സിനിമയിലെ സാമ്പ്രദായിക വഴികളോട് കലഹിച്ച കുസ്തുറിക്ക

രാഷ്ട്രീയ സിനിമയുടെ നിലപാടുകള്‍
സിനിമയിലെ സാമ്പ്രദായിക വഴികളോട് കലഹിച്ച കുസ്തുറിക്ക

യൂറോപ്പ്, ഈ ദിവസങ്ങളില്‍ നിങ്ങള്‍ ബാല്‍ക്കണിന്റെ മുഖം മാറ്റുകയാണ്. അവിടെ നടക്കുന്ന തീവ്രമായ യുദ്ധം അവസാനിപ്പിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുമെന്നത് മറക്കാതിരിക്കുക.

ചുറ്റുമുള്ള കുന്നുകളില്‍നിന്ന് വന്യമായ സംഘങ്ങളെറിയുന്ന ഗ്രനേഡുകള്‍ എന്റെ നഗരത്തില്‍ വീഴുന്നു. സരയേവോ കണ്ണീരിലും ചോരയിലും കുളിച്ചിരിക്കുന്നു. യൂഗോസ്ലാവിയയില്‍ ഓരോരുത്തരും അപരരുടെ കഴുത്തറുക്കുന്നു.

ഐക്യയൂറോപ്പ്, യൂഗോസ്ലാവിയന്‍ പ്രവിശ്യകളില്‍ നിങ്ങള്‍ പുതുപുതു രാജ്യങ്ങള്‍ ഉണ്ടാക്കാന്‍ പുറപ്പെടുകയാണെങ്കില്‍, നിങ്ങള്‍ മനസ്സിലാക്കണം. അവിടെയൊഴുകുന്ന ചോരയുടെ എല്ലാ ഉത്തരവാദിത്വങ്ങളും നിങ്ങള്‍ക്കായിരിക്കുമെന്ന്; കുഞ്ഞുങ്ങളുടെ കണ്ണീരിന്റേയും ദുരിതങ്ങളുടേയുമുള്‍പ്പെടെ. 

സരയേവോ കുന്നുകളില്‍നിന്നു ഭ്രാന്തന്‍ നായ്ക്കള്‍ ഗ്രനേഡുകളെറിഞ്ഞ്, ആ പഴയ മധ്യകാല നഗരത്തെ നാമാവശേഷമാക്കുമ്പോള്‍ ഇപ്പോഴത്തെ പ്രസിഡന്റ്, അതിരുകളില്ലാത്ത ഒരു രാജ്യത്തിന്റെ ഭരണാധികാരി, പട്ടാളമില്ലാത്ത ഒരു ജനറലിനെപ്പോലെ ചോരയുടെ വിലയായി ജനാധിപത്യത്തെ സംരക്ഷിക്കാന്‍ നിലവിളിക്കുന്നു.

യൂറോപ്പ്, ഇത് രാഷ്ട്രീയ വിശകലനത്തിനുള്ള നേരമല്ല. എല്ലാ രാഷ്ട്രീയ നയങ്ങളും അവിടെ മരിച്ചുവീണു കഴിഞ്ഞു. ഇപ്പോള്‍ നമുക്കു തീയണയ്ക്കാന്‍ ശ്രമിക്കാനേ കഴിയൂ. യൂറോപ്പ്, എന്റെ നഗരമിതാ കത്തിത്തീരുന്നു. അവിടെ വസന്തത്തിനു പകരം ഗ്രനേഡുകള്‍ പെയ്യുകയാണ്. 

എന്റെ നിലവിളി മനസ്സിലാക്കുക പ്രയാസമാണെന്ന് എനിക്കറിയാം. 200 വര്‍ഷം മുന്‍പ്, പാരീസ് മുഴുവന്‍ രക്തത്തില്‍ കുളിച്ച ആ നാളുകളില്‍, ജനാധിപത്യം പിച്ചവെച്ചു തുടങ്ങിയ ഈ നാട്ടില്‍ പോലും. 

എന്നിരുന്നാലും യൂറോപ്പ്, ഇന്ന് ഈ 20-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ സരയേവോയിലെ സ്ഥലങ്ങള്‍ അന്ന് പാരീസ് എങ്ങനെയായിരുന്നോ അങ്ങനെയാകാന്‍ വിട്ടുനല്‍കരുത്. 19-ാം നൂറ്റാണ്ടിലേതുപോലെ പുതിയ കാലത്ത് ചെയ്യാനനുവദിക്കരുത്.

യൂറോപ്പ്, ബാല്‍ക്കണില്‍ ഇത് 20-ാം നൂറ്റാണ്ടിന്റെ അന്ത്യമാണ്!

വംശീയ യുദ്ധത്തിന്റെ കുഴമറിച്ചിലുകള്‍ ബാല്‍ക്കണില്‍ ആരംഭിച്ചിട്ട് 100 വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇതാണ് ആ മഹത്തായ സാമ്രാജ്യത്തിന്റെ കണ്ണീരിന്റെ പശ്ചാത്തലം. റോമന്‍ സാമ്രാജ്യം തെക്കും വടക്കുമായി പകുത്ത നാടാണത്. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ അന്ത്യം കുറിച്ചതവിടെയാണ്. അവിടെയാണ് ആസ്ട്രോ ഹംഗേറിയന്‍ സാമ്രാജ്യം സംസ്‌കരിക്കപ്പെട്ടത്. 

യൂറോപ്പ്, ബോസ്നിയയിലെ മുസ്ലിങ്ങളുടേയും സെര്‍ബുകളുടേയും ഏറ്റുമുട്ടലുകള്‍ സത്യമാവണമെന്നില്ല. അത് നിര്‍മ്മിക്കപ്പെട്ടതാണ്. ചാരമായി അവശേഷിച്ച മണ്‍മറഞ്ഞ സാമ്രാജ്യങ്ങളുടെ ശേഷിപ്പുകളില്‍നിന്നാണ് അവ പൊങ്ങിവരുന്നത്. ഏതു കാരണത്തിലായാലും ഇല്ലാതായ ദേശീയ പ്രസ്ഥാനങ്ങളാണ് അത് നിലനിര്‍ത്താന്‍ പരിശ്രമിക്കുന്നത്. ഇത് നിങ്ങളുണ്ടാക്കിയ തീയാണ്. അത് കെടുത്തേണ്ടത് നിങ്ങളാണ്!

യൂറോപ്പ്, നിങ്ങളുടെ മനസ്സാക്ഷി പരിശോധിക്കേണ്ട സമയമാണിത്; നിങ്ങള്‍ക്ക് എപ്പോഴെങ്കിലും അതുണ്ടായിരുന്നെങ്കില്‍!

'യൂറോപ്പ്, എന്റെ നഗരം കത്തുകയാണ്' എന്ന പേരില്‍ എമിര്‍ കുസ്തുറിക്ക 1992 ഏപ്രില്‍ 24-ന് ഫ്രെഞ്ച് ദിനപത്രമായ 'ലാ മുണ്ടെ'യില്‍ പ്രസിദ്ധപ്പെടുത്തിയ വിലാപമാണ് ഇത്. യൂഗോസ്ലാവിയയുടെ ഭൂതവും വര്‍ത്തമാനവും തൊട്ടുകാട്ടിയും പരസ്പരം കഴുത്തറുക്കുന്ന സ്പര്‍ദ്ധയിലേക്ക് ഒരു ജനതയെയാകമാനം കൈപിടിച്ച് നയിച്ചതില്‍ യൂറോപ്പിനുള്ള പങ്ക് വ്യക്തമാക്കിയും എഴുതിയ ഈ കത്ത് എമിര്‍ കുസ്തുറിക്ക എന്ന ചലച്ചിത്ര സംവിധായകന്റെ ചരിത്ര-രാഷ്ട്രീയ ബോധ്യത്തിന്റെ നിദര്‍ശനമാണ്. എമിര്‍ കുസ്തുറിക്ക രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കുന്നത് തന്റെ സിനിമകളിലൂടെ മാത്രമല്ല. ലോകരാഷ്ട്രീയത്തില്‍ നിരന്തരം ഇടപെട്ടുകൊണ്ട് കുസ്തുറിക്ക നടത്തുന്ന പ്രസ്താവനകള്‍, അഭിമുഖങ്ങള്‍, റേഡിയോ ഭാഷണങ്ങള്‍, ടെലിവിഷന്‍ പരിപാടികള്‍ എന്നിവയെല്ലാം അടിമുടി രാഷ്ട്രീയ ജീവിയായ ഒരു ചലച്ചിത്ര സംവിധായകനെയാണ് നമുക്കു കാട്ടിത്തരുന്നത്. തന്റെ സിനിമകള്‍ ഈ രാഷ്ട്രീയ താല്പര്യങ്ങളുടെ പലതരത്തിലുള്ള പ്രതിഫലനങ്ങള്‍ ആവാറുണ്ട് എന്നുമാത്രം. അദ്ദേഹത്തിന്റെ പലവിധ ആവിഷ്‌കാരങ്ങളില്‍ ഒന്നുമാത്രമാണ് സിനിമ. സംഗീതം, നാടകം, ഓപ്പറ, സാഹിത്യം തുടങ്ങി അദ്ദേഹത്തിന്റെ ആവിഷ്‌കാരങ്ങള്‍ ഒരു ഗ്രാമം നിര്‍മ്മിക്കുന്നതില്‍ വരെ എത്തിച്ചേര്‍ന്നതാണ്. തന്റെ ചിന്തകള്‍ ലോകത്തോട് തുറന്നുപറയാന്‍ ഒന്നും അദ്ദേഹത്തിനു തടസ്സമല്ല. ഒന്നിന്റെ പ്രീതിയും അപ്രീതിയും അദ്ദേഹത്തെ ബാധിക്കില്ല. ചലച്ചിത്രകാരന്‍ എന്ന നിലയില്‍ സിനിമകളുടെ വിജയപരാജയങ്ങളോ പുരസ്‌കാര നേട്ടങ്ങളോ അദ്ദേഹത്തിന്റെ സ്വാതന്ത്ര്യബോധത്തേയോ വ്യക്തിസത്തയേയോ ബാധിക്കാറില്ല. കാനില്‍ തന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കാത്തത് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡ്മിര്‍ പുടിനെ താന്‍ ചില വിഷയങ്ങളില്‍ പിന്തുണച്ചതുകൊണ്ടാണെന്നും താന്‍ നടത്തുന്ന അമേരിക്കന്‍ വിമര്‍ശനങ്ങള്‍ മുന്‍നിര്‍ത്തിയാണ് വെനീസില്‍ തനിക്ക് പുരസ്‌കാരം തരാതിരിക്കാന്‍ ചില ജൂറിയംഗങ്ങള്‍ ശ്രമിച്ചത് എന്നുമൊക്കെ എമിര്‍ കുസ്തുറിക്ക പലപ്പോഴായി പറഞ്ഞിട്ടുണ്ട്. അവയൊന്നും പക്ഷേ, അദ്ദേഹത്തിന്റെ രാഷ്ട്രീയ വീക്ഷണങ്ങള്‍ക്കും തുറന്ന അഭിപ്രായപ്രകടനങ്ങള്‍ക്കും ഒരിക്കലും വിലങ്ങായിട്ടില്ല.

ഡുയു റിമംബർ
ഡുയു റിമംബർ

കുസ്തുറിക്കയുടെ രാഷ്ട്രീയ നിലപാടുകള്‍

എമിര്‍ കുസ്തുറിക്കയുടെ സിനിമകളുടെ രാഷ്ട്രീയം വിലയിരുത്തുമ്പോള്‍ അവ മുന്നോട്ടുവെയ്ക്കുന്ന പ്രമേയങ്ങളെ, ഉള്ളടക്കത്തെ സംബന്ധിച്ചുള്ള ആലോചനകളില്‍ അതവസാനിക്കില്ല. സിനിമയുടെ രാഷ്ട്രീയത്തെ സംബന്ധിച്ച ഉള്‍ക്കാഴ്ചകള്‍, ഉള്ളടക്കത്തില്‍ മാത്രമല്ല അതു കുടികൊള്ളുന്നതെന്ന പുതിയകാല തത്ത്വചിന്തകളെയാണ് പിന്‍പറ്റുന്നത്. സിനിമയുടെ ആഖ്യാനം, അതിന്റെ രൂപം, ദാര്‍ശനികമായ ആഴം, സാമൂഹികവും രാഷ്ട്രീയവുമായ പശ്ചാത്തലം, നിര്‍മ്മാണ വിതരണരീതികള്‍, പ്രേക്ഷകരുമായുള്ള ബന്ധം തുടങ്ങിയ ഘടകങ്ങള്‍ സിനിമയുടെ രാഷ്ട്രീയം നിര്‍ണ്ണയിക്കുന്നതില്‍ പ്രധാനമാണ്. രാഷ്ട്രീയമോ സാമൂഹികമോ ആയ പ്രമേയങ്ങള്‍ നേരിട്ട് കൈകാര്യം ചെയ്യാതെ തന്നെ ഒരു സിനിമയ്ക്ക് രാഷ്ട്രീയ സിനിമയാവാം. രാഷ്ട്രീയ ചരിത്രം പ്രമേയമാക്കുന്ന സിനിമകള്‍ അരാഷ്ട്രീയവുമാകാം. ഒരു കലാരൂപം എന്ന നിലയിലും ജനകീയ മാധ്യമം എന്ന നിലയിലും സിനിമയ്ക്ക് സഹജമായുള്ള ശക്തിവിശേഷങ്ങള്‍ ജനതയുടെ കാഴ്ചയിലും അതുവഴി കാഴ്ചപ്പാടിലും വരുത്തുന്ന മാറ്റങ്ങള്‍ രാഷ്ട്രീയത്തിന്റെ പരിധിയില്‍ വരും. എങ്ങനെയാണ് പുതുകാല മുതലാളിത്തം സിനിമകളിലൂടെ നമ്മുടെ കാഴ്ചകളെപ്പോലും കവരുന്നത് എന്നതിനെ സംബന്ധിച്ച ആശയങ്ങള്‍ സിനിമയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധമാണ് വ്യക്തമാക്കുക. ആ നിലയില്‍ കുസ്തുറിക്കയുടെ സിനിമകളിലെ വിവിധങ്ങളായ ചിഹ്നങ്ങള്‍, ദൃശ്യസവിശേഷതകള്‍, ആവര്‍ത്തിക്കുന്ന രൂപകങ്ങള്‍, സിനിമയുടെ മുന്‍പിന്‍ അരങ്ങുകളിലെ പലതരത്തിലുള്ള പ്രതിനിധാനങ്ങള്‍, സിനിമയിലെ ഓരോ ഘടകത്തേയും അദ്ദേഹം ഉപയോഗപ്പെടുത്തുന്ന രീതി, അദ്ദേഹത്തിന്റെ പ്രധാന സവിശേഷതയായ കറുത്തഹാസ്യം, ജീവിതത്തെക്കുറിച്ച് അദ്ദേഹം മുന്നോട്ടു വെയ്ക്കാനായുന്ന ആശയപരിസരം, കഥാപാത്രലോകങ്ങള്‍ എന്നിങ്ങനെ നിരവധിയായ ഘടകങ്ങള്‍ ഇഴപിരിച്ചുകൊണ്ടുവേണം അദ്ദേഹത്തിന്റെ സിനിമകളിലെ രാഷ്ട്രീയം വിശകലനം ചെയ്യാന്‍.

കുസ്തുറിക്കയുടെ സിനിമകള്‍ വലിയ നിലയില്‍ വിമര്‍ശിക്കപ്പെട്ടതിന്റെ ഒരു കാരണവും അദ്ദേഹം പലപ്പോഴായി സ്വീകരിച്ച പ്രത്യക്ഷമായ രാഷ്ട്രീയ നിലപാടുകളാണ്. ബോസ്നിയന്‍ മുസ്ലിം ആയിരുന്നെങ്കിലും സെര്‍ബിയയേയും സെര്‍ബിയയിലെ സ്വേച്ഛാധിപതിയായ മിലോസോവിച്ചിനേയും പിന്തുണയ്ക്കുന്നു എന്ന ആക്ഷേപം വലിയ രീതിയില്‍ കുസ്തുറിക്ക ഏറ്റുവാങ്ങുന്നുണ്ട്. 'അണ്ടര്‍ഗ്രൗണ്ടി'നു കാന്‍ പുരസ്‌കാരം ലഭിച്ചപ്പോള്‍ വേദിയില്‍, ആ സിനിമയുടെ നിര്‍മ്മാണത്തില്‍ നാമമാത്രമായ പങ്കാളിത്തം മാത്രമുണ്ടായിരുന്ന സെര്‍ബിയന്‍ ടെലിവിഷനെ പ്രതിനിധീകരിച്ച് സര്‍ക്കാര്‍ പ്രതിനിധികള്‍ പങ്കെടുത്തത് ഇതിനുള്ള തെളിവായും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ടായിരുന്നു. 2005-ല്‍ കുസ്തുറിക്ക കാനില്‍ ജൂറി അദ്ധ്യക്ഷനായിരിക്കെ ''എന്തുകൊണ്ടാണ് മിലോസോവിച്ചിനെ താങ്കള്‍ വിമര്‍ശിക്കാത്തത്'' എന്ന ചോദ്യം അദ്ദേഹം നേരിടുന്നുണ്ട്. ''ആരും എല്ലാം തികഞ്ഞവരല്ല'' എന്നായിരുന്നു അപ്പോഴും അദ്ദേഹത്തിന്റെ ഉത്തരം. യുഗോസ്ലാവിയന്‍ യുദ്ധവിചാരണയ്ക്കായി ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ ട്രിബ്യൂണലില്‍ മിലോസോവിച്ചിനെ വിചാരണ ചെയ്യുന്ന പാശ്ചാത്യശക്തികളെ അദ്ദേഹം തുറന്നു വിമര്‍ശിക്കുന്നുണ്ട്. 'ദേശീയവാദി' എന്നു വിളിച്ചു പരിഹസിച്ചവരോട് അദ്ദേഹം പറയുന്ന മറുപടി കുസ്തുറിക്കയെ മനസ്സിലാക്കുന്നതില്‍ പ്രധാനമാണ്. ''ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു എന്നതും ദേശീയ വികാരം എന്നിലുണ്ട് എന്നതും ശരിയാണ്. എന്നാല്‍, അതെന്നെ ഒരു തരത്തിലും ദേശീയവാദിയാക്കുന്നില്ല. ഞാന്‍ ദേശം ഇല്ലാത്തവനാണ്. സെര്‍ബിയയുമായുള്ള എന്റെ ഒരേയൊരു ബന്ധം എന്റെ ഭാഷയാണ്.'' സ്വന്തം രാജ്യത്ത് ഒരു രാഷ്ട്രീയ നേതാവിനേക്കാള്‍ രാഷ്ട്രീയം പറയുന്നയാളായി കുസ്തുറിക്ക വിലയിരുത്തപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ എല്ലാ സിനിമകള്‍ക്കും അവിടെയുണ്ടായത് രാഷ്ട്രീയ വായന മാത്രമാണ്. ധാര്‍മ്മികമൂല്യങ്ങള്‍ ഇല്ലാത്തവന്‍ എന്നും രാജ്യത്തെ ഒറ്റുകൊടുത്തവന്‍ എന്നും അദ്ദേഹത്തെ വിളിച്ചവരുണ്ടായിരുന്നു. കുസ്തുറിക്കയെ അറിയാതെ അദ്ദേഹത്തിന്റെ സിനിമകളുടെ ചില കഥാപാത്ര ഭാഷണങ്ങളുടേയോ ഉള്ളടക്ക സൂചനകളുടേയോ വെളിച്ചത്തില്‍ അദ്ദേഹത്തിന്റെ സിനിമകളുടെ രാഷ്ട്രീയം ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല.

സ്വന്തം നാടുമായി ബന്ധപ്പെട്ടു മാത്രമല്ല, ലോകരാഷ്ട്രീയ ഗതിയെ അതിസൂക്ഷ്മം പിന്തുടരുന്ന ഒരാളെന്ന നിലയില്‍ ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും നടക്കുന്ന സ്വാതന്ത്ര്യ പോരാട്ടങ്ങളെ സംബന്ധിച്ചും ആഗോളവല്‍ക്കരണത്തിനും സ്വകാര്യവല്‍ക്കരണത്തിനും കോര്‍പ്പറേറ്റുകളുടെ ചൂഷണത്തിനും എതിരായും നിരന്തരം അദ്ദേഹം പൊതുവേദികളില്‍ സംസാരിക്കും. മാനവികതയ്ക്കും മനുഷ്യസ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സമരങ്ങളെ മുന്‍പിന്‍ നോക്കാതെ പിന്തുണയ്ക്കും. സ്വേച്ഛാധിപത്യ ഭരണകൂടത്തിനെതിരെ സംസാരിക്കും. അമേരിക്കയുടെ നയങ്ങളേയും യുദ്ധക്കൊതിയേയും തുറന്നെതിര്‍ക്കും. അമേരിക്കന്‍ താല്പര്യങ്ങള്‍ ലോക കമ്പോളത്തില്‍ വ്യാപിപ്പിക്കുന്ന ഹോളിവുഡിന്റെ തന്ത്രങ്ങളെക്കുറിച്ച് മുന്നറിയിപ്പുകള്‍ നല്‍കും. തന്റെ പ്രഖ്യാതമായ ഇടതുപക്ഷാഭിമുഖ്യം തുറന്നുപറയും.

പിക്കാസോ
പിക്കാസോ

ഗൂര്‍ണിക്കയെന്ന ഹ്രസ്വ ചിത്രം

കുസ്തുറിക്കയുടെ സിനിമകളുടെ രാഷ്ട്രീയത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ ആദ്യം പരാമര്‍ശിക്കേണ്ടത് അദ്ദേഹത്തിന്റെ ഫിലിം സ്‌കൂളിലെ പഠനത്തിന്റെ ഭാഗമായി തയ്യാറാക്കിയ 'ഗൂര്‍ണിക്ക' എന്ന ഹ്രസ്വ ചിത്രത്തെയാണ്. സിനിമ നേരിട്ട് രാഷ്ട്രീയ പ്രഖ്യാപനമാവുന്ന ഈ രീതി പിന്നീട് കുസ്തുറിക്ക ഉപേക്ഷിക്കുന്നുണ്ട്. എങ്കിലും പിന്നീട് അദ്ദേഹത്തിന്റെ തനതു സവിശേഷതയായി അറിയപ്പെട്ട ആഖ്യാനരീതിയുടെ ചെറുചലനങ്ങള്‍ ഈ സിനിമയിലും കാണാം. ഗൂര്‍ണിക്ക വരച്ചത് താനല്ല, നിങ്ങളാണ് എന്ന് നാസി പട്ടാളത്തോട് പറയുന്ന പിക്കാസോയുടെ കഥയെ മുന്‍നിര്‍ത്തിയാണ് കുസ്തുറിക്കയുടെ 'ഗൂര്‍ണിക്ക' ഉണ്ടാവുന്നത്. ഏകാധിപത്യത്തോടും ഫാസിസത്തോടുമുള്ള വിപ്രതിപത്തി അദ്ദേഹം 24-ാമത്തെ വയസ്സില്‍ പൂര്‍ത്തീകരിച്ച ഈ ചിത്രത്തിലുണ്ട്. കഥ, ചിത്രം, മിത്ത് എന്നിവയെയെല്ലാം ഏകോപിപ്പിച്ചുകൊണ്ടാണ് ഈ ലഘുചിത്രം ഒരുക്കിയിരിക്കുന്നത്. കലയെ മുന്‍നിര്‍ത്തിയാണ് ഈ വിചാരം നിര്‍വ്വഹിക്കുന്നത് എന്നതും പ്രധാനമാണ്. മൂക്കു നീണ്ടുവളഞ്ഞതിനാല്‍ ശിക്ഷിക്കപ്പെടുന്ന മനുഷ്യരെക്കുറിച്ചുള്ള കഥ, 'ഗൂര്‍ണിക്ക' എന്ന ചിത്രം, പിക്കാസോയെക്കുറിച്ചുള്ള മിത്ത് എന്നിവയെ ഫാസിസത്തിനെതിരായുള്ള പ്രചാരണത്തില്‍ കലാപരമായി വിളക്കിച്ചേര്‍ക്കുന്നു. കുടുംബചിത്രത്തിലെ മൂക്കുനീണ്ട മനുഷ്യരുടെ മൂക്കുകള്‍ മുറിച്ചുമാറ്റുകയും അത് പലയിടങ്ങളിലും കൂട്ടിച്ചേര്‍ക്കുകയും ചെയ്തുകൊണ്ടാണ് ഇതിലെ കുട്ടി തന്റെ ഗൂര്‍ണിക്ക തീര്‍ക്കുന്നത്. അത് സിനിമയെക്കുറിച്ചുള്ള സൂചനകൂടി ഉള്‍ക്കൊള്ളുന്നു. മുറിച്ചു മാറ്റിയും കൂട്ടിച്ചേര്‍ത്തും ദൃശ്യങ്ങളെ കലയാക്കുന്ന പ്രവര്‍ത്തനമാണല്ലോ സിനിമയും. ശബ്ദവും സംഗീതവും ഫാസിസത്തോടുള്ള ഭീതി വെളിവാക്കാന്‍ സിനിമയില്‍ ഉപയോഗിക്കുന്നുണ്ട്. കലകളെ ഫാസിസം എക്കാലത്തും ഭയപ്പെടുന്നുണ്ട്. ''ആരാണ് ഈ ചിത്രം വരച്ചത്'' എന്ന് ഗൂര്‍ണിക്കയുടെ മുന്നില്‍നിന്നു മകന്‍ ചോദിക്കുമ്പോള്‍ പിതാവ് പറയുന്നത്: ''ഇരുട്ടിനെ ഭയപ്പെടാത്ത ഒരാള്‍'' എന്നാണ്. കലാകാരന്റെ പൊതുസവിശേഷതയാണ് ആ ധൈര്യം എന്ന ബോധ്യം കുസ്തുറിക്കയ്ക്ക് സിനിമയുടെ വഴിയില്‍ കാലെടുത്തു വെയ്ക്കുമ്പോള്‍ തന്നെയുണ്ടായിരുന്നു എന്നതാണ് ഈ കൊച്ചു സിനിമയെ ശ്രദ്ധേയമാക്കുന്നത്. സിനിമയില്‍ വരുന്ന ശില്പങ്ങള്‍, ഉള്ളു പൊള്ളയായ ചരിത്ര പുരുഷന്മാര്‍, വീടിന്റെ ചുമരിലെ കുടുംബ ഫോട്ടോകള്‍ തുടങ്ങിയ ഇമേജുകള്‍ വലിയ അര്‍ത്ഥ പരിസരത്തേക്കു കാണിയെ നയിക്കും. നിരന്തരമുള്ള ചലനങ്ങള്‍കൊണ്ടാണ് നിശ്ചലമായ ചിത്രങ്ങളും ശില്പങ്ങളും ഫോട്ടോഗ്രാഫുകളും പകര്‍ത്തപ്പെടുന്നത്. നിശ്ചലതയേയും ചലനത്തേയും ഇരുട്ടിനേയും വെളിച്ചത്തേയും ചേര്‍ത്തുവെച്ചുകൊണ്ട് പ്രമേയത്തിനപ്പുറം സിനിമ വ്യഞ്ജിപ്പിക്കുന്ന ഒരാശയതലമാണ് ഈ സിനിമയുടെ അടിസ്ഥാന രാഷ്ട്രീയം വ്യക്തമാക്കുന്നത്. നിശ്ചലമായ വ്യവസ്ഥയാണ് ഫാസിസം. ചലനമാണ് അതിനെയില്ലാതാക്കുന്നത്. ഈ ചലനത്തിന്റെ രാഷ്ട്രീയമാണ് പില്‍ക്കാല സിനിമകളില്‍ കുസ്തുറിക്ക കൂടുതല്‍ വ്യക്തമാക്കിയത്.
കുസ്തുറിക്കയുടെ ആദ്യ ഫീച്ചര്‍ സിനിമയായ 'ഡൂ യു റിമംബര്‍ ഡോളി ബെല്‍' നിശിതമായ രാഷ്ട്രീയ വിമര്‍ശനം മുന്നോട്ടു വെയ്ക്കുന്നുണ്ട്. പ്രമേയം, ആഖ്യാനം, രൂപം എന്നിവയിലൊക്കെ ഈ സിനിമ രാഷ്ട്രീയമാണ്. സരയേവോയില്‍ ചെറുപ്പക്കാര്‍ വഴിതെറ്റിപ്പോകാതിരിക്കാന്‍ അവരെ പാശ്ചാത്യരീതിയിലുള്ള മ്യൂസിക് ബാന്‍ഡിലേക്ക് ആകര്‍ഷിക്കാന്‍ പ്രാദേശിക കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ അയഞ്ഞ പ്രമേയത്തില്‍ ഉള്ളത്. നേരെ പറഞ്ഞുതീര്‍ക്കാവുന്ന ഒരു കഥാഗതിയോ നായകനോ ചിത്രത്തിലില്ല. ദിനോയും അവന്റെ അച്ഛന്‍ മഹൊയും തമ്മില്‍ നടക്കുന്ന സംവാദങ്ങളും മുതിരുന്ന ദിനോയില്‍ വികസിക്കുന്ന ലൈംഗികവും ആശയപരവുമായ സന്ദിഗ്ദ്ധതകളുമാണ് കുസ്തുറിക്ക സിനിമയില്‍ ആവിഷ്‌കരിക്കുന്നത്. ഈ ലൈംഗികതയെ തെറ്റായ ധാര്‍മ്മിക പരിസരങ്ങളിലേക്ക് പോകാതെ നോക്കാനാണ് പാര്‍ട്ടി തന്നെ തങ്ങളുടെ സോഷ്യല്‍ ക്ലബ്ബുകളില്‍ ഇറ്റാലിയന്‍ നടിമാരുടെ നഗ്‌നനൃത്തങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതിനു സമാന്തരമായി പോകുന്ന അധോലോകം ലൈംഗികതയെ കച്ചവടച്ചരക്കാക്കുകയാണ്. മുതലാളിത്തത്തേയും കമ്യൂണിസ്റ്റ് ആശയസംഹിതകളേയും കറുത്ത ഹാസ്യത്തോടെ ചേര്‍ത്തുവെയ്ക്കുന്നിടത്താണ് സിനിമയുടെ രാഷ്ട്രീയ വിമര്‍ശനം കുടികൊള്ളുന്നത്. തികഞ്ഞ കമ്യൂണിസ്റ്റായ മഹൊ മദ്യപിച്ച് ലക്കുകെട്ടായാലും അനുവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചിട്ടവട്ടങ്ങള്‍ ഈ കറുത്ത ചിരിയുടെ ഭാഗമാണ്. അതിദരിദ്രമായ ചുറ്റുപാടുകള്‍ക്കിടയിലും ആശയവാദങ്ങളുടെ ഉട്ടോപ്യകളിലാണ് അവര്‍ ഇരുവരും നിലകൊള്ളുന്നത്. മഹൊയുടെ ദൈവവിശ്വാസിയായ സഹോദരി ദൈവത്തെ വിളിക്കുന്നതും മഹൊ എല്ലായ്പോഴും മാര്‍ക്‌സിനേയും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയേയും കൂട്ടുപിടിക്കുന്നതും സിനിമയില്‍ കാണാം. ''ദരിദ്രരായ മനുഷ്യരാണ് ആശയങ്ങളിലും മതങ്ങളിലും വീഴുന്നത്'' എന്നയാള്‍ ഒരിടത്ത് ആത്മഗതം ചെയ്യുന്നുണ്ട്. ദിനോയുടെ ഹിപ്നോട്ടിസവും മഹൊയുടെ കമ്യൂണിസ്റ്റ് ഐഡിയോളജിയും ചേര്‍ത്തുകെട്ടുന്നുണ്ട് സിനിമ തുടക്കം മുതല്‍ ഒടുക്കം വരെ. ''കമ്യൂണിസം നടപ്പിലായാല്‍ ലോകത്ത് നല്ല ഹിപ്നോട്ടിസ്റ്റുകള്‍ വേണ്ടിവരും'' എന്ന മഹൊയുടെ കമന്റ് ഇതിന്റെ ഭാഗമാണ്. സുഹൃത്തിനൊപ്പം ഹിപ്നോട്ടിസം പരിശീലിക്കുന്ന ദിനോയും വീട്ടില്‍ തീന്‍മേശയില്‍ കമ്യൂണിസ്റ്റ് രീതിശാസ്ത്രം നടപ്പാക്കുന്ന മഹൊയും കോമാളികളുടെ ഛായയിലാണ് സിനിമയില്‍ അവതരിപ്പിക്കപ്പെടുന്നത്. സ്വകാര്യസ്വത്ത്/പൊതു ഉടമസ്ഥത, കുടുംബം/സമൂഹം, ശാസ്ത്രം/ഭാവന, ആശയവാദം/പ്രായോഗികത തുടങ്ങി സിനിമയിലെ ആശയചര്‍ച്ചകള്‍ക്കെല്ലാം ഒരു പാരഡി സ്വഭാവമാണ് കുസ്തുറിക്ക നല്‍കന്നത്. ഈ പാരഡിയും കറുത്ത ഹാസ്യവുമാണ് 'ഡൂ യു റിമംബര്‍ ഡോളി ബെല്ലി'ലെ കടുത്ത രാഷ്ട്രീയ വിമര്‍ശം. 

വ്ലാഡിമിർ പുടിൻ 
വ്ലാഡിമിർ പുടിൻ 

1950-കളിലെ യൂഗോസ്ലാവിയ

കുസ്തുറിക്കയെ ഒരു ചലച്ചിത്ര സംവിധായകന്‍ എന്ന നിലയില്‍ ലോകശ്രദ്ധയില്‍ കൊണ്ടുവന്ന 'വെന്‍ ഫാദര്‍ വാസ് എവേ ഓണ്‍ ബിസിനസ്സ്' പ്രമേയമെന്ന നിലയില്‍ നേരിട്ട് ഒരു രാഷ്ട്രീയ കാലഘട്ടത്തെ ആവിഷ്‌കരിക്കുന്ന സിനിമയാണ്. 1950-കളിലെ യൂഗോസ്ലാവിയയുടെ രാഷ്ട്രീയ സാഹചര്യങ്ങളാണ് സിനിമയിലുള്ളത്. സരയേവോയുടെ ചരിത്രത്തേയും സംസ്‌കാരത്തേയും അടയാളപ്പെടുത്താനുള്ള ചലച്ചിത്രത്രയത്തിലെ രണ്ടാമത്തെ സിനിമയാണ് 'വെന്‍ ഫാദര്‍ വാസ് എവേ ഓണ്‍ ബിസിനസ്സ്.' രണ്ടാം ലോകയുദ്ധത്തിനുശേഷം അധികാരത്തില്‍ വന്ന ടിറ്റോയുടെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് ഭരണകൂടം പിന്നീട് എത്തിച്ചേര്‍ന്ന പതനങ്ങള്‍ ഈ സിനിമ ആവിഷ്‌കരിക്കുന്നു. ജോസഫ് സ്റ്റാലിനുമായും സോവിയറ്റ് യൂണിയനുമായും അകന്നതിനുശേഷം ടിറ്റോ യൂഗോസ്ലാവിയയുടെ മാത്രമായ ഒരു കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രമാണ് നടപ്പില്‍ വരുത്തുന്നത്. പലപ്പോഴും അതിനു പിന്തുണ നല്‍കാന്‍ അമേരിക്കയുണ്ടായിരുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മാലിക്കിന്റെ കൂട്ടുകാരന്‍ യോസയുടെ പിതാവ് വ്‌ലാഡോ പെട്രോവിച്ച് അമേരിക്കന്‍ അനുകൂലമായ യൂഗോസ്ലാവിയയുടെ നയങ്ങളെ വിമര്‍ശിക്കാന്‍ ഉപയോഗിച്ച ഒരു വാക്യമാണ് അയാളെ എന്നന്നേയ്ക്കുമായി കാണാതാക്കിയത്. അയാള്‍ ആളുകള്‍ കേള്‍ക്കെ പറഞ്ഞു: ''അമേരിക്കന്‍ കേക്കിനെക്കാള്‍ എനിക്കിഷ്ടം റഷ്യന്‍ തീട്ടം തിന്നുന്നതാണ്.'' അധികാരികള്‍ക്കു മുന്നില്‍ അയാളെ അന്വേഷിച്ച് ഭാര്യയും മകളും നടത്തുന്ന അന്വേഷണങ്ങളെല്ലാം വൃഥാവിലായപ്പോള്‍ ഒഴിഞ്ഞ ശവപേടകമടക്കി അവര്‍ അയാളുടെ സംസ്‌കാരം പ്രതീകാത്മകമായി നടത്തുന്നു. അധികാരികളോടുള്ള അടങ്ങാത്ത അമര്‍ഷം അവര്‍ ആവിഷ്‌കരിക്കുന്നത് അങ്ങനെയാണ്. സിനിമയുടെ കേന്ദ്രപ്രമേയവും കുസ്തുറിക്ക സിനിമയില്‍ പ്രയോജനപ്പെടുത്തുന്ന ബിംബങ്ങളും നിലനിന്നിരുന്ന രാഷ്ട്രീയ വ്യവസ്ഥയുടെ പ്രകടമായ വിമര്‍ശനമാണ്. കാമുകിയുമൊത്തുള്ള തീവണ്ടി യാത്രയ്ക്കിടെ പത്രത്തില്‍ വന്ന ഒരു കാര്‍ട്ടൂണ്‍ സംബന്ധിച്ച് ചിത്രത്തിലെ നായകനായ മെസ നടത്തിയ ഒരാത്മഗതവും തന്നോടുള്ള സ്‌നേഹക്കുറവിനെച്ചൊല്ലി പരിഭവിച്ച കാമുകിയോട് നടത്തിയ ഒരാശ്വാസവാക്കുമാണ് അയാളെ തടവിലാക്കിയത്. മാര്‍ക്‌സിസത്തെ സംബന്ധിച്ച് മാര്‍ക്‌സിയനേക്കാള്‍ പ്രാമുഖ്യം വന്നിരിക്കുന്ന സ്റ്റാലിനിസത്തെ പരിഹസിക്കുന്ന ആ കാര്‍ട്ടൂണ്‍ കണ്ട് 'അല്പം ഏറിപ്പോയി'' എന്നയാള്‍ പറയുകയുണ്ടായി. കാമുകിയോട് ''ഈ ഭ്രാന്താലയത്തില്‍ ആര്‍ക്ക് ആരെ സ്‌നേഹിക്കാന്‍ കഴിയും'' എന്നും പറഞ്ഞു. ലേബര്‍ ക്യാമ്പിലേക്കും നല്ല നടപ്പിലേക്കുമായി അയാള്‍ നാടുകടത്തപ്പെടാന്‍ അതു ധാരാളം മതിയായിരുന്നു. ചിത്രാന്ത്യത്തില്‍ സ്വന്തം വാക്കുകളും ചിന്തകളും തന്നെത്തന്നെ ഒറ്റുകൊടുക്കാത്ത ലോകത്തെക്കുറിച്ച് മെസ ആലോചിക്കുന്നുണ്ട്. ജനാധിപത്യത്തില്‍ അയാള്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നുണ്ട്. മെസയുടെ ഭാര്യാപിതാവും ഒടുവില്‍ നാടുവിട്ട് പോകുന്നു. വൃദ്ധന്‍ പോകുമ്പോള്‍ എല്ലാവരോടുമായി പറയാനേല്പിച്ചത്, ''വാര്‍ദ്ധക്യത്തിലെത്തിയ താന്‍ മലീമസമായ ഈ രാഷ്ട്രീയത്താല്‍ ക്ഷീണിതനും രോഗിയുമായി തീര്‍ന്നിരിക്കുന്നു'' എന്നാണ്. മനുഷ്യ സ്വാതന്ത്ര്യവും രാഷ്ട്രീയമായ വിധേയത്വവും തമ്മിലുള്ള സംഘര്‍ഷമാണ് ചിത്രം ആവിഷ്‌കരിക്കുന്നത്. നല്ല കമ്യൂണിസ്റ്റുകാരനായ മെസയ്ക്കാണ് രാഷ്ട്രശത്രുവിന്റെ മേലങ്കി ചാര്‍ത്തപ്പെടുന്നത്. അത് അധികാരത്തില്‍ എത്തിയ പാര്‍ട്ടി/ഭരണ മേലാളന്മാരുടെ സ്വാര്‍ത്ഥതയാലാണുതാനും. മെസയുടെ കാമുകി പിന്നീട് അയാളുടെ ഭാര്യാസഹോദരനും പാര്‍ട്ടിയിലെ ഉയര്‍ന്ന നേതാവുമായ സിജോയുടെ പ്രണയിനിയാവുന്നു. അക്കാരണം കൊണ്ടുമാത്രമാണ് അയാള്‍ നാടുകടത്തപ്പെടുന്നത്. എന്നാല്‍, മറുവശത്ത് ഒരു വ്യക്തിതന്നെ രാഷ്ട്രമാവുകയാണ്. ടിറ്റോ കമ്യൂണിസ്റ്റ് പാര്‍ട്ടിയെയാണോ പാര്‍ട്ടി ടിറ്റോയെയാണോ നയിക്കുന്നത് എന്നത് സിനിമയിലെ ഒരു വിഷയമാണ്. മെസയുടെ മകന്‍ മാലിക്ക് സ്‌കൂളിലെത്തിയ മേയറെ സ്വീകരിക്കുമ്പോള്‍ തെറ്റിപ്പറഞ്ഞ ഇക്കാര്യം വീണ്ടും മെസയെ വിചാരണ ചെയ്യാന്‍ കാരണമാവുന്നു. ടിറ്റോ തന്നെയാണ് രാഷ്ട്രം എന്നാണ് തങ്ങളെ പഠിപ്പിച്ചതെന്നാണ് മെസ പറയുന്ന മറുപടി. ഒരു വ്യക്തി രാഷ്ട്രമാവുന്ന അവസ്ഥ സിനിമയിലെ കാലത്ത് മാത്രമല്ല പ്രസക്തമാവുന്നത്. യൂഗോസ്ലാവിയ ഇല്ലാതാവുകയും ആറു രാഷ്ട്രങ്ങളായി അത് വിഭജിക്കപ്പെടുകയും ചെയ്തതിനുശേഷവും പഴയ യൂഗോസ്ലാവിയന്‍ രാഷ്ട്രങ്ങളില്‍ പലതിലും സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ തന്നെയാണ് തുടര്‍ന്നുപോന്നിരുന്നത്. 

'വെന്‍ ഫാദര്‍ വാസ് എവേ ഓണ്‍ ബിസിനസ്സ്' കുസ്തുറിക്കയുടെ ശ്രദ്ധേയമായ ഒരു രാഷ്ട്രീയ ചിത്രമാകുന്നത് അതിന്റെ പ്രമേയം കൊണ്ടുമാത്രമല്ല. സിനിമ അതിന്റെ ദൃശ്യാഖ്യാനത്തില്‍ മുഴുവന്‍ ഈ രാഷ്ട്രീയ വീക്ഷണം ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. യാത്രയുടെ നിരന്തരമായ ബിംബങ്ങള്‍ സിനിമ പ്രയോജനപ്പെടുത്തുന്നത് നിശ്ചലമായ ഒരു പ്രത്യയശാസ്ത്രത്തിനു പകരമായാണ്. വെറുപ്പിന്റേയും സ്വാര്‍ത്ഥതയുടേയും അധികാരത്തിന്റെ മേല്‍ക്കയ്യുടേയും നിശ്ചലതയ്ക്കു പകരം സ്‌നേഹത്തിന്റേയും വാത്സല്യത്തിന്റേയും പ്രണയത്തിന്റേയും ലോകത്തെല്ലാം യാത്രയുണ്ട്. തീവണ്ടിയിലും വിമാനത്തിലും സൈക്കിള്‍ റിക്ഷയിലും ലോറിയിലും യാത്ര ചെയ്യുന്ന മനുഷ്യരുണ്ട്. ഇഷ്ടമാണ് അവരെ യാത്രകളിലേക്ക് നയിക്കുന്നത്. ആകാശമാണ് ഇടയ്ക്കിടെ സിനിമയില്‍ ആവര്‍ത്തിക്കുന്ന മറ്റൊരു ഇമേജ്. മാലിക്ക് ഭൂമി വിട്ട് ആകാശത്തേക്ക് ഉയരുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. ആകാശത്തേക്ക് കണ്ണുനട്ടുള്ള അവന്റെ ഉറക്കനടത്തങ്ങള്‍ ഉയരങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ്. ഭൂമിയിലെ സ്വന്തം കാലടിപ്പാടുകള്‍ മാത്രം കാണുന്ന കുനിഞ്ഞു നടക്കുന്ന മനുഷ്യരില്‍നിന്നുള്ള രക്ഷപ്പെടലാണത്. രാഷ്ട്രീയം എന്തായിരിക്കണമെന്ന അടിസ്ഥാന ചോദ്യമാണ് 'വെന്‍ ഫാദര്‍ വാസ് എവേ ഓണ്‍ ബിസിനസ്സ്' മുന്നോട്ടുവെക്കുന്നത്. എന്താവണം/ എന്തായിരിക്കണം നാടിന്റെ രാഷ്ട്രീയം എന്നു കാണികള്‍ ഉള്ളില്‍ ബോധ്യപ്പെടുന്ന രീതിയിലാണ് സിനിമ. ഒരു രാഷ്ട്രീയ സംഘട്ടനത്തേയും നേരിട്ടു സിനിമയില്‍ കൊണ്ടുവരാതേയും അതിനു നേര്‍വിപരീതമായ കുടുംബബന്ധങ്ങളുടെ, സമൂഹബന്ധങ്ങളുടെ മനോഹരമായ നിമിഷങ്ങള്‍ മാത്രം ചിത്രീകരിച്ചുമാണ് ഈ സിനിമ രാഷ്ട്രീയം പറയുന്നത്. 

അണ്ടർ ​ഗ്രൗണ്ട്
അണ്ടർ ​ഗ്രൗണ്ട്

ബാള്‍ക്കന്‍ യുദ്ധ ചിത്രങ്ങള്‍

ബാള്‍ക്കന്‍ യുദ്ധങ്ങളെ പശ്ചാത്തലമാക്കി കുസ്തുറിക്ക സംവിധാനം ചെയ്ത യുദ്ധത്രയത്തിലെ ആദ്യ ചിത്രമാണ് 1995-ല്‍ പുറത്തുവന്ന 'അണ്ടര്‍ഗ്രൗണ്ട്.' ലോകസിനിമയിലെ ഏറ്റവും ശക്തമായ ഒരു രാഷ്ട്രീയ രൂപകമായും രാഷ്ട്രീയ സിനിമയായും 'അണ്ടര്‍ഗ്രൗണ്ട്' വിലയിരുത്തപ്പെട്ടിട്ടുണ്ട്. കാനില്‍ മികച്ച ചിത്രത്തിനുള്ള 'പാം ദി ഓര്‍' ലഭിച്ചതിനെത്തുടര്‍ന്ന് ചിത്രത്തിനും കുസ്തുറിക്കയ്ക്കും എതിരായും അനുകൂലമായും യൂറോപ്പിലാകെ വലിയ സംവാദമുണ്ടായി. ബ്ലാക്ക് ഹ്യൂമറിന്റേയും അതിശയോക്തിയുടേയും പാരമ്യമാണ് കലാപരമായി ഈ ചിത്രം. യുക്തിയും അയുക്തിയും അത്യുക്തിയും കൂടിക്കലരുന്ന സവിശേഷമായ ഈ ആവിഷ്‌കാരം തന്നെ സിനിമയുടെ സാമ്പ്രദായികമായ ആഖ്യാനവഴികളെ നിരസിക്കുന്ന ഉയര്‍ന്ന രാഷ്ട്രീയമാനം കൈവരിക്കുന്നുണ്ട്. യൂഗോസ്ലാവിയ കടന്നുപോയ മൂന്നു യുദ്ധങ്ങളുടെ 50 വര്‍ഷത്തെ ചരിത്രമാണ് സിനിമയിലുള്ളത്. 50 വര്‍ഷത്തെ ഒരു നാടിന്റെ രാഷ്ട്രീയ ചരിത്രമാണത്. മേല്‍/കീഴ് എന്ന വര്‍ഗ്ഗ വിഭജനത്തിലെ രണ്ടു തട്ടുകള്‍, ചൂഷകര്‍/ചൂഷിതര്‍ എന്ന എല്ലാ വ്യവസ്ഥകളിലേയും രണ്ടു വിഭാഗങ്ങള്‍, പ്രത്യയശാസ്ത്രത്തിന്റേയും വിശ്വാസത്തിന്റേയും തടവറയില്‍ അടയ്ക്കപ്പെട്ടവരും അടച്ചവരും എന്ന രണ്ടു മാനസികാവസ്ഥയുടെ പ്രതീകങ്ങള്‍ എന്നിങ്ങനെ ഇതിലെ തടവറയില്‍ അടയ്ക്കപ്പെട്ടവരും അവരെ അങ്ങനെയാക്കിയവരും എന്നിങ്ങനെ പല അര്‍ത്ഥങ്ങളും ഒരു രാഷ്ട്രീയ രൂപകമെന്ന നിലയില്‍ 'അണ്ടര്‍ഗ്രൗണ്ട്' പ്രദാനം ചെയ്യും. ഇന്നും, മനുഷ്യര്‍ തടവിലായ ടെക്നോളജിയുടേയും വിവര വിനിമയ സംവിധാനങ്ങളുടേയും ആധിക്യത്തേയും അതോര്‍മ്മിപ്പിക്കും.
 
യുദ്ധങ്ങളും അധികാരവും ആരാണ് വിതയ്ക്കുന്നതെന്നും കൊയ്യുന്നതെന്നും സിനിമ ചിത്രീകരിക്കുന്നുണ്ട്. മാര്‍ക്കോയും ബ്ലാക്കിയും പ്രതിനിധാനങ്ങള്‍ മാത്രമാണ്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിനു വന്ന അപചയം ഈ രണ്ടു കഥാപാത്രങ്ങളിലൂടെയാണ് കുസ്തുറിക്ക ആവിഷ്‌കരിക്കുന്നത്. 

അതു സങ്കീര്‍ണ്ണമായി ഇഴപിരിക്കേണ്ട വിഷയമാണ്. നല്ലത്/ചീത്ത എന്നതിന്റെ ലളിതപാഠമല്ല കുസ്തുറിക്കയുടെ രാഷ്ട്രീയ സിനിമകള്‍. കുസ്തുറിക്കയുടെ തന്നെ ഒരു സിനിമയില്‍ പറയുന്നതുപോലെ, ''നല്ലത് ചിലപ്പോള്‍ ചീത്തയും ചീത്ത നല്ലതുമാവും.'' ''കമ്യൂണിസം എന്നതുതന്നെ ഒരു തടവറ ആണെ''ന്ന് ഇതിലെ ഒരു കഥാപാത്രം പില്‍ക്കാലത്ത് അഭിപ്രായപ്പെടുന്നുണ്ട്. കമ്യൂണിസത്തിനു പകരമെത്തിയ ദേശീയവാദങ്ങള്‍ അപ്പോഴേക്കും അതിലും ഭീതിദമായ സ്വേച്ഛാധിപത്യത്തില്‍ അമര്‍ന്നിരുന്നു. അതു കേള്‍ക്കുന്ന ആള്‍ അപ്പോള്‍ പറയുന്നുണ്ട്, ''അങ്ങനെയെങ്കില്‍ ഈ ലോകമാകമാനം ഒരു തടവറയാണ്.'' അധികാരം പ്രദാനം ചെയ്യുന്ന സുഖഭോഗങ്ങളെ, അതില്‍ മതിമറക്കുന്ന അരാഷ്ട്രീയതയെ ആണ് 'അണ്ടര്‍ഗ്രൗണ്ട്' പരിഹസിക്കുന്നത്. അന്നും ഇന്നും അധികാരത്തിന്റെ ദന്തഗോപുരങ്ങളില്‍ എന്താണ് നടക്കുന്നത് എന്നറിയാത്ത മനുഷ്യര്‍, വിശ്വാസത്തിന്റെ പേരില്‍ എന്തു നുണകളും വിശ്വസിക്കുന്നവര്‍, തങ്ങള്‍ വിശ്വസിക്കുന്ന ആശയസംഹിതകള്‍ക്കായി ജീവന്‍ കൊടുക്കുന്നവര്‍... അവര്‍ സിനിമയില്‍ ചിത്രീകരിക്കപ്പെട്ട കമ്യൂണിസ്റ്റ് ഭൂതകാലത്തില്‍ മാത്രമല്ല ഉള്ളത്. സിനിമ അവസാനിക്കുന്നത് യൂഗോസ്ലാവിയയുടെ വര്‍ത്തമാനകാലത്താണ്. അവിടേയും ആയുധക്കച്ചവടവും കണ്ണില്‍ച്ചോരയില്ലാത്ത കൂട്ടക്കുരുതികളുമാണ് നടക്കുന്നത്. മനുഷ്യരെ ഒന്നിപ്പിക്കുന്ന ഒരു വിശ്വാസ സംഹിതയാണ് ഫാസിസത്തെ പരാജയപ്പെടുത്താനുള്ള ജനതയുടെ ഐക്യനിര കെട്ടിപ്പടുത്തത്. അതാണ് വിവിധ ദേശീയതകളെ കൂട്ടിയോജിപ്പിച്ചിരുന്നത്. എന്നാല്‍, അതിന്റെ തകര്‍ച്ച വറചട്ടിയില്‍നിന്നും എരിതീയിലേക്കുള്ള പരിണാമമായിരുന്നു എന്ന് സിനിമയ്‌ക്കൊടുവില്‍ കുസ്തുറിക്ക പറഞ്ഞുവെയ്ക്കുന്നു. 

സ്വന്തം രാജ്യത്തിന്റെ രാഷ്ട്രീയ ഭൂതവര്‍ത്തമാനങ്ങളെ സൂക്ഷ്മമായ വിമര്‍ശനത്തിനു വിധേയമാക്കാന്‍ കുസ്തുറിക്കയെ പ്രാപ്തമാക്കുന്നത് അഗാധമായ ചരിത്രബോധമാണ്. സിനിമ പുറത്തുവരുമ്പോഴേക്കും ഇല്ലാതായ ഒരു രാജ്യത്തിന്റെ ചരിത്രമാണത്. നാസിപട്ടാളം ബെല്‍ഗ്രേഡ് പിടിച്ചടക്കുമ്പോഴാണ് സിനിമയിലെ പ്രത്യക്ഷ രാഷ്ട്രീയ ചരിത്രം തുടങ്ങുന്നതെങ്കിലും അതവസാനിക്കുന്നത് ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ കാലം മുതല്‍ ശക്തമായ 'എത്നിക്' സ്വഭാവമുണ്ടായിരുന്ന ഒരു ദേശത്തിന്റെ വര്‍ത്തമാനത്തിലാണ്. ചരിത്രം ഈ സിനിമയില്‍ ഇടപെടുന്നത് ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്ത വീഡിയോ ഫൂട്ടേജുകളാലാണ്. നാസി സൈന്യം യൂഗോസ്ലാവിയയുടെ വ്യത്യസ്ത നഗരങ്ങളിലൂടെ മാര്‍ച്ച് ചെയ്യുന്നത് സിനിമയില്‍ കാണിക്കുന്നുണ്ട്. ചിലയിടത്ത് അവരെ ജനങ്ങള്‍ ആഹ്ലാദത്തോടെ വരവേല്‍ക്കുന്നതായും അദ്ദേഹം കാണിച്ചിട്ടുണ്ട്. ടിറ്റോയുടെ നേതൃത്വത്തിലുള്ള യൂഗോസ്ലാവിയന്‍ വിമോചനസേന യൂഗോസ്ലാവിയയെ നാസികളില്‍ നിന്നു മോചിപ്പിക്കുകയും അധികാരത്തില്‍ എത്തുകയും ചെയ്യുന്നതിന്റേയും ഫൂട്ടേജുകള്‍ സിനിമ ഉപയോഗപ്പെടുത്തുന്നു. അതില്‍ മാര്‍ക്കോ എന്ന ഫിക്ഷന്‍ കഥാപാത്രത്തെ സാങ്കേതിക വിദ്യയുപയോഗിച്ച് ടിറ്റോ എന്ന ചരിത്രപുരുഷന്റെ തൊട്ടടുത്ത് അദ്ദേഹം പ്രതിഷ്ഠിക്കുന്നു. ഇതുതന്നെയാണ് സിനിമയില്‍ ചിത്രീകരിക്കപ്പെടുന്ന യൂഗോസ്ലാവിയയുടെ വിപ്ലവ ചരിത്രത്തെക്കുറിച്ചുള്ള സിനിമയിലും സംഭവിക്കുന്നത്. സിനിമ എന്ന മാധ്യമത്തിന്റെ തന്നെ സാധ്യതകളും അതിനെ കേവലം ആശയപ്രചാരണോപാധിയാക്കുന്നതിലുള്ള വിമര്‍ശനവും 'അണ്ടര്‍ഗ്രൗണ്ട്' മുന്നോട്ടു വെയ്ക്കുന്നുണ്ട്. പ്രൊപ്പഗാന്റ സിനിമയ്‌ക്കെതിരായി വലിയ വിമര്‍ശനം ഉയര്‍ത്തുന്ന ഒരു സിനിമ തന്നെ വലിയ പ്രചാരണ സിനിമയാണെന്ന് വിമര്‍ശിക്കപ്പെട്ടു എന്നതാണ് ഇതിലെ വൈരുദ്ധ്യം.

2004-ല്‍ പുറത്തുവന്ന 'ലൈഫ് ഈസ് എ മിറാക്കിള്‍' യുദ്ധം പ്രമേയമാക്കി കുസ്തുറിക്ക രചിച്ച രണ്ടാമത്തെ സിനിമയാണ്. യുദ്ധത്തിനെതിരെ ജീവിതത്തേയും പ്രണയത്തേയും നിര്‍ത്തുന്നതാണ് ഈ സിനിമയുടെ രാഷ്ട്രീയം. പ്രകൃതിയെ അതിന്റെ മുഴുവന്‍ മനോഹാരിതയിലും ജീവിതത്തോടു കൂട്ടിപ്പിടിച്ചാണ് സിനിമ ഇതു സാധ്യമാക്കുന്നത്. 'അണ്ടര്‍ഗ്രൗണ്ടി'ല്‍ എന്നപോലെ യുദ്ധത്തെ തങ്ങളുടെ വളര്‍ച്ചയ്ക്ക് ഉപായമാക്കുന്നവരും അതിന്റെ ഇരകളും ഈ സിനിമയിലുമുണ്ട്. ടിറ്റോയെ ഉദ്ധരിച്ചുകൊണ്ട് രാഷ്ട്രീയത്തിലെ നീചതയെ ന്യായീകരിക്കാന്‍ ഇതിലെ പാര്‍ട്ടി നേതാവ് ശ്രമിക്കുന്നുണ്ട്. എന്നാല്‍, ഈ താരതമ്യത്തിനുപോലും അയാള്‍ യോഗ്യനല്ല എന്ന് അപ്പോള്‍ത്തന്നെ ജനപക്ഷത്തു നില്‍ക്കുന്ന സിറ്റിയിലെ മേയര്‍ അഭിപ്രായപ്പെടുന്നു. ബാള്‍ക്കന്‍ പ്രദേശങ്ങളില്‍ നിരന്തരം നടക്കുന്ന യുദ്ധം സിനിമയിലെ പ്രധാന കഥാപാത്രങ്ങളുടെയെല്ലാം ജീവിതത്തെ താറുമാറാക്കുന്നുണ്ട്. മനുഷ്യരെ ആക്രമിക്കുന്ന കരടികളെക്കുറിച്ചു പറയുമ്പോള്‍, അത് ക്രൊയേഷ്യന്‍ കാടുകളില്‍ മനുഷ്യര്‍ നടത്തുന്ന യുദ്ധത്തിന്റെ ഫലമായി കാടിറങ്ങിയവയാണ് എന്ന് മിലോസ് പറയുന്നു. പട്ടാള ബോംബിങ്ങിനുശേഷം വീട്ടിലെത്തിയ കുടുംബം കാണുന്നത് അവരുടെ വളര്‍ത്തുപക്ഷികളുടെ ജഡങ്ങളാണ്. മനുഷ്യരെ മാത്രമല്ല യുദ്ധം ബാധിക്കുന്നത് എന്നു വ്യക്തമാക്കാന്‍ 'അണ്ടര്‍ഗ്രൗണ്ടി'ല്‍ എന്നപോലെ ഇവിടേയും കുസ്തുറിക്ക ശ്രമിക്കുന്നുണ്ട്. ഇരു സിനിമകളിലും യുദ്ധത്തെ ലൈംഗികതയുമായി കൂട്ടിക്കെട്ടുന്നുമുണ്ട്. ബോസ്നിയ-സെര്‍ബിയ യുദ്ധം പൊട്ടിപ്പുറപ്പെട്ടു എന്ന വാര്‍ത്ത മേയര്‍ അറിയുന്നത് തന്റെ ലൈംഗിക വൈകൃതങ്ങളില്‍ മുഴുകുമ്പോഴാണ്. ഈ യുദ്ധം ആരുടെയൊക്കെയോ വൃത്തികെട്ട വിചാരങ്ങളുടെ ഫലമാണ് എന്ന് ഇതിലെ സൈനിക മേധാവി കൂടി സമ്മതിക്കും. യുദ്ധം അയാള്‍ക്ക് വരുത്തിവെച്ച നഷ്ടവും വലുതാണ്. തന്റെ കൂട്ടുകാരെ പട്ടാളക്കാര്‍ കൊന്നൊടുക്കിയതിന്റെ വിശദാംശങ്ങള്‍ അയവിറക്കി പേടിച്ചു വിറയ്ക്കുന്നുണ്ട് സബാക്ക. ''ഒരാളുടെ തലയില്‍ വെടിവെച്ച് തലച്ചോറ് കാറിനുള്ളില്‍ ചിതറിച്ചു, അപരനെ ഒരു കളിപ്പാട്ടംപോലെ മലമുകളില്‍ നിരന്ന് താഴേക്ക് വലിച്ചെറിഞ്ഞു. തന്റെ നേരെ നടന്നടുത്ത് നിന്നെ എന്താണ് ചെയ്യേണ്ടത് എന്ന് എനിക്കറിയാം എന്നലറി...'' യുദ്ധത്തിനെതിരെയുള്ള മാനവികതയുടെ പ്രകാശമാണ് 'ലൈഫ് ഈസ് എ മിറാക്കിളി'ലെ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും മേല്‍ പരക്കുന്നത്. 

ഓൺ ദി മിൽക്കി റോഡ്
ഓൺ ദി മിൽക്കി റോഡ്

യുദ്ധത്രയത്തിലെ അവസാന ചിത്രമായ 'ഓണ്‍ ദ മില്‍ക്കി റോഡ്' യുദ്ധത്തിന്റെ ആസുരതയെ കുറേക്കൂടി തീവ്രമായി ആഖ്യാനം ചെയ്യുന്ന സിനിമയാണ്. യുദ്ധത്തിന്റെ അതിര്‍ത്തികളില്‍ വിടരാന്‍ കൊതിക്കുന്ന ജീവിതമാണ് ഇതിലുള്ളത്. 

തലയ്ക്ക് മുകളിലൂടെ വെടിയുണ്ടകള്‍ ചീറിപ്പായുമ്പോഴും തന്റെ പതിവു വഴികളിലൂടെ പാലു കൊണ്ടുവരുന്ന കോസ്റ്റയും അടുക്കളയില്‍ പാചക ജോലികളില്‍ ഏര്‍പ്പെടുന്ന അയാളുടെ പിതാവും മറ്റും ജീവിതത്തിന്റേയും മരണത്തിന്റേയും അതിരിലൂടെയാണ് സഞ്ചരിക്കുന്നത്. പ്രകൃതിയുടേയും ജീവിവര്‍ഗ്ഗങ്ങളുടേയും സാന്നിധ്യമാണ് ഇവിടേയും യുദ്ധത്തിനെതിരായി കുസ്തുറിക്ക അണിനിരത്തുന്നത്. നിരന്തരം മനുഷ്യരെ വലിച്ചെടുക്കുകയും മുറിവേല്പിക്കുകയും ചെയ്യുന്ന ഒരാസ്ട്രിയന്‍ ചുവര്‍ ക്ലോക്ക് ഈ ചിത്രത്തിലുണ്ട്. ഭീമാകാരമായ പല്‍ച്ചക്രങ്ങള്‍, കട്ടികൂടിയ ചങ്ങലകള്‍, നിരന്തരം താഴേക്കും മുകളിലേക്കും ചലിക്കുന്ന ഭീമന്‍ പിടികള്‍... ക്ലോക്കിനടുത്ത് എത്തുന്നവരെ അതു ചൂണ്ടയിട്ടു പിടിക്കുംപോലെ കുരുക്കി മുകളിലെത്തിക്കും. മുറിവേല്പിക്കും... 'കൊലപാതകി' എന്നാണ് വീട്ടിലെ വൃദ്ധ അതിനെ വിളിക്കുക. അതിന്റെ സൂചികള്‍ അമ്പുകള്‍പോലെ തെറിക്കും. അതിനു തോന്നിയ സമയത്ത് അതു നടക്കുകയും മണിമുഴക്കുകയും ചെയ്യും. മനുഷ്യന്‍ നിര്‍മ്മിച്ചതെങ്കിലും മനുഷ്യനുതന്നെ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുന്ന യുദ്ധമെന്ന പൈശാചികതയെ ആ ക്ലോക്ക് സൂക്ഷ്മമായി പ്രതിനിധാനം ചെയ്യും. 

മറഡോണ: ഗോഡ് ഓഫ് ഫുട്‌ബോള്‍

കുസ്തുറിക്കയുടെ ഫീച്ചര്‍ സിനിമകള്‍ക്ക് ഉപരിയായി അദ്ദേഹത്തിന്റെ രാഷ്ട്രീയ ബോധ്യങ്ങളുടെ, ചേര്‍ന്നുനില്‍പ്പുകളുടെ തുറസ്സുകള്‍ വെളിവാകുന്നത് അദ്ദേഹം ഒരുക്കിയ രണ്ടു ഡോക്യുമെന്ററി സിനിമകളിലാണ്. അര്‍ജന്റീനയുടെ മുന്‍ ദേശീയ താരവും ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോളറുമായ, 'ഗോഡ് ഓഫ് ഫുട്ബോള്‍' എന്നു വിളിക്കപ്പെടുന്ന ഡീഗോ മറഡോണയെക്കുറിച്ചുള്ള 'കുസ്തുറിക്കയുടെ മറഡോണ'യും ഉറുഗ്വെയുടെ മുന്‍ പ്രസിഡന്റും ലാറ്റിനമേരിക്കന്‍ ഗറില്ലാ പോരാളിയുമായിരുന്ന യോസേ പെപ്പെ മുജിക്കയെക്കുറിച്ചുള്ള 'എല്‍ പെപ്പെ: എ സുപ്രീം ലൈഫ്' എന്ന ഡോക്യുമെന്ററിയും. ഈ ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്യാനുള്ള അദ്ദേഹത്തിന്റെ തീരുമാനം തന്നെ 100 ശതമാനം രാഷ്ട്രീയമായിരുന്നു. കുസ്തുറിക്കയുടെ രാഷ്ട്രീയ ബോധ്യങ്ങളോടും നിലപാടുകളോടും റിബല്‍ സ്വഭാവത്തോടും ഏതെങ്കിലും തരത്തില്‍ ചേര്‍ന്നുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് അവരവരുടേതായ നിലകളില്‍ ഇരുവരും ചെയ്തുകൊണ്ടിരുന്നത്. ലാറ്റിനമേരിക്കയുടെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളും അമേരിക്കയുടെ മേല്‍ക്കയ്യിലും താല്പര്യപ്രകാരവും നടക്കുന്ന വികസന സങ്കല്പത്തോട് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ നടത്തുന്ന ചെറുത്തുനില്‍പ്പുകളും എന്നും കുസ്തുറിക്കയുടെ ശ്രദ്ധയെ ആകര്‍ഷിച്ച വിഷയങ്ങളാണ്. 

ഐ.എം.എഫിന്റേയും ലോക ബാങ്കിന്റേയും സാമ്പത്തിക പരിഷ്‌കാരങ്ങളാല്‍ തകര്‍ന്ന രണ്ടു രാജ്യങ്ങള്‍ എന്ന നിലയിലാണ് സെര്‍ബിയയിലേയും അര്‍ജന്റീനയിലേയും രാഷ്ട്രീയ ചെറുത്തുനില്‍പ്പുകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും പൊതുസ്വഭാവം കൈവരുന്നത് എന്ന് 'എന്തുകൊണ്ട് മറഡോണ' എന്ന ചോദ്യത്തിന് കുസ്തുറിക്ക ഉത്തരം നല്‍കുന്നുണ്ട്. ചരിത്രപരമായും രാഷ്ട്രീയപരമായുമുള്ള കാരണങ്ങളാണ് മറഡോണയെക്കുറിച്ചുള്ള സിനിമയിലേക്കു തന്നെ നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. 

മറഡോണ എന്ന ഫുട്ബോള്‍ മാന്ത്രികന്റെ കളിയിലെ കണക്കുകളല്ല നമുക്ക് 'കുസ്തുറിക്കയുടെ മറഡോണ'യില്‍നിന്നു ലഭിക്കുക, മറിച്ച് അദ്ദേഹത്തിന്റെ നിലപാടുകളാണ്. മറഡോണയുടെ വീട്ടില്‍ ഡോക്യുമെന്ററിക്കായി എത്തുന്ന ആദ്യ ദിവസം തന്നെ അദ്ദേഹം തന്റെ കയ്യിലും കാലിലും പച്ചകുത്തിയ ഫിദല്‍ കാസ്ട്രോയുടേയും ഏണസ്റ്റോ ചെഗുവേരയുടേയും ചിത്രങ്ങളാണ് കുസ്തുറിക്കയ്ക്ക് കാണിച്ചുകൊടുക്കുന്നത്. ഈ അടയാളങ്ങള്‍ മറഡോണയില്‍ പ്രധാനമാണ്. ഡോക്യുമെന്ററിയിലും മറഡോണ ഏറ്റവും ആരാധനയോടെ സംസാരിക്കുന്നത് ഈ രണ്ടു പേരെക്കുറിച്ചാണ്. ഫിദലും മറഡോണയും കണ്ടുമുട്ടുന്ന നിരവധി സന്ദര്‍ഭങ്ങള്‍ സിനിമയിലുണ്ട്. മറഡോണയ്ക്ക് ഫിദലിനോടും ഫിദലിനു മറഡോണയോടുമുള്ള സ്‌നേഹാദരങ്ങള്‍ സിനിമയില്‍ പ്രകടമാണ്. 

അമേരിക്ക തനിക്കു പ്രഖ്യാപിച്ച വലിയ പുരസ്‌കാരം വാങ്ങാതെയാണ് താന്‍ അതേ സമയത്തുതന്നെ ക്യൂബയിലേക്ക് ഫിദലിനെ കാണാന്‍ പോയത് എന്ന് മറഡോണ പറയുന്നുണ്ട്. അമേരിക്കയുടെ പലതരത്തിലുള്ള തന്ത്രങ്ങളെക്കുറിച്ച് ആഴത്തിലുള്ള രാഷ്ട്രീയബോധ്യമാണ് മറഡോണയുടെ ഏറ്റവും വലിയ കൈമുതലായി കുസ്തുറിക്ക സിനിമയില്‍ കാണിക്കുന്നത്. മറഡോണ പറയുന്നുണ്ട്: ''അവര്‍ ഞങ്ങളുടെ തലകള്‍ തകര്‍ത്തു. അവര്‍ക്കാവശ്യമുള്ള കുഞ്ഞുങ്ങളായി അവര്‍ ഞങ്ങളെ മാറ്റിത്തീര്‍ത്തു. അവര്‍ അര്‍ജന്റീനയില്‍ സൈനിക കേന്ദ്രങ്ങള്‍ ഉണ്ടാക്കി. മുപ്പതിനായിരത്തില്‍പരം ആളുകളെ കൊന്നൊടുക്കി. ആദ്യം അവര്‍ നിങ്ങളെ അടിക്കും, അതു സഹിക്കാനുള്ള സമയം നിങ്ങള്‍ക്കു നല്‍കും. പിന്നീട് അവര്‍ നിങ്ങളെ ആശ്വസിപ്പിക്കാനായി എത്തും. ഒരുപാട് പണം നിങ്ങള്‍ക്കു തരും. നിങ്ങള്‍ ഒരു പട്ടിയെപ്പോലെ അവരെ അനുസരിക്കും. എന്നിട്ട് ഒരു പട്ടിയെപ്പോലെ ജീവിക്കും.'' ഇന്നത്തെ ലോകത്തെക്കുറിച്ചുള്ള ശരിയായ ബോധവും ഉല്‍ക്കണ്ഠയും മറഡോണയുടെ ഓരോ വാക്കിലും ഉണ്ടെന്ന് കുസ്തുറിക്ക അഭിപ്രായപ്പെടുന്നുണ്ട്.

മിലോസോവിച്
മിലോസോവിച്

ദരിദ്രരായ മനുഷ്യരുടെ ഇടയില്‍നിന്നു വന്ന, അവരുടെ വിമോചന പ്രതീക്ഷയായ നായകന്‍ എന്ന നിലയിലാണ് മറഡോണയെ കുസ്തുറിക്ക കാണുന്നത്. മറഡോണയുടെ കുട്ടിക്കാലത്തെ, ദരിദ്രമായ ജീവിതസാഹചര്യങ്ങളെ അദ്ദേഹത്തിന്റെ രാഷ്ട്രീയം രൂപപ്പെടാനിടയാക്കിയ സാഹചര്യം എന്ന നിലയ്ക്കാണ് കുസ്തുറിക്ക സിനിമയില്‍ അടയാളപ്പെടുത്തുന്നത്. മക്കള്‍ പട്ടിണി കിടക്കാതിരിക്കാന്‍ വയറുവേദന അഭിനയിച്ച് തന്റെ പങ്കുകൂടി അവര്‍ക്ക് വീതം വെക്കുന്ന അമ്മയെക്കുറിച്ച്, കളിക്കുന്ന തനിക്ക് അവരുടെ പങ്കുകൂടി പകുത്തുതരുന്ന സഹോദരങ്ങളെക്കുറിച്ച് വികാരാധീനനായി സംസാരിക്കുന്ന മറഡോണയെ സിനിമയില്‍ കാണാം. പിന്നീട് ഫുട്ബോളിലൂടെ സമ്പത്തും പ്രശസ്തിയും കൈവന്നിട്ടും ചാരിറ്റി പ്രവര്‍ത്തനങ്ങളിലോ രാഷ്ട്രീയത്തിലോ മറഡോണ നേരിട്ട് ഇടപെടുന്നില്ല. എന്തുകൊണ്ടാണ് ഇതെന്ന ചോദ്യം കുസ്തുറിക്ക ചോദിക്കുന്നുണ്ട്. മറഡോണ പറയും: ''എന്റെ രാജ്യത്ത് രാഷ്ട്രീയ നേതാക്കള്‍ സമ്പന്നരാവുന്നു; ജനങ്ങള്‍ക്ക് അവര്‍ ഒന്നും നല്‍കുന്നില്ല. എനിക്കു ജനങ്ങളെ കൊള്ളയടിക്കാന്‍ ആഗ്രഹമില്ല.''

മറഡോണയെ പുതിയ സ്വാതന്ത്ര്യബോധത്തിന്റെ അടയാളമായാണ് കുസ്തുറിക്ക കാണുന്നത്. പോപ്പിനൊപ്പം ലോകത്തെ സ്വാധീനിക്കാന്‍ കഴിയുന്ന ഡീഗോ മറഡോണ എന്ന വ്യക്തിയുടെ രാഷ്ട്രീയബോധ്യങ്ങളാണ് കുസ്തുറിക്കയുടെ സിനിമയില്‍ നാം കാണുക. 2005 നവംബര്‍ 4, 5 തീയതികളില്‍ നടന്ന അമേരിക്കന്‍ ഐക്യനാടുകളിലെ രാഷ്ട്രത്തലവന്മാരുടെ ഉന്നതതല യോഗത്തിനെതിരെയുള്ള ജനങ്ങളുടെ മാര്‍ച്ചിലും കൂടിച്ചേരലിലും പങ്കെടുക്കുന്നതിനായി അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേര്‍സില്‍നിന്നും 400 കിലോമീറ്റര്‍ അകലെയുള്ള മാര്‍ ഡല്‍ പ്ലാറ്റയിലേക്ക് ജനങ്ങളെ ഒരു തീവണ്ടി യാത്രയില്‍ നയിക്കുന്ന മറഡോണയെ കേന്ദ്രത്തില്‍ നിര്‍ത്തിയാണ് കുസ്തുറിക്ക ഈ ഡോക്യുമെന്ററി ഉണ്ടാക്കുന്നത് എന്നതുതന്നെ ഒരേസമയം കുസ്തുറിക്കയുടേയും മറഡോണയുടേയും രാഷ്ട്രീയബോധ്യങ്ങളുടെ പ്രത്യക്ഷീകരണമാണ്. ജോര്‍ജ് ബുഷിനെ അര്‍ജന്റീനയില്‍നിന്നു പുറത്താക്കുക എന്നതായിരുന്നു ജനങ്ങളുടെ കൂടിച്ചേരലിന്റെ മുദ്രാവാക്യം. 'ബുഷിനെ പുറത്താക്കുക' എന്ന മുദ്രാവാക്യം ആലേഖനം ചെയ്ത ടി ഷര്‍ട്ട് ധരിച്ച് 'ബുഷ് മനുഷ്യവിസര്‍ജ്ജ്യമാണ്' എന്നു പറയുന്ന മറഡോണയെ സിനിമയുടെ തുടക്കത്തില്‍ നമുക്കു കാണാം. നൂറ്റാണ്ടിന്റെ ഗോള്‍ എന്നറിയപ്പെടുന്ന 1984-ലെ ലോകകപ്പില്‍ മറഡോണ ഇംഗ്ലണ്ടിനെതിരെ നേടിയ ഗോള്‍ സിനിമയുടെ നട്ടെല്ലാണ്. എതിര്‍പക്ഷത്തുള്ള ഏഴു കളിക്കാരെ മറികടന്നാണ് അന്ന് മറഡോണ അവിസ്മരണീയമായ ആ ഗോള്‍ നേടുന്നത്. കുസ്തുറിക്ക പലതരത്തിലും ഈ ഗോള്‍ സിനിമയില്‍ കാണിക്കുന്നുണ്ട്. അതില്‍ ഏറ്റവും സവിശേഷമായുള്ളത് ഈ ഏഴുകളിക്കാരെ ഏഴു വന്‍ശക്തികളായി കണ്ടുകൊണ്ടുള്ള ആനിമേഷന്‍ ദൃശ്യങ്ങളാണ്. എലിസബത്ത് രാജ്ഞിയും മാര്‍ഗറ്റ് താച്ചറും ചാള്‍സ് രാജകുമാരനും റൊണാള്‍ഡ് റീഗനും ജോര്‍ജ് ബുഷും പോപ്പും ആ ആനിമേഷനില്‍ മറഡോണയ്‌ക്കെതിരെ തോക്കും വാളും കയറുമായി കളിക്കളത്തിലിറങ്ങുന്നുണ്ട്. ഫുട്ബോളല്ലാതെ മറഡോണയുടെ കയ്യില്‍ മറ്റായുധങ്ങളില്ല. അതുപയോഗിച്ചാണ് മറഡോണ അവരെയെല്ലാം നിലംപരിശാക്കുന്നത്. മറഡോണയുടെ കളിയുടെ രാഷ്ട്രീയം ഇപ്രകാരമാണ് കുസ്തുറിക്ക അടയാളപ്പെടുത്തുന്നത്.

അവസാനത്തെ സോഷ്യലിസ്റ്റ് എന്നാണ് ഉറുഗ്വെയുടെ മുന്‍ പ്രസിഡന്റും വിമോചന പോരാളിയുമായ ഹോസെ ആല്‍ബര്‍ട്ടോ പെപ്പെ മുജിക്ക കോര്‍ഡിനോ എന്ന പെപ്പെ മുജിക്കയെ കുസ്തുറിക്ക വിശേഷിപ്പിക്കുന്നത്. 'എല്‍ പെപ്പെ: ഒരു ഉല്‍ക്കൃഷ്ട ജീവിതം' എന്ന ഡോക്യുമെന്ററിയും കുസ്തുറിക്കയുടെ സൂക്ഷ്മമായ രാഷ്ട്രീയബോധ്യങ്ങളുടെ പ്രഖ്യാപനമാണ്. പെപ്പെ മുജിക്ക തന്റെ ജീവിതത്തിലൂടെയും വാക്കുകളിലൂടെയും നിരന്തരം വെളിപ്പെടുത്തുന്ന ലോക മുതലാളിത്ത വികസനക്രമത്തോടുള്ള വിയോജിപ്പാണ് ഈ ഡോക്യുമെന്ററി നിര്‍മ്മാണത്തിലേക്ക് കുസ്തുറിക്കയെ പ്രചോദിപ്പിച്ചത്. ലാറ്റിനമേരിക്കയെ പുതിയ സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ വഴിവിളക്കായി കാണുന്ന ഒരു രാഷ്ട്രീയ മനസ്സ് ഈ സിനിമയ്ക്കു പിന്നിലുണ്ട്. പ്രകൃതി, കാലാവസ്ഥ, പുതിയ വികസന സാമ്പത്തിക ആലോചനകള്‍, സാമൂഹിക വിപ്ലവത്തെക്കുറിച്ച് ഇപ്പോഴും വെച്ചുപുലര്‍ത്തുന്ന ഉട്ടോപ്യകള്‍ എന്നിവ കുസ്തുറിക്കയേയും എല്‍ പെപ്പെയേയും ഒന്നിപ്പിക്കുന്ന ഘടകങ്ങളാണ്.

ഉറുഗ്വെയുടെ പ്രസിഡന്റ് പദവിയില്‍നിന്നും വിട്ടൊഴിഞ്ഞ് അധികാരം പുതിയ പ്രസിഡന്റിനു കൈമാറുന്ന ദിവസമാണ് പെപ്പെ മുജിക്കയുടെ ജീവിതം പറയാന്‍ കുസ്തുറിക്ക തിരഞ്ഞെടുക്കുന്നത്. സ്വേച്ഛാധിപത്യത്തില്‍ അമര്‍ന്നിരുന്ന ഉറുഗ്വെയുടെ ഭൂതകാലചരിത്രവും പെപ്പെ മുജിക്കയെപ്പോലുള്ളവരുടെ നേതൃത്വത്തില്‍ അതിനെതിരെ നടന്ന സായുധ വിപ്ലവശ്രമങ്ങളും ഓര്‍മ്മകളായി സിനിമയില്‍ ഇതള്‍ വിരിയും. അവിശ്വസനീയമായ എടുത്തുചാട്ടങ്ങളുടെ വിപ്ലവഭൂതകാലം വിസ്മരിക്കപ്പെടേണ്ടതല്ലെന്നും അവ പുതിയ തലമുറയ്ക്ക് നല്‍കുന്ന പാഠങ്ങള്‍ വലുതാണെന്നുമുള്ള ഒരു രാഷ്ട്രീയ ശരി ഇരുവരും പങ്കിടുന്നുണ്ട്. മൂവിമിയന്റെ ഡി ലിബറേഷ്യന്‍ നാഷനല്‍-ടൂപമാരോസിന്റെ (MLN-Tupamaros) നേതാവെന്ന നിലയില്‍ പെപ്പെ മുജിക്കയുടെ വ്യക്തിപരവും രാഷ്ട്രീയവുമായ ജീവിതത്തെ ചിത്രീകരിക്കുകയാണ് സിനിമ. ഒരു ഫീച്ചര്‍ സിനിമയുടെ ചേരുവകള്‍ പെപ്പെ മുജിക്കയുടെ യഥാര്‍ത്ഥ ജീവിതത്തിലുണ്ട്. (ഉറുഗ്വെക്കാരനായ ചലച്ചിത്ര സംവിധായകന്‍ Álvaro Brechner 2018ല്‍ അ TwelveYear Night എന്ന പേരില്‍ മുജിക്കയുടെ രാഷ്ട്രീയ ജീവിതം ഫീച്ചര്‍ സിനിമയാക്കുന്നുണ്ട്). തട്ടിക്കൊണ്ടു പോകലും കൊലപാതകങ്ങളും ജയില്‍ ചാട്ടവും ബാങ്ക് കൊള്ളയും അറസ്റ്റുകളും കലാപങ്ങളുമായി കൊടുങ്കാറ്റുകള്‍ക്കൊപ്പം നാടിനെ പിടിച്ചുകുലുക്കിയ വിപ്ലവകാരിയുടെ, രാഷ്ട്രീയ നേതാവിന്റെ ജീവിതത്തെ എന്നാല്‍, വസ്തുതാപരമായും പുതിയ കാലത്തിന്റെ രാഷ്ട്രീയത്തോട് ചേര്‍ത്തു നിര്‍ത്തിയും പറയാനാണ് കുസ്തുറിക്ക ഈ ഡോക്യുമെന്ററിയില്‍ ശ്രമിക്കുന്നത്.
പെപ്പെ മുജിക്കയുടെ ലളിതമായ ജീവിതശൈലിയെ ഒരു രാഷ്ട്രീയാദര്‍ശമായാണ് കുസ്തുറിക്ക കാണുന്നത്. തന്നെ തിരഞ്ഞെടുത്ത മഹാഭൂരിപക്ഷം വരുന്ന ജനങ്ങള്‍ എങ്ങനെയുള്ള സാഹചര്യങ്ങളില്‍ ജീവിക്കുന്നോ ആ സാഹചര്യത്തില്‍ വേണം താനും കഴിയാന്‍ എന്നതാണ് പ്രസിഡന്റിനുള്ള കൊട്ടാരം വിട്ട് തന്റെ കൊച്ചുവീട്ടില്‍, ജമന്തിപ്പൂക്കള്‍ വിളയിച്ചും വിപണനം നടത്തിയും ജീവിക്കാന്‍ മുജിക്കയെ പ്രേരിപ്പിക്കുന്നത്. തന്റെ പഴയ കൊച്ചുകാറില്‍, നാട്ടിലെ സാധാരണ മനുഷ്യരോട് സംസാരിച്ചും അവരുടെ സ്‌നേഹപ്രകടനങ്ങള്‍ക്ക് വാത്സല്യത്തോടെ നിന്നുകൊടുത്തുമാണ് പ്രസിഡന്റ് അവസാന ദിവസം തന്റെ ഓഫീസിലേക്കു പോകുന്നത്. രാഷ്ട്രീയാദര്‍ശങ്ങള്‍ പാടേ അപ്രത്യക്ഷമാകുന്ന ഒരു ലോകത്ത് വിസ്മയത്തോടെ അദ്ദേഹത്തിന്റെ ജീവിതവീക്ഷണങ്ങളെ പിന്തുടരുന്ന സംവിധായകനെ ഈ സിനിമയില്‍ കാണാം. ഭൗതികമായ മാറ്റങ്ങളേക്കാള്‍ പ്രധാനം സാംസ്‌കാരികമായ പരിവര്‍ത്തനങ്ങളാണെന്നും മാനവികത വികസിക്കണമെങ്കില്‍ സാംസ്‌കാരിക വികാസമുണ്ടാകണമെന്നും പുതിയ കാലത്തെ വിപ്ലവ പ്രവര്‍ത്തനം എന്നത് സാംസ്‌കാരിക പ്രവര്‍ത്തനം കൂടിയാണെന്നും പെപ്പെ മുജിക്ക പറയുന്നത് കുസ്തുറിക്കയുടെ പ്രവര്‍ത്തനങ്ങള്‍ക്കും കൂടിയുള്ള അഭിനന്ദനമാകുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം, മുതലാളിത്ത ചൂഷണങ്ങള്‍, ആഗോളവല്‍ക്കരണത്തിന്റെ വിപത്തുകള്‍, ഉപഭോഗാസക്തിയുടെ ഭീഷണികള്‍ തുടങ്ങി പെപ്പെ മുജിക്ക പങ്കുവെയ്ക്കുന്ന ദാര്‍ശനികവും രാഷ്ട്രീയവുമായ ഉല്‍ക്കണ്ഠകളെ തന്റേതു കൂടിയാക്കിയാണ് കുസ്തുറിക്ക 'എല്‍ പെപ്പെ: ഒരു ഉല്‍ക്കൃഷ്ട ജീവിത'ത്തില്‍ അവതരിപ്പിക്കുന്നത്. മുതലാളിത്തമല്ല ലോകത്തിന്റെ പരിഹാരമെന്നും നിലനില്‍പ്പിനുള്ള വഴി എന്നും ഈ ചിത്രം തെളിച്ചുപറയുന്നു. 
കുസ്തുറിക്കയുടെ സിനിമകളില്‍ നേരിട്ട് സാമൂഹിക-രാഷ്ട്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമകളാണ് ഇവയെല്ലാം. നിശിതമായ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ അദ്ദേഹം സിനിമയിലൂടെ മുന്നോട്ടു വെയ്ക്കുന്നു. മനുഷ്യസ്വാതന്ത്ര്യത്തിനു വിഘാതമാകുന്ന ഒന്നിനോടും ചേര്‍ന്നുനില്‍ക്കാന്‍ അദ്ദേഹം കൂട്ടാക്കുകയില്ല. സ്വാതന്ത്ര്യമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയബോധ്യത്തിന്റെ അടിത്തറ. അതുകൊണ്ടുതന്നെ അത് എല്ലാ ആധിപത്യങ്ങള്‍ക്കും എതിരാണ്. അതില്‍ അദ്ദേഹത്തിനു പ്രസ്ഥാനഭേദങ്ങളില്ല. ആത്യന്തികമായി ഇന്ന് മനുഷ്യസ്വാതന്ത്ര്യത്തിനു വിഘാതമാകുന്ന ആഗോളവല്‍ക്കരണത്തേയും മുതലാളിത്ത വികസന മാതൃകകളേയും അന്താരാഷ്ട്ര സാമ്പത്തിക നിധികളേയും അദ്ദേഹം സിനിമയിലൂടെയും പരസ്യമായും എതിര്‍ക്കുന്നു. കമ്യൂണിസം സ്ഥാപനവല്‍ക്കരിക്കപ്പെടുമ്പോള്‍, അതു മനുഷ്യാന്തസ്സിനു വില നല്‍കാത്തതാകുമ്പോള്‍ അതിനെ അങ്ങേയറ്റം എതിര്‍ക്കാന്‍ കുസ്തുറിക്കയ്ക്ക് മടിയില്ല. സോഷ്യലിസ്റ്റ് പരീക്ഷണങ്ങളില്‍ അദ്ദേഹം അപ്പോഴും പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തും. 'അണ്ടര്‍ഗ്രൗണ്ടി'ലും 'വെന്‍ ഫാദര്‍ വാസ് എവേ ഓണ്‍ ബിസിനസ്സി'ലും അദ്ദേഹം കമ്യൂണിസത്തിന്റെ അപചയത്തെ ആഴത്തില്‍ വിമര്‍ശിമ്പോള്‍ തന്നെ 'എല്‍ പെപ്പെ'യിലും 'മറഡോണ'യിലും അമേരിക്കന്‍ വിരുദ്ധതയേയും ജനപക്ഷത്തുനിന്നുള്ള രാഷ്ട്രീയ സമരങ്ങളേയും വാനോളം പുകഴ്ത്തും. തന്റെ രാജ്യത്ത് തങ്ങളുടെ അധീശതാല്പര്യങ്ങള്‍ അടിച്ചേല്പിക്കാന്‍ നാറ്റോയും യൂറോപ്യന്‍ രാജ്യങ്ങളും ശ്രമിക്കുന്നതിനെ സിനിമകളിലൂടെയും സാഹിത്യത്തിലൂടെയും ചെറുക്കും. തന്റെ ദേശത്തെ അശാന്തമാക്കിയ യുദ്ധങ്ങള്‍ക്ക് യൂറോപ്പിനെ പഴിക്കും. നിതാന്തമായി രാഷ്ട്രീയ ജാഗ്രതയുടെ കണ്ണുകള്‍ തുറന്നിരിക്കുന്ന ഒരു സംവിധായകനു മാത്രം സാധിക്കുന്ന വിധത്തില്‍ കലയിലൂടെയും ചിന്തയിലൂടെയും ലോകത്തെ നോക്കിക്കാണും.

കുസ്തുറിക്കയുടെ സിനിമകളില്‍ നിരന്തരം കടന്നുവരുന്നത് സമൂഹത്തിലെ അടിസ്ഥാന ജനതയാണ്. ദരിദ്രരും നിരാലംബരും സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് തള്ളിമാറ്റപ്പെട്ടവരുമാണ് ആ ലോകത്തിലെ നിതാന്ത സാന്നിധ്യങ്ങള്‍. ഇതും അദ്ദേഹത്തിന്റെ രാഷ്ട്രീയ ബോധ്യങ്ങളെ തുറന്നു കാട്ടുന്നതാണ്. 'ഡോളി ബെല്ലി'ലെ കഥാപാത്രങ്ങളെല്ലാം ഈ പുറമ്പോക്കില്‍ കഴിയുന്നവരാണ്. മോഷണവും പിടിച്ചുപറിയും വ്യഭിചാരവും നടത്തി ജീവിക്കുന്ന മനുഷ്യരുണ്ടിവിടെ. 'ടൈം ഓഫ് ജിപ്സീസി'ലും 'ബ്ലാക്ക് ക്യാറ്റ് വൈറ്റ് ക്യാറ്റിലും' അദ്ദേഹം ആവിഷ്‌കരിക്കുന്നത് ജിപ്സികളുടെ ലോകമാണ്. തന്റെ ജീവിതംകൊണ്ടും കലകൊണ്ടും കുസ്തുറിക്ക എക്കാലവും ജിപ്സികളോട് ചേര്‍ന്നുനിന്നിരുന്നു. അവരുടെ ജീവിതബോധത്തോടും സ്വാതന്ത്ര്യത്തോടും അദ്ദേഹം ആരാധന വെച്ചുപുലര്‍ത്തിയിരുന്നു. ജിപ്സി സംഗീതത്തെ തന്റെ സിനിമകളിലെ തുടര്‍ച്ചയായ സാന്നിധ്യമാക്കാന്‍ എല്ലായ്പോഴും കുസ്തുറിക്ക ശ്രദ്ധിച്ചിരുന്നു. ആ സംഗീതത്തെ സിനിമയുടെ പിന്നണിയില്‍നിന്നു മുന്നണിയിലേക്ക് അദ്ദേഹം ധീരമായി കൈപിടിച്ചുയര്‍ത്തി. ഔചിത്യത്തിന്റേയും യുക്തിയുടേയും സാമാന്യസീമകള്‍ അതി ലംഘിക്കുന്നിടത്തോളം ഈ സംഗീത പ്രണയം വളരുന്നുണ്ട്. 'ടൈം ഓഫ് ജിപ്സീസി'ല്‍ അദ്ദേഹം ആവിഷ്‌കരിക്കുന്ന ലോകം പാശ്ചാത്യ നാഗരികതയുടെ അടിത്തട്ടാണ്. ഒരു ദാലിയന്‍ ചിത്രത്തിലെന്നപോലെ അതു മറ്റൊരു കാഴ്ചയാണ്. കടലിന്റെ വെള്ളപ്പാളി ഉയര്‍ത്തിനോക്കുന്ന നഗ്‌നയായ പെണ്‍കുട്ടി അവിടെ കാണുന്നത് ശാന്തമായി ഉറങ്ങുന്ന പട്ടിയെയാണ്. ആധുനിക നാഗരികതയും ക്യാമറക്കണ്ണുകളും കാണാത്ത വിസ്മയകരമായ ലോകമാണ് കുസ്തുറിക്കയുടെ ജിപ്സി സിനിമകളില്‍ അനാവരണം ചെയ്യപ്പെടുന്നത്. നാഗരികതയുടെ 'കളങ്ക'മില്ലാത്ത, സ്വാശ്രയത്തില്‍ ഊന്നിയ നാടുകളും 'പ്രോമിസ് മീ ദിസി'ല്‍ എന്നപോലെ കുസ്തുറിക്കയുടെ ലോകത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. അതും അദ്ദേഹം പിന്നീട് സ്വന്തമായി തീര്‍ത്ത ക്വസ്റ്റ്യന്‍ ഡ്രോഫ് പോലുള്ള ആഗോളവിരുദ്ധ ഗ്രാമത്തിന്റെ പ്രാഗ്രൂപങ്ങളാണ്.

വെൻ ഫാദർ വാസ് എവേ
വെൻ ഫാദർ വാസ് എവേ

ജിപ്സികളുടെ അരാജക ജീവിതത്തോടു ചേര്‍ന്നുനിന്നുകൊണ്ട് കുസ്തുറിക്ക വെല്ലുവിളിച്ചത് മനുഷ്യസംസ്‌കാരത്തിന്റെ പേരില്‍ പടുത്തുയര്‍ത്തിയ കാപട്യങ്ങളെയാണ്. ഹിപ്പോക്രസിയെ കണക്കറ്റ് പരിഹസിക്കാന്‍ കുസ്തുറിക്കയുടെ സിനിമകള്‍ നിമിത്തമാകുന്നുണ്ട്. തന്റെ സിനിമയിലെ, പ്രാവിന്റെമേല്‍ പൂച്ച ചാടിവീഴുന്ന സീന്‍ ഒഴിവാക്കാന്‍ പറയുന്ന ബ്രിട്ടീഷ് സെന്‍സര്‍മാരോട് അദ്ദേഹം പറയുന്നത്, ഇന്ത്യയിലും ആഫ്രിക്കയിലും അവര്‍ വീഴ്ത്തിയ നിരപരാധികളായ ലക്ഷക്കണക്കിനു മനുഷ്യരുടെ ചോരയെക്കുറിച്ചാണ്. 'അരിസോണ ഡ്രീംസി'ല്‍ അമേരിക്കന്‍ നാഗരികതയെ അദ്ദേഹം ഭൂമിയിലെ ആദിമനിവാസികളായ എസ്‌കിമോകളുടെ ജീവിതത്തോടു ചേര്‍ത്തുകെട്ടിയാണ് വിശകലനം ചെയ്യുക. അവരുടെ ജീവിതത്തിന്റെ ഊതിവീര്‍പ്പിച്ച പൊള്ളത്തരത്തെ പ്രാക്തന സംസ്‌കാരത്തിന്റെ സൂചിമുനകൊണ്ട് നിസ്സാരമായി ഉടയ്ക്കും അദ്ദേഹം. സവിശേഷമായും മാന്യമായും കൊണ്ടാടപ്പെടുന്ന എല്ലാറ്റിനേയും പ്രാകൃതമായ ചില ഇടപെടലുകള്‍കൊണ്ട് പരിഹാസ്യമാക്കും. വിവാഹവും മരണവും അതിന്റെ ചടങ്ങുകളുടെ കുലീനതയുടെ ഭാരം ഒഴിച്ച് ഏതൊരു സാധാരണ ജീവിത സന്ദര്‍ഭവുംപോലെ ബഹളങ്ങളിലും കുഴപ്പങ്ങളിലും കലാശിക്കും. ആധുനിക ജീവിതം കുലീനമെന്നും പരിശുദ്ധമെന്നും കരുതുന്ന ഒന്നിനേയും അദ്ദേഹത്തിന്റെ സിനിമകള്‍ വകവെച്ചുതരില്ല. ഇതെല്ലാം അടിസ്ഥാന മനുഷ്യരുടെ ശരികള്‍ക്കൊപ്പമുള്ള രാഷ്ട്രീയമായ ചേര്‍ന്നുനില്‍ക്കലുകളാണ് കുസ്തുറിക്കയ്ക്ക്.

സിനിമയുടെ രൂപത്തെ മാത്രമല്ല അദ്ദേഹം നിരന്തരം പുതുക്കുകയും പരിവര്‍ത്തിപ്പിക്കുകയും ചെയ്തത്. രേഖപ്പെടുത്തിയേ കഴിയൂ എന്ന് ഉള്ളില്‍നിന്നും നുരഞ്ഞുപൊന്തിയ അഭിലാഷങ്ങളുടെ കയ്പും ചവര്‍പ്പുമാണ് അദ്ദേഹം നിരന്തരമായി തന്റെ കാഴ്ചകളായി പകര്‍ത്തിയത്. ഹോളിവുഡ് കുസ്തുറിക്കയെ ഒരുകാലത്തും പ്രലോഭിപ്പിച്ചില്ല. അമേരിക്കന്‍ സിനിമകളുടെ വൈവിധ്യത്തെ അംഗീകരിച്ചുകൊണ്ടുതന്നെ അവര്‍ക്കുപോലും ഹോളിവുഡിന്റെ ആധിപത്യത്തെ ചെറുക്കാന്‍ കഴിയുന്നില്ല എന്ന് അദ്ദേഹം പറയുന്നുണ്ട്. ഹോളിവുഡ് സിനിമാ സംസ്‌കാരത്തോടുള്ള ഈ അകല്‍ച്ചയും വെറുപ്പും അദ്ദേഹത്തിന്റെ സിനിമകള്‍ പലപ്പോഴും അമേരിക്കയില്‍ പ്രദര്‍ശിപ്പിക്കുന്നതിനുപോലും തടസ്സമായിട്ടുണ്ട്. ഹോളിവുഡിനോടുള്ള ഈ പ്രതിഷേധം കുസ്തുറിക്കയുടെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമാണ്. ജീവിതത്തെക്കുറിച്ച് ഹോളിവുഡ് സിനിമകള്‍ ലോകമാസകലം പ്രചരിപ്പിക്കുന്ന പ്രത്യയശാസ്ത്രം അമേരിക്കയുടെ താല്പര്യങ്ങള്‍ക്കും യുദ്ധക്കൊതിക്കും അരികുനില്‍ക്കുന്നതാണ് എന്ന് അദ്ദേഹം തിരിച്ചറിയുന്നു. 'അരിസോണ ഡ്രീംസ്' അമേരിക്കന്‍ നിര്‍മ്മാണമാകുമ്പോള്‍ത്തന്നെ അത് ഹോളിവുഡിന്റെ താല്പര്യങ്ങളെ പാടേ നിരസിക്കുന്നതും കുസ്തുറിക്കയുടെ മറ്റു സിനിമകള്‍പോലെ ജീവിതത്തെ അതിന്റെ വൈവിധ്യത്തിലും വൈചിത്ര്യത്തിലും കാണാനുമുള്ള ശ്രമമാണ്. സങ്കീര്‍ണ്ണമായ മനുഷ്യബന്ധങ്ങളെ വിശകലനം ചെയ്യാനുള്ള സന്ദര്‍ഭമാണ്.
'യൂറോപ്പിലെ ചീത്ത പയ്യന്‍' എന്ന വിശേഷണത്തിന് എമിര്‍ കുസ്തുറിക്കയെ അര്‍ഹനാക്കിയത് അദ്ദേഹത്തിന്റെ തുറന്ന രാഷ്ട്രീയ നിലപാടുകള്‍ തന്നെയാണ്. സിനിമയിലെ സാമ്പ്രദായിക വഴികളോട് എന്നും കലഹിച്ചിരുന്നു കുസ്തുറിക്ക. പ്രൊപ്പഗാന്റ സിനിമ എന്ന വിളിപ്പേരിനെ എന്നും വെറുത്തിരുന്ന കുസ്തുറിക്ക രാഷ്ട്രീയ പ്രചാരണായുധമായി സിനിമയെ ഉപയോഗിക്കാന്‍ ഒരിക്കലും തയ്യാറായിട്ടില്ല. സിനിമയുടെ രാഷ്ട്രീയത്തെ മറ്റൊരു തരത്തില്‍ വിഭാവനം ചെയ്യുകയായിരുന്നു കുസ്തുറിക്ക. അതിന്റെ പ്രമേയം, രൂപം, നിര്‍മ്മാണം, വിതരണം, പ്രചാരണം തുടങ്ങി നാളിതുവരെ ചലച്ചിത്ര വ്യവസായം അനുവര്‍ത്തിച്ചുവരുന്ന ശീലങ്ങളെ അദ്ദേഹം നിരന്തരം തിരുത്തിക്കൊണ്ടിരുന്നത് ആ ചിന്തയുടെകൂടി ഭാഗമായിരുന്നു. ചിലപ്പോള്‍ പരസ്പരവിരുദ്ധമെന്നു തോന്നാവുന്ന നിലപാടുകള്‍ വരെ അദ്ദേഹം കൈക്കൊണ്ടു. ഒരു മുന്‍ വിധിയേയും കൂസാതെ സിനിമകള്‍ ചെയ്തു. തിരക്കഥകള്‍ മാറ്റിവെച്ചുകൊണ്ട് തോന്നിയതുപോലെ സിനിമകള്‍ ചിത്രീകരിച്ചു. തന്റെ സ്വാതന്ത്ര്യത്തെ അദ്ദേഹം എന്തിലും പരമപ്രധാനമായി കണ്ടു. മാനവികതയ്ക്കും പ്രകൃതിക്കും വേണ്ടി എല്ലായ്പോഴും നിലകൊണ്ടു. ഇതെല്ലാം കൂടിച്ചേരുന്ന ഒന്നാണ് കുസ്തുറിക്കയുടെ സിനിമകളിലെ രാഷ്ട്രീയ ജാഗ്രത. അത് നാളിതുവരെ നാം പരിചയിച്ച രാഷ്ട്രീയ സിനിമകളല്ല. സിനിമ കാണലിന്റെ, അവ മനസ്സിലാക്കുന്നതിന്റെ പുതിയൊരു ഭാവുകത്വ പരിസരം സൃഷ്ടിക്കുന്നതുകൊണ്ടുകൂടിയാണ് കുസ്തുറിക്കയുടെ എല്ലാ സിനിമകളും രാഷ്ട്രീയ സിനിമകളാകുന്നത്.

സഹായക ഗ്രന്ഥങ്ങള്‍:
1.  Giorgio Bertellini : Emir Kusthurica - (University of Illinois Press Urbana, chicago and springfield- 2015)
2.  Goran Gocic : Notes from the Underground -The cinema of Emir Kusturica -(Wallflower press - 2001)
3.  Dina Iordanova : Cinema of Flames - Balkan Film, Culure and the Media - (bfi publishing- 2001)

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com