പൊലീസ് ഉദ്യോഗസ്ഥനും സംരംഭകയും അടങ്ങുന്ന ആ ദമ്പതികളുടെ സ്വാധീനത്തിന്റെ പ്രഭാവലയത്തില്‍ ഒരുപാടാളുകള്‍ മയങ്ങി

കാടത്തത്തില്‍നിന്ന് സംസ്‌കാരത്തിലേക്കുള്ള മനുഷ്യരാശിയുടെ പുരോഗമനത്തില്‍ മനുഷ്യന്‍ കണ്ടെത്തിയ ഒരു വിലപ്പെട്ട ഉപകരണമാണ് പൊലീസ്
പൊലീസ് ഉദ്യോഗസ്ഥനും സംരംഭകയും അടങ്ങുന്ന ആ ദമ്പതികളുടെ സ്വാധീനത്തിന്റെ പ്രഭാവലയത്തില്‍ ഒരുപാടാളുകള്‍ മയങ്ങി

വിളവുതിന്നുന്ന വേലികളെ ഒരു കര്‍ഷകനും കണ്ടിട്ടുണ്ടാവില്ല. ആദിമനുഷ്യന്‍ ശരിക്കും ഇരുകാലി മൃഗമായി ജീവിച്ചുതുടങ്ങി കാര്‍ഷിക സംസ്‌കാരത്തിലെത്തി ആധുനികതയിലേക്കു  വളര്‍ന്ന ചരിത്രത്തില്‍ ഒരിടത്തും ഒരു കൃഷിക്കാരനും വിളവുതിന്നുന്ന വേലികളുടെ ഭീഷണി നേരിട്ടിട്ടില്ല. എന്നിട്ടും ലോകത്ത് പല ഭാഷകളിലും ഇങ്ങനെ ഒരു പ്രയോഗം ഉണ്ടായി. സമൂഹത്തില്‍ എന്തിന്റെയെങ്കിലും സംരക്ഷണ ചുമതലയുള്ള വ്യക്തി അതിന്റെ  സംഹാരകനാകുന്ന അവസ്ഥയെ ഇതിനെക്കാള്‍ ലളിതമായും ശക്തമായും  ആവിഷ്‌കരിക്കാനാകില്ല. 

മനുഷ്യനു സമാധാന ജീവിതം വിലപ്പെട്ടതാണ്. അവനു കുറ്റകൃത്യങ്ങളില്‍നിന്നു സംരക്ഷണം വേണം. അതിനു കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. അവര്‍ ശിക്ഷിക്കപ്പെടണം.  അതൊക്കെ ഉറപ്പ് വരുത്താനാണ് സമൂഹത്തില്‍ പൊലീസ് സംവിധാനം സൃഷ്ടിച്ചിരിക്കുന്നത്. കാടത്തത്തില്‍നിന്ന് സംസ്‌കാരത്തിലേക്കുള്ള മനുഷ്യരാശിയുടെ പുരോഗമനത്തില്‍ മനുഷ്യന്‍ കണ്ടെത്തിയ ഒരു വിലപ്പെട്ട ഉപകരണമാണ് പൊലീസ്. സംസ്‌കാരസമ്പന്നനായ മനുഷ്യന്‍  വിലമതിക്കുന്ന പലതും സംരക്ഷിക്കുന്ന വേലിയാണ് പൊലീസ്. ആ വേലിക്കു പിന്നില്‍ നിയമത്തിന്റെ ശക്തിയുണ്ട്; സമൂഹത്തിന്റെ പിന്തുണയുണ്ട്. അങ്ങനെയുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ കുറ്റവാളിയായി മാറിയാല്‍ ആ അവസ്ഥ എത്ര ഗുരുതരമാണ്? വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണത്. 

അത്തരം ഒരു സംഭവം തൃശൂര്‍ ജില്ലയിലുണ്ടായി. അതിനൊരു പശ്ചാത്തലമുണ്ടായിരുന്നു.  ധനസമ്പാദനത്തിനുള്ള ഒരുപാട് കുറുക്കുവഴികള്‍ അക്കാലത്ത് അവിടെ വലിയ ആകര്‍ഷണമായിരുന്നു. സ്വര്‍ണ്ണം, ചിട്ടി, കുറി, വാഹനലോണ്‍ തുടങ്ങിയ പല ഏര്‍പ്പാടുകളും അതില്‍പ്പെടും. അത്തരത്തിലുള്ള എല്ലാ ഇടപാടുകളും തെറ്റായിരുന്നു എന്നല്ല, പക്ഷേ, പലതും നിയമത്തിനു പുറത്തുള്ള കുറുക്കുവഴികളായിരുന്നു. ധനസമ്പാദനത്തിനു കുറുക്കുവഴികളില്ല എന്നു  സാമ്പത്തിക വിദഗ്ദ്ധന്‍ കൂടിയായിരുന്ന നാനി പാല്‍ക്കിവാലയെ പോലുള്ളവര്‍ പറഞ്ഞിട്ടുണ്ടെങ്കിലും  പല തൃശൂര്‍ക്കാരും അതൊന്നും വിശ്വസിച്ചില്ല.  അക്കാലത്ത്   ബ്ലേഡ് മാഫിയ, വാഹന റിക്കവറിയുടെ പേരിലുള്ള ഗുണ്ടായിസം അങ്ങനെ പലതും സംസ്ഥാനത്ത് നഗരങ്ങള്‍ കേന്ദ്രീകരിച്ചു തലപൊക്കുന്നുണ്ടായിരുന്നു. അതില്‍ പതിയിരുന്ന അപകടം ഗുണ്ടായിസത്തെ ഏറ്റവും  വലിയ ക്രിമിനല്‍ പ്രവര്‍ത്തനമായി കാണുന്നതിനു പകരം അതിനു നിയമത്തിന്റെ സംരക്ഷണമുണ്ട് എന്നൊരു പ്രതീതി സൃഷ്ടിക്കാന്‍ തല്പരകക്ഷികള്‍ക്കു കഴിഞ്ഞു എന്നതാണ്. സാമൂഹ്യവിരുദ്ധനു മാന്യത കിട്ടുന്ന അവസ്ഥ. ഒരദ്ധ്യാപികയുടെ പരാതി ഞാനോര്‍ക്കുന്നു. ആ കുടുംബം ഒരു കാര്‍ വാങ്ങിയിരുന്നു. തൃശൂര്‍ ടൗണില്‍ വച്ച് ഒരു സംഘം സായുധരായ അക്രമികള്‍ കാറിലുണ്ടായിരുന്നവരെയെല്ലാം ബലം പ്രയോഗിച്ച് ഇറക്കിവിട്ട ശേഷം കാറുമായി കടന്നുകളഞ്ഞു. ടൗണ്‍ സി.ഐ രാധാകൃഷ്ണന്‍ സംഭവത്തിനു ക്രിമിനല്‍ കേസെടുത്ത് അന്വേഷണം തുടങ്ങി. ആ ഘട്ടത്തില്‍ ഒരു ഫൈനാന്‍സ് കമ്പനി മാനേജര്‍, ലോണ്‍ അടയ്ക്കുന്നതില്‍ വീഴ്ച വന്നെന്നും അതുകൊണ്ട് തങ്ങളുടെ ആള്‍ക്കാരാണ് വാഹനം പിടിച്ചെടുത്തതെന്നും പറഞ്ഞ് സി.ഐയെ കണ്ടു. ഗുണ്ടായിസത്തിനു കേസെടുത്ത കാര്യം പാവം മാനേജര്‍ അറിഞ്ഞില്ല. അയാളും പൊലീസ് സ്റ്റേഷന്‍ മൂലയിലായപ്പോഴാണ് സംഭവം ഗുരുതരമാണെന്ന് അവര്‍ക്കൊക്കെ പിടികിട്ടിയത്. തട്ടിയെടുത്ത മാരുതി അതിനിടെ അതിര്‍ത്തി കടന്ന് മധുരയ്ക്ക് അടുത്തെത്തിയിരുന്നു. മാനേജര്‍ ഉള്‍പ്പെടെ ഇതിന്റെ സൂത്രധാരന്മാരും പ്രതിയാകുമെന്നായപ്പോള്‍ വാഹനം തൃശൂരേക്ക് വേഗം മടക്കയാത്ര ആരംഭിച്ചു. സാമ്പത്തിക ഇടപാടുകളുടെ പേരിലുള്ള ബലപ്രയോഗം കൃത്യമായും ക്രിമിനല്‍ കേസ് ആകുമെന്നും അതില്‍ ഫിനാന്‍സ് കമ്പനിക്കാരും പ്രതിസ്ഥാനത്ത് വരും  എന്നുമുള്ള  സന്ദേശമാണ് നല്‍കിയത്.     വൈകാതെ ഒരു സംഘം അഭിഭാഷകര്‍ എന്നെ സന്ദര്‍ശിച്ചു. വിവിധ ഫൈനാന്‍സ് കമ്പനികളുടെ നിയമോപദേശകരായിരുന്നു അവരെല്ലാം. വാഹനം പിടിച്ചെടുക്കുന്നതിലും മറ്റും നടമാടിയിരുന്ന ഗുണ്ടായിസം കമ്പനിയുടെ ചുമതലക്കാരെവരെ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെടുത്തും എന്നായപ്പോള്‍ അതവര്‍ക്കു പ്രശ്‌നമായി. ചില കോടതിവിധികളുടെയൊക്കെ പിന്‍ബലത്തില്‍ അല്പം ബലപ്രയോഗം ആകാം എന്നതായിരുന്നു അവരുടെ വാദം.  വാദം ക്ഷമയോടെ കേട്ടു. ഗുണ്ടായിസത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള ഒരു പ്രവര്‍ത്തനത്തിനും  പൊലീസിനു കൂട്ടുനില്‍ക്കാനാകില്ല എന്നായിരുന്നു എന്റെ നിലപാട്. അത് തെറ്റാണെങ്കില്‍ പൊലീസ് നടപടിയെ കോടതിയില്‍ ചോദ്യം ചെയ്യാമല്ലോ എന്നും വ്യക്തമാക്കി. 

അങ്ങനെ പൊലീസ് നിയമവഴിയില്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോയപ്പോള്‍ സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും മിക്കവാറും അതിനു വഴങ്ങി. പക്ഷേ, പ്രശ്നം സൃഷ്ടിച്ചത് ചില നിയമപാലകര്‍ തന്നെയാണ്. അതുണ്ടായതാകട്ടെ,  എന്റെ ഓഫീസ് സ്ഥിതിചെയ്തിരുന്ന വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ തന്നെ.  ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ തന്നെയായിരുന്നു കഥയിലെ നായകന്‍. ആ ഉദ്യോഗസ്ഥനാകട്ടെ, സബ് ഇന്‍സ്പെക്ടര്‍ ആയി സര്‍വ്വീസ് തുടങ്ങിയ കാലം തൊട്ടേ അഴിമതിയുടേയും അത്യാര്‍ത്തിയുടേയും പേരില്‍ കുപ്രസിദ്ധി ആര്‍ജ്ജിച്ചിരുന്നു.  അയാളന്ന് സംസ്ഥാന ഇന്റലിജന്‍സിലായിരുന്നു. ജില്ലയിലെ പൊലീസ് സംവിധാനത്തിന്റെ വീഴ്ചകള്‍ പോലും തലസ്ഥാനത്ത് ഉന്നതങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള അധികാരവും ഉത്തരവാദിത്വവും ഒക്കെയുള്ള ജോലിയാണ്. പറഞ്ഞിട്ടെന്തു കാര്യം? അദ്ദേഹം കര്‍മ്മനിരതനായത്  അവിഹിത ധനസമാഹരണത്തിന്റെ കുറുക്കുവഴികളിലായിരുന്നു. അയാള്‍ കണ്ടെത്തിയ വഴി ബ്ലേഡിന്റേതായിരുന്നു. നാട്ടുകാരന് പൊലീസിനെ പേടിക്കണം; എന്നാല്‍, പൊലീസിന് ആരെയും പേടിക്കേണ്ട എന്നയാള്‍ക്കറിയാം. സന്ധ്യ കഴിഞ്ഞാല്‍ ഇന്‍സ്പെക്ടര്‍  പൊലീസ് ജീപ്പുമായി പുറത്തിറങ്ങും. സാധാരണയായി രഹസ്യാന്വേഷണവകുപ്പ് ഉദ്യോഗസ്ഥര്‍ ജീപ്പില്‍ പൊലീസ് ബോര്‍ഡ് പ്രദര്‍ശിപ്പിക്കാറില്ല. രഹസ്യാന്വേഷണത്തിന് പൊലീസ് ഐഡന്റിറ്റി ഇല്ലാത്തതാണല്ലോ   സൗകര്യം. പക്ഷേ, ഈ ഉദ്യോസ്ഥന്‍ അങ്ങനെ ആയിരുന്നില്ല. പൊലീസ് ബോര്‍ഡ് പ്രദര്‍ശിപ്പിച്ച് ജീപ്പില്‍ പലേടത്തും കറങ്ങും. കൂടെ മിക്കവാറും സ്ഥിരമായി ഒരു പൊലീസുകാരനുമുണ്ടാകും. അയാളുടെ പേര് ദൈവത്തിന്റേതും പ്രവൃത്തി  ചെകുത്താന്റേതും ആയിരുന്നു. ചിലപ്പോള്‍ മറ്റൊരാളും കൂടെ ഉണ്ടാകും. ഈ മൂന്നാമനാകട്ടെ, അറിയപ്പെടുന്ന ഗുണ്ടയായിരുന്നു. സമീപകാലത്തു നടന്ന ഒരു കൊലക്കേസിലെ ഒന്നാം പ്രതി എന്ന യോഗ്യതയും അയാള്‍ക്കുണ്ടായിരുന്നു. ഈ മൂവര്‍സംഘത്തിന്റെ തലവനായിരുന്നു ആ ഇന്‍സ്പെക്ടര്‍. അയാള്‍  അന്നവിടെ നടത്തിയിരുന്ന കൊള്ളപ്പലിശ ഇടപാടുകളുടെ മുഖ്യ ഇരകള്‍ ചെറുകിട വ്യാപാരികളായിരുന്നു. സന്ധ്യ മുതല്‍  പൊലീസ് വാഹനത്തില്‍ ബോര്‍ഡും വച്ച്   കര്‍മ്മനിരതനായി ഇന്റലിജന്‍സിലെ ഇന്‍സ്പെക്ടര്‍. മൊത്തമായും ചില്ലറയായും ഉള്ള പണപ്പിരിവ് തന്നെ കര്‍മ്മം. നിയമാനുസൃതമുള്ള വ്യാപാരത്തില്‍ നിന്നാണ് അമിതപലിശയടക്കം തിരികെ നല്‍കാനുളള പണം കടക്കാരന്‍ കണ്ടെത്തേണ്ടത്. സ്വാഭാവികമായും തിരിച്ചടവ് മുടങ്ങാം. അങ്ങനെ ആകുമ്പോള്‍ പലിശയും മുതലും  തിരികെ വാങ്ങുവാന്‍ ഭീഷണിയും സമ്മര്‍ദ്ദവും വേണമെന്ന് ഇന്‍സ്പെക്ടര്‍ക്കറിയാം. വെറുതെയല്ല കുപ്രസിദ്ധനായ ഒരു പൊലീസുകാരനേയും കൊലക്കേസ് പ്രതിയായ ഗുണ്ടയേയും കൂട്ടുന്നത്. 

ആ ഉദ്യോഗസ്ഥന്‍ ഇത്തരം പല വഴിവിട്ട പ്രവര്‍ത്തനങ്ങളും നടത്തുന്നതായി പൊലീസിലും പുറത്തും പലര്‍ക്കും അറിയാമായിരുന്നു. അയാള്‍ അന്ന് ജോലി ചെയ്തിരുന്നത് എന്റെ കീഴിലല്ലായിരുന്നു. ആ നിലയ്ക്ക് അയാളുടെ വഴിവിട്ട പ്രവര്‍ത്തനങ്ങളെ ഭരണപരമായി നിയന്ത്രിക്കേണ്ട ഉത്തരവാദിത്വം ജില്ലാ എസ്.പിയുടേതായിരുന്നില്ല. ആ ചുമതലയുള്ളവര്‍ ഇന്‍സ്പെക്ടറെ നിയന്ത്രിക്കാന്‍ ഒന്നും ചെയ്തിരിക്കാനിടയില്ല. പൊലീസിലെ ഇത്തരം അപഥ സഞ്ചാരങ്ങള്‍ക്ക്  ഒരു സ്വഭാവമുണ്ട്. വഴിവിട്ട സഞ്ചാരം തുടങ്ങുമ്പോള്‍ തന്നെ ചുമതലയുള്ള  മേലുദ്യോഗസ്ഥന്‍ ഇടപെട്ട് സാഹസിക സഞ്ചാരിക്ക് താക്കീതോ ശിക്ഷണ നടപടിയോ നല്‍കിയാല്‍ ആ ഉദ്യോഗസ്ഥന്‍ തെറ്റിന്റെ വഴിയില്‍നിന്നും പിന്തിരിഞ്ഞേക്കാം. അത് അധികാരശ്രേണിയില്‍ മുകളിലുള്ള ഓരോ ഉദ്യോഗസ്ഥന്റേയും ചുമതലയാണെങ്കിലും അത്തരം ഇടപെടല്‍ നടത്തുവാന്‍ പലരും വിമുഖരാണ്. ''അയാള്‍ക്ക്  വലിയ സ്വാധീനമൊക്കെ ഉള്ളതുകൊണ്ട്, അയാളെ പിണക്കി, ഞാനെന്തിനു പുലിവാല്‍ പിടിക്കണം''  എന്നു  ചിന്തിക്കുന്ന പ്രായോഗിക ബുദ്ധിയുള്ളവരാണ് പലരും. 

അങ്ങനെ ഇന്‍സ്പെക്ടര്‍ സൈ്വരവിഹാരം തുടര്‍ന്നപ്പോള്‍ അധികം വൈകാതെ അത് ജില്ലാ പൊലീസ്  ഇടപെടേണ്ട അവസ്ഥയിലെത്തി. ഒരു ദിവസം രാത്രിയില്‍ പലിശപ്പിരിവിനായി ഇന്‍സ്പെക്ടര്‍ പൊലീസ് ജീപ്പില്‍ തന്റെ അനുചരന്മാരായ പൊലീസും ഗുണ്ടയുമായി പടിഞ്ഞാറെക്കോട്ടയില്‍ എത്തി. ഒരു ചെരുപ്പ് കടയിലെത്തി ഇന്‍സ്പെക്ടറുടെ പിരിവുസംഘം. നേരത്തെ നടത്തിയ ഭീഷണിയും സമ്മര്‍ദ്ദവുംകൊണ്ട് ഉദ്ദേശിച്ച ഫലമുണ്ടാകാഞ്ഞിട്ടാകാം അന്ന് ആ കടയുടമയെ ഗുണ്ട മര്‍ദ്ദിച്ചു. ഈ സംഭവം എന്റെ ശ്രദ്ധയില്‍ വന്നു. അടികൊണ്ട മനുഷ്യന്‍  എന്നെ ഓഫീസില്‍ വന്നുകണ്ടു. അയാള്‍ വലിയ ഭീതിയിലായിരുന്നു. ഇരയെ മാനസികമായി അടിപ്പെടുത്തുകയാണ്  കൊള്ളപ്പലിശക്കാരുടെ മുഖ്യ ആയുധം. അമിതപലിശ ഈടാക്കുന്നതു തന്നെ കുറ്റകരമായിരുന്നെങ്കിലും പരാതിയും കേസും ആ മനുഷ്യന് ചിന്തിക്കാവുന്നതിനപ്പുറമായിരുന്നു. പൊലീസ് എന്ന അധികാരത്തിന്റെ തണലില്‍ കൊലക്കേസ് പ്രതിയെക്കൊണ്ട് ആ മനുഷ്യനെ അയാളുടെ കടയില്‍വെച്ച് മര്‍ദ്ദിച്ചത് ഏറ്റവും ഗുരുതരമാണ്. നിയമം നിസ്സഹായനായ മനുഷ്യന്റെ സഹായത്തിനെത്തിയില്ലെങ്കില്‍ പിന്നെ പൊലീസ് വേഷം കൊണ്ടെന്ത് പ്രയോജനം? അവസാനം ആ സംഭവത്തില്‍ ഞാന്‍ തന്നെ പരാതിക്കാരനായി.  ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടില്‍ ഇന്റലിജെന്‍സിലെ ഇന്‍സ്പെക്ടറും പൊലീസുകാരനും ഗുണ്ടയ്ക്കും എതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. മര്‍ദ്ദനത്തിലൂടെയും ഭീഷണിയിലൂടെയും സമ്മര്‍ദ്ദത്തിലാക്കി പണം നേടാന്‍ ശ്രമിച്ചതിന് ജാമ്യം ലഭിക്കാത്ത വകുപ്പ് ചേര്‍ത്താണ് കേസ് എടുത്തത്. അങ്ങനെ ആ ഉദ്യോഗസ്ഥനു ശാശ്വതമായി പുറത്തേക്കുള്ള വഴി തെളിഞ്ഞു എന്നാണ് പിന്നീട് കേട്ടത്. സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ, ഒട്ടും സന്തോഷത്തോടെയൊന്നുമല്ല  പൊലീസിനെതിരെ നീങ്ങിയത്.  ഒരു പോലീസ് ഉദ്യോഗസ്ഥന്‍  ഇത്ര പരസ്യമായി, അതും ഔദ്യോഗിക സംവിധാനമൊക്കെ ദുരുപയോഗം ചെയ്ത് നിയമവിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടാല്‍ അഥവാ വേലി തന്നെ വിളവ് തിന്നാല്‍ അതെങ്ങനെയാണ് അവഗണിക്കാനാകുക?

ഡിവൈ.എസ്.പിയും സംരഭകയും     

എന്റെ മൂക്കിനു താഴെ മറ്റൊരു വേലി തഴച്ചുവളര്‍ന്ന് നാട് നീളെ വിളവ് തിന്നുകൊണ്ടിരുന്നത് ആദ്യം ഞാനറിഞ്ഞില്ല. തികച്ചും അപ്രതീക്ഷിതമായാണ് എന്നെ അസ്വസ്ഥനാക്കിയ ആ  സംഭവം ശ്രദ്ധയില്‍ വന്നത്. എന്റെ ഓഫീസില്‍ ജോലി ചെയ്തിരുന്ന ഒരു ഡി.വൈ.എസ്.പിക്കെതിരായ ആരോപണമായിരുന്നു അത്. എനിക്ക് ആ ഉദ്യോഗസ്ഥന്റെ ജോലിയില്‍ മതിപ്പുണ്ടായിരുന്നു. കാര്യമായ ജോലിയൊന്നുമില്ലാതെ വെറുതെ ഓഫീസില്‍ ഒതുങ്ങാമായിരുന്ന ആ ഉദ്യോഗസ്ഥനെ ചെറുതും വലുതുമായ കുറേ പരിശീലനങ്ങളുടെ ചുമതല ഞാനേല്പിച്ചിരുന്നു. അതെല്ലാം തന്നെ അദ്ദേഹം കാര്യക്ഷമതയോടെ നിര്‍വ്വഹിക്കുകയും ചെയ്തു. പക്ഷേ, അതൊക്കെപ്പറഞ്ഞിട്ട് എന്തുകാര്യം? ഗുരുതരമായ ആരോപണം ആ ഉദ്യോഗസ്ഥന്റെ പേരില്‍ ഉയര്‍ന്നുവന്നു. തിരുവനന്തപുരത്ത് ആറ്റിങ്ങലിനടുത്ത പ്രദേശത്തുനിന്ന് ഏതാനും സന്ദര്‍ശകര്‍ ഒരു ദിവസം ഉച്ചകഴിഞ്ഞ നേരത്ത് എന്നെ ക്യാമ്പ് ഓഫീസില്‍ വന്നു കണ്ടു. അവരാദ്യം പറഞ്ഞത് എന്തുകൊണ്ട് ഓഫീസില്‍ വച്ചെന്നെ കണ്ടില്ല എന്നതിന്റെ വിശദീകരണമാണ്. ഒന്നിലധികം തവണ അവര്‍ ഓഫീസില്‍ വന്നിരുന്നു. അപ്പോഴെല്ലാം ആര്‍ക്കെതിരെ പരാതി നല്‍കാനാണോ  അവര്‍ വന്നത് ആ ഉദ്യോഗസ്ഥന്‍ എന്റെ മുറിയിലുണ്ടായിരുന്നു.  ജില്ലാ പൊലീസ് ഓഫീസില്‍ തന്നെയുള്ള ഒരു ഡി.വൈ.എസ്.പിക്ക് എപ്പോള്‍ വേണമെങ്കിലും എസ്.പിയുടെ മുറിയില്‍ വരാമല്ലോ.  ഗുരുതരമായ  സംഭവങ്ങളുടെ ഭാണ്ഡക്കെട്ടാണ് അവര്‍ അഴിച്ചുവച്ചത്.

ആറ്റിങ്ങലിനടുത്ത് അവരുടെ നാട്ടില്‍ അല്പം സമ്പന്നനായ ഒരു മനുഷ്യന്‍ ഒരു സിനിമാ നിര്‍മ്മാണം സംബന്ധിച്ച് നല്‍കിയ പത്രപരസ്യമായിരുന്നു തുടക്കം. സിനിമാസംരംഭത്തില്‍ പാര്‍ട്ട്ണര്‍ ആകാനും സഹകരിക്കാനും സന്നദ്ധതയുള്ളവരെ ആകര്‍ഷിക്കുക എന്നതായിരുന്നു ലക്ഷ്യം. പരസ്യം അതിവേഗം ലക്ഷ്യം കണ്ടുവെന്ന് വേണം പറയാന്‍. അധികം വൈകും മുന്‍പേ സിനിമാ  പ്രോജക്ടുമായി  സാമ്പത്തികമായി സഹകരിക്കാന്‍ സന്നദ്ധമായി ഒരു യുവ വ്യവസായ സംരംഭക അവിടെ പ്രത്യക്ഷപ്പെട്ടു. ആകൃതികൊണ്ടും പ്രകൃതികൊണ്ടും എല്ലാം സംരംഭക സിനിമാ നിര്‍മ്മാതാവിന്റെ വിശ്വാസം നേടിയെടുത്തു. വെറും തുച്ഛമായ പലിശയ്ക്ക് എത്ര ലക്ഷം രൂപ വേണമെങ്കിലും ലോണ്‍ ഏര്‍പ്പാടു ചെയ്യാം എന്നായിരുന്നു ആദ്യ വാഗ്ദാനം. അവര്‍ക്ക് അതൊക്കെ എത്ര നിസ്സാരം. എല്ലാത്തിനും പരമാവധി രണ്ടുമാസം സമയം വേണം എന്നു മാത്രം. ആ സ്ത്രീ  ആദ്യവരവില്‍ത്തന്നെ  നിര്‍മ്മാതാവിന്റേയും അയാളുടെ കൂട്ടാളികളുടേയും എല്ലാം മനം കവര്‍ന്നു. അവരുടെ രണ്ടാം വരവ് ഭര്‍ത്താവിനോടൊപ്പമായിരുന്നു. ഭര്‍ത്താവിനെ അവര്‍ പരിചയപ്പെടുത്തിയത് എറണാകുളം ജില്ലയില്‍ എവിടെയോ ഡി.വൈ.എസ്.പി എന്ന നിലയിലായിരുന്നു. തികച്ചും ഗ്രാമീണമായ ആ സ്ഥലത്ത്  പ്രത്യക്ഷപ്പെട്ട ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനും  ഭാര്യയായ വ്യവസായ സംരംഭകയും അവിടെ വലിയ വി.ഐ.പിമാരായി. നാട്ടിലെ പ്രധാനികളെ എല്ലാം ചേര്‍ത്ത് അതിനിടെ കുടജാദ്രിയില്‍ ഒരു ക്ഷേത്രദര്‍ശനം വി. ഐ.പികള്‍ സംഘടിപ്പിച്ചു. അമ്പലത്തില്‍ എല്ലാപേര്‍ക്കും പ്രത്യേകം ദര്‍ശനം ഒരുക്കിയപ്പോള്‍ അവരുടെ മനസ്സില്‍ നാട്ടിലെത്തിയ വി.ഐ.പികളുടെ മഹത്വം വര്‍ദ്ധിച്ചു. തിരിച്ചുവരുംവഴി ഗുരുവായൂരമ്പലത്തിലും സമാനമായ ദര്‍ശനം ഏര്‍പ്പാടാക്കിക്കൊടുത്തു, സംരംഭകയുടേയും  ഭര്‍ത്താവായ പൊലീസ് ഉദ്യോഗസ്ഥന്റേയും സ്വാധീനത്തില്‍. ഇങ്ങനെ പൊലീസ് ഉദ്യോഗസ്ഥനും സംരംഭകയും അടങ്ങുന്ന ആ ദമ്പതികളുടെ ശക്തിയുടേയും സ്വാധീനത്തിന്റേയും പ്രഭാവലയത്തില്‍ ഒരുപാടാളുകള്‍ മയങ്ങി. 

ആ ഘട്ടത്തില്‍ സംരംഭക മറ്റൊരാശയം പരമരഹസ്യമായി  മുന്നോട്ടുവച്ചു. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ അതിവേഗം പരിഹരിക്കാനുള്ള ആശയമായിരുന്നു അത്. തന്റെ ഭര്‍ത്താവ് പൊലീസ് ഉദ്യോസ്ഥന് കായംകുളത്തിനടുത്ത് നിലവില്‍വന്ന പൊതുമേഖലയിലെ പ്രമുഖ സ്ഥാപനമായ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനില്‍ (NTPC) സുരക്ഷാ ചുമതലയുണ്ടെന്നും അവിടെ വലിയ തൊഴില്‍സാദ്ധ്യതയുണ്ടെന്നും എല്ലാം പറഞ്ഞു. ആ പ്രലോഭനത്തില്‍ ധാരാളം ആളുകള്‍ വീണുപോയി. അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കുറുക്കുവഴിയില്‍ സ്ഥിരതയുള്ള ജോലി എന്നത് ശരാശരി മലയാളിയുടെ ശാശ്വത പ്രലോഭനമാണ്. അതുകൊണ്ടുതന്നെ തട്ടിപ്പുകാര്‍ക്ക് അതൊരു നിതാന്ത സാദ്ധ്യതയുമാണ്. അങ്ങനെ എന്‍.ടി.പി.സി എന്ന കേന്ദ്രസ്ഥാപനം സ്വപ്നം കണ്ട് ഒരുപാടാളുകള്‍ ലക്ഷക്കണക്കിനു രൂപ നല്‍കി. ഒന്നോ രണ്ടോ ലക്ഷം രൂപ പോയാലെന്താണ് നഷ്ടം? വലിയ ജോലിയല്ലേ കിട്ടാന്‍ പോകുന്നത്. 

രഹസ്യാത്മകത സൂക്ഷിക്കേണ്ടുന്ന സര്‍ക്കാര്‍ സംവിധാനങ്ങളില്‍ വിവരം പങ്കിടുന്ന കാര്യങ്ങളില്‍ സാധാരണ ഉപയോഗിക്കുന്ന ഒരു പ്രയോഗമുണ്ട്, 'need to know basis.' പച്ചയായി പറഞ്ഞാല്‍ അറിയേണ്ടവന്‍  മാത്രം അറിഞ്ഞാല്‍ മതി. ചില കാര്യങ്ങളില്‍ അത് ആവശ്യമാണ്; പക്ഷേ, തട്ടിപ്പുകളുടെ വിജയമന്ത്രവും  ഈ തത്ത്വമാണ്. അറിയാന്‍ പാടില്ലാത്തവന്‍ അറിഞ്ഞാല്‍ എല്ലാ തട്ടിപ്പും പൊളിയും, അതിന്റെ പിതൃത്വം സര്‍ക്കാരായാലും സ്വകാര്യമായാലും. എന്‍.ടി.പി.സി ജോലി തട്ടിപ്പും ഈ രീതിയില്‍ തുടക്കത്തില്‍ തന്നെ പൊളിയാനുള്ള ഒരു സാദ്ധ്യതയുണ്ടായിരുന്നു. എന്നെ കാണാന്‍ വന്നതില്‍ ഒരു വ്യക്തി അവിചാരിതമായി ഈ പരമരഹസ്യം അറിയാനിടയായി. പണം കൊടുത്ത് എന്‍.ടി.പി.സിയില്‍ ജോലി ഉറപ്പാക്കിയവരും തൊഴില്‍ദാതാക്കളായ വി.ഐ.പികളും തമ്മില്‍ അവസാനഘട്ട ചര്‍ച്ച നടക്കുന്ന അവസരത്തില്‍ ഈ മനുഷ്യന്‍ മറ്റൊരു കാര്യത്തിന് ആ വീട്ടിനടുത്ത്  വന്നു. പതിവില്‍ കവിഞ്ഞ് കാറുകളും ഇരുചക്രവാഹനങ്ങളും കണ്ടപ്പോള്‍ നല്ല സാമൂഹ്യബന്ധമുണ്ടായിരുന്ന അദ്ദേഹം വിവരം തിരക്കി. അദ്ദേഹത്തേയും വിശ്വസിക്കാമെന്നു കരുതി ചിലര്‍ പരമരഹസ്യം പങ്കിട്ടു. അപ്പോഴേയ്ക്കും പണം കൊടുത്തു കഴിഞ്ഞിരുന്നു. സംശയം തോന്നി അദ്ദേഹവും  സമ്മേളനത്തില്‍ പങ്കെടുത്തു. ജോലി ശരിയാക്കുന്നതിന്റെ ഗാരന്റി ഡി.വൈ.എസ്.പി ആയിരുന്നു എങ്കിലും അവിടെ സാന്നിധ്യംകൊണ്ടും വാഗ്‌ധോരണികൊണ്ടും തിളങ്ങിനിന്നത് സംരംഭകയായിരുന്നു. ഡി.വൈ.എസ്.പി ആകട്ടെ, നിശബ്ദനായി ഒതുങ്ങി ഇരിക്കുകയായിരുന്നു. അല്പം കഴിഞ്ഞപ്പോള്‍ സംശയാലു ചോദിച്ചു: ''എല്ലാം ഡി.വൈ.എസ്.പി ചെയ്യുമെന്നാണ് പറയുന്നത്. അദ്ദേഹം എന്താണ് ഒന്നും പറയാത്തത്.'' അതിനും സംരംഭക തന്നെ മറുപടി പറഞ്ഞു: ''അദ്ദേഹം തലവേദനയായി ഇരിക്കുകയാണ്. അതുകൊണ്ടാണ് ഞാന്‍ സംസാരിക്കുന്നത്.'' തലകുലുക്കി സമ്മതിച്ച ഡി.വൈ.എസ്.പി കൂടുതല്‍ വിശ്രമിക്കുന്നതിനായി അകത്തേയ്ക്കു പോയി. രാവിലെ ആറുമണിക്കു വന്നാല്‍ കാണാമെന്നു പറഞ്ഞാണ് പോയത്. പക്ഷേ, ആ പൊലീസ് ഉദ്യോഗസ്ഥനെ പിന്നീട് ജീവിതകാലം മുഴുവന്‍ പിന്തുടര്‍ന്ന വലിയ തലവേദനകളുടെ തുടക്കം മാത്രമായിരുന്നു അത്. സംശയം തോന്നിയ വ്യക്തി തൊട്ടടുത്ത ദിവസം വെളുപ്പിന് അഞ്ചേമുക്കാലിനു തന്നെ ഡി.വൈ.എസ്.പിയെ കാണാനെത്തി. പക്ഷേ, അതിനും മുന്‍പേ തന്നെ, സംരംഭക ഡി.വൈ.എസ്.പിയുമൊത്ത് സ്ഥലം വിട്ടിരുന്നു. അപ്പോഴേയ്ക്കും  ആ നാട്ടിലെ  'സംരംഭം' പൂര്‍ത്തിയായിരുന്നു. അനവധി വ്യക്തികളില്‍നിന്നും എന്‍.ടി.പി.സിയെ കാണിച്ച് പണം വാങ്ങിയിരുന്നു. ചിലരോട് അതീവരഹസ്യമായി പുതിയ കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ജോലി സാദ്ധ്യതയും ഉറപ്പു നല്‍കിയിരുന്നു. 

അധികം വൈകും മുന്‍പേ സംരംഭം തട്ടിപ്പാണെന്നും തങ്ങള്‍ക്കു പണം നഷ്ടമായെന്നും എല്ലാപേര്‍ക്കും മനസ്സിലായി. സംരംഭകയുടെ പൊടിപോലും അവര്‍ക്കു കണ്ടെത്താനായില്ല. അവര്‍ ഡി.വൈ.എസ്.പിയെ കണ്ട് അയാളോട് പണം അല്ലെങ്കില്‍ ജോലി എന്ന് ആവശ്യപ്പെട്ടു. ഒന്നും നടക്കില്ല എന്ന് ഉറപ്പായപ്പോഴാണ് അവസാനം എന്റെ മുന്നില്‍ എത്തിയത്. എന്റെ ഓഫീസില്‍ ജോലി ചെയ്തിരുന്ന ഏതാണ്ട് മിക്ക ദിവസവും എന്നെ കാണാറുണ്ടായിരുന്ന സുമുഖനായ ആ മനുഷ്യന്റെ ഇരുണ്ടമുഖം എന്നെ വല്ലാതെ അസ്വസ്ഥനാക്കി. പൊലീസ് ഉദ്യോഗസ്ഥന് ഇത്രത്തോളം അധഃപതിക്കാനാകുമോ? കര്‍ശനമായ നിയമനടപടി ഉടന്‍ സ്വീകരിക്കേണ്ട വിഷയമാണെന്നതില്‍ സംശയമില്ലായിരുന്നു. എന്നെ കണ്ടവരോട് പരാതി എഴുതി നല്‍കുവാന്‍ ആവശ്യപ്പെട്ട പ്രകാരം അന്നുതന്നെ അവര്‍ അത് ചെയ്തു. തുടര്‍നടപടികളെപ്പറ്റി ഏറെ ചിന്തിച്ചു. പൊലീസ് ഉദ്യോഗസ്ഥനും ഒരു സ്ത്രീയും ചേര്‍ന്ന് ഈ തട്ടിപ്പ് നടത്തിയത് തിരുവനന്തപുരം റൂറല്‍ ജില്ലയിലായിരുന്നു. വേണമെങ്കില്‍ പരാതി അങ്ങോട്ടയയ്ക്കാം. തട്ടിപ്പിന്റെ സ്വഭാവം നോക്കുമ്പോള്‍ മറ്റു പലേടത്തും ഇത് നടന്നിരിക്കാം എന്നെനിക്കു തോന്നി. ശക്തമായ നിയമനടപടി ഉറപ്പാക്കാന്‍ ഏറ്റവും പറ്റിയ മാര്‍ഗ്ഗം പൊലീസ് ആസ്ഥാനത്ത് ഇത്തരം പരാതി കൈകാര്യം ചെയ്തിരുന്ന എ.ഐ.ജി (അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ജനറല്‍)ക്ക് അയക്കുകയായിരുന്നു. അതിനു കാരണം അന്നതിന്റെ ചുമതല വഹിച്ചിരുന്ന തങ്കപ്പന്‍പിള്ള എന്ന എസ്.പി ആയിരുന്നു. വിജിലന്‍സില്‍ കുറച്ചുകാലം എന്റെ സഹപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. സത്യസന്ധതയുടേയും നീതിബോധത്തിന്റേയും ഉത്തമ മാതൃകയായാണ് എന്നേക്കാള്‍ എത്രയോ അനുഭവ സമ്പത്തുണ്ടായിരുന്ന അദ്ദേഹത്തെ  ഞാന്‍ കണ്ടത്. ഞാന്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ച്  സംഭവത്തിന്റെ ഗൗരവം ധരിപ്പിച്ചു. പരാതി വിശദമായ കത്തോടെ പൊലീസ് ആസ്ഥാനത്ത് ഡി.ജി.പിയുടെ പേരില്‍ എ.ഐ.ജിക്ക് എത്തിച്ചു. അതിന്മേല്‍ തങ്കപ്പന്‍പിള്ള നേരിട്ട് പ്രാഥമിക അന്വേഷണം നടത്തി ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കി. ഞാന്‍ സംശയിച്ചപോലെ മറ്റു ചില സ്ഥലങ്ങളിലും ഈ വ്യാജദമ്പതികള്‍ സമാനമായ തട്ടിപ്പുനടത്തി ധാരാളം ആളുകളെ കബളിപ്പിച്ചിട്ടുണ്ടായിരുന്നു. അതെല്ലാം കേസെടുത്ത് അന്വേഷണം ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി. ഇതേത്തുടര്‍ന്ന് സര്‍വ്വീസില്‍നിന്നും പുറത്തുപോയ ആ ഉദ്യോഗസ്ഥന്‍ പിന്നീട് സര്‍വ്വീസില്‍ തിരികെ കയറിയില്ല എന്നുമാത്രമല്ല, വിചാരണ കോടതിയില്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു എന്നും കേട്ടു. ആദ്യം കണ്ട ഇന്റലിജന്‍സ് ഇന്‍സ്പെക്ടറും സര്‍വ്വീസില്‍നിന്നും സ്ഥിരമായി പുറത്തുപോയതായാണ് കേട്ടത്. അതിനപ്പുറം വ്യക്തിപരമായി ഞാന്‍ പിറകെ പോയില്ല. 

അലസതകൊണ്ടോ അമിതാവേശംകൊണ്ടോ അറിവില്ലായ്മകൊണ്ടോ ഒക്കെ പൊലീസ് ഉദ്യോഗസ്ഥനു വീഴ്ചകള്‍ സംഭവിക്കാം. ചിലതൊക്കെ മറക്കാനും പൊറുക്കാനും കഴിയും. ഇവിടെ നമ്മള്‍ കണ്ട സംഭവങ്ങള്‍ തികച്ചും വ്യത്യസ്തമാണ്.  എന്തിനുവേണ്ടിയാണ് പൊലീസ് എന്നതിന്റെ നേര്‍വിപരീതമാണത്. ആ പ്രവണത സമൂഹത്തിനു ഭീഷണിയാണ്. റാങ്ക് വ്യത്യാസമില്ലാതെ, വിളവ് തിന്നുന്ന വേലികളെ നിര്‍ദ്ദയം പിഴുതെറിഞ്ഞേ മതിയാകൂ. ജില്ലാ എസ്.പി മുതല്‍ സംസ്ഥാന സര്‍ക്കാര്‍ വരെ നീളുന്ന പൊലീസ് ഭരണത്തിന്റെ പ്രധാന ഉത്തരവാദിത്വമാണത്. അതില്‍ വീഴ്ച വരുത്തിയാല്‍ സമൂഹത്തിനു വലിയ വില കൊടുക്കേണ്ടി വരും.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com