സഹകരണ മേഖലയുടെ പൊളിച്ചെഴുത്താണ് കേന്ദ്ര സര്‍ക്കാരിന്റെ ഹിഡന്‍ അജണ്ട

2022 ഡിസംബറിലാണ് ഗുജറാത്തിലെ ക്ഷീര സഹകരണസംഘവും കര്‍ണാടകയിലെ ക്ഷീര സഹകരണസംഘവും ലയിപ്പിക്കുമെന്ന പ്രഖ്യാപനം ആഭ്യന്തരമന്ത്രി അമിത്ഷാ മാണ്ഡ്യയില്‍ വച്ച് നടത്തിയത്
സഹകരണ മേഖലയുടെ പൊളിച്ചെഴുത്താണ് കേന്ദ്ര സര്‍ക്കാരിന്റെ ഹിഡന്‍ അജണ്ട

ര്‍ഗ്ഗീയപ്രചരണങ്ങളും വികസനവുമൊക്കെ ചര്‍ച്ചയാകുന്നതിനൊപ്പം കര്‍ണാടകയില്‍ വിവാദമായ ഒന്നുകൂടിയുണ്ട് - പാല്‍. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമായ വഴിത്തിരിവുണ്ടാക്കാന്‍ കഴിയുന്നതാണ് പാലിന്റെ പേരിലുള്ള വിവാദം. കര്‍ണാടകയുടെ സ്വന്തം പാല്‍ ബ്രാന്‍ഡായ നന്ദിനിക്ക് വെല്ലുവിളി ഉയര്‍ത്തി ഗുജറാത്തില്‍നിന്ന് അമുല്‍ എത്തുന്നു എന്ന വാര്‍ത്തയാണ് വിവാദത്തിന് തുടക്കം. പാല്‍കച്ചവടത്തിന്റെ പേരില്‍ രാഷ്ട്രീയം പിഴയ്ക്കുമോ എന്ന ആശങ്കയിലാണ് ബി.ജെ.പി. തങ്ങളുടെ രഹസ്യ അജണ്ട നടപ്പാക്കുന്നതില്‍ ബി.ജെ.പി പിന്തുടരുന്ന രാഷ്ട്രീയതന്ത്രം നാളിത് വരെ പിഴച്ചിട്ടില്ല. എന്നാല്‍, അമുലിന്റെ കാര്യത്തില്‍ അതങ്ങനെയല്ല. 

2022 ഡിസംബറിലാണ് ഗുജറാത്തിലെ ക്ഷീര സഹകരണസംഘവും കര്‍ണാടകയിലെ ക്ഷീര സഹകരണസംഘവും ലയിപ്പിക്കുമെന്ന പ്രഖ്യാപനം ആഭ്യന്തരമന്ത്രി അമിത്ഷാ മാണ്ഡ്യയില്‍ വച്ച് നടത്തിയത്. മാണ്ഡ്യ ജില്ലാ ക്ഷീര യൂണിയന്റെ മെഗാ ഡയറി ഉദ്ഘാടനച്ചടങ്ങായിരുന്നു വേദി. അമുലും നന്ദിനിയും യോജിച്ച് പ്രവര്‍ത്തിച്ചാല്‍ മൂന്നുകൊല്ലം കൊണ്ട് എല്ലാ ഗ്രാമങ്ങളിലും പ്രഥമിക ക്ഷീരസംഘങ്ങള്‍ നിലവില്‍ വരും എന്നായിരുന്നു അദ്ദേഹം അന്നു പറഞ്ഞത്.  പുതുതായി രൂപീകരിച്ച സഹകരണ മന്ത്രാലയത്തിന്റെ ചുമതല അമിത്ഷായ്ക്കാണ്. ആദ്യം, ക്ഷീരമേഖലയ്ക്ക് ഗുണം ചെയ്യുന്ന വിപുലീകരണ പദ്ധതി മാത്രമാണെന്നായിരുന്നു മിക്കവരും കരുതിയത്.  എന്നാല്‍, ചൂഷണത്തിന്റേയും  ഫെഡറല്‍ തത്ത്വങ്ങളുടെ ലംഘനത്തിന്റേയും ആദ്യചുവടാണ് ഇതെന്ന് പിന്നീട് വ്യക്തമായി. വിപണി കുത്തക നേടാന്‍ വേണ്ടിയാണ് അമുല്‍ മുന്‍കൈയെടുത്ത് ഈ ലയനനീക്കമെന്ന വാദം ചൂടുപിടിച്ചു. 

രാജ്യത്തെ ഏറ്റവും വലിയ ക്ഷീര സഹകരണസംഘമായ അമുലിന്റെ വരവ് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ (കെ.എം.എഫ്) പ്രാദേശിക ബ്രാന്‍ഡായ നന്ദിനിക്കു ഭീഷണിയാകുമെന്ന ആശങ്ക ഉയര്‍ന്നതോടെ കര്‍ണാടകയിലെ ക്ഷീര കര്‍ഷകരില്‍നിന്നും വന്‍പ്രതിഷേധമുണ്ടായി. ഇതോടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ലയനനീക്കത്തെ എതിര്‍ക്കുകയും ചെയ്തു. സഹകരണം സംസ്ഥാന സര്‍ക്കാരുകളുടെ അധികാരപരിധിയില്‍ വരുന്നതായതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ഏതെങ്കിലും ഒരു സംസ്ഥാനത്തെ സഹകരണസംഘത്തിന്റെ പക്ഷം പിടിക്കുന്നത് നമ്മുടെ ഫെഡറല്‍ സംവിധാനത്തിന് അനുയോജ്യമല്ല. രാജ്യത്ത് മുഴുവന്‍ പാല്‍ ഉല്പാദക സഹകരണസംഘങ്ങളും സംസ്ഥാന സര്‍ക്കാരുകളും ഒരുഭാഗത്തും അമുല്‍ ഡെയറിയും അതിന്റെ സംരക്ഷകരായി കേന്ദ്രസര്‍ക്കാര്‍ മറുഭാഗത്തുമായുള്ള തര്‍ക്കത്തില്‍ ബി.ജെ.പി രാഷ്ട്രീയമായി ഒറ്റപ്പെടുന്നതാണ് പിന്നെ കണ്ടത്. 

ലയനത്തോടെ നന്ദിനി ബ്രാന്‍ഡ് പാലിന്റെ വിപണി പിടിച്ചടക്കാനാണ് ബി.ജെ.പിയുടെ നീക്കമെന്ന് പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസ്സും ജെ.ഡി.എസും ആരോപിക്കുന്നു. പ്രാദേശിക കന്നഡിഗ വികാരത്തിലൂന്നി ബി.ജെ.പിയെ പ്രതിരോധത്തിലാക്കാനുള്ള പ്രതിപക്ഷത്തിന്റെ നീക്കം വിജയിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയം എന്ന നിലയില്‍ കരുതലോടെയാണ് ബി.ജെ.പി പ്രതികരിച്ചത്. കാര്യങ്ങള്‍ കൈവിട്ടുപോകുന്നുവെന്ന് മനസ്സിലായ കര്‍ണാടക സര്‍ക്കാര്‍ ഇത് ലയന നീക്കമല്ലെന്നും സഹകരണം മാത്രമാണെന്നും വിശദീകരണം നല്‍കി. എന്നാല്‍, ജനങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും ഇത് വിശ്വാസത്തിലെടുക്കാന്‍ തയ്യാറായില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 

നന്ദിനിയുടെ ഔട്ട്ലെറ്റിൽ കെപിസിസി അധ്യക്ഷൻ ഡികെ ശിവകുമാറും കോൺ​ഗ്രസ് നേതാക്കളും
നന്ദിനിയുടെ ഔട്ട്ലെറ്റിൽ കെപിസിസി അധ്യക്ഷൻ ഡികെ ശിവകുമാറും കോൺ​ഗ്രസ് നേതാക്കളും

ഒരു രാജ്യം ഒരു ഡെയറി

2017 മുതല്‍ കര്‍ണാടകയിലെ കര്‍ഷകരു ടേയോ കര്‍ണാടക മില്‍ക്ക് കോ-ഓപറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന്റേയോ (കെ.എം.എഫ്) ഒരു എതിര്‍പ്പും അമുല്‍ നേരിടുന്നില്ലായിരുന്നു. പാക്ക് ചെയ്ത പാലുല്പന്നങ്ങള്‍ സംസ്ഥാനത്ത് അമുല്‍ വില്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍, ബംഗളുരുവില്‍ ഫ്രഷ് പാല്‍ വില്‍ക്കുമെന്ന അമുലിന്റെ പ്രഖ്യാപനത്തോടെ സ്ഥിതി മാറിമറിഞ്ഞു. ഗുജറാത്ത് കര്‍ണാടകയുടെ അയല്‍സംസ്ഥാനം പോലുമല്ല. ഇരുസംസ്ഥാനങ്ങളും തമ്മില്‍ പാലോ പാലുല്പന്നങ്ങളോ കൈമാറ്റം ചെയ്യുന്നതുമില്ല. പിന്നെ എങ്ങനെ സഹകരണം സാധ്യമാകുമെന്നതാണ് ചോദ്യം. സഹകരണമല്ല, ഏറ്റെടുക്കലും ആധിപത്യവും തന്നെയാണ് ലക്ഷ്യമെന്ന് ഇതോടെ വ്യക്തമായി. 

നന്ദിനി-അമുല്‍ ലയനം പോലെ തന്നെ മറ്റു സംസ്ഥാനങ്ങളിലെ ക്ഷീര സഹകരണസംഘങ്ങള്‍ ലയിപ്പിക്കുക എന്ന ലക്ഷ്യമാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. അത്തരമൊരു സമാന്തര വിപണിയും ശൃംഖലയും രൂപീകരിച്ചാല്‍ രാഷ്ട്രീയമായി അത് ഗുണം ചെയ്യുമെന്ന് ബി.ജെ.പിക്ക് അറിയാം. ഈ വാദം പലതവണ കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചിട്ടുമുണ്ട്. അടുത്തിടെ, അസമില്‍ അമിത്ഷാ നടത്തിയ ഒരു പ്രസംഗത്തില്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട പാല്‍ ഉല്പാദക സഹകരണസംഘങ്ങള്‍ ലയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത്തരം നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിക്കടിയുണ്ടാകുന്നുണ്ട്. അടുത്തിടെയാണ് തൈര് കവറില്‍ ഹിന്ദിയില്‍ ദഹി എന്ന് എഴുതണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. തമിഴ്നാട്ടില്‍നിന്നും കര്‍ണാടകയില്‍ നിന്നുമുള്ള പ്രതിഷേധം കാരണം ഈ ഉത്തരവ് പിന്‍വലിച്ചു. 

ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ പ്രകാരം സഹകരണസംഘങ്ങളെല്ലാം സംസ്ഥാനത്തിന്റെ അധികാരത്തിന്റെ കീഴിലാണ്. പൊതു-സ്വകാര്യ മൂലധനത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നമ്മുടെ സംവിധാനത്തില്‍ അതൊരു മൂന്നാംമേഖലയാണ്. സഹകരണസംഘങ്ങളുടെ മൂലധനവും ലാഭവും നഷ്ടവുമെല്ലാം കര്‍ഷകരുടെ അധ്വാനമാണ്. സ്വയംഭരണാധികാരമുള്ള സഹകരണസംഘങ്ങള്‍ സാധാരണക്കാരുടെ താല്പര്യങ്ങള്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത്. സര്‍ക്കാരിന്റേയും സ്വകാര്യ കമ്പനികളുടേയും പോലെയല്ല അത്. ജനാധിപത്യ പങ്കാളിത്തത്തോടെ തീരുമാനങ്ങളെടുക്കുകയും അതുവഴി കര്‍ഷകരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യം. ഒട്ടേറെ പരിമിതികളുണ്ടെങ്കിലും സഹകരണമേഖലയുടെ ശക്തിയും ഗുണവും ഇന്നും മാതൃകയാണ്. ഈ രീതിയുടെ പൊളിച്ചെഴുത്താണ് കേന്ദ്രസര്‍ക്കാരിന്റെ ഹിഡന്‍ അജണ്ട. നിലവില്‍ രാജ്യത്തെ പാല്‍ വിപണിയുടെ ഭൂരിഭാഗവും ഇത്തരം സഹകരണസംഘങ്ങളുടെ കൈവശമാണ്. സ്വകാര്യ കമ്പനികള്‍ക്കോ കോര്‍പറേറ്റുകള്‍ക്കോ ഈ മേഖലയില്‍ വലിയ റോളില്ല. കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലും വന്‍തോതില്‍ സ്വകാര്യ മൂലധനം കൊണ്ടുവരാനാണ് ലക്ഷ്യം.  സഹകരണം വ്യാപാരമായാല്‍ അതിന്റെ ഓഹരിനേട്ടം കേന്ദ്രസര്‍ക്കാരിനാകും. ഇഷ്ടമുള്ള കോര്‍പറേറ്റു കമ്പനികളെ വളര്‍ത്താം, തളര്‍ത്താം. സഹകരണം വഴിയുള്ള സ്വാധീനം രാഷ്ട്രീയഗുണത്തിനായി ഉപയോഗിക്കുകയും ചെയ്യാം. സത്യത്തില്‍ ബി.ജെ.പി സര്‍ക്കാരല്ല ഇത്തരമൊരു നീക്കത്തിനു തുടക്കമിട്ടത്. യു.പി.എ ഭരണകാലത്ത് 97-ാം വകുപ്പിന്റെ ഭേദഗതിക്ക് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍, സുപ്രീംകോടതി ഇടപെടലോടെയാണ് ഇത് നടക്കാതെ പോയത്. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ സഹകരണസംഘങ്ങള്‍ ലയിപ്പിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. 

ഈ വിധിയുടെ ചുവടുപിടിച്ചാണ് ലയന നീക്കത്തിന് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ സഹകരണസംഘങ്ങളുടെ കോര്‍പറേറ്റ്വല്‍ക്കരണത്തിന് - നേരിട്ടോ അല്ലാതെയോ - സഹകരണസംഘങ്ങളുടെ സ്വയംഭരണാവകാശം ഇല്ലാതാക്കാനുള്ള  നയങ്ങള്‍ നടപ്പിലാക്കാന്‍ മോദി സര്‍ക്കാര്‍ രണ്ടാം തവണയും അധികാരത്തില്‍ തിരിച്ചെത്തുന്നതുവരെ കാത്തിരിക്കേണ്ടി വന്നുവെന്നതാണ് വസ്തുത. കോര്‍പറേറ്റുകള്‍ നിയന്ത്രിക്കുന്ന, സ്വകാര്യ കമ്പനികളെ ക്ഷണിക്കുന്ന, സ്വകാര്യവല്‍കരണം പ്രോത്സാഹിപ്പിക്കുന്ന ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് ഓര്‍ഗനൈസേഷനുകള്‍ രൂപീകരിക്കുന്നതിനുള്ള മൂന്ന് കാര്‍ഷിക നിയമഭേദഗതികള്‍ അത്തരത്തിലുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. കര്‍ഷകരുടെ പ്രക്ഷോഭത്തെത്തുടര്‍ന്ന് ഈ മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കപ്പെട്ടെങ്കിലും, സംസ്ഥാനതല കാര്‍ഷിക നിയമങ്ങളില്‍ അത്തരം വ്യവസ്ഥകള്‍ നിലവിലുണ്ട്.  അതേസമയം, പാല്‍ സഹകരണസംഘങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് കര്‍ഷകരുടെ സഹകരണസംഘങ്ങളുടെ കോര്‍പറേറ്റ്വല്‍ക്കരണത്തിനെതിരായ കര്‍ഷകരുടെ ചെറുത്തുനില്‍പ്പിനെ മറികടക്കാന്‍ മോദി സര്‍ക്കാര്‍ പല മാര്‍ഗ്ഗങ്ങളും സ്വീകരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ വേണം അമുലിന്റെ വിപണി വിപുലീകരണവും അതിലൂടെ സ്വകാര്യ കോര്‍പറേറ്റ്വല്‍ക്കരണവും കാണേണ്ടത്.

കർണാടക മിൽക്ക് ഫെഡറേഷന് പിന്തുണ നൽകി നന്ദിനി ഔട്ട്ലെറ്റിൽ രാഹുൽ ​ഗാന്ധി
കർണാടക മിൽക്ക് ഫെഡറേഷന് പിന്തുണ നൽകി നന്ദിനി ഔട്ട്ലെറ്റിൽ രാഹുൽ ​ഗാന്ധി

പ്രദേശിക സഹരണം കാര്‍ഷിക മേഖലയില്‍

മള്‍ട്ടിനാഷണല്‍ കോര്‍പറേറ്റുകള്‍ക്ക് ഇന്ത്യന്‍ കാര്‍ഷികവിപണി പിടിച്ചെടുക്കാന്‍ സഹായിക്കുന്ന പ്രാദേശിക സഹകരണം സംബന്ധിച്ച് (ആര്‍.ഇ.സി.പി-റീജ്യണല്‍ കോംപ്രഹന്‍സീവ് ഇക്കണോമിക് പാര്‍ട്ട്ണര്‍ഷിപ്പ്) കരാര്‍ നടപടികള്‍ 2019-ല്‍ കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ടിരുന്നു. രണ്ടാമതും അധികാരത്തിലെത്തിയ ഉടന്‍ തന്നെയായിരുന്നു മോദി സര്‍ക്കാരിന്റെ ഈ നീക്കം. ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ ആഗോള ക്ഷീര കോര്‍പറേറ്റുകള്‍ക്ക് ഇന്ത്യന്‍ ക്ഷീരവിപണിയില്‍ പ്രവേശനം നല്‍കുന്നത് സംബന്ധിച്ചായിരുന്നു ആര്‍.സി.ഇ.പിയിലെ പ്രധാന ചര്‍ച്ചാവിഷയം. ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ക്കും ഈ നീക്കം താല്പര്യമാണ്. ഇതേ നീക്കം മറ്റു കാര്‍ഷിക മേഖലകളിലും തുടക്കമിട്ടപ്പോഴാണ് കര്‍ഷകര്‍ സംഘടിതമായ പ്രതിരോധം തീര്‍ത്തത്. എന്നാല്‍, 2019-ലെ ചര്‍ച്ചയ്ക്കു ശേഷം പിന്നീടുരുത്തിരിഞ്ഞ രാഷ്ട്രീയ സാഹചര്യം കേന്ദ്രസര്‍ക്കാരിന് അനുകൂലമായിരുന്നില്ല. 

ചൈനയുടെ ആധിപത്യമുള്ള ആഗോള വ്യാപാര സഹകരണസംരംഭത്തില്‍ തങ്ങളുടെ സഖ്യകക്ഷിരാജ്യങ്ങളെ അംഗങ്ങളാക്കാന്‍ അനുവദിക്കുന്നതില്‍ യു.എസ് വിമുഖത കാണിച്ചു. സ്വാഭാവികമായി വന്‍കിട കോര്‍പറേറ്റുകളും പിന്‍വാങ്ങി. ഒടുവില്‍ ആര്‍.സി.ഇ.പി-യില്‍നിന്ന് ഇന്ത്യ പിന്‍വാങ്ങിയെങ്കിലും സ്വകാര്യവല്‍ക്കരണത്തിന് അടിസ്ഥാനമൊരുക്കുന്നതില്‍നിന്ന് പിന്നോട്ടു പോകാന്‍ മോദി സര്‍ക്കാര്‍ തയ്യാറായില്ല. ഇതിനിടെ സ്വകാര്യ മൂലധനം ക്ഷീരമേഖലയില്‍ കൊണ്ടുവരണമെന്നും ലയനനീക്കം ഊര്‍ജ്ജിതമാക്കണമെന്നും ഫിക്കിയും (ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി) സി.ഐ.ഐയും (കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസും) ആവര്‍ത്തിച്ചിരുന്നു.  ഇവ രണ്ടും വ്യവസായ താല്പര്യം സംരക്ഷിക്കുന്ന രണ്ട് പ്രമുഖ സംഘടനകളാണ്. 

സഹകരണത്തിനുവേണ്ടി പ്രത്യേക മന്ത്രാലയം രൂപീകരിക്കുന്നതായിരുന്നു അടുത്ത നടപടി. 2021 വരെ കാര്‍ഷിക മന്ത്രാലയത്തിന്റെ ഒരു ഭാഗം മാത്രമായിരുന്നു സഹകരണ മേഖല. എന്നാല്‍, തിരിക്കിട്ട് മോദി സര്‍ക്കാര്‍ സഹകരണ മന്ത്രാലയം രൂപീകരിക്കുന്നതാണ് പിന്നെ കണ്ടത്. ഒരു ക്യാബിനറ്റ് മന്ത്രിക്ക് സ്വതന്ത്ര ചുമതലയും നല്‍കി. അതാകട്ടെ, മോദി സര്‍ക്കാരിലെ രണ്ടാമനായ അമിത്ഷായും. ദേശീയ വിദ്യാഭ്യാസനയം പോലെ, വൈദ്യുതി ബില്‍ പോലെ സംസ്ഥാനങ്ങളുടെ താല്പര്യം പരിഗണിക്കാതെയാണ് മന്ത്രാലയത്തിന്റെ പ്രവര്‍ത്തനവും. കാര്‍ഷിക മേഖല സംസ്ഥാനവിഷയമായിരുന്നിട്ടുകൂടി സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യാനോ അഭിപ്രായമറിയാനോ മോദി സര്‍ക്കാര്‍ ശ്രമിച്ചതുമില്ല. അതായത് സഹകരണം എന്ന വാക്കിന്റെ യഥാര്‍ത്ഥ സാരാംശം എങ്ങും കണ്ടില്ല. അധികാരത്തിലെത്തുമ്പോള്‍ മോദി വാഗ്ദാനം ചെയ്ത സഹകരണ ഫെഡറലിസം ഏകാധിപത്യപ്രവണതയുള്ള ഫെഡറലിസമായി മാറി.

സഹകരണ മന്ത്രാലയത്തിന്റെ രൂപീകരണത്തിന് രണ്ടാഴ്ചയ്ക്ക് ശേഷം മോദി സര്‍ക്കാര്‍ സ്വകാര്യ മൂലധനത്തിനായി ഒരു ഏകജാലക സംവിധാനം രൂപീകരിച്ചു. ക്ഷീരമേഖലയില്‍ സ്വകാര്യ മൂലധനം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു ഈ സംവിധാനം. മറ്റൊന്ന് വിവിധ സഹകരണ സൊസൈറ്റികള്‍ക്കായുള്ള പുതിയ ബില്ലായിരുന്നു. സഹകരണ സൊസൈറ്റികളില്‍ ഭരണതലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് നോമിനികള്‍ വേണമെന്നതായിരുന്നു അതിലെ പ്രധാന നിര്‍ദ്ദേശങ്ങളിലൊന്ന്. സംഘങ്ങളിലെ തെരഞ്ഞെടുപ്പ് നടത്താനായി പ്രത്യേകം ഇലക്ട്രല്‍ അതോറിറ്റിയേയും സര്‍ക്കാര്‍ കൊണ്ടുവന്നു. ഭൂരിഭാഗം സംസ്ഥാനങ്ങളും ഈ നീക്കത്തെ എതിര്‍ത്തു. ബില്‍ കൊണ്ടുവന്ന് മാസങ്ങള്‍ക്കകമാണ് അഞ്ച് പ്രധാന ക്ഷീര സംഘങ്ങള്‍ ലയിപ്പിക്കുമെന്ന പ്രസ്താവന അമിത്ഷാ നടത്തിയത്. ആഗോള പാല്‍ വിപണിയില്‍ ഇന്ത്യയ്ക്ക് മേധാവിത്വം നേടണമെന്ന പ്രഖ്യാപനത്തോടെയാണ് മൂന്ന് സൊസൈറ്റികള്‍ക്ക് മോദി സര്‍ക്കാര്‍ രൂപം നല്‍കിയത്. ഒന്നാമത്തേത് കയറ്റുമതി അടിസ്ഥാനമാക്കിയും രണ്ടാമത്തേത് ദേശീയതലത്തിലും മൂന്നാമത്തേത് സംസ്ഥാന സഹകരണാടിസ്ഥാനത്തിലുമാണ് പ്രവര്‍ത്തിക്കുക. ഈ വര്‍ഷം ജനുവരി 11-നാണ് ഈ പ്രഖ്യാപനം വരുന്നത്. ജനുവരി 19-ന് എട്ട് ദിവസങ്ങള്‍ക്കു ശേഷം അമുലിനെ കയറ്റുമതിക്കുള്ള പ്രമോട്ടറായി നിശ്ചയിക്കുകയും ചെയ്തു. ആഗോള പാല്‍ കയറ്റുമതിയില്‍ 33 ശതമാനം വിഹിതം ഉറപ്പാക്കുകയും സംസ്‌കരണത്തിലും കയറ്റുമതി വ്യാപാരത്തിലും നിക്ഷേപം ആകര്‍ഷിക്കുകയും ചെയ്യുക എന്നതായിരുന്നു പ്രൊമോട്ടറുടെ രണ്ട് പ്രധാന ലക്ഷ്യങ്ങള്‍.

തുടര്‍ന്ന് 2023 മാര്‍ച്ച് പത്തിന് ഗുജറാത്തിലെ ഇന്ത്യന്‍ ഡയറി അസോസിയേഷന്റെ വാര്‍ഷിക ചടങ്ങില്‍ രണ്ടു ലക്ഷം പഞ്ചായത്തുകളില്‍ സ്വതന്ത്ര ഡയറികള്‍ സ്ഥാപിക്കുമെന്ന് അമിത്ഷാ പ്രഖ്യാപിച്ചു. അമുലിനു വേണ്ടിയായിരുന്നു ഈ പ്രഖ്യാപനം. കയറ്റുമതി വിപണിയിലേക്ക് അമുലിനെ പ്രമോട്ടറാക്കുമ്പോള്‍ തന്നെ സംസ്ഥാനങ്ങളിലെ ക്ഷീര സഹകരണസംഘങ്ങളെ അമുലിന്റെ കീഴിലാക്കാനായിരുന്നു ഈ ശ്രമം. ഈ തന്ത്രത്തിന്റെ ഭാഗമായാണ് അമുല്‍ മാനേജിങ് ഡയറക്ടര്‍ മേഹ്ത ഏപ്രില്‍ അഞ്ചിന് കര്‍ണാടകയില്‍ പാലും തൈരും ബംഗളുരു വിപണിയില്‍ പുറത്തിറക്കുമെന്ന് അറിയിച്ചത്. വളരെ കുറഞ്ഞ കാലയളവില്‍ അതായത് ആറുമാസത്തിനുള്ളിലാണ് ബംഗളുരു വിപണിയിലേക്ക് കടക്കാന്‍ അമുല്‍ തീരുമാനിച്ചതെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പോലും സമ്മതിക്കുന്നുണ്ട്. ആധുനികമായ വ്യാപാരമാതൃക എന്നാണ് അതില്‍ അദ്ദേഹം പറയുന്നത്. സ്വന്തം വ്യാപാരശൃംഖല കൂടാതെ മറ്റു വഴികള്‍ വഴിയും വില്‍പന നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതായത് ലയനനീക്കത്തിന് മുന്‍കൈയെടുത്തത് അമുല്‍ മാത്രമാണെന്നു വ്യക്തം. ഈ നാള്‍വഴികള്‍ പരിശോധിക്കുമ്പോള്‍ കര്‍ണാടകയിലെ ക്ഷീരകര്‍ഷകരുടെ ആശങ്കകള്‍ അസ്ഥാനത്തല്ലെന്ന് ആര്‍ക്കും ബോധ്യപ്പെടും.

തുടക്കത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് മികച്ച വരുമാനം കിട്ടുമെങ്കിലും വിപണിയില്‍ കോര്‍പറേറ്റുകള്‍ മേധാവിത്വം നേടുന്നതോടെ കര്‍ഷകര്‍ക്ക് അത് തിരിച്ചടിയാകും. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പരിരക്ഷ കൂടി ഇല്ലാതാകുന്നതോടെ ആഗോള സ്വതന്ത്ര വിപണിയുടെ മാനദണ്ഡങ്ങളെല്ലാം ഇവിടെയും ബാധകമാകും. ഏറ്റവും കുറഞ്ഞ വിലയില്‍ പാല്‍ സംഭരിക്കാനാകും കോര്‍പറേറ്റ് കമ്പനികളുടെ ശ്രമം. കടുത്ത കാര്‍ഷിക പ്രതിസന്ധി നേരിടുന്ന ഇന്ത്യന്‍ ക്ഷീരമേഖലയ്ക്ക് ഇത് ഗുണകരമാകില്ല. യഥാര്‍ത്ഥത്തില്‍ കര്‍ണാടകയിലെ 25 ലക്ഷം വരുന്ന കര്‍ഷകര്‍ക്ക് മാത്രമല്ല ഈ പ്രശ്നം. ഗുജറാത്തിലേതുള്‍പ്പെടെ രാജ്യത്തെ 10 കോടി ക്ഷീരകര്‍ഷകരുടേയും ജീവിതം തന്നെ ഇല്ലതാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

അമുല്‍

ഗുജറാത്തിലെ കെയ്‌റ ജില്ലയില്‍ 1946 ഡിസംബര്‍ 14-ന് ആരംഭിച്ച പാല്‍ ഉല്പാദക സഹകരണസംഘമാണ് ആനന്ദ് മില്‍ക്ക് യൂണിയന്‍ ലിമിറ്റഡ്. ആനന്ദ് മില്‍ക്ക് യൂണിയന്‍ ലിമിറ്റഡ് വില്‍ക്കുന്ന പാലിന്റേയും പാല്‍ ഉല്പന്നങ്ങളുടേയും ബ്രാന്‍ഡാണ് അമുല്‍. ഗുജറാത്തിലെ കെയ്‌റ ജില്ലയില്‍ 1940 കാലഘട്ടത്തില്‍ നിലനിന്നിരുന്ന പോള്‍സണ്‍ ഡെയറിയുടെ കര്‍ഷക ചൂഷണത്തിനെതിരെയുള്ള പ്രതിഷേധമായിട്ടാണ് കെയ്‌റ ജില്ലയിലെ കര്‍ഷകര്‍ സംഘടിച്ച് പാല്‍ ഉല്പാദക സഹകരണസംഘം തുടങ്ങിയത്. അമുലിന്റെ പാല്‍ ഉല്പന്ന കമ്പോളത്തിലെ സ്വാധീനം 38 ശതമാനമാണ്. അമുലിന്റെ വാര്‍ഷിക വിറ്റുവരവ് 61,000 കോടി രൂപയും രണ്ടാം സ്ഥാനത്തുള്ള കര്‍ണാടകയുടെ നന്ദിനി പാല്‍ ഉല്പന്ന ബ്രാന്‍ഡിന്റെ വാര്‍ഷിക വിറ്റുവരുമാനം 19,784 കോടി രൂപയുമാണ്. നന്ദിനി കര്‍ണാടകയില്‍ മാത്രം ഒതുങ്ങി നില്‍ക്കുമ്പോള്‍ അമുല്‍ ഇന്ത്യയിലെമ്പാടും ലഭ്യമാണ്

നന്ദിനി

കര്‍ണാടക ഡെയറി ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ സ്ഥാപിതമായത് 1974-ല്‍. പത്തുവര്‍ഷങ്ങള്‍ക്കു ശേഷം പേര് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ എന്ന് മാറ്റി. 16 ക്ഷീര യൂണിയനുകളാണ് കെ.എം.എഫിന് കീഴിലുള്ളത്. 24 ലക്ഷം കര്‍ഷകരുള്ള 14,000 പാല്‍ സൊസൈറ്റികള്‍ കെ.എം.എഫിനു കീഴിലുണ്ട്. പ്രതിദിനം 84 ലക്ഷം ലിറ്റര്‍ പാല്‍ സംഭരിക്കുന്നു. നന്ദിനി എന്ന ബ്രാന്‍ഡിനു കീഴില്‍ പാല്‍, തൈര്, നെയ്യ്, വെണ്ണ തുടങ്ങി ഉല്പന്നങ്ങളാണ് വിറ്റഴിക്കുന്നത്. കന്നഡ സൂപ്പര്‍ താരങ്ങളായിരുന്ന രാജ്കുമാര്‍, അദ്ദേഹത്തിന്റെ മകന്‍ പുനീത് രാജ്കുമാര്‍ തുടങ്ങിയവര്‍ നന്ദിനി ഉല്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷീര സഹകരണസംഘമാണ് ആനന്ദ് മില്‍ക്ക് യൂണിയന്‍ ലിമിറ്റഡ് എന്ന അമുല്‍. തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്താണ് നന്ദിനി. കര്‍ണാടകയെ കൂടാതെ ആന്ധ്രാപ്രദേശ്, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലും നന്ദിനി വിറ്റഴിക്കപ്പെടുന്നുണ്ട്.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com