'വി.എസ്. മുഖ്യമന്ത്രി ആകണമെന്ന് എനിക്കു നിര്‍ബ്ബന്ധമുണ്ടായിരുന്നു'

'വി.എസ്. മുഖ്യമന്ത്രി ആകണമെന്ന് എനിക്കു നിര്‍ബ്ബന്ധമുണ്ടായിരുന്നു'

പാര്‍ട്ടിഫ്‌ലാറ്റില്‍ താമസിച്ച്, പാര്‍ട്ടി വച്ചുകൊടുക്കുന്ന വീടിനെക്കുറിച്ച് അഭിമാനിച്ച്, 86-ാം വയസ്സിലും പാര്‍ട്ടിയില്‍ മുഴുകിയാണ് പി.കെ. ഗുരുദാസന്റെ ജീവിതം

1964-ല്‍ കമ്യൂണിസ്റ്റു പാര്‍ട്ടി പിളര്‍ന്നപ്പോള്‍ എ.കെ.ജി നേരിട്ടുചെന്നാണ് കൊല്ലം ചാത്തന്നൂരിലും സി.പി.ഐ.എമ്മിന് കമ്മിറ്റിയുണ്ടാക്കിയത്. പക്ഷേ, പി.കെ. ഗുരുദാസനോട് ആരും ആ യോഗത്തിന്റെ കാര്യം പറഞ്ഞില്ല, ക്ഷണിച്ചുമില്ല. അടുത്ത സുഹൃത്തായിരുന്ന പി. രവീന്ദ്രന്‍ സി.പി.ഐയില്‍ത്തന്നെ തുടര്‍ന്നതായിരുന്നു കാരണം. പാര്‍ട്ടി പിളരുന്നതിനു മുന്‍പെന്നതുപോലെതന്നെ ശേഷവും രവീന്ദ്രനും ഗുരുദാസനും സൗഹൃദം തുടര്‍ന്നതുകൊണ്ട് രണ്ടുപേരുടെ പാര്‍ട്ടിയും ഒന്നുതന്നെയെന്ന് ചിലരെങ്കിലും കരുതി. പക്ഷേ, ഗുരുദാസന്റെ മനസ്സ് 'വലതു' കമ്യൂണിസ്റ്റു പാര്‍ട്ടിയിലായിരുന്നില്ല; ഇടത്തായിരുന്നു. അതുകൊണ്ട് വിളിച്ചില്ലെങ്കിലും ചാത്തന്നൂര്‍ യോഗത്തിനു പോവുകതന്നെ ചെയ്തു. ആ യോഗം ചാത്തന്നൂര്‍ മണ്ഡലം സെക്രട്ടറിയാക്കാന്‍ മറ്റൊരാളെ അന്വേഷിച്ചുമില്ല. മാതൃപാര്‍ട്ടിയെപ്പോലെ പുതിയ പാര്‍ട്ടിക്കും തുടക്കത്തില്‍ ബ്രാഞ്ച് കമ്മിറ്റിക്കും ലോക്കല്‍ കമ്മിറ്റിക്കും മുകളില്‍ മണ്ഡലം കമ്മിറ്റിയാണ് ഉണ്ടായിരുന്നത്. പിന്നീടാണ് സി.പി.ഐ.എം അത് ഏരിയാ കമ്മിറ്റി ആക്കിയത്. അവിഭക്ത പാര്‍ട്ടിക്ക് ആദ്യം ബ്രാഞ്ച് ഉണ്ടായിരുന്നില്ല. സ്ഥിരാംഗത്വത്തിലേക്കു പരിഗണിക്കുന്നവരുടെ 'ഓക്‌സിലിയറി' സെല്ലിനു നേരെ മുകളില്‍ ലോക്കല്‍ കമ്മിറ്റി. പാര്‍ട്ടിയിലേക്ക് ആളുകളുടെ വരവു കൂടിയപ്പോഴാണ് ബ്രാഞ്ച് കമ്മിറ്റികള്‍ വന്നത്. അതുകൊണ്ട് പരവൂര്‍ ലോക്കല്‍ സെക്രട്ടറി ആയിരുന്ന ഗുരുദാസന്‍ അതിനുശേഷം പരവൂര്‍ ബ്രാഞ്ച് സെക്രട്ടറിയുമായി; അന്നത് തരംതാഴ്ത്തലായിരുന്നില്ല, സ്ഥാനക്കയറ്റം തന്നെ ആയിരുന്നു. ഒന്നാം ഇ.എം.എസ് സര്‍ക്കാരും വിമോചന സമരവും പിരിച്ചുവിടലുമുണ്ടായ കാലം. പിളര്‍പ്പും അകല്‍ച്ചയും പുതിയ പാര്‍ട്ടി കെട്ടിപ്പടുക്കാനുള്ള നെട്ടോട്ടവുമുണ്ടായതും അതിന്റെ തുടര്‍ച്ച. അവിടെ നിന്നാണ് സംസ്ഥാന കമ്മിറ്റി അംഗമായതും 17 വര്‍ഷക്കാലം ജില്ലാ സെക്രട്ടറിയായതും സംസ്ഥാന സെക്രട്ടേറിയറ്റിലും കേന്ദ്ര കമ്മിറ്റിയിലും എത്തിയതും സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറിയായതും. 1953 അവസാനം ലോക്കല്‍ കമ്മിറ്റി ആക്ടിംഗ് സെക്രട്ടറി ആയതു മുതല്‍ മുഴുവന്‍സമയ പ്രവര്‍ത്തകന്‍. അങ്ങനെ താന്‍ പാര്‍ട്ടിയുടെ ഫുള്‍ടൈമറായി എന്നു പറയുമ്പോഴത്തെ സന്തോഷവും അഭിമാനവും ഈ പ്രായത്തിലും അദ്ദേഹത്തെ അന്നത്തെ നവയുവാവാക്കുന്നു. 68 വര്‍ഷത്തെ പൊതുപ്രവര്‍ത്തനത്തിനും രണ്ടുവട്ടം നിയമസഭാംഗവും അഞ്ചു വര്‍ഷം മന്ത്രിയുമായിരുന്നതിനും ശേഷവും സ്വന്തമായി വീടില്ല. പാര്‍ട്ടിഫ്‌ലാറ്റില്‍ താമസിച്ച്, പാര്‍ട്ടി വച്ചുകൊടുക്കുന്ന വീടിനെക്കുറിച്ച് അഭിമാനിച്ച്, 86-ാം വയസ്സിലും പാര്‍ട്ടിയില്‍ മുഴുകിയാണ് പി.കെ. ഗുരുദാസന്റെ ജീവിതം. 

18 വയസ്സു തികയുന്നതിനു മുന്‍പേ കമ്യൂണിസ്റ്റു പാര്‍ട്ടി പ്രവര്‍ത്തകനായി മാറിയ സാഹചര്യം ഏതായിരുന്നു?
 
ചുറ്റുപാടുകള്‍ തന്നെ ആയിരുന്നു സാഹചര്യം. 15 മുതല്‍ 17 വയസ്സു വരെയാണ് ഇന്റര്‍മീഡിയറ്റിനു പഠിച്ചത്. കൊല്ലം എസ്.എന്‍ കോളേജില്‍. 1950-'51-ല്‍ ഒന്നാം വര്‍ഷം, 1951-'52-ല്‍ രണ്ടാം വര്‍ഷം. അന്നു ചുറ്റുപാടും ഇടതുപക്ഷ പ്രസ്ഥാനങ്ങളോടുള്ള വലിയ ആഭിമുഖ്യവും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന പുരോഗമന പ്രസ്ഥാനങ്ങളോടുള്ള താല്പര്യവുമാണ്. സാഹിത്യകാരന്മാരും കലാകാരന്മാരും കെ.പി.എ.സിയുടെ നാടകവും സാംബശിവന്റെ കഥാപ്രസംഗവും. സാംബശിവന്‍ എന്റെ കൂടെ പഠിച്ചതാണ്. അദ്ദേഹത്തിന് എന്നേക്കാള്‍ പ്രായം കൂടുതലാണെങ്കിലും ഒന്‍പതു കഴിഞ്ഞ് മലയാളം വിശാരദിനും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും പോയിട്ടാണ് ഇന്റര്‍മീഡിയറ്റിനു വന്നത്. അങ്ങനെയാണ് ഞങ്ങള്‍ ഒരു ക്ലാസ്സിലായത്. പിന്നെ, കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവായി മാറിയ വെളിയം ഭാര്‍ഗവന്‍, ഒ.എന്‍.വി കുറുപ്പ് എന്നിവരൊക്കെ അന്നു ഡിഗ്രി വിദ്യാര്‍ത്ഥികളായിരുന്നു. അവര്‍ തെരഞ്ഞെടുപ്പുകളില്‍ നില്‍ക്കുകയും വലിയ ഭൂരിപക്ഷത്തിനു ജയിക്കുകയുമൊക്കെ ചെയ്ത കാലഘട്ടമാണ്. ഇടതുപക്ഷ പ്രസ്ഥാനത്തിനു കരുത്തു വര്‍ദ്ധിക്കുന്ന സമയം. എന്നെ പിടിച്ചുകുലുക്കിയ വലിയൊരു സംഭവം കോട്ടാത്തല സുരേന്ദ്രന്റെ രക്തസാക്ഷിത്വമാണ്. 1950 സെപ്റ്റംബര്‍ മൂന്നിനാണ് സുരേന്ദ്രന്‍ കൊട്ടാരക്കര ലോക്കപ്പില്‍ ഇഞ്ചിഞ്ചായി പൊലീസ് മര്‍ദ്ദനമേറ്റു മരിച്ചത്. അതിനു തൊട്ടടുത്ത ദിവസം മൃതദേഹം ഏറ്റുവാങ്ങി കടപ്പാക്കടയില്‍നിന്ന് സഖാക്കള്‍ ജാഥയായി കൊണ്ടുവന്നു, പോളയത്തോട് ശ്മശാനത്തിലേക്ക്. ഇടതുപക്ഷ പ്രസ്ഥാനത്തിനെതിരായ ആക്രമണങ്ങള്‍ കുറഞ്ഞുവരുന്ന സമയമാണ്. 1951-ല്‍ ആണല്ലോ നിരോധനം പിന്‍വലിച്ചത്. നിരോധനം പിന്‍വലിക്കുന്ന ഒരു ഘട്ടത്തിലാണ് ഈ സംഭവങ്ങളൊക്കെ. ഞാന്‍ ആരും ശ്രദ്ധിക്കുന്ന വിദ്യാര്‍ത്ഥിയല്ല; ഏറ്റവും പയ്യനാണ്. എന്നോടാരും വന്ന് ഒരു കാര്യവും ചര്‍ച്ച ചെയ്യാറില്ല, ഞാന്‍ അങ്ങോട്ടു പോയും ചര്‍ച്ച ചെയ്യാറില്ല. ആകെക്കൂടി എന്തെങ്കിലും കാര്യങ്ങള്‍ സംസാരിക്കുന്നത് കളയ്ക്കാടാണ്, എ.പി. കളയ്ക്കാട് എന്ന പേരില്‍ പ്രശസ്തനായ സാഹിത്യകാരന്‍. കരുനാഗപ്പള്ളിക്കാരനായ അദ്ദേഹം അവിടെ എന്റെ സഹവിദ്യാര്‍ത്ഥിയായിരുന്നു. ശൂരനാട് സംഭവവുമായി ബന്ധപ്പെട്ട കാര്യമൊക്കെ എന്നോട് പറയും. ഞാനതിലൊക്കെ കൂടുതല്‍ താല്പര്യം കാണിക്കുകയും ചെയ്യും. അങ്ങനെ കോളേജില്‍നിന്നു പുറത്തുവന്നപ്പോഴാണ് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകം വരുന്നത്. 1952 രണ്ടാം പകുതിയില്‍, ജൂണിനു ശേഷമാണെന്നാണ് ഓര്‍മ്മ. ആദ്യത്തെ പരീക്ഷയ്‌ക്കൊക്കെ തോറ്റു. ചവറ സൗത്ത് ഭാഗത്ത് കുഞ്ഞമ്മയുടെ വീടുണ്ട്. അവിടെക്കൊണ്ടാക്കി. അവിടെന്ന് ഇക്കരെയാണ് നാടകം കളിക്കുന്നത്. കാണാനായിട്ടു പോയി. പൊതുവില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന് അനുകൂലമായ സാഹചര്യമുള്ള സ്ഥലമാണ് അത്. കരിമണലിന്റെ നാടല്ലേ. എല്ലാ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും വളരെ കരുത്തുള്ള സ്ഥലമാണ്. പരവൂരില്‍ ഞാന്‍ ജനിച്ചുവളര്‍ന്ന സ്ഥലമാണെങ്കില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിനൊന്നും വലിയ സ്വാധീനമില്ലാത്ത പ്രദേശമാണ്. അങ്ങനെ, ഞാന്‍ എല്ലാ ജാഥകള്‍ക്കു പോകും. അതു കണ്ടിട്ട് പാര്‍ട്ടിയുടെ ചുമതലക്കാരായ ആളുകള്‍ വന്ന് എന്നെ വിളിച്ചു. 

വി സാംബശിവൻ
വി സാംബശിവൻ

ആദ്യം പാര്‍ട്ടിയില്‍നിന്നു ബന്ധപ്പെട്ടത് ആരാണ്? 

എന്റെ സഹപ്രവര്‍ത്തകന്‍ ഒരു ഹുസന്‍കോയ തങ്ങളുണ്ട്. എന്നെക്കാള്‍ നാലഞ്ചു വയസ്സിനു മൂത്ത ആളാണ്. അയാള്‍ പറഞ്ഞു, ഗുരുദാസാ നമുക്കു പാര്‍ട്ടി യൂണിറ്റ് ഉണ്ടാക്കണം, നമ്മളെ വിളിക്കാന്‍ വരും. ഞാന്‍ ഓക്കേന്നു പറഞ്ഞു. മുഹമ്മദു കുഞ്ഞ് എന്നു പറയുന്ന ഒരു ഓയില്‍ മില്‍ തൊഴിലാളിയാണ് ആദ്യമായി ഞങ്ങളുടെ ഘടകം കൂടാനായിട്ടു വന്നത്. മുഹമ്മദു കുഞ്ഞ് ആലുവാക്കാരനാണ്. ടി.ഒ. ബാവയുടെ കുടുംബത്തിലുള്ള ആള്‍. കുടുംബം വലുതാണെങ്കിലും പാവപ്പെട്ടവനായിരുന്നു. അദ്ദേഹം ഞങ്ങളെ വന്നു വിളിച്ചു. ഞങ്ങള്‍ പോയി. ഓക്‌സിലിയറി സെല്‍ എന്നുപറയും അതിന്. പൂര്‍ണ്ണമെമ്പര്‍മാരുടെ സെല്ലിനു മുന്‍പുള്ള കാന്‍ഡിഡേറ്റ് സെല്‍. അന്ന് സെല്‍ ആണ്, കമ്മിറ്റിയല്ല. ആ സെല്ലിന്റെ സെക്രട്ടറിയായി ആദ്യം തന്നെ എന്നെ തെരഞ്ഞെടുത്തു. എന്തായാലും അങ്ങനെയൊരു അവസരമാണ് അവിടെ എനിക്കു തന്നത്. ആ ചുറ്റുപാടുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഞങ്ങള്‍ നിയോഗിക്കപ്പെട്ടു. കയര്‍ത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍, കുടികിടപ്പുകാരുടെ പ്രശ്‌നങ്ങള്‍, മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍. മുഹമ്മദു കുഞ്ഞിന് ഖുര്‍ആനൊക്കെ അറിയാം. ഖുര്‍ആനൊക്കെ ഉദ്ധരിച്ചു പോയി പ്രസംഗിച്ചാലും അവര്‍, മത്സ്യത്തൊഴിലാളികള്‍ മാറത്തില്ല, അവര്‍ക്കൊരു മാറ്റവുമില്ല. ഈ അടുത്ത കാലത്താണ് അവരില്‍ ഒരു മാറ്റമുണ്ടായത്. പക്ഷേ, കയര്‍ത്തൊഴിലാളികളുടെയടുത്തൊക്കെ പെട്ടെന്നു മാറ്റങ്ങളുണ്ടായി. പിന്നെ, കുടികിടപ്പുകാരുടെ ജീവിതപ്രശ്‌നമാണല്ലോ. അങ്ങനെയിരിക്കുമ്പോള്‍, 1953 ഒക്ടോബറിലാണ് ഞാന്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് ചേരുന്നത്. അപ്പോഴെനിക്ക് 18 വയസ്സ് കഴിഞ്ഞു. അതുകഴിഞ്ഞ് ആറു മാസം കഴിഞ്ഞപ്പോള്‍ എന്നെ ലോക്കല്‍ കമ്മിറ്റിയില്‍ എടുത്തു. പരവൂര്‍ ലോക്കല്‍ കമ്മിറ്റി. രണ്ടു പഞ്ചായത്തും ഒരു പഞ്ചായത്തിന്റെ രണ്ട് വാര്‍ഡുംകൂടി ചേര്‍ന്നതാണ് അന്നത്തെ ലോക്കല്‍ കമ്മിറ്റി. ലോക്കല്‍ കമ്മിറ്റിയില്‍ വിദ്യാഭ്യാസമുള്ളത് ഞാന്‍ മാത്രമേയുള്ളൂ. മറ്റൊരാള്‍ ഉണ്ടായിരുന്നത് അവധിയെടുത്തു പോയപ്പോള്‍ എന്നെ ആക്ടിംഗ് സെക്രട്ടറിയാക്കി. അന്നൊരു ട്രാന്‍സ്പോര്‍ട്ട് സമരമുണ്ടായിരുന്നു. പ്രസിദ്ധമായ തിരുകൊച്ചി ട്രാന്‍സ്പോര്‍ട്ട് സമരം. സമരം ചെയ്യാനും അവകാശങ്ങള്‍ നേടിയെടുക്കാനുമുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പണിമുടക്കു സമരം. പക്ഷേ, തൊഴിലാളികളാരും പണിമുടക്കില്ല, നമ്മള്‍ പോയി പിക്കറ്റ് ചെയ്യണം. പട്ടം താണുപിള്ളയുടെ കാലമാ. ആ കാലത്തിനു പ്രത്യേകതയുണ്ട്. പട്ടം താണുപിള്ളയുടെ പി.എസ്.പിയും കമ്യൂണിസ്റ്റു പാര്‍ട്ടിയും കൂടി അന്നൊരു മുന്നണി രൂപീകരിച്ച് പ്രകടനപത്രിക ഉണ്ടാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഭൂരിപക്ഷം കിട്ടി. അപ്പോള്‍, പട്ടംതാണുപിള്ള സാര്‍ കമ്യൂണിസ്റ്റുകാരുടെ പിന്തുണയോടുകൂടി ഭരിക്കേണ്ടി വരരുത് എന്ന് കോണ്‍ഗ്രസ് നിലപാട് സ്വീകരിച്ചു. കോണ്‍ഗ്രസ്സും അവരുമായി ചേര്‍ന്നു ഗവണ്‍മെന്റ് രൂപീകരിച്ചു. തൊഴിലാളി സമരങ്ങളെ അടിച്ചമര്‍ത്തുന്ന കാലമാണ്. പട്ടം താണുപിള്ളയുടെ ഭരണകാലത്താണ് ട്രാന്‍സ്പോര്‍ട്ട് സമരം നടന്നത്. ഭീകരമായി മര്‍ദ്ദിച്ചു ഞങ്ങളെ. അതില്‍ പങ്കെടുത്തവരെയെല്ലാം മര്‍ദ്ദിച്ചു. കുറേപ്പേരെ അറസ്റ്റു ചെയ്ത് ജയിലിലാക്കി. അതൊരു ടേണിംഗ് പോയിന്റാണ്. കുടികിടപ്പ് അവകാശം സംരക്ഷിക്കും എന്നൊരു വാഗ്ദാനം പ്രകടനപത്രികയില്‍ ഉണ്ടായിരുന്നു. അധികാരത്തിലെത്തിയത് പട്ടം താണുപിള്ളയാണെങ്കിലും കുടിയായ്മ പ്രശ്‌നം പരിഹരിച്ച് കുടികിടപ്പ് അവകാശം സംരക്ഷിക്കും എന്ന ആ മുദ്രാവാക്യം ഏറ്റെടുക്കാന്‍ കമ്യൂണിസ്റ്റു പാര്‍ട്ടി ബാധ്യസ്ഥമാണ്. സ്വാഭാവികമായും അതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി സമരം ചെയ്യുമെന്ന് അറിയാം. അതിന്റെ അടിസ്ഥാനത്തില്‍ ജന്മിമാര്‍ ചെറുത്തുനില്‍പ്പു തുടങ്ങി. ആ ചെറുത്തുനില്‍പ്പിനെതിരെ സമരം ചെയ്യേണ്ടതായി വന്നു. ഞങ്ങളുടെ മേഖലയില്‍ ജന്മി-കുടിയാന്‍ ബന്ധം എന്ന് ആ രൂപത്തിലൊരു വര്‍ഗ്ഗവിഭജനമൊന്നും ഇല്ലെങ്കിലും അവിടെ തൊഴിലാളി-മുതലാളി വര്‍ഗ്ഗവിഭജനമുണ്ട്. എന്നാലും നാട്ടുപ്രമാണിമാരും ഭൂവുടമകളും പാവപ്പെട്ട കൃഷിക്കാരും കുടികിടപ്പുകാരും ധാരാളമായി ഉണ്ട്. ആ കുടികിടപ്പുകാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടേണ്ടതായി വന്നു. അവരെ ഒഴിപ്പിക്കാനുള്ള ശ്രമം നമ്മള്‍ അനുവദിച്ചില്ല. അങ്ങനെയെല്ലാമുള്ള സമരങ്ങളുടെ പശ്ചാത്തലത്തില്‍ 1954-ല്‍ ഞാന്‍ ആക്ടിംഗ് സെക്രട്ടറി എന്ന നിലയില്‍നിന്ന് 'ഫുള്‍ സെക്രട്ടറി'യായി. പൂര്‍ണ്ണ ചുമതലയുള്ള സെക്രട്ടറി. അപ്പോഴേയ്ക്കും വീട്ടില്‍നിന്നു മാറി പരവൂര്‍ കമ്പോളത്തില്‍ത്തന്നെ ക്യാമ്പ് ചെയ്തു പ്രവര്‍ത്തിക്കുന്ന സാഹചര്യമുണ്ടായി. അങ്ങനെ അന്നുമുതല്‍ ഞാന്‍ ഫുള്‍ടൈമറാണ്; 1953 അവസാനം മുതല്‍, പ്രത്യേകിച്ച് 1954 മുതല്‍.

ഒൻവി
ഒൻവി

പിന്നീട് എങ്ങനെ ആയിരുന്നു രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ കാലം? 

അന്ന് ആറു മാസം കഴിഞ്ഞാല്‍ ഫുള്‍ മെമ്പര്‍ഷിപ്പാണ്. അന്നു മുതല്‍ ഇന്നുവരെ ഇതുതന്നെ ജീവിതം; പാര്‍ട്ടി തന്നെ. ഇപ്പോള്‍ പ്രായമായി. അന്ന് കൊല്ലത്ത് ധാരാളം സമരങ്ങള്‍ നടക്കുന്ന സമയമാണ്. കശുവണ്ടിത്തൊഴിലാളികളുടെ സമരം ഉള്‍പ്പെടെ. പരവൂര്‍ കശുവണ്ടി മേഖലയല്ല, കയര്‍ മേഖലയാണ്. കയര്‍ മേഖലയിലെ അവകാശങ്ങള്‍ക്കുവേണ്ടി സമരങ്ങള്‍ സംഘടിപ്പിക്കുകയും വേണം, കശുവണ്ടി സമരങ്ങള്‍ക്കു പിന്തുണ കൊടുക്കുകയും വേണം. അന്ന് ജെ. ചിത്തരഞ്ജനുമൊക്കെ നിരാഹാരം കിടക്കുന്ന സമയമാണ്. ഞങ്ങള്‍ പരവൂര്ന്ന് 10-16 മൈല്‍ ജാഥയായിട്ട് നടന്നുപോയി മുദ്രാവാക്യം വിളിച്ചിട്ട് രാത്രി തിരിച്ചുവന്നു. അങ്ങനെ അതൊരു സ്ഥിരം പതിവായി മാറി. കൊല്ലത്തും കൊട്ടിയത്തുമെല്ലാം പോയി. കൊല്ലത്തുവച്ച് പ്രവര്‍ത്തകരുടെ യോഗം വിളിച്ചുകൂട്ടും. അങ്ങനെയിരിക്കുമ്പോഴാണ് കയര്‍ത്തൊഴിലാളികളുടെ സമരം ശക്തിപ്രാപിച്ചത്. 1954-ലെ മിനിമം വേജസ് സമരം. അതേ വര്‍ഷം തന്നെയാണ് കശുവണ്ടിത്തൊഴിലാളികളുടേയും മിനിമം വേജസ് സമരം. സമരങ്ങളുടെ വേലിയേറ്റം തന്നെ ആയിരുന്നു. ഇതിലെല്ലാം സജീവമായി പങ്കെടുത്ത് കയര്‍ത്തൊഴിലാളി മേഖലയിലെ പ്രധാനപ്പെട്ട ഒരു പ്രവര്‍ത്തകനായി. അങ്ങനെ ക്രമേണ പാര്‍ട്ടി വളര്‍ന്നുവന്നപ്പോഴാണ് പാര്‍ട്ടിക്കകത്ത് ഒരു അനിശ്ചിതത്വം ഉണ്ടായത്. അതാണ് പാര്‍ട്ടിയെ പിളര്‍പ്പിലേക്കു നയിച്ച അനിശ്ചിതത്വം. അതിന്റെ സമയത്തൊഴികെ എല്ലാക്കാലത്തും ഞാന്‍ ഫുള്‍ടൈമറായിരുന്നു. വീട്ടില്‍ എതിര്‍പ്പും ഒരുപാടു കാര്യങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ, അമ്മ എന്നോട് അനുകൂലമായിരുന്നു. അമ്മ ബീഡിത്തൊഴിലാളി ആയിരുന്നു. എന്നുവച്ചാല്‍, അമ്മയുടെ അച്ഛന്റെ ചെറിയ മാടക്കടയില്‍ ബീഡി തെറുത്തുകൊടുക്കും. അതു മത്സ്യത്തൊഴിലാളികളുടെ കേന്ദ്രമായിരുന്നു. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളിക്ക് ബീഡി ഇഷ്ടമാണ്. അങ്ങനെ അമ്മയ്ക്ക് ചെറിയ വരുമാനമുണ്ടായി. കുടുംബത്തില്‍ അമ്മാവന്മാരൊക്കെ എതിരാണെങ്കിലും അമ്മ അനുകൂലമായിരുന്നു. 

പിളര്‍പ്പിന്റെ കാലത്തെ മനസ്സിന്റെ നീറ്റലും ആശയക്കുഴപ്പങ്ങളും സി.പി.ഐ.എമ്മിനൊപ്പം നില്‍ക്കാനുള്ള തീരുമാനം രൂപപ്പെട്ടതുമൊക്കെ എങ്ങനെയാണ് ഇന്ന് ഓര്‍ക്കുന്നത്? 

പാര്‍ട്ടി ഭിന്നിക്കുന്ന സമയത്ത് പരവൂരില്‍ എല്ലാ ട്രേഡ് യൂണിയനുകളുടേയും സെക്രട്ടറിയാണ് ഞാന്‍. ചെറിയ ചെറിയ ഒരുപാട് യൂണിയനുകളുണ്ട്. ബീഡിത്തൊഴിലാളി, കയര്‍ഫാക്ടറി തൊഴിലാളി, ചുമട്ടുതൊഴിലാളി. അങ്ങനെ വിവിധ തൊഴിലാളി യൂണിയനുകളുടെ സെക്രട്ടറിയായി ഞാന്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഒന്നൊഴികെ എല്ലാത്തിന്റേയും പ്രസിഡന്റ് പി. രവീന്ദ്രനാണ്. ഒന്നിന്റെ മാത്രം എ.കെ. ഗോപിനാഥന്‍ എന്ന ഒരു അദ്ധ്യാപകനാണ്. എ.ഐ.ടി.യു.സി യൂണിയനുകളാണ് മിക്കതും. പക്ഷേ, നമ്മള്‍ എ.ഐ.ടി.യു.സി അഫിലിയേഷനൊന്നും നോക്കുന്നില്ല. എല്ലാം ചെറിയ ചെറിയ യൂണിയനുകളാണ്. പി. രവീന്ദ്രനും ഞാനും തമ്മില്‍ അടുത്ത ഹൃദയബന്ധമാണ്. ഏതു പ്രശ്‌നമുണ്ടായാലും പരസ്പരം ബന്ധപ്പെടും. പാര്‍ട്ടിയില്‍ ഭിന്നിപ്പിനു കാരണമായ ആശയസമരം വളര്‍ന്നപ്പോള്‍ പാര്‍ട്ടി രണ്ടായി. ചാത്തന്നൂരില്‍ എ.കെ.ജി വന്ന് സി.പി.ഐ.എമ്മിന്റെ മണ്ഡലം ശാഖ രൂപീകരിച്ചു. പാരിപ്പള്ളിയില്‍ വെച്ചാണ് രൂപീകരണ യോഗം നടന്നത്. എന്നെ ആ യോഗത്തിലേക്കു വിളിച്ചില്ല. രവീന്ദ്രനുമായി അടുത്ത ബന്ധമാണല്ലോ. രവീന്ദ്രന്‍ സി.പി.ഐയിലാണ്. പക്ഷേ, ഞാന്‍ പോയി. പിളര്‍പ്പിന്റെ കാലത്ത് മണ്ഡലം കമ്മിറ്റി അംഗമായിരുന്നു. ക്ഷണിച്ചില്ലെങ്കിലും പോയിക്കഴിഞ്ഞപ്പോള്‍ എന്നെ സെക്രട്ടറിയാക്കി. അവിഭക്ത പാര്‍ട്ടിക്ക് ലോക്കല്‍ കമ്മിറ്റി, മണ്ഡലം കമ്മിറ്റി, ജില്ലാ കൗണ്‍സില്‍ എന്നിങ്ങനെയാണ് ഉണ്ടായിരുന്നത്. ഇതിനിടയില്‍ 1956-ല്‍ ഘടനയില്‍ മാറ്റം വന്നു. ലോക്കല്‍ കമ്മിറ്റിക്കു താഴെ ലോക്കല്‍ മേഖലയിലെ 50-ഉം 75-ഉം നൂറുമൊക്കെ പാര്‍ട്ടി മെമ്പര്‍മാരെ ചേര്‍ത്ത് ബ്രാഞ്ചാക്കി. ബ്രാഞ്ചിന് എക്‌സിക്യൂട്ടീവും വന്നു. പക്ഷേ, എല്ലാ മെമ്പര്‍മാരേയും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഘടനയല്ല അത്. സാധാരണ പ്രവര്‍ത്തകര്‍ മരവിക്കുന്ന സ്ഥിതി വന്നു. സി.പി.എം രൂപീകരിച്ചപ്പോള്‍ പഴയ സെല്ലിന്റെ രൂപത്തിലുള്ള ചെറിയ ബ്രാഞ്ചും ലോക്കല്‍ കമ്മിറ്റിയും ഏരിയ, ജില്ലാ കമ്മിറ്റികളുമായി മാറി. 

എപി കളയ്ക്കാട്
എപി കളയ്ക്കാട്

ചാത്തന്നൂര്‍ ഏരിയയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. അതിലെല്ലാം ഇടപെട്ടു. രവീന്ദ്രനുമായിത്തന്നെ ഏറ്റുമുട്ടുന്ന ചില സമരങ്ങള്‍ വരെ ഉണ്ടായി. അവിടെ വിനായക ടെക്സ്‌റ്റൈല്‍സ് എന്നൊരു നെയ്ത്ത് ഫാക്ടറി ഉണ്ടായിരുന്നു. 1957-ലെ സര്‍ക്കാരിന്റെ കാലത്ത് ഞങ്ങളെല്ലാം കൂടി കാശ് പിരിച്ച് ഉണ്ടാക്കിയതാണ്. അവിടെ കേശവന്‍ മേസ്തിരി എന്ന ഒരു തൊഴിലാളിയെ പിരിച്ചുവിട്ടു. അയാളെ തിരിച്ചെടുക്കണമെന്ന് ഞാന്‍ രവീന്ദ്രനെ ഫോണ്‍ ചെയ്തു പറഞ്ഞു. അറബിക്കടല്‍ കയറി വന്ന് കടലെടുത്തു പോയാലും കേശവന്‍ മേസ്തിരിയെ തിരിച്ചെടുക്കുന്ന പ്രശ്‌നമില്ല എന്നായിരുന്നു രവീന്ദ്രന്റെ മറുപടി. ഞങ്ങള്‍ ഒരു വര്‍ഷത്തോളം വിപുലമായ ക്യാംപെയ്നൊക്കെ നടത്തി. ഒടുവില്‍, 1967-ലെ തെരഞ്ഞെടുപ്പിനു മുന്‍പ് ആ സമരം ഒത്തുതീര്‍പ്പില്‍ എത്തിച്ചു. 1967-ല്‍ രണ്ടു പാര്‍ട്ടികളും ഒന്നിച്ചാണല്ലോ മത്സരിച്ചത്. 

1967-ലെ രണ്ടാം ഇ.എം.എസ് സര്‍ക്കാര്‍ വന്നു രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ആ സഖ്യം തുടരാന്‍ കഴിയാതെ വന്നല്ലോ. 1957-ലേയും 1967-ലേയും അനുഭവങ്ങള്‍ സി.പി.ഐ ശക്തി കേന്ദ്രമായിരുന്ന കൊല്ലത്ത് അത് ഏതുവിധമൊക്കെയാണ് പ്രതിഫലിച്ചത്? 

1957-ലെ സര്‍ക്കാരിനെ കേന്ദ്രം അട്ടിമറിച്ചല്ലോ. വിമോചന സമരകാലത്ത് ദിവസവും ജാഥയും ക്യാംപെയ്നുകളും ഉണ്ടായിരുന്നു. വിമോചന സമരം എന്‍.എസ്.എസ്സിന്റെ നേതൃത്വത്തിലാണ് അവിടെയെല്ലാം നടന്നത്. മന്നത്തു പത്മനാഭന്‍ തന്നെയാണ് വന്ന് സമരം ഉദ്ഘാടനം ചെയ്തത്. കരയോഗക്കാരെല്ലാം കൂടി സംഘടിച്ച് കരയോഗത്തിന്റെ സമരം എന്ന രൂപത്തിലായി. ചുരുക്കം എതിര്‍ക്കുന്ന കരയോഗക്കാരും ഉണ്ടായിരുന്നു. അവര്‍ ഞങ്ങളോടൊപ്പമാണ്. ഗവണ്‍മെന്റ് പോയിക്കഴിഞ്ഞപ്പോഴാണ് ഇനി എങ്ങനെ എന്ന ഒരു അനിശ്ചിതത്വം വന്നത്. അതിന്റെ താത്ത്വിക വശങ്ങളിലേക്കു ഞാന്‍ കടക്കുന്നില്ല. ഇ.എം.എസ്സും എ.കെ. ഗോപാലനും മറ്റും നേതൃത്വം നല്‍കിയ ഇടതു കമ്യൂണിസ്റ്റു പാര്‍ട്ടി ഗണ്യമായ ജനപിന്തുണയുള്ള പാര്‍ട്ടിയായി മാറി. സി.പി.എമ്മിന് കൊല്ലത്ത് അന്ന് എടുത്തുപറയത്തക്ക നേതാക്കന്മാര്‍ ഏറെയൊന്നുമില്ല. സി.പി.ഐയിലായിരുന്നല്ലോ നേതാക്കന്മാരൊക്കെ. ഞങ്ങളുടെ ഗുരുനാഥനായിരുന്നു സി.പി.എമ്മിന്റെ പ്രമുഖ നേതാവ് എന്‍.എസ്. എന്ന എന്‍. ശ്രീധര്‍. വലിയ ഹൃദയബന്ധമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. എന്‍.എസ്. വന്നാണ് കൊല്ലത്ത് ഒരു പാര്‍ട്ടി ആക്കിയത്. എല്ലാവരേയും ആകര്‍ഷിക്കുന്ന സ്വഭാവ വൈശിഷ്ട്യമുള്ള വ്യക്തിയായിരുന്നു എന്‍.എസ്. 1985-ല്‍ അദ്ദേഹത്തിന്റെ വിയോഗം വലിയ ആഘാതമായിരുന്നു. പിന്നെ, കൊല്ലം ജില്ലാ കമ്മിറ്റി രൂപീകരിച്ചപ്പോള്‍ സി.പി. കരുണാകരന്‍ പിള്ള തുടങ്ങിയ നേതാക്കന്മാര്‍ ഉണ്ടായിരുന്നു. എം.കെ. ഭാസ്‌കരന്‍, ജയദേവന്‍ പിള്ള, ഓച്ചിറ തങ്കപ്പന്‍, ടി. രാമകൃഷ്ണന്‍. അവരൊക്കെ കരുനാഗപ്പള്ളി മേഖലയില്‍ ഉള്ളവരാണ്. അന്ന് ഇടതു കമ്യൂണിസ്റ്റു പാര്‍ട്ടി കൊല്ലം ജില്ലയില്‍ വളരെ ദുര്‍ബ്ബലമായിരുന്നു. വലതുപക്ഷത്തിന്റെ കോട്ട ആയിരുന്നു. ക്രമേണ നമ്മള്‍ സി.പി.എമ്മിനെ ശക്തിപ്പെടുത്തിക്കൊണ്ടു വന്നു. 1986-ലെ കശുവണ്ടിത്തൊഴിലാളി സമരമൊക്കെ അതില്‍ വലിയ പങ്കുവഹിച്ചു. ഞാന്‍ അന്ന് ജില്ലാ സെക്രട്ടറിയാണ്.

പട്ടം താണുപിള്ള
പട്ടം താണുപിള്ള

രണ്ടാം ഇ.എം.എസ് സര്‍ക്കാര്‍ നടപ്പാക്കുന്നത് റിവിഷനിസ്റ്റ് നയങ്ങളാണ് എന്നായിരുന്നു എതിര്‍ വിഭാഗത്തിന്റെ വിമര്‍ശനം. പാര്‍ട്ടിയുമായി ബന്ധമുള്ളതല്ല. അങ്ങനെ വലിയ സംഘര്‍ഷത്തിനിടെ ഇ.എം.എസ് ഭൂപരിഷ്‌കരണ നിയമം പാസ്സാക്കി. കുറ്റമറ്റ നിയമമായിരുന്നു അത്. പക്ഷേ, സി.പി.ഐക്കാരും ആര്‍.എസ്.പിക്കാരുമെല്ലാം ചേര്‍ന്ന് ആ സര്‍ക്കാരിനെ അട്ടിമറിച്ചു. അവര്‍ കോണ്‍ഗ്രസ്സും ലീഗുമായി ചേര്‍ന്ന് ഐക്യമുന്നണി സര്‍ക്കാരുണ്ടാക്കി. പിന്നീട് അവര്‍ തിരിച്ചുവന്നത് 1979-ല്‍ ആണ്. 1967-ല്‍ ഇ.എം.എസ്സിന്റെ സര്‍ക്കാരും 1969-ല്‍ കെ. കരുണാകരന്റെ സര്‍ക്കാരുമായിരുന്നു. അതില്‍ ഒന്ന് എങ്ങനെയാണ് ഇന്ന് ചിലരൊക്കെ പറയുന്നതുപോലെ ഒന്ന് മറ്റേതിന്റെ തുടര്‍ച്ചയാവുക? 

സി.പി.ഐയുടെ 'ശക്തിദുര്‍ഗം' ആണല്ലോ കൊല്ലം. എന്‍.എസ്. വന്നതിനുശേഷം 1979-ല്‍ ഞങ്ങള്‍ ആര്‍.എസ്.പിയേയും ആന്റണി കോണ്‍ഗ്രസ്സിനേയും കൂട്ടി. അന്ന് ആന്റണി കോണ്‍ഗ്രസ്സും ഐ കോണ്‍ഗ്രസ്സും ഭിന്നിച്ചു നില്‍ക്കുന്ന സമയമാണ്. പഞ്ചായത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക നേട്ടം കൈവരിച്ചു. അതോടെയാണ് സി.പി.ഐക്കാര്‍ വന്നത്. അന്ന് സി.പി.ഐയുടെ സംസ്ഥാന കൗണ്‍സിലും എക്‌സിക്യൂട്ടീവുമൊക്കെ ഏതാണ്ട് മുക്കാല്‍ ഭാഗവും കൊല്ലംകാരാണ്. മലബാറില്‍നിന്നു രണ്ടുമൂന്നു സഖാക്കളേ ഉണ്ടായിരുന്നുള്ളൂ. കൊല്ലവും തൃശൂരുമാണ് അവര്‍ കാര്യമായി ഉണ്ടായിരുന്നത്. പഞ്ചായത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലെ നേട്ടം വലുതായിരുന്നു. ആദ്യമായി മുനിസിപ്പാലിറ്റികളില്‍ സി.പി.എം ഉള്‍പ്പെടുന്ന മുന്നണി അധികാരത്തിലെത്തിയത് 1979-ലാണ്. അന്ന് ഞാന്‍ അടിയന്തരാവസ്ഥ കഴിഞ്ഞ് ഏരിയാ സെക്രട്ടറിയാണ്.

ജെ ചിത്തരഞ്ജൻ
ജെ ചിത്തരഞ്ജൻ

17 വര്‍ഷം ജില്ലാ സെക്രട്ടറി ആയിരുന്നല്ലോ (1981-'98). അത്ര നീണ്ടകാലം സെക്രട്ടറിയായിരുന്ന പശ്ചാത്തലം എന്താണ്. എന്തൊക്കെ അനുഭവങ്ങളായിരിക്കും പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ ഉണ്ടായത്? 

17 വര്‍ഷത്തിനു നാലഞ്ചു മാസത്തെ കുറവേയുള്ളൂ. അന്ന് തിരുവനന്തപുരത്ത് കാട്ടായിക്കോണം ശ്രീധര്‍, തൃശൂരില്‍ മാമക്കുട്ടിച്ചേട്ടന്‍ (കെ.കെ. മാമക്കുട്ടി), കോട്ടയത്ത് അവറാച്ചന്‍ (കെ.എം. ഏബ്രഹാം), ആലപ്പുഴയില്‍ പി.കെ. ചന്ദ്രാനന്ദന്‍, കോഴിക്കോട്ട് കേളുവേട്ടന്‍, കണ്ണൂരില്‍ ചടയന്‍ ഗോവിന്ദന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളാണ് സെക്രട്ടറി സ്ഥാനത്ത്. അവരൊക്കെ ഒരുപാടുകാലം സെക്രട്ടറിയായി ഇരുന്നവരാണ്. പിന്നെയാണ് ജനറല്‍ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും ഉള്‍പ്പെടെ മൂന്നു ടേം മതി എന്നു തീരുമാനിച്ചത്. അതുകഴിഞ്ഞാണ് 80 വയസ്സ് എന്ന പ്രായപരിധി കേന്ദ്ര കമ്മിറ്റിയില്‍ കൊണ്ടുവന്നത്. അങ്ങനെയാണ് എന്നെ 83-ാം വയസ്സില്‍ കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കിയത്. 1998-ല്‍ കേന്ദ്ര കമ്മിറ്റി അംഗമായി, സെക്രട്ടേറിയറ്റിലും വന്നു. കൊല്ലത്ത് പാര്‍ട്ടിക്ക് നിര്‍ണ്ണായകമായിരുന്ന കാലത്ത് സെക്രട്ടറിയായും മറ്റും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. പിളര്‍ന്നപ്പോള്‍ പ്രവര്‍ത്തകര്‍ എല്ലാവരും നമ്മളോടൊപ്പം കാണുമെന്ന് പറഞ്ഞ് സി.പി.ഐ നേതാക്കളൊക്കെ വീട്ടില്‍ ഇരിക്കുകയായിരുന്നു. ഞങ്ങളെല്ലാം പുറത്തിറങ്ങി ആളുകളെ കണ്ടു. പത്തനംതിട്ട ജില്ല രൂപീകരിക്കുന്നതിനു മുന്‍പുള്ള അവിഭക്ത കൊല്ലം ജില്ലയില്‍ അന്ന് 16 നിയമസഭാ മണ്ഡലങ്ങളാണ്. പിന്നീടാണ് പത്തനംതിട്ട ജില്ല രൂപീകരിച്ചത്. 

1968-ലെ ആശയസമരത്തിന്റേയും രണ്ടാം ഇ.എം.എസ് സര്‍ക്കാരിന്റേയും വ്യക്തിപരമായ അനുഭവങ്ങള്‍ എന്തൊക്കെയാണ്? 

1968-ല്‍ പാര്‍ട്ടിക്കകത്ത് രണ്ടു ഗ്രൂപ്പായിരുന്നല്ലോ. റിവിഷനിസ്റ്റുകള്‍ എന്ന് എതിര്‍വിഭാഗം വിശേഷിപ്പിക്കുന്ന ഒരു വിഭാഗവും സെക്ടേറിയനിസ്റ്റുകള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന മറുവിഭാഗവും. അതില്‍, 'റിവിഷനിസ്റ്റ്' ആയിരുന്നു ഞാനൊക്കെ. ഞാനും പി. രാമകൃഷ്ണനും അന്ന് ജില്ലാ കമ്മിറ്റിയില്‍നിന്നു പുറത്തായി. 1968-ല്‍ കൂടിയ ജില്ലാ പ്ലീനത്തില്‍ എന്നേയും പി. രാമകൃഷ്ണനേയും ജില്ലാ കമ്മിറ്റിയില്‍നിന്ന് വോട്ടുചെയ്താണ് പുറത്താക്കിയത്. ആ വര്‍ഷം തന്നെ നടന്ന ജില്ലാ സമ്മേളനമുണ്ട്, കരുനാഗപ്പള്ളിയില്‍ വെച്ച്. അതില്‍ ഞാന്‍ മത്സരിച്ച് രണ്ടു വോട്ടിനു തോറ്റു. പക്ഷേ, പാലക്കാട് നടന്ന സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധിയായിരുന്നു. 

പി രവീന്ദ്രൻ
പി രവീന്ദ്രൻ

അടിയന്തരാവസ്ഥയില്‍ 19 മാസവും ജയിലില്‍ കഴിഞ്ഞു, അല്ലേ? 

16 മാസം. ആദ്യത്തെ 'ബാച്ചി'ല്‍ എന്നെയൊന്നും അറസ്റ്റു ചെയ്തില്ല. സെപ്റ്റംബറിലാണ് അറസ്റ്റു ചെയ്തത്. പ്രധാനപ്പെട്ട ഏതാനും നേതാക്കളെയാണ് ആദ്യംതന്നെ അറസ്റ്റു ചെയ്തത്. ഞങ്ങളൊക്കെ പകുതി ഒളിവിലും പകുതി പരസ്യമായും പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടവരായിരുന്നു. എന്‍.എസ്. ജില്ലാ സെക്രട്ടറി ആയിരുന്നപ്പോള്‍ 1970-ല്‍ എന്നെ ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയാക്കിയിരുന്നു. പക്ഷേ, ഓഫീസ് സെക്രട്ടറി മാത്രമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം അനുവദിച്ചിരുന്നില്ല. വേറെ ഏതെങ്കിലും ചുമതലകൂടി തരും. അവിടെയും പോകണം ഡി.സി ഓഫീസിലെ വര്‍ക്കും ചെയ്യണം. എന്‍.എസ്സിനു ശേഷം എം.കെ. ഭാസ്‌കരന്‍ വന്നു. അദ്ദേഹത്തെ പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കി. അതിന്റെ കാരണത്തിലേക്കു ഞാന്‍ കടക്കുന്നില്ല. അതിനുശേഷമാണ് എന്നെ സെക്രട്ടറിയാക്കിയത്; 1981 ജൂലൈ 14-നാണ് ഞാന്‍ ചുമതലയേറ്റത്. ആ വര്‍ഷം ജനുവരിയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന കമ്മിറ്റി അംഗമായത്. കല്‍ക്കട്ടാ പാര്‍ട്ടി കോണ്‍ഗ്രസ്സിലാണ് കേന്ദ്ര കമ്മിറ്റി അംഗമായത്. അങ്ങനെ ഒരുപാടു പടവുകള്‍ കടന്നാണ് ഇവിടെ എത്തിയത്. ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ്സിലാണ് കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കിയത്. അതിനു മുന്‍പ് സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്ന് ഒഴിവാക്കി. പ്രായപരിധി 80 എന്നുള്ളത് കര്‍ക്കശമാക്കിയതാണ്. ഇത്തവണ സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി കൊല്ലം ജില്ലാ കമ്മിറ്റിയില്‍ ക്ഷണിതാവാക്കി. ഇനി മരിക്കുന്നതുവരെ അതായിരിക്കും.

പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടെന്ന് പാര്‍ട്ടിതന്നെ സമ്മതിക്കുന്ന ഘട്ടം പിന്നീടും ഉണ്ടായല്ലോ. 2006-ലെ തെരഞ്ഞെടുപ്പില്‍ വി.എസ്സിന് ആദ്യം സീറ്റില്ല എന്നും പിന്നീട് ഉണ്ടെന്നും വന്നു. അക്കാലത്ത് വി.എസ്. പക്ഷം എന്ന പേരിലാണ് താങ്കളേയും മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. പിണറായി പക്ഷം, വി.എസ്. പക്ഷം എന്ന വേര്‍തിരിവ് ഏറെ ചര്‍ച്ചയാവുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ അങ്ങനെ വ്യക്തികളെ കേന്ദ്രീകരിച്ചുള്ള പക്ഷങ്ങള്‍ ഉണ്ടായിരുന്നോ? 

വി.എസ്. മുഖ്യമന്ത്രി ആകണമെന്ന് എനിക്കു നിര്‍ബ്ബന്ധമുണ്ടായിരുന്നു; സംസ്ഥാന നേതൃത്വത്തിനും അഖിലേന്ത്യാ നേതൃത്വത്തിനും വി.എസ്. മുഖ്യമന്ത്രിയാകണം എന്നു നിര്‍ബ്ബന്ധമുണ്ടായിരുന്നു. വി.എസ്സിനെ ഒഴിവാക്കണം എന്നുള്ളത് ഒരു ബാലിശമായ അഭിപ്രായമായി മാത്രമേ കണക്കാക്കുന്നുള്ളു. അതിന് ഒരു തെരഞ്ഞെടുപ്പു മുന്‍പ് വി.എസ്. തോറ്റല്ലോ; എന്നിട്ടു പിന്നെ വി.എസ്സിനെ ഒഴിവാക്കണം എന്നു തീരുമാനിക്കുന്നത് ശരിയാണോ? അക്കാദമിക വിദ്യാഭ്യാസം ഇല്ല എന്ന ഒരു ദൗര്‍ബ്ബല്യമല്ലേ ഉള്ളൂ. പക്ഷേ, വളരെ വലിയ രാഷ്ട്രീയ വിദ്യാഭ്യാസമുണ്ട്, ജീവിതാനുഭവങ്ങളുണ്ട്. പിന്നെ, പിണറായി പാര്‍ട്ടി സെക്രട്ടറിയായ ശേഷം ഓരോരുത്തരുടെ ആഗ്രഹത്തിനൊത്ത് പറയുന്നതാണ് പിണറായി പക്ഷം എന്നൊക്കെ. അതില്‍ അര്‍ത്ഥമൊന്നുമില്ല. എല്ലാം തീരുമാനിക്കുന്നത് കൂട്ടായിട്ടാണ്. അതില്‍ ഒരു പക്ഷത്തിന്റെ അഭിപ്രായത്തിനു പ്രസക്തിയൊന്നുമില്ല. അങ്ങനെ പക്ഷം പിടിക്കാനും ഒക്കത്തില്ല അവിടെ. പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ ഉള്ളത് വളരെ പരിണിത പ്രജ്ഞരായിട്ടുള്ള സഖാക്കളാണല്ലോ. ജൂനിയര്‍ ആയിട്ടുള്ളത് കോടിയേരി മാത്രമായിരുന്നു. ബാക്കിയെല്ലാം സീനിയര്‍ മോസ്റ്റ് ആയിരുന്നല്ലോ. പാലൊളി മുഹമ്മദുകുട്ടി, വി.വി. ദക്ഷിണാമൂര്‍ത്തി, ടി. ശിവദാസമേനോന്‍ തുടങ്ങിയ വളരെ മുതിര്‍ന്ന നേതാക്കള്‍. പിന്നെയാണ് ജൂനിയേഴ്സ് വന്നത്. ജൂനിയേഴ്സില്‍ സീനിയറായിരുന്നു വൈക്കം വിശ്വനും മറ്റും. പുറത്തു പറയുന്നതുപോലെ അങ്ങനെയൊരു പക്ഷമൊന്നുമില്ല. 

1986-ല്‍ വി.എസ്. ആണ് കൊല്ലത്തു വന്ന് കശുവണ്ടി സമരം സംഘടിപ്പിക്കുന്നതിനു മുന്‍കയ്യെടുത്തത്. ഐതിഹാസിക സമരമായിരുന്നു. ആ സമരത്തില്‍ തൊഴിലാളികള്‍ ആദ്യം നിസ്സഹകരിച്ചിരുന്നതാണ്; പിന്നെ അവരെയെല്ലാം സഹകരിപ്പിച്ച്, അവരെയെല്ലാം അണിനിരത്തി സമരം വിജയിപ്പിച്ചു അന്ന്. എല്ലാ തൊഴിലാളി വിഭാഗങ്ങളേയും കോര്‍ത്തിണക്കി.

എൻ ശ്രീധർ
എൻ ശ്രീധർ

എന്‍.എസ്സുമായും പി. രവീന്ദ്രനുമായുമൊക്കെയുള്ള അടുപ്പം പറഞ്ഞു. അതിനപ്പുറത്തെ മുതിര്‍ന്ന നേതാക്കളുമായുള്ള അടുപ്പം എങ്ങനെ ഓര്‍ക്കുന്നു? 

വി.എസ്സുമായുള്ള ഹൃദയബന്ധംപോലെ തന്നെ ആയിരുന്നു നായനാരുമായി എനിക്ക്. ഞാന്‍ വിളിക്കുന്ന എല്ലാ പരിപാടിക്കും വരുമായിരുന്നു. ഞാന്‍ ജില്ലാ സെക്രട്ടറി ആയിരുന്ന കാലത്ത് അഞ്ചുകൊല്ലം അദ്ദേഹം മുഖ്യമന്ത്രിയായിരുന്നല്ലോ. കൊല്ലം കളക്ടറായിരുന്ന എസ്.എം. വിജയാനന്ദിനെ മാറ്റുന്ന കാര്യത്തില്‍ സി.പി.ഐക്കാര്‍ നിര്‍ബ്ബന്ധം പിടിച്ചപ്പോള്‍ മാറ്റണ്ട എന്ന നിലപാടാണ് ഞാന്‍ എടുത്തത്. അത് മുഖ്യമന്ത്രി നായനാര്‍ അംഗീകരിച്ചു. ഓന്‍ പറഞ്ഞിട്ടുണ്ട് മാറ്റരുതെന്ന് എന്ന് മന്ത്രിസഭ ചേര്‍ന്നപ്പോള്‍ പറഞ്ഞു എന്ന് അറിഞ്ഞു. അദ്ദേഹം നിഷ്‌കളങ്കനായ മനുഷ്യനായിരുന്നു. ആരുടേയും പക്ഷം പിടിക്കുന്ന ആളൊന്നുമായിരുന്നില്ല. വളരെ അടുപ്പമായിരുന്നു. കൊല്ലം ജില്ലയില്‍ കമ്യൂണിസ്റ്റു പ്രസ്ഥാനം വളര്‍ത്തുന്നതില്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്ത 'പ്രചാരകന്‍' നായനാര്‍ ആയിരുന്നു. പി. രവീന്ദ്രന്‍ മരിക്കുന്നതുവരെ എന്നോടു വലിയ സ്‌നേഹമായിരുന്നു. രാഷ്ട്രീയമായി ഞങ്ങള്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ചു എന്നതുകൊണ്ട് വ്യക്തിബന്ധം തകര്‍ന്നൊന്നുമില്ല. പിന്നീട് ഒരു മുന്നണിയായപ്പോള്‍ 1967-ലെ തെരഞ്ഞെടുപ്പില്‍ രവീന്ദ്രന്റെ തെരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറി ഞാനായിരുന്നു. മറ്റൊരു പാര്‍ട്ടിയുടെ ആളിനെ സെക്രട്ടറിയാക്കുന്നത് സംഭവിക്കാറേയില്ല. പക്ഷേ, സെക്രട്ടറിയായിട്ട് ഞാനാണ് വന്നത്. എന്നെയായിരുന്നു വിശ്വാസം. രവീന്ദ്രന്‍ തുടര്‍ച്ചായി ജയിച്ചുവന്ന ആളാണ്, 1952 മുതല്‍. പക്ഷേ, പാര്‍ട്ടിയിലെ ഭിന്നിപ്പു വന്നശേഷം 1965-ല്‍ തോറ്റു. 

ദീര്‍ഘകാലം കൊല്ലത്തെ എന്‍.എസ് മന്ദിരം ആയിരുന്നല്ലോ വിലാസം, അപ്പോഴും സ്വന്തം വീടില്ല. പിന്നീട് പാര്‍ട്ടി ഫ്‌ലാറ്റിലായി. സ്വന്തമായി വീടുണ്ടാകണം എന്ന ആഗ്രഹമുണ്ടായിട്ടില്ലേ? 

1973-ല്‍ ആണ് വിവാഹിതനായത്. ഭാര്യ കാന്‍സറായി മരിച്ചു. അഞ്ചും ഏഴും വയസ്സു പ്രായമുള്ള രണ്ട് മക്കളാണ് അന്ന്. ഭാര്യയുടെ അനിയത്തി ലില്ലിയെ പിന്നീട് വിവാഹം ചെയ്തു. ഇളയ മകളുമുണ്ടായി. അവരും ഞാനും ലില്ലിയും കൂടെ 1971 മുതല്‍ കൊല്ലത്ത് വന്നു താമസിച്ചു. വാടകവീട്ടിലാണ്. രണ്ടും മൂന്നും കൊല്ലം കഴിയുമ്പോള്‍ മാറണം. അങ്ങനെ മൂന്നു നാല് വീട് മാറി. അതുകഴിഞ്ഞ് ഒരു വീട്ടില്‍ പത്തുകൊല്ലം താമസിച്ചു. അഡ്വക്കേറ്റ് ജനറലായിരുന്ന സി.പി. സുധാകര പ്രസാദിന്റെ സഹോദരിയുടെ വീടാണത്. അവര്‍ പറഞ്ഞു, മാറണ്ട, സൗകര്യം കിട്ടുമ്പോള്‍ മാറിയാല്‍ മതി എന്ന്. സെക്രട്ടേറിയറ്റില്‍ എടുത്ത പിന്നാലെ 1999-ല്‍ സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. കെ.എസ്.ആര്‍.ടി.ഇ.എയുടെ പ്രസിഡന്റുമായി. അവര്‍ അലവന്‍സ് തരും. അതുവച്ച് തിരുവനന്തപുരത്ത് നന്തന്‍കോട് ഒരു വീട്ടില്‍ താമസമാക്കി. പരവൂരിലെ ഞങ്ങളുടെ കൂട്ടുകുടുംബത്തില്‍ മൂന്നു സെന്റ് സ്ഥലമേയുള്ളൂ എനിക്ക്. അമ്മാവന്മാരും കുഞ്ഞമ്മമാരുമൊക്കെ ഉണ്ടായിരുന്നു. സഹോദരിക്ക് ആറു സെന്റ്, സഹോദരനും എനിക്കും മൂന്നു സെന്റ് വീതം. 1996-ലാണ് വിഭജിച്ചത്. അന്ന് പാര്‍ട്ടിയുടെ ഈ ഫ്‌ലാറ്റ് പണി പൂര്‍ത്തിയായി വരുന്നതേയുള്ളൂ. ഇത് പണി പൂര്‍ത്തിയായപ്പോള്‍ ഇങ്ങോട്ടു മാറി. 2006-ല്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ മന്ത്രിയായപ്പോള്‍ ഔദ്യോഗിക വസതി കിട്ടി; കവടിയാര്‍ ഹൗസ്. അവിടെയാണ് പിന്നീട് വി.എസ്. ഭരണപരിഷ്‌കാര കമ്മിഷന്‍ അദ്ധ്യക്ഷനായപ്പോള്‍ താമസിച്ചത്. മന്ത്രിസഭയുടെ കാലാവധി കഴിഞ്ഞപ്പോള്‍ വീണ്ടും ഇങ്ങോട്ടു മാറി. ഇപ്പോള്‍ പാര്‍ട്ടി എനിക്കൊരു വീടുവച്ചു തരികയാണ്; കിളിമാനൂരിനടുത്ത് കാരേറ്റ്. തീരാറായി. ഇപ്പോഴും വോട്ടവകാശം കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസായ എന്‍.എസ് മന്ദിരത്തിന്റെ വിലാസത്തിലാണ്. ഞാന്‍, ഭാര്യ, മകള്‍, മകന്‍ ഞങ്ങള്‍ നാലു പേരുടെ വോട്ട് അവിടെയാണ്. അതു മാറ്റിയിട്ടില്ല, ഇനി മാറ്റുന്നില്ല. 

കുടുംബത്തോടൊപ്പം/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്
കുടുംബത്തോടൊപ്പം/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്

തൊഴില്‍മന്ത്രി ആയപ്പോള്‍ തൊഴില്‍ദിനങ്ങളും കൂലിയും വര്‍ദ്ധിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നല്ലോ. ആദ്യമായി മന്ത്രിയായിട്ടും അതിനു സഹായിച്ച ഘടകങ്ങള്‍ എന്തൊക്കെയാണ്? 

വി.എസ്. സര്‍ക്കാരില്‍ തൊഴില്‍, എക്സൈസ് മന്ത്രി ആയിരുന്നപ്പോള്‍ ആക്റ്റീവ് വര്‍ക്കറായിരുന്നു. സജീവമായിട്ടുതന്നെ പ്രവര്‍ത്തിച്ചു. തൊഴില്‍ മേഖല സുപരിചിതമാണല്ലോ. മന്ത്രിയായപ്പോള്‍ത്തന്നെ കശുവണ്ടിത്തൊഴിലാളികള്‍ക്കു മിനിമം വേജസ് കൊടുപ്പിച്ചു. അന്ന് വ്യവസായത്തിനു പ്രതിസന്ധി ഇല്ല, ഇന്നത്തെപ്പോലെ. മന്ത്രിസഭാ കാലാവധി കഴിയുന്നതിനു മുന്‍പ് ഒരിക്കല്‍ക്കൂടി പുതുക്കി നടപ്പാക്കിയിട്ടാണ് പടിയിറങ്ങിയത്. അതിന്റെകൂടി ഫലം തെരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയില്‍ കിട്ടി. അതുകഴിഞ്ഞ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വന്ന് കശുവണ്ടി മേഖല തകര്‍ത്തു. കുഞ്ഞാലിക്കുട്ടി ആയിരുന്നല്ലോ വ്യവസായ മന്ത്രി. തന്റെ കാലത്താണ് ഏറ്റവുമധികം തൊഴില്‍ കൊടുത്തതെന്ന് കുഞ്ഞാലിക്കുട്ടി വളരെ താല്പര്യത്തോടെ പറയുമായിരുന്നു. ഞാന്‍ 2006-ല്‍ വന്ന് തൊഴില്‍ദിനങ്ങള്‍ വര്‍ദ്ധിപ്പിച്ചു വര്‍ദ്ധിപ്പിച്ച് അവസാന വര്‍ഷം 280 ആക്കി. അതിനടുത്ത വര്‍ഷം എല്‍.ഡി.എഫ് സര്‍ക്കാര്‍ മെയ് മാസം വരെയുണ്ടായിരുന്നല്ലോ. തോട്ടണ്ടി ആവശ്യത്തിന് ഉണ്ടായിരുന്നു. ആ വര്‍ഷം 282 ദിവസം ഉണ്ടായിരുന്നു. എന്നിട്ടു പറയുകയാണ്, അയാളുടെ കാലത്താണെന്ന്. പിന്നീടങ്ങ് ദുര്‍ബ്ബലപ്പെട്ടു. അതിന്റെ തുടര്‍ച്ചയായി വലിയ സമരങ്ങള്‍തന്നെ നടന്നു. കശുവണ്ടി വ്യവസായമേഖല ഇന്ന് വലിയ പ്രതിസന്ധിയിലാണ്. പരമ്പരാഗത വ്യവസായങ്ങളെല്ലാം പൊതുവേ പ്രതിസന്ധിയിലാണ്. വ്യവസായത്തിന്റെ പ്രതിസന്ധിയല്ല; വ്യവസായം വ്യാപകമായി. തോട്ടണ്ടി ഉല്പാദനം എവിടെയുണ്ടോ അവിടെയെല്ലാം കശുവണ്ടി വ്യവസായവുമുണ്ട്. 

2001-2006 കാലത്തെ യു.ഡി.എഫ് സര്‍ക്കാരില്‍ ആദ്യം മുഖ്യമന്ത്രിയായ ആന്റണിയുടെ നയങ്ങളെല്ലാം തനി പിന്തിരിപ്പനായിരുന്നു. ആന്റണിയെ വ്യക്തിപരമായി പുരോഗമനകാരി എന്നു ചിത്രീകരിക്കാന്‍ കഴിയുമെങ്കിലും തനി പിന്തിരിപ്പനായിരുന്നു. എ.ഡി.ബിയുടെ വായ്പ വാങ്ങി പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികളെ പിരിച്ചുവിടുക, എ.ഡി.ബി വായ്പയില്‍നിന്ന് അവര്‍ക്കു നഷ്ടപരിഹാരം നല്‍കുക, പൊതുമേഖല സ്വകാര്യവല്‍ക്കരിക്കുക, പൊതുമേഖലയെ ദുര്‍ബ്ബലപ്പെടുത്തുക തുടങ്ങിയ നയങ്ങളാണ് ആന്റണിക്ക് ഉണ്ടായിരുന്നത്. എന്‍.ജി.ഒ. അദ്ധ്യാപക സമരം വന്നിട്ട് അതിനെ ശക്തിയായി എതിര്‍ത്തല്ലോ അദ്ദേഹം. ഞാന്‍ അന്ന് സി.ഐ.ടി.യു ജനറല്‍ സെക്രട്ടറിയാണ്. ഞങ്ങളും എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, ബി.എം.എസ് തുടങ്ങി ഞങ്ങളെല്ലാം കൂടി ക്ലിഫ് ഹൗസില്‍ പോയി ആന്റണിയെ കണ്ട് യോഗം വിളിച്ചു പ്രശ്‌നം തീര്‍ക്കണമെന്നു പറഞ്ഞു. ഒരുപാട് രൂക്ഷമായപ്പോഴാണ്. നിങ്ങള്‍ അവരുമായി ചര്‍ച്ച ചെയ്തിട്ട് എന്നോടു പറഞ്ഞാല്‍ മതി എന്നായിരുന്നു ആന്റണിയുടെ മറുപടി. അതു വളരെ നിഷേധമായിട്ടുള്ള നിലപാടാണ്. ഞങ്ങള്‍ പോയി 24 മണിക്കൂര്‍ ബന്ദ് നടത്തി. പിന്നെ ആന്റണി വിളിച്ചു ചര്‍ച്ച ചെയ്തു. 

ഞങ്ങള്‍ കുറേ തൊഴില്‍ നിയമങ്ങള്‍ പാസ്സാക്കി. ആദ്യം പാസ്സാക്കിയ നിയമമാണ് കടകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കുള്ള ക്ഷേമപദ്ധതി. അനേകം വര്‍ഷം പഴക്കമുള്ള എക്സൈസ് നിയമം പുതുക്കി. ട്രേഡ് യൂണിയന്‍ റെക്കഗ്നേഷന്‍ നിയമം കൊണ്ടുവന്നു. എന്റെ കൂടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരില്‍ ഒരാള്‍ കെ.ബി. വല്‍സലകുമാരി ആയിരുന്നു. വളരെ സിന്‍സിയറാണ് അവര്‍. വിമര്‍ശനങ്ങള്‍ക്ക് ഇടകൊടുക്കാതെയാണ് ആ സര്‍ക്കാര്‍ കുറേ ബാറുകള്‍ അനുവദിച്ചത്. ബാറുടമകളെ എന്റെ ഓഫീസില്‍ നില്‍ക്കാന്‍ സമ്മതിക്കില്ലായിരുന്നു. പ്രത്യേകിച്ച് ഞാനില്ലെങ്കില്‍ തീരെയും അവര്‍ അവിടെ വരുന്നതും സമയം ചെലവഴിക്കുന്നതുമൊന്നും അനുവദിച്ചില്ല. ഓഫീസിലുള്ളവരെല്ലാം വളരെ പെര്‍ഫെക്റ്റ് ആയിരുന്നു. വാസു വക്കീല്‍ ആയിരുന്നു പ്രൈവറ്റ് സെക്രട്ടറി; പിന്നീട് ദേവസ്വം ബോര്‍ഡ് കമ്മിഷണറും പ്രസിഡന്റുമായ എന്‍. വാസു. അദ്ദേഹത്തിനു ശേഷം നിയമവകുപ്പില്‍നിന്നു വിരമിച്ച ഒരാളെ എടുത്തു. പിന്നെ ഒരു ശശിധരന്‍ ഉണ്ടായിരുന്നു. സെക്രട്ടേറിയറ്റില്‍ ജോലി ചെയ്തിരുന്ന ആള്‍. അദ്ദേഹം മരിച്ചുപോയി. ഒരു നിലയിലും ഒരു ചീത്തപ്പേര് ഉണ്ടാകാതിരിക്കാനുള്ള ശക്തമായ വലയമായിരുന്നു.

വിഎസ്
വിഎസ്

മന്ത്രി ആയപ്പോള്‍ ഉള്‍പ്പെടെ രണ്ടു തവണ മാത്രമാണ് നിയമസഭാംഗമായിരുന്നത്. ഇത്രയും ദീര്‍ഘമായ പ്രവര്‍ത്തന അനുഭവങ്ങളുണ്ടായിട്ടും പാര്‍ലമെന്ററി പ്രവര്‍ത്തനമേഖലയിലേക്കു കാര്യമായി ശ്രദ്ധിക്കാതിരുന്നത് എന്താണ്? 

ജില്ലാ സെക്രട്ടറിയായിരിക്കുമ്പോള്‍ സ്വന്തം നിലയില്‍ മത്സരിക്കാന്‍ പോയാല്‍ പാര്‍ട്ടി ഏല്പിച്ച ചുമതല ശ്രദ്ധിക്കാന്‍ പറ്റില്ല. സീറ്റു കിട്ടുമായിരുന്നു. പക്ഷേ, എനിക്ക് അങ്ങനെയൊരു മോഹം ഉണ്ടായിട്ടില്ല. 2006-ല്‍ ആദ്യമായി ജയിച്ചപ്പോള്‍ത്തന്നെ പാര്‍ട്ടി മന്ത്രിയാക്കിയല്ലോ. 

2001-ല്‍ വര്‍ക്കലയിലാണല്ലോ ആദ്യം മത്സരിച്ചത്. ആ തോല്‍വി അപ്രതീക്ഷിതമായിരുന്നോ? 

പുറത്തുനിന്ന് ഒരാള്‍ വന്നു മത്സരിക്കുന്നത് വര്‍ക്കലയിലെ ചിലര്‍ക്ക് ഇഷ്ടമില്ലായിരുന്നു. നേതൃത്വത്തിലുള്ള ആളുകള്‍ക്കാണ്, സാധാരണക്കാര്‍ക്കല്ല. എന്റെ സഹോദരന്‍ അവിടെയാണ്. എന്റെ കുടുംബത്തിലുള്ള കുറേ ആളുകള്‍ അവിടെയുണ്ട്. പിന്നെ, എനിക്കു പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു മേഖലയാണ്. ജയിക്കാനുള്ള എല്ലാ സാധ്യതയും ഉണ്ടായിരുന്നു. പക്ഷേ, അവസാനം അങ്ങനെ സംഭവിച്ചു. മുസ്ലിം മേഖലയിലും ഈഴവ മേഖലയിലും പ്രതീക്ഷിച്ച വോട്ടു കിട്ടിയില്ല. എസ്.എന്‍.ഡി.പി ശക്തിയായി എതിര്‍ത്തല്ലോ എന്നെ. വെള്ളാപ്പള്ളി എതിര്‍ പ്രചാരണം നടത്തി. പക്ഷേ, പിന്നീട് കൊല്ലത്തു മത്സരിച്ചപ്പോള്‍ വെള്ളാപ്പള്ളി എനിക്കു വേണ്ടിയാണ് ക്യാംപെയ്ന്‍ നടത്തിയത്, 2011-ല്‍. 

നായനാർ
നായനാർ

കൊല്ലം ജില്ലയില്‍ നിയമസഭാ സീറ്റുകള്‍ തൂത്തുവാരി നേടുന്നു. പക്ഷേ, പാര്‍ലമെന്റ് സീറ്റ് നഷ്ടപ്പെടുന്നു. ഇതാണല്ലോ ഇപ്പോഴത്തെ സ്ഥിതി. എന്താ അവിടെ സംഭവിക്കുന്നത്? 

കൊല്ലം സീറ്റ് ആദ്യം പിടിച്ചത് നമ്മളാണ്. 1996-ല്‍ പ്രേമചന്ദ്രന്‍ ഞങ്ങളുടെ കൂടെ നിന്നപ്പോഴാണ് ആദ്യം ജയിച്ചത്. അപ്പോഴും ഞാന്‍ ജില്ലാ സെക്രട്ടറിയായിരുന്നു. കഠിനാധ്വാനം ചെയ്താണ് അയാളെ എം.പി ആക്കിയത്. പിന്നീട് വ്യക്തിപരമായി അവിടെ ബന്ധമായിപ്പോയി. അതുകഴിഞ്ഞ് അയാള്‍ യു.ഡി.എഫില്‍ പോയി. ഞങ്ങള്‍ക്ക് അയാളെ എതിരിടാന്‍ പറ്റിയ ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. പശ്ചാത്തല സൗകര്യങ്ങളെല്ലാം അയാള്‍ക്ക് അനുകൂലമായി. 

എംഎ ബേബി
എംഎ ബേബി

എം.എ. ബേബിയെപ്പോലെ പ്രമുഖ നേതാവ് മത്സരിച്ചതാണല്ലോ, അവിടെ? 

സാമുദായിക ഘടകങ്ങള്‍ കൂടി വരില്ലേ, അതിലൊക്കെ. ഞാന്‍ മന്ത്രിയായിരുന്നപ്പോള്‍ ഒരുപാടു കാര്യങ്ങള്‍ കൊല്ലത്ത് ചെയ്തതാണ്. പക്ഷേ, 2011-ല്‍ മത്സരിച്ചപ്പോള്‍ എന്‍.എസ്.എസ് പിന്തുണ കൊടുത്തത് എതിര്‍ സ്ഥാനാര്‍ത്ഥിക്ക്. എന്‍.എസ്.എസ് പിന്തുണ കൊടുക്കേണ്ട ഒരു കാര്യവുമില്ല. സ്ഥാനാര്‍ത്ഥി നായരായിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ പിന്തുണ കൊടുത്തു. വെള്ളാപ്പള്ളി എന്നെ പിന്താങ്ങി. അതുകൊണ്ട് പ്രത്യേകിച്ചു നേട്ടമൊന്നുമുണ്ടായില്ല. 

പ്രായത്തിന്റെ മാനദണ്ഡം നടപ്പാക്കിയതാണെങ്കിലും പാര്‍ട്ടിയുടെ കമ്മിറ്റികളില്‍നിന്ന് ഒഴിവാക്കപ്പെടുന്നത് വേദനിപ്പിച്ചോ? 

അതു സ്വാഭാവികമല്ലേ, മനുഷ്യസഹജമല്ലേ. പിന്നെ, പാര്‍ട്ടിക്കമ്മിറ്റിയില്‍ ഇല്ലാതെ വരുന്നത് വ്യക്തിപരമായി നമുക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതാണെങ്കിലും പ്രായോഗികമായി പാര്‍ട്ടിയുടെ ഭാവിക്കു നല്ലത് അതല്ലേ. താഴെനിന്ന് ഒരുപാട് ചെറുപ്പക്കാര്‍ വരുന്നുണ്ട്. അക്കാര്യത്തില്‍ നിബന്ധന കൊണ്ടുവന്ന് നടപ്പാക്കിയല്ലോ. 40 വയസ്സില്‍ താഴെയുള്ള രണ്ടുപേരെങ്കിലും കമ്മിറ്റികളില്‍ വേണം. സ്ത്രീകളും വേണം. അതെല്ലാം കര്‍ക്കശമാക്കി. പക്ഷേ, 1980-ല്‍ കുറയ്‌ക്കേണ്ടതായിരുന്നു. പുതിയ തലമുറയെ ആകര്‍ഷിക്കുന്നതിനുവേണ്ടി 75 ആക്കിയതാണ്. നേരത്തെ പറഞ്ഞല്ലോ ഒരു കാലത്ത് സീനിയര്‍ മോസ്റ്റ് നേതാക്കളായിരുന്നു ജില്ലാ സെക്രട്ടറിമാര്‍. അന്നത്തെ ജില്ലാ സെക്രട്ടറിമാരുടെ കണക്കെടുത്താല്‍ താരതമ്യേന ചെറുപ്പമായിരുന്നു ഞാന്‍. 

കെബി വത്സലകുമാരി
കെബി വത്സലകുമാരി

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ അഭിമുഖീകരിക്കുന്ന കാലമാണല്ലോ. പ്രത്യേകിച്ചും കെ റെയിലിന്റെ പേരില്‍. എങ്ങനെ കാണുന്നു? 

പൊതുവില്‍ കേരളത്തില്‍ ഒരു അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്, ഈ ആക്രമണം. മിക്കവാറും എല്ലാ മാധ്യമങ്ങളും അവര്‍ക്ക് അനുകൂലമായി നില്‍ക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളും പ്രത്യേകമായി വളരെ ഐക്യത്തോടുകൂടിയാണ് എതിര്‍ക്കുന്നത്. കോണ്‍ഗ്രസ്സും ബി.ജെ.പിയുമായുള്ള അവിഹിതമായിട്ടുള്ള ബന്ധം, ബി.ജെ.പിയും മുസ്ലിം ലീഗുമായുള്ള ബന്ധം, ഇങ്ങനെയെല്ലാം പരസ്പരം ബന്ധപ്പെട്ട് പ്രധാന ശത്രുവിനെ പരാജയപ്പെടുത്തണമെന്നുള്ള തീരുമാനത്തോടെ എതിര്‍ക്കുകയാണ്. അല്ലെങ്കില്‍പ്പിന്നെ ഈ കെ റെയിലിനെ എതിര്‍ക്കേണ്ട കാര്യമില്ലല്ലോ. ഇതു കൊണ്ടുവന്നത് 2011-ലെ യു.ഡി.എഫ് ഗവണ്‍മെന്റാണ്. അന്നു ഞാന്‍ നിയമസഭയിലുണ്ട്. അവര്‍ അതിനെ തള്ളിപ്പറഞ്ഞിട്ടല്ല പോയത്. അവര്‍ക്കു വീണ്ടും ഭരണം കിട്ടിയിരുന്നെങ്കില്‍ നടപ്പാക്കിയേനേ. ഇപ്പോഴത്തെ ഈ സംഘടിത എതിര്‍പ്പൊക്കെ ഞങ്ങള്‍ ജനങ്ങളെ സമീപിച്ചു വിശദീകരിക്കുമ്പോള്‍ മാറും. സ്വാഭാവികമായി കുറേ എതിര്‍പ്പ് വരുമല്ലോ. കുറേ ആളുകളുടെ വീടും വസ്തുവും പോകുന്നതല്ലേ. നഷ്ടപരിഹാരം കിട്ടിയാലും പോകുന്നത് പോകുന്നതുതന്നെയാണ്. അതിന്റെ കുറച്ച് എതിര്‍പ്പ് വരും. പക്ഷേ, നമുക്കു വേറെ മാര്‍ഗ്ഗമില്ല. കാരണം, കയര്‍ വ്യവസായം ദുര്‍ബ്ബലപ്പെട്ടു, കശുവണ്ടി വ്യവസായം വ്യാപകമായി, ബീഡി വ്യവസായമൊക്കെ തകര്‍ന്നു. പരമ്പരാഗത വ്യവസായങ്ങളൊക്കെ തകര്‍ന്നു പുതിയ മേഖലയിലേക്കു പോകുമ്പോള്‍ പുതിയ മേഖലയ്ക്ക് അനുസൃതമായി പശ്ചാത്തല സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഏതൊരു ഗവണ്‍മെന്റും ബാധ്യസ്ഥമാണ്. അതേ ചെയ്യുന്നുള്ളൂ, പിണറായി വിജയന്‍. 

എൻകെ പ്രേമചന്ദ്രൻ
എൻകെ പ്രേമചന്ദ്രൻ

രാജ്യമൊരു പ്രത്യേക പരിതസ്ഥിതിയിലൂടെയാണല്ലോ കടന്നുപോകുന്നത്. കേന്ദ്ര സര്‍ക്കാര്‍ കൂടുതലായി ജനവിരുദ്ധ, തൊഴിലാളിവിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്നു. രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക്. 18 വയസ്സാകുന്നതിനു മുന്‍പേ മുതല്‍ രാഷ്ട്രീയപ്രവര്‍ത്തകനായിരുന്ന താങ്കള്‍ ഈ സാഹചര്യങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത്? 

രാഷ്ട്രീയ സാഹചര്യം തൊഴിലാളിവര്‍ഗ്ഗത്തിന് അനുകൂലമല്ല. സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശം നിലനിര്‍ത്തിയിട്ടുണ്ട്. പക്ഷേ, തൊഴിലാളിവര്‍ഗ്ഗത്തിനെതിരായ കടന്നാക്രമണങ്ങളാണ് കേന്ദ്ര ഭരണാധികാരികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു കാലഘട്ടത്തില്‍ നമ്മുടെ രാജ്യം പൊതുമേഖലയ്ക്ക് പ്രാധാന്യം നല്‍കി. ബാങ്ക്, വാര്‍ത്താവിനിമയ മേഖല, ഗതാഗതമേഖല തുടങ്ങിയവയില്‍ സ്വകാര്യമേഖലയെ നിലനിര്‍ത്തിക്കൊണ്ടുതന്നെ ദേശസാല്‍ക്കരണം നടപ്പാക്കിയ സ്ഥാനത്ത് ഇന്ന് എല്ലാം സ്വകാര്യമേഖലയ്ക്ക് അടിയറ വയ്ക്കുകയാണ്. അതാണ് ഇന്നു രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്ത്. തൊഴിലാളികള്‍ സമരം ചെയ്തു നേടിയെടുത്ത അവകാശങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കുന്ന തൊഴില്‍ നിയമങ്ങള്‍ കൊണ്ടുവരുന്നു, തൊഴിലാളി സമരങ്ങളോടു മുഖം തിരിച്ചു നില്‍ക്കുന്നു, തൊഴിലാളി സംഘടനകള്‍ക്ക് ഒരു പരിഗണനയും നല്‍കാതിരിക്കുന്നു. ഈ നിലയില്‍ വലിയ ആപത്തു ക്ഷണിച്ചുവരുത്തുന്ന നയമാണു സ്വീകരിക്കുന്നത്. അടിക്കടി വിലവര്‍ദ്ധന. അതിനു കാരണം സ്വകാര്യമേഖലയുടെ താല്പര്യമാണ്. പെട്രോളിയം ഉല്പന്നങ്ങളുടെ വില എല്ലാ ദിവസവും വര്‍ദ്ധിപ്പിക്കുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ പെട്രോളിയം വില നിര്‍ണ്ണയാധികാരം ഭാഗികമായി സ്വകാര്യമേഖലയ്ക്കു കൊടുത്തു. ബി.ജെ.പി സര്‍ക്കാരത് പൂര്‍ണ്ണമാക്കി. സ്വകാര്യ മേഖലയ്ക്ക് അനുകൂലമായ തൊഴില്‍ നയങ്ങളും രാഷ്ട്രീയ നയങ്ങളുമാണ് സ്വീകരിക്കുന്നത്. ഈ നയമാണ് 48 മണിക്കൂര്‍ പണിമുടക്കിനു നിര്‍ബ്ബന്ധിതമാക്കിയത്. കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ ബി.എം.എസ് കൂടി പണിമുടക്കില്‍ പങ്കെടുക്കുമായിരുന്നു. പക്ഷേ, ബി.ജെ.പി ഭരിക്കുമ്പോള്‍ അവര്‍ വിട്ടുനില്‍ക്കുന്നു. പക്ഷേ, ബി.എം.എസ്സിന്റേയും മുദ്രാവാക്യങ്ങള്‍ വ്യത്യസ്തമല്ല. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ അംഗീകരിക്കുന്ന നിലപാട് അവരും സ്വീകരിച്ചിട്ടില്ല. തൊഴിലാളിവര്‍ഗ്ഗം കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് ഈ നയങ്ങള്‍ക്കെതിരെ പൊരുതേണ്ടിയിരിക്കുന്നു. അതിനെ എല്ലാ വിഭാഗങ്ങളും പിന്തുണയ്ക്കുകയാണ് വേണ്ടത്. പണിമുടക്കുമ്പോള്‍ എന്തെങ്കിലുമൊക്കെ മാര്‍ഗ്ഗതടസ്സമോ ഒക്കെ ഉണ്ടാകാം. ആ സമയത്ത് പെട്ടെന്നു ചിലപ്പോള്‍ നമുക്കൊരിടത്തു പോകാന്‍ കഴിഞ്ഞില്ലെന്നു വരും. അപ്പോള്‍ സ്വാഭാവികമായി പ്രകോപിതരാകും. പക്ഷേ, ഇതു ജീവിതത്തിന്റെ ഭാഗമാണ്, രാജ്യത്തെ ഇന്നത്തെ വ്യവസ്ഥയുടെ പ്രശ്‌നമാണ് എന്നു മനസ്സിലാക്കി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്ന മനോഭാവം ജനങ്ങളില്‍ വളര്‍ത്തിയെടുക്കണം. പണിമുടക്കു ദിവസം ടി.വി ചാനല്‍ തുറന്നുവെച്ചു നോക്കുമ്പോള്‍ കൈരളി ഒഴികെ എല്ലാ ചാനലുകളും പണിമുടക്കിനെതിരെ കടുത്ത ആക്രമണമാണ്; തുടക്കം മുതല്‍ ഒടുക്കം വരെ. ഫലത്തില്‍ അത് രാജ്യത്തെ പുരോഗമന പ്രസ്ഥാനത്തിന് ആപത്താണ് എന്ന് അവര്‍ മനസ്സിലാക്കുന്നില്ല. 

പികെ ​ഗുരുദാസൻ/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്
പികെ ​ഗുരുദാസൻ/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്

പണിമുടക്കുകള്‍ക്കെതിരെ ഒരു വിഭാഗം മാധ്യമങ്ങളുടെ ഉള്‍പ്പെടെ പ്രചരണം പതിവായിട്ടുണ്ടല്ലോ. സമരങ്ങളെ എതിര്‍ക്കുന്നവരുടെ എണ്ണം കൂടിവരികയാണോ? 

എണ്ണം വര്‍ദ്ധിച്ചുവരുന്നതല്ല, അവരുടെ കഴിവും ശേഷിയും വര്‍ദ്ധിച്ചുവരുന്നതാണ്. അവര്‍ക്കു വിവിധ രൂപത്തില്‍ പാവപ്പെട്ട തൊഴിലാളികളെ കടന്നാക്രമിക്കാനുള്ള കഴിവുണ്ടല്ലോ. അതു വര്‍ദ്ധിച്ചുവരികയാണ്. അതിനെ ചെറുക്കാന്‍ സംഘടിതശക്തി മാത്രമേയുള്ളൂ വഴി. ആശയപരമായ പ്രചരണങ്ങള്‍കൊണ്ട് ഒരു കഥയുമില്ല. അത് ഒരുവശത്ത് നടക്കുമെങ്കിലും പഴയതുപോലെ പുരോഗമന സാഹിത്യ പ്രസ്ഥാനവുമൊക്കെ ഈ നയങ്ങള്‍ക്കെതിരെ പൊരുതുന്ന സ്ഥിതി മലയാളക്കരയില്‍ ഇപ്പോള്‍ കാണുന്നില്ല.

ഈ ലേഖനം വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com