'എക്‌സിക്യൂട്ടീവും പൊന്മയും'- പി.എ. നാസിമുദ്ദീന്‍ എഴുതിയ കവിത

കോര്‍പ്പറേറ്റ്പരസ്യമുള്ളഎക്‌സിക്യൂട്ടീവ്ബാഗ് നിലത്തുവെച്ച്
'എക്‌സിക്യൂട്ടീവും പൊന്മയും'- പി.എ. നാസിമുദ്ദീന്‍ എഴുതിയ കവിത

കോര്‍പ്പറേറ്റ്
പരസ്യമുള്ള
എക്‌സിക്യൂട്ടീവ്
ബാഗ് നിലത്തുവെച്ച്

സോക്സൂരി
ബൂട്സൂരി
കോട്ടൂരി
പാന്റൂരി

ഫ്‌ലാറ്റിലെ
മൂന്നാം നിലയിലെ
ചെയറില്‍
വന്നിരിക്കുമ്പോള്‍

ഹാ! മൂക്കില്‍ വന്നടിയുന്നു
പുല്ലില്‍ മഴത്തുള്ളികള്‍
ഇറ്റിറ്റ് വീണ്
പൊങ്ങും പച്ചപ്പിന്‍ മണം

താഴെ വീട്ടില്‍
മീന്‍ വറക്കുന്നത്
കാറ്റില്‍ പരക്കുന്നു

ആരോ
മൂത്രം ഒഴിക്കും
കിരുകിരു ശബ്ദവും

പെട്ടെന്ന്
വായുവില്‍ ഉയര്‍ന്ന് 
പറന്ന്
എയ്ത ശരം പോല്‍
ബാല്‍ക്കണി കമ്പിയില്‍
വന്നിരുന്നു ഒരു പൊന്മ

സുസായാഹ്നം സര്‍

ഞാന്‍ വിദൂരമാം
വിജന കണ്ടല്‍ക്കാട്ടിലെ
തണ്ണീര്‍ത്തടാകത്തിലെ
ചെറുപൊത്തില്‍
പാര്‍ക്കും പൊന്മ

വീശിയ
കൊടുങ്കാറ്റില്‍
ചിറകുകള്‍ ഉലഞ്ഞു
ദിക്കുതെറ്റി
വഴിതെറ്റി

പുകമേഘങ്ങള്‍ പറന്ന്
കോണ്‍ക്രീറ്റുകാടുകള്‍
പറന്ന് 
ഇങ്ങെത്തി

നമ്മുക്കൊരു
മുഖാമുഖമായാലോ

ഞങ്ങള്‍
ഇളംകാറ്റില്‍ ഉലയും 
പുല്‍ക്കൊടികളോട്
കിന്നാരം പറഞ്ഞും
ജലത്തില്‍ ബിംബിക്കും
മീന്‍കൂട്ടങ്ങളെ റാഞ്ചിയും
ചിറകുകള്‍ വായുവില്‍
വിടര്‍ത്തി
ആനന്ദത്തിന്റെ നിമിഷങ്ങളെ
കൊറിക്കുന്നു

നിങ്ങളോ?

ഹേ കിളി
എന്റെ ജപമന്ത്രം
എത്രയും എത്രയും
വേഗത്തില്‍
എത്രയും എത്രയും ലാഭം

മുതുകില്‍
പരസ്യം പതിച്ച് 
വഴുപ്പന്‍ പാതയിലൂടെ
നീങ്ങുന്ന ഒരു ചക്കുകാള

ലോഭത്തിന്റെ  ചതുപ്പില്‍
ആഴ്ന്നുകൊണ്ടിരിക്കുന്നു 
ഈ പാദങ്ങള്‍

ലോകത്തെ രസത്തോടെ
നക്കിനക്കി രസിക്കുന്ന
ആഗോള ദൈവങ്ങളുടെ
നാവ് എന്നോട്
പുലമ്പുന്നത്

ചോര്‍ത്തുക
ചോര്‍ത്തുക
ഇനിയും ഇനിയും...

ഇത് കേട്ടെന്റെ
ചെവി പതയുന്നു
കണ്ണ് മങ്ങുന്നു
ചോരയുറയുന്നു
ധമനികള്‍ ഇടറുന്നു

നിങ്ങളുടെ
മൗന വിനാഴികകളെ
ശാന്തിയെ
ഓര്‍ത്തിട്ടെന്റെ
അസൂയ അണപൊട്ടുന്നു

പെട്ടെന്നെഴുന്നേറ്റ്
അലര്‍ച്ചയാല്‍
ഞാന്‍ വട്ടം ചുഴറ്റിയതും

കിളി ആകാശത്തേക്ക്
പറന്നു

അത് പൊഴിച്ച
ഒരു നീലത്തൂവല്‍
പ്രതീക്ഷയുടെ കൊടിയായ്
എന്റെ മടിയിലേക്ക്
കറങ്ങിക്കറങ്ങി
പറന്നുവീണു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com