ബസ്സില്‍: കല്‍പ്പറ്റ നാരായണന്‍ എഴുതിയ കവിത

യാത്രക്കാരിലൊരാള്‍കാമുകിയെക്കാണാന്‍പോകുകയായിരിക്കുമെന്നോര്‍ത്തപ്പോള്‍ എനിക്കുന്മേഷമായി
ബസ്സില്‍: കല്‍പ്പറ്റ നാരായണന്‍ എഴുതിയ കവിത

യാത്രക്കാരിലൊരാള്‍
കാമുകിയെക്കാണാന്‍
പോകുകയായിരിക്കു
മെന്നോര്‍ത്തപ്പോള്‍ 
എനിക്കുന്മേഷമായി
അയാളെങ്കിലും
പാതയോരത്തെ പൂക്കള്‍ കാണുമല്ലോ
അയാളെങ്കിലും
വളരെനേരമായി
ബസ്സിന് വഴിയൊഴിഞ്ഞുതരാത്ത
ലോറിഡ്രൈവറെ
വെറുക്കുന്നുണ്ടാവില്ല.

ആസന്നമരണയായ 
അമ്മയെക്കാണാന്‍ പോകുന്ന
യാത്രക്കാരനെയോര്‍ത്ത്
ഞാനസ്വസ്ഥനായി
അയാള്‍ക്കാലോറിയെടുത്ത്
ചായത്തോട്ടത്തിലെറിയാന്‍
തോന്നുന്നുണ്ടാവും
ഓരോ സ്റ്റോപ്പിലും
എത്രനേരമാണ്
അനാവശ്യമായി നിറുത്തിയിടുന്നതെ
ന്നയാള്‍ വാച്ചില്‍ നോക്കുന്നുണ്ടാവും
തന്റെ ലക്ഷ്യം മാത്രം ലക്ഷ്യമായ
വാഹനത്തില്‍ കയറാത്തതിലയാള്‍
തന്നോട് തന്നെ കയര്‍ക്കുകയാവും.

നവവരനോട് ചേര്‍ന്നുചേര്‍ന്നിരിക്കുന്ന
നവവധുവിനീയാത്ര തീരരുത് 
ഇനിയും പല ബസ്സു കയറണമവള്‍
ജീവിതത്തിന്റെ  വേഗക്കുറവറിയാന്‍.

ചിത്തരോഗാശുപത്രിജീവനക്കാരന്‍
വീട്ടിനു മുന്നിലെ സ്റ്റോപ്പിലിറക്കാനേല്പിച്ച
യുവാവിന്റെ അഭിപ്രായമെന്തായിരിക്കും
ആശുപത്രിയില്‍നിന്ന്
രോഗം ഭേദമായി എന്ന
സന്ദേശം കിട്ടിയിട്ട് ആഴ്ചകളായിട്ടും
ആരുമയാളെ ഗൗനിച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com