തികച്ചും അപ്രതീക്ഷിതമായി തലശ്ശേരി സബ്ഡിവിഷനില്‍ വീണ്ടും ഒരു കൊലപാതകം!

ഈ സംഭവം ഒരു പ്രതികരണ സ്വഭാവമുള്ള കൊലപാതകമായിരുന്നു. ഇതിനു മുന്‍പ് തലശ്ശേരി പൊലീസ് സ്റ്റേഷനതിര്‍ത്തിയില്‍ ചില ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് അക്രമത്തില്‍ ഗുരുതരമായ പരിക്ക് പറ്റിയിരുന്നു
തികച്ചും അപ്രതീക്ഷിതമായി തലശ്ശേരി സബ്ഡിവിഷനില്‍ വീണ്ടും ഒരു കൊലപാതകം!

ണ്ണൂരില്‍ എത്തി ചുവടുറയ്ക്കും മുന്‍പേ 2007 നവംബറില്‍ ആദ്യ രാഷ്ട്രീയ കൊലപാതകം നടന്നു. തലശ്ശേരിയില്‍ സുധീര്‍ എന്ന ഒരു മനുഷ്യനാണ് കൊലചെയ്യപ്പെട്ടത്. അന്‍പത് വയസ്സിനോടടുത്ത് പ്രായമുണ്ടായിരുന്ന ആ മനുഷ്യന്‍ സി.പി.എം അനുഭാവിയായിരുന്നു. എന്നാല്‍, സജീവപ്രവര്‍ത്തകനോ ഭാരവാഹിയോ ഒന്നുമായിരുന്നില്ല. കാര്‍ ഡ്രൈവറായി തൊഴില്‍ ചെയ്ത് മാന്യമായി ജീവിച്ച നല്ല മനുഷ്യന്‍. കുട്ടികളെ സ്‌കൂളില്‍ കൊണ്ടുപോകുകയും തിരികെക്കൊണ്ടുവരികയും ചെയ്യുന്ന ജോലി ഉത്തരവാദിത്വത്തോടെ നിര്‍വ്വഹിച്ചിരുന്ന ആ മനുഷ്യനോട് വ്യക്തിപരമായി വിരോധം തോന്നേണ്ട ഒരു പ്രവൃത്തിയും അയാള്‍ ചെയ്തിട്ടില്ല. എന്നിട്ടും കരുതിക്കൂട്ടി ലക്ഷ്യംവെച്ച് അയാളെ കൊന്നു. പ്രതികള്‍ ബി.ജെ.പി അനുഭാവികളായിരുന്നു. വൈകുന്നേരം കണ്ണൂര്‍ ചിന്മയ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ കാറില്‍ തിരികെ വീട്ടില്‍ കൊണ്ടുവരുന്നതിനിടയിലാണ് പദ്ധതിയിട്ട് കാത്തിരുന്ന കുറ്റവാളികള്‍ കൊല ചെയ്തത്. തലശ്ശേരി കാവുംഭാഗത്തിനടുത്ത് റോഡില്‍ വണ്ടി തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തുകയാണുണ്ടായത്. കാറിലുണ്ടായിരുന്ന പല കുട്ടികളേയും ഞാന്‍ നേരിട്ടു കണ്ട് സംസാരിച്ചു. പതിവുപോലെ അന്നും കഥകളും കളിതമാശകളും പറഞ്ഞ് അവരെ സന്തോഷിപ്പിച്ചു കൊണ്ടായിരുന്നു മടക്കയാത്ര. റോഡില്‍ തെങ്ങിന്‍തടികൊണ്ടുള്ള തടസ്സം കണ്ട് വണ്ടി നിര്‍ത്തി. അപ്രതീക്ഷിതമായി വാളും കത്തിയുമായി അക്രമികള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ കഥ അവസാനിച്ചു. എന്തിന് ഞാന്‍? എന്ന അമ്പരപ്പ് ആയിരുന്നു ആദ്യം അയാള്‍ക്ക്. കുട്ടികള്‍ നിലവിളിച്ച് അടുത്തപ്പോള്‍, സുധീര്‍ അവരോട് പൊയ്ക്കൊള്ളാന്‍ പറഞ്ഞു. സ്വന്തം വിധി തിരിച്ചറിഞ്ഞ നിമിഷത്തിലും അയാള്‍ കുട്ടികളുടെ സുരക്ഷയെപ്പറ്റി ആയിരിക്കണം കരുതിയത്. അക്രമികള്‍ 'കൃത്യനിര്‍വ്വഹണം' എളുപ്പം പൂര്‍ത്തിയാക്കി സ്ഥലം വിട്ടു. ദൂരെ തെറിച്ചുപോയ ഒരു കൈപ്പത്തി ഒരു ദിവസം കഴിഞ്ഞാണ് കണ്ടെത്തിയത്. 

ഈ സംഭവം ഒരു പ്രതികരണ സ്വഭാവമുള്ള കൊലപാതകമായിരുന്നു. ഇതിനു മുന്‍പ് തലശ്ശേരി പൊലീസ് സ്റ്റേഷനതിര്‍ത്തിയില്‍ ചില ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് അക്രമത്തില്‍ ഗുരുതരമായ പരിക്ക് പറ്റിയിരുന്നു. അതിലെ പ്രതികള്‍ സി.പി.എം പ്രവര്‍ത്തകരായിരുന്നു. കരുതിക്കൂട്ടി നടത്തിയ അക്രമങ്ങള്‍ തന്നെയായിരുന്നു ആ സംഭവങ്ങളും. തലശ്ശേരി എ.എസ്.പി അക്ബറും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കുഞ്ഞനും പൊലീസ് നടപടികള്‍ കാര്യക്ഷമമായും സത്യസന്ധമായും മുന്നോട്ടു കൊണ്ടുപോയി. കേസുകളില്‍ രാഷ്ട്രീയ നേതാക്കളുടെ താല്പര്യം അനുസരിച്ച് അഥവാ അവരുടെ ലിസ്റ്റ് അനുസരിച്ച് പ്രതികളെ ചേര്‍ക്കുന്ന ഏര്‍പ്പാടിന് അവര്‍ കൂട്ടുനിന്നില്ല. അതിനുള്ള ചില്ലറ ശ്രമങ്ങള്‍ നടന്നതായി കേട്ടെങ്കിലും അത് വിജയിച്ചില്ല. സുധീര്‍ വധത്തില്‍ സമര്‍ത്ഥമായ അന്വേഷണത്തിലൂടെ വേഗത്തില്‍ കുറ്റവാളികളെ കണ്ടെത്താന്‍ അവര്‍ക്കു കഴിഞ്ഞു. 

കുറ്റം ചാര്‍ത്തപ്പെടുന്നവരും കുറ്റം ഏറ്റെടുക്കുന്നവരും

പക്ഷേ, ജില്ലയിലെ പൊതു അവസ്ഥ വഷളാക്കിയ ഒരു സംഭവം തൊട്ടുപിന്നാലെ കതിരൂര്‍ പൊലീസ് സ്റ്റേഷനതിര്‍ത്തിയിലുണ്ടായി. പവിത്രന്‍ എന്നൊരു ഗൃഹനാഥനെ വെളുപ്പിനു നടന്ന് പാല്‍ വാങ്ങാന്‍ പോയി മടങ്ങുമ്പോള്‍, തന്റെ രാഷ്ട്രീയ അനുഭാവത്തിന്റെ പേരില്‍ ഒരു കൂട്ടം കുറ്റവാളികള്‍ ആക്രമിച്ചു. ജീവനുംകൊണ്ടോടിയ ആ 52-കാരനെ പിന്തുടര്‍ന്ന് ആക്രമിച്ചു ഗുരുതരമായി പരിക്കേല്പിച്ചു. അയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രണ്ടു ദിവസം കഴിഞ്ഞ് മരണമടഞ്ഞു. പവിത്രന്‍ സി.പി.എം അനുഭാവിയും അക്രമികള്‍ ബി.ജെ.പിക്കാരുമായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ തലശ്ശേരിയിലുണ്ടായപ്പോള്‍ സ്വാഭാവികമായും പൊലീസ് നടപടികള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാനുള്ള സമ്മര്‍ദ്ദമുണ്ടായി. സംഭവങ്ങളെത്തുടര്‍ന്ന് ഹര്‍ത്താല്‍, മൃതദേഹവും വഹിച്ചുള്ള അതിവൈകാരിക അന്ത്യയാത്ര തുടങ്ങിയവയെല്ലാം വലിയ ക്രമസമാധാന ലംഘനമൊന്നുമാകാതെ കടന്നുപോയി. എത്രയും വേഗം കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള നടപടികളില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അതിനായി ഒരു പ്രത്യേക പൊലീസ് അന്വേഷണസംഘത്തെ നിയോഗിക്കുന്നത് നന്നായിരിക്കും എന്നൊരഭിപ്രായം പലയിടത്തുനിന്നും വന്നു. എനിക്കും അതിനോട് യോജിപ്പായിരുന്നു. കണ്ണൂരിലെ പൊലീസില്‍ നിന്നു തന്നെ കഴിവും നീതിബോധവുമുള്ള ഒരു ഡി.വൈ.എസ്.പിയെ ചുമതലപ്പെടുത്തിയാല്‍ മതിയെന്നായിരുന്നു എന്റെ കാഴ്ചപ്പാട്. ഇത്തരം കേസുകളില്‍ വലിയ പ്രാഗത്ഭ്യം നടിക്കുന്ന 'സൂപ്പര്‍കോപ്പു'(Super Cop)കളുടെ ആവശ്യമൊന്നുമില്ല. സ്വന്തം പ്രതിച്ഛായയില്‍ വല്ലാതെ അഭിരമിക്കുന്ന ഉദ്യോഗസ്ഥന്റെ അഭ്യാസങ്ങള്‍ ഫലത്തില്‍ കേസന്വേഷണത്തിനു തടസ്സമാകുകയേയുള്ളു. നേരെ ചൊവ്വേ മുന്നോട്ടു പോയാല്‍ സത്യം കണ്ടുപിടിക്കാന്‍ വലിയ പ്രയാസമൊന്നും സാധാരണയായി ഉണ്ടാകേണ്ടതില്ല. ക്രമസമാധാന ചുമതലയുളള ഡി.വൈ.എസ്.പിയെ ഏല്പിച്ചാല്‍ ആ പോസ്റ്റ് നിലനിര്‍ത്താന്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിനടിപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇതെല്ലാം മനസ്സില്‍ വച്ച് അന്ന് കണ്ണൂര്‍ എസ്.പി ഓഫീസില്‍ ജോലി ചെയ്തിരുന്ന പത്തനംതിട്ടക്കാരനായ സുകുമാരന്‍ എന്ന ഡി.വൈ.എസ്.പിയെ അന്വേഷണത്തിനു നേതൃത്വം നല്‍കാന്‍ ചുമതലപ്പെടുത്തി. ഇതിനിടയില്‍ പൊലീസ് ആസ്ഥാനത്തുനിന്ന് ഒരു 'സൂപ്പര്‍ കോപ്പി'നെ ഇക്കാര്യത്തിനു കണ്ടെത്തി. ആ വിവരം എന്നെ അറിയിച്ചു. ഞാനതിനോട് യോജിച്ചില്ല. അതുകൊണ്ട് ആസ്ഥാന അജണ്ട തല്‍ക്കാലം നടപ്പിലായില്ല.

''യഥാര്‍ത്ഥ കുറ്റവാളികളെ കഴിയുന്നതും വേഗം കണ്ടെത്തണം, ഒരു കാരണവശാലും ആരുടെയെങ്കിലും ലിസ്റ്റ് അനുസരിച്ചാകരുത് പ്രതികള്‍. അക്കാര്യത്തിനു പൂര്‍ണ്ണമായും എന്റെ പിന്തുണയുണ്ടാകും.''

ഇത്ര മാത്രമേ ഞാന്‍ സുകുമാരനോട് പറഞ്ഞുള്ളു. അതുവരെ എല്ലാ കാര്യത്തിലും എന്നെ പിന്തുണച്ച ഉത്തരമേഖലാ എ.ഡി.ജി.പി ഒരു ദിവസം സുകുമാരനെപ്പറ്റി ലേശം സംശയം പ്രകടിപ്പിച്ചു, ഒട്ടും കരുണയില്ലാത്ത വാക്കുകളില്‍. 'He looks like a dumb fellow' (കണ്ടിട്ട് അയാളൊരു മണ്ടനെപ്പോലിരിക്കുന്നു). സുകുമാരനെ കണ്ടെത്തിയ എനിക്ക് തെറ്റ് പറ്റിയോ എന്ന നേരിയ വിമര്‍ശനം അതില്‍ ഒളിഞ്ഞിരുന്നു. ഒരു ദിവസം രാവിലെ സുകുമാരന്‍ എന്റെ ഓഫീസില്‍ വന്നു. 'സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തു' എന്ന് അറിയിച്ചു, അയാള്‍ പറഞ്ഞു. അത് നല്ല കാര്യമാണല്ലോ എന്ന് കരുതിയപ്പോള്‍ അടുത്ത വാക്യം ''സര്‍, അവര്‍ യഥാര്‍ത്ഥ പ്രതികളാണോ എന്നതില്‍ എനിക്ക് സംശയമുണ്ട്.'' അവരെ ഉടന്‍ കോടതിയില്‍ ഹാജരാക്കണമെന്ന് സി.ഐ  ധൃതിപിടിക്കുകയാണത്രെ. ചോദ്യം ചെയ്ത് തെളിവ് ശേഖരിക്കാന്‍ 24 മണിക്കൂര്‍ സമയം നിയമം അനുവദിക്കുമ്പോള്‍ അനാവശ്യ ധൃതി സംശയകരം തന്നെ ആയിരുന്നു.  നിങ്ങള്‍ നേരിട്ട് അവരെ ചോദ്യം ചെയ്ത് ബോദ്ധ്യം വന്ന ശേഷം മാത്രം തീരുമാനിച്ചാല്‍ മതി എന്ന് ഞാന്‍ സുകുമാരനോട് പറഞ്ഞു. അദ്ദേഹത്തിന് അത് ആശ്വാസമായപോലെ തോന്നി. ഒരുപക്ഷേ, ഡി.വൈ.എസ്.പിയുടെ തലയ്ക്കുമീതെ ഇക്കാര്യത്തില്‍ ആരെങ്കിലും സി.ഐയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായി അദ്ദേഹം ഭയപ്പെട്ടിരുന്നപോലെ തോന്നി. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ്, സുകുമാരന്‍ എന്നെ ഫോണ്‍ ചെയ്തു. ''സര്‍, അവര്‍ പ്രതികളല്ല.'' പ്രതികളല്ലെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്താനാകില്ലെന്ന് ഞാന്‍ പറഞ്ഞു. അന്തിമ തീരുമാനമെടുക്കും മുന്‍പ് രണ്ടുപേരേയും ഞാന്‍ ചോദ്യം ചെയ്യാമെന്നും എന്റെ ഓഫീസില്‍ കൊണ്ടുവരാനും നിര്‍ദ്ദേശിച്ചു. പ്രതികളാണെന്ന് സര്‍ക്കിളും അല്ലെന്ന് ഡി.വൈ.എസ്.പിയും പറഞ്ഞതില്‍നിന്നും നെല്ലും പതിരും വേര്‍തിരിക്കണമല്ലോ. അങ്ങനെ പ്രതികള്‍ കണ്ണൂര്‍ ഐ.ജി ഓഫീസില്‍ എന്റെ മുന്നിലെത്തി. രണ്ടാളും ബി.ജെ.പി അനുഭാവികളാണ്. അതിലൊരാള്‍ക്ക്  തടിച്ച ശരീരപ്രകൃതിയായിരുന്നു. സംസാരത്തില്‍ ഏതാണ്ടൊരു മന്ദബുദ്ധിയെപ്പോലെ തോന്നി. സംഭവസമയം എവിടെ ആയിരുന്നെന്ന് ചോദിച്ചപ്പോള്‍ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നുവെന്ന് മറുപടി. പാര്‍ട്ടിക്കാരുടെ ആവശ്യമനുസരിച്ച് പൊലീസില്‍ അയാള്‍ കീഴടങ്ങിയതാണ്. ഇപ്പോഴും ജയിലില്‍ പോകാന്‍ തയ്യാറായി നില്‍ക്കുകയാണ്. കുറ്റം ചെയ്യാതെ എന്തിനാണ് ജയിലില്‍ കിടക്കുന്നതെന്നു ചോദിച്ചപ്പോള്‍, ഇതിനു മുന്‍പും അങ്ങനെ ഉണ്ടായിട്ടുണ്ടെന്നായി. കുറെ സംസാരിച്ചപ്പോള്‍ അയാള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ഏതാണ്ട് വ്യക്തമായി. യഥാര്‍ത്ഥ പ്രതികളെക്കുറിച്ച് അയാള്‍ക്ക് ചില സംശയങ്ങളുണ്ടെന്നും തോന്നി. ഏതാണ്ട് ഇത് തന്നെയായിരുന്നു രണ്ടാമന്റേയും അവസ്ഥ.  ആ അറസ്റ്റ് ഞാനനുവദിച്ചില്ല. രണ്ടാളേയും വിട്ടയച്ചു. അതിവേഗം കൊലയാളികളെ പിടികൂടി പൊലീസിന്റെ സാമര്‍ത്ഥ്യം മാധ്യമങ്ങളിലൂടെ ജനമധ്യത്തില്‍ അവതരിപ്പിക്കുവാനുള്ള സുവര്‍ണ്ണാവസരമാണ് നഷ്ടമായത്. മരിച്ചയാളിന്റേയും കൊന്നവരുടേയും പാര്‍ട്ടിക്കാര്‍ക്കും അതായിരുന്നു വേണ്ടത്. മാനേജ്മെന്റ് ഭാഷയില്‍ എല്ലാപേര്‍ക്കും win-win (വിജയം) ആയ സാഹചര്യം. അതാണ് തകര്‍ക്കപ്പെട്ടത്. അടുത്ത ദിവസം ഉത്തരമേഖലയിലെ പൊലീസ് ഉന്നതന്‍ എന്നെ വിളിച്ചു. അദ്ദേഹം വല്ലാതെ ക്ഷുഭിതനായിരുന്നു. 'എല്ലാപേരെയും' സന്തോഷിപ്പിച്ച് സറണ്ടര്‍ ചെയ്ത് കിട്ടിയ പ്രതികളെ ഞാന്‍ വിട്ടയച്ചു എന്നതാണ് പ്രശ്‌നം. 'എല്ലാപേരെയും' എന്നാല്‍ മരിച്ച ആളിന്റേയും കൊന്നവരുടേയും രക്ഷാകര്‍ത്തൃത്വം ഏറ്റെടുക്കുന്ന നേതാക്കള്‍ എന്നാണ്. 'Hemachandran, you forget about all the useless principles' (ഹേമചന്ദ്രന്‍, നിങ്ങളീ പ്രയോജനമില്ലാത്ത തത്ത്വങ്ങളൊക്കെ മറന്നേക്കൂ) എന്നൊക്കെ പറഞ്ഞു. ശബ്ദമുയര്‍ത്തി ദേഷ്യത്തില്‍ സംസാരിക്കുമ്പോഴും അതില്‍ ലേശം ചാഞ്ചല്യം പ്രകടമായിരുന്നു. ആരൊക്കെയോ രോഷം പ്രകടിപ്പിച്ചതിന്റെ നിസ്സഹായതയില്‍ നിന്നുള്ള വാക്കുകളായിരുന്നു അത്. അദ്ദേഹത്തിന്റെ ഹൃദയം അതിലില്ലായിരുന്നു. തൊട്ടടുത്ത ദിവസം ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ രണ്ടുപേരെ വിട്ടയച്ച സംഭവത്തെപ്പറ്റി ചോദിച്ചു. ഞാനെല്ലാ വസ്തുതകളും വിശദീകരിച്ചു. ക്ഷമയോടെ എല്ലാം കേട്ട അദ്ദേഹം വേഗം പ്രതികളെ അറസ്റ്റ് ചെയ്യണം എന്നതിലാണ് ഊന്നല്‍ നല്‍കിയത്. ആഭ്യന്തരമന്ത്രിയെന്ന നിലയിലും കണ്ണൂര്‍ ജില്ലക്കാരനെന്ന നിലയിലും എല്ലാം അദ്ദേഹവും സമ്മര്‍ദ്ദത്തിലായിരുന്നിരിക്കണം. എങ്കിലും എന്നോട് അദ്ദേഹം തികഞ്ഞ മാന്യതയോടെയാണ് ഇടപെട്ടത്. അന്വേഷണസംഘത്തെ നയിച്ച ഡി.വൈ.എസ്.പി സുകുമാരന്‍ യഥാസമയം ഇടപെട്ടതുകൊണ്ടാണ് കേസന്വേഷണത്തില്‍ നിയമപ്രക്രിയയെ വ്യഭിചരിക്കുന്ന, കണ്ണൂരില്‍ നന്നായി വേരോടിയിരുന്ന ആ ഏര്‍പ്പാട് തടയാന്‍ കഴിഞ്ഞത്. ഏതായാലും നവംബറിന്റെ നഷ്ടം രണ്ടു ജീവനുകളായിരുന്നു. അധികം വൈകാതെ തലശ്ശേരി എ.എസ്.പി അക്ബറിനു സ്ഥാനമാറ്റം വന്നപ്പോള്‍ അതൊരു തിരിച്ചടിയായി. വ്യക്തിപരമായ പരിഗണനയ്ക്കപ്പുറം രാഷ്ട്രീയം നോക്കാതെ സ്വീകരിച്ച നിലപാടുകള്‍ക്കുള്ള തിരിച്ചടി എന്ന നഷ്ടബോധമായിരുന്നു മനസ്സില്‍. എനിക്കും അധികനാളുണ്ടാകില്ല എന്നു ലേശം സന്ദേഹവും തോന്നി.

കണ്ണൂരില്‍ സമാധാനം നിലനിര്‍ത്തുന്നതിന് നിയമത്തിന്റെ എല്ലാ പഴുതുകളും ഉപയോഗിക്കണം എന്നായിരുന്നു എന്റെ ചിന്ത. പക്ഷേ, നിയമം വിട്ടുള്ള വഴികള്‍, തെറ്റായ വഴികള്‍ പൂര്‍ണ്ണമായും ഒഴിവാക്കുകയും വേണം. അതിനായി പ്രയോജനപ്പെടുത്തിയ ഒരു ഉപകരണമായിരുന്നു പുതുതായി നിലവില്‍ വന്ന ഗുണ്ടാ ആക്ട്. ആ നിയമത്തില്‍ ഒരു പ്രദേശത്ത് സമാധാനം നിലനിര്‍ത്താന്‍ ഉപയോഗിക്കാവുന്ന ഒരായുധമായിരുന്നു സ്ഥിരം കുറ്റവാളികളുടെ നാടുകടത്തല്‍. മുന്‍കാലങ്ങളില്‍ അനവധി അക്രമകേസുകളില്‍ ഉള്‍പ്പെട്ട വ്യക്തികളെ സമാധാനപാലനത്തിന് അവരുടെ സ്ഥിരം 'പ്രവര്‍ത്തന മേഖലയില്‍' പ്രവേശിക്കുന്നത് തടയാം. ആ അധികാരം ഐ.ജിക്കു വിനിയോഗിക്കാം. ആദ്യം നാടുകടത്തപ്പെടുന്ന ആളിനു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണം. അതിന്റെ മറുപടി പരിശോധിച്ച് അന്തിമതീരുമാനം എടുത്ത് ഉത്തരവിറക്കാം. നാടുകടത്തലിനുള്ള അധികാരം വിനിയോഗിച്ച് സി.പി.എമ്മിന്റേയും ബി.ജെ.പിയുടേയും പക്ഷത്തുള്ള രണ്ടു ഗുണ്ടകളെ വീതം നാടുകടത്താന്‍ ഞാന്‍ ഉത്തരവിട്ടു. കേരളത്തില്‍ ഗുണ്ടാ നിയമപ്രകാരമുള്ള ആദ്യ നാടുകടത്തല്‍ ഉത്തരവായിരുന്നു അത്. ആ ഉത്തരവില്‍ ഒപ്പിടുമ്പോള്‍ മനസ്സില്‍ തോന്നി, മിക്കവാറും ഇതെന്റെ കണ്ണൂരില്‍നിന്നുള്ള നാടുകടത്തല്‍ ഉത്തരവായി കലാശിക്കും. 

സാധാരണ മനുഷ്യന്റെ ശാന്തിയും സമാധാനവും കെടുത്തുന്ന കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് സിദ്ധാന്തങ്ങള്‍ ഒരുപാടുണ്ട്. സൈദ്ധാന്തികന്മാരുടെ വിജ്ഞാനവും ഭാവനയും അനുസരിച്ച് ചരിത്രപരമായ കാരണങ്ങള്‍ പലതും അവിടെ കണ്ടെത്തിയിട്ടുണ്ട്. ഇനിയും കണ്ടെത്തുമായിരിക്കും. കുടിപ്പകയുടെ ചരിത്രം തേടി തച്ചോളി ഒതേനനിലും ഉണ്ണിയാര്‍ച്ചയിലും ഒക്കെ ചെന്നെത്തുന്ന പണ്ഡിതന്മാരുമുണ്ട്. കുടിപ്പക അവിടെ മനുഷ്യന്റെ രക്തത്തിലലിഞ്ഞു ചേര്‍ന്നതാണത്രെ. അവിടുത്തെ ഒന്നു രണ്ടു മാസത്തെ അനുഭവത്തില്‍ ഒരുകാര്യം എനിക്ക് വ്യക്തമായി. കണ്ണൂരില്‍ രാഷ്ട്രീയ പ്രവര്‍ത്തനവും ക്രിമിനല്‍ പ്രവര്‍ത്തനവും തമ്മില്‍ കുറേക്കാലമായി അഭേദ്യമായൊരു പാരസ്പര്യമുണ്ട്. എവിടെ ജനാധിപത്യ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിക്കുന്നു, അവിടെ ക്രിമിനല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു എന്ന് തിരിച്ചറിയാന്‍ അതിന്റെ പ്രയോക്താക്കള്‍ക്ക് ബുദ്ധിമുട്ട് തോന്നുംവിധം ആ ബന്ധം കെട്ടുപിണഞ്ഞിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനം സംഘര്‍ഷങ്ങളിലേയ്ക്കും ഏറ്റുമുട്ടലിലേയ്ക്കും ഒക്കെ നയിക്കുന്ന സന്ദര്‍ഭങ്ങള്‍ കേരളത്തില്‍ പലേടത്തും ഉണ്ടാകാറുണ്ട്. ജനാധിപത്യരീതിയിലുള്ള സമരം, ജാഥ, പൊതുയോഗം, തെരഞ്ഞെടുപ്പ് പ്രചരണം ഒക്കെ നടത്തുന്നതിനിടയില്‍ അവിചാരിതമായി എതിര്‍ രാഷ്ട്രീയപ്പാര്‍ട്ടിക്കാരുടെ പരിപാടികളുമായി കൂട്ടിമുട്ടാം. അത് സംഘര്‍ഷവും അടിപിടിയും അപൂര്‍വ്വമായി കൊലപാതകവുമായി മാറാം. അതിനപ്പുറം രാഷ്ട്രീയ പ്രവര്‍ത്തനത്തോട് ചേര്‍ന്ന് അതില്‍നിന്ന് ഊര്‍ജ്ജം സംഭരിക്കുന്ന ക്രിമിനല്‍ പ്രവര്‍ത്തനവും സമാന്തരമായി മുന്നേറുന്നത് കണ്ണൂരില്‍ കണ്ടു. ഞാനവിടെ കണ്ട രാഷ്ട്രീയ ക്രിമിനല്‍ കേസുകള്‍ മിക്കവയും സ്വാഭാവിക ജനാധിപത്യ രാഷ്ട്രീയത്തിലെ ജനകീയ സംഘര്‍ഷത്തില്‍ നിന്നുല്‍ഭവിച്ചതല്ല; നാം കണ്ട സുധീറിനും പവിത്രനും ജീവന്‍ നഷ്ടപ്പെട്ടതും അതിനുമുന്‍പ് ചിലരെ ആക്രമിച്ച് അംഗഭംഗം വരുത്തിയതും എല്ലാം കലര്‍പ്പില്ലാത്ത ക്രിമിനല്‍ സ്വഭാവമുള്ള സംഭവങ്ങളാണ്. പക്ഷേ, ഈ ക്രിമിനല്‍ പ്രവര്‍ത്തനത്തിന്റെ ശക്തിസ്രോതസ്സ് രാഷ്ട്രീയ പാര്‍ട്ടികളാണ്. അതുകൊണ്ടാണല്ലോ ഇരകള്‍ക്കു വേണ്ടിമാത്രമല്ല, പ്രതികള്‍ക്കുവേണ്ടിയും പാര്‍ട്ടി നേതാക്കള്‍ രംഗത്തുവരുന്നത്. രാഷ്ട്രീയവും ക്രിമിനല്‍ പ്രവര്‍ത്തനവും തമ്മില്‍ അവിടെക്കണ്ട അഭേദ്യബന്ധം നിലനിര്‍ത്തുന്നതില്‍  വലിയൊരു പങ്ക് വഹിച്ചിട്ടുള്ളത് പൊലീസിന്റെ തെറ്റായ രീതികളാണ്. രാഷ്ട്രീയ കൊലപാതകമുണ്ടായാല്‍ പലപ്പോഴും എഫ്.ഐ.ആര്‍ ഇടാന്‍ പൊലീസ് കാത്തുനില്‍ക്കും. ഇരയുടെ പാര്‍ട്ടിക്കാരില്‍നിന്നും പ്രതിപ്പട്ടിക കിട്ടണം. അന്വേഷണത്തിലൂടെ കുറ്റവാളികളെ കണ്ടെത്തേണ്ടുന്ന പൊലീസിന്റെ അധികാരം ഫലത്തില്‍ രാഷ്ട്രീയ നേതാവിന്റെ കയ്യിലേയ്ക്ക് മാറുകയാണ്. പട്ടികപ്രകാരമുള്ള പ്രതികളെ സറണ്ടര്‍ ചെയ്യാന്‍ നേതാക്കളും സ്വീകരിക്കാന്‍ പൊലീസും മിക്കപ്പോഴും തയ്യാറാണ്. കൊലപാതകിക്ക് പൊലീസ് സ്റ്റേഷനിലും ശിക്ഷിച്ചാല്‍ ജയിലിലും എല്ലാം രാഷ്ട്രീയ തണല്‍ ലഭിക്കുമ്പോള്‍  ക്രൂരമായ കൊലപാതകം നടത്തിയ പ്രതി തന്റെ പ്രവൃത്തി രാഷ്ട്രീയമാണ് എന്നു മനസ്സില്‍ ഉറപ്പിക്കും; അധികം പേര്‍ക്ക് സാധിക്കാത്ത 'ധീരകൃത്യം.' കൊടുംക്രൂര കുറ്റകൃത്യത്തിന്റെ മഹത്വവല്‍ക്കരണം നടക്കുന്ന സമൂഹത്തില്‍ ഏത് ഗോവിന്ദച്ചാമിക്കും താനുമൊരു ഭഗത്സിംഗ് ആണെന്നു തോന്നിപ്പോയേക്കാം. ഈ അവസ്ഥ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അനുകൂലമാണ്.  അതിന് തച്ചോളി ഒതേനന്റേയും ഉണ്ണിയാര്‍ച്ചയുടേയും മറ്റും ചരിത്രത്തില്‍ കാരണം കണ്ടെത്താന്‍ ശ്രമിക്കുന്നതിന്റെ യുക്തി എനിക്കറിയില്ല.

ഇംഗ്ലീഷില്‍ dog whistle എന്നൊരു പ്രയോഗം ഇപ്പോള്‍ കൂടുതല്‍ കേള്‍ക്കുന്നുണ്ട്. മനുഷ്യന് കേള്‍ക്കാനാകാത്ത എന്നാല്‍ പട്ടികള്‍ക്ക് കേള്‍ക്കാന്‍ കഴിയുന്ന പ്രത്യേക തരംഗദൈര്‍ഘ്യമുള്ള ശബ്ദം എന്നായിരുന്നു ഇതിന്റെ പണ്ടത്തെ അര്‍ത്ഥം. രാഷ്ട്രീയമായി തങ്ങളുടെ അനുയായി വൃന്ദങ്ങള്‍ക്ക് കൃത്യമായ സന്ദേശം ലഭിക്കുന്ന വാക്കുകള്‍ എന്ന അര്‍ത്ഥത്തില്‍ ഇന്നീ പ്രയോഗം കൂടുതല്‍ അറിയപ്പെടുന്നുണ്ട്. കണ്ണൂര്‍ മേഖലയില്‍ പല നേതാക്കളുടേയും ചില ഘട്ടത്തിലുള്ള പ്രസംഗങ്ങള്‍ സ്വന്തം ക്രിമിനല്‍ സംഘങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന ഡോഗ് വിസില്‍ പോലെയാണ്. 

തുടക്കത്തില്‍ ഉണ്ടായ രണ്ട് സംഭവങ്ങള്‍ക്കു ശേഷം ഏതാണ്ട് മൂന്ന് മാസത്തോളം വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ടു പോയി. അപ്പോള്‍ തികച്ചും അപ്രതീക്ഷിതമായി തലശ്ശേരി സബ്ഡിവിഷനില്‍ വീണ്ടും ഒരു കൊലപാതകം. അതിനുള്ള ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല. രാത്രി ഒന്നരമണിയോടെയാണ് അതുണ്ടായത്. ഒരു വിവാഹവീട്ടില്‍നിന്നും മടങ്ങുകയായിരുന്ന യുവാവിനെയാണ് ആക്രമിച്ചത്. അയാള്‍ സി.പി.എം പ്രവര്‍ത്തകനായിരുന്നു. പരുക്കേറ്റ യുവാവിനെ കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോകവേ അയാള്‍ മരണമടഞ്ഞു. അസമയത്തുണ്ടായ അപ്രതീക്ഷിത സംഭവത്തെപ്പറ്റി ഏറെ ദുരൂഹതകളും അഭ്യൂഹങ്ങളും നിറഞ്ഞുനിന്നു. കുറ്റവാളികളെ കണ്ടെത്താന്‍ പൊലീസിനു കുറേ ബുദ്ധിമുട്ടേണ്ടിവരും എന്ന് വ്യക്തമായിരുന്നു. പക്ഷേ, നേരം പുലരുമ്പോഴേക്കും പതിനൊന്നു പേരുടെ പ്രതിപ്പട്ടിക റെഡി. ജില്ലയിലെ സി.പി.എം അടുപ്പമുള്ള  വൃത്തങ്ങളില്‍നിന്നായിരുന്നു അതിന്റെ ഉല്‍ഭവം. ഇര അവരുടേതായിരുന്നല്ലോ. കൊലപാതകവുമായി തങ്ങള്‍ക്കു ബന്ധമില്ലെന്ന് ബി.ജെ.പി ഭാരവാഹികളും പ്രസ്താവിച്ചു. സംഭവത്തെക്കുറിച്ച് ലഭിച്ച പരിമിതമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സത്യസന്ധമായി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് ഞാന്‍ നിര്‍ദ്ദേശിച്ചത്. പൊലീസിന്റെ ആദിപാപം തുടങ്ങിയിരുന്നത് ഈ എഫ്.ഐ.ആറിലാണ്. പാര്‍ട്ടിക്കാരുടെ പ്രതിപ്പട്ടിക അതില്‍ കയറിപ്പറ്റും. ഗര്‍ഭധാരണം വിജയിച്ചാല്‍ പിന്നെ പ്രകൃതിനിയമം അനുസരിച്ച് കുട്ടി പിറക്കുമല്ലോ. എഫ്.ഐ.ആറിലെ പ്രതിപ്പട്ടികതന്നെ പിന്നീട് ചാര്‍ജ്ഷീറ്റിന്റെ രൂപത്തില്‍ അവതരിക്കും എന്നതായിരുന്നു പൊലീസിലെ നാട്ടുനടപ്പ്. ഇക്കുറി പ്രതിപ്പട്ടിക എഫ്.ഐ.ആറില്‍ കയറിപ്പറ്റിയില്ല. കാത്തിരുന്ന് ലിസ്റ്റ് വാങ്ങി എഫ്.ഐ.ആര്‍ തയ്യാറാക്കുന്ന രീതിക്കു താല്‍ക്കാലിക വിരാമം വന്നുകഴിഞ്ഞിരുന്നു. എങ്കിലും പട്ടികയ്ക്ക് ഉദ്യോഗസ്ഥ തലങ്ങളില്‍ പ്രചാരം കിട്ടി. ഞാന്‍ തലശ്ശേരി പൊലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥരുമായി കേസ് ചര്‍ച്ച ചെയ്തു. ആ ഘട്ടത്തില്‍ അവിടുത്തെ എസ്.ഐ ഒരുകാര്യം പറഞ്ഞു. കൊലപാതകം നടന്ന ദിവസം തലശ്ശേരി സ്റ്റേഷനതിര്‍ത്തിയില്‍ ഒരു ഉത്സവസ്ഥലത്ത് എന്തോ തര്‍ക്കമുണ്ടായി. അവിടെ പ്രശ്‌നം പരിഹരിക്കാന്‍  ഉണ്ടായിരുന്ന വ്യക്തിയും ലിസ്റ്റില്‍ ഉണ്ട്. സംഭവങ്ങളുടെ സമയക്രമം നോക്കിയാല്‍ അയാള്‍ക്കു  കൊലപാതകത്തില്‍ പങ്കാളിയാകാനാകില്ല എന്ന് വ്യക്തമായിരുന്നു. മുന്‍വിധിയില്ലാതെ, ഒരുതരത്തിലുള്ള സമ്മര്‍ദ്ദത്തിനും വഴങ്ങാതെ അന്വേഷിച്ച് തെളിവ് ശേഖരിച്ചു മാത്രമേ പ്രതികളെ തീരുമാനിക്കുകയുള്ളു എന്ന നിലപാടിനോട് മുഴുവന്‍ ഉദ്യോഗസ്ഥരും ആത്മാര്‍ത്ഥമായി സഹകരിച്ചു. എ.എസ്.പി അക്ബറിനു പകരമെത്തിയ ഡി.വൈ.എസ്.പി തോമസും വളരെ സത്യസന്ധമായ നല്ല നിലപാടാണ് സ്വീകരിച്ചത്. വലിയ സമ്മര്‍ദ്ദം ഉണ്ടായിട്ടും ശരിയായ പ്രതികളെ മാത്രമേ അറസ്റ്റ് ചെയ്യൂ എന്ന നിലപാടില്‍ അവരും ഉറച്ചുനിന്നതില്‍ എനിക്ക് സന്തോഷം തോന്നി. ഡി.വൈ.എസ്.പി എന്നോട് ഒരു കാര്യം പറഞ്ഞു. പൊലീസ് ആസ്ഥാനത്തുനിന്ന് ഉന്നതന്‍ അദ്ദേഹത്തെ ഫോണില്‍ നേരിട്ട് വിളിച്ചു. എന്നിട്ട് ലിസ്റ്റനുസരിച്ചുള്ള പതിനൊന്ന് പ്രതികളേയും ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പറഞ്ഞു. തെളിവില്ലെന്നു പറഞ്ഞപ്പോള്‍ ഉന്നതന്‍ മറ്റൊരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചു. അവരെയെല്ലാം  കസ്റ്റഡിയിലെടുത്തിട്ട് അദ്ദേഹത്തെ വിവരം അറിയിക്കാന്‍.  അദ്ദേഹം പൊലീസ് സ്റ്റേഷനിലെത്തി നേരിട്ട് അവരെ ചോദ്യം ചെയ്യുമത്രേ. അതിനുശേഷം അദ്ദേഹം തീരുമാനമെടുക്കും അവരെ അറസ്റ്റ് ചെയ്യണമോ വേണ്ടയോ എന്ന്. അങ്ങനെ കസ്റ്റഡിയിലെടുക്കാന്‍ പോകയാണോ എന്ന് ഞാന്‍ ഡി.വൈ.എസ്.പിയോട് ചോദിച്ചു. ''സാര്‍, ഇതൊക്കെ ഉടായിപ്പല്ലേ; ഇതുകേട്ട് ഞാനെങ്ങാനും ആരെയെങ്കിലും പിടിച്ചുകൊണ്ടു വന്നാല്‍ അധികം വൈകും മുന്‍പ് ജനക്കൂട്ടം പൊലീസ് സ്റ്റേഷന്‍ വളയും, പിന്നെ അറസ്റ്റ് രേഖപ്പെടുത്തിയില്ലെങ്കില്‍ അവിടെ അക്രമവും വെടിവെയ്പും ഒക്കെ ആകും.'' ഉള്ളത് പറഞ്ഞാല്‍ ഞാനത് ചിന്തിച്ചിരുന്നില്ല. പക്ഷേ, പൊലീസ് ഉന്നതനെ വെല്ലുന്ന ബുദ്ധിയായിരുന്നു ഡി.വൈ.എസ്.പിയുടേത്. അതുകൊണ്ട് ഡി.വൈ.എസ്.പി ആ ചൂണ്ടയില്‍ കൊത്തിയില്ല. ഏതായാലും ഉന്നതന്‍ എന്നെ വിളിക്കില്ലായിരിക്കും എന്ന് ഞാന്‍ കരുതിയിരുന്നു. പക്ഷേ, എനിക്കു തെറ്റി. എന്നെയും വിളിച്ചു. ലിസ്റ്റനുസരിച്ചുള്ള പേരുകള്‍ ഓരോന്നായി അദ്ദേഹം വിളമ്പി. അവരെയെല്ലാം ഉടന്‍ അറസ്റ്റുചെയ്യണമെന്ന് പറഞ്ഞു. ഞാനത് ചെയ്യാനിടയില്ലെന്നു കരുതിയതിനാലാകാം അദ്ദേഹം ചോദിച്ചു: 'What is your problem? Do you have a conscience problem?' (എന്താണ് നിങ്ങളുടെ പ്രശ്‌നം? നിങ്ങള്‍ക്കൊരു മനസ്സാക്ഷി പ്രശ്‌നമുണ്ടോ?) എനിക്കറിയില്ല. 
കണ്ണൂര്‍ സ്വദേശിയായ പ്രിയപ്പെട്ട കഥാകാരന്‍ ടി. പത്മനാഭന്‍ തന്റെ അതീവ മനോഹരമായൊരു കഥയില്‍ 'ശരീരമില്ലാത്ത രണ്ടാത്മാക്കളെപ്പോലെ' എന്നെഴുതിയിട്ടുണ്ട്. എന്നെ വല്ലാതെ ആകര്‍ഷിച്ചു ആ പ്രയോഗം. പ്രിയ കഥാകാരാ, ആത്മാവില്ലാത്ത ശരീരങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്; കഥയിലല്ല, ജീവിതത്തില്‍.

(തുടരും)

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com