അക്കിത്തം: പാരമ്പര്യത്തില്‍നിന്ന് ആധുനികതയിലേക്ക് ഒരു പാലം നിര്‍മ്മിച്ച കവി

അക്കിത്തം: പാരമ്പര്യത്തില്‍നിന്ന് ആധുനികതയിലേക്ക് ഒരു പാലം നിര്‍മ്മിച്ച കവി
മലയാളകവിതയില്‍ ആധുനികത വേരുപിടിക്കുന്നതിനു മുന്‍പേ ആധുനിക സമൂഹത്തിന്റെ ധര്‍മ്മസങ്കടങ്ങള്‍ സമര്‍ത്ഥമായി ആവിഷ്‌കരിച്ച മഹാകവിയാണ് അക്കിത്തം അച്ച്യുതന്‍ നമ്പൂതിരി. അദ്ദേഹം ഓര്‍മ്മയായിട്ട് ഒക്ടോബര്‍ 15ന് മൂന്നു വര്‍ഷം പൂര്‍ത്തിയാകുന്നു. എഴുപതുകളിലാണ് മലയാളകവിതയില്‍ ആധുനികത ശക്തമായി പ്രതിഫലിച്ചതെങ്കിലും അമ്പതുകളില്‍ത്തന്നെ അതിനുള്ള നാന്ദികുറിച്ചത് അക്കിത്തമാണ്. അതിന്റെ അഗ്‌നിജ്വലനമാണ് 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ'ത്തിലുള്ളത്.
ആധുനികതയുടെ ഭാവപരിസരം വൈദേശിക സംസ്‌കാരത്തില്‍നിന്ന് ഉരുവംകൊണ്ടതാണെങ്കിലും തികച്ചും ഭാരതീയമായ ഭാവാത്മകതയിലൂടെ ആധുനിക മനുഷ്യന്റെ ആത്മസംഘര്‍ഷങ്ങളെ വിചാരണ ചെയ്യുന്നതില്‍ അസാധാരണമായ ആഖ്യാനശേഷിയാണ് അക്കിത്തം പ്രകടിപ്പിച്ചത്. മറ്റുള്ള ആധുനികരെപ്പോലെ പരീക്ഷണങ്ങള്‍ക്കു മുതിരാതെ, പാരമ്പര്യരീതികള്‍ ഉപേക്ഷിക്കാതെ, സുതാര്യമായ കാവ്യമാതൃകകള്‍ അദ്ദേഹം സ്വീകരിച്ചു. ലളിതമായ ആഖ്യാനരീതിയിലൂടെ അഗാധമായ കാവ്യദര്‍ശനങ്ങള്‍ സമ്മാനിക്കുക എന്നതായിരുന്നു കവിയുടെ ലക്ഷ്യം.
സംഘര്‍ഷത്തിന്റെ ആത്മമണ്ഡലമാണ് അക്കിത്തം കവിതയുടെ കരുത്ത്. ആധുനികനും ഗ്രാമീണനും എന്ന ദ്വന്ദം അദ്ദേഹത്തിന്റെ കവിതകളിലെ അന്തര്‍ധാരയാണ്. ഗ്രാമനഗര സംഘര്‍ഷം, നന്മയും തിന്മയും തമ്മിലുള്ള സംഘട്ടനം, നീതിയും അനീതിയും തമ്മിലുള്ള സംഘര്‍ഷം എന്നിങ്ങനെ ബഹുസ്വരമായ വിപരീതഭാവങ്ങളില്‍നിന്നാണ് അക്കിത്തം കവിതയിലെ ആത്മസംഘര്‍ഷം ഉടലെടുക്കുന്നത്. എന്നാല്‍ ഈ സംഘര്‍ഷങ്ങളില്‍നിന്ന് മനുഷ്യ സ്‌നേഹത്തെ പ്രോജ്ജ്വലിപ്പിക്കാനാണ് കവി ശ്രമിക്കുന്നത്. അതുകൊണ്ടാണ് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന ഖണ്ഡകാവ്യം അദ്ദേഹം ഇപ്രകാരം അവസാനിപ്പിക്കുന്നത്.
'അജയ്യസ്‌നേഹമാമണ്ഡം
വിരിഞ്ഞുണ്ടാം പ്രകാശമേ,
സമാധാനപ്പിറാവേ, നിന്‍
ചിറകൊച്ച ജയിക്കുക.
ജീവിത പ്രേമമേ, നിന്റെ
കുരിശെന്‍ നെഞ്ചിലാഴവെ
പശ്ചാത്താപവചസ്സാമീ
നിണം വാര്‍ന്നൊഴുകീടവേ,
പറ്റെ ക്ഷീണിപ്പിതാത്മാവിന്‍
നീലരക്തഞരമ്പുകള്‍;
സുഖമുണ്ടിനു മുച്ചൂടൊ
ന്നുറങ്ങിയുണരാവു ഞാന്‍'
സ്‌നേഹത്തില്‍നിന്ന് ഉരുവംകൊള്ളുന്ന പ്രകാശമാണ് സമാധാനം. അതിന്റെ ചിറകൊച്ച കേള്‍ക്കാനാണ് കവി ആഗ്രഹിക്കുന്നത്. ജീവിതപ്രേമം എന്ന കുരിശ് കവി തന്റെ
നെഞ്ചില്‍ ഏറ്റുവാങ്ങുന്നു. പശ്ചാത്താപത്താല്‍ പാപകര്‍മ്മങ്ങളില്‍നിന്ന് മോചിതമാകണമെന്ന് കവി മനുഷ്യസമൂഹത്തെ ഉദ്‌ബോധിപ്പിക്കുന്നു. ഏതു പാപത്തിനും പശ്ചാത്താപമാണ് മരുന്ന്. ആത്മാവിനെ ക്ഷീണിപ്പിക്കുന്ന പ്രക്രിയയാണ് അതെന്ന ബോധ്യത്തോടെ കണ്ണീരില്‍നിന്ന് ചിരി വിടര്‍ത്തുവാനാണ് കവി ആഗ്രഹിക്കുന്നത്. പാപമുക്തരാകുന്നവര്‍ക്കെല്ലാം നിതാന്തമായ സൗഖ്യം ലഭിക്കുമെന്ന സന്ദേശവും കവി നല്‍കുന്നു. 'നിരുപാധികമാം സ്‌നേഹം, ബലമായി വരും ക്രമാല്‍' എന്നാണ് കവിയുടെ വിശ്വാസം.
ആധുനിക മനുഷ്യന്റെ ധര്‍മ്മസങ്കടം അതിവിദഗ്ദ്ധമായാണ് 'പണ്ടത്തെ മേശാന്തി'യില്‍ അവതരിപ്പിക്കുന്നത്. പാരമ്പര്യവിശ്വാസങ്ങളിലും ആചാരങ്ങളിലും അടിയുറച്ച ജീവിതപരിസരമാണ് ഒരു മേശാന്തിയുടെ കൈമുതല്‍. എന്നാല്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ അദ്ദേഹത്തിന് നഗരത്തില്‍ ഒരു തൊഴിലാളിയായി എത്തിപ്പെടേണ്ടിവന്നു. ഈ സാഹചര്യത്തില്‍ പണ്ടത്തെ മേശാന്തിക്ക് അനുഭവിക്കേണ്ടിവരുന്ന വൈരുദ്ധ്യാനുഭവങ്ങളെ അതിതീക്ഷ്ണമായാണ് കവിതയില്‍ അവതരിപ്പിക്കുന്നത്.
'പണ്ടത്തെ മേശാന്തി നിന്നുതിരിയുന്നു
ചണ്ടിത്തമേറുമീ ഫാക്ടറിക്കുള്ളില്‍ ഞാന്‍
ഫാക്ടറിക്കുള്ളിലസൈറന്‍ മുഴങ്ങവെ,
ഗേറ്റു കടന്നു പുറത്തുവന്നീടവെ,
പട്ടിയെപ്പോലെക്കിതച്ചുകിതച്ചു ഞാന്‍
പാര്‍ക്കുന്നിടത്തേക്കിഴഞ്ഞു നീങ്ങീടവെ,
ചുറ്റു ത്രസിക്കും നഗരംപിടിച്ചെന്നെ
മറ്റൊരാളാക്കി ഞാന്‍ സമ്മതിക്കായ്കിലും'
എത്ര കഠോരമാണ് മേശാന്തിയുടെ അനുഭവങ്ങള്‍. ഒരിക്കലും പൊരുത്തപ്പെടാത്ത വൈരുദ്ധ്യങ്ങളാണ് അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടിവരുന്നത്. ശ്രീകോവിലിന്റെ പരിശുദ്ധിക്കു പകരം ചണ്ടിത്തമേറുന്ന ഫാക്ടറി പരിസരം! വേദമന്ത്രോച്ചാരണങ്ങളുടെ സ്ഥാനത്ത് ഫാക്ടറിയുടെ ഉച്ചത്തിലുള്ള സൈറണ്‍! സ്വന്തം സമ്മതമില്ലാതെതന്നെ ഇരമ്പിയാര്‍ക്കുന്ന നഗരം മേശാന്തിയെ മറ്റൊരാളാക്കി മാറ്റുന്നു. എന്നാല്‍, സ്വന്തം വിധിയെ പഴിക്കാന്‍ മേശാന്തി തയ്യാറാകുന്നില്ല എന്നതിന്റെ സൂചനയും കവിതയിലുണ്ട്. ഒരുപക്ഷേ, തന്നെ ചൂഴ്ന്നുനില്‍ക്കുന്ന കാലഘട്ടത്തിന്റെ അവസ്ഥയോടാകാം കവിയുടെ പരിഭവം:
'എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകള്‍
എന്റെയല്ലീമഹാക്ഷേത്രവും മക്കളെ
നിങ്ങള്‍തന്‍ കുണ്ഠിതം കാണ്മതിന്‍ ഖേദമു
ണ്ടെങ്കിലും നിന്ദിപ്പതില്ലെന്‍ വിധിയെ ഞാന്‍'
'കാണാതായപ്പടി കണ്ണുനീരാകിലും, ഞാനുയിര്‍ക്കൊള്ളുന്നു വിശ്വാസശക്തിയാല്‍' എന്ന പ്രതീക്ഷയും അദ്ദേഹം സമൂഹത്തിനു നല്‍കുന്നു.
'കരതലാമലകം' എന്ന കവിതയിലും ഈ വിപരീത ദ്വന്ദങ്ങളെ, എത്ര ചാരുതയോടെയാണ് കവി അവതരിപ്പിക്കുന്നത്? സംഘര്‍ഷത്തില്‍നിന്ന് ശാന്തിനേടുന്നതിനുള്ള പരിഹാരവും കവി കണ്ടുപിടിക്കുന്നു. മറ്റ് ആധുനികര്‍ക്ക് ഇല്ലാത്ത സവിശേഷതയാണിത്.
'ഈ യുഗത്തിന്റെ പൊട്ടിക്കരച്ചിലെന്‍
വായില്‍നിന്നു നീ കേട്ടുവെന്നോ, സഖി?
ഈ യുഗത്തിന്റെ വൈരൂപ്യദാരുണ
ച്ഛായയെന്‍ കണ്ണില്‍ കണ്ടുവെന്നോ, സഖി?
ഈ യുഗത്തിന്റെ ദുര്‍ഗന്ധമെന്‍ ശ്വാസ
വായുവിങ്കല്‍ നിന്നുള്‍ക്കൊണ്ടു നീയെന്നോ?
ഈ യുഗത്തിന്റെ ഞെട്ടിത്തെറിക്കലെന്‍
സ്‌നായുവില്‍നിന്നു നിന്‍ നെഞ്ചറിഞ്ഞെന്നോ?'
ആധുനിക സമൂഹത്തിന്റെ കരച്ചിലും വൈരൂപ്യവും ദുര്‍ഗന്ധവും ഞെട്ടിത്തെറിക്കലുമെല്ലാം ഉള്ളില്‍ പേറുന്ന കവിയുടെ ആത്മസംഘര്‍ഷമാണ് ആദ്യം വിവരിക്കുന്നത്. തുടര്‍ന്ന് അതിനുള്ള മറുപടിയും മറുമരുന്നും കവിതന്നെ കണ്ടുപിടിക്കുന്നു!
'ചാരമാമെന്നെ കര്‍മ്മകാണ്ഡങ്ങളില്‍
ധീരനാക്കുന്നതെന്തൊക്കെയാണെന്നോ?
നിന്റെ രൂപവും വര്‍ണ്ണവും നാദവും
നിന്റെ പൂഞ്ചായല്‍ തൂകും സുഗന്ധവും
നിന്നിലെന്നും വിടരുമനാദ്യന്ത
ധന്യചൈതന്യനവ്യപ്രഭാതവും
നിന്‍ തളര്‍ച്ചയും നിന്നശ്രുബിന്ദുവും
നിന്റെ നിര്‍മ്മല പ്രാര്‍ത്ഥനാഭാവവും'
പ്രപഞ്ചത്തെ ഒരു കാമുകിയായി സങ്കല്പിച്ചുകൊണ്ടാണ് ആത്മസംഘര്‍ഷത്തെ കവി അലിയിച്ചുകളയുന്നത്. ആ കാമുകിയുടെ രൂപവും വര്‍ണ്ണവും നാദവുമെല്ലാം അദ്ദേഹത്തെ ആവേശഭരിതനാക്കുന്നു. കാമുകി തളര്‍ന്നാലും അശ്രുകണങ്ങള്‍ പൊഴിച്ചാലും എന്നും വിടരുന്ന ചൈതന്യധന്യമായ പ്രഭാതങ്ങളെ, നിര്‍മ്മലമായ പ്രാര്‍ത്ഥനാഭാവങ്ങളെ അദ്ദേഹം ഹൃദയത്തിലേറ്റുന്നു. തന്റെ ഉള്ളംകയ്യില്‍ ഒരു നെല്ലിക്കയെന്നപോലെ പ്രപഞ്ചമിരിക്കുന്ന അനുഭവം അദ്ദേഹത്തിനുണ്ടാകുന്നു. ആ ചെറുഫലത്തെ കുത്തിച്ചതയ്ക്കാനോ വെട്ടിപ്പൊളിക്കാനോ പല്ലുകൊണ്ട് ഒന്ന് പോറലേല്പിക്കാനോ തനിക്ക് കരുത്തില്ലെന്ന് കവി തുറന്നുപറയുന്നുണ്ട്.
സംഘര്‍ഷത്തെ പ്രശാന്തതയിലേക്ക് നയിക്കാനുള്ള അക്കിത്തത്തിന്റെ അഭിവാഞ്ഛയാണ് ഇവിടെ പ്രകടമാകുന്നത്. പ്രതികൂല സാഹചര്യത്തിലും ശുഭാപ്തിവിശ്വാസമാണ് കവി പുലര്‍ത്തുന്നത്. ആധുനികതയെ അന്ധമായി എതിര്‍ക്കാതെതന്നെ അതിന്റെ ആത്മനാശത്തെ ചൂണ്ടിക്കാട്ടാനാണ് അക്കിത്തം ശ്രമിച്ചത്. പാരമ്പര്യത്തില്‍നിന്ന് ആധുനികതയിലേക്ക് ഒരു പാലം നിര്‍മ്മിക്കാന്‍ കവി ശ്രമിക്കുന്നു എന്നുവേണം കരുതാന്‍.
ഗ്രാമനഗര സംഘര്‍ഷം
അക്കിത്തം കവിതകളില്‍ ഗ്രാമീണ വിശുദ്ധിയെ പ്രത്യക്ഷത്തില്‍ പ്രകീര്‍ത്തനം ചെയ്യുന്ന കേവലത്വമല്ല ഉള്ളത്. ഗ്രാമഭംഗിയെ വര്‍ണ്ണിക്കുന്ന കാല്പനിക പരിസരമല്ല അവിടെ വിടര്‍ന്നുനില്‍ക്കുന്നത്. മറിച്ച് മനുഷ്യമനസ്സില്‍ തങ്ങിനില്‍ക്കുന്ന ഗ്രാമനിഷ്‌കളങ്കതയും നഗരവല്‍ക്കരണം സൃഷ്ടിക്കുന്ന ദുരനുഭവങ്ങളുമാണ് കവിതയിലെ ഭാവപരിസരം. അതായത് കുറ്റിപ്പുറത്ത് കേശവന്‍നായരുടേയും കുഞ്ഞിരാമന്‍നായരുടേയും പ്രകൃത്യോപാസനയില്‍ അധിഷ്ഠിതമായ ഗ്രാമജീവിതപ്രതിപത്തി പ്രത്യക്ഷമായ കാല്പനികതയാണ്. എന്നാല്‍, അക്കിത്തത്തിന്റേത് ആധുനികമാണ് എന്നു പറയാം. ആധുനിക സമൂഹത്തിന്റെ സ്വഭാവ വൈചിത്ര്യങ്ങളിലേക്കാണ് അദ്ദേഹത്തിന്റെ കാവ്യഭാവന കടന്നുചെല്ലുന്നത്. കാവ്യവര്‍ണ്ണനയില്‍ കേന്ദ്രീകരിക്കാതെ ബിംബങ്ങളിലൂടെയും സൂചകങ്ങളിലൂടെയും ഗ്രാമനഗര സംഘര്‍ഷത്തെ ഒരു സാംസ്‌കാരിക വൈരുദ്ധ്യമായി അവതരിപ്പിക്കാനാണ് അക്കിത്തം ശ്രമിക്കുന്നത്.
ഇരുപതാംനൂറ്റാണ്ടിന്റെ
ഇതിഹാസം
ഗ്രാമനഗര സംഘര്‍ഷത്തിന് ഉദാഹരണമായി ചൂണ്ടിക്കാട്ടാവുന്ന ഉത്തമകാവ്യമാണ് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം. സംഘര്‍ഷത്തിന്റെ തീക്ഷ്ണബിംബങ്ങളാണ് കവിതയില്‍ അവതരിപ്പിക്കുന്നത്. സ്വര്‍ഗ്ഗം, നരകം, പാതാളം, ഭൂമി എന്നിങ്ങനെ നാലു ഖണ്ഡങ്ങളുള്ള കവിതയില്‍ 'സ്വര്‍ഗ്ഗം' വിശുദ്ധിയുടേയും 'നഗരം' കാപട്യങ്ങളുടേയും പ്രതീകമായി മാറുന്നു. നന്മയും തിന്മയും തമ്മിലുള്ള സംഘട്ടനത്തെയാണ് ഈ രണ്ടു ഭാഗങ്ങളില്‍ കവി അവതരിപ്പിക്കുന്നത്. വിശുദ്ധിയുടെ മണ്ഡലത്തില്‍ പൊയ്‌പ്പോയ ഗ്രാമസംസ്‌കൃതി വിടരുമ്പോള്‍ കാപട്യത്തിന്റെ ലോകത്തെയാണ് നഗരം അനാവരണം ചെയ്യുന്നത്.
'തിരിഞ്ഞുനോക്കിപ്പോവുന്നു
ചവുട്ടിപ്പോന്ന ഭൂമിയെ
എനിക്കുമുണ്ടായിരുന്നു
സുഖം മുറ്റിയ നാളുകള്‍'
എന്ന നഷ്ടബോധത്തോടെയാണ് കവിത ആരംഭിക്കുന്നത്. എന്തൊക്കെയായിരുന്നു ഗ്രാമജീവിതത്തിന്റെ സുഖദമായ അനുഭവങ്ങളെന്ന് കവി വിവരിക്കുന്നുമുണ്ട്. അമ്മതന്‍ മധുരോദാരമായ വാത്സല്യം, കൂട്ടരോടൊത്തുള്ള തുള്ളിച്ചാട്ടങ്ങള്‍, ഒരിക്കലും വിസ്മരിക്കാനാകാത്ത ബാല്യകാലസ്മൃതികള്‍. ഉല്ലാസത്തിന്റെ ഉത്സവദിനങ്ങള്‍. അവയൊക്കെയും ഗ്രാമവിശുദ്ധിയുടെ, നന്മയുടെ പ്രതീകങ്ങളാണ്. പോയകാലത്തിന്റെ പുളകം പൊയ്‌പ്പോയതില്‍ കവി അനുഭവിക്കുന്നത് മുഴുത്ത ദുഃഖത്തിന്റെ കടുംപുളിയാണ്. പോയകാലത്തിന്റെ നഷ്ടബോധം തീര്‍ക്കുന്ന സങ്കടം അതികഠിനമാകുമ്പോള്‍ വര്‍ത്തമാനകാലത്തിന്റെ പൊരുത്തക്കേടും നെറികേടുമാണ് ആത്മസംഘര്‍ഷമായി കടന്നുവരുന്നത്.
'നരക'ത്തിലേക്കു വരുമ്പോള്‍ കവിയുടെ ആത്മസംഘര്‍ഷവും ധര്‍മ്മരോഷവും പാരമ്യത്തിലെത്തുന്നു. നഗരവല്‍ക്കരണം, പരിഷ്‌കൃതി എന്നിവ ഇരുപതാം നൂറ്റാണ്ടിലെ ആധുനിക ജീവിതത്തിന്റെ മുഖമുദ്രയാണ്. അതുളവാക്കുന്ന അധഃപതനവും മൂല്യച്യുതിയും കവി വിചാരണ ചെയ്യുന്നു. ബാലമനസ്സിന്റെ ശോണഭാവന വിളര്‍ത്തുപോകുന്ന കാലത്തേക്ക് കവി കാലെടുത്തുവെയ്ക്കുമ്പോള്‍ അസ്വാതന്ത്ര്യവും ദുഃഖവും അനുഭവിക്കുന്ന മനുഷ്യരെയാണ് കണ്ടുമുട്ടുന്നത്. എന്നാല്‍ കവിയെ അമ്പരപ്പിക്കുന്നത് മനുഷ്യന്റെ അഹങ്കാരവും കാപട്യവുമാണ്. അവന്റെ പൊള്ളയായ പരിഷ്‌കൃതി കവിയെ വിഷമവൃത്തത്തിലാക്കുന്നു.
'ശരിയാണെങ്കിലും കണ്ടു
നിന്നേപോയ് ഞാന്‍ സവിസ്മയം
മനുഷ്യഹൃദയംപൂണു
മഹംഭാവപ്പരപ്പിനെ
ചിരിക്കുന്ന മനുഷ്യന്റെ
മറക്കാനുള്ള ശക്തിയെ,
കരയുന്ന മനുഷ്യന്റെ
സഹജീവാനുകമ്പയെ' എന്നിങ്ങനെ വൈരുദ്ധ്യങ്ങളേയും കാപട്യങ്ങളേയും ലളിതമായി അവതരിപ്പിക്കുന്ന കവി മനുഷ്യന്റെ ദിഗ്ജയം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളാണ് തുടര്‍ന്നെഴുതുന്നത്.
'നരനെത്തന്നെ മാടാക്കി
പണിയിപ്പു നരാധമന്‍' എന്നതിലൂടെ നൃശംസതയുടെ ഭാവചിത്രമാണ് അവതരിപ്പിക്കുന്നത്. ഇതോടൊപ്പം യന്ത്രവല്‍ക്കരണത്തിന്റെ പ്രത്യാഘാതങ്ങള്‍ ആധുനികവല്‍ക്കരണത്തിന്റെ ന്യൂനതകളായി പ്രത്യക്ഷപ്പെടുന്നുണ്ട്. പുകതുപ്പുന്ന യന്ത്രങ്ങള്‍ തൊഴില്‍ശാലയില്‍ അസുരന്മാരായി കടന്നുവരുന്നു. അവയുടെ ചോരയീമ്പുന്ന ചക്രപ്പല്ലുകള്‍ തോറും മനുഷ്യതൊഴിലാളികള്‍ സ്വന്തം മാംസപേശികള്‍ കോര്‍ക്കുന്നു. തുടര്‍ന്നുകാണുന്നത് യുവാക്കന്മാരുടേയും ചിത്തസന്നിപാതവി മൂര്‍ച്ഛയുടേയും നാഗരികതയുടെ പുളപ്പിന്റേയും ചിത്രങ്ങളാണ്.
ആഡംബരങ്ങളില്‍ അഭിരമിക്കുന്ന പുതുതലമുറയുടെ അധഃപതനം, പരിഷ്‌കൃതിയുടെ ജീര്‍ണ്ണതകള്‍ പ്രതിഫലിപ്പിക്കുന്ന ബിംബാവലി എന്നിവ ഈ ഘട്ടത്തില്‍ അവതരിപ്പിക്കുന്നു. ബാഹ്യാഡംബരശബളമായ ഈ ചിത്രങ്ങള്‍ക്കിടയില്‍ തെളിഞ്ഞുനില്‍ക്കുന്ന ബീഭത്സചിത്രം ആരുടേയും കണ്ണുതുറപ്പിക്കും:
'നിരത്തില്‍ കാക്ക കൊത്തുന്നു
ചത്ത പെണ്ണിന്റെ കണ്ണുകള്‍
മുലചപ്പിവലിക്കുന്നു
നരവര്‍ഗ്ഗനവാതിഥി.'
യുവസുന്ദരികളുടെ പരിഷ്‌കാരഭ്രമത്തിന്റെ പുളപുളപ്പാണ് അടുത്ത രംഗം. അതിനിടയില്‍ തെളിഞ്ഞുനില്‍ക്കുന്നതും ഒരു ബീഭത്സചിത്രം തന്നെ.
അരിവെപ്പോന്റെ തീയില്‍ച്ചെ
ന്നീയാമ്പാറ്റ പതിക്കയാല്‍
പിറ്റേന്നിടവഴിക്കുണ്ടില്‍
കാണ്‍മൂ ശിശുശവങ്ങളെ.
അതുകണ്ടപ്പോള്‍ കവി ഭാവി പൗരന്മാരോട് കരഞ്ഞുചൊല്ലുന്നത് ഇങ്ങനെ:
'വെളിച്ചം ദുഃഖമാണുണ്ണീ,
തമസ്സല്ലോ സുഖപ്രദം.'
ആധുനിക ജീവിതത്തിന്റെ കുഴപ്പങ്ങളും വൈരുദ്ധ്യങ്ങളും വഷളത്തങ്ങളുമാണ് വ്യഞ്ജിപ്പിക്കപ്പെടുന്നത്. ഈ വൈരുദ്ധ്യങ്ങളില്‍പ്പെട്ട് സ്വര്‍ഗ്ഗതുല്യമായ ഗ്രാമീണത നഷ്ടപ്പെടുന്നു. പകരം കാപട്യങ്ങളുടേയും അധഃപതനത്തിന്റേയും നാഗരികസംസ്‌കാരം അധിനിവേശം ചെയ്യപ്പെടുന്നു.
മൂന്നാം ഭാഗത്തില്‍ (പാതാളം) ആദര്‍ശഭ്രാന്തു പിടിപെട്ട മനുഷ്യചേഷ്ടകളുടെ ചിത്രമാണുള്ളത്. കവിതയില്‍ ആത്മസംഘര്‍ഷത്തിന്റെ തലമാണ് ഈ ഭാഗത്തുമുള്ളത്. പ്രത്യക്ഷമായ ഗ്രാമനഗരസംഘര്‍ഷമല്ലെങ്കിലും ആധുനികതയ്‌ക്കെതിരായ ഒരു പ്രതിരോധമാണ് കവി ഇവിടെ ഉയര്‍ത്തിക്കൊണ്ടുവരുന്നത്,
'ഒരു പേനാക്കത്തിയാലൊ
രിളന്നീര്‍ക്കണ്ണുമാതിരി
പകയാലെന്‍ മനുഷ്യത്വ
ക്കനി ചെത്തിത്തുരന്നു ഞാന്‍,
വഴിയെപ്പാലില്‍ ഞാന്‍ ചേര്‍ത്തി
തല്പം വിദ്വേഷമാം വിഷം
ഒടുവില്‍ പാലും വേണ്ടെന്നും
വെച്ചു ഗൂഢസ്മിതത്തോടേ.'
ക്രൂരതയും കാപട്യവും വിളയാടുന്ന ഈ ഘട്ടത്തിലാണ് വിപ്ലവകാരിയുടെ കണ്ണുതുറക്കുന്നത്. ആത്മസംഘര്‍ഷത്തിലൂടെ അവന്‍ മറ്റൊരു മനുഷ്യനായി മാറുന്നു. അപ്പോള്‍ കാവ്യം നാലാം ഭാഗമായ ഭൂമിയിലേക്കു കടക്കുന്നു. ഈ ഭാഗത്ത് ആധുനിക ചേതനയുടെ കുമ്പസാരവും പശ്ചാത്താപവും പാപനിവൃത്തിക്കുവേണ്ടിയുള്ള വിചാരവുമാണുള്ളത്.
'അറിവില്ലാതെ ഞാന്‍ ചെയ്‌തോ
രപരാധം പൊറുക്കുവിന്‍
ഭൂമിയിന്‍മേല്‍ പാര്‍ക്കുമിരു
ന്നൂറുകോടി മനുഷ്യരേ!' എന്ന് കഥാനായകന്‍ പശ്ചാത്തപിക്കുന്നു.
ഈ പശ്ചാത്തലത്തിലാണ്, ആത്മശുദ്ധീകരണത്തിലേക്കും ജീവിതപ്രേമത്തിലേക്കുമുള്ള അഹിംസയുടേയും ധര്‍മ്മസംഹിതകളുടേയും കവാടം കവി തുറന്നുകാട്ടുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തില്‍ അന്തിമമായി കവി എത്തിനില്‍ക്കുന്നത് ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ പ്രകാശഭൂമിയിലാണ്. ഹിംസയെ ജയിക്കുന്ന അഹിംസയാണ് കവി മുറുകെ പിടിക്കുന്നത്. ഭാരതീയ കമ്യൂണിസമാണ് തന്റെ ആഗ്രഹമെന്ന് ഡോ. എന്‍.പി. വിജയകൃഷ്ണനുമായുള്ള ഒരു അഭിമുഖത്തില്‍ അക്കിത്തം തുറന്നുപറയുന്നുണ്ട്.
കാവ്യത്തിന്റെ ഒടുവിലാണ് അതിന്റെ പ്രാരംഭം സാധൂകരിക്കപ്പെടുന്നത്:
'ഒരു കണ്ണീര്‍ക്കണം മറ്റു
ള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവെ
ഉദിക്കയാണെന്നാത്മാവി
ലായിരം സൗരമണ്ഡലം.
ഒരു പുഞ്ചിരി ഞാന്‍ മറ്റു
ള്ളവര്‍ക്കായ്‌ച്ചെലവാക്കവെ
ഹൃദയത്തിലുലാവുന്നു
നിത്യനിര്‍മ്മലപൗര്‍ണ്ണമി.
അറിഞ്ഞീലിത്രനാളും ഞാ
നിദ്ദിവ്യ പുളകോല്‍ഗ്ഗമം
ആ നഷ്ടമോര്‍ത്തോര്‍ത്തു
കുലുങ്ങിക്കരയുന്നു ഞാന്‍'
മനുഷ്യനില്‍നിന്ന് എപ്പോഴും വഴുതിപ്പോകുന്ന മനുഷ്യത്വത്തെ അവന്റെ മനസ്സില്‍ കുടിയിരുത്താനുള്ള പരിശ്രമമാണ് മേല്‍പ്പറഞ്ഞ വരികളിലുള്ളത്. അപരസ്‌നേഹത്തില്‍നിന്ന് ഉളവാകുന്ന ആത്മഹര്‍ഷത്തെ അനുഭവിക്കാന്‍ നാം തയ്യാറാകുന്നില്ല. അതിനാലാണ് സ്വാര്‍ത്ഥതയുടെ തടവറയില്‍ത്തന്നെ ജീവിതകാലം മുഴുവന്‍ ബന്ധിതരായി നാം ആത്മസംഘര്‍ഷം അനുഭവിക്കുന്നത്. മറ്റുള്ളവര്‍ക്കായി ഒരു പുഞ്ചിരി പൊഴിക്കാന്‍ തയ്യാറാകുമ്പോള്‍ ഹൃദയത്തില്‍ വിടരുന്ന പൗര്‍ണ്ണമിയെക്കുറിച്ച് കവി നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. സ്വാര്‍ത്ഥതയില്‍നിന്നല്ല, അപരസ്‌നേഹത്തില്‍നിന്നാണ് യഥാര്‍ത്ഥ അനുഭൂതി ഉണരുന്നത്. കാരുണ്യവും മനുഷ്യത്വവും പുലരുന്ന ഒരു നവലോകം സൃഷ്ടിക്കാനാണ് കവി ആഗ്രഹിക്കുന്നത്.
അനന്തമായ കാവ്യപ്രപഞ്ചമാണ് അക്കിത്തത്തിന്റേത്.
ഗ്രാമനഗര സംസ്‌കാരങ്ങളെ മുഖാമുഖം നിര്‍ത്തി അവയുടെ പൊതുസ്വഭാവത്തേയും സ്വഭാവാന്തരങ്ങളേയും അനുഭവപരിസരത്തു കൊണ്ടുവരുന്ന നിരവധി കവിതകള്‍ അക്കിത്തം രചിച്ചിട്ടുണ്ട്. ഇത്തരം കവിതകളില്‍ മാനവികതയെ പശ്ചാത്തലമാക്കി ജീവിത പരിതോവസ്ഥകളുടെ പാരസ്പര്യത്തേയും സംഘര്‍ഷത്തേയും പരിശോധിച്ചറിയുന്ന ആഖ്യാനതന്ത്രമാണ്
ദൃശ്യമാകുന്നത്. അത്തരം രചനകളില്‍ ചിലതാണ് 'വാടാത്ത താമരയും കെടാത്ത സൂര്യനും', 'കാട്ടെലികള്‍', 'നഗരത്തിലെ ഗ്രാമീണന്‍', 'ആരുടെ തേങ്ങല്‍', 'കര്‍ക്കിടകപുലരിയില്‍', 'മറുനാടന്‍ മലയാളിയുടെ പാട്ട്', 'വരവും പോക്കും', 'ആര്യന്‍', 'മൂന്നാം ചേരി', 'വീടുവേണമോ', 'കാലഹൃദയം', 'മനോരാജ്യം', 'വിദ്യാരംഭം', 'സീതത്താളി',
'സ്വിച്ചെവിടെ', 'ഏകാകി', 'ഗ്രാമലക്ഷ്മി', 'നിലവാരം' തുടങ്ങിയവ. 'ബലിദര്‍ശനം', 'മഹാബലി', 'മഹാബലിയുടെ ദിവസം', 'സുഹൃത്തിനുള്ള കത്ത്', 'ആണ്ടമുളപൊട്ടല്‍', 'ഓണം കഴിഞ്ഞപ്പോള്‍', 'തെരുവിലെ മാവേലി', 'ഓണപ്പുതുമ', 'ചിരഞ്ജീവി', 'ഒരോണപ്പാട്ട്', 'മാതൃസന്നിധിയില്‍', 'ഓണം വന്നപ്പോള്‍', 'നവനീതം', 'ഇടിഞ്ഞുപൊളിഞ്ഞ ലോകം', 'അത്തച്ചമയം' തുടങ്ങിയവ.
നഗരം പൂതനയാണ്, അവളുടെ മാറില്‍നിന്ന് 'നഞ്ഞമ്മിഞ്ഞയുണ്ടുറങ്ങിക്കിടക്കുമ്പോള്‍ തന്റെ മനസ്സിലെ നീലനീലമാം നിറതിങ്കള്‍ ചന്ദ്രിക പൊഴിക്കുന്നു' എന്ന് കരുതുന്ന 'നഗരത്തിലെ ഗ്രാമീണ'നില്‍ നാഗരിക ജീവിതത്തിന്റെ പാരുഷ്യങ്ങള്‍ ആവിഷ്‌കരിക്കുമ്പോഴും പ്രതീക്ഷയുടെ നിറതിങ്കള്‍ മനസ്സിലുണ്ട്... 'ഞാനൊരു പട്ടണവാസക്കാരന്‍, കുപ്പായക്കാരന്‍, കാണ്‍മതു പക്ഷേ, കാണ്‍മതിലെല്ലാം, നാരായണരൂപം' എന്ന് നിരീക്ഷിക്കുമ്പോള്‍ പട്ടണസംസ്‌കൃതിയില്‍ കൈമോശംവരാതെ കാത്തുസൂക്ഷിക്കുന്ന ആത്മീയസംതൃപ്തിയും ശുഭാപ്തിവിശ്വാസവും കവിക്കുണ്ട്.
അക്കിത്തം കവിതയില്‍ വിപരീത ഭാവകല്പനകളില്‍നിന്ന് ആത്മസംഘര്‍ഷം വിടര്‍ന്നുവരുന്നത് അതിസ്വാഭാവികതയോടെയാണ്.
ഒരു ഭാഗത്ത് ഗ്രാമീണ നിഷ്‌കളങ്കതയുടെ സത്യവും സൗന്ദര്യവും. മറുഭാഗത്ത് പരിഷ്‌കൃതരെന്ന് അഭിമാനിക്കുന്നവരുടെ, അഥവാ ആത്മാഭിമാനികളുടെ കാപട്യവും ദുഷ്‌കര്‍മ്മങ്ങളും. നാഗരിക ജീവിതത്തേയും ഗ്രാമീണജീവിതത്തേയും ഏകീകരിക്കാന്‍ മാനവികതയുടെ മാര്‍ഗ്ഗമാണ് അക്കിത്തം തേടുന്നത്. ഹിംസാത്മകമായ ലോകം തന്നിലുണര്‍ത്തുന്ന വിക്ഷോഭത്തെ പ്രകടനമാക്കി മാറ്റാന്‍ കവി ആഗ്രഹിക്കുന്നില്ല. രോഷവും സംഘര്‍ഷവും ഗൂഢാനുഭവമാക്കിവെച്ച് കാരുണ്യത്തെ പ്രോജ്ജ്വലിപ്പിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. കണ്ണീരില്‍നിന്ന് ചിരിയും പകയില്‍നിന്ന് സ്‌നേഹവും വിടര്‍ത്തുകയാണ് കവിയുടെ ലക്ഷ്യം.
ഈ റിപ്പോര്‍ട്ട് വായിക്കാം:

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com