'വെഷം'- ആശാലത എഴുതിയ കവിത

ഹവ്വ അലക്കിയിട്ട തുണികള്‍ അയേല്‍ വിരിച്ചിടാന്‍ തിരിയുമ്പഴാണ്ആ പാമ്പ് സാത്താന്‍ കാരണം തുണിയലക്കിത്തുണിയലക്കി മനുഷ്യര്ടെ നടു ഒടിഞ്ഞു എന്ന് പ്രാകിക്കൊണ്ടിരിക്കുമ്പഴാണ്
'വെഷം'- ആശാലത എഴുതിയ കവിത

പെട്ടെന്നാണ് അങ്ങനെയൊക്കെ സംഭവിച്ചത്

ഹവ്വ അലക്കിയിട്ട തുണികള്‍ അയേല്‍ വിരിച്ചിടാന്‍ തിരിയുമ്പഴാണ്
ആ പാമ്പ് സാത്താന്‍ കാരണം തുണിയലക്കിത്തുണിയലക്കി 
മനുഷ്യര്ടെ നടു ഒടിഞ്ഞു എന്ന് പ്രാകിക്കൊണ്ടിരിക്കുമ്പഴാണ്

ഹോയ് ന്നൊരു വിളി
മരത്തിന്റെ പൊറകീന്ന്

ആദാം വെയര്‍പ്പുകൊണ്ട് അപ്പം ചുടാന്‍ 
ചന്തക്ക് പൊയേക്കുവായിരുന്നു

അന്നേരം എലകള്‍ക്കെടേന്ന്
പാമ്പും സാത്താനും ചേര്‍ന്ന ഒരു രൂപം തലനീട്ടി

ഹവ്വേടെ അടിവയറ്റീന്നൊരു ഇടിവാളു മിന്നി
ഇടിവാളാണോന്നു ചോദിച്ചാല്‍
ഹോ എന്നേ ഒറക്കെപ്പറയാന്‍ പറ്റൂ

സത്യം പറഞ്ഞാല്‍ പാമ്പിനോട് അതായത് സാത്താനോട്
ഹവ്വയ്ക്ക് ഒരു ലവ് - ഹെയ്റ്റ് ബന്ധമാണ് തോന്നീത്.
മെല്ലെ മെല്ലെ ഹെയ്റ്റ് കൊറഞ്ഞുവരികയും ചെയ്തു.
സുന്ദരന്‍ തന്നെ;
ആ മരത്തിന്റെടേലിരിക്കണ  ഇരിപ്പുകണ്ടാല്‍-
എന്ന് മനസ്സില്‍ വിചാരിച്ചു

പക്ഷേ, പറഞ്ഞത്
അങ്ങേരിവിടെയില്ല, പോയിട്ട് പാമ്പ് പിന്നെ വാ എന്നാണ്

അങ്ങേരില്ലാന്നറിഞ്ഞോണ്ടാ വന്നത് എന്ന് പാമ്പ് എന്ന സാത്താന്‍ ഉള്ളില്‍ ചിരിച്ചു
അത് സാരമില്ല, ഹവ്വയെ കണ്ടിട്ടു പൊയ്ക്കോളാംന്ന് 
സാത്താന്‍ പറഞ്ഞത്
ഹവ്വക്കും തിരിഞ്ഞു

ഹവ്വ ഒന്ന് നാണിച്ച് നെലത്തേക്കു നോക്കിനിന്നു,
പില്‍ക്കാലത്ത് കവി പറഞ്ഞ മാതിരി

പിന്നത്തെ സംഭാഷണമൊന്നും ഞാന്‍ കേട്ടില്ല
ഒളിഞ്ഞുനിന്നു കേള്‍ക്കുന്നത് മോശമല്ലേ?

അങ്ങനെയാണ് ആദാം ചന്തയില്‍ മത്തങ്ങ വിറ്റോണ്ടിരുന്ന നേരത്ത് 
സാത്താനായ പാമ്പ് ഹവ്വയെ പൂണ്ടടക്കം പിടിച്ച്
നീണ്ട ഒരു സര്‍പ്പചുംബനം കൊടുത്തത്
അതൊരൊന്നൊന്നരച്ചുംബനമായിരുന്നു

വെഷനീരു തട്ടി
പാക്കു ചൊരുക്കിയപോലെ 
ഹവ്വ അയേടെ ചോട്ടില്‍ 
കൊറേ നേരം കെടന്നു
പിന്നെ എണീറ്റപ്പൊ
ആരുമില്ല
വെഷം തീണ്ടിയോ കര്‍ത്താവേന്ന് മേലൊക്കെ പരിശോധിച്ചു
പിന്നെ സ്വപ്നം കണ്ടതാണെന്നു സമാധാനിച്ചു
(ഫ്രോയ്ഡ് ജനിക്കണേനും പത്തുപതിനായിരം കൊല്ലം മുമ്പായതുകൊണ്ട് 
ചോദിക്കാനും പറ്റീല്ല)

നേരം ഇരുട്ടാറായപ്പോ
പറമ്പിന്റെയതിരില്‍ക്കൂടെ 
ഒരു മഞ്ഞച്ചേര 
നാക്കുനീട്ടിക്കൊണ്ട് അതിശീഘ്രം പാഞ്ഞുപോണതു കണ്ടു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com