മുഖ്യമന്ത്രിയുമായി രഹസ്യ സംഭാഷണം നടത്തിയതു അനുചിതമായ നടപടി

ലോകായുക്തയുടെ ഫുള്‍ ബെഞ്ച് നാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് പരാതിയില്‍ കഴമ്പുണ്ടെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ഫയലില്‍ സ്വീകരിച്ചത്
മുഖ്യമന്ത്രിയുമായി രഹസ്യ സംഭാഷണം നടത്തിയതു അനുചിതമായ നടപടി

മുഖ്യമന്ത്രിക്കും മുന്‍ മന്ത്രിമാര്‍ക്കുമെതിരെയുള്ള ദുരിതാശ്വാസ നിധി വകമാറ്റി അനുവദിച്ച കേസ് ലോകായുക്തയുടെ പരിഗണനയിലിരിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തത് ഏറെ വിവാദമായി. സാധാരണഗതിയില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് എന്നിവര്‍ ഒരുക്കുന്ന അതിഥിസല്‍ക്കാരം, ഇഫ്താര്‍ വിരുന്ന് എന്നിവയില്‍ ന്യായാധിപന്മാര്‍ പങ്കെടുക്കുന്നതില്‍ യാതൊരു പുതുമയുമില്ല. പക്ഷേ, മുഖ്യമന്ത്രിക്കും മറ്റ് മുന്‍ മന്ത്രിമാര്‍ക്കുമെതിരെയുള്ള കേസ് പരിഗണിച്ചുകൊണ്ടിരിക്കെയാണ് ഈ വിരുന്നുസല്‍ക്കാരം. 

ലോകായുക്തയുടെ ഫുള്‍ ബെഞ്ച് നാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് പരാതിയില്‍ കഴമ്പുണ്ടെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ഫയലില്‍ സ്വീകരിച്ചത്. അന്വേഷണം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിവെച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും വിധി പറയാതെ പരാതി നിലനില്‍ക്കുമോയെന്നതില്‍ ലോകായുക്തയും ഉപലോകായുക്തയും തമ്മില്‍ ഭിന്നിപ്പുണ്ടെന്ന് പറഞ്ഞ് ഭിന്നവിധിയെഴുതാതാരിക്കുകയാണ്. പരാതിയുടെ നിയമസാധുത പുന:പരിശോധിക്കണമെന്ന ലോകായുക്തയുടെ വിവാദ ഉത്തരവ് സംസ്ഥാനത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ മുഖ്യമന്ത്രി ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത ലോകായുക്തയുടേയും ഉപലോകായുക്തയുടേയും നടപടിയാണ് ഏറെ ആശങ്കകള്‍ സൃഷ്ടിച്ചത്. 

മാത്രമല്ല, പതിവിനു വിപരീതമായി മുഖ്യമന്ത്രി ഒരുക്കിയ ഇഫ്താര്‍ വിരുന്നിലേക്ക് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതും വീഡിയോ നിരോധിച്ചതും തികച്ചും അസാധാരണ നടപടിയാണ്. ലോകായുക്തയും ഉപലോകായുക്തയും ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത് മുഖ്യമന്ത്രിയുമായി ഏറെ നേരം മാറിയിരുന്ന് രഹസ്യ സംഭാഷണം നടത്തിയതും തികച്ചും അനുചിതമായ നടപടിയാണ് എന്നതില്‍ സംശയമില്ല. ഉദാഹരണമായി, അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതക കേസിന്റെ വിചാരണ നടക്കുമ്പോള്‍ കേസിലെ പ്രതികള്‍ ഒരുക്കുന്ന വിരുന്നില്‍ വിചാരണ ജഡ്ജി പങ്കെടുത്ത്  പ്രതികളോടൊത്ത് രഹസ്യ സംഭാഷണം നടത്തിയാല്‍ കേസിലെ ഇരകള്‍ക്കുണ്ടായേക്കാവുന്ന സംശയവും ആശങ്കയും തന്നെയാണ് മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ ലോകായുക്തയും, ഉപലോകായുക്തയും പങ്കെടുത്ത് രഹസ്യ സംഭാഷണം നടത്തിയപ്പോള്‍ കേരളീയ പൊതുസമൂഹത്തിനുണ്ടായത്.

ഇഫ്താർ വിരുന്നിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും
ഇഫ്താർ വിരുന്നിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും

സുപ്രീംകോടതിയും ഹൈക്കോടതികളും നിരവധി വിധിന്യായങ്ങളില്‍ ഉദ്ധരിക്കുന്ന 'നീതി നടത്തിയാല്‍ മാത്രം പോര, നീതി നടത്തിയെന്ന് സംശയാതീതമായി ബോദ്ധ്യപ്പെടുത്തുകയും വേണം' എന്ന ആപ്തവാക്യം 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഇംഗ്ലണ്ടില്‍ ജീവിച്ച സുപ്രസിദ്ധ ന്യായാധിപന്‍ ചീഫ് ജസ്റ്റിസ് ലോര്‍ഡ് ഹീവാര്‍ട്ടിന്റേതാണ്. രണ്ട് വാഹനങ്ങള്‍ കൂട്ടിമുട്ടിയതിനെത്തുടര്‍ന്ന് പരിക്കുപറ്റിയ ദമ്പതിമാര്‍ ബോധിപ്പിച്ച കേസില്‍ ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ സ്ഥാപനത്തിലെ പാര്‍ട്ണര്‍ കൂടിയായ വിചാരണ കോടതിയിലെ ഡെപ്യൂട്ടി ക്ലര്‍ക്ക് കേസ് ജഡ്ജിയുടെ ചേമ്പറിലേക്ക് ന്യായാധിപന്‍ തിരിച്ചപ്പോള്‍ കൂടെ ഉണ്ടായിരുന്നു. പിന്നീട് ചേമ്പറില്‍നിന്നും പുറപ്പെടുവിച്ച വിധിയനുസരിച്ച് അപകടത്തിനു കാരണക്കാരനായ വാഹനമോടിച്ചിരുന്ന ഡ്രൈവര്‍ക്ക് 10 പൗണ്ട് പിഴ ചുമത്തിയ വിധിയെ ചോദ്യം ചെയ്തുകൊണ്ട് ബോധിപ്പിച്ച അപ്പീലിലെ പ്രധാന വാദം കേസില്‍ അന്യായക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷക സ്ഥാപനത്തിലെ പാര്‍ടണറായ കോടതി ഡെപ്യൂട്ടി ക്ലര്‍ക്കിന്റെ ന്യായാധിപനോടൊത്ത് ചേമ്പറിലെ സാന്നിദ്ധ്യം വിധിയെ സ്വാധീനിച്ചുവെന്നായിരുന്നു. അപ്പീലന്യായക്കാരന്റെ ആശങ്ക ശരിവെച്ച അപ്പീല്‍ വാദം കേട്ട കിങ്സ് ബെഞ്ചിന്റെ തലവന്‍ ചീഫ് ജസ്റ്റിസ് ലോര്‍ഡ് ഹീവാര്‍ട്ട് അപ്പീലനുവദിച്ചുകൊണ്ടുള്ള വിധിന്യായത്തില്‍ അപ്പീലന്യായക്കാര്‍ ആരോപിച്ചതുപോലെ ഡെപ്യൂട്ടി ക്ലര്‍ക്കിന്റെ ചേമ്പറിലെ സാന്നിദ്ധ്യം വിധിയെ സ്വാധീനിച്ചില്ലെങ്കിലും ഡെപ്യൂട്ടി ക്ലര്‍ക്ക് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഇടപെട്ടില്ലെങ്കിലും പ്രതികള്‍ക്ക് പിഴ ചുമത്തിയ കീഴ്കോടതി വിധി റദ്ദ് ചെയ്തുകൊണ്ട് അപ്പീല്‍ വാദം കേട്ട കിങ്സ് ബെഞ്ചിന്റെ തലവന്‍ ചീഫ് ജസ്റ്റിസ് ലോര്‍ഡ് ഹീവാര്‍ട്ടിന്റെ നിരീക്ഷണം ഇപ്രകാരമായിരുന്നു: 'It is not merely of some importance but is of fundamental importance that Justice should not only be done, but should manifestly and undoubtedly be seen to be done' [Rax V/s Sussex Justices (1924) 1 KB 256]
നീതിനിര്‍വ്വഹണമെന്ന പവിത്രമായൊരു ദൗത്യം നിര്‍വ്വഹിക്കുമ്പോള്‍ യാതൊരു ബാഹ്യശക്തികളുടേയും ഇടപെടലുകള്‍ ഉണ്ടായിയെന്ന് തോന്നത്തക്കവിധം യാതൊന്നും തന്നെ ന്യായാധിപന്മാര്‍ പ്രവര്‍ത്തിക്കരുതെന്ന് പ്രഖ്യാപിച്ച ചീഫ് ജസ്റ്റിസ് ലോര്‍ഡ് ഹീവാര്‍ട്ടിന്റെ മേല്‍ വാക്യമാണ് സര്‍വ്വ കീഴ്വഴക്കങ്ങളും ലംഘിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തുകൊണ്ട് ലോകായുക്തയും ഉപലോകായുക്തയും ലംഘിച്ചത്. 

തെറ്റുന്ന കീഴ്വഴക്കം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും നിയമവിരുദ്ധമായ രീതിയില്‍ പണം അനുവദിച്ച കേസിന്റെ നാള്‍വഴികള്‍ പരിശോധിച്ചാല്‍ പരാതിയുടെ നിയമസാധുത സംബന്ധിച്ച് ഫുള്‍ബെഞ്ചിന് വിട്ടുകൊണ്ടുള്ള ലോകായുക്തയുടെ ഏറ്റവും ഒടുവിലത്തെ ഉത്തരവ് നിയമവിരുദ്ധവും കേരള ലോകായുക്ത നിയമമനുസരിച്ചുള്ള സര്‍വ്വ കീഴ്വഴക്കങ്ങള്‍ക്ക് എതിരുമാണ്. 2018-ല്‍ ലോകായുക്തയില്‍ ബോധിപ്പിച്ച പരാതിയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും ഭരണകക്ഷിയിലെ മരണമടഞ്ഞ മുന്‍ എം.എല്‍.എയുടെ സ്വര്‍ണ്ണ പണയ വായ്പയും വാഹന വായ്പയും തിരിച്ചടക്കാന്‍ എട്ടര ലക്ഷവും, മരണപ്പെട്ട മറ്റൊരു ഭരണകക്ഷി നേതാവിന്റെ കുടുംബത്തിനായി 25 ലക്ഷവും പാര്‍ട്ടി സെക്രട്ടറിയുടെ മരണമടഞ്ഞ അകമ്പടി പൊലീസുകാരന്റെ കുടുംബത്തിന് 20 ലക്ഷം രൂപയും മന്ത്രിസഭാ തീരുമാന പ്രകാരമാണ് അനുവദിച്ചതെന്നും ആയതിനാല്‍ ലോകായുക്തയ്ക്ക് അന്വേഷിക്കാന്‍ അധികാരം ഇല്ലെന്നുമുള്ള സര്‍ക്കാര്‍ വാദം തള്ളിക്കൊണ്ടാണ് ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസ് അദ്ധ്യക്ഷനായ ഫുള്‍ ബെഞ്ച് പരാതി ഫയലില്‍ സ്വീകരിച്ച് അന്വേഷണത്തിന്  ഉത്തരവിട്ടത്. ലോകായുക്ത നിയമം 7(1) വകുപ്പനുസരിച്ചുള്ള പ്രസ്തുത ഉത്തരവ് നാലു വര്‍ഷം പിന്നിട്ടിട്ടും ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിട്ടുമുണ്ടായിരുന്നില്ല. ഫുള്‍ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി ഡിവിഷന്‍ ബെഞ്ചിന് പുന:പരിശോധിക്കുവാന്‍ ഉത്തരവിടുക എന്നത് ജൂഡീഷ്യല്‍ അച്ചടക്കത്തിന്റെ നഗ്‌നമായ ലംഘനമാണ്. പ്രളയം, വരള്‍ച്ച തുടങ്ങിയ പ്രകൃതിക്ഷോഭം മൂലം സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്കും മഹാമാരി തുടങ്ങിയ മാറാവ്യാധികള്‍ പിടിപെട്ട് ജീവിതവുമായി മുഖാമുഖം പോരാടുന്ന അഗതികളും രോഗികളുമായ കഷ്ടത അനുഭവിക്കുന്നവര്‍ക്കും ലഭിക്കേണ്ട സഹായധനമാണ് സ്വന്തക്കാര്‍ക്ക് വഴിവിട്ട് അനുവദിച്ച മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും നടപടി പ്രഥമദൃഷ്ട്യാ സ്വജനപക്ഷപാതം തന്നെയാണ്. മാത്രമല്ല, ലോകായുക്ത നിയമം 7(1) വകുപ്പനുസരിച്ച് സാധാരണഗതിയില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, നിയമസമാചികന്മാര്‍, ഗവണ്‍മെന്റ് സെക്രട്ടറി, രാഷ്ട്രീയ പാര്‍ട്ടികളുടെ സംസ്ഥാന ജില്ലാ ഭാരവാഹികള്‍ എന്നിവരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണമായി ബന്ധപ്പെട്ട് ആരോപിക്കപ്പെടുന്ന കേസുകള്‍ ലോകായുക്തയും ഒരു ഉപലോകായുക്തയും ഉള്‍പ്പെട്ട ബെഞ്ചാണ് അന്വേഷിക്കുക. 

അപ്രകാരം അന്വേഷിക്കുന്നതില്‍ ഭിന്നാഭിപ്രായമുണ്ടായതിനെത്തുടര്‍ന്നാണ് ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസ് അദ്ധ്യക്ഷനായ ഫുള്‍ബെഞ്ച് രൂപീകരിച്ച് ദുരിതാശ്വാസ ഫണ്ട് ദുര്‍വ്വിനിയോഗം സംബന്ധിച്ച മുഖ്യമന്ത്രിക്കെതിരെയുള്ള പരാതി നിയമാനുസൃതം നിലനില്‍ക്കുമെന്ന് വിധി എഴുതുകയും ആ ഉത്തരവ് ഫലത്തിലും ബലത്തിലും നിലനില്‍ക്കുമ്പോള്‍ പുന:പരിശോധിക്കുവാനായി രണ്ടംഗ ബെഞ്ച് നാലു വര്‍ഷത്തെ അന്വേഷണത്തിനു ശേഷം ഉത്തരവിടുന്നത്. ആ കേസില്‍ വാദം കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും വിധി പറയാനാവാതെ മാറ്റിവെച്ചപ്പോള്‍ പരാതിക്കാരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി ബോധിപ്പിച്ചതിനെത്തുടര്‍ന്നാണ് ഫയലില്‍ സ്വീകരിച്ച് നാലു വര്‍ഷത്തോളം അന്വേഷണം നടത്തി വിധി പറയേണ്ട ഘട്ടത്തില്‍ ഹര്‍ജിയുടെ നിലനില്‍പ്പ് സംബന്ധിച്ച് ഭിന്നാഭിപ്രായം രേഖപ്പടുത്തിയത് ലോകായുക്തയോ ഉപലോകായുക്തയോ എന്നത് ഇനിയും പുറത്തുവരാത്ത രഹസ്യമാണ്. 11 പേജുള്ള ഉത്തരവില്‍ ആരാണ് ഭിന്നവിധി എഴുതിയെന്നതും വ്യക്തമല്ല. നിയമവിരുദ്ധമായ ഇത്തരം ഉത്തരവുകള്‍ പുറപ്പെടുവിച്ച് ജനവിശ്വാസം നഷ്ടപ്പെടുത്തുന്ന സാഹചര്യം ഒരിക്കലും ഭൂഷണമല്ല.

ജസ്റ്റിസ് ലോര്‍ഡ് ഹീവാര്‍ട്ട്
ജസ്റ്റിസ് ലോര്‍ഡ് ഹീവാര്‍ട്ട്

അധികാരമില്ലാത്ത മേഖലകള്‍

1999-ലെ ലോകായുക്ത നിയമം 8(1), 24 വകുപ്പുകളനുസരിച്ച് ലോകായുക്തയ്ക്ക് അന്വേഷിക്കാന്‍ അധികാരമില്ലാത്ത മേഖലകള്‍ വളരെ വ്യക്തമായി വിവരിച്ചിട്ടുണ്ട്. അവയില്‍ ഒന്നിലും തന്നെ മന്ത്രിസഭാ തീരുമാനങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ല. മന്ത്രിസഭാ തീരുമാനങ്ങള്‍ ലോകായുക്തയ്ക്ക് അന്വേഷിക്കാന്‍ പാടില്ല എന്നതാണ് നിയമമെങ്കില്‍ മറ്റ് രീതിയില്‍ ചെയ്യാന്‍ പാടില്ലാത്ത അഴിമതി, സ്വജന പക്ഷപാതം, കെടുകാര്യസ്ഥത എന്നിവ മന്ത്രിസഭായോഗങ്ങളില്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തിയോ അല്ലാതേയോ അംഗീകരിച്ചാല്‍ ലോകായുക്ത അടച്ചുപൂട്ടുന്നതിനു സമാനമാണ്. അതുകൊണ്ട് തന്നെയാണ് ലോകായുക്തയ്ക്ക് അന്വേഷിക്കാന്‍ അധികാരമില്ലെന്നു വ്യക്തമാക്കിക്കൊണ്ട് നിരോധിത മേഖലയായി പ്രഖ്യാപിച്ച പൊതുസ്ഥാനീയങ്ങളുടെ ഗണത്തില്‍ മന്ത്രിസഭാ തീരുമാനം ഉള്‍പ്പെടുത്താതിരുന്നതെന്ന് വളരെ വ്യക്തമാണ്.
 
ലോകായുക്താ നിയമം 8(1) വകുപ്പനുസരിച്ചുള്ള രണ്ടാം ഷെഡ്യൂളില്‍ വിവരിച്ച പ്രകാരം രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട് ഉത്തമ വിശ്വാസത്തോടുകൂടി ചെയ്ത യാതൊരു നടപടികളും കോടതിയുടെ പരിഗണനാ വിഷയമെന്ന ഉത്തമ വിശ്വാസത്തോട് കൂടി ചെയ്ത നടപടികളും ലോകായുക്തയുടെ അന്വേഷണ പരിധിയില്‍പെടുന്നതല്ല. ലോകായുക്ത നിയമം 24-ാം വകുപ്പനുസരിച്ച് സിവില്‍/ക്രിമിനല്‍ കോടതികളുടെ ന്യായാധിപന്മാര്‍ എന്ന നിലയില്‍ നിര്‍വ്വഹിക്കുന്ന നടപടികള്‍, കോടതി ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണവുമായി ബന്ധപ്പെട്ട നടപടികള്‍, അക്കൗണ്ടന്റ് ജനറല്‍, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍, തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍, നിയമസഭാ സ്പീക്കര്‍, പബ്ലിക്ക് സര്‍വ്വീസ് കമ്മിഷന്‍ ചെയര്‍മാന്‍, സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍, കമ്മിഷന്‍ അംഗങ്ങള്‍, സംസ്ഥാന, ജില്ലാ, താലൂക്ക് ലീഗല്‍ സര്‍വ്വീസ് അതോറിറ്റി ഭാരവാഹികള്‍ എന്നീ പൊതുസ്ഥാനീയര്‍ തങ്ങളുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണവുമായി ബന്ധപ്പെട്ട നടപടികളും ലോകായുക്തയുടെ അന്വേഷണത്തില്‍പെടുന്നതല്ല. ലോകായുക്തയ്ക്ക് അന്വേഷിക്കാവുന്ന പൊതു സ്ഥാനീയങ്ങളെക്കുറിച്ച് വിശദമായി തരം തിരിച്ച് നിയമത്തില്‍ വിവരിച്ചതില്‍ മന്ത്രിസഭാ തീരുമാനങ്ങള്‍ ഒഴിവാക്കിയതില്‍നിന്നും തന്നെ മന്ത്രിസഭാ തീരുമാനത്തിന്റെ മറവില്‍ അഴിമതി, സ്വജന പക്ഷപാതം, കെടുകാര്യസ്ഥത, ദുര്‍ഭരണം നടത്താന്‍ പറ്റില്ലെന്നു തന്നെയാണ്  നിയമത്തിന്റെ പരമപ്രധാന ലക്ഷ്യം എന്നത് വ്യക്തമാണ്. തങ്ങള്‍ക്കെതിരെയുള്ള പരാതി നിയമാനുസൃതമായി നിലനില്‍ക്കുമെന്ന ലോകായുക്ത ഫുള്‍ബെഞ്ചിന്റെ ഉത്തരവ് കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ മുഖ്യമന്ത്രിയും മറ്റും ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാതിരുന്നതും അനുകൂല വിധിയുണ്ടാവില്ലയെന്ന ഉത്തമ വിശ്വാസംകൊണ്ടുതന്നെയാണെന്നു വേണം കരുതാന്‍. )1987ലെ പബ്ലിക്ക് മെന്‍സ്, കറപ്ഷന്‍ (ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് എന്‍ക്വയറീസ്) ആക്ട്  കൊണ്ട് അഴിമതി ഫലപ്രദമായി തടയാന്‍ കഴിയില്ലെന്ന തിരിച്ചറിവിനെത്തുടര്‍ന്നാണ് അന്നത്തെ ഇടതു സര്‍ക്കാര്‍ പൊതുസ്ഥാനീയങ്ങളിലെ അഴിമതി, സ്വജന പക്ഷപാതം, കെടുകാര്യസ്ഥത, ദുര്‍ഭരണം എന്നീ സാമൂഹ്യവിപത്തുകള്‍ തടയാന്‍ ശക്തമായ വകുപ്പുകള്‍ ചേര്‍ത്തുകൊണ്ട് 1998 നവംബര്‍ 15 തൊട്ട് നിലവില്‍ വന്ന കേരള ലോകായുക്ത ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച് നടപ്പിലാക്കിയത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേരള യൂണിവേഴ്സിറ്റി അസിസ്റ്റന്റ് നിയമനം കഴിഞ്ഞ ദിവസം ചില സാങ്കേതിക കാരണങ്ങളാല്‍ ഹൈക്കോടതി റദ്ദ് ചെയ്ത സി.പി.ഐ പാര്‍ട്ടിയില്‍ കോഴ വാങ്ങി പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിത്വം നല്‍കിയ കേസ്, മന്ത്രിമാരായിരുന്ന കെ.ടി. ജലീല്‍, കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ എന്നിവരുടെ രാജിയില്‍ കലാശിച്ച കേസുകള്‍ തുടങ്ങിയ പ്രധാന ഇടപെടലുകളില്‍ ലോകായുക്ത ശ്രദ്ധേയമായിരുന്നു. 

ജസ്റ്റിസ് സിറിയക് ജോസഫ്
ജസ്റ്റിസ് സിറിയക് ജോസഫ്

കടന്നാക്രമണം ചെറുക്കാതെ

കേരള ലോകായുക്ത നിയമം അനുസരിച്ച് ലോകായുക്തയേയോ ഉപലോകായുക്തയേയോ ബോധപൂര്‍വ്വം അപമാനിക്കുന്നതോ വിചാരണയ്ക്ക് തടസ്സം ഉണ്ടാക്കുന്നതോ ലോകായുക്തയേയോ ഉപലോകായുക്തയേയോ വാക്കാലോ മറ്റോ അവമതിപ്പുണ്ടാക്കുകയോ അപമാനിക്കുകയോ ചെയ്യുന്നതും 18-ാം വകുപ്പനുസരിച്ച്  6 മാസത്തില്‍ കുറയാത്തതും ഒരു വര്‍ഷത്തില്‍ കവിയാത്തതുമായ തടവ് ശിക്ഷ നല്‍കുന്ന കുറ്റമാണ്. മാത്രമല്ല, കേരള ലോകായുക്തയ്ക്ക് ഹൈക്കോടതിക്കു സമാനമായി 1971-ലെ കോടതി അലക്ഷ്യ നിയമം അനുസരിച്ച് ലോകായുക്തയെ അപകീര്‍ത്തിപ്പെടുത്തുകയോ അവമതിപ്പുണ്ടാക്കുകയോ ചെയ്യുന്നത് കോടതി അലക്ഷ്യമായി 19-ാം വകുപ്പനുസരിച്ച് നടപടികള്‍ സ്വീകരിക്കാവുന്നതാണ്. മുന്‍ മന്ത്രി കെ.ടി. ജലീല്‍ ബന്ധുനിയമനം നടത്തിയത് സ്വജന പക്ഷപാതമാണെന്നു കണ്ടെത്തിയ വിധി വന്ന ഉടനെ കെ.ടി. ജലീല്‍ ലോകായുക്തയെ അവമതിപ്പുണ്ടാക്കത്തക്കവിധം നിന്ദിക്കുകയും അവഹേളിക്കുകയും ചെയ്തുകൊണ്ട് ആവര്‍ത്തിച്ച്  പരസ്യപ്രസ്താവന നടത്തിയിട്ടും ലോകായുക്തയുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ല. ലോകായുക്തയുടെ കണ്ടെത്തല്‍ അഴിമതി നിരോധന നിയമമനുസരിച്ച് ശിക്ഷാര്‍ഹമായ കുറ്റമാണ്. ജലീലിനെതിരെ 15-ാം വകുപ്പനുസരിച്ച് പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കേണ്ടതാണ്. അതും ഉണ്ടായില്ല. ജലീലിന്റെ നിരന്തരമായി നടത്തിയ ആക്രമണം അവമതിപ്പുണ്ടാക്കിയെന്നും ആയത് കോടതി അലക്ഷ്യമാണെന്ന് ആരോപിച്ചുകൊണ്ട് തിരുവനന്തപുരത്തെ അഭിഭാഷകന്‍ രാജീവ്, കെ.ടി ജലീലിലിനെതിരെ ലോകായുക്തയില്‍ കോടതി അലക്ഷ്യനടപടി ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയെങ്കിലും കഴിഞ്ഞ ഒന്നര വര്‍ഷമായി യാതൊരു നടപടിയും കൈക്കൊള്ളാതെ വെച്ചു പാര്‍പ്പിക്കുന്ന നടപടി ലോകായുക്തയെ ഫലത്തില്‍ നിര്‍വ്വീര്യമാക്കാനും അതുവഴി ലോകായുക്തയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഇല്ലാതാക്കാനും മാത്രമേ സഹായിക്കുകയുള്ളൂ. പരാതിക്കാരന്‍ ശശികുമാര്‍ ലോകായുക്തയ്‌ക്കെതിരെ ചാനല്‍ ചര്‍ച്ചയില്‍ മോശമായ പരാമര്‍ശം നടത്തിയതിനും യാതൊരു നിയമപരമായ നടപടിയും ലോകായുക്ത സ്വീകരിച്ചില്ല. പകരം മുഖ്യമന്ത്രിക്കെതിരായ കേസില്‍ പരാതിക്കാരന്റെ പുന:പരിശോധനാ ഹര്‍ജി വീണ്ടും കഴിഞ്ഞ 12-ാം തീയതി പരിഗണനയ്ക്ക് വന്നപ്പോള്‍ ലോകായുക്തയും ഉപലോകായുക്തയും പരാതിക്കാരനെ പേപ്പട്ടിയോട് ഉപമിച്ച് പരാമര്‍ശം നടത്തിയതായാണ് മാധ്യമ വാര്‍ത്ത സൂചിപ്പിക്കുന്നത്.

ജസ്റ്റിസ് ഹാറൂൻ റഷീദ്
ജസ്റ്റിസ് ഹാറൂൻ റഷീദ്

ലോകായുക്തക്കെതിരെ വാസ്തവമല്ലാത്തതും തെറ്റിദ്ധാരണാജനകവുമായ വാര്‍ത്തകള്‍ ചില മാധ്യമങ്ങള്‍ ആവര്‍ത്തിച്ചു കാണുന്നതിലും വ്യക്തിപരമായി അവഹേളിക്കുന്നതിലും അനൗചിത്യം ചൂണ്ടിക്കാണിക്കുന്നത് സംബന്ധിച്ച് ലോകായുക്തയില്‍ നടന്ന ചില നടപടികളെ സംബന്ധിച്ച് 2023 ഏപ്രില്‍ 17, ന്യൂ ലോകായുക്ത ഒപ്പബ്ലിക്ക് റിലേഷന്‍സ് ഓഫീസറിന്റെ പേരില്‍ ഒരു പ്രസ് റിലീസ് ഇറക്കിയതായി കണ്ടു. ആ പ്രസ് റിലീസ് മുഴുവനും പരിശോധിച്ചാലും ഇപ്രകാരം ലോകായുക്ത ജഡ്ജിമാരെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടും വാസ്തവ വിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിട്ടും അത്തരം നടപടികള്‍ക്കെതിരെ ലോകായുക്ത നിയമത്തിലെ ശക്തമായ വകുപ്പുകള്‍ അനുസരിച്ച് ഉത്തരവാദികള്‍ക്കെതിരെ എന്തുകൊണ്ട് ക്രിമിനല്‍ പ്രോസീക്യൂഷനോ കോടതി അലക്ഷ്യ നടപടികളോ സ്വീകരിക്കുന്നില്ല എന്ന ചോദ്യത്തിന് യാതൊരു മറുപടിയും ഇല്ല എന്നത് വളരെ ഖേദകരമാണ്. ലോകായുക്ത എല്ലാ അര്‍ത്ഥത്തിലും ഒരു കോടതിയാണ്. അതിലെ ലോകായുക്ത ഒരു മുന്‍ സുപ്രീം കോടതി ജഡ്ജിയും മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി സേവനം ചെയ്ത മഹത്വ്യക്തിയാണ്. ഉപലോകായുക്തയും ഒരു മുന്‍ ഹൈക്കോടതി ജഡ്ജ് ആണ്. കോടതിയുടെ പരിഗണനയിലുള്ള ഒരു കേസിനെ സംബന്ധിച്ച് ന്യായാധിപന്മാര്‍ വിധി ന്യായത്തില്‍ കൂടി മാത്രമേ സംസാരിക്കാവൂ എന്നത് ജുഡീഷ്യല്‍ അച്ചടക്കത്തിന്റെ അടിസ്ഥാതത്ത്വമാണ്. അത് ലോകായുക്ത വിസ്മരിച്ചതു വളരെ ഖേദകരമാണ്. മാത്രമല്ല പ്രസ് റിലീസില്‍ മുഖ്യമന്ത്രിയും സഹമന്ത്രിമാരും ദുരിതാശ്വാസ നിധിയില്‍നിന്നു അനഹര്‍ക്ക് പണം അനുവദിച്ചുവെന്നാണ് ആരോപണം അല്ലാതെ ധനാപഹരണം നടത്തിയെന്നല്ല എന്ന ഒരു കേസിലെ എതിര്‍കക്ഷികളുടെ ഒരു പ്രതിരോധവും കൂടി എഴുതിച്ചേര്‍ത്തത് വളരെ അനുചിതമായിപ്പോയി എന്നെ പറയാനാവൂ.

ജസ്റ്റിസ് ബാബു
മാത്യു പി ജോസഫ്

കെ.ടി. ജലീലിനെതിരെയുള്ള വിധി വന്നതിനുശേഷം ലോകായുക്തയുടെ അധികാരംനീക്കം ചെയ്യുന്ന തരത്തില്‍ നിയമഭേദഗതിനിയമസഭ പാസ്സാക്കി ഗവര്‍ണറുടെ ഒപ്പിനായി കാത്തിരിക്കുമ്പോഴാണ് മുഖ്യമന്ത്രിക്കും മുന്‍മന്ത്രിമാര്‍ക്കുമെതിരായ കേസില്‍ വാദം പൂര്‍ത്തിയാക്കി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പറയാതെ വീണ്ടും പരാതിയുടെ നിയമസാധുത തന്നെ സംശയിച്ചുകൊണ്ട് പുനര്‍ചിന്തനത്തിനു തയ്യാറായിരിക്കുന്നത്. 

ലോകായുക്ത വിധിയും പിന്നീട് അത് ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയും ഉയര്‍ത്തുന്ന ചോദ്യം മുഖ്യമന്ത്രിയും മുന്‍ മന്ത്രിമാര്‍ക്കുമെതിരായ കേസിലും പ്രകടമാവുന്ന സാഹചര്യത്തില്‍ പരാതിയുടെ നിയമസാധുത പുന:പരിശോധനയ്ക്കായി ഫുള്‍ ബെഞ്ചിന് വിട്ട ഉത്തരവും അതിനു പിന്നിലെ ലോകായുക്തയ്‌ക്കെതിരെ ഉണ്ടായ ശക്തമായ വിമര്‍ശനങ്ങളില്‍ ലോകായുക്തയുടെ മൗനവുമെല്ലാം ലോകായുക്തയെ നിര്‍വ്വീര്യമാക്കാനേ സഹായിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ലോകായുക്തയുടെ അന്തസ്സും അച്ചടക്കവും നിഷ്പക്ഷതയും ഉയര്‍ത്തിപ്പിടിക്കേണ്ടത് എല്ലാ പൗരന്മാരെയും പോലെ ലോകായുക്തയ്ക്കും ഉപലോകായുക്തയ്ക്കും ഉത്തരവാദിത്വമുണ്ട്. എന്നാല്‍, മാത്രമേ നാളിതുവരെ സാധാരണ ജനങ്ങള്‍ക്ക് ലോകായുക്തയില്‍ ഉണ്ടായിരുന്ന അചഞ്ചലമായ ജനവിശ്വാസം നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com