'കലയുടെ സാമൂഹികവും ദാര്‍ശനികവുമായ അര്‍ത്ഥതലങ്ങളെ അപഗ്രഥിക്കുന്ന നിരൂപണ രീതി'

മലയാളത്തിലെ കലാനിരൂപണ മേഖലയില്‍ കലയുടെ സൈദ്ധാന്തികവും പ്രയോഗപരവുമായ പ്രശ്‌നങ്ങളെ നിരീക്ഷിച്ചുകൊണ്ട് വിമര്‍ശനാത്മകമായ സമീപനത്തിന്, സംസ്‌കാരനിരൂപണ രീതിക്ക് തുടക്കമിട്ടത് ആര്‍. നന്ദകുമാറാണ്
'കലയുടെ സാമൂഹികവും ദാര്‍ശനികവുമായ അര്‍ത്ഥതലങ്ങളെ അപഗ്രഥിക്കുന്ന നിരൂപണ രീതി'

കേരളത്തിന്റെ ചിത്രകലാരംഗം ഇന്ന് സജീവമാണ്. പലപ്പോഴും ഇവിടെ പ്രദര്‍ശിപ്പിക്കപ്പെടുന്ന കലാരചനകള്‍ വൈവിദ്ധ്യമേറിയ രചനാസങ്കേതങ്ങളാലും വിവിധ ജ്ഞാനസിദ്ധാന്തങ്ങളുടെ ഇടപെടലുകള്‍കൊണ്ടും ബൗദ്ധികമായ ഇഴചേരലുകള്‍കൊണ്ടും അനേകം സാംസ്‌കാരിക ധാരകള്‍ ചേരുന്ന പ്രതലങ്ങളായി മാറിക്കഴിഞ്ഞു എന്നു കാണാം. എങ്കിലും കലാനിരൂപണം, പ്രത്യേകിച്ച് ചിത്രശില്പ കലകളെ സംബന്ധിച്ച വിമര്‍ശ/പഠന/നിരീക്ഷണപരമായ എഴുത്തിനെക്കുറിച്ച് മിക്കവാറും അപക്വമോ അടിസ്ഥാനരഹിതമോ അബദ്ധജഡിലമോ ആയ ധാരണകളാണ് ഇവിടെ നിലവിലുള്ളത്. നമ്മുടെ സാംസ്‌കാരിക പാരമ്പര്യത്തില്‍ കലാനിരൂപണം ഇപ്പോഴും ബാലാരിഷ്ടതകളാല്‍ അവശമാണ്. സാഹിത്യം, രാഷ്ട്രീയം, ചരിത്രം തുടങ്ങി പല വിഷയങ്ങളെക്കുറിച്ചും ലൈബ്രറികളിലെ ഷെല്‍ഫുകള്‍ നിറയാന്‍ മാത്രം നിരവധി ഗ്രന്ഥങ്ങള്‍ പുറത്തുവരുമ്പോഴും കലാചരിത്ര/നിരൂപണ ഗ്രന്ഥങ്ങള്‍ നാമമാത്രമായിട്ടാണ് പുറത്തിറങ്ങാറുള്ളത്. അതേസമയം, കലയെക്കുറിച്ച് ഇറങ്ങുന്ന കൈവിരലുകളാലെണ്ണാവുന്ന ഈ പുസ്തകങ്ങളില്‍ തന്നെ ഏതാണ്ട് തൊണ്ണൂറു ശതമാനവും അവജ്ഞയുളവാക്കുന്ന തരത്തില്‍ ഉപരിപ്ലവങ്ങളായ വിവരണങ്ങളും കലയെക്കുറിച്ചുള്ള വികല ധാരണകളും കുത്തിനിറച്ചവയാണെന്നു പറയാതെ വയ്യ. ആഗോളതലത്തില്‍ കലാചരിത്രത്തിന്റേയും വിമര്‍ശനത്തിന്റേയും സങ്കേതങ്ങള്‍ നാള്‍ക്കുനാള്‍ വിപുലീകരിക്കപ്പെടുകയും സാഹിത്യം, സിനിമ തുടങ്ങിയ കലാമേഖലകളിലെ വിമര്‍ശനങ്ങളെ സ്വാധീനിക്കാനും മാത്രം കെല്പു നേടുകയും ചെയ്ത ഇക്കാലത്ത് മലയാളത്തിലെ കലാനിരൂപണം ശുഷ്‌കിച്ചു തന്നെയിരിക്കുന്നത് കലയെ സംബന്ധിച്ചുള്ള നമ്മുടെ അറിവ് സാഹിത്യാധിഷ്ഠിതമായിത്തീര്‍ന്നിരിക്കുന്നു എന്നത് കൊണ്ടാവണം. ജീവചരിത്രാവലംബിയും കലയില്‍ സ്വീകൃതമായ പ്രമേയത്തെ ആസ്പദമാക്കിയുമുള്ള വിവരങ്ങളും വിവരണങ്ങളുമായി കലയെ സംബന്ധിച്ച പ്രാഥമിക ജ്ഞാനത്തിനുപോലുമുതകാത്ത മലയാളത്തിലെ കലാനിരൂപണ മേഖലയില്‍ കലയുടെ സൈദ്ധാന്തികവും പ്രയോഗപരവുമായ പ്രശ്‌നങ്ങളെ നിരീക്ഷിച്ചുകൊണ്ട് വിമര്‍ശനാത്മകമായ സമീപനത്തിന്, സംസ്‌കാരനിരൂപണ രീതിക്ക് തുടക്കമിട്ടത് ആര്‍. നന്ദകുമാര്‍ എന്ന സംസ്‌കാര വിമര്‍ശകനാണ്. കേസരി ബാലകൃഷ്ണപിള്ള, കെ.പി. പത്മനാഭന്‍ തമ്പി, എം.വി. ദേവന്‍ എന്നീ പ്രമുഖ നിരൂപകര്‍ ലോക ചിത്രശില്പ കലകളെക്കുറിച്ചും കലാരചന നിര്‍വ്വഹിക്കുന്നവരെക്കുറിച്ചും പലപ്പോഴായി കേരളത്തിനു പരിചയപ്പെടുത്തിയിട്ടുണ്ട്. എങ്കിലും കലയെ വിമര്‍ശനാത്മകമായി കലാചരിത്രത്തിന്റേയും കാഴ്ചാനുഭവത്തിന്റേയും കലാ തത്ത്വങ്ങളുടേയും അടിസ്ഥാനത്തില്‍, അതു മുന്നോട്ടുവയ്ക്കുന്ന സാമൂഹികവും ദാര്‍ശനികവുമായ അര്‍ത്ഥതലങ്ങളെ അപഗ്രഥിക്കുന്ന നിരൂപണ രീതി അവലംബിച്ച് നന്ദകുമാര്‍ ഗൗരവമേറിയ ദൃശ്യസാംസ്‌കാരിക പ്രശ്‌നങ്ങളെ നമ്മുടെ ശ്രദ്ധയിലേക്കെത്തിച്ചു.

ചിത്രശില്പ കലകളെ സാഹിത്യത്തിന്റേയോ പുരാണങ്ങളുടേയോ നാടോടിക്കഥകളുടേയോ ആശയവ്യക്തതയ്ക്കും അവയിലെ കഥാപാത്രങ്ങളേയും കഥാസന്ദര്‍ഭങ്ങളേയും മൂര്‍ത്തവല്‍ക്കരിക്കുക വഴി മനുഷ്യഭാവനയെ നിയന്ത്രിക്കുന്നതിനും സംവേദനം എളുപ്പമാക്കുന്നതിനും ഉള്ള ഉപായങ്ങളായാണ് സമൂഹം കണ്ടിരുന്നത്. കൂടാതെ ശാരീരിക അദ്ധ്വാനം ആവശ്യമുള്ള ജോലി എന്ന നിലയില്‍ തൊഴില്‍പരവും ജാതീയവുമായ അസ്പൃശ്യതകളാല്‍ കലാരചന നടത്തുന്നവരെ സമൂഹത്തിലെ പാര്‍ശ്വവല്‍കൃതരാക്കിത്തീര്‍ത്തതുമാണ് കേരളത്തില്‍ (ഇന്ത്യയിലാകെയും) കാണാനാവുക. ഇങ്ങനെയുള്ള ഒരു സമൂഹത്തില്‍ കലാചരിത്രം ഉണ്ടാവാതിരുന്നത്, ഉണ്ടായ കലയ്ക്കുതന്നെ മാന്യത ലഭ്യമാവാതിരുന്നത്, കലയെ സാംസ്‌കാരിക മേഖലയായിപ്പോലും കണക്കാക്കാതിരുന്നത് ഒന്നും ഒട്ടും അത്ഭുതമല്ല. അതുകൊണ്ടുതന്നെ, കലയെ സാംസ്‌കാരിക ഉല്പന്നമായി കാണുന്ന ചരിത്രവീക്ഷണം ഇന്ത്യന്‍ കലയെ ജൈവികമാക്കി നിലനിര്‍ത്തുന്നതിനും അത് ആശയാധിഷ്ഠിതവും വൈകാരികവുമായ സാമൂഹ്യ ഇടപെടല്‍ ആണെന്നു തിരിച്ചറിയിക്കുന്നതിനുമായി നാം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. മറ്റൊരു പ്രധാന വസ്തുത കലാവിമര്‍ശനം കലാരചയിതാക്കളെ പ്രോത്സാഹിപ്പിക്കുന്നതോ കലാസൃഷ്ടികളെ വാക്കുകളിലേക്ക് പരാവര്‍ത്തനം ചെയ്യുന്നതോ വിശദീകരണക്കുറിപ്പുകളോ വ്യാഖ്യാനങ്ങളോ ഒന്നും അല്ല എന്നതാണ്. മറിച്ച് ചിത്രം/ശില്പം എന്ന ദൃശ്യപാഠത്തെ അധികരിച്ചുണ്ടാവുന്ന ഭാഷാപാഠത്തിന്റെ വിമര്‍ശ സാദ്ധ്യതകളാണ് കലാനിരൂപണം ലക്ഷ്യമാക്കുന്നത്. എന്നുവച്ചാല്‍ കലാനിരൂപണം ഒരുതരത്തില്‍ മെറ്റാ ക്രിട്ടിസിസം (meta-criticism) ആണ് എന്നു പറയാം. അങ്ങനെ വരുമ്പോള്‍ നാം ചിന്തിക്കുന്ന ഭാഷയിലേക്ക് (language) വിവര്‍ത്തനം ചെയ്യപ്പെടുന്ന ദൃശ്യവിതാനത്തിനുമേല്‍ നമ്മുടെ അനുഭവങ്ങളുടേയും ജ്ഞാന മേഖലകളുടേയും അര്‍ത്ഥോല്പാദന ക്രിയകളുടേയും സങ്കലനം കലാവിമര്‍ശത്തില്‍ സംഭവിക്കുന്നു. അതുകൂടാതെ ബിംബദൃശ്യ നിര്‍മ്മിതികള്‍ക്കു വേണ്ട സാമഗ്രികള്‍ (ക്യാന്‍വാസ്, കളിമണ്ണ്, മാര്‍ബിള്‍, വെങ്കലം തുടങ്ങി സൃഷ്ടിക്കുവേണ്ടി ഉപയോഗിക്കുന്ന എല്ലാത്തരം വസ്തുക്കളും കലാകാരന്റെ ശരീരം, ചലനങ്ങള്‍, ബ്രഷ്, ചായങ്ങള്‍, ആലേഖന രീതികള്‍, ശൈലികള്‍ എന്നിവ നിര്‍ണ്ണയിക്കുന്ന സാമൂഹികവും ആശയപരവും രൂപപരവുമായ അംശങ്ങള്‍ ദൃശ്യാവിഷ്‌കാരങ്ങളില്‍ ഭാവാത്മകമോ ഘടനാപരമോ ആയി കലാരചയിതാക്കള്‍ ഉപയോഗിക്കുകയോ അവരില്‍ സ്വാധീനം ചെലുത്തുകയോ ചെയ്യുന്നുണ്ട്. അവയെല്ലാം കലാവിമര്‍ശനത്തിന്റെ ഭൂമികയില്‍ അത്യന്താപേക്ഷിതമായി ഗണിക്കപ്പെടേണ്ട സങ്കേതങ്ങള്‍ ആകുന്നു. അങ്ങനെ, ദൃശ്യഭാഷയുടെ അടിസ്ഥാനാംശങ്ങളും അവയുണ്ടാക്കുന്ന അനുഭവലോകവും മാധ്യമത്തില്‍ തന്നെ ഉള്‍ക്കൊണ്ടിരിക്കുന്ന അര്‍ത്ഥങ്ങളും ധ്വനിസാദ്ധ്യതകളുമായി സംവദിച്ചു മാത്രമേ കലാനിരൂപണം എന്ന മെറ്റാക്രിട്ടിസിസത്തിനു കലാരംഗത്ത് എന്തെങ്കിലും സ്ഥാനമുള്ളൂ.

ചിത്രശില്പ കലകള്‍ എന്നു നാം വ്യവഹരിക്കുന്ന സാമൂഹ്യനിര്‍മ്മിതികള്‍ ഒരുതരത്തിലുള്ള അലിഖിത സംഹിതയെ പ്രതിനിധീകരിക്കുന്നുണ്ട്. ഒരു വസ്തു കലാവസ്തുവായി മാറിത്തീരുന്നത് സമൂഹം പലപ്പോഴായി നിര്‍മ്മിച്ച്, പരിവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുന്ന ചില ക്രമങ്ങള്‍ക്കും ക്രമീകരണങ്ങള്‍ക്കും അനുസരിച്ചുള്ള വ്യവസ്ഥയ്ക്കകത്ത് മാത്രമാണ്. ആ വ്യവസ്ഥയ്ക്ക് പുറത്തായാല്‍ സമൂഹം എന്ന അമൂര്‍ത്തമെങ്കിലും ആശയങ്ങളുടേതായ ഭൗതിക ലോകത്തില്‍ ഒരു വസ്തുവും കലയായി ഗണിക്കപ്പെടുകയില്ല. അതിനാല്‍ത്തന്നെ, ചിത്രശില്പ കലകള്‍ എന്ന പേരില്‍ സമൂഹത്തിലേക്ക് പ്രക്ഷേപിക്കുന്ന വസ്തുക്കളെ കലയെന്നു മാറ്റിത്തീര്‍ക്കുന്ന മാദ്ധ്യമപരവും കലാസങ്കേതങ്ങളുടേതും ആയ വ്യവസ്ഥയെ മനസ്സിലാക്കാതെ സംവദിക്കാന്‍ ശ്രമിക്കുമ്പോഴുണ്ടാകുന്ന ദൃശ്യാനുഭവങ്ങള്‍ മിക്കവാറും വികലമായ ധാരണകളിലേക്ക് വഴി വെക്കുകയാണ് ചെയ്യുക. ഏതെങ്കിലും പ്രത്യയശാസ്ത്രത്തിന്റേയോ സാഹിത്യദര്‍ശനത്തിന്റേയോ മാത്രം സഹായത്തില്‍ ദൃശ്യകലാ വസ്തുക്കളെ സമീപിക്കുക വഴി ദൃശ്യാനുഭവങ്ങളുടേതു മാത്രമായ ആത്മീയതലങ്ങള്‍ (subtleties) നഷ്ടപ്പെടുകയാവും ചെയ്യുക. ഉദാഹരണത്തിന് 'ഭക്തി' എന്ന സങ്കല്പനത്തിന്റെ, പ്രത്യയശാസ്ത്രത്തിന്റെ, വീക്ഷണകോണിലൂടെ കലാകൃതികളെ കാണുമ്പോള്‍ നഷ്ടമാവുന്നത് ആ കൃതികളിലെ ശൈലി, മാദ്ധ്യമ സവിശേഷതകള്‍, ധ്വനികള്‍, മൂര്‍ത്തമോ ഭൗതികമോ ആയ അനുഭവങ്ങള്‍ തുടങ്ങിയവയില്‍ പലതും ആയിരിക്കും.

രവിവര്‍മ്മ പഠനങ്ങള്‍

പ്രാഥമികമായി കലാകാരന്മാരായ കെ.ജി. സുബ്രഹ്മണ്യന്‍, ഗുലാം മുഹമ്മദ് ഷേഖ് എന്നീ കലാവിമര്‍ശകരുടെ നേരിട്ടുള്ള ശിക്ഷണവും നിര്‍ദ്ദേശങ്ങളുമാണ് തന്റെ കലാവിമര്‍ശ വീക്ഷണങ്ങളെ രൂപപ്പെടുത്തിയത് എന്ന് നന്ദകുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കലാശാലാ പഠനകാലത്ത് 'ബംഗാള്‍ സ്‌കൂള്‍' കലയെക്കുറിച്ചും രബീന്ദ്രനാഥ് ടാഗോറിന്റെ ചിത്രങ്ങളെക്കുറിച്ചും മാര്‍ക്‌സിയന്‍ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ എഴുതിയ പഠനക്കുറിപ്പുകള്‍ ദൃശ്യഭാഷയെ വിഗണിച്ച വീക്ഷണങ്ങള്‍ എന്ന നിലയില്‍ ഗുലാം മുഹമ്മദ് ഷേഖ്, കെ.ജി. സുബ്രഹ്മണ്യന്‍ എന്നിവര്‍ നിശിതമായി വിമര്‍ശിച്ചതും നിര്‍ദ്ദേശങ്ങള്‍ നല്‍കിയതും കേരള ലളിതകലാ അക്കാദമി ഈയിടെ പ്രസാധനം നിര്‍വ്വഹിച്ച ഇന്‍സൈറ്റ് ആന്‍ഡ് ഔട്ട് ലുക്ക് (Insight and Outlook) എന്ന ശീര്‍ഷകത്തിലുള്ള നന്ദകുമാറിന്റെ ഇംഗ്ലീഷ് ലേഖനങ്ങളുടെ സമാഹാരത്തില്‍ വ്യക്തമാക്കുന്നു. എങ്കിലും ദൃശ്യതലങ്ങളെ അവയായി മാത്രം കാണുന്ന രൂപപരമായ നിരൂപണരീതിയെ പിന്തുടരാതെ സാമൂഹ്യശാസ്ത്രപരമായ സമീപനമാണ് നന്ദകുമാര്‍ എന്നും കൈക്കൊണ്ടിട്ടുള്ളത്.

കലാതത്ത്വങ്ങളും കലയും തമ്മില്‍, കലാമാധ്യമങ്ങളും ബിംബനിര്‍മ്മിതിയും തമ്മില്‍, കലയും സാംസ്‌കാരികാവസ്ഥയും തമ്മിലൊക്കെയുള്ള പാരസ്പര്യത്തെ സംശ്ലേഷണം ചെയ്തുകൊണ്ടുള്ള വിമര്‍ശനം ഏതെങ്കിലും കലാവസ്തുവിന്റേയോ കലാരചയിതാവിന്റേയോ പ്രചാരണത്തിനോ വിപണനതന്ത്രങ്ങള്‍ക്കോ ഉപയുക്തമാവില്ല. പകരം, നമ്മുടെ സമൂഹത്തില്‍, സംസ്‌കാരത്തില്‍, ഒരു കലാവസ്തു പ്രശ്‌നവല്‍ക്കരിക്കുന്ന ദൃശ്യസൂചകങ്ങളെക്കുറിച്ചുള്ള, അവയുടെ ഭാവുകത്വത്തെക്കുറിച്ചുള്ള അനുഭവലോകത്തിന്റെ അപഗ്രഥനങ്ങളാണ് കലാനിരൂപണത്തിലൂടെ നിര്‍വ്വഹിതമാകുന്നത്. ഉദാഹരണത്തിന്, രവിവര്‍മ്മച്ചിത്രങ്ങളിലൂടെ കാഴ്ചക്കാരനിലേക്ക് എത്തുന്ന അനേകം സാംസ്‌കാരിക പ്രശ്‌നങ്ങള്‍ നന്ദകുമാര്‍ കലാവിമര്‍ശനത്തിന്റെ പരിധിയില്‍ ഉള്‍ക്കൊള്ളിക്കുന്നത് ആ ചിത്രങ്ങളിലെ ഭാവാര്‍ത്ഥതലങ്ങള്‍ വിപുലമാക്കുന്നു. രവിവര്‍മ്മയുടെ 'അച്ഛന്‍ ഇതാ വരുന്നു' (There comes Papa) എന്ന ചിത്രത്തെ വിമര്‍ശനവിധേയമാക്കി അതില്‍ സൂചിതമാകുന്ന മാതൃദായ ക്രമഫലമായുള്ള പിതാവിന്റെ തമസ്‌കരണവും ഒപ്പം അടിച്ചമര്‍ത്തപ്പെട്ട സ്ത്രീത്വത്തെ അല്ലെങ്കില്‍ മാതൃത്വത്തെ നന്ദകുമാര്‍ വായിച്ചെടുക്കുന്നത് ശ്രദ്ധേയമാണ്. രവിവര്‍മ്മച്ചിത്രങ്ങളുടെ ചരിത്രപരവും കലാത്മകവുമായ മാനങ്ങളെക്കുറിച്ചും അവയിലെ രൂപസംവിധാനങ്ങളെക്കുറിച്ചും വര്‍ണ്ണസങ്കലനങ്ങളെക്കുറിച്ചും മനുഷ്യരൂപങ്ങളുടെ ആംഗ്യഭാഷ, നാടകീയത എന്നിവയെക്കുറിച്ചും എല്ലാം ദീര്‍ഘമായി പ്രതിപാദിക്കുന്ന 'Raja Ravi Varma in the Realm of the Public View, Ravi Varma and his Relevance, The missing male: the female figures of Ravi Varma and the concepts of family, marriage and fatherhood in nineteenth century Kerala' എന്നീ ഇംഗ്ലീഷ് പഠനങ്ങളില്‍ നന്ദകുമാര്‍ അതിസൂക്ഷ്മമായി അപഗ്രഥിക്കുന്നുണ്ട്. ഇന്ത്യയില്‍ നടന്ന രവി വര്‍മ്മ പഠനങ്ങളില്‍ ഏറ്റവും ആഴമേറിയ വിശലകലനങ്ങള്‍ നന്ദകുമാറിന്റേതാണ് എന്നുതന്നെ പറയാം.

എസികെ രാജ ഒയിൽ പെയിന്റിൽ വരച്ച
ആർ നന്ദകുമാറിന്റെ പോർട്രെയ്റ്റ്

സംസ്‌കാരത്തിന്റെ വൈരുദ്ധ്യങ്ങളുംസങ്കീര്‍ണതകളും

1983ല്‍ നിള പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച 'കലാവിമര്‍ശം ഒരു മാര്‍ക്‌സിസ്റ്റ് മാനദണ്ഡം' എന്ന പുസ്തകത്തില്‍ നന്ദകുമാറിന്റെ 'ആധുനിക ഇന്ത്യന്‍ ചിത്രകല ചരിത്രപരവും സാമൂഹ്യശാസ്ത്രപരവുമായ ഒരു സമീപനം' എന്ന ദീര്‍ഘലേഖനവും അനുബന്ധ ലേഖനവും ഇന്ത്യന്‍ കലാരംഗത്തെ വിമര്‍ശനാത്മകമായി നോക്കിക്കാണാനുള്ള സൈദ്ധാന്തിക അടിത്തറയായി കേരളത്തില്‍ അന്ന് കലാരചനയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ തിരിച്ചറിഞ്ഞിരുന്നു. ഇന്ത്യന്‍ ആധുനികതയുടെ സൈദ്ധാന്തിക സംഘര്‍ഷങ്ങളും കൊളോണിയല്‍ മാനസികാവസ്ഥകളുടെ തുടര്‍ച്ചകളും തിരിച്ചറിഞ്ഞ് ചിത്രകലാരംഗത്തെ വിലയിരുത്തുക വഴി നന്ദകുമാര്‍ നല്‍കിയ ദൃശ്യ സംവേദനത്തിനു വേണ്ട വിമര്‍ശനാത്മകമായ ഉള്‍ക്കാഴ്ച 'ട്രിവാന്‍ഡ്രം സ്‌കൂള്‍' എന്നു വിളിക്കാവുന്ന (സുരേന്ദ്രന്‍ നായര്‍, എന്‍.എന്‍. റിംസണ്‍, കെ.എം. മധുസൂദനന്‍, പ്രഭാകരന്‍, അഭിമന്യു, അലക്‌സ് മാത്യു എന്നിവരടക്കമുള്ള ഒരു കൂട്ടം കലാകാരന്മാര്‍ക്ക് പ്രേരണയായിട്ടുണ്ട്. അവരുടെ കലാരചനകളുടെ വീക്ഷണാടിത്തറ നിശ്ചയിച്ചത് നന്ദകുമാറിലൂടെ ചര്‍ച്ചയ്ക്കു വിധേയമായ കലാവിമര്‍ശ വീക്ഷണം ആണെന്ന് പറയുന്നത് തെറ്റാവില്ല. നന്ദകുമാറിന്റെ മേല്‍ സൂചിപ്പിച്ച വിമര്‍ശലേഖനത്തില്‍ പ്രതിപാദിക്കപ്പെട്ട കെ.സി.എസ്. പണിക്കര്‍ അടക്കമുള്ള ചോളമണ്ഡലം കലാകാരന്മാരുടെ ദൃശ്യബിംബങ്ങളെക്കുറിച്ചുള്ള വീക്ഷണങ്ങള്‍ അവരുടെ നിഗൂഢവും അതിഭൗതികങ്ങളും ദേശീയവും എന്നൊക്കെ നിര്‍വ്വചിച്ചിരുന്ന കലാപ്രമേയങ്ങളിലെ പൗരസ്ത്യവാദപരവും (Orientalist) സമൂഹത്തിലെ ശ്രേഷ്ഠ വിഭാഗം എന്ന് ഗണിക്കപ്പെട്ടവരുടേത് എന്നു കരുതാവുന്നതുമായ അംശങ്ങളെ അപഗ്രഥിക്കുക മൂലം കലയുടെ സാമൂഹിക പ്രസക്തിയെ സംബന്ധിച്ചും ബിംബങ്ങളുടെ ദൃശ്യപാഠങ്ങളെക്കുറിച്ചുമുള്ള നവീനമായ കാഴ്ചപ്പാട് എണ്‍പതുകളില്‍ കേരളത്തിന്റെ ബൗദ്ധിക പരിസരത്തെ ഊഷരമാക്കി. മാത്രമല്ല, കലയില്‍ പ്രമേയവല്‍ക്കരിക്കേണ്ട പരിചിത മനുഷ്യരുടെ, പ്രകൃതിയുടെ, മനുഷ്യരൂപങ്ങളുടെ കാലിക പ്രസക്തിയും കലാരചയിതാക്കളുടെ സാംസ്‌കാരികാടിത്തറയും കലയെ നമ്മുടെ സമകാലിക സന്ദര്‍ഭങ്ങളുടേതാക്കി മാറ്റുന്ന തരത്തിലുള്ള വിചിന്തനങ്ങള്‍ക്കു പ്രേരണയായി. അത്തരത്തില്‍ വിമര്‍ശാത്മകമായ കലാവീക്ഷണം രൂപപ്പെട്ട 'ട്രിവാന്‍ഡ്രം സ്‌കൂള്‍' കലാകാരന്മാരുടെ ദേശീയമായ ഇടപെടലുകള്‍ ഇന്ത്യന്‍ ആധുനികതയെക്കുറിച്ചുള്ള പല ധാരണകളേയും പുനഃ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണെന്നു വ്യക്തമാക്കിത്തീര്‍ത്തു. കലാവിമര്‍ശം എന്നത് നിരൂപകര്‍ മാത്രം ചെയ്യുന്ന പ്രവൃത്തി അല്ല. മിക്കവാറും കലാരചന നിര്‍വ്വഹിക്കുന്നവരെല്ലാം നിരൂപകര്‍ കൂടി ആണ്. താന്‍ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്ന ബിംബങ്ങളും മാധ്യമങ്ങളും ആലേഖന രീതികളും ശൈലികളും എല്ലാം തന്നെ കല എന്ന വ്യവസ്ഥയെ വിമര്‍ശാത്മകമായി ഉള്‍ക്കൊള്ളുന്നതിലൂടെ ക്രമപ്പെടുന്നതാണ്. ഒരാള്‍ ഏതെങ്കിലും ഒരു ശൈലിയില്‍, ദര്‍ശനത്തില്‍ അല്ലെങ്കില്‍ മാധ്യമത്തില്‍ കലാരചന നിര്‍വ്വഹിക്കുന്നതുതന്നെ മറ്റു ശൈലികളെ, ദര്‍ശനങ്ങളെ, മാധ്യമങ്ങളെ വിഗണിച്ചുകൊണ്ടാണ്. അതുകൊണ്ട് കൂടിയാണ് ഭാഷ എന്ന മാധ്യമത്തിലൂടെ കലാവിമര്‍ശം നടത്തുന്നത് 'മെറ്റാക്രിട്ടിസിസം' ആയി മാറുന്നത്.

കലയിലെ ആധുനിക വീക്ഷണങ്ങളുടെ പിറവി തന്നെ സ്ഥൂലത്തില്‍നിന്നും സൂക്ഷ്മത്തിലേക്കും കേവല ധാരണകളില്‍നിന്നും അപഗ്രഥനങ്ങളിലേക്കും ഉള്ള വഴിമാറ്റത്തിലൂടെ സംഭവിച്ചതാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, പൗരാണിക സമൂഹങ്ങളിലെ അനുഷ്ഠാനമടക്കമുള്ള കലകളില്‍ ആട്ടവും പാട്ടും മുഖത്തെഴുത്തും വേഷവിധാനങ്ങളും താളവും അത്തരത്തിലുള്ള സമൂഹം പോലെ തന്നെ ഇടകലരുന്നതിന്റേതാണെങ്കില്‍ ആധുനിക ചിന്താഗതി കടന്നുവന്നപ്പോള്‍ കലകളുടെ വിഘടനവും സ്വതന്ത്ര അസ്തിത്വങ്ങളും സ്ഥാപിതമാവുകയാണ് ചെയ്തത്. സാഹിത്യം, സംഗീതം, നൃത്തം, നാടകം, ചിത്രം, ശില്പം തുടങ്ങിയ കലകള്‍ സ്വതന്ത്ര വ്യവസ്ഥകള്‍ സ്വീകരിച്ചതോടൊപ്പം അവയിലെ സൂക്ഷ്മാംശങ്ങള്‍ക്ക് കൂടുതല്‍ കൂടുതല്‍ ശ്രദ്ധ നല്‍കി അവയുടേതായ നിയമാവലികളും സൃഷ്ടിച്ചെടുത്തു. വിമര്‍ശാത്മകമായ ചിന്തയുടെ, ഭാവുകത്വത്തിന്റെ, യുഗചേതനകളുടെ (Zeitgeist) ഫലങ്ങളാണ് ഇത്തരത്തില്‍ കലാസങ്കല്പങ്ങളില്‍ മാറ്റം വരുത്തിയത്. 

നിശിതമായ വിമര്‍ശബുദ്ധിയും ഗൗരവമുള്ള സമീപനവും ആഴമേറിയ കലാ ഗവേഷണങ്ങളും നന്ദകുമാറിന്റെ കലാചരിത്ര/നിരൂപണ ലേഖനങ്ങളുടെ മുഖമുദ്രയാണ്. അതുകൊണ്ടുതന്നെ ഉപരിപ്ലവങ്ങളായ അഭിപ്രായപ്രകടനങ്ങളും സാധൂകരിക്കാനാവാത്ത നിരീക്ഷണങ്ങളും നന്ദകുമാറില്‍നിന്നും ഉണ്ടാവാറില്ല. കല എന്ന സങ്കല്പം ഒട്ടനവധി സാമൂഹിക പ്രക്രിയകളില്‍ നിന്നും ഉരുത്തിരിഞ്ഞതിനാലും ഓരോ കലയ്ക്കും അതിന്റേതായ സാങ്കേതിക നൈതിക വ്യവസ്ഥകളും നിലനില്‍ക്കുന്നു എന്നതുകൊണ്ടും ഏതു വിമര്‍ശനവും ആ വ്യവസ്ഥകള്‍ക്കകത്തു നിന്നുകൊണ്ടുമാത്രം നിര്‍വ്വഹിക്കേണ്ട ഇടപെടല്‍ ആണെന്നതാണ് നന്ദകുമാറിന്റെ വിമര്‍ശനത്തിന്റെ ഭൂമിക. കേരളത്തിന്റെ കലാരംഗത്തെക്കുറിച്ച്, അതിന്റെ ചരിത്രവും വസ്തുതകളും ഭാവുകത്വ പരിണാമങ്ങളും പ്രതിപാദിക്കുന്ന 'നവീനതയുടെ പാരമ്പര്യം' ('Tradition of the New') എന്ന നന്ദകുമാറിന്റെ ലേഖനം 'ഇന്‍സൈറ്റ് ആന്‍ഡ് ഔട്ട് ലുക്ക്' എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നമ്മുടെ ദൃശ്യകലാ സങ്കല്പങ്ങളിലെ ബിംബാവലികളുടെ, പ്രമേയ സ്വീകരണങ്ങളുടെ എല്ലാം വിമര്‍ശനാത്മകമായ ചരിത്രാന്വേഷണമാണത്. കേരള സംസ്‌കാരത്തിന്റെ ദൃശ്യകലാ സങ്കല്പങ്ങളില്‍ ഉണ്ടായ പരിണാമങ്ങളുടെ സംഘര്‍ഷങ്ങളും വിമര്‍ശരഹിതമായ കൊളോണിയല്‍ ബന്ധങ്ങളും ചരിത്രരേഖകളുടേയും നിര്‍മ്മിത പൊതുബോധങ്ങളുടേയും സ്വീകൃത ബോദ്ധ്യങ്ങളുടേയും പൊളിച്ചെഴുത്തുകളിലൂടെ വിശദീകരിക്കുന്നത് മേല്‍പ്പറഞ്ഞ ലേഖനത്തിന്റെ പ്രത്യേകതയാണ്. 

ആർ നന്ദകുമാർ ചിത്രകലാ പ്രഭാഷണത്തിൽ
ആർ നന്ദകുമാർ ചിത്രകലാ പ്രഭാഷണത്തിൽ

ചിത്ര/ശില്പ കലകളെ വിവിധ ജ്ഞാന മേഖലകളുമായി ബന്ധിപ്പിച്ച് സംസ്‌കാരത്തിന്റെ പലതരത്തിലുള്ള വൈരുദ്ധ്യങ്ങളും സങ്കീര്‍ണ്ണതകളും നമുക്കു മുന്‍പില്‍ അവതരിപ്പിക്കുക വഴി ഈ സംസ്‌കാര വിമര്‍ശകന്‍ അക്കാദമികമായിത്തന്നെ അവശ്യം വേണ്ട ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുന്നു. കൂടാതെ നന്ദകുമാറിന്റെ തന്നെ ചരിത്രവീക്ഷണത്തിന്റെ ഭാഗമായോ അതിനിടം തിരിഞ്ഞോ തന്നെ നില്‍ക്കുന്ന അല്ലെങ്കില്‍ പ്രശ്‌നവല്‍കൃതമാവുന്ന ദേശീയത, കേരളീയത, കേരളത്തിന്റെ കലാചരിത്രം, പാശ്ചാത്യ കല എന്നീ സങ്കല്പനങ്ങള്‍ എല്ലാം നമ്മുടെ തന്നെ കൊളോണിയല്‍ ബോദ്ധ്യങ്ങളുടെ പിന്തുടര്‍ച്ചയായി കാണേണ്ടവയല്ലേ എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. ഇന്ത്യ എന്ന 'ദേശഭാവന' നിരവധി ദേശരാഷ്ട്രങ്ങളും സംസ്‌കാരങ്ങളും ചേര്‍ത്ത് ബ്രിട്ടീഷ് കൊളോണിയലിസം സൃഷ്ടിച്ചത് ആയിരിക്കെ (നന്ദകുമാറും സ്വീകരിക്കുന്ന നിലപാടാണിത്) കേരളത്തിന്റെ, (മദ്രാസ് സ്‌കൂളിന്റേയും) ദേശീയതാആധുനികതാ ധാരണകളെ ഈ വിമര്‍ശകന് എങ്ങനെ 'പ്രാദേശിക ആധുനികത' (provincial modernism) എന്ന് മുദ്രകുത്താനാവും എന്നും ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. 

നന്ദകുമാര്‍ നിരീക്ഷിക്കുന്നതുപോലെ തന്നെ ആധുനിക ഇന്ത്യന്‍ കല നഗര കേന്ദ്രീകൃതവും അതു നിര്‍മ്മിച്ചെടുക്കുന്ന അനേകം വ്യവസ്ഥകളുടെ ഉല്പന്നവും ആയിരിക്കുമ്പോള്‍ അത്തരത്തിലുള്ള നഗരങ്ങള്‍ ഇപ്പോഴും നിലവില്‍ വന്നിട്ടില്ലെങ്കിലും കേരളത്തിന്റെ കലയെ നഗരകേന്ദ്രീകൃതമായ ആധുനികതയില്‍നിന്നും ഏതെങ്കിലും തരത്തില്‍ ഭിന്നിപ്പിക്കുന്നുണ്ടോ എന്ന് സംശയമാണ്. അറുപതുകളിലെ മദ്രാസ് സ്‌കൂളിന്റെ, മദിരാശി നഗരത്തില്‍ ഉണ്ടായ കലാധാരണകളുടെ വ്യാപനം മാത്രമായി കേരളത്തിന്റെ കലാരംഗത്തെ കണ്ട് അതിനു പ്രാദേശിക ആധുനികത എന്ന മുദ്ര നല്‍കി പാര്‍ശ്വവല്‍ക്കരിക്കുന്നതില്‍ ഇന്ത്യയുടെ 'രാഷ്ട്രീയ മേല്‍ക്കോയ്മ' നിശ്ചയിച്ച സാംസ്‌കാരിക ശ്രേണിക്കനുസരണമായ കാഴ്ചപ്പാടിന്റേതല്ലേ എന്നും നാം ചോദിക്കേണ്ടിയിരിക്കുന്നു.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com