മഹത്തായ ഇന്ത്യ എവിടേക്കാണ് നീങ്ങുന്നത്?

ഇന്ത്യ ഒരു തിയോക്രാറ്റിക് രാഷ്ട്രമായി മാറുന്നത് സുപ്രീംകോടതിയിലേയും ഹൈക്കോടതികളിലേയും ന്യായാധിപന്മാരിലൂടെയായിരിക്കും
മഹത്തായ ഇന്ത്യ എവിടേക്കാണ് നീങ്ങുന്നത്?

ഗാന്ധി 1909-ല്‍ 'ഹിന്ദു സ്വരാജി'ലൂടെ സൂചിപ്പിക്കുകയും ഗാന്ധിയുടെ മുഖവുരയുമായി ശ്രീമന്‍ നാരായണ്‍ അഗര്‍വാള്‍ 1946-ല്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത GANDHIAN CONSTITUTION FOR FREE INDIA എന്ന പുസ്തകത്തില്‍ പറഞ്ഞ ജനങ്ങളുടെ നേരിട്ടുള്ള ജനാധിപത്യം (DIRECT DEMOCRACY) ഇന്ത്യയില്‍ എന്നെങ്കിലും നടപ്പിലാവുമെന്നു പ്രതീക്ഷിക്കാനാവില്ല. എന്നാല്‍, നെഹ്റുവും അംബേദ്കറും മുന്നോട്ടുവെച്ച പാശ്ചാത്യമാതൃകയിലുള്ള പാര്‍ലിമെന്ററി ജനാധിപത്യമെങ്കിലും നടപ്പിലാക്കാന്‍ നമുക്കു സാധിക്കുമോയെന്ന ആശങ്കയാണ് ഈ കുറിപ്പനാധാരം. 2023 ഡിസംബറിന്റെ അവസാന നാളുകളിലെ ചില സംഭവവികാസങ്ങള്‍ അറിയുമ്പോള്‍ നാം അവിടേക്കുപോലും എത്തുമോയെന്ന വേദന ശക്തിപ്പെടുന്നു.


2019 ആഗസ്റ്റില്‍ തങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമായി ബി.ജെ.പി സര്‍ക്കാര്‍ എടുത്തുകളഞ്ഞ കശ്മീരിന്റെ പ്രത്യേക പദവിയും അതിനായി കൈക്കൊണ്ട നടപടികളും തുടര്‍ന്ന് ജമ്മു-കശ്മീര്‍ എന്ന സ്റ്റേറ്റിനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കിയതും സുപ്രീംകോടതി ശരിവെയ്ക്കുന്നതിലൂടെ ഇന്ത്യയുടെ ഫെഡറല്‍ ഘടനയെ ചോദ്യം ചെയ്യുകയാണെന്നു നമുക്കു മനസ്സിലാക്കാനാവും. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ വലിയ തോതില്‍ കവര്‍ന്നെടുക്കുന്ന കുത്സിത മാര്‍ഗ്ഗങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. (ഹിന്ദു-എഡിറ്റോറിയല്‍-12/12/2023) ജനാധിപത്യ സ്ഥാപനങ്ങളുടെ അധികാരങ്ങളെ ദുര്‍ബ്ബലപ്പെടുത്തുന്നതും ജനാധിപത്യ പ്രക്രിയയെ ഭയപ്പെടുത്തുന്നതും ആയ വിധിയായിട്ടാണ് അതിന്റെ എഡിറ്റോറിയല്‍ ഉപസംഹരിക്കുന്നത്.

രാധാകുമാര്‍ (കശ്മീര്‍ വിഷയത്തില്‍ ആഴത്തിലുള്ള അറിവും മുന്‍കാലങ്ങളില്‍ കശ്മീര്‍ സമാധാന കമ്മിറ്റിയില്‍ അംഗവുമായിരുന്ന മാന്യ വനിത) കഴിഞ്ഞതെല്ലാം കഴിഞ്ഞു, ഇനി കശ്മീരികള്‍ക്കു ശാന്തമായി ജീവിക്കാന്‍ എന്താണ് വഴി എന്ന ചോദ്യം ഉന്നയിക്കുന്നു. (The Deep import of the Article 370 verdict: ഹിന്ദു: 20/12/2023) അവര്‍ തന്റെ ഉത്തരം നല്‍കുന്നതിങ്ങനെയാണ്: ''കേന്ദ്ര ഭരണത്തിന് ഒരു പുതിയ സമാധാന പ്രക്രിയ ആരംഭിക്കാം. സംസ്ഥാന പദവി പുനഃസ്ഥാപിക്കാം; തെരഞ്ഞെടുപ്പ് നടത്താം. ആവിഷ്‌കാര സ്വാതന്ത്ര്യം തിരിച്ചു നല്‍കാം. എന്നാല്‍, തുടര്‍ന്ന് അണപൊട്ടിയൊഴുകാന്‍ സാധ്യതയുള്ള (ഇതുവരെയും തടവറയെന്ന ഭയത്തിലൂടെ കെട്ടിനിര്‍ത്തിയിരുന്ന) കോപങ്ങളെ കാരുണ്യത്തോടെയും ധാരണയോടെയും മനസ്സിലാക്കാനും നേരിടാനും മനസ്സുണ്ടാകണം. വെടിയുണ്ടകളും തടവറകളും മാര്‍ഗ്ഗങ്ങളല്ലെന്ന ബോധ്യത്തോടെ. എ.ബി. വാജ്പേയിയും മന്‍മോഹന്‍സിങ്ങും രൂപപ്പെടുത്തിക്കൊണ്ടുവന്നിരുന്ന പരിഹാരത്തിന്റെ നീലരേഖയിലേക്ക് ശ്രദ്ധ തിരിക്കണം. ആ ബ്ലൂപ്രിന്റില്‍ സൂചിപ്പിച്ചിരുന്ന ഭീകരസംഘങ്ങളുടെ സ്വയമേയുള്ള നിരായുധീകരണം സായുധസേനകളുടെ പിന്‍മാറ്റം, ജമ്മു-കശ്മീരിന്റെ സ്വയം ഭരണം, കൂട്ടായുള്ള വികസനം എന്നിവയ്ക്കു മുന്‍തൂക്കം നല്‍കണം.''


നിര്‍ഭാഗ്യവശാല്‍ കശ്മീരില്‍നിന്നുള്ള വാര്‍ത്തകള്‍ കാര്യങ്ങള്‍ മറ്റൊരു ദിശയിലേക്കാണ് നീങ്ങുന്നതെന്നു കാണിക്കുന്നു. ജമ്മു-കശ്മീരിലെ പിര്‍പന്‍ജാള്‍ താഴ്വരയിലേക്ക് ഭീകരവാദികള്‍ തങ്ങളുടെ ഭീകരപ്രവര്‍ത്തനം മാറ്റിയതിലൂടെ 28 പട്ടാളക്കാര്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടു. ഇതിന്റെ ഭാഗമായി നടത്തിയ തെരച്ചിലില്‍ പതിനഞ്ചോളം പൗരന്മാരെ പിടികൂടിയെന്നു പറയപ്പെടുന്നു. അവരില്‍ പലരേയും ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കിയതായും. പീഡനത്തിനിരയായ ഫറൂക്കിയുടെ വാക്കുകള്‍ ''ഞാന്‍ ജീവനുവേണ്ടി പൊരുതുകയാണ്. ഞാന്‍ അതിജീവിക്കുമോയെന്ന് ഉറപ്പില്ല. വെള്ളിയാഴ്ച എന്റെ ജീവിതത്തിലെ ഭീകരദിവസമായിരുന്നു. രാവിലെ മുതല്‍ വൈകിട്ട് വരെ ഞങ്ങള്‍ മര്‍ദ്ദിക്കപ്പെട്ടു. അബോധാവസ്ഥയിലേക്ക് വീഴുംവരെ ഉപ്പുപൊടിയും മുളകുപൊടിയും ഞങ്ങളുടെമേല്‍ വിതറി. ഞങ്ങളെ അവര്‍ വെള്ളത്തിലിട്ടു. ഞങ്ങളുടെ കൂടെ പിടികൂടപ്പെട്ട നാലഞ്ചുപേര്‍ക്കും ഇതേ അനുഭവമായിരുന്നു'' (ഹിന്ദു: 17/12/2023).


മണിപ്പൂരും ഹരിയാനയിലെ നൂഹും അക്രമപരമ്പരകളിലൂടെ കടന്നുപോയതിന്റെ ശേഷിപ്പുകള്‍ വാര്‍ത്തകളില്‍ ഇപ്പോഴും മൃതദേഹങ്ങളായും അസ്ഥികൂടങ്ങളായും തകര്‍ക്കപ്പെട്ട ആരാധനാലയങ്ങളായും സ്ഥലം പിടിക്കുന്നു. ഇന്നു ലോകത്തെ എല്ലാ വലതുപക്ഷ ഭരണകൂടങ്ങളും ചെയ്യുന്നതുപോലെ 'അപരന്‍' നിര്‍മ്മിക്കപ്പെടുകയും (ഇന്ത്യയില്‍ അത് മുസ്ലിം, ക്രിസ്ത്യന്‍, ദളിത് ആവാം, ഓരോരോ സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച്) അപരന്‍ എന്ന ശത്രുവിനെ മുന്‍നിര്‍ത്തി ഭൂരിപക്ഷ മതത്തെ കൂട്ടുപിടിച്ച് രാജ്യത്ത് വെറുപ്പും വിഭാഗീയതയും വിതച്ച് അധികാരം കൊയ്യുകയും ചെയ്യുന്നതാണ് ഇന്നത്തെ അവസ്ഥ. അതിലൂടെ രാജ്യാന്തര കുത്തകകള്‍ക്കു രാജ്യത്തെ വിഭവങ്ങള്‍ കൊള്ളയടിക്കാനുള്ള രാജപാതകള്‍ തുറന്നിടുന്നു. ഇന്ത്യയിലും ഇതൊക്കെയാണ് സംഭവിക്കുന്നത്.

അരങ്ങുതകര്‍ക്കുന്ന
ധൈഷണിക പാരമ്പര്യം

ഇതിനെതിരെ ശബ്ദിക്കുന്നവര്‍ രാജ്യദ്രോഹികള്‍. അവര്‍ തടവറകളിലേക്ക് തള്ളപ്പെടുന്നു. കോടതികളിലേക്ക് വലിച്ചിഴക്കപ്പെടുന്നു. 2023 ഡിസംബര്‍ 13-ന് ഇന്ത്യന്‍ പാര്‍ലമെന്റില്‍ വലതുപക്ഷ എം.പിയുടെ പാസ്സില്‍ കയറിപ്പറ്റിയ യുവാക്കള്‍ കാണിച്ച അതിക്രമം അവരെ 'ഭീകരന്മാരാ'യി മാധ്യമങ്ങള്‍ ചിത്രീകരിച്ചതോടെ നമ്മളും മറന്നുപോയിരിക്കുന്നു, അവര്‍ മുഴക്കിയ മുദ്രാവാക്യങ്ങള്‍. (അവര്‍ ഭീകരന്മാരെന്നതിനു തെളിവൊന്നും കിട്ടിയിട്ടില്ലെന്നാണ് മാധ്യമങ്ങളില്‍നിന്നു മനസ്സിലാകുന്നത്). മാധ്യമങ്ങളെ വിശ്വസിക്കാമെങ്കില്‍ അവര്‍ മുന്നോട്ടുവെച്ച മുദ്രാവാക്യങ്ങള്‍, ഏകാധിപത്യം നടക്കില്ല, തൊഴിലില്ലായ്മ അവസാനിപ്പിക്കുക, വിവാദ കൃഷിനിയമങ്ങള്‍ റദ്ദാക്കുക, ഗുസ്തിതാരങ്ങളുടെ നേരെയുള്ള ലൈംഗിക അക്രമികളെ അറസ്റ്റ് ചെയ്തു നീതി നടപ്പാക്കുക എന്നിവയാണ്.

ആ യുവതീയുവാക്കളാകട്ടെ, ചെറുകിട കച്ചവടക്കാരുടേയും കൂലിക്കാരുടേയും മക്കളാണ്. ഇവര്‍ ഉയര്‍ത്തിയ അടിസ്ഥാന പ്രശ്‌നങ്ങളുടെ ഒരറ്റമാണ്, (ഡിസംബര്‍ 21, 2023) ഫ്രാന്‍സില്‍ പാരീസിനടുത്തുള്ള വാട്റി വിമാനത്താവളത്തില്‍ മധ്യ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വയിലേക്ക് പോകേണ്ട യാത്രാവിമാനം നിര്‍ബന്ധമായി ഇറക്കിയപ്പോള്‍ അതിലെ 303 ഇന്ത്യന്‍ യാത്രക്കാര്‍ നല്‍കിയ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. മനുഷ്യക്കടത്ത് എന്നു നമ്മള്‍ വിളിക്കുന്നു. വിമാനത്താവളത്തിലെ താല്‍ക്കാലിക കോടതിയിലെ ന്യായാധിപന്മാര്‍ക്കു മുന്‍പില്‍ വെച്ചാണ് തങ്ങള്‍ അമേരിക്കയിലേക്കും കാനഡയിലേക്കും പണിതേടി പോകുന്ന യുവാക്കളാണെന്ന വസ്തുത അവര്‍ വെളിപ്പെടുത്തിയത്. ഇവരില്‍ 276 യാത്രികരെ മുംബൈയിലേക്ക് മടക്കിയയച്ചു. 26 പേര്‍ ഫ്രാന്‍സില്‍ അഭയം തേടി. ഇവര്‍ 95 പേര്‍ ഗുജറാത്തിലെ ഗാന്ധി നഗര്‍, മെഹ്സാന, സബര്‍കന്ത എന്നീ ജില്ലകളിലെ ഗ്രാമങ്ങളില്‍നിന്നുള്ളവര്‍. ഇത്തരം ജോലി തേടിയുള്ള (അമേരിക്ക, ബ്രിട്ടന്‍, കാനഡ) അനധികൃത കുടിയേറ്റങ്ങള്‍ വര്‍ഷങ്ങളായി പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍നിന്നു തുടര്‍ന്നുകൊണ്ടിരിക്കുന്നു. 2019-'20 വര്‍ഷത്തില്‍ ഇന്ത്യയില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരില്‍ 19993 ഇന്ത്യക്കാര്‍ പിടിക്കപ്പെട്ടു. 2020-'21 ല്‍ 30662, 2021-'22-ല്‍ 63927, 2022- '23 ല്‍ ഇത് 96917. അനധികൃതമായി കുടിയേറിയവര്‍ എത്രയെന്ന കണക്കുകള്‍ ലഭ്യമല്ല. പട്ടിണി കിടന്നും വനങ്ങളിലും വന്യമായ ചതുപ്പുകളിലൂടെ കാല്‍നടയായും കൊടുംമഞ്ഞിലൂടെ യാത്ര ചെയ്തും പുഴ നീന്തിക്കടന്നും കുറെ പേര്‍ ജോലിയും സ്വപ്നവും തേടി തങ്ങളുടെ സ്വപ്നഭൂമികളില്‍ എത്തിപ്പെട്ടെങ്കിലും മാര്‍ഗ്ഗമദ്ധ്യേ മരണപ്പെട്ടവര്‍ ഏറെയാണ്. ഗുജറാത്തിലെ മെഹ്സാനയില്‍നിന്നുള്ള ഒരു യുവാവിന്റെ വാക്കുകള്‍ കേള്‍ക്കുക. ''ഒരു അനധികൃത കുടിയേറ്റക്കാരന്‍ എന്ന നിലയില്‍പോലും ജീവിതം എത്രയോ മെച്ചപ്പെട്ടതാണ് അമേരിക്കയില്‍. ഇവിടെ വോട്ടും നേതാക്കളുടെ പൊള്ളവാക്കുകളും മാത്രമേ സൗജന്യമായുള്ളൂ.'' മറ്റൊരാളിന്റെ പ്രതികരണം: ''പണം കൊടുക്കുന്നവര്‍ക്കും സര്‍ക്കാരില്‍ പിടിയുള്ളവര്‍ക്കും മാത്രമേ ഇവിടെ സര്‍ക്കാര്‍ ജോലി കിട്ടുകയുള്ളൂ; നല്ല ശമ്പളം കിട്ടുന്ന സ്വകാര്യ ജോലി ഇവിടെ കിട്ടാനില്ല. അതുകൊണ്ട്, കാനഡയിലോ അമേരിക്കയിലോ എന്തെങ്കിലും നിന്ദ്യമായ പണിചെയ്ത് നാലു കാശുണ്ടാക്കുന്നതാണ് ഭേദം.''

മദ്ധ്യവര്‍ഗ്ഗികളും അതിനു താഴെയുള്ളവരും ഇന്ത്യയെപ്പറ്റി ചിന്തിക്കുന്നതിതാണ്. കേരളത്തിലെ യുവതീയുവാക്കളോട് ചോദിച്ചാലും ഉത്തരങ്ങള്‍ ഇവ്വിധമാണ്. കേരളത്തില്‍നിന്ന് ആയിരക്കണക്കിനു യുവതീയുവാക്കളാണ്, പഠനത്തിനും ജോലിക്കുമായി വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറിക്കൊണ്ടിരിക്കുന്നത്. വികസനത്തിന്റെ മോദി മാതൃകയായ ഗുജറാത്തില്‍നിന്നുള്ള യുവാക്കളുടെ അവസ്ഥയാണ് നാം നേരത്തെ കണ്ടത്. കേരളത്തിലെ വിദ്യാഭ്യാസം, തൊഴില്‍ മേഖല, തകര്‍ന്നു തരിപ്പണമായിക്കഴിഞ്ഞു. പാര്‍ട്ടിക്കാരുടെ ഒത്താശയിലും പക്ഷപാതത്തിലും മസില്‍പവറിലും മണിപ്പവറിലുമാണ് കാര്യങ്ങള്‍ നീങ്ങുന്നത്. 


ബി.ജെ.പി, ആര്‍.എസ്.എസ് രാഷ്ട്രീയം ഇന്ത്യയുടെ തൊഴില്‍ മേഖല മാത്രമല്ല ഇല്ലാതാക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളേയുമാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കിയിരുന്ന ഐ.ഐ.ടികള്‍, ഐ.ഐ.എമ്മുകള്‍, സര്‍വ്വകലാശാലകള്‍ എന്നിവയില്‍ ബുദ്ധിയും വിവേകവും സര്‍ഗ്ഗശേഷിയും ഭാവനയും ഇല്ലാത്ത പാര്‍ട്ടി സംഘി അനുഭാവികളെ അദ്ധ്യാപകരായും വൈസ് ചാന്‍സലര്‍മാരായും കുടിയിരുത്തുന്നു. ശാസ്ത്രീയ സമീപനങ്ങള്‍ക്കു പകരം അന്ധവിശ്വാസങ്ങള്‍ പാഠ്യപദ്ധതികളില്‍ കുത്തിനിറയ്ക്കുന്നു. സംഘപരിവാര്‍ അനുകൂല ചരിത്രങ്ങള്‍ നിര്‍മ്മിക്കുന്നു, പാഠപുസ്തകങ്ങള്‍ മാറ്റിയെഴുതപ്പെടുന്നു. ധൈഷണികമായ പാപ്പരത്തത്തിലേക്കാണ് കേരളത്തോടൊപ്പം ഇന്ത്യയും നീങ്ങുന്നത്.

ഈ പശ്ചാത്തലത്തിലാണ്, അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം. ഭൂരിപക്ഷ മതത്തിന്റെ വിശ്വാസപ്രതീകമായി അയോധ്യ വാഴ്ത്തപ്പെടുമ്പോള്‍, നാം മറന്നുപോകുന്നത് ഗാന്ധിയുടേയും നെഹ്റുവിന്റേയും ടാഗോറിന്റേയും അംബേദ്ക്കറുടേയും കാഴ്ചപ്പാടുകളാണ്. അവരാരും നിങ്ങള്‍ ഹിന്ദുവാണോ മുസ്ലിമാണോ ക്രിസ്ത്യാനിയാണോയെന്നു ചോദിച്ചവരല്ല. ദൈവവും മതവും മതവിശ്വാസവും വ്യക്തിയുടെ സ്വകാര്യ പ്രശ്നങ്ങളാണെന്നറിഞ്ഞവരാണ്. ദൈവവുമായുള്ള മുഖാമുഖം നടക്കേണ്ടത് സ്വന്തം ഹൃദയത്തിലാണ്. തെരുവില്‍ അപരന്റെ നെഞ്ചില്‍ കത്തി കുത്തിയിറക്കിയും അപരന്റെ ആരാധനാലയങ്ങള്‍ ബോംബിട്ട് തകര്‍ത്തുമല്ല എന്നു സ്വന്തം ജീവിതംകൊണ്ട് തെളിയിച്ചവരാണവര്‍. ഇന്നത്തെ തീവ്ര വലതുപക്ഷ ഭരണ കര്‍ത്താക്കളും നേതാക്കളും അവരെ സ്തുതിക്കുന്ന ഉദ്യോഗസ്ഥരും മാധ്യമങ്ങളും യഥാര്‍ത്ഥത്തില്‍ സ്വന്തം ഹൃദയത്തില്‍നിന്നു ദൈവത്തെ കുടിയിറക്കി, വെറുപ്പിന്റെ പിശാചിനെ കുടിയിരുത്തിയവരാണ്. അയോധ്യ അവര്‍ക്ക് നാലുവോട്ടിനും ഇന്ത്യയെ കച്ചവടം ചെയ്യാനുമുള്ള ഒരു തന്ത്രമാണ്. അയോധ്യ കഴിഞ്ഞാല്‍ കാശി വിശ്വനാഥ ക്ഷേത്രത്തിലേക്കാണ് അവരുടെ രഥം നീങ്ങുക. അയോധ്യവിധിയിലൂടെ ഭൂരിപക്ഷ മനസ്സിന്റെ വിശ്വാസങ്ങള്‍ക്കാണ് (അന്ധവിശ്വാസങ്ങള്‍-ലേഖകന്‍) പ്രാമുഖ്യം നല്‍കുന്നതെന്നാണ് സുപ്രീംകോടതി അനുബന്ധത്തിലൂടെ തെളിയിച്ചതെന്ന്, പ്രശസ്ത നിയമവിദഗ്ദന്‍ മോഹന്‍ ഗോപാല്‍ ('വയര്‍'- അഭിമുഖം 23/02/2023) അപഗ്രഥിക്കുന്നുണ്ട്.

ഇന്ത്യ ഒരു തിയോക്രാറ്റിക് രാഷ്ട്രമായി മാറുന്നത് സുപ്രീംകോടതിയിലേയും ഹൈക്കോടതികളിലേയും ന്യായാധിപന്മാരിലൂടെയായിരിക്കും എന്ന് മോഹന്‍ ഗോപാല്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇത് സത്യമായിക്കൊണ്ടിരിക്കുകയാണെന്ന് ഉന്നത നീതിപീഠങ്ങളുടെ വിധികള്‍ വായിക്കുന്ന സാധാരണക്കാരനുപോലും മനസ്സിലാകും. മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ്, തങ്ങളുടെ ഗാന്ധിയന്‍ - നെഹ്റുവിയന്‍ പാരമ്പര്യങ്ങള്‍ മറന്ന് അയോധ്യ രാഷ്ട്രീയ പ്രശ്‌നമല്ല, വിശ്വാസത്തിന്റേതാണെന്നു ഘോഷിക്കുമ്പോള്‍, അവരുടെ നിലപാടുകള്‍ എത്രമാത്രം അധാര്‍മ്മികവും ഗാന്ധിവിരുദ്ധവും നെഹ്റു വിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നു നമുക്കു മനസ്സിലാകും. നമ്മുടെ ഇന്ത്യ, നിങ്ങളുടേയും എന്റെയും ഹൃദയത്തിലുള്ള വൈവിധ്യങ്ങളുടെ ബഹുസ്വരങ്ങളുടെ സംസ്‌കൃതികളുടെ ഭാഷകളുടെ മഹത്തായ ഇന്ത്യ എവിടേയ്ക്കാണ് നീങ്ങുന്നത്? സ്വന്തം മനസ്സാക്ഷിയുടെ നേരെ വിരല്‍ചൂണ്ടുക.

ഈ റിപ്പോർട്ട് കൂടി വായിക്കാം
വരിതോറും അപൂർവ്വ മനോഹരം

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്.
 ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com