പൊലീസില്‍ നിന്ന് ഭ്രഷ്ടനായപ്പോള്‍ സര്‍ക്കാര്‍ എനിക്ക് കണ്ടെത്തിയ ഇടം...; പാവം കെ.എസ്.ആര്‍.ടി.സി

സോളാറില്‍ ജസ്റ്റിസ് ശിവരാജന്റെ കണ്ടുപിടിത്തങ്ങളെത്തുടര്‍ന്ന് പൊലീസില്‍നിന്ന് ഞാന്‍ ഭ്രഷ്ടനായപ്പോള്‍ സര്‍ക്കാര്‍ എനിക്ക് കണ്ടെത്തിയ ഇടം കെ.എസ്.ആര്‍.ടി.സി ആയിരുന്നു
പൊലീസില്‍ നിന്ന് ഭ്രഷ്ടനായപ്പോള്‍ സര്‍ക്കാര്‍ എനിക്ക് കണ്ടെത്തിയ ഇടം...; പാവം കെ.എസ്.ആര്‍.ടി.സി

സോളാറില്‍ ജസ്റ്റിസ് ശിവരാജന്റെ കണ്ടുപിടിത്തങ്ങളെത്തുടര്‍ന്ന് പൊലീസില്‍നിന്ന് ഞാന്‍ ഭ്രഷ്ടനായപ്പോള്‍ സര്‍ക്കാര്‍ എനിക്ക് കണ്ടെത്തിയ ഇടം കെ.എസ്.ആര്‍.ടി.സി ആയിരുന്നു. പാവം കെ.എസ്.ആര്‍.ടി.സി. പൊലീസിലെ അയോഗ്യതയായിരുന്നോ കെ.എസ്.ആര്‍.ടി.സിയുടെ തലപ്പത്തിരിക്കാനുള്ള എന്റെ യോഗ്യത? എന്തോ അപകടം അതിലുണ്ട് എന്ന സംശയം ജനിപ്പിച്ചത് ഒരു ഫോണ്‍വിളിയാണ്. 'എന്തു സഹായവും' വാഗ്ദാനം ചെയ്തുകൊണ്ടുള്ള വിളി. 'ആപല്‍ബന്ധു'വിനെ പണ്ടെ അറിയാമെങ്കിലും ബന്ധത്തിന് ഒരു പരിധി ഞാന്‍ പാലിച്ചിരുന്നു. ഇപ്പോള്‍, ആ പരിധി കടക്കാനുള്ള ശ്രമം എന്നെനിക്കു തോന്നി. നന്ദിയോടെ, ആവശ്യമുണ്ടെങ്കില്‍ വിളിക്കാം എന്നു മറുപടി പറഞ്ഞെങ്കിലും ഞാനൊരിക്കലും വിളിച്ചില്ല. പ്രശ്‌നം അഭിമുഖീകരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍, അല്ല മനുഷ്യന്‍, തന്റെ സുഹൃത്തുക്കളെ തെരഞ്ഞെടുക്കുന്നതില്‍ സൂക്ഷിക്കണം. പ്രശ്‌നം ഇല്ലാതാകും; പക്ഷേ 'സുഹൃത്ത്' ആജീവനാന്ത പ്രശ്‌നമായി മാറാം. അതു ഞാന്‍ കണ്ടിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിയില്‍ പോകരുത് എന്നാണ് എന്റെ യഥാര്‍ത്ഥ സുഹൃത്തുക്കളും പറഞ്ഞത്. ''കെ.എസ്.ആര്‍.ടി.സി വലിയ കുഴപ്പത്തിലാണ്, സാറവിടെ പോയി അപകടത്തില്‍ ചാടും, സര്‍ക്കാരത് വിരോധം തീര്‍ക്കാന്‍ ഉപയോഗിക്കും.'' ഇങ്ങനെ പോയി ആ യുക്തി. ആ സന്ദിഗ്ധഘട്ടത്തില്‍ രണ്ടുപേര്‍ മാത്രം മറിച്ച് പറഞ്ഞു; ഒന്ന് ഭാര്യ, രണ്ട് മകന്‍. കുഴപ്പം പിടിച്ച ജോലികള്‍ കുഴപ്പമില്ലാതെ പണ്ടും ഞാന്‍ ചെയ്തിരുന്നത്രെ! ഞാന്‍ കെ.എസ്.ആര്‍.ടി.സിയില്‍ ജോയിന്‍ ചെയ്യാന്‍ തീരുമാനിച്ചു.

പൊലീസ് ആസ്ഥാനത്തെ ബഹുനില മന്ദിരത്തില്‍നിന്നു പുറത്തേയ്ക്കുള്ള പടിക്കെട്ടുകള്‍ ഓരോന്നായി ഇറങ്ങുമ്പോള്‍ ചുരുങ്ങിയ ആ ദിനങ്ങളുടെ ശേഷിപ്പായി ചിലത് മനസ്സില്‍ തങ്ങിനിന്നു. ഒന്ന് വിനായകന്‍. തൃശൂര്‍ പാവറട്ടി പൊലീസ് സ്റ്റേഷനിലെ ദുരനുഭവത്തെത്തുടര്‍ന്ന് സ്വന്തം ജീവനെടുത്ത കൗമാരക്കാരന്‍. വിനായകന്റെ അച്ഛന്‍, സലീന പ്രക്കാനവുമൊത്ത് എന്നെ കാണാന്‍ വന്നിരുന്നു. മുഖ്യമന്ത്രിയെ  കാണാന്‍ വന്നതായിരുന്നെങ്കിലും അതു നടക്കാതെ വന്നപ്പോള്‍ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ മേധാവി എന്ന നിലയില്‍ എന്റെ ഓഫീസില്‍ വന്നു. ആ അച്ഛന്‍ പറഞ്ഞത് ക്ഷമയോടെ കേട്ടു. പൊലീസ് പ്രതിസ്ഥാനത്തായിരുന്ന കേസ് നേരെചൊവ്വേ അന്വേഷിക്കാമെന്നു പറഞ്ഞു. അല്ലാതെന്തു പറയാന്‍? ശരീരത്തിനേറ്റ മുറിവിനേക്കാള്‍ മനസ്സിനേറ്റ മുറിവായിരിക്കണം ആ കുരുന്ന് ജീവന്‍ അപഹരിച്ചത്.  സലീന പ്രക്കാനം സംഭവം നന്നായി പഠിച്ചിരുന്നുവെന്നു വ്യക്തം. ഒറ്റ ചോദ്യമേ അവര്‍ ഉന്നയിച്ചുള്ളു. കേസിലെ പ്രധാനപ്പെട്ട സാക്ഷികളുടെ പേര് പറഞ്ഞിട്ട്, അവരുടെ മൊഴി കോടതിയില്‍ രേഖപ്പെടുത്താമോ എന്ന്. ഞാനത് സമ്മതിച്ചു. അത് നടപ്പാക്കുകയും ചെയ്തു. തൃശൂരില്‍ വിനായകന്റെ വീട്ടില്‍ ഞാന്‍ പോയിരുന്നു. അയാളുടെ അമ്മയേയും കണ്ടു; കേട്ടു. പൊലീസില്‍നിന്നുള്ള മാറ്റത്തോടെ ഇത്തരം അസഹ്യമായ മാനുഷിക ദുരന്തങ്ങള്‍ നേരിടുകയെന്ന ഔദ്യോഗിക ചുമതലയില്‍നിന്നു ശാശ്വതമായി മോചനം കിട്ടി. 

ക്രൈംബ്രാഞ്ചിലെ അന്നത്തെ ഉദ്യോഗസ്ഥ വിന്യാസം തീര്‍ത്തും അശാസ്ത്രീയമായിരുന്നു. കുറ്റകൃത്യങ്ങള്‍ തരംതിരിച്ച് ഉദ്യോഗസ്ഥ നിയമനം നടത്തിയപ്പോള്‍ അന്വേഷണം നടത്തേണ്ട ഡി.വൈ.എസ്.പിയും സഹപ്രവര്‍ത്തകരും ഒരു ജില്ലയിലും മേല്‍നോട്ടം നടത്തുന്ന എസ്.പി അകലെ മറ്റൊരു ജില്ലയിലുമായി. സംസ്ഥാനത്തുടനീളം ഇതായിരുന്നു അവസ്ഥ. അത് മാറ്റി,  ഓരോ ജില്ലയിലും ക്രൈംബ്രാഞ്ചിനെ എസ്.പിയുടെ ചുമതലയിലും ജില്ലയിലെ മുഴുവന്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും  ആ എസ്.പിയുടെ കീഴിലും വരുന്ന പ്രപ്പോസല്‍ നല്‍കി. അത് പിന്നീട് സര്‍ക്കാര്‍ ഉത്തരവായി. 

കെ.എസ്.ആര്‍.ടി.സിയില്‍ ജോയിന്‍ ചെയ്യുമ്പോള്‍ ഞാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. സൗഹാര്‍ദ്ദത്തോടെയാണ് അദ്ദേഹം സംസാരിച്ചത്. ''റിപ്പോര്‍ട്ടില്‍ ഒരുപാട് എഴുതിയിട്ടുണ്ട്.'' എന്നെ മാറ്റാനിടയായ സാഹചര്യം എന്ന നിലയിലായിരിക്കണം അദ്ദേഹമത് പറഞ്ഞത്. ''എഴുതും എന്നെനിക്കറിയാമായിരുന്നു'' എന്നുമാത്രം ഞാന്‍ പറഞ്ഞു. എന്നെയോ ഒപ്പമുണ്ടായിരുന്ന ഡി.വൈ.എസ്.പിമാരേയോ മാറ്റണമെന്നോ മറ്റെന്തെങ്കിലും നടപടി സ്വീകരിക്കണമെന്നോ കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നില്ലെന്നും ആ സമയം എനിക്ക് അറിയാമായിരുന്നു. അതൊന്നും പറഞ്ഞില്ല. കെ.എസ്.ആര്‍.ടി.സി ചുമതല ഏറ്റെടുക്കുന്നതില്‍ ഒരു ആശങ്ക ഉണ്ടായിരുന്നു. സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്ന ആ കോര്‍പറേഷനെ നയിക്കാന്‍ എനിക്ക് എത്രത്തോളം കഴിയും? അക്കാര്യം പറഞ്ഞ ഉടന്‍ അദ്ദേഹം പറഞ്ഞു; ''നിങ്ങള്‍ക്കത് കഴിയും.''  രണ്ടു കാര്യങ്ങള്‍ അദ്ദേഹം സൂചിപ്പിച്ചു. ഒന്നാമതായി അവിടുത്തെ സാമ്പത്തിക പ്രശ്‌നം. ഉയര്‍ന്ന പലിശയ്ക്ക് വിവിധ സ്ഥാപനങ്ങളില്‍നിന്ന് എടുത്തിരുന്ന ലോണിന്റെ സ്ഥാനത്ത് പൊതുമേഖലാ ബാങ്കുകളില്‍നിന്ന് മെച്ചപ്പെട്ട വ്യവസ്ഥയില്‍ ലോണ്‍ കണ്ടെത്തണം. പിന്നീട് ട്രേഡ് യൂണിയനുകളെപ്പറ്റി സംസാരിച്ചു. യൂണിയനുകളുമായി സംസാരമേ ഇല്ല എന്ന സമീപനം സാദ്ധ്യമല്ല. അവര്‍ പറയുന്നത് കേള്‍ക്കണം. എല്ലാം പരിഗണിച്ച് ഉചിതമായ തീരുമാനം മാനേജ്‌മെന്റ് എടുക്കണം. പുതിയ ചുമതലയില്‍ എനിക്ക് ആത്മവിശ്വാസം പകര്‍ന്നു ആ സന്ദര്‍ശനം.

ചുമതലയേറ്റ് ഒട്ടും വൈകാതെ തന്നെ കോര്‍പറേഷന്റെ സാമ്പത്തിക സ്ഥിതിയുടെ രൂക്ഷത വ്യക്തമായി. കേരളത്തിനകത്തും പുറത്തുമുള്ള പലരും കിട്ടാനുള്ള പണത്തിനായി എന്നെ വിളിക്കും. ഒരിക്കല്‍ ഹൈദ്രബാദില്‍നിന്ന് പണം കിട്ടാനുള്ള ഒരു ചെറുകിട കമ്പനി ഉടമ ഫോണിലൂടെ ദയനീയമായി സംസാരിച്ചു. പ്രായമായ ആ മനുഷ്യന്റെ അവസ്ഥ കെ.എസ്.ആര്‍.ടി.സി മേധാവിയെക്കാള്‍ കഷ്ടമാണെന്നു തോന്നി. ഞാനുടനെ ഫൈനാന്‍സിന്റെ ചുമതല വഹിച്ചിരുന്ന ഐസക് കുട്ടിയോട് ഉടന്‍ കുറച്ച് തുക നല്‍കാന്‍ പറഞ്ഞു. ഏജീസ് ഓഫീസില്‍നിന്നു വന്ന ആ ഉദ്യോഗസ്ഥന്‍ പ്രാപ്തനും സാമ്പത്തിക കാര്യങ്ങളില്‍ കര്‍ശന സ്വഭാവമുള്ള വ്യക്തിയുമായിരുന്നു. എനിക്ക് അദ്ദേഹം വലിയ സഹായമായി. ഒരോ മാസവും ജീവനക്കാരന്റെ ശമ്പളം നീളുമ്പോള്‍ ''ശമ്പളം നാളെ കിട്ടുമോ സാറേ'' എന്നുള്ള ഫോണ്‍ വിളികള്‍ വരും. ജോലിചെയ്ത ജീവനക്കാരന് ശമ്പളം അവകാശമാണ്, ഔദാര്യമല്ല. അതുകൊണ്ട് ''കിട്ടും, കിട്ടും'' എന്നു ഞാന്‍ സൗമ്യമായി ആശ്വാസവാക്ക് പറയും.  ഒരു രഹസ്യം ഇപ്പോള്‍ പറഞ്ഞുകൊള്ളട്ടെ. കെ.എസ്.ആര്‍.ടി.സിയില്‍ ജോലി നോക്കിയ ആറുമാസക്കാലം, ജീവനക്കാരുടെ ശമ്പളം നല്‍കിയ ശേഷം മാത്രം എന്റെ ശമ്പളബില്‍ സമര്‍പ്പിച്ചാല്‍ മതിയെന്ന് ഞാന്‍ സി.എ. അനിതയോട് പറഞ്ഞിരുന്നു. പ്രതീകാത്മകം എന്നതിനപ്പുറം പ്രാധാന്യം അതിനില്ല എന്നെനിക്കറിയാം.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ചില ധാരാളിത്തങ്ങള്‍ അവിടെ കണ്ടു. പ്രകൃതി വാതകം (സി.എന്‍.ജി) ഇന്ധനമായി ഉപയോഗിക്കുന്ന ഒരു ബസ് ഒരു വര്‍ഷമായി ഓടാതെ കിടക്കുന്നുണ്ടായിരുന്നു. കാരണം ലളിതം. പ്രകൃതിവാതകം വരും മുന്‍പേ കെ.എസ്.ആര്‍.ടി.സി ബസ് വാങ്ങി ഉദ്ഘാടനം നടത്തി. എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ യോഗത്തില്‍  ''ഇന്ധനമില്ലെന്ന് അറിഞ്ഞുകൊണ്ട് ബസ് വാങ്ങി കട്ടപ്പുറത്ത് വെയ്ക്കാന്‍ നിങ്ങള്‍ക്കെങ്ങനെ മനസ്സാക്ഷി അനുവദിച്ചു'' എന്ന് ഞാന്‍ ചോദിച്ചു. അവര്‍ പരസ്പരം നോക്കിയിരുന്നു. തീരുമാനമെടുത്തത് സര്‍ക്കാരാണ് എന്ന് പതുക്കെ പുറത്തുവന്നു. പല തീരുമാനങ്ങളും അടിച്ചേല്പിക്കപ്പെടുന്നതാണ് എന്ന് ക്രമേണ മനസ്സിലാക്കി. 

ഒരു ദിവസം ഉച്ചകഴിഞ്ഞ് INKEL എന്ന സ്ഥാപനത്തില്‍നിന്നും ഒരു ഉദ്യോഗസ്ഥന്‍  വന്നു. ആലപ്പുഴയില്‍ വരാന്‍ പോകുന്ന ഒരു മൊബിലിറ്റി ഹബ്ബിനെക്കുറിച്ച് അദ്ദേഹം വാചാലനായി. ഞാനാദ്യമായി കേള്‍ക്കുകയാണ്. ശ്രദ്ധയോടെ കേട്ടിരുന്നു. അവിടെ ബസ് സ്റ്റേഷന്‍ പരിസരത്ത് വലിയൊരു നിര്‍മ്മാണ പദ്ധതിയാണ്. സംഭാഷണത്തിനിടയില്‍ ചെലവ് 500 കോടി എന്നോ മറ്റോ ഞാന്‍ കേട്ടു. ഹബ്ബിന്റെ കഥ തീര്‍ന്നപ്പോള്‍ ഞാനൊരു സംശയം ചോദിച്ചു. അറച്ചറച്ചാണ് ചോദിച്ചത്. കാരണം, ഞാന്‍ മാനേജ്‌മെന്റ് വിദഗ്ദ്ധനല്ലല്ലോ. ''ചെലവ് 500 കോടി എന്നാണ് കേട്ടത്. ഇത്രയും തുക ചെലവാക്കും മുന്‍പ് നമ്മളൊരു feasibiltiy study (സാദ്ധ്യതാ പഠനം)  നടത്തേണ്ടെ.'' ഉറപ്പോടെ അദ്ദേഹം പറഞ്ഞു. ''ഒരു സ്റ്റഡിയും വേണ്ട, ഇത് feasible ഒന്നുമല്ല.'' ഞാന്‍ ഞെട്ടി. സര്‍ക്കാരില്‍ വേണ്ടപ്പെട്ടവര്‍ തീരുമാനിച്ചത്രെ. പണം കിഫ്ബിയില്‍നിന്നു വരും. 

ഊണിലും ഉറക്കത്തിലും 'വികസന സ്വപ്നം' മാത്രം കാണുന്ന ഒരുപാടാളുകള്‍ നാട്ടിലുണ്ട്. അത് നല്ലതുതന്നെ. വികസന സ്വപ്നങ്ങളുമായി ചിലര്‍ എന്നെയും സമീപിച്ചു. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനുകളില്‍ 'വെറുതെ' കിടക്കുന്ന ഭൂമി നോട്ടമിട്ടാണ് പല സ്വപ്നങ്ങളും. അവിടെ സിനിമ തിയേറ്ററോ വ്യാപാര സമുച്ചയമോ നിര്‍മ്മിക്കാമത്രേ.  ബസ് സ്റ്റേഷന്‍ എന്നാല്‍ ബസ് ഇടാനുള്ള സ്ഥലമാണ്. വികസനം കഴിയുമ്പോള്‍ ബസ് ഇടാന്‍ സ്ഥലം ഉണ്ടാകുമോ എന്നുമാത്രം ഞാന്‍ ചോദിക്കും. പല സ്വപ്നങ്ങളും അവിടെ തീര്‍ന്നു. എന്നെ വികസന വിരുദ്ധനായി കണ്ടോ എന്തോ? 

ഇലക്ട്രിക് ബസ് എന്ന ആശയം

കമ്പ്യൂട്ടറൈസേഷനുമായി ബന്ധപ്പെട്ട ഭരണനടപടികള്‍ സര്‍ക്കാര്‍ തീരുമാനങ്ങളുടെ ഉള്ളറകളിലേയ്ക്ക് വെളിച്ചം വീശുന്നതായിരുന്നു. എന്റെ മുന്‍ഗാമി കംപ്യൂട്ടറൈസേഷന്‍ ഊരാളുങ്കല്‍ സൊസൈറ്റിയെ ഏല്പിക്കാന്‍ തീരുമാനിച്ചിരുന്നതായി ഫയലില്‍ കണ്ടു. സര്‍ക്കാരില്‍നിന്നും ആ തീരുമാനത്തെ തടഞ്ഞുകൊണ്ടുള്ള  കത്തുകളും ഉണ്ടായിരുന്നു. ഗ്ലോബല്‍ ടെണ്ടര്‍ വിളിച്ചിട്ടില്ലെന്നും സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നും ഒക്കെയായിരുന്നു സര്‍ക്കാര്‍ തടസ്സം. ''ഊരാളുങ്കലിനെക്കൊണ്ടൊന്നും സാദ്ധ്യമാകുന്നതല്ല ഈ കംപ്യൂട്ടറൈസേഷന്‍; അതിന് അന്താരാഷ്ട്ര വൈദഗ്ദ്ധ്യം  വേണം'' എന്നൊക്കെ മന്ത്രിയുടെ ഓഫീസിലെ ഒരു പ്രമുഖന്‍ എന്നോട് പറഞ്ഞു. ബോംബെ ആസ്ഥാനമായ ഒരു കമ്പനിയെ ഈ ചുമതല ഏല്പിക്കണമെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ താല്പര്യം എന്ന് അണിയറയിലും കേട്ടിരുന്നു. ഇതിനിടെ ഗതാഗതമന്ത്രി മാറി. കുറേ കഴിഞ്ഞപ്പോള്‍ വീണ്ടും ഗതാഗതവകുപ്പിന്റെ കത്ത്. ഇക്കുറി കംപ്യൂട്ടറൈസേഷന്‍ ഊരാളുങ്കലിനെ ഏല്പിക്കണം എന്നായി. പഴയ ഗ്ലോബല്‍ ടെണ്ടര്‍, സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്‍  എല്ലാം സര്‍ക്കാര്‍ മറന്നിരുന്നു. മറവിരോഗം എന്നെ ബാധിച്ചിട്ടില്ലാതിരുന്നതുകൊണ്ട് സര്‍ക്കാരിന്റെ പരസ്പരവിരുദ്ധമായ നിലപാട് ചൂണ്ടിക്കാട്ടി  തിരികെ കത്ത് നല്‍കി. ഞാന്‍ മാറുന്നതുവരെ പിന്നെ ഒന്നും സംഭവിച്ചില്ല. 

ഇലക്ട്രിക് ബസ് ഗംഭീരമാണെന്ന ആശയം അന്ന് അന്തരീക്ഷത്തില്‍ ഉണ്ടായിരുന്നു. സാധാരണ ബസിന്റെ എത്രയോ ഇരട്ടി വില, ഒരു സാധാരണ ബസിനെക്കാള്‍ വിലവരുന്ന അതിന്റെ ബാറ്ററി എത്ര കാലം പ്രവര്‍ത്തിക്കും, ഇങ്ങനെ ചില ഉല്‍ക്കണ്ഠകള്‍ ഉണ്ടായിരുന്നു. യാത്രാസുഖം മെച്ചം, മലിനീകരണം കുറവ് ഇങ്ങനെ പോയി അനുകൂല വാദങ്ങള്‍. കോര്‍പറേഷനെ സാമ്പത്തികമായി കൂടുതല്‍ ദുര്‍ബ്ബലപ്പെടുത്തുന്ന ഒരു ചുവട്വയ്പും  പാടില്ല എന്നതായിരുന്നു വികസന, മാനേജ്‌മെന്റ് വിഷയങ്ങളില്‍ അവിദഗ്ദ്ധനായ എന്റെ കര്‍ശന നിലപാട്. അതുകൊണ്ട് ഇലക്ട്രിക് ബസിനോട് എനിക്ക് ആഭിമുഖ്യം തോന്നിയില്ല.  

തുടക്കത്തില്‍ തന്നെ കോര്‍പറേഷന്റെ ചെയര്‍മാന്‍ കൂടിയായിരുന്ന ഞാനും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ഉള്‍പ്പെട്ട ഒരു തര്‍ക്കം ഉടലെടുത്തു. ബോര്‍ഡ് അംഗങ്ങള്‍, ഓരോ മേഖലയിലും പോയി ഉദ്യോഗസ്ഥ യോഗം നടത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ഒരേര്‍പ്പാട് അക്കാലത്ത് തുടങ്ങിയിരുന്നു. അത് ചട്ടങ്ങള്‍ക്കു വിരുദ്ധമാണ് എന്നുമാത്രമല്ല, പ്രായോഗികമായി കോര്‍പറേഷന്റെ നടത്തിപ്പിനു ദോഷകരവുമാണെന്ന ബോദ്ധ്യത്തില്‍, അത് തടഞ്ഞുകൊണ്ട് ഞാന്‍ ഉത്തരവിറക്കി. എന്റെ ആദ്യത്തെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഈ ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യം അംഗങ്ങള്‍ ശക്തിയായി ഉന്നയിച്ചു. എന്റെ ഉത്തരവ് വലിയ അവഹേളനമായി പോയത്രെ. നിയമാനുസൃതമാണ് ഉത്തരവ് എന്നതില്‍ ഞാന്‍ ഉറച്ചുനിന്നു. ഇരുപക്ഷവും ഉറച്ചുനിന്നതോടെ ചര്‍ച്ച ഒരുപാട് നീണ്ടു. അവസാനം അവര്‍ വഴങ്ങി. നിലപാടില്‍ ഉറച്ചുനിന്നെങ്കിലും ചര്‍ച്ചയില്‍ പ്രതിപക്ഷ ബഹുമാനം പുലര്‍ത്താതെ ഒരു വാക്കുപോലും ഞാന്‍ പറഞ്ഞില്ല. അതുകൊണ്ടാകണം, ബോര്‍ഡ് അംഗങ്ങളുമായി നല്ല ബന്ധം നിലനിര്‍ത്താനായത്. ആ വിഷയത്തില്‍ ശക്തമായി വാദിച്ച സി.പി.എം നേതാവ് സി.വി. വര്‍ഗ്ഗീസ്, ഞാന്‍ സര്‍വ്വീസില്‍നിന്നു വിരമിക്കുന്ന ഘട്ടത്തില്‍ എന്നെ ഫോണ്‍ ചെയ്ത് സ്‌നേഹപൂര്‍വ്വം ആശംസിച്ചപ്പോള്‍ സന്തോഷം തോന്നി. 

അക്കാലത്ത് പ്രതിദിനം ഞങ്ങള്‍ക്ക് ഏതാണ്ട് 30 ലക്ഷത്തോളം യാത്രക്കാരുണ്ടായിരുന്നു. എവിടയെങ്കിലും യാത്രക്കാരും സ്റ്റാഫും ഉള്‍പ്പെട്ട പ്രശ്‌നമുണ്ടായാല്‍ അത് വലിയ വാര്‍ത്ത ആയിരുന്നു. പാലായില്‍നിന്ന് കണ്ണൂര്‍ക്കു പോയ മിന്നല്‍ ബസ് അര്‍ദ്ധരാത്രിയോടെ വടകര എത്തിയപ്പോള്‍ ഒരു പെണ്‍കുട്ടിക്ക് ഇറങ്ങണമായിരുന്നു. അവിടെ സ്റ്റോപ്പ് ഇല്ലാതിരുന്നതിനാല്‍ ബസ് നിര്‍ത്തിയില്ല. ആരോ ഫോണ്‍ ചെയ്തതനുസരിച്ചെത്തിയ പൊലീസ്, ബസ് തടഞ്ഞ് കുട്ടിയെ ഇറക്കി. അര്‍ദ്ധരാത്രി പെണ്‍കുട്ടിക്കു ബുദ്ധിമുട്ടുണ്ടാക്കിയ ജീവനക്കാരുടെ നടപടി വിമര്‍ശിക്കപ്പെട്ടു. ചട്ടമനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്ന് ജീവനക്കാര്‍ ന്യായീകരിച്ചു. നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതിന്റെ പ്രായോഗിക പ്രശ്‌നങ്ങളെക്കുറിച്ച്  ജീവനക്കാരെ ബോധവല്‍ക്കരിക്കാന്‍, എ.ജി ഗാര്‍ഡിനറുടെ വിഖ്യാത ഉപന്യാസം, 'അഹഹ മയീൗ േമ റീഴ' (എല്ലാം ഒരു പട്ടിയെച്ചൊല്ലി) അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആയിരുന്ന ശ്രീകുമാറിനെക്കൊണ്ട് മലയാളത്തിലാക്കി, എല്ലാ പേര്‍ക്കും അയച്ചുകൊടുത്തു. ''നിയമം യാത്രക്കാരെ ബുദ്ധിമുട്ടിക്കരുത്, അതിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളണം, നിയമത്തില്‍ അല്പം നന്മയും സഹിഷ്ണുതയും കൊണ്ടുവരണം'' എന്നീ സന്ദേശങ്ങള്‍ അതില്‍ സുവ്യക്തമായിരുന്നു. ആ സന്ദേശം എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ബാധകമാണെന്ന് മാതൃഭൂമി മുഖപ്രസംഗം എഴുതി.

സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്ന കോര്‍പറേഷന്റെ വരുമാന വര്‍ദ്ധനയ്ക്ക് പരമാവധി ബസുകള്‍ സര്‍വ്വീസ് നടത്തണമെന്ന് ആര്‍ക്കും മനസ്സിലാകും. അന്ന് ആവശ്യത്തിന് ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഉണ്ടായിരുന്നെങ്കിലും അവരുടെ വിന്യാസത്തില്‍ ഒരു പ്രശ്‌നമുണ്ടായിരുന്നു. ഡ്രൈവര്‍മാര്‍ അധികവും വടക്കന്‍ ജില്ലക്കാരും കണ്ടക്ടര്‍മാര്‍ തെക്കന്‍ ജില്ലക്കാരുമായിരുന്നു. അതിനാലാകണം ഓടാന്‍ ബസുണ്ടായിട്ടും ചില വടക്കന്‍ ജില്ലകളില്‍ കണ്ടക്ടര്‍ ഇല്ലാതേയും തെക്കന്‍ ജില്ലകളില്‍ ഡ്രൈവര്‍ ഇല്ലാതേയും ബസ് ഓടാത്ത അവസ്ഥയുണ്ടായിരുന്നു. ഇത് പരിഹരിക്കാന്‍ ആവശ്യമായ സ്ഥലംമാറ്റം നടത്തിയ ഘട്ടത്തില്‍ ചെറിയ എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും അത് വിജയിച്ചില്ല. 

എനിക്ക് അഭിമുഖീകരിക്കേണ്ടിവന്ന രൂക്ഷമായ മാനുഷിക പ്രശ്‌നമായിരുന്നു പെന്‍ഷന്‍കാരുടേത്. അന്ന് അഞ്ചുമാസമായി പെന്‍ഷന്‍ കുടിശ്ശികയുണ്ടായിരുന്നു. വാര്‍ദ്ധക്യകാലത്ത് പ്രതീക്ഷിക്കുന്ന വരുമാനം ഇല്ലാതാകുന്നതിന്റെ ബുദ്ധിമുട്ട്  വലുതാണല്ലോ. അക്കാര്യം ഞാന്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചു. കോര്‍പറേഷന്‍ എന്തൊക്കെ ചെയ്താലും, പെന്‍ഷന്‍ നല്‍കുവാനുള്ള സാമ്പത്തിക ഭദ്രത കൈവരിക്കുക അസാദ്ധ്യമായിരുന്നു. അതുകൊണ്ട് ആ ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നായിരുന്നു എന്റെ അഭിപ്രായം. അദ്ദേഹം അതിനോട് യോജിച്ചുകൊണ്ട് ഒരു പ്രായോഗിക പ്രശ്‌നം സൂചിപ്പിച്ചു. ഒരു കോര്‍പറേഷന്റെ കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നയം മറ്റിടങ്ങളിലും ആവശ്യപ്പെടും. പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് അതു പരിഹരിക്കാന്‍ അദ്ദേഹം നടത്തിയ ഇടപെടലില്‍ വലിയ സന്തോഷം തോന്നി. കോ-ഓപ്പറേറ്റീവ് സൊസൈറ്റികളില്‍നിന്ന് വായ്പയെടുത്ത് പെന്‍ഷന്‍ നല്‍കിയ ശേഷം സര്‍ക്കാര്‍ തിരിച്ചടയ്ക്കുന്ന സംവിധാനം അങ്ങനെയാണ് ആരംഭിച്ചത്.

ദൈനംദിന പ്രശ്‌നങ്ങളുടെ തിരക്കിനിടയിലും എന്റെ ശ്രദ്ധ കേന്ദ്രീകരിച്ച വിഷയം സാമ്പത്തിക അടിത്തറ മെച്ചപ്പെടുത്തുക എന്നതായിരുന്നു. പൊതുമേഖലാ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് ദീര്‍ഘകാലാടിസ്ഥാനത്തില്‍ കുറഞ്ഞ പലിശയ്ക്ക് ലോണ്‍ കണ്ടെത്തുവാനായിരുന്നു ശ്രമം. എസ്.ബി.ഐ ക്യാപിറ്റല്‍ എന്ന പ്രമുഖ സ്ഥാപനത്തിന്റെ പഠനറിപ്പോര്‍ട്ട് നേരത്തേ കിട്ടിയിരുന്നു.  അതിലെ ഉദ്യോഗസ്ഥരുമായി ഞാന്‍ മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍, ഹൈദ്രബാദ് തുടങ്ങിയ നഗരങ്ങളില്‍ പോയി വിവിധ ബാങ്കുമേധാവികളെ കണ്ടു. അവരോടെല്ലാം പൊതുഗതാഗതത്തിന് കേരളസര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യത്തെക്കുറിച്ച് ഞാന്‍ വാചാലനായി. അതുകൊണ്ടാണ് ഡി.ജി.പിയായ എന്നെ ഈ ചുമതല ഏല്പിച്ചതെന്നും തട്ടിവിട്ടു. ഭാഗ്യത്തിന്, സോളാര്‍ അല്ലെ കാരണമെന്ന് ആരും ചോദിച്ചില്ല. ഇരുപത് വര്‍ഷംകൊണ്ട് തിരികെ അടച്ചുതീര്‍ക്കും; പലിശ നിരക്ക് 09 ശതമാനം. ഓരോ ദിവസത്തേയും കോര്‍പറേഷന്റെ വരുമാനത്തില്‍നിന്ന് ആനുപാതികമായി തുക ബാങ്കിലേയ്ക്ക് പോകും. ഇതായിരുന്നു ലോണ്‍ വ്യവസ്ഥ. ഇരുപത് വര്‍ഷം എന്നത് വളരെ നീണ്ട കാലാവധി എന്നതായിരുന്നു ബാങ്കുകളുടെ തടസ്സം. ഗവണ്‍മെന്റ് ഗ്യാരണ്ടി എന്നതിലാണ് എന്റെ ഊന്നല്‍. വിവിധ ബാങ്കുകളില്‍ നിര്‍ണ്ണായക ചുമതലയുള്ളവരോട് ഉദ്യോഗസ്ഥ തലങ്ങളില്‍നിന്ന് അനുകൂല തീരുമാനം എടുപ്പിക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തിയിരുന്നു. ചീഫ് സെക്രട്ടറി പോള്‍ ആന്റണി വലിയ കരുത്തായിരുന്നു. ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി ജ്യോതിലാലും ധനകാര്യ സെക്രട്ടറി മനോജ് ജോഷിയും  ഏറെ സഹായിച്ചു. ലോണ്‍ തേടിയുള്ള ഈ യാത്രയിലുടനീളം മിതവ്യയം എന്ന എന്റെ നയത്തോട് എസ്.ബി.ഐ ക്യാപിറ്റലില്‍നിന്നും ഒപ്പം വന്ന ഹരികൃഷ്ണന്‍, ശരവണന്‍ എന്നീ ഉദ്യോഗസ്ഥരും ആത്മാര്‍ത്ഥമായി സഹകരിച്ചു. ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാന്‍ ബുദ്ധിമുട്ടുന്ന ദരിദ്രമായ കോര്‍പറേഷന്റെ സമ്പന്നനായ ചെയര്‍മാനാകാന്‍ ഞാനാഗ്രഹിച്ചില്ല. 

ബാങ്ക് ലോണ്‍ നീക്കം തകര്‍ക്കുവാനുള്ള ആസൂത്രിത ശ്രമവും ചില സ്വകാര്യബസ് ഉടമകളുടെ ഭാഗത്തുനിന്നും ഉണ്ടായി. യഥാസമയം അതിന്റെ വിവരങ്ങള്‍ മനസ്സിലാക്കി തടയാന്‍ കഴിഞ്ഞു. ഏകദേശം 3000 കോടി രൂപയാണ് ബാങ്ക് കണ്‍സോര്‍ഷ്യം വഴി കണ്ടെത്തേണ്ടിയിരുന്നത്. പല ബാങ്കുകളും സഹകരിക്കാന്‍ മടിച്ചെങ്കിലും എസ്.ബി.ഐ മുന്നില്‍ നിന്നതുകൊണ്ടും കാനറാബാങ്കും മറ്റും സഹകരിച്ചതുകൊണ്ടും മാര്‍ച്ച് പകുതി കഴിഞ്ഞപ്പോള്‍ നമ്മള്‍ ലക്ഷ്യത്തോടടുത്തു.  സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31-ന് മുന്‍പ് നടപടി പൂര്‍ത്തിയാക്കണമെങ്കില്‍ കടമ്പകള്‍ ഒരുപാട് കടക്കേണ്ടിയിരുന്നു. ആദ്യപടിയായി സര്‍ക്കാരില്‍നിന്ന് പണം കണ്ടെത്തി നിലവിലുള്ള വായ്പകള്‍ അടച്ചുതീര്‍ക്കണം. അതിനുശേഷമേ കണ്‍സോര്‍ഷ്യത്തില്‍നിന്നും ലോണ്‍ ലഭിക്കുകയുള്ളു. ആ തുക തിരികെ സര്‍ക്കാരിലെത്തും. ഇതില്‍ എവിടെ എങ്കിലും വീഴ്ച ഉണ്ടായാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനു ബുദ്ധിമുട്ടുണ്ടാകും. സര്‍ക്കാരിന് അതൊരു വലിയ പ്രതിസന്ധി ആകും. ആ അവസ്ഥയില്‍ ലോണ്‍ നടപടികള്‍ മാറ്റിവയ്ക്കാം എന്ന സമീപനം സര്‍ക്കാര്‍ തലത്തില്‍ തന്നെ ഉണ്ടായി. മാറ്റിവച്ചാല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തിലേയ്ക്ക് കടക്കും എന്നതിനാല്‍ ബാങ്കുകള്‍ക്ക് ലോണ്‍ വിഷയം വീണ്ടും പരിശോധിക്കേണ്ടിവരും. റിസര്‍വ്വ് ബാങ്ക് നിയന്ത്രണങ്ങള്‍ ഏറിവരുന്ന ആ സമയത്ത് ലോണ്‍ ലഭ്യത ബുദ്ധിമുട്ടാകും എന്നും വ്യക്തമായിരുന്നു. ലോണ്‍ നടപടി മാറ്റിവയ്ക്കേണ്ടിവരും എന്നായപ്പോള്‍ എനിക്ക് കടുത്ത നിരാശ തോന്നി.

ആ ഘട്ടത്തില്‍ രക്ഷയ്‌ക്കെത്തിയത് മുഖ്യമന്ത്രി ആയിരുന്നു. നിയമസഭാ മന്ദിരത്തില്‍ അദ്ദേഹം മുഴുവന്‍ പേരെയും വിളിച്ചുകൂട്ടുമ്പോള്‍ സാമ്പത്തിക വര്‍ഷം തീരാന്‍ നാലു ദിവസമേ ബാക്കിയുള്ളു. അതിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കണ്‍സോര്‍ഷ്യം ലോണ്‍ വാങ്ങിക്കൂടേ? അദ്ദേഹം ചോദിച്ചു. എന്റെ മനസ്സില്‍ വീണ്ടും പ്രതീക്ഷ. മുഖ്യമന്ത്രിയുടെ മുന്നില്‍വെച്ച് തന്നെ, ഞാന്‍, എന്നോടൊപ്പം ലോണ്‍ യാത്രകളില്‍ പങ്കാളിയായിരുന്ന എസ്.ബി.ഐ ക്യാപിറ്റലിലെ ഹരികൃഷ്ണനെ വിളിച്ചു. മുഖ്യമന്ത്രി ചോദിച്ച കാര്യം അദ്ദേഹത്തോട് ചോദിച്ചു. എന്നെപ്പോലെ അയാള്‍ക്കും പ്രതീക്ഷയുണര്‍ന്നു. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി പോള്‍ ആന്റണിയോട് ''നിങ്ങളെല്ലാം കൂടി ഇവിടെയിരുന്ന് വിളിക്കേണ്ടവരെയെല്ലാം വിളിക്കൂ. ഞാന്‍ അസംബ്ലിയില്‍ കയറിയിട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞ് വരാം'' എന്നു പറഞ്ഞ് സഭയിലേയ്ക്ക് പോയി. മുഖ്യമന്ത്രി തിരികെ വരുമ്പോഴേയ്ക്കും ഒത്തുപിടിച്ചാല്‍ നടപ്പാക്കാനാകും എന്ന അവസ്ഥയിലെത്തിയിരുന്നു. മാര്‍ച്ച് 31-ന് ബാങ്കുകളുമായി കണ്‍സോര്‍ഷ്യം ലോണില്‍ ഒപ്പിടാന്‍ എനിക്കു കഴിഞ്ഞത് കെ.എസ്.ആര്‍.ടി.സിയും ഗതാഗതവകുപ്പും ധനകാര്യവകുപ്പും ഉള്‍പ്പെടെ  ഭരണയന്ത്രം ഒരുമയോടെ ചലിച്ചതുകൊണ്ടാണ്. മാസംതോറും ശരാശരി അറുപത് കോടി രൂപ കോര്‍പറേഷന് അധികമായി ലഭിക്കും എന്നതായിരുന്നു ആ നടപടിയുടെ പ്രാധാന്യം. 

ഇത് പൂര്‍ത്തിയായി ദിവസങ്ങള്‍ക്കുള്ളില്‍ മുഖ്യമന്ത്രി എനിക്ക് മാറ്റത്തിന്റെ സൂചന നല്‍കി. കെ.എസ്.ആര്‍.ടി.സിയോട് വിടപറയുമ്പോള്‍ ചില കൊച്ച് കൊച്ച് കാര്യങ്ങള്‍ ചെയ്യാനായി എന്ന തോന്നല്‍ ബാക്കിയായി. കേരളത്തിന്റെ പൊതുഗതാഗത രംഗത്ത് വലിയ സേവനം നല്‍കുന്ന ആ വിഭാഗത്തെ പലപ്പോഴും അവരര്‍ഹിക്കാത്ത ആക്ഷേപത്തിനു വിധേയമാക്കുമ്പോള്‍ വേദന തോന്നാറുണ്ട്.

(തുടരും)

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com