സമാധാനം നഷ്ടപ്പെടുത്തുന്നവിധം നയനയുടെ ജീവിതത്തില്‍ ആരോ ഇടപെട്ടിരുന്നു

നയനയുടെ അടുത്ത സുഹൃത്തുക്കളിലൊരാളായിരുന്ന തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകന്‍ സി. ശ്രീകാന്ത് അവരുടെ വിയോഗത്തിന്റെ നാലാം വാര്‍ഷികത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിക്കാന്‍ നടത്തിയ ശ്രമമാണ് തുടക്കം
സമാധാനം നഷ്ടപ്പെടുത്തുന്നവിധം നയനയുടെ ജീവിതത്തില്‍ ആരോ ഇടപെട്ടിരുന്നു

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഉള്‍പ്പെടെ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്ന വിവരങ്ങള്‍ നയനാ സൂര്യന്റെ ആത്മഹത്യാ സാധ്യതയുടേയും അതല്ലാത്ത 'സ്വയം തെരഞ്ഞെടുത്ത മരണ'ത്തിന്റേയും എല്ലാ വാതിലുകളും അടയ്ക്കുന്നതും കൊലപാതക സാധ്യതയുടെ പല വാതിലുകള്‍ തുറക്കുന്നതുമാണ്. സ്വയം പീഡിപ്പിച്ചും ശ്വാസംമുട്ടിച്ചും ആനന്ദം കണ്ടെത്തുകയും അതിലൂടെ പ്രതീക്ഷിക്കാത്ത മരണം സംഭവിക്കുകയും ചെയ്യുന്ന അസ്ഫിക്‌സിയോഫീലിയ ആണ് മരണകാരണമെന്നാണ് കേസ് അന്വേഷണം അവസാനിപ്പിച്ച മ്യൂസിയം പൊലീസിന്റെ കണ്ടെത്തല്‍. അതുകൊണ്ടാണ് ആത്മഹത്യ അല്ലാതെ മറ്റൊരു 'സ്വയം തെരഞ്ഞെടുത്ത മരണകാരണത്തെ'ക്കുറിച്ചു പറഞ്ഞത്. കഴുത്തു ഞെരിച്ചു കൊന്നു എന്ന സംശയമാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. കൊലപാതകം എന്ന വാക്ക് നേരിട്ടു പറയുന്നില്ലെന്നു മാത്രം. ഇത് അന്നേ പുറത്തു വരാതിരിക്കാന്‍ പൊലീസില്‍നിന്നു വലിയ ശ്രമമുണ്ടായി. കൊലപാതക സാധ്യത പൊലീസിന്റെ അന്വേഷണപരിധിയില്‍ വന്നില്ലെന്നു മാത്രമല്ല, ആരും അങ്ങനെ ചിന്തിക്കുകപോലും ചെയ്യാതിരിക്കാനുള്ള അതിബുദ്ധിയും കാണിച്ചു. അസ്ഫിക്‌സിയോഫീലിയ ഉള്ളവര്‍ ലൈംഗികാനുഭൂതിക്കുവേണ്ടിയാണ് സ്വയം മുറിവുകളേല്പിക്കുകയും ശാരീരിക പീഡനം നടത്തുകയും ചെയ്യുന്നത് എന്നാണ് മനഃശാസ്ത്രജ്ഞര്‍ പറയുന്നത്. അതിന്റെ തുടര്‍ച്ചയായി മരണവും സംഭവിക്കാം. അത്തരത്തില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത വേറെ കേസുകളില്ല. നയനയുടെ മരണത്തെ ആദ്യ അസ്ഫിക്‌സിയോഫീലിയ കേസായി പുറമേയ്ക്കു പറയാതെ തന്നെ പൊലീസ് മാറ്റുകയാണുണ്ടായത്. സഹോദരങ്ങള്‍ അതോടെയാണ് കേസിനു പിന്നാലെ പോകാന്‍ മടിച്ചത്. മരണകാരണം ചര്‍ച്ച ചെയ്യുന്നത് മരണശേഷവും നയനയെ അപമാനിക്കലായി മാറും എന്ന് അവര്‍ കരുതി. എങ്കിലും അടുത്ത സുഹൃത്തുക്കളില്‍ ചിലരുടെ സംശയങ്ങള്‍ ശക്തമായിത്തന്നെ നിന്നു. ആ സംശയങ്ങളാണ് പുതിയ ചര്‍ച്ചകള്‍ക്കും പുനരന്വേഷണത്തിനും ഇടയാക്കിയത്. തിരുവനന്തപുരം വെള്ളയമ്പലത്തിനടുത്ത് ആല്‍ത്തറയിലെ വാടകവീട്ടിലാണ് നയനയുടെ മൃതദേഹം കണ്ടെത്തിയത്, 2019 ഫെബ്രുവരി 24-ന്. അന്ന് നയനയുടെ ജന്മദിനവുമായിരുന്നു. അസ്വാഭാവിക മരണത്തിന് മ്യൂസിയം പൊലീസ് കേസെടുത്തു. എന്നാല്‍, ആ മരണത്തിനു നാലു വര്‍ഷം തികയാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ, ഇപ്പോഴാണ് നയനയുടെ മരണത്തിലെ ദുരൂഹതകള്‍ നീങ്ങാന്‍ വഴിതെളിയുന്നത്.

നയനയുടെ അടുത്ത സുഹൃത്തുക്കളിലൊരാളായിരുന്ന തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകന്‍ സി. ശ്രീകാന്ത് അവരുടെ വിയോഗത്തിന്റെ നാലാം വാര്‍ഷികത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിക്കാന്‍ നടത്തിയ ശ്രമമാണ് തുടക്കം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള ചില സൂചനകള്‍വെച്ച് ആ റിപ്പോര്‍ട്ടിനുവേണ്ടി മുന്‍പും ശ്രമിച്ചെങ്കിലും കിട്ടിയില്ല എന്നു പല സുഹൃത്തുക്കളും പറഞ്ഞു. എന്തുകൊണ്ട് പൊലീസ് ആ റിപ്പോര്‍ട്ട് മറച്ചുവയ്ക്കുന്നു എന്ന സംശയത്തില്‍നിന്ന് ഏതുവിധവും റിപ്പോര്‍ട്ട് സംഘടിപ്പിക്കണം എന്ന തീരുമാനത്തിലേക്ക് അവര്‍ എത്തി. ഒടുവില്‍, റിപ്പോര്‍ട്ട് കിട്ടിയപ്പോള്‍ അതിലെ കണ്ടെത്തലുകളുടെ പൂര്‍ണ്ണരൂപം ഞെട്ടിക്കുകതന്നെ ചെയ്തു. ബന്ധുക്കളും ശക്തമായി പുനരന്വേഷണ ആവശ്യം ഉന്നയിക്കാനും മുന്‍പത്തെ അന്വേഷണത്തിലെ പിഴവുകള്‍ തുറന്നു പറയാനും ഇതോടെ തയ്യാറായി. 

ലെനിൻ രാജേന്ദ്രനൊപ്പം നയന സിനിമാ ചിത്രീകരണത്തിനിടയിൽ
ലെനിൻ രാജേന്ദ്രനൊപ്പം നയന സിനിമാ ചിത്രീകരണത്തിനിടയിൽ

സംശയങ്ങളേറെ 

സത്യത്തില്‍ അങ്ങനെയൊരു അത്യസാധാരണ രോഗകാരണം നയനയുടെ മരണവുമായി ചേര്‍ത്തുവെച്ചത് വേണ്ടപ്പെട്ടവരെ അന്വേഷണ ആവശ്യത്തില്‍നിന്നു പിന്‍മാറ്റാന്‍ ചെയ്ത അതിബുദ്ധിയായിരുന്നോ എന്ന സംശയംകൂടിയാണ് ഉയരുന്നത്. മരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരും പൊലീസും ചേര്‍ന്നു തയ്യാറാക്കിയ 'തിയറി' ആയിരുന്നോ അത് എന്ന അന്വേഷണവും പ്രസക്തം. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരിലേക്കും അവര്‍ കൊലപാതക സാധ്യതകള്‍ വേഗത്തില്‍ തള്ളിയതിലേക്കും പുതിയ അന്വേഷണസംഘം എത്തേണ്ടതാണ്. അതിനു നിര്‍ദ്ദേശവുമുണ്ട്. പക്ഷേ, ലോക്കല്‍ പൊലീസില്‍നിന്ന് ക്രൈംബ്രാഞ്ചിലേക്കു മാറ്റിയതുകൊണ്ടു മാത്രം അന്വേഷണം സത്യസന്ധവും സംശയരഹിതവും സ്വാധീനങ്ങള്‍ക്കതീതവും ആകണമെന്നില്ല. ക്രൈംബ്രാഞ്ച് അന്വേഷണ സംഘം എവിടെ നിന്ന്, എങ്ങനെ തുടങ്ങുന്നു എന്നതും ഏതുവിധം മുന്നോട്ടു നീങ്ങുന്നു എന്നതും പ്രധാനമാണ്. അതേ സമയം, മാധ്യമങ്ങളെ അന്നന്നു വിവരങ്ങള്‍ അറിയിച്ചും ആരെയും അപ്പപ്പോള്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിക്കൊണ്ടും അന്വേഷണം വേണ്ട എന്ന തീരുമാനം ആഭ്യന്തര വകുപ്പിന്റെ തലപ്പത്ത് ഉണ്ട്. അതനുസരിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ താഴേയ്ക്കു പോയിട്ടുമുണ്ട്. 11 വര്‍ഷം മുന്‍പ് തിരുവനന്തപുരം ഊരൂട്ടമ്പലത്തെ ദിവ്യ എന്ന യുവതിയേയും രണ്ടര വയസ്സുള്ള കുഞ്ഞിനേയും കാണാതായത് കൊലപാതകമാണെന്നു തെളിയിക്കുന്നതിലും പാറശാലയിലെ യുവാവ് കഷായം ഉള്ളില്‍ച്ചെന്നു മരിച്ചത് കാമുകിയും കുടുംബവും നടത്തിയ കൊലയാണെന്നു കണ്ടെത്തുന്നതിലും ക്രൈംബ്രാഞ്ച് തെളിയിച്ച മികവ് ഈ അന്വേഷണത്തിലും അവരുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നു. നയന സൂര്യന്റെ മരണത്തിലെ മുഴുവന്‍ ദുരൂഹതകളും നീങ്ങാനാണ് കളമൊരുങ്ങുന്നത് എന്ന പ്രതീതി ശക്തം. എങ്കിലും കേരള പൊലീസിന്റെ അന്വേഷണത്തിലുള്ള വിശ്വാസക്കുറവ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് അറിയിക്കാനാണ് നയനയുടെ കുടുംബം തീരുമാനിച്ചത്. സി.ബി.ഐ അന്വേഷണമാണ് അവരുടെ ആവശ്യം. ഭരണ - രാഷ്ട്രീയ നേതൃത്വം ഈ കേസില്‍ പൊലീസിന്റെ അട്ടിമറിക്കൊപ്പമല്ല എന്നു തെളിയിക്കുക കൂടി പ്രധാനമായതുകൊണ്ട് തുടര്‍ തീരുമാനങ്ങളും പ്രധാനമാകും. ഭാവി കേരളത്തിന്റെ പെണ്‍പ്രതീക്ഷകളിലൊന്നായി മാറുമായിരുന്ന പ്രതിഭാധനയായ പെണ്‍കുട്ടിയെ ഇല്ലാതാക്കിയതാണെങ്കില്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഒട്ടും വൈകിക്കൂടാ എന്നതാണു പ്രധാനം; ക്രൈംബ്രാഞ്ച് ആയാലും സി.ബി.ഐ ആയാലും.

കൊല്ലം അഴീക്കല്‍ സ്വദേശിയാണ് നയന. ദിനേശന്റേയും ഷീലയുടേയും മകള്‍. സൂര്യന്‍പുരയിടത്തില്‍ എന്ന വീട്ടുപേരില്‍നിന്നാണ് പേരിനൊപ്പം സൂര്യന്‍ ചേര്‍ത്തത്. പത്തു വര്‍ഷത്തോളം പ്രമുഖ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായിക; അടുത്ത സുഹൃത്ത്. അദ്ദേഹം കേരള ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനായപ്പോള്‍ പേഴ്സണല്‍ അസിസ്റ്റന്റ്. ലെനിന്‍ രാജേന്ദ്രന്റെ 'മകരമഞ്ഞ്' ആണ് നയന സഹസംവിധാനം നിര്‍വ്വഹിച്ച ആദ്യ സിനിമ. ജിത്തു ജോസഫ്, കമല്‍, ഡോ. ബിജു എന്നിവര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു. ഒരു ഹ്രസ്വചിത്രവും നിരവധി പരസ്യചിത്രങ്ങളും സംവിധാനം ചെയ്തു. ആലപ്പാട്ട് കരിമണല്‍ ഖനനത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളില്‍ സജീവമായിരുന്നു. ഒരു ചെറുകഥയെ അടിസ്ഥാനമാക്കി സ്വതന്ത്രമായി സിനിമ സംവിധാനം ചെയ്യാനുള്ള ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. നയനയെ ഫോണില്‍ കിട്ടാതെ വന്നപ്പോള്‍ വീട്ടില്‍ അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണ് മൃതദേഹം കണ്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവനുണ്ടായിരുന്നില്ല. അവരില്‍ ചിലര്‍ അന്നുമുതല്‍ ഈ കേസിനു പിന്നാലെയുണ്ട്. എങ്കിലും കെട്ടിപ്പൂട്ടി വയ്ക്കാനും കാണേണ്ടതു പലതും കണ്ടില്ലെന്നു വയ്ക്കാനും പൊലീസ് ശ്രമിച്ചപ്പോള്‍ അവരുടെ നിരീക്ഷണവും വഴിമുട്ടിപ്പോയിരുന്നു. 

പൊലീസ് അന്നു നടത്തിയ മൃതദേഹ പരിശോധനയില്‍ വിട്ടുകളഞ്ഞ മൃതദേഹത്തിന്റെ കഴുത്തിലെ മുറിവ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. അത് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നില്ല. 31.5 സെന്റിമീറ്റര്‍ വലിപ്പമുള്ളതായിരുന്നു മുറിവ്. അടിവയറ്റില്‍ മര്‍ദ്ദനമേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. പാന്‍ക്രിയാസിലും വൃക്കയിലും രക്തസ്രാവം ഉണ്ടായി. പ്ലീഹ ചുരുങ്ങുകയും പൊട്ടുകയും ചെയ്തു. ഈ കണ്ടെത്തലുകള്‍ പൊലീസ് അന്വേഷിച്ചു പോലുമില്ല. കഴുത്തിനു ചുറ്റും ഉരഞ്ഞുണ്ടായ പല മുറിവുകള്‍ ഉണ്ടായിരുന്നു. നയന എപ്പോഴോ വിഷാദരോഗത്തിനു ചികിത്സിച്ചിരുന്നു; അതുകൊണ്ട് ആത്മഹത്യ ചെയ്തതാകാം എന്നും പ്രമേഹമുണ്ടായിരുന്നതുകൊണ്ട് രക്തത്തില്‍ പഞ്ചസാരയുടെ അളവ് താണ് പരസഹായം കിട്ടാതെ മരിക്കുകയായിരുന്നു എന്നും ആരോ പ്രത്യേക താല്പര്യമെടുത്തു പ്രചരിപ്പിച്ചു.

ഫൊറന്‍സിക് റിപ്പോര്‍ട്ടിലെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് അസ്വാഭാവികമായ ധൃതിയില്‍ അസ്ഫിക്‌സിയോഫീലിയ ആണ് മരണകാരണം എന്നെഴുതി പൊലീസ് കേസ് ഫയല്‍ അടച്ചത്. മുതിര്‍ന്ന മനഃശാസ്ത്രജ്ഞരോടു ചോദിച്ചിട്ടുപോലും ഈ രോഗത്തെക്കുറിച്ചു വിശദ വിവരങ്ങള്‍ കിട്ടുന്നില്ല. ഗൂഗിളില്‍ തിരഞ്ഞാണ് അവരും കണ്ടെത്തിയത്. അങ്ങനെയൊരു രോഗത്തെക്കുറിച്ച് ഫൊറന്‍സിക് റിപ്പോര്‍ട്ടിലും പൊലീസ് റിപ്പോര്‍ട്ടിലും പറയുന്നതിന്റെ ആധികാരികതയില്‍ ഈ രംഗത്തെ വിദഗ്ദ്ധര്‍ തന്നെ സംശയം പ്രകടിപ്പിക്കുന്നു. അവരില്‍ മുന്‍പ് സര്‍ക്കാര്‍ ഫൊറന്‍സിക് വിഭാഗത്തിന്റെ ഭാഗമായിരിക്കുകയും വിരമിച്ച ശേഷം സ്വകാര്യ ഫൊറന്‍സിക് സ്ഥാപനത്തിന്റെ ഭാഗമാവുകയും ചെയ്തവരുണ്ട്. സ്വയം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി എന്ന നിഗമനത്തിലേക്ക് എങ്ങനെ ഇത്ര അനായാസം എത്തി എന്നത് അവരെയൊക്കെ അത്ഭുതപ്പെടുത്തുന്നു. അതേ അത്ഭുതത്തിന്റെ പിന്നാലെയാണ് പുതിയ സംഘവും അന്വേഷിച്ചു തുടങ്ങുന്നത്. ലോകത്തുതന്നെ വളരെക്കുറച്ചു മാത്രമാണ് അസ്ഫിക്‌സിയോഫീലിയ രോഗം റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. രാജ്യത്തെ സ്ഥിതിയും അതുതന്നെ. തമിഴ്നാട്ടില്‍ ഒരു യുവാവ് ഈ രോഗത്തിനു വിധേയനായി സ്വയം മരിച്ചു എന്നു റിപ്പോര്‍ട്ടു ചെയ്തതാണ് ശ്രദ്ധേയമായ ഏക കേസ്. അതില്‍ത്തന്നെ കൃത്യമായ ഒരു നിഗമനത്തിലെത്താന്‍ തമിഴ്നാട്ടിലെ ഫൊറന്‍സിക് വിഭാഗം തയ്യാറായില്ല. ഇങ്ങനെയൊരു രോഗമുണ്ടെന്നും ഈ ചെറുപ്പക്കാരന്റെ മരണം വിശദമായി പരിശോധിക്കുമ്പോള്‍ അതിലേക്ക് എത്താവുന്ന സൂചനകളുണ്ടെന്നുമാണ് പറഞ്ഞത്. കഴിഞ്ഞ ദിവസം നയനയുടെ മരണം ഒരു ടി.വി ചാനല്‍ ചര്‍ച്ച ചെയ്തപ്പോള്‍ ഈ രോഗത്തെക്കുറിച്ച് തനിക്കറിയാവുന്ന വിവരങ്ങള്‍ നയനയുടെ സുഹൃത്ത് പറഞ്ഞിരുന്നു. ഫൊറന്‍സിക് റിപ്പോര്‍ട്ടിലെ കണ്ടെത്തലിനെക്കുറിച്ച് അറിഞ്ഞ ശേഷം അന്വേഷിച്ചു മനസ്സിലാക്കിയ വിവരങ്ങളാണ് അവര്‍ പറഞ്ഞത്. ആ ചര്‍ച്ചയില്‍ പങ്കെടുത്ത, എസ്.പി ആയി വിരമിച്ച മുന്‍ പൊലീസ് ഉദ്യോഗസ്ഥന് ആ രോഗത്തെക്കുറിച്ച് യാതൊരു അറിവുമുണ്ടായിരുന്നില്ല. അദ്ദേഹം അത് തുറന്നുപറയുകയും ചെയ്തു. കേരള പൊലീസിന് ഈ രോഗത്തെക്കുറിച്ച് ഒരു പിടിയുമില്ല എന്നതിനു തെളിവാണത്. എന്നാല്‍, നയനയുടെ മരണം ആ രോഗം മൂലമാണെന്നു സ്ഥാപിക്കാനാണ് ഫൊറന്‍സിക് - പൊലീസ് റിപ്പോര്‍ട്ടുകളിലെ ശ്രമം. അസ്ഫിക്‌സിയോഫീലിയ ആണ് മരണകാരണമെങ്കില്‍ മരണമുണ്ടായ സ്ഥലത്തെ സാഹചര്യങ്ങളില്‍ പലതും അതുമായി ചേര്‍ന്നുവരണം എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതില്‍ ഒന്നുപോലും മരണത്തിനുശേഷം പൊലീസ് തയ്യാറാക്കിയ മഹസറില്‍ ഇല്ല. മുറി അകത്തുനിന്നു കുറ്റിയിട്ടിരുന്നു എന്നും ചവിട്ടിത്തുറന്നു എന്നും അതല്ല, വാതില്‍ തള്ളിയപ്പോള്‍ തുറന്നു എന്നും വ്യത്യസ്ത മൊഴികളുണ്ട്.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ അതീവ ഗൗരവമുള്ള കണ്ടെത്തലുകള്‍ അവഗണിച്ച് എങ്ങനെ അന്വേഷണം അവസാനിപ്പിച്ചു എന്ന ചോദ്യത്തിന് അന്നത്തെ അന്വേഷണത്തിന്റെ ഭാഗമായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ മറുപടി പറയേണ്ടിവരും. 

കൊന്നതാണോ? 

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗത്തിലെ പ്രൊഫസര്‍ ഡോ. കെ. ശശികലയാണ് പോസ്റ്റുമോര്‍ട്ടത്തിനു നേതൃത്വം നല്‍കിയതും റിപ്പോര്‍ട്ട് തയ്യാറാക്കിയതും. ക്രൈം നമ്പര്‍ 384/19 ആയി അസ്വാഭാവിക മരണത്തിനു കേസെടുത്ത ശേഷം മ്യൂസിയം പൊലീസ് സ്റ്റേഷനിലെ എസ്.ഐയും വനിതാ സി.പി.ഒയുമാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് എത്തിച്ചത്. ''നാക്ക് 0.8 സെ.മീ പുറത്തേക്കു പല്ലിനിടയിലൂടെ തള്ളി നിന്നിരുന്നു. പക്ഷേ, നാക്കിന്റെ അരികില്‍ കടിച്ചു മുറിവേല്പിച്ചിരുന്നില്ല. മൂക്കിലൂടെ വെളുത്ത നുര, ചുണ്ടുകള്‍ വരണ്ട നിലയില്‍'' എന്നിങ്ങനെ കഴുത്ത് അമര്‍ന്നു ശ്വാസംമുട്ടി മരിക്കുമ്പോഴത്തെ സാധാരണ കാഴ്ചകള്‍ നയനയുടെ മൃതദേഹത്തിലും ഉണ്ടായിരുന്നു. 

പോസ്റ്റുമോര്‍ട്ടത്തിനു മുന്‍പേയുള്ള മുറിവുകള്‍ എന്ന തലക്കെട്ടിനു കീഴെയാണ് മൃതദേഹത്തിലെ മുറിവുകള്‍ റിപ്പോര്‍ട്ടില്‍ എഴുതുക. അവയുടെ ചുരുക്കം ഇങ്ങനെയാണ്: 

1. കഴുത്തിന്റെ ഇടതുവശത്തായി 31.5 സെന്റീമീറ്റര്‍ നീളത്തില്‍ രണ്ടു പോറലുകള്‍, 0.2ഃ0.2 സെ.മീ വലിപ്പത്തില്‍ വേറെ പോറല്‍, താടിയെല്ലിനു താഴെ 6.5 സെ.മീ വലിപ്പവും 2.5 സെ.മീ വലിപ്പവുമുള്ള വളവുള്ളതും സമാന്തരവുമായ ഓരോ പോറലുകള്‍. 

2. കഴുത്തിനു മുന്‍ഭാഗത്തായി ഇടതുഭാഗത്ത് ലംബമായി 4.5ഃ0.2 സെ.മീ വലിപ്പമുള്ള പോറല്‍, കഴുത്തെല്ലിനു മുകളിലായി 6.5 സെ.മീ, 2.5 സെ.മീ വലിപ്പമുള്ള പോറല്‍.

3. കഴുത്തിനു മുന്‍ഭാഗത്തു കുറുകെയും പിടലിയുടെ വശത്തുമായി 0.3ഃ0.2ഃ0.2 സെ.മീ മുതല്‍ 0.5ഃ0.3ഃ0.2 സെ.മീ വരെ വലിപ്പത്തില്‍, 3ഃ1.5 സെ.മീ വ്യാപ്തിയില്‍ പുറമേയ്ക്കു മാത്രമുള്ള ഒന്നിലധികം ചതവുകള്‍.

4. കഴുത്തിനു മുന്‍ഭാഗത്ത് 8ഃ1.7 സെ.മീ വലിപ്പത്തില്‍ ലംബമായി പിങ്ക് നിറം. ഇത് മാറെല്ലോളം നീളുന്നു.

5. കഴുത്തിനു മുന്‍ഭാഗത്ത് മുകളിലായി താടിയോളം നീളുന്ന, 5ഃ1.7 സെ.മീ പിങ്ക് നിറം. കഴുത്തിന്റെ ഇടതുഭാഗത്ത് താടിയെല്ലു വരെ നീളുന്ന ഇരുണ്ട തവിട്ടു നിറം. 

6. കഴുത്തിന്റെ ഇടതുഭാഗത്ത് പലയിടത്തായി പിങ്ക് നിറം. വെപ്രാളത്തില്‍ കഴുത്തിലേല്പിച്ച രക്തമില്ലാത്ത പാടുകള്‍. 

എട്ടാമതായി, വയറിന്റെ ഇടതുഭാഗത്ത് 2.5ഃ1.5ഃ0.3 സെ.മീ വലിപ്പത്തില്‍ ഒരു ചതവുള്ളതായി റിപ്പോര്‍ട്ടിലുണ്ട്. പക്ഷേ, അതേ കണ്ടെത്തലിനോടു ചേര്‍ത്തുപറയുന്ന രക്തസ്രാവം പാന്‍ക്രിയാസിന്റെ തലഭാഗത്തിനു ചുറ്റിലും വലതു വശത്തെ വൃക്കയുടെ താഴ്ഭാഗത്തിനു ചുറ്റുമാണ്. വയറിന്റെ ഇടതുഭാഗത്ത് ഇത്ര ചെറിയ ചതവിനു കാരണമാകാവുന്ന ആഘാതം ശരീരത്തിന്റെ വലതുഭാഗത്തു സ്ഥിതിചെയ്യുന്ന പാന്‍ക്രിയാസിലും വലത്തേ വൃക്കയിലും രക്തസ്രാവത്തിനു കാരണമാകുമോ എന്ന സംശയം സ്വാഭാവികം. ഫൊറന്‍സിക് വിദഗ്ദ്ധര്‍ ഇക്കാര്യത്തില്‍ രണ്ടു സാധ്യതകള്‍ ചൂണ്ടിക്കാണിക്കുന്നു. വയറിന്റെ ഇടതുഭാഗത്ത് ഏല്‍ക്കുന്ന ചവിട്ടോ എന്തെങ്കിലും കനമുള്ള വസ്തുകൊണ്ടുള്ള അടിയോ ഉള്‍പ്പെടെ മറുവശത്തെ ആന്തരികാവയത്തിനും ക്ഷതമേല്‍പ്പിക്കാം. എന്നാല്‍, ഇവിടെ വയറിലെ ചതവ് തീരെ ചെറുതാണെങ്കിലും അതിനോടു ചേര്‍ത്തുതന്നെ പറയുന്ന പാന്‍ക്രിയാസിലേയും വൃക്കയിലേയും രക്തസ്രാവം മരണ കാരണമാകുന്നില്ല. ഈ ചതവിന് ഇടയാക്കിയ ആഘാതം തന്നെയാകണം ആ രക്തസ്രാവത്തിനു കാരണമെന്നുമില്ല. കൂടുതല്‍ രക്തസ്രാവമുണ്ടെങ്കില്‍ വയറിനുള്ളില്‍ ഇത്ര അളവ് രക്തമുണ്ടായിരുന്നു എന്നോ മറ്റോ സാധാരണഗതിയില്‍ റിപ്പോര്‍ട്ടില്‍ പറയാറുണ്ട്. ഇവിടെ അങ്ങനെ പറഞ്ഞിട്ടില്ല.

തലച്ചോറില്‍ അസ്വാഭാവികമായി രക്തം കട്ടപിടിച്ചും വീങ്ങിയും പത നിറഞ്ഞുമാണ് കണ്ടത്. ശ്വാസകോശത്തിലും രക്തം കട്ടപിടിച്ചിരുന്നു; വീക്കവും ഉണ്ടായിരുന്നു. ഹൃദയം ഉലഞ്ഞ സ്ഥിതിയിലായിരുന്നു. ഹൃദയപേശിയിലേക്ക് രക്തം എത്തിക്കുന്ന വലതുഭാഗത്തെ കൊറോണറി ആര്‍ട്ടറിയുടെ കീഴ്ഭാഗത്ത് രക്തസ്രാവം ഉണ്ടായിരുന്നു. വൃക്കകളില്‍ രക്തം കട്ടപിടിക്കുകയും രക്തസ്രാവത്തിന്റെ പാടുകള്‍ നിറഞ്ഞുമാണ് ഉണ്ടായിരുന്നത്. കഴുത്തു ശക്തമായി ഞെരിച്ചതാണ് മരണകാരണമായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്ന ഉറച്ച അഭിപ്രായം. അതേസമയം, 2019 ഫെബ്രുവരി 24-നു പോസ്റ്റുമോര്‍ട്ടം ചെയ്തതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച തീയതി ഏപ്രില്‍ അഞ്ച് ആണ്; ഒന്നര മാസത്തോളം വൈകി. രണ്ടാഴ്ചയാണ് നിയമപ്രകാരം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കാനുള്ള പരമാവധി കാലാവധി. എന്നാല്‍, അസാധാരണ സാഹചര്യങ്ങളില്‍ കൂടുതല്‍ പരിശോധനയ്ക്കായി വൈകിപ്പിക്കാറുണ്ട്. അത്തരം അധിക പരിശോധനയില്‍ പൊലീസ് താല്പര്യം കാണിച്ചിട്ടില്ല. പിന്നെ എന്തുകൊണ്ട് റിപ്പോര്‍ട്ട് ഇത്രയും വൈകി എന്നതും ഇപ്പോള്‍ ഉയര്‍ന്ന സംശയങ്ങളുടെ ഭാഗമായിട്ടുണ്ട്. പൊലീസ് സര്‍ജന്‍ എഴുതി നല്‍കിയ മൊഴിയിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, റിപ്പോര്‍ട്ട് പൂര്‍ണ്ണരൂപത്തില്‍ ഉണ്ടായിരിക്കെ ആ മൊഴിയില്‍ വിട്ടുപോയതൊന്നും കാര്യമല്ല എന്നും വിദഗ്ദ്ധര്‍ പറയുന്നുണ്ട്. 

നയനയുടെ കഴുത്തില്‍ ചുറ്റിപ്പിണഞ്ഞ നിലയില്‍ പുതപ്പ് ഉണ്ടായിരുന്നു എന്നാണ് മൃതദേഹം ആദ്യം കണ്ട സുഹൃത്തിന്റെ മൊഴി. കുരുക്ക് മുറുകിയ നിലയില്‍ അല്ലായിരുന്നു. എന്നാല്‍, സഹോദരന്‍ മധുവിനെ പൊലീസ് കാണിച്ചത് പുതപ്പല്ല, ജനല്‍ കര്‍ട്ടനാണ്. നയന മരിച്ചുകിടന്ന മുറിയുടെ വാതില്‍ അകത്തുനിന്നു പൂട്ടിയിരുന്നോ അതോ ചാരുക മാത്രമേ ചെയ്തിരുന്നുള്ളോ എന്നത് പ്രസക്തമല്ലാത്തവിധം മറ്റൊരു പ്രത്യേകത ആ മുറിക്കുണ്ട്. വാതില്‍ തുറക്കാതെ തന്നെ ബാല്‍ക്കണിയില്‍നിന്നു മുറിയില്‍ കയറാനും തിരിച്ചുപോകാനും കഴിയും എന്നതാണത്. 

ആരുടെ അനീതി 

നയനയുടെ മരണത്തിനു പിന്നാലെ ആരും പോകരുതെന്ന് ആരൊക്കെയോ ആഗ്രഹിച്ചിരുന്നു; പൊലീസും അതിനൊപ്പം നിന്നു. മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട് ആരെയും കാണിക്കരുത് എന്ന് ആദ്യം കേസ് അന്വേഷിച്ചെന്നു വരുത്തിയ പൊലീസ് ഉദ്യോഗസ്ഥിലൊരാള്‍ പറഞ്ഞതായി സഹോദരന്‍ മധു വെളിപ്പെടുത്തിയത് ഇതിനു ശക്തമായ തെളിവായി മാറുന്നു. മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്ന് നയനയുടെ സുഹൃത്തുക്കള്‍ തുടക്കം മുതല്‍ പറഞ്ഞപ്പോഴും സമാന്തരമായി പൊലീസിന്റെ ഇത്തരം ഇടപെടലുകള്‍ കുടുംബത്തെ വിഷമിപ്പിച്ചിരുന്നു. ഇപ്പോള്‍ ഇത്തരം കാര്യങ്ങള്‍ തുറന്നുപറയാന്‍ കിട്ടിയ ധൈര്യം അന്നുണ്ടായിരുന്നില്ല എന്ന് കേസുമായി ബന്ധപ്പെട്ട് സംസാരിച്ച നയനയുടെ സുഹൃത്തുക്കളോടു സഹോദരന്‍ സമ്മതിക്കുകയും ചെയ്തു. പൊലീസ് ഭീഷണിപ്പെടുത്തുകയോ സമ്മര്‍ദ്ദത്തിലാക്കുകയോ ചെയ്‌തോ എന്നു പുറത്തുവരാനുണ്ട്. മരണത്തില്‍ സംശയമൊന്നുമില്ല എന്നും പരാതിയില്ല എന്നും പൊലീസിന് എഴുതിക്കൊടുക്കാന്‍ സഹോദരങ്ങളെ നിര്‍ബ്ബന്ധിച്ചിരുന്നു. എഴുതിവാങ്ങുകയും ചെയ്തു. സ്വയം പീഡിപ്പിക്കുന്നതിലൂടെ അനുഭൂതിയും ആഹ്ലാദവും കണ്ടെത്തുന്ന അപൂര്‍വ്വ രോഗത്തിന്റെ തുടര്‍ച്ചയാണ് സഹോദരിയുടെ മരണം എന്ന് മധുവിനോട് മ്യൂസിയം പൊലീസ് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ''അതൊക്കെ ഇനി ചാനലുകാരും പത്രക്കാരും ചര്‍ച്ച ചെയ്യാനും എഴുതാനും തുടങ്ങിയാല്‍ നിങ്ങള്‍ക്കല്ലേ നാണക്കേട്. നമുക്കു പോകാനുള്ളത് പോയി, ഇനി ഇവര്‍ക്കൊക്കെ കൊത്തിക്കീറാന്‍ ഇട്ടുകൊടുക്കണോ'' എന്ന മട്ടില്‍ കുടുംബത്തിനൊപ്പം നില്‍ക്കുന്നുവെന്ന തോന്നലുണ്ടാക്കിയാണ് സഹോദരങ്ങളെ നിശ്ശബ്ദരാക്കിയത്. അമ്മയും അച്ഛനും 'രോഗവിവരം' അറിഞ്ഞാല്‍ തകര്‍ന്നുപോകും എന്നും വരുത്തി. ഇതൊന്നും യാദൃച്ഛികമായി സംഭവിക്കുന്ന കാര്യങ്ങളായിരുന്നില്ല; മറിച്ച്, ഒരുതരം ആസൂത്രണ സ്വഭാവമുണ്ടുതാനും. പൊലീസ് ആ ആസൂത്രണത്തിന്റെ ഭാഗമായിരുന്നു എന്ന സംശയമാണ് ഓരോ പുതിയ വിവരങ്ങളില്‍നിന്നും വ്യക്തമാകുന്നത്. അങ്ങനെയെങ്കില്‍ നയനയുടെ മരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പൊലീസിനു കൃത്യമായി അറിയാം എന്നുതന്നെ മനസ്സിലാക്കേണ്ടിവരും. അവരെ രക്ഷിക്കാനുള്ള ക്വട്ടേഷന്‍ എടുത്തവരെപ്പോലെയാണ് പൊലീസ് പെരുമാറിയത്. നിസ്സാരമല്ല കാര്യം. സ്ത്രീപക്ഷ നവകേരളം എന്നത് ഭരണത്തിന്റെ ടാഗ്ലൈന്‍ തന്നെയാക്കിയ ഇടതുമുന്നണി ഗവണ്‍മെന്റിന്റെ പൊലീസും പെണ്‍ഘാതകരുടെ രക്ഷകരായി മാറുന്ന പേടിപ്പിക്കുന്ന സ്ഥിതി. 

ലെനിന്‍ രാജേന്ദ്രന്റെ സുഹൃത്തും സഹപ്രവര്‍ത്തകയുമായ യുവ സംവിധായിക അദ്ദേഹത്തിന്റെ വിയോഗ ദു:ഖം താങ്ങാനാകാതെ ആത്മഹത്യ ചെയ്തു എന്നാണ് ആദ്യം പലരും വിശ്വസിച്ചത്. അതു പ്രചരിക്കുകയും ചെയ്തു. എന്നാല്‍, അങ്ങനെയല്ല എന്നു വരുത്തുന്ന മറുപ്രചാരണവും ഉണ്ടായി. ലെനിന് നയനയോട് അങ്ങനെയൊരു അടുപ്പമുണ്ടായിരുന്നു എന്നു വരുന്നതില്‍ അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടാകുന്ന വിഷമത്തെക്കുറിച്ചാണ് ലെനിന്റെ ആരാധകര്‍ സംസാരിച്ചത്. നയനയുടെ മരണത്തെ അപൂര്‍വ്വ രോഗവുമായി ചേര്‍ത്തുപറയുന്നതില്‍ ഉണ്ടായ അമിത താല്പര്യത്തെ ഇതുമായി ചേര്‍ത്തു കാണുന്നവരുണ്ട്. എന്നെങ്കിലും നയനയുടെ മരണം ചര്‍ച്ചയായാല്‍ അതിന്റെ കേന്ദ്രബിന്ദു അസ്ഫിക്‌സിയോഫീലിയ ആകണം എന്നുവച്ചു ചെയ്തതുപോലെ തോന്നിക്കുന്ന ഇടപെടലുകള്‍ സംശയാസ്പദവുമാണ്. പക്ഷേ, ഇതൊക്കെ മരണത്തിനുശേഷമുള്ള കാര്യങ്ങളാണ്. ആരെയെങ്കിലും നയനയുടെ മരണവുമായി ചേര്‍ത്തു സംശയിക്കാന്‍ പറ്റിയ കാരണങ്ങളുമല്ല. 

ലെനിന്‍ രാജേന്ദ്രന്‍ സി.പി.എം സഹയാത്രികനായിരുന്നു; അദ്ദേഹത്തിന്റെ കുടുംബം പാര്‍ട്ടിക്കു വേണ്ടപ്പെട്ടവരുമാണ്. ലെനിനും നയനയുമായി ഉണ്ടായിരുന്ന അടുത്ത സൗഹൃദത്തിന്റെ ഭാഗമായി അദ്ദേഹം അവര്‍ക്കു നല്‍കിയിരുന്നതെന്തോ തിരിച്ചുകിട്ടാന്‍ നയനയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു എന്ന സംശയം പ്രചരിക്കുന്നുണ്ട്. അത് സ്വത്തോ സ്വര്‍ണ്ണാഭരണങ്ങളോ ആകാം. അക്കാര്യത്തിലെ വസ്തുത കണ്ടെത്തേണ്ടത് പൊലീസാണ്. കാരണമില്ലാതെയാണ് ലെനിന്റെ കുടുംബം സംശയനിഴലില്‍ ആകുന്നതെങ്കില്‍ അത് അനീതിയുമാണ്. തന്റെ തൊഴിലുമായി ബന്ധപ്പെട്ട് വലിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി ജീവിച്ച പെണ്‍കുട്ടി ആയിരുന്നു നയന. അവരുടെ സമാധാനം നഷ്ടപ്പെടുത്തുന്നവിധം ജീവിതത്തില്‍ ആരോ ഇടപെട്ടിരുന്നു. മരണത്തിന്റെ തലേന്നോ അതിന്റെ തൊട്ടുമുന്‍പത്തെ ദിവസമോ അടുത്ത സുഹൃത്തുക്കളിലൊരാളുമായി ശംഖുമുഖം കടപ്പുറത്ത് പോയി ഏറെ നേരം ഇരുന്നതിനെക്കുറിച്ച് മറ്റൊരു സുഹൃത്ത് പറയുന്നുണ്ട്. അന്ന് നയന ഏറെ സങ്കടപ്പെട്ടിരുന്നു എന്നും കരഞ്ഞു എന്നുമാണ് പറഞ്ഞത്. കാരണമെന്താണ് എന്നു മാത്രം എത്ര ചോദിച്ചിട്ടും പറയാന്‍ നയന തയ്യാറായില്ല എന്നും പറയുന്നു. എന്തായിരിക്കാം നയനയെ സങ്കടപ്പെടുത്തുംവിധം ഉലയ്ക്കുകയോ സമ്മര്‍ദ്ദത്തിലാക്കുകയോ ചെയ്തത്? പിറന്നാള്‍ ആഘോഷിക്കാന്‍ സുഹൃത്തുക്കളുമൊത്ത് കന്യാകുമാരി യാത്ര തീരുമാനിച്ചിരുന്നു. അന്നാണ് മരിച്ചത്. 

നയന ചലച്ചിത്ര വികസന കോര്‍പറേഷനിലെ ഉദ്യോഗസ്ഥയും ചെയര്‍മാന്റെ പേഴ്സണല്‍ സ്റ്റാഫിന്റെ ഭാഗവുമായിരുന്നിട്ടും മൃതദേഹം കെ.എസ്.എഫ്.ഡി.സി ആസ്ഥാനത്ത് പൊതുദര്‍ശനത്തിനു വയ്ക്കാന്‍ തയ്യാറായില്ല. അനുവദിച്ചില്ല എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. മാനവീയം വീഥിയിലാണ് പൊതുദര്‍ശനത്തിനു വച്ചത്. എത്രയും വേഗം അവിടെനിന്ന് നാട്ടിലേക്കു കൊണ്ടുപോകാനുള്ള തിരക്കാണ് പലരും കാണിച്ചത്. 

സംശയാസ്പദ മരണത്തിനു തൊട്ടു മുന്‍ദിവസങ്ങളിലെ ഫോണ്‍വിളി വിവരങ്ങള്‍ സ്വാഭാവികമായും പൊലീസ് പരിശോധിക്കേണ്ടതാണ്. അതു ചെയ്‌തോ, ആരുടെയൊക്കെ? എന്തെങ്കിലും സൂചനകളുണ്ടോ എന്നതൊക്കെ പ്രധാനം. പക്ഷേ, അടച്ചുവയ്ക്കാന്‍ ആദ്യത്തെ അന്വേഷണോദ്യോഗസ്ഥര്‍ പ്രത്യേക താല്പര്യം കാണിച്ച ഒരു കേസില്‍ ഇതൊക്കെ പുതിയ അന്വേഷണസംഘം ആദ്യം മുതല്‍ ചെയ്യേണ്ടിവന്നേക്കാം. ക്രൈംബ്രാഞ്ച് ആയാലും സി.ബി.ഐ ആയാലും സത്യസന്ധമായി അന്വേഷിച്ചാല്‍ ദുരൂഹത നീങ്ങുകതന്നെ ചെയ്യും. 28 വയസ്സില്‍ ജീവിതം അവസാനിച്ച നയനയ്ക്ക് മരണാനന്തരമെങ്കിലും നീതി ഉറപ്പാക്കണം എന്നതിന് അര്‍ത്ഥം അവരുടെ മരണത്തിന് അവരല്ലാത്ത കാരണക്കാര്‍ ഉണ്ടെങ്കില്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കുക എന്നാണ്.

നയന സൂര്യൻ
നയന സൂര്യൻ

ഇടപെട്ടതാര്? 

മ്യൂസിയം പൊലീസിന്റെ തെറ്റുകളില്‍നിന്നാണ് തുടങ്ങേണ്ടത്. നയനയുടെ സഹോദ രന്‍ മധുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പ്രഥമവിവര റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളില്‍ത്തന്നെയാണ് പിന്നീടും പൊലീസ് കറങ്ങിത്തിരിഞ്ഞത്. കേരളവും മലയാള ഭാഷയും എത്ര മാറിയിട്ടും മാറാത്ത വികൃത ഭാഷയില്‍ എഫ്.ഐ.ആര്‍ പറയുന്നത് ഇങ്ങനെ: ''ആവലാതിക്കാരന്റെ മൊഴിയില്‍ പേരുവിവരം പറയുന്ന ടിയാന്റെ സഹോദരി 28 വയസ്സുള്ള നയന ടിയാളും മറ്റും താമസിക്കുന്ന ശാസ്തമംഗലം വില്ലേജില്‍ ടി വാര്‍ഡില്‍ ആല്‍ത്തറ നഗര്‍ 48 ബി-ാം നമ്പര്‍ വാടക വീടിന്റെ കിടപ്പുമുറിയില്‍ ടിയാള്‍ക്കുണ്ടായ ഏതോ മനോവിഷമത്തിന്റേയും അസുഖത്തിന്റേയും കാഠിന്യത്താല്‍ 24.02.2019 തീയതി 00.45 മണിക്ക് ടിയാളുടെ സുഹൃത്തുക്കളാല്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി എത്തിച്ച് ഡോക്ടര്‍ പരിശോധിച്ച സമയം മരണപ്പെട്ടു പോയിരിക്കുന്നു എന്നുള്ളത്.''

ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ അന്വേഷണത്തില്‍ വേഗത്തിലുള്ള തുടര്‍നീക്കങ്ങളാണ് ഉണ്ടാകുന്നത്. തുടക്കം മുതല്‍ കേസ് അന്വേഷണം വഴിതിരിക്കാന്‍ നടന്ന നീക്കങ്ങള്‍ പ്രത്യേകമായി പരിശോധിക്കുകയാണ് അവര്‍. മ്യൂസിയം പൊലീസ് സ്റ്റേഷനില്‍നിന്ന് ഏതൊക്കെ ഉദ്യോഗസ്ഥര്‍ ഈ കേസിന്റെ തുടക്കത്തില്‍ എന്തൊക്കെ ഇടപെടലുകള്‍ നടത്തി എന്നും ഉന്നത ഉദ്യോഗസ്ഥ, രാഷ്ട്രീയതലത്തില്‍നിന്ന് ഇവര്‍ക്ക് എന്തൊക്കെ തരം നിര്‍ദ്ദേശങ്ങള്‍ പോയി എന്നുമുള്ള വിവരങ്ങള്‍ ശേഖരിച്ച് അറിയിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ രണ്ടാംനിര സി.പി.എം നേതാക്കളിലൊരാള്‍ തുടക്കം മുതല്‍ നയനയുടെ കേസില്‍ ഇടപെട്ടു എന്നു വ്യക്തമായിട്ടുണ്ട്. അദ്ദേഹത്തിനു വ്യക്തിപരമായി ബന്ധമൊന്നും ഇല്ലാതിരുന്നിട്ടും എന്തുകൊണ്ട്, ആര്‍ക്കുവേണ്ടി തുടര്‍ച്ചയായി ഇടപെട്ടു എന്നതും മുഖ്യമന്ത്രിയുടെ ഓഫീസ് പരിശോധിക്കുന്നുണ്ട്. 

അസിസ്റ്റന്റ് കമ്മിഷണര്‍ ജെ.കെ. ദിനില്‍ സമര്‍പ്പിച്ച പുന:പരിശോധനാ റിപ്പോര്‍ട്ട് ആദ്യ അന്വേഷണത്തിലെ പിഴവുകളിലേക്കു കൂടി വിരല്‍ചൂണ്ടുന്നു. ആ റിപ്പോര്‍ട്ടു വച്ചാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍. അജിത്ത് കുമാര്‍ കേസ് ക്രൈംബ്രാഞ്ചിനു വിട്ടത്. പക്ഷേ, അക്കാര്യത്തില്‍ ഭരണ - രാഷ്ട്രീയ നേതൃത്വത്തിന്റെ സംശയരഹിതമായ നിര്‍ദ്ദേശമുണ്ടായിരുന്നു. കൊലപാതകമാണ് എന്ന നിഗമനത്തിലേക്ക് എത്താന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് മതിയായ തെളിവായി പരിഗണിച്ചാണ് തുടരന്വേഷണ തീരുമാനമെടുത്തത്. ക്രിമിനല്‍ നടപടിക്രമത്തിലെ 174-ാം വകുപ്പ് പ്രകാരം എഫ്.ഐ.ആര്‍ തയ്യാറാക്കിയത് ഇക്കാര്യത്തില്‍ പ്രയോജനപ്പെട്ടു. ഇതുപ്രകാരം പുതിയ വിവരങ്ങളോ സാഹചര്യങ്ങളോ ഉണ്ടെങ്കില്‍ ഏതു സമയത്തും തുടരന്വേഷണം നടത്താം. അല്ലെങ്കില്‍, കോടതിയുടെ അനുമതിയോടെ മാത്രമേ പുതിയ അന്വേഷണം സാധിക്കുമായിരുന്നുള്ളു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാന്‍ പൊലീസ് ശ്രമിച്ചു എന്നതില്‍ ദുരൂഹത പ്രകടമാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന പരിക്കുകളൊന്നും പൊലീസിന്റെ മൃതദേഹ പരിശോധനാ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നില്ല. അസ്വാഭാവിക മരണത്തിനു കേസെടുത്ത്, സാധാരണ നടപടിക്രമത്തിന്റെ ഭാഗമായി ഫയല്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനു കൈമാറി. കേസ് അവസാനിപ്പിക്കുന്നതിന്റെ ഭാഗം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഫൊറന്‍സിക് റിപ്പോര്‍ട്ടും ഈ ഫയലിന്റെ ഭാഗമാക്കിയിരുന്നുമില്ല. ഇതുള്‍പ്പെടെ മ്യൂസിയം പൊലീസിന്റെ വഴിവിട്ട നീക്കങ്ങള്‍ പൊലീസ് തലപ്പത്തും ആഭ്യന്തര വകുപ്പിലും അമ്പരപ്പാണ് ഉണ്ടാക്കിയത്. കേസ് ഇല്ലാതാക്കാന്‍ മ്യൂസിയം പൊലീസ് നടത്തിയ ശ്രമങ്ങളേയും അസ്ഫിക്‌സോഫീലിയയും തള്ളിയാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം തുടങ്ങിയിരിക്കുന്നത്.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരികയും കേസുമായി ബന്ധപ്പെട്ടു പുതിയ ചര്‍ച്ചകള്‍ ഉണ്ടാവുകയും ചെയ്തപ്പോള്‍ അന്നത്തെ അന്വേഷണോദ്യോഗസ്ഥരുടെ നീക്കങ്ങള്‍ എന്തായിരുന്നുവെന്നതിന്റെ ഫോണ്‍ സംഭാഷണ വിവരങ്ങള്‍ ഉള്‍പ്പെടെ അന്വേഷണത്തിന്റെ പരിധിയില്‍ വരികയാണ്.

ഈ റിപ്പോർട്ട് കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com