ശ്രദ്ധേയനായ നാടകരചയിതാവും കവിയും സി.പി.എം നേതാവുമായ പിരപ്പന്‍കോട് മുരളി എന്ന എണ്‍പതുകാരന് എഴുത്തും രാഷ്ട്രീയ പ്രവര്‍ത്തനവും ജീവശ്വാസം തന്നെയാണ്. തിരുവനന്തപുരം ജില്ലയിലെ വാമനപുരം മണ്ഡലത്തെ പ്രതിനിധീകരിച്ച് രണ്ടു വട്ടം എം.എല്‍.എ, സി.പി.എം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, കര്‍ഷകസംഘത്തിലും ഗ്രന്ഥശാലാ സംഘത്തിലും സംസ്ഥാനതല ചുമതലകള്‍ തുടങ്ങിയതൊക്കെയായി. സ്‌കൂള്‍ പഠനകാലത്ത് എ.ഐ.എസ്.എഫില്‍ തുടങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തനവും പത്താം വയസ്സില്‍ നാടകത്തില്‍ അഭിനയിച്ചു തുടങ്ങിയ സാംസ്‌കാരിക പ്രവര്‍ത്തനവും. രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗം തന്നെയാണ് മറ്റെല്ലാം. പാര്‍ട്ടിയംഗം മാത്രമായി തലസ്ഥാന നഗരത്തിലെ ഗൗരീശപട്ടത്ത് 'അക്ഷരകല' എന്ന വീട്ടില്‍ പിരപ്പന്‍കോട് മുരളി ജീവിക്കുന്നത് വിശ്രമജീവിതമല്ല. എഴുത്തും വായനയും ഇടപെടലുകളും; മൂര്‍ച്ചയുള്ള വിമര്‍ശനങ്ങളും.
നാട്ടിന്‍പുറത്തു ജനിച്ചുവളര്‍ന്ന് രാഷ്ട്രീയത്തിലേക്കും സാഹിത്യത്തിലേക്കും...?
തനി കൃഷിക്കാരന്റെ വീട്ടിലാണ് ജനിച്ചതും വളര്‍ന്നതും അപ്പൂപ്പന്റെ വീട്ടില്‍. അത് പിരപ്പന്‍കോടാണ്. എന്റെ അച്ഛന്റെ വീട് വാമനപുരം നദിയുടെ കരയില്‍ പൂവത്തൂര്‍ എന്ന സ്ഥലത്താണ്. രണ്ടു വ്യത്യസ്ത രാഷ്ട്രീയവും സ്വഭാവവുമുള്ള സ്ഥലത്താണ് വളര്‍ന്നത്. ധാരാളം ആളുകളും പശുക്കളും കന്നുകാലികളുമൊക്കെയുള്ള വീടാണ്. നാട്ടുമ്പുറത്തെ കൃഷിക്കാരുടെ ജീവിതം അന്നൊക്കെ അങ്ങനെയാണ്. ഇഷ്ടംപോലെ ആളുകളുണ്ടായിരുന്നു. പഴയൊരു ഫ്യൂഡല്‍ തലമുറയായതുകൊണ്ട് അപ്പൂപ്പന്റെ സഹോദരിയുടെ മക്കള്‍, അമ്മ, അമ്മയുടെ ജ്യേഷ്ഠത്തി, അമ്മാവന്‍ ഇത്രയൊക്കെ ആളുകള്‍ ആ വീട്ടിലാണ്. ഒരു കോമ്പൗണ്ടില്‍തന്നെ കുറേ വീടുകളുണ്ടാകും.
പിരപ്പന്‍കോട് മനോഹരമായ ഒരു ഗ്രാമമാണ്. (അത് നശിപ്പിച്ചതു ഞാനാണെന്നു പറയാം. കാരണം, ഞാന്‍ പഞ്ചായത്ത് പ്രസിഡന്റായപ്പോള്‍ അതിലേക്കൂടി ഒരു റോഡ് വെട്ടി. ആ റോഡ് വന്നപ്പോള്‍ ആളുകള്‍ മുഴുവന്‍ വയല്‍നികത്തി വീടുവയ്ക്കാന്‍ തുടങ്ങി. അത് വേറൊരു കഥ). പിരപ്പന്‍കോട് ക്ഷേത്രത്തിന്റെ താഴെ ഒരു വലിയ അമ്പലക്കുളമുണ്ട്. അതുകൊണ്ടാണ് നീന്തലുകാരൊക്കെ പിരപ്പന്‍കോട്ടുകാരായിത്തീര്‍ന്നത്. ആ കുളത്തിന്റേയും താഴെയാണ് ഞങ്ങളുടെ വീട്. എം.സി റോഡിനോട് വളരെയടുത്താണ്; റോഡില്‍നിന്ന് ഒരു കിലോമീറ്റര്‍ നടന്നാല്‍ വീട്ടിലെത്തും. ഞാന്‍ ഇത്രയും പശ്ചാത്തലം പറഞ്ഞതിനു കാരണം, അന്ന് 1948 കാലത്തൊക്കെ കമ്യൂണിസ്റ്റുകാര്‍ പലരും ആ വീട്ടില്‍ ഒളിവിലിരുന്നിട്ടുണ്ട്. അതില്‍ ഏറ്റവും പ്രമുഖനായ ആള്‍ കാട്ടായിക്കോണം ശ്രീധര്‍ ആണ്. എന്റെ അമ്മാവന്‍ തോപ്പില്‍ഭാസിയുടെ കൂടെ തിരുവനന്തപുരത്ത് ആയുര്‍വേദ കോളേജില്‍ പഠിച്ചയാളാണ്. 1943-ല്‍ ജനിച്ച ഞാന്‍ വളരെ കുട്ടിയായിരിക്കുമ്പോഴേ ഇവരെയൊക്കെ കണ്ടാണ് വളര്‍ന്നത്. തോപ്പില്‍ഭാസി, കാമ്പിശ്ശേരി കരുണാകരന്‍ തുടങ്ങിയവരെയൊക്കെ. അപ്പോള്‍, എന്റെ മനസ്സില്‍ ഒരു കമ്യൂണിസ്റ്റു ബോധം എങ്ങനെയോ അറിയാതെ വന്നുപോയതാണ്. എനിക്കു നാലോ അഞ്ചോ വയസ്സുള്ളപ്പോഴാണെങ്കിലും നേതാക്കളൊക്കെ ഒളിവിലിരുന്നത് ഓര്‍മ്മയുണ്ട്. ആര് വന്നാലും നമുക്കു കാണാന്‍ പറ്റും. വരമ്പില്‍കൂടി നടന്നേ വരാന്‍ പറ്റൂ. അല്ലാതെ ജീപ്പുകൊണ്ടൊന്നും വരാന്‍ പറ്റില്ല. ഏറ്റവും സുരക്ഷിതമാണ്. മറ്റൊന്ന്, ഞങ്ങളുടെ വീട്ടില്‍ ഒരു പുതിയ ആള്‍ വന്നാല്‍ ആരും ശ്രദ്ധിക്കില്ല. ഇഷ്ടംപോലെ ആളുകളുണ്ടല്ലോ. ഒരു സെമി ഫ്യൂഡല്‍ എന്നു പറയാവുന്ന സ്ഥിതി. സാമൂതിരിപ്പാടിന്റെ പ്രതാപവും കണ്ടങ്കോരന്റെ കഴിച്ചിലും എന്ന് എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞതുപോലുള്ള സ്ഥിതി.
അതേസമയം, അച്ഛന്റെ വീട്ടിലെ സ്ഥിതി വേറെയാണ്. അച്ഛന്‍ തനി കോണ്‍ഗ്രസ്സുകാരന്‍. 1958-ലാണ് അച്ഛന്‍ കമ്യൂണിസ്റ്റ് അനുഭാവിയായിത്തീര്‍ന്നത്. അതൊരു പ്രത്യേക കാര്യമാണ്. ഞാന്‍ സ്റ്റാലിന്‍ മെമ്മോറിയല്‍ ക്ലബ്ബ് എന്നൊരു ക്ലബ്ബ് നടത്തിയിരുന്നു. ഞാന്‍ പഠിച്ച സ്‌കൂളില്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം നിരോധിച്ചു. അതിനെതിരായി എനിക്ക് എന്തെങ്കിലും പ്രതികരിക്കണം എന്നു തോന്നിയിരുന്നു. അപ്പോഴാണ് സോവിയറ്റ് കമ്യൂണിസ്റ്റു പാര്‍ട്ടി സ്റ്റാലിന്റെ മൃതദേഹം മാറ്റാന്‍ തീരുമാനിക്കുന്നത്. ക്രൂഷ്ചേവിന്റെ ആ തീരുമാനത്തോടുള്ള ധാര്‍മ്മിക പ്രതിഷേധം വലിയ തോതിലുണ്ടായിരുന്നു. (അതാണ് ഈ സ്റ്റാലിന്‍ എന്ന് വീടിന്റെ ചുമരില്‍ വെച്ചിരിക്കുന്ന സ്റ്റാലിന്റെ വലിയ ചിത്രം ചൂണ്ടി പിരപ്പന്‍കോട്). വിദ്യാര്‍ത്ഥി ഫെഡറേഷന്റെ പ്രവര്‍ത്തനം നിരോധിച്ചപ്പോള്‍ ഓരോ ക്ലാസ്സില്‍നിന്നും പത്തുപേരെ വീതം ചേര്‍ത്താണ് സ്റ്റാലിന്‍ മെമ്മോറിയല്‍ ക്ലബ്ബുണ്ടാക്കിയത്. ഞങ്ങള്‍, പത്ത് ഇരുപതു വിദ്യാര്‍ത്ഥികളെ, എ.ഐ.എ.എസ്.എഫിന്റെ പ്രധാനപ്പെട്ട പ്രവര്‍ത്തകരെ സ്‌കൂളില്‍നിന്നു പുറത്താക്കി. വി.എന്‍. അച്യുതക്കുറുപ്പായിരുന്നു അന്ന് എസ്.എഫിന്റെ സെക്രട്ടറി. അദ്ദേഹം വന്നു സംസാരിച്ചിട്ടും ഹെഡ്മാസ്റ്റര്‍ തിരിച്ചുകയറ്റിയില്ല. ഒന്നുകില്‍ റ്റി.സി വാങ്ങിച്ചു പോകണം, അല്ലെങ്കില്‍ സ്‌കൂളിനു പുറത്തുനില്‍ക്കണം. ഒടുവില്‍ അന്നത്തെ കമ്യൂണിസ്റ്റ് എം.എല്‍.എ എന്‍.എന്‍. പണ്ടാരത്തില്‍ വന്നാണ് ഞങ്ങളെ തിരിച്ചുകയറ്റിയത്. അതിനുശേഷമാണ് സ്റ്റാലിന്‍ മെമ്മോറിയല്‍ ക്ലബ്ബുണ്ടാക്കിയത്. ആ ക്ലബ്ബിന്റെ വാര്‍ഷികം 1958 ജനുവരി 14-നോ 15-നോ ആയിരുന്നു. അത് ഉദ്ഘാടനം ചെയ്യാന്‍ വന്നത് മുഖ്യമന്ത്രി ഇ.എം.എസ് ആണ്.
പിന്നീട് പേരൂര്‍ക്കടയില്‍ ലോ അക്കാദമി തുടങ്ങിയ, എന്റെ രാഷ്ട്രീയ ഗുരു അഡ്വക്കേറ്റ് നാരായണന്‍ നായര്‍ ഇ.എം.എസിന് അച്ഛനെ പരിചയപ്പെടുത്തി, ഇത് പിരപ്പന്‍കോട് മുരളിയുടെ അച്ഛനാണെന്ന്. പട്ടം താണുപിള്ളയാണ് അവരുടെയൊക്കെ ഏറ്റവും വലിയ നേതാവ്. താണുപിള്ള സാറിനെ കാണാന്‍ കഴുത്തില്‍ കിടക്കുന്ന തോര്‍ത്തോ നേര്യതോ എന്തായാലും അതെടുത്ത് അരയില്‍ ചുറ്റി ഓച്ഛാനിച്ചു നില്‍ക്കണം. ദളവയെ കാണുന്നതുപോലെയാണ്. പക്ഷേ, ആ സ്ഥലത്താണ് ഇ.എം.എസ് മുറിക്കയ്യന്‍ ഉടുപ്പുമൊക്കെ ഇട്ട്, നമ്പൂരിയാണെന്നു പറയുമെങ്കിലും കറുത്തനിറമാണല്ലോ; ഇ.എം.എസ്സിനെ കണ്ടപ്പോള്‍ അത്ഭുതപ്പെട്ടുപോയി. എന്റെ അച്ഛനാണെന്ന് അറിഞ്ഞപ്പോള്‍ ഇ.എം.എസ് സ്വന്തം കസേരയില്‍നിന്ന് എഴുന്നേറ്റു വന്ന് വേറൊരു കസേരയെടുത്ത് അദ്ദേഹത്തിന്റെ അടുത്ത് ഇരുത്തി വീട്ടുകാര്യവും നാട്ടുകാര്യവും കൃഷിയുടെ കാര്യവുമൊക്കെ സംസാരിച്ചു. അന്നു വീട്ടില്‍ വന്നിട്ട് അച്ഛന്‍ പറഞ്ഞു, എന്തായാലും അദ്ദേഹം മഹാന്‍ തന്നെയാണ്; ഞാനിനി കോണ്‍ഗ്രസ്സില്‍ ഇല്ല, ഇത്രയും മാന്യമായി മനുഷ്യരോടു പെരുമാറാന്‍ അറിയാവുന്ന കമ്യൂണിസ്റ്റുകാരുടെ കൂടെ നില്‍ക്കാനാണ് ആഗ്രഹം. അങ്ങനെ കമ്യൂണിസ്റ്റായ ആളാണ് അച്ഛന്‍.
പിരപ്പന്‍കോട് ശ്രീധരന്‍ നായര്‍ എന്നൊരാളുണ്ട്. തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ കമ്യൂണിസ്റ്റ് അഭിഭാഷകനാണ്. ഞങ്ങളുടെ നാടിന്റെ ശില്പി എന്നു പറയാവുന്ന ആളാണ്. പിരപ്പന്‍കോട്ടുന്ന് നാലഞ്ചു കിലോമീറ്റര്‍ അകത്താണ് അദ്ദേഹത്തിന്റെ വീട്. എല്ലാ ദിവസവും വീട്ടില്‍ പോകാന്‍ കഴിയില്ല. ഇടവഴികള്‍ മാത്രമേയുള്ളൂ. രാത്രിയായിക്കഴിഞ്ഞാല്‍ ആ വഴികളില്‍കൂടി പോകാന്‍ ബുദ്ധിമുട്ടാണ്. ഞങ്ങള്‍ കുടുംബ ബന്ധുക്കളും എന്റെ മാമനും അദ്ദേഹവും വലിയ സുഹൃത്തുക്കളുമാണ്. വീട്ടില്‍ പോകാത്ത ദിവസങ്ങളില്‍ ഞങ്ങളുടെ വീട്ടിലാണ് താമസിക്കുക. ഞാന്‍ ആ കള്‍ച്ചറിലാണ് വളര്‍ന്നത്. പുരോഗമന സാഹിത്യപ്രസ്ഥാനമൊക്കെ അതിന്റെ അത്യുച്ചനിലയില്‍ നില്‍ക്കുന്ന കാലത്താണ്, 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' നാടകമൊക്കെ വരുന്ന കാലത്താണ് ഈയൊരു ഘട്ടം. ഇവരെല്ലാം യൂണിവേഴ്സിറ്റി കോളേജിലും ആയുര്‍വേദ കോളേജിലും ലോ കോളേജിലുമൊക്കെ പഠിക്കുന്ന കാലത്താണ്, 1949 കാലത്ത്, പാര്‍ട്ടി നിരോധിച്ചിരിക്കുമ്പോള്‍ പി.കെ. വാസുദേവന്‍ നായര്‍ തിരുവനന്തപുരത്തെ കോളേജുകളില്‍ സെലക്റ്റു ചെയ്ത കുറേ വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ച് ഗ്രൂപ്പുണ്ടാക്കിയ കാലമാണ്. വിവിധ വിഭാഗം ആളുകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനും സംഘടിപ്പിക്കാനും പാര്‍ട്ടി ആളുകളെ നിയോഗിക്കുമായിരുന്നു. അങ്ങനെയാണ് വള്ളിക്കുന്നില്‍ യുവജനസമാജം ഉണ്ടായത്. അതേകാലത്തുതന്നെ പിരപ്പന്‍കോട്ടും ഒരു യുവജനസമാജം ഉണ്ടായി. പിരപ്പന്‍കോട് ശ്രീധരന്‍ നായര്‍ക്കു പുറമേ എന്റെ അമ്മാവനും മനോഹരന്‍ നായര്‍ എന്നൊരാളുമുണ്ട്; ഡല്‍ഹി കോര്‍പറേഷനിലൊക്കെ ഉദ്യോഗസ്ഥനായിരുന്നു. അങ്ങനെ അഭ്യസ്തവിദ്യരായ കുറേ ആളുകളെ പി.കെ.വിയാണ് യഥാര്‍ത്ഥത്തില്‍ കമ്യൂണിസ്റ്റാക്കിയത്. അവരെല്ലാം നാട്ടുംപുറത്തു വന്നിട്ട് ബഹുജന പ്രസ്ഥാനം ആരംഭിച്ചു. വായനശാല ഉണ്ടാക്കി, യുവാക്കളെ സംഘടിപ്പിച്ചു, സ്പോര്‍ട്സുമായി ബന്ധപ്പെട്ട ഒരു കൂട്ടായ്മ ഉണ്ടാക്കി. ചുരുക്കിപ്പറഞ്ഞാല്‍ ജനകീയ പ്രസ്ഥാനങ്ങള്‍ ഉണ്ടാക്കുന്ന ഒരു ഘട്ടത്തിലായിരുന്നു ആ പ്രദേശം. അതിന്റെ ചുവടുപിടിച്ചാണ് ഞാനൊക്കെ രംഗത്തു വന്നത്. നവയുഗം മാസിക, ഒ.എന്‍.വിയുടേയും വയലാറിന്റേയും കവിതകള്‍, ചങ്ങമ്പുഴയുടെ കവിതകള്‍ ഇതൊക്കെ മാമന്‍ വീട്ടില്‍ കൊണ്ടുവരും. അതു കണ്ടാണ് ഞാന്‍ വളര്‍ന്നത്.
നാടക കാലത്തിന്റെ തുടക്കം
വളരെ ചെറുതിലേ എനിക്കു നാടകത്തോട് വലിയ കമ്പമായിരുന്നു; കവിതയോടും. കവിയായിട്ടാണ് രംഗത്തേക്ക് ആദ്യം വന്നത്. പത്താമത്തെ വയസ്സിലാണ് ആദ്യത്തെ നാടകം അഭിനയിച്ചത്. അതൊരു യാദൃച്ഛിക സംഭവമാണ്. ഈ യുവജനസമാജം എല്ലാ ഓണത്തിനും ഓണാഘോഷം നടത്തും. സമാപനത്തിന് ഒരു നാടകം വെച്ചു. 'വെളിച്ചം അകലെയാണ്' എന്നായിരുന്നു അതിന്റെ പേര്. സുകുമാരന്‍ നായര്‍ എന്ന പേരില്‍ ഞങ്ങളുടെ നാടിന്റെ ഒരു ആസ്ഥാന കലാകാരനുണ്ട്. വളരെ നന്നായി വര്‍ത്തമാനം പറയുകയും അഭിനയിക്കുകയും എഴുതുകയുമൊക്കെ ചെയ്യുന്ന ആളാണ്. അദ്ദേഹമാണ് നാട്ടില്‍ ആദ്യമായി സാഹിത്യകാരനായി അറിയപ്പെടുന്ന ആള്‍. ഈ നാടകം അദ്ദേഹം എഴുതിയതാണ്. ദരിദ്രനായ ഒരു അന്ധവൃദ്ധന്റെ കഥ. വൃദ്ധന്റെ ഊന്നുവടിക്കാരനായ കൊച്ചുമകനുണ്ട്. പത്തു വയസ്സുള്ള ആ മകന്റെ വേഷമാണ് ഞാന്‍ അഭിനയിച്ചത്. അതു കണ്ട എല്ലാവരും ഇവനൊരു വലിയ ഭാവിയുണ്ട് എന്നു പറഞ്ഞു. അതുകഴിഞ്ഞ് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് പഠിക്കാനുള്ള പാഠഭാഗങ്ങള്‍ നാടകമാക്കും. സ്‌കൂള്‍ സാഹിത്യസമാജത്തിലും ക്ലാസ് സാഹിത്യസമാജത്തിലും അവതരിപ്പിക്കും. എട്ടാം ക്ലാസ്സിലോ മറ്റോ പഠിക്കുമ്പോള്‍ അക്ബര്‍ ചക്രവര്‍ത്തിയെക്കുറിച്ച് ഒരു നാടകമെഴുതി. അതില്‍ ടീച്ചറോട് ചോദിച്ചിട്ട് ഒരു പെണ്‍കുട്ടിയെക്കൂടി അഭിനയിപ്പിച്ചു. ഞങ്ങളൊക്കെ അന്നു വിളിക്കുന്നത് കാന്താരി എന്നാണ്. അത്ര നല്ല ചുറുചുറുക്കോടെ വര്‍ത്തമാനം പറയുന്ന ആളാണ്. ജീവിച്ചിരിപ്പുണ്ട്. അവര്‍ അഭിനയിച്ചു. റേഡിയോ നാടകംപോലെയാണ്. നമ്മള്‍ സ്‌ക്രിപ്റ്റ് കൊടുക്കും, അവര്‍ അതു പറയും. പക്ഷേ, അതൊരു വലിയ സംഭവമായിത്തീര്‍ന്നു. കാരണം, അന്നൊക്കെ ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും ഒരു ക്ലാസ്സില്‍ ഒന്നിച്ച് നാടകം അഭിനയിക്കുകയെന്നൊക്കെ പറഞ്ഞാല്‍ അതൊരു ഇടിത്തീവീഴുന്നതുപോലെ ഒരു സംഭവമാണ്. പിറ്റേ ദിവസം മുതല്‍ ചിലര്‍ ബ്ലാക്‌ബോര്‍ഡില്‍ പേരെഴുതി വെച്ച് ഞങ്ങള്‍ പ്രണയമാണെന്നു പറഞ്ഞു. അങ്ങനെയൊരു സംഭവം ഉണ്ടെന്നുകൂടി ഞാന്‍ പറയുകയാണ്.
അതുകഴിഞ്ഞ് കോളേജില്‍ പഠിക്കുന്ന കാലത്ത് ആദ്യമായി ഒരു നാടകം എഴുതുന്നത് 1960-ലാണ്. അതൊരു പ്രത്യേക സാഹചര്യത്തിലാണ്. 1960-ലെ തെരഞ്ഞെടുപ്പ് അറിയാമല്ലോ. കേന്ദ്ര സര്‍ക്കാര്‍ 1957-ലെ കമ്യൂണിസ്റ്റ് ഗവണ്‍മെന്റിനെ പിരിച്ചുവിട്ടശേഷം വന്ന ഒരു ഇടക്കാല തെരഞ്ഞെടുപ്പാണ്. അതിലാണ് മുക്കൂട്ടു മുന്നണിയൊക്കെ ഉണ്ടായത്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 126-ല്‍ 30 സീറ്റുകളേ കിട്ടിയുള്ളൂ. പാര്‍ട്ടി ഒറ്റപ്പെട്ട ഒരു കാലമാണ്. യഥാര്‍ത്ഥത്തില്‍ പരാജയത്തില്‍ കമ്യൂണിസ്റ്റുകാര്‍ നിരാശരാകാന്‍ പാടില്ലാത്തതാണ്. പക്ഷേ, കമ്യൂണിസ്റ്റുകാരെല്ലാം അന്നു നിരാശരായി. നെടുമങ്ങാടാണ് ഞങ്ങളുടെ നിയോജകമണ്ഡലം. അവിടെ ഭാഗ്യത്തിന് ഒരു കമ്യൂണിസ്റ്റ് എം.എല്‍.എയാണ് ഉണ്ടായത്; കെ.എന്‍. പണ്ടാരത്തില്‍. പക്ഷേ, അവിടെ എതിരെ മത്സരിച്ചത് പി.എസ്. നടരാജ പിള്ള എന്ന വളരെ പ്രശസ്തനായ എക്കണോമിസ്റ്റാണ്. പി.എസ്. പിയുടെ നേതാവായിരുന്നു നടരാജപിള്ള. ആ തോല്‍വിയിലും ജയത്തിലും അവിടുത്തെ കമ്യൂണിസ്റ്റുകാര്‍ക്ക് വലിയ സന്തോഷമൊന്നും തോന്നിയില്ല. ഒരു സ്വീകരണയോഗംപോലും സംഘടിപ്പിച്ചില്ല. ഞാനന്ന് സ്റ്റാലിന്‍ മെമ്മോറിയല്‍ ക്ലബ്ബും കൊണ്ട് നടക്കുകയാണ്. ഞങ്ങളൊരു പത്തു നൂറ് ചെറുപ്പക്കാര്‍ നല്ല ഒന്നാന്തരമായി പ്രവര്‍ത്തിക്കുന്നവരാണ്. എന്തിനും തയ്യാറുള്ള ചെറുപ്പക്കാര്‍. അതിനു തൊട്ടുമുന്‍പ് അവിടെയൊരു കുടിയിറക്കു നടന്നു. ഞങ്ങളെല്ലാം കൂടി ചെന്ന് ചെറുത്ത് കുടിയിറക്കുകാരെ ഓടിച്ചു. അവിടുത്തെ ജന്മി എന്റെ അടുത്ത സുഹൃത്തിന്റെ അച്ഛനാണ്. അദ്ദേഹം എന്നെ അറസ്റ്റു ചെയ്യാനോ ഒന്നും ചെയ്യാനോ സമ്മതിച്ചില്ല. അങ്ങനെയിരിക്കെ, പണ്ടാരത്തില്‍ ജയിച്ചപ്പോള്‍ ഞങ്ങളൊരു സ്വീകരണം കൊടുക്കാന്‍ തീരുമാനിച്ചു. സ്വീകരണത്തില്‍ നമുക്കൊരു കലാപരിപാടി വേണമെന്ന് കൂട്ടുകാര്‍ പറഞ്ഞു. കെ. ദാമോദരന്‍ 'പാട്ടബാക്കി' എഴുതാന്‍ ഇടയായ സാഹചര്യംപോലെ അവരെല്ലാം കൂടി എന്നെ നിര്‍ബ്ബന്ധിച്ച് എഴുതിച്ച നാടകമാണ് 'ദാഹിക്കുന്ന മണ്ണ്' എന്ന ആദ്യ നാടകം. അന്ന് 17 വയസ്സാണ്. ഞങ്ങളില്‍ ചിലര്‍ തന്നെ പെണ്‍വേഷം കെട്ടി. ആര്‍. പ്രകാശമാണ് ഉദ്ഘാടനം ചെയ്തത്. ആ നാടകം വലിയ വിജയമായിരുന്നു. അതോടെ നാട്ടില്‍ ഞാനൊരു നാടകകൃത്തായി. കവി എന്നതിനു പുറമേ നാടകകൃത്ത് എന്നൊരു മേല്‍വിലാസം കൂടി എനിക്കു കിട്ടി.
പിളര്‍പ്പും നാടകവും
അതുകഴിഞ്ഞ്, ബി.എ കഴിഞ്ഞ് ഒറ്റശേഖരമംഗലം പ്രൈവറ്റ് ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി. അവിടുത്തെ സഹാദ്ധ്യാപകരില്‍ വളരെ പ്രശസ്തരായ രണ്ടു മൂന്ന് കലാകാരന്മാര്‍ ഉണ്ടായിരുന്നു. ഒന്ന്, ഒറ്റശേഖരമംഗലം ഹരി, മറ്റൊന്ന് ആമച്ചല്‍ രവി; നന്നായി പാടുന്ന ആളാണ്. കെ.എസ്. ജോര്‍ജിന്റെ അതേ ശബ്ദത്തില്‍ പാടും. മറ്റൊരാള്‍, അവിടെ പഠിച്ചു ജയിച്ചുപോയ ആമച്ചല്‍ സദാനന്ദന്‍. ഞങ്ങളെല്ലാം ചേര്‍ന്നു സ്‌കൂളില്‍ ഒരു നാടകം നടത്തി. ആ നാടകം വിജയകരമായിരുന്നു. അതിനേത്തുടര്‍ന്ന് ആ സ്‌കൂളിലെ അദ്ധ്യാപകരും നാട്ടിലെ കമ്യൂണിസ്റ്റുകാരും കൂടി ചേര്‍ന്ന് 'ചങ്ങമ്പുഴ തിയേറ്റേഴ്സ്' എന്നൊരു നാടകസമിതി ഉണ്ടാക്കി. ആ നാടകസമിതിയാണ് എന്റെ രണ്ടാമത്തെ നാടകം, 'സ്വപ്നശില്പികള്‍' അവതരിപ്പിച്ചത്. അത് സത്യകാമന്‍ നായര്‍ എന്നു പറയുന്ന അന്നത്തെ സിറ്റി മേയര്‍ ആണ് ഉദ്ഘാടനം ചെയ്തത്.
അപ്പോഴേയ്ക്കും പാര്‍ട്ടി പിളര്‍ന്നു. വളരെ ശക്തിയായി സി.പി.ഐ-സി.പി.എം ആശയസമരം നടക്കുന്ന ഘട്ടത്തില്‍ സി.പി.ഐക്കാരെ വിമര്‍ശിക്കാന്‍ വേണ്ടി ഞാന്‍ എഴുതിയ നാടകമാണ് 'റെനിഗേഡ്.' തോപ്പില്‍ ഭാസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയിലെ രണ്ട് കഥാപാത്രങ്ങള്‍- ഗോപാലനും മാലയും-അടര്‍ത്തിയെടുത്ത്, മാല കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുവേണ്ടിയും ഗോപാലന്‍ സി.പി.ഐയ്ക്കുവേണ്ടിയും പാര്‍ലമെന്ററി ജനാധിപത്യത്തിനു കീഴ്പെടുന്ന സംഭവമാണ്: അതാണ് റെനിഗേഡ്; വര്‍ഗ്ഗവഞ്ചകന്‍ എന്നാണ് അര്‍ത്ഥം. എനിക്കിന്ന് ആ അഭിപ്രായമൊന്നുമില്ല. അതു വേറെ കാര്യം. പല കാരണങ്ങളാല്‍ അന്ന് എഴുതിയതാണ്. പിളര്‍പ്പിന്റെ വൈകാരികതയും പിന്നെ, കണ്ണുകെട്ടിയ കുതിരയെപ്പോലെ പോവുകയാണല്ലോ, പറയുന്ന ആശയത്തിന്റെ പുറകേ.
എ.കെ.ജിയുടെ ചുവപ്പുമാല
അന്നെനിക്ക് നക്‌സല്‍ ഗ്രൂപ്പുകാര്‍ ചൈനീസ് സാഹിത്യം തരുമായിരുന്നു. കോട്ടയം ബസ് സ്റ്റാന്റില്‍ കെ.എന്‍. രാമചന്ദ്രന്റെയൊക്കെ ഒരു ബുക്സ്റ്റാള്‍ ഉണ്ടായിരുന്നു. ചൈനീസ് ഓപ്രയൊക്കെ അവിടെ വില്‍ക്കാന്‍ വയ്ക്കുമായിരുന്നു. ഞാനിങ്ങനെ കോഴിക്കോടും കണ്ണൂരുമൊക്കെ പോയി വരുമ്പോള്‍ കോട്ടയത്ത് ഇറങ്ങി പുസ്തകങ്ങളൊക്കെ വാങ്ങിക്കൊണ്ടു വരുമായിരുന്നു. ചില പുസ്തകങ്ങളൊക്കെ അവര്‍ അയച്ചുതരും. ഇപ്പോഴും ഇവിടെയുണ്ട് ചൈനീസ് ഓപ്ര. അതൊന്ന് മലയാളീകരിച്ചാല്‍ കൊള്ളാമെന്നു തോന്നി. കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളി പ്രശ്‌നമൊക്കെ ഇതുമായി ഒന്ന് ലിങ്ക് ചെയ്യാം എന്നു തോന്നി. കാവ്യനാടകമായിട്ടു ചെയ്യാം എന്നു ഞാന്‍ വിചാരിച്ചു. എ.കെ.ജി അന്ന് തിരുവനന്തപുരത്തുണ്ട്. എനിക്ക് എ.കെ.ജിയെ 1953-ലാണ് പരിചയം. അദ്ദേഹം മോസ്‌കോയില്‍നിന്നു തിരിച്ചുവരുമ്പോള്‍ പിരപ്പന്‍കോട്ട് ഒരു സ്വീകരണമുണ്ടായിരുന്നു. അതില്‍ പിരപ്പന്‍കോട് ശ്രീധരന്‍ നായര്‍ എന്നെക്കൊണ്ടാണ് അദ്ദേഹത്തിനു മാലയിട്ടത്. ചുവന്ന ചെമ്പരത്തിപ്പൂ മാല. എനിക്ക് അന്ന് പത്തു വയസ്സാണ്. എന്റെ ആ പ്രായവും മിടുക്കുമെല്ലാം കണ്ടിട്ട് എ.കെ.ജി മാല തിരിച്ച് എന്റെ കഴുത്തില്‍ ഇട്ടു. എന്നെ അടുത്തുതന്നെ പിടിച്ചുനിര്‍ത്തി. എന്നിട്ട്, ഭാവിയില്‍ നല്ല ഒരു സഖാവായിട്ടു വളരണം എന്നൊക്കെ പറഞ്ഞു. ഒരു വലിയ മനുഷ്യന്റെ അനുഗ്രഹം അന്നുണ്ടായി. ഞാന്‍ ഈ നാടക ആശയവുമായി എ.കെ.ജിയെ പോയി കണ്ടു. ഇഷ്ടംപോലെ ചെയ്യാനും എന്തു സഹായം വേണമെങ്കിലും ചെയ്തു തരാമെന്നും അദ്ദേഹം പറഞ്ഞു. എ.കെ.ജി കുറെക്കാലം പാര്‍ട്ടി സെക്രട്ടറിയായിരുന്നു. ആ സമയത്താണിത്. നാടകം സംവിധാനം ചെയ്യാന്‍ ഗുരു ഗോപിനാഥിനെ ഏര്‍പ്പാടാക്കിത്തരാം എന്നു പറഞ്ഞു. ഗുരു ഗോപിനാഥിനു വാസ്തവത്തില്‍ പുതിയ ചൈനീസ് ഓപ്രയൊന്നും അറിയില്ല. എന്റെ നാട്ടുകാരനും കൂട്ടുകാരനുമായ കലാമണ്ഡലം മുരളി ഗുരുവിന്റെ രാമായണത്തിലെ ശ്രീരാമനായിരുന്നു. പില്‍ക്കാലത്ത് അയാള്‍ ടാഗോറിന്റെ ശാന്തിനികേതനില്‍ കഥകളി പ്രൊഫസറായി. അയാളെ കിട്ടണം. പക്ഷേ, ഗുരു ഗോപിനാഥിന്റെ ട്രൂപ്പില്‍നിന്ന് ഒരാളെ എങ്ങനെയാണ് നമുക്കു വിളിക്കാന്‍ പറ്റുക? എ.കെ.ജി എനിക്കൊരു കത്തു തന്നു, ഗുരു ഗോപിനാഥിനെ കാണാന്‍. അദ്ദേഹത്തെ ഞാന്‍ കണ്ടു. വന്നു സംവിധാനം ചെയ്തു തരണമെന്ന് അപേക്ഷിച്ചു. മുരളിയെ വിട്ടുതരാം എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ കലാമണ്ഡലം മുരളിയാണ് എന്റെ ഈ നാടകം സംവിധാനം ചെയ്തത്.
1969 ഒക്ടോബര്‍ 13-ന് എ.കെ.ജിയാണ് വി.ജെ.ടി ഹാളില്‍ ആ നാടകം ഉദ്ഘാടനം ചെയ്തത്. അന്ന് ഒരു ചെറുപ്പക്കാരന്റെ നാടകം എ.കെ.ജി ഉദ്ഘാടനം ചെയ്യുക എന്നു പറഞ്ഞാല്‍ ചെറിയ കാര്യമല്ല. ഈ ഒക്ടോബര്‍ 13 വളരെ പ്രധാനപ്പെട്ട ഒരു ദിവസമായിരുന്നു. സഖാവ് ഇ.എം.എസ് 1967-ല്‍ രണ്ടാംവട്ടം മുഖ്യമന്ത്രിയായല്ലോ. അദ്ദേഹം അസുഖമായിട്ട് കിഴക്കന്‍ ജര്‍മനിയില്‍ ചികിത്സയ്ക്കു പോയി. ഇവിടെ സി.പി.ഐക്കാരും കോണ്‍ഗ്രസ്സുകാരും ലീഗുകാരുമെല്ലാം ചേര്‍ന്ന് കുറുമുന്നണി ഉണ്ടാക്കി ഇ.എം.എസ്സിനെ മന്ത്രിസഭയില്‍നിന്നു പുറത്താക്കാന്‍ ആലോചന നടക്കുന്നതിന്റെ ക്ലൈമാക്‌സാണ്. ഒക്ടോബര്‍ 13-നാണ് ഇ.എം.എസ് ചികിത്സ ഇടയ്ക്കുവെച്ച് നിര്‍ത്തിയിട്ട് തിരുവനന്തപുരത്തേയ്ക്കു വരുന്നത്. അന്നു വൈകുന്നേരം ആറു മണിക്ക് എ.കെ.ജി നാടകം ഉദ്ഘാടനം ചെയ്യാനിരിക്കുന്നു. നിങ്ങളൊന്ന് മനസ്സിലാക്ക്. ഞാനാകെ തകര്‍ന്നുപോയി. പക്ഷേ, വിഷമിക്കുകയൊന്നും വേണ്ടെന്ന് എ.കെ.ജി പറഞ്ഞു. എട്ട് മണിക്ക് സംസ്ഥാന കമ്മിറ്റി കൂടിയിട്ട് സംസ്ഥാന കമ്മിറ്റി അംഗങ്ങളേയും വിളിച്ചുകൊണ്ട് ഞാന്‍ വന്ന് നാടകം ഉദ്ഘാടനം ചെയ്യാം എന്നും പറഞ്ഞു. എ. കെ. ഗോപാലന്‍ എട്ടു മണിക്ക് നാടകം ഉദ്ഘാടനം ചെയ്യുമെന്ന് അനൗണ്‍സ് ചെയ്യാന്‍ പറഞ്ഞു. ഞാനത് ചെയ്തു. സുന്ദരയ്യയാണ് അന്ന് പാര്‍ട്ടി സെക്രട്ടറി. കൃത്യം എട്ടു മണിയായപ്പോള്‍ സുന്ദരയ്യയെയൊക്കെ അവിടെ ഇരുത്തിയിട്ട് സംസ്ഥാന കമ്മിറ്റി അംഗങ്ങളെയെല്ലാം വിളിച്ചുകൊണ്ട് പാളയം മാര്‍ക്കറ്റിലൂടെ നടന്ന് വി.ജെ.ടി ഹാളില്‍ കയറി ഉദ്ഘാടനം ചെയ്തു. ഇപ്പോള്‍ ദേശാഭിമാനി എന്നെക്കുറിച്ച് ഒന്നും പറയില്ലെങ്കിലും അതിന്റെ പിറ്റേ ദിവസം ബാനര്‍ ഹെഡ്ഡിംഗില്‍ ഉദ്ഘാടന വാര്‍ത്തയും എ.കെ.ജിയുടെ പ്രസംഗവും കൊടുത്തു. അതോടുകൂടി ഞാന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇമ്മിണി ബല്യ ആളായി. എ.കെ.ജി പറഞ്ഞ ഒരു കലാകാരന്‍ പാര്‍ട്ടിയില്‍ ഉണ്ടെന്നു വരുന്നത് ചെറിയ കാര്യമല്ലല്ലോ. ആ നാടകത്തോടുകൂടി എനിക്ക് എ.കെ.ജിയോട് ഉണ്ടായിരുന്ന സ്‌നേഹവും അടുപ്പവും വളരെ വര്‍ദ്ധിച്ചു; അദ്ദേഹത്തിന് എന്നോടുള്ള വാത്സല്യവും വര്‍ദ്ധിച്ചു. അപ്പോള്‍, എ.കെ.ജിയാണ് എന്റെ രക്ഷകര്‍ത്താവ്. പക്ഷേ, അതേസമയം തിരുവനന്തപുരം ജില്ലയിലെ പാര്‍ട്ടിയില്‍ എന്നോട് കുറച്ച് താല്പര്യമില്ലാത്ത ആളുകളുണ്ടായിരുന്നു. തിരുവനന്തപുരം ജില്ലയിലെ പാര്‍ട്ടി എന്നു പറയുന്നത് അന്ന് വലിയ പ്രമാണിമാരുടെ പാര്‍ട്ടിയാണ്. വലിയ കാശുകാരും വലിയ പ്രമുഖന്മാരുമായ ആളുകളാണ് ഇവിടുത്തെ പാര്‍ട്ടിയെ നയിക്കുന്നത്. പക്ഷേ, ഞാന്‍ അതിനൊക്കെ എതിരാണ്. ഞാന്‍ പാര്‍ട്ടിയില്‍ വന്ന കാലം മുതലേ ഈ പ്രമാണിത്തത്തിനും പാര്‍ട്ടി ആര്‍ഭാടങ്ങള്‍ക്കുമൊക്കെ എതിരാണ്.
അടിയന്തരാവസ്ഥയിലെ പാര്‍ട്ടി നടപടി
എന്നെ എങ്ങനെയെങ്കിലും എവിടെയെങ്കിലും ഒതുക്കാന്‍ ശ്രമം നടക്കുമ്പോഴാണ് നക്‌സല്‍ ഗ്രൂപ്പ് ഇവിടെ വരുന്നത്. എന്നെ നക്‌സല്‍ മുദ്രകുത്തി പാര്‍ട്ടിയില്‍നിന്ന് ഏതാണ്ട് ഒഴിവാക്കുന്ന മട്ടിലെത്തി. എല്ലാ കമ്മിറ്റികളില്‍നിന്നും ഒഴിവാക്കി. ഞാനെന്റെ നാട്ടുമ്പുറത്തെ വീട്ടില്‍പ്പോയി ഒരു ട്യൂട്ടോറിയല്‍ കോളേജുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചു. എന്റെ അളിയന്‍ നക്‌സലുമായി ബന്ധപ്പെട്ടയാളാണ്. നെടുമങ്ങാട് ഒരു കശുവണ്ടി സമരം നടന്നു. ആ സമരത്തിനു പാര്‍ട്ടി എതിരായിരുന്നു. പാര്‍ട്ടിയുടെ സമുന്നതരായ നേതാക്കന്മാര്‍ കശുവണ്ടി ഫാക്ടറിയിലെ മാനേജരെ സഹായിക്കുന്നുവെന്നു പറഞ്ഞ് അവിടുത്തെ കമ്യൂണിസ്റ്റുകാര്‍ പാര്‍ട്ടിക്ക് എതിരായി. ചുരുക്കിപ്പറഞ്ഞാല്‍ അവരെയെല്ലാം പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. അവരാണ് നക്‌സല്‍ ഗ്രൂപ്പ് ഉണ്ടാക്കിയത്. അതില്‍ ഒരു നേതാവായിരുന്നു എന്റെ സഹോദരിയുടെ ഭര്‍ത്താവ് മാധവന്‍ നായര്‍. അദ്ദേഹം പാര്‍ട്ടിക്ക് എതിരായി നീങ്ങാവുന്നത്രയും നീങ്ങി. ചാരുമജൂംദാരെ എന്റെ സഹോദരിയുടെ വീട്ടില്‍ കൊണ്ടുവന്നു താമസിപ്പിച്ചു എന്നുള്ളത് സത്യമാണ്. അങ്ങനെയാണ് ജയറാം പടിക്കല്‍ എങ്ങനെയോ മണത്തറിഞ്ഞ്, നഗരൂര്‍-കുമ്മിള്‍ സംഭവം നടന്ന 1970 നവംബര്‍ ഒന്നിനു രാത്രി തന്നെ ഇവരെയൊക്കെ അറസ്റ്റുചെയ്തു. പക്ഷേ, കോടതിയില്‍ ഹാജരാക്കുകയോ ജയിലിലേക്ക് അയയ്ക്കുകയോ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയോ ചെയ്തില്ല. ഞാനും അളിയനും തമ്മില്‍ തെറ്റിയിരുന്നു. രാഷ്ട്രീയം രണ്ടായല്ലോ. അന്ന് ജയറാം പടിക്കല്‍ ആളെ കൊണ്ടുപോയാല്‍പിന്നെ ബാക്കി കിട്ടില്ല. വര്‍ക്കല വിജയന്റെ കാര്യവും രാജന്റെ കാര്യവുമൊക്കെ പിന്നീടാണ് പുറത്തുവന്നതെങ്കിലും അവരാരും കണ്ടിട്ടില്ലല്ലോ. ജീവിച്ചിരിക്കുന്നോ എന്ന് അറിഞ്ഞാല്‍ മതി, ബാക്കിയൊന്നും ചെയ്യണ്ട എന്ന് എന്റെ അച്ഛന്‍ എന്നോട് പറഞ്ഞു. ഞാന്‍ നാരായണന്‍ നായരെ കണ്ടു. അദ്ദേഹം അന്ന് ലോ അക്കാദമി തുടങ്ങിയിട്ടില്ല. സി.പി.ഐ നേതാവാണ്, പ്രമുഖ അഭിഭാഷകനാണ്. മുഖ്യമന്ത്രി സി. അച്യുതമേനോന് എന്നെ അറിയാം. കുട്ടി ആയിരിക്കുമ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ വാത്സല്യം അനുഭവിച്ചിരുന്നയാളാണ് ഞാന്‍.
ഞാനും നാരായണന്‍ നായരും കൂടി മുഖ്യമന്ത്രിയെ പോയി കണ്ടു. മുഖ്യമന്ത്രി അന്ന് കന്റോണ്‍മെന്റ് ഹൗസിലാണ് താമസം. എന്നെ കണ്ട ഉടനെ, ചേലാട്ട് അച്യുതന്‍ കമ്യൂണിസ്റ്റല്ല, പിന്നെന്തിനാണ് കമ്യൂണിസ്റ്റ് നേതാവ് വന്നത് എന്നുപറഞ്ഞു തമാശയായി എന്നെ പരിഹസിച്ചു. അച്യുതമേനോന്‍ അധികം വര്‍ത്തമാനം പറയില്ലെങ്കിലും പറഞ്ഞാല്‍ കുറിക്കുകൊള്ളും. ഞാനെന്റെയൊരു വീട്ടുകാര്യം പറയാന്‍ വന്നതാണ് എന്നു പറഞ്ഞു. കാര്യം പറഞ്ഞു. സഹോദരിയുടെ ഭര്‍ത്താവിനെ പൊലീസ് കൊണ്ടുപോയി. എവിടെയാണെന്ന് അറിയില്ല. ജീവിച്ചിരിപ്പുണ്ടോ എന്ന് അറിയാന്‍ വേണ്ടിയാണ് ഞാന്‍ വന്നത്. ''ഞാന്‍ ഇടപെടില്ല, അതൊക്കെ ആഭ്യന്തരമന്ത്രിയാണ്'' എന്നൊക്കെ അദ്ദേഹം പറഞ്ഞു. അന്ന് കെ. കരുണാകരനാണ് നിയന്ത്രിച്ചിരുന്നത്. മുഖ്യമന്ത്രി കയ്യൊഴിഞ്ഞപ്പോള്‍ ഞാന്‍ നിരാശനായി ഇറങ്ങി. അച്യുതമേനോന്‍ പിന്നാലെ വന്നു തോളില്‍ കയ്യിട്ട് പറഞ്ഞു, അങ്ങനെ പിണങ്ങണ്ട; നമ്മള്‍ രാഷ്ട്രീയമായി എതിരാണെങ്കിലും മുരളിയുടെ ജീവല്‍പ്രശ്‌നത്തില്‍ ഞാന്‍ എതിരാകില്ലല്ലോ. എന്നിട്ട് പ്രൈവറ്റ് സെക്രട്ടറിയെക്കൊണ്ട് ജയറാം പടിക്കലിനെ വിളിപ്പിച്ചു. ഞാന്‍ പിരപ്പന്‍കോട് മുരളി എന്നൊരു ചെറുപ്പക്കാരനേയും നമ്മുടെ ഡോ. നാരായണന്‍ നായരേയും കൂടി അങ്ങോട്ട് അയയ്ക്കുകയാണ്, അവര്‍ ചില കാര്യങ്ങള്‍ സംസാരിക്കും, അതു ചെയ്തുകൊടുക്കണം എന്നു പറഞ്ഞു.
ആഭ്യന്തരമന്ത്രിയോടു ചോദിക്കണ്ടെ എന്നോ മറ്റോ ജയറാം പടിക്കല്‍ പറഞ്ഞപ്പോള്‍ ഇതു ഞാനാണ് പറയുന്നത്, മുഖ്യമന്ത്രി അച്യുത മേനോനാണ് എന്നു പറഞ്ഞ് ഫോണ്‍ വെച്ചു. ശാസ്തമംഗലത്ത് ചെന്ന് ജയറാം പടിക്കലിനെ കണ്ടു. അവിടെ അന്നൊരു കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുണ്ട്. എന്നെ അകത്തു വിളിച്ചു കൊണ്ടുപോയി. എന്നിട്ട് തറ വിരട്ടു വിരട്ടി. ഞാന്‍ പ്രതിയാണെന്ന മട്ടിലാണ് അയാള്‍ വര്‍ത്തമാനം പറയുന്നത്. ''നിങ്ങളൊരു കാര്യം മനസ്സിലാക്കണം. ഞാന്‍ പ്രതിയൊന്നുമല്ല. നിങ്ങളോടു ഞാന്‍ വര്‍ത്തമാനം പറയാനുമില്ല. പറ്റില്ലെങ്കില്‍ പറ്റില്ലെന്നു പറഞ്ഞാല്‍ മതി. ഞാന്‍ മുഖ്യമന്ത്രി പറഞ്ഞിട്ടു നിങ്ങളെ കാണാന്‍ വന്ന ആളാണ്'' എന്നു പറഞ്ഞു. ഞാന്‍ വിരളില്ലാന്നു മനസ്സിലായി. നിങ്ങളുടെ അളിയനെ രാത്രി എട്ടു മണിക്ക് നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ എത്തിക്കാന്‍ പറയാം എന്നു പറഞ്ഞു. പക്ഷേ, ഇനിയൊരു കാര്യത്തിലും ഇടപെടില്ല എന്ന് അയാള്‍ എഴുതിത്തരണം, നിങ്ങള്‍ ജാമ്യം നില്‍ക്കണം. ഞാന്‍ ജാമ്യം നില്‍ക്കാന്‍ പറ്റില്ല എന്നു പറഞ്ഞു. അയാള്‍ നക്‌സലാണ്, ഞാന്‍ മാര്‍ക്‌സിസ്റ്റാണ്. അതെങ്ങനെ ഞാന്‍ നില്‍ക്കും? സാഹിത്യമൊന്നും പറയണ്ട എന്നായിരുന്നു ജയറാം പടിക്കലിന്റെ മറുപടി. ''അയാളെ ജീവനോടെ നിങ്ങള്‍ക്കു വേണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ ജാമ്യം നിന്നേ പറ്റൂ.'' ഇതേ ഭാഷ തന്നെ. ജീവനോടെ വേണമെന്നുണ്ടെങ്കില്‍ എന്നാണ് പറയുന്നത്. മനസ്സിലായില്ലേ, എത്ര ഭീകരമായിരുന്നു അന്നത്തെ അവസ്ഥ. ലോകത്താര്‍ക്കും അറിയില്ല. ഇതൊക്കെ പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നും അറിയില്ല.
ഞാന്‍ പറഞ്ഞു, എനിക്കു ജീവനോടെ വേണം, ജാമ്യം നില്‍ക്കാം. പറഞ്ഞതുപോലെ രാത്രി നെടുമങ്ങാട്ട് കൊണ്ടുവന്നു. അന്വേഷിച്ചപ്പോള്‍ എന്താ മനസ്സിലായതെന്ന് അറിയാമോ? മങ്കയം എന്നൊരു സ്ഥലമുണ്ട്, പെരിങ്ങമ്മല പഞ്ചായത്തില്‍. അവിടെ വനത്തിനുള്ളില്‍ ഭുവനചന്ദ്രപ്പണിക്കര്‍ എന്ന അവിടുത്തെ വലിയ പ്രമാണിയുടെ ബംഗ്ലാവില്‍ കുറേ നക്‌സലുകാരെ കൊണ്ടിട്ടിരിക്കുകയാണ്. കൊല്ലാന്‍ തീരുമാനിച്ചവരുടെ ലിസ്റ്റില്‍ പെട്ടവരാണ് എന്നാണ് എന്റെ വിശ്വാസം. ആ കൂട്ടത്തിലാണ് ഇയാളും ഉണ്ടായിരുന്നത്. ഇയാള്‍ ശരിക്കും പേടിച്ചുപോയി. ആഹാരം മാത്രം കിട്ടും. പിന്നെ, പൊലീസുകാര്‍ പറയുന്ന ഭാഷയൊക്കെ അറിയാമല്ലോ. ഞാന്‍ വീട്ടില്‍ കൊണ്ടാക്കി, അച്ഛനെ ഏല്പിച്ചു, സഹോദരിയെ ഏല്പിച്ചു. അപ്പോള്‍തന്നെ ഇറങ്ങി. ഞാന്‍ അവിടെ നിന്നില്ല. കാരണം രാഷ്ട്രീയം അത്രയ്ക്കു ദേഹത്തു കത്തുന്ന കാലമാണ്. ഞാനന്ന് വെങ്ങാനൂരില്‍ വാടകയ്ക്കു താമസിക്കുകയാണ്. അവിടെ തിരിച്ചുവന്നു. പിറ്റേന്നു രാവിലെ എം.എല്‍.എ ക്വാര്‍ട്ടേഴ്സില്‍ പോയി പാര്‍ട്ടി ജില്ലാ സെക്രട്ടറി കാട്ടായിക്കോണം ശ്രീധറിനെ കണ്ട് നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു. ഒരു കുമ്പസാര രഹസ്യം പോലെയാണ് പറഞ്ഞത്. പുള്ളി ചിരിച്ചു. ജില്ലാ കമ്മിറ്റി ആപ്പീസില്‍ പോയി ഇതെല്ലാമൊന്ന് എഴുതിക്കൊടുക്കാന്‍ പറഞ്ഞു. ഞാന്‍ അതുപോലെ ചെയ്തു. പക്ഷേ, വൈകുന്നേരം ആറു മണി ആയപ്പോള്‍ പാര്‍ട്ടി ആപ്പീസില്‍നിന്ന് ഒരു പയ്യനെ പറഞ്ഞയച്ചിട്ട് എന്നെ എല്ലാ കമ്മിറ്റിയില്‍നിന്നും ഒഴിവാക്കിയിരിക്കുന്നു എന്ന് അറിയിച്ചു. ഒരു വര്‍ഷത്തേയ്ക്ക് മെമ്പര്‍ഷിപ്പും സസ്പെന്റ് ചെയ്തിരിക്കുന്നു. എനിക്ക് നക്‌സല്‍ ബന്ധമുണ്ട്. അതുകൊണ്ട് ഒരു വര്‍ഷം കഴിഞ്ഞു പ്രവര്‍ത്തനം പരിശോധിച്ചിട്ട് പാര്‍ട്ടിയില്‍ തിരിച്ചുകൊണ്ടുവരുന്ന കാര്യം തീരുമാനിക്കും.
അന്നത്തെ പാര്‍ട്ടി സെക്രട്ടറി
ജില്ലാ കമ്മിറ്റി ഓഫീസുമായി ബന്ധപ്പെട്ട് കെ.എസ്.വൈ.എഫിന്റെ പ്രവര്‍ത്തനങ്ങളുമൊക്കെയായി നില്‍ക്കുന്ന കാലമാണ്. തീരുമാനം വന്നതോടെ നേരെ പിരപ്പന്‍കോട്ടേയ്ക്കു പോയി. പണ്ട് കമ്യൂണിസ്റ്റു പാര്‍ട്ടിയില്‍ നടപടി വന്നാല്‍ നമ്പൂതിരി പെണ്‍കുട്ടിയുടെ സ്മാര്‍ത്ത വിചാരംപോലെയാണ്. ഒരു മനുഷ്യന്‍ മിണ്ടില്ല. എത്ര അടുത്ത ബന്ധുക്കളാണെങ്കിലും കമ്യൂണിസ്റ്റുകാരാണെങ്കില്‍ അവര്‍ മിണ്ടില്ല. ഞാനെന്റെ അളിയനോടു മിണ്ടില്ല, സഹോദരിയുടെ വീട്ടില്‍ പോകില്ല എന്നു പറഞ്ഞതുപോലെ. ഞാന്‍ ആര്‍ക്കും ഒരു ഉപദ്രവവും ഉണ്ടാക്കാതെ നാട്ടുമ്പുറത്തെ വീട്ടില്‍ എന്റെ മുറിയില്‍ വായനയും എഴുത്തുമായിട്ടു മാത്രം കഴിഞ്ഞു.
അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം വീടിന്റെ മുറ്റത്ത് വലിയച്ഛന്‍ (അപ്പൂപ്പന്‍) ഓല മെടഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ആളൊരു കൃഷിക്കാരനും പ്രമാണിയാണെങ്കിലും പൂട്ടാനും കിളയ്ക്കാനും മാത്രമല്ല, ഓല മെടയാനുമൊന്നും ഒരു മടിയുമില്ല. ആജാനുബാഹുവായ ഒരു മനുഷ്യന്‍ കക്ഷത്തില്‍ ഒരു കറുത്ത ബാഗുമായി വന്നു. ഞാനിവിടെയുള്ളതുകൊണ്ട് പൊലീസുകാര്‍ ആരെങ്കിലും അന്വേഷിച്ചു വന്നതായിരിക്കും എന്ന് അദ്ദേഹം പേടിച്ചുപോയി. തിരുവനന്തപുരത്ത് എന്തോ കുഴപ്പമുണ്ടാക്കിയിട്ട് വീട്ടില്‍ച്ചെന്ന് ഒളിവില്‍ താമസിക്കുന്നു എന്നാണ് മൂപ്പിലാന്റെ ധാരണ. ആരാണെന്ന് ചോദിച്ചപ്പോള്‍ വന്നയാള്‍ പറഞ്ഞത് ഞാന്‍ മുരളിയുടെ ഒരു സ്‌നേഹിതനാണ് എന്നാണ്. ഇത്രയും വലിയൊരാള്‍ എങ്ങനെ എന്റെ സ്‌നേഹിതനാകും, കുറേക്കൂടി വിളര്‍ത്തു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, ഞാന്‍ മുരളിയുടെ പാര്‍ട്ടിയുടെ സെക്രട്ടറിയാണ്. സി.എച്ച്. കണാരന്‍ എന്നാണ് എന്റെ പേര്. (നിങ്ങള്‍ ഇന്നത്തെ പാര്‍ട്ടിയും അന്നത്തെ പാര്‍ട്ടിയേയും കൂടി ആലോചിക്കണം. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയാണ്). എടാ, നിന്റെ പാര്‍ട്ടി സെക്രട്ടറി വന്നിരിക്കുന്നു, കരുണാകരന്‍ എന്ന് അപ്പൂപ്പന്‍ വിളിച്ചുപറഞ്ഞു. കണാരന്‍ എന്ന പേര് അദ്ദേഹത്തിന് അറിയില്ല. എനിക്കു വിശ്വസിക്കാന്‍ പറ്റിയില്ല. ആകാശംമുട്ടെ ഒരു മനുഷ്യന്‍. ആറേഴടി പൊക്കവും നല്ല വണ്ണവും ഉപ്പുചാക്ക് പോലത്തെ പരുക്കന്‍ ഖദറുടുപ്പുമൊക്കെയാണ്. ബാഗ് എപ്പോഴും കയ്യില്‍ കാണും. നീ എന്താടോ നോക്കണെ എന്നു ചിരിച്ചുകൊണ്ട് ചോദിച്ചു. ഞാന്‍ കൊച്ചുമോനെക്കൂടി തിരുവനന്തപുരത്തിനു കൊണ്ടുപോവുകയാണ്, തല്‍ക്കാലമൊരു ആവശ്യത്തിന് എന്ന് അപ്പൂപ്പനോട് പറഞ്ഞു. പിറ്റേന്ന് ഇവിടെ വിട്ടേക്കാം എന്നും പറഞ്ഞു. അപ്പോഴേയ്ക്കും അമ്മൂമ്മ ഇറങ്ങിവന്നു. എന്തെങ്കിലും കഴിച്ചിട്ടു പോകാന്‍ പറഞ്ഞു. ചേമ്പ് വേവിച്ചതുണ്ടായിരുന്നു. ചായയും കൂടി ഇട്ടുകൊടുത്തു. സി.എച്ചിനു വലിയ സന്തോഷമായി. ഞങ്ങള്‍ രണ്ടുപേരും കൂടി നടന്ന് പിരപ്പന്‍കോട്ട് ജംഗ്ഷനിലെത്തി. എ.കെ.ജി പറഞ്ഞിട്ടാണ് ഞാന്‍ വന്നതെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളേയും കൂട്ടിക്കൊണ്ട് ചെല്ലാന്‍ പറഞ്ഞു. അതായത്, എ.കെ.ജിയും എസ്. രാമചന്ദ്രന്‍ പിള്ളയും സി.എച്ചും കൂടി ഇരുന്നിട്ടാണ് തീരുമാനിച്ചത് എന്നെ കെ.എസ്.വൈ.എഫിന്റെ ജില്ലയുടെ ചുമതല ഏല്പിക്കാന്‍. ആ ഘട്ടത്തിലാണ് സമ്മേളനം നടത്തി ഞാന്‍ കെ.എസ്.വൈ.എഫിന്റെ ജില്ലാ സെക്രട്ടറി ആകുന്നത്; 1971 ഒക്ടോബറില്‍. അങ്ങനെ ഞാന്‍ പാര്‍ട്ടിയില്‍ തിരിച്ചുവന്നു. അപ്പീലൊന്നും കൊടുത്തില്ല. അതാണ് അന്നത്തെ പാര്‍ട്ടി. ഒരു കേഡറെ എങ്ങനെ പാര്‍ട്ടിയില്‍നിന്നു പുറത്തുകളയാതെ സംരക്ഷിക്കുന്നു എന്നുള്ളത് ആലോചിക്കേണ്ടതാണ്. ഈ കവിതയെഴുത്തും നാടകമെഴുത്തുമൊക്കെ ഒന്നുനിര്‍ത്തണം എന്ന് എന്നോട് പറഞ്ഞു. കുറച്ചുകൂടി ഗൗരവകരമായി രാഷ്ട്രീയരംഗത്തു നില്‍ക്കണം. എന്നെയൊരു രാഷ്ട്രീയ നേതാവാക്കാന്‍ അന്നു ബോധപൂര്‍വ്വം ശ്രമിച്ചത് എസ്. രാമചന്ദ്രന്‍ പിള്ളയാണ്. എനിക്കൊരുപാട് പുസ്തകങ്ങള്‍ വായിക്കാന്‍ തന്നു. ഞാന്‍ വാസ്തവത്തില്‍ പുസ്തകങ്ങള്‍ വാങ്ങിക്കാനും സൂക്ഷിക്കാനുമൊക്കെ തുടങ്ങിയത് രാമചന്ദ്രന്‍ പിള്ളയുമായുള്ള സഹവാസത്തിലാണ്.
പിന്നെ, കേരളം മുഴുവന്‍ നടന്ന് രാഷ്ട്രീയ ക്ലാസ്സുകള്‍ എടുത്തു. മാര്‍ക്‌സിസ്റ്റ് രാഷ്ട്രീയ ക്ലാസ്സുകള്‍ എടുത്തു. പിന്നെ, അത്യാവശ്യം സാഹിത്യചര്‍ച്ചകളിലൊക്കെ പങ്കെടുക്കാന്‍ അനുവദിച്ചു; പക്ഷേ, കവിതയും നാടകവുമൊന്നും എഴുതണ്ട. അതൊരു ഗൗരവമില്ലാത്ത പണിയാണെന്നാണ് പൊതുവിലുള്ള ധാരണ. രാമചന്ദ്രന്‍ പിള്ളയ്‌ക്കെന്നല്ല, പാര്‍ട്ടിക്ക് പൊതുവേ അന്ന് അങ്ങനെയൊരു ധാരണ ഉണ്ടായിരുന്നുവെന്നു തോന്നുന്നു. ഇ.എം.എസ്സും എ.കെ.ജിയുമൊന്നും ആ അഭിപ്രായക്കാരല്ല. സി.എച്ചും ആ അഭിപ്രായക്കാരനല്ല. പക്ഷേ, നമ്മുടെ കൂടെ ഉണ്ടായിരുന്ന ആളുകള്‍ പറഞ്ഞുപറഞ്ഞ് അതില്‍നിന്നൊക്കെ ഒഴിവായി. ദീര്‍ഘകാലത്തേക്ക് കവിത മാത്രം എഴുതുമായിരുന്നു. നാടകമൊന്നും എഴുതിയില്ല. കവിത എഴുതി ദേശാഭിമാനി വാരികയ്ക്ക് കൊടുക്കുമായിരുന്നു. 1969 കഴിഞ്ഞ് പിന്നെ ഞാന്‍ നാടകം എഴുതിയത് 1988-ലാണ്. എത്ര ദീര്‍ഘമായ കാലമാണ്. നാടകരംഗത്തേക്ക് വീണ്ടും വരാനുള്ള കാരണം, 1979-ല്‍ സുരേഷ് കുറുപ്പ് കേരള യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാനായപ്പോള്‍ വേളിയില്‍ ഒരു നാടക ക്യാമ്പ് സംഘടിപ്പിച്ചു.
ആ ക്യാമ്പില്‍ വൈക്കം ചന്ദ്രശേഖരന്‍ നായര്‍, നരേന്ദ്ര പ്രസാദ്, പി.കെ. വേണുക്കുട്ടന്‍ നായര്‍ എന്നിവരുടെ കൂടെ എന്നെയും വിളിച്ചു. ഞാന്‍ പോകുന്നില്ലാന്നു തീരുമാനിച്ചതാണ്. സുരേഷ് കുറുപ്പ് നിര്‍ബ്ബന്ധിച്ചു; വരണം, കുറേ അനുഭവസമ്പത്ത് നേടാന്‍ കഴിയുന്ന ക്യാമ്പാണ്. പി. ഗോവിന്ദപ്പിള്ളയും പറഞ്ഞു. ആ ക്യാമ്പില്‍ പങ്കെടുത്തപ്പോള്‍ എനിക്ക് നാടകത്തെക്കുറിച്ച് ഒരു പുതിയ അവബോധം ഉണ്ടായി. മാത്രമല്ല, വേണുക്കുട്ടന്‍ നായരുമായി കുറേക്കൂടി അടുത്തു. വേണുക്കുട്ടന്‍ നായര്‍ എന്നോടു പറഞ്ഞു, നീ വിഷമിക്കേണ്ട; ഞാന്‍ കള്ളുകുടി നിര്‍ത്തുകയാണ്. സത്യമാണ്, പിന്നെ കുടിച്ചിട്ടില്ല. വേണുക്കുട്ടന്‍ നായരുടേയും കടമ്മനിട്ടയുടേയും കള്ളുകുടി നിര്‍ത്തിയത് ഞാനാണെന്നു അവകാശപ്പെടുകയാണ്. ഞങ്ങള്‍ സംഘശക്തി എന്നൊരു നാടകമുണ്ടാക്കി. പുതിയ നാടകരൂപം പരീക്ഷിക്കാന്‍ ഞങ്ങള്‍ ഒരു ശ്രമം നടത്തി. അതിന്റെ ഉദാഹരണമാണ് തോറ്റം എന്ന നാടകം. ഫിസിക്കല്‍ തിയേറ്റര്‍ ശൈലിയില്‍ മൈമിങ് ഉപയോഗിച്ചുനടത്തിയ നാടകമാണ്. ശരീരഭാഷകൊണ്ട് കാര്യങ്ങള്‍ മനസ്സിലാക്കുന്ന സമ്പ്രദായമാണ് മൈമിങും ഫിസിക്കല്‍ തിയേറ്ററും. ഇ.എം.എസ് ഒഴിച്ച് ബാക്കി നേതാക്കന്മാര്‍ക്കാര്‍ക്കും ഇഷ്ടപ്പെട്ടില്ല. നായനാര്‍ പറഞ്ഞു, എടാ നിന്റെ കോപ്രായമൊന്നും നമുക്കു നടക്കൂല, നല്ല നാടകമെഴുത്. പക്ഷേ, അസ്സലായിട്ടുണ്ട് എന്ന് ഇ.എം.എസ് പറഞ്ഞു. അതുപോലെ എന്‍. കൃഷ്ണപിള്ള സാര്‍, ഒ.എന്‍.വി. സാര്‍, പി. ഗോവിന്ദപ്പിള്ള ഇവരുടെയൊക്കെ പിന്തുണയോടു കൂടി ഞാനിങ്ങനെ വരുമ്പോഴാണ് എം.വി. രാഘവന്റെ ബദല്‍ രേഖ വരുന്നത്.
ബദല്‍രേഖ വന്ന വഴി
ഞാന്‍ ആദ്യം എം.വി.ആറിന് എതിരായിരുന്നു. എം.വി.ആറിന്റെ രാഷ്ട്രീയത്തോട് യോജിപ്പില്ല. പക്ഷേ, പാര്‍ട്ടി നേതൃത്വത്തില്‍ ചെറുപ്പക്കാരെ കൊണ്ടുവരണം എന്ന് ആദ്യം പറഞ്ഞത് എം.വി.ആറാണ്. അങ്ങനെയാണ് കോട്ടയത്ത് വൈക്കം വിശ്വനെ സെക്രട്ടറിയാക്കിയത്. കോട്ടയത്തെ പഴയ പാര്‍ട്ടിയും വിശ്വന്‍ വന്ന ശേഷമുള്ള പാര്‍ട്ടിയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. എന്നോട് പറഞ്ഞു തിരുവനന്തപുരത്ത് സെക്രട്ടറിയാകാന്‍. ഞാനന്ന് ഒരു പ്രൈവറ്റ് സ്‌കൂളില്‍ അദ്ധ്യാപകനാണ്. സെക്രട്ടറിയാകാന്‍ പറ്റില്ലെന്നു ഞാന്‍ പറഞ്ഞു. ഇവിടെ പ്രമാണിമാരാണുള്ളത്. കെ. അനിരുദ്ധന്‍, വര്‍ക്കല രാധാകൃഷ്ണന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍ ഇങ്ങനെയൊക്കെയുള്ള സമ്പന്നന്മാരും പ്രമാണിമാരുമാണ് ഇവിടുത്തെ നേതാക്കന്മാര്‍. അവര്‍ എന്നേക്കാള്‍ എത്രയോ സീനിയറാണ്. അവര്‍ വിചാരിച്ചത് ഞാന്‍ പള്ളിക്കൂടത്തില്‍ പോകാനുള്ള താല്പര്യംകൊണ്ടാണ് വേണ്ടെന്നു വയ്ക്കുന്നത് എന്നാണ്. അതുകഴിഞ്ഞാണ് ബദല്‍രേഖ വരുന്നത്. ബദല്‍രേഖയെ അനുകൂലിച്ചത് ഓരോ ജില്ലയിലേയും വളരെക്കുറച്ചാളുകള്‍ മാത്രമാണ്. അവരെ പാര്‍ട്ടി സമ്മേളനത്തില്‍ സംസാരിക്കാന്‍ മറ്റു ജില്ലകളിലൊക്കെ അനുവദിച്ചപ്പോള്‍ തിരുവനന്തപുരത്ത് കാട്ടായിക്കോണം പറഞ്ഞു, പറ്റില്ലാന്ന്. പാര്‍ട്ടി അവകാശമാണെന്നു ഞങ്ങള്‍ പറഞ്ഞു. അന്നു ജില്ലയില്‍ ഇതിനെ അനുകൂലിക്കുന്നവര്‍ എം. വിജയകുമാര്‍, കടകംപള്ളി സുരേന്ദ്രന്‍, ഇ.വി. മോഹനന്‍, വി. ശിവന്‍കുട്ടി ഇങ്ങനെ നാലോ അഞ്ചോ പേരേയുള്ളൂ. ഞാന്‍ ഇടപെട്ടിട്ട് പറഞ്ഞു, ഇതു ശരിയല്ല; പാര്‍ട്ടി സമ്മേളനത്തില്‍ അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. ഓരോരുത്തര്‍ക്കും അവരവരുടെ അവകാശമുണ്ട്. കാട്ടായിക്കോണം ബഹളമുണ്ടാക്കി. പറ്റില്ലാന്നു പറഞ്ഞു. അപ്പോള്‍ ടി.കെ. രാമകൃഷ്ണന്‍ ഇടപെട്ടു പറഞ്ഞു: മുരളി പറയുന്നതാണ് ശരി. അദ്ദേഹം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്. നമ്മളോടൊക്കെ വളരെ അടുപ്പമാണ്, സംസ്‌കാരസമ്പന്നനാണ്, സൗമ്യനാണ്. ഇത്രയുമായപ്പോള്‍ വിജയകുമാറും കടകംപള്ളിയും ശിവന്‍കുട്ടിയും കൂടി പറഞ്ഞു, ഈ ന്യൂനപക്ഷ അഭിപ്രായം പിരപ്പന്‍കോട് മുരളി പറയണം. അങ്ങനെ ഞാന്‍ യാദൃച്ഛികമായി ഈ ബദല്‍രേഖയെക്കുറിച്ചു പറയാന്‍ ഇടയായതാണ്. അപ്പോള്‍തന്നെ ഞാന്‍ എന്റെ തെറ്റ് മനസ്സിലാക്കി വി.എസ്സിനോടും രാമചന്ദ്രന്‍ പിള്ളയോടും പറഞ്ഞു, ഞാന്‍ അവരുടെ കൂടെയല്ല; എനിക്ക് ആ രാഷ്ട്രീയത്തിനോട് യോജിപ്പുമില്ല. അവരെല്ലാം അത് അംഗീകരിച്ചു. പക്ഷേ, കാട്ടായിക്കോണം മാത്രം അംഗീകരിച്ചില്ല. അങ്ങേര്‍ക്ക് എന്നെ എങ്ങനെയെങ്കിലും പുറത്താക്കണം. അതാണ് മനസ്സിലിരിക്കുന്ന ആഗ്രഹം.
അതുകഴിഞ്ഞ് ഒ.എന്‍.വി. സാര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍നിന്നു റിട്ടയര്‍ ചെയ്തു. അദ്ദേഹത്തിന്റെ സ്വീകരണ പരിപാടിയില്‍ പാര്‍ട്ടി മെമ്പര്‍മാര്‍ പങ്കെടുക്കാന്‍ പാടില്ല എന്ന് കാട്ടായിക്കോണം വിലക്കി. വിജയകുമാറും ശിവന്‍കുട്ടിയും കടകംപള്ളിയുമൊന്നും പങ്കെടുത്തില്ല. ഞാന്‍ സ്വീകരണ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു, പി.ജിയായിരുന്നു പ്രസിഡന്റ്. ഞങ്ങള്‍ ഗംഭീരമായി അതു നടത്തി. അതുകഴിഞ്ഞു ഞാന്‍ 'സിംഹാസനം' എന്ന പേരില്‍ ഒരു കവിത എഴുതി. അതു വലിയ വിവാദവിധേയമായി. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ മാസികയില്‍ അതു പ്രസിദ്ധീകരിച്ചു വന്നു. അതുകൂടി എടുത്തുവെച്ചിട്ടാണ് എനിക്കെതിരെ പാര്‍ട്ടി നടപടിയെടുത്തത്. ജില്ലാ സെക്രട്ടറിയെക്കുറിച്ച് ഞാന്‍ എഴുതിയ കവിത എന്നായിരുന്നു ആക്ഷേപം. യഥാര്‍ത്ഥത്തില്‍ ഔറംഗസീബിനെക്കുറിച്ചുള്ള ഒരു കഥയാണ് ആ കവിത. മണമ്പൂര്‍ രാജന്‍ ബാബു എന്ന സാഹിത്യകാരനെ മലപ്പുറത്ത് എം.എസ്.പി ക്യാമ്പില്‍ കാഷ്യറായിരിക്കെ കരുണാകരന്‍ സര്‍ക്കാര്‍ പിരിച്ചുവിട്ടു. ജി. കാര്‍ത്തികേയന്‍ അന്ന് എം.എല്‍.എയാണ്, അടുത്ത സുഹൃത്താണ്. ഇവിടെയടുത്ത് ഒരു മരണത്തിനുപോയി മടങ്ങുമ്പോള്‍ ഇവിടെ കയറി. അപ്പോള്‍ ഞാന്‍ ഈ കാര്യം പറഞ്ഞു. അയാള്‍ ഇടപെട്ട് രാജന്‍ ബാബുവിനെ തിരിച്ച് സര്‍വ്വീസില്‍ കയറ്റി.
ഇതിനെ സംബന്ധിച്ച് 1984 ഒക്ടോബര്‍ 31-ന് സെക്രട്ടേറിയറ്റ് നടയില്‍ ഞങ്ങളൊരു ധര്‍ണ്ണ നടത്തിയിരുന്നു. എന്‍. കൃഷ്ണപിള്ള സാറാണ് ഉദ്ഘാടനം ചെയ്തത്. അവിടെ വായിക്കാന്‍ ഞാന്‍ എഴുതിയ കവിതയാണ് 'സിംഹാസനം.' പക്ഷേ, ഒരു ദുര്‍വ്യാഖ്യാനം വന്നത്, ''അക്ഷരം നാവിന്‍മേല്‍ കളിയാടും മര്‍ത്യനെ ശത്രുവായിക്കാണുന്നൊരുഗ്രമൂര്‍ത്തി, കരിനാഗ നിറമുള്ള ചക്രവര്‍ത്തി'' എന്നൊരു വരിയുണ്ട്. ചക്രവര്‍ത്തിക്ക് കരിനാഗനിറം ഉണ്ടാകില്ലെന്നും ഉള്ളത് കാട്ടായിക്കോണത്തിനാണെന്നും വ്യാഖ്യാനം വന്നു. അതുകൊണ്ട് അത് കാട്ടായിക്കോണത്തിനെക്കുറിച്ചു തന്നെയാണെന്ന് എന്റെ അടുത്ത സുഹൃത്ത് ഒരു പ്രൊഫസര്‍ വ്യാഖ്യാനമെഴുതി കൊടുത്തു. അതുകഴിഞ്ഞ് എന്നെ ജില്ലാ കമ്മിറ്റിയില്‍നിന്നു ബ്രാഞ്ചിലേക്കു തരംതാഴ്ത്തി. മാത്രമല്ല, എന്നോട് വര്‍ത്തമാനം പറയാനോ എനിക്ക് ഏതെങ്കിലുമൊരു പൊതുചടങ്ങില്‍ പങ്കെടുക്കാനോ ബഹുജന സംഘടനകളുടെ നേതാവാകാനോ അവകാശമില്ല എന്നു പറഞ്ഞു. നെടുമങ്ങാട് ഏരിയയിലെ കേഡറായ എന്നെ തിരുവനന്തപുരത്തേക്കാക്കി. എന്നു പറഞ്ഞാല്‍ അതിനു വേറൊരു ദുരുദ്ദേശ്യമുണ്ടായിരുന്നു. വാമനപുരം മണ്ഡലത്തില്‍ ഞാന്‍ എം.എല്‍.എ ആയേക്കാന്‍ ഇടയുണ്ടെന്നു സംശയിച്ച ഒരു മാന്യന്‍ ഞങ്ങളുടെ കൂട്ടത്തിലുണ്ട്. അദ്ദേഹം വളരെ മുന്‍കൂട്ടി കണ്ടുകൊണ്ട് എന്നെ ആ നാട്ടില്‍നിന്നേ ഒഴിവാക്കി.
വിലക്കും സ്‌നേഹവും
ബ്രാഞ്ചുകാരോട് പറഞ്ഞത് ഇയാളെ കമ്മിറ്റിയിലൊന്നും പങ്കെടുപ്പിക്കരുത്, മൂന്നു കമ്മിറ്റി കഴിയുമ്പോള്‍ ഒഴിവാക്കിക്കോണം എന്നാണ്. പക്ഷേ, അവര്‍ വളരെ ആത്മാര്‍ത്ഥതയുള്ള സഖാക്കളാണ്. അവരെന്നെ വിളിച്ചു. ഞാന്‍ അവരുടെ കൂടെ എല്ലാ കാര്യങ്ങളിലും പ്രവര്‍ത്തിച്ചു. പക്ഷേ, അന്നു പാര്‍ട്ടിയുടെ മേല്‍കമ്മിറ്റിയിലുള്ളവരുമായി വളരെ അടുപ്പമായിരുന്നു. ഇ.എം.എസ്, വി.എസ്., നായനാര്‍, രാമചന്ദ്രന്‍ പിള്ള തുടങ്ങിയവരൊക്കെയായി. എ.കെ.ജി മരിച്ചല്ലോ. അതുകൊണ്ട് എനിക്കു യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല. ഞാന്‍ ഈ ജില്ലയില്‍ ഒഴികെ മറ്റെല്ലായിടത്തും പുരോഗമന കലാസാഹിത്യ സംഘത്തിന്റേയും മറ്റും വാര്‍ഷികത്തിലും മറ്റെല്ലാ പരിപാടികളിലും പങ്കെടുത്തു. ഇഷ്ടംപോലെ ദേശാഭിമാനിയില്‍ എഴുതാന്‍ അവസരം തന്നു. പാര്‍ട്ടി നേതാക്കന്മാരും സംസ്ഥാന കമ്മിറ്റിയും എനിക്ക് അനുകൂലവും ഈ ജില്ലയിലെ ഒരു മൂന്നു നാലാളുകള്‍, നിയന്ത്രിക്കുന്ന ആളുകള്‍ എനിക്ക് എതിരുമായിരുന്നു. 1987-ലെ തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ ഞാന്‍ ഈ മുറിയില്‍തന്നെയുണ്ട്. എനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. എന്നെ ഒരു ഇലക്ഷന്‍ വര്‍ക്കിനും വിളിക്കില്ല. ഇ.എം.എസ് എന്നെ വിളിച്ചിട്ട് കൂടെക്കൊണ്ടു നടന്നു. ഞാന്‍ നാടുമുഴുവന്‍ നടന്നു പ്രസംഗിച്ചു. അതൊരു വലിയ ബുദ്ധിമുട്ടായതെന്താണെന്നു വെച്ചാല്‍ ഇ.എം.എസ്സിനെ കേള്‍ക്കാനാണല്ലോ ആളുകള്‍ ഇരിക്കുന്നത്. അദ്ദേഹം എന്നോട് ആദ്യം പ്രസംഗിക്കാന്‍ പറയും. ഞാന്‍ അവസാനം എന്നെ വേണ്ടെന്നു പറഞ്ഞു. ആ തെരഞ്ഞെടുപ്പിനു ഞാനൊരു വീഡിയോ ചെയ്തു: 'കേരളം ഇന്നലെ ഇന്നു നാളെ.' രചന ഞാന്‍, സംവിധാനം പി.കെ. വേണുക്കുട്ടന്‍ നായര്‍. ഇ.എം.എസ്. പറഞ്ഞിട്ടു ചെയ്തതാണ്. കേരളം, കേരളത്തിന്റെ നവോത്ഥാന പ്രസ്ഥാനം, വിവേകാനന്ദന്‍ കേരളത്തില്‍ വരുന്ന കാലം തൊട്ട് എങ്ങനെയാണ് കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടായത്, കമ്യൂണിസ്റ്റ് രക്തസാക്ഷികളും അവരുടെ കഥയുമൊക്കെ ഉള്‍പ്പെടുന്ന രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ ചിത്രം. അതു വലിയ കോളിളക്കമുണ്ടാക്കി. ഏറ്റവും കൂടുതല്‍ ചീത്തപറഞ്ഞത് ഇ.എം.എസ്സിനേയാണ്. കാരണം, വിവേകാനന്ദനേയും ശ്രീനാരായണഗുരുവിനേയുമൊക്കെ കമ്യൂണിസ്റ്റാക്കിയെന്നാണ് ഇ.എം.എസ്സിന്റെ മേലുള്ള ആക്ഷേപം. തിരുവനന്തപുരം ഒഴികെ എല്ലായിടത്തും പ്രദര്‍ശിപ്പിച്ചു.
(തുടരും)
ഈ ലേഖനം കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക