അവ്യക്തതയുടെ മറയില്‍ ഒളിച്ചിരിക്കുന്ന പവാര്‍

മൂന്നു പേരാണ് പവാറിന്റെ ഹീറോസ്. നെഹ്‌റു, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പിന്നെ വൈ.ബി. ചവാനും
അവ്യക്തതയുടെ മറയില്‍ ഒളിച്ചിരിക്കുന്ന പവാര്‍

ര്‍ഷം 1947, മഹാരാഷ്ട്രയിലെ കെയ്ത്വവാഡി ജില്ലയിലെ ഒരു സ്‌കൂള്‍മുറ്റമാണ് ദൃശ്യം. പൊടിനിറഞ്ഞ ആ ചെറുകെട്ടിടത്തിനു മുന്നില്‍ ഒരു പ്രസംഗമത്സരം നടക്കുന്നു. വേദിയില്‍ കയറുന്ന ഓരോ വിദ്യാര്‍ത്ഥിക്കും നിശ്ചിതസമയം അനുവദിച്ചിട്ടുണ്ട്. അതുകഴിഞ്ഞാല്‍ ബെല്‍ മുഴങ്ങും. അതോടെ പ്രസംഗം അവസാനിപ്പിച്ച് മത്സരാര്‍ത്ഥികള്‍ സദസിലേക്ക് മടങ്ങണം. അതാണ് ചട്ടം. വെള്ള ഷര്‍ട്ടും കാക്കി നിക്കറുമിട്ട ഒരു കുട്ടിയാണ് പ്രസംഗിക്കാനെത്തിയത്. നല്ല വാക്ചാതുര്യം, വ്യക്തതയുള്ള വാക്കുകള്‍, സദസിനെ ആകര്‍ഷിക്കുന്ന ശരീരഭാഷ. പ്രാസംഗികനും സദസും ഒരുപോലെ സമയം മറന്നെങ്കിലും ആ കുട്ടിയുടെ അദ്ധ്യാപകനായ വാഗ് മോറെ അത് മറന്നില്ല. ബെല്‍ അടിച്ചിട്ടും പ്രസംഗം നിര്‍ത്താത്ത ആ കുട്ടിയെ ഇരുത്താന്‍ പലതവണ വാഗ് മോറെ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് ബലം പ്രയോഗിച്ച് ഇരുത്തിയ ആ വിദ്യാര്‍ത്ഥിയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായകനായി മാറിയ ശരദ് പവാര്‍. 
വാക്ചാതുര്യം മാത്രമല്ല ശരദ് ഗോവിന്ദറാവു പവാറിന്റെ കരുത്ത്. കക്ഷിരാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറമാണ് പവാറിന്റെ സൗഹൃദം. രാഷ്ട്രീയത്തിനതീതമായ ആ ബന്ധങ്ങളാണ് പവാറിന്റെ പവര്‍. പ്രായോഗിക രാഷ്ട്രീയതന്ത്രങ്ങളുടെ ചാണക്യന്‍! ആ മനസ്സിലെന്ത് എന്ന് ഊഹിക്കുക അടുപ്പമുള്ളവര്‍ക്കുപോലും അസാധ്യം. പവാറിന്റെ വിരലനക്കം അദ്ദേഹത്തിന്റെ നിഴല്‍പോലും അറിയില്ലെന്നാണ് ചൊല്ല്. തന്‍നിഴല്‍ തന്‍കൂടെ എന്നുപോലും പവാറിനെക്കുറിച്ച് പറയാനാകില്ല. ഓരോ നീക്കത്തിലും പാലിക്കുന്ന ഈ നിഗൂഢതയാണ് പവാറിനെ ഏതു തെരഞ്ഞെടുപ്പിനു മുന്‍പും ശേഷവും ശ്രദ്ധാകേന്ദ്രമാക്കുന്നത്. യാതൊരു കൂസലുമില്ലാതെ സ്വന്തം രാഷ്ട്രീയതന്ത്രങ്ങളുടെ ആത്മവിശ്വാസത്തില്‍ പുഞ്ചിരിച്ചുനില്‍ക്കുന്ന പവാറിന്റെ മനസ്സിലെന്തെന്ന് അറിയാതെ മറ്റുള്ളവര്‍ അമ്പരക്കും. അവ്യക്തതയുടെ മറയില്‍ അദ്ദേഹം ഒളിച്ചിരിക്കുകയാകും. ഇതിനിടയില്‍ എപ്പോള്‍ വേണമെങ്കിലും സ്വന്തം കരുക്കള്‍ പുറത്തെടുത്ത് എതിരാളികളെ ഞെട്ടിപ്പിക്കുകയും ചെയ്യും. അതാണ് പവാറിന്റെ തന്ത്രം. 

മൂന്നു പേരാണ് പവാറിന്റെ ഹീറോസ്. നെഹ്‌റു, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പിന്നെ വൈ.ബി. ചവാനും. കര്‍ഷക കുടുംബത്തില്‍ ജനിച്ച് വൈ.ബി. ചവാന്റെ ശിഷ്യനായി യൂത്ത് കോണ്‍ഗ്രസ്സിലൂടെ വളര്‍ന്ന പവാറിന് മഹാരാഷ്ട്ര സ്വന്തം കൈവെള്ളയിലാണ്. പശ്ചിമ മഹാരാഷ്ട്രയാകട്ടെ, വിരല്‍ത്തുമ്പിലും. പവാര്‍ ഒന്നു വിരല്‍ ഞൊടിക്കാന്‍ കാത്തിരിക്കുകയാണ് പഞ്ചസാര ഫാക്ടറികളുടെ സാമ്രാജ്യമായ പശ്ചിമ മഹാരാഷ്ട്ര. 1967 മുതല്‍ നിയമസഭയിലും ലോക്സഭയിലും സ്വന്തം തട്ടകമായി സൂക്ഷിക്കുന്ന ബാരാമതിയിലെ വോട്ടര്‍മാരെ പേരെടുത്തു വിളിക്കാന്‍ കഴിയുന്നത്ര ആഴത്തിലാണ് മണ്ഡലവുമായുള്ള ബന്ധം. ഒരാളെ ഒരു തവണ കണ്ടാല്‍ പിന്നീട് മറക്കാതെ പേര് വിളിക്കാനുള്ള കഴിവ് പവാറിനുണ്ട്. യൂത്ത് കോണ്‍ഗ്രസ് നേതാവായിരിക്കെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് വേരുപാകിയ പവാര്‍ പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. ആ ആത്മവിശ്വാസമാണ് 1978-ല്‍ കോണ്‍ഗ്രസ്സിനെ പിളര്‍ത്തി വസന്ത്ദാദാ പാട്ടീല്‍ സര്‍ക്കാരിനെ വീഴ്ത്താനും ജനതയുമൊത്തുള്ള സഖ്യത്തിലൂടെ മുഖ്യമന്ത്രിയാകാനും കരുത്തുപകര്‍ന്നത്. അന്നു പ്രായം 38. 1980-ല്‍ ഇന്ദിര കേന്ദ്രത്തില്‍ അധികാരം തിരിച്ചുപിടിച്ചതോടെ മഹാരാഷ്ട്രയില്‍ പവാറിന് അധികാരം നഷ്ടമായി.

സര്‍ക്കാരിനെ പിരിച്ചുവിട്ടു നടത്തിയ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭരണത്തില്‍ തിരിച്ചെത്തി. 1986-ല്‍ കോണ്‍ഗ്രസ്സിലേക്കു മടങ്ങിയ പവാര്‍ 1988-ല്‍ മുഖ്യമന്ത്രി പദവും വീണ്ടെടുത്തു. 1991-ല്‍ രാജീവ് ഗാന്ധി വധത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ്സില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി സ്വയം രംഗത്തുവന്ന പവാറിനു പക്ഷേ, നരസിംഹ റാവുവിനു വഴി മാറേണ്ടി വന്നു. വഴങ്ങേണ്ടപ്പോള്‍ വഴങ്ങാനും ഇടയേണ്ടപ്പോള്‍ ഇടയാനുമുള്ള രാഷ്ട്രീയ മെയ്വഴക്കമാണ് കോണ്‍ഗ്രസ് വിട്ടിട്ടും യു.പി.എയിലെ ശക്തനായ ഘടകകക്ഷി നേതാവായി പവാറിനെ നിലനിര്‍ത്തുന്നത്.

ശരദ് പവാർ- പഴയ ചിത്രം
ശരദ് പവാർ- പഴയ ചിത്രം

കീഴടക്കുന്ന വൈഭവം

എതിരാളികളെ കൂടെനിര്‍ത്തി കീഴടക്കാനുള്ള വൈഭവം പവാറിനു പണ്ടേയുണ്ട്. പൂനെയിലെ ബ്രിഹാന്‍ മഹാരാഷ്ട്ര കൊമേഴ്സ് കോളേജില്‍ ആദ്യവര്‍ഷ വിദ്യാര്‍ത്ഥിയായി ചേര്‍ന്ന പവാറിന്റെ പ്രായോഗിക തന്ത്രങ്ങള്‍ സഹപാഠിയായ വിതല്‍ മന്യാര്‍ ഓര്‍ത്തെടുത്തത് ഇങ്ങനെ: ക്ലാസ്സ് ലീഡര്‍ തെരഞ്ഞെടുപ്പാണ് സന്ദര്‍ഭം. ഞങ്ങളെല്ലാം ബിസിനസ് കുടുംബങ്ങളില്‍നിന്നുള്ളവരാണ്. അത്യാവശ്യം സാമ്പത്തികസ്ഥിതിയുള്ളവരും. സ്വഭാവികമായും ക്ലാസ്സ് ലീഡറാകുക ഞങ്ങളില്‍ നിന്നാരെങ്കിലുമാകും. എന്നാല്‍, ഗ്രാമത്തില്‍നിന്നുള്ള ഈ സാധാരണ പയ്യന്‍ എതിരാളിയാകുമെന്ന് സ്വപ്നത്തില്‍പോലും ഞങ്ങള്‍ കരുതിയില്ല. എന്നാല്‍, ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് തന്നെ 80 ശതമാനത്തോളം വോട്ടുകള്‍ അവന്‍ നേടി. അവന്‍ ജയിച്ചാല്‍ ക്ലാസ്സിനു വേണ്ടി എന്തൊക്കെ ചെയ്യാനാകുമെന്ന് ഭൂരിഭാഗം വിദ്യാര്‍ത്ഥികളേയും അവന്‍ ബോധ്യപ്പെടുത്തി. വിജയിക്കുമെന്നുറപ്പായ  ശേഷം അവന്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു. ഇനി നമുക്കൊരുമിച്ചു നീങ്ങാമെന്നാണ് അവന്‍ പറഞ്ഞത്. രാഷ്ട്രീയമായി എതിര്‍ചേരികളിലാണെങ്കിലും സ്വകാര്യബന്ധം സൂക്ഷിക്കാന്‍ പവാര്‍ മിടുക്കനായിരുന്നു. പൂനെയിലെ മറ്റു കോളേജുകളില്‍ മത്സരിക്കാന്‍ പവാര്‍ പാനല്‍ തന്നെ ഉണ്ടായിരുന്നു. അത്ര വിപുലമായ ബന്ധം ഉണ്ടാക്കിയെടുക്കാന്‍ പവാറിനു കഴിഞ്ഞു. 1962-ല്‍ ചൈന ഇന്ത്യയെ ആക്രമിച്ച സമയത്ത് 20,000 വിദ്യാര്‍ത്ഥികളുടെ ഒരു മാര്‍ച്ച് ഷാനിവാര്‍വാഡ കോട്ടയിലേക്ക് ശരദ് പവാര്‍ നടത്തിയിട്ടുണ്ട്- വിതല്‍ പറയുന്നു. 

പശ്ചിമ മഹാരാഷ്ട്രയിലെ ബാരാമതിയിലാണ് ശരദ് പവാറിന്റെ ജനനം. പിതാവ് ഗോവിന്ദറാവു പവാറിനും ശാരദാബായിക്കും പതിനൊന്ന് മക്കളായിരുന്നു. നാലു പെണ്‍കുട്ടികളും ഏഴ് ആണ്‍കുട്ടികളും. ബാരാമതിയിലെ കര്‍ഷക സഹകരണസംഘത്തിലെ പ്രധാനിയായിരുന്നു ഗോവിന്ദറാവു. 1950-കളില്‍ ബാരാമതിയില്‍ സഹകരണമേഖലയില്‍ പഞ്ചസാര ഫാക്ടറികള്‍ സ്ഥാപിക്കുന്നതിനു തുടക്കമിട്ടതും അദ്ദേഹമായിരുന്നു. കമ്യൂണിസ്റ്റ് പക്ഷമായ പി.ഡബ്ല്യു.പിയുമായിട്ടായിരുന്നു രാഷ്ട്രീയ ബന്ധമെങ്കിലും പവാര്‍ കോണ്‍ഗ്രസ്സുകാരനാവുകയായിരുന്നു. പിതാവിന്റെ സാമൂഹ്യപ്രവര്‍ത്തനത്തേക്കാളും പവാറിന്റെ രാഷ്ട്രീയത്തെ പരുവപ്പെടുത്തിയത് അമ്മയുടെ രാഷ്ട്രീയ ജീവിതവും ബോധ്യങ്ങളുമായിരുന്നു. 1937 മുതല്‍ വിവിധ രാഷ്ട്രീയപദവികളില്‍ തെരഞ്ഞെടുക്കപ്പെട്ട അമ്മയാണ് തന്നെ ഏറെ സ്വാധീനിച്ചതെന്ന് പവാര്‍ തന്നെ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. മഹാത്മാ ഗാന്ധിയിലേക്കും ജവഹര്‍ലാല്‍ നെഹ്റുവിലേക്കും തന്നെ നയിച്ചത് അമ്മയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ചെറുപ്പത്തില്‍തന്നെ  സാമൂഹ്യപരിഷ്‌കര്‍ത്താവായി മാറിയ ശാരദാബായി 1937-ല്‍ തന്നെ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങി. അന്നത്തെക്കാലത്ത് ലോക്കല്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഏക വനിതയും അവരായിരുന്നു. മക്കള്‍ക്കു മികച്ച വിദ്യാഭ്യാസം നല്‍കണമെന്നത് അവര്‍ക്കു നിര്‍ബ്ബന്ധമായിരുന്നു. ശരദ് പവാര്‍ പഠിക്കുന്ന സമയത്ത് എല്ലാ ദിവസവും ബാരാമതിയില്‍നിന്ന് പൂനെയിലേക്കു ഭക്ഷണം കൊടുത്തുവിടും. ട്രാന്‍സ്പോര്‍ട്ട് ബസ് കണ്ടക്ടറുടെ കൈവശമാണ് ഭക്ഷണം കൊടുത്തുവിടുക. റൊട്ടിയോ സബ്ജിയോ ഒക്കെയായിരിക്കും അത്. നഗരത്തില്‍ പഠിക്കുന്ന പവാറും സഹോദരന്‍മാരും ഊഴംവച്ച്  ഓരോ ദിവസവും ഇത് കൈപ്പറ്റും - ഇതായിരുന്നു രീതി. താന്‍ നിലയുറപ്പിച്ച മണ്ണിനേയും വേരുകളേയും കുറിച്ച് തികഞ്ഞ ബോധ്യമുണ്ടായിരുന്ന ആളായിരുന്നു അദ്ദേഹമെന്ന് സഹപാഠികള്‍ ഓര്‍ക്കുന്നുണ്ട്. കൃഷിരീതികളെക്കുറിച്ചും സംസ്‌കരണത്തെക്കുറിച്ചും എന്തിന്, അന്നത്തെക്കാലത്ത് ജനിതക വിളകളെക്കുറിച്ചു അടിസ്ഥാന അറിവുകള്‍പോലും അദ്ദേഹത്തിനുണ്ടായിരുന്നു.

ജനകീയാടിത്തറയുള്ള ചുരുക്കം രാഷ്ട്രീയനേതാക്കളിലൊരാളാണ് പവാര്‍. മഹാരാഷ്ട്രയുടെ ആദ്യ മുഖ്യമന്ത്രി വൈ.ബി.ചവാന്റെ ശിഷ്യനായാണ് രാഷ്ട്രീയത്തില്‍ സജീവമായത്. ബാരാമതിയില്‍ സഹകരണസംഘങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍നിന്നുതന്നെയായിരുന്നു തുടക്കവും. മഹാരാഷ്ട്ര സ്വന്തം കൈവെള്ളയിലാണെന്ന് പവാറിനെക്കുറിച്ച് പറഞ്ഞാല്‍ അവിശ്വസിക്കേണ്ടതില്ല. സംസ്ഥാനത്തെ ഓരോ ബ്ലോക്കും വാര്‍ഡും വരെ അദ്ദേഹത്തിനറിയാം. യാത്ര ചെയ്യുമ്പോള്‍ ഏതെങ്കിലുമൊരു ഗ്രാമത്തില്‍ കാര്‍ നിര്‍ത്തുകയാണെങ്കില്‍ ആ നാട്ടിലെ മൂന്നോ നാലോ കുടുംബങ്ങളുടെ  പേര് അദ്ദേഹത്തിനറിയാം. അത്രമാത്രം ആഴത്തിലുള്ള ബന്ധം പവാറിനുണ്ടെന്നു പറയുന്നു പഴയ സഹപ്രവര്‍ത്തകര്‍. കക്ഷിരാഷ്ട്രീയത്തിനപ്പുറത്ത് എതിരാളികളുമായി വ്യക്തിബന്ധം സൂക്ഷിക്കുന്നതില്‍ അദ്ദേഹം എല്ലാക്കാലത്തും ജാഗ്രത പുലര്‍ത്തിയിരുന്നു. അതിനുള്ള കൗശലം ആ മുഖത്തുനിന്നുതന്നെ വായിച്ചെടുക്കാം. ചന്ദ്രശേഖര്‍, മന്‍മോഹന്‍സിങ്, ലാലു പ്രസാദ് യാദവ്, നരേന്ദ്ര മോദി എന്നിവരുമായി അടുത്തബന്ധം പവാറിനുണ്ട്. നീണ്ടകാലം രാഷ്ട്രീയ എതിരാളിയായിരുന്ന ബാല്‍ താക്കറെ പോലും പവാറിന്റെ ഏറ്റവുമടുത്ത സുഹൃത്തായിരുന്നു. എനിക്ക് ഒരുകാലത്തും താക്കറെ സാഹിബിന്റെ രാഷ്ട്രീയത്തോട് യോജിപ്പുണ്ടായിരുന്നില്ല. പക്ഷേ, അദ്ദേഹം എന്റെ ഏറ്റവുമടുത്ത സുഹൃത്തായിരുന്നു. സൗഹൃദങ്ങള്‍ക്കു വേണ്ടി എന്ത് വില നല്‍കാനും തയ്യാറായിരുന്നു അദ്ദേഹം - പവാര്‍ താക്കറെയെക്കുറിച്ച് ഓര്‍ക്കുന്നത് ഇങ്ങനെയാണ്. 

സോണിയ ​ഗാന്ധിയും ശരദ് പവാറും പാർലമെന്റിലെ യോ​ഗത്തിനിടെ- പഴയ ചിത്രം
സോണിയ ​ഗാന്ധിയും ശരദ് പവാറും പാർലമെന്റിലെ യോ​ഗത്തിനിടെ- പഴയ ചിത്രം

മാറിമറിഞ്ഞ രാഷ്ട്രീയവഴികള്‍

1967 മുതല്‍ 1990 വരെ ബാരാമതിയില്‍നിന്ന് പവാര്‍ തുടര്‍ച്ചയായി നിയമസഭാംഗമായി. 1967-ല്‍ കന്നി അങ്കം. ആദ്യ തെരഞ്ഞെടുപ്പ് മത്സരത്തിനിറങ്ങുമ്പോള്‍ പവാറിനു പ്രായം 27. 1969-ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഇന്ദിരാഗാന്ധിക്കൊപ്പമായിരുന്നു പവാര്‍. കാരണം മറ്റൊന്നുമല്ല, രാഷ്ട്രീയഗുരു വൈ.ബി. ചവാന്‍ ഇന്ദിരയ്ക്കൊപ്പമായിരുന്നു. എഴുപതുകളില്‍ വസന്ത്റാവു നായിക് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ആഭ്യന്തരം കൈകാര്യം ചെയ്തത് പവാറായിരുന്നു. വൈ.ബി. ചവാന്റെ നിര്‍ബ്ബന്ധം കാരണമാണ് പവാറിന് അന്ന് ആ പദവി കിട്ടിയത്. 1975 മുതല്‍ രണ്ട് വര്‍ഷം ആഭ്യന്തരവകുപ്പ് പവാര്‍ ഭരിച്ചു. 1977-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി തോറ്റു. ജനതാസഖ്യം അധികാരത്തിലേറി. 

മഹാരാഷ്ട്രയിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി ശങ്കര്‍റാവു ചവാന്‍ രാജിവച്ചു. പകരമെത്തിയത് വസന്ത്ദാദ പാട്ടീല്‍. ഒരു വര്‍ഷത്തിനു ശേഷം വൈ.ബി. ചവാന്‍ കോണ്‍ഗ്രസ് യു-വില്‍ ചേര്‍ന്നു. ഇതോടെ കോണ്‍ഗ്രസ് (യു) ആയി പവാറിന്റെ തട്ടകം. 1978-ല്‍ മത്സരിച്ചത് രണ്ടായിട്ടാണെങ്കിലും അധികാരത്തിലെത്താന്‍ വേണ്ടി ഇരു കോണ്‍ഗ്രസ്സുകളും ഒന്നിച്ചു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ജനതാപാര്‍ട്ടിയെ അധികാരത്തിനു പുറത്തിരുത്താന്‍ ഇതേ വഴിയുണ്ടായിരുന്നുള്ളൂ. അങ്ങനെ പാട്ടീല്‍ സര്‍ക്കാരില്‍ പവാര്‍ വ്യവസായമന്ത്രിയായി. 

1978-ല്‍ കോണ്‍ഗ്രസ്(യു) വിട്ട പവാര്‍ ജനതാപാര്‍ട്ടിയുമായി ചേര്‍ന്ന് സഖ്യസര്‍ക്കാരുണ്ടാക്കി. അങ്ങനെ 38-ാമത്തെ വയസ്സില്‍ അദ്ദേഹം മുഖ്യമന്ത്രിയായി. മഹാരാഷ്ട്രയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു പവാര്‍. ഇന്ദിരാഗാന്ധി അധികാരത്തില്‍ തിരിച്ചെത്തിയതോടെ 1980-ല്‍ പ്രോഗ്രസീവ് ഡെമോക്രാറ്റിക് ഫ്രണ്ട് സര്‍ക്കാര്‍ പിരിച്ചുവിട്ടു. 1980-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് (ഐ) ആണ് ജയിച്ചത്. മുഖ്യമന്ത്രിയായത് എ.ആര്‍. ആന്തുലെയും. 1983-ല്‍ പവാര്‍ കോണ്‍ഗ്രസ് (എസ്)-ന്റെ പ്രസിഡന്റായി. തൊട്ടടുത്ത വര്‍ഷം ബാരാമതി പാര്‍ലമെന്റ് മണ്ഡലത്തില്‍നിന്ന് അദ്ദേഹം ജയിച്ച് എം.പിയായി. 1985-ല്‍ ബാരാമതിയില്‍നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശരദ് പവാര്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്കു തിരിച്ചെത്തി. അതും എം.പി സ്ഥാനം ഉപേക്ഷിച്ച്. 288 സീറ്റുകളില്‍ 54 സീറ്റുകളാണ് പവാറിന്റെ കോണ്‍ഗ്രസ്(എസ്) നേടിയത്. പവാര്‍ പ്രതിപക്ഷനേതാവായി. ജനതാപാര്‍ട്ടിയും ബി.ജെ.പിയുമൊക്കെ ആ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗവുമായിരുന്നു.  ശിവസേനയുടെ ഉദയമാണ് 1987-ല്‍ കോണ്‍ഗ്രസ് ഐയിലേക്കു മടങ്ങാന്‍ പവാര്‍ കണ്ടെത്തിയ കാരണം. മഹാരാഷ്ട്രയുടെ കോണ്‍ഗ്രസ് സംസ്‌കാരം കാത്തുസൂക്ഷിക്കുന്ന ദൗത്യം അദ്ദേഹം ഏറ്റെടുത്തു. 

1988 ജൂണില്‍ മുഖ്യമന്ത്രിയായിരുന്ന ശങ്കര്‍റാവു ചവാനെ രാജീവ് ഗാന്ധി കേന്ദ്രമന്ത്രിയാക്കിയതോടെ പകരക്കാരനായി പവാറെത്തി. 1989-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 48 സീറ്റുകളില്‍ 28 സീറ്റുകള്‍ കോണ്‍ഗ്രസ് നേടി. തൊട്ടടുത്ത വര്‍ഷം, 1990-കളില്‍ 288 സീറ്റുകളില്‍ 141 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയെങ്കിലും കേവല ഭൂരിപക്ഷം നേടുന്നതിനു കഴിഞ്ഞില്ല.  ശിവസേനയും ബി.ജെ.പിയുമടങ്ങുന്ന രാഷ്ട്രീയസഖ്യം അത്ര കനത്ത വെല്ലുവിളിയാണ് കോണ്‍ഗ്രസ്സിന് ഉയര്‍ത്തിയത്. മാര്‍ച്ച് നാലിന് 12 സ്വതന്ത്ര എം.എല്‍.എമാരുടെ പിന്തുണ ഉറപ്പാക്കിയ പവാര്‍ മുഖ്യമന്ത്രിയായി.  

തുടര്‍ന്ന്, 1991-ലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെടുന്നു. പാര്‍ട്ടി പ്രസിഡന്റായി പി.വി. നരസിംഹറാവുവിനെ തെരഞ്ഞെടുത്തു. സ്വാഭാവികമായും പാര്‍ട്ടി പ്രസിഡന്റ് പ്രധാനമന്ത്രിയാകും. എന്നാല്‍, പ്രധാനമന്ത്രിയാകാന്‍ പവാര്‍ ഒരുങ്ങി. അവകാശവാദം ഉന്നയിച്ചെങ്കിലും പവാര്‍ മത്സരിക്കാന്‍ ഒരുക്കമായിരുന്നില്ല. ഒടുവില്‍, നരസിംഹറാവുവിനെ പ്രധാനമന്ത്രിയാക്കാന്‍ പാര്‍ട്ടി ഏകകണ്ഠേന തീരുമാനിച്ചു. അങ്ങനെ 1991-ല്‍ റാവു പ്രധാനമന്ത്രിയായപ്പോള്‍ ആഭ്യന്തരമന്ത്രിയായത് ശരദ് പവാറായിരുന്നു. വിട്ടുവീഴ്ചയ്ക്ക് കിട്ടിയ പ്രതിഫലം. 

1993-ല്‍ ബോംബെ കലാപം ഫലപ്രദമായി കൈകാര്യം ചെയ്യാത്തിന്റെ പേരില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി സുധാകര്‍റാവുവിന് സ്ഥാനം ഒഴിയേണ്ടിവന്നു. മുഖ്യമന്ത്രിയാകണമെന്ന് റാവു പവാറിനോട് ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ 1993-ല്‍ വീണ്ടും പവാര്‍ മുഖ്യമന്ത്രിയായി. ആ വര്‍ഷം മാര്‍ച്ചില്‍ ബോംബെ സ്ഫോടനപരമ്പര നടന്നു. അന്ന് പവാര്‍ നടത്തിയ പരാമര്‍ശം വിവാദവുമായി. ആ വര്‍ഷം തന്നെ പവാറിനെതിരെ ആരോപണങ്ങളുടെ പെരുമഴയായിരുന്നു. അഴിമതിയും അക്രമികളെ സംരക്ഷിക്കുന്നുവെന്നുമായിരുന്നു മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ ജി.ആര്‍. ഖ്രെയ്നര്‍ ആരോപിച്ചത്. എന്നാല്‍ തെളിവൊന്നും നിരത്താന്‍ അദ്ദേഹത്തിനായില്ല. അണ്ണാഹസാരെ അടങ്ങുന്ന അഴിമതിവിരുദ്ധ പോരാളികള്‍ ഈ സമയത്താണ് പവാര്‍ സര്‍ക്കാരിനെതിരെ നിരാഹാരസമരം നടത്തിത്. ഇതിനിടെ, നാഗ്പൂരില്‍ ഗോവാരി വര്‍ഗ്ഗത്തെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നടത്തിയ ഒരു വന്‍ പ്രകടനത്തിനു നേരെ നടത്തിയ പൊലീസ് വെടിവെയ്പില്‍ 114 പേര്‍ കൊല്ലപ്പെട്ടു. ഇതിന്റെ പരിണതഫലമായി പ്രക്ഷോഭകരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാകാതിരുന്ന സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി മധുകര്‍ റാവുവിനു രാജിവയ്‌ക്കേണ്ടി വന്നു. പവാര്‍ പ്രതിക്കൂട്ടിലുമായി.  

1995-ല്‍ ശിവസേന ബി.ജെ.പി സഖ്യം അധികാരത്തിലെത്തിയതോടെ പവാര്‍ പ്രതിപക്ഷ നേതാവായി. 1997-ല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സീതാറാം കേസരിയുമായി മത്സരിച്ച് പരാജയപ്പെട്ടു. 12-ാം ലോക്സഭയില്‍ പ്രതിപക്ഷനേതാവായി. 1999-ലാണ് പവാര്‍ എന്‍.സി.പി രൂപീകരിച്ചത്.  വിദേശത്തു ജനിച്ച സോണിയ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തില്‍ വരുന്നതിനോടുള്ള വിയോജിപ്പായിരുന്നു കാരണം. എന്നാല്‍, പിന്നീട് കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് മഹാരാഷ്ട്രയിലും കേന്ദ്രത്തിലും സര്‍ക്കാര്‍ രൂപീകരണത്തില്‍ പവാര്‍ പങ്കാളിയായി. 2004 മുതല്‍ കൃഷിമന്ത്രി, 2009 മെയ് 28 മുതല്‍ കൃഷി പൊതുവിതരണം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 2005 മുതല്‍ 2008 വരെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസിഡന്റ്, 2010 മുതല്‍ രണ്ടുവര്‍ഷത്തേക്ക് അന്തര്‍ദ്ദേശീയ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചു.

ശരദ് പവാർ- പഴയ ചിത്രം
ശരദ് പവാർ- പഴയ ചിത്രം

ആരോപണങ്ങള്‍ വിവാദങ്ങള്‍

ആറു ദശാബ്ദം നീളുന്ന രാഷ്ട്രീയ ജീവിതത്തില്‍ നിരവധി ആരോപണങ്ങള്‍ പവാറിനു നേരിടേണ്ടി വന്നിട്ടുണ്ട്. 2007-ല്‍ പവാര്‍ വകുപ്പ്മന്ത്രിയായിരിക്കെ ഫുഡ് കോര്‍പറേഷന്‍ ഗോതമ്പ് സംഭരണത്തിന് ടെണ്ടര്‍ ക്ഷണിച്ചെങ്കിലും അത് റദ്ദാക്കി. ടണ്ണിന് 263 ഡോളറിന് ഗോതമ്പ് നല്‍കാമെന്നതായിരുന്നു ലഭിച്ച ഏറ്റവും കുറഞ്ഞ കരാര്‍. ഇതിനിടെ സ്വകാര്യ വ്യവസായികള്‍ക്ക് കര്‍ഷകരില്‍നിന്ന് നേരിട്ട് ഗോതമ്പ് ശേഖരിക്കാന്‍ അനുമതി നല്‍കി. രാജ്യത്തിനാവശ്യമായ ഗോതമ്പ് സര്‍ക്കാരിന്റെ പക്കല്‍ ഇല്ലാതെ വന്നപ്പോള്‍ കിന്റലിന് 320 മുതല്‍ 360 വരെ ഡോളറിന് ഗോതമ്പ് ഇറക്കുമതി ചെയ്തു. വ്യാപാരികള്‍ നേരത്തെ ടണ്ണിന് 900 രൂപയ്ക്ക് വാങ്ങിയ ഗോതമ്പ് 1300 രൂപയ്ക്ക് ഫുഡ്കോര്‍പ്പറേഷന് വിറ്റു. 

ഇതിനെത്തുടര്‍ന്ന് വ്യാപാരികളെ അന്യായമായ ലാഭം നേടാന്‍ സഹായിച്ച പവാര്‍ രാജിവെയ്ക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ഇതുപോലെ പഞ്ചസാര, ഉള്ളി എന്നിവയ്ക്കും പവാര്‍ ഭരണത്തില്‍ വിലക്കയറ്റമുണ്ടായത് വിവാദമായി. 

പൊതുതാല്പര്യ ഹര്‍ജിയില്‍ പവാറിന്റേയും മരുമക്കളുടേയും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്ക് മഹാരാഷ്ട്ര കൃഷ്ണവാലി വികസന കോര്‍പറേഷന്‍ പ്രത്യേകം ഇളവുകള്‍ അനുവദിച്ചതായി ബോംബെ ഹൈക്കോടതി കണ്ടെത്തി. പവാറിന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 141.15 ഏക്കര്‍ വീതം വരുന്ന രണ്ട് സ്ഥലങ്ങള്‍, ലവാസ കോര്‍പറേഷന് 32.12 ഏക്കര്‍ സ്ഥലം, ശിവജിനഗര്‍ കാര്‍ഷിക കോളേജിന് ഒരേക്കര്‍ സ്ഥലം, ശരത്ചന്ദ്രാജി സ്‌കൗട്ട്സ് ആന്റ് ഗൈഡ്സിന് മൂന്നേക്കര്‍ സ്ഥലം എന്നിങ്ങനെയുള്ള നടപടികള്‍ നിയമനടപടി നേരിട്ടു. കോടിക്കണക്കിനു രൂപയുടെ വ്യാജ സ്റ്റാമ്പ്‌പേപ്പര്‍ അച്ചടിച്ചതിനു പിന്നില്‍ പവാറിന്റെ ബുദ്ധിയാണെന്നും ആരോപണമുയര്‍ന്നിരുന്നു.

സോഷ്യലിസ്റ്റ് രാഷ്ട്രീയ പശ്ചാത്തലമാണ് പവാറിന്റേതെങ്കിലും സ്വതന്ത്ര വിപണി പരിഷ്‌കാരങ്ങള്‍ വേണമെന്ന് നേരത്തേ തന്നെ അദ്ദേഹം ആവശ്യമുന്നയിച്ചിട്ടുണ്ട്. വരള്‍ച്ച കൊണ്ട് കഷ്ടപ്പെടുന്ന മഹാരാഷ്ട്രയ്ക്ക് അത് ഗുണകരമാകുമെന്ന് അദ്ദേഹം കരുതിയിരുന്നു. 1979-ല്‍ ഊര്‍ജ്ജമേഖലയുടെ സ്വകാര്യവല്‍ക്കരണത്തിന് മൊറാര്‍ജി ദേശായിയെ നിര്‍ബ്ബന്ധിച്ചെങ്കിലും അത് നടന്നില്ല. ധനികരും വ്യവസായികളുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന പവാര്‍ ഒരുകാലത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സമ്പന്നനായ രാഷ്ട്രീയനേതാവാണെന്ന് പ്രചരിച്ചിരുന്നു. ഞാനൊരു പണക്കാരനേയല്ല, എനിക്കും ഭാര്യയ്ക്കും ചെറിയ ചെറിയ ആവശ്യങ്ങള്‍ മാത്രമാണുള്ളത്. ഞാന്‍ പൈസ ചെലവഴിക്കുന്നത് പുസ്തകങ്ങള്‍ക്കും യാത്രയ്ക്കുമായാണ് എന്നായിരുന്നു പവാറിന്റെ മറുപടി. 

ഏതായാലും അധികാര രാഷ്ട്രീയത്തെ എങ്ങനെ ചലിപ്പിക്കണമെന്ന് ശരദ് പവാറിനെ ആരും പഠിപ്പിക്കേണ്ടതില്ല. അതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് രാജിനാടകം. എന്‍.സി.പിയുടെ ദേശീയ പാര്‍ട്ടിപദവി നഷ്ടത്തോടൊപ്പം, അജിത് പവാറും സംഘവും രഹസ്യമായി നടത്തുന്ന ബി.ജെ.പി ബാന്ധവത്തേയും തകര്‍ത്തെറിയുകയാണ് തന്റെ രാജിയിലൂടെ ശരദ് പവാര്‍ ചെയ്തത് എന്നാണ് ഒരു നിരീക്ഷണം. രാജിയും രാഷ്ട്രീയ പ്രവര്‍ത്തനമാണ്. തന്റെ രാജിയെ ശക്തമായ രാഷ്ട്രീയായുധമാക്കി മാറ്റിയിരിക്കയാണ് ഇപ്പോള്‍ എന്‍.സി.പി. ഛത്രപതിയായ ശരദ് പവാര്‍. പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവെയ്ക്കുകയാണെന്ന് തന്റെ ആത്മകഥയുടെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കുന്ന വൈ.ബി. ചവാന്‍ സെന്ററിലെ ചടങ്ങിലാണ് ശരദ് പവാര്‍ പ്രഖ്യാപിച്ചത്. രാജി എന്ന ഒറ്റയേറിന് ശരദ് പവാര്‍ വീഴ്ത്തിയത് ഒട്ടേറെ പേരെയാണ്.

എന്‍.സി.പിയെ ഇല്ലാതാക്കി തന്റെ ജ്യേഷ്ഠസഹോദര പുത്രനായ അജിത് പവാറും കൂട്ടരും ബി.ജെ.പിയുടെ ഭാഗത്തേക്ക് പോയേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു ശരദ് പവാറിന്റെ ഈ നിര്‍ണ്ണായക വൈകാരിക നീക്കം.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com