2011ല്‍ 'ട്രാഫിക്കി'ല്‍ ആരംഭിച്ച് 2021ല്‍ 'ചുരുളി'യിലെത്തുമ്പോള്‍...

കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ നവതലമുറ സിനിമ മലയാളികളുടെ സിനിമാഭാവുകത്വത്തെ നവീകരിച്ചത് എങ്ങനെയൊക്കെ?
2011ല്‍ 'ട്രാഫിക്കി'ല്‍ ആരംഭിച്ച് 2021ല്‍ 'ചുരുളി'യിലെത്തുമ്പോള്‍...

മേരിക്കന്‍ പ്രസിദ്ധീകരണമായ 'ദ ന്യൂയോര്‍ക്കര്‍', കൊവിഡ് കാലത്ത് ലോകം കണ്ട പ്രധാന സിനിമകളിലൊന്നായി ദിലീഷ് പോത്തന്റെ 'ജോജി'യെക്കുറിച്ച് വിശദമായി എഴുതുന്നുണ്ട്. റിച്ചാര്‍ഡ് ബ്രോഡി (Richard Brody), 2021 ജൂണ്‍ ഒന്നിന്റെ ന്യൂയോര്‍ക്കറിലെഴുതിയ ലേഖനത്തില്‍ ചിത്രത്തെ ഇങ്ങനെയാണ് വിശേഷിപ്പിക്കുന്നത്: 'കൊവിഡിനെ ബുദ്ധിപരമായും ഭാവനാപരമായും കഥയുമായി  ബന്ധിപ്പിക്കുന്ന ചിത്രം ജോജി, മാക്‌ബെത്തിന്റെ ചുവട് പിടിക്കുന്നുണ്ടെങ്കിലും സമകാലീന ലോകം ആവശ്യപ്പെടുന്ന രീതിയില്‍, കുടുംബത്തിന്റെ ശാന്തമായ അന്തരീക്ഷത്തിനകത്തൊളിഞ്ഞിരിക്കുന്ന വൈകാരിക വേലിയേറ്റങ്ങളുടേയും  പേടിപ്പെടുത്തുന്ന വിദ്വേഷത്തിന്റേയും ആവിഷ്‌കാരമായി, നവസിനിമാരംഗത്തെ ശ്രദ്ധേയ സൃഷ്ടിയായി മാറുന്നുണ്ട്.' മലയാളസിനിമയെ അടിമുടി പുതുക്കിപ്പണിത നവതലമുറ ചിത്രങ്ങള്‍ ഒരു ദശകം പിന്നിടുമ്പോള്‍ ലോക ചലച്ചിത്രരംഗം 'ജോജി'യെ  പുതുതലമുറ സിനിമയിലെ മികച്ച ചിത്രങ്ങളിലൊന്നായി തിരിച്ചറിയുന്നുവെന്നത് മലയാളസിനിമയ്ക്ക് അഭിമാനകരമാണ്. ചിത്രത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്ന ലേഖനം, കൊവിഡ് പശ്ചാത്തലം സൂക്ഷ്മമായ രീതിയില്‍ അതില്‍ സംവിധായകന്‍ ഉപയോഗിക്കുന്നതായി സൂചിപ്പിക്കുന്നുണ്ട്. ജോജിയുടെ പിതാവ് മരിച്ച ശേഷം ശവസംസ്‌കാരസമയത്ത് മാസ്‌ക് ധരിച്ച് ചുറ്റും നില്‍ക്കുന്നവര്‍, തങ്ങളുടെ സമീപത്തുള്ള മരണത്തോടൊപ്പം, അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന കൊവിഡ് മരണവും മുന്‍പില്‍ കാണുന്നുണ്ട്. കുട്ടപ്പന്റെ മരണം ആസൂത്രണം ചെയ്യുന്ന ജോജിയും അതറിയുന്ന സഹോദരപത്‌നി ബിന്‍സിയും പ്രേക്ഷക കാഴ്ചയില്‍ വരുന്നു. ശവസംസ്‌കാരത്തിനു പങ്കെടുക്കാതെ, സംശയിച്ച് മാറിനില്‍ക്കുന്ന ജോജിയോട്, മാസ്‌ക് ധരിച്ച് വരാന്‍ ബിന്‍സി ആവശ്യപ്പെടുമ്പോള്‍, മാസ്‌ക് ധരിച്ച തന്റെ രൂപം കണ്ണാടിയില്‍ സൂക്ഷിച്ചു നോക്കിനില്‍ക്കുന്ന ജോജി. അയാള്‍ ധരിച്ച മാസ്‌ക് കൊവിഡ് തടയാന്‍ മാത്രമായിരുന്നില്ല, പിതാവിന്റെ മരണത്തിനു കാരണക്കാരനായ  തന്നെ സ്വയം മറച്ചുപിടിക്കാന്‍ കൂടിയുള്ളതായിരുന്നു. അങ്ങനെ ജീവിതത്തിലെ മാസ്‌ക് എന്ന ശക്തമായ സമകാലീന ബിംബത്തെ ചലച്ചിത്രകാരന്‍ സ്വീകരിക്കുകയും ക്രിയാത്മകമായി ചിത്രത്തില്‍ ഉപയോഗിക്കുകയും ചെയ്യുന്നു. റുമാനിയന്‍ ന്യൂ വേവ് ചലച്ചിത്രകാരന്‍ റാഡു ജൂഡി (Radu Jude)ന്റെ പുരസ്‌കാര ചിത്രമായ 'ബേഡ് ലക്ക് ബാങ്ങിങ്ങ് ഓര്‍ ലൂണി പോണ്‍' (Bad Luck Banging or Loony Porn, 2021), മാസ്‌ക് ധരിച്ചുകൊണ്ട് ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന ദമ്പതികളുടെ കാഴ്ചയിലാരംഭിച്ച്, ശക്തമായ സാമൂഹികബിം ബമായി മാസ്‌ക് മാറുന്നത് ആവിഷ്‌കരിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം ഗൗരവമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.  

സമകാലീന ജീവിതത്തോട്  ചേര്‍ന്നുനില്‍ക്കുമ്പോഴാണ് ചലച്ചിത്രത്തിന്റെ മാത്രമല്ല,  മറ്റെല്ലാ ആവിഷ്‌കാരങ്ങളുടേയും പ്രസക്തിയേറുന്നത്. സമകാലീനവും സാമൂഹികമായ പ്രമേയങ്ങളില്‍നിന്ന്  ഊര്‍ജ്ജം സ്വീകരിച്ച ഘട്ടങ്ങളില്‍, ശക്തവും തീവ്രവുമായ കാഴ്ചാനുഭവമായി സിനിമ മാറുന്നതായാണ് ചലച്ചിത്ര ചരിത്രം രേഖപ്പെടുത്തുന്നത്. അത്തരമൊരനുഭവം മലയാളസിനിമയിലെ നവതലമുറ ചിത്രങ്ങള്‍  പ്രേക്ഷകരിലെത്തിക്കുന്നുണ്ട്. 1890കളില്‍ ചലച്ചിത്രമെന്ന അത്ഭുതം ലോകത്തിനു മുന്‍പില്‍ അവതരിപ്പിച്ച പാരീസിലെ ലൂമിയര്‍ സഹോദരന്മാര്‍, 1896 ജൂലൈ ഏഴിന് മുംബൈയിലെ (അന്നത്തെ ബോംബെ) പ്രസിദ്ധമായ വാറ്റ്‌സന്‍ ഹോട്ടലില്‍  തങ്ങളുടെ  സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അന്നത്തെ ആറു ചെറുചിത്രങ്ങളില്‍ 'സ്‌റ്റേഷനിലെത്തിച്ചേരുന്ന തീവണ്ടി' (Train arriving at the Station)യും 'ഫാക്റ്ററി ജോലികഴിഞ്ഞ് പോകുന്ന തൊഴിലാളികളു'(Workers leaving the Factory) മുള്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ജൂലൈ പതിന്നാലാം തീയതി ബോംബെയിലെ നോവല്‍റ്റി തിയേറ്ററില്‍ ഇരുപത്തിനാല് ചിത്രങ്ങളുമായി  ലൂമിയര്‍ സഹോദരര്‍ പ്രദര്‍ശനം തുടര്‍ന്നു. ഇന്ത്യയിലെ ആദ്യ ചലച്ചിത്രപ്രദര്‍ശനങ്ങളായി ചരിത്രത്തിലിടം പിടിച്ച ഇവ, പില്‍ക്കാലത്ത് രാജ്യത്തിന്റെ സാംസ്‌കാരിക ഭൂമികയില്‍ വമ്പിച്ച രീതിയില്‍  സ്വാധീനങ്ങളുണ്ടാക്കിയ  ഒരു  പ്രസ്ഥാനത്തിനാണ് തുടക്കം കുറിച്ചത്. ചുറ്റും കാണുന്ന  ജീവിതം  ചെറുകാഴ്ചകളായി ചിത്രീകരിച്ച ലൂമിയര്‍ സഹോദരര്‍, തങ്ങളുടെ ക്യാമറ കേന്ദ്രീകരിച്ചിരുന്നത് മുഖ്യമായും പുറംകാഴ്ചകളിലേക്കാണ്. മറ്റൊരു കലാരൂപവും രേഖപ്പെടുത്താത്ത വേഗത്തില്‍ വളര്‍ന്ന് ലോകമെമ്പാടും വ്യാപിച്ച  സിനിമ, ഏറ്റവുമധികം പേരെ ഒരേസമയം  സ്വാധീനിക്കുന്ന കലാരൂപമെന്ന നിലയില്‍   വന്‍ ജനസ്വാധീനമാണ് പില്‍ക്കാലത്ത് നേടുന്നത്. 

ആദ്യകാലങ്ങളില്‍, പ്രസിദ്ധ സാഹിത്യകൃതികള്‍ അടിസ്ഥാനമാക്കി നിര്‍മ്മിക്കപ്പെട്ട ചിത്രങ്ങള്‍, സ്റ്റുഡിയോകള്‍ക്ക് അകത്തൊരുക്കിയ  വന്‍ സെറ്റുകളില്‍  ഷൂട്ട് ചെയ്ത്, അതിനുശേഷം  റിക്കാര്‍ഡിങ്ങ് സ്റ്റുഡിയോകളില്‍ ശബ്ദലേഖനം നിര്‍വ്വഹിച്ച് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാറായിരുന്നു പതിവ്. പുറംലോകവുമായി ബന്ധമൊന്നുമില്ലാതെ സൃഷ്ടിക്കപ്പെട്ട അവ കൈകാര്യം ചെയ്ത മിക്കവാറും പ്രമേയങ്ങളും സമൂഹവുമായി നേരിട്ട് ബന്ധമില്ലാത്തവയായിരുന്നു. എന്നാല്‍, രണ്ട് ലോക മഹായുദ്ധങ്ങള്‍ക്കു ശേഷം ഈ അവസ്ഥ മാറുന്നതാണ് ചലച്ചിത്രലോകം കണ്ടത്. നാസി ഭീകരതകളും യുദ്ധങ്ങളാല്‍ തകര്‍ക്കപ്പെട്ട ജീവിതങ്ങളും മനുഷ്യാവസ്ഥയെക്കുറിച്ചുള്ള നിലപാടുകളും സമീപനങ്ങളും  മാറ്റാന്‍ എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കുമൊപ്പം ചലച്ചിത്രകാരേയും നിര്‍ബ്ബന്ധിതരാക്കുകയായിരുന്നു. ഇറ്റാലിയന്‍ നിയോറിയലിസം, ഫ്രെഞ്ച് നവതരംഗം തുടങ്ങിയ ചലച്ചിത്രപ്രസ്ഥാനങ്ങള്‍ രൂപപ്പെടുന്ന ഇക്കാലത്ത്, സിനിമാസ്റ്റുഡിയോകള്‍ക്കകത്തുനിന്ന് പുറത്ത് തെരുവുകളിലേക്ക് കടന്നുവരാന്‍ തുടങ്ങി. തുറസ്സായ  ലൊക്കേഷനുകളില്‍ ചിത്രീകരിക്കുകയും തല്‍സമയ ശബ്ദലേഖനം നിര്‍വ്വഹിക്കയും ചെയ്ത ചിത്രങ്ങള്‍ ലോകത്ത് പ്രദര്‍ശിപ്പിക്കപ്പെടാന്‍ തുടങ്ങി. ജനങ്ങളില്‍ നിന്നകന്ന് കഴിഞ്ഞിരുന്ന അഭിനേതാക്കള്‍ക്കു പകരം സാധാരണക്കാര്‍ക്കൊപ്പം കഴിയുന്നവര്‍ സിനിമകളില്‍ അഭിനയിക്കാനാരംഭിച്ചു. സിനിമയെന്ന കലാരൂപത്തിന്റെ നവോത്ഥാനകാലമായിരുന്നു അത്. ഇവയ്ക്കനുസരിച്ചുള്ള മാറ്റങ്ങള്‍ സിനിമകളുടെ പ്രമേയങ്ങളില്‍ കണ്ടുതുടങ്ങി. പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഇറ്റാലോ കാല്‍വിനോ (Italo Calvino), തന്റെ 'ബാല്യകാല ചലച്ചിത്ര ഓര്‍മ്മകളി'ലെഴുതുന്നതുപോലെ, തെരുവുകാഴ്ചകളുടെ തുടര്‍ച്ചതന്നെയായിരുന്നു തിയേറ്ററുകളിലെ തിരശ്ശീലകളില്‍ പ്രേക്ഷകര്‍ അക്കാലത്ത് കണ്ടത്. അതേപോലെ, സിനിമ കഴിഞ്ഞ്  പുറത്തിറങ്ങിയവര്‍, തിരശ്ശീലയില്‍ അവരനുഭവിച്ച കാഴ്ചകളുടെ തുടര്‍ച്ച തെരുവുകളില്‍ അഭിമുഖീകരിക്കാന്‍ തുടങ്ങി.  സിനിമ ജനജീവിതവുമായി ചേര്‍ന്ന് നില്‍ക്കാന്‍ തുടങ്ങിയ കാലമായിരുന്നു അത്. ലൂമിയറുടെ ചെറുചിത്രങ്ങളില്‍, ഫാക്റ്ററി ജോലി കഴിഞ്ഞ തൊഴിലാളികള്‍, തിരക്കോടെ വീടുകളിലേക്ക് പോകുന്നത് കണ്ടവര്‍, തങ്ങളുള്‍പ്പെട്ട സമൂഹത്തിലെ  ജീവിതങ്ങളുടെ കാഴ്ച സിനിമകളില്‍ വീണ്ടും കാണാന്‍ തുടങ്ങിയതോടെ, ലൂമിയര്‍ സഹോദരരുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെടുകയായിരുന്നു. 

ബേഡ് ലക്ക് ബാങിങ് ഓർ ലൂണി പോൺ
ബേഡ് ലക്ക് ബാങിങ് ഓർ ലൂണി പോൺ

പുതുവഴികളിലേക്ക്

നമ്മുടെ രാജ്യത്തും സിനിമയുടെ അവസ്ഥ ഏറെക്കുറെ സമാനമായിരുന്നു. വന്‍സെറ്റുകളില്‍ സ്റ്റുഡിയോകള്‍ക്കകത്ത് നിര്‍മ്മിക്കപ്പെട്ട പുരാണചിത്രങ്ങളില്‍ നിന്നാരംഭിച്ച സിനിമ, പതുക്കെ പുറംലോക ജീവിതവുമായി ബന്ധപ്പെടാന്‍ തുടങ്ങി. അതോടെ, 'താര'ങ്ങളായി ഉയര്‍ന്നുവരാന്‍ തുടങ്ങിയ മുഖ്യ അഭിനേതാക്കള്‍ സിനിമയിലെ വാണിജ്യമൂല്യമുള്ള 'കച്ചവടച്ചരക്കു'കളായി മാറി.  അവരില്‍ ചിലര്‍  തങ്ങളുടെ വന്‍  ജനസ്വാധീനം, മറ്റുപല മേഖലകളിലും ഉപയോഗിക്കാന്‍   തുടങ്ങി. കേരളമൊഴികെയുള്ള മിക്ക ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും താരങ്ങള്‍ രാഷ്ട്രീയവും ഭരണവും നിയന്ത്രിക്കുന്ന അവസ്ഥ വരാന്‍  തുടങ്ങി. അങ്ങനെ സിനിമയ്ക്കകത്തും പുറത്തുമായി സമൂഹത്തിലെ പ്രധാന വേദികളില്‍ താരങ്ങളുടെ സാന്നിദ്ധ്യവും സ്വാധീനവും തിരിച്ചറിയപ്പെട്ടു. ആരാണ് താരങ്ങളെ സൃഷ്ടിക്കുന്നതെന്ന ചോദ്യം ഈ ഘട്ടത്തില്‍ പ്രസക്തമാകുന്നുണ്ട്. ഒരു പരിധി വരെ അഭിനേതാക്കളെ താരങ്ങളാക്കുന്നത് സംവിധായകരാണ്. താരങ്ങളായി മാറ്റപ്പെട്ട അവരെ പ്രേക്ഷകസമൂഹം ഏറ്റെടുക്കുകയും ഫാന്‍സ് ഗ്രൂപ്പുകളുണ്ടാക്കി കൊണ്ടാടാന്‍ തുടങ്ങുകയും ചെയ്യുന്നു.  താരപരിവേഷങ്ങളോടെ നിലനില്‍ക്കുമ്പോഴും അഭിനയമികവിലൂടെ സിനിമകളെ സമ്പന്നമാക്കിയവരുടെ നിരവധി ഉദാഹരണങ്ങള്‍ ഇന്ത്യന്‍ സിനിമ രേഖപ്പെടുത്തുന്നുണ്ട്. ഓം പുരി, സ്മിതാപാട്ടീല്‍, ശബ്‌നാആസ്മി, ഉത്പല്‍ദത്ത്, ഷര്‍മ്മിളാ ടാഗോര്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി നിരവധി പേരെ   നമുക്ക് കണ്ടെത്താന്‍ കഴിയും. സത്യജിത് റായ്, ഉത്പല്‍ദത്തിനും (ആഗന്തുഖ്), ഷര്‍മ്മിളാ ടാഗോറി (അപുര്‍സന്‍സാര്‍, ദേവി)നും അതുപോലുള്ളവര്‍ക്കും അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ നല്‍കിയിട്ടുണ്ട്. മമ്മൂട്ടി, അടൂര്‍ ഗോപാലകൃഷ്ണന്റെ  അനന്തരം, വിധേയന്‍ എന്നിവയിലും മോഹന്‍ലാല്‍,  അരവിന്ദന്റെ  'വാസ്തുഹാര'യിലും, ഷാജി എന്‍. കരുണിന്റെ 'കുട്ടിസ്രാങ്കി'ല്‍ മമ്മൂട്ടിയും. 'വാനപ്രസ്ഥ'ത്തില്‍ മോഹന്‍ലാലും  അഭിനയിച്ചിരുന്നുവെന്ന് ഓര്‍മ്മിക്കുക. ഇവരുടെ അഭിനയമികവ് പ്രേക്ഷക പ്രശംസയ്ക്ക് മാത്രമല്ല, ദേശീയവും അന്തര്‍ദ്ദേശീയവുമായ അംഗീകാരങ്ങള്‍ക്കും അര്‍ഹമായിട്ടുണ്ട്. ചില ഘട്ടങ്ങളില്‍ താരങ്ങള്‍ മലയാള സിനിമയുടെ  അധികാരകേന്ദ്രമായി മാറുന്നത് നാം തിരിച്ചറിഞ്ഞിട്ടുള്ളതാണ്. അവര്‍ക്കായി എഴുതപ്പെടുന്ന കഥകളും അവരുടെ ഇഷ്ടാനുസരണം  തിരഞ്ഞെടുക്കപ്പെടുന്ന മറ്റ് അഭിനേതാക്കളും സാങ്കേതികവിദഗ്ദ്ധരും  മലയാളസിനിമയില്‍   അപൂര്‍വ്വമല്ല. സിനിമ, പൂര്‍ണ്ണമായും താരങ്ങള്‍ക്ക്  ചുറ്റും കറങ്ങുന്ന അവസ്ഥ, സംവിധായകരേയും നിര്‍മ്മാതാവിനേയും  മറ്റ് അഭിനേതാക്കളേയും  പലപ്പോഴും നിസ്സഹായ അവസ്ഥയിലെത്തിക്കുന്നത് മലയാളസിനിമാരംഗം കണ്ടുകൊണ്ടിരിക്കുന്നതാണ്. 

1930ല്‍, ജെ.സി. ഡാനിയലിന്റെ 'വിഗതകുമാരനി'ല്‍ തുടങ്ങി, 1938ല്‍ 'ബാലനെ'ന്ന ശബ്ദചിത്രത്തിലൂടെയാണ് മലയാള സിനിമാചരിത്രം ആരംഭിക്കുന്നത്. 'ജീവിതനൗക' (1951), 'നീലക്കുയില്‍' (1954) തുടങ്ങിയ വ്യക്തികുടുംബസമൂഹ ചിത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയമായി മാറിയ മലയാളസിനിമയില്‍, 'ന്യൂസ് പേപ്പര്‍ ബോയ്' (1955) പോലുള്ള ന്യൂവേവ് ചിത്രങ്ങളും ആദ്യകാലത്ത് നിര്‍മ്മിക്കപ്പെട്ടിരുന്നു. 1970  മുതല്‍ 1990 വരെയുള്ള കാലത്ത്, അടൂര്‍ ഗോപാലകൃഷ്ണന്‍, അരവിന്ദന്‍, ജോണ്‍ എബ്രഹാം, ഷാജി എന്‍. കരുണ്‍ തുടങ്ങിയ ആര്‍ട്ട് ഹൗസ് സംവിധായകരാലും ഭരതന്‍, പത്മരാജന്‍, കെ.ജി. ജോര്‍ജ് തുടങ്ങിയ സംവിധായകരാലും സമ്പന്നമായ മലയാള സിനിമ, താരങ്ങളുടെ ഒരു നിരയേയും അതിനൊപ്പം  വളര്‍ത്തിക്കൊണ്ടുവന്നു. പല റോളുകളിലായി തിരശ്ശീലയില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയ അവര്‍, പ്രേക്ഷകസങ്കല്പത്തില്‍ രക്ഷകരായി മാറാന്‍ തുടങ്ങി. സാമൂഹികജീവിതത്തില്‍ നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യങ്ങളില്‍നിന്നും നീറുന്ന പ്രശ്‌നങ്ങളില്‍നിന്നും അവരുടെ വഴികള്‍ തികച്ചും അന്യമായിരുന്നു. തിയേറ്റര്‍ വിട്ടിറങ്ങുന്ന പ്രേക്ഷകര്‍, ഇറ്റാലോ കാല്‍വിനോയെപ്പോലെ, പുറത്തു കണ്ടിരുന്നത് ചിത്രത്തിന്റെ തുടര്‍ച്ചയായിരുന്നില്ല, അത് പൂര്‍ണ്ണമായും മറ്റൊരു ലോകമായിരുന്നു. വള്ളുവനാടന്‍ ഭാഷ സംസാരിക്കുന്ന സുന്ദരികളും അനീതിക്കെതിരെ ഒറ്റയാള്‍ പോരാട്ടം നയിച്ച് ജയിച്ചു വരുന്ന താരവും അഴിമതികള്‍ക്കെതിരെ യുദ്ധം നടത്തുന്ന പൊലീസ് ഓഫീസറും യഥാര്‍ത്ഥ സാമൂഹിക അവസ്ഥകളില്‍നിന്ന്  എത്രയോ അകലെയായിരുന്നു. ഇക്കാലത്തെ ചിത്രങ്ങളിലെ  സ്ത്രീകളുടെ അവസ്ഥ അത്യന്തം ദാരുണമായിരുന്നു. സ്ത്രീ മുന്നേറ്റപ്രക്ഷോഭങ്ങളും സ്ത്രീപുരുഷ സമത്വവാദങ്ങളും സജീവമായിരുന്ന കേരളീയ സമൂഹത്തില്‍, സിനിമയില്‍ ആവിഷ്‌കരിക്കപ്പെട്ട സ്ത്രീ കഥാപാത്രങ്ങള്‍ നിരവധി പഠനങ്ങളിലൂടെ  കടന്നുപോയിട്ടുണ്ട്. തിയേറ്ററുകള്‍ക്കകത്തും  പുറത്തും തികച്ചും പരസ്പരവിരുദ്ധ ജീവിതങ്ങളെയാണ്  പ്രേക്ഷകര്‍ നേരിട്ടത്. ഇതില്‍നിന്ന് വ്യത്യസ്തമായി അപൂര്‍വ്വം ചില  ചിത്രങ്ങളുണ്ടായിരുന്നുവെന്നത് വിസ്മരിക്കാതെ, ബഹുഭൂരിഭാഗം സിനിമകളും സഞ്ചരിച്ച വഴികളെക്കുറിച്ചാണ്     ഇവിടെ സൂചിപ്പിക്കുന്നത്.  ഒരു വന്‍ വ്യവസായമായി സിനിമ  മാറുന്നതോടെ, അതിന്റെ നിര്‍മ്മാണവും വിതരണവും കുത്തകവല്‍ക്കരിക്കപ്പെടുന്ന അവസ്ഥ  നിലവില്‍ വരികയും ഒരു കലാരൂപമെന്ന നിലയിലുള്ള  സിനിമയുടെ അസ്തിത്വം വഴിമാറുകയും ചെയ്തു.   

ട്രാഫിക്ക്
ട്രാഫിക്ക്

ഈ പശ്ചാത്തലത്തിലാണ് മലയാള സിനിമ പുതുവഴികളെക്കുറിച്ച് ചിന്തിക്കുന്നത്. തോക്കുകളും അവയ്ക്ക് സമാനമായി, ആവേശമുണ്ടാക്കുന്ന സംഭാഷണങ്ങളുമായി ജയിച്ചുകയറുന്ന താരങ്ങള്‍ നിറഞ്ഞാടിയ കേരളീയ തിരശ്ശീലകളില്‍, ഒരു പരിധിവരെയെങ്കിലും യാഥാര്‍ത്ഥ്യങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രങ്ങള്‍ 2010കളിലാണ് പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നത്. താരങ്ങളാല്‍  നിയന്ത്രിക്കപ്പെട്ടിരുന്ന മലയാള സിനിമയില്‍നിന്ന് ഈ ചിത്രങ്ങള്‍ പല രീതികളിലും വ്യത്യാസപ്പെടുന്നുണ്ട്. താരപരിവേഷങ്ങളില്ലാത്ത കേന്ദ്രകഥാപാത്രങ്ങള്‍ മറ്റ് സഹ അഭിനേതാക്കളെപ്പോലെ  സ്വാഭാവികമായി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ചിത്രത്തിനകത്തെ  ജയവും പരാജയവും അവര്‍  ഒരേപോലെ സ്വീകരിച്ചു. ആകസ്മികതകളും അപകടങ്ങളും ജീവിതത്തിന്റെ ഭാഗങ്ങളായി സ്വീകരിക്കുന്ന പുതുതലമുറ ചിത്രങ്ങള്‍ വന്‍ താരസാന്നിദ്ധ്യങ്ങളില്ലാതെ, പ്രശസ്തരുടെ  സംവിധാനങ്ങളില്ലാതെ തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ തുടങ്ങി. പതിവ് കഥാപശ്ചാത്തലങ്ങളില്‍നിന്നു മാറി, നഗരത്തിലെ ഫ്‌ലാറ്റുകളിലും വാടകവീടുകളിലും താമസിക്കുന്നവരിലും മലയോരമേഖലകളിലും കടലോരപ്രദേശങ്ങളിലും കഴിയുന്നവരിലും  ആ ചിത്രങ്ങള്‍ കേന്ദ്രീകരിക്കപ്പെട്ടു. പതിവ് വള്ളുവനാടന്‍ ഭാഷയ്ക്കു പകരം കഥാപാത്രങ്ങള്‍ പ്രാദേശികഭാഷയോ അല്ലെങ്കില്‍ ഇംഗ്ലീഷ് കലര്‍ന്ന നഗരഭാഷയോ  ഉപയോഗിക്കാന്‍ തുടങ്ങി. സന്ദര്‍ഭങ്ങളാവശ്യപ്പെടുമ്പോള്‍ സംഭാഷണങ്ങളില്‍  അവര്‍ 'മാന്യത' മറികടക്കുന്നുണ്ട്. കേന്ദ്രകഥാപാത്രത്തിന്റെ വിജയം ആഘോഷിക്കപ്പെടുന്നില്ല, കാരണം പലപ്പോഴും അത് വിജയമായി അയാള്‍ (അവള്‍, അവര്‍) കണക്കാക്കുന്നില്ല.  പുതുതലമുറ സിനിമയിലെ   സ്ത്രീകഥാപാത്രങ്ങള്‍ മുന്‍കാല ചിത്രങ്ങളില്‍നിന്ന്  വളരെയേറെ വ്യത്യാസപ്പെടുന്നുണ്ട്. 'നിര്‍മ്മലഹൃദയ'രായി, അച്ചടക്കത്തിന്റെ പേരില്‍ അടിമത്തം അനുഭവിക്കുന്ന പതിവ് മാതൃകകളില്‍നിന്ന് വ്യത്യസ്തരാകുന്ന അവര്‍, ഇവിടെ പലപ്പോഴും പുരുഷനൊപ്പം കേന്ദ്രസ്ഥാനങ്ങളില്‍ വരുന്നു. മദ്യപിച്ച പുരുഷന്റെ 'ചവിട്ടേല്‍ക്കുന്ന'തിനു പകരം, പുരുഷന്മാര്‍ക്കൊപ്പം സംസാരിക്കയും വേണ്ടിവന്നാല്‍ ശാരീരികമായി അവരെ നേരിടുകയും ചെയ്യുന്നു. ഒരുമിച്ചിരുന്ന് മദ്യപിക്കയും ആവശ്യമെങ്കില്‍ തെറിപറയുകയും ചെയ്യുന്ന സ്ത്രീകളെ നാം പുതുതലമുറ ചിത്രങ്ങളില്‍ അഭിമുഖീകരിക്കുന്നുണ്ട്. 

മതം, ജാതി എന്നിവയുടെ പേരില്‍ നടക്കുന്ന കടന്നുകയറ്റങ്ങളും അവയ്‌ക്കൊക്കെയുള്ള പ്രതിരോധങ്ങളും യാഥാര്‍ത്ഥ്യബോധത്തോടെ നവതലമുറ  ചിത്രങ്ങള്‍ ആവിഷ്‌കരിക്കുന്നു. പരമ്പരാഗത സമൂഹം  അവഗണിക്കുന്ന ലൈംഗികത്തൊഴിലാളികളേയും ട്രാന്‍സ്‌ജെന്ററുകളേയും കേന്ദ്രസ്ഥാനങ്ങളില്‍ പ്രേക്ഷകര്‍ ഇവിടെ കാണുന്നു. അവരുടെ നിസ്സഹായതയുടേയും നിസ്സംഗതയുടേയും ശബ്ദങ്ങള്‍ ഈ ചിത്രങ്ങളില്‍ നാം കേള്‍ക്കുന്നു. പൊലീസ് അതിക്രമങ്ങളും അവയ്‌ക്കെതിരെയുള്ള പ്രതികരണങ്ങളും സ്വാഭാവികതയോടെ മാത്രം അഭിമുഖീകരിക്കപ്പെടുന്നു. പലപ്പോഴും, ദുര്‍ബ്ബലരും പരാജയപ്പെടുന്നവരും പരസഹായം ആവശ്യപ്പെടുന്നവരുമായി  കേന്ദ്രകഥാപാത്രങ്ങള്‍ നമുക്ക് മുന്‍പിലെത്തുന്നു. 

മഹേഷിന്റെ പ്രതികാരം
മഹേഷിന്റെ പ്രതികാരം

പുതിയൊരു ദൃശ്യഭാവുകത്വം

താരചിത്രങ്ങളില്‍നിന്ന് വ്യത്യസ്തമായി, കുറഞ്ഞ മുടക്കുമുതലില്‍ നിര്‍മ്മിക്കപ്പെടുന്ന  ചിത്രങ്ങള്‍ക്കായി പണം കണ്ടെത്താന്‍ പല നൂതന വഴികളും പുതുചലച്ചിത്ര തലമുറ സ്വീകരിക്കുന്നുണ്ട്. പലപ്പോഴും സംവിധായകനും സുഹൃത്തുക്കളും ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തിലെ അഭിനേതാക്കളും മറ്റ് സാങ്കേതികവിദഗ്ദ്ധരും പുതുമുഖങ്ങളായിരിക്കും. അങ്ങനെ, താരതമ്യേന ചെറിയ ബഡ്ജറ്റില്‍ ചിത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കപ്പെടുമ്പോള്‍, കണ്ട്  പഴകിയ അഭിനേതാക്കളില്‍നിന്നു മാറി, പുതിയ മുഖങ്ങള്‍ ചിത്രങ്ങള്‍ക്കു പുതുമ നല്‍കുന്നു. ഇങ്ങനെ, മേല്‍ക്കോയ്മയോ ആണ്‍പെണ്‍ വ്യത്യാസമോ ഇല്ലാതെ, സുഹൃത്തുക്കളുടെ കൂട്ടായ്മയായി മാറുന്ന ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍,  സൗഹൃദവുമായ അന്തരീക്ഷത്തില്‍ തികച്ചും ക്രിയാത്മകമായി നടക്കുന്നു. അവിടെ പുതിയ പരീക്ഷണങ്ങള്‍ക്ക്  സാദ്ധ്യതകളും പ്രസക്തിയുമുണ്ടാവുന്നു. പലപ്പോഴും പരമ്പരാഗത വിതരണരംഗം കയ്യൊഴിയുന്ന പുതുതലമുറ ചിത്രങ്ങള്‍,    ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും  മറ്റ് ഇന്റര്‍നെറ്റ് സംവിധാനങ്ങളിലുമാണ് പ്രദര്‍ശിപ്പിക്കപ്പെടുന്നത്. ചിലര്‍ സിനിമകള്‍ സ്വന്തമായി സ്ട്രീം ചെയ്ത് പ്രേക്ഷകരിലെത്തിക്കുന്നുണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫിലിം സൊസൈറ്റിയായ 'മിനിമല്‍ സിനിമ',   ഇത്തരത്തില്‍ സ്വതന്ത്ര സിനിമകളുടെ നിര്‍മ്മാണവും വിതരണവും നടത്തുന്നുണ്ട്. ഒരു കരയ്ക്കും മറ്റനേകങ്ങള്‍ക്കുമിടയില്‍ (ശ്രീകൃഷ്ണന്‍ കെ.പി), കളിപ്പാട്ടക്കാരന്‍ (റഹ്മാന്‍ ബ്രദേഴ്‌സ്), ഒരു രാത്രി ഒരു പകല്‍, രണ്ടുപേര്‍ ചുംബിക്കുമ്പോള്‍, അവള്‍ക്കൊപ്പം (പ്രതാപ് ജോസഫ്), മറവി (ബാബുസേനന്‍ സഹോദരര്‍) എന്നീ ചിത്രങ്ങള്‍ മിനിമല്‍ സിനിമയുടെ വി.ഒ.ഡി വഴി വിതരണം ചെയ്തുകൊണ്ടിരിക്കയാണ്. അതിനും സാദ്ധ്യമല്ലാത്ത അപൂര്‍വ്വം പേര്‍, സ്വന്തമായി സിനിമകളുടെ ഡി.വി.ഡികള്‍ നിര്‍മ്മിച്ച്, സംസ്ഥാനത്തെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍, ഫിലിം സൊസൈറ്റികളുടേയും മറ്റ് സാംസ്‌കാരിക സംഘടനകളുടേയും സഹകരണത്തോടെ പ്രദര്‍ശിപ്പിക്കാറുണ്ട്. ഇത്തരം സമാന്തര പ്രദര്‍ശനങ്ങളും ഇന്ത്യന്‍വിദേശ ചലച്ചിത്രമേളകളിലെ പ്രദര്‍ശനങ്ങളും പുരസ്‌കാരങ്ങളും നവതലമുറ സംവിധായകര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസവും ഊര്‍ജ്ജവും  നിര്‍ണ്ണായകമാണ്.  പുതുതലമുറ ചിത്രങ്ങളുടെ ജനസ്വാധീനം തിരിച്ചറിഞ്ഞ്, ചില വന്‍കിട നിര്‍മ്മാണക്കമ്പനികള്‍ ഇത്തരം സിനിമകള്‍ നിര്‍മ്മിക്കാനും വിതരണം ചെയ്യാനും ഇപ്പോള്‍ മുന്‍പോട്ട് വരുന്നുണ്ട്. 

2010കളുടെ തുടക്കത്തില്‍ ആരംഭിച്ച മലയാള നവതലമുറ സിനിമാരംഗം, കാലാനുസൃതമായ മാറ്റങ്ങളോടെ ഇപ്പോഴും കേരളത്തില്‍ സജീവമായി തുടരുന്നുണ്ട്. ഇവയില്‍ ദേശീയഅന്തര്‍ദ്ദേശീയ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നവയും  കേരളസംസ്ഥാനദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ അംഗീകാരങ്ങള്‍ നേടുന്ന  ചിത്രങ്ങളുമുണ്ട്.  ചില പുതുതലമുറ ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍,  ഇവയിലുള്‍പ്പെടാത്ത ചിത്രങ്ങള്‍ പ്രസക്തി കുറഞ്ഞവയാണെന്ന  സൂചനയില്ലെന്ന് അറിയിക്കുന്നു. 2011ല്‍ റിലീസ് ചെയ്ത രാജേഷ് പിള്ളയുടെ 'ട്രാഫിക്ക്' മലയാളി പ്രേക്ഷകര്‍ പുതിയ ചലച്ചിത്രക്കാഴ്ചയായി സ്വീകരിച്ച  പ്രധാനപ്പെട്ട ഒരു ആദ്യകാല ചിത്രമാണ്. സ്വാഭാവിക ജീവിതം രേഖപ്പെടുത്തുന്ന ആകസ്മികതകളുടെ കരുത്താവിഷ്‌കരിക്കുന്ന ചിത്രം,  കേരളത്തിലെ തിരക്കേറിയ നഗരമാണ് പശ്ചാത്തലമാക്കുന്നത്. നഗരത്തില്‍ നടക്കുന്ന വാഹനാപകടം   ജീവിതത്തിലുണ്ടാക്കുന്ന ദുരന്തത്തിലാരംഭിച്ച്, അവയവദാനവും അതുണ്ടാക്കുന്ന സങ്കീര്‍ണ്ണതകളും ആവിഷ്‌കരിച്ചുകൊണ്ട്,   പുതുജീവിതത്തിന്റെ കാഴ്ചകളില്‍ അവസാനിക്കുന്ന ചിത്രം, കേന്ദ്രസ്ഥാനത്തുള്ള നടന്റെ ജീവിതം നേരിടുന്ന  സന്ദിഗ്ദ്ധാവസ്ഥകള്‍ തീവ്രമായി രേഖപ്പെടുത്തുന്നുണ്ട്. അയാളുടെ കുട്ടിയെ മരണത്തില്‍ നിന്ന്  ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റുന്നവരുടെ സ്‌നേഹവും ആത്മാര്‍ത്ഥതയും വൈകാരികമായ സമതുലിതാവസ്ഥ നഷ്ടപ്പെടുത്താതെ ട്രാഫിക് ആവിഷ്‌കരിക്കുന്നു. അവയവദാനവുമായി ബന്ധപ്പെട്ട, സമയബന്ധിതമായ യാത്രകള്‍ നാമിപ്പോള്‍ ഇടയ്ക്കിടെ കണ്ടുകൊണ്ടിരിക്കുന്നുവെന്നത് ആകസ്മികമായിരിക്കാമെങ്കിലും അവ പലപ്പോഴും നമ്മെ  ട്രാഫിക്ക്  ഓര്‍മ്മിപ്പിക്കുന്നുണ്ട്. മലയാളത്തിലെ പുതിയ തലമുറ ചിത്രങ്ങളിലെ റോഡ് മൂവിയായി പരിഗണിക്കാവുന്ന ട്രാഫിക്, വന്‍ പ്രേക്ഷക പിന്തുണ നേടിയത്,  പില്‍ക്കാല നവതലമുറ ചലച്ചിത്രക്കാര്‍ക്ക് ഊര്‍ജ്ജം നല്‍കിയിരിക്കുമെന്നത് തീര്‍ച്ചയാണ്. അകാലത്തില്‍ അന്തരിച്ച രാജേഷ് പിള്ള, നവതലമുറ സിനിമാവിഭാഗത്തില്‍പ്പെടുന്ന,  മലയാളത്തിലെ അപൂര്‍വ്വം സ്ത്രീകേന്ദ്രീകൃത ചിത്രങ്ങളിലൊന്നായ 'മിലി' (2015)യും 2016ല്‍ 'വേട്ട'യെന്ന െ്രെകം ത്രില്ലറും സംവിധാനം ചെയ്തിരുന്നു. 

അന്നയും റസൂലും
അന്നയും റസൂലും

സമീര്‍ താഹിര്‍, മലയാള പുതുതലമുറ സംവിധായകരില്‍ ശ്രദ്ധേയനാണ്. 2011ല്‍ അദ്ദേഹം സംവിധാനം ചെയ്ത  'ചാപ്പാ കുരിശ്' പേരുകൊണ്ട് തന്നെ വ്യത്യസ്തത നേടിയിരുന്നു. മൊബൈല്‍ ഫോണിന്റെ  ദുരുപയോഗം പ്രധാന പ്രമേയമാക്കുന്ന ചിത്രം, അത് വ്യാപകമായ  വര്‍ത്തമാനകാലത്ത് വളരെയേറെ  പ്രസക്തി നേടുന്നുണ്ട്. സമൂഹത്തില്‍  രണ്ട് വ്യത്യസ്ത തട്ടുകളിലായുള്ളവര്‍  നേരിടുന്ന പ്രതിസന്ധികളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടുന്ന ചിത്രം, സ്ത്രീജീവിതങ്ങള്‍ അഭിമുഖീകരിക്കുന്ന സംഘര്‍ഷങ്ങള്‍ പ്രസക്തമായി കൈകാര്യം ചെയ്യുന്നു. നഗരജീവിതങ്ങള്‍ നേരിടുന്ന സങ്കീര്‍ണ്ണതകള്‍  കൃത്യമായി ഡോക്യുമെന്റ് ചെയ്യുന്ന ചിത്രമെന്ന നിലയിലും 'ചാപ്പാ കുരിശ്' ശ്രദ്ധേയമാകുന്നുണ്ട്.  2013ല്‍, 'നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി', 2016ല്‍ 'കലി'  തുടങ്ങിയ  നവതലമുറ ചിത്രങ്ങളുമായി സമീര്‍ താഹിര്‍ മലയാളസിനിമയില്‍  പ്രശസ്തനാണ്. മലയാള പുതുതലമുറ ചലച്ചിത്രരംഗത്ത് സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ  നിലകളില്‍ ആഷിക്ക് അബുവിന്റെ പേര് എക്കാലവും ശ്രദ്ധേയമാകുന്നുണ്ട്. 2011ല്‍ അദ്ദേഹം സം വിധാനം ചെയ്ത 'സോള്‍ട്ട് ആന്‍ഡ് പെപ്പര്‍' പുതുതലമുറ ചിത്രങ്ങളില്‍ വന്‍ പ്രേക്ഷക പിന്തുണ നേടിയ ചിത്രമാണ്. ആഷിക് അബുവിന്റെ '22 ഫീമെയില്‍ കോട്ടയം' (2012), മലയാളസിനിമയിലെ സ്ത്രീസങ്കല്പം ഒന്നടങ്കം മാറ്റിയെഴുതിയ ചിത്രമായി വിലയിരുത്തപ്പെട്ടിരുന്നു. 2013ല്‍ അദ്ദേഹം സംവിധാനം ചെയ്ത 'ഇടുക്കി ഗോള്‍ഡ്' മലയോരമേഖലയിലെ ജീവിതം തികഞ്ഞ വ്യത്യസ്തതകളോടെ ആവിഷ്‌കരിച്ചു. ഛായാഗ്രാഹകന്‍ കൂടിയായ രാജീവ് രവി, നവതലമുറ സിനിമയില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന സംവിധായകനാണ്. വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെടുന്നവര്‍ തമ്മിലുള്ള പ്രണയമുണ്ടാക്കുന്ന ജീവിതസങ്കീര്‍ണ്ണതകള്‍ ആവിഷ്‌കരിക്കുന്ന 'അന്നയും റസൂലും' (2013), 'സ്റ്റീവ് ലോപ്പസ്' (2014), 'കമ്മട്ടിപ്പാടം' (2016) എന്നിവ രാജീവ് രവിയുടെ ഫിലിമോഗ്രാഫിയിലെ പുതുതലമുറ ചിത്രങ്ങളില്‍ ശ്രദ്ധേയങ്ങളാണ്. 

ഷട്ടര്‍, കുമ്പളങ്ങി നൈറ്റ്‌സ്, ചുരുളി

2012ലെ 'ഷട്ടര്‍' (ജോയ് മാത്യു), 'ട്രിവാന്‍ഡ്രം ലോഡ്ജ്' (വി.കെ. പ്രകാശ്), 'െ്രെഫഡേ' (ലിജിന്‍ ജോസ്), 'ഈ അടുത്തകാലത്ത്' (അരുണ്‍ കുമാര്‍ അരവിന്ദ്), ഷാലിനി എസ്. നായരുടെ മലയാറ്റൂരിന്റെ യക്ഷിയുടെ ചലച്ചിത്രരൂപം 'അകം' (2013), ഷാനവാസ് ബാവക്കുട്ടിയുടെ വിഭിന്ന മതങ്ങളില്‍പ്പെടുന്നവരുടെ സ്‌നേഹമുണ്ടാക്കുന്ന ദുരന്തങ്ങള്‍ ചിത്രീകരിക്കുന്ന 'കിസ്മത്ത്' (2016) തുടങ്ങിയ ചിത്രങ്ങളും ഈ വിഭാഗത്തില്‍പ്പെടുന്നു. 

'മഹേഷിന്റെ പ്രതികാരം', 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'കുമ്പളങ്ങി നൈറ്റ്‌സ്', 'ജോജി', 'നായാട്ട്', 'ബിരിയാണി', 'ചുരുളി' എന്നിവ ചില സമീപകാല പുതുതലമുറ ചിത്രങ്ങളില്‍ ശ്രദ്ധേയങ്ങളാണ്. ഇവയ്ക്ക് പുറമെ  മറ്റ് ചിത്രങ്ങളുണ്ടെന്നും അവയുടെ പ്രാധാന്യം ചെറുതല്ല എന്നും സൂചിപ്പിക്കുന്നു.   2016ലെ ദിലീഷ് പോത്തന്‍ ചിത്രം 'മഹേഷിന്റെ പ്രതികാരം' നവസിനിമയുടെ വന്‍ പ്രേക്ഷകസ്വാധീനം തെളിയിച്ച ഒരു  ചിത്രമാണ്. മലയോരമേഖലയുടെ പശ്ചാത്തലത്തില്‍ പ്രണയവും പ്രതികാരവും അതിഭാവുകത്വമില്ലാതെ ആവിഷ്‌കരിച്ച ചിത്രം, പതിവു രീതികളില്‍നിന്ന് ഏറെ വ്യത്യസ്തമാകുന്നുണ്ട്. പ്രണയത്തിന്റേയും പ്രതികാരത്തിന്റേയും കപടമായ ആഘോഷങ്ങളില്ലാതെ, മലയോരജീവിതത്തിന്റെ യഥാര്‍ത്ഥ ദൃശ്യവല്‍ക്കരണമായി 'മഹേഷിന്റെ പ്രതികാരം' മലയാളസിനിമാ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുന്നു. അടുത്ത വര്‍ഷത്തെ ദിലീഷ് പോത്തന്‍ ചിത്രം 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' തെക്കന്‍കേരളത്തിലെ വ്യത്യസ്ത ജാതികളില്‍പ്പെട്ട ദമ്പതികളുടെ കഥ, വടക്കന്‍കേരള പശ്ചാത്തലത്തില്‍ പറയുന്ന ചിത്രമാണ്. മോഷണവും അതിന്റെ അന്വേഷണവും തികഞ്ഞ യാഥാര്‍ത്ഥ്യബോധത്തോടെയും നര്‍മ്മത്തോടെയും ആവിഷ്‌കരിക്കപ്പെടുമ്പോള്‍, കുറ്റാന്വേഷണചിത്രം പതിവ്  രീതികളില്‍നിന്ന് വ്യത്യസ്തമായാണ്  പ്രേക്ഷകരിലെത്തുന്നത്. കണ്ടുപഴകിയ പൊലീസ് സ്‌റ്റേഷന്‍ കാഴ്ചകളെ മാറ്റിയെഴുതുന്ന 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'മഹേഷിന്റെ പ്രതികാരം' പോലെ  നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. ദിലീഷ് പോത്തന്റെ പുതിയ ചിത്രം 'ജോജി', മാക്‌ബെത്ത് സൂചനകള്‍ നല്‍കുന്നുണ്ടെങ്കിലും മദ്ധ്യകേരളത്തിലെ പരമ്പരാഗത ക്രിസ്ത്യന്‍ കുടുംബാംഗങ്ങള്‍ നേരിടുന്ന അനുഭവങ്ങള്‍ രേഖപ്പെടുത്തുന്നു. സമ്പന്നനും കുടുംബത്തിലെ  അധികാരം കൈവിടാതെ സൂക്ഷിക്കുന്നയാളുമായ പിതാവിന്റെ നിഴലില്‍ വളരുന്ന,  സ്വയം വെറുക്കുന്ന ജോജിയെന്ന കഥാപാത്രത്തിന്റെ സങ്കീര്‍ണ്ണതകള്‍ മലയാളസിനിമയില്‍ ആദ്യമായാണ്   ദൃശ്യവല്‍ക്കരിക്കപ്പെടുന്നത്. യാഥാസ്ഥിതിക ജീവിതവും പുതിയ വഴികളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ സൂക്ഷ്മമായി 'ജോജി' ആവിഷ്‌കരിക്കുന്നു. 

കമ്മട്ടിപ്പാടം
കമ്മട്ടിപ്പാടം

2011ല്‍ സംവിധാനം നിര്‍വ്വഹിച്ച 'സിറ്റി ഓഫ് ഗോഡ്' മുതല്‍ 2021ലെ ചുരുളി വരെയുള്ള ചിത്രങ്ങളില്‍ ദേശീയഅന്തര്‍ദ്ദേശീയ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ലിജോ ജോസ് പെല്ലിശ്ശേരി മലയാളത്തിലെ നവതലമുറ സിനിമയില്‍ ശ്രദ്ധേയസ്ഥാനം നേടുന്നുണ്ട്. പൊതുവെ െ്രെകസ്തവകുടുംബങ്ങള്‍ പശ്ചാത്തലമാക്കുന്ന അദ്ദേഹത്തിന്റെ രചനകള്‍ ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമപ്പുറത്തേക്ക്  കടക്കുന്നവരിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു. ഈ.മാ.യൗ.വില്‍ മദ്ധ്യകേരള ക്രിസ്ത്യന്‍ കുടുംബത്തിലെ വാവച്ചന്‍ മേസ്ത്രിയുടെ മരണവും തുടര്‍ന്ന് ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളും ഒടുവില്‍ അപ്പന്റെ ശവശരീരം സ്വന്തം വീട്ടുമുറ്റത്തടക്കുന്ന ഈശോയുടെ  ജീവിതവും ചിത്രം ആവിഷ്‌കരിക്കുമ്പോള്‍ ഒറ്റയടിപ്പാത സഞ്ചാരങ്ങളാണ് തിരശ്ശീലയിലെത്തുന്നത്. ഇത്തരം അപൂര്‍വ്വ ജീവിതക്കാഴ്ചകള്‍ തീവ്രതയോടെ ആവിഷ്‌കരിക്കുന്ന  ലിജോ ജോസിന്റെ തികച്ചും വേറിട്ടൊരു ചിത്രമാണ് 'ചുരുളി.' ജീവിതമുണ്ടാക്കുന്ന അനന്തമായ രാവണന്‍ കോട്ടയിലകപ്പെടുന്നവരെ ദൃശ്യവല്‍ക്കരിക്കുന്ന ചുരുളി, മലയാള നവസിനിമയിലെ അപൂര്‍വ്വമായൊരു രചനയാണ്. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ 'നായാട്ട്', നിയമപാലകരുടെ ജീവിതം നേരിടുന്ന സംഘര്‍ഷങ്ങള്‍ക്കൊപ്പം ജാതിവേര്‍തിരിവുകളും ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണ്. യാഥാസ്ഥിതിക, പുരുഷകേന്ദ്രീകൃത  മുസ്‌ലിം സമൂഹത്തില്‍ സ്ത്രീകള്‍  നേരിടുന്ന ഒറ്റപ്പെടലും ചൂഷണങ്ങളും ശക്തമായി ആവിഷ്‌കരിക്കുന്ന സജിന്‍ ബാബുവിന്റെ ബിരിയാണി അന്താരാഷ്ട്രാംഗീകാരം നേടിയ ചിത്രമാണ്. പത്മകുമാറിന്റെ 2018ലെ ജോജു ജോര്‍ജ് ചിത്രം 'ജോസഫ്', അനുരാജ് മനോഹറിന്റെ 'ഇഷ്‌ക്' (2019), ഖാലിദ് റഹ്മാന്റെ 2020 ചിത്രം 'ലവ്വും' ഈ വിഭാഗത്തില്‍പ്പെടുന്ന മറ്റ് ചിത്രങ്ങളാണ്. നവതലമുറ സംവിധായിക അഞ്ജലിമേനോന്‍ 'മഞ്ചാടിക്കുരു' (2012), 'ബാംഗ്ലൂര്‍ ഡേയ്‌സ്' (2014), 'കൂടെ' (2018) എന്നീ ചിത്രങ്ങളുമായി ഈ രംഗത്തെ സ്ത്രീ സാന്നിദ്ധ്യം രേഖപ്പെടുത്തുന്നുണ്ട്. 

കഴിഞ്ഞ പത്തു വര്‍ഷങ്ങളിലേറെയായി നവതലമുറ സിനിമ, മലയാള ചലച്ചിത്രമേഖലയ്ക്ക് ഏത് തരത്തിലുള്ള സംഭാവനകളാണ് നല്‍കിക്കൊണ്ടിരിക്കുന്നതെന്ന് പരിശോധിക്കേണ്ട ഘട്ടമാണിത്. 2011ല്‍ 'ട്രാഫിക്കി'ല്‍ ആരംഭിച്ച് 2021ല്‍ 'ചുരുളി'യിലെത്തുമ്പോള്‍, യുവതലമുറയിലെ സംവിധായകരും മുഖ്യാഭിനേതാക്കളും സാങ്കേതികവിദഗ്ദ്ധരും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രങ്ങള്‍, എട്ട് പതിറ്റാണ്ടിലേറെയായി ഇവിടെ സജീവമായി നിലനില്‍ക്കുന്ന മലയാള സിനിമയുടെ പ്രധാന ഭാഗമായി മാറിക്കഴിഞ്ഞു എന്നതാണ് വസ്തുത. താരമൂല്യമുള്ള വന്‍കിട സംവിധായകര്‍ കടന്നുചെല്ലാത്ത ജീവിതമേഖലകളില്‍ ഇതിനകം പുതുതലമുറ ചിത്രങ്ങള്‍ കടന്നുചെന്നിട്ടുണ്ട്. വന്‍കിട താരങ്ങളെ അണിനിരത്തിക്കൊണ്ട് മുഖ്യധാരാ സംവിധായകര്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന സിനിമകള്‍ക്കപ്പുറമുള്ള  പ്രേക്ഷക പിന്തുണയും പുതുതലമുറ ചിത്രങ്ങള്‍ നേടിക്കഴിഞ്ഞു. ഇവയുടെ കാരണങ്ങള്‍ പരിശോധിക്കുന്ന നാം, പുതുസംവിധായകര്‍ കാലത്തിനൊപ്പം സഞ്ചരിക്കാന്‍ ശ്രമിക്കുന്നു എന്ന വസ്തുതയിലാണ് ചെന്നെത്തുന്നത്. നഗരങ്ങളില്‍ ജോലിചെയ്ത് ഫ്‌ലാറ്റുകളിലും വാടകവീടുകളിലും ജീവിക്കുന്നവരുടെ കഥകളും തീരപ്രദേശങ്ങളിലും മലയോരമേഖലകളിലും സ്വന്തം വിശ്വാസങ്ങളും ആചാരങ്ങളുമായി കഴിയുന്നവരുടെ ജീവിതങ്ങളും ചിത്രീകരിക്കുമ്പോള്‍, അവയ്ക്ക് പുറംതിരിഞ്ഞ് നില്‍ക്കേണ്ടിവരുന്നവരുടെ കഥകളും ഈ ചിത്രങ്ങള്‍ തിരശ്ശീലയിലെത്തിക്കുന്നു. മലയാള ചെറുകഥാരംഗത്തെ യുവതലമുറ തങ്ങളുടെ കഥകള്‍ വഴി ഈ ചിത്രങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നുണ്ടെന്നത് സന്തോഷകരമാണ്. ഉണ്ണി ആര്‍. (ഒഴിവു ദിവസത്തെ കളി), പി.എഫ്. മാത്യൂസ് (ഈ.മാ.യൗ) വിനോയ് തോമസ് (ചുരുളി) തുടങ്ങിയവരുടെ കഥകളുടെ ചലച്ചിത്രാവിഷ്‌കാരങ്ങള്‍ തികച്ചും നൂതനമായ അനുഭവങ്ങളാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. 

ലോകസിനിമയോട് ചേര്‍ന്നു നില്‍ക്കുന്ന പുതുകാലം

മലയാളത്തിലെ നവതലമുറ ചലച്ചിത്രകാരുടെ പട്ടികയുണ്ടാക്കുക എളുപ്പമല്ലെങ്കിലും, അന്തരിച്ച രാജേഷ് പിള്ള, ആഷിക്ക് അബു, അരുണ്‍കുമാര്‍ അരവിന്ദ്, ദിലീഷ് പോത്തന്‍, സമീര്‍ താഹിര്‍, വി.കെ. പ്രകാശ്, സലീം അഹ്മദ്, അഞ്ജലി മേനോന്‍, വിനീത് ശ്രീനിവാസന്‍, മനോജ് കാന, രാജീവ് രവി എന്നിങ്ങനെയുള്ള  പേരുകള്‍ മാത്രം സൂചിപ്പിക്കുന്നു. ഇവര്‍ക്ക് പുറമെ സജിന്‍ ബാബു, ഡോ. ബിജു, സനല്‍കുമാര്‍ ശശിധരന്‍, വിപിന്‍ വിജയ്, ലിജോ ജോസ് പെല്ലിശ്ശേരി എന്നിങ്ങനെ  വിദേശമേളകളില്‍  പുരസ്‌കാരങ്ങള്‍ നേടിയവരുടെ പട്ടിക വേറെയുമുണ്ട്. ഈ രണ്ട് വിഭാഗങ്ങളില്‍പ്പെടാത്ത പ്രസക്തരായവരുണ്ട് എന്നത് വിസ്മരിക്കുന്നില്ല. ഇതേപോലെ, കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കളായ ജിയോ ബേബി (ദ ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചണ്‍, 2021), ഷിനോസ് റഹ്മാന്‍ സജാസ് റഹ്മാന്‍ (വാസന്തി 2020), ഷെരീഫ് ഈസ (കാന്തന്‍, ദ ലവര്‍ ഓഫ് കളര്‍, 2019), രാഹുല്‍ റജി നായര്‍ (ഒറ്റമുറി വെളിച്ചം, 2018), വിധുവിന്‍സന്റ് (മാന്‍ഹോള്‍, 2017), സനല്‍കുമാര്‍ ശശിധരന്‍ (ഒഴിവുദിവസത്തെ കളി, 2016) എന്നിവരും നവതലമുറ മലയാളസിനിമയില്‍ തങ്ങളുടെ സംഭാവനകള്‍ നല്‍കിവരുന്നുണ്ട്. നവതലമുറ ചിത്രങ്ങളിലെ അഭിനേതാക്കളില്‍ ഫഹദ് ഫാസില്‍, ആസിഫ് അലി, ദുല്‍ഖര്‍ സല്‍മാന്‍, മുരളി ഗോപി, നിവിന്‍ പോളി, റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ടൊവിനോ തോമസ്, ചെമ്പന്‍ വിനോദ്, ജോജു, വിനായകന്‍, പാര്‍വ്വതി തിരുവോത്ത്, നിമിഷ സജയന്‍, രജിഷ വിജയന്‍, അപര്‍ണ്ണ ബാലമുരളി എന്നിവരുള്‍പ്പെടുന്നു. 

ചുരുളി
ചുരുളി

കേരളീയ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ നവതലമുറ ചിത്രങ്ങളില്‍ ആവിഷ്‌കരിക്കപ്പെടുന്നുണ്ടെന്നത് അവയുടെ പ്രസക്തിയും പ്രചാരവും വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്. ജാതിമത വിഷയങ്ങള്‍ പുതിയ കേരളീയ പരിസരങ്ങളില്‍ അന്വേഷിക്കുന്ന രചനകള്‍ പ്രേക്ഷകര്‍ക്കിടയിലും സമൂഹത്തിലും ചര്‍ച്ചാവിഷയമാകാറുണ്ട്. ഒഴിവ് ദിവസത്തെ കളി (സനല്‍കുമാര്‍  ശശിധരന്‍), അന്നയും റസൂലും (രാജീവ് രവി) കിസ്മത്ത് (ഷാനവാസ് കെ. ബാവക്കുട്ടി)  നായാട്ട് (മാര്‍ട്ടിന്‍ പ്രക്കാട്ട്), മാലിക്ക് (മഹേഷ് നാരായണന്‍) എന്നിവ ഇത്തരം  ചിത്രങ്ങളില്‍ ശ്രദ്ധേയങ്ങളാണ്. സ്ത്രീജീവിതത്തിന്റെ വ്യത്യസ്ത ആവിഷ്‌കാരങ്ങളായി, ദ ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചണ്‍ (ജിയോ ബേബി), വാസന്തി (റഹ്മാന്‍ സഹോദരര്‍) എന്നിവ  കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍  മികച്ച ചിത്രങ്ങള്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു.  പ്രാദേശിക ജീവിതം ആവിഷ്‌കരിക്കുന്ന 'ഈ.മാ.യൗ', 'അങ്കമാലി ഡയറീസ്', 'കുമ്പളങ്ങി നൈറ്റ്‌സ്', 'മഹേഷിന്റെ പ്രതികാരം', 'ചുരുളി' തുടങ്ങിയ ചിത്രങ്ങളും മലയാളത്തിലെ  നവതലമുറ സിനിമാപ്രസ്ഥാനത്തിന് കരുത്തുപകരുന്നുണ്ട്.

മലയാളസിനിമയുടെ പുതിയ കാഴ്ചകളായി നവതലമുറ ചിത്രങ്ങള്‍ വ്യാപകമായ പ്രേക്ഷകപങ്കാളിത്തം നേടുമ്പോള്‍, അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും അവ അഭിമുഖീകരിക്കുന്നുണ്ട്. അടുത്തകാലത്ത് 'ഹോം' എന്ന ചിത്രത്തില്‍ മുഖ്യവേഷം ചെയ്ത ഇന്ദ്രന്‍സ് തന്റെ നിലപാട് ഇങ്ങനെ രേഖപ്പെടുത്തുന്നു. 'നാല്‍പ്പത് വര്‍ഷത്തെ എന്റെ ചലച്ചിത്രജീവിതത്തില്‍, മലയാളസിനിമയിലെ മാറ്റങ്ങള്‍  ഞാന്‍ കണ്ടുകൊണ്ടിരിക്കയാണ്. അവ ഉള്‍ക്കൊണ്ടാണ് ഈ രംഗത്ത് ഞാന്‍ മുന്‍പോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നത്. പുതിയ തലമുറയിലുള്ളവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ എനിക്ക് വലിയ താല്പര്യമാണ്, കാരണം അവരില്‍നിന്ന് നമുക്ക് ധാരാളം പഠിക്കാനുണ്ട്.' പുതുതലമുറ സിനിമയെ വിമര്‍ശിക്കുന്ന ചലച്ചിത്രപ്രവര്‍ത്തകരില്‍, വന്‍കിട താരങ്ങളെ ഉള്‍പ്പെടുത്തി സിനിമകള്‍ സംവിധാനം ചെയ്യുന്ന ബി. ഉണ്ണികൃഷ്ണന്‍ പ്രമേയത്തേക്കാളുപരി ദൃശ്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നവയാണ് പുതുതലമുറ ചിത്രങ്ങളെന്ന്  അഭിപ്രായപ്പെടുന്നു. പ്രസിദ്ധ തിരക്കഥാകൃത്ത് ജോണ്‍പോള്‍, പുതുതലമുറ ചലച്ചിത്രകാരന്മാര്‍, ഭരതന്‍, പത്മരാജന്‍, കെ.ജി. ജോര്‍ജ് എന്നീ സംവിധായകര്‍ക്ക് ബഹുദൂരം പിന്നിലാണെന്നാണ് അഭിപ്രായപ്പെട്ടിരുന്നത്. അവരുടെ ചിത്രങ്ങളിലെ നരേറ്റീവ് സ്‌റ്റൈലും പ്രമേയങ്ങളിലെ പുതുമയും നവതലമുറ ചിത്രങ്ങളില്‍ കാണാന്‍ കഴിയില്ലെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. പ്രശസ്ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍, പുതുതലമുറ ഗുണകരമായ മാറ്റങ്ങളാണ് സൂചിപ്പിക്കുന്നതെന്നാണ് അഭിപ്രായപ്പെട്ടിരുന്നത്. സൂപ്പര്‍താരങ്ങളുടെ കുത്തക അവസാനിപ്പിച്ചുകൊണ്ട്, പുതിയ അഭിനേതാക്കളേയും സാങ്കേതികവിദഗ്ദ്ധരേയും രംഗത്ത് കൊണ്ടുവരുന്നു എന്ന മേന്മ അവയ്ക്കുണ്ട് എന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. 'തിങ്കളാഴ്ച നിശ്ചയം' എന്ന സമീപകാല ചിത്രം കണ്ട പ്രമുഖ മലയാള മുഖ്യധാരാനടന്‍, തന്റെ അഭിനയത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നത്  ശ്രദ്ധേയമാണ്.

ഈ.മ.യൗ
ഈ.മ.യൗ

നവതലമുറ ചിത്രങ്ങളെല്ലാം കലാപരമായി മികച്ചവയാണെന്ന് പൊതുവെ അഭിപ്രായമില്ലെങ്കിലും, അവയുടെ പ്രസക്തി അവഗണിക്കാന്‍ കഴിയില്ലെന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. മലയാളസിനിമയിലെ ഈ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ശത്രുതയോ മത്സരമോ ഉണ്ടാവുന്നില്ലെന്നതിനാല്‍, വളരെയേറെ ആരോഗ്യകരമായ അന്തരീക്ഷമാണ് ചലച്ചിത്രരംഗത്ത് നിലനില്‍ക്കുന്നത്. പുതുതലമുറ ചിത്രങ്ങള്‍ കാണുകയും അഭിപ്രായങ്ങള്‍ അറിയിക്കയും ചെയ്യുന്ന നിരവധി മുഖ്യധാര ചലച്ചിത്ര അഭിനേതാക്കളേയും സംവിധായകരേയും പ്രേക്ഷകര്‍ തിരിച്ചറിയുന്നുണ്ട്. ലോകസിനിമയില്‍ പുതുതരംഗ സിനിമ  ശക്തിയാര്‍ജ്ജിച്ചുകൊണ്ട് മുമ്പോട്ട് പോകുന്ന സമകാലീന അവസ്ഥ മലയാളത്തിലെ പുതുതലമുറ ചിത്രങ്ങളുടെ പ്രസക്തി ഏറെ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഈ വര്‍ഷം കാന്‍ ചലച്ചിത്രമേളയില്‍  'പാം ദി ഓര്‍' കരസ്ഥമാക്കിയ 'ടിറ്റാന്‍' പുറത്തിറങ്ങിയ ഫ്രാന്‍സിലും  ലോകത്തിലെ മിക്ക രാജ്യങ്ങളിലും നവതരംഗ സിനിമകള്‍ വളരെ സജീവമാണ്. മത  ദേശീയതാ സംഘര്‍ഷങ്ങളും ആധുനിക ജീവിതം നേരിടുന്ന ആന്തരികശൂന്യതയും സംഘര്‍ഷങ്ങളും അവയ്ക്കിടയില്‍ സ്‌നേഹവും സാന്ത്വനവും തേടിയുള്ള അന്വേഷണങ്ങളും ആവിഷ്‌കരിക്കുന്ന പുതുതലമുറ ചിത്രങ്ങള്‍ ലോകസിനിമയെ സജീവമാക്കി നിര്‍ത്തുന്ന ഈ ഘട്ടത്തില്‍,  കലാപരമായ ഏറ്റക്കുറച്ചിലുകളുണ്ടെങ്കിലും, മലയാളസിനിമയിലെ പുതുതലമുറ ചിത്രങ്ങള്‍ അവയോട് ചേര്‍ന്നുനില്‍ക്കുന്നുണ്ടെന്നത് അഭിമാനകരമാണ്.

നായാട്ട്
നായാട്ട്

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com