'ചിത്രകലയിലെ എന്റെ ഗുരു ഞാന്‍ തന്നെയാണ്'

'ചിത്രകലയിലെ എന്റെ ഗുരു ഞാന്‍ തന്നെയാണ്'

അന്‍പത് വര്‍ഷത്തിലധികമായി നമുക്കിടയില്‍ ചന്‍സ് എന്ന ചിത്രകാരനുണ്ട്. പെയിന്റിങ്ങുകളായും രേഖാചിത്രങ്ങളായും മലയാളിയുടെ സാമൂഹ്യജീവിതത്തില്‍ നിരന്തരമായി ഇടപെട്ടുകൊണ്ടിരിക്കുന്ന ചിത്രകാരനാണ് ചന്‍സ് എന്ന ചന്ദ്രശേഖരന്‍. വരകള്‍ മാത്രമല്ല ചന്‍സിന്റെ ജീവിതം. നിലപാടുകളും പ്രത്യയശാസ്ത്രവും രാഷ്ട്രീയവും ഓരോ വാക്കിലും ഓരോ പ്രവൃത്തിയിലും സൂക്ഷ്മമായി കൊണ്ടുനടക്കുന്നതുകൂടിയാണ് ആ ജീവിതം. 

നമ്പൂതിരിയുടേയും എ.എസിന്റേയും സി.എന്‍. കരുണാകരന്റേയും അതേ കാലഘട്ടത്തില്‍ ചന്‍സിന്റെ വരകളും മലയാളിയോട് സംവദിച്ചു. ഒരു ഗുരുവും തനിക്കില്ലെന്നും എന്റെ ഗുരു ഞാന്‍ തന്നെ ആണ് എന്നും ചന്‍സ് പറയുന്നത് മാതൃകകള്‍ പിന്തുടരാത്ത രചനാലോകം വരച്ചിട്ടതിന്റെ ആത്മവിശ്വാസത്തില്‍ തന്നെയാണ്.

നീണ്ട മുപ്പത്തിയെട്ടുവര്‍ഷം ദേശാഭിമാനിയിലൂടെയായിരുന്നു ചന്‍സിന്റെ വരകള്‍. തന്റെ ശരിയും പ്രസ്ഥാനത്തിന്റെ ശരിയും വ്യത്യസ്തമായപ്പോള്‍ ഇറങ്ങിനടന്നു. ഓര്‍മ്മവെച്ച നാള്‍ മുതല്‍ കൂടെ കൊണ്ടുനടന്ന പ്രസ്ഥാനം ഈ തിരിഞ്ഞുനടത്തത്തില്‍ ചന്ദ്രശേഖരന്‍ എന്ന ചന്‍സിനു നല്‍കിയത് കല്ലേറും കയ്യേറ്റവും മാറ്റിനിര്‍ത്തലുമായിരുന്നു. കല സംവദിക്കുന്നതുപോലെ കലാകാരനും സമൂഹത്തോട് ഉത്തരവാദിത്വത്തോടെ സംവദിക്കേണ്ടതുണ്ടെന്നു വിശ്വസിക്കുന്ന ചന്‍സ് തന്റെ ജീവിതത്തേയും വരയേയും രാഷ്ട്രീയത്തേയും കുറിച്ച് സംസാരിക്കുന്നു.

ചൻസ് വരച്ച ചിത്രങ്ങൾ
ചൻസ് വരച്ച ചിത്രങ്ങൾ

ജീവിതം, പാര്‍ട്ടി, സമരങ്ങള്‍

കോഴിക്കോട് കൊളത്തറയിലാണ് ചന്ദ്രശേഖരന്റെ സ്വദേശം. വളരെ ചെറുപ്പത്തിലേ അച്ഛന്‍ ഉപേക്ഷിച്ചുപോയതിനാല്‍ അമ്മയാണ് ചന്ദ്രശേഖരനെ വളര്‍ത്തിയതും പഠിപ്പിച്ചതും. വീടിനടുത്തുള്ള കശുവണ്ടി കമ്പനിയിലെ ജോലിയായിരുന്നു അമ്മയുടെ വരുമാനം. അമ്മാവന്‍ കൊളത്തറയിലെ ടൈല്‍ കമ്പനിയിലെ ജോലിക്കാരനും തൊഴിലാളി നേതാവുമായിരുന്നു. തൊഴിലാളിസമരങ്ങളൊക്കെ നടക്കുമ്പോള്‍ വീട്ടില്‍വെച്ചായിരുന്നു യോഗങ്ങളൊക്കെ ചേര്‍ന്നിരുന്നത്. കമ്യൂണിസ്റ്റ് ആശയം കുട്ടിയായ ചന്ദ്രശേഖരനിലും എത്തുന്നത് അതിലൂടെയാണ്. 

ചിത്രകലയും ചെറുപ്പം തൊട്ടേ താല്പര്യമായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ കോഴിക്കോട് ടൗണില്‍ പോയി ചിത്രകലയുടെ അടിസ്ഥാന പാഠങ്ങള്‍ പഠിക്കാന്‍ തീരുമാനിച്ചു. ചിത്രകല പഠിപ്പിക്കുന്ന വലിയ സ്ഥാപനങ്ങളൊന്നും അന്ന് കോഴിക്കോട് ഉണ്ടായിരുന്നില്ല. അമ്മയെ ബുദ്ധിമുട്ടിക്കാതെ പഠനത്തിനുള്ള പണം കണ്ടെത്തുകയും വേണം. അങ്ങനെ ഫറോക്കിനടുത്തുള്ള ഒരു ഇലക്ട്രിക് നിര്‍മ്മാണ കേന്ദ്രത്തില്‍ രാത്രി ജോലിക്കു പോയി തുടങ്ങി. പകല്‍ ചിത്രകലാ പഠനവും. ഒപ്പം രാഷ്ട്രീയ പ്രവര്‍ത്തനവും തുടര്‍ന്നു. 

പലതരം സമരങ്ങളിലും പങ്കെടുത്തു. പലപ്പോഴും മര്‍ദ്ദനമേറ്റ് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയിലുമായി. സ്റ്റീല്‍ കോംപ്ലക്സില്‍  മുസ്ലിം ലീഗ് നേതാവായിരുന്ന ചാക്കീരി അഹമ്മദ്കുട്ടിക്കെതിരെ നടന്ന കരിങ്കൊടി പ്രകടനത്തില്‍ പങ്കെടുത്ത് ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റു. പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്ന ചന്‍സിനെ കാണാന്‍ കെ. ചാത്തുണ്ണി മാഷ് വരാറുണ്ടായിരുന്നു.

സമരങ്ങളുമായി ബന്ധപ്പെട്ട് ദേശാഭിമാനിയുമായും നല്ല സുഹൃദ്ബന്ധങ്ങളുണ്ടായി. ദേശാഭിമാനി മാനേജരും ബേപ്പൂര്‍ എം.എല്‍.എയുമായിരുന്ന കെ. ചാത്തുണ്ണി മാഷുമായുള്ള ബന്ധമാണ് ദേശാഭിമാനിയിലേക്കുള്ള വഴി തുറന്നത്. 
അന്ന് ദേശാഭിമാനി വാരിക പത്രാധിപരായ എം.എന്‍. കുറുപ്പിനോട് ചാത്തുണ്ണി മാഷ് സംസാരിച്ചതിലൂടെയാണ് ദേശാഭിമാനിയിലെ രേഖാചിത്രകാരനായി ചന്‍സ് മാറുന്നത്. അങ്ങനെ 1970-ന്റെ തുടക്കത്തില്‍ ഓണപ്പതിപ്പിലേക്കുള്ള കഥകള്‍ക്ക് വരച്ചുകൊണ്ട് ചന്‍സ് ഈ രംഗത്തേക്ക് വന്നു.

സ്ഥിരനിയമനമായിരുന്നില്ല ദേശാഭിമാനിയിലേത്. ഒരു ജോലി എന്നത് അത്യാവശ്യവുമായി. 1975-ല്‍ മലപ്പുറം ജില്ലയില്‍ ഒരു സ്‌കൂളില്‍ ജോലിക്ക് സാധ്യത വന്നു. മാനേജ്മെന്റ് സ്‌കൂളാണ് 4000 രൂപ വേണം. അമ്മയുടെ അടുത്തുണ്ടായിരുന്ന സ്വര്‍ണ്ണം വിറ്റും മറ്റും കുറച്ച് പണമുണ്ടാക്കി. അന്ന് പാര്‍ട്ടിതലത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്ന വി.കെ.സി. മമ്മദ്കോയ ഇക്കാര്യം അറിഞ്ഞു. വി.കെ.സി. അന്ന് ഒരു തീപ്പെട്ടിക്കമ്പനി നടത്തുകയാണ്. അദ്ദേഹത്തിന്റെ അവസ്ഥ ചന്‍സിനും നന്നായി അറിയാം. എന്നിട്ടും പണിക്കാര്‍ക്ക് കൂലികൊടുക്കാന്‍വെച്ച 500 രൂപ എടുത്തു ചന്‍സിന് നല്‍കി. ജീവിതത്തിലെ വലിയ ഒരു കാര്യമായിരുന്നു അത് എന്ന് ചന്‍സ് ഓര്‍ക്കുന്നു. അങ്ങനെ സ്വരൂപിച്ച പൈസകൊണ്ട് സ്‌കൂളില്‍ ചേര്‍ന്നു. പകല്‍ സ്‌കൂളിലെ ജോലിയും രാത്രി ദേശാഭിമാനിയിലെ വരയും. വാരിക കൂടാതെ പത്രത്തിന്റെ ഹെഡ്ഡിങ്ങും ലേ ഔട്ട് ഡിസൈനിങ്ങും ചെയ്തു തുടങ്ങി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും ഇ.എം.എസിന്റെ മരണവുമെല്ലാം ചന്‍സിന്റെ ഹെഡ്ഡിങ്ങുകളാണ് ദേശാഭിമാനി പത്രത്തില്‍ അച്ചടിച്ചു വന്നത്.

ബിനാലെയിൽ
ബിനാലെയിൽ

ഡിജിറ്റലായ വര

ഓരോ നോവലും കഥകളും വായിച്ച് വിലയിരുത്തി തന്റേതായ ശൈലിയില്‍ കഥാപാത്രങ്ങളെ സൃഷ്ടിച്ചെടുക്കുന്നതാണ് ചന്‍സിന്റെ രീതി. എന്‍.എസ്. മാധവന്‍, മാധവിക്കുട്ടി, സാറാ ജോസഫ്, സി.വി. ബാലകൃഷ്ണന്‍, എം. മുകുന്ദന്‍, അശോകന്‍ ചെരുവില്‍ തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക കഥാകാരന്മാര്‍ക്കും ചന്‍സ് വരച്ചിട്ടുണ്ട്. സി.വി. ബാലകൃഷ്ണന് തന്റെ വരകള്‍ വേണമെന്ന് ആവശ്യപ്പെടാറുണ്ടെന്ന് ചന്‍സ് പറയുന്നു. പലരും അച്ചടിച്ചു വന്ന ശേഷം നന്നായി എന്ന അഭിപ്രായം പറഞ്ഞും വിളിക്കും. 

എഴുത്തുകാരന്‍ ചിന്തിക്കുന്നതുപോലെയാകണമെന്നില്ല വരകള്‍ എന്ന് ചന്‍സ് പറയുന്നു. ''എനിക്ക് ഗുരുനാഥന്മാരില്ലാത്തതിനാല്‍ ഏതു രീതിയിലും വരയ്ക്കാന്‍ പറ്റും. ഗുരുനാഥനുണ്ടെങ്കിലാണ് നമുക്ക് നമ്മുടെ വഴിക്കു പോകാന്‍ പറ്റാതാവുക. ശാസ്ത്രമോ മറ്റ് വിഷയങ്ങളോ പഠിക്കുന്നപോലെയല്ല ചിത്രകല. മനസ്സുകൊണ്ട് വരയ്ക്കണം. നമുക്ക് കഴിവുണ്ടെങ്കില്‍ നമ്മള്‍ രക്ഷപ്പെടും. ചിത്രകലയിലെ പലര്‍ക്കും ഗുരുക്കന്മാരെക്കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചും പറയാനുണ്ട്. എനിക്കതില്ല. എന്റെ ഗുരു ഞാന്‍ തന്നെയാണ്. എന്നെ പ്രോത്സാഹിപ്പിക്കാന്‍ കുറച്ച് നല്ല സുഹൃത്തുക്കളുമുണ്ട്.''

കംപ്യൂട്ടറിന്റെ സാധ്യതകള്‍ ഉപയോഗിച്ചു കൊണ്ടായിരുന്നു ചന്‍സിന്റെ പിന്നീടുള്ള വരകള്‍. ആദ്യം ക്രയോണില്‍ വര്‍ക്ക് ചെയ്ത് പിന്നീട് ടെക്നോളജി ഉപയോഗപ്പെടുത്തുകയാണ് ചന്‍സ് ചെയ്യുന്നത്.
 
പണ്ടൊക്കെ വരയ്ക്കുന്ന ചിത്രങ്ങള്‍ രണ്ടോ മൂന്നോ കോളത്തിലൊക്കെയാണ് വാരികകളില്‍ അച്ചടിച്ചു വരുന്നത്. ഇപ്പോഴാണ് രണ്ട് പേജിലൊക്കെയായി വരാന്‍ തുടങ്ങിയതെന്ന് ചന്‍സ് പറയുന്നു.

വരച്ച ചിത്രങ്ങളുമായി ചൻസ്
വരച്ച ചിത്രങ്ങളുമായി ചൻസ്

ജനശക്തിയിലെ വര

ദേശാഭിമാനിയില്‍ വരയ്ക്കുന്ന കാലത്ത് പല മാഗസിനുകളും ചന്‍സിനെ സമീപിച്ചെങ്കിലും അദ്ദേഹം വരയ്ക്കാന്‍ തയ്യാറായിരുന്നില്ല. അപൂര്‍വ്വമായി ചില വാര്‍ഷിക പതിപ്പുകളിലൊഴിച്ച്. 38 വര്‍ഷം ദേശാഭിമാനിയില്‍ തന്നെയായിരുന്നു വര.
എം.എന്‍. കുറുപ്പ്, തായാട്ട് ശങ്കരന്‍, സിദ്ധാര്‍ത്ഥന്‍, കെ. ബാലകൃഷ്ണന്‍, കോയ മുഹമ്മദ് തുടങ്ങിയവര്‍ പത്രാധിപരായ കാലത്തൊക്കെ ചന്‍സായിരുന്നു വര.

ടി.കെ. രാമകൃഷ്ണന്‍ സാംസ്‌കാരിക മന്ത്രിയായിരുന്ന കാലത്ത് ലളിതാ കലാ അക്കാദമിയിലും അംഗമായി. പക്ഷേ, അക്കാദമി കാലത്ത് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്ന് ചന്‍സ് പറയുന്നു. ''പലതരം പ്ലാനിങ്ങിലാണ് അവിടെ ചിലര്‍ കാര്യങ്ങള്‍ നീക്കികൊണ്ടിരുന്നത്. നമുക്ക് അതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലായിരുന്നു. അവാര്‍ഡിന്റെ കാര്യത്തില്‍പോലും ചിലര്‍ക്ക് കൊടുക്കണം എന്ന് തീരുമാനിക്കപ്പെട്ടിരുന്നു. അതിന്റെ ഉള്ളില്‍ ഉണ്ടായതുകൊണ്ട് മാത്രം നമുക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലായിരുന്നു.'' കലയ്ക്കു വേണ്ടിയുള്ള അക്കാദമികളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് അനുഭവത്തിന്റെ പശ്ചാത്തലത്തിലുള്ള ചന്‍സിന്റെ വിലയിരുത്തല്‍ ഇങ്ങനെയാണ്.

എം.എന്‍. വിജയന്‍ മാഷടക്കമുള്ള ചിലര്‍ പാര്‍ട്ടിയിലെ തെറ്റ് തിരുത്തലിനായി പ്രവര്‍ത്തിച്ച കാലത്ത് ചന്‍സും അക്കൂട്ടത്തിലുണ്ടായിരുന്നു. ആയിടയ്ക്ക് ജനശക്തി മാഗസിനിലും ചന്‍സ് വരച്ചു തുടങ്ങിയിരുന്നു. ഇതറിഞ്ഞ് ദേശാഭിമാനിയിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ടായി. ദക്ഷിണാമൂര്‍ത്തിയായിരുന്നു അന്ന് മാനേജര്‍. അദ്ദേഹം വിളിപ്പിച്ച് ജനശക്തിയില്‍ വരയ്ക്കുന്നതിനെ കുറിച്ച് ചോദിച്ചു. താന്‍ ചെയ്യുന്നത് പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം അല്ല എന്നും സാഹിത്യസൃഷ്ടികള്‍ക്ക് ചിത്രം വരയ്ക്കുന്നത് തെറ്റാണെന്ന് തോന്നുന്നില്ലെന്നുമായിരുന്നു ചന്‍സിന്റെ മറുപടി. എന്നാല്‍, അത് അംഗീകരിക്കപ്പെട്ടില്ല. വഴങ്ങാന്‍ ചന്‍സും തയ്യാറായില്ല. അങ്ങനെ ദീര്‍ഘകാലത്തെ ദേശാഭിമാനി സേവനത്തോട് വിടപറഞ്ഞ് ചന്‍സ് ഇറങ്ങിപ്പോന്നു. അതുവരെ കൂടെനിന്ന് പ്രവര്‍ത്തിച്ച പലരും പെട്ടെന്ന് ശത്രുപക്ഷത്തായി. ചന്‍സിന്റെ വീടിനു നേരെ കല്ലേറുണ്ടായി. 

പ്രസ്ഥാനത്തോടുള്ള സ്‌നേഹത്തിന്റെ പേരില്‍ കാര്യമായ പ്രതിഫലമൊന്നുമില്ലാതെയായിരുന്നു ചന്‍സിന്റെ ദേശാഭിമാനിയിലെ സേവനം. ദേശാഭിമാനിയില്‍നിന്ന് വിട്ടശേഷം പല മാഗസിനുകളിലും ചന്‍സ് വരച്ചു. മനോരമ, വനിത, ഇന്ത്യാടുഡേ, കലാകൗമുദി, മാധ്യമം, സമകാലിക മലയാളം തുടങ്ങിയവയിലെല്ലാം പിന്നീട് ചന്‍സിന്റെ വരകളുണ്ടായി. 

ചൻസ്/ ഫോട്ടോ: ഇ ​ഗോകുൽ/ എക്സ്പ്രസ്
ചൻസ്/ ഫോട്ടോ: ഇ ​ഗോകുൽ/ എക്സ്പ്രസ്

അനീതിക്കെതിരായ രാഷ്ട്രീയം

എം.എന്‍. വിജയനുമായി അടുത്ത ബന്ധമായിരുന്നു ചന്‍സിന്. ''മാഷിനെ പോലൊരു വ്യക്തിയെ ഇനി സങ്കല്പിക്കാന്‍ കഴിയില്ല. അത്രയും കഷ്ടപ്പാടുകള്‍ അദ്ദേഹം സഹിച്ചിട്ടുണ്ട്. പാര്‍ട്ടിയെ രക്ഷപ്പെടുത്താന്‍ എന്തെല്ലാം തെറികള്‍ കേട്ടു. ആരോഗ്യ ബുദ്ധിമുട്ടുകള്‍ ഉണ്ടായപ്പോഴും കേരളത്തിലങ്ങോളമിങ്ങോളം യാത്ര ചെയ്തു സംവദിച്ചു. മാഷിന്റെ ഒരു പുസ്തക പ്രകാശനം നളന്ദയില്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. റിലീസിങ്ങിന് വരാമെന്നേറ്റത് ദേശാഭിമാനിയിലെ ഒരു സുഹൃത്തായിരുന്നു, പക്ഷേ പിന്നീട് അദ്ദേഹം വരില്ല എന്നറിയിച്ചു. ഇതില്‍ പങ്കെടുത്തുകഴിഞ്ഞാലുണ്ടാകുന്ന പ്രശ്നങ്ങളെ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് കഴിയാത്തതുകൊണ്ടായിരിക്കാം. ആസാദ് എന്നെ വിളിച്ച് വരാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ പോയി. ഹമീദ് ചേന്ദമംഗലൂരിന്റെ കയ്യില്‍നിന്ന് ഏറ്റുവാങ്ങി. ഭയങ്കര ഓഡിയന്‍സായിരുന്നു. അവിടെ എത്തിയപ്പോള്‍ തന്നെ മാഷിനെ മുറിയില്‍ പോയി കണ്ടിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞത് ചന്ദ്രശേഖരന്‍ എന്തിനാ വന്നത്, വരേണ്ടിയിരുന്നില്ല എന്നാണ്''- ചന്‍സ് ഓര്‍ക്കുന്നു.

ചന്‍സിന്റെ ആദ്യ ചിത്രപ്രദര്‍ശനം കോഴിക്കോട് ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്തതും എം.എന്‍. വിജയനായിരുന്നു. എം.എന്‍. വിജയന്‍ പാര്‍ട്ടിയില്‍ ഉയര്‍ത്തിയ പുതിയ ചിന്താധാരയില്‍ അണിനിരക്കാന്‍ ഏറെ പേരുണ്ടായിരുന്നു. ചന്‍സും ആ ചിന്തയെ ഏറ്റെടുത്തയാളാണ്. അധിനിവേശ പ്രതിരോധ സമിതിയും കമ്യൂണിസ്റ്റ് ക്യാംപെയിന്‍ കമ്മിറ്റിയും ഇടതുപക്ഷ ഏകോപന സമിതിയും ഒക്കെയായി ആ ചിന്ത അക്കാലത്ത് ഉയര്‍ത്തിവിട്ടത് അതിതീക്ഷ്ണമായ ജനപക്ഷ രാഷ്ട്രീയമായിരുന്നു. 

''അനീതിക്കെതിരെ പോരാടുക എന്നതാണ് ലക്ഷ്യം. അത് വലിയൊരു സംഘമായി വളരുകയായിയിരുന്നു. കോഴിക്കോട് നളന്ദയില്‍ നടന്ന കമ്യൂണിസ്റ്റ് ക്യാംപെയിന്‍ കമ്മിറ്റിയുടെ പരിപാടിയില്‍ തിങ്ങിനിറഞ്ഞ സദസ്സായിരുന്നു. അനീതിക്കെതിരെ ശബ്ദിക്കാന്‍ ഒരു പ്രസിദ്ധീകരണം എന്ന നിലയിലും സമരമുഖങ്ങളില്‍ നമ്മുടെ വാദങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുമാണ് ജനശക്തി വരുന്നത്. ജനശക്തിയുടെ യോഗത്തില്‍ ടി.പി. ചന്ദ്രശേഖരനും എം.ആര്‍. മുരളിയും അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തു. ഇടതുപക്ഷ ഏകോപന സമിതി രൂപീകരിച്ചപ്പോഴും ടി.പി. ചന്ദ്രശേഖരന്‍ വന്നിരുന്നു. അതിന്റെ യോഗത്തിന് വരുമ്പോള്‍ ഞങ്ങള്‍ പറയും, ഇന്നിവിടെ കിടന്നോ രാത്രി പോകണ്ട. ഇല്ലെങ്കില്‍ ആരെയെങ്കിലും കൂട്ടി പോകാന്‍ പറയും. ഒരാളെ കൂട്ടി പോയാല്‍ അയാളെയും കൂടി കുരുതികൊടുക്കേണ്ടേ, പാര്‍ട്ടി എന്നെ കൊല്ലാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കത് നിഷ്പ്രയാസം ചെയ്യാം എന്നായിരുന്നു ചന്ദ്രശേഖരന്റെ മറുപടി.

അതൊരു വലിയ സംഘടനയായി മാറേണ്ടതായിരുന്നു. കമ്യൂണിസ്റ്റ് വിരുദ്ധരായിരുന്നില്ല ആരും അനീതിക്കെതിരെ പോരാടുന്നവരായിരുന്നു. വി.എസ്. അച്യുതാന്ദന്‍ വരുമെന്ന് എല്ലാവരും കരുതിയിരുന്നു. ടി.പി. ചന്ദ്രശേഖരനും നല്ല പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, അതുണ്ടായില്ല''- ചന്‍സ് അക്കാലം ഓര്‍ക്കുന്നു.

ചന്‍സിന്റെ രാഷ്ട്രീയ ഇടപെടലുകള്‍ ഇപ്പോഴും തുടരുന്നുണ്ട്. യു.എ.പി.എ. കേസി ല്‍ അലനേയും താഹയേയും അറസ്റ്റ് ചെയ്തപ്പോള്‍ നിരന്തരമായ സമരങ്ങളും ഇടപെടലുകളും നടത്തി. സി.പി.എമ്മില്‍ നിന്നുള്ള എതിര്‍പ്പുകള്‍ ഇപ്പോഴും ചന്‍സ് നേരിടുന്നുണ്ട്. പി.വി. അന്‍വര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തുന്ന പാരിസ്ഥിതിക കയ്യേറ്റത്തെക്കുറിച്ചറിയാന്‍ അവിടെയെത്തിയ ചന്‍സിന് നേരിടേണ്ടിവന്നത് കയ്യേറ്റമാണ്. എം.എന്‍. കാരശ്ശേരി, ഷൗക്കത്ത്, ആസാദ് തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു ചന്‍സും അവിടെയെത്തിയത്. ചുറ്റിലും കാണുന്ന ഒരനീതിയോടും സമരസപ്പെടുന്നതല്ല ഇപ്പോഴും ചന്‍സിന്റെ രാഷ്ട്രീയം.

പ്രതികരണശേഷിയില്ലാത്തവരായി കലാകാരന്മാര്‍ മാറി എന്ന് ചന്‍സ് അഭിപ്രായപ്പെടുന്നു: ''പ്രതികരിക്കാന്‍ എല്ലാവര്‍ക്കും മടിയാണ്. കസേരയാണ് എല്ലാവര്‍ക്കും പ്രധാനം. പ്രതികരിച്ചാല്‍ കസേര നഷ്ടമാവുമല്ലോ. ഒരനീതിക്കെതിരേയും ആരും പ്രതികരിക്കുന്നില്ല. ഇങ്ങനെയായിരുന്നില്ല നേരത്തെ ഈ സമൂഹം. റെയില്‍വേ സമരത്തില്‍ കോഴിക്കോട്ടെ കലാ-സാംസ്‌കാരിക പ്രവര്‍ത്തകരെല്ലാം ഒന്നിച്ച് ബാനറും പിടിച്ച് പ്രതിഷേധിച്ചത് എനിക്കോര്‍മ്മയുണ്ട്. എം.ടി, എന്‍.പി. മുഹമ്മദ്, തിക്കോടിയന്‍ തുടങ്ങി കോഴിക്കോട്ടെ ഒരുവിധം കലാകാരന്മാരെല്ലാം ഉണ്ടായിരുന്നു. ഇന്ന് അങ്ങനെയൊന്ന് ചിന്തിക്കാന്‍ പറ്റുമോ.''

സമകാലിക മലയാളം വാരികയ്ക്കു വേണ്ടി ചൻസ് വരച്ച ചിത്രം
സമകാലിക മലയാളം വാരികയ്ക്കു വേണ്ടി ചൻസ് വരച്ച ചിത്രം

മോഷണം പോയ ചിത്രങ്ങള്‍

ഒരു കേസിന്റെ നടത്തിപ്പിലാണ് വര്‍ഷങ്ങളായി ചന്‍സ്. കാനഡയില്‍ ചിത്രപ്രദര്‍ശനം കഴിഞ്ഞ് കോഴിക്കോട്ടേക്ക് മടങ്ങുമ്പോള്‍ വിമാനത്തില്‍ വെച്ച് തന്റെ 65 ചിത്രങ്ങളടങ്ങിയ പെട്ടി ചന്‍സിന് നഷ്ടമായി. 2014-ലാണ് സംഭവം. കോഴിക്കോട് എത്തിയപ്പോഴാണ് പെയിന്റിങ്ങുകളും ചിത്രങ്ങള്‍ വിറ്റുകിട്ടിയ 7200 ഡോളറും മറ്റു വസ്തുക്കളുമടങ്ങിയ ലഗ്ഗേജ് ബാഗ് നഷ്ടമായത് അറിയുന്നത്.

ചിത്രങ്ങള്‍ തിരിച്ചുകിട്ടാന്‍ എയര്‍ കാനഡയ്ക്കും ഇത്തിഹാദ് എയര്‍വേസിനുമെതിരെയുള്ള കേസ് ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത്രയും വിലപിടിപ്പുള്ള ചിത്രങ്ങള്‍ക്ക് ലഗ്ഗേജ് നഷ്ടപ്പെട്ടാല്‍ കൊടുക്കുന്ന തുകയാണ് വിമാനകമ്പനി നഷ്ടപരിഹാരമായി നല്‍കാമെന്നറിയിച്ചത്. ഇതിനെതിരെ ഒറ്റയാള്‍ പോരാട്ടമാണ് താന്‍ നടത്തുന്നതെന്ന് ചന്‍സ് പറയുന്നു. അറിയപ്പെടുന്ന ചിത്രകാരനും അക്കാദമി അംഗവും പാര്‍ട്ടി പ്രവര്‍ത്തകനും ഒക്കെയായിരുന്ന ചന്‍സിന് സര്‍ക്കാരിന്റേയോ അക്കാദമിയുടേയോ കലാ കൂട്ടായ്മയുടേയോ പാര്‍ട്ടിയുടേയോ ഒന്നും പിന്തുണയും സഹായവും ഇക്കാര്യത്തില്‍ ലഭിച്ചില്ല. സര്‍ക്കാരിനും അക്കാദമിക്കും ഇടപെടലുകള്‍ ആവശ്യപ്പെട്ട് കത്തയച്ചെങ്കിലും നടപടിയുണ്ടായില്ല. എന്നാല്‍, ഈ നിയമപോരാട്ടത്തില്‍ ലക്ഷ്യം കാണാതെ പിന്‍മടങ്ങില്ല എന്ന തീരുമാനമാണ് ചന്‍സിന്റേത്. 

ഇതിനിടയിലും ചന്‍സ് എന്ന ചന്ദ്രശേഖരന്‍ വരച്ചുകൊണ്ടേയിരിക്കുന്നു. കാനഡയിലുള്ള മകളുടെ സഹായത്തോടെ അവിടെ ഒരു ആര്‍ട്ട് ഗ്യാലറിയും തുറന്നിട്ടുണ്ട്. വീണ്ടും കാനഡയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് ചന്‍സ്. നിറയെ ചിത്രങ്ങളാണ് ചന്‍സിന്റെ കൊളത്തറയിലെ വീട്ടില്‍. 52 വര്‍ഷത്തെ വര്‍ക്കുകള്‍ ഈ വീട്ടിലുണ്ട്. ചന്‍സ് വരച്ച് നിറച്ച ഒരു വീടാണ് ഇപ്പോഴത്.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com