ജനകീയ രാഷ്ട്രീയക്കാരന്റെ സമരവഴികള്‍ 

ജനകീയ രാഷ്ട്രീയക്കാരന്റെ സമരവഴികള്‍ 

വി.എസ്സിനെ കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ കേരളം കണ്ട ഏറ്റവും വലിയ സ്ത്രീ രക്ഷകനായി അവതരിപ്പിക്കുന്നവർക്ക് കിളിരൂർ കേസും ഐസ്‌ക്രീം പാർലർ പെൺവാണിഭ കേസിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരായ റെജീനയുടെ വെളിപ്പെടു

2001-, 11-ാം നിയമസഭയിൽ പ്രതിപക്ഷ നേതാവായപ്പോൾ മുതലാണ് വി.എസ്. അച്യുതാനന്ദൻ ജനകീയ നേതാവായത് എന്നു വിശ്വസിക്കുന്നവരുമുണ്ട്. അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയിട്ട് അപ്പോഴേയ്ക്കും ആറു പതിറ്റാണ്ട് പിന്നിട്ടിരുന്നു; ജനമനസ്സിൽ ‘വി.എസ്’ എന്ന ചുരുക്കപ്പേരിൽ സ്നേഹാദരങ്ങളുടെ ഇടവും ഉറപ്പിച്ചിരുന്നു. 2001-നു മുന്‍പ് മൂന്നു തവണ നിയമസഭാംഗവുമായി; 1967-ലും 1970-ലും 1991-ലും. അതിൽത്തന്നെ ‘91-’96-ലെ ഒന്‍പതാം നിയമസഭയിൽ ആദ്യത്തെ ഒരു വർഷത്തിനുശേഷം നാലു വർഷം പ്രതിപക്ഷ നേതാവ്; 1992 മുതൽ 1996 വരെ.

എന്തുകൊണ്ടു നാലു വർഷം എന്ന ചോദ്യത്തിന് കേരള രാഷ്ട്രീയത്തേയും ദേശീയ രാഷ്ട്രീയത്തേയും സംഭവബഹുലമാക്കിയ ഒരുപിടി കാര്യങ്ങളാണ് മറുപടി. അതൊന്നു പറഞ്ഞുപോവുകതന്നെ വേണം. 1987-ൽ അധികാരത്തിലെത്തിയ രണ്ടാം ഇ.കെ. നായനാർ സർക്കാരിന് ഒരു വർഷം കൂടി കാലാവധി ബാക്കിനിൽക്കുമ്പോഴാണ് 1991-ൽ രാജിവെച്ച് നിയമസഭ പിരിച്ചുവിട്ടത്. ‘91-ലെ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ ഉജ്ജ്വല വിജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സി.പി.എമ്മും എൽ.ഡി.എഫും അങ്ങനെയൊരു തീരുമാനമെടുത്തത്. സി.പി.എം സംസ്ഥാന സെക്രട്ടറി വി.എസ്. അച്യുതാനന്ദനും മുഖ്യമന്ത്രി ഇ.കെ. നായനാരും ഉൾപ്പെടെ വലിയ നേതൃനിര മത്സരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പും ഒന്നിച്ചുണ്ടായിരുന്നു. പക്ഷേ, അതിനൊപ്പം നിയമസഭയിലേക്കും തെരഞ്ഞെടുപ്പു നടത്തിയാൽ ജില്ലാ കൗൺസിലിലെ വിജയം നിയമസഭയിലും ആവർത്തിക്കും എന്ന പ്രതീക്ഷയ്ക്ക് തിരിച്ചടിയേറ്റു. ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടതുമൂലം കോൺഗ്രസ്സിന് അനുകൂലമായി ഉണ്ടായ സഹതാപ തരംഗത്തിൽ കേരളത്തിൽ യു.ഡി.എഫ് അധികാരത്തിലെത്തി. കെ. കരുണാകരൻ മുഖ്യമന്ത്രി.

മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞ നായനാരെ പാർട്ടി പ്രതിപക്ഷ നേതാവാക്കി. പിറ്റേ വർഷം കോഴിക്കോട്ടു നടന്ന സംസ്ഥാന സമ്മേളനത്തിൽ നായനാർ പാർട്ടി സെക്രട്ടറി. അതോടെ അദ്ദേഹം പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കുകയും വി.എസ്. പ്രതിപക്ഷ നേതാവാകുകയും ചെയ്തു. ആ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കു ഭരണത്തുടർച്ച കിട്ടിയാൽ വി.എസ്. മുഖ്യമന്ത്രി എന്ന ധാരണ പാർട്ടിക്കുള്ളിൽ രൂപപ്പെട്ടിരുന്നു. കേരള രാഷ്ട്രീയം ഏറെ ചർച്ച ചെയ്തതും ആ കാലത്തെ കേരളത്തെ അറിയാവുന്നവർക്ക് മനപ്പാഠവുമായ അടിയൊഴുക്കുകൾ.

2001-ൽ എ.കെ. ആന്റണി മന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷ നേതാവാകുന്നതിനു മുന്‍പും പ്രതിപക്ഷ നേതാവോ എം.എൽ.എയോ ഒന്നുമല്ലാതാകുന്നതിനും മുന്‍പും നിരവധി അടിസ്ഥാന സാമൂഹിക വിഷയങ്ങളിൽ അതിശക്തമായി ഇടപെട്ടാണ് വി.എസ്. അച്യുതാനന്ദൻ എന്ന കമ്യൂണിസ്റ്റുകാരനും വി.എസ്. എന്ന രണ്ടക്ഷരത്തെ ചുറ്റുന്ന കരിഷ്മയും രൂപപ്പെട്ടത്; ഒന്നോ രണ്ടോ അല്ല, ഇടപെടലുകളുടെ നീണ്ട നിര. അതാകട്ടെ, കേരളത്തിലെ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയും പിന്നീട് സി.പി..എമ്മും നേതൃത്വം നൽകിയ ജാതിവിരുദ്ധ, മതനിരപേക്ഷ, തൊഴിലാളിവർഗ്ഗ രാഷ്ട്രീയത്തിന്റെ ഭാഗവുമാണ്.

സാമൂഹ്യ ഇടപെടലുകള്‍

വി.എസ്സിനെ കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ കേരളം കണ്ട ഏറ്റവും വലിയ സ്ത്രീ രക്ഷകനായി അവതരിപ്പിക്കുന്നവർക്ക് കിളിരൂർ കേസും ഐസ്‌ക്രീം പാർലർ പെൺവാണിഭ കേസിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരായ റെജീനയുടെ വെളിപ്പെടുത്തലും മുതലാണ് അദ്ദേഹത്തെ അറിയാവുന്നത്. പക്ഷേ, വി.എസ്സിന്റെ സ്ത്രീപക്ഷ ഇടപെടൽ അതിനും എത്രയോ മുന്‍പേ ഉണ്ട്. തൊട്ടുമുന്‍പുള്ള കാലത്താണെങ്കിൽ, കേരളത്തെ ഉലച്ച സൂര്യനെല്ലി ലൈംഗിക പീഡന-പെൺവാണിഭ കേസ് ഉണ്ടായത് വി.എസ്. ആദ്യം പ്രതിപക്ഷ നേതാവായിരുന്ന കാലത്താണ്. കേസിന്റെ വിചാരണ അനന്തമായി നീളാതെ വേഗം തീർക്കാൻ പ്രത്യേക കോടതി തുടങ്ങുന്നതിൽ ഉൾപ്പെടെ വി.എസ്സിന്റെ ഇടപെടലുണ്ടായി. വി.എസ്സിനെ പരിസ്ഥിതിയുടെ കാവൽക്കാരനും കുന്നുകളുടേയും മലകളുടേയും പുഴകളുടേയും മരങ്ങളുടേയും സംരക്ഷകനുമായി പരിചയപ്പെടുത്തുന്നവർ അദ്ദേഹത്തെ കാണുന്നത് മതികെട്ടാൻ കയ്യേറ്റം മുതലാണ്. രണ്ടാം തവണ പ്രതിപക്ഷനേതാവായിരുന്നപ്പോഴാണ് അദ്ദേഹം ഇടുക്കി ജില്ലയിലെ മതികെട്ടാൻ മല കയ്യേറ്റത്തിനെതിരെ വലിയ പ്രതിഷേധം ഉയർത്തിയത്. അതിന്റെ തുടർച്ചയായിരുന്നു മൂന്നാറിലെ ഭൂമി കയ്യേറ്റത്തിനെതിരായ പോരാട്ടം. വി.എസ്സിനെ അഴിമതിവിരുദ്ധ ജനകീയ പ്രവർത്തകനായി ഉയർത്തിക്കാട്ടാൻ ഇഷ്ടമുള്ളവർക്ക് അദ്ദേഹം ലോട്ടറി തട്ടിപ്പുകാർക്കെതിരെ, പ്രത്യേകിച്ചും ഇതര സംസ്ഥാന ലോട്ടറി മാഫിയയ്ക്കെതിരെ നടത്തിയ ഇടപെടലുകളും അവരെ പൂട്ടിച്ചതുമാണ് ഏറ്റവും വലിയ സംഭവം. വികസനത്തിന്റെ പേരിൽ റിയൽ എസ്റ്റേറ്റ് കച്ചവടം നടത്തുന്നവരെ തുറന്നുകാട്ടിയ വി.എസ്സിനെ ഇഷ്ടപ്പെടുന്നവർക്ക് അദ്ദേഹത്തെ അറിയാവുന്നത് കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയെ കണ്ണുമടച്ച് സ്വീകരിക്കാതെ അതിന്റെ കരാറുകൾ കേരളത്തിന്റെ താൽപ്പര്യത്തിനുവേണ്ടി തലങ്ങും വിലങ്ങും പരിശോധിച്ചു മാത്രം തീരുമാനമെടുത്ത മുഖ്യമന്ത്രി എന്ന നിലയിലാണ്. 2001-ൽ പെട്ടെന്നുണ്ടായ ജനപക്ഷ, സ്ത്രീപക്ഷ, ആദിവാസിപക്ഷ, പരിസ്ഥിതിവാദിയായ നേതാവ് എന്ന മട്ടിൽ വി.എസ്സിനെക്കുറിച്ച് വാചാലരാകുന്ന പലരും ആദ്യം പ്രതിപക്ഷനേതാവായപ്പോഴും അതിനു മുന്‍പുമുള്ള പൊരുതുന്ന വി.എസ്സിനെക്കുറിച്ചു പറയാറില്ല.

പാര്‍ട്ടിക്ക് പുറത്തെ അണികള്‍

1992 ജൂലൈ 14-ന്, ഒന്‍പതാം നിയമസഭയുടെ നാലാം സമ്മേളനത്തിൽ ആദിവാസി ഊരുകളിലെ ശോചനീയാവസ്ഥയെക്കുറിച്ച് പിണറായി വിജയൻ അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിൽ ഇടപെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ നടത്തിയ പ്രസംഗത്തിലൂടെ ഒന്നു പോയാൽ മാത്രം അക്കാലത്തെ അദ്ദേഹത്തിന്റെ ഇടപെടലുകളുടെ വ്യക്തമായ ദിശ മനസ്സിലാകും. സഭാരേഖകളാണ് സാക്ഷി. കാലവർഷത്തെത്തുടർന്ന് കൊടും പട്ടിണിയും ദാരിദ്ര്യവും മാറാവ്യാധിയും മൂലം ആദിവാസി ഊരുകളായ മലപ്പുറം ജില്ലയിലെ ചൂളാട്ടുംപാറ, പാലക്കാട് ജില്ലയിലെ തച്ചമ്പടി, ഷോളയാർ, ഊത്തുകുഴി, കറുകത്തിക്കല്ല് എന്നിവിടങ്ങളിൽ 13 ആദിവാസികൾ മരിച്ച പശ്ചാത്തലത്തിലായിരുന്നു അടിയന്തരപ്രമേയത്തിനു പ്രതിപക്ഷം അവതരണാനുമതി തേടിയത്. ചികിത്സ കിട്ടാതെ 35 പേർ മരണത്തോട് മല്ലിടുകയാണെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടി. ഈ സ്ഥിതി സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചില്ല. ആദിവാസിക്ഷേമത്തിനു സർക്കാർ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് റവന്യൂമന്ത്രി കെ.എം. മാണി വിശദീകരണം നൽകുക മാത്രം ചെയ്തു. തുടർന്നു പ്രതിപക്ഷത്തിന്റെ വാക്കൗട്ടിനു മുന്‍പാണ് പ്രതിപക്ഷനേതാവ് പ്രസംഗിച്ചത്. സഭ അതീവ ശ്രദ്ധയോടെ കേട്ട ആ പ്രസംഗം പിറ്റേന്ന് മാധ്യമങ്ങളിലും കാര്യമായ വാർത്തയായി. പട്ടിണിമരണങ്ങളുണ്ടായി എന്നു നേരത്തെ പിണറായി വിജയൻ പറഞ്ഞത് ആദ്യം നിഷേധിച്ചെങ്കിലും മന്ത്രി മാണി പിന്നീട് സമ്മതിച്ചിരുന്നു. അതിൽപ്പിടിച്ചാണ് വി.എസ്. കത്തിക്കയറിയത്. “ഒരാഴ്ചത്തേക്കു സൗജന്യ റേഷൻ കൊടുത്തിട്ട് അവിടെ പട്ടിണിയും പട്ടിണിമരണങ്ങളുമെല്ലാം അവസാനിച്ചു എന്ന് ആശ്വസിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്” -അദ്ദേഹം പറഞ്ഞു.

ഇങ്ങനെ സഭയിലും പുറത്തും ജനകീയ രാഷ്ട്രീയ നേതാവിന്റെ സ്വാഭാവിക ഉത്തരവാദിത്ത്വങ്ങൾ നീതിബോധത്തോടെ നിർവ്വഹിച്ചാണ് വി.എസ്. വയസ്സ് നൂറിലെത്തിയത്.

പക്ഷേ, 2001-നുശേഷം അദ്ദേഹം ഇടപെട്ട വിഷയങ്ങളുടെ പ്രത്യേകത മാത്രമല്ല, പാർട്ടിക്കുള്ളിൽനിന്നു കിട്ടിയതിനേക്കാൾ പിന്തുണ മിക്കപ്പോഴും പാർട്ടിക്കു പുറത്തെ സ്വതന്ത്ര ഗ്രൂപ്പുകളിൽനിന്നു കിട്ടിയതും കൂടുതൽ വാർത്താപ്രാധാന്യം നേടി എന്നതാണ് വസ്തുത. അത് മാധ്യമശ്രദ്ധ കൂടിയായിരുന്നു. പ്രത്യേകിച്ചും സ്ത്രീസുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ടു മാത്രം പ്രവർത്തിക്കുന്നവരുടെ പിന്തുണയും ശ്രദ്ധയും. അതുവരെ സി.പി.എമ്മിനും ‘ഔദ്യോഗിക’ ഇടതുപക്ഷത്തിനും എതിരായിരുന്ന മുൻ നക്സലൈറ്റുകളും അവരിൽ ചിലരുടെ നേതൃത്വത്തിലുള്ള സന്നദ്ധസംഘടനകളും ഫെമിനിസ്റ്റ് ഗ്രൂപ്പുകളും മറ്റും പൊടുന്നനെ വി.എസ്സിനു പിന്നിൽ ‘അണിനിരന്നു.’ സി.പി.എമ്മിലെ വിഭാഗീയത രൂക്ഷമായ കാലത്ത് ഇത്തരം ഗ്രൂപ്പുകൾ വി.എസ്സിനെ വെച്ച് മറ്റു ചില പ്രതീക്ഷകളും നെയ്തു. വി.എസ്. സി.പി.എം വിടുമെന്നും പുതിയ ഇടതുപക്ഷ പാർട്ടിയുണ്ടാക്കി തങ്ങളെ നയിക്കുമെന്നുമായിരുന്നു ആ പ്രതീക്ഷ. പക്ഷേ, വി.എസ്. ഒരിക്കലും പാർട്ടി വിട്ടുപോകാനോ അത്തരം പ്രതീക്ഷകൾ സഫലമാക്കാനോ തയ്യാറായില്ല. വി.എസ്. സ്വന്തം നിലയിൽ പാർട്ടിക്ക് അതീതനാകുന്നു എന്ന പ്രതീതി പരമാവധി പൊലിപ്പിക്കാനുള്ള ശ്രമങ്ങൾ പല തലങ്ങളിൽനിന്നുണ്ടായി. വി.എസ്. പുറത്തുവരുന്നില്ല എന്നതായി പിന്നെപ്പിന്നെ പരിഭവം. വി.എസ്സിനെ തരംഗമാക്കി ഉയർത്തിക്കാട്ടി പാർട്ടിയിലെ മറ്റു നേതാക്കളെ പ്രകോപിപ്പിക്കാൻ ഇത്തരം ഗ്രൂപ്പുകൾ നടത്തിയ ശ്രമങ്ങൾക്ക് ഒരു ഘട്ടത്തിൽ ഫലമുണ്ടാവുകപോലും ചെയ്തു. പിണറായി വിജയന്റെ ശംഖുമുഖം പ്രസംഗത്തിൽ വി.എസ്സിനെ ‘കുത്തി’ പറഞ്ഞ ‘ബക്കറ്റിലെ വെള്ള’ത്തെക്കുറിച്ചുള്ള കഥ അതിനു തെളിവാണ്. കടലിലാകുമ്പോഴാണ് വെള്ളത്തിൽ തിരമാലകൾ ഉണ്ടാവുക എന്നും ബക്കറ്റിൽ കോരിയെടുത്താൽ തിരകളുണ്ടാകില്ല എന്നുമാണ് പിണറായി പറഞ്ഞത്. അനുഭവസമ്പത്തിന്റെ വലിയ കടൽ നീന്തിയ വി.എസ്സിന് അതു ശരിയായി അറിയാമായിരുന്നു. അതുകൊണ്ടാവണം അദ്ദേഹം സി.പി.എം വിരുദ്ധരുടെ പ്രതീക്ഷകൾ പൂവണിയിക്കാൻ തയ്യാറാകാതിരുന്നത്.

നിസഹായതയും നിയന്ത്രണങ്ങളും

നിരാലംബരും ദരിദ്രരുമായ പെൺകുട്ടികളെ തങ്ങളുടെ കാമതൃഷ്ണയ്ക്കു വിധേയരാക്കിയ ശേഷം കൊലചെയ്തു വലിച്ചെറിയുന്ന നരാധമന്മാരെ കയ്യാമം വെച്ച് റോഡിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടത്തിക്കും” എന്ന് വി.എസ്. പറഞ്ഞത് കേരളം മറന്നതില്ല. വിശ്വസിക്കുകയും ആശ്രയിക്കുകയും പ്രതീക്ഷവയ്ക്കുകയും ചെയ്യാവുന്ന നേതാവ് എന്ന പ്രതിച്ഛായ കേരളത്തിലെ വലിയൊരു വിഭാഗം സ്ത്രീകളുടെ മനസ്സിൽ ഉറപ്പിക്കാൻ ആ ഒരൊറ്റ പ്രഖ്യാപനത്തിനു സാധിച്ചു. 2001 മുതൽ 2006 വരെ നീണ്ട തുടർച്ചയായ സ്ത്രീപക്ഷ ഇടതിന്റെ നിലപാട് അതാണ് എന്ന വിശ്വാസം ഉറപ്പിക്കാൻ കഴിഞ്ഞതാണ് കാരണം. പിന്നീട്, ഈ പ്രഖ്യാപനത്തിന്റെ കാമ്പിനു വിരുദ്ധമായ പലതും 2006-ൽ അദ്ദേഹം മുഖ്യമന്ത്രിയായ കാലത്തുണ്ടായപ്പോഴും ആ വിശ്വാസത്തിൽ വെള്ളം ചേർന്നില്ല എന്നതാണ് കാര്യം. വി.എസ്. നിസ്സഹായനാണ് എന്നും അദ്ദേഹത്തിനുമേൽ നിയന്ത്രണങ്ങളുണ്ട് എന്നും പ്രചരിച്ചു. അതില്‍ പലതും ഒരുകാലത്ത് അദ്ദേഹത്തിന്റെ വിശ്വസ്തരായിരുന്ന കെ.എം. ഷാജഹാനും കെ. സുരേഷ്‌കുമാറും പറഞ്ഞ ഈ ‘പാർട്ടി നിയന്ത്രണ തിയറി’ ഉറപ്പിക്കുന്ന വിധമായിരുന്നു. പക്ഷേ, സ്ത്രീസുരക്ഷയെ ബാധിക്കുന്നവിധം സ്ത്രീപീഡകരേയോ പെൺവാണിഭക്കേസ് പ്രതികളേയോ സംരക്ഷിക്കാൻ വി.എസ്. സർക്കാരിൽ പാർട്ടിയുടെ ഇടപെടലുണ്ടായതായി തെളിവുകളില്ലതാനും. വി.എസ്സും പരോക്ഷമായിപ്പോലും അങ്ങനെ പറഞ്ഞില്ല. ഇപ്പോഴത്തെ ധനമന്ത്രി കെ.എൻ.

കെ.എന്‍. ബാലഗോപാല്‍
കെ.എന്‍. ബാലഗോപാല്‍

ബാലഗോപാൽ ആയിരുന്നു വി.എസ്. മുഖ്യമന്ത്രിയായിരുന്നപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറി. പാർട്ടിക്കും മുഖ്യമന്ത്രിക്കും ഇടയിൽ, അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞാൽ ശക്തമായ പാലമായിരുന്നു ബാലഗോപാൽ. വി.എസ്സിനെ ‘ജനനേതാവാക്കി’യവർ എന്നു മേനി നടിക്കുന്ന ചിലരിൽനിന്നു വ്യത്യസ്തമായി വി.എസ്സിനേയും പാർട്ടിയേയും തമ്മിൽ ചേർത്തുനിർത്തുന്ന റോളിലായിരുന്നു അദ്ദേഹം; കോടിയേരിയെപ്പോലെ തന്നെ.

ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പിറ്റേന്ന് സെക്രട്ടറിമാരുടെ പതിവുരീതിയിൽ നാട്ടിലേക്കു പോകുന്നതിനുപകരം തിരുവനന്തപുരത്തെത്തി വി.എസ്സിനെ കണ്ട് അനുനയിപ്പിച്ച നേതാവാണ് കോടിയേരി. വി.എസ്. പാർട്ടി വിടാനോ പൊട്ടിത്തെറിക്കാനോ തക്കവിധം പ്രകോപനമുണ്ടായ പല ഘട്ടങ്ങളിലും അദ്ദേഹത്തിന്റെ കയ്യിൽ മുറുകെ പിടിച്ച നേതാവ്. ആലപ്പുഴ സമ്മേളനവേദിയിൽനിന്ന് വി.എസ്. ഇറങ്ങിപ്പോന്നത് കേരളം

കോടിയേരി ബാലകൃഷ്ണന്‍
കോടിയേരി ബാലകൃഷ്ണന്‍

അമ്പരപ്പോടെയാണ് കണ്ടത്. ആ പോക്ക് പുറത്തേക്കാണെന്ന് പ്രചരിപ്പിക്കാൻ വലിയ ശ്രമമാണുണ്ടായത്. കോടിയേരി അദ്ദേഹത്തെ വീട്ടിലെത്തി കണ്ട് ഒന്നിച്ചു ഭക്ഷണം കഴിച്ച ആ പ്രഭാതത്തിനുശേഷമാണ് അന്തരീക്ഷത്തിനു കനം കുറഞ്ഞത്. മാധ്യമങ്ങളെ അറിയിച്ച് ആയിരുന്നില്ല ആ കൂടിക്കാഴ്ച. കോടിയേരി തിരിച്ച് എ.കെ.ജി സെന്ററിൽ എത്തിയ ശേഷം മാത്രമാണ് മാധ്യമപ്രവർത്തകർ അറിഞ്ഞത്.

ഒരൊറ്റ വി.എസ്.

വാർത്താസമ്മേളനങ്ങളിലെ വി.എസ്. തലസ്ഥാനത്തെ മാധ്യമപ്രവർത്തകർക്ക് എന്നും വാർത്തകളുടെ ഉൽസവമായിരുന്നു. പക്ഷേ, ആഘോഷമാക്കാനല്ല, പീഡിതരുടെ വേദനയും ഇരകളോട് ഐക്യപ്പെടാനുള്ള മനസ്സും പകർന്നുനൽകിയാണ് പല വാർത്താസമ്മേളനങ്ങളും അവസാനിക്കുക. അങ്ങനെയൊരു വാർത്താസമ്മേളനത്തിലാണ് ഗീഥ എന്ന സാമൂഹിക പ്രവർത്തകയും കൂട്ടുകാരിയും വി.എസ്സിന്റെ സാന്നിധ്യത്തിൽ കൊട്ടിയം പെൺകുട്ടിയുടെ വെളിപ്പെടുത്തലുകൾ പുറത്തുവിട്ടത്. പീഡനത്തിന് ഇരയാവുകയും പിന്നീട് സ്വന്തം സഹോദരൻ കൊല്ലുകയും ചെയ്ത കൊട്ടിയം പെൺകുട്ടി. 2011-’16കാലത്തെ ഉമ്മൻ ചാണ്ടി സർക്കാരിലെ ധനമന്ത്രി കെ.എം. മാണിയെ ബാർ കോഴക്കേസിലെ പ്രതിഷേധവുമായി ബന്ധപ്പെട്ടു ബജറ്റ് അവതരണത്തിൽനിന്നു പ്രതിപക്ഷം തടഞ്ഞപ്പോൾ വനിതാ എം.എൽ.എമാർക്ക് ഉണ്ടായ ദുരനുഭവങ്ങൾ അവർ മാധ്യമങ്ങളോട് വിശദീകരിച്ചതും കന്റോൺമെന്റ് ഹൗസിലെ വാർത്താ സമ്മേളനത്തിലായിരുന്നു; വി.എസ്സിന്റെ സാന്നിധ്യത്തിൽ. ജനതാദൾ എം.എൽ.എ ജമീല പ്രകാശം കോൺഗ്രസ് എം.എൽ.എ കെ. ശിവദാസൻ നായർക്കെതിരെ ഫോട്ടോകളുടെ തെളിവുകൾ വെച്ച് ഉന്നയിച്ചത് രൂക്ഷവിമർശനങ്ങൾ. തനിക്കു ബോധ്യപ്പെടുന്ന സത്യങ്ങൾ ജനപക്ഷത്തുനിന്നു വിളിച്ചുപറയാൻ മാത്രമല്ല, അത്തരം വസ്തുതകൾ നേരിട്ട് അറിയാവുന്നവർക്കും അനുഭവസ്ഥർക്കും വെളിപ്പെടുത്തൽ നടത്താൻ സ്വന്തം സാന്നിധ്യം ഉൾപ്പെടെ പിന്തുണ നൽകാനും വി.എസ്. മടിച്ചിട്ടില്ല. ഒരുപക്ഷേ, അങ്ങനെയുള്ള നേതാക്കൾ അധികമില്ല എന്നു പറഞ്ഞാൽപ്പോര, വേറെ ഇല്ല എന്നുതന്നെ പറയേണ്ടിവരും.

ഈ ലേഖനം കൂടി വായിക്കാം:

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com