''രാമരാജ്യംകൊണ്ട് ഞാന്‍ അര്‍ത്ഥമാക്കുന്നത്''

ബില്‍ക്കീസ് ബാനോയുടെ സത്യാന്വേഷണപരീക്ഷണങ്ങള്‍
ബില്‍ക്കീസ് ബാനോ
ബില്‍ക്കീസ് ബാനോShahbaz Khan

ന്റെ എഴുത്തുജീവിതത്തിന്റെ ആരംഭകാലം മുതല്‍ (1590-കള്‍) അവസാനം വരെ, ഷെയ്ക്സ്പിയറെ നിരന്തരം അലട്ടിയിരുന്നതും അദ്ദേഹം മനുഷ്യവംശത്തോട് ചോദിച്ചുകൊണ്ടിരുന്നതും ''ഒരു പ്രജാപീഡകന്റെ (TYRANT) കൈകളിലേക്ക് ഒരു രാജ്യം മുഴുവന്‍ വീണുപോകാന്‍ സാധിക്കുന്നതെങ്ങനെ?'' എന്നു പൊള്ളിക്കുന്ന ചോദ്യമാണ്. സ്റ്റീഫന്‍ ഗ്രീന്‍ ബാള്‍ട്ടിന്റെ (Stepen Green Baltt) 'TYRANT: SHAKESPEARE ON POWER' (2019) ആദ്യ വാചകത്തിന്റെ വിവര്‍ത്തനമാണ് മുകളില്‍ എഴുതിയത്.

പതിനാറാം നൂറ്റാണ്ടിലെ സ്‌കോട്ടിഷ് പണ്ഡിതന്‍ ജോര്‍ജ്ജ് ബുഖാന്‍ എഴുതുകയുണ്ടായി: ''ഒരു രാജാവ് സ്വസമ്മതമുള്ള പ്രജകളുടെമേല്‍ ഭരണം നടത്തുന്നു'', ''ഒരു പ്രജാപീഡകനോ, സമ്മതമില്ലാത്തവരുടെമേലും.'' ഒരു സ്വതന്ത്ര സമൂഹത്തിന്റെ സ്ഥാപനങ്ങള്‍ ഭരിക്കുന്നവരുടെ താല്പര്യങ്ങള്‍ക്കായിട്ടല്ല, പൊതുനന്മയ്ക്കായിട്ടാണ് നിലനില്‍ക്കുന്നത്. ഷെയ്ക്സ്പിയര്‍ തന്നോട് തന്നെ ചോദിച്ചു. ഏത് സാഹചര്യങ്ങളിലാണ് മൂല്യാധിഷ്ഠിതവും അലംഘനീയവുമായ ഇത്തരം സ്ഥാപനങ്ങള്‍ പൊടുന്നനെ ദുര്‍ബ്ബലങ്ങളായി മാറുന്നത്. എന്തുകൊണ്ട് ഭൂരിപക്ഷം ജനങ്ങളും നുണകളില്‍ വിശ്വസിച്ചുപോകുന്നു? ഇതിന്റെ മനോഘടനയും പ്രവര്‍ത്തനങ്ങളും എന്താണ്? എന്തുകൊണ്ട് ഒരു രാഷ്ട്രം ഒന്നടക്കം അതിന്റെ മൂല്യങ്ങളില്‍നിന്നും വ്യവസ്ഥാപിത ഹിതങ്ങളില്‍നിന്നുപോലും അകന്നുപോകുന്നു?

പതിനാറാം നൂറ്റാണ്ടിലെ സ്‌കോട്ടിഷ് പണ്ഡിതന്‍ ജോര്‍ജ്ജ് ബുഖാന്‍ എഴുതുകയുണ്ടായി: ''ഒരു രാജാവ് സ്വസമ്മതമുള്ള പ്രജകളുടെമേല്‍ ഭരണം നടത്തുന്നു'', ''ഒരു പ്രജാപീഡകനോ, സമ്മതമില്ലാത്തവരുടെമേലും.'' ഒരു സ്വതന്ത്ര സമൂഹത്തിന്റെ സ്ഥാപനങ്ങള്‍ ഭരിക്കുന്നവരുടെ താല്പര്യങ്ങള്‍ക്കായിട്ടല്ല, പൊതുനന്മയ്ക്കായിട്ടാണ് നിലനില്‍ക്കുന്നത്. ഷെയ്ക്സ്പിയര്‍ തന്നോട് തന്നെ ചോദിച്ചു. ഏത് സാഹചര്യങ്ങളിലാണ് മൂല്യാധിഷ്ഠിതവും അലംഘനീയവുമായ ഇത്തരം സ്ഥാപനങ്ങള്‍ പൊടുന്നനെ ദുര്‍ബ്ബലങ്ങളായി മാറുന്നത്. എന്തുകൊണ്ട് ഭൂരിപക്ഷം ജനങ്ങളും നുണകളില്‍ വിശ്വസിച്ചുപോകുന്നു? ഇതിന്റെ മനോഘടനയും പ്രവര്‍ത്തനങ്ങളും എന്താണ്? എന്തുകൊണ്ട് ഒരു രാഷ്ട്രം ഒന്നടക്കം അതിന്റെ മൂല്യങ്ങളില്‍നിന്നും വ്യവസ്ഥാപിത ഹിതങ്ങളില്‍നിന്നുപോലും അകന്നുപോകുന്നു?
സ്റ്റീഫന്‍ ഗ്രീന്‍ ബാള്‍ട്ട്
സ്റ്റീഫന്‍ ഗ്രീന്‍ ബാള്‍ട്ട്

ഷെയ്ക്സ്പിയറിന്റെ ഇംഗ്ലണ്ടില്‍ സ്റ്റേജിലോ മറ്റെവിടെയെങ്കിലുമോ, ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. 1597-ല്‍ ബെന്‍ ജോണ്‍സന്റെ Isle of Dogs-ന്റെ അവതരണം രാജ്യദ്രോഹത്തിന്റെ പേരില്‍ നിരോധിക്കപ്പെട്ടു. നാടകകൃത്തിനെ അറസ്റ്റ് ചെയ്ത് തടവിലാക്കി. ലണ്ടനിലെ എല്ലാ നാടകശാലകളും ഇടിച്ചുനിരത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. (ഭാഗ്യത്തിന് ആ ഉത്തരവ് നടപ്പാക്കിയില്ല). രാജ്യദ്രോഹപരമായതെന്തെങ്കിലും നാടകത്തില്‍ ഉണ്ടോയെന്ന് അധികാരികളെ അറിയിച്ച് പ്രതിഫലം വാങ്ങാനായി കുറെ കാണികള്‍ നാടകശാലയിലെത്തി- ഇക്കാലത്തെ സാമൂഹ്യമാധ്യമങ്ങള്‍ എന്നു പറയാം.

ഷെയ്ക്സ്പിയറിന്റെ ഒരു ചരിത്രനാടകത്തില്‍ ദേഹത്ത് മുഴുവന്‍ നാക്കുകള്‍ തേച്ചുപി ടിപ്പിച്ച 'RUMOUR' (കിംവദന്തി) എന്നൊരു കഥാപാത്രം തന്നെയുണ്ടെന്ന് ഗ്രീന്‍ ബാള്‍ട്ട് എഴുതുന്നുണ്ട്. ജനങ്ങളെ പച്ചയോടെ കൊല്ലുന്നത് പാപമല്ല, അവര്‍ ദൈവപ്രവൃത്തി ചെയ്യുകയാണ്. ഇതേ വാക്കുകള്‍തന്നെയാണ് ജര്‍മനിയില്‍ ജൂതരുടെ കൂട്ടക്കൊലയ്ക്ക് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥ പ്രമുഖര്‍ വിചാരണ കോടതികളില്‍ മറ്റൊരുവിധത്തില്‍ പറഞ്ഞത്: ഞങ്ങള്‍ നാസി ജര്‍മനിയുടെ ഭരണഘടനയില്‍ എഴുതിയിട്ടുള്ള കാര്യങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളൂ. ഞങ്ങള്‍ ആരെയും കൊന്നിട്ടില്ല. (ഹന്ന ആരന്റിന്റെ ICHMANN in Jerusalem, വിശദമായി ഈ വസ്തുതകള്‍ രേഖപ്പെടുത്തുന്നുണ്ട്), തങ്ങള്‍ ചെയ്യുന്നത് ദൈവത്തിനു ഹിതകരമായ പ്രവൃത്തികളാണെന്നും തങ്ങള്‍ നടത്തുന്ന അറുംകൊലകള്‍ക്കു സ്വര്‍ഗ്ഗത്തില്‍ പ്രതിഫലം കിട്ടുമെന്നും ഇവര്‍ വിശ്വസിക്കുന്നു.

മേലെഴുതിയ വാക്കുകളുടെ പശ്ചാത്തലത്തില്‍ ബില്‍ക്കീസ് ബാനോയുടെ സത്യാന്വേഷണ പരീക്ഷണങ്ങളെ വിശദീകരിക്കാനാണ് ശ്രമിക്കുന്നത്. എനിക്കവര്‍ ഒരു മുസ്ലിമല്ല, ഹിന്ദുവായാലും മറ്റേത് മതത്തില്‍പ്പെട്ടവരായാലും എന്റെ നിലപാടില്‍ മാറ്റവുമില്ല. എനിക്കവര്‍ മനുഷ്യസ്ത്രീയാണ്. 2002 മാര്‍ച്ച് മൂന്നിനാണ് കൊലയാളികളില്‍നിന്നു രക്ഷപ്പെടാന്‍ അവരും കുടുംബവും ഗുജറാത്തിലെ റന്ധിക്പൂര്‍ ഗ്രാമത്തില്‍നിന്നും പലായനം ചെയ്യുന്നത്. അവര്‍ ആക്രമിക്കപ്പെട്ടു. അഞ്ചുമാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസിനെ കൊലയാളിസംഘം പീഡിപ്പിച്ചു; ഗര്‍ഭിണിയാണെന്നറിഞ്ഞിട്ടും. മൂന്നു വയസ്സുള്ള മകളെ തറയിലടിച്ചുകൊന്നു. മൊത്തം പതിന്നാലു കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു. ഇവരില്‍ ഏഴു സ്ത്രീകള്‍ കൂട്ടപ്പീഡനത്തിന്നിരയായി. തന്നെ പീഡിപ്പിച്ചവര്‍ ആരെന്ന് അവര്‍ പൊലീസിനു മൊഴിനല്‍കി. കാരണം, അവര്‍ ബില്‍ക്കീസിന്റെ ഗ്രാമവാസികളും അയല്‍ക്കാരുമായിരുന്നു. അവര്‍ ലിംഖേഡ പൊലീസ് സ്റ്റേഷനില്‍ എത്തിയ നിമിഷം മുതല്‍ പൊലീസും ഗുജറാത്തിലെ നിയമവ്യവസ്ഥയും അവര്‍ക്കെതിരായിരുന്നു. കോടതികളില്‍നിന്ന് കോടതികളിലേക്ക് കേസ് നീണ്ടു. ബില്‍ക്കീസ് ബാനോ പതറാതെ, തളരാതെ നീതിക്കായി പൊരുതി. അവര്‍ക്ക് നീതി ലഭിക്കുമെന്ന ഓരോ ഘട്ടത്തിലും ഗുജറാത്ത് സ്റ്റേറ്റും കേന്ദ്രവും ഉദ്യാഗസ്ഥരും നേതാക്കളായ ഭരണാധികാരികളും നീതി നിഷേധിക്കാനും ശിക്ഷിക്കപ്പെട്ടവര്‍ക്കായി നിയമവ്യവസ്ഥയെ അട്ടിമറിക്കാനും ശ്രമിച്ചു.

2022 ഓഗസ്റ്റില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ വിട്ടതു മുതല്‍ ബില്‍ക്കീസും ഭര്‍ത്താവ് യാക്കൂബ് റസൂലും നാല് പെണ്‍മക്കളും ഗുജറാത്തിലെ ദഹോദ് ജില്ലയിലെ രണ്‍ദീര്‍കപൂര്‍ ഗ്രാമത്തിലെ വീട്ടില്‍നിന്നും മാറി. ഇപ്പോള്‍ അവര്‍ പലായനത്തിലാണ്. അജ്ഞാത കേന്ദ്രത്തിലാണ്. ''ഇത് രാഷ്ട്രീയമല്ലല്ലോ, ഞങ്ങളുടെ ജീവിതമല്ലേ? ഇത് ബില്‍ക്കീസിന്റെ മാത്രം പ്രശ്നമല്ല. ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശത്തിന്റേതാണ്'' - യാക്കൂബ് റസൂല്‍ പറയുന്നു.

ബില്‍ക്കീസ് ബാനോ കേസിലെ പ്രതികള്‍ക്ക് നല്‍കിയ സ്വീകരണം
ബില്‍ക്കീസ് ബാനോ കേസിലെ പ്രതികള്‍ക്ക് നല്‍കിയ സ്വീകരണം-

ഇതിന്റെ മറുറം നോക്കുക: ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ച പതിനൊന്ന് കുറ്റവാളികള്‍ക്കു ഗോധ്ര സബ്ജയിലിനു മുന്നിലും വിശ്വഹിന്ദു പരിഷത്ത് ഓഫീസിലും പൂമാലയണിയിച്ചുള്ള സ്വീകരണം. 1948-ല്‍ ഗാന്ധി വധിക്കപ്പെട്ടപ്പോള്‍ ആര്‍.എസ്.എസ്സുകാര്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തതായി പ്യാരേലാലും അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലും രേഖപ്പെടുത്തിയത് വായിച്ചിട്ടുണ്ട്. ഇത് അതിനെക്കാളൊക്കെ ഹീനമായി തോന്നി. ഒരു മനുഷ്യസ്ത്രീയ പീഡിപ്പിക്കുകയും അവരുടെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത് ശിക്ഷിക്കപ്പെട്ടവരെ ഒരു സംസ്ഥാന സര്‍ക്കാര്‍ വിട്ടയച്ചപ്പോള്‍ അവരെ പൂമാലയണിയിച്ച് സ്വീകരിക്കുക. പ്രതിക്കുവേണ്ടി ഹാജരായ അഭിഭാഷക ഇന്ദിര ജയ്സിങ് ഇതേക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാരിനും ഗുജറാത്ത് സര്‍ക്കാരിനും വേണ്ടി ഹാജരായ അഡീഷണല്‍ സോളിസ്റ്റര്‍ ജനറല്‍ എസ്.വി. രാജു സുപ്രീം കോടതിയില്‍ ചോദിച്ചത് നമ്മെ (ഹൃദയമുള്ളവരെ) ഭയപ്പെടുത്തും.

''ജയിലില്‍നിന്ന് പുറത്തുവരുന്ന കുടുംബാംഗത്തെ മാലയിട്ടു സ്വീകരിക്കുന്നതിന് എന്താണ് തെറ്റ്?'' അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞ കുടുംബമെന്നതില്‍ അടങ്ങിയിട്ടുള്ളത് വിശ്വഹിന്ദു പരിഷത്തും ആര്‍.എസ്.എസ്സും ബി.ജെ.പിയും കേന്ദ്ര-ഗുജറാത്ത് സര്‍ക്കാരുകളും അവരുടെ വീക്ഷണത്തില്‍ നിങ്ങളും ഞാനുമടങ്ങുന്ന ഹിന്ദുനാമധാരികളായ ഇന്ത്യയിലെ ഭൂരിപക്ഷസമുദായവുമാണ്. ഹിന്ദുവിനുവേണ്ടിയാണ്, ഇന്നലെത്തേയും നാളെത്തേയും ഹിന്ദുവിനുവേണ്ടിയാണ് നാമെല്ലാം ചേര്‍ന്ന് ഗര്‍ഭിണിയായ സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ച് രണ്ട് പതിറ്റാണ്ടായി അവര്‍ക്ക് ഈ ഭൂമിയില്‍ ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്നത്.
ബില്‍ക്കീസ് ബാനോ
ഭാവനയെ വെല്ലുവിളിക്കുന്ന നോവല്‍

രാമനും ധര്‍മ്മവും

സുഹൃത്തെ, ഇതിന് മൗനാനുവാദം നല്‍കുന്ന ഹിന്ദുനാമധാരികളായ നിങ്ങളും ഞാനും മനുഷ്യരല്ല. ഈ മനുഷ്യസ്ത്രീയെ പീഡിപ്പിച്ചവരാണ്, അവര്‍ക്ക് ജീവിക്കാനുള്ള അവകാശം ഓരോ നിമിഷവും നിഷേധിക്കുന്ന അധികാരികളും അവരുടെ സംഘങ്ങളുമാണ് അയോധ്യയില്‍ ബാബ്റി മസ്ജിദ് നിലംപരിശാക്കി രാമക്ഷേത്രം നിര്‍മ്മിച്ച്, രാമനെ നമ്മുടെ ദൈവമായി പ്രതിഷ്ഠിക്കുന്നത്. ഈ ദൈവം, നമ്മുടെയൊക്കെ ദൈവമാണെങ്കില്‍ അദ്ദേഹം അവിടെ നിശ്ശബ്ദനായി ഇരിക്കുമോ? ഈ രാമന്‍, ഹിന്ദുവിന്റെ വിശ്വാസത്തിന്റെ രാമനാണെന്ന്, ഇന്ത്യയിലെ ഭൂരിപക്ഷ സമുദായം വിശ്വസിക്കുന്നുണ്ടെങ്കില്‍, ഇന്ത്യയിലെ ഹിന്ദുമനസ്സിന് എന്തോ സാരമായ തകരാറ് പിണഞ്ഞിട്ടുണ്ട്.

എന്റെ രാമന്‍, അനീതിയെ, അധര്‍മ്മത്തെ, ഹിംസയെ, സ്ത്രീ പീഡനത്തെ പൊറുപ്പിക്കുന്നവനല്ല എന്ന് പറയുവാന്‍ എന്തേ നിങ്ങള്‍ക്കും എനിക്കും കഴിഞ്ഞില്ല? ഷെയ്ക്സ്പിയര്‍ പറയുന്നതുപോലെ, നാസി കാലത്തെ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നതുപോലെ സ്ത്രീപീഡകര്‍ക്ക്, നിരപരാധികളെ കൊലചെയ്യുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ എളുപ്പം കയറിപ്പറ്റാനാവുമോ? രാമദര്‍ശനം ക്ഷണേന ഇക്കാര്യത്തില്‍ നമുക്ക് കിട്ടുമോ? അതിനായി പീഡകര്‍ക്കും കൊലയാളികള്‍ക്കും നിയമപരിരക്ഷകള്‍ നല്‍കുന്ന നിയമപാലകരായ ഉദ്യോഗസ്ഥര്‍ക്കും അധികാരികള്‍ക്കും ദൈവദര്‍ശനം സൗജന്യനിരക്കില്‍ കിട്ടുമോ? 84 ശതമാനം വരുന്ന ഇന്ത്യയിലെ ഭൂരിപക്ഷ മതസ്ഥര്‍ ഇതാണ് സത്യമെന്നു കാണുകയാണെങ്കില്‍, മനുഷ്യരെന്ന പദം, നാം അര്‍ഹിക്കുന്നുണ്ടോ? മതവും ജാതിയും വര്‍ഗ്ഗവും ഇല്ലാത്ത മനുഷ്യേതര ജീവികള്‍ നമ്മേക്കാള്‍ എത്രയോ മഹത്തുക്കള്‍!
മഹാത്മാഗാന്ധി
മഹാത്മാഗാന്ധി

ഇന്ത്യയിലെ ഭൂരിപക്ഷ സമുദായം സ്വന്തം ഹൃദയത്തിലേക്ക് തിരിഞ്ഞു നോക്കണം അടിയന്തരമായി. ഹിന്ദുക്കള്‍ ഒരു നവീകരണം ആവശ്യപ്പെടുന്നുണ്ട്, മനുഷ്യനെന്ന നിലയിലും ശ്രീരാമന്‍ തുടങ്ങിയ ദൈവങ്ങളില്‍ വിശ്വസിക്കുന്നവരെന്ന നിലയിലും. നൂറ്റാണ്ടുകളായി ഹിന്ദുക്കളില്‍ത്തന്നെ ഒരു വിഭാഗത്തെ പതിതരും അസ്പര്‍ശ്യരും ഹീനരുമായി കരുതിപ്പോരുന്ന ജാതിഹിന്ദുക്കള്‍ ദൈവത്തിന്റെ മക്കളല്ലെന്നും അവര്‍ (ജാതിഹിന്ദുക്കള്‍) ദൈവത്തിന്റെ മക്കളാകണമെങ്കില്‍ സ്വയം നവീകരിക്കേണ്ടതുണ്ടെന്നും ഗാന്ധി പറയുകയുണ്ടായി. സ്ത്രീപീഡകരും അപരനെ കൊലപ്പെടുത്തുന്നവരും പണിതുയര്‍ത്തുന്നതൊന്നും ദൈവക്ഷേത്രങ്ങളല്ല, സാത്താന്റെ പണിപ്പുരകളാണ്. ഇത്തരക്കാരില്‍നിന്നു ദൈവധാതുവിനെ, രാമധാതുവിനെ, ഇസ്ലാം ധാതുവിനെ, ക്രിസ്തു ധാതുവിനെ മോചിപ്പിക്കുക. ഇവരുടേത് വിശ്വാസമല്ല. വഞ്ചനയുടെ തന്ത്രങ്ങളാണ്. ഗാന്ധി ഇത് വളരെ വ്യക്തമായി പറയുന്നുണ്ട്.

1928 മാര്‍ച്ച് മുപ്പതിലെ 'ഹരിജനി'ല്‍ ഗാന്ധി: ''നമ്മള്‍ പാടുന്ന രാമന്‍ വാത്മീകിയുടേയോ ഇങ്ങേയറ്റം തുളസി(ദാസ്)യുടേയോ രാമനല്ല... ഈ രാമന്‍ ദശരഥന്റെ പുത്രനോ സീതാപതിയോ അല്ല. വാസ്തവത്തില്‍, ഈ രാമന്‍ ശരീരമുള്ളവനല്ല. ഏതോ വര്‍ഷത്തില്‍... ചൈത്രമാസത്തിലെ ഒന്‍പതാം നാളില്‍ ജനിച്ച രാമനല്ല ഇത്. അദ്ദേഹം ജന്മരഹിതനാണ് അദ്ദേഹം സ്രഷ്ടാവാണ്. പ്രപഞ്ചനാഥനാണ്.'' വീണ്ടും 1929 സെപ്റ്റംബര്‍ പത്തിലെ 'യങ്ങ് ഇന്ത്യ'യില്‍ ഗാന്ധി ''രാമരാജ്യം കൊണ്ട് ഞാനര്‍ത്ഥമാക്കുന്നത് ഒരു ഹിന്ദു രാജ്യമല്ല. അത് ദിവ്യമായ ഭരണമാണ്. ദൈവത്തിന്റെ രാജ്യം. എനിക്ക് രാമനും റഹീമും ഒരേ ദിവ്യത്വത്തിന്റെ ഭാഗമാണ്. സത്യവും ധര്‍മ്മവുമല്ലാതെ മറ്റൊരു ദൈവത്തേയും ഞാന്‍ തിരിച്ചറിയുന്നില്ല. മറ്റൊരിക്കല്‍ ഗാന്ധി: ''നിങ്ങള്‍ക്കെന്നെ കൊല്ലാം. എന്റെ മുഖത്ത് തുപ്പാം. പക്ഷേ, ഞാനെന്റെ അവസാന ശ്വാസം വരെയും രാമ റഹീം, കൃഷ്ണ കരീം എന്നാവര്‍ത്തിച്ചുകൊണ്ടിരിക്കും.''

ഇന്ദിരാ ജെയ്സിങ്
ഇന്ദിരാ ജെയ്സിങ്-

ഗാന്ധി പറഞ്ഞ അവസാന വാചകത്തില്‍ നമുക്ക് ബില്‍ക്കീസ് ബാനോയേയും അവരുടെ ഭര്‍ത്താവ് യാക്കൂബ് റസൂലിനേയും കണ്ടെത്താനാവും. ഇന്നാണെങ്കില്‍ തീര്‍ച്ചയായും ബില്‍ക്കീസ് ബാനോയെ ഗാന്ധി ഇങ്ങനെ ഹൃദയമൊഴിയാക്കും. ''നിങ്ങള്‍ക്കെന്നെ കൊല്ലാം. എന്റെ മുഖത്ത് തുപ്പാം. പക്ഷേ, ഞാനെന്റെ അവസാന ശ്വാസം വരെയും സീത-ബില്‍ക്കീസ് ബാനോ, മേരി-ലക്ഷ്മി, ഊര്‍മ്മിള-റഹ്മത്ത് എന്നാവര്‍ത്തിച്ചുകൊണ്ടിരിക്കും.'' ഈ നവീകരണമാണ്, ബില്‍ക്കീസ് ബാനോയുടെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ നമ്മോട് ആവശ്യപ്പെടുന്നത്. ഈ ക്രൂരകാലവും.

ബില്‍ക്കീസ് ബാനോ
മഹുവയെ ബിജെപി കുരുക്കിയതെന്തിന്?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com