ്ഞൂറ് രൂപ വെള്ളത്തില്‍ പോയി; ഞാന്‍ സ്വയം പറഞ്ഞു. 'നാന'യില്‍നിന്നും അന്ന് എനിക്ക് കിട്ടിക്കൊണ്ടിരുന്ന ആകെ ശമ്പളം അയ്യായിരം രൂപയായിരുന്നു. മാസംതോറും വീട്ടില്‍നിന്ന് അച്ഛനറിയാതെ അമ്മ അഞ്ഞൂറോ ആയിരമോ അയച്ചുതരും. ആ തുകകൂടി വന്നാലേ മദ്രാസില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയൂ. അതിനിടയിലാണ് മൂവായിരത്തി അഞ്ഞൂറ് രൂപ കടംകൂടി തലയില്‍ വന്നുവീണത്.

എ.വി.എം സ്റ്റുഡിയോയില്‍ ഒരു മലയാള ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയാണ്. ലൊക്കേഷന്‍ കവര്‍ ചെയ്യാനായി ഞാനും സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ജോയിയും അവിടെയെത്തി. 'നാന'യുടെ പ്രതിനിധികള്‍ക്ക് എപ്പോഴും നല്ല സ്വീകരണമാണ് ലഭിക്കുക. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കിളിമാനൂര്‍ ചന്ദ്രന്‍ ചേട്ടനാണ്. എന്റെ മദ്രാസ് ജീവിതത്തിന് (സഹസംവിധായകനായിരുന്ന കാലത്തും) വേണ്ട പിന്തുണയും മുന്നോട്ടുപോകാനുള്ള ഊര്‍ജ്ജവും എപ്പോഴും നല്‍കിക്കൊണ്ടിരുന്നത് അദ്ദേഹമാണ്. മാസശമ്പളം ചിലപ്പോള്‍ വൈകിയാല്‍ ഒറ്റ ഫോണ്‍ കോള്‍ മതി, മുറിയില്‍ ആവശ്യമായ കാശെത്തിക്കും. പിന്നീട് എപ്പോഴെങ്കിലുമായിരിക്കും അത് മടക്കിക്കൊടുക്കുക. 

തിരക്കുപിടിച്ച ഷൂട്ടിംഗിനിടയില്‍ എന്റെയടുത്തേക്ക് ഒരു പെണ്‍കുട്ടി ഓടിവന്നു. അവളുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പിയിരുന്നു. ഒരു കരച്ചിലിന്റെ വക്കത്തുനിന്നുകൊണ്ട് അവള്‍ പറഞ്ഞു:

''സര്‍... ഞാന്‍ അന്ന് പ്രവീണ്‍ പരിചയപ്പെടുത്തിയ സാവിത്രിയാണ്.''

പെട്ടെന്ന് ആളെ മനസ്സിലായി. നാലായിരത്തി അഞ്ഞൂറ് രൂപ പറ്റിച്ചുപോയ കൂട്ടുസംഘം.

പ്രവീണ്‍ എവിടെയെന്ന മട്ടില്‍ ഞാന്‍ ചുറ്റിനും നോക്കുന്നത് മനസ്സിലാക്കി സാവിത്രി പറഞ്ഞു:

''അയാള്‍ ഞങ്ങളെ പറ്റിച്ച് കടന്നുകളഞ്ഞു. സാറിനോട് വാങ്ങിയ ആ രൂപയുമായി പ്രവീണ്‍ നാട്ടിലേക്ക് പോയി. ലോഡ്ജില്‍ എന്നെയും അമ്മയേയും പൂട്ടിയിട്ടു. പിന്നെ നാട്ടില്‍നിന്നും ഒരു ബന്ധു വന്നാണ് അവിടെനിന്നും പുറത്തുകടക്കാന്‍ കഴിഞ്ഞത്.''

ഇത്രയും പറഞ്ഞുകഴിയുമ്പോഴേക്കും ഒരു മരച്ചുവട്ടില്‍ നിന്നിരുന്ന അമ്മകൂടി എന്റെയടുത്തേക്ക് വന്നു. അവര്‍ കണ്ണുകള്‍ തുടച്ച് സങ്കടപ്പെട്ടു നിന്നു.

ഞാന്‍ ചോദിച്ചു: ''ഇപ്പോള്‍ ഇവിടെ...?''

അമ്മയാണ് അതിന് മറുപടി പറഞ്ഞത്: ''മോള്‍ ഈ ചിത്രത്തില്‍ ഒരു വേഷം ചെയ്യുന്നുണ്ട്. അഭിനയം പണ്ടേ മോള്‍ക്ക് ഇഷ്ടമുള്ള കാര്യമായിരുന്നു. ഭരതനാട്യവും കുച്ചുപ്പുടിയുമൊക്കെ പഠിച്ചിട്ടുണ്ട്. അഭിനയിക്കാന്‍ അവസരം കിട്ടിയപ്പോള്‍ ഞങ്ങള്‍ തയ്യാറായി.''

''നല്ല കാര്യം... എന്തായി ചെട്ടിയാര്‍? കാശ് തന്നോ?''

ആ ചോദ്യം മറ്റൊരു സങ്കടക്കടലിനു വഴിയൊരുക്കി.

അയാള്‍ പറ്റിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും കള്ളക്കേസ് കൊടുത്ത് പല ദിവസങ്ങളില്‍ കോടമ്പാക്കം പൊലീസ് സ്റ്റേഷനില്‍ പിടിച്ചിരുത്തിയെന്നുമൊക്കെയുള്ള കഥകള്‍ ഒറ്റശ്വാസത്തില്‍ അവര്‍ പറഞ്ഞു.
മാസങ്ങള്‍ കഴിഞ്ഞു. പല സിനിമാ സെറ്റുകളിലും ഡബ്ബിംഗ് സ്റ്റുഡിയോകളിലുമായി അവരെ വീണ്ടും വീണ്ടും കണ്ടു. ഒന്ന് ചിരിക്കും. കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ അവസരം നല്‍കാതെ മറ്റ് തിരക്കുകളിലേക്ക് ഞാന്‍ മാറിപ്പോകും.

സാലിഗ്രാമത്തില്‍ പ്രസാദ് ലാബിന്റെ പിന്നിലൊരു വീട്ടിലാണ് സാവിത്രിയും അനുജത്തി രേവതിയും അമ്മയും താമസിച്ചിരുന്നത്. ചെറിയ ചെറിയ വേഷങ്ങളിലൂടെ രണ്ടുപേരും ചലച്ചിത്രരംഗത്ത് ചുവടുറപ്പിച്ചു വരുകയാണ്. കുട്ടികള്‍ കൊണ്ടുവരുന്ന ചെറിയ തുകകളോടെ ആ കുടുംബം സന്തോഷപൂര്‍വ്വം മുന്നേറിക്കൊണ്ടിരുന്നു. അവരെ എപ്പോള്‍ കണ്ടാലും നെറ്റിയില്‍ ചന്ദനക്കുറിയുണ്ടായിരിക്കും. ഗുരുവായൂര്‍ നിവാസികള്‍ക്ക് മാത്രമുള്ള ഒരു മുഖമുദ്രയാണ് അത്. പലപ്പോഴും ഞാന്‍ ഓര്‍ത്തിട്ടുണ്ട്. ഇത്രമാത്രം ചന്ദനം ഇവര്‍ കരുതിവച്ചിട്ടുണ്ടോ എന്ന്.

വളരെ താമസിയാതെ മലയാള സിനിമ സ്വന്തം തട്ടകത്തിലേക്ക് മാറിത്തുടങ്ങിയിരുന്നു. പൂര്‍ണ്ണമായും ഉടനെയൊന്നും അത് സാധിക്കില്ലെങ്കിലും കുറച്ചധികം സിനിമകളുടെ ചിത്രീകരണവും മറ്റും തിരുവനന്തപുരത്തേക്ക് പറിച്ചുനട്ടു തുടങ്ങി. മദ്രാസില്‍ റിക്കാര്‍ഡിംഗും ഡബ്ബിംഗും പ്രിന്റിംഗുമൊക്കെ ബാക്കിവച്ച് പുതിയ നിര്‍മ്മാതാക്കള്‍ കേരളത്തിലെത്തി.

ഒരു ദിവസം, ഷൊര്‍ണ്ണൂരില്‍വച്ച് സാവിത്രിയെ കണ്ടു. ഒരു ഗസ്റ്റ്ഹൗസിന്റെ പരിസരത്ത് മറ്റൊരു യുവാവിനോടൊപ്പമാണ് സാവിത്രിയെ കണ്ടത്. യുവാവിനെ എനിക്ക് നല്ല പരിചയമായിരുന്നു. മലയാളത്തിലെ പ്രശസ്തനായ ഒരു സംവിധായകന്റെ സഹായിയായിരുന്നു അയാള്‍. എന്നെ കണ്ടപ്പോള്‍ സാവിത്രിയെക്കാള്‍ മുന്നേ അയാള്‍ ഓടിവന്നു.

''എന്താ ഇവിടെ...?'' ഞാന്‍ ചോദിച്ചു.
''എന്റെ നാട് ഇവിടെയാണ്.''
സാവിത്രിയെ നോക്കിക്കൊണ്ട് അയാള്‍ പറഞ്ഞു:
''ഞങ്ങളുടെ വിവാഹമാണ് ഇന്ന്. രജിസ്റ്റര്‍ മാരേജാണ്. എന്റെ അളിയനാണ് ഒരു സാക്ഷി. അദ്ദേഹം ഇവിട വരാനാണ് പറഞ്ഞത്.''

ആ നിമിഷം സാവിത്രിയുടെ മുഖത്ത് വിരിഞ്ഞ സംതൃപ്തിയുടെ നിറപുത്തിരി ഞാന്‍ തിരിച്ചറിഞ്ഞു. അവള്‍ സന്തോഷവതിയായിരുന്നു. യുവാവും തെറ്റില്ലാത്ത, ഏതോ കുടുംബത്തിലുള്ളയാള്‍. സുന്ദരനാണ്. ഭാവി സംവിധായകന്‍. വലിയ തിരക്കുള്ള സംവിധായകന്റെ പ്രധാന സഹായിയായതുകൊണ്ട് നിറയെ ചിത്രങ്ങളും പ്രതിഫലവും യുവാവിന് ലഭിക്കുന്നുണ്ടാകും.

ആശംസകള്‍ നേര്‍ന്നുകൊണ്ട് ഞാന്‍ ഗസ്റ്റ്ഹൗസിലേക്ക് കയറിപ്പോയി. ആഴ്ചകള്‍ക്കുശേഷം മദ്രാസില്‍ തിരിച്ചെത്തി. എന്റെ തിരക്കുകളിലേക്ക് കടന്നു.

സിനിമാ സെറ്റുകളില്‍വച്ച് പരിചയപ്പെട്ട നിരവധി സിനിമാ പ്രവര്‍ത്തകര്‍, ചെറുവേഷങ്ങള്‍ അഭിനയിക്കുന്ന യുവനടന്മാര്‍ എന്നിവരൊക്കെ എന്റെ സുഹൃത്തുക്കളാണ്. ഞായറാഴ്ചകളില്‍ അവരില്‍ ചിലര്‍ എന്റെ മുറിയില്‍ സൗഹൃദസംഭാഷണത്തിന് എത്താറുണ്ട്. എന്നെ കാണാന്‍ വരുന്നവര്‍ക്ക് ചില ലക്ഷ്യങ്ങളുണ്ടായിരിക്കും. 'നാന'യില്‍ അവരെക്കുറിച്ച് എന്തെങ്കിലും എഴുതണം. സംവിധായകരോട് പറഞ്ഞ് വേഷങ്ങള്‍ വാങ്ങിക്കൊടുക്കണം.

'നാന'യില്‍ രണ്ടുവരി കുറിച്ചാല്‍ അടുത്ത ചിത്രം കിട്ടാന്‍ അത് വഴിയാകും. കഴിവുള്ളവരെ ഞാന്‍ കണ്ടെത്തി, അവര്‍ ആവശ്യപ്പെടാതെതന്നെ ധാരാളം എഴുതിയിട്ടുണ്ട്. അത്തരമൊരു എഴുത്തുകൊണ്ട് ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള എറണാകുളത്തുകാരന്‍ പ്രേമാനന്ദന്‍ രാവിലെ മുറിയിലെത്തി. സാവിത്രിയുടെ തൊട്ടയല്‍വാസിയാണ് പ്രേമാനന്ദന്‍. മലയാളികളായതുകൊണ്ട്, അവര്‍ തമ്മില്‍ നല്ല ബന്ധത്തിലുമായിരുന്നു. അല്‍പ്പസ്വല്‍പ്പം പണമിടപാടുകളും അവര്‍ തമ്മില്‍ ഉണ്ടത്രെ. സാവിത്രിയുടെ അനുജത്തി രേവതിയെ പ്രേമന് വിവാഹം കഴിച്ചാല്‍ കൊള്ളാമെന്നുണ്ട്. നേരിട്ട് പറയാന്‍ അയാള്‍ക്കൊരു ചമ്മല്‍. എന്നെ ആ ദൗത്യം ഏല്‍പ്പിക്കാനാണ് പ്രേമന്‍ അപ്പോള്‍ വന്നിരിക്കുന്നത്.

അത് ഏറ്റെടുക്കാന്‍ എന്തോ എനിക്കൊരു ഉള്‍ഭയം. സിനിമയാണ് രംഗം. നല്ലവരെന്ന് ഒറ്റനോട്ടത്തില്‍ തോന്നുമെങ്കിലും അവരുടെ ഉള്ളിലെ കഴുകന്‍ ഏതു നിമിഷം വേണമെങ്കിലും ചിറകടിച്ച് ഉയരാം. മാത്രമല്ല, പ്രേമനെക്കുറിച്ച് കൂടുതലായി എനിക്കൊന്നും അറിയില്ല.

കല്യാണ ആലോചനയുമായി എനിക്ക് അവരുടെ മുന്നിലെത്താന്‍ കഴിയാത്ത അവസ്ഥയുണ്ടെന്ന് അയാളെ ബോധ്യപ്പെടുത്തി. വളരെ പ്രചാരമുള്ള ഒരു പത്രസ്ഥാപനത്തിലെ പ്രതിനിധിയാണ് ഞാന്‍. ഇത്തരം കല്യാണ ആലോചനകളുമായി ബന്ധപ്പെടുന്നത് സ്ഥാപനം അറിഞ്ഞാല്‍ പണി പള്ളിപ്പുറത്താകും. എന്റെ സ്ഥിതി പ്രേമനെ ബോധ്യപ്പെടുത്തി ഒഴിഞ്ഞുമാറി. പിന്നീട് അയാള്‍തന്നെ സ്വന്തം ഇഷ്ടം സാവിത്രിയുടെ അമ്മയെ നേരിട്ടറിയിച്ചു. പക്ഷേ, അമ്മ അതിന് ഒരുക്കമല്ലായിരുന്നു. ചിറകുവിടര്‍ത്തി പറന്നുയരാന്‍ തുടങ്ങുന്ന വേളയിലാണ് മൂത്തവള്‍ സ്വന്തം ഇഷ്ടത്തില്‍ ഒരാളെ കണ്ടെത്തി ജീവിതം ആരംഭിച്ചത്. ചെട്ടിയാര്‍ വരുത്തിവച്ച സാമ്പത്തികബാധ്യത ഇനിയും തീര്‍ക്കാനുണ്ട്. രേവതിയാണ് അടുത്ത പ്രതീക്ഷ. അവളേയും നഷ്ടപ്പെട്ടാല്‍ പിന്നെ, മുന്നില്‍ ആത്മഹത്യ മാത്രം.

രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ മദ്രാസ് വിടാന്‍ തയ്യാറെടുക്കുന്ന ദിവസങ്ങള്‍. മലയാളസിനിമ തൊണ്ണൂറു ശതമാനവും കേരളത്തിലേക്ക് പോയിക്കഴിഞ്ഞു. ഇനി എന്റെ തട്ടകം കേരളമാണ്; പ്രത്യേകിച്ച് സിനിമ മുഴുവന്‍ തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞ സ്ഥിതിക്ക്.

ഒരു ദിവസം മുറിയിലേക്ക് സാവിത്രിയുടെ അമ്മ കയറിവന്നു. പെട്ടെന്ന് അവരെ തിരിച്ചറിയാന്‍ കഴിയാത്തവിധം മാറിപ്പോയിരുന്നു.

നരച്ച തലമുടി, ഒട്ടിയ കവിളുകള്‍, നിറംമങ്ങിയ വസ്ത്രങ്ങള്‍.

''സാര്‍... എനിക്കൊരു ചായ വാങ്ങിത്തരാമോ...?'' വന്നപാടെ അവര്‍ ചോദിച്ചു.

ഞാന്‍ പെട്ടെന്ന് പുറത്തിറങ്ങി ഒരു ചായ വാങ്ങിക്കൊണ്ടുക്കൊടുത്തു. മെല്ലെ, ചൂടാറ്റി, രുചിയോടെ, നിറഞ്ഞ കണ്ണുകളോടെ ചായ മൊത്തിക്കുടിച്ചു. അവര്‍തന്നെ ആ ഗ്ലാസ്സ് കഴുകിയും വച്ചു.

''എനിക്കൊരു അഞ്ഞൂറ് രൂപകൂടി തരാമോ...?''

പെട്ടെന്ന് ആ പഴയ നാലായിരത്തി അഞ്ഞൂറ് രൂപയുടെ കാര്യം ഓര്‍ത്തു. ശാന്തനായിരുന്ന് ഞാന്‍ കാര്യങ്ങള്‍ തിരക്കി. അവര്‍ പറഞ്ഞു:

''എല്ലാം തകര്‍ന്നു സര്‍... പ്രേമനോടൊപ്പം രേവതി ഇറങ്ങിപ്പോയി. സാവിത്രിയെ സഹസംവിധായകന്‍ ഉപേക്ഷിച്ചു. അവള്‍ ഷൊര്‍ണ്ണൂരില്‍ ഒരു തയ്യല്‍ക്കടയില്‍ ഇപ്പോള്‍ ജോലി ചെയ്യുകയാണ്. വീട് വാടക, ഭക്ഷണം എല്ലാം കഷ്ടത്തിലായി. രണ്ടുപ്രാവശ്യം ആത്മഹത്യയ്ക്ക് ശ്രമിച്ചു. പക്ഷേ, നാട്ടുകാര്‍ ഓടിയെത്തി എന്നെ ആശുപത്രിയിലാക്കി. ജീവിതം മടുത്തു.''

അവര്‍ തേങ്ങിക്കരഞ്ഞു.

എന്റെ സാന്ത്വനങ്ങളൊന്നും ഒരു പരിഹാരമാകില്ല. കൂടെപ്പിറക്കാതെ പോയ പെങ്ങളുടെ ദയനീയാവസ്ഥ. ഒരു തമിഴ് സിനിമയും അതിനോടനുബന്ധിച്ചുള്ള ജീവിത പരിണാമങ്ങളും ഒക്കെ ആ കുടുംബത്തെ ഛിന്നഭിന്നമാക്കി. നാട്ടില്‍ ഉള്ളതുകൊണ്ട് എത്ര സന്തോഷത്തോടെയാണ് അവര്‍ കഴിഞ്ഞിരുന്നത്. 

വിധി അവരെ ഈവിധം പിച്ചിച്ചീന്തിയില്ലേ?

നാട്ടിലെത്തിയ ഞാന്‍ പിന്നീടറിഞ്ഞത്, സാവിത്രിയുടെ അമ്മ ഗതികിട്ടാതെ മദ്രാസ് നഗരത്തിലൂടെ അലഞ്ഞുനടക്കുന്നതായിട്ടാണ്. ചിത്തഭ്രമം പിടിച്ച ഒരു മനുഷ്യക്കോലമായി.

സിനിമാലോകം നേടലുകളുടേയും നഷ്ടപ്പെടലുകളുടേയും വേദിയാണ്. എല്ലാവര്‍ക്കും ദന്തഗോപുരങ്ങളിലെത്താന്‍ കഴിയില്ല. അത് നേടിയവര്‍ നിമിഷങ്ങള്‍കൊണ്ട് ഉടഞ്ഞുവീഴുന്നതും കണ്ടിട്ടുണ്ട്.

സലിം മാസ്റ്റര്‍, ജീവിതത്തില്‍ തോറ്റുപോയ മനുഷ്യന്‍

ഒരു മായാപ്രപഞ്ചമാണ് സിനിമാലോകം. അതിന്റെ മായികപ്രഭയില്‍ തിളങ്ങിനിന്നവരെക്കാള്‍ മങ്ങലേറ്റ് കരിഞ്ഞുപോയവരാണ് അധികവും. സിനിമ, വെള്ളിവെളിച്ചത്തില്‍ ജീവിതം പകര്‍ത്തുകയും ഇരുട്ടില്‍ അത് കാണിക്കുകയും ചെയ്യുന്ന മഹാസിദ്ധാന്തം...!

എന്റെ ചലച്ചിത്ര-പത്രപ്രവര്‍ത്തന ജീവിതത്തിനിടയില്‍ ഗതിമുട്ടി ജീവിതം പേറിനടക്കുന്ന അനേകം പേരെ പരിചയപ്പെട്ടിട്ടുണ്ട്. പക്ഷേ, അതിനേക്കാള്‍ ഗതികെട്ട ഒരു ജീവിതം എനിക്ക് നേരില്‍ക്കാണാന്‍ കഴിഞ്ഞത് അടുത്തകാലത്താണ്. സമ്പന്നതയുടെ നടുവില്‍ ജീവിച്ച്, പെട്ടെന്ന് തെരുവിലെത്തി, വിശപ്പിനോട് പൊരുതിമരിച്ച ഒരാള്‍.

'ഇന്നലത്തെ താര'ത്തിന്റെ ഷൂട്ടിംഗുമായിട്ടാണ് ഇക്കുറി ഞാന്‍ ചെന്നൈയിലെത്തിയത്. പ്രശസ്ത അഭിനേത്രി കനകദുര്‍ഗ്ഗയുടെ എപ്പിസോഡാണ് ലക്ഷ്യം. മലയാളത്തിലും തമിഴിലുമായി അവര്‍ ഒരുപാട് ചിത്രങ്ങളില്‍ നായികയായിരുന്നു. അവരുടെ ഇന്നത്തെ ജീവിതം അന്വേഷിച്ചുള്ള യാത്രയായിരുന്നു അത്.

ദിവസം ചെല്ലുംതോറും ചെന്നൈ പട്ടണം മാറുകയാണ്. ഇന്നലെ കണ്ട വഴികളല്ല ഇന്ന് കാണുന്നത്. പുതിയ പാലങ്ങള്‍, പാതകള്‍, ബഹുനില മന്ദിരങ്ങള്‍ അങ്ങനെ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളാണ് ചെന്നൈ പട്ടണത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പത്തുപന്ത്രണ്ട് കൊല്ലക്കാലം പഴയ മദ്രാസില്‍ ജീവിച്ച എനിക്ക് അവിടത്തെ ഓരോ സന്തും (ഊടുവഴികള്‍) ചിരപരിചിതമാണ്. സഹസംവിധായകന്റെ റോളില്‍ ജീവിക്കുന്ന കാലത്ത് ബസിലോ ഓട്ടോയിലോ സഞ്ചരിക്കാനുള്ള കാശ് തീരെയില്ല. അക്കാലത്ത് നടപ്പായിരുന്നു ഏക മാര്‍ഗ്ഗം. അന്ന് നടന്ന് പരിചയിച്ച ആ വഴികളെല്ലാം പുതിയ ചെന്നൈയിലെത്തിയപ്പോള്‍ പാടെ മാറിയിരിക്കുന്നു. എവിടെ പോകണമെങ്കിലും വഴി അറിയാവുന്ന ഒരാള്‍ കൂടെ ഉണ്ടായാലേ എത്തിപ്പെടാന്‍ കഴിയൂ. അങ്ങനെയാണ് മണി അണ്ണനെ ഒപ്പം കൂട്ടിയത്. അണ്ണന് ചെന്നൈയുടെ മുക്കും മൂലയും കാണാപ്പാഠമാണ്. പതിനെട്ടാമത്തെ വയസ്സില്‍ ചെന്നൈയിലെത്തിയതാണ്. ദീര്‍ഘകാലത്തെ സിനിമാ പരിചയവും അനുഭവങ്ങളുമുണ്ട് അദ്ദേഹത്തിന്. (മണി അണ്ണനെക്കുറിച്ച് മറ്റൊരു അധ്യായത്തില്‍ പറയുന്നുണ്ട്).

മണി അണ്ണന്‍ സാരഥിയായി ഞങ്ങള്‍ കനകദുര്‍ഗ്ഗയുടെ വീടുതേടി യാത്രചെയ്യുകയാണ്. വാഹനം നഗരപരിധി വിട്ട് അധികം തിരക്കില്ലാത്ത തെരുവിലേക്ക് കടന്നു. എന്തോ കണ്ടെന്നപോലെ വണ്ടിനിര്‍ത്താന്‍ അണ്ണന്‍ ആവശ്യപ്പെട്ടു.

''ഒന്ന് റിവേഴ്സ് ചെയ്യൂ... ആ പള്ളിയുടെ മുന്നിലിരിക്കുന്ന ആളിനെ എവിടെയോ കണ്ടിട്ടുള്ളതുപോലെ'' -അണ്ണന്‍ പറഞ്ഞു.

അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു. ആ മുസ്ലിം പള്ളിയുടെ മുന്നില്‍ നല്ല തിരക്കുണ്ടായിരുന്നു. ഉച്ചനിസ്‌കാരം കഴിഞ്ഞ് ഇറങ്ങിയവരായിരുന്നു അധികവും. ഡോര്‍ തുറന്ന് അണ്ണന്‍, പള്ളിയുടെ ഒഴിഞ്ഞ കോണില്‍ ഭിക്ഷയാചിച്ചിരിക്കുന്ന മനുഷ്യന്റെ അരികിലേക്ക് ചെന്നു.

കടുത്ത വെയില്‍ അയാളെ തളര്‍ത്തിയിരുന്നു. തലയില്‍ പച്ച കര്‍ച്ചീഫ് കെട്ടിയിട്ടുണ്ട്. സൂക്ഷിച്ചുനോക്കിക്കൊണ്ട് അണ്ണന്‍ ചോദിച്ചു:

''നീങ്കെ സലിം മാസ്റ്റര്‍ താനെ...?''

ഒരു നിമിഷം. ആ ചോദ്യം ആ മനുഷ്യനെ അത്ഭുതപ്പെടുത്തുകയും അസ്വസ്ഥനാക്കുകയും ചെയ്തു.
''അല്ലൈ... ഞാന്‍ സലിം അല്ലൈ... ഭിക്ഷക്കാരന്‍... ഭിക്ഷക്കാരന്‍...'' എന്ന് അയാള്‍ ഉറക്കെ പുലമ്പിക്കൊണ്ടിരുന്നു. അപ്പോഴേക്കും എന്തോ പന്തികേടു തോന്നി ചിലര്‍ അണ്ണന് ചുറ്റും കൂടി. അവര്‍ മണി അണ്ണനെ ചോദ്യം ചെയ്യാന്‍ തുടങ്ങി. പള്ളിപ്പരിസരമാണ്. കാര്യങ്ങള്‍ വഷളാകാന്‍ നിമിഷനേരം മതി. അണ്ണന്‍ ഭിക്ഷക്കാരന്റെ മറുപടിക്ക് കാത്തുനില്‍ക്കാതെ വണ്ടിയില്‍ കയറി. ഞങ്ങള്‍ യാത്ര തുടര്‍ന്നു.

കുറെനേരത്തെ ആലോചനയ്ക്കുശേഷം ആര്‍ക്കൊക്കെയോ അണ്ണന്‍ ഫോണ്‍ ചെയ്തു. തമ്മില്‍ എന്തൊക്കെയോ സംസാരിച്ചു. അതിനുശേഷം എന്നോട് തറപ്പിച്ചു പറഞ്ഞു:

''നമ്മള്‍ കണ്ട ആ ഭിക്ഷക്കാരന്‍ പ്രശസ്തനായ നൃത്തസംവിധായകന്‍ സലിം മാസ്റ്ററാണ്.''

പലരോടും ചോദിച്ചും പലയിടങ്ങളില്‍ അന്വേഷിച്ചും സലിം മാസ്റ്ററെ തേടിയുള്ള സുദീര്‍ഘമായ യാത്രയായിരുന്നു പിന്നീടുള്ള ദിവസങ്ങള്‍. അടുത്ത ദിവസങ്ങളിലൊന്നിലും പള്ളിമുറ്റത്ത് അദ്ദേഹം എത്തിയില്ല. സലിമിന്റെ വീടോ നാടോ ആര്‍ക്കും അറിയില്ല. എവിടെനിന്നോ, ഒരുനാള്‍ പള്ളിമുറ്റത്ത് എത്തിയ പരദേശി... ഭ്രാന്തന്‍... മദ്യപാനി... ഭിക്ഷക്കാരന്‍... ഇങ്ങനെയൊക്കെയായിരുന്നു സലിമിനെ പലരും വിശേഷിപ്പിച്ചത്.

അദ്ദേഹം ആരായിരുന്നു...? എന്താണ് ഇന്നത്തെ ജീവിതം...? ഇത്തരം കാര്യങ്ങള്‍ കണ്ടെത്തി സലിം മാസ്റ്ററുടെ ജീവിതം പകര്‍ത്തിവയ്ക്കണം എന്ന ഉദ്ദേശ്യത്തോടുകൂടിയായിരുന്നു പിന്നീടുള്ള ശ്രമങ്ങള്‍.

കടുത്ത വേനല്‍ച്ചൂടിനെ വകവയ്ക്കാതെ ചെന്നൈ നഗരമാകെ അന്വേഷിച്ചു. ഒടുവില്‍ ഒരു ഇടുങ്ങിയ തെരുവില്‍, ഹൃദയം പൊട്ടുന്ന വ്യഥയില്‍ അദ്ദേഹത്തെ കണ്ടെത്തി.

ഒരു വീടിന്റെ പിന്നാമ്പുറത്തെ കോണിപ്പടിക്ക് കീഴെ, ഒടിഞ്ഞ പലകബെഞ്ചില്‍ അദ്ദേഹം കണ്ണടച്ച് കിടക്കുന്നു. തൊട്ടടുത്ത് ദുര്‍ഗന്ധം വമിക്കുന്ന ബാത്ത്റൂം. ശ്രദ്ധിക്കാന്‍ ആരോരുമില്ലാതെ എല്ലും തോലുമായ മനുഷ്യരൂപം. തലേദിവസം കഴിച്ച ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ ചിതറിക്കിടപ്പുണ്ട്.

വ്രണം പിടിച്ച കാലുകളില്‍ ഈച്ചകള്‍ പൊതിയുന്നു. തികച്ചും ദയനീയമായ കാഴ്ച.

ഒരിക്കല്‍ ഇന്ത്യന്‍ സിനിമയുടെ സൂപ്പര്‍ സ്റ്റാറായിരുന്നു ഈ മനുഷ്യന്‍. ബോളിവുഡിലും കോളിവുഡിലും ലക്ഷങ്ങളുടെ വിലയുണ്ടായിരുന്ന കോറിയോഗ്രാഫര്‍. എന്‍.ടി. രാമറാവുവും എം.ജി.ആറും രാജ്കുമാറും തുടങ്ങി ദേവാനന്ദും രാജേഷ് ഖന്നയും ജയലളിതയും രജനികാന്തും ഒക്കെയുള്ള താരരാജാക്കന്മാര്‍ ദിവസങ്ങളോളം കാത്തിരുന്നിട്ടുണ്ട് ഈ മനുഷ്യനുവേണ്ടി. സലിം മാസ്റ്റര്‍ കമ്പോസ് ചെയ്തിട്ടുള്ള ചിത്രങ്ങളെല്ലാം അക്കാലത്ത് സൂപ്പര്‍ ഹിറ്റുകളായിരുന്നു.

കണ്ണൂരിലെ താഴെചൊവ്വയില്‍നിന്നും പതിനെട്ടാമത്തെ വയസ്സില്‍ കള്ളവണ്ടി കയറി മദ്രാസിലെത്തിയ യുവാവ്. കുട്ടിക്കാലത്ത് പഠിച്ച കഥകളിയും ഭരതനാട്യവും മാത്രം കൈമുതല്‍. നാട്ടിന്‍പുറത്തെ സിനിമാ കൊട്ടകയില്‍വച്ച് കണ്ട തമിഴ് സിനിമകളായിരുന്നു കുട്ടിക്കാലത്ത് മനസ്സുനിറയെ. പിന്നീട് സിനിമയെന്ന വിസ്മയക്കാഴ്ചകളോടുള്ള കമ്പം, അവനെ കോടമ്പാക്കത്തെത്തിച്ചു.

വെളുത്ത് സുന്ദരനായ പതിനെട്ടുകാരനെ ആദ്യം സ്വീകരിച്ചത് ഇന്ത്യന്‍ സിനിമയുടെ നൃത്ത ചക്രവര്‍ത്തിയായിരുന്ന എ.കെ. ചോപ്രയുടേയും പിന്നീട് ഗോപീകൃഷ്ണന്‍ മാഷിന്റേയും ശിഷ്യനായി. നൃത്തത്തിന്റെ അത്ഭുതപ്രതിഭാസമായിരുന്നു രണ്ട് ഗുരുക്കന്മാരും. ആ മഹാപ്രതിഭകളുടെ ശിഷ്യനായതുകൊണ്ട് സിനിമയില്‍ സ്വന്തമായി നൃത്തമൊരുക്കാന്‍ അധികംകാലം കാത്തിരിക്കേണ്ടിവന്നില്ല. അവസരങ്ങള്‍ സലിമിനെ തേടിയെത്തി. പിന്നീട് സലിം മാസ്റ്ററുടെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു. സിനിമയിലെ താരപ്രഭയുള്ള അഭിനേതാക്കളുടെ കാള്‍ഷീറ്റിനേക്കാള്‍ വിലയുണ്ടായിരുന്നു ഈ നൃത്തസംവിധായകന്റെ ഡേറ്റിന്. പ്രശസ്തരായ നടീനടന്മാര്‍ തങ്ങളുടെ ചിത്രങ്ങളില്‍ സലിം മാസ്റ്റര്‍ തന്നെ നൃത്തരംഗങ്ങള്‍ ഒരുക്കണമെന്നു നിര്‍ബ്ബന്ധം പിടിച്ചു.

ഒരു ഭാഷയില്‍നിന്നും മറ്റൊരു ഭാഷയിലേക്ക്... സെറ്റുകളില്‍നിന്നും സെറ്റുകളിലേക്ക്...!

ഇന്ത്യന്‍ സിനിമയിലെ എത്രയോ താരങ്ങളെ സൂപ്പര്‍ സ്റ്റാറാക്കി ഉയര്‍ത്തിയത് സലിം മാസ്റ്റര്‍ ഒരുക്കിയ നൃത്തച്ചുവടുകളിലൂടെയാണ്. അവര്‍ പാടി അഭിനയിച്ച പാട്ടുരംഗങ്ങള്‍ പ്രേക്ഷകര്‍ കയ്യടിച്ച് സ്വീകരിച്ചു. ഹേമമാലിനി, ജയപ്രദ, ജയലളിത, ശ്രീദേവി അങ്ങനെ എത്രയെത്ര സ്വപ്‌നസുന്ദരിമാര്‍ അഭ്രപാളിയിലെ താരമൂല്യമുള്ള വന്‍കിട താരങ്ങളായി. അക്കാലത്ത് നൃത്തസംവിധായകര്‍ക്ക് തുച്ഛമായ പ്രതിഫലമായിരുന്നു ലഭിച്ചുകൊണ്ടിരുന്നത്. സലിം മാസ്റ്റര്‍ അതിനൊരു അപവാദമായിരുന്നു. ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങി.

എം.ജി.ആറിന്റെ അനേകം സിനിമകള്‍ക്കുവേണ്ടി നൃത്തരംഗങ്ങള്‍ ഒരുക്കി. 'പഠിച്ച കള്ളന്‍', 'റിക്ഷാക്കാരന്‍', 'ആയിരത്തില്‍ ഒരുവന്‍', 'കാവല്‍ക്കാരന്‍' തുടങ്ങി അന്‍പതോളം ചിത്രങ്ങള്‍. ഇരുപതോളം എന്‍.ടി.ആര്‍. ചിത്രങ്ങള്‍. ശിവാജി ഗണേശന്‍, ജെമിനി ഗണേശന്‍, രജനികാന്ത്, കമലഹാസന്‍ തുടങ്ങി ഒട്ടനവധി താരങ്ങള്‍ക്കുവേണ്ടി തൊണ്ണൂറ്റിമൂന്നുവരെ (1993) ഏകദേശം മുന്നൂറോളം ചിത്രങ്ങള്‍ക്കുവേണ്ടി ചടുലതാളങ്ങള്‍ക്കൊപ്പിച്ച് ചുവടുവച്ചു.

മലയാള സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 'വനദേവത', 'ആയിരം ജന്മങ്ങള്‍', 'അപരാധി', 
'പഠിച്ച കള്ളന്‍', 'കോളിളക്കം' (ജയന്‍ അകാലത്തില്‍ മരിച്ച ചിത്രം) അങ്ങനെ കുറച്ച് ചിത്രങ്ങള്‍. മറ്റ് ഭാഷാ തിരക്കുകാരണം മാതൃഭാഷയില്‍ കൂടുതല്‍ അവസരങ്ങള്‍ തേടിവന്നിട്ടും അവ ഏറ്റെടുക്കാന്‍ കഴിയാത്തതിന്റെ ദുഃഖം മാസ്റ്റര്‍ എപ്പോഴും പറയാറുണ്ടത്രെ.

ഞങ്ങള്‍ മാസ്റ്ററെ കാണാന്‍ എത്തുമ്പോള്‍ അദ്ദേഹം നല്ല ഉറക്കത്തിലായിരുന്നു. തലേദിവസത്തെ രൂക്ഷമായ മദ്യഗന്ധം. അപരിചിതരെ സൂക്ഷിച്ചുനോക്കിക്കൊണ്ട് കണ്ണുതിരുമ്മി എണീറ്റു. പിന്നീട് വല്ലാത്ത പരവേശത്തോടെ എന്തോ തിരയുകയായിരുന്നു.

ബാത്ത്റൂമിന്റെ മൂലയില്‍, ചൂലിന്റെ പിന്നില്‍ ഒളിപ്പിച്ചുവച്ചിരുന്ന മദ്യക്കുപ്പി തപ്പിയെടുത്തു. ഒറ്റവലിക്ക് അത് ഉള്ളിലാക്കി. ഹൃദ്യമായി ഞങ്ങളെ നോക്കി ചിരിച്ചു. ഇതിനിടയിലാണ് മണി അണ്ണനെ ശ്രദ്ധയില്‍പ്പെട്ടത്.
''ഏയ് മണി... കണ്ടിട്ട് വര്‍ഷങ്ങളായല്ലോ...? സുഖമാണോ...?''

ശുദ്ധമലയാളത്തില്‍ മാസ്റ്റര്‍ ചോദിച്ചു.

മണി അണ്ണനും മാസ്റ്ററും പഴയകാലം തൊട്ടേ സുഹൃത്തുക്കളായിരുന്നു. അണ്ണന്‍ അസോസിയേറ്റ് ഡയറക്ടറായി ജോലി ചെയ്തിരുന്ന എത്രയോ സിനിമകളുടെ ഡാന്‍സ് മാസ്റ്ററായിരുന്നു സലിം. അദ്ദേഹത്തിന്റെ പ്രതാപകാലം വളരെ അടുത്തുനിന്ന് നോക്കിക്കണ്ട ഒരാളായിരുന്നു മണി അണ്ണന്‍.

തൊട്ടടുത്തുള്ള ടിഫിന്‍ കടയില്‍നിന്നും മാസ്റ്റര്‍ക്ക് ആവശ്യമുള്ള ഭക്ഷണം കഴിക്കാന്‍ ഏര്‍പ്പാടാക്കി. ഒരുപാട് നാളുകള്‍ക്കുശേഷം വയറുനിറയെ ഭക്ഷണം കിട്ടിയ ആര്‍ത്തിയായിരുന്നു.

എങ്ങനെയായിരുന്നു മാസ്റ്ററുടെ ജീവിതം കാലിടറിപ്പോയത്? അമിതമായ മദ്യാസക്തിയും സ്ത്രീകളുമായിരുന്നോ കാരണം?

തിരക്കുകളില്‍നിന്നും തിരക്കുകളിലേക്ക് ജീവിക്കുമ്പോഴും മദ്യം ആവോളം ആസ്വദിച്ചു. ഗ്രൂപ്പ് ഡാന്‍സുകളിലെ സുന്ദരിമാരുടെ രാജകുമാരനായിരുന്നു. ഭാര്യയേയും മക്കളേയും അത്തരം മദനോത്സവങ്ങള്‍ മായ്ചുകളഞ്ഞു. കിട്ടിയവരെ സ്വന്തമാക്കുകയും സ്വന്തമാക്കിയവര്‍ ലക്ഷങ്ങള്‍ കൊണ്ടുപോകുകയും ചെയ്തു.

സിനിമയില്‍നിന്നും ലക്ഷങ്ങള്‍ സമ്പാദിച്ചു. ഒന്നിലധികം മണിമാളികകള്‍, ഫാം ഹൗസുകള്‍, കാറുകള്‍... പക്ഷേ, മദ്യത്തിന്റെ ലഹരിയില്‍ ഇതൊന്നും നോക്കിനടത്താന്‍ മാസ്റ്റര്‍ക്ക് കഴിഞ്ഞില്ല. ഭര്‍ത്താവിന്റെ വഴിവിട്ട ജീവിതത്തെ മുതലെടുത്തുകൊണ്ട് ഭാര്യയും മക്കളും വസ്തുവകകളില്‍നിന്നും ലക്ഷങ്ങള്‍ കള്ളയൊപ്പിട്ട് കൈക്കലാക്കി അദ്ദേഹത്തെ ഉപേക്ഷിച്ചുപോയി.

മദ്രാസിന്റെ ഹൃദയഭാഗത്ത് ഉസ്മാന്‍ റോഡിലുണ്ടായിരുന്ന ബഹുനില കെട്ടിടത്തിലായിരുന്നു സ്വന്തം ചിത്രങ്ങളുടെ നൃത്തരംഗങ്ങള്‍ കമ്പോസ് ചെയ്തിരുന്നത്. ചുമരുകള്‍ പൂര്‍ണ്ണമായും കണ്ണാടികള്‍ പതിച്ചവയായിരുന്നു. തമിഴിലേയും ഹിന്ദിയിലേയും താരസുന്ദരികള്‍ ചുവടുകള്‍വച്ചതും ആ മണിമാളികയിലായിരുന്നു.

1993 വരെ നന്നായി ജീവിച്ചു. അത്യാവശ്യം ചിത്രങ്ങളും ഉണ്ടായിരുന്നു. പ്രശ്‌നങ്ങള്‍ തലപൊക്കിത്തുടങ്ങിയത് ഒരു വീടുമായി ബന്ധപ്പെട്ടായിരുന്നു. വലിയ വാടക കിട്ടാവുന്ന മാളിക ആര്‍ക്കോ വാടകയ്ക്കു നല്‍കി. മദ്യപിച്ച് ലക്കുകെട്ട് എത്തുന്ന മാസ്റ്റര്‍ ചിലപ്പോള്‍ വാടകക്കാരനുമായി കയ്യാങ്കളിയിലെത്തി. ഒടുവില്‍ ഒരാളുടെ മരണത്തിലും. സലിം മാസ്റ്റര്‍ ജയിലിലായി. ചെയ്യാത്ത കുറ്റത്തിനാണ് താന്‍ ജയിലിലായതെന്ന് മാസ്റ്റര്‍ മരിക്കുന്നതുവരെ പറയുമായിരുന്നു. പിന്നില്‍നിന്ന ആരോ ആ കൊലപാതകം ചെയ്തതാണത്രെ.

ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു സലിം ജയിലിലായത്. മാസ്റ്ററുടെ കേസിനുവേണ്ടി ധാരാളം കാശ് ജയലളിത എത്തിച്ചിരുന്നു. സൂപ്പര്‍താര പദവിയിലെത്തിയ പല നടീനടന്മാരും അന്ന് മുഖംതിരിച്ചു നിന്നപ്പോള്‍ രജനികാന്ത് ഒപ്പമുണ്ടായിരുന്നു. മാസംതോറും മൂവായിരം രൂപവീതം മാസ്റ്റര്‍ക്ക് നല്‍കിക്കൊണ്ടിരുന്നു.

ഏറ്റവും ഒടുവില്‍ ചെയ്ത ക്യാപ്ടന്‍ പ്രഭാകര്‍ ഉള്‍പ്പെടെ രണ്ടായിരത്തിലധികം ഗാനരംഗങ്ങള്‍ ചിട്ടപ്പെടുത്തി. ചടുലതാളങ്ങള്‍ക്കൊപ്പിച്ച് സിനിമയ്ക്കുവേണ്ടി ചുവടുവച്ച മനുഷ്യന്‍ ഇന്ന് ഇടറി നടക്കുന്നു.

എവിടെയാണ് താളം തെറ്റിയത്? ചുവടുകള്‍ പിഴച്ചത്? വിശ്വസിച്ചവര്‍ കൈവിട്ടതാണോ? അതോ എത്തിപ്പിടിക്കാന്‍ ശ്രമിച്ച ലോകം കണ്‍മുന്നില്‍നിന്നും അകന്നുപോയതാണോ?

സിനിമയുടെ ഗ്ലാമര്‍ ലോകത്ത്, അതിലേറെ ഗ്ലാമറായിരുന്ന കലാകാരന്‍. നിറയൗവ്വനത്തോടെ സിനിമയിലെത്തി. വര്‍ഷങ്ങളോളം അധ്വാനിച്ചു. കൈനിറയെ പണം സമ്പാദിച്ചു. പക്ഷേ... ഇന്ന്, ഈ വാര്‍ദ്ധക്യകാലം വേദനയുടേയും അവശതയുടേയും കാലം...!

എണ്ണിയാലൊടുങ്ങാത്ത ശിഷ്യഗണങ്ങളുണ്ടായിരുന്നു. പക്ഷേ, തെരുവില്‍ ഭിക്ഷാംദേഹിയായി കഴിയുമ്പോഴും ആരും തിരിഞ്ഞുനോക്കിയില്ല. പഴയകാല സ്റ്റണ്ട് മാസ്റ്റര്‍ മുസ്തഫ ഒഴികെ.

നിസ്സഹായനും പരാജിതനുമാണ് സലിം മാസ്റ്റര്‍. ആര്‍ക്കും വേണ്ടാത്തവനാണ്. മദ്യപാനിയാണ്. അസാന്മാര്‍ഗ്ഗിയാണ്. ഭിക്ഷക്കാരനാണ്.

ജീവിതത്തില്‍ അദ്ദേഹം തോറ്റുപോയിരിക്കുന്നു. സഹായം അഭ്യര്‍ത്ഥിച്ചുവന്നവരെ നിരുത്സാഹപ്പെടുത്തിയില്ല. വാരിക്കോരി കൊടുത്തു... തിരികെ സ്‌നേഹം... ബഹുമാനം... ഇതെല്ലാം മടക്കിക്കിട്ടുമെന്ന് പ്രതീക്ഷിച്ചു. ഒന്നുമുണ്ടായില്ല. ഇത്തരമൊരു ദുരവസ്ഥയില്‍ മദ്യത്തെ ആര്‍ക്കാണ് ആശ്രയിക്കാതിരിക്കാന്‍ കഴിയുക? ഒരു പ്രഭാതത്തില്‍ സലിം മാസ്റ്റര്‍ കരള്‍പൊട്ടി മരിച്ചു. ആരോരുമറിയാതെ, തികച്ചും ഒരനാഥനെപ്പോലെ.

അദ്ദേഹവുമായി നാലഞ്ച് മണിക്കൂര്‍ ഞങ്ങള്‍ ചെലവിട്ടു. ഈ സമയങ്ങളില്‍ അദ്ദേഹം ഹൃദയംപൊട്ടി കരഞ്ഞു. പഴയ നല്ല നാളുകള്‍ ഓര്‍ത്തു. വിധിയെ പഴിച്ചു.

ഇറങ്ങാന്‍ നേരം ഒരു പഴയ ഡയറി എടുത്ത് എന്നെ കാണിച്ചു. ഒരുകാലത്ത് വെള്ളിത്തിരയില്‍ തിളങ്ങിനിന്നിരുന്ന താരങ്ങളുടെ ടെലിഫോണ്‍ നമ്പറുകളായിരുന്നു അതില്‍. എം.ജി.ആര്‍. ഉള്‍പ്പെടെ രാഷ്ട്രീയത്തിലെ മുടിചൂടാമന്നന്മാരുടെ...!

ഒരു മഴക്കാലത്തെ, ഒരു അഗ്രഹാര കഥ

ചിദംബര രഹസ്യംപോലെ അജ്ഞാതമായിരുന്നു ദേവികയുടെ ജീവിതം. ചിദംബരം ക്ഷേത്രത്തിന്റെ രഥവഴികള്‍ക്ക് അരികിലാണ് അവരുടെ ചെറിയ അഗ്രഹാരം. ഒരു സഹോദരിയും ജ്യേഷ്ഠനുമായിരുന്നു അവരുടെ കൂടപ്പിറപ്പുകള്‍. ക്ഷേത്രവുമായി ബന്ധപ്പെട്ട ചെറിയ ജോലി അച്ഛനുണ്ടായിരുന്നു. ജ്വരം വന്ന് വര്‍ഷങ്ങള്‍ക്കുമുന്‍പ് കുടുംബത്തെ അനാഥമാക്കി അച്ഛന്‍ കടന്നുപോയി. മൂത്ത ജ്യേഷ്ഠന്‍ മാനസിക വെല്ലുവിളി നേരിടുന്ന ഒരാളായിരുന്നു. അവിവാഹിതനായ അയാള്‍ ക്ഷേത്രത്തിലെ കരാര്‍ തൊഴിലാളിയാണ്. അനുജത്തി രാധിക വിവാഹിതയാണെങ്കിലും ഭര്‍ത്താവ് ഉപേക്ഷിച്ച് ഇപ്പോള്‍ വീട്ടിലുണ്ട്.

ദേവികയ്ക്ക് നാല്‍പ്പത് വയസ്സ് ഉണ്ടാകും. എങ്കിലും അത്രയും വയസ്സ് പറയാത്ത നിറയൗവ്വനത്തിലാണ് ആ ശരീരം. അതിസുന്ദരി. ഇപ്പോഴും അവിവാഹിതയായി തുടരുന്നു. പ്രീഡിഗ്രി വിദ്യാഭ്യാസത്തിനുശേഷം മദ്രാസില്‍ സിനിമ പഠിക്കാന്‍ പോയതാണ്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഡ്മിഷന്‍ കിട്ടാതെ വന്നപ്പോള്‍ തമിഴ് ചലച്ചിത്ര സംവിധായകരോടൊപ്പം കുറച്ചുകാലം സഹസംവിധായികയായി ജോലിചെയ്തു. ഉഴുതുമറിച്ച മദ്രാസിലെ ജീവിതം അവളുടെ മാനസികനില പാടെ തകര്‍ത്തതിനെത്തുടര്‍ന്ന് ചലച്ചിത്രരംഗം ഉപേക്ഷിച്ച് ചിദംബരത്തേക്ക് മടങ്ങി. ഇപ്പോള്‍ പാല്‍ക്കച്ചവടക്കാരി ദേവികയാണ്. അഞ്ചാറ് പശുക്കളുണ്ട്. അതിന്റെ കറവമുതല്‍ ചാണകം വാരല്‍വരെ എല്ലാം ഒറ്റയ്ക്കാണ് ചെയ്യുന്നത്. ഗ്രാമത്തിലെ അദ്ധ്വാനശീലയായ ദേവിക അക്ക.

ദേവികയുടെ കുടുംബപശ്ചാത്തലം ഇങ്ങനെയൊക്കെയാണ്. പക്ഷേ, അവരുടെ ജീവിതം ഒരു ചിദംബര രഹസ്യമാണ്. പ്രക്ഷുബ്ധമായ തന്റെ ഇന്നലെകളിലെ ജീവിതം ആരുടെ മുന്നിലും തുറന്നുവയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല. പ്രാരബ്ധങ്ങളുടെ എല്ലാ ഭാരവും അവള്‍ സ്വയം ഏറ്റെടുത്തിരിക്കുകയാണ്. പ്രായമായ അമ്മ, സഹോദരന്‍, സഹോദരി, കേസും വഴക്കുമായി കിടക്കുന്ന അഗ്രഹാരം. ബാങ്ക് ജപ്തി. അങ്ങനെ, ഒരു സ്ത്രീ നാല്‍പ്പത് വയസ്സില്‍ അഭിമുഖീകരിക്കേണ്ടതിനപ്പുറം അവര്‍ നേരിട്ടുകഴിഞ്ഞു. എല്ലാത്തിനേയും ചങ്കുറപ്പുകൊണ്ട് തട്ടിമാറ്റി ആ ഏകാന്തതയില്‍ ജീവിതം തള്ളിനീക്കുന്നു.

ചിദംബരം ഗ്രാമവും മഹാദേവനും നിദ്രയിലാണ്ടുകിടന്ന ഒരു പാതിരാത്രിയിലാണ് ഞങ്ങള്‍ ദേവികയുടെ വീട്ടിലെത്തുന്നത്. എന്നെ കൂടാതെ അഞ്ചുപേര്‍. അഗ്രഹാരങ്ങളെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി (Agrahara A Lament  ഈ ചിത്രത്തിന് ദേശീയ, അന്തര്‍ദ്ദേശീയ വേദികളില്‍ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിരുന്നു) ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് ഞങ്ങള്‍ അവിടെയെത്തിയത്. ഗ്ലോബലൈസേഷന്റെ ഭാഗമായി രാജ്യത്ത് സംഭവിക്കുന്ന സാംസ്‌കാരിക നഷ്ടങ്ങളെക്കുറിച്ചുള്ള ചിന്ത, അഗ്രഹാരങ്ങളുടെ പതനവും അവയുടെ അതിജീവനവുമാണ് ഡോക്യുമെന്ററിയുടെ വിഷയം. തമിഴ്നാട്ടിലെ ഒന്നിലധികം അഗ്രഹാരങ്ങള്‍ ഇതിനകം ചിത്രീകരിച്ചതിനുശേഷമാണ് ചിദംബരത്തെത്തുന്നത്. രഥവഴികളും ചെറു അഗ്രഹാരങ്ങളും ചിദംബരത്തിന്റെ പ്രത്യേകതകളാണ്. തിരുവനന്തപുരത്തുള്ള വലിയശാല ഗ്രാമത്തിലെ ഒരു സ്വാമിയോടൊപ്പമാണ് ഞങ്ങള്‍ അവിടെ എത്തിയത്. അഗ്രഹാരങ്ങളെക്കുറിച്ച് ധാരാളം അറിവുള്ള ആളായിരുന്നു സ്വാമി. അദ്ദേഹത്തിന്റെ അകന്ന ബന്ധുവാണ് ദേവിക.

ആ പാതിരാത്രിയില്‍ അവര്‍ ഞങ്ങള്‍ക്കുവേണ്ടി ഇഡ്ഡലിയും മുളക് ചമ്മന്തിയും തയ്യാറാക്കിവച്ചിരുന്നു. ഉള്ള സൗകര്യത്തില്‍ പുല്‍പ്പായ വിരിച്ച്, കൊതുകുതിരി കത്തിച്ച് നിദ്രകൊള്ളാന്‍ ഞങ്ങള്‍ക്ക് സൗകര്യമൊരുക്കിത്തന്നു. ഒറ്റദിവസത്തെ ചിത്രീകരണമാണ് പ്ലാന്‍ ചെയ്തിരുന്നത്. ഒരു പകല്‍ മാത്രം ചിദംബരത്ത് തങ്ങുക. ഉച്ചയ്ക്കുശേഷം തിരുവനന്തപുരത്തേക്ക് മടങ്ങുക. നേരത്തെ തിരുവനന്തപുരം കൂടാതെ തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സ്ഥലങ്ങളിലെ അഗ്രഹാരങ്ങള്‍ ചിത്രീകരിച്ചുകഴിഞ്ഞിരുന്നു. അഗ്രഹാരങ്ങള്‍ അധികമുള്ളത് തമിഴ്നാട്ടിലാണ്. ഓരോ സ്ഥലത്തുമുള്ള അഗ്രഹാരങ്ങളുടെ നിര്‍മ്മാണം വ്യത്യസ്ത ശൈലിയിലാണ്. അതാണ് ചിത്രത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്.

രാവിലെ ദേവിക ഒരുക്കിത്തന്ന കാപ്പി കുടിച്ചുകഴിഞ്ഞ് ഷൂട്ടിംഗിനായി ഇറങ്ങാന്‍ നേരം ഒരു മഴ. പതിവില്ലാത്തതായിരുന്നു അത്. അഗ്രഹാര ഗ്രാമം മുഴുവനും അതിശയത്തോടെ പുറത്തിറങ്ങി മഴ കണ്ടു, ആസ്വദിച്ചു.
ദേവിക പറഞ്ഞു:

''നിങ്ങളുടെ ഐശ്വര്യമാണ് ഈ മഴ. ഞങ്ങള്‍ മഴയ്ക്കുവേണ്ടി എന്നും പ്രാര്‍ത്ഥിക്കാറുണ്ട്. പക്ഷേ, ഇത്രപെട്ടെന്ന് ഒരു മഴ വരുമെന്ന് ഞങ്ങള്‍ തീരെ കരുതിയില്ല.''

ദേവിക അത് മുഴുമിക്കുംമുന്‍പ് അനുജത്തി രാധിക കൂട്ടിച്ചേര്‍ത്തു:

''ഒരാഴ്ച കഴിഞ്ഞ് പോയാല്‍ മതി. ചിദംബരം നനഞ്ഞ് കുതിരട്ടെ.''

രാധികയും സുന്ദരിയാണ്. തന്റേതല്ലാത്ത കാരണംകൊണ്ടാണ് ഭര്‍ത്താവ് വിട്ടുപോയതെന്നാണ് അവള്‍ കരുതുന്നത്. പക്ഷേ, അതല്ല, അനുജത്തി മറ്റൊരാളുമായി ഇഷ്ടത്തിലായിരുന്നുവെന്നും അയാളിലേക്ക് ചെന്നുചേരാന്‍വേണ്ടി ഇല്ലാക്കഥകള്‍ മെനഞ്ഞ് തന്നെ ഉപേക്ഷിച്ചതാണെന്ന് ഭര്‍ത്താവ് വിശ്വസിക്കുന്നു. അതില്‍ സത്യമുണ്ടെന്ന് ദേവിക രഹസ്യമായി എന്നോട് പറഞ്ഞു. ആ പകല്‍ മുഴുവന്‍ മഴ വാശിയോടെ പെയ്തുനിന്നു. ഞങ്ങളുടെ പദ്ധതികള്‍ പൊളിഞ്ഞുതുടങ്ങുന്നു. അടുത്ത ദിവസവും ഇവിടെ നില്‍ക്കേണ്ടിവരുന്നു. കയ്യില്‍ കരുതിയ സാമ്പത്തികവും ഏകദേശം തീര്‍ന്ന മട്ടായിരുന്നു. എനിക്ക് ആകെ ടെന്‍ഷനായി. അഞ്ചോ ആറോ ഷോട്ട് മതി. പക്ഷേ, അത് നല്ല വെളിച്ചത്തില്‍ത്തന്നെ ചിത്രീകരിക്കണം.

അന്ന് ആ പകല്‍ മുഴുവന്‍ അവിടത്തെ പരിമിത സ്ഥലത്ത് ഉറങ്ങിയും ഉണര്‍ന്നും സമയംകളഞ്ഞു. രാത്രിയില്‍ പാലൊഴിച്ച റവക്കഞ്ഞി കുടിച്ചു. സിനിമയുമായി ബന്ധപ്പെട്ട് വന്നവരായതുകൊണ്ടായിരിക്കാം ദേവികയ്ക്ക് ഞങ്ങളെ എങ്ങനെ സ്വീകരിക്കണമെന്ന് നിശ്ചയമില്ലായിരുന്നു. അവര്‍ സ്‌നേഹവും പരിചരണവും തന്ന് ഞങ്ങളെ വീര്‍പ്പുമുട്ടിച്ചു. അന്ന് രാത്രി ദേവികയുടെ ചെന്നൈ ജീവിതത്തില്‍ ചിത്രീകരിച്ച ഒരു തമിഴ് ഷോട്ട് ഫിലിം ഞങ്ങളെ കാണിച്ചു. അതിലെ നായികയും അവര്‍ തന്നെയായിരുന്നു. ദേവികയിലെ അഭിനേത്രി എന്നെ 
അത്ഭുതപ്പെടുത്തി. തമിഴിലോ മലയാളത്തിലോ മികച്ച വേഷങ്ങള്‍ ധൈര്യമായി അവരെ ഏല്‍പ്പിക്കാനാകും. അത്രയും നന്നായിട്ടുണ്ട് അഭിനയത്തിന്റെ കയറ്റിറക്കങ്ങള്‍. എന്തുകൊണ്ട് ആ രംഗത്ത് കൂടുതല്‍ അവസരങ്ങള്‍ക്ക് ശ്രമിച്ചില്ല എന്നു ഞാന്‍ ചോദിച്ചു.

ഒരു ദീര്‍ഘനിശ്വാസമായിരുന്നു അതിനു മറുപടി. മുഖത്ത് എന്തൊക്കെയോ ഭാവവ്യത്യാസങ്ങള്‍ മിന്നിമറഞ്ഞു. അതേ അവസ്ഥതന്നെയായിരുന്നു അമ്മയുടെ മുഖത്തും. അന്ന് രാത്രി ദേവിക നിശ്ശബ്ദയായിരുന്നു. പകല്‍ കണ്ട ഒരു സ്ത്രീയായിരുന്നില്ല. അപ്പോള്‍ സന്തോഷവും പൊട്ടിച്ചിരിയും എങ്ങോ പോയ്മറഞ്ഞു.

എന്താണ് ഇത്ര പെട്ടെന്ന് അവര്‍ മൗനിയായത്? കിടക്കാന്‍ നേരം ഞാന്‍ ഓര്‍ത്തു. രാത്രിയില്‍ മഴ വല്ലാതെ ശക്തിപ്പെട്ടു. ചെറിയ അഗ്രഹാരമായതിനാല്‍ റോഡിലെ വെള്ളം വീടിനുള്ളിലേക്ക് തള്ളിക്കയറി. ഞങ്ങള്‍ എഴുന്നേല്‍ക്കുന്നതിനു മുന്‍പുതന്നെ ദേവിക ഉണര്‍ന്നു. എന്നെ അകത്തൊരു മുറിയിലേക്ക് മാറ്റിക്കിടത്തി. മറ്റുള്ളവര്‍ കസേരകളിലും ബഞ്ചിലുമായി ഇരുന്ന് ഉറങ്ങി. ആ രാത്രി ദേവികയും അമ്മയും ഉറങ്ങാതെ ഇരിക്കുന്നത് കണ്ടു. എന്തുമാത്രം സ്‌നേഹം വിളമ്പുന്ന കുടുംബം. പക്ഷേ, വിധി മറ്റേതൊക്കെയോ വഴിയില്‍ അവരുടെമേല്‍ ചുറ്റിത്തിരിയുന്നുണ്ടെന്നു തോന്നി.

നാലുമണിക്കുള്ള അമ്പലമണി കേട്ട് ദേവിക എഴുന്നേറ്റ് പശുത്തൊഴുത്തിലേക്കാണ് പോയത്. അഞ്ച് പശുവിനേയും കറക്കുന്നതും കുളിപ്പിക്കുന്നതും അവര്‍ ഒറ്റയ്ക്കാണ്. സഹായിക്കാന്‍ ആരും ചെന്നതായി കണ്ടില്ല. കുളിച്ച് തലയില്‍ പൂചൂടി, ചൂടുള്ള ചായയുമായി ഞങ്ങളുടെ മുന്നിലെത്തി. അന്നത്തെ കാപ്പിക്കുള്ള ഒരുക്കങ്ങള്‍ നടത്തുമ്പോള്‍ ഞാന്‍ പറഞ്ഞു:

''ഇന്ന് എന്തായാലും ഇവിടന്ന് കാപ്പി കുടിക്കുന്നില്ല. പുറത്തിറങ്ങി സ്ഥലങ്ങള്‍ കാണണം. സ്വാമിക്ക് (ഞങ്ങളുടെ കൂടെ വന്ന ആള്‍) മാത്രം കാപ്പി കൊടുത്താല്‍ മതി.''

പക്ഷേ, അത് കേട്ടതായി ഭാവിച്ചില്ല. അന്നു വിളമ്പിയത് സാമ്പാര്‍ സാദമായിരുന്നു. ഒരു പകല്‍മാത്രം അവരുടെ ആതിഥേയത്വം സ്വീകരിക്കാന്‍ വന്ന ഞങ്ങള്‍ക്കുവേണ്ടി അവര്‍ എന്തുമാത്രം കഷ്ടപ്പെടുന്നു. ക്യാമറമാന്‍ സുനില്‍ രഹസ്യമായി ഇക്കാര്യം പങ്കുവച്ചു. പക്ഷേ, വേറെ വഴിയില്ല. ദേവികയുടെ സ്‌നേഹം അത്ര ഉയരത്തിലായിരുന്നു. സ്‌നേഹം പങ്കുവയ്ക്കാന്‍, പരിചരിക്കാന്‍ തികഞ്ഞ മനസ്സോടെയാണ് അവള്‍ മുന്നിട്ടിറങ്ങിയത്. മഴയുടെ ശക്തി അല്‍പ്പം കുറഞ്ഞ മട്ടുണ്ട്. എങ്കിലും ഷൂട്ടുചെയ്യാന്‍ പറ്റുന്ന അന്തരീക്ഷമല്ലായിരുന്നു. മൂടിക്കെട്ടിയ ഒരവസ്ഥ. ക്യാമറമാനും അസിസ്റ്റന്റും ഒക്കെ ക്ഷേത്രത്തിലേക്ക് പോയി. ഒരു ഗൈഡുപോലെ രാധികയും അവരോടൊപ്പം കൂടി.

ദേവിക നന്നായി പാടുമായിരുന്നു. ശാസ്ത്രീയസംഗീതം പഠിച്ചിട്ടുണ്ട്. അവരുടെ മൂളിപ്പാട്ടുകള്‍ നേരത്തെ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഒരു ഗ്ലാസ്സ് സംഭാരവുമായി വന്നപ്പോള്‍ ഞാന്‍ ഇക്കാര്യം അവരോട് ചോദിച്ചു.

''ഇത്രയും നന്നായി പാടുമെങ്കില്‍ ചെറിയ കച്ചേരികള്‍ സംഘടിപ്പിക്കാമായിരുന്നില്ലേ?''

ദേവിക കുറച്ചുമാറി ഇരുന്നുകൊണ്ട് പറഞ്ഞു:

''അങ്ങനെയൊക്കെ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ, ആര്‍ക്കുവേണ്ടി? ഞാനിവിടെ അപശകുനവും അധികപ്പറ്റുമാണ്. ആര്‍ക്കും വേണ്ടാത്തവള്‍.''

ദേവികയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

''എന്റെ സിനിമാ ജീവിതം തകര്‍ത്തത് ഇവിടെത്തന്നെയുള്ള ഒരു ബന്ധുവായിരുന്നു. കുട്ടിക്കാലം മുതല്‍ കൂട്ടുകാരായിരുന്നു. ഞങ്ങളുടെ വിവാഹം രണ്ട് വീട്ടുകാരും ചെറിയ പ്രായത്തില്‍ നിശ്ചയിച്ചുറപ്പിച്ചിരുന്നു. പക്ഷേ, എല്ലാം ഒരു ദിവസം അവന്‍ തകര്‍ത്തെറിഞ്ഞു.''

ഒരു പൈങ്കിളിക്കഥയിലേക്കല്ലേ ആ കഥ വികസിക്കുന്നതെന്ന് ഒരു നിമിഷം ഞാന്‍ സംശയിച്ചു. പക്ഷേ, ആ കഥ അവിടെ അവസാനിപ്പിച്ച് അവര്‍ എണീറ്റുപോയി. എന്തൊക്കെയോ ദുരൂഹത ഈ വീട്ടിലും ദേവികയിലും കാണുന്നു. അതൊക്കെ ചികഞ്ഞെടുക്കാനുള്ള സമയമല്ലിത്. വന്ന കാര്യം സാധിച്ചെടുത്ത് എത്രയും വേഗം മടങ്ങുക.

ഞാന്‍ തിണ്ണയില്‍ വന്നിരുന്നു. ക്യാമറ യൂണിറ്റ് അമ്പലത്തിനുള്ളിലാണ്. മഴ കാരണം പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ അവരുടെ ഭക്തി കൂടുതല്‍ സാന്ദ്രമാകട്ടെ.

കുറച്ചുകഴിഞ്ഞപ്പോള്‍ ദേവിക ചൂടുള്ള കാപ്പിയുമായി എന്റെയടുത്തേക്ക് വന്നു. കാപ്പി നിലത്തുവച്ചുകൊണ്ട് കുറച്ചുസമയം മിണ്ടാതിരുന്നു. ഞാനപ്പോള്‍ ഇടംകണ്ണിട്ട് അവളെ ശ്രദ്ധിച്ചു. ആ കണ്ണുകള്‍ നിറയുന്നുണ്ട്. തുളുമ്പി ഒഴുകുന്നുണ്ട്. ആ വെളുത്തമുഖം ഇരുളുന്നുണ്ട്.

''സര്‍, എനിക്ക് നാല്‍പ്പത് വയസ്സ് കഴിഞ്ഞു. ഇനിയൊരു കുടുംബജീവിതം തീരെ പ്രതീക്ഷിക്കുന്നില്ല. പക്ഷേ, ഞാനിന്നും ആഗ്രഹിക്കുകയും അതിനുവേണ്ടി ശ്രമങ്ങള്‍ തുടരെ നടത്തുകയും പരാജയപ്പെടുകയും ചെയ്യുന്ന ഒരു കാര്യമുണ്ട്...''

ദേവകി അത് മുഴുമിപ്പിക്കാതെ കാല്‍മുട്ടുകളില്‍ തലവച്ച് തേങ്ങിക്കരഞ്ഞു.

ഞാനാകെ ധര്‍മ്മസങ്കടത്തില്‍പ്പെട്ടു. റോഡിലൂടെ പോകുന്നവര്‍ ഈ സീന്‍ കാണുകയാണെങ്കില്‍ മറ്റു പലതും ചിന്തിച്ചെടുക്കാം. ദേവികയുടെ ബയോഡാറ്റയില്‍ ഞാനെന്ന പുതിയൊരു കഥാപാത്രം കൂടി എഴുതിച്ചേര്‍ക്കാം. അവിടെനിന്നും എണീറ്റ് മാറിയാലോ എന്ന് ആലോചിച്ചു. അതിനിടയില്‍ ദേവിക തലയുയര്‍ത്തി. കണ്ണുകള്‍ തുടച്ചു. മുഖത്ത് നന്നായി സന്തോഷം വരുത്തിക്കൊണ്ട് പറഞ്ഞു:

''ആത്മഹത്യയിലൂടെ ഈ ജീവിതം അവസാനിക്കണം.''

നന്നായി മലയാളം അറിയാവുന്ന ദേവിക അത് പറയുമ്പോഴും ഗൂഢമായ ആ ലക്ഷ്യത്തിലേക്കുള്ള പാത വെട്ടുകയായിരുന്നോ? അത് കേട്ട് ഞാനൊന്ന് ഞെട്ടി. നാല്‍പ്പതാം വയസ്സിലും സൗന്ദര്യം നഷ്ടപ്പെടാത്ത, ആരോഗ്യമുള്ള ഒരു സ്ത്രീയുടെ ഉള്ളിലെ പുകച്ചിലുകളാണ് ആ വാക്കുകള്‍. എന്റെ മുഖത്തെ ഭാവവ്യത്യാസം കണ്ടിട്ടാകണം ഒന്ന് മയപ്പെടുത്തിക്കൊണ്ട് അവര്‍ പറഞ്ഞു:

''സര്‍, ജീവിതം കൈവിട്ടുപോകുമ്പോള്‍ ആരായാലും ഇങ്ങനെയൊക്കെ സംസാരിക്കില്ലേ? ഇരുപത്തഞ്ച് വയസ്സുമുതല്‍ ഒരു കുടുംബജീവിതം ആഗ്രഹിച്ചു. അതിനെ തകര്‍ത്തത് എന്റെ മുറച്ചെറുക്കനായിരുന്നു.''

ദേവിക വീണ്ടും കരഞ്ഞു. ഒറ്റദിവസത്തെ മാത്രം പരിചയമുള്ള ഒരാളിനോട് ഇത്രയും വേഗത്തില്‍ മനസ്സ് തുറക്കണമെങ്കില്‍ അവരുടെ ഹൃദയവേദന എത്രമാത്രം വലുതായിരിക്കും.

''മദ്രാസില്‍ ഒത്തിരി സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ചിരുന്നതല്ലേ. പിന്നെ ആ രംഗം വിടാന്‍ കാരണം?''
വിഷയം മാറ്റിവിടാന്‍ വേണ്ടിയായിരുന്നു അങ്ങനെയൊരു ചോദ്യത്തിലേക്ക് ഞാനെത്തിയത്. കണ്ണുകള്‍ തുടച്ചുകൊണ്ട് ദേവിക പറഞ്ഞു:

''അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവിധാനം പഠിക്കാനാണ് മദ്രാസില്‍ പോയത്. ഇന്റര്‍വ്യൂവില്‍നിന്ന് ഔട്ടായി. കുട്ടിക്കാലം മുതല്‍ പാട്ടും ഡാന്‍സും ഇഷ്ടമായിരുന്നു. ഇതൊക്കെയായിരുന്നു സിനിമയിലേക്ക് എന്നെ കൊണ്ടെത്തിച്ചത്. ചെന്നൈയില്‍ എനിക്കൊരു ബന്ധുവുണ്ടായിരുന്നു. രാമസ്വാമി അയ്യര്‍. അദ്ദേഹം തമിഴ് സിനിമകളിലെ എക്സ്ട്രാ നടനായിരുന്നു. ആ അണ്ണനാണ് സംവിധാനം പഠിക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്തുതന്നത്.''

കൊണ്ടുവച്ച കാപ്പി കുടിക്കാന്‍ മറന്നത് ദേവിക കണ്ടു. അത് തണുത്തുറഞ്ഞു.

''ഇത് തണുത്തുപോയി. ഞാന്‍ വേറെ കാപ്പി ഇട്ടുതരാം.''

ദേവിക പോയിക്കഴിഞ്ഞപ്പോള്‍ ഞാന്‍ ഓര്‍ത്തു. അവരുടേത് ഒരു നീണ്ട കഥയായിരിക്കും. ആ കഥകേട്ട് കണ്ണ് നനയ്ക്കാന്‍ എന്തായാലും എനിക്കാവില്ല. കയ്യില്‍ കരുതിയ കാശ് മുഴുവന്‍ ഇന്നുകൊണ്ട് അവസാനിക്കും. നാളെ ഡീസല്‍ അടിക്കാന്‍പോലും കാശില്ലാതെ വരും. എന്താണ് മറ്റൊരു മാര്‍ഗ്ഗം?

അപ്പോഴേക്കും ദേവിക ആവിപറക്കുന്ന പുതിയ കാപ്പിയുമായി വന്നു. നല്ല പശുവിന്‍ പാലില്‍ തയ്യാറാക്കിയ കാപ്പി. ഒറ്റവലിക്ക് കാപ്പി ചൂടോടെ കുടിച്ചു. അപ്പോഴേക്കും മഴ ചെറുതായി തോര്‍ന്നു. ക്യാമറ സംഘം പെട്ടെന്നു വന്നേക്കാം. അവരെത്തിയാല്‍ അടുത്ത പ്ലാന്‍ തയ്യാറാക്കണം. ദേവികയുടെ ജല്‍പ്പനങ്ങള്‍ക്ക് കാതുകൊടുക്കാതെ തിണ്ണയിലേക്ക് ഇറങ്ങിനിന്നു. ദേവിക പിന്നിലും.

''സാറിന്റെ ഇന്നത്തെ പ്രോഗ്രാം എന്താണ്? ഇന്ന് ഷൂട്ടിംഗ് നടക്കുമോ?''

അവള്‍ ചോദിച്ചു.

''അതാണ് ഞാനാലോചിക്കുന്നത്. ഇന്ന് മടങ്ങിയിട്ട് മറ്റൊരു ദിവസം വന്നാലോ എന്ന് ചിന്തിക്കുകയാണ്.''

''തിരുവനന്തപുരം-ചിദംബരം വലിയ ദൂരമല്ലേ? എന്റെ അഭിപ്രായത്തില്‍ ഒരു ദിവസം കഴിഞ്ഞാലും ഷൂട്ട് പൂര്‍ത്തിയാക്കി മടങ്ങുകയാണ് ബുദ്ധി എന്നാണ്.''

ദേവിക പറഞ്ഞതിനോട് യോജിപ്പാണെങ്കിലും മറുപടിയൊന്നും പറയാതെ ഞാന്‍ നിന്നു. അപ്പോഴും മനസ്സ് ചെലവിന്റെ കാര്യത്തിലായിരുന്നു. പണയം വയ്ക്കാന്‍ സ്വര്‍ണ്ണമാലയും മോതിരവും കൈവശമുണ്ട്. ഇത്തരത്തില്‍ കര്‍ണാടക ഷൂട്ടിംഗിനും സ്വര്‍ണ്ണം പണയം വച്ച് കാശ് എടുക്കേണ്ടി വന്നിട്ടുണ്ട്. ഒന്നോ രണ്ടോ ദിവസംകൊണ്ട് നാട്ടില്‍ എന്റെ അക്കൗണ്ടില്‍ പണമിട്ട്, എ.ടി.എം വഴി പിന്‍വലിക്കാവുന്നതേയുള്ളൂ. എങ്കിലും അത്തരം പൊല്ലാപ്പിലൊന്നും തലയിടാതെ, ഇപ്പോള്‍ മടങ്ങിയാല്‍ രാത്രി വൈകിയാണെങ്കിലും തിരുവനന്തപുരത്തെത്തിച്ചേരാം.

അടുത്ത മഴയ്ക്കുമുന്‍പ് അമ്പലദര്‍ശനത്തിന് പോയവര്‍ മടങ്ങിയെത്തി. സുനില്‍ വന്നയുടനെ കയ്യില്‍ കരുതിയ ക്യാമറ ഓണ്‍ചെയ്ത് ഷൂട്ടുചെയ്ത ചില ഷോട്ടുകള്‍ എന്നെ കാണിച്ചു. ക്ഷേത്രത്തിന്റെ വടക്കേ നടയില്‍നിന്നും എടുത്ത ചില അഗ്രഹാര ദൃശ്യങ്ങളായിരുന്നു അത്. മനോഹരമായ ആ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ മനസ്സിന്റെ ആധി അല്‍പ്പമൊന്ന് കുറഞ്ഞു. നല്ല ഷോട്ടുകള്‍ കിട്ടുമ്പോള്‍ ഏത് സംവിധായകനും ഉണ്ടാകുന്ന ആത്മനിര്‍വൃതി. അതെനിക്കും ആ നിമിഷം ലഭിച്ചു.

ഞങ്ങള്‍ തിണ്ണയില്‍ വളഞ്ഞിരുന്ന് അന്നത്തെ പ്രോഗ്രാം ആലോചിച്ചു. ഒരു ദിവസംകൂടി നിന്ന് ഭംഗിയായി ഷൂട്ടുചെയ്ത് പോകുന്നതാണ് നല്ലതെന്ന് സുനില്‍ പറഞ്ഞു. ഇതിനിടയില്‍ രഹസ്യമായി എന്റെ സാമ്പത്തികനില സുനിലിനോട് പങ്കുവച്ചു. അതിനൊക്കെ പരിഹാരം തന്റെ പക്കലുണ്ടെന്ന് സുനില്‍ സമാധാനപ്പെടുത്തി.

രാത്രിയിലും നന്നായി മഴപെയ്തു. എല്ലാവരും സുഖനിദ്രയിലായിരുന്നു. ദേവിക മാത്രം ഉറങ്ങാതെ അടുത്ത ദിവസത്തെ കാപ്പിക്കുള്ള മാവ് ആട്ടലും ചമ്മന്തിപ്പൊടി തയ്യാറാക്കലുമായി അടുക്കളയില്‍. ഗ്രൈന്ററിന്റേയും മിക്‌സിയുടേയും കാതടയ്ക്കുന്ന ശബ്ദം കാരണം എനിക്ക് തീരെ ഉറക്കം വന്നില്ല. ഞാന്‍ എണീറ്റ് തിണ്ണയില്‍ ചെന്നിരുന്നു. പതിനൊന്ന് മണിക്കുശേഷം ജോലിത്തിരക്ക് കഴിഞ്ഞ് ദേവിക എന്റെയടുത്ത് വന്നിരുന്നു. അപ്പോഴും ചിദംബരം തെരുവുകള്‍ ഉറങ്ങിയിരുന്നില്ല. ഭക്തജനങ്ങളുടെ സഞ്ചാരങ്ങള്‍ തെരുവില്‍ തുടരുകയാണ്. രാത്രി വണ്ടികളില്‍ വന്നിറങ്ങുന്ന ടൂറിസ്റ്റുകള്‍ ലോഡ്ജ് അന്വേഷിച്ചുള്ള പരക്കംപാച്ചിലിലായിരുന്നു.

ദേവിക ശബ്ദം താഴ്ത്തി പറഞ്ഞു:

''ഞാനിപ്പോള്‍ ചെന്നൈ വിട്ടിട്ട് പതിനഞ്ച് വര്‍ഷം കഴിഞ്ഞു. പത്തുവര്‍ഷത്തെ സിനിമാ പഠനങ്ങള്‍ വെറുതെയായി ഇവിടെ പശുവിനെ കുളിപ്പിച്ചും ചാണകം വാരിയും ജീവിതം കഴിക്കുന്നു.''

നേരിയ വെളിച്ചത്തിലും, അവരുടെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു. സിനിമാ സംവിധായിക ആകാന്‍ ഒരിക്കല്‍ ആ തെരുവില്‍നിന്ന് പുറപ്പെട്ട സുന്ദരിയായ ഗ്രാമീണ പെണ്‍കുട്ടി. ചെറുപ്രായം മുതല്‍ നേടിയ പാട്ടിന്റേയും ഡാന്‍സിന്റേയും ഒരുകൂട്ടം സര്‍ട്ടിഫിക്കറ്റുകളുടേയും ആത്മവിശ്വാസത്തിലാണ് അഡയാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തത്. ഇന്റര്‍വ്യൂ ബോര്‍ഡിന്റെ ചോദ്യങ്ങള്‍ക്ക് വേണ്ടവിധത്തില്‍ ഉത്തരങ്ങള്‍ നല്‍കാന്‍ കഴിയാത്തതുകൊണ്ടായിരിക്കണം പരാജയപ്പെട്ട്, ആ സ്വപ്‌നം പൊലിഞ്ഞുപോയത്. പക്ഷേ, ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഡ്മിഷന്‍ കിട്ടിയില്ലെങ്കിലും സിനിമ പഠിക്കാന്‍തന്നെ തീരുമാനിച്ച മനസ്സിന് പിന്തുണയുമായി എക്‌സ്ട്രാ നടനായ രാമസ്വാമി പിന്നില്‍നിന്നു. അദ്ദേഹത്തിന്റെ ശ്രമഫലമായി തമിഴിലെ ഏതോ ചെറിയ സംവിധായകന്റെ അവസാന സഹായിയായി ദേവിക ജീവിതം ആരംഭിച്ചു. രാമസ്വാമിയോടൊപ്പമായിരുന്നു ദേവികയും താമസിച്ചിരുന്നത്. രാമസ്വാമിയുടെ അപ്പനും അമ്മയും അയാളോടൊപ്പമാണ് താമസം. വീട്ടിലുണ്ടാക്കുന്ന അച്ചാറുകള്‍ കടകളില്‍ കൊണ്ട് വില്‍ക്കുകയാണ് രാമസ്വാമിയുടെ പ്രധാന തൊഴില്‍. വല്ലപ്പോഴും കിട്ടുന്ന ഒരു വേഷത്തിനുവേണ്ടി സ്റ്റുഡിയോകള്‍തോറും അയാള്‍ കയറിയിറങ്ങാറുമുണ്ട്. സൈക്കിളില്‍ വച്ചുകെട്ടിയ അച്ചാര്‍ കുപ്പികളുമായിട്ടാണ് പല ദിവസങ്ങളിലും. രജനികാന്തിന്റെ സിനിമകളില്‍വരെ അഭിനയിച്ചിട്ടുണ്ടത്രെ.

ദേവികയുടെ കലാപരമായ കഴിവുകള്‍ തിരിച്ചറിഞ്ഞ സംവിധായകന്‍ അവള്‍ക്ക് സ്‌ക്രിപ്റ്റ് എഴുതാനുള്ള അവസരം ഒരുക്കിക്കൊടുത്തു.

തമിഴ് ചലച്ചിത്രരംഗത്ത് സ്ത്രീ സംവിധായികമാരുടെ സാന്നിധ്യം അന്നും ഇന്നും വളരെ കുറവാണല്ലോ. സംവിധാനരംഗം പുരുഷമേധാവിത്തംകൊണ്ട് നിറഞ്ഞുനില്‍ക്കുന്ന അക്കാലത്താണ് ദേവികയെക്കൊണ്ട് ഒരു സിനിമ സംവിധാനം ചെയ്യിക്കാന്‍ നാഗര്‍കോവില്‍ക്കാരന്‍ യുവാവ് വന്നെത്തുന്നത്. നാട്ടില്‍ അല്ലറചില്ലറ ചിട്ടിക്കമ്പനിയും വസ്ത്രക്കച്ചവടവും നടത്തി കുറെ കാശുമായാണ് മദ്രാസില്‍ ആ സുന്ദരന്‍ നിര്‍മ്മാതാവ് വന്നിറങ്ങുന്നത്. സീരിയസ്സായി ഒരു സിനിമ പിടിക്കണമെന്നും അത് തന്റെ നാട്ടില്‍വച്ചുതന്നെ ഷൂട്ടുചെയ്യണമെന്നും അതിലൂടെ നാട്ടുകാരുടെ ഹീറോ ആകണമെന്നുമുള്ള ആഗ്രഹം മനസ്സില്‍ സൂക്ഷിച്ചുകൊണ്ടാണ് സത്യമൂര്‍ത്തി (യഥാര്‍ത്ഥ പേരല്ല) എന്ന ചെറുപ്പക്കാരന്‍ ഒരു ഫിയറ്റ് കാറില്‍ മദ്രാസിലെത്തിയത്.

ചിത്രത്തിന്റെ കഥയും തിരക്കഥയും എല്ലാം ദേവികതന്നെ എഴുതിയത്. തമിഴിലെ രണ്ടാംനിര നടീനടന്മാരായിരുന്നു പ്രധാന വേഷക്കാര്‍. ദേവികയുടെ മാന്യമായ പെരുമാറ്റവും സിനിമാ ബന്ധങ്ങളും ഉറപ്പിച്ചുകൊണ്ട് സിനിമാ സംരംഭം മുന്നോട്ടുനീങ്ങി. ഇതിനിടയിലാണ് രാമസ്വാമിയുടെ പ്രണയം മുറുകുന്നത്. ഒരു ദിവസം തന്റെ ഉള്ളിലെ മോഹം അവളോട് തുറന്നുപറഞ്ഞു. ഒരു ഞെട്ടലായിരുന്നു ആ നിമിഷം തന്നിലുണ്ടാക്കിയതെന്ന് കാലങ്ങള്‍ കഴിഞ്ഞിട്ടും ദേവിക ഓര്‍ക്കുന്നു.

ഞെട്ടല്‍ പിന്നീട് ശക്തമായ എതിര്‍പ്പിലേക്ക് കൊണ്ടെത്തിച്ചു. രാമസ്വാമിയോട് തന്റെ ഇഷ്ടമില്ലായ്മ ഉറക്കെ പറഞ്ഞു. സ്വന്തമായൊരു സിനിമ. അതാണ് ഇപ്പോള്‍ മനസ്സ് മുഴുവന്‍. പ്രണയവും വിവാഹവും ഒന്നും ചിന്തിക്കാന്‍പോലും കഴിയാത്ത ഒരവസ്ഥയാണ്. പക്ഷേ, രാമസ്വാമിയുടെ ആഗ്രഹങ്ങള്‍ക്ക് എതിരുനിന്ന ദേവികയെ ആ രാത്രിതന്നെ അയാള്‍ പുറത്താക്കി. അമ്മയുടേയും അപ്പന്റേയും എതിര്‍പ്പിനെ വകവയ്ക്കാതെ അവളുടെ ബാഗും സാധനങ്ങളും വലിച്ച് പുറത്തിട്ട് വാതിലടച്ചു. ഒരു കാസരോഗിയുടെ മാനസികാവസ്ഥയായിരുന്നു അപ്പോള്‍ രാമസ്വാമിയുടേത്.

ആ രാത്രി ദേവികയ്ക്ക് അഭയം നല്‍കിയത് തൊട്ടടുത്ത് താമസിക്കുന്ന ഒരു മലയാളി കുടുംബമായിരുന്നു. അവള്‍ക്ക് രാത്രി കിടക്കാന്‍ ഇടംകൊടുത്തു. അടുത്ത ദിവസങ്ങളില്‍ത്തന്നെ മറ്റൊരു വീടും വാടകയ്ക്ക് എടുത്തുകൊടുക്കാന്‍ ആ കുടുംബം മുന്നില്‍നിന്നു.

മൂന്നുമാസത്തെ അദ്ധ്വാനവും മികച്ച പ്ലാനിങ്ങുംകൊണ്ട് സിനിമ ഷൂട്ടിംഗിലേക്ക് എത്തി. ദേവികയെന്ന സംവിധായികയുടെ കന്നി സംരംഭത്തിന് അനുഗ്രഹം ചൊരിഞ്ഞുകൊണ്ട് ചലച്ചിത്രരംഗത്തുള്ള കുറേപ്പേര്‍ പങ്കെടുത്തു. പത്തുദിവസം കഴിയുമ്പോള്‍ നാഗര്‍കോവിലിനടുത്തുള്ള തോവാളയിലാണ് തുടര്‍ ചിത്രീകരണം ആരംഭിക്കുക.

ദേവിക ആ ദിവസങ്ങളില്‍ വലിയ സന്തോഷത്തിലായിരുന്നു. പക്ഷേ, അതിനിടയിലാണ് ചീട്ടുകൊട്ടാരംപോലെ എല്ലാം തകര്‍ന്നുവീണത്. സത്യമൂര്‍ത്തി എന്ന നിര്‍മ്മാതാവ് മുങ്ങി. ദേവിക താമസിക്കുന്ന വീടിനടുത്തുള്ള പലവ്യഞ്ജനക്കടയിലെ ടെലിഫോണില്‍ അയാള്‍ എല്ലാം തുറന്നുപറഞ്ഞു. കയ്യില്‍ സിനിമ മുഴുമിപ്പിക്കാനുള്ള കാശില്ല. സഹായിക്കാമെന്നേറ്റ ആള്‍ കാലുമാറി. തല്‍ക്കാലം സിനിമാ നിര്‍മ്മാണം മാറ്റിവയ്ക്കുന്നു.
ഒറ്റശ്വാസത്തില്‍ സത്യമൂര്‍ത്തി എല്ലാം വിശദീകരിച്ചുകൊണ്ട് ഫോണ്‍ കട്ടുചെയ്തു. ദേവിക അവിടെ തളര്‍ന്നിരുന്നു. താന്‍ പറ്റിക്കപ്പെട്ടു. തന്റെ കന്നി സംരംഭത്തിന് പിന്തുണ നല്‍കിയവരുടെ നീണ്ടനിരതന്നെ ആ നിമിഷം അവളുടെ കണ്‍മുന്നിലൂടെ കടന്നുപോയി.

ഇനിയാണ് കഥയുടെ ട്വിസ്റ്റ്. അടുത്ത ദിവസങ്ങളില്‍ ബാല്യകാല കൂട്ടുകാരനും ഭാവിവരനുമായ ബാലു ദേവികയുടെ വീട്ടിലെത്തി. കുട്ടിക്കാലത്ത് രക്ഷാകര്‍ത്താക്കള്‍ പറഞ്ഞുവച്ചതും ആ സ്വപ്‌നത്തില്‍ വളര്‍ന്നുവന്നതുമായ ഒരു ബന്ധം. ഇത് നിന്റെ പെണ്ണാണ്. പക്ഷേ, ദേവികയ്ക്ക് ബാലൂനെ തീരെ ഇഷ്ടമില്ലായിരുന്നു. പ്രായപൂര്‍ത്തിയായതിനുശേഷമുള്ള അവന്റെ ദുര്‍നടത്തയേയും കൂട്ടുകെട്ടുകളേയും പലപ്പോഴും അവള്‍ എതിര്‍ത്തിരുന്നു. പ്രത്യേകിച്ച് ഒരു തൊഴിലും ചെയ്യാതെ നാട്ടില്‍ കറങ്ങിനടക്കുകയാണ് അവന്റെ ശീലം. ദേവികയുടെ മേലുള്ള അവന്റെ അമിതസ്വാതന്ത്ര്യവും ആജ്ഞയും അവളെ വല്ലാതെ ശല്യംചെയ്തിരുന്നു. മദ്രാസിലെ അവളുടെ ജീവിതത്തെ അവന്‍ സംശയത്തോടെയാണ് എന്നും നോക്കിക്കണ്ടിട്ടുള്ളത്. നാട്ടില്‍ വന്നുനില്‍ക്കുന്ന ദിവസങ്ങളില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞ് അവന്‍ വേദനിപ്പിക്കാറുമുണ്ടായിരുന്നു. മനസ്സുകൊണ്ട് അവനെ ഒട്ടും അംഗീകരിക്കാന്‍ കഴിയാതിരുന്ന സമയത്താണ് ബാലൂന്റെ വരവ്.

ബാലു ദേവികയോടൊപ്പം താമസിക്കാന്‍ എത്തുന്നതോടുകൂടിയാണ് അവളുടെ ജീവിതം താറുമാറാകുന്നത്. രാത്രി മദ്യപിച്ച് എത്തിയ ബാലു ദേവികയെ റേപ്പ് ചെയ്യാന്‍ ശ്രമിച്ചു. പക്ഷേ, സ്ത്രീശക്തി അവിടെ കരുത്താര്‍ജ്ജിച്ച് വളര്‍ന്നു. അവള്‍ അവനെ അടിച്ചുവീഴ്ത്തി. ദേവികയുടെ ശരീരത്തിലും മനസ്സിലും വലിയ പോറലുകള്‍ വരുത്തിയെങ്കിലും അവളെ ഒരിക്കലും അവന് കീഴ്പെടുത്താന്‍ കഴിഞ്ഞില്ല. മൂന്നുദിവസങ്ങള്‍ക്കുശേഷം ദേവിക ആത്മഹത്യയ്ക്കു ശ്രമിച്ചു. നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. പൊലീസില്‍ പരാതി കൊടുക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞതിനെത്തുടര്‍ന്ന് അവന്‍ മദ്രാസ് വിട്ട് ചിദംബരത്തെത്തി. ദേവികയെക്കുറിച്ച് വളരെ മോശപ്പെട്ട കഥകള്‍ നാട്ടിലും വീട്ടിലും പറഞ്ഞുപരത്തി. ഒരു ദൃക്സാക്ഷിയെന്നപോലെ ആ കഥകള്‍ക്ക് നിറംകൊടുത്തു. കുടുംബത്തില്‍പ്പോലും ദേവികയ്ക്ക് അവമതിപ്പുണ്ടാക്കി. വീണ്ടും ദേവിക ആത്മഹത്യയിലേക്ക് കൂപ്പുകുത്തി. ഇപ്രാവശ്യം സ്വന്തം വീട്ടില്‍വച്ചുതന്നെ ആയതിനാല്‍ അവിടെനിന്നും രക്ഷപ്പെട്ട് ജീവിതത്തിലേക്ക് വന്നു.

മദ്രാസിലെ സിനിമാ ജീവിതത്തില്‍ വഴിപിഴച്ചുപോയവള്‍ എന്ന മട്ടിലായിരുന്നു ദേവികയെ അഗ്രഹാര ഗ്രാമം നോക്കിക്കണ്ടത്. ബന്ധുക്കള്‍ കുടുംബയോഗം ചേര്‍ന്ന് അവളുടെ മുടിമുറിച്ചു. ഒരു മുറിയില്‍ ഉപേക്ഷിച്ചു. ഇതിനിടയിലാണ് പഴയ നിര്‍മ്മാതാവ് സത്യമൂര്‍ത്തിയുടെ വരവ്. അയാള്‍ വന്നത് നിര്‍ത്തിപ്പോയ സിനിമ പുനരാരംഭിക്കാനായിരുന്നു. കൊല്ലങ്ങള്‍ക്കുശേഷമുള്ള മടങ്ങിവരവ്. പക്ഷേ, ദേവിക തന്റെ സിനിമാ സ്വപ്‌നം അപ്പോഴേക്കും മനസ്സില്‍നിന്നുപോലും ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു. സത്യമൂര്‍ത്തി ഒരുപാട് നിര്‍ബ്ബന്ധിച്ചു. സിനിമയ്ക്കുവേണ്ടി സ്വരുക്കൂട്ടിയ ലക്ഷങ്ങളുടെ ബാങ്ക് നിക്ഷേപത്തിന്റെ പാസ്ബുക്കുവരെ അവളെ കാണിച്ച് ഉറപ്പുവരുത്തി. പക്ഷേ, ദേവിക തന്റെ ഇന്നലെകളില്‍ നഷ്ടപ്പെട്ട ജീവിതം മടക്കിവാങ്ങാന്‍ തയ്യാറായില്ല. അഗ്രഹാരത്തെരുവില്‍ നരകിച്ച് മരിക്കുന്നതാണ് അതിലും ഭേദമെന്ന് അവള്‍ ഉറപ്പിച്ചു. സത്യമൂര്‍ത്തി നിരാശനായി നാട്ടിലേക്ക് മടങ്ങി. പക്ഷേ, ഒരു നല്ലകാര്യം കൂടി അയാള്‍ ചെയ്തു. സിനിമയുടെ തുടക്ക ഘട്ടത്തില്‍ ചെലവുവന്ന ആയിരങ്ങള്‍ ഉണ്ടായിരുന്നു. അതൊക്കെ മുടക്കിയത് ദേവികയായിരുന്നു. ആ കണക്കില്‍ ആയിരങ്ങള്‍ അയാള്‍ മടക്കിനല്‍കി. അത് തന്റെ മാത്രം സമ്പാദ്യമായതുകൊണ്ട് ദേവിക മടക്കിവാങ്ങി. അയാളെ സ്‌നേഹത്തോടെ യാത്രയാക്കി. അയ്യായിരത്തോളം രൂപകൊണ്ടാണ് പിന്നീട് രണ്ട് പശുവിനെ വാങ്ങി പാല്‍ക്കച്ചവടം ആരംഭിച്ചത്. ഇന്ന് ആ തെരുവില്‍ പാല്‍ക്കാരി ദേവിക അക്കയാണ്. ഒരു തെറ്റും ചെയ്യാതെ നേടിയ ആ പേരുദോഷം പൂര്‍ണ്ണമായും മാഞ്ഞുപോയില്ലെങ്കിലും അവള്‍ അവിടെ ജീവിക്കുന്നു. കുടുംബത്തിന്റെ പട്ടിണി അകറ്റുന്നത് ദേവികയുടെ അദ്ധ്വാനത്തില്‍നിന്നു ലഭിക്കുന്ന വരുമാനം കൊണ്ടാണ്.

ദേവികയുടെ കഥ എന്നെ വല്ലാതെ വേദനിപ്പിച്ചു. എന്നില്‍നിന്നും അവള്‍ ഒന്നും ഒളിച്ചുവച്ചില്ല. കൂടെപ്പിറക്കാതെപോയ ഒരു സഹോദരനോടെന്നപോലെ സ്വയം ഉരുകിയൊലിച്ചുകൊണ്ട് സ്വന്തം ജീവിതകഥ അവള്‍ പറഞ്ഞു. ആ രാത്രി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. മഴ തകര്‍ത്ത് പെയ്തിട്ടും ഞാന്‍ കൂടുതല്‍ വിയര്‍ക്കുകയും മനസ്സ് അസ്വസ്ഥമാകുകയും ചെയ്തുകൊണ്ടിരുന്നു.

അടുത്ത പ്രഭാതം. അതിരാവിലെ തന്നെ ഞങ്ങള്‍ എണീറ്റു. ഒരു മടക്കയാത്രയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു. അപ്പോഴും ചിന്നംപിന്നം മഴപെയ്തുകൊണ്ടിരുന്നു. ഡോക്യുമെന്ററിയുടെ ഫൈനല്‍ എഡിറ്റിങ്ങിനിടയില്‍ എപ്പോഴെങ്കിലും ഇവിടെവന്ന് ഏതാനും ഷോട്ടുകള്‍ എടുക്കാമെന്ന് സുനില്‍ പറഞ്ഞു. ആറുമണിക്കുതന്നെ ദേവിക ഞങ്ങള്‍ക്ക് ഇഡ്ഡലിയും ചായയും വിളമ്പിത്തന്നു. ഒരു മഹാദുരന്തത്തിന്റെ പ്രതീകംപോലെ വെളുത്ത സുന്ദരി. നാല്‍പ്പതുകള്‍ പിന്നിടുന്നതിനിടയില്‍ കുടിച്ചുതീര്‍ത്ത കണ്ണുനീരുകള്‍... നാണക്കേടുകള്‍... അതൊന്നും ആ മുഖത്ത് നിഴലിക്കുന്നില്ല. ചിലപ്പോള്‍ കര്‍ശനമായ താക്കീതോടെ മനസ്സിനെ പരുവപ്പെടുത്തിയെടുത്തിരിക്കാം.
ഞങ്ങള്‍ ദേവികയോട് യാത്രപറഞ്ഞു. രണ്ടുദിവസത്തെ ഭക്ഷണവും അതിനേക്കാള്‍ സ്‌നേഹവും കരുതലും നല്‍കിയ ദേവിക. ആരും കാണാതെ കുറച്ച് രൂപ മടക്കി ആ കയ്യില്‍ വച്ചുകൊടുത്തു. പക്ഷേ, അത് വാങ്ങാന്‍ അവള്‍ കൂട്ടാക്കിയില്ല. എന്നെ കേള്‍ക്കാനും ആശ്വസിപ്പിക്കാനും വന്ന ഒരു സഹോദരനുവേണ്ടി ഞാന്‍ ഇത്രയെങ്കിലും ചെയ്യണ്ടേ സാര്‍... എന്നാണ് അവള്‍ ചോദിച്ചത്.

ആ വീട്ടില്‍നിന്നും യാത്ര പറഞ്ഞു. പുറപ്പെടുന്നതിനുമുന്‍പ് ദേവികയെ നോക്കി. ആ കണ്ണുകള്‍ ആര്‍ദ്രമായിരിക്കുന്നു. അവളിലെ സംവിധായികയുടെ മരണം, അല്ലെങ്കില്‍ തകര്‍ച്ച ആ നിമിഷം ഞാന്‍ കണ്ടു.

വണ്ടി സ്റ്റാര്‍ട്ടുചെയ്ത് മുന്നോട്ട് നീങ്ങി. വര്‍ഷങ്ങള്‍ കഴിഞ്ഞു. ദേവിക ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്നൊന്നും എനിക്കറിയില്ല. ആ ബന്ധം ബലപ്പെടുത്താന്‍ ഞാനും ദേവികയും പിന്നീട് ശ്രമിച്ചില്ല എന്നതാണ് സത്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com