ഭാഷ മനുഷ്യസമൂഹത്തിന്റെ സൃഷ്ടിയാണ്. അതിന് അപ്പനുമില്ല അമ്മയുമില്ല. 

വിനോയ് തോമസുമായി ജിജേഷ് ഭാസ്കര്‍ നടത്തിയ അഭിമുഖം
ഭാഷ മനുഷ്യസമൂഹത്തിന്റെ സൃഷ്ടിയാണ്. അതിന് അപ്പനുമില്ല അമ്മയുമില്ല. 

ഭാഷയെക്കുറിച്ച് സംസാരിച്ചുകൊണ്ട് നമുക്ക് തുടങ്ങാമെന്നു തോന്നുന്നു. എഴുത്തിന്റെ ഭാഷ സാഹിത്യമാകണം, കാവ്യാത്മകമാകണം എന്ന നടപ്പുരീതികളെ വിനോയ് പലപ്പോഴും പിന്‍തുടരുന്നില്ല. വാഷിംഗ്ടണ്‍ ഇര്‍വിംഗിന്റെ ന്യൂയോര്‍ക്ക് ഡച്ച് കഥകള്‍പോലെ, ജെയിംസ് ഫെനിമോര്‍ കൂപ്പറിന്റെ അതിര്‍ത്തി നോവലുകള്‍പോലെ പടിഞ്ഞാറന്‍ നിരൂപകര്‍ പറയുന്ന ലോക്കല്‍ കളര്‍ എന്ന സാഹിത്യശാഖയിലാണ് വിനോയിയുടെ എഴുത്ത്. അങ്ങനെ തീരുമാനിക്കാനുള്ള കാരണം എന്താണ്? എന്താണ് വിനോയിയുടെ ഭാഷാസങ്കല്പം?

 കാവ്യാത്മകമാകണം എഴുത്ത് എന്ന കാര്യത്തില്‍ എനിക്ക് തര്‍ക്കമൊന്നുമില്ല. നമ്മള്‍ എഴുതുന്ന കാര്യങ്ങള്‍ക്കനുസരിച്ച് സാധാരണ ഭാഷയില്‍നിന്നും സാഹിത്യത്തിന്റെ ഭാഷ വേറിട്ടു നില്‍ക്കണമെന്നുതന്നെയാണ് എന്റെ അഭിപ്രായം. നമ്മള് മലയാളത്തിലെഴുതരുത്, മണിപ്രവാളത്തിലേ പാടൊള്ളൂ എന്നു പറയുന്നതിനോടാണ് എനിക്ക് തര്‍ക്കമുള്ളത്. ഈയിടയ്ക്ക് ഒരു അവാര്‍ഡ്ദാനച്ചടങ്ങിന്റെ നോട്ടീസ് കണ്ടു. അവാര്‍ഡ് കിട്ടിയ ആള് മറുപടി പ്രസംഗം പറയുന്നില്ല. അങ്ങേര് ‘പ്രതിസ്പന്ദം’ നടത്തുകയാണ് ചെയ്യുന്നത്.

പ്രതിസ്പന്ദ ഭാഷയില്‍ എഴുതുന്നത് ഉത്തമ സാഹിത്യം അല്ലാത്തതൊക്കെ സംവരണ സാഹിത്യം എന്ന ബോധം ഈ 21-ാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിലും നിലനില്‍ക്കുന്നു എന്നുള്ളത് മലയാളത്തിന് അങ്ങേയറ്റം നാണക്കേടല്ലേ?

ഇസ്രായേലീ ഭാഷാപരിഷ്കാരകനായിട്ടുള്ള Ghil’ad Zuckermann പറയുന്നതനുസരിച്ച് ചരിത്രപരമായ നീതി ഒരു സമൂഹത്തിന് ലഭിക്കണമെങ്കില്‍ അവിടെ ജീവിക്കുന്ന ഭാഷകളുടെ നവോത്ഥാനം നടന്നേ പറ്റൂ എന്നാണ്. കേരളത്തിലെ സാമൂഹികമായ നീതി ഇപ്പോഴും പലര്‍ക്കും നിഷേധിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന്റെ പ്രധാന കാരണം ഭാഷാപരമായ ഈ വിവേചനമാണ്. മലയാളഭാഷയില്‍തന്നെ എഴുതണം എന്ന് ഞാന്‍ നിര്‍ബ്ബന്ധം പിടിക്കാനുള്ള കാരണം വ്യക്തമായി എന്നു തോന്നുന്നു.

പക്ഷേ, ‘കരിക്കോട്ടക്കരി’യില്‍ പലയിടങ്ങളിലും ഇതിന്റെ നേരെ എതിരായിട്ടുള്ള ഭാഷാരീതി ഉണ്ടല്ലോ?

ശരിയാണ്, ‘കരിക്കോട്ടക്കരി’ എഴുതുമ്പോള്‍ ഞാന്‍ എഴുത്തിനെ ഇത്ര സീരിയസ്സായി സമീപിച്ചിട്ടില്ല. എന്റെയുള്ളിലെ പിഴച്ച ഭാഷാദ്ധ്യാപകന്റേയും മലയാളം എമ്മേക്കാരന്റേയും പണിയായിട്ടാണ് ഞാനതിനെ കാണുന്നത്.

അതിനു മാറ്റം വേണമെന്നു തോന്നിത്തുടങ്ങിയത് മറ്റെഴുത്തുകാരുമായി ബന്ധമുണ്ടാവുകയും എഴുത്തിന്റെ ഭാഷയെപ്പറ്റി കൂടുതല്‍ ചിന്തിക്കുകയും ചെയ്തപ്പോഴാണ്. ആ സമയത്ത് കെ.വി. മണികണ്ഠന്‍ എന്നോടു പറഞ്ഞു, ഈ ‘പോലെ’ ഒക്കെ ഒഴിവാക്കിപ്പിടിക്കുന്നതാണ് നല്ലതെന്ന്.

എഴുത്തിന്റെ ഭാഷ മാറ്റുന്നതില്‍ എന്നിലെ നല്ല ഭാഷാദ്ധ്യാപകനും ഇടപെട്ടിട്ടുണ്ട്. ഒരു ഉദാഹരണം പറയാം. അദ്ധ്യാപകന്‍ എന്ന നിലയിലാണ് ഞാന്‍ കാരൂരിന്റെ ‘കോഴിയും കിഴവിയും’ എന്ന കഥ വായിക്കുന്നത്. അതിലെ ‘കിഴവി’ എന്ന പദം എന്തുമാത്രം നല്ല അര്‍ത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നതെന്നറിയുവോ... ആ കഥയിലെ ഭാഷയോ... തനി മലയാളം. നമുക്കു പറയാനുള്ള കാര്യത്തിനു കഴമ്പുണ്ടെങ്കില്‍ കഥയില്‍ മണിപ്രവാളം വേണ്ട, മലയാളമാണെങ്കിലും മതി എന്ന് കാരൂരിനെപ്പോലുള്ളവര്‍ പണ്ടേ കാണിച്ചുതന്നിട്ടുണ്ടെന്നേ. നമ്മളത് ഫോളോ ചെയ്യുന്നില്ല എന്നേ ഉള്ളൂ.

വിനോയ് തോമസ്
വിനോയ് തോമസ്

ദളിത് സ്വത്വം മറച്ചുവെച്ചുകൊണ്ട് സവര്‍ണ്ണരാകാന്‍ ശ്രമിക്കുന്ന ഒരു കുടുംബത്തിന്റെ കഥയാണ് ‘കരിക്കോട്ടക്കരി.’ കുടുംബവും അതുവഴി സമൂഹവും എങ്ങനെ രൂപപ്പെടുന്നു എന്നതിനെക്കുറിച്ചാണ് ‘പുറ്റ്’ നോവലില്‍ ചര്‍ച്ച ചെയ്യുന്നത്. കുടിയേറ്റത്തിന്റെ കഥ പറയുക എന്ന ഒരു ഉദ്ദേശം മാത്രം വെച്ചുകൊണ്ട് വിനോയ് ഒരു കഥയും എഴുതിയിട്ടില്ല. എന്നിട്ടും കുടിയേറ്റത്തിന്റെ കഥാകാരന്‍ എന്നാണ് വിനോയ് അറിയപ്പെടുന്നത്. എഴുത്തുകാരന്‍ ഉദ്ദേശിക്കുന്നത് വായനക്കാരനു കിട്ടാത്തതില്‍ ആശങ്കയുണ്ടോ?

അതിനെപ്പറ്റി പറയുമ്പോള്‍, എഴുത്തുകാര്‍ ഉദ്ദേശിച്ചതുതന്നെ വായനക്കാര്‍ക്ക് കിട്ടണമെന്ന് ഒരു നിര്‍ബ്ബന്ധവും ആര്‍ക്കും പറയാന്‍ പറ്റില്ല. എഴുത്തുകാര്‍‍ ഉദ്ദേശിച്ച കാര്യവും അതിനപ്പുറത്തുള്ളതും സാധാരണ വായനക്കാര്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍വേണ്ടിയാണ് ഈ രണ്ടു കൂട്ടരേക്കാളും ഉയര്‍ന്ന ബുദ്ധിയുള്ള നിരൂപകര്‍ എന്ന സാഹിത്യവിഭാഗക്കാര്‍ അത്യാവശ്യമായിട്ട് വരുന്നത്. അത് വേറെ കാര്യം, അതവിടെ നില്‍ക്കട്ടെ.

കരിക്കോട്ടക്കരി’യില്‍ ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് ‘വ്യാജ ചരിത്രനിര്‍മ്മിതി’ എന്ന വിഷയം തന്നെയാണ്. പക്ഷേ, പണ്ഡിതര്‍ അതിനെ വായിച്ചത് കുടിയേറ്റത്തിന്റെ കഥയായും ദളിത് ക്രിസ്ത്യന്‍ സമൂഹത്തിന്റെ കഥയായിട്ടുമൊക്കെയാണ്. ‘കരിക്കോട്ടക്കരി’ക്കു മുന്‍പ് മലയാളത്തിലുണ്ടായ ദളിത് കൃതികളുമായി അവര്‍ ഭയങ്കരമായ താരതമ്യങ്ങള്‍ നടത്തി പഠനങ്ങളുണ്ടാക്കി.

ആ താരതമ്യത്തിന്റെ കുഴപ്പം പറയാം. ദളിത് എന്ന് പണ്ഡിതന്മാര്‍ പറയുന്ന കൃതികളൊക്കെ ഒരു പക്ഷത്തുനിന്നു പറയുന്നതായിരിക്കും. ഉദാഹരണത്തിന് ശരണ്‍കുമാര്‍ ലിംബാളെയുടെ അക്കര്‍മാശി ലിംബാളെ ഉള്‍പ്പെടുന്ന ജാതിയുടെ പക്ഷത്തുനിന്നുള്ള കാഴ്ചയായിരിക്കുമല്ലോ. ‘കരിക്കോട്ടക്കരി’യില്‍ ഞാന്‍ ഒരു പക്ഷത്തും നില്‍ക്കുന്നില്ല. അധികാരത്തില്‍ കുടുംബം അവരുടെ വ്യാജസ്വത്വം നിര്‍മ്മിച്ചത് തെറ്റാണെന്നുപോലും ഞാന്‍ വിശ്വസിക്കുന്നില്ല. അങ്ങനെ വ്യാജസ്വത്വം നിര്‍മ്മിച്ച് ജീവിക്കുന്ന എഴുത്തുകാര്‍വരെയുള്ള നാടാണ് കേരളം.

അതവിടെ നില്‍ക്കട്ടെ, ഇവിടെ ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് സാഹിത്യാസ്വാദനവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ ചില സംഗതികളാണ്. ഞാന്‍ എഴുതുന്നത് വായിക്കുന്നയാള്‍ക്ക് മനസ്സിലാകുന്നില്ല എന്ന പ്രശ്നം രണ്ട് കാര്യങ്ങള്‍കൊണ്ട് സംഭവിക്കാം. ഒന്ന് എന്റെ എഴുത്ത് ശരിയായില്ല. അതിന്റെ ഉത്തരവാദിത്ത്വം തീര്‍ച്ചയായും എനിക്കുതന്നെയാണ്. രണ്ടാമത്തെ കാര്യം വായിച്ചവരുടെ വായന ശരിയായില്ല എന്നുള്ളതാണ്. അക്കാര്യത്തിലും എനിക്ക് കുറച്ച് ഉത്തരവാദിത്ത്വമുണ്ട്. അത് ഒരു സാഹിത്യാദ്ധ്യാപകന്‍ എന്ന നിലയിലാണ്.

ഇതിനു കുറച്ച് വിശദീകരണം ആവശ്യമുണ്ട്. നമ്മുടെ പ്രൈമറി സ്കൂളുകള്‍ മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വരെ നടക്കുന്ന മലയാള സാഹിത്യപഠനം തീര്‍ത്തും തെറ്റായ രീതിയിലാണ് നടക്കുന്നത്. പാഠപുസ്തകസമിതി അംഗമായിരുന്ന ഞാനടക്കം അതിനു കാരണക്കാരനാണെന്ന് എനിക്ക് നന്നായി അറിയാം.

ലോകമെങ്ങും ഭാഷാപഠനമെന്നത് Listening, Speaking, Reading, Writing മെത്തേഡിലാണ്. ഇതില്‍ റീഡിംഗ് ടെസ്റ്റിനെക്കുറിച്ചു മാത്രം പറയാം. കുട്ടിക്ക് വായിക്കാനറിയുമോ എന്ന പരിശോധനയല്ല റീഡിംഗ് ടെസ്റ്റ്. ഭാഷാദ്ധ്യാപകനായ ഞാന്‍ അത് കഴിഞ്ഞ ദിവസം നടന്ന അദ്ധ്യാപകരുടെ ക്ലസ്റ്റര്‍ മീറ്റിംഗില്‍വെച്ചാണ് മനസ്സിലാക്കുന്നത്.

ഒരു ഖണ്ഡിക സാഹിത്യം കുട്ടിക്ക് വായിക്കാന്‍ കൊടുക്കുക എന്നുള്ളതാണ് ആദ്യത്തെ പരിപാടി. കുട്ടി അത് വായിച്ചുകഴിഞ്ഞതിനുശേഷം ആ ഖണ്ഡികയിലുള്ള വാക്കുകളല്ലാതെ സമാനാര്‍ത്ഥമുള്ള ചില വാക്കുകള്‍ ഉപയോഗിച്ച് കുറച്ച് ചോദ്യങ്ങള്‍ നല്‍കും. കുട്ടി അതിന് ഉത്തരമെഴുതണം. എന്നുപറഞ്ഞാല്‍ പണ്ടത്തെ പരാവര്‍ത്തനം.

നമുക്ക് ആ മെത്തേഡൊക്കെ ഇപ്പോഴും ഉണ്ടായിരിക്കാം, പക്ഷേ, ഫലപ്രദമല്ല. പത്താംക്ലാസ്സ് കഴിയുന്ന ഏറ്റവും മികച്ച കുട്ടിക്കുപോലും അല്പം സങ്കീര്‍ണ്ണമായ ഒരു സാഹിത്യകൃതിയുടെ ഭാഗം വായിച്ച് പദങ്ങളുടെ അര്‍ത്ഥം കണ്ടുപിടിച്ച് അതിന്റെ ധ്വനി മനസ്സിലാക്കി രസത്തിലേയ്ക്കെത്താന്‍ സാധിക്കുന്നില്ല എന്നത് വാസ്തവമാണ്.

പിന്നെ എന്താണ് ഏറ്റവും മിടുക്കരായ കുട്ടികള്‍ ചെയ്യുന്നത്? ആ കൃതിയില്‍ പറഞ്ഞിരിക്കുന്ന പ്രശ്നമേഖലകള്‍ കണ്ടെത്തുകയും അതിന്റെ സാമൂഹ്യപരമായ ഇടപെടല്‍ സാധ്യതകളെ അന്വേഷിക്കുകയും ചെയ്യുന്നു എന്നതാണ് അവിടെ അവര്‍ക്കറിയാവുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഇവിടെ സാഹിത്യപഠനമല്ല, സാമൂഹ്യശാസ്ത്രപഠനമാണ് മലയാളം ക്ലാസ്സില്‍നിന്നും കുട്ടിക്ക് ലഭിക്കുന്നത്.

ഇങ്ങനെ ഭാഷാദ്ധ്യാപകര്‍ സാമൂഹ്യശാസ്ത്രം പഠിപ്പിച്ചതുകൊണ്ടാണ് വൃദ്ധസദനങ്ങളില്‍ കൊണ്ടുപോയി നമ്മുടെ മാതാപിതാക്കന്മാരെ താമസിപ്പിക്കുന്നത് തെറ്റാണെന്നും തോന്നുന്നവനൊക്കെ റോഡരികില്‍ കൊണ്ടുപോയി മരം നടുന്നത് നല്ലതാണെന്നുമുള്ള ധാരണകള്‍ നമ്മുടെ കുട്ടികളില്‍ ഉണ്ടാവുന്നത്.‍

Caroline Rosenthal-ലും Stefanie Schafer-റും ചേര്‍ന്ന് എഡിറ്റു ചെയ്ത Fake Identity? The Impostor Narrative in North American Culture എന്ന പുസ്തകം വായിക്കുമ്പോള്‍ ഒരാള്‍ക്ക് കിട്ടുന്ന അറിവുപോലെ കുറച്ചെന്തെങ്കിലുമൊക്കെ ‘കരിക്കോട്ടക്കരി’ വായിക്കുന്നവര്‍ക്ക് കേരളത്തിലെ അവസ്ഥയെക്കുറിച്ച് കിട്ടിയേക്കും. ക്ഷേ, അതല്ലല്ലോ എന്റെ നോവലില്‍നിന്നും കിട്ടണമെന്ന് ഒരു സാഹിത്യാദ്ധ്യാപകന്‍ എന്ന നിലയില്‍ ഞാന്‍ ആഗ്രഹിക്കുന്നത്.

ഇതൊക്കെ ഞാന്‍ പറയുന്നത് പണ്ഡിതര്‍ എന്ന വിഭാഗം എന്നോട് ചോദിക്കുന്ന മണ്ടന്‍ ചോദ്യങ്ങള്‍ കേട്ടിട്ടാണ്. അല്ലാതെ സാധാരണക്കാരായ വായനക്കാരുടെ വാക്ക് കേട്ടിട്ടല്ല. അവര്‍ക്കൊക്കെ കാര്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാനുള്ള കഴിവുണ്ട്.

പുറ്റിലേയ്ക്ക് വരുമ്പോഴും ഈ പ്രശ്നം അനുഭവപ്പെട്ടോ?

തീര്‍ച്ചയായിട്ടും. പുറ്റില്‍ പറയുന്ന വിഷയത്തെക്കുറിച്ച് മാര്‍ക്ക് ഫ്ലിന്നൊ(Mark Flinn)ക്കെ വര്‍ഷങ്ങളോളം പഠിച്ച് തിയറിയുണ്ടാക്കിയിട്ടുണ്ട്. അതുമാത്രമല്ല, കെ. സുരേന്ദ്രന്‍ പാഠപുസ്തകത്തിനുവേണ്ടി എഴുതിയ ഗംഭീരമായ ഒരു കുറിപ്പ് ആമുഖമായി നോവലില്‍ കൊടുത്തിട്ടുമുണ്ട്. പുറ്റില്‍ എന്തു പറയുന്നു എന്നറിയാന്‍ ആ ആമുഖം വായിച്ചാല്‍ മാത്രം മതി.

നോവല്‍ അനുഭവിക്കാനാണ് അത്‍ വായിക്കേണ്ടത്. കുടിയേറ്റം പശ്ചാത്തലമായ ഒട്ടേറെ നോവലുകള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. അവരാരും കുടിയേറ്റത്തിന്റെ ചരിത്രപരമായ ബന്ധം വ്യക്തമാക്കാനല്ല നോവലെഴുതിയത്. ഒരു സാഹിത്യസൃഷ്ടി ഉണ്ടാക്കാനാണ്. അത് മനസ്സിലാക്കാതെ നോവല്‍ വായിച്ചിട്ടോ വായിക്കാതേയോ കുടിയേറ്റത്തിന്റെ കഥാകാരനാണെന്നും ഇരിട്ടിപ്പാലത്തിനിപ്പുറത്തേയ്ക്ക് മുതല്‍ നോവലെഴുതുമ്പോഴാണ് ഞാന്‍ കടക്കുന്നത് എന്നുമൊക്കെ ഒരു ഉളുപ്പുമില്ലാതെ എന്നെ വിശേഷിപ്പിക്കാന്‍ വരുന്ന അദ്ധ്യാപകരോട് ഞാന്‍ എന്തു പറയാന്‍?

പാഠ്യപദ്ധതിപോലെത്തന്നെ സര്‍വ്വകലാശാലകളും പുരോഗമനക്കാരെന്ന് അവകാശപ്പെടുന്ന ചില സംഘടനകളും നടത്തുന്ന സാഹിത്യക്യാമ്പുകളും സെമിനാറുകളുമൊക്കെ മലയാള സാഹിത്യവായനയെ കൊന്നുകൊലവിളിക്കുകയാണ്. എന്തെങ്കിലുമൊക്കെ കാരണംകൊണ്ട് അവരില്‍നിന്നും രക്ഷപ്പെട്ടുനില്‍ക്കുന്നവരാണ് യഥാര്‍ത്ഥ വായനക്കാര്‍ എന്നാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്.

കരിക്കോട്ടക്കരി’ അവസാനിക്കുന്നത് ഇങ്ങനെയാണ്: അധികാരത്തില്‍നിന്നും ആദിവാസികള്‍ പിടിച്ചെടുത്ത ഭൂമി അതിന്റെ യഥാര്‍ത്ഥ അവകാശികള്‍ തിരിച്ചെടുക്കുന്നു. കൃഷിചെയ്യാന്‍...‍ വീടുവെയ്ക്കാന്‍.... മനുഷ്യരെപ്പോലെ ജീവിക്കാന്‍....

2014-ലിലാണ് ‘കരിക്കോട്ടക്കരി’ ഇറങ്ങുന്നത്. ഒന്‍പതു വര്‍ഷത്തിനുശേഷം വിനോയ് തന്നെ അതിനെ തിരുത്തുന്നു. റോള്‍ഡ് ഡാല്‍, റിച്ചാര്‍ഡ് സ്കറി, മാര്‍ക് ട്വയിന്‍ എന്നിവരെപ്പോലുള്ള നിരവധി എഴുത്തുകാര്‍ അത് ചെയ്തിട്ടുണ്ട്. റിച്ചാര്‍ഡ് സ്കറി നോവലില്‍ മാറ്റം വരുത്തിയത് ലിംഗസമത്വത്തിന്റെ പ്രശ്നം പരിഹരിക്കാനാണ്. വിനോയ് മാറ്റം വരുത്തിയതിന്റെ കാരണം എന്താണ്?

അതിനും ഞാന്‍ കുറ്റം പറയുക എന്നെ സാഹിത്യം പഠിപ്പിച്ച അദ്ധ്യാപകരേയും ഞാന്‍ വായിച്ച പുസ്തകങ്ങളേയുമാണ്. കുടിയേറ്റക്കാരെല്ലാം കൊടിയ വില്ലന്‍മാരാണെന്നും ദളിത് ജനതയ്ക്ക് കുറച്ചു ഭൂമി കൃഷിചെയ്യാന്‍ കൊടുത്താല്‍ അവരുടെ മുഴുവന്‍ പ്രശ്നങ്ങളും തീരുമെന്നും എന്റെ സമൂഹ്യശാസ്ത്ര അദ്ധ്യാപകരല്ല, സാഹിത്യാദ്ധ്യാപകരാണ് എന്നെ പഠിപ്പിച്ചത്. ആ പഠിപ്പ് തെറ്റാണ് എന്നു മനസ്സിലായപ്പോള്‍ ഞാന്‍ ആ നോവലിന്റെ ക്ലൈമാക്സ് തിരുത്തിയെഴുതി.

ഇപ്പോള്‍ നോവലിന്റെ പുറത്തുനിന്ന് ഞാന്‍ ആഗ്രഹിക്കുന്നു ‘കരിക്കോട്ടക്കരി’യിലെ ഇറാനിമോസ് ചെയ്യേണ്ടത് ആ എസ്റ്റേറ്റ് നിലനിര്‍ത്തി കൃഷിയില്‍ ആധുനികവല്‍ക്കരണം കൊണ്ടുവന്ന് കഴിയുന്നത്ര ആളുകള്‍ക്ക് തൊഴില്‍ കൊടുക്കുക എന്നതാണ്.

അങ്ങനെയെങ്കില്‍ രാമച്ചിയും തിരുത്തി എഴുതേണ്ടതല്ലേ...? കാരണം രാമച്ചിയിലെ പ്രമുഖന്‍ എന്ന ആനയും ആദിവാസിയും കാട്ടില്‍നിന്നും പുറത്തായവരാണ്. അവര്‍ കാട്ടിലേയ്ക്ക് തിരിച്ചുകയറുകയാണ്. അതുതന്നെയല്ലേ കഥയുടെ രാഷ്ട്രീയവും?

ഇല്ല, ഞാന്‍ രാമച്ചി തിരുത്തില്ല. കാരണം രാമച്ചി ലോകത്ത് ഒരിടത്തും നടക്കാത്ത ഒരു ഫാന്റസി കഥയാണ്. അത് യാഥാര്‍ത്ഥ്യമാണെന്നു വിശ്വസിപ്പിക്കാന്‍ എനിക്കു സാധിച്ചു. അതിലാണ് വിനോയ് തോമസ് എന്ന എഴുത്തുകാരനോട് എനിക്ക് അല്പം ബഹുമാനം തോന്നുന്നത്. ഒരു പ്രണയകഥ പറയുക എന്ന ഉദ്ദേശം മാത്രമേ ‘രാമച്ചി’ എഴുതുമ്പോള്‍ എനിക്കുണ്ടായിരുന്നുള്ളൂ. കാടും ആനകളും പുഴയും ചെടികളുമെല്ലാം ആ പ്രണയത്തെ പൊലിപ്പിക്കാനുള്ള പശ്ചാത്തലം മാത്രമാണ്. രാമച്ചിയില്‍ പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്തത് അതിന്റെ സബ്‍ജക്റ്റല്ല, അതിന്റെ പശ്ചാത്തലമാണ്.

ഇത്തരം ഫാന്റസിക്കഥകള്‍ക്ക് മറ്റ് ഉദാഹരണങ്ങളുണ്ട്. റുഡ്യാഡ് ക്ലിപ്പിംഗ് ‘ജംഗിള്‍ബുക്ക്’ എഴുതുമ്പോള്‍ ചില യഥാര്‍ത്ഥ സംഭവങ്ങള്‍ അതിലേയ്ക്ക് കലര്‍ത്തുന്നു. അതിലൂടെ മൗഗ്ലി എന്ന മനുഷ്യക്കുട്ടിയെ വളര്‍ത്താന്‍ ചെന്നായകള്‍ക്കു സാധിക്കും എന്നു നമ്മളെ വിശ്വസിപ്പിക്കുകയാണ്.

ആനമുത്തി ഇടപെട്ട് മല്ലികയുടെ പ്രസവം സുഗമമാക്കുന്നു എന്നും ഏഴാംമാസം വരെ പി.എച്ച്.സിയില്‍ പോയി ചികിത്സ തേടിയിരുന്ന ഒരു ഗര്‍ഭിണിക്ക് കാട്ടില്‍പോയി ജീവിച്ച് ഈസിയായി പ്രസവിക്കാം എന്നും വിശ്വസിപ്പിക്കാന്‍ എനിക്കു സാധിച്ചു. ഇത് ഫിക്ഷന്റെ സാധ്യതയാണ്.

സ‌്‌പൈഡര്‍മാനെ സൃഷ്ടിക്കുന്നതിലൂടെ സ്റ്റാന്‍ ലീയും സ്റ്റീവ് ഡിട്കോയും ചെയ്തതും അതുതന്നെയാണ്. ഇനിയും എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും ഉണ്ടല്ലോ. ‘രാമച്ചി’യുടെ രാഷ്ട്രീയമെന്നു പറയുന്നത് ഫിക്ഷനെഴുത്തിന്റേയും വായനയുടേയും രാഷ്ട്രീയമാണ്.

പുറ്റിന്റെ ആമുഖത്തില്‍ വിനോയ് പറയുന്നു, ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികമാണെന്ന്. ക്ഷേ, വിനോയിയുടെ സമകാലികനായ നാട്ടുകാരന്‍ എന്ന നിലയില്‍ എനിക്ക് ‘പുറ്റി’ലെ ഓരോ കഥാപാത്രങ്ങളുടേയും പ്രോട്ടോടൈപ്പുകള്‍ കണ്ടെത്താന്‍ കഴിയും. ഭാവന എന്നു പറയുന്നതിനേക്കാള്‍ എഴുത്തിനു വിശ്വാസ്യത വരാന്‍ നല്ലത് യാഥാര്‍ത്ഥ്യം എന്നു പറയുന്നതല്ലേ?

ഇത് യാഥാര്‍ത്ഥ്യമാണ്, ഞാന്‍ പറയുന്നത് എന്റെ നാടിന്റെ കഥയാണ് എന്നു പറഞ്ഞുകൊണ്ടു തുടങ്ങിയാല്‍ ആദ്യംതന്നെ ഒരു കൗതുകം വായനക്കാരനില്‍ ഉണ്ടാക്കാന്‍ നമ്മക്കു സാധിക്കും. ഞാനും അങ്ങനെ പറഞ്ഞിട്ടുണ്ട്. അത് ആ സൃഷ്ടിയുടെ കച്ചവട ആവശ്യത്തിനുവേണ്ടി മാത്രമാണ്. പക്ഷേ, അത് പിന്നീട് എഴുത്തുകാരന് ഒരു ബാധ്യതയായി തീരും. കാരണം യാഥാര്‍ത്ഥ്യം അതല്ല.

ഒരു ഉദാഹരണം പറയാം. അണുബോംബ് ഉണ്ടാക്കി എന്നത് ഒരു നടന്ന സംഭവമാണല്ലോ. അതിനെപ്പറ്റി ക്രിസ്റ്റഫര്‍ നോളന്‍ സിനിമയെടുക്കുന്നു. ആ സിനിമയാണ് യാഥാര്‍ത്ഥ്യം എന്ന് നമുക്ക് അംഗീകരിക്കാന്‍ പറ്റുമോ? അങ്ങനെയായാല്‍ പണി പാളില്ലേ? ഇതാണ് കലാസ്വാദനത്തെക്കുറിച്ച്‍ പഠിക്കുന്നവര്‍‍ക്ക് നമ്മള്‍ ആദ്യം മനസ്സിലാക്കി കൊടുക്കേണ്ട കാര്യം. പക്ഷേ, ഇവിടുത്തെ പല സ്ഥാപനങ്ങള്‍ക്കും അത് സാധിക്കുന്നില്ല. കാരണം, ഫിക്ഷണല്‍ നരേറ്റീവുകളുടെ താങ്ങിലാണ് അധികാരകേന്ദ്രങ്ങള്‍ നിലനില്‍ക്കുന്നത്.

ഇതിനെപ്പറ്റി എന്തു സിദ്ധാന്തമാണുള്ളത് എന്ന് അന്വേഷിച്ചിട്ട് കിട്ടാത്തതുകൊണ്ട് ഞാന്‍ സ്വന്തമായി ഒരു സിദ്ധാന്തം ഉണ്ടാക്കി. അത് ഇതാണ്: “യഥാര്‍ത്ഥ സംഭവം അത് നടക്കുന്നിടത്ത് തീരുന്നു. പിന്നീട് ആ സംഭവത്തെക്കുറിച്ചുണ്ടാകുന്ന വിവരണങ്ങളിലെല്ലാം ഭാവനയുടെ തരി പുരണ്ടിരിക്കും. അത് യാഥാര്‍ത്ഥ്യത്തില്‍നിന്നും അകലേയ്ക്കകലേയ്ക്ക് പോവുകയും ചെയ്യും.”

പത്രവാര്‍ത്തകളില്‍പോലും ഇങ്ങനെ കഥയുടെ ഘടകങ്ങള്‍ കയറിവരാറുണ്ടല്ലോ.

അധികാരത്തില്‍ കുടുംബത്തിന്റെ നിയമാവലി, മേനച്ചോടി പശുവിന്റെ വംശശുദ്ധി സംബന്ധിച്ച ആ ബോര്‍ഡ്, ബ്രാന്റ്മീയതയുടെ അടിസ്ഥാന തത്ത്വങ്ങള്‍, കഴപ്പുമതത്തിന്റെ പ്രമാണങ്ങള്‍. ആദ്യവായനയില്‍ നിസ്സാരമെന്നു തോന്നുമെങ്കിലും ആലോചിക്കുംതോറും ലോകപ്രസിദ്ധമായ പല തത്ത്വചിന്തകള്‍ക്കും ഒപ്പം നില്‍ക്കുന്നവയാണ് അതെല്ലാം. ഇത്ര സങ്കീര്‍ണ്ണമായ വിഷയങ്ങളെ ലളിതമായി അവതരിപ്പിക്കുന്ന ഈ രചനാരീതി എവിടുന്നു കണ്ടെത്തിയതാണ്?

പൊതുവെ അങ്ങനെയിരുന്ന് മെനക്കെട്ട് ചിന്തിക്കുന്ന ഒരാളല്ല ഞാന്‍. പക്ഷേ, ഒരു വിഷയം എഴുതിക്കൊണ്ടിരിക്കുമ്പോഴായിരിക്കും അതിനകത്ത്‍ ഇന്നതൊക്കെയുണ്ടല്ലോ എന്ന ഒരു ചിന്ത നമ്മടെയുള്ളിലേയ്ക്ക് വരുന്നത്. അവിടെവെച്ച് ഞാന്‍ ഹരീഷിന്റെ കഥയിലെ ചൂണ്ടക്കാരനാകും. ഒരോന്നിന്റേയും പിന്നാമ്പുറം അന്വേഷിച്ച് അന്തവും കുന്തവുമില്ലാതെ ചിന്തിച്ചു ചിന്തിച്ചു പോകും.

ഞാന്‍ വായിക്കുകയും പഠിക്കുകയും ചെയ്ത പുസ്തകങ്ങളിലെല്ലാം ഇങ്ങനെയുള്ള തത്ത്വങ്ങളും ഉത്ഭവകഥകളും ഉണ്ടാക്കിവെച്ചത് കണ്ടിട്ടുണ്ട്. അതുപോലുള്ള പുതിയതെന്തെങ്കിലും ഉണ്ടാക്കാന്‍ പറ്റുമോയെന്നാണ് ഞാന്‍ ശ്രമിച്ചുനോക്കുന്നത്. അങ്ങനെ ആലോചിക്കുമ്പോള്‍ ചില തത്ത്വങ്ങളെക്കുറിച്ച് സംശയം തോന്നും.

ബുദ്ധമതതത്ത്വങ്ങളാണ് ഒരു ഉദാഹരണം. ആഗ്രഹമാണ് ദുഃഖത്തിന്റെ കാരണമെന്ന് അതില്‍ പറയുന്നു. പക്ഷേ, ആഗ്രഹം അത്ര കുഴപ്പംപിടിച്ച ഒന്നാണോ? അങ്ങനെയല്ലെന്നല്ലേ ഹരാരി പറയുന്നത്. ഗോതമ്പ് മനുഷ്യനെയാണ് വളര്‍ത്തുന്നത് എന്ന സിദ്ധാന്തമുണ്ടല്ലോ. അതുവെച്ചു നോക്കുമ്പോള്‍ ഗോതമ്പുതിന്നാനുള്ള മനുഷ്യന്റെ ആഗ്രഹമാണ് മനുഷ്യജീവിതത്തിന്റെ അടിസ്ഥാനം.

പേരയ്ക്ക തിന്നാന്‍ കിളികള്‍ക്ക് ആഗ്രഹമുള്ളതുകൊണ്ടല്ലേ പേരമരത്തിന്റെ വിത്തുവിതരണം നടക്കുന്നത്. എങ്ങനെ ചിന്തിച്ചാലും ആഗ്രഹമാണ് ഈ ലോകം നിലനില്‍ക്കുന്നതിന്റെ കാരണം എന്നു നമുക്കു മനസ്സിലാകും. അപ്പോ എല്ലാവരും ആഗ്രഹമില്ലാത്തവരായി മാറിയാലത്തെ അവസ്ഥ ഒന്നാലോചിച്ചു നോക്കിക്കേ.

ഈ തത്ത്വങ്ങള്‍പോലെതന്നെയാണ് നിയമാവലികളും. ലോകം മുന്നോട്ടുപോകുന്നത് എഴുതിയതും എഴുതപ്പെടാത്തതുമായ അനേകം ബൈലോകളിലൂടെയാണ്. അതുണ്ടാക്കാന്‍ ഒത്തിരി പണിയുണ്ട്. അതിന് ജീവിതത്തെ അതിന്റെ സമഗ്രതയില്‍ അറിയണം. അല്ലെങ്കില്‍ ആ നിയമാവലിക്ക് ഇടയ്ക്കിടയ്ക്ക് ഭേദഗതികള്‍ കൊണ്ടുവരേണ്ടിവരും. നിയമസഭയിലൊക്കെ പറയാറുണ്ട് വിവരമുള്ള മന്ത്രിമാര്‍ കൊണ്ടുവരുന്ന നിയമങ്ങള്‍ക്ക് കൂടെക്കൂടെ ഭേദഗതി വേണ്ടിവരില്ല എന്ന്.

ഒരു ദേവാലയത്തിലേയ്ക്ക് നമ്മള്‍ കയറിച്ചെല്ലുമ്പോള്‍ അവിടെ എഴുതിവെച്ചിരിക്കുന്ന നിയമാവലികള്‍ ശ്രദ്ധിക്കുക. ആ ദേവാലയം നിലനില്‍ക്കുന്ന സമൂഹത്തിന്റെ എല്ലാ സ്വഭാവ സവിശേഷതകളും ആ നിയമാവലിയില്‍നിന്നും നമുക്ക് കണ്ടുപിടിക്കാന്‍ സാധിക്കും.

നമ്മുടെ ലോകത്ത് നിലനില്‍ക്കുന്ന തത്ത്വങ്ങളും നിയമാവലികളും പഠിക്കുക എന്നുപറഞ്ഞാല്‍ ലോകത്തെ പഠിക്കുക എന്നതുതന്നെയാണ്. അതുപോലെ തന്നെ പുതുതായി തത്ത്വങ്ങളും നിയമാവലികളും ഉണ്ടാക്കുക എന്നുപറഞ്ഞാല്‍ പുതിയലോകം സൃഷ്ടിക്കുക എന്നുതന്നെയാണ് അര്‍ത്ഥം.

അധികാരത്തില്‍ കുടുംബം നുണകള്‍കൊണ്ടാണ് അവരുടെ ചരിത്രം സൃഷ്ടിക്കുന്നത്. മുതലിലെ മിക്കവാറും എല്ലാ കഥാപാത്രങ്ങളും അവരുടെ നിലനില്‍പ്പിനുവേണ്ടിയും അല്ലാതേയും നുണയെ ഉപയോഗിക്കുന്നുണ്ട്. ‘കരിക്കോട്ടക്കരി’യുടെ തുടര്‍ച്ചയാണോ മുതല്‍?

കരിക്കോട്ടക്കരി’യുടെ തുടര്‍ച്ചയല്ല മുതല്‍. കാരണം, ‘കരിക്കോട്ടക്കരി’യിലെ കഥാപാത്രങ്ങള്‍ ചില വ്യാജങ്ങളുടെ സൃഷ്ടാക്കളാണെന്ന് പറയാം. എന്നാല്‍, മുതലിലെ പ്രധാന കഥാപാത്രങ്ങളെല്ലാം കാഴ്ചക്കാരാണ്.

നമ്മുടെ ചുറ്റുമുള്ള വിശ്വാസത്തിന്റെ ഫിക്ഷണല്‍ സാധ്യതകള്‍ ഉപയോഗിക്കാനാണ് ഞാന്‍ മുതലിലൂടെ ശ്രമിച്ചത്. മതം, രാഷ്ട്രീയാശയങ്ങള്‍, വ്യവസായോല്പന്നങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങള്‍, സാമ്പത്തിക സങ്കല്പങ്ങള്‍ എന്നിവയൊക്കെ എങ്ങനെയാണ് നമ്മുടെ ചുറ്റും നിന്നു പ്രവര്‍ത്തിക്കുന്നത് എന്ന് മുതല്‍ നോവലില്‍ അന്വേഷിക്കുന്നുണ്ട്.

മുതലിലെ ഒരു കഥാസന്ദര്‍ഭം പറയുമ്പോള്‍ അത് കൂടുതല്‍ വ്യക്തമാകും. നാഗന്‍പയസിന്റെ അമ്മ കമല വിജയന്‍മാഷിനോടുള്ള സംസാരത്തിനിടയില്‍ പയസ് പ്രേതത്തെ കണ്ടതിനെപ്പറ്റി പറയുന്നുണ്ട്. പക്ഷേ, പ്രേതമില്ല എന്ന കാര്യത്തില്‍ കമലയ്ക്ക് ഉറപ്പുണ്ട്. വിജയന്‍മാഷും അക്കാര്യം സമ്മതിക്കും. പക്ഷേ, രാമായണത്തിലെ സീത മാനിനെ പിടിച്ചുകൊണ്ടുവരാന്‍ ശ്രീരാമനോട് പറഞ്ഞത് തിന്നാന്‍ വേണ്ടിയായിരുന്നു എന്ന് കമല പറയുമ്പോള്‍ വിജയന്‍മാഷ് അത് അംഗീകരിക്കുന്നില്ല. ഇതാണ് വിശ്വാസത്തെ സംബന്ധിച്ച് നമ്മുടെ സമൂഹത്തിന്റെ മനോഭാവം.

ശബരിമലയിലെ തങ്കയങ്കി പുറത്തെടുക്കുമ്പോള്‍ പരുന്ത് വട്ടമിട്ടു പറക്കുന്നത് അത്ഭുതമാണെന്നു വിശ്വസിക്കുന്നുണ്ടെങ്കില്‍ ലബ്ബോകോയിനിലും അത്ഭുതമുണ്ടെന്ന് വിശ്വസിക്കാം. കഴപ്പുമതം യാഥാര്‍ത്ഥ്യമല്ലെങ്കില്‍ ലോകത്തുള്ള ഒരു മതവും യാഥാര്‍ത്ഥ്യമല്ല. വിശ്വാസങ്ങളുടെ ഈ തരംതിരിവിലെ വൈരുദ്ധ്യങ്ങളേക്കുറിച്ച് പറയാനാണ് ഞാന്‍ മുതലിലൂടെ ശ്രമിച്ചത്.

നെല്ലെടുപ്പു സമരത്തെക്കുറിച്ച് നരയഞ്ചേരി സമരം എന്ന പേരില്‍ ഒരു അദ്ധ്യായം തന്നെ പുറ്റിലുണ്ട്. മലബാറിലെ കര്‍ഷകസമരങ്ങളെക്കുറിച്ച് വിനോയിയുടെ നിലപാട് എന്താണ്?

നമ്മുടെ ഇടയില്‍ നിലനിന്നിരുന്നതും ഇപ്പോഴും നിലനില്‍ക്കുന്നതുമായ പലതരം കുടുംബവ്യവസ്ഥകളെക്കുറിച്ച് പറയാനാണ് ‘പുറ്റ്’ എന്ന നോവലില്‍ ഞാന്‍ ശ്രമിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു രാഷ്ട്രീയ സമരത്തോടുള്ള നിലപാട് വ്യക്തമാക്കാനായി എഴുതിയതല്ല നരയഞ്ചേരിസമരം എന്ന കാര്യം ആദ്യംതന്നെ പറയട്ടെ.

ഇവിടുത്തെ കുടുംബങ്ങളിലെ മരുമക്കത്തായവ്യവസ്ഥയും അതിന്റെ നൂലാമാലകളില്‍പ്പെട്ട് സംഘര്‍ഷമനുഭവിക്കുന്ന കുടുംബാംഗങ്ങളുമൊക്കെയാണ് ഞാന്‍ നോവലില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിച്ചത്. അതിനുവേണ്ടി ഞാന്‍ കുറേ അന്വേഷണങ്ങള്‍ നടത്തി. അപ്പോള്‍ മനസ്സിലായ കാര്യങ്ങള്‍ എനിക്ക് വന്‍ കോമഡിയായിട്ടാണ് തോന്നിയത്.

ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിന്‍കീഴിലായിരുന്നു ഈ പ്രദേശമെങ്കിലും മലബാറിലെ ജന്മികുടുംബങ്ങളിലെല്ലാം മരുമക്കത്തായ വ്യവസ്ഥയായിരുന്നല്ലോ നിലനിന്നിരുന്നത്. അതിനിടയില്‍‍ ബ്രിട്ടീഷ് വിരുദ്ധരായ കോണ്‍ഗ്രസ്സിനേയും കമ്യൂണിസ്റ്റ് പാര്‍ട്ടിയേയുമെല്ലാം ഈ കുടുംബങ്ങളിലുള്ളവര്‍ തരംപോലെ സ്വീകരിക്കുകയും ഉപേക്ഷിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്.

മലബാറിലെ ജന്മികുടുംബത്തില്‍പ്പെട്ടവര്‍ വിശ്വാസികളും കടുത്ത ജാതിചിന്തയുള്ളവരും ഉഗ്രന്‍ യാഥാസ്ഥിതികരുമാണ്. അതൊക്കെ ആയിരിക്കുമ്പോള്‍ത്തന്നെ അവര്‍ കമ്യൂണിസ്റ്റുകളും തൊഴിലാളി നേതാക്കന്മാരും വിപ്ലവനായകരും അമ്മാവന്മാരോട് പടപൊരുതുന്നവരും കൂടിയാണ്. മലബാറിലെ പ്രമുഖ സവര്‍ണ്ണകുടുംബങ്ങളേയും സമുദായങ്ങളേയും പരിശോധിച്ചാല്‍ ഈ കോമഡികളൊക്കെ ഇപ്പോഴും ഗംഭീരമായി നിലനില്‍ക്കുന്നത് കാണാം.

വേറൊരു കോമഡി എന്താണെന്നു വെച്ചാല്‍ 1942-നു ശേഷം‍ ബ്രിട്ടീഷുകാര്‍ക്കെതിരെ മലബാറില്‍ കര്‍ഷകസമരമുണ്ടായിട്ടില്ല. രണ്ടാംലോക മഹായുദ്ധത്തില്‍ ബ്രിട്ടന്‍ റഷ്യയുടെ സഖ്യകക്ഷിയായിരുന്നു എന്ന ഒറ്റ കാരണമേ അതിനുള്ളൂ. പക്ഷേ, നമ്മളിപ്പഴും പറയുന്നത് മലബാറിലെ കര്‍ഷകര്‍ക്കുവേണ്ടിയാണ് ഈ സമരങ്ങളെല്ലാം നടന്നത് എന്നല്ലേ.

ഉടമസ്ഥനി’ലെ പാപ്പച്ചന്‍, ‘ഇടവേലിക്കാരി’ലെ മാണിച്ചാച്ചന്‍, ‘വിശുദ്ധ മഗ്ദലനമറിയത്തി’ന്റെ പള്ളിയിലെ സാംസണ്‍, നായ്ക്കുരണ സാബു... എല്ലാവരും ആണധികാരത്തിന്റെ ആള്‍രൂപങ്ങളാണ്. വിമര്‍ശനം ഉണ്ടായിട്ടുണ്ടാകുമല്ലോ?

ഈ പറഞ്ഞവരെല്ലാം കഥാപാത്രങ്ങളല്ലേ... കഥ വായിച്ചു കഴിയുമ്പോള്‍ ഓരോ വായനക്കാര്‍ക്കും തങ്ങളുടെ സ്വഭാവത്തിനനുസരിച്ച് ആ കഥാപാത്രങ്ങളുടെ ഒപ്പം നില്‍ക്കുകയോ നില്‍ക്കാതിരിക്കുകയോ ചെയ്യാം. അപ്പോഴാണ് യഥാര്‍ത്ഥത്തില്‍ ആണധികാരം സമൂഹത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് ഓരോരുത്തര്‍ക്കും മനസ്സിലാവുക. അതിനുള്ള അവസരമുണ്ടാക്കുക എന്നതു മാത്രമേ കഥകള്‍കൊണ്ട് ഞാന്‍ ചെയ്യുന്നുള്ളൂ.

സിനിമയിലേയും സാഹിത്യത്തിലേയും പൊളിറ്റിക്കല്‍ കറക്ട്നെസിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശരിയായ തലത്തിലല്ലെന്നു തോന്നിയിട്ടുണ്ടോ?

കേരളത്തിലെ ബുദ്ധിജീവി വായനക്കാരെ പറ്റിക്കാന്‍ വളരെ എളുപ്പമാണ്. ചില ബിംബങ്ങള്‍, ചില ജാഡപ്രയോഗങ്ങള്‍, കുറച്ച് രാഷ്ട്രീയ പ്രസ്താവന, കുറേ കെട്ടുകാഴ്ചകള്‍ എല്ലാം മിക്സുചെയ്ത് കൊടുത്താല്‍ അവര്‍ അതു വായിച്ചിട്ട് ഘോരഘോരം ചര്‍ച്ചചെയ്തുകൊള്ളും. നമ്മള് കോമഡിയായിട്ട് ഒരു കാര്യം പറഞ്ഞാലും അവരതിനെ അങ്ങനെ എടുക്കാതെ ഗൗരവത്തിന്റെ അങ്ങേയറ്റത്തെത്തിച്ച് കൊന്നു കൊലവിളിക്കും.

കലാസാഹിത്യസൃഷ്ടികളിലെ പൊളിറ്റിക്കല്‍ കറക്ട്നെസ്സിനെക്കുറിച്ച് കേരളത്തില്‍ നടക്കുന്ന ചര്‍ച്ചകളെ ഒരു തമാശയായിട്ടു മാത്രമേ ഞാന്‍ കാണുന്നുള്ളൂ.

ക്രിസ്റ്റഫര്‍ നൊളന്റെ ‘ഇന്‍സെപ്ഷന്‍’ എന്ന സിനിമ ഒരാളുടെ സ്വപ്നത്തില്‍ മറ്റുള്ളവര്‍ കയറി ഇടപെട്ട് അതിലൂടെ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിനെപ്പറ്റിയാണ്. ഹറൂകി മുറാകാമിയുടെ ‘ഡ്രൈവ് മൈ കാര്‍’ എന്ന കഥയിലും മറ്റൊരാളുടെ മനസ്സില്‍ കയറി ഇടപെടുന്നതിനെപ്പറ്റിയാണ് പറയുന്നത്. ഇതുപോലുള്ള ഒരു മനശ്ശാസ്ത്ര സമീപനം Krishna The Infant എന്ന വിനോയിയുടെ കഥയില്‍ കാണാം. ആ കഥയെഴുതുമ്പോള്‍ ഏതെങ്കിലും രചനകളുടെ സ്വാധീനം ഉണ്ടായിരുന്നോ?

Krishna The Infant’ എന്ന കഥ പ്രസിദ്ധീകരിക്കപ്പെട്ട് വന്നുകഴിഞ്ഞപ്പോള്‍ കഥാകൃത്ത് വി.എം. ദേവദാസ് എന്നോട് ആ കഥയിലെ സൈക്കോളജിക്കല്‍ ഡെപ്തിനെപ്പറ്റി സംസാരിച്ചിരുന്നു. അപ്പോഴാണ് അങ്ങനെയൊരാഴം അതിനുണ്ട് എന്ന് എനിക്ക് മനസ്സിലാകുന്നത്.

സംവിധായകന്‍ ദിലീഷ് പോത്തന്‍ എന്നോട് പറഞ്ഞ ഒരു അനുഭവം, പൂതനാമോക്ഷം കഥ, ഫിന്നിഷ് നാടോടിക്കഥകള്‍, ഹെല്‍സിങ്കി എന്ന സിനിമ, എന്റെ നാട്ടില്‍ നടന്ന ഒരു സംഭവം, ഫിന്നിഷ് ഇതിഹാസമായ കലേവാല എന്നിങ്ങനെ അനേകം സംഗതികളുടെ സ്വാധീനം ആ കഥയിലുണ്ട്.

ഞാന്‍ ഇരിട്ടിപ്പാലത്തിനിപ്പുറം കടന്ന് കഥയെഴുതാത്തതെന്തേ എന്ന് എന്നോടു ചോദിച്ച് ആകാംക്ഷയോടെ കാത്തിരിക്കുന്ന പണ്ഡിതരെ പ്രതീക്ഷിച്ചാണ് ഞാന്‍ ആ കഥ എഴുതിയത്. പക്ഷേ, അവരാരും ആ കഥ വായിച്ചില്ല. അപ്പോള്‍ എനിക്ക് ഒരു കാര്യം ഉറപ്പായി, ഈ പണ്ഡിതരൊന്നും‍ എന്റെ ഒരു കഥയും വായിച്ചിട്ടില്ല.

തെറി ഭാഷയെ നവീകരിക്കും എന്ന് വിനോയ് പല സ്ഥലത്തും പറഞ്ഞിട്ടുണ്ട്. എങ്ങനെയാണ് അത് സാധ്യമാകുന്നത്?

ഒരു ഭാഷയ്ക്ക് ജീവനുണ്ട് എന്ന് നമുക്ക് മനസ്സിലാകുന്നത് അത് എപ്പോഴും പുതുക്കപ്പെടുന്നു എന്ന് കാണുമ്പോഴാണ്. എങ്ങനെയാണ് ഈ പുതക്കപ്പെടല്‍ ഉണ്ടാകുന്നത്? അതിന് പുതുതായി കുറേ കാര്യങ്ങള്‍ സംഭവിക്കണം. പദച്ചേരുവകള്‍, പ്രയോഗങ്ങള്‍, ശൈലികള്‍, മറിച്ചുചൊല്ലല്‍പോലുള്ള ഭാഷാകേളികള്‍, തെറികള്‍, ചൊല്ലുകള്‍, ശ്ലീലവും അശ്ലീലവുമായ ആഖ്യാനങ്ങള്‍ എന്നിവയെല്ലാം പുതുതായി ഉണ്ടായിവരണം. ഇതില്‍ ഏതെങ്കിലും ഒന്ന് ഇല്ലാതാകുമ്പോ ഭാഷയുടെ മരണം ആരംഭിക്കും. ഇതാണ് തെറി ഭാഷയെ നവീകരിക്കും എന്ന് ഞാന്‍ പറയുന്നതിന്റെ അര്‍ത്ഥം.

ഭാഷയെ നവീകരിക്കുന്ന ഈ കാര്യങ്ങളെല്ലാം എഴുത്തില്‍ പരമാവധി ഉള്‍പ്പെടുത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. മുതലിലെ നാഗബന്ധപദ്യവും ‘പുറ്റ്’ നോവലില്‍ പിട്ടന്‍കണിശന്‍ ഓലയില്‍ എഴുതുന്ന മന്ത്രവും ഏറ്റവും അവസാനം എഴുതിയ കഥയിലെ ‘ഈ കൂട്ടില്‍ കോഴിയുണ്ടോ’ എന്ന കളിപ്പാട്ടും ‘കുട്ടുക്കുറുക്കത്തീ കുര്‍... കുര്‍...’ എന്ന കഥയുടെ പേരുമെല്ലാം ഇത്തരത്തില്‍ ഞാന്‍ ബോധപൂര്‍വ്വം എഴുത്തിലേയ്ക്ക് കൊണ്ടുവന്ന ഭാഷാഘടകങ്ങളാണ്.

2014 മുതലാണ് വിനോയ് തോമസ് എഴുത്തില്‍ സജീവമാകുന്നത്. കേരള സാഹിത്യ അക്കാദമിയുടെ രണ്ട് അവാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള നേട്ടങ്ങള്‍. ഒന്‍പതു വര്‍ഷത്തെ എഴുത്തു ജീവിതത്തെ എങ്ങനെ വിലയിരുത്തുന്നു?

ഈ ഒന്‍പതു വര്‍ഷവും എഴുത്തിനെ നിരന്തരം പുതുക്കാനാണ് ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നത്. വ്യക്തിപരമായി നോക്കിയാല്‍ നമ്മുടെ സൗഹൃദലോകം കൂടുതല്‍ വിശാലമായി എന്നതാണ് പ്രധാനപ്പെട്ട ഒരു കാര്യം. വലിയ ഒരു ഭാഗ്യം എനിക്കു കിട്ടിയത് എന്റെ നാട്ടുകാരോ സഹപ്രവര്‍ത്തകരോ ബന്ധുക്കളോ സുഹൃത്തുക്കളോ ഒന്നും ഒരു എഴുത്തുകാരന്‍ എന്ന രീതിയില്‍ എന്നെ കണ്ട് കെണിയില്‍പ്പെടുത്തിയില്ല എന്നതാണ്. അതുകൊണ്ട് ഇപ്പോഴും ഒരു ബാധ്യതയുമില്ലാതെ പഴയതുപോലെ ജീവിക്കാന്‍ പറ്റുന്നുണ്ട്.

വിനോയ് തോമസിന്റെ എഴുത്തു ജീവിതത്തില്‍ ഷുക്കൂര്‍ പെടയങ്ങോടിന്റെ വരാന്ത ചായപ്പീടിക പുസ്തക ചര്‍ച്ചയ്ക്ക് പ്രധാനമായ ഒരു സ്ഥാനമുണ്ട്. ചര്‍ച്ചാവേദിയെപ്പറ്റി പറയാനുള്ളതെന്താണ്?

കരിക്കോട്ടക്കരി’ നോവല്‍ ഇറങ്ങി കുറച്ചുകാലം കഴിഞ്ഞാണ് ഞാന്‍ ഷുക്കൂറിക്കയെ പരിചയപ്പെടുന്നത്. മറ്റ് ബിസിനസ് നിര്‍ത്തി അങ്ങേര് ചായപ്പീടിക തുടങ്ങുന്ന കാലമായിരുന്നു അത്. അങ്ങേരുടെ പുസ്തക താല്പര്യംകൊണ്ട് പീടികയില്‍ പുസ്തക ചര്‍ച്ച നടത്താമെന്നും തുടക്കം ‘കരിക്കോട്ടക്കരി’യാകാമെന്നും ഷുക്കൂറിക്ക പറഞ്ഞു. അങ്ങനെയാണ് ചായപ്പീടിക ചര്‍ച്ച ആരംഭിക്കുന്നത്.

ഒരു കാര്യം സംശയമെന്യേ ഞാന്‍ പറയാം വടക്കേ മലബാറിലെ വായനയുടേയും എഴുത്തിന്റേയും ചരിത്രത്തില്‍ വലിയ മാറ്റമുണ്ടാക്കിയ പ്രവര്‍ത്തനങ്ങളാണ് ഷുക്കൂറിക്കയും ചായപ്പീടികയും കഴിഞ്ഞ അഞ്ചെട്ടു വര്‍ഷങ്ങള്‍കൊണ്ട് ചെയ്തത്. പുതിയ കുറേ എഴുത്തുകാരുണ്ടായി എന്നത് മാത്രമല്ല അത്. വായനയും പുസ്തക ചര്‍ച്ചയും മുന്‍പെങ്ങുമില്ലാത്ത വിധം സജീവമായി എന്നതും ചായപ്പീടിക പുസ്തകചര്‍ച്ചയുടെ ഒരു നേട്ടമാണ്.

ചെറുകഥ, നോവല്‍, തിരക്കഥ ഇതുമൂന്നും എഴുതിയ ആളെന്ന നിലയില്‍ സിനിമാ എഴുത്തിനെ എങ്ങനെ കാണുന്നു?

കഥയും നോവലും സാഹിത്യരൂപമാണ്. അവിടെ നമ്മള്‍ എഴുതുന്നതെന്തോ അത് അന്തിമമാണ്. സിനിമ ഒരു സാഹിത്യരൂപമല്ലാത്തതുകൊണ്ട് അവിടെ നമ്മള്‍ എഴുതുന്നത് അന്തിമമല്ല. സംവിധായകനാണ് സിനിമ എങ്ങനെയാണെന്നു തീരുമാനിക്കേണ്ടത്. അതിനുവേണ്ടി ഒരു നടനെപ്പോലെ, കലാസംവിധായകനെപ്പോലെ, ഛായാഗ്രാഹകനെപ്പോലെ സംവിധായകന്റെ കൂടെ നില്‍ക്കുക എന്ന ജോലി മാത്രമേ എഴുത്തുകാരന് അവിടെയുള്ളൂ.

വിനോയ് പറഞ്ഞതില്‍നിന്നും കൃതികളില്‍നിന്നും വ്യക്തമാകുന്നത് ജീവിക്കുന്ന ഭാഷ ബഹുസ്വരമായിരിക്കും എന്നതാണ്. അങ്ങനെയുള്ള ഭാഷയ്ക്ക് ഒരാള് മാത്രം പിതാവായി വരുന്നു എന്നതിന്റെ യുക്തിയെന്താണ്?

ഞാന്‍ പലയിടത്തും പറഞ്ഞിട്ടുള്ള ഒരു കാര്യമാണിത്. ഒരാളുടെ അല്ലെങ്കില്‍ ഒരു വിഭാഗമാളുകളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി ചരിത്രത്തില്‍ വ്യാജനിര്‍മ്മിതികള്‍ നടത്തുക എന്നത് പലപ്പോഴും സംഭവിച്ചിട്ടുണ്ട്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ വ്യാജനിര്‍മ്മിതികളിലൊന്നാണ് ഭാഷാപിതാവായ എഴുത്തച്ഛന്‍ എന്ന സങ്കല്പം.

എഴുത്തച്ഛന്‍ ആരോ ഉണ്ടാക്കിയ ഒരു കെട്ടുകഥയാണ് എന്ന കാര്യം എല്ലാവര്‍ക്കും അറിയാം. പക്ഷേ, അത് തുറന്നുസമ്മതിക്കാന്‍ ആരും തയ്യാറല്ല. ഭാഷാഗവേഷണത്തിലൂടെ സമൂഹത്തിനു ഗുണംചെയ്യാന്‍ ആഗ്രഹിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ ആരാണ് എഴുത്തച്ഛന്‍ എന്ന ഈ കെട്ടുകഥ ഉണ്ടാക്കിയതെന്ന് അന്വേഷിച്ച് കണ്ടുപിടിച്ചിട്ട് ഈ കെട്ടുപാടില്‍നിന്നു മലയാളഭാഷയെ മോചിപ്പിക്കുകയാണ് ചെയ്യേണ്ടത്.

ഭാഷ മനുഷ്യസമൂഹത്തിന്റെ സൃഷ്ടിയാണ്. അതിന് അപ്പനുമില്ല അമ്മയുമില്ല.


സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com