'പൂജാരിയുടെ കുടക്കീഴില്‍ രണ്ടു കമ്മ്യൂണിസ്റ്റുകള്‍ നനയാതെ നടന്നു...'

കളവംകോടത്ത് നടന്ന വലിയ പൊതുസമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് 'എന്റെ പ്രിയപ്പെട്ട സി.ജി. സദാശിവന്‍ എവിടെയാണന്നൊ ജീവിച്ചിരിപ്പുണ്ടെന്നൊ എനിക്കറിയില്ല' എന്ന് പി.ടി. പുന്നൂസ് പ്രസംഗിച്ചത്
'പൂജാരിയുടെ കുടക്കീഴില്‍ രണ്ടു കമ്മ്യൂണിസ്റ്റുകള്‍ നനയാതെ നടന്നു...'

പ്‌പോഴാണ് അച്ഛന്റെ കയ്യില്‍ അങ്ങനെയൊരു കുട വന്നുചേര്‍ന്നതെന്നു കൃത്യമായി എനിക്ക് ഓര്‍മ്മയില്ല. കറുത്ത പിടിയുള്ള ഒരു കാലന്‍കുട എപ്പഴോ ഒരു ചോദ്യചിഹ്നംപോലെ അച്ഛന്റെ കൈത്തണ്ടയില്‍ തൂങ്ങിക്കിടക്കുന്നത് പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തിരുവനന്തപുരത്തെ പാര്‍ട്ടി ഓഫീസാണ് ഓര്‍മ്മയില്‍ തെളിയുന്നത്. 1969ലെ ഏപ്രില്‍ മാസം അന്ന് അത് എം.എന്‍. സ്മാരകമെന്നു നാമകരണം ചെയ്യപ്പെട്ടിരുന്നില്ല. അച്ഛന്റെ നിഴലുപറ്റി നിക്കറിട്ടു നടക്കുന്ന എന്നെ പലരും സ്‌നേഹപൂര്‍വ്വം നോക്കിയിരുന്നു. 

പാര്‍ട്ടി ഓഫീസിന്റെ മുകളിലത്തെ നിലയിലേക്കു കയറിച്ചെല്ലുമ്പോള്‍ കാണുന്നത് ഒരു വടിയുമെടുത്ത് ആരെയോ തല്ലാന്‍ ഓടിനടക്കുന്ന ഷര്‍ട്ടിടാതെ കൈലിമുണ്ട് വളരെ കയറ്റിയുടുത്ത സുഗതന്‍ സാറിനെയാണ്. 'എടാ കഴുവേറി' എന്നു വിളിച്ചുകൊണ്ടാണ് സുഗതന്‍ സാര്‍ ഓടുന്നത്. ബാല്യകാലം മുതല്‍ എനിക്കു പരിചയമുള്ള അച്ഛന്റെ പ്രിയ സുഹൃത്തായിരുന്നു സഖാവ് ആര്‍. സുഗതന്‍. അദ്ദേഹം പലവട്ടം ഞങ്ങളുടെ വീട്ടില്‍ വരുകയും എന്നെ ഓമനിക്കുകയും ചെയ്തിട്ടുണ്ട്. പെണ്ണും പിടക്കോഴിയുമില്ലാത്ത സുഗതന്‍ സാറിന് പാര്‍ട്ടി തന്നെയായിരുന്നു ജീവിതം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ ബാധിച്ചപ്പോള്‍ അദ്ദേഹത്തെ പാര്‍ട്ടി ഓഫീസിന്റെ മുകളിലത്തെ നിലയില്‍ താമസിപ്പിക്കുകയായിരുന്നു. 1913ല്‍ പാണാവള്ളി ചിറ്റയില്‍ തറവാട്ടില്‍ ഗോവിന്ദന്‍ വൈദ്യരുടേയും പാര്‍വ്വതിയുടേയും മൂത്തമകനായി ജനിച്ച സി.ജി. സദാശിവന്‍ മഹാരാജാസ് കോളേജില്‍ ഇന്റര്‍മീഡിയറ്റിനു പഠിക്കുന്ന കാലത്ത് 1928'30 കാലഘട്ടത്തില്‍ എസ്.എന്‍.ഡി.പിയുമായി ബന്ധപ്പെട്ട് സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും പില്‍ക്കാലത്ത് ചേര്‍ത്തലയിലെ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനാകുകയുമായിരുന്നു. അച്ഛനെ കോണ്‍ഗ്രസ്സിന്റെ ഇടതുപക്ഷ ചിന്താഗതിക്കാരുടെ കൂട്ടത്തിലെത്തിച്ചതും പില്‍ക്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചതും ആര്‍. സുഗതനായിരുന്നു. പുന്നപ്ര  വയലാര്‍ സമരത്തിന്റെ ആക്ഷന്‍ കൗണ്‍സിലിലെ അഞ്ചുപേരില്‍ ഒരാള്‍ സി.ജി. സദാശിവനായിരുന്നു.

എംഎൻ സ്മാരകം
എംഎൻ സ്മാരകം

ഞങ്ങളുടെ ഒരു അടുത്ത ബന്ധുവായിട്ടാണ് കുട്ടിയായിരുന്ന ഞാന്‍ സുഗതന്‍ സാറിനെ കണ്ടിരുന്നത്. ഞങ്ങളെ കണ്ടപ്പോള്‍ ഓട്ടം നിര്‍ത്തിയിട്ട് സുഗതന്‍ സാര്‍ പറഞ്ഞു: 'എനിക്ക് ഉരുളക്കിഴങ്ങ് ഒട്ടും പറ്റില്ല. അവന്‍ ഇന്നും ഉരുളക്കിഴങ്ങ് വാങ്ങിവന്നിരിക്കുന്നു.' സാറിന്റെ സഹായിയായി പാര്‍ട്ടി നിയോഗിച്ചിരുന്ന ഒരു ചെറുപ്പക്കാരനെ ചൂണ്ടിയാണ് സാര്‍ പറഞ്ഞത്. വാത്സല്യത്തോടെ എന്റെ തോളില്‍പിടിച്ച് തലയില്‍ തലോടിക്കൊണ്ട് അച്ഛനോട് സുഗതന്‍ സാര്‍ ചോദിച്ചു: 'അച്ഛനും മകനും കൂടിയാണോ വന്നിരിക്കുന്നത്?.' അച്ഛന്‍ തന്റെ കയ്യിലെ കാലന്‍കുട ഒരു ഇരുമ്പുകസേരയുടെ ചാരില്‍ തൂക്കിയിട്ടു. 'ഓഹോ, താനൊരു കുടയൊക്കെ വാങ്ങിയല്ലേ? അതിനു തന്റെ കയ്യില്‍ കാശുണ്ടോ? തന്റെ ഭാര്യ വാങ്ങിത്തന്നതായിരിക്കും.' സാറിനെ നോക്കി താല്പര്യപൂര്‍വ്വം പുഞ്ചിരിക്കുന്ന അച്ഛനെ അടുത്തു പിടിച്ചിരുത്തിയിട്ട് സുഗതന്‍ സാര്‍ പറഞ്ഞു: 'തനിക്കീ പണിയൊക്കെ ഇനി നിര്‍ത്തിക്കൂടെ? നമ്മളൊന്നും വിചാരിച്ചാല്‍ ഈ നാടു നന്നാക്കിയെടുക്കാന്‍ പറ്റില്ല. താനീ കുട്ടികളെ പഠിപ്പിച്ച് ഒരു കരപറ്റിക്കാന്‍ ശ്രമിക്കെടോ!' 

ഇരുമ്പുകസേരയുടെ ചാരില്‍ തൂങ്ങിക്കിടന്ന കാലന്‍കുട ഒരു ചോദ്യചിഹ്നംപോലെ ഇളകിയാടി. 

ചരിത്രം ഒളിപ്പിച്ച കാലന്‍കുട

കാലന്‍കുടയുടെ ചരിത്രം അന്വേഷിക്കണമെങ്കില്‍ ഒത്തിരി കാലം പുറകോട്ടു സഞ്ചരിക്കണം. 1938 ഒക്ടോബര്‍ മാസത്തില്‍ അക്കാമ്മ ചെറിയാന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് തടവിലായിരുന്ന കോണ്‍ഗ്രസ് നേതാക്കളെയെല്ലാം വിട്ടയച്ചെങ്കിലും 
രാജാവിനു കൊടുത്ത നിവേദനത്തില്‍ ദിവാനെതിരെയുള്ള പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗങ്ങളെയെല്ലാം ഡിസംബര്‍ 18ന് സര്‍. സി.പി. അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ദിവാനെതിരെയുള്ള പരാമര്‍ശങ്ങള്‍ നിവേദനത്തില്‍നിന്നും പിന്‍വലിക്കാന്‍ ഗാന്ധിജിയുടെ പ്രേരണയാല്‍ ജയിലില്‍ കിടന്നുകൊണ്ട് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു. സ്റ്റേ കോണ്‍ഗ്രസ്സിലെ ഇടതുപക്ഷ ചിന്താഗതിക്കാരേയും യൂത്ത്‌ലീഗ് പ്രവര്‍ത്തകരേയും ഈ തീരുമാനം ദുഃഖത്തിലാഴ്ത്തി. പിന്‍വലിച്ച ആരോപണങ്ങളും ദിവാനെതിരായ പുതിയ ആരോപണങ്ങളും ഉള്‍ക്കൊള്ളിച്ച് യൂത്ത്‌ലീഗ് നേതൃത്വം ഒരു മെമ്മോറാണ്ഡം തയ്യാറാക്കി രാജാവിനും വൈസ്രോയിക്കും അയച്ചു. ഇതേത്തുടര്‍ന്ന് സര്‍ സി.പി. യൂത്ത് ലീഗ് നേതാക്കളെ വേട്ടയാടാന്‍ തുടങ്ങി. ചേര്‍ത്തലയിലെ പ്രധാന യൂത്ത് ലീഗ് പ്രവര്‍ത്തകനായ സി.ജി. സദാശിവന്റെ പേരില്‍ കള്ളക്കേസ് ചുമത്തി ടി.എം. വര്‍ഗ്ഗീസിന്റെ ഇടപെടലോടെ ചേര്‍ത്തല മജിസ്‌ട്രേട്ട് കോടതിയില്‍ കേസ് വാദിക്കുകയും സി.ജിയെ കുറ്റവിമുക്തനാക്കുകയും ചെയ്തു. അക്കാലത്ത് സി.ജി. സദാശിവന്റെ പാണാവള്ളിയിലെ ചിറ്റയില്‍ തറവാട്ടിലേയ്ക്ക് റാഡിക്കല്‍ കോണ്‍ഗ്രസ്സിന്റെ സെക്രട്ടറിയായിരുന്ന എം.എന്‍. ഗോവിന്ദന്‍ നായര്‍ ചേര്‍ത്തലയിലെ പ്രമുഖ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന വി.എ. ഗോപാലന്‍ നായരേയും കൂട്ടി എഴുപുന്നയിലെ അവിരാ തരകന്റെ ബോട്ടില്‍ ഒരു ദിവസം എത്തിച്ചേര്‍ന്നു.

മഴക്കാലമായിരുന്നു. എം.എന്റെ കയ്യില്‍ അന്ന് ഒരു കാലന്‍കുടയുണ്ടായിരുന്നു.

ബോട്ട്‌ജെട്ടിയില്‍നിന്നും കാല്‍നടയായി അവര്‍ സി.ജിയുടെ വീട്ടിലെത്തി. യൂത്ത്‌ലീഗിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്ന സി.ജി. സദാശിവനെ റാഡിക്കല്‍ കോണ്‍ഗ്രസ്സില്‍ എത്തിക്കുകയായിരുന്നു എം.എന്റെ ലക്ഷ്യം. ദീര്‍ഘനേരം സംസാരിച്ചിരുന്ന അവര്‍ ബോട്ടുജെട്ടിയിലേയ്ക്ക് മടങ്ങി. മാനം തെളിഞ്ഞു. കാര്‍മുകിലുകള്‍ കാണാനുണ്ടായിരുന്നില്ല. യാത്രയാക്കാന്‍ അവരുടെകൂടെ സി.ജിയും പോയിരുന്നു. അതിഥികളെ ബോട്ടില്‍ കയറ്റിക്കഴിഞ്ഞപ്പോള്‍ പൊടുന്നനെ ഒരു മഴ വന്നു. നനഞ്ഞുനിന്ന സി.ജിയുടെ നേരെ കാലന്‍കുട നീട്ടിക്കൊണ്ട് എം.എന്‍. പറഞ്ഞു. സദാശിവന്‍ ഈ കുട എടുത്ത്‌കൊള്ളൂ. നനഞ്ഞുപോകണ്ട. അങ്ങനെയാണ് ആദ്യകാലത്ത് റാഡിക്കല്‍ കോണ്‍ഗ്രസ്സുമായി ബന്ധപ്പെട്ട ഒരു കുടക്കീഴില്‍ സി.ജി. നടക്കുന്നത്.

പി കൃഷ്ണപിള്ള
പി കൃഷ്ണപിള്ള

സഖാവ് കൃഷ്ണപിള്ളയുമായി ബന്ധപ്പെട്ട ഒരു സംഭവമാണ് മറ്റൊന്ന്. 1942 കാലഘട്ടം എടലാക്കുടി ജയിലില്‍ കിടക്കുമ്പോള്‍ സഖാവ് കൃഷ്ണപിള്ള രഹസ്യമായി ചില കത്തുകള്‍ സി.ജിക്ക് അയച്ചിരുന്നു. ജയില്‍മോചിതനായ സഖാവ് സി.ജി. സദാശിവനേയും കൂട്ടി ചേര്‍ത്തല, ആലപ്പുഴ ഭാഗങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന കാലം. കര്‍ക്കിടകത്തിലെ ഒരു രാത്രി. ആലപ്പുഴയിലെ ആര്യാട് ഭാഗത്ത് ഒരു യോഗം കഴിഞ്ഞ് ചേര്‍ത്തലയിലേയ്ക്ക് ഇരുവരും കാല്‍നടയായി വരികയാണ്. ഇരുവരും അരിയാഹാരം കഴിച്ചിട്ട് മൂന്നു ദിവസങ്ങളായിരുന്നു. കലശലായ വിശപ്പുണ്ട്. ചീവീടുകളുടെ ആരവം. കാര്‍മേഘം മുഖം മറച്ച കര്‍ക്കിടക നിലാവ്. വൃക്ഷത്തലപ്പുകളില്‍ കാറ്റുവീശുമ്പോള്‍ തിരുവിഴ ഭാഗത്ത് പഞ്ചാരമണലിലെ ചെറുപുന്നകളും കപ്പലുമാവുകളും ആടിയുലയുന്നു. കൂരിരുട്ടിന്റെ കരിന്തേളുകള്‍ നാട്ടുവെളിച്ചത്തില്‍ നിരങ്ങി നീങ്ങുന്നതുപോലെ ഭീകരവും വിജനവുമായ നാട്ടുപാത. വള്ളിപ്പടര്‍പ്പുകളാല്‍ മേല്‍ക്കൂര കെട്ടിയ നിബിഡമായ ചെറുപുന്നക്കാടുകളാണ്. കൃഷ്ണപിള്ള മുണ്ടും മടക്കിക്കുത്തി മുന്‍പില്‍ നടന്നു. റബ്ബര്‍ ചെരുപ്പിന്റെ കിരുകിരെ ശബ്ദത്തിനും മണല്‍ത്തരികള്‍ ഉണങ്ങിയ ഇലകളില്‍ വീഴുന്ന ശബ്ദത്തിനുമപ്പുറം ചീവീടുകളും തവളകളും ഒരുക്കുന്ന പേടിപ്പെടുത്തുന്ന പശ്ചാത്തല സംഗീതം. ക്രൂരവും വേദനാജനകവുമായ മൗനത്തെ 
ഭേദിച്ചുകൊണ്ട് കൃഷ്ണപിള്ള പറഞ്ഞു: 'സി.ജി. നാളെ നമുക്ക് സി.കെ. കുമാരപ്പണിക്കരെ കാണണം. കേട്ടിടത്തോളം വയലാറില്‍ നമ്മുടെ പ്രസ്ഥാനത്തിന് അദ്ദേഹത്തെ കൂടെ നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. സി.ഒ. മാത്യുവിനോടും നാളെ ചേര്‍ത്തലയിലെത്താന്‍ ഞാന്‍ അറിയിപ്പ് കൊടുത്തിട്ടുണ്ട്.' കത്തിക്കാളുന്ന വിശപ്പിനിടയിലും സഖാവിന്റെ മനസ്സ് നാളത്തെ പരിപാടി തയ്യാറാക്കുന്ന തിരക്കിലാണെന്നു മനസ്സിലായ സി.ജി. അമര്‍ത്തിയൊന്ന് മൂളി. ആശാകിരണംപോലെ അല്പം അകലെ ചില വിളക്കുകള്‍ തെളിഞ്ഞുനില്‍ക്കുന്നു. 'അതെന്താ സി.ജി. അവിടെ അര്‍ദ്ധരാത്രിയില്‍ ചില വിളക്കുകള്‍ തെളിഞ്ഞുനില്‍ക്കുന്നത്?' 'അത് തിരുവിഴ ക്ഷേത്രമാണെന്നു തോന്നുന്നു.' സി.ജിയുടെ മറുപടി കേട്ട കൃഷ്ണപിള്ള ഉഷാറായി പറഞ്ഞു: 'അവിടെ എന്തങ്കിലും അരിയാഹാരം കിട്ടുമോ എന്നു നോക്കിയാലോ?' വിശപ്പിന്റെ ആധിക്യത്തില്‍ അതിലും ആശ്വാസകരമായ ഒരു വര്‍ത്തമാനം സി.ജിക്കു സന്തോഷം പകരാനുണ്ടായിരുന്നില്ല. 'നടയടച്ചെന്നാ തോന്നുന്നത്. എങ്കിലും ഒന്നു ശ്രമിച്ചുനോക്കാം.' സി.ജി. കൃഷ്ണപിള്ളയെ ആത്മാര്‍ത്ഥമായി പിന്താങ്ങി.

കൃഷ്ണപ്പിള്ള നേരെ അമ്പലനടയിലേയ്ക്ക് നടന്നു. നടയടക്കുന്ന പൂജാരിയെയാണ് അവര്‍ കണ്ടത്. കൃഷ്പിള്ള 
പൂജാരിയോടു ചോദിച്ചു: 'ഞങ്ങള്‍ക്കു വല്ലാതെ വിശക്കുന്നു. തിന്നാന്‍ എന്തെങ്കിലും കിട്ടുമോ?' തന്റെ കയ്യിലെ തൂക്കുവിളക്കിന്റെ വെട്ടം സന്ദര്‍ശകരുടെ നേരെ പിടിച്ച് നോക്കിയ പൂജാരി പുഞ്ചിരിയോടെ പറഞ്ഞു: 'കുറച്ചു പടച്ചോറു മാത്രമേയുള്ളൂ. കഴിക്കുമോ?' വിശന്നിരിക്കുന്നവന് ആഹാരമാണ് വേണ്ടത്. അവിടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് എന്തു പ്രാധാന്യം? 'തീര്‍ച്ചയായും വിശന്നിരിക്കുന്നവന് ആഹാരം അമൃതല്ലേ തിരുമേനി.' സന്ദര്‍ഭോചിതമായി കൃഷ്ണപിള്ള പറഞ്ഞു. പൂജാരി രണ്ടുപേരേയും കൂട്ടി ഊട്ടുപുരയിലേയ്ക്ക് നടന്നു. ഊട്ടുപുരയുടെ വരാന്തയില്‍ ഒരു വാഴയില രണ്ടായി കീറി നിലത്തുവിരിച്ച് രണ്ടാള്‍ക്കും പടച്ചോറു വിളമ്പി. ആര്‍ത്തിയോടെ അവര്‍ ആഹാരം കഴിക്കുന്നത് പൂജാരി കൗതുകത്തോടെ നോക്കിനിന്നു. ഊണു കഴിഞ്ഞ് ഇല ദൂരെ കൊണ്ടുപോയി കളഞ്ഞിട്ട് അമ്പലക്കുളത്തില്‍ കയ്യും മുഖവും കഴുകി അവര്‍ തിരിച്ചു വന്നപ്പോഴും പൂജാരി ഊട്ടുപുരയുടെ മുന്നില്‍ നിന്നിരുന്നു. പെട്ടെന്ന് പൂജാരി ചോദിച്ചു: 'എങ്ങോട്ടാണ് ഈ രാത്രിയില്‍ യാത്ര?' 'വയലാര്‍ വരെ പോകണം' കൃഷ്ണപിള്ളയാണ് മറുപടി പറഞ്ഞത്. 'ഇത് സദാശിവനല്ലേ?' സി.ജിയെ ചൂണ്ടി പൂജാരി ചോദിച്ചു. 'അതെ'  പടച്ചോറു വിളമ്പുന്ന സമയത്ത് പൂജാരിയുടെ മുഖത്തിന് ആരുടേയോ ഛായ തോന്നിയ സി.ജി. പറഞ്ഞു: 'പത്താം ക്ലാസ്സില്‍ കുമ്പളങ്ങളില്‍ സെന്റ് പീറ്റേഴ്‌സ് ഹൈസ്‌കൂളില്‍ പഠിച്ചിരുന്നത് സദാശിവന് ഓര്‍മ്മയുണ്ടോ?' സ്‌കൂളിലെ ക്ലാസ്സില്‍ മുന്‍പിലെ പ്രത്യേകമായി മാറ്റിയിട്ടിരുന്ന ബഞ്ചിലിരുന്ന പൂണൂലിട്ട മൂന്നു കുട്ടികളെ സി.ജിക്ക് ഓര്‍മ്മ വന്നു. 'ബ്രഹ്മദത്തന്‍ നമ്പൂതിരി!' ഓര്‍മ്മകളില്‍ ഊളിയിട്ട് ആശ്ചര്യത്തോടെ തന്റെ പേര് ഉരുവിടുന്ന സി.ജിയോട് പൂജാരി പറഞ്ഞു: 'പറമ്പിത്തറ മാഷിന്റെ ക്ലാസ്സുകളില്‍ സദാശിവന്‍ തിളങ്ങിനിന്നപ്പോഴെ തന്റെ വഴികള്‍ ഇങ്ങനെയായിരിക്കുമെന്നു ഞാന്‍ കരുതിയതാണ്.' പൂജാരി ഊട്ടുപുരയുടെ അകത്തുപോയി ഒരു കാലന്‍കുടയുമായി തിരിച്ചുവന്നു. 'പത്തുപന്ത്രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം കാണുകയല്ലേ, സദാശിവന്‍ ഇത് എടുത്തുകൊള്ളൂ. നല്ല മഴ വരുന്നുണ്ട്.' കൂടുതല്‍ കുശലങ്ങളൊന്നും ചോദിക്കാതെ പൂജാരി ഇരുളില്‍ നടന്നുമറഞ്ഞു. പിന്നീട് മഴ വരികയും ഒരേ കുടക്കീഴില്‍ അവര്‍ ചേര്‍ന്നുനടക്കുകയും ചെയ്തു. പൂജാരിയുടെ കുടക്കീഴില്‍ രണ്ടു കമ്മ്യൂണിസ്റ്റുകള്‍ നനയാതെ നടന്നു.

1957 ഏപ്രില്‍ മാസം ആദ്യവാരം പി.ടി. പുന്നൂസ് തിരുവനന്തപുരത്ത് രാത്രി ഒന്‍പതു മണിക്ക് ശേഷം സി.ജി. സദാശിവന്റെ മുറിയിലെത്തി. ആദ്യ കേരള നിയമസഭയിലെ മാരാരിക്കുളം മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എ ആയിരുന്നു സി.ജി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അസിസ്റ്റന്റ് സെക്രട്ടറിയും ആദ്യ ലോകസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ മണ്ഡലത്തില്‍നിന്നും വിജയിച്ച എം.പി യുമായിരുന്നു പി.ടി. പുന്നൂസ്. 

പൊതു തെരഞ്ഞെടുപ്പിന്റെ കാര്യങ്ങളും കമ്യൂണിസ്റ്റ് പാര്‍ട്ടി ലോകചരിത്രത്തില്‍ ആദ്യമായി തെരഞ്ഞെടുപ്പിലൂടെ ഇന്ത്യയിലെ ഒരു സ്റ്റേറ്റില്‍ അധികാരത്തില്‍ വരുന്നതിനെക്കുറിച്ചും ആത്മഹര്‍ഷത്തോടെ സംസാരിക്കുന്നതിനിടയില്‍ പെട്ടെന്ന് പുന്നൂസ് പറഞ്ഞു: 'നാളെ കൂടുന്ന സ്റ്റേറ്റ് കൗണ്‍സിലില്‍ മന്ത്രിമാരെ തീരുമാനിക്കും. സി.ജിയെ മന്ത്രിയാക്കാനാണ് തീരുമാനം. സി.ജി. ആ തീരുമാനത്തെ എതിര്‍ക്കരുതെന്നു പറയാനാണ് ഞാന്‍ വന്നത്.' 

പിടി പുന്നൂസ്
പിടി പുന്നൂസ്

സോവിയറ്റ് യൂണിയനിലെപ്പോലെ ഇന്ത്യയിലും സോഷ്യലിസം വരണമെന്നും അതിന് അനുയോജ്യമായ തരത്തില്‍ പാര്‍ട്ടിയെ വളര്‍ത്തണമെന്നും ആഗ്രഹിച്ച നിരവധി കമ്യൂണിസ്റ്റുകാരില്‍ ഒരാളായിരുന്നു എന്റെ അച്ഛന്‍. നിഷ്‌കാമ കര്‍മ്മം സ്വായത്തമാക്കിയ പത്തര മാറ്റുള്ള കമ്യൂണിസ്റ്റ്! ഉടനെ മറുപടി വന്നു: 'ട്രെയ്ഡ് യൂണിയന്‍ രംഗമാണ് എന്റെ വഴി. കെ.ആര്‍. ഗൗരിയെയാണ് മന്ത്രിയാക്കേണ്ടത്. അഡ്വക്കേറ്റായ അവര്‍ക്കായിരിക്കും ആ പദവിയില്‍ എന്നെക്കാള്‍ ശോഭിക്കാന്‍ കഴിയുക.' 

പാര്‍ട്ടിയുടെ വളര്‍ച്ചയേയും നന്മയേയും മുന്‍നിര്‍ത്തി ഓരോ ജോലിക്കും പറ്റിയ ആളുകളെ അതിനു നിയോഗിക്കുന്ന നേതാക്കളായിരുന്നു അക്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നയിച്ചിരുന്നത്. അവരെ സംബന്ധിച്ച് അതൊക്കെ നല്ല കമ്യൂണിസ്റ്റുകള്‍ അനുവര്‍ത്തിക്കേണ്ട സാധാരണ കാര്യങ്ങളായിരുന്നു. 

1946ല്‍ വയലാറിലെ വെടിവെയ്പിനുശേഷം കിരാതമായ പട്ടാളഭരണം പിന്‍വലിക്കപ്പെട്ടതിനുശേഷം കളവംകോടത്ത് നടന്ന വലിയ പൊതുസമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് 'എന്റെ പ്രിയപ്പെട്ട സി.ജി. സദാശിവന്‍ എവിടെയാണന്നൊ ജീവിച്ചിരിപ്പുണ്ടെന്നൊ എനിക്കറിയില്ല' എന്ന് പി.ടി. പുന്നൂസ് പ്രസംഗിച്ചത്. വയലാര്‍ സമരത്തെത്തുടര്‍ന്ന് നീണ്ട അഞ്ചര വര്‍ഷങ്ങളാണ് ഒളിവിലും ജയിലിലുമായി അച്ഛനു കഴിയേണ്ടി വന്നത്. നനുത്ത ഖദര്‍ വസ്ത്രത്തിനുള്ളിലെ അച്ഛന്റെ ഹൃദയത്തെ തൊട്ടറിഞ്ഞ നേതാവാണ് പി.ടി. പുന്നൂസ്. 'സി.ജി. ഇങ്ങനയേ പറയൂ എന്ന് എനിക്കറിയാം.' അച്ഛനെ ആശ്ലേഷിച്ചുകൊണ്ട് പുന്നൂസ് പറയുകയും ആര്‍ദ്രമായ സ്‌നേഹം കണ്ണുകളില്‍ തുളുമ്പിയ ഭാവത്തോടെ പിരിഞ്ഞു പോവുകയും ചെയ്തു. 

ഇ.എം.എസ്. മുഖ്യമന്ത്രിയായ ആദ്യ കമ്യൂണിസ്റ്റ് സഭ അധികാരമേറ്റു. ഏകദേശം മൂന്നു മാസങ്ങള്‍ക്കുശേഷം തിരുവനന്തപുരത്തെ ബേക്കറി ജംങ്ഷനില്‍ ബസ് ഇറങ്ങിയ സി.ജി. ഗൗരിയമ്മയുടെ മന്ത്രിമന്ദിരം ലക്ഷ്യമാക്കി കുടപിടിച്ചു നടന്നു. തൈക്കാട്ടുള്ള മന്ത്രി മന്ദിരത്തിന്റെ ഗേറ്റു കടന്ന് ഉള്ളിലേക്കു നടന്ന സി.ജിയെ സെക്യൂരിറ്റി തലവന്‍ തടഞ്ഞു: 'ചോദിച്ചിട്ടെ സന്ദര്‍ശകരെ അനുവദിക്കാന്‍ പാടുള്ളൂ എന്നു പറഞ്ഞിട്ടുണ്ട്. എവിടെനിന്ന് വരുന്നു?' 

'മിനിസ്റ്ററുടെ നാട്ടില്‍നിന്നാണ്. സി.ജി. സദാശിവന്‍ വന്നുവെന്നു പറഞ്ഞാല്‍ മിനിസ്റ്റര്‍ക്ക് മനസ്സിലാകും.' 

അകത്തേയ്ക്കു പോയി ഫോണില്‍ വിളിച്ചശേഷം തിരിച്ചുവന്ന സെക്യൂരിറ്റി തലവന്‍ പറഞ്ഞു: 'മന്ത്രി അല്പം തിരക്കിലാണ്. കാത്തിരിക്കാന്‍ പറഞ്ഞു.' സെക്യൂരിറ്റി ക്യാബിന്റെ മുന്നില്‍ ഒഴിഞ്ഞുകിടന്നിരുന്ന കസേരയില്‍ ഇടംപിടിച്ച സി.ജി. കേരളകൗമുദി പത്രം നിവര്‍ത്തി വായിക്കാന്‍ തുടങ്ങി. ജനാലക്കമ്പിയില്‍ തൂക്കിയിട്ടിരുന്ന കാലന്‍കുട അര്‍ത്ഥഗര്‍ഭമായി ഇളകിയാടി! 

1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നെടുകെ പിളര്‍ന്നു. തിരുവിതാംകൂറിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ആലപ്പുഴയില്‍ ടി.വി. തോമസ്, ആര്‍. സുഗതന്‍, സി.കെ. കുമാരപ്പണിക്കര്‍, സി.ജി. സദാശിവന്‍, എസ്. കുമാരന്‍ മുതലായ മുതിര്‍ന്ന നേതാക്കളൊക്കെ സി.പി.ഐയില്‍ ഉറച്ചുനിന്നു. വി.എസ്. അച്യുതാനന്ദനൊപ്പം സി.പി.എമ്മിനു ലഭിച്ച ഒരേയൊരു നേതാവായിരുന്നു കെ.ആര്‍. ഗൗരിയമ്മ. പുന്നപ്രവയലാര്‍ സമരത്തിനുശേഷം 1948ലാണ് കെ.ആര്‍. ഗൗരിയമ്മ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുന്നത്. കല്‍ക്കട്ടാ തിസീസിന്റെ കാലത്ത് ജയില്‍വാസമനുഭവിച്ച കെ.ആര്‍. ഗൗരിയമ്മയുടെ ത്യാഗങ്ങള്‍ ശ്ലാഘനീയമാണ്. പക്ഷേ, ഒന്നായി ഒരുമയോടെ നിന്ന് ഒരു പ്രസ്ഥാനം കെട്ടിപ്പടുത്തവര്‍ പരസ്പരം പോരാടുന്ന ഒരു കാലഘട്ടത്തില്‍ സി.ജി. സദാശിവന് ഉറക്കം നഷ്ടപ്പെട്ടിരുന്നു. ഒത്തിരി പ്രതീക്ഷയോടെ കെട്ടിപ്പടുത്ത പ്രസ്ഥാനമാണ് നെടുകെ പിളര്‍ന്നത്. അക്കാലത്ത് അച്ഛന്‍ വളരെ അസ്വസ്ഥനായിരുന്നു എന്ന് അമ്മ പറഞ്ഞ് പലപ്പോഴും ഞാന്‍ കേട്ടിട്ടുണ്ട്. 

പിളര്‍പ്പിനുശേഷം വളരെ ശോചനീയമായ സംഭവങ്ങള്‍ ഉരുത്തിരിഞ്ഞത് വയലാര്‍ രക്തസാക്ഷി വാരാചരണത്തോട് ബന്ധപ്പെട്ടായിരുന്നു. ഒരേ കൊടിക്കീഴില്‍ സോഷ്യലിസ്റ്റ് സ്വപ്നങ്ങള്‍ നെയ്തുകൂട്ടിയവര്‍ രണ്ടു കൊടിക്കീഴില്‍ അണിനിരന്ന് പരസ്പരം കുത്തിക്കീറാന്‍ തുടങ്ങിയെങ്കിലും മണ്‍മറഞ്ഞ രക്തസാക്ഷികള്‍ക്ക് ഒരേയൊരു പ്രസ്ഥാനത്തിന്റെ കരുത്തില്‍ മാത്രമേ വിശ്വാസമുണ്ടായിരുന്നുള്ളൂ എന്ന വസ്തുത പരസ്പരം മത്സരിക്കുന്നവരുടെ അന്തരംഗങ്ങളില്‍ നീറിപ്പടര്‍ന്നു. എല്ലാ വര്‍ഷവും തുലാമാസം പത്താംതീയതി നടക്കുന്ന രക്തസാക്ഷി അനുസ്മരണങ്ങളും രണ്ട് ഗ്രൂപ്പുകളായി നടത്താന്‍ അവര്‍ ബാദ്ധ്യസ്ഥരായി. പൊതുവെ സംഘര്‍ഷം നിലനില്‍ക്കുന്ന രക്തസാക്ഷി വാരാചരണങ്ങളായിരുന്നു അരങ്ങേറിയത്. വയലാര്‍ വെടിക്കുന്ന് എന്നു പറയുന്നത് ഇപ്പോഴത്തെ രക്തസാക്ഷി സ്മാരകത്തിന്റെ സ്ഥാനത്ത് ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളും ചേര്‍ന്നു കൂമ്പാരം കൂട്ടി വെയ്ക്കുന്ന ഒരു മണല്‍ക്കൂനയായിരുന്നു. അലങ്കരിച്ച ഈ മണല്‍ക്കൂനയിലാണ് മേനാശ്ശേരി വെടിക്കുന്നില്‍നിന്നുള്ള ദീപശിഖ വാങ്ങിവെയ്ക്കുന്നതും രക്തപതാകകള്‍ നാട്ടുന്നതും. പിന്നീട് ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളും യോജിച്ച് വാരാചരണം നടത്താന്‍ തീരുമാനിച്ചപ്പോള്‍ ദീപശിഖ വാങ്ങിവെയ്ക്കാന്‍ തീരുമാനിച്ചിരുന്നത് സി.പി.എമ്മിന്റെ നേതാവായ കെ.ആര്‍. ഗൗരിയമ്മയെ ആയിരുന്നു. ദീപശിഖ ആദരവോടെ വാങ്ങിമണ്ഡപത്തില്‍ വെച്ചിട്ട് സി.പി.എമ്മിന്റെ കൊടിയും നാട്ടി. സി.പി.ഐയുടെ കൊടി നാട്ടേണ്ട സമയമായപ്പോള്‍ ക്രുദ്ധയായ ഗൗരിയമ്മ സി.പി.ഐയുടെ കൊടിയെടുത്ത് ദൂരെയെറിയാന്‍ മുതിര്‍ന്നു. അടുത്തുനിന്നിരുന്ന അച്ഛന്‍ കൊടിയില്‍ കയറിപ്പിടിച്ച് അതെറിയാന്‍ അനുവദിച്ചില്ല. നേതാക്കള്‍ കൊടിക്കുവേണ്ടി പിടിവലിയായി. തൊട്ടടുത്ത് നിന്നിരുന്ന എ.കെ. പരമന്‍ എന്ന സി.പി.ഐയുടെ നേതാവായ വയലാര്‍ സമരസേനാനി അതിരൂക്ഷമായി ഇടപെടുകയുണ്ടായി. 

മരിക്കുന്നതിന് എതാനും നാൾ മുമ്പ് ഭൈമി സദാശിവൻ കുടുംബാം​ഗങ്ങൾക്കൊപ്പം പുന്നപ്ര- വയലാർ സ്മാരകത്തിൽ എത്തിയപ്പോൾ 
മരിക്കുന്നതിന് എതാനും നാൾ മുമ്പ് ഭൈമി സദാശിവൻ കുടുംബാം​ഗങ്ങൾക്കൊപ്പം പുന്നപ്ര- വയലാർ സ്മാരകത്തിൽ എത്തിയപ്പോൾ 

വളരെ സംഘര്‍ഷഭരിതമായ ഈ സംഭവങ്ങള്‍ക്കുശേഷം വൈകുന്നേരം അച്ഛന്റെ കയ്യില്‍ കുഴമ്പിട്ട് ആവിപിടിച്ച് കൊടുക്കുന്ന സമയത്ത് അമ്മ പറഞ്ഞാണ് ഞാനിതറിയുന്നത്.

രക്തസാക്ഷി ദിനത്തിലെ സംഘര്‍ഷഭരിതമായ തിക്കിലും തിരക്കിലും അച്ഛന്റെ കാലന്‍കുട എവിടെയോ നഷ്ടപ്പെട്ടു. 

പിന്നെയൊരിക്കലും ആ കാലന്‍കുട അച്ഛന്റെ കൈത്തണ്ടയില്‍ ഒരു ചോദ്യചിഹ്നമായി തൂങ്ങിക്കിടന്നിരുന്നില്ല.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com