അത് ലവ് ജിഹാദല്ല,
ലവ് പൊളിറ്റിക്‌സാണ്
illustration/express

അത് ലവ് ജിഹാദല്ല, ലവ് പൊളിറ്റിക്‌സാണ്

മൂന്ന് സമുദായങ്ങളിലും പെട്ട മതതീവ്രവാദാശയക്കാര്‍ സംസ്‌കാരത്തിനു ചുറ്റും മതഭിത്തികള്‍ കെട്ടിപ്പൊക്കിയ സാഹചര്യത്തിലാണ് മുന്‍കാലത്ത് മിശ്രപ്രണയം മാത്രമായിരുന്ന പ്രതിഭാസത്തിന് ലവ് ജിഹാദ് (പ്രണയ ജിഹാദ്/പ്രണയ മതയുദ്ധം) എന്ന പേര് വന്നുചേര്‍ന്നത്.

എന്റെ നാട്ടിലെ ആദ്യത്തെ മിശ്രപ്രണയം സംഭവിക്കുന്നത് 1950-കളുടെ ഉത്തരാര്‍ദ്ധത്തിലാണ്. എന്റെ പിതൃസഹോദരീപുത്രനായ ബി.പി. മൊയ്തീനായിരുന്നു കാമുകന്‍. കാമുകി ഹിന്ദുമതസ്ഥയായ കാഞ്ചനമാലയും. ആ പ്രണയം മുന്‍നിര്‍ത്തി ഒരു ചലച്ചിത്രാവിഷ്‌കാരം പില്‍ക്കാലത്തുണ്ടായി. ആര്‍.എസ്. വിമല്‍ സംവിധാനം ചെയ്ത 'എന്ന് നിന്റെ മൊയ്തീന്‍' എന്ന ആ പടം പുറത്തുവന്നത് 2015-ലാണ്.

ആറര പതിറ്റാണ്ട് മുന്‍പ് നടന്ന ആ മിശ്രപ്രണയം വിവാഹത്തില്‍ കലാശിച്ചില്ല. മൊയ്തീന്റെ പിതാവും കാഞ്ചനമാലയുടെ പിതാവും ദേശീയവാദികളും മതേതരവാദികളുമൊക്കെയായിരുന്നെങ്കിലും മക്കളുടെ മിശ്രപ്രണയം ഉള്‍ക്കൊള്ളാന്‍ അവര്‍ക്കായില്ല. അവരുടെയുള്ളില്‍ ചുരുണ്ടുകിടന്ന മതയാഥാസ്ഥിതികത്വം പത്തിവിടര്‍ത്തി. ഫലമോ, കാമുകി വീട്ടുതടങ്ങലിലും കാമുകന്‍ സ്വഗൃഹഭ്രഷ്ടാവസ്ഥയിലുമായി.

അക്കാലത്ത് പക്ഷേ, മൊയ്തീന്‍-കാഞ്ചനമാല പ്രണയം 'ലവ് ജിഹാദ്' ആണെന്ന് ആരും ആരോപിച്ചിരുന്നില്ല. അന്‍ ഖ്വയ്ദയും ഐ.എസ്സും പോപ്പുലര്‍ ഫ്രന്റുമൊന്നും അക്കാലത്തുണ്ടായിരുന്നില്ലല്ലോ. തന്നെയുമല്ല ജിഹാദ് എന്ന അറബി വാക്ക് ആ നാളുകളില്‍ കേരളത്തില്‍ ഒട്ടും 'കറന്‍സി' നേടിയിരുന്നുമില്ല. രണ്ടു വ്യക്തികള്‍ തമ്മിലുള്ള ആകര്‍ഷണത്തിന്റെ ഫലശ്രുതി എന്നേ അക്കാലത്ത് 'ലവി'ന് അര്‍ത്ഥമുണ്ടായിരുന്നുള്ളൂ. ഭിന്ന മതങ്ങളില്‍പ്പെട്ടവരോ ഭിന്ന ജാതികളില്‍പ്പെട്ടവരോ പ്രേമിക്കുന്നത് പൊതുസമൂഹം വെറുപ്പോടെയാണ് വീക്ഷിച്ചു പോന്നത് എന്നത് ശരിതന്നെ. പക്ഷേ, അത്തരം പ്രേമബന്ധങ്ങളില്‍ മതപരമോ ജാതിപരമോ അല്ലാത്തതോ ആയ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് ആരും കരുതിയിരുന്നില്ല.

ബി.പി മൊയ്തീനും കാഞ്ചനമാലയും
ബി.പി മൊയ്തീനും കാഞ്ചനമാലയും

പിന്നെപ്പിന്നെ കാര്യങ്ങള്‍ മാറാന്‍ തുടങ്ങി. 1950-കളില്‍നിന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തുമ്പോള്‍ ആഗോള രാഷ്ട്രീയ-സാംസ്‌കാരിക പരിതോവസ്ഥയില്‍ കാതലായ പരിവര്‍ത്തനങ്ങളുണ്ടായി. സാമുവല്‍ ഹണ്ടിംഗ്ടന്റെ 'സംസ്‌കാരങ്ങളുടെ സംഘട്ടനം' എന്ന കൃതി ഒരര്‍ത്ഥത്തില്‍ ആ പരിതോവസ്ഥാ മാറ്റത്തോടുള്ള പ്രതികരണമായിരുന്നു. സംസ്‌കാരങ്ങളെ കേപിറ്റലിസ്റ്റ്/കമ്യൂണിസ്റ്റ് എന്നോ പാശ്ചാത്യം/പൗരസ്ത്യം എന്നോ ഉള്ള ദ്വന്ദ്വങ്ങളില്‍നിന്ന് പറിച്ചെടുത്ത് മതങ്ങളുടെ അടിസ്ഥാനത്തില്‍ വ്യവച്ഛേദിക്കുന്ന രീതിയാണ് ഹണ്ടിംഗ്ടണ്‍ അവലംബിച്ചത്. സോവിയറ്റ് യൂണിയന്‍ നിഷ്‌ക്രമിച്ചതോടെ പാശ്ചാത്യ (ക്രൈസ്തവ) സംസ്‌കാരത്തിന്റെ മുഖ്യശത്രു കമ്യൂണിസമല്ല, ഇസ്ലാമിക സംസ്‌കാരമാണെന്ന ഹണ്ടിംഗ്ടണ്‍ ആശയം കരുത്തു നേടി. 2001-ല്‍ ഇസ്ലാമിക് തീവ്രവാദികള്‍ അമേരിക്കയിലെ ലോകവ്യാപാര കേന്ദ്രത്തിലും പെന്റഗണിലും നടത്തിയ ചാവേര്‍ ആക്രമണത്തോടെ പാശ്ചാത്യ സംസ്‌കാരത്തിന്റെ കൊടുംശത്രുവായി ഇസ്ലാമിക സംസ്‌കാരം അടയാളപ്പെടുത്തുകയും ചെയ്തു.

ഇതേ കാലയളവിലാണ് ആര്‍.എസ്.എസ്സും ബി.ജെ.പിയും (ഹിന്ദു സംസ്‌കാരവാദികള്‍) ഇന്ത്യന്‍ രാഷ്ട്രീയ-സാംസ്‌കാരിക തുറകളില്‍ മുന്‍പില്ലാത്തവിധം കരുത്താര്‍ജ്ജിക്കാന്‍ തുടങ്ങിയത്. അതിനോടുള്ള പ്രതികരണം എന്ന നിലയില്‍ കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ചില മുസ്ലിം സംഘടനകള്‍ മതതീവ്രവാദത്തിലേയ്ക്ക് ആകര്‍ഷിക്കപ്പെടാന്‍ തുടങ്ങി. ഇന്ത്യയ്ക്ക് വെളിയില്‍ 'ക്രൈസ്തവാധിപത്യമുള്ള' പാശ്ചാത്യ സംസ്‌കാരവും ഇന്ത്യയ്ക്കകത്ത് 'സവര്‍ണ്ണാധിപത്യമുള്ള' 'ഹൈന്ദവ സംസ്‌കാരവും മുസ്ലിങ്ങളുടെ കൊടും ശത്രുക്കളാണെന്ന പ്രചാരണത്തില്‍ അവര്‍ വ്യാപൃതരാവുകയും ചെയ്തു.

അത് ലവ് ജിഹാദല്ല,
ലവ് പൊളിറ്റിക്‌സാണ്
''രാമരാജ്യംകൊണ്ട് ഞാന്‍ അര്‍ത്ഥമാക്കുന്നത്''

മതംമാറ്റത്തിന്റെ

ജനസംഖ്യാ രാഷ്ട്രീയം

മതേതരമായി വീക്ഷിക്കേണ്ട സംസ്‌കാരത്തെ ഉഗ്രസാന്ദ്രതയില്‍ സ്വമതവുമായി കൂട്ടിക്കുഴയ്ക്കുകയാണ് ഇപ്പറഞ്ഞ മതതീവ്രവാദികള്‍ ചെയ്തത്. മറുഭാഗത്തുള്ള സമുദായങ്ങളില്‍പ്പെട്ടവരും വെറുതെയിരുന്നില്ല. അവരും തങ്ങളുടെ സംസ്‌കാരത്തെ മതവുമായി വിളക്കിച്ചേര്‍ക്കുന്ന രീതിയിലേയ്ക്ക് പൂര്‍വ്വാധികം ശക്തിയോടെ കടന്നുചെന്നു. ഹിന്ദുവിന്റെ സംസ്‌കാരം ആമൂലാഗ്രം ഹൈന്ദവമെന്നും ക്രിസ്ത്യാനിയുടെ സംസ്‌കാരം ആപാദകേശം ക്രൈസ്തവമെന്നുമുള്ള ആശയം അരക്കിട്ടുറപ്പിക്കുന്ന ഗ്രൂപ്പുകള്‍ യഥാക്രമം ഹിന്ദു സമൂഹത്തിലും ക്രൈസ്തവ സമൂഹത്തിലും വേരുറപ്പിച്ചു.

മൂന്ന് സമുദായങ്ങളിലും പെട്ട മതതീവ്രവാദാശയക്കാര്‍ ഇവ്വിധം സംസ്‌കാരത്തിനു ചുറ്റും മതഭിത്തികള്‍ കെട്ടിപ്പൊക്കിയ സാഹചര്യത്തിലാണ് മുന്‍കാലത്ത് മിശ്രപ്രണയം മാത്രമായിരുന്ന പ്രതിഭാസത്തിന് ലവ് ജിഹാദ് (പ്രണയ ജിഹാദ്/പ്രണയ മതയുദ്ധം) എന്ന പേര് വന്നുചേര്‍ന്നത്. തകഴിയുടെ 'ചെമ്മീന്‍' (1956) എന്ന നോവലിലും അതേ പേരില്‍ പുറത്തുവന്ന അതിന്റെ ചലച്ചിത്രാവിഷ്‌കാരത്തിലും (1965) ഒരു മുസ്ലിം പുരുഷന്‍ (പരീക്കുട്ടി) ഒരു ഹിന്ദു സ്ത്രീ(കറുത്തമ്മ)യെ പ്രേമിക്കുന്നുണ്ട്. അതിന്റെ പേരില്‍ 'ചെമ്മീന്‍' എന്ന നോവല്‍/ചലച്ചിത്രം ലവ് ജിഹാദിന്റെ ആവിഷ്‌കാരമാണെന്ന വാദം ആരും ഉന്നയിച്ചിരുന്നില്ല. ഇതുപോലുള്ള നോവലുകളും കഥകളും സിനിമകളും മലയാളത്തിലും മറ്റു ഇന്ത്യന്‍ ഭാഷകളിലും പില്‍ക്കാലത്തുമുണ്ടായിട്ടുണ്ട്. ആ സന്ദര്‍ഭങ്ങളിലും പ്രണയ ജിഹാദ് എന്ന പദദ്വയം ഉയര്‍ന്നുവന്നിരുന്നില്ല. സര്‍വ്വ സീമകളും ലംഘിച്ച് സംസ്‌കാരത്തെ വ്യക്തിഗത മതങ്ങളോട് കൂട്ടിയരച്ചു ചേര്‍ക്കുന്ന ദുഃസമ്പ്രദായം ആ നാളുകളില്‍ ഉണ്ടായിരുന്നില്ല എന്നതുതന്നെ കാരണം.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുസ്ലിമായ പ്രേംനവാസ് എന്ന ചലച്ചിത്രനടന്‍ വിവാഹം ചെയ്തത് ഒരു ഹിന്ദു സ്ത്രീയെയായിരുന്നു. മുസ്ലിം തന്നെയായ സത്താര്‍ എന്ന നടന്‍ താലികെട്ടിയത് ഹിന്ദുവായ ജയഭാരതി (ലക്ഷ്മി ഭാരതി) എന്ന നടിയുടെ കഴുത്തിലാണ്. സല്‍മാന്‍ ഖാന്‍ എന്ന ഹിന്ദി സിനിമാനടന്റെ മുസ്ലിമായ പിതാവ് സലിംഖാന്‍ വിവാഹം കഴിച്ചതും ഹിന്ദു സ്ത്രീയെത്തന്നെ. താന്‍ ഒരേസമയം മുസ്ലിമും ഹിന്ദുവുമാണെന്ന് സല്‍മാന്‍ ഖാന്‍ പറയാനുള്ള കാരണവും അതത്രേ. ഇത്തരം മിശ്ര പ്രണയവും മിശ്ര വിവാഹങ്ങളും മുന്‍കാലത്ത് ഒട്ടേറെ സംഭവിച്ചിട്ടുണ്ട്. അതിനെയൊന്നും ആരും ലവ് ജിഹാദിന്റെ കണക്കില്‍ ചേര്‍ത്തിരുന്നില്ല. മതയുദ്ധം നടത്താന്‍ ആളെക്കൂട്ടുന്നതിനു പ്രണയം നടിച്ച് ഇതര മതക്കാരായ യുവതികളെ വലയിലാക്കുകയും മതം മാറ്റുകയും ചെയ്യുന്നവരുണ്ടാകാമെന്നു ചിന്തിക്കാന്‍ മാത്രം മതസംസ്‌കാരഭ്രാന്ത് പോയനാളുകളില്‍ ആരെയും ബാധിച്ചിരുന്നില്ല എന്നതാണ് അതിനു കാരണം.

ഇനി, വിഷയത്തിന്റെ മറ്റൊരു വശത്തേയ്ക്ക് കടന്നുനോക്കാം. നമ്മുടെ നാട്ടില്‍ ഇതരമതസ്ഥരായ സ്ത്രീകളെ വിവാഹം ചെയ്യുന്നവര്‍, സാധാരണഗതിയില്‍ തങ്ങള്‍ താലി കെട്ടിയവരെ തങ്ങളുടെ മതത്തിലേയ്ക്ക് മാറ്റുന്നതാണ് കണ്ടുപോന്നിട്ടുള്ളത്. പുരുഷന്‍ മുസ്ലിമായാലും ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും അതാണവസ്ഥ. അപവാദങ്ങള്‍ ഇല്ലെന്നില്ല. പക്ഷേ, ഇക്കാര്യത്തില്‍ പുരുഷാധ്യപത്യ മനഃസ്ഥിതി അരങ്ങുവാഴുന്നതാണ് പൊതുവെ കണ്ടുവരുന്നത്. ഹിന്ദുവായ ഷാജി കൈലാസ് എന്ന ചലച്ചിത്ര സംവിധായകന്റേയും ക്രിസ്ത്യാനിയായ ആനി എന്ന ചലച്ചിത്ര നടിയുടേയും വിവാഹം നോക്കൂ. വിവാഹം കഴിഞ്ഞു മാസങ്ങള്‍ക്കകം ആനി ഹിന്ദുവായ ഭര്‍ത്താവിന്റെ മതത്തില്‍ എത്തിച്ചേര്‍ന്നു. ആനിയുടെ പേര് ചിത്ര എന്നായി മാറുകയും ചെയ്തു. ക്രൈസ്തവനും രാഷ്ട്രീയ നേതാവുമായ പി.സി. ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് സിനിമാനടനും ഹിന്ദുവുമായ ജഗതി ശ്രീകുമാറിന്റെ മകളും വിവാഹം കഴിച്ചു. താമസിയാതെ ആ സ്ത്രീ ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു. മതഭേദമെന്യേ മിക്ക മിശ്രപ്രണയ വിവാഹങ്ങളിലും ഇമ്മട്ടില്‍ പുരുഷാധിപത്യം പ്രവര്‍ത്തിക്കുന്നതു കാണാം. പ്രണയത്തിനു കണ്ണില്ലെന്നു പറയാറുണ്ട്. പക്ഷേ, മിശ്രപ്രണയ വിവാഹാനന്തരം ഒട്ടുമിക്ക കാമുകന്മാര്‍ക്കും രണ്ടു കണ്ണുകള്‍ക്കു പകരം നാല് കണ്ണുകളുണ്ടായിത്തീരുന്നു എന്നതാണനുഭവം.

ലവ് ജിഹാദ് പ്രമേയമാക്കി നിര്‍മ്മിച്ച 'ദ കേരള സ്റ്റോറി' എന്ന ചലച്ചിത്രം ചില ക്രൈസ്തവ സംഘടനകള്‍ കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ മുന്നോട്ട് വന്നതുമായി ബന്ധപ്പെട്ട് ഫാദര്‍ ജെയിംസ് പനവേലില്‍ നടത്തിയ നിരീക്ഷണം ഇത്തരുണത്തില്‍ പ്രസക്തമാണ്. വൈപ്പിന്‍ സാന്‍ജോപുരം സെന്റ് ജോസഫ്സ് പള്ളിയിലെ വൈദികനാണ് പനവേലില്‍. അദ്ദേഹം ഇയ്യിടെ ഒരു പ്രമുഖ മലയാള പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്, കാമുകിമാരെ മതംമാറ്റുന്ന ഏര്‍പ്പാട് ക്രൈസ്തവര്‍ക്കിടയിലുമുണ്ടെന്നാണ്. ലവ് ജിഹാദുണ്ടെന്നു പ്രചരിപ്പിക്കുന്നവര്‍, ഇതര മതസ്ഥരെ മാമോദീസ മുക്കി ക്രിസ്തുമതം സ്വീകരിപ്പിച്ച് കല്യാണം കഴിക്കുന്നവരെക്കുറിച്ച് പറയാത്തതെന്താണെന്നാണ് ഫാദറുടെ ചോദ്യം. ''ക്രിസ്ത്യന്‍ പള്ളികളില്‍ മിശ്രവിവാഹം കൂദാശയായി നടത്തണമെങ്കില്‍ മാമോദീസ മുങ്ങി ക്രിസ്ത്യാനിയാകണം'' എന്ന നിഷ്‌കര്‍ഷയുണ്ടെന്ന് അദ്ദേഹം വിശദീകരിക്കുന്നു. അങ്ങനെ എത്രയോ പേര്‍ വിവാഹം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു (മാതൃഭൂമി, 12-04-2024). അവിടെ പ്രവര്‍ത്തിക്കുന്നതും പുരുഷാധിപത്യ മനഃസ്ഥിതി തന്നെ.

അഖില (ഹാദിയ)യും ഷെഫീന്‍ ജഹാനും(ഫയല്‍ചിത്രം)
അഖില (ഹാദിയ)യും ഷെഫീന്‍ ജഹാനും(ഫയല്‍ചിത്രം)

ആണ്‍കോയ്മാ മനഃസ്ഥിതിക്കപ്പുറം മറ്റു ചില ഘടകങ്ങളും അടുത്തകാലത്ത് നടന്ന ചില മിശ്രപ്രണയ വിവാഹങ്ങളിലെങ്കിലും പ്രവര്‍ത്തിച്ചിട്ടില്ലേ എന്ന ചോദ്യം ഈ ഘട്ടത്തില്‍ ഉയരാം. വിശേഷിച്ച് ഒന്നര പതിറ്റാണ്ടായി കേരളത്തിനകത്തും പുറത്തും ലവ് ജിഹാദ് സംബന്ധിച്ച തര്‍ക്കവിതര്‍ക്കങ്ങള്‍ നടന്നുപോരുന്ന പശ്ചാത്തലത്തില്‍. ചില മുസ്ലിം യുവാക്കള്‍ ഇതരമതക്കാരായ യുവതികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി കല്യാണം കഴിക്കുകയും അവരെ ഇസ്ലാമിലേക്ക് മതംമാറ്റി തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു എന്ന ആരോപണം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉയരുകയുണ്ടായി. ഫാത്തിമ എന്നു പേര് മാറ്റിയ നിമിഷ, അയിഷ എന്നു പേര് മാറ്റിയ സോണിയ സെബാസ്റ്റ്യന്‍, മറിയം എന്ന പേര് മാറ്റിയ മെര്‍ലിന്‍ എന്നീ യുവതികളെ വിവാഹം ചെയ്തവര്‍ അവരെ അഫ്ഗാനിസ്ഥാനിലെ ഐ.എസ് കേന്ദ്രത്തിലേയ്ക്ക് കൊണ്ടുപോയെന്ന വാര്‍ത്ത വന്നപ്പോള്‍ ആരോപണം ബലപ്പെട്ടു. ഈ ചുറ്റുപാടിലാണ് ചില ക്രൈസ്തവ സഭകളും ചില ഹിന്ദു സംഘടനകളും ലവ് ജിഹാദ് യാഥാര്‍ത്ഥ്യമാണെന്നും അതിനെതിരെ ശക്തമായ നടപടികള്‍ വേണമെന്നുമുള്ള മുറവിളിയുമായി രംഗത്തെത്തിയത്. 2009-ല്‍ അന്നത്തെ സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും 2020 ഫെബ്രുവരി നാലിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഢി നല്‍കിയ മറുപടിയിലും കേരളത്തില്‍ ലവ് ജിഹാദുള്ളതായി കണ്ടെത്തിയിട്ടില്ല എന്നു വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ആ റിപ്പോര്‍ട്ടും മറുപടിയും മുഖവിലക്കെടുക്കാന്‍ തയ്യാറല്ലാത്തവര്‍ ഇപ്പോഴും സംസ്ഥാനത്തുണ്ടെന്നത് വസ്തുതയാണ്. ലവ് ജിഹാദിനെതിരേയുള്ള ആയുധം എന്ന നിലയില്‍ 'ദേ കേരള സ്റ്റോറി' പ്രദര്‍ശിപ്പിക്കാന്‍ ചിലര്‍ കാണിക്കുന്ന ആവേശം അതിന്റെ തെളിവത്രേ.

ഒരുകാലത്ത് മിശ്രവിവാഹത്തെ നഖശിഖാന്തം എതിര്‍ത്തവരാണ് മുസ്ലിം സംഘടനകള്‍. അത്തരം സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരില്‍ ചിലര്‍, അടുത്തകാലത്തായി, ഇതരമതങ്ങളില്‍പ്പെട്ട യുവതികളെ പ്രേമിക്കുകയും കല്യാണം കഴിക്കുകയും അവരെ സ്വമതത്തിലേയ്ക്ക് മാറ്റുകയും ചെയ്യുന്ന പ്രവണത കണ്ടുവരുന്നുണ്ട്. മിശ്രവിവാഹത്തിനു വിലക്ക് കല്പിച്ചുപോന്ന മുസ്ലിം സംഘടനകള്‍ അതിന് അനൗദ്യോഗികമായി പിന്തുണ നല്‍കുന്നതായും കാണുന്നു. ഉദാഹരണമാണ് അഖില (ഹാദിയ) - ഷെഫീന്‍ ജഹാന്‍ വിവാഹം. 2016-ല്‍ ആ വിവാഹം കോടതി കയറിയപ്പോള്‍ മിക്ക മുസ്ലിം മത, രാഷ്ട്രീയ സംഘടനകളും ആ വിവാഹത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. മുസ്ലിം യുവാക്കള്‍ അമുസ്ലിം യുവതികളെ വിവാഹം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന സമീപനം അത്തരക്കാര്‍ കൈക്കൊള്ളുന്നതിലേയ്ക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. അതേസമയം മുസ്ലിം യുവതികള്‍ അമുസ്ലിം യുവാക്കളെ കല്യാണം കഴിക്കുന്നതിനെ പണ്ടെന്നപോലെ ഇപ്പോഴും ഈ സംഘടനകള്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്നുണ്ടുതാനും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മിശ്രപ്രണയ വിവാഹം സംബന്ധിച്ച ഈ നിലപാട് മാറ്റത്തിനു പിന്നിലുള്ളത് മതസൗഹാര്‍ദ്ദം എന്ന ആശയമല്ല. മറിച്ച് ജനസംഖ്യയുടെ രാഷ്ട്രീയമാണ്. മുസ്ലിം പുരുഷന്മാര്‍ അപരമതങ്ങളില്‍പ്പെട്ട സ്ത്രീകളെ വിവാഹം കഴിച്ച് മതം മാറ്റുക മാത്രമല്ല ചെയ്യുന്നത്. ആ ദാമ്പത്യത്തില്‍ പിറക്കുന്ന കുട്ടികളെ മുസ്ലിങ്ങളായി വളര്‍ത്തുകയും ചെയ്യുന്നു. അതുവഴി രണ്ടു നേട്ടങ്ങളാണ് അവര്‍ ഉന്നമിടുന്നത്. ഒന്ന്, അപര സമുദായങ്ങളിലെ സ്ത്രീകളുടെ എണ്ണം കുറയ്ക്കുക. രണ്ട്, സ്വസമുദായത്തിലെ കുട്ടികളുടെ എണ്ണം കൂട്ടുക. തലയെണ്ണുന്ന പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ ആളുകളുടെ എണ്ണമാണ് പ്രധാനം. അങ്ങനെ നോക്കുമ്പോള്‍ ഇസ്ലാമിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഉഗ്രപോരാളികളായ ചിലര്‍ നടത്തുന്ന മിശ്രപ്രണയ വിവാഹത്തെ ലവ് ജിഹാദ് എന്നല്ല, 'ലവ് പൊളിറ്റിക്‌സ്' (പ്രണയ രാഷ്ട്രീയം) എന്നാണ് വിളിക്കേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com