കഠിന ത്യാഗത്തിന്റെ ഉലയിലൂതി പഴുപ്പിച്ചെടുത്ത ജീവിതം 

നാട്ടിലാകുമ്പോള്‍ നടക്കാതെ പോയൊരു അഭിമുഖമായിരുന്നു അത്. ഏറെ കൊതിച്ചിരുന്നു, കേട്ടറിഞ്ഞ അവരുടെ കഥകള്‍ക്കു കാതോര്‍ത്തിരിക്കാന്‍. വീഡിയോ കോളിലൂടെ ഞങ്ങള്‍ക്കിടയിലെ സംഭാഷണം പല ദിവസങ്ങളും തുടര്‍ന്നു
കഠിന ത്യാഗത്തിന്റെ ഉലയിലൂതി പഴുപ്പിച്ചെടുത്ത ജീവിതം 

സ്ട്രേലിയയിലെ പെര്‍ത്ത് നഗരത്തില്‍ മകള്‍ ഡോ. നിഷ്ഹത്തിന്റെ ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയിലിരുന്നാല്‍ സ്വച്ഛസ്ഫുടമായൊഴുകുന്ന സ്വാണ്‍ നദിയിലൂടെ നതോന്നത പാടി നീങ്ങുന്ന വെളുത്ത അരയന്നങ്ങളുടെ ജലകേളി കണ്ടിരിക്കാം. തൂവലൊതുക്കി വാത്സല്യത്തോടെ കൊക്കുരുമ്മുന്ന വര്‍ണ്ണമരാളങ്ങളേയും നോക്കിയിരുന്നൊരു പസിഫിക് പുലരിയിലാണ് നിഷ്ഹത്തിന്റെ മമ്മി, ഞങ്ങളും സ്‌നേഹപൂര്‍വ്വം മമ്മിയെന്നു വിളിക്കുന്ന പദ്മാവതി ഇസ്ഹാഖ്, വീഡിയോ കോളില്‍ വന്നതും ഓര്‍മ്മകളുടെ ഏട് തുറന്നതും. നാട്ടിലാകുമ്പോള്‍ നടക്കാതെ പോയൊരു അഭിമുഖമായിരുന്നു അത്. ഏറെ കൊതിച്ചിരുന്നു, കേട്ടറിഞ്ഞ അവരുടെ കഥകള്‍ക്കു കാതോര്‍ത്തിരിക്കാന്‍. വീഡിയോ കോളിലൂടെ ഞങ്ങള്‍ക്കിടയിലെ സംഭാഷണം പല ദിവസങ്ങളും തുടര്‍ന്നു. 93-ാം വയസ്സിലേക്കടുക്കുന്ന മമ്മിയുടെ ഓര്‍മ്മകള്‍ ഇന്നും തീക്ഷ്ണം. അനുഭവങ്ങളുടെ ഭ്രമണപഥത്തില്‍ അപശ്രുതികളേതുമില്ല. അനുസ്യൂതത്വത്തിന് ഒട്ടുമേ ഭ്രംശമില്ല. വര്‍ഷങ്ങളായി അവര്‍ ഓസ്ട്രേലിയയിലാണ്. കൃഷിപ്പച്ചയുടെ കുളിര് ചൂടിയ തന്റെ വള്ളുവനാടിനെക്കുറിച്ചും ചരിത്രത്തിന്റെ മിടിപ്പുകള്‍ കേട്ട് വളര്‍ന്ന ചേതോഹരമായൊരു കാലത്തെക്കുറിച്ചും അവര്‍ക്ക് ഏറെ പറയാനുണ്ടായിരുന്നു. കാലത്തിന്റെ ജാലകച്ചുവട്ടിലിരുന്ന് ഓരോ സംഭവവും അവര്‍ അടുക്കടുക്കായി അണിനിരത്തി. സ്വാതന്ത്ര്യപൂര്‍വ്വ ഇന്ത്യയില്‍നിന്നു തുടങ്ങുന്നു ആ ചരിത്രം. മലബാറിന്റെ മനസ്സില്‍ കമ്യൂണിസത്തിന്റെ വിത്ത് പാകിയ ഗതകാലം തൊട്ടേയുള്ള സംഭവകഥനം. 

ചരിത്രം ഒരു വിപ്ലവചത്വരം വരച്ചിട്ട പ്രദേശമാണ് കിഴക്ക് ഒറ്റപ്പാലത്തിന്റേയും വടക്ക് ഷൊര്‍ണൂരിന്റേയും വാരിയെല്ലുപോലെ കിടക്കുന്ന ചളവറ ദേശം. 

കിനാവിലും ജീവിതത്തിലും ചുവപ്പു പടര്‍ന്ന ദേശമാകയാല്‍ മോസ്‌കോ എന്നാണ് ഈ ഗ്രാമം അറിയപ്പെട്ടിരുന്നത്. അവിടെനിന്നാണ് കൗമാരം കടക്കും മുന്‍പേ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുമായി അടുക്കുകയും വിദ്യാര്‍ത്ഥി ഫെഡറേഷനിലൂടെ പാര്‍ട്ടിയിലെത്തുകയും ചെയ്ത പദ്മാവതിയുടെ സാഹസിക ജീവിതത്തിന്റെ തുടക്കം. 

ഏറെക്കുറെ പാര്‍ട്ടിയുടെ ഫുള്‍ടൈം പ്രവര്‍ത്തകയായി മാറിയ പദ്മാവതിയുടെ ജീവിതം കഠിനത്യാഗത്തിന്റെ ഉലയിലൂതി പഴുപ്പിച്ചെടുത്തതാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആധികാരിക ചരിത്രരേഖകളിലൊന്നും പക്ഷേ, പദ്മാവതിയുടെ കഥ അത്രയൊന്നും ആഴത്തില്‍ അടയാളപ്പെടുത്തിക്കണ്ടിട്ടില്ല. ഓര്‍ക്കുക, അവര്‍ സ്വയമൊരു ചരിത്രപണ്ഡിതയും അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍നിന്നുള്ള ചരിത്രത്തിലെ മാസ്റ്റര്‍ ബിരുദധാരിയുമാണ്. പട്ടാമ്പി ഗവണ്‍മെന്റ് കോളേജ് അദ്ധ്യാപികയുമായി സേവനമനുഷ്ഠിച്ചു. 'മധ്യകാല ഇന്ത്യാചരിത്രം'എന്ന പേരില്‍ പദ്മാവതി ഇസ്ഹാഖ് എഴുതിയ പുസ്തകം ഏറെക്കാലം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പാഠപുസ്തകവുമായിരുന്നു. എന്നിട്ടും ചരിത്രത്തില്‍ ഇടം നേടാതെ പോയ നിര്‍ഭാഗ്യവതിയാണ്, ഇപ്പോള്‍ ഭൂഖണ്ഡത്തിന്റെ അങ്ങേയറ്റത്തിരുന്ന്, വിപ്ലവ സ്വപ്നങ്ങളുടെ ഭൂതകാല സ്മൃതികളിലേക്ക് വിഷാദപൂര്‍വ്വം തിരിഞ്ഞുനോക്കുന്നത്.

ഇട്ട്യാംപറമ്പത്ത് മനയിലെ ബാലസംഘം 

1930 ഫെബ്രുവരി 15-ന് ചളവറ പുലിയാനാംകുന്നിലെ ഇടത്തരം കര്‍ഷക കുടുംബത്തിലാണ് പദ്മാവതിയുടെ ജനനം. രണ്ടു ചേച്ചിമാരും ഒരു അനിയനും. പ്രൈമറി സ്‌കൂളിലേക്ക് പോയിരുന്നത് അമ്മാവന്റെ മകന്‍ എ.പി. രാവുണ്ണിയോടൊപ്പം. ഈ രാവുണ്ണി പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുംബൈ ഘടകത്തിലെ പ്രമുഖ പ്രവര്‍ത്തകനായി മാറുന്നുണ്ട്. പദ്മാവതിയുടെ അച്ഛനു രാഷ്ട്രീയ കാര്യങ്ങളില്‍ അത്ര താല്പര്യമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍, രാവുണ്ണിയേട്ടന്റെ താല്പര്യത്തിലാണ് താനും പ്രിയദത്തയും മറ്റും ഇട്ട്യാംപറമ്പത്ത് മനയിലെ ബാലസംഘം യോഗങ്ങളില്‍ പങ്കെടുത്തതെന്ന് പദ്മാവതി പറയുന്നു.
 
അണയാത്ത അഗ്‌നിജ്വാലയായി വള്ളുവനാടന്‍ പാര്‍ട്ടി ചരിത്രത്തെ അരുണാഭമാക്കിയ ഐ.സി.പി നമ്പൂതിരിയും സഖാക്കളുമാണ് ചളവറ ഗ്രാമത്തെ 'വള്ളുവനാടിന്റെ മോസ്‌കോ' ആക്കിയത്. ഐ.സി.പിയുടെ അനിയത്തിയാണ് പ്രിയദത്ത. സാമൂഹിക വിപ്ലവത്തിന്റെ ഇടിനാദമുയര്‍ത്തിയ വി.ടി. ഭട്ടതിരിപ്പാടിന്റെ യോഗക്ഷേമസഭയുടെ പ്രവര്‍ത്തനത്തില്‍നിന്നു തുടങ്ങി ഇ.എം.എസിന്റേയും ഇ.പി. ഗോപാലന്റേയും പി.വി. കുഞ്ഞുണ്ണിനായരുടേയും മറ്റും സമശീര്‍ഷനായി തെക്കെ മലബാറിലാകെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സന്ദേശമെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഐ.സി.പിയുടെ ഇട്ട്യാംപറമ്പത്ത് ഇല്ലത്തെ പത്തായപ്പുരയില്‍ വിളിച്ചുചേര്‍ത്ത കുട്ടികളുടെ കൂട്ടായ്മയിലെ പ്രധാന പ്രവര്‍ത്തകയായിരുന്നു അന്ന് ചെര്‍പ്പുളശ്ശേരി ഹയര്‍ എലിമെന്ററി സ്‌കൂളിലെ എട്ടാംക്ലാസ്സ് വിദ്യാര്‍ത്ഥിനിയായിരുന്ന പദ്മാവതി. തുടര്‍ന്ന് അവിടെ പല തവണ നടന്ന യോഗങ്ങളില്‍ പാലക്കാട്ടു നിന്നും തൃശൂരില്‍നിന്നുമുള്ള പല നേതാക്കളും വന്നു ക്ലാസ്സെടുത്തിരുന്നു. ആദ്യമായി ലെനിനേയും സ്റ്റാലിനേയും കേട്ട് തുടങ്ങിയ നാളുകള്‍. ചളവറയിലെ പാടവും തോടും കടന്ന് എന്നും നാലര നാഴിക നടന്നാണ് ചെര്‍പ്പുളശ്ശേരി സ്‌കൂളിലേക്ക് പോയിരുന്നതും തിരികെ വന്നിരുന്നതും. വര്‍ഷകാലമായാല്‍ വെള്ളം കയറും. ഏറെ പണിപ്പെട്ടാണ് ചെമ്പരത്തിമാട് കുന്ന് കയറി സ്‌കൂളിലേക്ക് പോയിരുന്നത്. നനഞ്ഞുകുതിര്‍ന്ന് രണ്ട് രണ്ടര മണിക്കൂറിനു ശേഷം ക്ലാസ്സിലെത്തുമ്പോള്‍ നേരം വൈകിയതിനു വഴക്കുപറഞ്ഞ് പുറത്ത് നിര്‍ത്തിയിരുന്ന മന്നാടിയാര്‍ മാഷ് ഇന്നുമൊരു പേടിപ്പെടുത്തുന്ന ഓര്‍മ്മ. 

ഇട്ട്യാംപറമ്പത്ത് ചെറിയ പരമേശ്വരന്‍ നമ്പൂതിരിയെന്ന ഐ.സി.പി, അക്കാലത്ത് വിധവാ വിവാഹം നിഷിദ്ധമാക്കിയ നമ്പൂതിരി സമുദായത്തിലെ അനാചാരത്തിനെതിരെ പട പൊരുതിയത് വൈധവ്യമനുഭവിക്കുകയായിരുന്ന തന്റെ സഹോദരിയെ കവിയും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്ന എം.ആര്‍.ബിയെക്കൊണ്ട് വിവാഹം കഴിപ്പിച്ചു കൊടുത്ത് കൊണ്ടായിരുന്നു. ഇത് നമ്പൂതിരി സമുദായത്തില്‍ സൃഷ്ടിച്ചത് വലിയ കൊടുങ്കാറ്റായിരുന്നു. മറ്റൊരു സഹോദരിയായ പ്രിയദത്തയെ കോഴിക്കോട്ടെ കമ്യൂണിസ്റ്റ് നേതാവും അന്യജാതിക്കാരനുമായ കല്ലാട്ട് കൃഷ്ണനാണ് കല്യാണം കഴിച്ചത്. വി.ടി., എം.ആര്‍.ബി., പ്രേംജി, ഐ.എസ്. നമ്പൂതിരി തുടങ്ങിയവരുടെ പ്രേരണയില്‍ ഐ.സി.പി. കൊളുത്തിയ ഈ അഗ്‌നിനാളമാണ് പില്‍ക്കാലത്ത് ഒറ്റപ്പാലം താലൂക്കിലാകെ അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരായ അഗ്‌നിജ്വാലയായി ആഞ്ഞുവീശിയത്. ഐ.സി.പിയുടെ അനിയത്തി പ്രിയദത്തയായിരുന്നു പദ്മാവതിയുടെ ആദ്യ കാലത്തെ ബാലസംഘം സഖാവും ഏറ്റവുമടുത്ത കൂട്ടുകാരിയും. ബാലസംഘം യോഗങ്ങളില്‍ പങ്കെടുക്കുന്നതിലും പിന്നീട് എസ്.എഫ്. പ്രവര്‍ത്തനത്തില്‍ സജീവമാകുന്നതിനും വീട്ടില്‍ വലിയ പ്രോത്സാഹനമൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍, അമ്മാവന്റെ മകന്‍ രാവുണ്ണിയാണ് ലോകസംഭവങ്ങള്‍ നിരീക്ഷിക്കുന്നതിനും സ്വന്തമായ അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്നതിനും പദ്മാവതിയെ നിര്‍ബ്ബന്ധിച്ചത്. മറ്റൊരര്‍ത്ഥത്തില്‍ തന്നെ ഉറച്ച ഒരു കമ്യൂണിസ്റ്റുകാരിയായി മാറ്റിയെടുക്കാനുള്ള നിലമൊരുക്കുകയായിരുന്നു രാവുണ്ണിയേട്ടനെന്ന് തനിക്ക് അന്നേ അറിയാമായിരുന്നുവെന്ന് പദ്മാവതി പറയുന്നു. 

പ്രിയദത്ത കല്ലാട്ട്
പ്രിയദത്ത കല്ലാട്ട്

എസ്.എഫ് സമ്മേളനത്തിന് തലശ്ശേരിയിലേക്ക് 

ചെര്‍പ്പുളശ്ശേരി ഹൈസ്‌കൂളില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയായ മലബാര്‍ വിദ്യാര്‍ത്ഥി ഫെഡറേഷനല്ലാതെ മറ്റു വിദ്യാര്‍ത്ഥി സംഘടനകളൊന്നുമില്ല. വിദ്യാഭ്യാസ ഡയറക്ടറായി റിട്ടയര്‍ ചെയ്ത പി. ചിത്രന്‍ നമ്പൂതിരിപ്പാട്, പെരിന്തല്‍മണ്ണയിലെ അഡ്വ. സി. കോയ, കൊങ്ങശ്ശേരി കൃഷ്ണന്‍ തുടങ്ങിയവരൊക്കെ അന്നു വിദ്യാര്‍ത്ഥി ഫെഡറേഷന്റെ പ്രചാരണാര്‍ത്ഥം ചെര്‍പ്പുളശ്ശേരിയില്‍ വന്നു പ്രസംഗിച്ചതോര്‍ക്കുന്നു. പെണ്‍കുട്ടികള്‍ സംഘടനയില്‍ താരതമ്യേന കുറവായിരുന്നുവെങ്കിലും പദ്മാവതിയുടേയും പ്രിയദത്തയുടേയും ശ്രമഫലമായി കുറച്ചൊക്കെ വിദ്യാര്‍ത്ഥികളെ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കാനായി. കൗമാരത്തിന്റെ ആവേശത്തില്‍ സ്പോര്‍ട്സിലും നൃത്തം, സംഗീതം എന്നിവയിലുമുണ്ടായിരുന്ന അതിയായ താല്പര്യം പത്താം ക്ലാസ്സിലെത്തിയതോടെ രാഷ്ട്രീയത്തിലേക്കു തിരിയുകയായിരുന്നു. തലശ്ശേരിയില്‍ വിദ്യാര്‍ത്ഥി ഫെഡറേഷന്റെ സമ്മേളനം നടക്കുന്ന വിവരമറിഞ്ഞ് രാവുണ്ണിയേട്ടന്‍, തന്നേയും പ്രിയദത്തയേയും അങ്ങോട്ടു കൊണ്ടുപോയി. ആദ്യത്തെ ബസ് യാത്രയായിരുന്നു അത്. 

കാമുകനെ കണ്ടെത്തിയത് കാളപൂട്ട് കണ്ടത്തില്‍  

ചളവറ, വല്ലപ്പുഴ, പട്ടാമ്പി ഭാഗങ്ങളിലൊക്കെ കൃഷിക്കാരുടേയും മറ്റു മുഴുവന്‍ നാട്ടുകാരുടേയും വലിയൊരു ജനപ്രിയ വിനോദമായിരുന്നു അക്കാലത്ത് കാളപൂട്ട് മത്സരങ്ങള്‍. നല്ല ഒന്നാംതരം കാളകളും പോത്തുകളും ചെളിനിറഞ്ഞ കാളപൂട്ട് കണ്ടത്തില്‍ മത്സരിക്കാനെത്തും. ആളുകളുടെ ആരവമുയരും. അതിനനുസരിച്ചുള്ള കന്നുകാലികളുടെ ഓട്ടപ്പന്തയം. വലിയ തുക വാതുവെച്ച് നടത്തുന്ന ഈ മത്സരം ഇന്നും ഈ ഭാഗങ്ങളില്‍ സജീവമായി നടക്കുന്നുണ്ട്. 1948-'49 കാലത്താണ് ചളവറയിലെ കാളപൂട്ട് മത്സരത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ കമ്യൂണിസത്തെക്കുറിച്ച് മനോഹരമായി സംസാരിക്കുന്ന ചെറുപ്പക്കാരനെ നാട്ടുകാര്‍ ശ്രദ്ധിക്കുന്നത്. കാളപൂട്ട് കളത്തിലെ രസകരമായ പ്രസംഗം കേട്ട് ജനങ്ങളാകെ കയ്യടിച്ചു. ഐ.സി.പി. നമ്പൂതിരിയാണ് അപരിചിതനായ ആ ചെറുപ്പക്കാരനെ പരിചയപ്പെടുത്തിയത്: ഇതാണ് ആനക്കയം മുഹമ്മദ് ഇസ്ഹാഖ്. ഏറനാട്ടില്‍ നമ്മുടെ പാര്‍ട്ടിയുടെ യുവജന നേതാവ്. എല്ലാവരും ആദരവോടെയാണ് ഇസ്ഹാഖിനെ വരവേറ്റത്. നര്‍മ്മം കലര്‍ത്തിയുള്ള പ്രസംഗത്തില്‍ വിപ്ലവത്തെക്കുറിച്ചും റഷ്യയെക്കുറിച്ചുമൊക്കെ പ്രസംഗിച്ച ശേഷമാണ് ജന്മിമാര്‍ പാട്ടക്കുടിയാന്മാരെ ഉപദ്രവിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ അദ്ദേഹം ലളിതമായി വിവരിച്ചത്. ആ പ്രസംഗത്തിന്റെ അലയൊലിക്കിടയിലാണ് കാളപൂട്ട് മത്സരത്തിനു തുടക്കമായത്. (ഈ ചെറുപ്പക്കാരനെ ശ്രദ്ധിച്ചപ്പോള്‍ തലേവര്‍ഷം തലശ്ശേരിയിലെ വിദ്യാര്‍ത്ഥി ഫെഡറേഷന്‍ സമ്മേളനത്തിലും ഇദ്ദേഹത്തെ കണ്ടിരുന്നുവല്ലോ എന്ന് കാളപൂട്ട് കാണാനെത്തിയ നാലഞ്ച് പെണ്‍കുട്ടികള്‍ക്കിടയില്‍നിന്ന് പ്രിയദത്ത, പദ്മാവതിയെ ഓര്‍മ്മിപ്പിച്ചു. അപ്പോഴാണ് വിദ്യാര്‍ത്ഥിസമ്മേളന പ്രതിനിധികളുടെ ക്ഷേമമന്വേഷിച്ച് ഓടിനടന്നിരുന്ന യുവാവാണ് ഇദ്ദേഹമെന്ന് പദ്മാവതിക്കും മനസ്സിലായത്. അതോടെ അദ്ദേഹത്തോടുള്ള അജ്ഞാതമായൊരു താല്പര്യം ഉള്ളിലങ്കുരിച്ചു. സുമുഖനായ ഇദ്ദേഹം സിനിമാനടനെപ്പോലിരിക്കുന്നുവെന്നായിരുന്നു പ്രിയദത്തയുടെ കമന്റ്.)

ഇസ്ഹാഖ്: ഏറനാടന്‍ രാഷ്ട്രീയത്തിലെ തീക്കനല്‍ 

മഞ്ചേരിക്കടുത്ത ആനക്കയത്തെ അതിപ്രശസ്തവും അതിസമ്പന്നവുമായ കൂരിമണ്ണില്‍ വലിയമണ്ണില്‍ തറവാട്ടില്‍ ജനിച്ചിട്ടും ഫ്യൂഡല്‍ അവശിഷ്ടങ്ങള്‍ കുടഞ്ഞെറിഞ്ഞ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായ ധീരനാണ് മുഹമ്മദ് ഇസ്ഹാഖ്. പാര്‍ട്ടി നിരോധിക്കപ്പെട്ട കാലത്ത് ഒളിവിലും തെളിവിലും പ്രവര്‍ത്തിക്കുമ്പോഴും മാപ്പിളശൈലിയിലുള്ള നാടന്‍ പ്രസംഗങ്ങളിലൂടെ ഏറനാടിന്റേയും വള്ളുവനാടിന്റേയും ഹൃദയം കവര്‍ന്ന ഇസ്ഹാഖ്, പാര്‍ട്ടിയില്‍ ഇ.എം.എസ്., ഇ.പി. ഗോപാലന്‍ തുടങ്ങിയവരുടെ സമകാലികനായിരുന്നു. ഇടത് പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനാകും മുന്‍പ് ഉപരിപഠനത്തിന് ഡല്‍ഹി ജാമിഅ മില്ലിയ യൂണിവേഴ്സിറ്റിയില്‍ പോയ കാലത്താണ് ഡല്‍ഹി യൂണിറ്റ് എ.ഐ.എസ്.എഫ് സെക്രട്ടറിയാകുന്നത്. വിദ്യാര്‍ത്ഥി രാഷ്ട്രീയം തലയ്ക്കു പിടിച്ചു. ഒരു സൈക്കിളില്‍ സഞ്ചരിച്ച് ഡല്‍ഹിയിലും ചുറ്റുവട്ടത്തുമുള്ള കലാലയങ്ങളില്‍ എ.ഐ.എസ്.എഫിന്റെ സന്ദേശമെത്തിച്ചു. ശബ്നാ ആസ്മിയുടെ പിതാവും പ്രസിദ്ധ വിപ്ലവകവിയുമായ കൈഫി ആസ്മി, മാര്‍ക്‌സിസ്റ്റ് ആശയക്കാരും ഉര്‍ദു കവികളുമായിരുന്ന സജ്ജാദ് സഹീര്‍, മഖ്ദൂം മൊഹിയുദ്ദീന്‍ തുടങ്ങിയ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്തെ മുസ്ലിം നേതാക്കളുമായി അടുക്കുകയും മുസ്ലിം ജനവിഭാഗത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് കൊണ്ടുവരികയും ചെയ്യുകയെന്നത് ഒരു കടമയായി ഏറ്റെടുത്താണ് പില്‍ക്കാലത്ത് ഇസ്ഹാഖ്, ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയതലത്തില്‍ അറിയപ്പെട്ടത്. സി.പി.ഐ ദേശീയ നിര്‍വ്വാഹക സമിതി അംഗമായിരുന്ന എം. ഫാറൂഖി ഇക്കാര്യത്തെക്കുറിച്ച് പാര്‍ട്ടി ദേശീയ മുഖപത്രമായ ന്യൂ ഏജിന്റെ പ്രത്യേക പതിപ്പിലെഴുതിയപ്പോള്‍ ഇസ്ഹാഖിന്റെ പാര്‍ട്ടിക്കൂറിനെ പരാമര്‍ശിച്ചിരുന്നു. 

ഡല്‍ഹിയില്‍നിന്നു തിരിച്ചെത്തി ഫുള്‍ടൈം കമ്യൂണിസ്റ്റായി മാറിയ ഇക്കാലത്താണ് വള്ളുവനാടിന്റെ പല ഭാഗങ്ങളിലൂടെയുമുള്ള പാര്‍ട്ടി പ്രവര്‍ത്തന യാത്രയ്ക്കിടെ അദ്ദേഹം ചളവറയിലുമെത്തുന്നത്.

ആയിടയ്ക്ക് ഇസ്ഹാഖിന്റെ സഹോദരന്‍ കെ.വി.എം. ചേക്കുട്ടി ഹാജി മഞ്ചേരി ദ്വയാംഗ മണ്ഡലത്തില്‍നിന്നു നിയമസഭയിലേക്ക് കമ്യൂണിസ്റ്റ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. എതിര്‍ സ്ഥാനാര്‍ത്ഥി പി.പി. ഉമ്മര്‍കോയ. ഉമ്മര്‍കോയയാണ് ജയിച്ചതെങ്കിലും (പിന്നീട് ഉമ്മര്‍കോയ വിദ്യാഭ്യാസമന്ത്രിയായി) ചേക്കുട്ടി ഹാജിക്ക് 40 ശതമാനത്തോളം വോട്ട് കിട്ടി- ഇസ്ഹാഖിനായിരുന്നു പ്രചാരണത്തിന്റെ മുഖ്യ ചുമതല. മുസ്ലിം പോക്കറ്റില്‍ ഇത്രയും വോട്ടുകള്‍ നേടാനായത് പുതിയൊരു ചരിത്രമായിരുന്നു. ഇസ്ഹാഖിന്റേയും ചേക്കുട്ടി ഹാജിയുടേയും ബാപ്പ കെ.വി. മുഹമ്മദ് ഹാജി മുസ്ലിം ലീഗുകാരനായിരുന്നു. ആന ചിഹ്നത്തില്‍ കമ്യൂണിസ്റ്റ് സ്വതന്ത്രനായി മത്സരിച്ച ചേക്കുട്ടി ഹാജിക്കെതിരെ അന്ന് ലീഗുകാര്‍ വിളിച്ച മുദ്രാവാക്യം പഴയ തലമുറയിലുള്ളവര്‍ ഇന്നുമോര്‍ക്കുന്നു: ആനക്കാരന്‍ ചേക്കുട്ടീ, ബാപ്പ പറഞ്ഞത് കേട്ടോ, നീ...

വള്ളുവനാട് പാര്‍ട്ടി സെക്രട്ടറി ഇ.എം.എസ്., ഏറനാട് പാര്‍ട്ടി സെക്രട്ടറി ഇസ്ഹാഖ്. മലപ്പുറത്തെ സാധു പി. അഹമ്മദ് കുട്ടി, നിലമ്പൂര്‍ എം.എല്‍.എയായിരിക്കെ വെടിയേറ്റു മരിച്ച കെ. കുഞ്ഞാലി, പരപ്പനങ്ങാടിയിലെ കെ. കോയക്കുഞ്ഞിനഹ എന്നിവരൊക്കെയായിരുന്നു ഇസ്ഹാഖിന്റെ ഏറനാടന്‍ സഖാക്കള്‍. കല്‍ക്കത്താ തീസിസ് പ്രശ്‌നവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിരോധിക്കപ്പെട്ടപ്പോള്‍ പലരേയും പോലെ ഇസ്ഹാഖിനും ഒളിവില്‍ പോകേണ്ടിവന്നു. ഒളിവില്‍ കഴിയുമ്പോള്‍ത്തന്നെ നിലമ്പൂരില്‍ നിന്നെത്തിയ ആദിവാസിയെന്നു പറഞ്ഞു പ്രച്ഛന്നവേഷധാരിയായി മഞ്ചേരി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രസംഗിച്ചത് പഴയ തലമുറയില്‍ കോരിത്തരിപ്പുണ്ടാക്കി. പൊലീസുകാരെത്തുമ്പോഴേക്കും കണ്ണുവെട്ടിച്ച് വീണ്ടും ഒളിവ് ജീവിതത്തിലേക്ക്. 

പാര്‍ട്ടി നിരോധനം നീക്കിയ ശേഷം ജാമിഅ മില്ലിയ്യയില്‍ റജിസ്ട്രാറായിരുന്ന മുന്‍ രാഷ്ട്രപതി ഡോ. സാക്കിര്‍ ഹുസൈന്റെ സെക്രട്ടറിയായും ഇസ്ഹാഖ് പ്രവര്‍ത്തിച്ചു. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍നിന്ന് ക്രമേണ പൂര്‍ണ്ണമായും പിന്മാറിയ അദ്ദേഹം പിന്നീട് മലപ്പുറം സഹകരണ മില്ലിന്റെ ചുമതലക്കാരനായി വന്നത് അന്നു വ്യവസായമന്ത്രിയായിരുന്ന ടി.വി. തോമസിന്റെ പ്രത്യേക താല്പര്യം കാരണമായിരുന്നു. ടി.വി - ഇസ്ഹാഖ് സൗഹൃദം അത്രയും ദൃഢമായിരുന്നു. 

എന്റെ കുടുംബത്തിലെ മൂന്നു തലമുറയുമായി (എന്റെ മാതൃപിതാവ്, പിതാവ്, പിന്നെ ഞാന്‍) സ്‌നേഹബന്ധമുണ്ടായിരുന്നു ഇസ്ഹാഖ് സാഹിബിന്. ഒറ്റപ്പാലത്തെ എന്റെ പത്രപ്രവര്‍ത്തനകാലത്ത്, ഷൊര്‍ണൂര്‍ കൊളപ്പുള്ളിയിലെ അദ്ദേഹത്തിന്റെ വീടായ നിഷ്ഹത്ത് വില്ലയിലിരുന്നു നിരവധി രാത്രികളില്‍ സമരതീക്ഷ്ണമായ മലബാര്‍ ചരിത്രത്തിന്റെ കഥകള്‍ക്ക് ഞാന്‍ ആവേശപൂര്‍വ്വം കാതോര്‍ത്തിരുന്നതോര്‍ക്കുന്നു. സി.പി.ഐ ഒന്‍പതാം പാര്‍ട്ടി കോണ്‍ഗ്രസ്സ് സോവനീറില്‍ മലബാര്‍ കലാപത്തെക്കുറിച്ച് ആധികാരികമായ ഇംഗ്ലീഷ് ലേഖനമെഴുതിയിരുന്നു അദ്ദേഹം.

ഇസ്ഹാഖ്- പദ്മാവതി ദമ്പതിമാർ
ഇസ്ഹാഖ്- പദ്മാവതി ദമ്പതിമാർ

വിവാഹാഭ്യര്‍ത്ഥനയുമായി ഇസ്ഹാഖ് 

മലബാറിലെ പാര്‍ട്ടി നേതാക്കള്‍ മാത്രമല്ല, തിരുവിതാംകൂറില്‍നിന്നുള്ള സഖാക്കളും അക്കാലത്ത് ചളവറ ഭാഗത്തെ വീടുകളില്‍ ഒളിവില്‍ പാര്‍ത്തിരുന്നതായി പദ്മാവതി ഓര്‍ക്കുന്നു. 'വയലാര്‍ സ്റ്റാലിന്‍' എന്നു പില്‍ക്കാലത്ത് അറിയപ്പെട്ട സി.കെ. കുമാരപ്പണിക്കര്‍ (സി.കെ. ചന്ദ്രപ്പന്റെ പിതാവ്) ഉള്‍പ്പെടെയുള്ള നേതാക്കളും ചളവറയില്‍ ഒളിവ് ജീവിതം നയിച്ചിരുന്നു. ഷെല്‍ട്ടറുകളെക്കുറിച്ചുള്ള രഹസ്യവിവരം അറിയുമായിരുന്ന എ.പി. രാവുണ്ണി, അന്നു കുട്ടികളായിരുന്ന പദ്മാവതി, സഹോദരി ജാനകി, പ്രിയദത്ത എന്നിവര്‍ വശമാണ് ഒളിവിലുള്ള നേതാക്കള്‍ക്കുള്ള കത്തുകളും പത്രങ്ങളും മറ്റും എത്തിച്ചുകൊടുത്തിരുന്നത്. ഇക്കാലത്ത് വിജനമായ ഒരു സ്ഥലത്ത് കൂടെ നടന്നുപോകുമ്പോള്‍ ഇസ്ഹാഖിന് പാമ്പ് കടിയേറ്റതും സഖാക്കളാകെ ഭയന്നുപോയതുമായ സംഭവമുണ്ടായി. കടിയേറ്റ മുറിവായില്‍ തീപ്പെട്ടിയുരച്ച് കത്തിക്കുകയായിരുന്നു ചികിത്സ. വിഷഹാരിയുടെ അടുത്തേക്കൊന്നും പൊലീസ് അന്വേഷിക്കുന്ന ഒരു സഖാവിനേയും കൊണ്ടുപാകാനാവാത്ത അവസ്ഥ. ഏതായാലും വിഷബാധയേല്‍ക്കാതെ ഇസ്ഹാഖ് രക്ഷപ്പെട്ടുവെങ്കിലും ശാരീരിക അസ്വസ്ഥത അദ്ദേഹത്തെ വിട്ടുമാറിയിരുന്നില്ല. ഏകാന്തനായി ഷെല്‍ട്ടറില്‍ കഴിയുകയായിരുന്ന അദ്ദേഹത്തിനു കൈമാറാന്‍ രാവുണ്ണി ഏല്പിച്ച ഒരു കത്തുമായി ചെല്ലുമ്പോഴാണ് കൂസലില്ലാതെ എന്റെ കണ്ണുകളിലേക്ക് നോക്കി ഇസഹാഖ് ചോദിച്ചത് : എന്നെ വിവാഹം ചെയ്യാന്‍ സമ്മതമാണോ?

പദ്മാവതി അമ്പരന്നുപോയി. ഭയം അരിച്ചുകയറി. അപ്രതീക്ഷിതമായ ആ ചോദ്യത്തിനു മുന്നില്‍ ഞെട്ടിത്തരിച്ചു നിന്നു ഏറെ നേരം. പിന്നീട് മഴയില്‍ കുതിര്‍ന്ന പാടവരമ്പിലൂടെ വീട്ടിലേക്ക് ഓടിപ്പോകവെ ഇസ്ഹാഖിന്റെ ആ ചോദ്യം മനസ്സില്‍ മഴത്തുള്ളിയായി നനഞ്ഞു വീണു.

ഏതായാലും ഇക്കാര്യം വീട്ടില്‍ സൂചിപ്പിച്ചപ്പോള്‍ പൊട്ടിത്തെറിയുണ്ടായി. എല്ലാവരും ശക്തമായി എതിര്‍ത്തു. ഒളിവില്‍ കഴിയുന്ന, ഏത് സമയവും പൊലീസ് പിടിച്ചേക്കാവുന്ന പ്രതി, അന്യമതക്കാരന്‍.
പദ്മാവതി ചിന്തിച്ചു. ഇസ്ഹാഖ് മുസ്ലിമല്ലായിരുന്നുവെങ്കില്‍ വീട്ടുകാരുടെ സമ്മതത്തോടെ തീര്‍ച്ചയായും വിവാഹം നടത്താമായിരുന്നു. സുമുഖന്‍, സല്‍സ്വഭാവി, ഉജ്ജ്വലപ്രസംഗകന്‍, നല്ല സഖാവ്...

ആരോടൊക്കെയോ ദേഷ്യവും സങ്കടവും വന്നപ്പോഴും പക്ഷേ, ഇസ്ഹാഖിന്റെ വ്യക്തിപ്രഭാവത്തില്‍ പദ്മാവതി ആകൃഷ്ടയായിക്കഴിഞ്ഞിരുന്നു. സാമൂഹിക ചുറ്റുപാട് എതിരായിരുന്നുവെങ്കിലും ഒരു വിവാഹജീവിതമുണ്ടെങ്കില്‍ അത് ഇദ്ദേഹത്തോടൊപ്പം തന്നെയെന്ന് പദ്മാവതി തീരുമാനമെടുത്തു. പാര്‍ട്ടി നേതൃത്വവും പെട്ടെന്നുള്ള ഈ വിവാഹബന്ധത്തിന് എതിര് നിന്നു. ഒളിവ് ജീവിതം നയിക്കുന്ന സഖാവിന്റെ നിഘണ്ടുവിലില്ലാത്തതാണ് കുടുംബ ജീവിതം. 

പാര്‍ട്ടിനേതൃത്വവുമായി ഇടഞ്ഞ് ഡല്‍ഹിയിലേക്ക് 

പുരോഗമനം പ്രസംഗിക്കുന്ന പാര്‍ട്ടിനേതാക്കള്‍, മിശ്രവിവാഹമെന്ന വിപ്ലവകരമായ നിലപാടിനെ എതിര്‍ക്കുന്നുവെന്നത് ഇസ്ഹാഖിനെ ഖിന്നനാക്കി. സഖാക്കളുടേയും സമൂഹത്തിന്റേയും എതിര്‍പ്പുകള്‍ക്കു നടുവിലും പദ്മാവതിയുമായുള്ള പ്രണയം കത്തി നില്‍ക്കുകയായിരുന്നു. പാര്‍ട്ടി നിരോധനം നീങ്ങിയതോടെ ഒളിവുജീവിതം അവസാനിച്ചു. ഒരു പ്രഭാതത്തില്‍ പദ്മാവതിയെ തേടിയെത്തിയ ഇസ്ഹാഖ് ഇങ്ങനെ പറഞ്ഞു: എന്നെ വേണ്ടാത്ത പാര്‍ട്ടിയെ എനിക്കും വേണ്ട. ഞാന്‍ പാര്‍ട്ടി വിടുന്നു. (പരിയാരം കേസ് പ്രതികള്‍ ചളവറയിലുണ്ടെന്നറിഞ്ഞ് ഗ്രാമത്തിലാകെ പൊലീസ് നരനായാട്ട് തുടങ്ങിയിരുന്നു. ഓരോ വീടും അരിച്ചുപെറുക്കുന്നു. പദ്മാവതി-ഇസ്ഹാഖ് ബന്ധത്തെക്കുറിച്ച് പാര്‍ട്ടി ശത്രുക്കള്‍ പൊലീസിനു വിവരം നല്‍കി. ഉപദേശിക്കാനെന്ന രൂപത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പദ്മാവതിയെ വിളിച്ച് ഭീഷണിപ്പെടുത്തി. ഇസ്ഹാഖുമായി എല്ലാ ബന്ധവും അവസാനിപ്പിക്കണമെന്ന് കല്പിച്ചു.) 

പാര്‍ട്ടിയില്‍നിന്നു രാജിവയ്ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞത് കേട്ട്  പദ്മാവതി ഞെട്ടിപ്പോയി. അവര്‍ കരഞ്ഞുകൊണ്ടു പറഞ്ഞു. അരുത്, പ്രസ്ഥാനത്തെ കൈവിടരുത്. അബദ്ധത്തില്‍ ചാടരുത്. ഇത്രയും കാലം ചെയ്ത ത്യാഗം വിസ്മരിക്കരുത്. പാര്‍ട്ടിയുടെ ഒറ്റുകാരും വര്‍ഗ്ഗശത്രുക്കളുമായിരിക്കും സഖാവ് ഇങ്ങനെ ചെയ്താല്‍ കൂടുതല്‍ സന്തോഷിക്കുക. 

ഈ പറഞ്ഞതൊന്നും വിദൂരതയിലേക്ക് നോക്കിനിന്ന ഇസ്ഹാഖ് ശ്രദ്ധിക്കുന്നില്ലെന്നു തോന്നി. ബാലസംഘവും കടന്നു വിദ്യാര്‍ത്ഥി ഫെഡറേഷനിലൂടെ, മഹിളാസംഘത്തിലൂടെ പാര്‍ട്ടിയുടെ വള്ളുവനാട് കമ്മിറ്റിയുടെ നേതൃനിരയിലേക്ക് പദ്മാവതിയും നടന്നടുക്കുകയായിരുന്നു. പാര്‍ട്ടി സാഹിത്യം, വിപ്ലവകവിതകള്‍ ഇവയൊക്കെ ഹരമായി മാറിയത് പി.വി. കുഞ്ഞുണ്ണി നായരും മറ്റും പാര്‍ട്ടി ക്ലാസ്സില്‍ പകര്‍ന്നുനല്‍കിയ പാഠങ്ങളിലൂടെയായിരുന്നു. 1957-ല്‍ ഒറ്റപ്പാലം നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന കുഞ്ഞുണ്ണി നായരില്‍നിന്നാണ് മാക്‌സിംഗോര്‍ക്കിയുടേയും മറ്റും ഗ്രന്ഥങ്ങള്‍ കിട്ടിയിരുന്നത്. 

അതിനിടെ, പാര്‍ട്ടി പ്രവര്‍ത്തനവും ഒപ്പം ഇസ്ഹാഖിനോടുള്ള പ്രേമവും കലശലായതിനെത്തുടര്‍ന്ന് പദ്മാവതിയുടെ പഠനം ഉഴപ്പിയിരുന്നു. കുറെ നാള്‍ അമ്മ വീട്ടില്‍ പൂട്ടിയിട്ടിരുന്നു. പ്രണയത്തില്‍നിന്നു പിന്മാറ്റമില്ലെന്ന തീരുമാനമാണ് പദ്മാവതിയുടേതെന്ന് അറിഞ്ഞതോടെ അമ്മയും അച്ഛനും പിന്നെ നിര്‍ബ്ബന്ധിക്കാന്‍ നിന്നില്ല. അതിനിടെ, അങ്ങാടിപ്പുറത്തിനടുത്ത വലമ്പൂര്‍ സ്‌കൂളില്‍ താല്‍ക്കാലിക അദ്ധ്യാപികയായി ജോലി കിട്ടിയത് വലിയ അനുഗ്രഹമായി. ഡല്‍ഹിയിലെത്തിയ ഇസ്ഹാഖ്, പഴയ ബന്ധമെല്ലാം പുതുക്കി തന്റെ തട്ടകം ഡല്‍ഹി തന്നെയെന്ന് ഉറപ്പിച്ചിരുന്നു. ഇസ്ഹാഖ് ഡല്‍ഹിയിലെത്തിയതിന്റെ നാലാം നാള്‍ പദ്മാവതിയും മദ്രാസ് വഴി ഡല്‍ഹിയിലേക്കുള്ള വണ്ടി കയറി. വലമ്പൂര്‍ സ്‌കൂളിലെ ജോലി വേണ്ടെന്നു വെച്ചു. ഡല്‍ഹിയില്‍ തനിക്കു നല്ല ജോലി കിട്ടിയെന്നു കള്ളം പറഞ്ഞാണ് പദ്മാവതിയുടെ യാത്ര. ആവശ്യമായ പണവും ട്രെയിന്‍ ടിക്കറ്റുമെല്ലാം ഇതിനകം രഹസ്യമായി ഇസ്ഹാഖ് സംഘടിപ്പിച്ചു കൊടുത്തിരുന്നു. വീട്ടുകാരുടെ അര്‍ദ്ധസമ്മതത്തോടെയുള്ള യാത്രയായിരുന്നു അത്. ചേച്ചിയുടെ ഭര്‍ത്താവ് മദ്രാസിലുണ്ടായിരുന്നു. അദ്ദേഹം സഹായമൊക്കെ ചെയ്തു തന്നു. ഗ്രാന്റ് ട്രങ്ക് എക്‌സ്പ്രസ്സിലെ ഒറ്റയ്ക്കുള്ള ആ ഡല്‍ഹി യാത്ര മറക്കാനാവില്ല. ജനുവരിത്തണുപ്പിലെ യാത്രയില്‍ പദ്മാവതിയുടെ ഉള്ളിലാകെ വേവും ചൂടുമായിരുന്നു. നിസാമുദ്ദീന്‍ സ്റ്റേഷനില്‍ വണ്ടിയിറങ്ങുമ്പോള്‍ സ്വെറ്ററും ക്യാപുമായി ഇസ്ഹാഖ് കാത്തു നില്പുണ്ടായിരുന്നു. ആനന്ദാശ്രു നിറഞ്ഞുതൂവിയ സമാഗമം.

പദ്മാവതി- ഇസ്ഹാഖ് (ഡൽഹിയിൽ നിന്നുള്ള വിവാഹ നാളിലെ ഫോട്ടോ)
പദ്മാവതി- ഇസ്ഹാഖ് (ഡൽഹിയിൽ നിന്നുള്ള വിവാഹ നാളിലെ ഫോട്ടോ)

ജാമിഅ മില്ലിയ്യ സാക്ഷി: ഇസ്ഹാഖ് പദ്മാവതിയെ ഇണയാക്കി 

ഇസ്ഹാഖിന് ഡല്‍ഹി എക്കാലത്തും ഒരു ലഹരിയായിരുന്നു. ഒറ്റയ്ക്ക് സൈക്കിളില്‍ സഞ്ചരിച്ച് ഡല്‍ഹിയുടെ കെട്ടുപിണഞ്ഞ നഗരവീഥികളില്‍ വിശപ്പിനോട് പൊരുതുന്ന മനുഷ്യരോടൊത്തുള്ള സഹവാസമാണ് ഒരു ഫ്യൂഡല്‍ കുടുംബത്തില്‍ പിറന്നിട്ടും സാധാരണ മനുഷ്യരുടെ വികാരങ്ങളോട് താദാത്മ്യം പ്രാപിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സിദ്ധാന്തങ്ങള്‍ മന:പാഠമാക്കിയായിരുന്നില്ല അദ്ദേഹം കമ്യൂണിസ്റ്റുകാരനായത്. അതുകൊണ്ട് തന്നെ പാര്‍ട്ടിയുടെ സാമ്പ്രദായിക ചിട്ടവട്ടങ്ങള്‍ക്കുള്ളില്‍ തളച്ചിടാനാകാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. അതുകൊണ്ടാണ് മനുഷ്യസ്‌നേഹവും കുടുംബബന്ധവും പറയുമ്പോള്‍ ഡോഗ്മയുമായി വന്ന നേതാക്കളോട് കലഹിച്ച് മുന്‍പിന്‍ ആലോചിക്കാതെ രാജി കൊടുത്തത്. 

ഒളിവ് ജീവിതം നയിക്കും മുന്‍പ് എത്രയോ വേദികളില്‍ ഇസ്ഹാഖ് കത്തിക്കയറി. ഇ.എം.എസ്സും എ.കെ.ജിയുമുള്ള വേദികളിലും ഇസ്ഹാഖിന്റെ മാപ്പിളശൈലിയിലുള്ള പ്രസംഗം കേള്‍ക്കാനായിരുന്നു ഏറനാട്ടിലേയും വള്ളുവനാട്ടിലേയും സഖാക്കള്‍ക്കു കൂടുതല്‍ താല്പര്യം. ജന്മിമാരുടെ അക്രമത്തിനെതിരെ ആവശ്യമായി വന്നാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കണമെന്നായിരുന്നു ഇസ്ഹാഖ് പ്രസംഗിച്ചിരുന്നത്. യുവാക്കള്‍ക്കാകെ ആവേശമായിരുന്നു ഉജ്ജ്വലമായ ആ ഉദ്ബോധനങ്ങളത്രയും. അതെല്ലാം പൊടുന്നനെ അവസാനിപ്പിക്കുകയായിരുന്നു. നല്ല നാളെ സ്വപ്നം കണ്ട പ്രസ്ഥാനബന്ധുക്കളെയാകെ നിരാശരാക്കിയായിരുന്നു ഇസ്ഹാഖിന്റെ ആകസ്മികമായ പലായനം.

ഇന്ദ്രപ്രസ്ഥത്തില്‍ ശൈത്യം ഇലപൊഴിച്ച പകല്‍. ഡല്‍ഹി ഓഖ്ലയിലെ പ്രസിദ്ധമായ ജാമിഅ മില്ലിയ്യയിലേക്കായിരുന്നു ഇസ്ഹാഖും പദ്മാവതിയും പോയത്. അവിടെ വൈസ് ചാന്‍സലര്‍, ഇസ്ഹാഖിന്റെ സുഹൃത്ത് പ്രൊഫ. മുജീബ് കാത്തുനില്‍പ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റേയും പേഴ്സണല്‍ സെക്രട്ടറിയുടേയും സാന്നിധ്യത്തില്‍ ജാമിഅ നഗരപഥത്തിലെ റജിസ്റ്റര്‍ ഓഫീസിലേക്ക്. അവിടെ വെച്ച് ഇസ്ഹാഖും പദ്മാവതിയും വിവാഹിതരായി. 

ജാമിഅ മില്ലിയ്യ യൂണിവേഴ്സിറ്റിയില്‍ പല തസ്തികകളിലും ഇസ്ഹാഖ് ജോലി ചെയ്തിരുന്നു. ഇടയക്ക് പ്രൊഫ. മുജീബിന്റെ ശുപാര്‍ശയില്‍ മദ്രാസ് അശോക് ലെയ്ലാന്റില്‍ ഒരു വര്‍ഷം ജോലിചെയ്ത് വീണ്ടും ജാമിഅ മില്ലിയ്യയില്‍. ഡോ. സാക്കിര്‍ ഹുസൈനുമൊത്തുള്ള ജോലിക്കാലം അവിസ്മരണീയമായിരുന്നു. ഡല്‍ഹി വാസക്കാലത്ത് ഭഗവന്‍ദാസ് റോഡിലെ അവിഭക്ത പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി ആസ്ഥാനത്തെ സൗഹൃദസന്ധ്യകളില്‍ എ.കെ.ജി., പി.ടി. പുന്നൂസ്. കെ.സി. ജോര്‍ജ്, ദാക്ഷായണി വേലായുധന്‍, വി.പി. നായര്‍ എന്നിവരെല്ലാം പങ്കെടുത്തിരുന്നു. പിന്നീട് ഇ.എം.എസ്സും പത്‌നി ആര്യാ അന്തര്‍ജനവും ഡല്‍ഹിയിലെത്തിയപ്പോള്‍ അവധിദിനങ്ങളില്‍ അവരുടെ വീടുകള്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഡല്‍ഹി സ്മരണകള്‍ ഏറെ വര്‍ണ്ണശബളമായിരുന്നുവെന്ന് പദ്മാവതി ഓര്‍ക്കുന്നു. 

പദ്മാവതി ഇസ്ഹാഖ്
പദ്മാവതി ഇസ്ഹാഖ്

മഞ്ചേരിയിലെ വീട്ടില്‍ 'നായര്‍മണവാട്ടി'ക്ക് വരവേല്‍പ് 

മദ്രാസില്‍ ജോലി നോക്കുന്നതിനിടെയാണ് ഏറെ കാലത്തിനുശേഷമുള്ള മഞ്ചേരി ആനക്കയത്തെ തറവാട്ടിലേക്കുള്ള ഇസ്ഹാഖിന്റെ വരവ്. പുതുമണവാട്ടിയുമൊത്തുള്ള മണവാളന്റെ യാത്ര. പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചതും അന്യമതക്കാരിയുമായുള്ള പ്രണയവിവാഹവുമെല്ലാം ഇസ്ഹാഖിന്റെ തറവാട്ടിലും കോളിളക്കമുണ്ടാക്കിയിരുന്നു. ഈ സംഭവങ്ങള്‍ നടക്കുന്നതിനു മുന്‍പ് മലപ്പുറം മങ്കടയ്ക്കടുത്ത വടക്കാങ്ങര എന്ന സ്ഥലത്ത് കുടിയാന്മാരേയും സാധാരണക്കാരേയും കഠിനമായി ദ്രോഹിച്ചിരുന്ന ഒരു ജന്മിയെ വകവരുത്താനുള്ള ഗൂഢപദ്ധതിയില്‍ ഇസ്ഹാഖ് പങ്കാളിയായിരുന്നുവെന്ന കേസ് കുത്തിപ്പൊങ്ങി വന്നു. അക്രമവും അനീതിയും കാണിച്ചിരുന്ന ആ ജന്മിയുടെ വീട് കൊള്ള ചെയ്തതുമായി നടന്ന കേസിലെ പ്രതിയെന്ന നിലയ്ക്ക് ഇസ്ഹാഖ് അറസ്റ്റ് ചെയ്യപ്പെടുകയും ഒരാഴ്ച തടവിലാവുകയും ചെയ്തിരുന്നു. ഒരുപക്ഷേ, അന്‍പതുകളുടെ ആരംഭത്തില്‍ നടന്ന ഈ ആക്ഷനാകണം, കേരളത്തിലെ ആദ്യത്തെ നക്‌സലൈറ്റ് മോഡല്‍ ജനകീയ പ്രതിരോധം. ജാമിഅ മില്ലിയ്യയിലെ റജിസ്ട്രാര്‍ പദവിയിലിരുന്ന, പിന്നീട് രാഷ്ട്രപതിയായിരുന്ന ഡോ. സാക്കിര്‍ ഹുസൈനുമായി ഇസ്ഹാഖിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഈ കേസിന്റെ വിവരമറിഞ്ഞ് അന്നത്തെ മദ്രാസ് സംസ്ഥാനത്തിലെ ആഭ്യന്തരമന്ത്രി കോഴിപ്പുറത്ത് മാധവമേനോനുമായി ഡോ. സാക്കിര്‍ ഹുസൈന്‍ ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ് ഒരാഴ്ചയ്ക്കുശേഷം ഇസ്ഹാഖ് ജയില്‍ മോചിതനായതും കേസ് ഇല്ലാതായതും. 

ആനക്കയം തറവാട്ടില്‍ ബാപ്പ മുഹമ്മദ് ഹാജിയും മറ്റു മക്കളും ബന്ധുക്കളുമെല്ലാം ചേര്‍ന്നാണ് ആഡംബരപൂര്‍വ്വം ഇസ്ഹാഖ് - പദ്മാവതി ദമ്പതിമാരെ സ്വീകരിച്ചത്. ഹിന്ദു യുവതിയെന്ന ഒരു വിവേചനവും തനിക്ക് ഭര്‍ത്താവിന്റെ വീട്ടുകാരില്‍നിന്നുണ്ടായില്ലെന്നു മാത്രമല്ല, അളവറ്റ സ്‌നേഹവാത്സല്യങ്ങളോടെയാണ് അവരത്രയും തറവാട് വിടുന്നതുവരെ തന്നെ പരിചരിച്ചതെന്ന് പദ്മാവതി സ്‌നേഹേത്തോടെ അനുസ്മരിക്കുന്നു. ഓരോ രാത്രിയും ഹിന്ദു പുരാണകഥകള്‍ കേള്‍ക്കാന്‍ വലിയമണ്ണില്‍ തറവാട്ടിലെ പെണ്‍കുട്ടികള്‍ പദ്മാവതിക്കു ചുറ്റും കൂടും. അവിടെയുള്ളവരെല്ലാം മമ്മി എന്നാണ് അവരെ വിളിച്ചുപോന്നത്.

അപ്പോഴേക്കും ചളവറ വീട്ടിലും മഞ്ഞുരുകിയിരുന്നു. അവിടെയുള്ള സഖാക്കള്‍ക്ക് ഒരൊറ്റ കാര്യത്തിലേ വിഷമമുണ്ടായിരുന്നുള്ളൂ. ഇത്രയും നല്ലൊരു പാര്‍ട്ടി കേഡറായ ഇസ്ഹാഖ് എന്തിനാണ് ഇത്രയും നിസ്സാരമായൊരു കാരണത്തിനു പാര്‍ട്ടി വിട്ടത് എന്നത് കുഞ്ഞുണ്ണി നായര്‍, ഐ.സി.പി, രാവുണ്ണി എന്നിവരുടെയെല്ലാം മനസ്സില്‍ നീറ്റലായി. പദ്മാവതിയോടും ഇക്കാര്യത്തില്‍ അവര്‍ക്കെല്ലാം അനിഷ്ടമുണ്ടായിരുന്നു. ആ ഭാഗത്തെ ഏറ്റവും വലിയ നേതാവായി ഉയര്‍ന്നുവരേണ്ടിയിരുന്ന ഒരു സഖാവാണ് നിശ്ശബ്ദനായതെന്ന ഖേദം ഇ.പി. ഗോപാലനുള്‍പ്പെടെയുള്ള പാര്‍ട്ടി സഖാക്കളും പങ്കുവെച്ചിരുന്നു. കുഞ്ഞുണ്ണിനായര്‍ അന്ത്യം വരെ ആ അനിഷ്ടം പ്രകടമാക്കിയിരുന്നുവെന്ന് ഇസ്ഹാഖ് ഈ ലേഖകനോട് പറയുകയും ചെയ്തിരുന്നു. 

ഇതിനിടെ ഗര്‍ഭിണിയായ പദ്മാവതിയെ നാട്ടില്‍ നിര്‍ത്തിയാണ് ഇസ്ഹാഖ് ഡല്‍ഹിയിലേക്കു തിരിച്ചുപോയത്. അശോക് ലയ്ലാന്റിലെ ജോലി അപ്പോഴേക്കും അവസാനിച്ചിരുന്നു. പ്രസവശേഷം മകള്‍ നിഷ്ഹാത്തിനു 43 നാള്‍ മാത്രം പ്രായം. അമ്മയും കൈക്കുഞ്ഞും വീണ്ടും ഡല്‍ഹിയിലേക്ക്. ജാമിഅ മില്ലിയ്യയിലെ പ്രൊഫ. മുജീബിന്റെ നിര്‍ദ്ദേശമനുസരിച്ച് അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ബദറുദ്ദീന്‍ സയ്യിദുമായുള്ള കൂടിക്കാഴ്ച. അലിഗഢില്‍ അഡ്മിനിസ്ട്രറ്റീവ് വകുപ്പില്‍ ജോലി കിട്ടിയ ഇസ്ഹാഖ് അവിടത്തെ റജിസ്ട്രാര്‍ പദവി വരെയെത്തി. വിവിധ ഘട്ടങ്ങളിലായി അലിഗഢില്‍ പഠിക്കാനെത്തിയ മലയാളി വിദ്യാര്‍ത്ഥികളെ സഹായിക്കാനും അവരെ സുഹൃത്തുക്കളാക്കാനും ഇസ്ഹാഖിനു സാധിച്ചതായി പദ്മാവതി ഓര്‍ക്കുന്നു. പുനത്തില്‍ കുഞ്ഞബ്ദുള്ളയെപ്പോലുള്ള വിദ്യാര്‍ത്ഥികള്‍ അവരില്‍പ്പെടും. അലിഗഢിലെ ജീവിതത്തിനിടെ നിരവധി സാമൂഹിക സാംസ്‌കാരിക സംരംഭങ്ങളില്‍ പങ്കെടുക്കാനും കലാപരിപാടികള്‍ നടത്താനും പദ്മാവതിക്കു സാധിച്ചു. രാംപൂര്‍ നവാബിന്റെ പ്രധാനമന്ത്രിയായിരുന്ന ബഷീറുദ്ദീന്‍ സയ്യിദിയുടെ പേഴ്സണല്‍ സെക്രട്ടറിയായും ഇസ്ഹാഖ് കുറച്ചുകാലം പ്രവര്‍ത്തിച്ചിരുന്നു. ഡോ. സാക്കിര്‍ ഹുസൈനുമായുള്ള ബന്ധം അരക്കിട്ടുറപ്പിക്കാനും ഡല്‍ഹിയിലെ അക്കാദമിക് പണ്ഡിതരുമായി സൗഹൃദം സ്ഥാപിക്കാനും ഈ ജോലി സഹായകമായി. 

ഇസ്ഹാഖ്
ഇസ്ഹാഖ്

എ.കെ.ജി. ചോദിച്ചു: പദ്മാവതീ, എവിടെ നിന്റെ പുയ്യാപ്ല? 

ഡല്‍ഹിവാസത്തിനിടെ ഒരു വൈകുന്നേരം വാതിലില്‍ മുട്ട് കേട്ടു. തുറന്നുനോക്കിയപ്പോള്‍ പദ്മാവതിക്കു വിശ്വസിക്കാനായില്ല. സാക്ഷാല്‍ എ.കെ.ജി. പുഞ്ചിരിയോടെ മുന്‍പില്‍. അദ്ദേഹം ചോദിച്ചു: എവിടെ നിന്റെ പുയ്യാപ്ല? വിളിക്ക്, അവനെ...

ശബ്ദം കേട്ട് പുറത്തുവന്ന ഇസ്ഹാഖിനെ അമ്പരപ്പോടെയും ആഹ്ലാദത്തോടെയും എ.കെ.ജി. കെട്ടിപ്പിടിച്ചു. ഇരുവരുടേയും കണ്ണുകള്‍ നനഞ്ഞിരുന്നു. പിന്നെ പദ്മാവതിയെ നോക്കി എ.കെ.ജിയെ പറഞ്ഞു: പാര്‍ട്ടിക്കാരൊന്നും അറിഞ്ഞിട്ടില്ല, ഞാനിങ്ങോട്ടാണ് വരുന്നതെന്ന്. നിനക്കറിയോ, ഇവന്‍ ഏറ്റവും നല്ല പ്രസംഗകനും നല്ലൊരു പാര്‍ട്ടി കേഡറുമായിരുന്നു. ഞാനന്നു കരുതിയിരുന്നത് ഞങ്ങളെക്കാള്‍ വലിയ നേതാവായി ഇവന്‍ ഉയരുമെന്നായിരുന്നു. നിന്നെ കണ്ട് പ്രണയം തലയ്ക്ക് പിടിച്ചതോടെ പാര്‍ട്ടിയെ അവനു വേണ്ടാതായി. പാര്‍ട്ടി വിട്ടു, പെണ്ണ് കെട്ടി. ചതിയല്ലേ ചെയ്തത്?

കുറെ നേരത്തെ സൗഹൃദഭാഷണത്തിനുശേഷമാണ് എ.കെ.ജി മടങ്ങിയത്. മടങ്ങുമ്പോള്‍ ഇത്ര കൂടി പറഞ്ഞു: ഒന്നുകൂടി ചിന്തിക്കുക. പാര്‍ട്ടിയിലേക്കു തിരികെ വരിക. ഇസ്ഹാഖ് പക്ഷേ, പൂര്‍ണ്ണമായും പാര്‍ട്ടിയിലേക്കു മടങ്ങിയില്ല.

ഡല്‍ഹിയിലെ സ്‌കൂള്‍ പഠനശേഷം മകള്‍ നിഷ്ഹത്തിനെ അലിഗഢില്‍ ചേര്‍ക്കാനായിരുന്നു താല്പര്യമെങ്കിലും ഒടുവില്‍ നാട്ടില്‍ ചേര്‍ക്കാമെന്നു തീരുമാനിക്കുകയായിരുന്നു. അപ്പോഴേക്കും പദ്മാവതി രണ്ടാമതും ഗര്‍ഭിണിയായിരുന്നു. ഈ സാഹചര്യത്തില്‍ നാട്ടിലേക്കു പോകാമെന്നു തീരുമാനിച്ചു. ഐ.സി.പി. നമ്പൂതിരി താല്പര്യമെടുത്ത് അദ്ദേഹത്തിന്റെ സഹോദരീ ഭര്‍ത്താവില്‍നിന്ന് ഷൊര്‍ണൂര്‍ കൊളപ്പുള്ളിയില്‍ ഒരു വീട് വാങ്ങി. പണിതീരാത്ത വീടായിരുന്നു അത്. നിര്‍മ്മാണം പൂര്‍ത്തിയാകും വരെ കസിന്‍ എ.പി. രാവുണ്ണിയുടെ വീട്ടില്‍ താമസിച്ചു. പുതിയ വീട്ടിലേക്കു മാറിയപ്പോള്‍ വേലക്കാരിയായി എത്തിയ അമ്മിണിയെന്ന സ്ത്രീയെ ഉപയോഗിച്ച് അയല്‍പക്കത്തെ ചില വീട്ടുകാര്‍, തന്റെ മിശ്രവിവാഹം കുത്തിപ്പൊക്കി ഒറ്റപ്പെടുത്താന്‍ തുനിഞ്ഞുവെങ്കിലും കീഴ്ജാതിക്കാരിയായ അമ്മിണിയുടെ ഇടപെടലിലൂടെ അതൊക്കെ ക്രമേണ കെട്ടടങ്ങി.

മകളെ ഷൊര്‍ണൂര്‍ കോണ്‍വെന്റില്‍ ചേര്‍ത്തു. അവള്‍ക്ക് ഒന്‍പത് വയസ്സായപ്പോള്‍ രണ്ടാമത്തെ മകള്‍ - നീന - പിറന്നു. 

മകൾ നീനയ്ക്കൊപ്പം
മകൾ നീനയ്ക്കൊപ്പം

പാര്‍ട്ടി സഖാക്കളൊന്നും പഴയകാലത്തെ അടുപ്പം സൂക്ഷിച്ചില്ലെന്നു മാത്രമല്ല, ചിലരൊക്കെ പരിഹസിക്കാനും തുടങ്ങിയിരുന്നു. ഡിസ്ട്രിക്ട് ബോര്‍ഡ് സ്‌കൂളില്‍ അദ്ധ്യാപകജോലി തരപ്പെട്ടു. ഇന്റര്‍വ്യൂവില്‍ പാസ്സായെങ്കിലും ചില സഖാക്കള്‍ ഇടങ്കോലിട്ടു. അവരുടെ മുന്‍പില്‍ താനൊരു വര്‍ഗ്ഗശത്രുവാണല്ലോ. പാര്‍ട്ടി ഉപേക്ഷിച്ചുപോയ ആള്‍. എന്നാല്‍, പാര്‍ട്ടിയുടെ പാലക്കാട് ജില്ലാ സെക്രട്ടറി ഇ.കെ. ഇമ്പിച്ചിബാവ ഇടപെട്ട് എനിക്ക് ആ ജോലി വാങ്ങിത്തന്നു. മഹാമനസ്‌കനായ, മനുഷ്യസ്‌നേഹിയായ കമ്യൂണിസ്റ്റ് നേതാവായിരുന്നു സഖാവ് ഇമ്പിച്ചിബാവയെന്ന് പദ്മാവതി കടപ്പാടുകളോടെ ഓര്‍ക്കുന്നു. പട്ടാമ്പി യു.പി സ്‌കൂളിലെ ജോലിക്കിടയിലും ചില പാര്‍ട്ടിനേതാക്കളുടെ പരിഹാസശരങ്ങളേല്‍ക്കേണ്ടിവന്നു. പല കാരണങ്ങള്‍ പറഞ്ഞു ശമ്പളം മുടക്കാന്‍ വരെ അവര്‍ മുന്നിട്ടിറങ്ങി. പിന്നെപ്പിന്നെ പട്ടാമ്പിയിലേയും കൊളപ്പുള്ളിയിലേയും സഖാക്കള്‍ സൗഹൃദം പുന:സ്ഥാപിക്കാന്‍ തയ്യാറായി. ഇസ്ഹാഖ് ഇടയ്ക്കിടെ അവധിക്കു നാട്ടില്‍ വരുമായിരുന്നത് വലിയ ആശ്വാസമായി. ഇതിനിടെ പ്രൈവറ്റായി ബി.എ പരീക്ഷ എഴുതി നല്ല മാര്‍ക്കോടെ പാസ്സായി. അലിഗഢ് യൂണിവേഴ്സിറ്റിയിലാണ് രജിസ്റ്റര്‍ ചെയ്തത്. പരീക്ഷയുടെ സമയത്ത് ചിക്കന്‍പോക്‌സ് പിടിപെട്ടു. പില്‍ക്കാലത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രിയായിരുന്ന പ്രൊഫ. നൂറുല്‍ ഹസനായിരുന്നു അന്ന് അലിഗഢിലെ ഹിസ്റ്ററി വകുപ്പ് മേധാവി. അദ്ദേഹത്തെ നേരില്‍ കണ്ട് അപേക്ഷിച്ചതിനെത്തുടര്‍ന്ന് എം.എ ക്ലാസ്സിലിരുന്നു പരീക്ഷയെഴുതി. ഒന്നാം ക്ലാസ്സോടെ പാസ്സായി. ചരിത്രത്തില്‍ റിസര്‍ച്ച് ചെയ്യാനായിരുന്നു താല്പര്യമെങ്കിലും അതു നടന്നില്ല. 

നിഷ്ഹാത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് എം.ബി.ബി.എസ് പാസ്സായി ഭര്‍ത്താവ് ഡോ. റസാഖിനോടൊപ്പം മലേഷ്യയിലും പിന്നീട് ഓസ്ട്രേലിയയിലും പ്രാക്ടീസ് ചെയ്തു വരുന്നു. നീനയും ഭര്‍ത്താവ് ഷൗക്കത്തിനോടൊപ്പം ഓസ്ട്രേലിയയിലാണ്. ഡല്‍ഹി ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങി മലപ്പുറം സഹകരണ സ്പിന്നിംഗ് മില്ലിന്റെ വൈസ് ചെയര്‍മാനായി ഏറെക്കാലം പ്രവര്‍ത്തിക്കുകയും പിന്നീട് വിശ്രമജീവിതം നയിക്കുകയും ചെയ്യുന്നതിനിടെയാണ് ഇസ്ഹാഖ് ഷൊര്‍ണൂരില്‍ അന്തരിച്ചത്. അതിനുശേഷം മക്കളോടൊപ്പം ഓസ്ട്രേലിയയിലെ പെര്‍ത്ത് നഗരത്തിലേക്ക് ജീവിതം പറിച്ചുനട്ട പദ്മാവതി ഇസ്ഹാഖ്, ഒന്‍പത് പതിറ്റാണ്ടിന്റെ ഓര്‍മ്മകളത്രയും മനസ്സില്‍ സൂക്ഷിച്ചാണ് സ്വാണ്‍ നദിയോളങ്ങളെ ഉമ്മ വച്ചെത്തുന്ന കാറ്റിന്റെ കൈകളിലിരുന്ന് കാലത്തിന്റെ വാതില്‍പ്പുറം തുറന്നിടുന്നത്.

പശ്ചിമ ഓസ്ട്രേലിയയിലെ എലീസാ പര്‍വ്വതപംക്തികളില്‍ നിന്നൂര്‍ന്നു വീണ ജനുവരി തണുപ്പേറ്റ് സ്വാണ്‍ നദിയില്‍ നീന്തുന്ന ഹംസങ്ങള്‍ പ്രേമപൂര്‍വ്വം കൊക്കുകളുരുമ്മി.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com