കെ.കേളപ്പനും അദ്ദേഹത്തിന്റെ ശത്രുക്കളായിരുന്ന കമ്യൂണിസ്റ്റുകാരും ഒന്നായതെങ്ങനെ? മുഖ്യശത്രുകള്‍ മുഖ്യമിത്രങ്ങളായതിന്റെ ചരിത്രം

വോട്ട് കേരളം- പ്രത്യേക പംക്തി
കെ.കേളപ്പനും അദ്ദേഹത്തിന്റെ  ശത്രുക്കളായിരുന്ന കമ്യൂണിസ്റ്റുകാരും ഒന്നായതെങ്ങനെ? 
മുഖ്യശത്രുകള്‍ മുഖ്യമിത്രങ്ങളായതിന്റെ ചരിത്രം

കേരളത്തില്‍ ഇനിയും തെരഞ്ഞെടുപ്പുരംഗം ചൂടായിട്ടില്ല. ചില തെക്കുവടക്ക് യാത്രകള്‍ നടക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പിന് ഇനിയുമൊരുപാട് സമയമുണ്ടെന്ന മട്ടിലാണ് പാര്‍ട്ടികളുടെ പെരുമാറ്റം. സ്ത്രീകള്‍ക്കു പാര്‍ലമെന്റില്‍ 33 ശതമാനം സംവരണം പാര്‍ലമെന്റ് അംഗീകരിച്ചശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ്. ഇത്തവണ അത് പ്രാബല്യത്തിലായില്ലെങ്കിലും കേരളത്തില്‍ ഇത്തവണതന്നെ പ്രാവര്‍ത്തികമാക്കണമെന്നു ശക്തമായ പ്രചാരണം നടന്നുകൊണ്ടിരിക്കുന്നു. ജനപക്ഷം എന്ന പേരില്‍ പി.ജി. ജോര്‍ജും മകന്‍ ഷോണും നടത്തുന്ന പാര്‍ട്ടി ലയിച്ചതോടെ ബി.ജെ.പിക്ക് എത്ര ശക്തികൂടിയെന്ന് വോട്ടെണ്ണിയാലേ പറയാനാവൂ. എന്നാല്‍, മൈക്കിനു മുന്‍പില്‍ പ്രതിഭാശാലിയായതിനാല്‍ ചാനലുകള്‍ കൈമെയ് മറന്ന് ജോര്‍ജിനൊപ്പം സഞ്ചരിക്കുമെന്നതിനാല്‍ പ്രചരണരംഗത്ത് ശോഭിക്കും. കുറച്ചുകാലമായി താന്‍ പൊതുരംഗത്തില്ലാത്തതിന്റെ വിടവു നികത്തുന്നത് ആരിഫ് മുഹമ്മദ്ഖാനാണെന്ന് ജോര്‍ജിനറിയാം. തണ്ണീര്‍കൊമ്പന്‍ മാനന്തവാടിയിലും ആരിഫ് മുഹമ്മദ്ഖാന്‍ മിഠായിത്തെരുവിലും പിന്നെ നിലമേലും നടത്തിയ പ്രകടനങ്ങളെ വെല്ലുന്ന പ്രകടനമാണ് പാര്‍ട്ടികളില്‍നിന്നു ജനം പ്രതീക്ഷിക്കുന്നത്.

കേരളപിറവിക്കു മുന്‍പുള്ള ഒന്നാം ലോക്സഭാ തെരഞ്ഞെടുപ്പും കേരളപിറവിക്കു തൊട്ടുപിറകെ നടന്ന രണ്ടാം ലോക്സഭാ തെരഞ്ഞെടുപ്പും കേരളരാഷ്ട്രീയത്തിലെ പില്‍ക്കാല ഗതിവിഗതികള്‍ക്കു വഴിമരുന്നിട്ടു.

നമ്മുടെ രാജ്യം ആസാദിയായത് 75 കൊല്ലം മുന്‍പാണെങ്കിലും ഒന്നാം പൊതുതെരഞ്ഞെടുപ്പ് നടന്നിട്ട് 72 കൊല്ലമേ ആയുള്ളൂ. അന്നാണെങ്കില്‍ കേരളമില്ല. 1951-ലെ ഒന്നാം തെരഞ്ഞെടുപ്പാണെന്നാണ് രേഖയും പറയാറുള്ളതെങ്കിലും ഇവിടെ വോട്ടെടുപ്പ് നടന്നത് 1952 മാര്‍ച്ച് 27-നാണ്. തെക്ക് തിരുനല്‍വേലിയും വടക്ക് സൗത്ത് കനറ വടക്കും തെക്കുമെന്ന് രണ്ട് മണ്ഡലങ്ങള്‍. അതില്‍ പില്‍ക്കാല കേരളത്തിലെ കുറേ നാടുകളുമുള്‍പ്പെടും. മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ മലബാറില്‍ അഞ്ച് ലോക്സഭാ മണ്ഡലത്തിലായി ആറ് പ്രതിനിധികള്‍. തിരുവിതാംകൂറും കൊച്ചിയും അതിനകം ലയിച്ചിരുന്നതിനാല്‍ തിരു-കൊച്ചിയില്‍ 10 മണ്ഡലത്തിലായി 11 ലോക്സഭാ സീറ്റ്.

കേരളപിറവിക്കു മുന്‍പുള്ള ഒന്നാം ലോക്സഭാ തെരഞ്ഞെടുപ്പും കേരളപിറവിക്കു തൊട്ടുപിറകെ നടന്ന രണ്ടാം ലോക്സഭാ തെരഞ്ഞെടുപ്പും കേരളരാഷ്ട്രീയത്തിലെ പില്‍ക്കാല ഗതിവിഗതികള്‍ക്കു വഴിമരുന്നിട്ടു. വര്‍ഗ്ഗീയത കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ആഴത്തില്‍ സ്വാധീനിക്കാന്‍ തുടങ്ങുന്നത് അതിനുശേഷമാണ്. മധ്യതിരുവിതാംകൂറില്‍ ആദ്യമേതന്നെ അത് ശക്തമായിരുന്നുവെങ്കിലും പരക്കെയാകുന്നത് പിന്നീടാണ്. ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ കേരളം എങ്ങനെ പെരുമാറിയെന്നതിലേക്ക്, ആ ചരിത്രത്തിലേക്കും കൗതുകങ്ങളിലേക്കും ഒരു എത്തിനോട്ടമാണ് അവിടെ നടത്തുന്നത്. മുഖ്യശത്രുക്കള്‍ മുഖ്യ മിത്രങ്ങളാകുന്നതും അവര്‍ തോളോടുതോള്‍ചേര്‍ന്ന് മത്സരിക്കുന്നതും വന്‍മരങ്ങള്‍ കടപുഴകിവീഴുന്നതുമെല്ലാം ഒന്നാം തെരഞ്ഞെടുപ്പില്‍ത്തന്നെ ദൃശ്യമായി. കേരളഗാന്ധിയെന്നറിയപ്പെട്ട കെ. കേളപ്പനാണ് സ്വാതന്ത്ര്യലബ്ധിക്കാലത്തും റിപ്പബ്ലിക്കാകുമ്പോഴുമെല്ലാം മലബാറിലെയെന്നല്ല കേരളത്തിലാകെത്തന്നെ കോണ്‍ഗ്രസ്സിന്റെ എല്ലാമെല്ലാം. 1948-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കല്‍ക്കത്താ തീസിസ് അംഗീകരിച്ചതോടെ കമ്മ്യൂണിസ്റ്റുകാരെ എങ്ങനെയും അമര്‍ച്ചചെയ്യാന്‍ പൊലീസിനെ സഹായിക്കാന്‍ വോളന്റിയര്‍മാരെ, സേവാദളുകാരെ നിയോഗിച്ച കെ.പി.സി.സി പ്രസിഡന്റാണ് അദ്ദേഹം. അഹിംസയെല്ലാം പഴങ്കഥയെന്നു പരസ്യമായി വ്യക്തമാക്കിയതുമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയാണെങ്കില്‍ നിരോധനത്തിലും. തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് നിരോധനം പിന്‍വലിക്കാന്‍ നടപടി തുടങ്ങിയതുതന്നെ. പക്ഷേ, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴുണ്ടായ അത്ഭുതം കേളപ്പനും കമ്യൂണിസ്റ്റുകാരും യോജിക്കുന്നതാണ്.

കെ. കേളപ്പന്‍, എന്‍. ശ്രീകണ്ഠന്‍ നായര്‍, എ.കെ.ജി, കെ.കേളപ്പന്‍
കെ. കേളപ്പന്‍, എന്‍. ശ്രീകണ്ഠന്‍ നായര്‍, എ.കെ.ജി, കെ.കേളപ്പന്‍

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിരോധനത്തിന്റെ നിഴലില്‍ സി.പി.ഐ

ഒന്നാം പൊതുതെരഞ്ഞെടുപ്പില്‍ രാജ്യത്താകെയുണ്ടായ സവിശേഷമായ ഒരു സംഭവമാണ് കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി എന്ന പാര്‍ട്ടിയുടെ ഉദ്ഭവം. കോണ്‍ഗ്രസ്സിനകത്ത് സ്വാതന്ത്ര്യാനന്തരം ഉടനടി രൂപപ്പെട്ട വിഭാഗീയതയുടെ പ്രത്യക്ഷ രൂപമാണ് കെ.എം.പി.പി. ജെ.ബി. കൃപലാനിയാണ് അതിന്റെ നേതാവ്. അതിന്റെ മദിരാശി ശാഖയിലാണ് മുഖ്യമന്ത്രി ടി. പ്രകാശവും കേളപ്പനും കെ.എ. ദാമോദരമേനോനുമടക്കമുള്ളവര്‍. മലബാര്‍ മേഖലയില്‍ കോണ്‍ഗ്രസ് അണികളില്‍ വലിയൊരു വിഭാഗം കേളപ്പന്റെയൊപ്പമാണ്. അധികാരത്തിലെത്തിയ ഉടന്‍തന്നെ കോണ്‍ഗ്രസ് അഴിമതിയുടെ പാളയത്തിലെത്തിയെന്നതാണ് കേളപ്പനെപ്പോലുള്ളവരുടെ ആരോപണം. അതേസമയം ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്ന സോഷ്യലിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ബദല്‍ തങ്ങളാണ്, കമ്യൂണിസ്റ്റുകാരുടെ കാലംകഴിഞ്ഞുവെന്ന പ്രചരണത്തിലായിരുന്നു. കെ.എം.പി.പിയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ധാരണയിലെത്തി കോണ്‍ഗ്രസ്സിനെതിരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മുസ്ലിം ലീഗുമായും പരിമിതമായ ധാരണയുണ്ടായിരുന്നു സി.പി.ഐക്ക്. കോണ്‍ഗ്രസ്വിരുദ്ധതയെന്ന ഒരു പോയന്റിലാണ് യോജിപ്പ്. സ്വാതന്ത്യ്രത്തിന്റെ ചാമ്പ്യനായ കേന്ദ്രഭരണകക്ഷി മലബാറില്‍ അമ്പേ തോല്‍ക്കുകയായിരുന്നു. പൊന്നാനി ഇരട്ട അംഗത്വമുള്ള മണ്ഡലമായിരുന്നു. അവിടെ കെ.എം.പി.പിയുടെ കെ. കേളപ്പന്‍ പൊതുമണ്ഡലത്തില്‍ ജയിച്ചപ്പോള്‍ സംവരണസീറ്റില്‍ കോണ്‍ഗ്രസ് നോമിനിയായ ഈച്ചരന്‍ ഇയ്യാണി ജയിച്ചതാണ് ഭരണകക്ഷിയുടെ കേവലാശ്വാസം.

കെ.എം.പി.പിയുമായി ധാരണയുണ്ടാക്കിയെന്നു മാത്രമല്ല, മലബാറിലെ അഞ്ചില്‍ ഒരു സീറ്റില്‍ മാത്രമാണ് സി.പി.ഐ. മത്സരിച്ചതെന്നും ഓര്‍ക്കണം. നിരോധനത്തിന്റെ അസ്‌കിതകള്‍ തുടരുന്നു, പല നേതാക്കളും ജയിലില്‍ത്തന്നെയാണ്, ജയിലില്‍നിന്നും ഒളിവില്‍നിന്നും പുറത്തിറങ്ങി പ്രവര്‍ത്തകര്‍ സടകുടയുന്നതേയുള്ളു എന്നിങ്ങനെ ഒരുപാട് പ്രശ്നങ്ങളുള്ളതിനാല്‍ ഭൂമിയോളം ക്ഷമ, വിട്ടുവീഴ്ച കാണിക്കുകയായിരുന്നു. ആ അടവുനയം കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു വലിയ മുന്നേറ്റത്തിനു കളമൊരുക്കി. അതായത് കോണ്‍ഗ്രസ്സിന്റെ ബദല്‍ശക്തി സി.പി.ഐയാണെന്ന പ്രതീതിയുണ്ടാക്കാന്‍ സാധിച്ചു. പോരാത്തതിന് കോണ്‍ഗ്രസ്സിന്റെ സമുന്നത നേതാവായ സി.കെ.ജി എന്ന സി.കെ. ഗോവിന്ദന്‍ നായരെ എ.കെ.ജി കണ്ണൂര്‍ മണ്ഡലത്തില്‍ തോല്‍പ്പിച്ചത് ആ തെരഞ്ഞെടുപ്പിലെ റെക്കോഡ് ഭൂരിപക്ഷത്തിനാണ്. എണ്‍പത്തേഴായിരത്തില്‍പരം വോട്ടിന്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 34.47 ശതമാനം വോട്ട് ഭൂരിപക്ഷം. അതേസമയം തലശ്ശേരിയില്‍ കെ.എം.പി.പിയുടെ നെട്ടൂര്‍ പി. ദാമോദരനും കോഴിക്കോട്ട് കെ.എം.പി.പിയുടെ കെ.എ. ദാമോദരമേനോനും വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു. മലപ്പുറത്താകട്ടെ, ലീഗിന്റെ സ്വതന്ത്രന്‍ ബി. പോക്കര്‍ കോണ്‍ഗ്രസ്സിലെ ടി.വി. ചാത്തുക്കുട്ടി നായരെ തോല്‍പ്പിച്ചു. ഭരിപക്ഷം - 16976. മലപ്പുറത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി പരസ്യമായിത്തന്നെ പോക്കര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

തലശ്ശേരിയില്‍ കെ.എം.പി.പിയുടെ നെട്ടൂര്‍ പി. ദാമോദരനും കോഴിക്കോട്ട് കെ.എം.പി.പിയുടെ കെ.എ. ദാമോദരമേനോനും വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു. മലപ്പുറത്താകട്ടെ, ലീഗിന്റെ സ്വതന്ത്രന്‍ ബി. പോക്കര്‍ കോണ്‍ഗ്രസ്സിലെ ടി.വി. ചാത്തുക്കുട്ടി നായരെ തോല്‍പ്പിച്ചു. ഭരിപക്ഷം - 16976. മലപ്പുറത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി പരസ്യമായിത്തന്നെ പോക്കര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
എ.പി. ഉദയഭാനു,പറവൂര്‍ ടി.കെ.നാരായണപിള്ള
എ.പി. ഉദയഭാനു,പറവൂര്‍ ടി.കെ.നാരായണപിള്ള
കെ.കേളപ്പനും അദ്ദേഹത്തിന്റെ  ശത്രുക്കളായിരുന്ന കമ്യൂണിസ്റ്റുകാരും ഒന്നായതെങ്ങനെ? 
മുഖ്യശത്രുകള്‍ മുഖ്യമിത്രങ്ങളായതിന്റെ ചരിത്രം
ജനകീയ രാഷ്ട്രീയക്കാരന്റെ സമരവഴികള്‍ 
ഒന്നാം തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി തിരുവിതാംകൂറില്‍ മുന്നണിയുണ്ടാക്കിയത് ആര്‍.എസ്.പിയും കെ.എസ്.പിയുമാണ്. 1942-ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തോട് കമ്യൂണിസ്റ്റ് പാര്‍ട്ടി കാണിച്ച നിഷേധാത്മക സമീപനത്തിനെതിരെ കലാപമുണ്ടാക്കി രൂപീകരിച്ച സോഷ്യലിസ്റ്റ് ഗ്രൂപ്പാണ് കേരളാ സോഷ്യലിസ്റ്റ് പാര്‍ട്ടി. കേരള ദേശീയതയാണ് അവര്‍ ഉയര്‍ത്തിയത്.

ആദ്യത്തെ തെരഞ്ഞെടുപ്പോടെത്തന്നെ കോണ്‍ഗ്രസ് മലബാറില്‍ ഒന്നാമത്തെ ശക്തിയേയല്ല, രണ്ടാമത്തെ ശക്തിപോലുമാണോ എന്നത് സംശയമാണെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനു ബോധ്യപ്പെട്ടു. ക്വിറ്റ് ഇന്ത്യാ സമരത്തില്‍നിന്നു വിട്ടുനിന്നതും 1948-ലെ അതിസാഹസികതയും സി.പി.ഐയെ പൂര്‍ണ്ണമായി ഒറ്റപ്പെടുത്തിയെന്ന കോണ്‍ഗ്രസ്സിന്റേയും സോഷ്യലിസ്റ്റകളുടേയും നിരീക്ഷണം തെറ്റായെന്ന് അവര്‍ക്കു ബോധ്യപ്പെട്ടു.

തിരു-കൊച്ചി സംസ്ഥാനത്ത് പഴയ തെക്കന്‍ തിരുവിതാംകൂറില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിതന്നെയാണ് മേധാവിത്വം പുലര്‍ത്തിയത്. മലബാറില്‍ കെ. കേളപ്പനെപ്പോലെ തിരുവിതാംകൂറില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ എല്ലാമെല്ലാമായ പറവൂര്‍ ടി.കെ. നാരായണപിള്ള ചിറയന്‍കീഴ് മണ്ഡലത്തില്‍ പരാജയപ്പെട്ടത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ പിടിച്ചുകുലുക്കുകതന്നെ ചെയ്തു. തിരുവിതാംകൂറിന്റെ അവസാനത്തെ പ്രധാനമന്ത്രിയും തിരു-കൊച്ചിയുടെ ആദ്യത്തെ മുഖ്യമന്ത്രിയുമാണ് പറവൂര്‍ ടി.കെ. സര്‍വാദരണീയനായി കരുതപ്പെട്ട, സാഹിത്യ-സാംസ്‌കാരിക മേഖലകളിലെല്ലാം പ്രശസ്തനായ പറവൂര്‍ ടി.കെയെ 16904 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ വി. പരമേശ്വരന്‍ നായരാണ് പരാജയപ്പെടുത്തിയത്. തിരു-കൊച്ചിയില്‍ സി.പി.ഐ നേതാക്കള്‍ മത്സരിച്ചത് സ്വതന്ത്രരായാണ്. നിരോധനം പിന്‍വലിക്കുന്നതിലുണ്ടായ കാലതാമസത്തെത്തുടര്‍ന്നായിരുന്നു അത്. സാധാരണ ഒരു പാര്‍ട്ടി അനുഭാവി മാത്രമായ പരമേശ്വരന്‍ നായര്‍ ജനപ്രിയ അഭിഭാഷകനായിരുന്നു. തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവലിന്റെ കര്‍ത്താവായ ടി.കെ. വേലുപ്പിള്ളയുടെ മകനാണ് പരമേശ്വരന്‍ നായര്‍. അദ്ദേഹത്തിന്റെ സഹോദരനാണ് പ്രശസ്ത ബാലസാഹിത്യകാരനായ മാധവന്‍ നായര്‍ എന്ന മാലി. കേരള രാഷ്ട്രീയ-സാമൂഹ്യരംഗങ്ങളില്‍ പതിറ്റാണ്ടുകളോളം വലിയ ഇടപെടല്‍ ശക്തിയായിരുന്ന 'കേരളശബ്ദം' വാരിക ആരംഭിച്ചത് പരമേശ്വരന്‍ നായരാണ്. ഇതേ പരമേശ്വരന്‍ നായരാണ് ഒന്നാം ലോക്സഭയിലെ സഹപ്രവര്‍ത്തകനായിരുന്ന എന്‍. ശ്രീകണ്ഠന്‍ നായരെ രണ്ടാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ തകര്‍ത്തുവിട്ടത്. അക്കാലത്തെ അത്ഭുതമായിരുന്നു ആ ഭൂരിപക്ഷം. ഒന്നരലക്ഷത്തിലേറെ..

ഒന്നാം തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി തിരുവിതാംകൂറില്‍ മുന്നണിയുണ്ടാക്കിയത് ആര്‍.എസ്.പിയും കെ.എസ്.പിയുമാണ്. 1942-ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തോട് കമ്യൂണിസ്റ്റ് പാര്‍ട്ടി കാണിച്ച നിഷേധാത്മക സമീപനത്തിനെതിരെ കലാപമുണ്ടാക്കി രൂപീകരിച്ച സോഷ്യലിസ്റ്റ് ഗ്രൂപ്പാണ് കേരളാ സോഷ്യലിസ്റ്റ് പാര്‍ട്ടി. കേരള ദേശീയതയാണ് അവര്‍ ഉയര്‍ത്തിയത്. മത്തായി മാഞ്ഞൂരാന്റേയും ശ്രീകണ്ഠന്‍ നായരുടേയും മറ്റും നേതൃത്വത്തില്‍ രൂപീകൃതമായ പാര്‍ട്ടി. ആ പാര്‍ട്ടിയിലെ ശ്രീകണ്ഠന്‍ നായര്‍ വിഭാഗം വൈകാതെ തൃദീപ്കുമാര്‍ ചൗധരിയുടെ നേതൃത്വത്തില്‍ ബംഗാളില്‍ പ്രവര്‍ത്തിക്കുകയായിരുന്ന റവലൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. അക്കാലത്ത് തിരുവിതാംകൂറില്‍ മാത്രമായിരുന്നു രണ്ട് പാര്‍ട്ടികളും. നിരോധനം കഴിഞ്ഞ് പുറത്തുവന്ന സി.പി.ഐയെ ഇവര്‍ അഭിവാദ്യം ചെയ്യുകയും ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് എന്‍. ശ്രീകണ്ഠന്‍ നായര്‍ കൊല്ലത്ത് കമ്യൂണിസ്റ്റ് പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയാകുന്നത്. കൊല്ലം അന്ന് ദ്വയാംഗമണ്ഡലമാണ്. സി.പി.ഐ സ്ഥാനാര്‍ത്ഥി ആര്‍. വേലായുധനും അവിടെ ജയിച്ചു. സ്വതന്ത്രന്‍ എന്ന ലേബലില്‍. പുന്നപ്ര വയലാര്‍ സമരം നടന്ന ആലപ്പുഴയില്‍ ആ സമരത്തിന്റെ സൂത്രധാരന്മാരിലൊരാളും തിരുവിതാംകൂര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാവുമായ പി.ടി. പുന്നൂസ് കോണ്‍ഗ്രസ് നേതാവും എഴുത്തുകാരനുമായ എ.പി. ഉദയഭാനുവിനെ 76380 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തോല്‍പ്പിച്ചത്. കണ്ണൂരില്‍ എ.കെ.ജി നേടിയ തകര്‍പ്പന്‍ ഭൂരിപക്ഷം കഴിഞ്ഞാല്‍ രണ്ടാമത് പുന്നൂസിന്റേതാണ്.

എന്നാല്‍, ആലപ്പുഴ കഴിഞ്ഞ് മധ്യതിരുവിതാംകൂറിലെ ക്രൈസ്തവ സ്വാധീനമേഖലയെത്തിയപ്പോള്‍ എല്ലാ മണ്ഡലത്തിലും കോണ്‍ഗ്രസ്സിന്റെ ജൈത്രയാത്രയാണ് കണ്ടത്. തിരുവല്ലയില്‍ സി.പി. മാത്തനും മീനച്ചിലില്‍ പി.ടി. ചാക്കോയും കോട്ടയത്ത് സി.പി. മാത്യുവും എറണാകുളത്ത് എ.എം. തോമസ്സും കൊടുങ്ങല്ലൂരില്‍ കെ.ടി. അച്ചുതനും തൃശൂരില്‍ ഇയ്യുണ്ണി ചാലക്കയും കോണ്‍ഗ്രസ് ടിക്കറ്റില്‍ തെരഞ്ഞെടുക്കപ്പെട്ടു. തൃശൂരില്‍ ജോസഫ് മുണ്ടശ്ശേരിയായിരുന്നു കമ്യൂണിസ്റ്റ് പിന്തുണയുള്ള സ്ഥാനാര്‍ത്ഥി. കൊടുങ്ങല്ലൂരില്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളിലൊരാളായ ജോര്‍ജ് ചടയംമുറിയാണ് പരാജയപ്പെട്ടത്. പില്‍ക്കാലത്ത് മൂവാറ്റുപുഴ മണ്ഡലമായി മാറിയ മീനച്ചിലില്‍ അരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ്സിന്റെ അന്നത്തെ തീപ്പൊരി നേതാവ് പി.ടി. ചാക്കോ ഒരു വര്‍ഷത്തിനകം പാര്‍ലമെന്റംഗത്വം രാജിവെച്ചത് ദേശീയതലത്തില്‍ത്തന്നെ കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു. കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയില്‍ക്കൂടി അംഗമായിരുന്ന പി.ടി. ചാക്കോവിന് ദേശീയതലത്തില്‍ത്തന്നെ വലിയൊരു ഭാവിയുണ്ടെന്നു കരുതപ്പെട്ടിരുന്നു. എന്നാല്‍, കോണ്‍ഗ്രസ്സിലെ വിഭാഗീയ പ്രവണതകള്‍ അതിനു പ്രതിബന്ധമായതാണ് പിന്നീട് കാണാനായത്. തിരുവിതാംകൂര്‍ നിയമസഭയിലും തിരു-കൊച്ചി നിയമസഭയിലും അംഗമായിരുന്ന ചാക്കോ കോണ്‍ഗ്രസ് നിയമസഭാകക്ഷി സെക്രട്ടറിയും ചീഫ്വിപ്പുമായിരുന്നു. പ്രധാനമന്ത്രി നെഹ്റുവുമായുണ്ടായ അഭിപ്രായവ്യത്യാസമാണ് രാജിക്കു കാരണമായതത്രെ. പാര്‍ലമെന്റില്‍ സ്വന്തം നിലയ്ക്ക് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ കോണ്‍ഗ്രസ്സിലെ അംഗങ്ങള്‍ക്കു സ്വാതന്ത്യ്രമുണ്ടാകണമെന്നായിരുന്നു ചാക്കോയുടെ വാദം. മീനച്ചിലില്‍ ഒരുവര്‍ഷത്തിനകം നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലെത്തന്നെ ജോര്‍ജ് തോമസ് കൊട്ടുകാപ്പള്ളി വിജയിച്ചു. രണ്ടാം ലോക്സഭാ തെരഞ്ഞെടുപ്പിലും കൊട്ടുകാപ്പള്ളിക്കു തന്നെയായിരുന്നു വിജയം. ആദ്യ ലോക്സഭയില്‍നിന്ന് രാജിവെച്ചതില്‍പ്പിന്നെ പി.ടി. ചാക്കോ പൂര്‍ണ്ണമായും സംസ്ഥാന രാഷ്ട്രീയത്തില്‍ കേന്ദ്രീകരിക്കുകയായിരുന്നു. ആദ്യത്തെ ഐക്യകേരള നിയമസഭയില്‍ പ്രതിപക്ഷ നേതാവായ ചാക്കോ 1960-1964-ല്‍ പട്ടത്തിന്റേയും ആര്‍. ശങ്കറിന്റേയും മന്ത്രിസഭയില്‍ ആഭ്യന്തരവും റവന്യൂവും കൈകാര്യം ചെയ്തു. ഔദ്യോഗിക വാഹനത്തില്‍ ഒരു സ്ത്രീയെ കണ്ടുവെന്ന പ്രശ്നത്തില്‍ ആരോപണവും പ്രചരണവും രൂക്ഷമായതോടെ മന്ത്രിസ്ഥാനം രാജിവെച്ച ചാക്കോ വീണ്ടും അഭിഭാഷകനായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെങ്കിലും അകാലത്തില്‍ മരിച്ചു. ചാക്കോവിന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയ്ക്ക് മുന്‍പില്‍ നിരാഹാരം നടത്തിയത് കോണ്‍ഗ്രസ് എം.എല്‍.എയായ പ്രഹ്ലാദന്‍ ഗോപാലനാണ്. ഈ സംഭവങ്ങള്‍ അധികം വൈകാതെ കോണ്‍ഗ്രസ്സിന്റെ പിളര്‍പ്പിലെത്തി. കേരളാ കോണ്‍ഗ്രസ്സിന്റെ പിറവി അങ്ങനെയാണ്.

പി.ടി.ചാക്കോ, പി.ടി.പുന്നൂസ്, സി.പി. മാത്തന്‍
പി.ടി.ചാക്കോ, പി.ടി.പുന്നൂസ്, സി.പി. മാത്തന്‍
കെ.കേളപ്പനും അദ്ദേഹത്തിന്റെ  ശത്രുക്കളായിരുന്ന കമ്യൂണിസ്റ്റുകാരും ഒന്നായതെങ്ങനെ? 
മുഖ്യശത്രുകള്‍ മുഖ്യമിത്രങ്ങളായതിന്റെ ചരിത്രം
ഐസിയുവിലെ ലൈംഗിക പീഡനംഎങ്ങുമെത്താതെ അന്വേഷണം
ഒന്നാം ലോക്സഭയിലേക്ക് തിരുവനന്തപുരത്തുനിന്നു സ്വതന്ത്രയായി മത്സരിച്ച് ആനി മസ്‌ക്രീന്‍ വന്‍വിജയം നേടിയത് അന്നത്തെ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതൃത്വത്തെ മാത്രമല്ല, അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വത്തേയും ഞെട്ടിച്ചു.

ആനി മസ്‌ക്രീന്റെ വിജയവും പരാജയവും

ഒന്നാം ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് പൊട്ടിമുളച്ച കെ.എം.പി.പി എന്ന പാര്‍ട്ടി കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി മലബാറില്‍ വന്‍നേട്ടമാണ് ഉണ്ടാക്കിയതെന്നു സൂചിപ്പിച്ചുവല്ലോ. അഞ്ച് മണ്ഡലത്തില്‍ മൂന്നില്‍ വിജയം. ആറംഗങ്ങളില്‍ മൂന്നംഗങ്ങള്‍. രാജ്യത്താകെ 12 സീറ്റാണ് കൃപലാനിയുടെ നേതൃത്വത്തിലുള്ള കെ.എം.പി.പിക്കു ലഭിച്ചത്. മുഖ്യപ്രതിപക്ഷമാവുമെന്ന് കരുതിയ സോഷ്യലിസ്റ്റ് പാര്‍ട്ടിക്കും 12 സീറ്റേ ലഭിച്ചുള്ളു. ഏതാനും മാസത്തിനകം ഈ രണ്ട് പാര്‍ട്ടിയും ചേര്‍ന്ന് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു. തിരുവിതാംകൂര്‍ രാഷ്ട്രീയത്തിലെ തലതൊട്ടപ്പനായ പട്ടം താണുപിള്ളയും അതിന്റെ ഭാഗമായി. എന്നാല്‍ കെ. കേളപ്പന്‍ കെ.എം.പി.പിയോട് വിടപറഞ്ഞ് സര്‍വ്വോദയ പാതയിലെത്തി. കെ.എ. ദാമോദരമേനോന്‍ കോണ്‍ഗ്രസ്സില്‍ത്തന്നെ തിരികെയെത്തി അതിന്റെ നേതൃസ്ഥാനത്തെത്തി. അതിനിടെ കൃപലാനിയും സോഷ്യലിസ്റ്റ് നായകനായ രാംമനോഹര്‍ ലോഹ്യയും തമ്മില്‍ തെറ്റിയത് തിരു-കൊച്ചിയിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ടാണ്. 1954-ല്‍ തിരു-കൊച്ചിയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും പി.എസ്.പിയും മുന്നണിയായാണ് മത്സരിച്ചത്. കോണ്‍ഗ്രസ്സിന് 45, സി.പി.ഐക്ക് 23, ആര്‍.എസ്.പിക്ക് ഒന്‍പത്, പി.എസ്.പിക്ക് 19, തിരുവിതാംകൂര്‍ തമിഴ് കോണ്‍ഗ്രസ്സിന് 12, സ്വതന്ത്രര്‍ 9 എന്നിങ്ങനെയായിരുന്നു കക്ഷിനില. സി.പി.ഐ-പി.എസ്.പി-ആര്‍.എസ്.പി മുന്നണി മന്ത്രിസഭയുണ്ടാക്കുമെന്നായിരുന്നു കരുതിയതെങ്കിലും പട്ടത്തെ കോണ്‍ഗ്രസ് പാട്ടിലാക്കി. നിരുപാധികം പുറത്തുനിന്നു പിന്തുണ വാഗ്ദാനം നല്‍കി, ഇടതുപക്ഷ കൂട്ടുകെട്ടില്‍നിന്ന് പട്ടത്തെ അടര്‍ത്തിയെടുക്കുകയായിരുന്നു. പട്ടം മന്ത്രിസഭയുടെ ഭരണം തുടങ്ങി അധികം കഴിയുംമുന്‍പ് തമിഴ്നാട് കോണ്‍ഗ്രസ് ഇടഞ്ഞു. ഭാഷാപ്രക്ഷോഭത്തിന്റെ പേരില്‍ അവര്‍ തെരുവിലിറങ്ങി. പൊലീസ് വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. മന്ത്രിസഭ രാജിവെച്ച് ജൂഡീഷ്യല്‍ അന്വേഷണം നടത്തണമന്ന് പി.എസ്.പി ജനറല്‍ സെക്രട്ടറി ലോഹ്യ പരസ്യമായി ആവശ്യപ്പെട്ടു. എന്നാല്‍, നേതൃത്വത്തില്‍ ഭൂരിപക്ഷമായ കൃപലാനി-അശോകമേത്ത വിഭാഗം ജനറല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശം തള്ളി. പട്ടം രാജിവെച്ചില്ല. ഫലം 1955 അവസാനമാകുമ്പോഴേക്കും പി.എസ്.പി പിളര്‍ന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടി പുനരുജ്ജീവിച്ചു.

ഒന്നാം ലോക്സഭയിലേക്ക് തിരുവനന്തപുരത്തുനിന്നു സ്വതന്ത്രയായി മത്സരിച്ച് ആനി മസ്‌ക്രീന്‍ വന്‍വിജയം നേടിയത് അന്നത്തെ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതൃത്വത്തെ മാത്രമല്ല, അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വത്തേയും ഞെട്ടിച്ചു. 68117 വോട്ടിനാണ് ആനി ജയിച്ചത്. സ്വാതന്ത്ര്യസമരത്തില്‍ തിളങ്ങിയ വനിതകളില്‍ ഒന്നാംസ്ഥാനത്താണ് ആനി മസ്‌ക്രീനിന്റെ സ്ഥാനം. തീപ്പൊരി നേതാവായ അവര്‍ രാജാധിപത്യത്തിനെതിരെ ആഞ്ഞടിച്ചു. സര്‍ സി.പി.ക്കെതിരെ അതിശക്തമായ വാക്പയറ്റാണവര്‍ നടത്തിയത്. എതിരാളികളെ കീറിമുറിക്കുന്ന അവരുടെ പ്രസംഗശൈലി ഏറെ ആക്ഷേപങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട് ബോംബെയില്‍ അവര്‍ നടത്തിയ ഒരു പ്രസംഗത്തിന്റെ വാര്‍ത്ത വായിച്ച് ഗാന്ധിജി അവര്‍ക്കെഴുതിയത് നാവിനെ നിയന്ത്രിക്കണമെന്നാണ്. അവരെ നിയന്ത്രിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോടും ഗാന്ധിജി നിര്‍ദ്ദേശിക്കുകയുണ്ടായി. കോണ്‍ഗ്രസ്സിനേയും സോഷ്യലിസ്റ്റുകളേയുമെല്ലാം വെല്ലുവിളിച്ച് വന്‍വിജയം നേടിയ ആനി പക്ഷേ, രണ്ടാം തെരഞ്ഞെടുപ്പില്‍ അതേ മണ്ഡലത്തില്‍ വന്‍ പരാജയം ഏറ്റുവാങ്ങി. നാലാം സ്ഥാനത്തായിരുന്നു അവര്‍. സി.പി.ഐ പിന്തുണച്ച സ്വതന്ത്രന്‍ അഡ്വ. എസ്. ഈശ്വരയ്യരാണ് ജയിച്ചത്. രാജന്‍കേസില്‍ പ്രൊഫ. ഈച്ചരവാരിയരുടെ അഭിഭാഷകനെന്ന നിലയില്‍ പില്‍ക്കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന അഭിഭാഷകന്‍.

തിരുവല്ലയില്‍ വന്‍ വ്യവസായിയായ സി.പി. മാത്തനെയാണ് കോണ്‍ഗ്രസ് മത്സരിപ്പിച്ച് വിജയിപ്പിച്ചത്. കോണ്‍ഗ്രസ് നേതാവുമായിരുന്ന മാത്തന്‍ മലയാളമനോരമ സ്ഥാപകനായ മാമ്മന്‍ മാപ്പിളയുമായി ചേര്‍ന്ന് നാഷണല്‍ ആന്‍ഡ് ക്വയിലോണ്‍ ബാങ്ക് സ്ഥാപിച്ചു. ബാങ്ക് വന്‍ തകര്‍ച്ചയിലേക്കു നീങ്ങിയപ്പോള്‍ സര്‍ സി.പി ഇടപെട്ടു. വന്‍ ക്രമക്കേടും അഴിമതിയുമാണ് നടന്നതെന്നു വ്യക്തമായെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മാമ്മന്‍മാപ്പിളയെപ്പോലെത്തന്നെ മാത്തനും ദീര്‍ഘകാലം ജയിലില്‍ കഴിയേണ്ടിവന്നു. തൃശൂരില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് കമ്യൂണിസ്റ്റ് സ്വതന്ത്രനായ മുണ്ടശ്ശേരിയെ പരാജയപ്പെടുത്തിയ ഇയ്യുണ്ണി ചാലക്ക കൊച്ചി മന്ത്രിസഭയില്‍ അംഗമായിരുന്നു. ബാങ്കിങ്ങ് രംഗത്ത് പ്രശസ്തനായിരുന്ന ഇയ്യുണ്ണി കാത്തലിക് സിറിയന്‍ ബാങ്കിന്റെ സംഘാടകരില്‍ പ്രധാനിയായിരുന്നു. എറണാകുളത്ത് എ.എം. തോമസ് ഒന്നാം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ചെറിയ മാര്‍ജിനിലാണ്. കേവലം 1736 വോട്ട്. രണ്ടാം തെരഞ്ഞെടുപ്പായപ്പോള്‍ ഭൂരിപക്ഷം പതിനായിരത്തിലുമധികമായി വര്‍ദ്ധിപ്പിക്കാനായി. മൂന്നാമതും പാര്‍ലമെന്റിലെത്തിയ എ.എം. തോമസ് നെഹ്റുവിന്റേയും ശാസ്ത്രിയുടേയും മന്ത്രിസഭയില്‍ സഹമന്ത്രിയായി പ്രവര്‍ത്തിച്ചു.

ഒന്നാം തെരഞ്ഞെടുപ്പുകാലത്ത് ക്രാങ്കന്നൂര്‍ എന്ന ഒരു മണ്ഡലമുണ്ടായിരുന്നു. ക്രാങ്കന്നൂര്‍ കൊടുങ്ങല്ലൂരാണ്. ജോര്‍ജ് ചടയംമുറിയെ പരാജയപ്പെടുത്തി ഒന്നാം ലോക്സഭയില്‍ ക്രാങ്കന്നൂരില്‍നിന്ന് എത്തിയത് കെ.ടി. അച്ചുതനാണ്. കോണ്‍ഗ്രസ് നേതാവെന്നതിനൊപ്പം ഇരിങ്ങാലക്കുടയിലെ പ്രമുഖ എസ്.എന്‍.ഡി.പി നേതാവുമായിരുന്നു അച്ചുതന്‍. പില്‍ക്കാലത്ത് 1962-ല്‍ ആര്‍. ശങ്കറിന്റെ മന്ത്രിസഭയില്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഒന്നാം ലോക്സഭയില്‍ മലപ്പുറത്തെ പ്രതിനിധാനം ചെയ്ത പോക്കര്‍ ബടക്കേക്കണ്ടി മുസ്ലിം ലീഗിന്റെ പ്രമുഖ നേതാവായിരുന്നു. തലശ്ശേരി സ്വദേശിയായ അദ്ദേഹം ഹൈക്കോടതിയില്‍ അഭിഭാഷകനായിരുന്നു. 1919-ല്‍ മൊണ്ടേഗു ചെംസ്ഫോര്‍ഡ് ഭരണപരിഷ്‌കാരവുമായി ബന്ധപ്പെട്ട തെളിവെടുപ്പില്‍ പ്രത്യേകമായ നിവേദനം നല്‍കി ശ്രദ്ധേയനായി. ഭരണഘടനാ നിര്‍മ്മാണസഭയില്‍ അംഗമായിരുന്ന പോക്കര്‍ സാഹിബ് രണ്ടാം ലോക്സഭയിലും അംഗമായിരുന്നു. മണ്ഡലത്തിന്റെ പേര് അപ്പോഴേക്കും മഞ്ചേരിയെന്നാക്കിയിരുന്നു.

ഒന്നാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ മലബാറില്‍ പൊന്നാനിയും തിരുവിതാംകൂറില്‍ കൊല്ലവുമായിരുന്നു ദ്വയാംഗമണ്ഡലം. പൊന്നാനിയില്‍ കോണ്‍ഗ്രസ്സിലെ ഈച്ചരന്‍ ഇയ്യാണിയും കൊല്ലത്ത് സി.പി.ഐയിലെ ആര്‍. വേലായുധനുമാണ് ജയിച്ചത്.

ഈശ്വര അയ്യര്‍, പട്ടം താണുപിള്ള, കെടി അച്യുതന്‍
ഈശ്വര അയ്യര്‍, പട്ടം താണുപിള്ള, കെടി അച്യുതന്‍
തിരുവനന്തപുരത്ത് സാക്ഷാല്‍ പട്ടം താണുപിള്ള തന്നെ കോണ്‍ഗ്രസ് പിന്തുണയോടെ പി.എസ്.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പതിനായിരത്തില്‍പ്പരം വോട്ടിന് സി.പി.ഐ പിന്തണയുള്ള എസ്. ഈശ്വരയ്യരോട് തോറ്റു.

കേരളപിറവിക്കുശേഷം 1957-ല്‍ കേരളത്തിനകത്തുതന്നെയുള്ള മണ്ഡലങ്ങളായി വിഭജനം നടന്ന ശേഷമുള്ള തെരഞ്ഞെടുപ്പാണ് കേരളരാഷ്ട്രീയത്തിലെ കക്ഷിനിലവാരമളക്കാന്‍ പാകത്തില്‍ രൂപപ്പെട്ടുള്ളു. ഒന്നാം തെരഞ്ഞെടുപ്പില്‍ പാത്തുംപതുങ്ങിയുമാണ്, അതായത് നിരോധനം പിന്‍വലിക്കുന്നതിനു മുന്‍പാണ് സി.പി.ഐ മത്സരിച്ചതെങ്കില്‍ ഇത്തവണ സര്‍വ്വസന്നാഹത്തോടെയാണ്. ആദ്യ കേരളനിയമസഭാ തെരഞ്ഞെടുപ്പും പാര്‍ലമെന്റും ഒരേ കാലത്ത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന മേല്‍ക്കൈ സി.പി.ഐക്ക് കൈവന്നു. ആര്‍.എസ്.പിയും കെ.എസ്.പിയും ഇടഞ്ഞ് ഒഴിഞ്ഞുപോയിട്ടും കമ്യൂണിസ്റ്റ് മേധാവിത്വം തെളിയിക്കാനായെന്നതാണ് നിയമസഭാ തെരഞ്ഞെടുപ്പിലെന്നപോലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും 1957-ന്റ പ്രാധാന്യം. കമ്യൂണിസ്റ്റുകാര്‍ ഈശ്വരവിരോധികളാണെന്നു പ്രചരിപ്പിച്ചുകൊണ്ട് ക്രിസ്ത്യന്‍ പള്ളികള്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ പ്രചരണനേതൃത്വം ഏറ്റെടുക്കുന്ന അവസ്ഥവരെ അക്കാലത്തുണ്ടായി. എന്നിട്ടും മത-ഈശ്വര വിശ്വാസ പ്രചാരണം പലേടത്തും വിലപ്പോയില്ലെന്നു ഫലം തെളിയിക്കുന്നു.

തിരുവനന്തപുരത്ത് സാക്ഷാല്‍ പട്ടം താണുപിള്ള തന്നെ കോണ്‍ഗ്രസ് പിന്തുണയോടെ പി.എസ്.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പതിനായിരത്തില്‍പ്പരം വോട്ടിന് സി.പി.ഐ പിന്തണയുള്ള എസ്. ഈശ്വരയ്യരോട് തോറ്റു. ചിറയിന്‍കീഴില്‍ സി.പി.ഐയിലെ എസ്. കുമാരന്‍ തൊണ്ണൂറ്റിരണ്ടായിരത്തില്‍പ്പരം വോട്ടിനാണ് ജയിച്ചത്. ഇടത് സഖ്യത്തില്‍നിന്ന് വഴിമാറി കോണ്‍ഗ്രസ് പക്ഷത്തേക്കു നീങ്ങാന്‍ തുടങ്ങിയ ആര്‍.എസ്.പിയുടെ ശ്രീകണ്ഠന്‍ നായര്‍ കൊല്ലത്ത് സി.പി.ഐ സ്വതന്ത്രനായ വി. പരമേശ്വരന്‍ നായരോട് തോറ്റു. അതേ മണ്ഡലത്തില്‍ സി.പി.ഐയുടെ പി.കെ. കൊടിയന്‍ സംവരണസീറ്റില്‍ ജയിച്ചു. അമ്പലപ്പുഴയില്‍ പി.ടി. പുന്നൂസും തിരുവല്ലയില്‍ പി.കെ. വാസുദേവന്‍ നായരും സി.പി.ഐയുടെ കൊടിയുയര്‍ത്തി. തിരുവല്ലയിലെ വിജയം പി.കെ. വാസുദേവന്‍ നായരുടെ ഉജ്ജ്വലമായ പാര്‍ലമെന്ററി പ്രവേശമായിരുന്നു. പില്‍ക്കാലത്ത് മുഖ്യമന്ത്രിയും സി.പി.ഐ സംസ്ഥാന സെക്രട്ടറിയുമായ പി.കെ.വി 3607 വോട്ടിനാണ് കോണ്‍ഗ്രസ്സിലെ പി.എസ്. ജോര്‍ജിനെ തോല്‍പ്പിച്ചത്. കോണ്‍ഗ്രസ്സിലെ മാത്യു മണിയങ്ങാടന്‍ കോട്ടയത്തും ജോര്‍ജ് തോമസ് കൊട്ടുകാപ്പള്ളി മൂവാറ്റുപുഴയിലും എ.എം. തോമസ് എറണാകുളത്തും വിജയിച്ചു. മുകുന്ദപുരത്ത് സി.പി.ഐയിലെ അഡ്വ. ടി.സി. നാരായണന്‍കുട്ടി മേനോനും തൃശൂരില്‍ സി.പി.ഐയുടെ കേരളത്തിലെ സ്ഥാപകനേതാക്കളിലൊരാളായ കെ.കെ. വാര്യര്‍ എന്ന കെ. കൃഷ്ണവാരിയരും വിജയിച്ചു. ടി.സി. നാരായണന്‍കുട്ടി മേനോനാണ് സി. അച്യുതമേനോന്‍ മന്ത്രിസഭയുടെ കാലത്ത് അഡ്വക്കേറ്റ് ജനറലായ അഡ്വ. ടി.സി.എന്‍. മേനോന്‍. 1957-ല്‍ പുതുതായി രൂപവല്‍ക്കരിക്കപ്പെട്ട പാലക്കാട് മണ്ഡലത്തില്‍ സി.പി.ഐയിലെ പി. കുഞ്ഞനാണ് ജനറല്‍ സീറ്റില്‍ വിജയിച്ചത്. പൊന്നാനിയില്‍ സംവരണസീറ്റില്‍ ഒന്നാം സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഈച്ചരന്‍ ഇയ്യുണ്ണി പാലക്കാട് മണ്ഡലത്തിലെ സംവരണ സീറ്റില്‍ ജയിച്ചു. കോഴിക്കോട് കോണ്‍ഗ്രസ്സിലെ പി. കുട്ടിക്കൃഷ്ണമേനോന്‍ വിജയിച്ചു. വടകരയും തലശ്ശേരിയും കാസര്‍കോടും ഉള്‍പ്പെട്ട വടക്കേ മലബാറില്‍ തെരഞ്ഞെടുപ്പിനു ചൂട് കൂടുതലായിരുന്നു. പാര്‍ലമെന്റിലെ പ്രതിപക്ഷ ഗ്രൂപ്പിന്റെ നേതാവായ എ.കെ.ജി മത്സരിച്ചു ജയിച്ച കണ്ണൂര്‍ മണ്ഡലം ഇല്ലാതായിക്കഴിഞ്ഞിരുന്നു. ദക്ഷിണ കനറയില്‍നിന്ന് കേരളത്തിന്റെ ഭാഗമായിത്തീര്‍ന്ന ഭാഗങ്ങളും പയ്യന്നൂര്‍ മേഖലയുമെല്ലാം ചേര്‍ന്ന കാസര്‍കോടാണ് പകരം വന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രസ്റ്റീജാണ് എ.കെ.ജിയുടെ മണ്ഡലം. കാസര്‍കോട് മണ്ഡലത്തിന്റെ കുറെയധികം ഭാഗത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയേയില്ല. അതിനെക്കുറിച്ച് അവര്‍ക്കറിയില്ല. പക്ഷേ, അതൊന്നും വകവെയ്ക്കാതെ എ.കെ.ജിയെത്തന്നെ കാസര്‍കോട് സ്ഥാനാര്‍ത്ഥിയാക്കി. എ.കെ.ജിയുടെ തോല്‍വിയാണ് പലരും പ്രവചിച്ചത്. കോണ്‍ഗ്രസ് അത് ഉറച്ചു വിശ്വസിച്ചു. പക്ഷേ, 5645 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എ.കെ.ജി ജയിച്ചു. ആ വിജയം സംസ്ഥാനത്താകെ വലിയ തരംഗം സൃഷ്ടിച്ചു.

ജയപ്രകാശ് നാരായണനുമായുള്ള അടുത്ത ബന്ധമാണ് സോഷ്യലിസ്റ്റ് വിഭാഗത്തില്‍ ഉറപ്പിച്ചുനിര്‍ത്തിയത്. തൃത്താലയില്‍നിന്ന് മദ്രാസ് അസംബ്ലിയിലേക്ക് 1952-ല്‍ ജയിച്ച ഡോക്ടര്‍ മേനോന്‍ 1965-ല്‍ കൊയിലാണ്ടിയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടിരുന്നു- യോഗം ചേരാതെ പിരിച്ചുവിട്ട സഭ.
കെ.കേളപ്പനും അദ്ദേഹത്തിന്റെ  ശത്രുക്കളായിരുന്ന കമ്യൂണിസ്റ്റുകാരും ഒന്നായതെങ്ങനെ? 
മുഖ്യശത്രുകള്‍ മുഖ്യമിത്രങ്ങളായതിന്റെ ചരിത്രം
സമാധാനം നഷ്ടപ്പെടുത്തുന്നവിധം നയനയുടെ ജീവിതത്തില്‍ ആരോ ഇടപെട്ടിരുന്നു

തലശ്ശേരിയില്‍ ഒന്നാം പൊതുതെരഞ്ഞെടുപ്പില്‍ ജയിച്ച കെ.എം.പി.പിയിലെ നെട്ടൂര്‍ പി. ദാമോദരന്‍ ജനകീയനായിരുന്നു. പുതുതായി രൂപീകരിക്കുന്ന കണ്ണൂര്‍ ജില്ലയുടെ തലസ്ഥാനം കണ്ണൂര്‍ തന്നെയാകണം, തലശ്ശേരിയല്ല ആകേണ്ടത് എന്ന നിലപാടാണ് നെട്ടൂര്‍ പി. സ്വീകരിച്ചത്. തലശ്ശേരി മേഖഖലയില്‍ അതിനെതിരെ വലിയ ഒച്ചപ്പാടുണ്ടായ സാഹചര്യത്തില്‍ രണ്ടാം തെരഞ്ഞെടുപ്പില്‍ നെട്ടൂര്‍ പി.യെ ഒഴിവാക്കുകയായിരുന്നു. സി.പി.ഐ സ്വതന്ത്രനായ എസ്.കെ. പൊറ്റെക്കാടിനേക്കാള്‍ കേവലം 1382 വോട്ട് കൂടുതല്‍ നേടിയാണ് എം.കെ. ജിനചന്ദ്രന്‍ തലശ്ശേരിയില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചത്. മത്സരം അത്ര തീവ്രമായിരുന്നു. വടകരയിലാകട്ടെ, സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഡോ. കെ.ബി. മേനോന്‍ വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് തൊട്ടുപുറകെ വന്നത്. തളിപ്പറമ്പ് സ്വദേശിയായ കൊന്നാനത്ത് ബാലകൃഷ്ണ മേനോന്‍ എന്ന ഡോ. കെ.ബി. മേനോന്‍ അമേരിക്കയിലെ കൊളറാഡോ സര്‍വ്വകലാശാലയില്‍നിന്ന് പിഎച്ച്.ഡി നേടി ഹാര്‍വാഡ് സര്‍വ്വകലാശാലയില്‍ പ്രൊഫസറായി പ്രവര്‍ത്തിക്കുമ്പോള്‍ ജോലി രാജിവെച്ചാണ് സ്വാതന്ത്യ്രസമരത്തില്‍ പങ്കാളിയായത്. കഴരിയൂര്‍ ബോംബ് കേസുമായി ബന്ധപ്പെട്ട് പത്തുവര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടു. ജയപ്രകാശ് നാരായണനുമായുള്ള അടുത്ത ബന്ധമാണ് സോഷ്യലിസ്റ്റ് വിഭാഗത്തില്‍ ഉറപ്പിച്ചുനിര്‍ത്തിയത്. തൃത്താലയില്‍നിന്ന് മദ്രാസ് അസംബ്ലിയിലേക്ക് 1952-ല്‍ ജയിച്ച ഡോക്ടര്‍ മേനോന്‍ 1965-ല്‍ കൊയിലാണ്ടിയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടിരുന്നു- യോഗം ചേരാതെ പിരിച്ചുവിട്ട സഭ.

ആദ്യത്തെ പാര്‍ലമെന്റില്‍ തലശ്ശേരി ബി.ഇ.എം.പി ഹൈസ്‌കൂളിലും ബ്രണ്ണന്‍ സ്‌കൂളിലുമായി പഠിച്ച ആറുപേര്‍ അംഗങ്ങളായിരുന്നു. കെ. കേളപ്പന്‍, എ.കെ.ജി, നെട്ടൂര്‍ പി. ദാമോദരന്‍, ബി. പോക്കര്‍, തമിഴ്നാട്ടിലെ മയിലാടുത്തുറൈ അഥവാ മയൂരം മണ്ഡലത്തില്‍ സി.പി.ഐ ടിക്കറ്റില്‍ ജയിച്ച കെ. അനന്തന്‍ നമ്പ്യാര്‍ എന്നിവര്‍ ലോകസഭയില്‍. വി.കെ. കൃഷ്ണമേനോന്‍ രാജ്യസഭയിലും.

ജോസഫ് മുണ്ടശേരി, പി.കെ. വാസുദേവന്‍ നായര്‍
ജോസഫ് മുണ്ടശേരി, പി.കെ. വാസുദേവന്‍ നായര്‍
കെ.കേളപ്പനും അദ്ദേഹത്തിന്റെ  ശത്രുക്കളായിരുന്ന കമ്യൂണിസ്റ്റുകാരും ഒന്നായതെങ്ങനെ? 
മുഖ്യശത്രുകള്‍ മുഖ്യമിത്രങ്ങളായതിന്റെ ചരിത്രം
കൃത്രിമ നാഡീവ്യൂഹം എന്ന സാങ്കേതികവിപ്ലവം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com