'വിശ്വരൂപം'- പി.പി. രാമചന്ദ്രന്‍ എഴുതിയ കവിത

രാമ,പണ്ടു നമ്മള്‍ഇടശ്ശേരിയുടെ കവിത ചൊല്ലിക്കൊണ്ട്കുറ്റിപ്പുറം പാലത്തിനു ചുവട്ടില്‍ഇരുന്നത് ഓര്‍മ്മയില്ലേ?
‌ചിത്രീകരണം: മറിയം ജാസ്മിൻ
‌ചിത്രീകരണം: മറിയം ജാസ്മിൻ

രാമ,
പണ്ടു നമ്മള്‍
ഇടശ്ശേരിയുടെ കവിത ചൊല്ലിക്കൊണ്ട്
കുറ്റിപ്പുറം പാലത്തിനു ചുവട്ടില്‍
ഇരുന്നത് ഓര്‍മ്മയില്ലേ?

അന്ന് 
അവിടയൊരു മണല്‍ക്കുഴിയില്‍
നമ്മുടെ കാലു നക്കിക്കൊണ്ട്
പുഴുത്തു നരച്ചു 
കെട്ടുനാറി കിടന്ന
ആ വയസ്സന്‍ പുഴവെള്ളത്തെ 
കണ്ടത്,

അതിന്റെ 
വാലുപോലെ നീണ്ട നീര്‍ച്ചാല്
നിഷ്പ്രയാസം ചാടിക്കടന്നത്,

കവിതയുടെ
സൗഗന്ധികം തേടിപ്പോയത്...

ഓര്‍മ്മയില്ലേ?

അതിനെ ഞാന്‍
വീണ്ടും കണ്ടു.

ഇന്നലെ
പ്രഭാതസവാരിക്കിടയില്‍
റോഡു മുറിച്ചു കടക്കുമ്പോള്‍
കാലുതെറ്റി ഓടയില്‍ ചവിട്ടി.

അവിടെ 
കെട്ടിക്കിടക്കുകയായിരുന്ന അത്
പെട്ടെന്ന് കോപത്തോടെ
എഴുന്നേറ്റ് 
എന്റെ മുന്നില്‍നിന്നു വഴി തടഞ്ഞു

ഞാന്‍ ഭയന്ന്
തിരിഞ്ഞോടി.

വീട്ടിലെത്തി
ടിവി തുറന്നപ്പോള്‍
തിരയിലും കണ്ടു അതിനെ.

മലമുകളില്‍നിന്ന്
ഉരുള്‍പൊട്ടി ഒലിച്ചുവരുന്നത്,
വീടും വഴിയും 
നാടും നഗരവും
വിഴുങ്ങി നിറയുന്നത്,

രാമ,
നമ്മള്‍ കവിത ചൊല്ലിയ പാലം
മുങ്ങിപ്പോകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com