കാതലിന്റെ തങ്കം(ൻ)!

കാതലിനും മുകളിലായി തങ്കൻ ചർച്ച ചെയ്യപ്പെട്ടു തുടങ്ങുകയാണ്
കാതലിന്റെ തങ്കം(ൻ)!

കാതൽ ദി കോർ’ എന്ന മമ്മൂട്ടി ചിത്രം ഇറങ്ങിയത് മുതൽ തുടങ്ങിയ ചർച്ചകൾക്ക് ഇന്നും തീ അണഞ്ഞിട്ടില്ല!

മമ്മൂട്ടിയുടെ തിരഞ്ഞെടുപ്പ്, ജിയോ ബേബിയുടെ കഥപറച്ചിൽ, ജ്യോതിക അടക്കമുള്ളവരുടെ മികച്ച പ്രകടനം എന്നിവയൊക്കെയാണ് സിനിമ ഇറങ്ങിയ ആദ്യ ദിവസങ്ങളിൽ വാഴ്ത്തപ്പെട്ടതെങ്കിൽ, ഇപ്പോൾ കളം മാറുകയാണ്!

താരങ്ങളും!

സിനിമയിലേപ്പോലെ തന്നെ ‘കാതൽ ചർച്ചകളുടെ’ ആദ്യ പകുതിയിലും ഒന്നും ഒറ്റയായും മാത്രം വന്നു പോയിരുന്ന തങ്കൻ, ഇപ്പോൾ കൂടുതലായി കീറിമുറിക്കപ്പെടുന്നുണ്ട്. ചർച്ച ചെയ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്!

ഒപ്പം തങ്കന്റെ നിശ്ശബ്ദ വേദനകൾ സ്‌ക്രീനിൽ എത്തിച്ച സുധി ബാലുശ്ശേരി എന്ന കലാകാരനും!

മമ്മൂട്ടിയുടെ മാത്യു ദേവസിക്കും ജിയോയുടെ കാതലിനും മുകളിലായി തങ്കൻ ചർച്ച ചെയ്യപ്പെട്ടു തുടങ്ങുകയാണ്.

എല്ലാ ഹെറ്ററോസെക്ഷ്വൽ വിവാഹ ബന്ധങ്ങളിലേയും പോലെത്തന്നെ പൊതുസമൂഹം ‘അയ്യേ’ എന്നു പരക്കെ വിശേഷിപ്പിക്കുന്ന ബന്ധങ്ങളിലും (അതിപ്പോൾ വിവാഹത്തിന് പുറത്തുള്ള പ്രണയങ്ങൾ, പോളിഗമസ് റിലേഷൻഷിപ്പുകൾ, സമാനലിംഗക്കാരുമായുള്ള ബന്ധങ്ങൾ തുടങ്ങി എന്തും ആവാം) കൂടുതൽ നഷ്ടവും പരുക്കും ഉണ്ടാവുക വിധേയത്വമുള്ള പങ്കാളികൾക്കായിരിക്കും.

മറ്റുള്ളവർ അറിഞ്ഞാൽ തനിക്ക് എന്തു സംഭവിക്കും? എന്നതിനേക്കാൾ തന്റെ പങ്കാളിയുടെ മാന്യത, സൽപ്പേര്, കുടുംബം, കുട്ടികൾ എന്നിവയ്ക്ക് ആയിരിക്കും ഇക്കൂട്ടർ തങ്ങളിലും പ്രാധാന്യം നൽകുക.

അതുകൊണ്ടുതന്നെ ആ ബന്ധത്തെ പൊതുസമൂഹമാകുന്ന ഗില്ലറ്റിനിൽനിന്നും മറച്ചുവയ്ക്കാൻ ഏറ്റവും കൂടുതൽ മുന്‍കൈ എടുക്കുന്നതും ഇവരായിരിക്കും. പൊതുവായ ഇടങ്ങളിൽ കണ്ടുമുട്ടാതിരിക്കുക, മറ്റുള്ളവർക്ക് സംശയം തോന്നുന്ന ഒന്നും ചെയ്യാതിരിക്കുക തുടങ്ങി എല്ലാത്തിലും തന്റെ പങ്കാളിയെക്കാൾ ഒരു അധിക ചുവട് മുന്നോട്ട് നടക്കാൻ അവർ ശ്രമിക്കും.

തനിക്കാണ് ഒന്നും മറച്ചുവയ്ക്കാൻ ഇല്ലാത്തത് എന്ന സത്യം വിസ്മരിച്ചുകൊണ്ട്, അപ്പുറത്തുള്ള ആളുടെ നഷ്ടം സ്വന്തം നഷ്ടമായി കണ്ട് ഏറെ കലഹിച്ചാവും ആ റിലേഷൻഷിപ്പിൽ അവർ നിലകൊള്ളുക. അവരുടെ സ്വാസ്ഥ്യത്തിനായി സ്വന്തം ആവശ്യങ്ങൾ, സമയം ഒക്കെയും ക്രമീകരിക്കും, ക്രൂരമായ അവരുടെ അവഗണനകളെ ഒരു ചെറുപുഞ്ചിരിയോടെ സ്വയം സമാധാനിപ്പിച്ചു നേരിടും അങ്ങനെയങ്ങനെ.

കാതൽ’ എന്ന സിനിമയിലെ തങ്കനും സമാന അവസ്ഥയിലൂടെ കടന്നുപോകുന്ന ആളാണ്.

പൊതു ഇടങ്ങളിൽ തന്റെ പങ്കാളി നടിക്കുന്ന അപരിചിതത്വം ഏൽപ്പിക്കുന്ന മുറിവുകളാല്‍ വശംകെട്ട, അയാളുടെ പരസ്യമായ ഒരു ചേർത്തുപിടിക്കലിനുള്ള ആശ പണ്ടെങ്ങോ കെട്ടുപോയ ശരീരഭാഷയില്‍ സിനിമയിൽ ഉടനീളം പ്രകടമാകുന്നു.

സിനിമയുടെ ആദ്യം തന്നെ നാട്ടിലെ ഒരു ‘പ്രണയപാതകം’ ശരിപ്പെടുത്താൻ എത്തുന്ന മാത്യുവിനു വളരെ പിറകിൽ ഒരു മറയത്ത് തങ്കൻ നിൽപ്പുണ്ട്. ഒരു നിഴലുപോലെ! പ്രേക്ഷകർക്കും മാത്യുവിനും ഒരുപോലെ അദൃശ്യനായി!

തങ്കന്റെ പങ്കാളിക്ക് എല്ലാം കൃത്യമായി ലഭിക്കുന്നുണ്ട്. സമൂഹത്തിനു മുൻപിൽ നില, വില, കുടുംബം, മെച്ചപ്പെട്ട സാമ്പത്തിക ചുറ്റുപാട്, അയാളുടെ പൗരുഷത്വത്തിനു നേരെ ചോദ്യമുയരാതെ കാക്കാൻ പേരിന് ഒരു ഭാര്യ, കുട്ടി...

പക്ഷേ, തങ്കൻ അപ്പോഴും ഒറ്റത്തടിയായി തുടരുകയാണ് (ഒരു പെണ്ണിന്റെ കൂടി ജീവിതം തുലയ്ക്കേണ്ട എന്ന് അയാൾ ചിന്തിച്ചിട്ടുണ്ടാവാം!)

മദ്യംകൊണ്ട് മറക്കാൻ ആവാത്തതെന്ന് അയാൾ സ്വയം വിശേഷിപ്പിക്കുന്ന വേദനകളുടെ, സ്നേഹങ്ങളുടെ ചിലന്തിവലക്കെട്ടുകളിൽ കുടുങ്ങി കിടക്കുന്ന ഒരു ആത്മാവ്!

തന്റെ കൂടപ്പിറപ്പിന്റെ മെച്ചപ്പെട്ട ഒരു ജീവിതത്തിനു സാധ്യമായ എല്ലാ വഴികളും വെട്ടി നൽകുന്ന അയാൾ അവളുടെ മകന്റെ ഉത്തരവാദിത്വം കൂടി സ്വന്തം ചുമലിൽ ഏൽക്കുന്നുണ്ട്.

എന്നാൽ, ഒരു സമയം ഇതേ കുട്ടായി തന്നെ അയാളുടെ സ്വത്വത്തെ ചോദ്യം ചെയ്യുന്നുണ്ട്!

സിനിമയുടെ ഒന്നാംപകുതിയുടെ അവസാനം തോരാ മഴയത്ത് മാത്യു ദേവസിയെ ഇടംകണ്ണിട്ട് നോക്കി, അയാളുടെ ചിത്രം പതിപ്പിച്ച കാർഡ് വിരലുകൾക്കിടയിൽ മുറുക്കി തങ്കൻ ഡ്രൈവ് ചെയ്തു പോകുന്ന ഒരു ഭാഗമുണ്ട്.

തന്റെ പങ്കാളിയെ സമൂഹത്തിന്റെ കൊത്തിപ്പറിക്കലുകളിൽനിന്നും സുരക്ഷിതൻ ആക്കണം എന്ന ബോധ്യം, മാത്യുവിലേക്കുള്ള നോട്ടം തങ്കന് ഒരു ബാധ്യതയാക്കുമ്പോൾ, ഉള്ളിൽ തിങ്ങി തികട്ടുന്ന വേദനയും അവഗണനയും അനാഥത്വവും അയാളെ ഒരുതരം ഊരാക്കുടുക്കിൽ പെടുത്തുന്നു.

മഴ സൃഷ്ടിക്കുന്ന ഒരു താല്‍ക്കാലിക മറയുടെ ബലത്തിലാണ് അയാൾ മാത്യുവിനെ അഗാധമായ ഹൃദയവേദനയോടും സ്നേഹവായ്പ്പിലും നോക്കുന്നത്. അത്രയും പ്രണയം തുളുമ്പുന്ന ഒരു രംഗം അടുത്തെങ്ങും കണ്ടതായി ഓർക്കുന്നില്ല!

സുധി എന്ന നടന്റെ നോട്ടങ്ങളും എന്തിനു ഫോട്ടോ ചേർത്തു പിടിക്കുന്ന ആ വിരലുകളുടെ ദൃശ്യവും കരുതൽ കിനിയുന്നതാണ്.

സിനിമയിൽ തങ്കൻ, മാത്യു ദേവസിയുമായി പ്രത്യക്ഷത്തിൽ സംസാരിക്കുന്നത് പോയിട്ട് നേർക്കുനേർക്ക് നോക്കുന്ന രംഗങ്ങൾ പോലുമില്ല. നാട്ടുകാർ ഏറെക്കുറെ അറിഞ്ഞു കഴിഞ്ഞു പോലും മാത്യു പണ്ടെങ്ങോ നിശ്ചയിച്ചുറപ്പിച്ച ഇരുവർക്കുമിടയിലെ ആ അദൃശ്യവേലി അയാൾ മറികടക്കാൻ ശ്രമിക്കുന്നതുമില്ല.

സമൂഹമറിഞ്ഞാൽ ക്രൂരമായ അധിക്ഷേപങ്ങൾ ചൊരിയാൻ സാധ്യത കൂടിയ ഒട്ടുമിക്ക ബന്ധങ്ങളിലും പരസ്യമായി അപരിചിതത്വവും, രഹസ്യമായി സ്നേഹപരിലാളനകളും നിർലോഭം സമ്മാനിക്കുന്ന മാത്യുവിനെപ്പോലുള്ള പങ്കാളികൾക്കു മുൻപിൽ നിസ്സഹായരായി പോകുന്ന ഒരു വിഭാഗം മനുഷ്യരുടെ പ്രതിനിധിയാണ് തങ്കൻ.

പക്ഷേ, സിനിമയുടെ അവസാനം അയാൾ കുറച്ചുകൂടെ മെച്ചപ്പെട്ട ഒരു മാനസികനിലയിലേക്ക് ഉയർത്തപ്പെടുന്നുണ്ട്. സമൂഹം ആക്ഷേപകരമായി തന്റെ മതിലിൽ പതിച്ച ഒരു വാക്കിനെ അയാൾ സമർത്ഥമായി മറികടക്കുന്നത് തന്റെ പങ്കാളിയുടെ ചിത്രം തെല്ലൊരു അഹങ്കാരത്തോടെ പതിപ്പിച്ചുകൊണ്ടാണ് (അത് യഥാർഥ ജീവിതത്തിൽ എത്രത്തോളം സാധ്യമാണ് എന്നത് മറ്റൊരു വിഷയമാണ).

ആ തങ്കന്റെ ഉള്ളിൽ ഉറഞ്ഞുകൂടുന്ന വേദനകളെ തീവ്രമായി സ്‌ക്രീനിലേക്ക് കൊണ്ടുവരാൻ സുധി ബാലുശ്ശേരി എന്ന കലാകാരനു കഴിഞ്ഞിട്ടുണ്ട്. ആർക്കും പാവം തോന്നിപ്പിക്കുന്ന ശരീരഭാഷയും ദുർബ്ബലമെങ്കിലും ആഴമേറിയ നോട്ടങ്ങളും കട്ടപ്പിടിച്ച മൗനംപോലും അയാൾ കൃത്യമായി ഉപയോഗിച്ചിട്ടുമുണ്ട്.

കേരളസമൂഹത്തിന്റെ സഹിഷ്ണുത ഇത്ര മാത്രമേ സഹിക്കൂ എന്നുള്ള സംവിധായകന്റെ ചിന്തയാവാം ഇഴയടുപ്പമുള്ള ഒരു അനുരാഗ നിമിഷത്തിനുള്ള സാധ്യത മാത്യുവിനും തങ്കനും ഇടയിൽ മായ്‌ചു കളയുന്നത്. പക്ഷേ, അതിന്റെ അസാന്നിധ്യത്തിലും കാതൽ പൂർണ്ണമാണ്.

മാത്യു-തങ്കൻ പ്രണയവും!

തള്ളവിരലിൽ ഊന്നി നിന്നു ഫ്രെയിമിയിൽ ഇടം പിടിക്കാൻ ശ്രമിച്ചിരുന്ന ഒരു ഭൂതകാലത്ത് നിന്നും, മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന പ്രകടനത്തിലൂടെ, ഇരുവർക്കുമിടയിലെ പ്രണയത്തിന്റെ തീവ്രത സ്‌ക്രീനിൽ അതേപടി എത്തിക്കാൻ ശേഷിയുള്ള, മലയാളി പൗരുഷത്തിന്റെ വാർപ്പ് മാതൃകകൾ പൊളിച്ചെഴുതുന്ന ഒരു കഥാപാത്രമായി സുധി ബാലുശ്ശേരി എത്തി നിൽക്കുന്നു!

കലയ്ക്ക് എന്തും സാധ്യമാണ് എന്ന ചിന്തയ്ക്ക് അടിവരയിട്ടുകൊണ്ട്. പക്ഷേ, അയാൾ ഈ കഥാപാത്രത്തിനു എടുത്ത ഒരു റിസ്‌ക് കൂടി നാം കാണേണ്ടതുണ്ട്!

ഒരല്പം അങ്ങോട്ടോ ഇങ്ങോട്ടോ പാളിയിരുന്നെകിൽ അയാളുടെ കലാജീവിതം തന്നെ ഇരുളടഞ്ഞേനെ!

അയാളുടെ എഫ്ബി പ്രൊഫൈലിൽ സ്വന്തം പേരിനൊപ്പം ചേർത്തിരിക്കുന്ന, അയാൾക്ക് ഏറെ പ്രിയപ്പെട്ട അഭിനയം തന്നെ ഉപേക്ഷിക്കേണ്ടി വന്നേനെ!

സുധിയുടെ തന്നെ വാക്കുകൾ കടമെടുത്താൽ തങ്കൻ, സുധി എന്ന മനുഷ്യനും പ്രേക്ഷകർക്കും ഒരുപോലെ പുതിയ അറിവുകൾ,ധാരണകൾ ഒക്കെയും സമ്മാനിച്ച ഒരു തട്ടകം ആണ്.

മമ്മൂട്ടിയോടൊപ്പം നിരവധി നായികമാർ അഭിനയിച്ചിട്ടുണ്ട്.

പക്ഷേ, മമ്മൂട്ടിയുടെ ‘ആദ്യ ഓൺ സ്‌ക്രീൻ പുരുഷ പങ്കാളി’ എന്ന പദവി സുധി ബാലുശ്ശേരി എന്ന കലാകാരനുള്ളതാണ്. അതാകട്ടെ വർഷങ്ങൾ നീണ്ട അധ്വാനത്തിന്റേയും കലയോടുള്ള അയാളുടെ ആർത്തിയുടേയും ഫലവും!

കാതലിലെ തങ്കമാണ് തങ്കൻ, സുധിയും!

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. 
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com