'പുഴയില്‍ പുലര്‍ച്ചയ്ക്ക്'- ബിജോയ് ചന്ദ്രന്‍ എഴുതിയ കവിത

പുഴയില്‍ പുലര്‍ച്ചയ്ക്ക്എന്നും കര്‍ഫ്യു
ബിജോയ് ചന്ദ്രന്‍
ബിജോയ് ചന്ദ്രന്‍

പുഴയില്‍ പുലര്‍ച്ചയ്ക്ക്
എന്നും കര്‍ഫ്യു

പെട്ടെന്ന് വാഹനങ്ങളൊഴിഞ്ഞുപോയ
തെരുവുപോലെ
മനുഷ്യര്‍ മാഞ്ഞുപോയ ചന്തപോലെ
ഒച്ച കുരുങ്ങിയ തൊണ്ടപോലെ
മിണ്ടലറ്റ്
പുഴയിലെ പുലര്‍ച്ച.

മേല്‍ത്തട്ടില്‍ മരണശാന്തം ജലപാത
ഒരു വെടിയൊച്ചയ്ക്ക് പറന്നകന്നു
രാത്രി എന്ന പക്ഷി
അനങ്ങണ്ടാന്നുവെച്ചു മരക്കൊമ്പുകള്‍
പുഴ ഇപ്പോള്‍ ഒരു വിറങ്ങലിച്ച  തെരുവ്

മനുഷ്യര്‍ പോയൊളിച്ച വീടുകളില്‍നിന്നും
സൂര്യനിലേക്ക് പുക ഉയരുന്നു
വീടുകള്‍ കല്ലടുക്കുകള്‍ മാത്രം
അവയുടെ ജനല്‍ ഇടയ്ക്ക് തുറന്ന്
പരിക്കുപറ്റിയ നോട്ടങ്ങള്‍
ചൂണ്ടനൂല്‍പോലെ പോയ്മറയുന്നു

ആകാശം പഞ്ഞിമിട്ടായിപോലെ
അലിഞ്ഞിറങ്ങിയ മഞ്ഞുപാടയില്‍
അക്കരെപ്പച്ചകള്‍ തലപൂഴ്ത്തുന്നു
ഉറക്കപ്പേച്ച്‌പോലെ പുഴ തന്നത്താന്‍ കിടന്ന്
കുറച്ചുനേരം കൂടി കണ്ടതൊക്കെ പറയും.

രാത്രിയില്‍ പുഴ ഒഴുകാറില്ല
നേര്‍ത്ത കോട വാരിപ്പുതച്ച് തീരത്തവള്‍
തലവെച്ചുറങ്ങുന്നത് കാണാം
ചുണ്ടില്‍ പതയും പുഞ്ചിരി
പരല്‍ക്കുഞ്ഞുങ്ങളുടെ ചെതുമ്പല്‍ നിലാവ്
സ്വപ്‌നം കണ്ട് കണ്ട് വൈകിയേ എണീക്കൂ മടിച്ചി.

വെളുപ്പാന്‍കാലത്ത് പുഴയില്‍
എന്നും പുഴ മാത്രം
ആഴത്തിലെ മണല്‍ക്കുന്നുകള്‍പോലും
എന്തൊരുറക്കം

പുഴയില്‍ നേര്‍ത്ത വെയില്‍ പരക്കുന്നു
എങ്കിലും കലക്കവെള്ളത്തില്‍ കുട്ടികള്‍
നീന്താന്‍ വരും വരെ പുഴയിലെ കര്‍ഫ്യൂ തുടരുന്നു

ഇനി പതുക്കെ അവള്‍ കണ്ണു തുറക്കും
പുഴയിറമ്പത്തേക്ക് ഒരു ഓളത്തുണ്ട്
കുണുങ്ങിക്കേറും
വെള്ളാരങ്കല്ലുകള്‍ക്ക് ഒരു കിലുക്കം കൊടുക്കും
പോകാം എന്ന് മയക്കത്തില്‍ പറയും
നേര്‍ത്ത വെട്ടത്തില്‍ മുടി അലമ്പി വിടര്‍ത്തി
അവള്‍ ഒരുക്കം കൂട്ടും.

കര്‍ഫ്യൂ കഴിഞ്ഞ്
ഒരു വലിയ ചങ്ങാടം പോലെ അവള്‍
കൈപ്പങ്കായം വീശി തുഴഞ്ഞ് പോകും

മീന്‍പിടിത്തം കഴിഞ്ഞ് ഉടക്കുവലയുമായി
ഒരാള്‍ വള്ളത്തില്‍ പോകുന്നു
ഒരു പലകയ്ക്കു താഴെ അയാളുടെ പുഴ.

ആകാശത്തൊരു ഡ്രോണ്‍ താണുപറക്കുന്നു
പുഴയില്‍ ചാടി മറയുന്നു പൊന്തക്കാടുകള്‍

ഇനി ഓടിവരും വെയില്‍ച്ചെക്കന്മാര്‍
മീനുകള്‍ക്കിടയില്‍ അവര്‍ ഊളിയിട്ട് നീന്തും
മറുകരയെ ഇക്കരയ്ക്ക് എളുപ്പം വലിച്ചടുപ്പിക്കും

ആകാശത്ത് നിരീക്ഷണപ്പറക്കല്‍ നടത്തും തുമ്പികള്‍
കൂട്ടം കൂടിയ ആളുകളെ ഒപ്പിയെടുക്കും
കുട്ടികളെ തുമ്പികള്‍ ഒറ്റുകൊടുക്കില്ലത്രെ

പുഴയില്‍ പുലര്‍ച്ചയ്ക്ക് എന്നും കര്‍ഫ്യൂ ആണ്
ആരുമില്ല ഞാനൊഴികെ
എന്റെ ചൂണ്ട പുഴയുടെ തണുക്കയത്തിലേക്ക് താഴും

പഞ്ചാരമണല്‍ കുട്ടികളുടെ കാലുകളെ
പുഴമധ്യത്തിലേക്ക് ചുഴറ്റിക്കൊണ്ടുപോകും
ഇപ്പോള്‍ അവരുടെ കുഞ്ഞിത്തലകള്‍ മാത്രം
വെള്ളത്തിനു മേലേ ദൂരക്കാഴ്ച
അതിനു കീഴേ അവരുണ്ടാകുമെന്ന
ധാരണയില്‍ ഞാന്‍ കരയ്ക്കിരിക്കും

ഒരു കല്ലത്താണിപോലെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com