കഴിഞ്ഞ വര്‍ഷത്തെ അതേ അബദ്ധം സര്‍ക്കാര്‍ ആവര്‍ത്തിച്ചു

സംസ്ഥാനത്തെ സമാന്തര ബിരുദ പഠനവും വിദൂര പഠനവും വേര്‍പെടുത്തി ഓപ്പണ്‍ യൂണിവേഴ്സിറ്റി നിയമം പാസ്സാക്കിയതില്‍ തുടങ്ങുന്നു സര്‍ക്കാരിന്റെ പാളിച്ചകള്‍
കഴിഞ്ഞ വര്‍ഷത്തെ അതേ അബദ്ധം സര്‍ക്കാര്‍ ആവര്‍ത്തിച്ചു

കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂര്‍ തുടങ്ങി സംസ്ഥാനത്തെ പ്രധാന സര്‍വ്വകലാശാലകളില്‍ ഈ അധ്യയന വര്‍ഷവും വിദൂര വിദ്യാഭ്യാസ പ്രൈവറ്റ് രജിസ്ട്രേഷന്‍ കോഴ്സുകളിലേക്കുള്ള  പ്രവേശനം സര്‍ക്കാര്‍ വിലക്കി. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരുന്നു. യു.ജി.സിയുടെ അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ലാത്ത ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയ്ക്ക് വേണ്ടിയാണ് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിക്കുന്ന ഈ വിചിത്ര തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്.  ഈ അധ്യയന വര്‍ഷം വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ നടത്താന്‍ യു.ജി.സിയുടെ ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ ബ്യൂറോ ഓപ്പണ്‍ സര്‍വ്വകലാശാല അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേതുപോലെ ഈ അപേക്ഷ യു.ജി.സി തള്ളിയാല്‍ മാത്രം വിദ്യാര്‍ത്ഥികളില്‍നിന്ന് അപേക്ഷ സ്വീകരിച്ചാല്‍ മതിയെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഇതോടെയാണ് പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ബിരുദ-ബിരുദാനന്തര തലത്തിലെ സമാന്തര പഠനം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അസ്ഥിരതയിലായി.

മറുപടി ഇല്ലാതെ ഒരു വകുപ്പ്

വിദൂര വിദ്യാഭ്യാസ സമ്പ്രദായം കൂടുതല്‍ ഫലപ്രദവും കാര്യക്ഷമവുമായി നടത്തുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടുവര്‍ഷം മുന്‍പ് കൊല്ലം ആസ്ഥാനമായി ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാല പ്രവര്‍ത്തനം ആരംഭിച്ചത്. അന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ടി. ജലീലാണ് ബില്‍ അവതരിപ്പിച്ചത്. ഉന്നത വിദ്യാഭ്യാസമേഖലയില്‍ വിപ്ലവകരമായ മാറ്റമുണ്ടാക്കുമെന്ന പ്രതീക്ഷയില്‍ ഭരണ-പ്രതിപക്ഷ വിയോജിപ്പില്ലാതെയാണ് ബില്‍ പാസ്സായത്. പ്രാരംഭപ്രവര്‍ത്തനങ്ങള്‍ നടക്കവേ സര്‍വ്വകലാശാലയ്ക്ക് യു.ജി.സിയുടെ അംഗീകാരവും കിട്ടി. 

എന്നാല്‍, സംസ്ഥാനത്തെ സമാന്തര ബിരുദ പഠനവും വിദൂര പഠനവും വേര്‍പെടുത്തി ഓപ്പണ്‍ യൂണിവേഴ്സിറ്റി നിയമം പാസ്സാക്കിയതില്‍ തുടങ്ങുന്നു സര്‍ക്കാരിന്റെ പാളിച്ചകള്‍. നിയമത്തിലെ ഒന്‍പതാം അദ്ധ്യായത്തിലെ എഴുപത്തിരണ്ടാം വ്യവസ്ഥ ജനാധിപത്യവിരുദ്ധമാണെന്ന വാദം നേരത്തേ തന്നെ ഉയര്‍ന്നിരുന്നു. മറ്റൊരു സര്‍വ്വകലാശാലകള്‍ക്കും അത്തരം പഠനകോഴ്സുകളിലേക്ക് പ്രവേശനം നല്‍കാന്‍ പാടില്ലെന്ന അതില്‍ വ്യവസ്ഥ ഉള്‍ക്കൊള്ളിച്ചിരുന്നു. ഓപ്പണ്‍ സര്‍വ്വകലാശാല ആക്ട് നിലവില്‍ വന്നതോടെ കേരളത്തില്‍ സമാന്തര പഠനത്തിനുള്ള ഏകവഴി ഓപ്പണ്‍ സര്‍വ്വകലാശാലയായി മാറി. മറ്റൊരു സര്‍വ്വകലാശാലയ്ക്കും വിദൂര വിദ്യാഭ്യാസ പ്രൈവറ്റ് രജിസ്ട്രേഷന്‍ കോഴ്സുകള്‍ നടത്താന്‍ അനുമതിയുണ്ടാകില്ലെന്ന് ആക്ടില്‍ വ്യവസ്ഥ ചെയ്യുന്നു.

നിയമസഭയില്‍ ഓപ്പണ്‍ സര്‍വ്വകലാശാല നിയമത്തില്‍ മറ്റ് സര്‍വ്വകലാശാലകള്‍ പ്രൈവറ്റ് രജിസ്ട്രേഷനിലൂടെ പഠനകോഴ്സുകള്‍ നടത്തുന്നതിന് വ്യവസ്ഥയുണ്ടോ ഉണ്ടെങ്കില്‍ അത് വ്യക്തമാക്കുമോ എന്ന ചോദ്യത്തിന് ഇപ്പോഴത്തെ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നല്‍കിയ ഉത്തരം തന്നെ വ്യക്തം. 72-ാം വകുപ്പിലെ ഒന്നാം ഉപവകുപ്പ് അനുസരിച്ച് സംസ്ഥാന നിയമം മൂലം സ്ഥാപിതമായ മറ്റേതൊരു സര്‍വ്വകലാശാലയും വിദ്യാര്‍ത്ഥികള്‍ക്ക് പഠനകോഴ്സുകളിലേക്ക് പ്രവേശനം നല്‍കാന്‍ പാടുള്ളതല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട് എന്നായിരുന്നു മന്ത്രിയുടെ മറുപടി. 

നവകേരളം യുവകേരളം ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും കെടി ജലീലും
നവകേരളം യുവകേരളം ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും കെടി ജലീലും

അതേസമയം ഉപവകുപ്പ് രണ്ട് പ്രകാരം സംസ്ഥാനത്തെ മറ്റു സര്‍വ്വകലാശാലകളില്‍ രജിസ്റ്റര്‍ ചെയ്ത വിദൂര-പ്രൈവറ്റ് രജിസ്ട്രേഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബന്ധപ്പെട്ട സര്‍വ്വകലാശാലയുടെ പരീക്ഷകള്‍ എഴുതുന്നതിനും ബിരുദം ലഭിക്കുന്നതിനും അവകാശമുണ്ടെന്നും പറയുന്നു. എന്നാല്‍, ഇത്തരം കോഴ്സുകള്‍ പുനരാരംഭിക്കാന്‍ അനുവാദം നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്ന വാദവുമുണ്ട്. നിയമസഭ പാസ്സാക്കിയ നിയമത്തിലെ വ്യവസ്ഥകള്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ തിരുത്താനാകില്ലെന്നാണ് മറ്റൊരു വാദം. കോഴ്സ് തുടങ്ങിയാലും നിയമപ്രാബല്യം അതിനുണ്ടാകില്ലെന്നും ചിലര്‍ വാദിക്കുന്നു. 

പ്രാഥമിക സൗകര്യങ്ങള്‍ പോലും ഏര്‍പ്പെടുത്താതെയായിരുന്നു കഴിഞ്ഞ അധ്യയന വര്‍ഷം നൂതന കോഴ്സുകള്‍ ആരംഭിക്കുമെന്ന് ശ്രീനാരായണഗുരു സര്‍വ്വകലാശാല അധികൃതര്‍ പ്രഖ്യാപിച്ചത്. കോഴ്സുകള്‍ക്ക് യു.ജി.സി അനുമതി ലഭിച്ച ശേഷമേ ഓപ്പണ്‍ യൂണിവേഴ്സിറ്റി പ്രവര്‍ത്തനം തുടങ്ങാവൂവെന്നാണ് സര്‍ക്കാര്‍ നിയമിച്ച സ്പെഷ്യല്‍ ഓഫീസറിന്റെ റിപ്പോര്‍ട്ട്. എന്നാല്‍, അത് തള്ളി വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിയമനം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്. എന്നാല്‍, യു.ജി.സിയുടെ അനുമതി കിട്ടിയില്ല. ഓരോ കോഴ്സിനും ഡി.ഇ.ബിയുടെ പ്രത്യേക അംഗീകാരം വേണമായിരുന്നു. അതിന് പാഠ്യപദ്ധതികളടക്കം വിശദരേഖകള്‍ സമര്‍പ്പിക്കേണ്ടിയിരുന്നു. അതുണ്ടായില്ല. പഠിതാക്കള്‍ക്ക് ഭാവിയില്‍ നല്‍കേണ്ട സെല്‍ഫ് ലേണിങ് മെറ്റീരിയല്‍സിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ പരിഗണിച്ചാണ് യു.ജി.സി ഓപ്പണ്‍ സര്‍വ്വകലാശാലകളുടെ കോഴ്സിന് അംഗീകാരം നല്‍കുന്നത്. എസ്.എല്‍.എമ്മിന്റെ പ്രാഥമിക മാതൃകപോലും തയ്യാറാക്കാതെയാണ് കഴിഞ്ഞ വര്‍ഷം യു.ജി.സിയുടെ അനുമതിക്കായി പോയത്. ഒടുവില്‍ ഡി.ഇ.ബിയുടെ അംഗീകാരം കിട്ടില്ലെന്നുറപ്പിച്ചപ്പോഴാണ് പ്രത്യേക വിജ്ഞാപനത്തിലൂടെ മറ്റ് സര്‍വ്വകലാശാലകള്‍ക്ക് കോഴ്സ് നടത്താന്‍ അനുമതി നല്‍കിയത്. അതിനുപുറമേ കഴിഞ്ഞ വര്‍ഷം കോടതിവിധിയും കേരള, കാലിക്കറ്റ് സര്‍വ്വകലാശാലകള്‍ക്ക് അനുകൂലമായിരുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ കഴിഞ്ഞ വര്‍ഷത്തെ അതേ അബദ്ധം സര്‍ക്കാര്‍ ആവര്‍ത്തിച്ചു. ഇക്കുറി ഡി.ഇ.ബിയുടെ അംഗീകാരം കിട്ടിയാല്‍പോലും മറ്റു സര്‍വ്വകലാശാലകളെ വിലക്കുന്നതെന്തിന് എന്ന ചോദ്യം ഉയരുന്നു. നിലവില്‍ കേരളയടക്കമുള്ള പല സര്‍വ്വകലാശാലകള്‍ക്കും ഓപ്പണ്‍ കോഴ്സിനുള്ള യു.ജി.സി അംഗീകാരം അടുത്ത അഞ്ച് വര്‍ഷത്തേക്കുണ്ട്. നിലവില്‍ മറ്റു സര്‍വ്വകലാശാലയിലുള്ള കോഴ്സുകളൊന്നും ഓപ്പണ്‍ സര്‍വ്വകലാശാലയിലില്ല. ഈ സങ്കീര്‍ണ്ണതകളൊക്കെ പരിഹരിക്കാന്‍ ഭേദഗതി മാത്രമാണ് പോംവഴി. നിയമഭേദഗതിക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും അതിനുള്ള നടപടികളായിട്ടില്ല. ഇപ്പോഴുള്ളതു പോലെ കേരളത്തിലെ സര്‍വ്വകലാശാലകള്‍ക്കു കീഴില്‍ വിദൂര പ്രൈവറ്റ് വിദ്യാഭ്യാസ പദ്ധതികള്‍ നിലനിര്‍ത്തുന്ന മാതൃകയാണ് പ്രായോഗികം. തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഈ രീതിയിലാണ് സമാന്തര കോഴ്സുകള്‍ നടത്തുന്നത്. മാര്‍ക്കിന്റേയോ പണത്തിന്റേയോ അവസരങ്ങളുടേയോ കുറവ് കാരണം കോളേജിലോ സര്‍വ്വകലാശാലകളിലോ റെഗുലര്‍ പഠനത്തിന് അവസരം ലഭിക്കാതെ പോകുന്നവരാണ് വിദൂര-പ്രൈവറ്റ് രജിസ്ട്രേഷന്‍ കോഴ്സുകളില്‍ അഡ്മിഷന്‍ തേടുന്നവരില്‍ ഭൂരിഭാഗവും. ഹയര്‍ സെക്കന്‍ഡറി പാസ്സാകുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ തുടര്‍വിദ്യാഭ്യാസത്തിന് സമാന്തര സംവിധാനത്തെയാണ് ആശ്രയിക്കുക. അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ ഭൂരിഭാഗവും മറ്റു സംസ്ഥാനങ്ങളിലെ സര്‍വ്വകലാശാലകളില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് പതിവ്. 

നിലവില്‍ വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ നടത്താന്‍ യു.ജി.സി അംഗീകാരമുള്ള സര്‍വ്വകലാശാലകളായ കേരളയിലും കാലിക്കറ്റിലും അറുപതിനായിരത്തിനു മുകളില്‍ കുട്ടികള്‍ വിദൂര-പ്രൈവറ്റ് രജിസ്ട്രേഷനായി ചേരുന്നുണ്ടെന്നാണ് കണക്കുകള്‍. വിദ്യാഭ്യാസപരമായി ഏറെ മുന്നിലുള്ള കേരളത്തില്‍ ഗുണപരമായ വിദ്യാഭ്യാസം എന്നത് എല്ലാവരുടേയും താല്പര്യമാണ്. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ മൂന്ന് മേഖലാകേന്ദ്രങ്ങള്‍ സംസ്ഥാനത്തുണ്ട്. സംസ്ഥാനത്തെ സര്‍വ്വകലാശാലകളുമായി ഇവ യോജിച്ചു പ്രവര്‍ത്തിക്കുന്നു. ഇതിനുപുറമെ നാല് വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ കേരളത്തിലുണ്ട്. ഇവിടെ വിദ്യാഭ്യാസം ചെയ്യുന്ന വിദ്യാര്‍ത്ഥികളില്‍ 57 ശതമാനം പേര്‍ കേരളത്തില്‍നിന്നുതന്നെ ഉള്ളവരാണ്. ഒരു ചെറിയ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഈ അനുപാതം വലുതാണ്. 

2011ൽ തിരുവനന്തപുരത്ത് ഇ​ഗ്നോയുടെ ക്യാംപസ് ഉദ്ഘാടനച്ചടങ്ങിൽ പ്രസിഡന്റ് പ്രതിഭാ പാട്ടീൽ, മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി, സ്പീക്കർ ജി കാർത്തികേയൻ എന്നിവർ
2011ൽ തിരുവനന്തപുരത്ത് ഇ​ഗ്നോയുടെ ക്യാംപസ് ഉദ്ഘാടനച്ചടങ്ങിൽ പ്രസിഡന്റ് പ്രതിഭാ പാട്ടീൽ, മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി, സ്പീക്കർ ജി കാർത്തികേയൻ എന്നിവർ

ഓപ്പണ്‍ സര്‍വ്വകലാശാലയുടെ അവസ്ഥ

ഔപചാരിക വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ച ശ്രീനാരായണഗുരുവിന്റെ പേരിലാണ് ആസ്ഥാനമായി സംസ്ഥാന ഓപ്പണ്‍ സര്‍വ്വകലാശാല തുടങ്ങിയത്. ഈ ജൂലൈയില്‍ 12 വിഷയങ്ങളില്‍ ഡിഗ്രി കോഴ്സും അഞ്ച് വിഷയങ്ങളില്‍ പി.ജി. കോഴ്സുകളിലേക്കും പ്രവേശനം തുടങ്ങുമെന്നായിരുന്നു സര്‍വ്വകലാശാലയുടെ ബജറ്റ് പ്രഖ്യാപനം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, അറബിക്, ഹിസ്റ്ററി, സോഷ്യോളജി, ഇക്കണോമിക്സ്, കൊമേഴ്സ്, ബിസിനസ് സ്റ്റഡീസ്, കംപ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളിലാണ് ബിരുദ കോഴ്സ്. മലയാളം, ഇംഗ്ലീഷ്, സോഷ്യോളജി, ഹിസ്റ്ററി, കൊമേഴ്സ് എന്നീ വിഷയങ്ങളിലാണ് പി.ജി. ചരിത്രത്തിലാദ്യമായി ബി.എ. ഫിലോസഫിയില്‍ ശ്രീനാരായണഗുരു സ്റ്റഡീസ് എന്ന വിഷയത്തില്‍ ഡിഗ്രി കോഴ്സ് ഈ വര്‍ഷം ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.  കോഴ്സിന്റെ സിലബസ് രൂപീകരണം, എസ്.എല്‍.എം തയ്യാറാക്കല്‍ എന്നിവ തുടങ്ങിയെന്നും മാര്‍ച്ചില്‍ വ്യക്തമാക്കി. ഇതിനായി ഒന്നരക്കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിരുന്നു. ഇങ്ങനെയാണെങ്കിലും ഇതുവരെയും ഒരു കോഴ്സിനുപോലും യു.ജി.സി അംഗീകാരം ഈ സര്‍വ്വകലാശാലയ്ക്ക് കിട്ടിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.  2021-ല്‍ അംഗീകാരം കിട്ടാത്തതിന്റെ കാരണങ്ങളെക്കുറിച്ച് നിയമസഭയില്‍ ചോദ്യമുണ്ടായപ്പോള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കൃത്യമായ മറുപടിയല്ല നല്‍കിയത്. 2021 ജനുവരി 29-ന് യു.ജി.സി ആക്റ്റ് 2 എഫ് പ്രകാരമുള്ള അംഗീകാരം കിട്ടി എന്നായിരുന്നു മറുപടി. ഇതു വച്ച് വേണമെങ്കില്‍ സര്‍വ്വകലാശാല തുടങ്ങാം. അതിനു നിയമം അനുവദിക്കുന്നുണ്ട്. എന്നാല്‍, ഓപ്പണ്‍ യൂണിവേഴ്സിറ്റിക്ക് യു.ജി.സിയുടെ കീഴിലുള്ള ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ ബ്യൂറോയുടെ അനുമതി ഓരോ പ്രോഗ്രാമിനും കിട്ടേണ്ടതുണ്ട്. ഈ അടിസ്ഥാന വിവരം പോലും സര്‍ക്കാരിനുണ്ടായിരുന്നില്ല. 

ശ്രീനാരായണ ​ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ലോ​ഗോ പ്രകാശനം
ശ്രീനാരായണ ​ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ലോ​ഗോ പ്രകാശനം

ഇതിന് സിലബസ്, പ്രോഗ്രാം പ്രൊജക്റ്റ് റിപ്പോര്‍ട്ട്, എന്‍ട്രി ലെവല്‍ യോഗ്യതകള്‍, പാഠ്യപദ്ധതി, ചോദ്യപേപ്പറുകളുടെ പാറ്റേണ്‍ എന്നിവ ഡി.ഇ.ബിക്ക് സമര്‍പ്പിക്കണം. എല്ലാ പ്രോഗ്രാമുകളും പഠനവസ്തുക്കളും തയ്യാറാക്കണം. ഇത് നേരിട്ട് പരിശോധിച്ച ശേഷമാണ് യു.ജി.സി അംഗീകാരം നല്‍കുക. ഇക്കാര്യങ്ങളെല്ലാം സൂചിപ്പിച്ച് കേരള സര്‍വ്വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. ജെ. പ്രഭാഷ് റിപ്പോര്‍ട്ടും നല്‍കിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് അവഗണിച്ചു.  സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിയമിച്ച സ്പെഷ്യല്‍ ഓഫീസറായിരുന്നു അദ്ദേഹം. ഇക്കാര്യങ്ങളൊക്കെ ചെയ്തെന്ന് മന്ത്രി നിയമസഭയില്‍ അവകാശപ്പെട്ടെങ്കിലും യു.ജി.സി അനുമതി കിട്ടിയില്ല. ഈ വര്‍ഷവും ഇതേ രീതിയിലാണ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.

തുറന്ന സര്‍വ്വകലാശാല അടയ്ക്കുന്ന സാധ്യതകള്‍

എം. ഷാജര്‍ഖാന്‍

ഉന്നത വിദ്യാഭ്യാസമെന്ന ലക്ഷ്യസാക്ഷാല്‍ക്കാരത്തിനു സമാന്തര പഠനസമ്പ്രദായത്തെ ആശ്രയിക്കുന്ന സംസ്ഥാനത്തെ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളെ ത്രിശങ്കുവിലാക്കുന്ന സര്‍ക്കുലര്‍ പുറത്തിറക്കി സര്‍ക്കാര്‍ പ്രതിസന്ധിയുടെ മറ്റൊരു അദ്ധ്യായത്തിനുകൂടി തുടക്കം കുറിച്ചിരിക്കുന്നു. പ്രൈവറ്റ് രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള സമാന്തര പഠനകോഴ്സുകള്‍ കേരളത്തിലെ വിവിധ സര്‍വ്വകലാശാലകള്‍ നടത്തുന്നതു വിലക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മെയ് 9-നാണ് പുറത്തിറക്കുന്നത്. അതില്‍ ഇപ്രകാരം പറയുന്നു: ''ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയ്ക്ക് യു.ജി.സിയുടെ ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ ബ്യൂറോയില്‍നിന്ന് 2022-'23 അധ്യയനവര്‍ഷം മുതല്‍ വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ നടത്താന്‍ അനുമതി ലഭിക്കുന്നില്ലായെങ്കില്‍ മാത്രം ഈ വര്‍ഷം വിദൂര വിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്ട്രേഷന്‍ വഴിയുള്ള കോഴ്സുകള്‍ നടത്തുന്നതിന് മറ്റ് സര്‍വ്വകലാശാലകള്‍ക്ക് അനുമതി നല്‍കുന്നതാണ് എന്നും ഇത് സംബന്ധിച്ച തുടര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം വരുന്നതുവരെ വിദൂര വിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്ട്രേഷന്‍ മുഖേനയുള്ള കോഴ്സുകളിലേയ്ക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിക്കാന്‍ പാടുള്ളതല്ല എന്നും സര്‍വ്വകലാശാലകളെ അറിയിക്കുന്നു.''

സര്‍വ്വകലാശാലകളോടുള്ള കേട്ടുകേള്‍വിയില്ലാത്ത ആജ്ഞാപന ഭാഷയാണ് കണ്ണില്‍ത്തറയ്ക്കുന്നത്. സംസ്ഥാനത്തെ വിവിധങ്ങളായ സര്‍വ്വകലാശാലകള്‍ ദശാബ്ദങ്ങളായി നടത്തിവരുന്ന കോഴ്സുകളിലേക്ക് ഈ അധ്യയനവര്‍ഷം പ്രവേശനം നടത്തരുതെന്ന് ഏകപക്ഷീയമായി ഉത്തരവിറക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടോ? സ്വയംഭരണാവകാശമുള്ള സര്‍വ്വകലാശാലകളോട് ഏത് കോഴ്സ് നടത്തണം, നടത്തരുത് എന്ന് സര്‍ക്കുലര്‍ വഴി ഉത്തരവ്  നല്‍കുന്നത് ജനാധിപത്യ ധ്വംസനമാണ്. രണ്ടാമത്തേത്, അതിനായി അവതരിപ്പിക്കുന്ന കാരണവും ഉപാധിയും അതിവിചിത്രവും അസംബന്ധജടിലവുമാണ്. കാരണം, ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാലയ്ക്ക് കോഴ്സുകള്‍ നടത്താന്‍ യു.ജി.സിയുടെ അംഗീകാരം ഇപ്പോഴും ലഭിച്ചിട്ടില്ലായെന്നത് യാഥാര്‍ത്ഥ്യമാണ്. ഉപാധിയാകട്ടെ, ഇത്തവണയും അനുമതി ലഭിക്കുന്നില്ലായെങ്കില്‍ സര്‍വ്വകലാശാലകള്‍ക്ക് മേല്‍പ്പറഞ്ഞ കോഴ്സുകള്‍ നടത്താന്‍ അനുമതി നല്‍കാമെന്ന ഓഫറാണ്. അപ്പോള്‍, യു.ജി.സിയുടെ അനുമതി ലഭിക്കുമെന്ന് ഉറപ്പില്ല. അതുവരെ മറ്റ് സര്‍വ്വകലാശാലകള്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ കോഴ്സുകള്‍ മരവിപ്പിച്ച് നിര്‍ത്തണം. ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാലയ്ക്ക് കോഴ്സുകള്‍ നടത്താന്‍ അനുമതി ലഭിച്ചാല്‍ അതേ കോഴ്സുകള്‍ നടത്താന്‍ മറ്റ് സര്‍വ്വകലാശാലകളെ 'തങ്ങള്‍' അനുവദിക്കില്ല എന്നത് ഒരു ബലപ്രയോഗത്തിന്റെ ഭാഷയാണ്. അധികാരഭാഷ സംസ്ഥാന സര്‍ക്കാരിന്റേതാണ്. അത് പറയുമ്പോള്‍ ഇനിയും ജനിച്ചിട്ടില്ലാത്ത, ജനിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു സ്ഥാപനത്തിന്റെ 'നിലനില്‍പ്പിനെ' കരുതിയെന്നതാണ് വിചിത്രം. മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനാല്‍ ഇത്തവണയും ഓപ്പണ്‍ കോഴ്സുകള്‍ നടത്താന്‍ എസ്.എന്‍ സര്‍വ്വകലാശാലയ്ക്ക് അനുമതി ലഭിക്കാനിടയില്ല. ഇനി, അനുമതി ലഭിച്ചാല്‍പ്പോലും അതിന്റെ പേരില്‍ മറ്റ് സര്‍വ്വകലാശാലകളുടെ സ്വതന്ത്ര അക്കാദമിക പ്രവര്‍ത്തനത്തിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കുന്നതെന്തിന്? എന്നുമാത്രവുമല്ല, യു.ജി.സി അംഗീകാരം നല്‍കുന്നത് ഡിസ്റ്റന്‍സ് മോഡിലുള്ള തുറന്ന കോഴ്സുകള്‍ക്കാണ്. എത്രയോ മുന്‍പുതന്നെ, കേരളത്തിലെ സര്‍വ്വകലാശാലകളില്‍ 1990-കള്‍ മുതല്‍ തന്നെ, സമാന്തര പഠനസമ്പ്രദായമെന്ന നിലയില്‍ സര്‍വ്വകലാശാലകളിലേതിനു തത്തുല്യമായ പ്രൈവറ്റ് രജിസ്ട്രേഷന്‍ കോഴ്സുകള്‍ നിലനില്‍ക്കുന്നുണ്ട്. അവ നടത്താന്‍ സര്‍വ്വകലാശാലകള്‍ക്ക് സ്വാതന്ത്ര്യവുമുണ്ട്. എന്നാല്‍, കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പുരോഗതിയില്‍ അതിനിര്‍ണ്ണായക സംഭാവനകള്‍ നല്‍കിയ സമാന്തര വിദ്യാഭ്യാസത്തിനുകൂടി കൂട്ടത്തില്‍ ചരമക്കുറിപ്പ് രചിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പഴുതൊരുക്കുകയാണ് ഓപ്പണ്‍ യൂണിവേഴ്സിറ്റിയിലൂടെ.

ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഉ​ദ്ഘാടന ചടങ്ങ്
ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഉ​ദ്ഘാടന ചടങ്ങ്

തുറന്ന സര്‍വ്വകലാശാല അടച്ച വഴികള്‍

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ എന്തിനാണ് തുറന്ന സര്‍വ്വകലാശാല എന്ന ചോദ്യത്തിന് ഉത്തരം നല്‍കാതെ, നിലവിലുള്ള സര്‍വ്വകലാശാലകളെ ശക്തിപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കാതെ, സംസ്ഥാന പിണറായി സര്‍ക്കാര്‍ ഒരു തുറന്ന സര്‍വ്വകലാശാല കൊല്ലം ആസ്ഥാനമായി ആരംഭിക്കാന്‍ തീരുമാനിക്കുകയും അതിന് കേരളത്തിന്റെ നവോത്ഥാന നായകനായ ശ്രീനാരായണഗുരുവിന്റെ നാമധേയം നല്‍കുകയും ചെയ്തു. എന്നിട്ട്, അതിനായി ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. 2020 സെപ്റ്റംബര്‍ 23-ന് ഓര്‍ഡിനനന്‍സ് - നമ്പര്‍ 45 - പാസ്സായി. അതിനെതിരെ വലിയ നിയമയുദ്ധങ്ങള്‍ നടന്നു. ഒടുവില്‍, ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. നിയമസഭ പാസ്സാക്കിയ ഓപ്പണ്‍ യൂണിവേഴ്സിറ്റി ബില്ലിന് 2021 ഫെബ്രുവരി 1-ാം തിയതി വിജ്ഞാപനമായി. അതിന്‍പ്രകാരം, അതിലെ 72-ാം വ്യവസ്ഥയനുസരിച്ച് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ എല്ലാ തലങ്ങളിലേയും സമാന്തര പഠനം, വിദൂര പഠനം എന്നിവ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാല വഴി മാത്രമേ നടത്താനാവൂ. അത്തരം കോഴ്സുകള്‍ റെഗുലര്‍ യൂണിവേഴ്സിറ്റികള്‍ നടത്താന്‍ പാടില്ലായെന്ന വിദ്യാഭ്യാസവിരുദ്ധമായ വ്യവസ്ഥകളടങ്ങിയ നിയമമാണ് നിലവില്‍ വന്നത്. അതൊരു വെല്ലുവിളിയായിരുന്നു. അനൗപചാരികമായ ഒരു സ്ഥാപനത്തിന്റെ പേരില്‍, അതും വരാനിരിക്കുന്ന സ്ഥാപനത്തിന്റെ പേരില്‍, സര്‍വ്വകലാശാലയിലെ പതിനായിരക്കണക്കിനു വിദ്യാര്‍ത്ഥികളുടെ ഭാവിയെ പ്രതിസന്ധിയിലാക്കിയ വെല്ലുവിളി. പൊതു സര്‍വ്വകലാശാലകളിലെ ഔപചാരിക വിദ്യാഭ്യാസത്തിലുള്ള പ്രൈവറ്റ് രജിസ്ട്രേഷന്‍ സമാന്തര പഠനസമ്പ്രദായത്തിന്റെ വഴികള്‍ അടച്ചുകളയുകയാണ് അനൗപചാരികമായ തുറന്ന സര്‍വ്വകലാശാലയുടെ വിജ്ഞാപനം ചെയ്തത്. ഇന്ത്യയില്‍ നിലവിലുള്ള ഇന്ദിരാഗാന്ധി ഓപ്പണ്‍ സര്‍വ്വകലാശാല ഉള്‍പ്പെടെയുള്ള പതിനഞ്ച് ഓപ്പണ്‍ യൂണിവേഴ്സിറ്റികളിലും ഇല്ലാത്ത വ്യവസ്ഥയാണ് കേരള സര്‍ക്കാരും കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും കൂടിച്ചേര്‍ന്ന് എഴുതിച്ചേര്‍ത്തത്.

എത്രപേര്‍ പുറത്താവും?

2018-ല്‍ ഏകദേശം ഒന്നരലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ കേരള, കണ്ണൂര്‍, എം.ജി, കാലിക്കറ്റ് സര്‍വ്വകലാശാലകളിലായി പ്രൈവറ്റ് രജിസ്ട്രേഷനിലൂടെ പഠിക്കുന്നുണ്ടായിരുന്നു. കൂടാതെ, വിവിധ ഡിസ്റ്റന്‍സ് ലേണിംഗ് കോഴ്സുകളില്‍ വേറെയും വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നിരുന്നു. എന്നാല്‍, ഓപ്പണ്‍ സര്‍വ്വകലാശാലയുടെ വരവിനു ശേഷം ഉണ്ടായ അവ്യക്തതകള്‍ മൂലവും സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്താലും ചില സര്‍വ്വകലാശാലകള്‍ പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷ ക്ഷണിക്കാതെയായി. കുറെയേറെ വിദ്യാര്‍ത്ഥികള്‍ റെഗുലര്‍ കോളേജുകളില്‍ അഡ്മിഷന്‍ കിട്ടാതെ മറ്റ് സംസ്ഥാനങ്ങളിലെ വിദൂര കോഴ്സുകളില്‍ അഭയം പ്രാപിക്കേണ്ട സ്ഥിതി വന്നുചേര്‍ന്നു. അതുവഴി, ഇപ്പോള്‍ 2021/2022ലെ കണക്കുകള്‍ പ്രകാരം, കാലിക്കറ്റില്‍ ഇരുപത്തിയേഴായിരം വിദ്യാര്‍ത്ഥികളും കണ്ണൂരില്‍ പതിനൊന്നായിരം പേരും എം.ജിയില്‍ പതിനായിരം വിദ്യാര്‍ത്ഥികളും കേരളത്തില്‍ പതിന്നാലായിരം പേരും എന്ന നിലയില്‍ കുറഞ്ഞിരിക്കുന്നു. അപ്പോഴും, അറുപതിനായിരത്തിലേറെ പേര്‍ ഈ സ്ട്രീമില്‍ പഠിക്കുന്നുണ്ട്. ഈ വര്‍ഷം, അതിലേറെ വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിനു ചേരേണ്ടതാണ്. പക്ഷേ, സര്‍ക്കാര്‍ സര്‍ക്കുലര്‍ എല്ലാം തട്ടിത്തെറിപ്പിക്കുകയാണ്. അക്ഷരാര്‍ത്ഥത്തില്‍, വിദ്യാര്‍ത്ഥികളെ തെരുവിലേയ്ക്കു വലിച്ചെറിയുന്നതിനു തുല്യമാണിത്. കേള്‍വികേട്ട കേരളമോഡല്‍ വിദ്യാഭ്യാസത്തിന് അപമാനകരമാവുകയാണ് സംസ്ഥാനം. സര്‍ക്കാരിന്റെ അപക്വമായ നടപടിള്‍ മൂലം.

ഓപ്പണ്‍ ഫീസ് കൂടുതലാണ്

പല സര്‍വ്വകലാശാലകളിലും സമാന്തര ബിരുദകോഴ്സുകള്‍ പഠിക്കുന്നതിന് രജിസ്ട്രേഷന്‍ ഫീസായി ഈടാക്കുന്ന തുകയെക്കാള്‍ വളരെ കൂടുതലാണ്. അസമത്വങ്ങള്‍ക്കെതിരെ പോരാടിയ ശ്രീനാരായണഗുരുവിന്റെ പേരില്‍ ആരംഭിച്ചിരിക്കുന്ന സ്ഥാപനത്തില്‍ വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്ന തുക. രജിസ്ട്രേഷന്‍ ഫീസ് മറ്റ് സര്‍വ്വകലാശാലകളില്‍ നാലായിരം രൂപയാണെങ്കില്‍ (അതു തന്നെ വളരെ വലിയ ഊറ്റലാണ്) ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ ബികോം പോലെയുള്ള കോഴ്സുകള്‍ക്ക് പതിനേഴായിരം രൂപവരെ കൊടുക്കണം. മെട്രിക്കുലേഷന്‍, രജിസ്ട്രേഷന്‍, അഫിലിയേഷന്‍, എലിജിബിലിറ്റി ഫീ തുടങ്ങിയ വിവിധ പേരുകളില്‍ ഫീസ് ഈടാക്കാനാണ് പരിപാടി. അതുകൂടാതെ, സ്റ്റഡി മെറ്റീരിയല്‍സിന് രണ്ടായിരം രൂപയും നല്‍കണം.

ഔപചാരികമായ റെഗുലര്‍ സര്‍വ്വകലാശാലകളിലെ മുഖാമുഖ വിദ്യാഭ്യാസത്തിനു നല്‍കേണ്ടിവരുന്നതിനെക്കാള്‍ കൂടുതല്‍ തുക നല്‍കിയാലേ സാധാരണക്കാര്‍ക്ക് വിദൂരപഠനം അനൗപചാരികമായി സാധ്യമാക്കാനാവൂ എന്ന സ്ഥിതിയും നിലവിലുണ്ട്. അങ്ങനെയൊന്ന്, വിദ്യകൊണ്ട് പ്രബുദ്ധരാകുവാന്‍ ആഹ്വാനം ചെയ്ത, ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഒന്നാന്തരം വക്താവായിരുന്ന നവോത്ഥാന നായകന്‍ ശ്രീനാരായണഗുരുവിന്റെ പേരില്‍ വേണോ? അനൗപചാരിക വിദ്യാഭ്യാസകേന്ദ്രത്തിന് റെഗുലര്‍ സര്‍വ്വകലാശാലകളുടെ പദവിയോ സ്ഥാനമോ ലോകത്തെങ്ങും ലഭിക്കില്ലായെന്ന വസ്തുതയും പ്രത്യേകം ഓര്‍ക്കണം. ഓപ്പണ്‍ സര്‍വ്വകലാശാല സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഇന്ത്യയിലെ പ്രധാന തൊഴില്‍ സ്ഥാപനങ്ങളിലോ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലോ വിലകല്പിക്കപ്പെടുന്നില്ലായെന്നതും കാണാതെ പോകരുത്. അപ്പോള്‍, അങ്ങനെ നിരാകരിക്കപ്പെടാന്‍ ഇടയുള്ള ഒരു സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റില്‍ ശ്രീനാരായണഗുരുവിന്റെ മഹദ്നാമം എഴുതിച്ചേര്‍ക്കണമോയെന്നുകൂടി വിദ്യാഭ്യാസവകുപ്പിന്റെ അമരത്തുള്ളവര്‍ ഇരുന്ന് ചിന്തിക്കുക.

ഓപ്പൺ യൂണിവേഴ്സിറ്റിയുടെ മന്ദിരം
ഓപ്പൺ യൂണിവേഴ്സിറ്റിയുടെ മന്ദിരം

തുറന്ന സര്‍വ്വകലാശാല എന്ന സങ്കല്പം തന്നെ തെറ്റാണ്

ജനാധിപത്യ വിപ്ലവത്തിന്റേയും നവോത്ഥാന മുന്നേറ്റത്തിന്റേയും നാളുകളിലാണ് ഉന്നത വിജ്ഞാനത്തിന്റെ കേന്ദ്രങ്ങള്‍ എന്ന നിലയില്‍ സര്‍വ്വകലാശാല എന്ന സങ്കല്പം ഉദയം ചെയ്തത്. സര്‍വ്വ 'കല'കളുടേയും ശാലയാണത്. വിശ്വവിജ്ഞാന കേന്ദ്രങ്ങളായിട്ടാണ് അവ ആരംഭിക്കപ്പെട്ടത്. ഏതെങ്കിലും ഒരു പ്രത്യേക പഠനശാഖയില്‍ മാത്രമായി ഒതുങ്ങുന്ന സ്ഥാപനത്തെ സര്‍വ്വകലാശാല എന്ന് എങ്ങനെ വിളിക്കും? മുഖാമുഖ വിദ്യാഭ്യാസമാണവയുടെ മുഖമുദ്ര. നളന്ദയും തക്ഷശിലയും പോലെയുള്ള പുരാതന സര്‍വ്വകലാശാലകള്‍ മുതല്‍ മഹാകവി രബീന്ദ്രനാഥ ടാഗോര്‍ സ്ഥാപിച്ച വിശ്വഭാരതി വരെയുള്ള സര്‍വ്വകലാശാലകള്‍ ജൈവ-ബൗദ്ധിക ശാലകളായിരുന്നുവെന്ന കാര്യം ഓര്‍ക്കുക. സമഗ്രമായ ജ്ഞാനോല്പാദനമാണ് സര്‍വ്വകലാശാലകള്‍ ലക്ഷ്യം വെയ്ക്കേണ്ടത്. ഓപ്പണ്‍ ഓണ്‍ലൈന്‍ - വിദൂര കോഴ്സുകള്‍ മാത്രം നടത്തുന്ന സ്ഥാപനത്തിന് ഗവേഷണപ്രവര്‍ത്തനങ്ങളിലൂടെ പുതിയ വിജ്ഞാനവെളിച്ചം സമ്മാനിക്കാനാവില്ലല്ലോ; എന്നു മാത്രമല്ല, വിദ്യാഭ്യാസത്തിന്റെ ജൈവപ്രക്രിയയെ അവ നിരാകരിക്കുകയും ചെയ്യുന്നു. മുഖാമുഖ പഠനത്തേയും അന്വേഷണത്തേയും വളര്‍ത്താന്‍ അവ ഉപകരിക്കില്ല. അതുകൊണ്ടുതന്നെ, സര്‍വ്വകലാശാല എന്ന പേരിന് അര്‍ഹമാകാത്തവയാണ് ഓപ്പണ്‍ യൂണിവേഴ്സിറ്റി സങ്കല്പം. പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗമായി സര്‍വ്വകലാശാലയെ വിദൂരമാക്കുന്ന വിദൂര സര്‍വ്വകലാശാല പോലും ഇന്ത്യയില്‍ വരാനിരിക്കുന്നു!

ശ്രീനാരായണഗുരു സര്‍വ്വകലാശാല വിദൂര കോഴ്സുകള്‍ മാത്രം നടത്തുവാനായിട്ടാണ് സ്ഥാപിതമായിരിക്കുന്നത്. പരിപൂര്‍ണ്ണമായും അനൗപചാരിക മോഡിലായിരിക്കും അവയുടെ പ്രവര്‍ത്തനം. വിദൂര കോഴ്സുകള്‍ നടത്തുവാന്‍ മാത്രമായി സ്ഥാപിക്കപ്പെടുന്ന ഒരു കേന്ദ്രത്തിന് സര്‍വ്വകലാശാല എന്ന് നാമകരണം ചെയ്യുന്നത് അര്‍ത്ഥശൂന്യമല്ലേ. അതിനെ വിദൂര പഠനകേന്ദ്രമെന്നു വിളിച്ചാല്‍ പോരേ. ഒരു സര്‍വ്വകലാശാല ലക്ഷ്യംവെയ്ക്കേണ്ട മാനവ വിമോചന ധര്‍മ്മമെന്തെന്ന് നിര്‍വ്വചിക്കാനോ അവ നിര്‍വ്വഹിക്കാനോ സങ്കല്പിക്കാന്‍പോലുമോ അത്തരമൊരു സാങ്കേതികവിദ്യയിലൂന്നിയ സ്ഥാപനത്തിന് കെല്പുണ്ടാവില്ലല്ലോ.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com