ഞാന്‍ ജാതിക്കോട്ടയില്‍നിന്ന് ബഹിഷ്‌കൃതനായ അധ്യാപകന്‍

ഞാന്‍ ജാതിക്കോട്ടയില്‍നിന്ന് ബഹിഷ്‌കൃതനായ അധ്യാപകന്‍

മദ്രാസ് ഐ.ഐ.ടി.യിലെ ജാതി വിവേചനത്തെ തുടര്‍ന്ന് ജോലി ഉപേക്ഷിക്കാന്‍ നിര്‍ബ്ബന്ധിതനായ വിപിന്‍ പി. വീട്ടില്‍ സംസാരിക്കുന്നു

താന്‍ നേരിട്ട ജാതിവിവേചനം പരസ്യമായി വെളിപ്പെടുത്തിയ മലയാളി അധ്യാപകന്‍ വിപിന്‍ പി. വീട്ടിലിന് ഐ.ഐ.ടി മദ്രാസില്‍നിന്നു രാജിവെയ്‌ക്കേണ്ട സാഹചര്യമുണ്ടായി. നിരന്തരമായ മാനസിക പീഡനങ്ങള്‍ക്കൊടുവില്‍ അദ്ദേഹം അതിനു നിര്‍ബ്ബന്ധിതനാകുകയായിരുന്നു. ചെന്നൈയില്‍ വിപിന്‍ പി. വീട്ടിലിനോട് സംസാരിക്കുന്ന ദിവസം സെക്യൂരിറ്റി ജീവനക്കാര്‍ ക്യാംപസിനുള്ളിലെ അദ്ദേഹത്തിന്റെ വീട് തള്ളിത്തുറന്ന് അകത്തു കയറാന്‍ ശ്രമിച്ചതിന്റെ ഞെട്ടലിലായിരുന്നു അദ്ദേഹം. 

പലവിധത്തിലുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ ഹരാസ്മെന്റിന്റെ ഏറ്റവുമൊടുവില്‍ നടന്ന സംഭവമായിരുന്നു ഇത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഐ.ഐ.ടി അധികൃതര്‍ക്കാര്‍ക്കും ഉത്തരമില്ല. അങ്ങനെയൊരു സംഭവം നടന്നില്ല എന്ന മട്ടിലുള്ള പ്രതികരണമാണ് ഉണ്ടായതെന്ന് വിപിന്‍ പറയുന്നു. ഏതെങ്കിലും സംഭവത്തില്‍ പരാതിയുയര്‍ന്നാല്‍ ആരോപണവിധേയര്‍ അദൃശ്യരാകുകയോ സംരക്ഷിക്കപ്പെടുകയോ രക്ഷപ്പെടുകയോ ആണ് ചെയ്യുന്നത്. മദ്രാസ് ഐ.ഐ.ടി അവര്‍ക്കെതിരായ പരാതികള്‍ കൈകാര്യം ചെയ്യുന്നതിന്റെ ഒരു ഉദാഹരണമാണിത്. പരാതി ഉയര്‍ത്തിയ ആള്‍ പുറത്തുപോകേണ്ടിവരുന്ന അവസ്ഥ. ഐ.ഐ.ടിയില്‍ ആത്മഹത്യ ചെയ്ത ഫാത്തിമ ലത്തീഫ് എന്ന വിദ്യാര്‍ത്ഥിയുടെ കാര്യത്തിലും സമാനമായ കണ്ടെത്തലാണ് ഉണ്ടായത്. അദ്ധ്യാപകനെതിരെ കുറിപ്പെഴുതി ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിയുടെ മരണകാരണം വീട്ടുകാരെ വിട്ടുനില്‍ക്കുന്നതിന്റെ വിഷമം ആണെന്നു പറഞ്ഞ് അന്വേഷണം അവസാനിപ്പിച്ചു.
 
കൃത്യമായ തെളിവുകളോടെ പരാതിയുമായി മുന്നോട്ടുപോകുമ്പോഴും ഒന്നിനും മറുപടിയുടെ പോലും ആവശ്യമില്ല എന്ന തരത്തിലും മാനസികമായും ഒരു സിസ്റ്റം ഉപയോഗിച്ച് പീഡിപ്പിച്ച് പുറത്താക്കപ്പെടുന്ന അനുഭവമാണ് വിപിന്‍ പറയുന്നത്. തനിക്കു നേരിട്ട ജാതിയനുഭവങ്ങളും ഒപ്പം വിദ്യാഭ്യാസരംഗത്തുണ്ടാകേണ്ട മാറ്റങ്ങളേയും കുറിച്ച് വിപിന്‍ പി. വീട്ടില്‍ സംസാരിക്കുന്നു.
---

വിപിൻ പി വീട്ടിൽ
വിപിൻ പി വീട്ടിൽ

ഞാന്‍ ഐ.ഐ.ടി.യില്‍ മനസ്സിലാക്കിയ ഒരു കാര്യം ആളുകള്‍ ഓപ്പണായി കള്ളത്തരം പറയും എന്നതാണ്. ഇന്നു ക്യാംപസ്സിലെ എന്റെ ക്വാര്‍ട്ടേഴ്സിലേക്ക് സെക്യൂരിറ്റി ജീവനക്കാര്‍ തള്ളിക്കയറിയതിനെക്കുറിച്ച് ചീഫ് സെക്യൂരിറ്റി ഓഫീസറോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ''എനിക്ക് അറിയില്ല'' എന്നാണ്. അദ്ദേഹമറിയാതെ എന്റെ വീട്ടില്‍ ഒരാള്‍ കയറുക അസാധ്യമാണ്. ഇത് ഡയറക്ടര്‍തലത്തില്‍ത്തന്നെ പ്ലാന്‍ ചെയ്തു നടത്തിയതാണ്. ഞാന്‍ വീട്ടിലുള്ളപ്പോഴാണ് വാതില്‍ തള്ളിത്തുറന്നു കയറാന്‍ നോക്കിയത്. അത്യന്തം വേദനിപ്പിക്കുന്ന, ഹാരോയിങ് എക്‌സ്പീരിയന്‍സ് ആയിരുന്നു അത്. സത്യത്തില്‍ ഇവിടെ എനിക്ക് ഒരു സുരക്ഷിതത്വവും തോന്നുന്നില്ല. അത്തരത്തിലുള്ള മാനസിക പീഡനം ഉണ്ടാക്കുക തന്നെയാണ് അവര്‍ ഉദ്ദേശിക്കുന്നത്. രോഹിത് വെമുലയുടെ കേസ് എടുത്താലും ഇത്തരത്തില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഹരാസ്മെന്റ് ഒരുപാട് നടന്നിട്ടുണ്ട്. ഇത്രയധികം തെളിവുണ്ടായിട്ടും ആരുടേയും മേല്‍ ഗൗരവമായ നടപടികളൊന്നും ഉണ്ടായില്ല. സിസ്റ്റം ഇതിനെയൊന്നും ഉത്തരവാദിത്വത്തോടെയല്ല കാണുന്നത്. 

ഐ.ഐ.ടിയിലെ ആത്മഹത്യകളുടെ എണ്ണത്തെക്കുറിച്ചു നമുക്കു സംസാരിക്കാന്‍ പറ്റും. പക്ഷേ, അതിന്റെ കാരണങ്ങളെക്കുറിച്ചു സംസാരിക്കാന്‍ കഴിയില്ല. അതു പഠിക്കപ്പെട്ടിട്ടില്ല. മദ്രാസ് ഐ.ഐ.ടിയില്‍ ഏകദേശം 700 അദ്ധ്യാപകരുണ്ട്. പതിനായിരത്തോളം വിദ്യാര്‍ത്ഥികളുണ്ട്. പലരുടേയും കുടുംബങ്ങളുണ്ട്. മറ്റു ജീവനക്കാരുണ്ട്. അത്രയും ആളുകള്‍ ക്യാംപസില്‍ താമസിക്കുന്നുണ്ട്. അതില്‍ ആത്മഹത്യകളുണ്ടാവാം. ഇത്രയും ആളുകളില്‍ ഡിപ്രഷന്‍ ഉള്ള കുറച്ചുപേരുണ്ടാകാം. പക്ഷേ, ഡിപ്രഷന്‍ റേറ്റ് നോക്കിയാല്‍ ബ്രാഹ്മിന്‍ ഫാക്കല്‍റ്റി-നോണ്‍ ബ്രാഹ്മിന്‍ ഫാക്കല്‍റ്റി, വിമന്‍ ഫാക്കല്‍റ്റി, മെന്‍ ഫാക്കല്‍റ്റി, ബ്രാഹ്മിന്‍ വിമന്‍-നോണ്‍ ബ്രാഹ്മിന്‍ വിമന്‍, എസ്.സി. വിമന്‍-ബ്രാഹ്മിന്‍ വിമന്‍ അങ്ങനെ നോക്കിയാലാണ് ആരിലാണ് ഡിപ്രഷന്‍ റേറ്റും ആത്മഹത്യാനിരക്കും കൂടുതല്‍ എന്നു കണ്ടെത്താന്‍ പറ്റൂ. ഈ ചോദ്യങ്ങളാണ് ഉന്നയിക്കപ്പെടേണ്ടത്. പക്ഷേ, ഇതൊരിക്കലും ചോദിക്കപ്പെടില്ല. ഐ.ഐ.ടി അത്തരം പഠനങ്ങളൊന്നും നടത്തിയിട്ടില്ല. ഐ.ഐ.ടി മാത്രമല്ല, എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്താറില്ല. പക്ഷേ, പഠനം നടത്താതെതന്നെ അവര്‍ പറയുന്നു, ഇവിടെ അങ്ങനെയുള്ള പ്രശ്‌നങ്ങളൊന്നും ഇല്ല എന്ന്. ജാതി, മാനസിക ആരോഗ്യം, ആത്മഹത്യ തുടങ്ങിയ വിഷയങ്ങളെ അഡ്രസേസ് ചെയ്യുന്ന ശാസ്ത്രീയമായ പഠനങ്ങളും കണ്ടെത്തലുകളും ഉണ്ടാവണം. 

ദളിത് വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക്, ഡ്രോപ്പൗട്ട് റേറ്റ് 70 ശതമാനമാണ് എന്ന് അതിനെക്കുറിച്ച് പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥി പറഞ്ഞു. പക്ഷേ, 70 ശതമാനം എന്നതല്ല നമ്മുടെ കണ്‍സേണ്‍. നോണ്‍ ദളിത് ഡ്രോപ്പൗട്ട് 20 ശതമാനം ആണെങ്കില്‍ നമ്മുടെ കണ്‍സേണ്‍ 70 മൈനസ് 20 ആയിരിക്കണം. ആ 50 ശതമാനം ആയിരിക്കണം. അതില്‍ എത്ര സ്റ്റുഡന്‍സാണ് ഇവിടെ വിവേചനം നേരിടുന്നത് എന്നറിയണം. സാമൂഹ്യമായി അടിച്ചമര്‍ത്തിയ ഒരിടത്തുനിന്നാണ് അവര്‍ വരുന്നത്. അതുകൊണ്ടുതന്നെ ഇവിടെയെത്തി കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള ആത്മവിശ്വാസം ആര്‍ജ്ജിക്കണം. ഇതെല്ലാം നമ്മള്‍ മനസ്സിലാക്കണം. മനസ്സിലാക്കിയില്ലെങ്കില്‍ കൃത്യമായി ഇതൊന്നും നമുക്ക് അഡ്രസ്സ് ചെയ്യാന്‍ കഴിയില്ല. സോഷ്യോളജിസ്റ്റും സൈക്കോളജിസ്റ്റും ഇക്കോണമിസ്റ്റും ചേരുന്ന ഒരു ടീമിനാണ് ഇത് കൃത്യമായി കണ്ടെത്താന്‍ കഴിയുക.

ഇന്ത്യ ഒരു ഇമേജ് കോണ്‍ഷ്യസ് സൊസൈറ്റിയാണ്. റിയാലിറ്റി കോണ്‍ഷ്യസ് അല്ല. അത് കുടുംബത്തില്‍നിന്നുതന്നെ തുടങ്ങുന്നുണ്ട്. ഒരു കുടുംബത്തില്‍ എന്തെങ്കിലും തരത്തിലുള്ള ഗാര്‍ഹികപീഡനം ഉണ്ടെങ്കില്‍ അത് പുറത്തു വരാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും ആ കുടുംബം നടത്തും. കാരണം ആ കുടുംബത്തിന്റെ പ്രതിച്ഛായ അവര്‍ക്കു സംരക്ഷിക്കണം. റിയാലിറ്റി എത്ര മോശമാണെങ്കിലും നാട്ടിലുള്ളവരൊന്നും അറിയാന്‍ പാടില്ല. ഇത് എല്ലായിടത്തുമുണ്ട്. ഐ.ഐ.ടി ലെവലില്‍ വരെയുണ്ട്. ഇമേജിനെക്കുറിച്ചുള്ള കോണ്‍ഷ്യസും റിയാലിറ്റിയെക്കുറിച്ചുള്ള അണ്‍കോണ്‍ഷ്യസും. നമ്മുടെ ഉള്ളില്‍ എന്താണ് നടക്കുന്നത് എന്നത് സെക്കന്‍ഡറിയാണ്. ആളുകള്‍ എന്താണ് വിചാരിക്കുന്നത് എന്നതാണ് പ്രധാനം. ഇന്ത്യന്‍ കള്‍ച്ചര്‍ അങ്ങനെയാണ്. ദേശീയതലത്തിലും അതു കാണും. ആളുകള്‍ നമ്മുടെ രാജ്യത്തെപ്പറ്റി എന്താണ് ചിന്തിക്കുക എന്നതാണ് നമ്മള്‍ ആലോചിക്കുന്നത്.

നിലവിലെ സംവിധാനങ്ങള്‍ക്കൊപ്പം പോവാനാണ് കൂടുതല്‍ പേരും താല്പര്യപ്പെടുക. നിലനില്‍പ്പിനുവേണ്ടി അങ്ങനെ ചെയ്യുന്നവരുമുണ്ട്. ഐ.ഐ.ടിയിലെ നിലവിലെ സിസ്റ്റത്തിനെതിരെ പോരാടാനുള്ള ആത്മവിശ്വാസം എന്തായിരുന്നു? 

ഓരോ പ്രശ്‌നങ്ങള്‍ കാണുമ്പോള്‍ ചൂണ്ടികാണിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. ഉദാഹരണത്തിന് എസ്.സി-എസ്.ടി, ഒ.ബി.സി സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ഡ്രൈവില്‍ നടന്ന കാര്യങ്ങള്‍ പറയാം. ചെറിയ ഗ്രൂപ്പില്‍ ഫോര്‍മല്‍ മീറ്റിംഗ്സ് ഉണ്ടായി. പലരും നിയമനം നടത്താനുള്ള പഠനമേഖലകള്‍ (സബ്ജക്ട് ഏരിയാസ്) നിര്‍ദ്ദേശിച്ചു. പരസ്യത്തില്‍ ഈ ഏരിയാസ് മാറി. ദളിത് സ്റ്റഡിപോലെയുള്ള മേഖലകള്‍ ഉപേക്ഷിച്ചു. ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചില്ലെങ്കില്‍ അക്കാദമിയിലോ സോഷ്യല്‍ സയന്‍സിലോ വര്‍ക്ക് ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. നമ്മള്‍ ഇതൊന്നും പാലിക്കുന്നില്ലെങ്കില്‍ സമൂഹത്തേയും അതിന്റെ മൂല്യങ്ങളേയും കുറിച്ചൊക്കെ എങ്ങനെ കുട്ടികളെ പഠിപ്പിക്കും? ഒരു സാധാരണ മനുഷ്യനു നീതികിട്ടുന്ന രീതിയിലല്ല നമ്മുടെ സംവിധാനങ്ങള്‍ നിലനില്‍ക്കുന്നത്. അങ്ങനെയൊരു സിസ്റ്റം എപ്പോള്‍ വരുമെന്നും എനിക്കറിയില്ല. സാധാരണ മനുഷ്യര്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനും ചുരുങ്ങിയ സമയത്തിനുള്ളില്‍ അതിനു പരിഹാരം കാണാനും സംവിധാനങ്ങള്‍ക്കു കഴിയണം. 

വേറെയാളുകള്‍ എന്തുകൊണ്ടാണ് അതു ചെയ്യാതിരുന്നത് എന്ന് എനിക്ക് ഇപ്പോള്‍ മനസ്സിലാക്കാന്‍ പറ്റുന്നുണ്ട്. ഞാന്‍ ചെയ്തത് ചിലപ്പോള്‍ എനിക്കു നിലവിലെ സംവിധാനങ്ങളെക്കുറിച്ച് അധികം അറിയാത്തതുകൊണ്ടായിരിക്കും. അവര്‍ ചെയ്യാതിരിക്കുന്നത് അവര്‍ക്ക് ഈ സിസ്റ്റത്തെക്കുറിച്ചു നന്നായി അറിയാവുന്നതുകൊണ്ടാണ്. അവര്‍ക്കറിയാം ഇവിടെ പരാതി കൊടുത്താല്‍ ഒന്നും ഉണ്ടാവാന്‍ പോവുന്നില്ല, നിങ്ങള്‍ക്കായിരിക്കും പ്രശ്‌നം എന്നൊക്കെ.

ഞാന്‍ ഈ സിസ്റ്റത്തിനു പുറത്തുനിന്നു വന്ന ഒരാളായതുകൊണ്ട് പലതും പ്രതീക്ഷിച്ചു. വിദേശത്തൊക്കെ ഉള്ളതുപോലെ ഇവിടെ നടക്കുന്നതിലും വിശ്വാസ്യതയുണ്ടാകും, കമ്മിറ്റി റിപ്പോര്‍ട്ടുകളില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടാകും എന്നൊക്കെ. ഇവിടത്തേത് ഇങ്ങനെയൊരു സംവിധാനമാണെന്ന് എനിക്കറിയില്ലായിരുന്നു. ഐയാം നെയ്വ് ആന്റ് ദേ ആര്‍ റാഷണല്‍സ്. അവര്‍ക്ക് ഈ സിസ്റ്റത്തില്‍ കൂടുതല്‍ അനുഭവങ്ങളുണ്ട്. മാറ്റങ്ങള്‍ വരുത്താന്‍ പറ്റില്ല എന്ന് അവര്‍ക്കു തോന്നുന്നുണ്ടാകാം. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാന്‍ കുറേ പഠിച്ചു. ഇപ്പോള്‍ എനിക്കും തോന്നുന്നുണ്ട് അവര്‍ തന്നെയാണ് ശരിയെന്ന്. ഞാനാണ് തെറ്റ് ചെയ്തത് എന്ന് എനിക്കു തോന്നുന്നുണ്ട്. എന്റെ ജീവിതത്തിലെ ഒരു ഭാഗ്യം എന്ന് എനിക്കു തോന്നുന്നത് എന്റെ പിഎച്ച്.ഡി ഇന്ത്യയില്‍ അല്ലായിരുന്നു എന്നതാണ്. അങ്ങനെയായിരുന്നെങ്കില്‍ ഞാന്‍ ഡ്രോപ്പൗട്ട് ആയേനെ. ശരിക്കും പറഞ്ഞാല്‍ മദ്രാസ് ഐ.ഐ.ടിയില്‍നിന്നു ഞാനിപ്പോള്‍ ഡ്രോപ്പൗട്ട് ആയിരിക്കുകയാണ്. നിരന്തരമായ ഹരാസ്മെന്റ് കാരണം രാജിവെയ്ക്കാന്‍ നിര്‍ബ്ബന്ധിതനാകുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കു മാത്രമല്ല ഡ്രോപ്പൗട്ട്. അദ്ധ്യാപകരും ഡ്രോപ്പൗട്ട് ആകുന്നുണ്ട്.

ഞാന്‍ പരാതി കൊടുത്ത് ഇന്‍വെസ്റ്റിഗേഷന്‍ കഴിഞ്ഞ ശേഷം എന്റെ പരാതിയില്‍ പറയുന്ന നാലുപേരില്‍ മൂന്നുപേര്‍ എനിക്കെതിരായി പരാതി നല്‍കി. ഞാന്‍ മാധ്യമങ്ങളോട് സംസാരിച്ചതിനാല്‍ അവര്‍ക്കു മാനസിക സംഘര്‍ഷമുണ്ടായി എന്നായിരുന്നു അവരുടെ പരാതി. ആ പരാതിയില്‍ ഐ.ഐ.ടി എനിക്കെതിരെ കുറ്റാരോപണപത്രം തന്നു. അവര്‍ എന്നെ ഹരാസ്മെന്റ് ചെയ്തതില്‍ എനിക്കു മാനസിക സംഘര്‍ഷമുണ്ടായിട്ടില്ലേ? അതില്‍ അങ്ങനെയൊരു ചാര്‍ജ് മെമ്മോറാണ്ടം കൊടുത്തതായി കണ്ടിട്ടില്ല. 

വിദ്യാര്‍ത്ഥികളില്‍ ഇതുമായി ബന്ധപ്പെട്ട പ്രചാരണം നടത്തി എന്നതായിരുന്നു മറ്റൊരു പരാതി. അതൊക്കെ കള്ളത്തരമായിരുന്നു. വിദ്യാര്‍ത്ഥികള്‍ എനിക്കു പിന്തുണ നല്‍കിയത് ഇവര്‍ക്ക് ഇഷ്ടപ്പെട്ടില്ല. എന്റെ ഡിപ്പാര്‍ട്ട്മെന്റിലെ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ 'റെസല്യൂഷന്‍ എഗയ്ന്‍സ്റ്റ് കാസ്റ്റ് ഡിസ്‌ക്രിമിനേഷന്‍' എന്ന തരത്തില്‍ കഴിഞ്ഞ നവംബറില്‍ സ്റ്റുഡന്‍സ് ഡീനിനും ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ട്‌മെന്റിനും പ്രമേയം സമര്‍പ്പിച്ചിരുന്നു. എന്റെ ഡിപ്പാര്‍ട്ട്‌മെന്റിലെ ഇരുന്നൂറിനടുത്ത് വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. എനിക്ക് എല്ലാവരേയും സ്വാധീനിക്കാന്‍ പറ്റുമോ. ഇങ്ങനെയുള്ള കാര്യങ്ങളില്‍ ചാര്‍ജ് മെമ്മോ തരുന്നതു തന്നെ തമാശയാണ്. 

പിന്നാക്ക വിഭാഗത്തിലുള്ളവര്‍ ഇത്തരം സ്ഥാപനങ്ങളില്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം എന്താണ്? 

കോംപ്രമൈസ് ചെയ്തു ജീവിക്കുന്നവര്‍ക്കും അറിയാം അവര്‍ കോംപ്രമൈസ് ചെയ്താണ് ജീവിക്കുന്നത് എന്ന്. അതവരെ ബാധിക്കുന്നൊക്കെയുണ്ട്. ബാധിക്കുന്നില്ല എന്നൊന്നും പറയാന്‍ പറ്റില്ല. ഇതിലൊന്നും ശാസ്ത്രീയമായ ഒരു പഠനവും നടന്നിട്ടില്ല. ഇന്ത്യയിലെ വരേണ്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എടുത്താല്‍ അവിടത്തെ എസ്.സി, എസ്.ടി, .ഒ.ബി.സി അദ്ധ്യാപകരുടെ എണ്ണം വളരെ പരിമിതമാണ്. അവരുടെ മാനസികാരോഗ്യ പഠനമൊന്നും അത്ര വിഷമകരമായ സംഗതിയൊന്നുമല്ല. ഈ രാജ്യത്ത് എത്ര കോടിയുടെ പ്രതിമകള്‍ ഉണ്ടാക്കുന്നുണ്ട്, അതിന്റെയൊന്നും ചെറിയ ശതമാനംപോലും വേണ്ട രാജ്യത്ത് മുഴുവന്‍ ഇത്തരത്തിലുള്ള പഠനം നടത്താന്‍. എസ്.സി, എസ്.ടി, ഒ.ബി.സി വിദ്യാര്‍ത്ഥികളുടെ ഡ്രോപ്പൗട്ടിനെക്കുറിച്ച് ലോഞ്ചിറ്റിയൂഡിനല്‍ സ്റ്റഡി നടത്തണം. അവരുടെ ആദ്യ വര്‍ഷത്തെ മാനസികാരോഗ്യം, രണ്ടാമത്തെ വര്‍ഷം, അങ്ങനെ ഓരോ വര്‍ഷവും നോക്കണം. ഓരോ വര്‍ഷവും അവരുടെ സാമൂഹ്യാനുഭവങ്ങള്‍ എന്താണ് എന്നതൊക്കെ പഠിക്കണം. എലീറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഈ വിഭാഗത്തില്‍നിന്ന് ഒരു വര്‍ഷം പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ നൂറു പേരൊക്കെയെ ഉണ്ടാവൂ. അതുകൊണ്ടുതന്നെ അതു പഠിക്കാന്‍ എളുപ്പവുമാണ്. അങ്ങനെയുള്ള പഠനങ്ങളൊന്നും തന്നെയില്ല. അത്തരം പ്രശ്‌നങ്ങളൊന്നും കണ്ടെത്താന്‍ ആര്‍ക്കും താല്പര്യമില്ല. 

ഐ.ഐ.ടിയിലെ വിവേചനങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത്? 

മെറിറ്റ് കൂടുതല്‍ ഉള്ളവര്‍ കൂടുതല്‍ വിവേചനങ്ങള്‍ നേരിടേണ്ടിവരും എന്നാണ് എനിക്കു തോന്നുന്നത്. കൂടുതല്‍ മെറിറ്റ് ഉള്ളവരെയാണ് ഇവര്‍ ഹരാസ് ചെയ്യുന്നത്. കഴിവും യോഗ്യതയും ഉള്ള ആളുകള്‍ ഇവരുടെ മുന്നില്‍ താഴ്ന്നുനില്‍ക്കില്ല. അടുത്ത തലമുറ എസ്.സി-എസ്.ടി- ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ മെറിറ്റോറിയസ് ആയിരിക്കും. കഴിഞ്ഞ തലമുറയെ പോലെയായിരിക്കില്ല അവര്‍. അവര്‍ വേറെ രീതിയിലായിരിക്കും വരുന്നത്. പലയിടങ്ങളില്‍ പഠിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുകളും മനോഭാവവും ഉള്ളവരായിരിക്കും. അവരാരും ബ്രാഹ്മണിക്കല്‍ എസ്റ്റാബ്ലിഷ്മെന്റിനു മുന്നില്‍ താഴ്ന്നുനില്‍ക്കില്ല. 

അതുകൊണ്ട്, നല്ല കാര്യങ്ങള്‍ സംഭവിക്കുന്നതിനു മുന്‍പ് ഇനിയും മോശം അവസ്ഥകള്‍ ഉണ്ടാകും. മാറ്റം വരും. അടുത്ത കുറേ വര്‍ഷങ്ങള്‍ക്കുള്ളില്‍ ജാതിയുടെ അധീശത്വം തകരും. ജെന്റര്‍ ഹെജിമണിയും കുറയും. പക്ഷേ, അതിലേക്ക് എത്തുന്നതുവരെയുള്ള സമയം വിഷമകരമായിരിക്കും. പല ജാതിയില്‍പ്പെട്ടവര്‍ കടന്നുവരും. അവര്‍ അവരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തും. അങ്ങനെയുള്ളരെ അഡ്മിനിസ്‌ട്രേഷന്‍ ടാര്‍ഗറ്റ് ചെയ്യും. എന്നെ ചെയ്തപോലെ. ചിലര്‍ തിരിച്ചുപോരാടും. ചിലര്‍ ചെയ്യില്ല. ചിലര്‍ക്ക് ഡിപ്രഷന്‍ വരും, അങ്ങനെ പല പല കാര്യങ്ങള്‍ ഇതിനിടയില്‍ നടക്കും. എന്നെപ്പോലെ പത്തിരുപത് പേര്‍ ചെയ്തിരുന്നെങ്കില്‍ മാറ്റത്തിന്റെ വേഗത കൂടുമായിരുന്നു.

മെറിറ്റോറിയസ് ആളുകളെ ബ്രാഹ്മിണ്‍ സിസ്റ്റത്തിനു തീരെയിഷ്ടമല്ല. അവരുടെ മുന്നില്‍ താണുകൊടുക്കേണ്ട ആവശ്യം നമുക്കില്ല. നമ്മള്‍ മെറിറ്റില്‍ത്തന്നെ മുന്നിലേക്കു പോകാന്‍ നോക്കുകയാണ്. അവര്‍ക്കത് ഇഷ്ടമല്ല. അവര്‍ക്കു വേണ്ടത് നമ്മള്‍ താഴ്ന്നുനില്‍ക്കുന്നതാണ്. അവരുടെ സഹായം വാങ്ങുന്നതാണ്.

ഈ വിഭാഗങ്ങളില്‍നിന്നു വരുന്ന പല കുട്ടികളുടേയും മാതാപിതാക്കള്‍ വലിയ വിദ്യാഭ്യാസം ഉള്ളവരായിരിക്കില്ല. മുന്‍പേ ഒരു സെക്കന്‍ഡ് ക്ലാസ്സ് സിറ്റിസണിന്റെ സ്ഥാനത്താണ് അവര്‍. ഇവിടെ എത്തുമ്പോഴും അവര്‍ അങ്ങനെയേ നില്‍ക്കുള്ളൂ. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള ഹെജിമണിയൊന്നും പലപ്പോഴും ചാലഞ്ച് ചെയ്യില്ല. ഇപ്പോഴത്തെ ജനറേഷനില്‍ ഒരുപാട് പേര്‍ വിദേശത്തൊക്കെ പോയി പിഎച്ച്.ഡി ചെയ്തു വരുന്നുണ്ട്. അവരൊന്നും കഴിഞ്ഞ ജനറേഷനെപ്പോലെ സ്ഥാനം മനസ്സിലാക്കി ചെയ്യാന്‍ പോകുന്നില്ല. അങ്ങനെയുള്ള ആളുകള്‍ കുറഞ്ഞുവരും. അന്നേരം സിസ്റ്റത്തിന് മെല്ലെ മെല്ലെ മാറ്റം വരും. അങ്ങനെയുള്ള ആളുകളുടെ എണ്ണം കൂടി വരണം. ഒരു ടിപ്പിങ് പോയിന്റില്‍ എത്താനുണ്ട്. അവിടെയെത്തുന്നതുവരെ ഒരുപാട് സമ്മര്‍ദ്ദവും മാനസികസംഘര്‍ഷവും ഉണ്ടാകാം. ഡിപ്രഷന്‍ ഉണ്ടാകാം. ആത്മഹത്യകള്‍ ഉണ്ടാകാം.

താങ്കളുടെ കേസ് പിന്നാക്ക വിഭാഗ കമ്മിഷന്‍ അന്വേഷിച്ചല്ലോ? 

പിന്നാക്ക വിഭാഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് രാജ്യത്തിനു മൊത്തം ഒറ്റ ഒ.ബി.സി കമ്മിഷനാണ്. ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നും ഒരുപാട് പരാതികള്‍ അവര്‍ക്കു വരുന്നുണ്ട്. അതിനു മാത്രമുള്ള സ്റ്റാഫ് അവര്‍ക്കില്ല. കാര്യക്ഷമമായി ചെയ്യാനുള്ള ആളുകളുമില്ല. അതിന്റെ സിസ്റ്റം അങ്ങനെയാണ്. ഓണ്‍ലൈന്‍ പരാതിയുടെ സ്റ്റാറ്റസ് എന്താണ് എന്നറിയാനൊക്കെ ബുദ്ധിമുട്ടാണ്. റീജിയണല്‍ ലെവലില്‍ കമ്മിറ്റി സെറ്റപ്പ് ചെയ്യാന്‍ അവര്‍ക്കു കഴിയുന്നില്ല. 

എന്റെ പരാതിയില്‍ കമ്മിഷന്‍ ചെയ്തത് ഐ.ഐ.ടിയുടെ ഡയറക്ടറോട് ''നിങ്ങള്‍ തന്നെ അന്വേഷിക്കൂ'' എന്നു പറയുകയാണ്. ഇതു തെറ്റാണ്. ഇങ്ങനെയാണ് അവരുടെ പ്രവര്‍ത്തനം. ഇതു തിരുത്തപ്പെടണം.

എന്റെ കേസ് ഐ.ഐ.ടിയോട് അന്വേഷിക്കാന്‍ പറയുന്നതിനു പകരം മറ്റൊരു ഇന്‍സ്റ്റിറ്റ്യൂട്ടിനോട് പറയുകയായിരുന്നങ്കില്‍ കുറച്ചുകൂടി കൃത്യമായി കാര്യങ്ങള്‍ അവതരിപ്പിക്കപ്പെട്ടേനെ. തൊട്ടടുത്തുള്ള അണ്ണാ യൂണിവേഴ്സിറ്റിയോടൊ മദ്രാസ് യൂണിവേഴ്സിറ്റിയോടൊ - അങ്ങനെ എന്തെങ്കിലും ചെയ്യാമായിരുന്നു.

ഐ.ഐ.ടി അന്വേഷിച്ച് അവര്‍ക്കു റിപ്പോര്‍ട്ട് നല്‍കി. അതിനുശേഷം നാല് മാസം കഴിഞ്ഞാണ് അവര്‍ എനിക്കൊരു ലെറ്റര്‍ തരുന്നത്. ഈ റിപ്പോര്‍ട്ട് നിങ്ങള്‍ക്കു ചലഞ്ച് ചെയ്യണമെങ്കില്‍ 30 ദിവസത്തിനുള്ളില്‍ ചെയ്യാം എന്നുള്ള ലെറ്റര്‍. ഞാന്‍ ചലഞ്ച് ചെയ്തു. ഇനി അവര്‍ അടുത്ത ഘട്ടത്തിലുള്ള നടപടി തുടങ്ങുമായിരിക്കും. ഞാന്‍ ഡല്‍ഹിയില്‍ പോയിരുന്നു. ഇപ്പോഴും പഴയ പേപ്പര്‍ ഫയല്‍ സിസ്റ്റമാണ് അവിടെ. അവര്‍ക്ക് ഒരുപാട് നിയമപരമായ അധികാരങ്ങള്‍ ഉണ്ട്. ആരെയും അവര്‍ക്ക് ഡല്‍ഹിയില്‍ വിളിപ്പിക്കാം, ഹിയറിങ് നടത്താം. ഈ അധികാരാവകാശങ്ങളെ ഉപയോഗപ്പെടുത്താനുള്ള റിസോഴ്സ് പക്ഷേ, അവരുടെ അടുത്തില്ല. കമ്മിഷനുകളെല്ലാം ലീഗലി പവര്‍ഫുള്ളാണ്. പക്ഷേ, റിസോഴ്സസ് ഇല്ലാത്തതിനാല്‍ അധികാരമില്ലാത്തപോലെ പ്രവര്‍ത്തിക്കുകയാണ്. ഇതൊക്കെ മനസ്സിലാക്കാന്‍ എനിക്ക് ഒരുപാട് സമയമെടുത്തു. ഇവര്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കിയാല്‍ അധികാരമുള്ള കുറേയാളുകളെ അതു ബാധിക്കും. അതുകൊണ്ടാണ് ഇവര്‍ക്ക് അധികം റിസോഴ്സസ് കൊടുക്കാത്തതും. നമ്മുടെ കോടതികളുടെ കാര്യവും ഇങ്ങനെയാണ്.

ജാതിവിവേചനവുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നം അതു ഫലപ്രദമായി തെളിയിക്കാനോ മറ്റൊരാള്‍ക്കു മനസ്സിലാക്കിക്കൊടുക്കാനോ ചിലപ്പോള്‍ കഴിയില്ല എന്നതാണ്. എങ്ങനെയാണ് വിവേചനമുണ്ടെന്നു തെളിയിക്കുക? 

ഇതേ ചോദ്യം ഫാക്ട് ഫൈന്‍ഡിങ് കമ്മിറ്റി എന്നോട് ചോദിച്ചിരുന്നു. നിങ്ങള്‍ എങ്ങനെ ഇതു തെളിയിക്കും. ഞാന്‍ ഇതു കുറേയായി ചിന്തിക്കുന്നു. 

ഇവര്‍ക്കെന്താണ് വേണ്ടത്? ഞാന്‍ ഒരാളെ കൊല്ലാന്‍ നോക്കുന്നു, എന്റെ വിരലടയാളം ആ ആയുധത്തില്‍നിന്നു കണ്ടെത്തി കൊലയാളി ഞാന്‍ തന്നെ എന്ന് ഉറപ്പിക്കുന്നു - ഈ രീതിയില്‍ ജാതി വിവേചനം നമുക്കു തെളിയിക്കാന്‍ പറ്റില്ല. മൊത്തത്തില്‍ നമുക്കു ജാതിവിവേചനത്തെക്കുറിച്ച് പറയാന്‍ പറ്റും. പക്ഷേ, വ്യക്തിതലത്തില്‍ അതു വളരെ ബുദ്ധിമുട്ടാണ് തെളിയിക്കാന്‍. എനിക്കു തോന്നിയ ഒരു പ്രശ്‌നം ഐ.ഐ.ടിയില്‍ നല്ല സയിന്റിസ്റ്റുകളില്ല. എന്‍ജിനീയര്‍മാരാണ് ഉള്ളത്. സയന്‍സും എന്‍ജിനീയറിംഗും തമ്മില്‍ വ്യത്യാസമുണ്ട്. 

ജാതിപരമായ മനോഭാവത്തോടെ എനിക്കെതിരെ പ്രവര്‍ത്തിക്കുന്നത് അവരുടെ ജനിതകമായ പ്രശ്‌നം അല്ല. അതൊരു സാമൂഹ്യപ്രശ്‌നം ആണ്. സംസ്‌കാരത്തിന്റെ പ്രശ്‌നമാണ്. ഞാന്‍ പരാതി കൊടുത്ത വി.ആര്‍. മുരളീധരന്‍ എന്ന അദ്ധ്യാപകനെ അവര്‍ ബോര്‍ഡ് ഓഫ് ഗവേണന്‍സിലെ അംഗമാക്കി. അതൊക്കെ നടക്കുന്നത് നല്ല കാര്യങ്ങള്‍ സംഭവിക്കുന്നതിനു മുന്‍പ് കുറേ മോശം കാര്യങ്ങള്‍ സംഭവിക്കാനുണ്ട് എന്നതുകൊണ്ടാണ്. അധികാരം കയ്യാളുകയും ആധിപത്യം പുലര്‍ത്തുകയും ചെയ്യുന്ന വിഭാഗങ്ങള്‍ വെല്ലുവിളി തോന്നുമ്പോള്‍ കൂടുതല്‍ അക്രമോത്സുകരാകും.

പൊതുവെ ജാതിവിവേചനത്തെക്കുറിച്ച് പരാതി ഉന്നയിച്ചാല്‍, 'അവര്‍ക്ക് അപകര്‍ഷതാബോധമാണ്', 'പെരുമാറാനറിയില്ല' എന്നൊക്കെ പറഞ്ഞാണ് അതിനെ കൈകാര്യം ചെയ്യുക, അല്ലേ? 

ശരിയാണ്. എന്റെ പരാതിയില്‍ ഒരു മലയാളി അദ്ധ്യാപകന്റെ പേരുണ്ട്. അദ്ദേഹം അയച്ച ഇ-മെയില്‍ ഉണ്ടായിരുന്നു. ''വിപിനു പുതിയ കോഴ്സ് പഠിപ്പിക്കാന്‍ കൊടുക്കേണ്ട സമയമല്ല ഇത്, വിപിന്റെ ബിഹേവിയര്‍ മനസ്സിലാക്കേണ്ട സമയമാണ്'' എന്നാണ് അതില്‍ പറയുന്നത്. ഞാന്‍ ജോയിന്‍ ചെയ്ത് 19 ദിവസമേ ആയിട്ടുള്ളൂ. അക്കാലത്തൊക്കെ ഞാന്‍ മര്യാദയോടെ തന്നെയാണ് സംസാരിച്ചത്. ഇപ്പോ എന്റെ ബിഹേവിയര്‍ കുറച്ച് 'മോശ'മാണ്. പക്ഷേ, അന്നെന്റെ ബിഹേവിയര്‍ അത്ര മോശമായിരുന്നില്ല. എനിക്കു ശേഷം ജോയിന്‍ ചെയ്ത ബ്രാഹ്മണ അദ്ധ്യാപകനെക്കുറിച്ചു പറഞ്ഞല്ലോ. അവരുടെ സ്വഭാവത്തേയോ പെരുമാറ്റരീതിയേയോ കുറിച്ചൊന്നും ആരും ഒന്നും പറഞ്ഞുകണ്ടില്ല. പണ്ടേ ഉള്ള ഒരു കാര്യമില്ലേ, താഴ്ന്ന ജാതിക്കാര്‍ അനിമലിസ്റ്റിക് സ്വഭാവം ഉള്ളവര്‍ ആണ്, അവരെ മൃഗങ്ങളെപ്പോലെ കാണണം എന്നത്. അങ്ങനെയൊക്കെയുള്ള വിശ്വാസങ്ങളുണ്ട്. നമ്മള്‍ അങ്ങനെയുള്ള ഭക്ഷണം കഴിക്കുന്നതു കൊണ്ടാണ് നമ്മളുടെ ബിഹേവിയര്‍ മോശമാകുന്നത് എന്നൊക്കെ തരത്തിലുള്ളത്. 

ഇവരെന്നെക്കുറിച്ചു പറയുന്ന ഇ-മെയിലിനെക്കുറിച്ചു ഞാന്‍ ഫാക്ട് ഫൈന്‍ഡിങ് കമ്മിറ്റിയോട് പറഞ്ഞിരുന്നു. പക്ഷേ, അവരതൊന്നും എടുക്കാനോ ചര്‍ച്ച ചെയ്യാനോ തയ്യാറായില്ല. അവരുടെ റിപ്പോര്‍ട്ടും വളരെ രസകരമാണ്. അതില്‍ പറയുന്നത്, ഞാന്‍ അധികം ആളുകളോട് ഇടപെടാറില്ല എന്നാണ്. അതെങ്ങനെയാണ് അവര്‍ സ്ഥാപിക്കുന്നത് എന്നൊന്നും അതിലില്ല. ഞാന്‍ ജോയിന്‍ ചെയ്ത സമയത്ത് പത്തിരുപത് ഫാക്കല്‍റ്റിയുടെ മുറിയില്‍ പോയി ഞാന്‍ അങ്ങോട്ട് പരിചയപ്പെട്ടിരുന്നു. ഇതിനു മുന്‍പ് ഞാന്‍ ജോലി ചെയ്ത ഏത് സ്ഥാപനത്തിലും ഞാന്‍ അധികം ആളുകളുമായി ഇടപെടാത്ത ആളാണ് എന്ന് ആരും പറഞ്ഞിട്ടില്ല. പൊതുവെ ഞാന്‍ കൂടുതല്‍ ഇന്ററാക്ട് ചെയ്യുന്ന ആളാണ്. പക്ഷേ, ഇവിടെ ഇടപെടുന്നത് ശരിക്കും കുറഞ്ഞിരുന്നു. എന്തുകൊണ്ടാണ് എന്നു ചോദിച്ചാല്‍ ഇവിടത്തെ അന്തരീക്ഷം ഒരു തരത്തില്‍ വിദ്വേഷാത്മകം ആയിരുന്നു.

രണ്ടുതരം ജാതിയില്‍പ്പെട്ടവര്‍ തമ്മില്‍ ഒരേ സ്പേസില്‍ ഇടപെടലും സംസാരവും കുറയുന്നു എന്നു പറഞ്ഞാല്‍ ജാതിവിവേചനം അവിടെ ഉണ്ട് എന്നാണോ, ഇല്ല എന്നാണോ കാണിക്കുന്നത്. ജാതി ഹിന്ദുവിനെ നമ്മള്‍ നോക്കിയാല്‍ അവര്‍ ദളിതര്‍ക്കൊപ്പം ഭക്ഷണം കഴിക്കില്ല, സൗഹൃദം ഉണ്ടാക്കില്ല, ദളിതരെ വിവാഹം ചെയ്യില്ല, പരിമിതമായി മാത്രം അവരോട് ഇടപെടും - ഇതില്‍നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്. ഇടപെടല്‍ ചുരുങ്ങുന്നത് വിവേചനത്തെയല്ലേ കാണിക്കുന്നത്. ഇന്ററാക്ഷന്‍ എന്നു പറയുന്നത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന കാര്യമാണല്ലോ. ഞാന്‍ വേറെയൊരാളോട് ഇന്ററാക്ഷന്‍ കുറയുന്നു എന്നു പറഞ്ഞാല്‍ അവര്‍ എന്നോട് ഇന്ററാക്ട് ചെയ്യുന്നത് കുറയുന്നു എന്നുകൂടി അര്‍ത്ഥമില്ലേ. ഇതൊന്നും മനസ്സിലാക്കാന്‍ അധികം ബുദ്ധിയൊന്നും വേണ്ടല്ലോ. പിഎച്ച്.ഡി ഒന്നും വേണ്ടല്ലോ. എന്റെ അച്ഛന്‍ പത്താംക്ലാസ്സ് വരെയെ പഠിച്ചിട്ടുള്ളൂ. അച്ഛനൊക്കെ ഇത് വളരെ ഈസിയായി മനസ്സിലാക്കാന്‍ പറ്റുന്ന കാര്യമാണ്.

വിപിൻ പി വീട്ടിൽ
വിപിൻ പി വീട്ടിൽ

ഇടതുപക്ഷത്തുള്ള അദ്ധ്യാപകരുടെ സമീപനം എങ്ങനെയായിരുന്നു? 

എനിക്കു തോന്നുന്നത് ഇന്ത്യന്‍ സമൂഹത്തെ വിശദീകരിക്കാനുള്ള പ്രധാനപ്പെട്ട വേരിയബിള്‍ ജാതി ആണ്. പ്രത്യയശാസ്ത്രംപോലുള്ള കാര്യങ്ങള്‍ അല്പം മാത്രം സ്വാധീനം ചെലുത്തുന്നതോ അല്ലെങ്കില്‍ തീരെ സ്വാധീനം ചെലുത്താത്തവയോ ആണ്. എന്റെ അനുഭവത്തില്‍ ലെഫ്റ്റ് ലിബറല്‍സിനെ മനസ്സിലാക്കുക എന്നത് കുറേക്കൂടി സങ്കീര്‍ണ്ണമാണ്. അവര്‍ക്കു ചുറ്റിലും ഒരു ഓറ ഉണ്ട്. ഒരു ഡിഗ്‌നിഫൈഡ് മാനറില്‍ ആണ് അവര്‍ ബിഹേവ് ചെയ്യുന്നത്. ഒരു തരത്തില്‍ അപകടകരമാണത്. അവരുടെ കാസ്റ്റിസം നമുക്കു പെട്ടെന്നു മനസ്സിലാവില്ല. മെല്ലെ മെല്ലെയെ മനസ്സിലാവൂ. വലതുപക്ഷത്തുള്ളവര്‍, റഫായ അവരുടെ കാസ്റ്റിസം നമുക്കു പെട്ടെന്നു മനസ്സിലാവും. അവരുടേത് അന്ധമായ ജാതീയത ആയതുകൊണ്ട് അവരുടെ സമീപനം, പ്രവൃത്തി, പെരുമാറ്റം ഒക്കെ വളരെ എളുപ്പത്തില്‍ നമുക്കു മനസ്സിലാക്കാന്‍ പറ്റും. നമ്മള്‍ നോക്കിക്കഴിഞ്ഞാല്‍ ഇന്ത്യന്‍ അക്കാദമികളില്‍ റൈറ്റ് വിങ് ആളുകളെ ഇപ്പോഴല്ലേ കാണാന്‍ പറ്റുന്നത്. കഴിഞ്ഞ അഞ്ചോ പത്തോ കൊല്ലമായിട്ട്... അതിനു മുന്‍പേ അക്കാദമികളില്‍ ഡോമിനേറ്റ് ചെയ്തു നില്‍ക്കുന്നത് ലെഫ്റ്റിസ്റ്റുകളും ലിബറല്‍സുമാണ്. പക്ഷേ, ഇപ്പോഴും ബ്രാഹ്മണര്‍ക്കാണ് ആധിപത്യമുള്ളത്. എന്തുകൊണ്ടാണത്? വലതുപക്ഷം നിയമിക്കുന്നതുകൊണ്ടല്ല. 

ഐ.ഐ.ടി ഉണ്ടാക്കിയ അന്വേഷണ കമ്മിറ്റിയുടെ അന്വേഷണ രീതി എങ്ങനെയായിരുന്നു? 

ഐ.ഐ.ടി വെച്ച കമ്മിറ്റിയില്‍ ഇവിടുത്തെ അദ്ധ്യാപകരായിരുന്നു. കമ്മിറ്റി വെയ്ക്കുന്നതിനു മുന്‍പ് ഒ.ബി.സി., എസ്.സി, എസ്.ടി പ്രതിനിധികള്‍ കമ്മിറ്റിയില്‍ വേണം എന്നു ഞാന്‍ ആവശ്യപ്പെട്ടിരുന്നു. രണ്ടുപേരും കമ്മിറ്റിയില്‍ ഉണ്ടായിരുന്നു. പക്ഷേ, അതിലൊരു പ്രശ്‌നമുണ്ട്. അംബേദ്കറൊക്കെ മുന്‍പേ ചൂണ്ടിക്കാട്ടിയതുതന്നെയാണ്. പൂനെ പാക്ടിന്റെ സമയത്ത് അംബേദ്കര്‍ സ്പെഷല്‍ ഇലക്ട്രേറ്റ് ആണ് ആവശ്യപ്പെട്ടത്. ഷെഡ്യൂള്‍ഡ് കാസ്റ്റ് അധിക സ്ഥലത്തും ന്യൂനപക്ഷമാണ്. സംവരണം കൊടുക്കുമ്പോള്‍, മുന്‍തൂക്കമുള്ള ജാതിക്കാര്‍ അവര്‍ക്കു താല്പര്യമുള്ള ഒരാളെ പട്ടികജാതിയില്‍നിന്നു കണ്ടെത്തി നിര്‍ത്തും. അങ്ങനെ വരുമ്പോള്‍ ദളിതരുടെ താല്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന ഒരാളാവില്ല അത്. അതുകൊണ്ടാണ് സ്പെഷ്യല്‍ ഇലക്ടറേറ്റ് അംബേദ്കര്‍ ആവശ്യപ്പെട്ടത്. ഗാന്ധി അതിനെ എതിര്‍ത്തു തോല്‍പ്പിക്കുകയായിരുന്നു.

ഐ.ഐ.ടിയില്‍ ഇപ്പോള്‍ നടക്കുന്നതും അതാണ്. ഇവിടെ ഒ.ബി.സി-എസ്.സി-എസ്.ടി ന്യൂനപക്ഷമാണ്. അവര്‍ക്ക് അധികാരം കുറവാണ്. നമ്മളുടെ ഗ്രൂപ്പില്‍നിന്ന് ഒരു ഹമരസല്യ, േെീീഴലനെ കണ്ടെത്തല്‍ ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്റെ കമ്മിറ്റിയില്‍ ഉണ്ടായ ഒരാള്‍ ഒ.ബി.സി ലെയ്സണ്‍ ഓഫീസറാണ്. പക്ഷേ, അദ്ദേഹത്തെ തെരഞ്ഞെടുത്തത് ഒ.ബി.സി വിഭാഗത്തിലുളളവരല്ല. അദ്ദേഹത്തെ നിയമിക്കുന്നത് ബ്രാഹ്മണനായ ഡയറക്ടറാണ്. 

എസ്.സി-എസ്.ടി-ഒ.ബി.സി ലെയ്സണ്‍ ഓഫീസറെ തെരഞ്ഞെടുക്കേണ്ടത് അതേ വിഭാഗത്തിലുള്ള ഫാക്കല്‍റ്റിയും സ്റ്റുഡന്റ്സും ജീവനക്കാരും ആയിരിക്കണം. അതു പോലെയായിരിക്കണം പ്രിവന്‍ഷന്‍ ഓഫ് സെക്ഷ്വല്‍ ഹരാസ്മെന്റ് കമ്മിറ്റിയേയും തെരഞ്ഞെടുക്കേണ്ടത്. ഫീമെയില്‍ സ്റ്റുഡന്‍സും ഫാക്കല്‍റ്റിയും സ്റ്റാഫും തെരഞ്ഞെടുക്കണം. പക്ഷേ, ഇവരെയെല്ലാം നിയമിക്കുന്നത് മുകളിലുള്ള ബ്രാഹ്മണ പുരുഷന്മാരാണ്. ലൈംഗികാതിക്രമ കേസുകളെ ഗൗരവത്തിലെടുക്കാത്ത സ്ത്രീകളെ കണ്ടുപിടിക്കാനും കമ്മിറ്റിയില്‍ ഇരുത്താനും അവര്‍ക്കു കഴിയും. അങ്ങനെയുള്ളവര്‍ക്ക് അതിന്റെ ഗുണം കിട്ടുകയും ചെയ്യും.

ഇതു നമ്മുടെ പണ്ടേയുള്ള പ്രശ്‌നമാണ്. കോണ്‍ഗ്രസ്സിന്റെ ഷെഡ്യൂള്‍ഡ് കാസ്റ്റ് നേതാക്കളെ നോക്കൂ, അവരാരും ആ വിഭാഗത്തിന്റെ അവകാശങ്ങള്‍ കാര്യമായി ഉയര്‍ത്തിയിരുന്നില്ല. ബി.എസ്.പി ഉത്തര്‍പ്രദേശിലൊക്കെ വരുന്നത് അങ്ങനെയാണ്. ഒ.ബി.സി നേതാക്കളും അങ്ങനെയായിരുന്നു. ലാലുപ്രസാദും മുലായം സിങും ഒ.ബി.സി വോട്ടുബാങ്കിലേക്കെത്തുന്നത് അങ്ങനെയാണ്. 

ജാതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മുന്‍പേ തന്നെ ശ്രദ്ധിക്കാറുണ്ടായിരുന്നോ? 

എന്റെ പ്രശ്‌നത്തിനു ശേഷമാണ് ഞാന്‍ ഇതൊക്കെ പഠിക്കാന്‍ തുടങ്ങിയത്. കൂടുതല്‍ വായിക്കാന്‍ തുടങ്ങി. സോഷ്യോളജി ബുക്‌സ് പ്രധാനമായും. 'ഇന്ത്യാസ് സൈലന്റ് റെവല്യൂഷന്‍' എന്നൊരു പുസ്തകമുണ്ട്. നോര്‍ത്തിന്ത്യയിലെ പിന്നോക്ക വിഭാഗക്കാരുടെ മൂവ്മെന്റിനെക്കുറിച്ചാണ്. അതു വായിച്ചു. റൈറ്റ് മില്‍സിന്റെ 'ദ സോഷ്യോളജിക്കല്‍ ഇമാജിനേഷന്‍' വായിച്ചു. അംബേദ്കറിന്റെ പുസ്തകങ്ങള്‍ ഞാന്‍ മുന്‍പേ വായിച്ചതാണ്. ഇപ്പോള്‍ ഒന്നുകൂടി വായിച്ചു. 'ഹൂ വേര്‍ ദ ശൂദ്രാസ്' ഒക്കെ ഒന്നുകൂടി വായിച്ചു. ജെന്‍ഡര്‍ പ്രശ്‌നങ്ങളിലും പലപ്പോഴും ജാതിയുണ്ട്. പക്ഷേ, ആ രീതിയില്‍ പലപ്പോഴും അതു കാണാറില്ല. വിശാഖ കേസ് നോക്കിയാല്‍ത്തന്നെ അതില്‍ ജാതിയും ജെന്‍ഡറും ഉണ്ട്. ഇവിടുത്തെ പ്രിവന്‍ഷന്‍ ഓഫ് സെക്ഷ്വല്‍ ഹരാസ്മെന്റ് കമ്മിറ്റിയുടെ തലപ്പത്തുള്ളത് ബ്രാഹ്മിണ്‍ സ്ത്രീയാണ്. കമ്മിറ്റിയില്‍ മൊത്തത്തില്‍ നോക്കിയാല്‍ ഭൂരിഭാഗവും ബ്രാഹ്മണര്‍ ആണ്. 

ഇപ്പോള്‍ ബ്രാഹ്മണര്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് അവരുടെ വിമന്‍ കാര്‍ഡ് എന്ന അവസാനത്തെ തുറുപ്പ് ഇറക്കിയിരിക്കുകയാണ്. താഴ്ന്ന ജാതിക്കാരായ ആളുകളെ തടയുക എന്ന ലക്ഷ്യത്തോടെ സ്ത്രീകളെ കൂടുതലായി കൊണ്ടുവരിക. വനിതാ ഡയറക്ടര്‍മാര്‍, വനിതാ വൈസ് ചാന്‍സലര്‍മാര്‍... എല്ലാവരും ഉയര്‍ന്ന ജാതിക്കാരായിരിക്കും. അവരുടെ എണ്ണം കൂടിവരുന്നുണ്ട്. അക്കാദമിക് രംഗത്ത് പ്രാതിനിധ്യവും വൈവിധ്യവും കൊണ്ടുവരികയാണെന്ന് പറയും. പക്ഷേ, അതില്‍ ദളിത് വനിത ഉണ്ടാകില്ല. ബ്രാഹ്മണര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യം ഇതാണ്. 

ഐ.ഐ.ടിയില്‍ അദ്ധ്യാപകരെ തിരഞ്ഞെടുക്കുന്ന രീതിയില്‍ പ്രശ്‌നങ്ങളുണ്ടോ? 

തിരഞ്ഞെടുപ്പു പ്രക്രിയ വളരെ വ്യക്തിനിഷ്ഠവും സങ്കീര്‍ണ്ണവുമാണ്. അതു രാഷ്ട്രീയക്കാര്‍ക്ക് ഒരിക്കലും മനസ്സിലാവില്ല. അത്രയ്ക്കു സമയം ചെലവഴിക്കാന്‍ അവര്‍ക്കില്ല. ഞാന്‍ കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ ഒരു നേതാവിനെ കണ്ടിരുന്നു. എത്ര ആളുകളാണ് അവിടെ ക്യൂ നില്‍ക്കുന്നത്. ഒരാള്‍ക്ക് ഒരു മിനിറ്റോ രണ്ട് മിനിറ്റോ ഒക്കെയാണ് അവരുടെ കാര്യങ്ങള്‍ പറയാന്‍ കിട്ടുന്നത്. ഇവിടുത്തെ കാര്യങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ ഒരു അക്കാദമിക് വേണം. എസ്.സി-എസ്.ടി-ഒ.ബി.സി റിക്രൂട്ട്മെന്റ് ഡ്രൈവ് നടക്കുന്ന സമയത്ത് ആ വിഭാഗത്തില്‍നിന്നുള്ള നിരീക്ഷകര്‍ വേണം. അങ്ങനെയല്ലാത്തിടത്തോളം അതില്‍ നടക്കുന്ന കാര്യങ്ങളില്‍ വിവേചനം ഇല്ലെന്ന് നമ്മള്‍ക്ക് ഒരിക്കലും പറയാന്‍ കഴിയില്ല. 

സ്പെഷ്യല്‍ റിക്രൂട്ട്മെന്റിന്റെ സമയത്ത് വളരെ പരിമിതമായാണ് പരസ്യം നല്‍കുന്നത്. ഇത് അട്ടിമറിക്കുന്നത് പലതരത്തിലാണ്. അതിലൊന്നാണ് നിയന്ത്രിതമായി പരസ്യം നല്‍കുക എന്നത്. മറ്റൊന്ന് നടക്കുന്നത് സബ്ജക്ട് ഏരിയാസ് മാറ്റുന്നതാണ്. വിദഗ്ദ്ധ കമ്മിറ്റി ദളിത് സ്റ്റഡീസ് എന്ന ഏരിയ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, ഐ.ഐ.ടി ഇതു മാറ്റി ഇന്ത്യന്‍ റൈറ്റിങ് ഇന്‍ ഇംഗ്ലീഷ് എന്നാണ് പരസ്യം നല്‍കിയത്. ദളിത് സ്റ്റഡീസ് എന്ന ഏരിയ വന്നാല്‍ ഇവിടുത്തെ ജാതി ഘടനയെ ചോദ്യം ചെയ്യുന്ന ആളുകള്‍ എത്തിയേക്കാം എന്നതുകൊണ്ടാണിത്. മറ്റൊന്ന് പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കോണമിക്‌സ് ജനറല്‍ എന്നീ സബ്ജക്ട്. ഇതു ചുരുക്കി പൊളിറ്റിക്കല്‍ തിയറിയും അപ്ലൈഡ് ഇക്കോണമിക്‌സും ആക്കി. ഏരിയ ചുരുക്കുന്നതോടെ ഈ വിഭാഗത്തില്‍നിന്നുള്ള അപേക്ഷകര്‍ സ്വാഭാവികമായും കുറയും. ഇതിനെപ്പറ്റിയും പരാതി നല്‍കിയിട്ടുണ്ട്.

പരാതിയൊന്നും നല്‍കാതെ മിണ്ടാതെ അവനവന്റെ കാര്യം നോക്കി പോയാല്‍ ഐ.ഐ.ടിയില്‍ അധികം പ്രശ്‌നം ഒന്നും ഇല്ല. പക്ഷേ, അവരുടെ ആധിപത്യത്തേയോ ബ്രാഹ്മണിക്കല്‍ സിസ്റ്റത്തേയോ ചലഞ്ച് ചെയ്താല്‍ അതു പ്രശ്‌നമാകും. ഈ സിസ്റ്റത്തില്‍ അവര്‍ക്കെതിരായി പണിഷ്മെന്റ് പൊതുവെ ഉണ്ടാകില്ല. നമ്മള്‍ ഒറ്റയ്ക്ക് പോരാടി തളരും.

മെറിറ്റ് ഇല്ലാത്തതുകൊണ്ടാണ് എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളില്‍നിന്ന് അദ്ധ്യാപകരെ എടുക്കാത്തത് എന്ന ഇവരുടെ വാദത്തെ എക്‌സ്പോസ് ചെയ്യാന്‍ ഞാന്‍ ശ്രമിച്ചു. ഒരു പ്രധാന കാരണം വളരെ ചുരുങ്ങിയ വിഷയങ്ങളിലേക്ക് നിയന്ത്രിതമായാണ് പരസ്യം നല്‍കുന്നത് എന്നതുതന്നെയാണ്. അപ്പോള്‍ അധികം അപേക്ഷകര്‍ വരില്ല. അത്തരം കാര്യങ്ങള്‍ തുറന്നു കാണിച്ചിട്ടുണ്ട്. ഇതിന്റയൊക്കെ ഗുണം വേറെയാര്‍ക്കെങ്കിലും ഒരുപാട് കാലങ്ങള്‍ കഴിയുമ്പോ കിട്ടും. അല്ലാതെ നമ്മള്‍ ഇപ്പോള്‍ ചെയ്യുന്ന കാര്യത്തിന്റെ റിസള്‍ട്ട് നമ്മള്‍ക്ക് അനുഭവിക്കാന്‍ പറ്റിയെന്നു വരില്ല. അതുകൊണ്ടുതന്നെ വ്യക്തിതലത്തില്‍ ഇതു വളരെ അവനവനെ തളര്‍ത്തുന്ന പ്രക്രിയ ആണ്. ഒരു വ്യക്തിയുടെ കേസിനെയൊന്നും കൈകാര്യം ചെയ്യാനും കൃത്യമായ അന്വേഷണം നടത്താനും ഒന്നുമുള്ള രീതി ഈ സിസ്റ്റത്തിലില്ല. പൊതുവെ കുറ്റം ചെയ്തവരെയെല്ലാം സംരക്ഷിക്കുന്ന ഒരു രീതിയാണ്. അത് ഐ.ഐ.ടി മാത്രമല്ല, ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് അങ്ങനെയാണ്. 

ഐ.ഐ.ടികളില്‍ ശമ്പളം കൊടുക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. മികച്ച, കഴിവുള്ള ദളിതനെ തിരഞ്ഞെടുക്കാതിരിക്കുന്നതും കഴിവു കുറഞ്ഞ ബ്രാഹ്മണനെ നിയമിക്കുന്നതും വിവേചനമാണ്. ഐ.ഐ.ടിക്ക് ഇതില്‍ ഒന്നും നഷ്ടപ്പെടുന്നില്ല. നഷ്ടപ്പെടുന്നതു ശമ്പളം കൊടുക്കുന്ന സര്‍ക്കാരിനാണ്. വിവേചനം നടപ്പാക്കാനായി പ്രത്യേക ആനുകൂല്യങ്ങളൊന്നും കൊടുക്കുന്നില്ലല്ലോ. നിരീക്ഷകര്‍ ഉണ്ടാകുന്നതിലൂടെ ഇതിനെ കുറച്ചെങ്കിലും മറികടക്കാന്‍ പറ്റും. മറ്റൊരു വഴി ഈ രംഗത്ത് സര്‍വ്വകലാശാലകള്‍ തമ്മില്‍ മത്സരം ഉയര്‍ത്തിക്കൊണ്ടുവരികയാണ്. എം.ഐ.റ്റി, ഷിക്കാഗോ, ഹാര്‍വാര്‍ഡ്, ഓക്‌സ്ഫഡ് അങ്ങനെ എല്ലാവര്‍ക്കും ഇന്ത്യയില്‍ കാമ്പസുകള്‍ തുറക്കാന്‍ ആഗ്രഹമുണ്ട്. പക്ഷേ, അവരെ അതിന് അനുവദിക്കുന്നില്ല. 

എന്തുകൊണ്ടാണിത് എന്ന് ഒരു മുപ്പതു കൊല്ലം മുന്‍പ് ചോദിച്ചാല്‍, അമേരിക്ക സാമ്രാജ്യത്ത രാജ്യമാണെന്നതിനാല്‍ ഇവിടെ വേണ്ട എന്നായിരിക്കും കമ്യൂണിസ്റ്റ് വിദ്യാര്‍ത്ഥിയുടെ മറുപടി. ഇപ്പോഴാണെങ്കില്‍ ഇന്ത്യന്‍ ദേശീയത, സംസ്‌കാരം എന്നിവയെക്കുറിച്ചു പറഞ്ഞ് ദേശീയവാദികള്‍ ഇതിനെ തടയും. ആര്‍ക്കാണ് ഇതില്‍ നഷ്ടം ഉണ്ടാകുന്നത്? കാശുള്ളവര്‍ക്ക് അവരുടെ മക്കളെ വിദേശത്തയച്ചു പഠിപ്പിക്കണം. ദരിദ്രരും താഴ്ന്ന വര്‍ഗ്ഗത്തില്‍പ്പെട്ടവരുമായിരിക്കും ഇതില്‍ നഷ്ടം വരുന്നത്. വിദേശ സര്‍വ്വകലാശാലകള്‍ പുതിയ തരത്തിലുള്ള വിദ്യാഭ്യാസരംഗത്തെ ഭരണതലത്തില്‍ മാത്രമല്ല മാറ്റം കൊണ്ടുവരിക. അദ്ധ്യാപകര്‍ക്കിടയില്‍ ഒരു മത്സരശേഷി ഉയര്‍ത്തിക്കൊണ്ടുവരും, ഒരു പുതിയ സംസ്‌കാരവും ഇതോടൊപ്പം വരും. എന്നെപ്പോലുള്ളവര്‍ക്ക് നേരത്തെ തന്നെ ഐ.ഐ.ടിയൊക്കെ വിട്ട് മറ്റൊരിടത്തേയ്ക്ക് പോകാനാകും. കുറച്ചു വിദ്യാര്‍ത്ഥികള്‍ക്കെങ്കിലും ഐ.ഐ.ടിയിലേക്ക് വരുന്നതിനു പകരം അങ്ങനെയുള്ള ഇടങ്ങളിലേയ്ക്ക് പോകാന്‍ പറ്റും. 

പണം യൂണിവേഴ്സിറ്റികളിലേക്ക് കൊടുക്കുന്നതിനു പകരം വിദ്യാര്‍ത്ഥികളിലേക്കെത്തണം. ഇവിടെ രണ്ടുതരത്തിലുള്ള ഫണ്ടിങ് വരുന്നു. നമ്മുടെ നാട്ടില്‍ ഇതു വലിയൊരു പ്രശ്‌നമാണ്. ഇവിടെ എയ്ഡഡ് കോളേജുകളില്‍ ശമ്പളം വരുന്നത് സര്‍ക്കാരില്‍നിന്നാണ്. നിയമനത്തില്‍ ഇവിടങ്ങളിലെല്ലാം അഴിമതി നടക്കുന്നുമുണ്ട്. കോളേജിനു പണം കൊടുക്കുന്നതിനു പകരം സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്കു പണം കൊടുക്കുന്ന രീതി വേണം. ഒരു വൗച്ചര്‍. അതുപയോഗിച്ച് ഏതു കോളേജിലും പ്രവേശനം നേടാം. അദ്ധ്യാപകര്‍ക്ക് ശമ്പളം കൊടുക്കണമെങ്കില്‍ വിദ്യാര്‍ത്ഥിയില്‍നിന്ന് ഈ വൗച്ചര്‍ കിട്ടണം. അതിനര്‍ത്ഥം കോളേജുകള്‍ തമ്മില്‍ വിദ്യാര്‍ത്ഥികളെ കിട്ടാന്‍ മത്സരിക്കും. നല്ല പഠനം നടക്കുന്ന ഇടങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ എത്തുക. അതിനു മികച്ച അദ്ധ്യാപകരെ നിയമിക്കണം. സര്‍വ്വകലാശാലകള്‍ക്ക് പണം കൊടുക്കുന്ന സംവിധാനത്തില്‍നിന്നു വിദ്യാര്‍ത്ഥികള്‍ക്ക് പണം കൊടുക്കുന്ന സംവിധാനം വരുന്നതോടെ കാര്യങ്ങള്‍ പൂര്‍ണ്ണമായും മാറും. 

ഐ.ഐ.ടിയില്‍ വിദ്യാര്‍ത്ഥികള്‍ എന്നെ പിന്തുണച്ചിട്ടുണ്ട്. ജാതിവിവേചനത്തിനെതിരായ നിലപാട് എന്നത് ഒരു കാര്യമാണ്. അതോടൊപ്പം ഞാന്‍ പഠിപ്പിക്കുന്നതും അവര്‍ക്ക് ഇഷ്ടമാണ്. വിദ്യാര്‍ത്ഥിക്ക് നല്‍കുന്ന പണത്തെ ആശ്രയിച്ച് ഐ.ഐ.ടി നിലനില്‍ക്കുന്ന അന്തരീക്ഷമാണെങ്കില്‍ അവര്‍ക്കു വിദ്യാര്‍ത്ഥികളേയും എന്നെപ്പോലെയുള്ള അദ്ധ്യാപകരേയും നിലനിര്‍ത്തേണ്ടിയും നന്നായി പരിഗണിക്കേണ്ടിയും വരും. അവയൊക്കെ വലിയതലത്തിലുള്ള ചര്‍ച്ചകളാണ്. 

ഖേദകരമായ കാര്യമായി എനിക്കു തോന്നുന്നത് സാമൂഹ്യനീതിയെക്കുറിച്ചു സംസാരിക്കുന്നവര്‍ക്ക് പലപ്പോഴും സാമ്പത്തികമായ കാര്യങ്ങളില്‍ നല്ല പരിജ്ഞാനമുണ്ടാകുന്നില്ല എന്നതാണ്. മാര്‍ക്കറ്റ്, മത്സരം എന്നിവയോടൊക്കെ അവര്‍ക്ക് എതിര്‍പ്പാണ്. മാര്‍ക്കറ്റ്, മത്സരം, ഫണ്ടിങ് രീതി എന്നിവയ്‌ക്കൊക്കെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതില്‍ കാര്യമായ പങ്കുവഹിക്കാനാകും. എന്റെ അഭിപ്രായത്തില്‍ സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്കു പണം നല്‍കുകയും സന്നദ്ധരായി വരുന്ന ആര്‍ക്കും സര്‍വ്വകലാശാലകള്‍ തുടങ്ങാന്‍ സൗകര്യമൊരുക്കുകയും വിദേശ സര്‍വ്വകലാശാലകള്‍ക്ക് അവരുടെ കാമ്പസുകള്‍ തുടങ്ങാന്‍ അനുവദിക്കുകയും ചെയ്യണം. 

ഷിക്കാഗോ യൂണിവേഴ്സിറ്റി താംബരത്ത് ഒരു കാമ്പസ് തുടങ്ങുന്നുവെന്നിരിക്കട്ടെ. ഫണ്ടിങ് വൗച്ചര്‍ കയ്യിലുള്ള ദളിത് വിദ്യാര്‍ത്ഥിനിക്ക് ഷിക്കാഗോയില്‍ പഠിക്കണോ ഐ.ഐ.ടിയില്‍ പഠിക്കണോ എന്ന കാര്യത്തില്‍ സ്വയം തീരുമാനമെടുക്കാന്‍ കഴിയും. പക്ഷേ, ഇപ്പോള്‍ സംഭവിക്കുന്നത് എന്താണ്. ഇത്തരം വൗച്ചറുകള്‍ ഐ.ഐ.ടി മദ്രാസിലേക്ക് നേരിട്ട് പോകുന്നു. ദളിത് വിദ്യാര്‍ത്ഥിനിക്ക് ഒരു ചോയ്സും ഇല്ല. വിദ്യാര്‍ത്ഥിക്ക് അവരുടെ പണം എവിടെ വിനിയോഗിക്കണമെന്നതില്‍ സ്വാതന്ത്ര്യമുണ്ടാകേണ്ടേ? അതിന് കമ്യൂണിസത്തിന്റേയും സോഷ്യലിസത്തിന്റേയും നാഷണലിസത്തിന്റേയുമൊക്കെ ആവരണങ്ങളില്‍നിന്നു പുറത്തുകടക്കേണ്ടതുണ്ട്. വിപണി എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രായോഗിക ബുദ്ധിയോടെ മനസ്സിലാക്കുകയാണ് വേണ്ടത്. 

ഒന്നോ രണ്ടോ പ്രൈവറ്റ് യൂണിവേഴ്സിറ്റി വന്നതുകൊണ്ട് കാര്യങ്ങള്‍ നടക്കില്ല. സര്‍ക്കാര്‍ യൂണിവേഴ്സിറ്റിയില്‍നിന്നു സ്വകാര്യ യൂണിവേഴ്സിറ്റി വ്യത്യാസം വരുന്നത് രണ്ട് കാര്യത്തിലാണ്. സ്വകാര്യ സര്‍വ്വകലാശാലകള്‍ക്കിടയില്‍ തന്നെ മത്സരം ഉണ്ടാകണം. നമ്മളിപ്പോള്‍ ഒരു പ്രൈവറ്റ് യൂണിവേഴ്സിറ്റിക്ക് കുത്തക കൊടുത്താല്‍ അവര്‍ക്കു മാത്രമേ പ്രവര്‍ത്തിക്കാനാവൂ എന്ന അവസ്ഥ ഉണ്ടാകും. മറ്റാര്‍ക്കും പ്രവര്‍ത്തിക്കാന്‍ പറ്റില്ല. സര്‍ക്കാര്‍ യൂണിവേഴ്സിറ്റികളുടെ അവസ്ഥയും അതുതന്നെയാകും. ആര്‍ക്കെങ്കിലും ഇവരെയൊക്കെ ചോദ്യം ചെയ്യാന്‍ പറ്റുന്ന അവസ്ഥയുണ്ടാകണം. അവര്‍ വിദ്യാര്‍ത്ഥികളോടും അദ്ധ്യാപകരോടും വിവേചന പൂര്‍വ്വം ആണ് പെരുമാറുന്നതെങ്കില്‍ മറ്റൊരിടത്തേയ്ക്ക് പോകാം, അവിടെ കാര്യങ്ങള്‍ മെച്ചപ്പെട്ടതാണ് എന്ന അവസ്ഥയുണ്ടാകണം. രണ്ടാമത്തേത്, വിദ്യാര്‍ത്ഥിക്ക് എവിടെയും പഠിക്കാനാകുന്ന തരത്തില്‍ ഫണ്ടിങ് മാറണം. 

ഐ.ഐ.ടിയുടെ കാര്യം തന്നെയെടുത്താല്‍ അവിടെ കുറച്ചുപേര്‍ മികച്ച അദ്ധ്യാപകരാണ്. കുറച്ചു പേരാണെങ്കില്‍ അത്രയൊന്നും നന്നായി പഠിപ്പിക്കുന്നില്ല. പക്ഷേ, എല്ലാവര്‍ക്കും കിട്ടുന്ന ശമ്പളം തുല്യമാണ്. പക്ഷേ, വൗച്ചര്‍പോലുള്ള സംവിധാനം വന്നാല്‍ മോശം അദ്ധ്യാപകരെ നിലനിര്‍ത്താന്‍ ഒരു സര്‍വ്വകലാശാലയും തയ്യാറാകില്ല. അതൊരു വിശാലമായ ചര്‍ച്ച ആവശ്യപ്പെടുന്ന വിഷയമാണ്. 

രാജിയിലേക്കെത്തിയ ഐ.ഐ.ടി. അനുഭവങ്ങള്‍
 
നിരവധി സംവരണ നിയമങ്ങള്‍ക്കു ശേഷവും ഐ.ഐ.ടികളും കേന്ദ്ര സര്‍വ്വകലാശാലകളും അടക്കമുള്ള ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എസ്.സി-എസ്.ടി-ഒ.ബി.സി വിഭാഗത്തില്‍നിന്നുള്ള അദ്ധ്യാപകരുടെ എണ്ണം വളരെ കുറവാണ്. 2019-ല്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം പാര്‍ലമെന്റിനു മുന്നില്‍വെച്ച കണക്കു പ്രകാരം 23 ഐ.ഐ.ടികളിലെ 8856 അദ്ധ്യാപകരില്‍ എസ്.ടി-29., എസ്.സി-149, ഒ.ബി.സി-329 എന്ന നിലയിലാണ് അദ്ധ്യാപകരുടെ പ്രാതിനിധ്യം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 27 ശതമാനം ഒ.ബി.സി, 15 ശതമാനം എസ്.സി, 7.5 ശതമാനം എസ്.ടി പ്രാതിനിധ്യം ഉണ്ടായിരിക്കണം എന്നാണ് വ്യവസ്ഥയെങ്കിലും മൂന്നു വിഭാഗങ്ങളിലും കൂടി ഒന്‍പത് ശതമാനമാണ് നിലവിലെ ഐ.ഐ.ടി പ്രാതിനിധ്യം. എം.എച്ച്.ആര്‍.ഡി കണക്ക് പ്രകാരം 15 ഐ.ഐ.ടികളില്‍ ഒരു എസ്.ടി ഫാക്കല്‍റ്റിപോലും ഇല്ല. രണ്ട് ഐ.ഐ.ടികളില്‍ ഒ.ബി.സി വിഭാഗത്തില്‍നിന്ന് ആരും തന്നെയില്ല. 2.5 ശതമാനമാണ് എസ്.സി, എസ്.ടി പ്രാതിനിധ്യം. നിശ്ചിത യോഗ്യതയുള്ളവര്‍ ഇല്ല എന്നു കാരണം പറഞ്ഞു നിയമനം നടത്താതിരിക്കുന്നതാണ് പതിവ്. സംവരണ സീറ്റ് ഒഴിച്ചിടുകയും പിന്നീടത് ജനറല്‍ കാറ്റഗറിയിലേക്കു മാറ്റുകയും ചെയ്യും. 
ഇത്തരം സാഹചര്യങ്ങള്‍ അടുത്തകാലത്തായി ചര്‍ച്ചയായതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഐ.ഐ.ടി, എന്‍.ഐ.ടി, ഐ.ഐ.എം അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒഴിവുള്ള പോസ്റ്റുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ നികത്തണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഇതേ സമയത്താണ് ജനറല്‍ കാറ്റഗറിയില്‍ ഐ.ഐ.ടി അദ്ധ്യാപകനായി എത്തിയ ഒ.ബി.സി വിഭാഗത്തിലുള്ള വിപിന്‍ പി. വീട്ടില്‍, നിയമനം നേടി മാസങ്ങള്‍ക്കകം ജാതിയുടെ പേരിലുള്ള വിവേചനം നേരിടേണ്ടിവന്നുവെന്ന പരാതിയുമായി രംഗത്തെത്തിയത്.

വിദേശ സര്‍വ്വകലാശാലകളില്‍നിന്നുള്ള ഉന്നത വിദ്യാഭ്യാസത്തിനു ശേഷമാണ് വിപിന്‍ ഐ.ഐ.ടി മദ്രാസില്‍ ഹ്യൂമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സില്‍ അസിസ്റ്റന്റ് പ്രൊഫസറായി എത്തുന്നത്. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ വിപിന്‍ ബോംബെയിലും ലെബനോണിലുമായാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. എംബസിയിലെ ജീവനക്കാരനായിരുന്ന അച്ഛന്റെ സ്ഥലമാറ്റത്തിനനുസരിച്ചായിരുന്നു വിപിന്റെ വിദ്യാഭ്യാസവും. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍നിന്ന് ഇക്കണോമിക്‌സില്‍ ബിരുദം നേടി. ഇറ്റലി, നെതര്‍ലന്റ്സ്, ഫ്രാന്‍സ് എന്നിവിടങ്ങളിലായി മാസ്റ്റേഴ്സ് പഠനം. യു.എസിലെ ജോര്‍ജ് മേസണ്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് പിഎച്ച്.ഡിയും പാരീസിലെ സോര്‍ബോണ്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് പോസ്റ്റ് ഡോകും നേടി.

2019-ലാണ് മദ്രാസ് ഐ.ഐ.ടിയില്‍ ജോയിന്‍ ചെയ്തത്. തുടക്കത്തില്‍ ജാതി വിവേചനത്തെക്കുറിച്ചു ബോധവാനായിരുന്നില്ലെങ്കിലും ഇന്‍സ്റ്റിറ്റ്യൂട്ടിനുള്ളില്‍ താന്‍ നേരിടുന്ന വിവേചനങ്ങള്‍ക്കു കാരണം ജാതിയാണ് എന്ന് അദ്ദേഹം തിരിച്ചറിയുകയും അതിനെതിരെ പ്രതികരിക്കുകയുമായിരുന്നു. 
ജോയിന്‍ ചെയ്ത ശേഷം പുതിയ കോഴ്സ് പഠിപ്പിക്കാന്‍ അപേക്ഷ നല്‍കിയ വിപിനു മോശമായ പ്രതികരണമായിരുന്നു വകുപ്പ് തലവനില്‍നിന്നും സഹ അദ്ധ്യാപകരില്‍ ചിലരില്‍നിന്നും നേരിടണ്ടിവന്നത്. വിപിന്‍ സമര്‍പ്പിച്ച കോഴ്സ് ഡിപ്പാര്‍ട്ട്മെന്റ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി ചര്‍ച്ച ചെയ്യാന്‍പോലും തയ്യാറായില്ല. പ്രൊബേഷന്‍ കാലാവധി കഴിഞ്ഞ ശേഷം ചര്‍ച്ച ചെയ്താല്‍ മതിയെന്ന തരത്തിലായിരുന്നു പ്രതികരണം. അങ്ങനെയൊരു ചട്ടം ഐ.ഐ.ടിയില്‍ ഇല്ലാത്തതുകൊണ്ടുതന്നെ കാരണം എഴുതി നല്‍കാന്‍ വിപിന്‍ ആവശ്യപ്പെട്ടെങ്കിലും അതിനു മറുപടിയുണ്ടായില്ല. വിപിന്റെ സ്വഭാവം പഠിക്കാനുള്ള സമയമാണിത്. കോഴ്സ് അനുവദിക്കാനുള്ളതല്ല എന്ന തരത്തിലാണ് മലയാളിയായ സീനിയര്‍ അദ്ധ്യാപകന്‍ ഇക്കാര്യത്തില്‍ അയച്ച മെയില്‍. 2019 മാര്‍ച്ചിലായിരുന്നു ആദ്യം അപേക്ഷ നല്‍കിയത്. പിന്നീട് ഒക്ടോബറില്‍ വീണ്ടും ഇതു ചര്‍ച്ചയ്ക്കു വെയ്ക്കാന്‍ വിപിന്‍ ശ്രമിച്ചങ്കിലും ഡിപ്പാര്‍ട്ട്മെന്റ് തയ്യാറായില്ല. 

എന്നാല്‍, പിന്നീട് സംഭവിച്ച കാര്യങ്ങളാണ് താന്‍ നേരിടുന്ന വിവേചനങ്ങള്‍ക്കു കാരണം തന്റെ ജാതിയാണെന്നു വിവേചനം അദ്ദേഹം തിരിച്ചറിയുന്നത്. 2020-ല്‍ അതേ ഡിപ്പാര്‍ട്ട്മെന്റില്‍ ബ്രാഹ്മണ വിഭാഗത്തില്‍പ്പെട്ട ഫാക്കല്‍റ്റി ജോയിന്‍ ചെയ്തയുടന്‍ കോഴ്സിന് അപേക്ഷ നല്‍കുകയും അദ്ദേഹത്തിന് അതു പെട്ടെന്നു തന്നെ അനുവദിച്ചു കൊടുക്കുകയും ചെയ്തു. ബ്രാഹ്മണ അദ്ധ്യാപകര്‍ക്കു കൂടുതല്‍ ആനുകൂല്യങ്ങള്‍ അനുവദിച്ചുകൊടുക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ല എന്നും അദ്ദേഹം കണ്ടെത്തി. ഇതിനെ ചോദ്യം ചെയ്തപ്പോള്‍ പ്രൊബേഷന്‍ കാലത്ത് കോഴ്സ് നല്‍കരുതെന്ന് റൂളൊന്നുമില്ല എന്നാണ് വകുപ്പു തലവന്‍ പറഞ്ഞത്. രണ്ട് ജാതിയില്‍പ്പെട്ടവരുടെ കാര്യത്തില്‍ രണ്ട് തരത്തില്‍ ഉള്ള അഭിപ്രായങ്ങള്‍ നടത്തിയത് വിപിന്‍ ചോദ്യം ചെയ്തു. ഐ.ഐ.ടിയില്‍ പരാതി നല്‍കിയെങ്കിലും മറുപടിയൊന്നുമുണ്ടായില്ല. പിന്നീട് നാഷണല്‍ കമ്മിഷന്‍ ഫോര്‍ ബാക്ക്വേഡ് ക്ലാസ്സി(എന്‍.സി.ബി.സി)നും വിദ്യാഭ്യാസ വകുപ്പിനും പരാതി നല്‍കി. ഇങ്ങനെയുള്ള പരാതിയുമായി പോയാല്‍ ഐ.ഐ.ടിക്കുള്ളിലും പുറത്തും പ്രൊഫഷണല്‍ വളര്‍ച്ചയ്ക്കു തടസ്സമാകുമെന്ന തരത്തിലുള്ള ഭീഷണിയും പ്രതികരണവുമാണ് വിപിന് ഐ.ഐ.ടി അധികൃതരില്‍നിന്നു കിട്ടിയത്. എന്‍.സി.ബി.സി പരാതിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഐ.ഐ.ടിക്ക് നിര്‍ദ്ദേശം നല്‍കി. ഐ.ഐ.ടിയില്‍നിന്നു പരാതിയില്‍ നീതി കിട്ടില്ല എന്നു ബോധ്യപ്പെടുകയും മാനസികമായ പീഡനങ്ങള്‍ പലതരത്തില്‍ തുടരുകയും ചെയ്തപ്പോഴാണ് വിപിന്‍ എന്‍.സി.ബി.സിക്കു പരാതി നല്‍കിയതെങ്കിലും ഐ.ഐ.ടിയോട് തന്നെ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനായിരുന്നു കമ്മിഷന്റെ വിചിത്രമായ നിര്‍ദ്ദേശം. തുടര്‍ന്ന് ഐ.ഐ.ടി തന്നെ നിയമിച്ച മൂന്നംഗ കമ്മിറ്റി ജാതിവിവേചനം നടന്നിട്ടില്ല എന്നും വിപിന്റെ സ്വഭാവത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന രീതിയിലുമുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ഇതിനെതിരെ വീണ്ടും കമ്മിഷനില്‍ പരാതി നല്‍കിയിരിക്കുകയാണ്. ഒപ്പം ഐ.ഐ.ടിയില്‍ നടക്കുന്ന എസ്.സി-എസ്.ടി-ഒ.ബി.സി ഫാക്കല്‍റ്റി സ്പെഷ്യല്‍ റിക്രൂട്ട്മെന്റില്‍ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പിനും പ്രധാനമന്ത്രിക്കും പരാതി നല്‍കിയിട്ടുമുണ്ട്. കൃത്യമായ മറുപടികള്‍ നല്‍കാതിരിക്കുകയും വെല്ലുവിളികള്‍ നടത്തുകയും താമസിക്കുന്ന ക്വാര്‍ട്ടേഴ്സിനു മുന്നില്‍ പരസ്യമായി നോട്ടീസുകള്‍ പതിച്ചും മാനസിക പീഡനത്തിന്റെ ഒരു കാലത്തിലൂടെയാണ് വിപിന്‍ പിന്നീട് കടന്നുപോയത്. 

2021 ജൂലൈയില്‍ രാജി നല്‍കി മാറിനിന്നു. ഒരു വര്‍ഷത്തിനുള്ളില്‍ തിരിച്ചുവരാം എന്ന റൂള്‍ പ്രകാരം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും എന്ന പ്രതീക്ഷയില്‍ സെപ്തംബറില്‍ വീണ്ടും ക്യാംപസില്‍ തിരിച്ചെത്തിയെങ്കിലും കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയായിരുന്നു. ഐ.ഐ.ടി അധികൃതരുടെ ഭാഗത്തുനിന്നുള്ള നിരന്തരമായ മാനസിക പീഡനത്തിനൊടുവില്‍ അദ്ദേഹത്തിന് ജനുവരിയില്‍ വീണ്ടും രാജിവെക്കേണ്ടിവന്നു. 

തനിക്കു നേരിട്ട വിവേചനത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്നും സ്പെഷ്യല്‍ റിക്രൂട്ടമെന്റില്‍ നടക്കുന്ന അട്ടിമറികള്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള വിപിന്റെ പോരാട്ടം തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ