നവീകരണത്തിന്റെ അഗ്‌നിക്കു കാരണമാകുന്ന 'കഴുത'

കഴുതകളുടെ ജീവിതം  അടിസ്ഥാനപ്രമേയമായി  സ്വീകരിച്ചുകൊണ്ട്, ജീവിതത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുന്ന, ചലച്ചിത്രങ്ങളായ ഉ ഹസാര്‍ഡ് ബല്‍ത്തസാര്‍, അഗ്രഹാരത്തില്‍ കഴുതൈ, ഇയോ എന്നിവയെക്കുറിച്ച്
നവീകരണത്തിന്റെ അഗ്‌നിക്കു കാരണമാകുന്ന 'കഴുത'

Then Abraham said to his young men, 'Stay here with the donkey. The boy and I will go over there to worship; then we'll come back to you.' 
- Bible 

ഴുത ഒരു വിശുദ്ധമൃഗമാണ്. അതിന്റെ നേര്‍ക്കുവരുന്ന അതിക്രമങ്ങളേയും തലോടലുകളേയും ഒരേപോലെ സ്വീകരിക്കുന്ന, എല്ലാവര്‍ക്കും നേരെ ആത്മീയപ്രകാശം ചൊരിയുന്ന  മൃഗം. ബൈബിളില്‍ കഴുതയുടെ നിരവധി 
വിശുദ്ധ സാന്നിദ്ധ്യങ്ങള്‍ കാണാന്‍ കഴിയും. പുതിയ നിയമത്തില്‍, ഒലിവസ് പര്‍വ്വതമുകളിലെത്തിയ യേശു, ശിഷ്യരോട് ഒരു കഴുതയെ കൊണ്ടുവരാനാവശ്യപ്പെട്ടു. ആ കഴുതപ്പുറത്തു കയറിയാണ് യേശു ജറുസലേമിലേക്ക് പോകുന്നത്. കഴുതയുടെ നിര്‍മ്മലവും പരിശുദ്ധവുമായ സാന്നിദ്ധ്യം, അതിന്റെ ജീവിതം കേന്ദ്രീകരിച്ച്  സിനിമകള്‍ നിര്‍മ്മിക്കാന്‍ ചലച്ചിത്രകാര്‍ക്ക് പ്രചോദനമായി മാറുന്നു. കഴുതകളുടെ ജീവിതം  അടിസ്ഥാനപ്രമേയമായി സ്വീകരിച്ചുകൊണ്ട്, ജീവിതത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുന്ന, ലോകസിനിമയില്‍ ശ്രദ്ധേയങ്ങളായ മൂന്ന് ചിത്രങ്ങള്‍ ഇവിടെ പരിശോധിക്കുന്നു. പ്രശസ്ത ഫ്രെഞ്ച് ചലച്ചിത്രകാരന്‍ റോബര്‍ട്ട് ബ്രസ്സണ്‍ (Robert Breossn) 1966ല്‍ സംവിധാനം ചെയ്ത 'ഉ ഹസാര്‍ഡ് ബല്‍ത്തസാര്‍' (Au Hazard Balthazar), ജോണ്‍ അബ്രഹാമിന്റെ അഗ്രഹാരത്തില്‍ കഴുതൈ (1977), 2022ല്‍ കാന്‍ ചലച്ചിത്രമേളയില്‍ ജൂറി െ്രെപസ് കരസ്ഥമാക്കിയ, പോളിഷ് സംവിധായകന്‍  ജഴ്‌സി സ്‌കോളിമൊവ്‌സ്‌കി(Jerzy Skolimowski)യുടെ   ഇയോ(EO) എന്നിവയാണ് ആ ചിത്രങ്ങള്‍. കഴുതകള്‍ കേന്ദ്രസ്ഥാനങ്ങളിലുള്ള ഈ മൂന്ന് ചിത്രങ്ങളില്‍ മനുഷ്യജീവിതം അഭിമുഖീകരിക്കുന്ന പീഡനങ്ങള്‍, ദുരന്തങ്ങള്‍, പ്രതിസന്ധികള്‍ ഇവ സംവിധായകര്‍ ആവിഷ്‌കരിക്കുന്നു. നന്മതിന്മകളുടെ നേരിട്ടും അല്ലാതെയുമുള്ള ഈ ദൃശ്യവല്‍ക്കരണങ്ങളില്‍, വ്യത്യസ്ത ജീവിതമുഖങ്ങളിലുള്ളവര്‍ പ്രത്യക്ഷപ്പെടുന്നു. ജീവിതത്തില്‍നിന്ന് അന്യംനിന്നുപോകുന്ന സ്‌നേഹത്തിന്റേയും കരുണയുടേയും പാഠങ്ങളാണ് ഈ ചിത്രങ്ങള്‍ പ്രേക്ഷകരെ ഓര്‍മ്മിപ്പിക്കുന്നത്. ഇയോ, ഉ ഹസാര്‍ഡ് ബല്‍ത്തസാറില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നിര്‍മ്മിച്ച ചിത്രമാണെന്ന് സംവിധായകന്‍ സ്‌കൊളിമൊവ്‌സ്‌കി തുറന്നുപറയുമ്പോള്‍, അഗ്രഹാരത്തില്‍ കഴുതൈയില്‍ നേരിട്ട് പരാമര്‍ശിക്കുന്ന,  ബല്‍ത്തസാറുമായുള്ള അതിന്റെ ബന്ധം,  പലവട്ടം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്.  

ഉ ഹസാര്‍ഡ് ബല്‍ത്തസാര്‍ 

പ്രശസ്ത  ഫ്രെഞ്ച് ചലച്ചിത്രകാരനായ റോബര്‍ട്ട് ബ്രസന്റെ (Robert Breossn) ഏറ്റവും മികച്ച ചിത്രമായി വിലയിരുത്തപ്പെടുന്ന 'ഉ ഹസാര്‍ഡ്  ബല്‍ത്തസാര്‍' (Au hasard Balthazar) ഡോസ്‌റ്റോയ്‌വ്‌സകിയുടെ പ്രസിദ്ധ നോവല്‍ ഇഡിയറ്റി(Idiot)ന്റെ സ്വാധീനത്താല്‍  നിര്‍മ്മിക്കപ്പെട്ട നിരവധി ചിത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ്. 'ഒന്നര മണിക്കൂറില്‍ ലോകം ആവിഷ്‌കരിക്കുന്ന ചിത്ര'മെന്ന്  ഗൊദാര്‍ദ്  വിശേഷിപ്പിച്ച  'ബല്‍ത്തസാര്‍', ഒരു കഴുതയുടെ ജനനം മുതല്‍  മരണം വരെയുള്ള ജീവിതം ദൃശ്യവല്‍ക്കരിച്ചുകൊണ്ട്, അനുഭവത്തിന്റെ വ്യത്യസ്തങ്ങളായ  അര്‍ത്ഥതലങ്ങളിലേക്ക്  പ്രേക്ഷകരെ കൊണ്ടുപോകുന്നു. കഴുതയും അതിനു ചുറ്റുമുള്ളവരും തങ്ങളുടെ   ജീവിതങ്ങളില്‍ അനുഭവിക്കുന്ന പീഡനങ്ങളും അപമാനങ്ങളും അതിക്രമങ്ങളും ആവിഷ്‌കരിക്കുമ്പോള്‍, അതിന് കാരണക്കാരാവുന്നവരുടെ ജീവിതങ്ങളും ദൃശ്യവല്‍ക്കരിക്കപ്പെടുന്നു.  'ഇഡിയറ്റി'ലെ കേന്ദ്ര കഥാപാത്രം പ്രിന്‍സ് മിഷ്‌ക്കിന്റെ ജീവിതം ഓര്‍മ്മിപ്പിക്കുന്ന ചിത്രം,  ഡോസ്‌റ്റോയ്‌വ്‌സ്‌കിയുടെ മഹത്തായ നോവലിന്റെ പരിസരങ്ങളിലൂടെ കടന്നുപോകുന്നു. ബല്‍ത്തസാര്‍ എന്ന കഴുതയുടെ   ജീവിതം ആവിഷ്‌കരിക്കുന്ന  ചിത്രം, പ്രിന്‍സ് മിഷ്‌ക്കിനെപ്പോലുള്ള ശുദ്ധഹൃദയങ്ങള്‍ നേരിടുന്ന  പരിഹാസവും ദുരന്തങ്ങളും രേഖപ്പെടുത്തുന്നതോടൊപ്പം, യേശുക്രിസ്തുവിന്റെ പീഡാനുഭവങ്ങളും  സൂചിപ്പിക്കുന്നു. ഇഡിയറ്റിന്റെ കേന്ദ്രപ്രമേയമായ, നന്മനിറഞ്ഞ മനസ്സ് നേരിടുന്ന പീഡനങ്ങളും തിരിച്ചടികളും ആവിഷ്‌കരിക്കുന്ന ബല്‍ത്തസാര്‍, ജാക്വിസും സഹോദരിമാരും വളര്‍ത്തുന്ന കഴുതക്കുട്ടിയുടെ കാഴ്ചയിലാണ് ആരംഭിക്കുന്നത്. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായ  മേരിയടക്കമുള്ള കുട്ടികള്‍ അതിനെ മാമോദീസ മുക്കുന്നതും അതിന് ജ്ഞാനത്തിന്റെ ഉപ്പ് നല്‍കുന്നതും ദൃശ്യവല്‍ക്കരിക്കുന്ന ചിത്രത്തില്‍,  ബൈബിളില്‍ നിന്നുള്ള നിരവധി സൂചനകള്‍  കാണാം. മേരിയാണ്  കഴുതക്കുട്ടിക്ക് ബല്‍ത്തസാറെന്ന   പേരിടുന്നത്. അതിനെ ഓമനിച്ച് വളര്‍ത്തുന്ന അവള്‍, പൂക്കള്‍കൊണ്ടുള്ള കിരീടം അതിന്റെ തലയില്‍വെയ്ക്കുന്നു. യേശുവിന്റെ മുള്‍ക്കിരീടവുമായും   കന്യാമറിയവുമായുമുള്ള  ബന്ധങ്ങള്‍ രേഖപ്പെടുത്തപ്പെടുന്ന ചിത്രം, െ്രെകസ്തവ വിശ്വാസത്തിന്റെ സൂചനകളോടെയാണ്  ആരംഭിക്കുന്നത്. വീടിനടുത്തുള്ള സ്‌കൂളില്‍ അദ്ധ്യാപകനായ മേരിയുടെ പിതാവ്, അവളുടെ കൂട്ടുകാരനും പിന്നീട് അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ജാക്വിസ് എന്നിവരില്‍ ആരംഭിക്കുന്ന ചിത്രം, തുടര്‍ന്ന് ഗ്രാമത്തിലെ വ്യത്യസ്തങ്ങളായ  ജീവിതക്കാഴ്ചകളിലേക്കാണെത്തുന്നത്. രോഗിയായ മകള്‍  മരിക്കുന്നതോടെ, സ്വത്തുക്കള്‍   മേരിയുടെ അച്ഛനെ ഏല്പിക്കുന്ന  ജാക്വിസിന്റെ പിതാവ് കുടുംബത്തോടൊപ്പം നാട് വിടുന്നു. അതോടെ മേരിയുടെ കൈകളിലെത്തുന്ന  ബല്‍ത്തസാറിനെ സ്‌നേഹത്തോടെ വളര്‍ത്തുന്ന അവള്‍ക്ക്, ജെറാര്‍ഡിന്റെ നേതൃത്വത്തിലുള്ള തെമ്മാടികള്‍ അതിനെ ഉപദ്രവിക്കുന്നത്  നിസ്സഹായയായി നോക്കിനില്‍ക്കാനേ കഴിയുന്നുള്ളു. സത്യസന്ധനായ,  മേരിയുടെ പിതാവ്   ചതിക്കപ്പെടുന്നതോടെ, എല്ലാം നഷ്ടപ്പെടുന്ന കുടുംബം  തകര്‍ച്ചയുടെ വക്കിലെത്തുന്നു. അതോടെ ബല്‍ത്തസാര്‍ മറ്റുള്ളവരുടെ കൈകളിലെത്തുകയാണ്. വീടുകളില്‍ റൊട്ടി വിതരണം ചെയ്യാന്‍ ബല്‍ത്തസാറിനെ ഉപയോഗിക്കുന്ന ജെറാര്‍ഡ്, അതിനെ ക്രൂരമായി പീഡിപ്പിക്കുന്നു. അതിന്റെ വാലില്‍ തീ കൊളുത്തുന്ന അവന്‍, തന്റെ ആഗ്രഹത്തിനു വഴങ്ങാത്ത മേരിയോടുള്ള പ്രതിഷേധമായാണ് അവള്‍ക്കു പ്രിയപ്പെട്ട ബല്‍ത്തസാറിനെ  ശിക്ഷിക്കുന്നത്.

പല കൈകളിലൂടെ കടന്നുപോയ ശേഷം മരിക്കാറായ ബല്‍ത്തസാറിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നത്  ആര്‍നോള്‍ഡാണ്. അയാളില്‍നിന്ന് രക്ഷപ്പെട്ട്  അലഞ്ഞുതിരിയുന്ന  ബല്‍ത്തസാര്‍ ഒടുവില്‍ സര്‍ക്കസിലെത്തുന്നു. അവിടെ, ഗണിതചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിക്കൊണ്ട് കാണികളെ അത്ഭുതപ്പെടുത്തുന്ന ബല്‍ത്തസാര്‍ കുറച്ചുകാലം ശാന്തമായി  ജീവിക്കുന്നു. ഒടുവില്‍ സര്‍ക്കസില്‍നിന്നും മടങ്ങിയ അത്, വീണ്ടും മേരിയുടെ കൈകളിലേക്ക് തിരിച്ചുവരുന്നു. നാട്ടിലേക്ക് മടങ്ങിവരുന്ന ബാല്യകാല സുഹൃത്ത് ജാക്വിസിനെ സ്വീകരിക്കാതെ, പകിട്ടാര്‍ന്ന വേഷം ധരിക്കുകയും മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയും ചെയ്യുന്ന ജെറാര്‍ഡിനൊപ്പം പോകുന്ന  മേരി,  അധികം താമസിയാതെ അവനെ ഉപേക്ഷിച്ച്  തിരികെ വരുന്നു. ബല്‍ത്തസാറിന്റെ മരണത്തോടെ അവസാനിക്കുന്ന ചിത്രം, തന്നിലേക്ക് വരുന്ന ജീവിതത്തെ  പരാതികളില്ലാതെ സ്വീകരിക്കുന്ന കഴുതയുടെ  കഥ  ആവിഷ്‌കരിക്കുന്നതോടൊപ്പം,  ചുറ്റുമുള്ള ജീവിതങ്ങളിലെ ഉയര്‍ച്ചതാഴ്ചകളും രേഖപ്പെടുത്തുന്നു. മേരി, ജാക്വിസ്, മേരിയുടെ  പിതാവ് എന്നിവര്‍ക്കൊപ്പം ജെറാര്‍ഡ്, ആര്‍നോള്‍ഡ് തുടങ്ങിയരും നന്മയും തിന്മയും ഇഴപിരിക്കാനാവാത്തവിധം ചേര്‍ന്നുനില്‍ക്കുന്ന ജീവിതങ്ങള്‍ നയിക്കുന്നവരായി  ചിത്രീകരിക്കപ്പെന്നു.

ചിത്രത്തില്‍ മേരിയുടേയും ബല്‍ത്തസാറിന്റേയും ജീവിതങ്ങള്‍ തമ്മിലുള്ള സമാനതകള്‍  ശ്രദ്ധേയമാണ്. ബല്‍ത്തസാറിനു പേരിടുകയും അതിനെ സംരക്ഷിക്കയും ചെയ്യുന്ന മേരി, മനസ്സില്‍ നന്മയുള്ള ജാക്വിസിന്റെ സ്‌നേഹം അവഗണിച്ചാണ്  തെമ്മാടിയായ ജെറാല്‍ഡിനൊപ്പം പോകുന്നത്. ബല്‍ത്തസാറിനെ ദ്രോഹിക്കുകയും കള്ളക്കടത്തിനായി അതിനെ ഉപയോഗിക്കുകയും ചെയ്യുന്ന അവന്‍, ഒടുവില്‍ അതിന്റെ മരണത്തിനുതന്നെ കാരണമാകുന്നു. ജെറാര്‍ഡിന്റെ വഴിവിട്ട ജീവിതത്തില്‍നിന്ന് രക്ഷനേടി തിരികെ വന്ന മേരിയെ  അവന്‍  മര്‍ദ്ദിച്ച്,  വിവസ്ത്രയാക്കി മുറിയിലടച്ചിടുന്നു. അതോടെ മേരിയുടേയും ബല്‍ത്തസാറിന്റേയും ജീവിതം അവസാനിക്കുകയാണ്. സത്യസന്ധനായ മേരിയുടെ പിതാവ് വഞ്ചിക്കപ്പെട്ട്,  ഒടുവില്‍ എല്ലാം നഷ്ടപ്പെട്ടവനായിത്തീരുന്നു. കുറച്ചുകാലം ബല്‍ത്തസാറിനെ സംരക്ഷിച്ച ആര്‍നോള്‍ഡ്, വന്‍ സമ്പത്ത്  കയ്യില്‍ വരുന്നതോടെ  ഒരു ദിവസം റോഡില്‍ മരിച്ചുവീഴുന്നു. ബല്‍ത്തസാറിന്റേതു പോലെ, അതിനു ചുറ്റുമുള്ളവരുടെ ജീവിതങ്ങളിലും നന്മതിന്മകള്‍ പ്രേക്ഷകര്‍ കാണുന്നു. കടുത്ത പീഡനങ്ങളും അപൂര്‍വ്വമായ സന്തോഷനിമിഷങ്ങളും ഒരേപോലെ സ്വീകരിക്കുന്ന ബല്‍ത്തസാറില്‍ തങ്ങളുടെ ജീവിതം തന്നെയാണ് പ്രേക്ഷകര്‍ കാണുന്നത്. ബല്‍ത്തസാറിന്റെ കണ്ണുകളിലൂടെ ഗ്രാമത്തിലെ ജീവിതം കാണുന്ന പ്രേക്ഷകര്‍, നന്മയില്‍നിന്ന് തിന്മയിലേക്ക് വഴുതിവീഴുന്നവരെ   അഭിമുഖീകരിക്കുന്നു. ചിത്രത്തിന്റെ അവസാന ഭാഗത്ത്, ജെറാര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന കള്ളക്കടത്തിനിടെ കസ്റ്റംസ് പൊലീസിന്റെ വെടിയേല്‍ക്കുന്ന ബല്‍ത്തസാര്‍ വേദനയോടെ  നടന്നുപോകുന്നതിനിടയില്‍, പെട്ടെന്ന്  വഴിയില്‍ പ്രത്യക്ഷപ്പെടുന്ന ഒരു കൂട്ടം  ചെമ്മരിയാടുകള്‍  അതിനു ചുറ്റുമൊരു വലയം സൃഷ്ടിക്കുന്നു. ആ സുരക്ഷിതവലയത്തിനു നടുവില്‍വെച്ചാണ് ബല്‍ത്തസാര്‍ മരിക്കുന്നത്. വെള്ളനിറത്തിലുള്ള ചെമ്മരിയാടുകളുടെ  കഴുത്തിലെ മണിക്കിലുക്കങ്ങള്‍ക്കിടയില്‍, ശാന്തമായി മരിച്ചുകിടക്കുന്ന, കറുത്ത  നിറമുള്ള ബല്‍ത്തസാര്‍.

'ഒന്നര മണിക്കൂറില്‍ ലോകം കാട്ടിത്തരുന്ന ചിത്ര'മെന്ന ഗൊദാര്‍ദിന്റെ വിശേഷണം അതിശയോക്തിയല്ലെന്ന് അതിന്റെ കാഴ്ച നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. യേശുവിന്റെ ജനനമറിഞ്ഞ്, സ്ഥലം സന്ദര്‍ശിച്ച് സമ്മാനങ്ങള്‍ നല്‍കുന്ന 'മൂന്ന് രാജാക്കന്മാരി'ല്‍ ഒരാളായ ബല്‍ത്തസാറിന്റെ പേരിലുള്ള ചിത്രം, ക്രിസ്തീയ വിശ്വാസങ്ങളുടെ അന്തരീക്ഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പീഡനങ്ങളും അപമാനവും സഹിച്ചുകൊണ്ട് മരണത്തിലേക്ക് സഞ്ചരിക്കുന്ന ബല്‍ത്തസാറിന്റേയും   മേരിയുടേയും ജീവിതങ്ങള്‍ക്കു ചുറ്റും, മനുഷ്യത്വം നശിച്ചുകൊണ്ടിരിക്കുന്ന  സമൂഹത്തെ നാം കാണുന്നു. തങ്ങള്‍ നേരിടുന്ന പീഡനങ്ങളില്‍നിന്നുള്ള മോചനമായി അവര്‍ മരണം സ്വീകരിക്കുന്നതായാണ്  നാം തിരിച്ചറിയുന്നത്. ബല്‍ത്തസാറിന്റെ മരണദൃശ്യം ഇതിനു കൃത്യമായ ദൃഷ്ടാന്തമാണ്. ചുറ്റും കൂടിനില്‍ക്കുന്ന വെളുത്ത ചെമ്മരിയാടിന്‍ കൂട്ടത്തിന്റെ മണിക്കിലുക്കങ്ങള്‍ക്കിടയില്‍ നടക്കുന്ന ശാന്തമായ മരണം, മോചനത്തിന്റെ മാര്‍ഗ്ഗത്തിലെത്തുന്ന പീഡിതജന്മത്തിന്റെ കാഴ്ചയാണ്. തനിക്കു ചുറ്റുമുള്ളവരുടെ പാപങ്ങള്‍ക്കായി ക്രൂശിതനാവുന്ന യേശുവിനെപ്പോലെ, അപമാനവും പീഡനങ്ങളും സഹിക്കുന്ന ബല്‍ത്തസാര്‍  മറ്റൊരു മലമുകളില്‍ 'കുരിശിലേറ്റ'പ്പെടുന്നു. അമ്മയുടെ മുലപ്പാലിന്റേയും സ്‌നേഹിക്കുന്ന കുട്ടികള്‍ക്കിടയിലെ  ബാല്യത്തിന്റേയും  ചെറിയൊരു  കാലയളവില്‍ മാത്രമുണ്ടായിരുന്ന  സന്തോഷകരമായ  ജീവിതത്തിനു ശേഷം, ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട്, ചാട്ടവാര്‍ കൊണ്ടുള്ള  അടിയേറ്റും പൊള്ളലേറ്റും ഏറ്റവുമൊടുവില്‍ വെടിയുണ്ടകൊണ്ട്  മുറിവേറ്റും മറ്റൊരു 'ഗോഗല്‍ത്താ' മലമുകളില്‍ കുരിശിലേറ്റപ്പെട്ട് മരണത്തിലേക്കു പോകുന്നു ബല്‍ത്തസാര്‍. അകാരണമായിത്തന്നെ  ശിക്ഷിച്ചവരുടെ പാപമോചനത്തിനുവേണ്ടി മരിക്കുന്ന ബല്‍ത്തസാര്‍,  ക്രിസ്തുവിന്റെ കുരിശുമരണമാണ് ഓര്‍മ്മിപ്പിക്കുന്നത്. ബല്‍ത്തസാറിനോട് പാപങ്ങള്‍ ചെയ്യുന്ന  ജെറാര്‍ഡ്, ആര്‍നോള്‍ഡ്, കച്ചവടക്കാര്‍  എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായുള്ള  പാപമോചനമാണ് ഈ മരണം. ഇത്തരത്തില്‍ ശക്തമായൊരു  ക്രിസ്തീയ  വിശ്വാസവിശകലനം ചിത്രം സാദ്ധ്യമാക്കുന്നു. ബല്‍ത്തസാര്‍  കടന്നുപോകുന്ന  ഏഴ് ഉടമസ്ഥന്മാര്‍, ഏഴ് പാപങ്ങള്‍, കുരിശില്‍ കാണുന്ന ഏഴ് വാക്കുകള്‍ തുടങ്ങിയ ക്രിസ്തീയ ചിഹ്നങ്ങള്‍ നേരിട്ട് ചിത്രത്തില്‍ കാണാന്‍ കഴിയുന്നു.  ബല്‍ത്തസാറിന്റെ കഴുത്തിലെ മണിയുടെ മുഴക്കം, മേരി എന്ന പേര്, ബല്‍ത്തസാറിന്റെ മാമോദിസ, മേരി ബല്‍ത്തസാറിന്റെ തലയില്‍ ചാര്‍ത്തുന്ന, പിന്നീട് മുള്‍ക്കീരിടമായി മാറുന്ന മാല, ജ്ഞാനത്തിന്റെ ഉപ്പ്, കള്ളക്കടത്തുകാര്‍ കൈമാറ്റം ചെയ്യുന്ന  സുഗന്ധദ്രവ്യവും സ്വര്‍ണ്ണവും ആര്‍നോള്‍ഡ് കുടിക്കുന്ന വീഞ്ഞും ജെറാര്‍ഡ് വിതരണം ചെയ്യുന്ന അപ്പവും ഇവയൊക്കെ ചിത്രത്തിലെ ക്രിസ്തീയ വിശ്വാസത്തിന്റേയും ക്രിസ്തീയ അന്തരീക്ഷത്തിന്റേയും  സൂക്ഷ്മവും ശക്തവുമായ ചിഹ്നങ്ങളാണ്.

ജീവിതം രേഖപ്പെടുത്തുന്ന നന്മതിന്മകളും പാപപരിഹാരത്തിനായുള്ള ബലിയും ശുദ്ധഹൃദയങ്ങള്‍ നേരിടുന്ന പീഡനങ്ങളുമൊക്കെ സൂക്ഷ്മമായി ആവിഷ്‌കരിക്കുന്ന 'ഉ ഹസാര്‍ഡ്' ബല്‍ത്തസാര്‍ ജീവിതത്തിലെ ആത്മീയ സാന്നിദ്ധ്യങ്ങള്‍ ആവിഷ്‌കരിക്കുന്ന ഒരു ചലച്ചിത്രപാഠമായി എക്കാലവും തിരിച്ചറിയപ്പെടുന്നു. 

ഇയോ
ഇയോ

ഇയോ

നിരവധി പ്രശസ്ത ചിത്രങ്ങള്‍ സംവിധാനം ചെയ്ത്, പോളണ്ടിലെ സമകാലീന ചലച്ചിത്രരംഗത്ത് സ്വന്തമായി ഒരിടം കണ്ടെത്തിയ ജഴ്‌സി സ്‌കോളിമോവ്‌സ്‌കി എണ്‍പത്തിനാലാം  വയസ്സിലാണ്, 2022ല്‍ ഇയോ (EO) സംവിധാനം ചെയ്യുന്നത്. ഇയോയെന്ന്  കഴുതയ്ക്കും അതിന്റെ ജീവിതം അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രത്തിനും സംവിധായകന്‍ ആ പേര് നല്‍കുന്നത് അതിന്റെ കരച്ചില്‍ ഓര്‍മ്മിച്ചുകൊണ്ടാണ്. ബല്‍ത്തസാറിനെപ്പോലെ ഇയോയെന്ന കഴുതയുടെ ജീവിതവും പല കൈകളിലൂടെ കടന്നുപോകുന്നു. നല്ലതും ചീത്തയുമായ അനവധി അനുഭവങ്ങള്‍ ഇയോ നിശ്ശബ്ദം അഭിമുഖീകരിക്കുന്നു. ജീവിതത്തിന്റെ വിഭിന്നമുഖങ്ങള്‍ ഇയോ കാണുന്നു, പലതും അനുഭവിക്കുന്നു. പരാതികളില്ലാതെ, തന്നിലേക്കു വരുന്ന ജീവിതം അത് ജീവിച്ചുതീര്‍ക്കുന്നു.

ബല്‍ത്തസാര്‍ നിര്‍മ്മിച്ച് അരനൂറ്റാണ്ടിലധികം കഴിഞ്ഞ ശേഷം നിര്‍മ്മിക്കപ്പെട്ട ചിത്രമാണ് ഇയോയെങ്കിലും മനുഷ്യജീവിതത്തില്‍ കാര്യമായ മാറ്റങ്ങളൊന്നും തന്നെ സംഭവിച്ചിട്ടില്ലെന്ന സൂചനകളാണ് ചിത്രം നല്‍കുന്നത്. അത് കൂടുതല്‍ സംഘര്‍ഷങ്ങള്‍ നിറഞ്ഞതും അക്രമാസക്തവുമായി മാറിക്കഴിഞ്ഞിരിക്കുന്നു. നീണ്ട ചെവികളും ശാന്തമായ കണ്ണുകളും അതിവേഗത്തില്‍ ഓടാനുള്ള കഴിവുമുള്ള ഇയോ, ചുറ്റും നടക്കുന്ന എല്ലാം സംഭവങ്ങളും നിരീക്ഷിച്ചുകൊണ്ട് മുന്‍പോട്ടുപോകുന്നു.  തന്റെ പരിശീലകയായ കസാന്ദ്രയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സര്‍ക്കസില്‍ അത്ഭുതങ്ങള്‍ കാണിച്ച് ഇയോ കാണികളെ സ്വാധീനിക്കുന്നു. കസാന്ദ്രയും ഇയോയും തമ്മിലുള്ള സ്‌നേഹബന്ധം അവസാനം വരെ നീണ്ടുനില്‍ക്കുന്നു. സര്‍ക്കസ്സുകളില്‍ മൃഗങ്ങളെ പീഡിപ്പിക്കുന്നതിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ കാരണവും സാമ്പത്തികതകര്‍ച്ച നേരിട്ടതുമൂലവും ഇയോയെ അവിടെനിന്ന് മോചിപ്പിച്ച് പ്രത്യേക കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നു. അങ്ങനെ, ഇയോ കസാന്ദ്രയില്‍നിന്ന് വേര്‍പിരിയുന്നു. അവിടം മുതല്‍   ഇയോ അവന്റെ ജീവിതയാത്ര ആരംഭിക്കുന്നു. ഈ യാത്രയില്‍  ജീവിതത്തിന്റെ പല മുഖങ്ങള്‍ ഇയോ കാണുന്നു, പലപ്പോഴും അവയുടെ ഭാഗമാകാന്‍ അവന്‍ നിര്‍ബ്ബന്ധിതനാകുന്നു. യാത്രയില്‍ പച്ചപ്പ് നിറഞ്ഞ വയലുകളും നീലാകാശവും സ്വതന്ത്രരായി വിഹരിക്കുന്ന കുതിരകളേയും ഇയോ കാണുന്നു. കുതിരകള്‍ക്കു മുന്‍പില്‍നിന്ന് ഫോട്ടോ എടുത്ത് ആനന്ദിക്കുന്നവരെ കാണുന്നു. ദിവസേന കുളിപ്പിച്ച് ആഘോഷങ്ങള്‍ക്കായി ആനയിക്കപ്പെടുന്ന കുതിരകള്‍ അവന് അസ്വസ്ഥതയുണ്ടാക്കുന്നു. തന്റെ അവസ്ഥയില്‍ ഇയോ ദുഃഖിക്കുന്നു. തനിക്ക് വളരെ പ്രിയപ്പെട്ട ഭക്ഷണമായ കാരറ്റിന്റെ മാല കഴുത്തിലണിഞ്ഞ്, നഗരത്തിലെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന ഇയോയെയാണ്  തുടര്‍ന്ന് നാം കാണുന്നത്. അപൂര്‍വ്വം സന്ദര്‍ഭങ്ങളിലെങ്കിലും കുട്ടികള്‍ക്കൊപ്പം സന്തോഷനിമിഷങ്ങള്‍ പങ്കിടാന്‍ ഇയോയ്ക്ക് അവസരം ലഭിക്കുന്നു. പട്ടം പറപ്പിച്ച് ആനന്ദിക്കുന്ന കുട്ടികള്‍ പറയുന്ന അന്ധനായ വീണവാദകന്റെ ജീവിതം ഇയോ കേള്‍ക്കുന്നു. കടല്‍ക്കരയില്‍ തന്റെ വീണയുമായി എത്തുന്ന അയാള്‍, തിരയുടെ ഇരമ്പല്‍, തന്റെ സംഗീതം ആസ്വദിക്കാന്‍  വന്ന ജനസഹസ്രങ്ങളുടെ സംസാരമായി തെറ്റിദ്ധരിക്കുന്നു. അതില്‍ സന്തോഷിച്ച്, ആവേശത്തോടെ അയാള്‍ വീണ വായിക്കുന്നു.

കര്‍ഷകന്റെ തടവില്‍ കഴിയുന്ന ഇയോയെ കാണാന്‍ കസാന്ദ്ര എത്തുന്നുണ്ട്. അന്ന്  ഇയോയുടെ ജന്മദിനമായിരുന്നു. പൂത്തിരി കത്തിച്ചും കാരറ്റ് കേക്ക് നല്‍കിയും കസാന്ദ്ര ഇയോയുടെ ജന്മദിനം ആഘോഷിക്കുന്നു. ഒടുവില്‍ വേദനയോടെ കസാന്ദ്ര തിരിച്ചുപോകുമ്പോള്‍, തടവില്‍നിന്ന് ബലം പ്രയോഗിച്ചു പുറത്തു ചാടി, ഇയോ അവരെ പിന്തുടരുന്നു. എന്നാല്‍, ഇയോയ്ക്ക് കസാന്ദ്രയെ കണ്ടെത്താന്‍ കഴിയുന്നില്ല. യാത്ര തുടരുന്ന അവന്‍ ഒരു ശ്മശാനത്തിലാണ് എത്തുന്നത്. നിലാവില്‍ തിളങ്ങുന്ന തവളയും  ചിലന്തിയും മൂങ്ങയും കുറുക്കനുമുള്ള അവിടം, വേട്ടക്കാരുടെ തോക്കില്‍നിന്നുള്ള ലേസര്‍ പ്രകാശംകൊണ്ട് നിറയുന്നു. തുടര്‍ന്ന് അവരുടെ തോക്കില്‍നിന്ന് വെടിയുതിര്‍ക്കുന്ന ശബ്ദം. പെട്ടെന്ന് നിലത്തു പിടഞ്ഞുവീഴുന്ന ഒരു പക്ഷി. അസാധാരണമായ ഒരു ദൃശ്യശ്രവ്യ അനുഭവമായി ചിത്രത്തിന്റെ ഈ ഭാഗം മാറുന്നു. അവിടെ നിന്ന് രക്ഷപ്പെട്ട്, നഗരങ്ങളും ഗ്രാമങ്ങളും കടന്നുപോകുന്ന ഇയോ, ഒടുവില്‍ ഒരു തെരുവിലെത്തുന്നു. അവിടെ കാണുന്ന മ്യൂസിയത്തില്‍ കടന്നുചെന്ന അത്,  അക്വേറിയം കണ്ട്  അത്ഭുതപ്പെടുന്നു. പെട്ടെന്നുതന്നെ അധികൃതര്‍ ഇയോയെ അവിടെനിന്ന് മാറ്റുന്നു. പിന്നീടാണ് ഇയോ താനറിയാതെ, ഫുട്‌ബോള്‍ മാച്ചിന്റെ ഫലം നിര്‍ണ്ണയിക്കുന്നത്. മാച്ചിലെ പെനാല്‍റ്റി കിക്ക്, കാര്യമറിയാതെ ഇയോ  വലയ്ക്ക് പുറത്തേക്ക് മാറ്റുന്നു. അതോടെ ഫുട്‌ബോള്‍ മാച്ച് ജയിച്ച ടീം ഇയോയെ മുന്‍പില്‍ നിര്‍ത്തി  ആഹ്ലാദപ്രകടനം നടത്തുന്നു. എന്നാല്‍ പരാജയപ്പെട്ട ടീമിലെ അംഗങ്ങള്‍ രാത്രി വന്ന് ഇയോയെ ക്രൂരമായി മര്‍ദ്ദിക്കുന്നു.

തുടര്‍ന്ന് നാം കാണുമ്പോള്‍  ഇയോ ആശുപത്രിയില്‍ ചികിത്സയിലാണ്. പിന്നീട് ഒരു കൂട്ടം കര്‍ഷകരുടെ കൈകളിലെത്തുന്ന ഇയോ അവിടെനിന്നും രക്ഷപ്പെടുന്നു. നാടും നഗരവും  താണ്ടി, ഒടുവില്‍ ചൂതുകളിയില്‍ സമ്പത്ത് മുഴുവന്‍ നഷ്ടപ്പെട്ട ആള്‍ക്കൊപ്പം, അയാളുടെ പ്രഭുകുമാരിയായ മാതാവിന്റെ അടുത്ത് ഇയോ എത്തുന്നു. എന്നാല്‍, അവിടെയും സുരക്ഷിതമായി ജീവിക്കാന്‍  ഇയോയ്ക്ക് കഴിയുന്നില്ല. അറക്കാനായി കൊണ്ടുപോകുന്ന പശുക്കള്‍, കാളകള്‍, എന്നിവയ്‌ക്കൊന്നിച്ചാണ് പിന്നീട് നാം ഇയോയെ കാണുന്നത്. ചാട്ടവാറിന്റെ നിലയ്ക്കാത്ത ശബ്ദം. അടിച്ചോടിച്ച്, അറവുശാലയിലേക്ക് മാറ്റപ്പെടുന്ന നിരവധി മൃഗങ്ങള്‍ക്കൊപ്പം ഇയോയുമുണ്ട്. അറവുശാലയുടെ ഇരുട്ടില്‍ മറഞ്ഞുപോകുന്ന ഇയോയുടെ ദൃശ്യത്തില്‍ സ്‌കോളിമോവ്‌സ്‌കി ചിത്രം അവസാനിപ്പിക്കുന്നു.

ഇയോ, അതിന്റെ യാത്രയില്‍ കാണുകയും  പലപ്പോഴും നേരിടേണ്ടിവരികയും ചെയ്യുന്ന  സംഭവങ്ങള്‍ സമകാലീന ജീവിതാവസ്ഥയുടെ കൃത്യമായ രേഖപ്പെടുത്തലുകളാണ്. നിഷ്‌കളങ്കമായ കഴുതയുടെ കണ്ണുകളിലൂടെ, സംഘര്‍ഷങ്ങള്‍ നിറഞ്ഞ  ലോകത്തിന്റെ സമകാലീന അവസ്ഥ ചിത്രം ആവിഷ്‌കരിക്കുന്നു. നഗരത്തില്‍ നടക്കുന്ന ട്രക്ക് െ്രെഡവറുടെ ക്രൂരമായ കൊലപാതകം, പ്രഭുകുമാരന്റെ ജീവിതം, കസാന്ദ്രയുടെ സ്‌നേഹസാന്ത്വനങ്ങള്‍... കറുപ്പും വെളുപ്പും ചേര്‍ന്നുനില്‍ക്കുന്ന ഈ ജീവിതം തീക്ഷ്ണവും ശാന്തവുമായ നിറങ്ങളില്‍ ഇയോയില്‍  ആവിഷ്‌കരിക്കപ്പെടുന്നു. വളരെ കുറച്ചുമാത്രം സംഭാഷണങ്ങള്‍, അത്യപൂര്‍വ്വമായ ഛായാഗ്രഹണം, വൈകാരികമായ ഊര്‍ജ്ജം നല്‍കുന്ന സംഗീതം, സിനിമ അടിസ്ഥാനപരമായി ഒരു ദൃശ്യശ്രാവ്യാനുഭവമാണെന്നതിനു മറ്റൊരു ശക്തമായ തെളിവായി ഇയോ സിനിമാ ചരിത്രത്തില്‍ എക്കാലവും നിലനില്‍ക്കുന്നു.

അഗ്രഹാരത്തില്‍ കഴുതൈ
അഗ്രഹാരത്തില്‍ കഴുതൈ

അഗ്രഹാരത്തില്‍ കഴുതൈ 

1977ല്‍ ജോണ്‍ എബ്രഹാം 'അഗ്രഹാരത്തില്‍ കഴുതൈ' സംവിധാനം ചെയ്തതു മുതല്‍, ആ ചിത്രം വളരെയധികം ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായിട്ടുണ്ട്. റോബര്‍ട്ട് ബ്രസ്സന്റെ 'ഉ ഹസാര്‍ഡ് ബല്‍ത്തസാറി'ന്റെ സ്വാധീനമുള്ള മറ്റൊരു ചിത്രമായ ഇതില്‍ അതെക്കുറിച്ചുള്ള പരാമര്‍ശം കാണാന്‍ കഴിയും. ചെന്നൈ(അന്ന് മദ്രാസ്)യില്‍ കോളേജ് പ്രൊഫസറായ, ബ്രാഹ്മണകുടുംബത്തില്‍ ജനിച്ച  നാരായണസ്വാമിയുടെ താമസസ്ഥലത്ത് ആകസ്മികമായി ഒരു  കഴുതക്കുട്ടിയെത്തുന്നു. വാലിനു തീകൊടുത്ത്, നാട്ടുകാര്‍ ഓടിച്ച് തല്ലിക്കൊന്ന അതിന്റെ അമ്മ നഷ്ടപ്പെട്ടതോടെ, കഴുതക്കുട്ടി അനാഥനാകുന്നു. പുറത്താക്കാന്‍ മനസ്സ് വരാതെ സ്വന്തം വീട്ടില്‍ അതിനെ താമസിപ്പിച്ച നാരായണസ്വാമി,  മറ്റുള്ളവര്‍ക്കു മുന്‍പില്‍ പരിഹാസ കഥാപാത്രമാവുന്നു. കീഴ്ജാതിക്കാരുടെ മൃഗമെന്നു പൊതുവെ വിശ്വസിക്കപ്പെടുന്ന കഴുതയെ തൊടാന്‍ വീട്ടില്‍ ജോലിക്കായി വരുന്ന സ്ത്രീയടക്കം ആരും തയ്യാറാകുന്നില്ല. കഴുത കാരണം, കോളേജില്‍ വിദ്യാര്‍ത്ഥികള്‍ പ്രൊഫസറെ കൂകിവിളിക്കുന്നു. അയാളെ കളിയാക്കിക്കൊണ്ട് കോളേജില്‍ പോസ്റ്ററുകള്‍  പതിക്കുന്നു. മറ്റൊരു കഴുതയെക്കൊണ്ട് വന്ന് അതുമായി വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ പ്രകടനം നടത്തുന്നു. അങ്ങനെ കോളേജിന്റെ സല്‍പ്പേരിനും അച്ചടക്കത്തിനും   കഴുത ഭീഷണിയായി  മാറുന്നു. അത്തരമൊരു  പരാതി പ്രിന്‍സിപ്പല്‍ ഉന്നയിക്കുന്നതോടെ, പ്രൊഫസര്‍ അതിനെ  സ്വന്തം നാട്ടിലെ അഗ്രഹാരത്തിലേക്ക് കൊണ്ടുപോകുന്നു. അവിടെ സംസാരശേഷിയില്ലാത്ത ജോലിക്കാരി ഉമ കഴുതയുടെ സംരക്ഷണം ഏറ്റെടുക്കുന്നു. കഴുതയെത്തുന്നതോടെ ഗ്രാമത്തില്‍ പല അനിഷ്ടസംഭവങ്ങളും നടക്കുന്നു. ഗ്രാമത്തിലെ വികൃതിക്കുട്ടികള്‍  പൂജ, വിവാഹം എന്നീ  കര്‍മ്മങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലേക്ക് കഴുതയെ കയറ്റിവിടുന്നു. അതോടെ അവ മുടങ്ങുന്നു. അങ്ങനെ  കഴുതയെക്കുറിച്ച് നാരായണസ്വാമിയുടെ പിതാവിന്റെ മുന്‍പില്‍ നിരവധി പരാതികള്‍ വരുന്നു. ഇതിനിടയില്‍ ഉമയെ നിരന്തരം പിന്തുടരുന്ന ഒരാള്‍, സ്‌നേഹം നടിച്ച് അവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നു. അങ്ങനെ  ഗര്‍ഭിണിയാകുമ്പോഴും കഴുതയെ സ്‌നേഹത്തോടെ സംരക്ഷിച്ചുകൊണ്ട്, മറ്റുള്ളവരുടെ പരിഹാസം അവഗണിച്ചുകൊണ്ട് ഉമ ജീവിതം തുടരുന്നു. ചാപിള്ളയെ പ്രസവിച്ച ഉമയുടെ കുട്ടിയുടെ ശവശരീരം, അവരുടെ അമ്മ  അമ്പലനടയില്‍കൊണ്ടുപോയി വെയ്ക്കുന്നു. അതോടെ അമ്പലത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടതായി വിലയിരുത്തപ്പെടുന്നു. അത് കഴുത ചെയ്തതാണെന്ന പ്രചരണം ശക്തമാകുന്നതോടെ അതിനെ കൊല്ലാനായി പൂജാരി ജോലിക്കാരോട് ആവശ്യപ്പെടുന്നു. എല്ലാവരും ചേര്‍ന്ന് കഴുതക്കുട്ടിയെ അടിച്ചുകൊല്ലുന്നു.  എന്നാല്‍, മരണശേഷവും  കഴുതയെ ഗ്രാമത്തില്‍ കാണുന്നതായി പൂജാരിയടക്കം പലരും  വെളിപ്പെടുത്തുന്നു. 

അഗ്രഹാരത്തിലെത്തിയ പ്രൊഫസര്‍ എല്ലാം അറിഞ്ഞ് നിരാശനാവുന്നു. കഴുതയുടെ അസ്ഥിക്കൂടം കണ്ടെത്തുന്ന ഉമ നല്‍കിയ അതിന്റെ  തലയോട് പ്രൊഫസര്‍ മറ്റുള്ളവര്‍ക്ക് കൈമാറുന്നു. അത് പൂജിച്ച്, അതില്‍നിന്നുയരുന്ന അഗ്‌നിപന്തങ്ങളില്‍ കൊളുത്തി,  നൃത്തം ചെയ്യുന്നവരെ നോക്കിക്കൊണ്ട്, നിശ്ചയദാര്‍ഢ്യത്താല്‍ ജ്വലിക്കുന്ന കണ്ണുകളുമായി പ്രൊഫസറും ഉമയും. ആ അഗ്‌നിയില്‍ അഗ്രഹാരത്തിലെ വീടുകള്‍ കത്തിയെരിയുന്നു. അവിടെയാണ് അഗ്രഹാരത്തില്‍ കഴുതൈ  അവസാനിക്കുന്നത്.

ഉ ഹസാര്‍ഡ്  ബല്‍ത്തസാര്‍, ഇയോ എന്നീ ചിത്രങ്ങള്‍ക്ക് സമാനമായി, ഒരു കഴുതയുടെ ദുരന്തജീവിതം ആവിഷ്‌കരിക്കുന്ന ചിത്രം, സമൂഹത്തിലെ ജീവിതങ്ങളെ അതെങ്ങനെ സ്വാധീനിക്കുന്നുവെന്ന് ചിത്രീകരിക്കുന്നു. തൊഴിലെടുക്കുന്നവരുടെ മൃഗമായി, ഭാരം ചുമക്കുകയെന്ന ദൗത്യം നിര്‍വ്വഹിക്കാന്‍ മാത്രം വിധിക്കപ്പെട്ട കഴുത നേരിടുന്ന അപമാനം, പീഡനങ്ങള്‍ ഇവ ബല്‍ത്തസാര്‍ പോലെ ഇവിടെയും ദൃശ്യവല്‍ക്കരിക്കപ്പെടുന്നു. ജനക്കൂട്ടത്താല്‍ പീഡിപ്പിക്കപ്പെട്ട്, കൊല ചെയ്യപ്പെട്ട കഴുതയുടെ കുട്ടി, ജീവിതം മുഴുവന്‍ അതിക്രമങ്ങള്‍ അനുഭവിക്കുന്നു. ചെയ്യാത്ത കുറ്റങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കുന്നു, ഒടുവില്‍ സമൂഹത്തില്‍ ഉന്നതസ്ഥാനങ്ങളിലുള്ളവരാല്‍ കൊല ചെയ്യപ്പെടുന്നു. പ്രൊഫസറുടേയും ഉമയുടേയും സാന്ത്വനങ്ങളും സ്‌നേഹവും അനുഭവിച്ചുകൊണ്ട്  ജീവിക്കുന്ന അത്  മറ്റുള്ളവരില്‍നിന്ന് പീഡനങ്ങളും അപമാനവും നേരിടുന്നു. പശുവിനെ ആരാധിക്കുന്ന ബ്രാഹ്മണര്‍ വെറുക്കുന്ന കഴുത, ഒരു അപശകുനമായി അവരുടെ ജീവിതങ്ങള്‍ക്കു മുന്‍പില്‍ വരുന്നു. ഒടുവില്‍ ചെയ്യാത്ത കുറ്റങ്ങളുടെ പേരില്‍ അത് വധിക്കപ്പെടുന്നു. മരണശേഷം ആ കഴുത വിശുദ്ധമൃഗമായി തിരിച്ചറിയപ്പെടുന്നു. ഗ്രാമത്തില്‍ നടക്കുന്ന ആകസ്മിക സംഭവങ്ങള്‍ കഴുതയുടെ   അത്ഭുതസിദ്ധികളായി വിശദീകരിക്കപ്പെടുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് നാട് വിട്ടുപോയ ആള്‍ തിരിച്ചുവരുന്നു. മാറാരോഗങ്ങള്‍ ഭേദമാകുന്നു. അതോടെ അപശകുനമായി കണ്ടിരുന്ന കഴുതയുടെ പേരില്‍ അമ്പലം നിര്‍മ്മിക്കാന്‍ തീരുമാനിക്കപ്പെടുന്നു. എന്നാല്‍, കൊല ചെയ്യപ്പെട്ട കഴുത ജീവിതകാലത്ത് അനുഭവിച്ച പീഡനങ്ങളില്‍നിന്നുമുള്ള അഗ്‌നിയാല്‍  അഗ്രഹാരം കത്തിയമരുന്നു. ബല്‍ത്തസാറിലും ഇയോയിലും കഴുതയുടെ ജീവിതം അവസാനിക്കുന്നതോടെ കഥകള്‍ പൂര്‍ത്തിയാവുന്നു. എന്നാല്‍, അഗ്രഹാരത്തില്‍ കഴുതൈയില്‍ കഴുതയുടെ അന്ത്യം ഒരു ശുദ്ധീകരണത്തിനു    തുടക്കം കുറിക്കുന്നു. യാഥാസ്ഥിതികതയുടെ അന്ത്യം സൂചിപ്പിക്കുന്ന നവീകരണം അതോടെ ആരംഭിക്കുന്നു.

ഉ ഹസാര്‍ഡ് ബല്‍ത്തസാര്‍, ഇയോ, ആഗ്രഹാരത്തില്‍ കഴുതൈ എന്നീ ചിത്രങ്ങള്‍ തരാതമ്യം ചെയ്യുമ്പോള്‍, ചില സമാനതകളിലും വ്യത്യാസങ്ങളിലും നാമെത്തിച്ചേരും. ബല്‍ത്തസാര്‍, ബ്രസന്റെ മറ്റു ചിത്രങ്ങള്‍ പോലെ, ആഴത്തിലുള്ള ഒരു ദര്‍ശനികതലത്തില്‍ സഞ്ചരിക്കുന്ന  ചിത്രമാണ്. നന്മതിന്മകളും കരുണ, സ്‌നേഹം, സാഹോദര്യം തുടങ്ങി ജീവിതത്തിന്റെ പല അടിസ്ഥാന സമസ്യകളും  ചര്‍ച്ച ചെയ്യുന്ന ചിത്രം, മേരി, ജാക്വിസ്, ജെറാള്‍ഡ് തുടങ്ങി  വ്യത്യസ്ത ജീവിതമുഖങ്ങളിലുള്ളവരെ ദൃശ്യവല്‍ക്കരിക്കുന്നു. മരണത്തിനു തൊട്ടുമുന്‍പുള്ളതടക്കമുള്ള കഴുതയുടെ ആത്മീയസാന്നിധ്യങ്ങളുടെ സവിശേഷ ദൃശ്യങ്ങള്‍ ചിത്രത്തില്‍ ശ്രദ്ധേയങ്ങളാവുന്നു.  ഇത്തരം കാഴ്ചകള്‍കൊണ്ട് സമ്പന്നമായ ബല്‍ത്തസാര്‍, ലോകത്തില്‍ നിര്‍മ്മിക്കപ്പെട്ട മികച്ച ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു. ക്രിസ്തുമത വിശ്വാസത്തിന്റെ ശക്തമായ പശ്ചാത്തലവും സൂചനകളുമുള്ള ചിത്രം,  പ്രേക്ഷകരുടെ ആന്തരിക ശുദ്ധീകരണം സാധ്യമാക്കുന്ന സിനിമകളില്‍ മുന്‍പന്തിയില്‍ ഇടംപിടിക്കുന്നു.

അത്തരമൊരു ഉയര്‍ന്ന ദാര്‍ശനികതലം ലക്ഷ്യമാക്കാത്ത ഇയോ, ദീര്‍ഘമായ യാത്രയില്‍ കഴുത നേരിടുകയും കാണുകയും ചെയ്യുന്ന സംഭവങ്ങളിലാണ് കൂടുതല്‍ കേന്ദ്രീകരിക്കപ്പെടുന്നത്. തന്നെ  സ്‌നേഹിക്കയും ചൂഷണം ചെയ്യുകയും ശിക്ഷിക്കയും ചെയ്യുന്നവരെ നിസ്സംഗതയോടെ നോക്കി നില്‍ക്കുമ്പോഴും ഇയോ അതെല്ലാം തിരിച്ചറിയുന്നു. ചുറ്റുമുള്ള ജീവിതങ്ങളില്‍ അതിക്രൂരമായ കാഴ്ചകളും  അതോടൊപ്പം സ്‌നേഹലാളനകളും ഇയോ കാണുന്നു, അവ അനുഭവിക്കുന്നു. ആഗ്രഹാരത്തില്‍ കഴുതൈ, നഗരവും ഗ്രാമവും കഴുതയോട് ചെയ്യുന്ന ക്രൂരതകള്‍ക്കൊപ്പം പ്രൊഫസര്‍, ഉമ എന്നിവരുടെ സ്‌നേഹസ്വാന്തന  സമീപനങ്ങളും രേഖപ്പെടുത്തുന്നു. മറ്റ് രണ്ട് ചിത്രങ്ങളില്‍നിന്ന് വ്യത്യസ്തമായി, അത്ഭുതങ്ങളില്‍ വിശ്വസിച്ച്, കൊല്ലപ്പെട്ട കഴുതയെ ഭയപ്പെടുന്ന ഗ്രാമത്തില്‍,  മറ്റൊരു ദൈവമായി കഴുത മാറുന്നു. ജീവിതത്തെ പുറകോട്ട് നയിക്കുന്ന വിശ്വാസങ്ങള്‍ക്കെതിരെ, നവീകരണത്തിന്റെ അഗ്‌നിക്കു കാരണമാകുന്ന കഴുത. ആ അഗ്‌നിയില്‍ ശുദ്ധീകരിക്കപ്പെടുന്ന അഗ്രഹാരത്തിന്റ കാഴ്ചയില്‍ ചിത്രം അവസാനിക്കുന്നു.

ബല്‍ത്തസാറിലെ മേരി, ഇയോയിലെ കസാന്ദ്ര, അഗ്രഹാരത്തിലെ ഉമ എന്നീ മൂന്ന് സ്ത്രീകളാണ് കഴുതകളെ പരിചരിക്കുന്നതും സ്‌നേഹത്തോടെ അതിനോട് ഇടപഴകുന്നതുമെന്ന കാര്യം ശ്രദ്ധേയമാണ്. ഇതിന്റെ പേരില്‍ പല രീതികളില്‍ അവര്‍ പീഡിപ്പിക്കപ്പെടുന്നു. ഈ മൂന്ന് ചിത്രങ്ങളും കഴുതകളുടെ ജീവിതങ്ങള്‍ ചിത്രീകരിച്ചുകൊണ്ട്, വ്യത്യസ്ത കാലങ്ങളില്‍ ജീവിതം നേരിട്ടുകൊണ്ടിരിക്കുന്ന സന്ദിഗ്ദ്ധതകളെ ആവിഷ്‌കരിക്കുന്നുവെന്ന് മാത്രമല്ല, ചുറ്റുമുള്ള ജീവിതങ്ങളെ മുന്‍വിധികളില്ലാതെ സമീപിക്കാനും മാനവികതയില്‍ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് ജീവിതത്തെ നവീകരിക്കാനും അവ ആവശ്യപ്പെടുകയും ചെയ്യുന്നു. അങ്ങനെ സിനിമയുടെ ചരിത്രവര്‍ത്തമാനങ്ങളില്‍ കൃത്യമായൊരു സ്ഥാനം ഈ ചിത്രങ്ങള്‍ നേടുന്നു.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com