വിമോചനസമരത്തിനു ശേഷം അമരാവതി സമരം ഇടതുപക്ഷത്തിന് അനുഗ്രഹമായതെങ്ങനെ?

എ.കെ.ജി അമരാവതിസമരം നടത്തിയത് സി.പി.ഐ നേതൃത്വത്തിന്റെ അനുമതിയോടെയല്ലെന്നു മാത്രമല്ല, ഭൂരിപക്ഷനേതൃത്വത്തിന്റെ നീരസത്തോടെയാണുതാനും. എന്നാല്‍, പാര്‍ട്ടിക്ക് അത് വലിയ അനുഗ്രഹമായി കലാശിച്ചുവെന്നതിന്റെ തെളിവാണ് 1962-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം.
എ.കെ.ജി
എ.കെ.ജി

കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ എന്നല്ല, കീഴ്മേല്‍ മറിച്ച സംഭവപരമ്പരകള്‍ക്കു ശേഷമാണ് മൂന്നാം ലോക്‌സഭാ തെരഞ്ഞെടുപ്പെത്തുന്നത്. ജാതി-മത വര്‍ഗ്ഗീയ ശക്തികളാകെ ഏകോപിച്ച് ജീര്‍ണ്ണതയുടെ രാഷ്ട്രീയഭൂതത്തെ തുറന്നുവിട്ടുവെന്ന് ആരോപിക്കപ്പെട്ട വിമോചനസമരത്തിന്റെ ഫലമായി ഇ.എം.എസ് മന്ത്രിസഭയെ പിരിച്ചുവിടുകയും ആറുമാസത്തെ രാഷ്ട്രപതി ഭരണത്തിനുശേഷം നിയമസഭാ തെരഞ്ഞെടുപ്പ് നടത്തിക്കഴിയുകയും ചെയ്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും മുസ്ലിം ലീഗും പി.എസ്.പിയും ചേര്‍ന്ന മുന്നണി തകര്‍പ്പന്‍ ജയം നേടി പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറിയിരുന്നു. 1957-ലെ തെരഞ്ഞെടുപ്പില്‍ സി.പി.ഐക്ക് തനിച്ച് 60 എം.എല്‍.എമാരും അഞ്ച് സ്വതന്ത്രരുടെ പിന്തുണയുമാണുണ്ടായിരുന്നതെങ്കില്‍ 1960-ല്‍ കോണ്‍ഗ്രസ്സിന് 126-ല്‍ 63 അംഗങ്ങളുണ്ടായിരുന്നു. എന്നിട്ടും പട്ടത്തിന് മുഖ്യമന്ത്രിസ്ഥാനം നല്‍കേണ്ടിവന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാണെങ്കില്‍ ഈ തെരഞ്ഞെടുപ്പില്‍ 29 പേരെയേ ജയിപ്പിക്കാനായുള്ളൂ. ലീഗ് പൂര്‍ണ്ണമായും കോണ്‍ഗ്രസ്സുമായി മുന്നണിയാക്കിയതിനാല്‍ മലബാറില്‍ സി.പി.ഐക്ക് വലിയ തിരിച്ചടിയാണുണ്ടായത്. എന്നാല്‍, വിമോചനസമരാനന്തരം നടന്ന ആ തെരഞ്ഞെടുപ്പിലും രണ്ടു ലക്ഷത്തിലധികം വോട്ടു വര്‍ദ്ധിക്കുകയാണുണ്ടായത്.

എ.കെ.ജി സമരകാലത്ത്
എ.കെ.ജി സമരകാലത്ത്

മുസ്ലിം ലീഗ് ഏതെങ്കിലും മുന്നണിയുടെ ഭാഗമാകുന്നത് ആദ്യമായിട്ടായിരുന്നു. ഭൗതികവാദികളും ഈശ്വരവിശ്വാസികളല്ലാത്തവരുമായ കമ്യൂണിസ്റ്റുകാരെ നിഷ്‌കാസനം ചെയ്യുകയെന്ന ഏക ലക്ഷ്യത്തില്‍ വിമോചനസമരത്തിനായി ഒന്നിച്ചതിന്റെ തുടര്‍ച്ചയായി നടന്ന തെരഞ്ഞെടുപ്പായതിനാല്‍ ലീഗ്-കോണ്‍ഗ്രസ് ബന്ധത്തില്‍ ആരും അനൗചിത്യം കണ്ടില്ല. എന്നാല്‍, തെരഞ്ഞെടുപ്പിനു ശേഷം അതില്‍ മാറ്റം വന്നു. കോണ്‍ഗ്രസ് ദേശീയനേതൃത്വം ലീഗിനു മന്ത്രിസ്ഥാനം നല്‍കുന്നതിനെ എതിര്‍ത്തു. ലീഗ് വര്‍ഗ്ഗീയകക്ഷിയാണെന്ന നിലപാടിലായിരുന്നു ഹൈക്കമാന്‍ഡ്. ലീഗ് ചത്തകുതിരയാണെന്ന നെഹ്റുവിന്റെ പഴയ പ്രസ്താവന അക്കാലത്ത് ഏറെ ഉദ്ധരിക്കപ്പെട്ടു. ഒടുവില്‍ ലീഗിനു സ്പീക്കര്‍സ്ഥാനം നല്‍കിയാണ് പ്രശ്നപരിഹാരമുണ്ടാക്കിയത്. സ്പീക്കറായ സീതിസാഹിബ് അന്തരിച്ചതിനെത്തുടര്‍ന്ന് സി.എച്ച്. മുഹമ്മദ് കോയയെ സ്പീക്കര്‍ സ്ഥാനത്തേക്ക് ലീഗ് നിര്‍ദ്ദേശിച്ചു. ഈ ഘട്ടത്തില്‍ കെ.പി.സി.സി പ്രസിഡന്റ് സി.കെ. ഗോവിന്ദന്‍ നായരും പരസ്യമായി ലീഗിനെതിരെ അഭിപ്രായം പറയുന്ന സ്ഥിതിയുണ്ടായി. സി.എച്ചിനെ സ്പീക്കറാക്കാം പക്ഷേ, സ്വതന്ത്രനെന്ന നിലയില്‍ - ലീഗിന്റെ നിയമസഭാകക്ഷിയില്‍നിന്ന് സി.എച്ച്. രാജിവെക്കണം. ലീഗ് അതിനു വഴങ്ങിയതോടെ മുസ്ലിം ലീഗിന്റെ തൊപ്പിയൂരിച്ചേ എന്നടക്കം പരിഹാസമുയര്‍ന്നു. ഏതായാലും ആ അസ്വാരസ്യം മൂര്‍ച്ഛിച്ച് കോയ സ്പീക്കര്‍ സ്ഥാനം രാജിവെക്കുന്നതിലേക്കെത്തി. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനു തൊട്ടുമുമ്പായിരുന്നു രാജി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലീഗ് രണ്ട് സീറ്റ് ആവശ്യപ്പെട്ടത് കോണ്‍ഗ്രസ് നേതൃത്വം നിരാകരിച്ചതും രാജിക്കു കാരണമായി. ലീഗിന്റെ പിന്തുണയില്ലാതെത്തന്നെ ജയിക്കാനാവുന്ന രാഷ്ട്രീയാന്തരീക്ഷമാണെന്ന കണക്കുകൂട്ടലാണ് കോണ്‍ഗ്രസ്സിന് അന്നുണ്ടായിരുന്നത്.

സി.എച്ച്, ഇ.ജോണ്‍ ജേക്കബ്, സുകുമാര്‍ അഴീക്കോട്
സി.എച്ച്, ഇ.ജോണ്‍ ജേക്കബ്, സുകുമാര്‍ അഴീക്കോട്

വിമോചനസമരത്തില്‍ ആളിപ്പടര്‍ന്ന കമ്യൂണിസ്റ്റ് വിരോധം അതേപടി അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നു പള്ളിയും സമുദായസംഘടനകളാകെയും കമ്യൂണിസ്റ്റ് വിരോധത്തില്‍ മത്സരിക്കുന്നു. കമ്യൂണിസ്റ്റുകാരും കായികമായി നേരിട്ടു നശിപ്പിക്കാനാകുമെങ്കില്‍ അതിനും തയ്യാറെന്ന ഇ. ജോണ്‍ ജേക്കബ്ബിന്റെ നേതൃത്വത്തിലുള്ള നിരണം (കുട്ടനാട്) പടപോലുള്ള പടകള്‍ പലേടത്തും സജീവം. ഇതാണ് സ്ഥിതിയെന്നതിനാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയം നേടാനാകുമെന്ന കണക്കുകൂട്ടലാണ് കോണ്‍ഗ്രസ്സിന്റെ സംസ്ഥാന-ദേശീയ നേതൃത്വങ്ങള്‍ക്കുണ്ടായിരുന്നത്. വിവിധ സമുദായങ്ങളില്‍നിന്നുള്ള അകല്‍ച്ച, വിശ്വാസവിരുദ്ധരാണെന്ന പ്രചാരണം കമ്യൂണിസ്റ്റുകാരെ ഒറ്റപ്പെടുത്തിയിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേതൊഴികെയുള്ള എല്ലാ പത്രങ്ങളും എതിരായത് മറ്റൊരു പ്രശ്നം.

എന്നാല്‍, ആ അന്തരീക്ഷം മാറ്റിമറിക്കുന്ന മറ്റൊരു സംഭവമുണ്ടായി. കേരളചരിത്രത്തിലെ ഏറ്റവും ഐതിഹാസികമായ ഒരു സമരം ഇക്കാലത്താണ് നടന്നത്. ഇടുക്കി പദ്ധതിയുടെ പേരില്‍ ഉടുമ്പഞ്ചോല അയ്യപ്പന്‍കോവിലില്‍ നടന്ന മനുഷ്യത്വരഹിതമായ കുടിയിറക്കിനെതിരെ എ.കെ.ജി നടത്തിയ അമരാവതി സത്യാഗ്രഹം. വനപ്രദേശത്ത് കുടിയേറി കൃഷിചെയ്ത് ജീവിക്കുന്ന മുപ്പത്താറായിരത്തോളം കുടുംബങ്ങളെയാണ് കുടിയൊഴിപ്പിക്കാന്‍ നീക്കമാരംഭിച്ചത്. രണ്ടായിരത്തിലേറെ കുടുംബങ്ങളെ ആദ്യഘട്ടത്തില്‍ കുടിയൊഴിപ്പിച്ച് ബലം പ്രയോഗിച്ച് കൊടും കാടായ അമരാവതി മേഖലയില്‍കൊണ്ടു തള്ളുകയായിരുന്നു. ആയിരക്കണക്കിന് അമ്മമാരും കുഞ്ഞുങ്ങളും വൃദ്ധരുമെല്ലാം ഉടുതുണിക്കു മറുതുണിയില്ലാതെ, കോരിച്ചൊരിയുന്ന മഴയത്ത് നരകയാതന അനുഭവിക്കുന്ന സ്ഥിതി. സംഭവമറിഞ്ഞ് ഓടിയെത്തിയ എ.കെ.ജി പാര്‍ട്ടി നേതൃത്വവുമായിപ്പോലും ആലോചിക്കാതെ അവിടെ ഒരു ചെറുപന്തല്‍ കെട്ടി നിരാഹാരസത്യാഗ്രഹം ആരംഭിക്കുകയായിരുന്നു. 12 ദിവസം നീണ്ട നിരാഹാരസമരം കേരളത്തില്‍ മാത്രമല്ല, ദേശീയതലത്തില്‍ത്തന്നെ വലിയ ചലനങ്ങളാണുണ്ടാക്കിയത്. ഓരോ കുടുംബത്തിനും പകരം ഭൂമി നല്‍കാമെന്ന ഒത്തുതീര്‍പ്പിനു ശേഷമാണ് എ.കെ.ജി സമരം അവസാനിപ്പിച്ചത്. അമരാവതി സംഭവത്തിന്റെ തുടര്‍ച്ചയായി കൊട്ടിയൂരിലും കുടിയൊഴിപ്പിക്കല്‍ നടപടി തുടങ്ങി. അതിനെതിരേയും സമരം നടന്നു. ഈ ഘട്ടത്തിലാണ് നേരത്തെ വിമോചനസമരത്തിന്റെ നേതാക്കളില്‍ പ്രമുഖനായിരുന്ന ഫാദര്‍ വടക്കന്‍ പട്ടം സര്‍ക്കാരിനെതിരെ രംഗത്തുവരുന്നത്. കടുത്ത കമ്യൂണിസ്റ്റ്വിരുദ്ധനായ വടക്കന്‍ കുടിയൊഴിപ്പിക്കലിനെതിരെ കമ്യൂണിസ്റ്റുകാരുമായി യോജിക്കാമെന്ന നിലപാടിലേക്കെത്തുകയും എ.കെ.ജിയുമായി ചേര്‍ന്ന് ഒഴിപ്പിക്കല്‍വിരുദ്ധ സമരത്തിനു സന്നദ്ധനാവുകയും ചെയ്തു. കേരള രാഷ്ട്രീയത്തെ വിമോചനസമരത്തിന്റെ ഭാഗമായി ഗ്രസിച്ച വര്‍ഗ്ഗീയ ജീര്‍ണ്ണത മെല്ലെമെല്ലെ അയയുകയും യഥാര്‍ത്ഥ പ്രശ്നങ്ങളിലേക്കു മാറാന്‍ തുടങ്ങുകയും ചെയ്യുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. എ.കെ.ജി അമരാവതിസമരം നടത്തിയത് സി.പി.ഐ നേതൃത്വത്തിന്റെ അനുമതിയോടെയല്ലെന്നു മാത്രമല്ല, ഭൂരിപക്ഷനേതൃത്വത്തിന്റെ നീരസത്തോടെയാണുതാനും. എന്നാല്‍, പാര്‍ട്ടിക്ക് അത് വലിയ അനുഗ്രഹമായി കലാശിച്ചുവെന്നതിന്റെ തെളിവാണ് 1962-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം.

പി.എസ്. നടരാജപിള്ള, എസ്.കെ. പൊറ്റക്കാട്
പി.എസ്. നടരാജപിള്ള, എസ്.കെ. പൊറ്റക്കാട്

ദ്വയാംഗ മണ്ഡലം സംവിധാനം ഇല്ലാതായ തെരഞ്ഞെടുപ്പാണത്. നേരത്തെ 16 മണ്ഡലത്തില്‍നിന്ന് 18 പ്രതിനിധികളായിരുന്നെങ്കില്‍ 1962-ല്‍ 18 സ്വതന്ത്ര മണ്ഡലങ്ങള്‍തന്നെ. അരിവാള്‍ക്കതിര്‍ ചിഹ്നത്തില്‍ ആറു പേരും മൂന്ന് സ്വതന്ത്രരുമടക്കം ഒന്‍പത് സീറ്റില്‍ കമ്യൂണിസ്റ്റ് പക്ഷത്തിനു വിജയം. കോണ്‍ഗ്രസ്സിന് ആറ് സീറ്റ് മാത്രം. കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷിയായ പി.എസ്.പി മത്സരിച്ച നാല് സീറ്റിലും തോറ്റു. കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായി വിളങ്ങിയിരുന്ന പട്ടത്തിന്റേയും അദ്ദേഹം നയിച്ച പി.എസ്.പിയുടേയും പ്രഭ മങ്ങിത്തുടങ്ങുകയാണെന്നു തെരഞ്ഞെടുപ്പുഫലം തെളിയിച്ചു. പി.എസ്.പി മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ സോഷ്യലിസ്റ്റ് ബന്ധമുള്ള സ്വതന്ത്രരെ കണ്ടെത്തി പിന്തുണയ്ക്കുന്ന തന്ത്രമാണ് സി.പി.ഐ വിജയകരമായി പയറ്റിയത്. അതോടൊപ്പം വിമോചനസമരത്തില്‍ പങ്കെടുത്ത് വലതുപക്ഷ ലൈനിലേക്കു പോയിരുന്ന ആര്‍.എസ്.പിയെ തിരികെ പിടിക്കുന്നതിനുള്ള ശ്രമവും തുടങ്ങി. കൊല്ലത്ത് കോണ്‍ഗ്രസ്സിനെതിരെ മത്സരിച്ച ശ്രീകണ്ഠന്‍ നായര്‍ക്കു പിന്തുണ നല്‍കുകയായിരുന്നു. ശ്രീകണ്ഠന്‍ നായരും നല്ല ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഫലത്തില്‍ സി.പി.ഐ പക്ഷത്തിന് 10 മണ്ഡലത്തില്‍ ജയിക്കാന്‍ കഴിഞ്ഞുവെന്ന അവകാശവാദമുണ്ടായി. തീര്‍ന്നില്ല, സ്പീക്കര്‍സ്ഥാനം രാജിവെച്ച് കോഴിക്കോട്ട് ലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.എച്ച്. മുഹമ്മദ്കോയക്ക് സി.പി.ഐ രഹസ്യപിന്തുണ നല്‍കിയതായി അന്ന് വാര്‍ത്തകളുണ്ടായിരുന്നു. 1957-ല്‍ കാസര്‍കോട് എ.കെ.ജി ജയിച്ചത് കഷ്ടിച്ചായിരുന്നുവല്ലോ.

എ.കെ.ജി
കെ.കേളപ്പനും അദ്ദേഹത്തിന്റെ ശത്രുക്കളായിരുന്ന കമ്യൂണിസ്റ്റുകാരും ഒന്നായതെങ്ങനെ? മുഖ്യശത്രുകള്‍ മുഖ്യമിത്രങ്ങളായതിന്റെ ചരിത്രം

പൊറ്റക്കാടും അഴീക്കോടും

വിമോചനസമരാനന്തരം നടക്കുന്ന തെരഞ്ഞെടുപ്പില്‍ എന്തു സംഭവിക്കുമെന്ന സന്ദേഹമുണ്ടായിരുന്നു. മുസ്ലിം ലീഗുമായി സഹകരിക്കുന്നത് നന്നാവുമെന്ന ചിന്ത സി.പി.ഐയിലെ ഇടതുവിഭാഗത്തില്‍ ശക്തമാകാന്‍ തുടങ്ങിയുമിരുന്നു. കാസര്‍കോട് എ.കെ.ജിക്ക് ലീഗിന്റെ സഹായം, കോഴിക്കോട്ട് ലീഗിന് ചെറിയൊരു സഹായം സി.പി.ഐയുടേതും എന്നൊരു ധാരണയുണ്ടായിരുന്നതായി അന്ന് വാര്‍ത്തയുണ്ടായിരുന്നു. ഏതായാലും സി.എച്ചും എ.കെ.ജിയും ജയിച്ചു. എ.കെ.ജി തൊട്ടുമുന്‍പത്തെ തെരഞ്ഞെടുപ്പില്‍ അയ്യായിരത്തില്‍പ്പരം വോട്ടിനാണ് ജയിച്ചത്. മൂന്നാം തെരഞ്ഞെടുപ്പിലാകട്ടെ, ഭൂരിപക്ഷം അറുപതിനായിരത്തില്‍പ്പരമായിരുന്നു. മുന്‍ ഭൂരിപക്ഷത്തിന്റെ 12 മടങ്ങ് ഭൂരിപക്ഷം. അതേസമയം കോഴിക്കോട്ട് സി.എച്ച്. മുഹമ്മദ്കോയ ജയിച്ചത് കേവലം 763 വോട്ടിനാണ്. തോറ്റത് സി.പി.ഐയിലെ എച്ച്. മഞ്ചുനാഥ റാവു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വളരെ പുറകില്‍ മൂന്നാമതായി. ലീഗിന്റെ രണ്ടാമത്തെ സീറ്റായ മഞ്ചേരിയില്‍ മുഹമ്മദ് ഇസ്മയില്‍ ജയിച്ചത് 4328 വോട്ടിനാണ്. അവിടെയും രണ്ടാം സ്ഥാനത്ത് സി.പി.ഐയായിരുന്നു. ലീഗിന് 39.2 ശതമാനം വോട്ടുകിട്ടിയപ്പോള്‍ സി.പി.ഐക്ക് 37.5 ശതമാനം വോട്ട് കിട്ടി. കോണ്‍ഗ്രസ്സിന് 20.2 ശതമാനവും. മുസ്ലിം ലീഗില്ലെങ്കില്‍ മലബാര്‍ മേഖലയില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്ന പാഠമാണ് കോണ്‍ഗ്രസ്സിന് ഇത് പകര്‍ന്നുനല്‍കിയത്.

മലബാറില്‍ കോണ്‍ഗ്രസ്സിന് ഒരു സീറ്റും ലഭിച്ചില്ല. കോഴിക്കോടിനു പുറമെ തലശ്ശേരിയും നഷ്ടപ്പെട്ടു. തലശ്ശേരിയില്‍ തൊട്ടുമുന്‍പത്തെ തെരഞ്ഞെടുപ്പില്‍ എം.കെ. ജിനചന്ദ്രന്‍ കമ്യൂണിസ്റ്റ് സ്വതന്ത്രനായ എസ്.കെ. പൊറ്റെക്കാടിന് ആയിരത്തില്‍ ചില്വാനം വോട്ടിനാണ് പരാജയപ്പെടുത്തിയത്. മൂന്നാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊറ്റെക്കാടിനു പറ്റിയ ഒരു എതിരാളിയെ കോണ്‍ഗ്രസ് കണ്ടുപിടിച്ചു. പ്രസംഗത്തിലൂടെ കമ്യൂണിസ്റ്റ്വിരുദ്ധ ചാമ്പ്യനായി മാറിയ ജനപ്രിയ പ്രസംഗകന്‍ സുകുമാര്‍ അഴീക്കോട്. തലശ്ശേരിയുടെ അന്തരീക്ഷത്തിനു ചേര്‍ന്ന ഒരുമാതിരി സാംസ്‌കാരിക മത്സരമാണവിടെ നടന്നത്. എസ്.കെ, കെ.ടി. സുകുമാരന്‍ എന്ന സുകുമാര്‍ അഴീക്കോടിനെ പരാജയപ്പെടുത്തിയത് 64950 വോട്ടിന്റെ അതിഭയങ്കര ഭൂരിപക്ഷത്തിലാണ്.

മുഖ്യമന്ത്രിയായ പട്ടത്തിന്റെ കേന്ദ്രമായ തിരുവനന്തപുരത്ത് പി.എസ്.പിയുടെ സ്ഥാനാര്‍ത്ഥിയായ കൃഷ്ണപിള്ളയെ തോല്‍പ്പിച്ചത് സി.പി. ഐ പിന്തുണയുള്ള സ്വതന്ത്രനായ പി.എസ്. നടരാജപിള്ളയാണ്. അദ്ദേഹമാകട്ടെ, പട്ടത്തിന്റെ അനന്തരവനും. 1957-ല്‍ പട്ടം തോറ്റിടത്ത് അനന്തരവന്‍ കമ്യൂണിസ്റ്റ് പിന്തുണയില്‍ എം.പി ആകുന്നതാണ് 1962-ല്‍ കണ്ടത്. ഇത് കോണ്‍ഗ്രസ്സിനു വലിയ കുറച്ചിലായി തോന്നി. അനന്തരവന്റെ ജയത്തില്‍ പട്ടത്തിനു പങ്കൊന്നുമില്ലെങ്കിലും പട്ടത്തിനെതിരെ കോണ്‍ഗ്രസ്സിന്റെ നീരസവും രോഷവും ശക്തിപ്പെടാന്‍ തുടങ്ങി. വടകരയില്‍ പി.എസ്.പിയുടെ പ്രസിദ്ധനായ ഡോ. കെ.ബി. മേനോനെയാണ് സി.പി.ഐ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥി എ.വി. രാഘവന്‍ പരാജയപ്പെടുത്തിയത്. എ.കെ.ജിക്കു പുറമെ വിജയിച്ച സി.പി.ഐ. സ്ഥാനാര്‍ത്ഥികള്‍ ഇ.കെ. ഇമ്പിച്ചിബാവ (പൊന്നാനി), പി. കുഞ്ഞന്‍ (പാലക്കാട്), കെ.കെ. വാര്യര്‍ എന്ന കെ. കൃഷ്ണവാരിയര്‍ (തൃശൂര്‍), പി.കെ. വാസുദേവന്‍ നായര്‍ (അമ്പലപ്പുഴ), എം.കെ. കുമാരന്‍ (ചിറയിന്‍കീഴ്) എന്നിവരാണ്. ഒന്നും രണ്ടും ലോക്സഭയില്‍ അംഗമായിരുന്ന പി.ടി. പുന്നൂസ് (തിരുവല്ല), രണ്ടാം ലോക്സഭയില്‍ അംഗമായിരുന്ന പി.കെ. കൊടിയന്‍ (മാവേലിക്കര) എന്നിവരുടെ പരാജയം സി.പി.ഐക്ക് വലിയ ആഘാതമായി. തിരുവല്ലയില്‍ പി.ടി. പുന്നൂസിനെ പരാജയപ്പെടുത്തിയത് കോണ്‍ഗ്രസ്സിലെ ജി. രവീന്ദ്രവര്‍മ്മയാണ്. മാവേലിക്കര രാജകുടുംബാംഗമായ രവീന്ദ്രവര്‍മ്മ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ സംഘടനാ കോണ്‍ഗ്രസ്സിലായിരുന്നു. പിന്നീട് ജനതാ പാര്‍ട്ടി നേതാവായി ബിഹാറിലെ റാഞ്ചിയില്‍നിന്ന് 1977-ലും മുംബൈ നോര്‍ത്തില്‍നിന്ന് 1980-ലും ലോകസഭാംഗമായി. 1977-ല്‍ മൊറാര്‍ജി മന്ത്രിസഭയില്‍ തൊഴില്‍മന്ത്രിയായിരുന്നു.

പനമ്പിള്ളി ഗോവിന്ദമേനോന്‍(മുകുന്ദപുരം), ആര്‍. അച്യുതന്‍ (മാവേലിക്കര), ചെറിയാന്‍ ജെ. കാപ്പന്‍ (മൂവാറ്റുപുഴ), എ.എ. തോമസ് (എറണാകുളം), മാത്യു മണിയങ്ങാടന്‍ (കോട്ടയം) എന്നിവരാണ് ജയിച്ച മറ്റ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍. കേരള രാഷ്ട്രീയത്തിലെ അതികായനായ പനമ്പിള്ളിയെ പാര്‍ലമെന്റിലേക്കു മത്സരിപ്പിച്ചത് കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍നിന്ന് അടര്‍ത്തിമാറ്റാനാണെന്ന ആക്ഷേപമുണ്ടായിരുന്നു. കൊച്ചി പ്രധാനമന്ത്രിയും തിരു-കൊച്ചിയില്‍ പറവൂര്‍ ടി.കെ.യുടെ മന്ത്രിസഭയില്‍ വിദ്യാഭ്യാസമന്ത്രിയും തുടര്‍ന്ന് ഒരു വര്‍ഷം മുഖ്യമന്ത്രിയുമായിരുന്നു പനമ്പിള്ളി. 1967-ല്‍ രണ്ടാമതും ലോക്സഭയിലെത്തിയ അദ്ദേഹം ഇന്ദിരാഗാന്ധി മന്ത്രിസഭയില്‍ ഒരു വര്‍ഷത്തോളം കാബിനറ്റ് മന്ത്രിയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com