കസേരയിലിരുന്ന് കടുപ്പം പോരാ, മധുരം ഇത്തിരികൂടി എന്നു തട്ടിവിടാന്‍ മലയാളി പുരുഷനുള്ള വൈഭവം ഒന്നു വേറെ തന്നെയാണ്...

എത്ര ഉന്നതപദവിയിലിരിക്കുന്ന സ്ത്രീക്കും കേരളത്തില്‍ വീട് എന്നത് എവിടെയും ഇറക്കിവെക്കാന്‍ കഴിയാത്ത ഒരു 'തലച്ചുമടാണ്' എന്നത്, മലയാളി സ്ത്രീ അനുഭവിക്കുന്ന ഉള്ളുരുക്കമാണ് അനുഭവപ്പെടുത്തുന്നത്
കസേരയിലിരുന്ന് കടുപ്പം പോരാ, മധുരം ഇത്തിരികൂടി എന്നു തട്ടിവിടാന്‍ മലയാളി പുരുഷനുള്ള വൈഭവം ഒന്നു വേറെ തന്നെയാണ്...

ഡോ. ആര്‍. ബിന്ദു പറഞ്ഞ ഇപ്പോള്‍ പ്രശസ്തമായ ആ ഇംഗ്ലീഷ് വാചകത്തിന്റെ ഉള്ളടക്കം മലബാറില്‍ ഇരുന്നു ചിന്തിക്കുമ്പോള്‍ ഇതാണ്: ''ഞാന്‍ ഏട പോകുമ്പോഴും എന്റെ പുരയെക്കൂടി തലയിലെടുക്കുന്നു.''
വീടുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങളില്‍ അത്രമേല്‍ ഒട്ടിപ്പിടിച്ചവരാണ് സ്ത്രീകള്‍, ഏതു വലിയ ചുമതല വഹിക്കുന്നവര്‍ക്കും അത് ഒരു യാഥാര്‍ത്ഥ്യമാണ്.

എത്ര ഉന്നതപദവിയിലിരിക്കുന്ന സ്ത്രീക്കും കേരളത്തില്‍ വീട് എന്നത് എവിടെയും ഇറക്കിവെക്കാന്‍ കഴിയാത്ത ഒരു 'തലച്ചുമടാണ്' എന്നത്, മലയാളി സ്ത്രീ അനുഭവിക്കുന്ന ഉള്ളുരുക്കമാണ് അനുഭവപ്പെടുത്തുന്നത്. സ്ത്രീകളെ 
സംബന്ധിച്ചിടത്തോളം ഇത്രയധികം ആന്തരിക യാതനകള്‍ അടയാളപ്പെടുത്തുന്ന ഒരിടം വേറെയില്ല. ഒരിക്കല്‍ ഈ ലേഖകന്‍ ഒരു ബി.എഡ് സെന്ററിലെ കുട്ടികളുമായുള്ള സംവാദത്തില്‍ വളരെ ലളിതവും വിനീതവുമായ ഒരു ചോദ്യമുന്നയിച്ചു. ആണ്‍ പഠിതാക്കളോടായിരുന്നു ചോദ്യം:

''നിങ്ങള്‍ എത്ര പേര്‍ അമ്മയ്ക്ക് അല്ലെങ്കില്‍ പെങ്ങള്‍ക്ക് ജീവിതത്തില്‍ കട്ടന്‍ ചായ ഉണ്ടാക്കി കൊടുത്തിട്ടുണ്ട്?'' സത്യത്തില്‍ ഒരു കൈപോലും അവിടെ അന്നു പൊങ്ങിയില്ല. ഒരു പെണ്‍കുട്ടി എണീറ്റ് പറഞ്ഞു: ''അവളും അമ്മയും ഒരേ ദിവസം പനി പിടിച്ചു കിടന്നപ്പോള്‍ അവളുടെ വീട്ടിലുണ്ടായിരുന്ന ആങ്ങള രാവിലെ ചായ പകര്‍ന്നുകൊടുക്കുമെന്നു വിചാരിച്ചു. അതു സംഭവിച്ചില്ല. പകരം അവന്‍ പറഞ്ഞത് ഇതായിരുന്നു: ''ഈ നശിച്ച പനി അമ്മയ്ക്കും മോള്‍ക്കും വന്നത് ഒരേ ദെവസമാണല്ലൊ. ഇന്ന് പട്ടിണി തന്നെ!''

എല്ലാവരും നിശ്ശബ്ദരായി അതു കേട്ടിരുന്നു. എല്ലാ വീടുകളിലും അന്യോന്യം ചൂട് പകരാത്ത ഇതേ അവസ്ഥ അല്ലായിരിക്കാം. എന്നാലും ഇതാണ് മിക്കവാറും വീടുകളിലും സംഭവിക്കുന്നത്. അടുപ്പെരിയണമെങ്കില്‍ സ്ത്രീ വേണം. സംശയമുള്ളവര്‍ മാധവിക്കുട്ടിയുടെ 'നെയ്പായസം' എന്ന കഥ ഒന്നുകൂടി എടുത്തു വായിക്കുക. അതിലെ കുട്ടികളുടെ അമ്മ, 'മലയാളീ അമ്മ' പ്രതിനിധാനങ്ങളില്‍ ഏറ്റവും സത്യസന്ധമായ ഒരു ആള്‍രൂപമാണ്. അതുമല്ലെങ്കില്‍ മാധവിക്കുട്ടിയുടെ 'കോലാട്' എന്ന കഥ വായിച്ചാലും മലയാളീ സ്ത്രീകള്‍ വീട്ടില്‍/അടുക്കളയില്‍ എല്ലുരുകി തിളക്കുന്നത് എവ്വിധമാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. സാമ്പാറായാലും ചായയായാലും തിളപ്പിക്കാന്‍ സ്ത്രീ തന്നെ വേണം. ഒരു കസേരയിലിരുന്ന് അധോവായുവുമിട്ട് കടുപ്പം പോരാ, മധുരം ഇത്തിരികൂടി എന്നു തട്ടിവിടാന്‍ മലയാളി പുരുഷനുള്ള വൈഭവം ഒന്നു വേറെ തന്നെയാണ്. വീടിന്റെ ഭാരം, അതിന്റെ അടുക്കള നടത്തിപ്പുമായി ബന്ധപ്പെട്ട നാനാവിധം ചുമതലാ പിരിമുറുക്കങ്ങള്‍ പേറുന്നത് സ്ത്രീയാണ്.

ഇനി നമുക്കു കാഴ്ചയിലും പാട്ടിലും ചുവടുവെപ്പുകളിലും ഈയിടെ എത്രയോ ഹൃദ്യമായ അനുഭവം പകര്‍ന്ന 'സുലൈഖ മന്‍സില്‍' എന്ന സിനിമയിലേക്കു പോകാം. അഷ്റഫ് ഹംസ സംവിധാനം ചെയ്ത 'സുലൈഖ മന്‍സില്‍' ഹോം, ഹൗസ് തുടങ്ങിയ വേര്‍തിരിവുകള്‍ക്കപ്പുറം ആ വീട് ഒരു 'മലബാര്‍ മാപ്പിള പുരയായി' മാറുന്നത് കാണാം. കേരളത്തില്‍നിന്നു തൊഴില്‍ തേടി ഗള്‍ഫിലേക്കു പോയ മനുഷ്യര്‍, ആദ്യകാലത്ത് പ്രവാസികള്‍ എന്നും ഇപ്പോള്‍ എന്‍.ആര്‍.ഐ എന്നും വിളിപ്പേരുമുള്ള ഗള്‍ഫ് തൊഴിലാളികളായ മുസ്ലിങ്ങള്‍ അവരെടുക്കുന്ന വീടുകള്‍ക്ക് ഉമ്മയുടേയോ ഭാര്യയുടെയോ പേരോടൊപ്പം 'മന്‍സില്‍' കൂടി ചേര്‍ത്ത് ഭാഷയില്‍ മാത്രമല്ല, വീടുകള്‍ക്കും പുതിയ ചമല്‍ക്കാരങ്ങള്‍ തീര്‍ത്തു.

കടല്‍ കടന്ന മനുഷ്യര്‍ എടുപ്പിലും നടപ്പിലും ഇന്നാട്ടില്‍ പുതിയ തുറവികളുണ്ടാക്കി. മുസ്ലിം സ്ത്രീ പേര്‍ ചേര്‍ത്ത് എത്രയോ 'മന്‍സിലുകള്‍' കേരളത്തിലുണ്ട്. 'ഞാനെവിടെ പോകുമ്പോഴും എന്റെ പൊര കൂടി തലയിലുണ്ട്' എന്നു ചിന്തിച്ചു തുടങ്ങിയതും അതിന് അടിത്തറ പാകിയതും പ്രവാസികള്‍ എന്നു പറയാവുന്ന മലയാളി പുരുഷന്മാരാണ്. പുറംലോകത്ത് അവര്‍ അവരുടേതായ അടുക്കളകള്‍ തീര്‍ത്തു. 'നള പാചകം' യഥാര്‍ത്ഥത്തില്‍ പുലര്‍ന്നത് ഗള്‍ഫ് മലയാളികള്‍ക്കിടയിലാണ്. അതില്‍ മുസ്ലിം പ്രതിനിധാനം ഏറെ വലുതുമാണ്. ഫാത്തിമ മന്‍സില്‍, റുഖിയ മന്‍സില്‍, ആമിന മന്‍സില്‍, സുലൈഖാ മന്‍സില്‍-ഇങ്ങനെ മനസ്സില്‍ പാര്‍ത്ത സ്ത്രീകളുടെ പേരില്‍ വീടുകള്‍ എടുത്ത് അവരെയവിടെ പാര്‍പ്പിച്ചുകൊണ്ട് ആണ്‍ മുസ്ലിങ്ങള്‍ ഫ്യൂഡല്‍ ജന്മിത്തത്തോടും സവര്‍ണ്ണ ഭൂതകാല പരിവേഷങ്ങളോടും കണക്കുതീര്‍ത്തു.

'സുലൈഖാ മന്‍സിലി'ലിലെ ഹാല പര്‍വീണിന്റെ ആങ്ങള സമീര്‍, ഗള്‍ഫിലിരുന്ന് ചിന്തിക്കുന്നത് ഇന്നാട്ടിലെ വീടിനെക്കുറിച്ചാണ്. ഒരു കാലം വരെ, ഇതരനാടുകളില്‍ ജോലിക്കു പോയ മലയാളി പുരുഷന്മാര്‍ തലയില്‍ കൊണ്ടുനടന്ന ഭാരമായിരുന്നു, വീട്. സുലൈഖാ മന്‍സിലിലെ ഹാലയ്ക്കും അവളുടെ പുതിയാപ്പിള അമീനുമിടയില്‍ ജീവിതം മനോഹരമായി തുള്ളിച്ചാടുന്ന രണ്ടു വീടുകള്‍ ഉണ്ട്. ഒരു ദു:ഖപുത്രിയാണെങ്കിലും ഹാല, കല്യാണവീട്ടിലെ പാട്ടുകൂട്ടത്തിലിമ്പം കണ്ടെത്തുന്നു. എന്തുകൊണ്ട് അതു സാധിക്കുന്നു? ആ വീടിന്റെ ഭാരം അവള്‍ ചുമക്കുന്നില്ല. ഡോ. ആര്‍. ബിന്ദുവിന്റെ തലമുറയില്‍നിന്നു വ്യത്യസ്തമായി, പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ സ്വന്തം വീടിനെ ഒരു തലച്ചുമടായി പോകുന്നിടത്തെല്ലാം കൊണ്ടുനടക്കാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ സ്വന്തം സ്വാതന്ത്ര്യങ്ങളെ കണ്ടെത്തുകയും നിര്‍വ്വചിക്കുകയും ചെയ്യുന്നു. ആ സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥവും സമ്മതവും തേടിയാണ് വരന്‍ അമീന്‍, തലേന്നു രാത്രി 'ഒളിച്ചു മാരനാ'യി ഹാലയുടെ വീടിന്റെ മതില്‍ ചാടി വരുന്നത്. നിക്കാഹിന് ഉസ്താദ് അവളുടെ സമ്മതം പരസ്യമായി ചോദിക്കുന്നു. (അതിശയോക്തിപരമാണ് ആ രംഗം/പന്തലിട്ടതിനുശേഷം പരസ്യമായി ഇങ്ങനെ പെണ്‍സമ്മതം ചോദിക്കുന്ന പതിവ് മുസ്ലിം കല്യാണങ്ങളില്‍ ഇല്ല).

അപ്പോള്‍ ഡോ. ആര്‍. ബിന്ദു പറഞ്ഞത് രണ്ടു കാലങ്ങളിലും രണ്ടു തലങ്ങളിലും നാം കാണേണ്ടതുണ്ട്. മാധവിക്കുട്ടിയുടെ 'നെയ്പായസ'ത്തിലെ ആ അമ്മത്തലമുറ മാറുകയാണ്. അല്ലെങ്കില്‍ മറ്റൊരു കഥയിലെ അമ്മയെപ്പോലെ കോലം കെട്ട 'കോലാടു'കളാവാന്‍ അവര്‍, പുതിയ കാലത്തെ ഹാലമാര്‍ ആഗ്രഹിക്കുന്നില്ല. തുല്യത എന്ന സങ്കല്പം എല്ലാ മനുഷ്യരിലേക്കും മന്‍സിലുകളിലേക്കും കടന്നുവരികയാണ്. ജില്‍ ജില്‍ ചുവടുകളുമായി അവര്‍ വീടുകളെ മാറ്റുന്നു. വീട് ഒരു ആശയമായി മാറുന്നു. 

വീട്ടില്‍ മാത്രമല്ല, സ്ത്രീകള്‍ ഇങ്ങനെ തുറന്ന ഇടങ്ങളിലും നിര്‍ഭയരായി സംസാരിക്കുമ്പോള്‍ അതിനെ ചിലര്‍ പ്രതിരോധിക്കുന്നത് എങ്ങനെയാണ്?

ബഷീര്‍ പറഞ്ഞ ആഖ്യ, ആഖ്യാതം തുടങ്ങിയ ബഡായികളുമായി അവര്‍ അപ്പോള്‍ വരും. ഒരു സ്ത്രീയുടെ, ഇപ്പോഴും സ്ത്രീകള്‍ അനുഭവിക്കുന്ന ഉള്ളുരുക്കങ്ങള്‍ സത്യന്ധമായി ഉള്ളു തുറന്നുപറഞ്ഞ ഡോ. ആര്‍. ബിന്ദുവിനെ കൂവിത്തോല്‍പ്പിക്കുന്നത് പല തട്ടുകളാല്‍ അപകര്‍ഷതകള്‍ പേറുന്ന, ആത്മവിശ്വാസം കുറഞ്ഞ മനുഷ്യരാണ്. ഇങ്ങനെയൊക്കെ സംസാരിച്ചു സംസാരിച്ചാണ് സ്ത്രീകള്‍ ഇവിടെവരെയൊക്കെയെത്തിയത്. 

ഈ ലേഖകന്‍ എഴുതിയ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ബദല്‍ ജീവിതത്തില്‍നിന്ന് ഒരു ഭാഗം ഓര്‍ക്കുന്നു. കോഴിക്കോട് തീവണ്ടി ഇറങ്ങി, 'ലക്കി' ഹോട്ടലിലേക്ക് ഉപ്പയോടൊപ്പം ബിരിയാണി കഴിക്കാന്‍ പോകുമ്പോള്‍ ചെറിയൊരു ആള്‍ക്കൂട്ടം കുട്ടിയായ പുനത്തില്‍ കാണുന്നു. പച്ചത്തലപ്പാവു കെട്ടിയ ഒരു ഫക്കീര്‍ പാട്ട് പാടുകയാണ്. തേയ്മാനം വന്ന കട്ടകളുള്ള പഴയൊരു ഹാര്‍മോണിയം. ഉപ്പയും പുനത്തിലും പാട്ടു കേട്ട് നിന്നു. പാട്ടു നിര്‍ത്തി, തനിക്കു കിട്ടിയ ചില്ലറത്തുട്ടുകളുമായി ഹാര്‍മോണിയം ചുമന്നുപോകുന്ന ഫക്കീറിനോട് പുനത്തിലിന്റെ ഉപ്പ ചോദിച്ചു:

''ഫക്കീറുപ്പാപ്പാന്റെ വീടെവിടെയാ?''

ഫക്കീര്‍ ചിരിച്ചു.

''വീടില്ല മോനെ. വീട് പെണ്ണുങ്ങള്‍ക്കുള്ളതല്ലേ? നമ്മള്‍ ആണുങ്ങള്‍ക്ക് ഈ പെട്ടിപോലെ വീടിനെ ചുമന്നുനടക്കാന്‍ കഴിയുമോ?'' (പുനത്തിലിന്റെ ബദല്‍ ജീവിതം/2012/ഡി.സി. ബുക്‌സ്).

പുനത്തിലിന്റെ ഉപ്പയോട് എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പ് കോഴിക്കോട്ടങ്ങാടിയില്‍ വെച്ച് ഫക്കീര്‍ പറഞ്ഞതുതന്നെയാണ് ഡോ. ആര്‍. ബിന്ദു പറയുന്നത്. വീട് സ്ത്രീകള്‍ ചുമന്നു നടക്കുന്നു. ഈ കാലത്തും.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com